malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ജനുവരി 25, ശനിയാഴ്‌ച

ജീവിതം വരഞ്ഞ ചിത്രകാരൻ



 
നമ്മൾ വിചാരിക്കുന്നത് പോലെയുന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നീണ്ടു മെലിഞ്ഞ് ,മുന്നോട്ടല്പ്പം വളഞ്ഞ്‌
വെളുത്തയാളല്ലേ
ചുണ്ടിലെപ്പോഴുംചെറു ചിരി പൂത്തൊരാൾ
ആരോടുമങ്ങനെ വർത്തമാനമൊന്നും
പറയില്ല
എന്തെങ്കിലും ചോദിച്ചാൽ
അതിനുമാത്രം. പിന്നെ ഊൗ ,,,ഹും
കമാന്ന് മിണ്ടില്ല
ഉരുളി വാങ്ങി വെച്ചതുപൊലെ
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
അടിവെച്ചടിവെച്ച്  അളന്നളന്നുള്ള നടത്തം
ആരെയാണ് ആകർഷിക്കാത്തതു
കുലീനത്വമുളള ആ ഭാവം ആരെയാണ്
ഒന്ന് പിടിച്ചു നിർത്താത്തതു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
ഈ നാട്ടുകാരനൊന്നുമല്ല ആർക്കും
പരിചയമൊന്നുമില്ല
എങ്ങുനിന്നോ വന്നു പുഴക്കരയിലെ
ആ കുഞ്ഞു വീടുവാങ്ങി
താമസമാക്കിയിട്ട്  ആഴ്ചകളേയായിട്ടുള്ളൂ
ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള
ആ പെണ്‍കുട്ടി അയാളുടെ മകളൊന്നു
 മായിരിക്കില്ല
പുറത്തൊന്നുമിറങ്ങാറില്ല
വസ്ത്രം കഴുകുന്ന നനക്കല്ലിനരികിൽ
ഒരിക്കൽ കണ്ടിരുന്നെന്ന് ചിലർ പറഞ്ഞു
കണ്ടാൽ കണ്ണെടുക്കില്ലെന്നു കേട്ടു
പൊതു വഴിയൊന്നുമല്ലല്ലൊ എപ്പോഴും
 പോയിനോക്കാൻ
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലർ അങ്ങിനെയാണ്
എവിടെനിന്നെങ്കിലും തട്ടി ക്കൊണ്ടു വന്നതാവും
അയാള് ഒരു ക്രൂരനോ തീവ്ര വാദിയോ ആയിരിക്കും
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചെയ്തിരിക്കും
കണ്ടില്ലേ'വെട്ടൊന്ന് തുണ്ടം രണ്ടു' എന്ന്
പറഞ്ഞത് പോലെ
തലയും ഉടലും വേറിട്ട്‌
തുറിച്ചു നോക്കുന്ന കണ്ണിൽ രക്ഷപ്പെടാനൊരു ശ്രമം
തെറിച്ചു നില്ക്കുന്ന പോലെ
അപ്പോഴും ചെറു ചിരിയുമായി അയാൾ നില്ക്കുന്നു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നോക്കൂ എന്ത് റിയാലിറ്റിയാണ്  ഈ  ചിത്രങ്ങൾക്ക്
ആരായിരിക്കും ഈ ജീവിതത്തെ ഇങ്ങനെ
വരഞ്ഞിട്ടുണ്ടാവുക
പേരുപോലു മറിയാത്ത ആ ചിത്രകാരൻ
ഏതു കാലത്തായിരിക്കും
ഈ കാലത്തെക്കുറിച്ച്  വരഞ്ഞിട്ടുണ്ടാവുക
കാണാതെ കാണുകയും
പറയാതെ പറയുകയും ചെയ്യുന്ന
ഈ പച്ചയായ ജീവിതം
നമ്മുടെ തന്നെയല്ലാതെ
പിന്നെയാരുടെതാണ്
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്

മാവുമരത്തിന്റെ നെടുവീർപ്പ്




മനസ്സിന്റെ സ്ക്രീനിലേക്ക്
കവിത, ചിത്രങ്ങൾ പോലെ
കൊഴിഞ്ഞു വീണപ്പോൾ
കൊതിയോടെ കവിത എഴുതുവാൻ
കടലാസും പേനയുമായി ഞാനിരുന്നു
നേരിയ വിറയലോടെമാവുമരം കരം നീട്ടി
വീടിന്റെ മുകൾ ഭാഗം സ്പർശിക്കുവാൻ
ശ്രമിച്ചുകൊണ്ടിരുന്നു
ചുഴിഞ്ഞു വന്നൊരുകാറ്റ്  മരത്തെ
ചുറ്റിപ്പിടിച്ച്
അവളുടെ സ്വന്തമായവയെല്ലാം
പിച്ചിചീന്തുവാൻ ശ്രമിച്ചപ്പോൾ
നിഴലിനെ വാരിയെടുത്തവൾ
മേലാകെ പുത്തച്ചുനിന്നു
ശരത്കാലത്തിൽ കൊഴിഞ്ഞു വീഴുന്ന
യിലകളെപ്പോലെ
മോഹങ്ങളുടെ കൊയ്തെടുത്ത കറ്റകൾ
വീണു തകരുമെന്നൊർത്തപ്പോൾ
അവസാന ശ്രമമെന്നനിലയിൽ
അവളൊന്നു പിടഞ്ഞു
പിടിവിട്ട കാറ്റ് പിന്തിരിഞ്ഞു നോക്കാതെ
പാഞ്ഞു പോയി
ഞാൻ പേനയെടുത്ത് വാക്കുകളെ
കുടഞ്ഞു കുടഞ്ഞു
ആകാശത്തെ കറുപ്പിച്ചു  
കത്തിച്ചു വെച്ച നില വിളക്കിൻ
തിരിയുടെ കറുത്ത പാടുകൾ പോലെ
കവിത കടലാസിൽ പടർന്നു നിന്നു
അപ്പോൾ പുറത്ത് മാവുമരം
നെടുവീർപ്പിട്ടതിന്റെ നേരിയ കുളിരല
എന്നെ വന്നു തൊട്ടു  

മുപ്പത്തിരണ്ട് പല്ലും മുളക്കാത്തവർ




അഞ്ചുവീടും ആദ്യത്തെ വളവും കഴിഞ്ഞാൽ
അയമുക്കയുടെ വീടായി
ഞായറാഴ്ച എന്നും പാത്തുവിന്റെ പുയ്യാപ്ല
പോത്തിറച്ചി കൊണ്ടുവരും
അയമുക്കാന്റെ ഒഴിഞ്ഞ പറമ്പിൽ
ആരോരുമറിയാതെ ഞാൻ കാത്തിരിക്കും
കാറ്റിന്റെ കൈയിൽ നിന്നും
പോത്തിറച്ചി തിളയുടെ മസാലമണംവാങ്ങി
ഉമിനീരിന്റെ ഉറവയിലിട്ട്
ആദ്യരസം ഞാൻ നൊട്ടിനുണയും
പാത്തുവിന്റെ പുയ്യാപ്ലക്ക്
പോത്തിന്റെ നിറം
പോത്തൻ കണ്ണുകൾ
പോത്തക്കൻ മീശ
കാണാനൊരു പോത്തൻ
പോത്തിറച്ചി തിന്നു പുയ്യാപ്ല
പോത്തുപോലുറങ്ങുന്ന നട്ടുച്ചയിൽ
പാത്തു തട്ടത്തിന്റെ മട്ടത്തിലു
പോത്തിറച്ചി കെട്ടി
പതുങ്ങി പതുങ്ങി പറമ്പിലേക്ക് വരും
വായിൽ കിടന്നു പോത്തിറച്ചി
ചളിയിൽ നിന്ന് കാലു വലിക്കുമ്പോലെ
ചൾകോം,പുൾകോം ഒച്ചവെയ്ക്കും
കടിക്കുമ്പോൾ തെറിക്കും റബ്ബറുപൊലെ
പാത്തു  പുയ്യാപ്ലക്ക് പോത്തിന്റെ ചൂരെന്നു
പായാരം പറയും
കെട്ടിപിടിക്കുമ്പോൾ വെട്ടുപോത്തിന്റെ
മട്ടെന്നു അടക്കം പറയും
മണ്ണപ്പം ചുടാനും,പീട്യക്കച്ചോടം കളിക്കാനും
കൊതിയെന്നു സങ്കടൽ തിരയടിക്കും
പാഠബുക്കിലെ മയിൽ‌പീലി പെറ്റോന്ന്
ആഹ്ലാദപ്പെടും
ഒരു കാര്യത്തിൽ പുയ്യാപ്ലയും ഞാനും
തുല്ല്യരെന്നു
പാത്തു സമാധാനപ്പെടും
രണ്ട്പേർക്കും മുളചിട്ടില്ല ഇതുവരെ
മുപ്പത്തി രണ്ടു പല്ലും

സ്നേഹത്തിനു ഉപ്പുരസം



പിറന്ന അന്നു മുതൽ പശുക്കുട്ടിയെ
അച്ഛൻ വിളിച്ചു തൊപ്പേ...
അമ്മ വിളിച്ചു തൊപ്പച്ചി...
അവൻ വിളിച്ചു ചൊപ്പച്ചീ...
അവന്റെ കാലിൽ ചാണക മിട്ടു
അമ്മയുടെ മടിയിൽ മൂത്രമൊഴിച്ചു
അച്ഛന്റെ കാലിൽ നുരയുന്ന പതയിറ്റിച്ചു
അമ്മ കറുകപ്പുല്ല് വായിൽ വെച്ചു കൊടുത്തു
അച്ഛൻ സ്കൂട്ടറിൽ കയറുന്നതുപോലെ
കഴുത്തിന്റെ ഇരുവശവും  കാലിട്ട് വായകത്തിപ്പിടിച്ചു
അവൻ കഞ്ഞിവെള്ളം കോരിക്കോരിക്കൊടുത്തു
വാലുപൊക്കി തലചെരിച്ചു കുണുങ്ങി കുണുങ്ങി
തുള്ളിക്കളിച്ചു പശുക്കുട്ടി
ഊർന്നുവീഴുന്ന  ട്രൌസർപൊക്കിപ്പിടിച്ച്
വാഴനാരുകൊണ്ട് ചുറ്റിക്കെട്ടി
ഇരുകാലിലും, നാലുകാലിലും തുള്ളിക്കളിച്ചു  അവനും
പശുക്കുട്ടി വളർന്നു വളർന്ന് ഒത്ത പശുവായി
അവൻ വളർന്ന് വളർന്ന് മന്ദ ബുദ്ധി കുട്ടിയായി
പശുവിനെ മേച്ചു ഒരു ദിവസം വീട്ടിലെത്തിയപ്പോൾ
അമ്മ അച്ഛനോട് പറഞ്ഞു:
പശുവിനു ഗർഭമുണ്ടെന്നു.  
ഗർഭക്കാരത്തി പശുവിനെ തല്ലരുതെന്നു
അമ്മ മകനെ ഉപദേശിച്ചു
ഗർഭമുള്ള എന്നെയും തല്ലരുതെന്നു
മകൻ അമ്മയേയും ഉപദേശിച്ചു
അയൽവീട്ടിലെ ചേച്ചി  ഗർഭിണിയായപ്പോൾ
എന്തൊക്കെ പുകിലായിരുന്നു
ചേച്ചിയുടെ അച്ഛൻ ഊരിയ കത്തിയുമായി
ഓടുന്നത് അവൻ മനസ്സിൽ കണ്ടു
ഇവിടെ എനിക്കും പശുവിനും ഗർഭമുണ്ടായിട്ടും
അച്ഛനു ഒരു കുലുക്കവുമില്ല
അച്ഛൻ നല്ലച്ഛൻ പൊന്നച്ഛൻ എന്ന്
അവൻ മനസ്സിൽ പറഞ്ഞു
പ്രസവ മടുത്തപ്പോൾ പശുവിനെ മേയാൻ
വിടാതിരുന്നിട്ടും
അവനെന്നും രാവിലെ പ്പോയി
വൈകുന്നേരം വന്നു
രാവിലെ വെറുതെഎന്തിനാണ് പോകുന്നതെന്ന്
അമ്മ ചോദിച്ചപ്പോൾ
ഗർഭമുണ്ടായിട്ടും  എന്റെ വയർ വീർത്തിട്ടില്ലെന്നും
ഞാൻ പ്രസിവിക്കാറായിട്ടില്ലെന്നും അവൻ പറഞ്ഞു
അമ്മ പശുവിനു പേറ്റ്നൊമ്പലം കിട്ടിയതുപോലെ
അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു
കണ്ണിൽ നിന്നും പശുക്കുട്ടിയോളം വലുപ്പത്തിൽ
കണ്ണീർ തുള്ളി തുള്ളി വീണു
സ്നേഹത്തിനു ഉപ്പ് രസമെന്നു അവനറിഞ്ഞു

2014, ജനുവരി 11, ശനിയാഴ്‌ച

സന്തോഷം കൊണ്ട് മരിച്ചു പോയ ഒരാൾ




മഷിയുടെ മണം മാറാത്ത
പത്രം മടക്കി വെച്ച്
ചാടിയെഴുന്നേറ്റു
അയാൾക്ക് ആഹ്ലാദം അടക്കുവാൻ-
കഴിഞ്ഞിരുന്നില്ല
മേലുദ്യോഗസ്ഥാൻ മരിച്ചിരിക്കുന്നു
സ്ഥാനക്കയറ്റം കൈവന്നിരിക്കുന്നു
കൂട്ടിലിട്ട വെരുകിനെ പ്പോലെ
അയാൾ മുറിയിലങ്ങോട്ടു മിങ്ങോട്ടും ചാടി നടന്നു
 ശമ്പള വർദ്ധനവ്‌,ഓഫീസ് അലവൻസ്
'ഫിയോഡാർവാസിലിയേ വിച്ച് '  നെപ്പോലെ
ഹരിച്ചും,ഗുണിച്ചും,കൂട്ടിയും,കുറച്ചുംചുറ്റിനടന്നു
തുടരെ തുടരെ വന്നു കൂട്ടുകാരുടെ കോളുകൾ
ആഹ്ലാദത്തിന്റെ അലയൊലികൾ
മരിച്ചയാളെ കാണുവാനുള്ള തിടുക്കങ്ങൾ
സായാഹ്ന സന്തോഷത്തിനു
ബീവറെജിൽ നിന്നും വാങ്ങിയതിന്റെ
ഷെയർ തുക മറക്കാതെ യെടുക്കുവാനുള്ള
ഓർമ്മ പ്പെടുത്തലുകൾ  
'ഇവാൻ ഇലിയിചിന്റെ 'മരണത്തോടെ
ജോലിയിൽ സ്ഥാനക്കയറ്റം കിട്ടുവാൻ പോകുന്ന
സുഹൃത്തുക്കളുടെ ചിന്ത പോലെ
എല്ലാവരുടെതുമെന്നു അയാളോർത്തു
എങ്കിലും തനിക്കുവന്ന മഹാഭാഗ്യം...!
സന്തോഷം കൊണ്ട് ഉള്ളം തള്ളി വരുന്നതുപോലെ
അയാൾ കസേരയിലെക്കിരുന്നു
സമൂഹത്തിലെ സ്ഥാനം,ശമ്പളം ,അലവൻസ്
അലവൻസ്,ശമ്പളം, സ്ഥാനം
മരിച്ചയാൾ,മദ്യം,സായാഹ്നം
കറുപ്പ്,വെളുപ്പ്‌
വെളുപ്പ്‌,കറുപ്പ്
ഒരു നിമിഷം,ഒരോളം വെട്ടൽ
ഒരുണർച്ച
പിന്നെ തല മുന്നിലേക്കൊടിഞ്ഞ്
കസേരയിൽ ഒരു ഭാഗം ചരിഞ്ഞ്‌.........
0           0           0              0                 0
 ഫിയോഡാർവാസിലിയേ വിച്ച് -----ഇവാൻ ഇലിയിചിന്റെ സുഹൃത്ത്
ഇവാൻ ഇലിയിച് ---------ലിയോ ടോൾസ്ടോയിയുടെ ഇവാൻ ഇലിയിച്
എന്ന നോവലിലെ മുഖ്യ കഥാ പാത്രം

2014, ജനുവരി 10, വെള്ളിയാഴ്‌ച

പ്രതിസന്ധി




രാവിലെ എന്ത് കുസൃതിയായിരുന്നു -
അവൾക്ക്‌
അവളെഴുന്നേൽക്കുംപോൾ
ഞാനു മെഴുന്നേല്ക്കണം
അവൾ വായിക്കുമ്പോൾ
അരികിൽ തന്നെയിരിക്കണം
നാഴികയ്ക്ക് നാല്പ്പത് വട്ടം
അച്ഛാ...അച്ഛാ എന്ന് വിളിക്കും
എന്തിനും,ഏതിനും ഒന്നിച്ചുതന്നെ വേണം
ഇന്നു രാവിലെ പത്രം വായിച്ചതുമുതൽ
മിണ്ടാട്ടമേയില്ല
അരികിലേക്ക് അടുക്കുന്നെയില്ല
അന്യനെപ്പോലെ ഒരകൽച്ച
വന്യത മുറ്റിയ കണ്‍കൾ
കാളിമയാർന്ന മുഖം
മുഴുപ്പും,തഴപ്പുമാർന്ന ഭാഗങ്ങൾ
മൂടുവാനൊരു ശ്രമം പോലെ
മുറിയുടെ മൂലയിൽ ഇരുളിലെക്കൊരു
 ഉൾ വലിയൽ
പരിഭവിക്കാൻ മാത്രംപത്രമെന്താണ്
അവളോടു പറഞ്ഞിട്ടുണ്ടാവുക ?!
പാതി തുറന്ന പത്രത്തിൽ
പതിവിലും വലുപ്പത്തിൽ കണ്ടു
മകളുടെ മാനം കവർന്ന ഒരച്ഛനെ (കശുമലനെ)
ഈ ഒരു പ്രതിസന്ധി എങ്ങിനെയാണ് ഒരച്ഛൻ  
മുറിച്ചു കടക്കുക
അച്ഛൻ മകളിലേക്കും മകൾ അച്ഛനിലേക്കും
എത്തിച്ചേരുക
എന്ത് പറഞ്ഞാണ് സംശയം ദൂരീകരിക്കുക
ഇനി എല്ലാം മറന്നാലും
മകൾക്ക് അച്ഛനുമായുള്ള അടുപ്പത്തിന്റെ
അകൽച്ച എത്ര മാത്ര മായിരിക്കും

സ്നേഹം



കരച്ചിലിന്റെ ഒരു ചീളുയർന്നു
അവന്റെ കാതിൽ ക്കൊണ്ടു
എങ്ങുനിന്നെന്നറിയാൻ
കാത് വട്ടം പിടിച്ചു
കണ്ണ് വെട്ടം തെളിച്ചു
തെല്ലകലെ വിരിഞ്ഞ
നക്ഷത്രക്കൂണിനപ്പുറം
ഇല്ലിക്കാടിന്റെ ചില്ലകളിലൂ ടെ
അവളുടെ കണ്ണിൽ
അവന്റെ കണ്ണ് തൊട്ടു
നാടൻ പെണ്ണിന്റെ  നാണത്താൽ
അവൾ മടിച്ചു മടിച്ചു നിന്നു
അവന്റെ ഹൃദയം മിടിച്ചു മിടിച്ചു നിന്നു
ലജ്ജയുടെ വിരൽ കൊണ്ട് അവൻ-
അവളുടെ കൈയിൽ ഒന്ന് തൊട്ടു
പിന്നെ കെട്ടിപ്പുണർന്നു
പാലുപോലെ വെളുവെളുത്ത
പട്ടുപോലെ മിനുമിനുത്ത കുഞ്ഞു പൂച്ച
കണ്ടൻ പൂച്ചയുടെ മാറിൽ
ചൂടിനെന്നോണം
ഒട്ടിച്ചേർന്നു നിന്നു  

നാറാണത്ത് ഭ്രാന്തൻ




ക്ലിപ്...ക്ലോപ്...ക്ലിപ് ...ക്ലോപ്...ക്ലിപ്...ക്ലോപ് എന്ന്
കടൽക്കരയിൽ സവാരിക്കുതിര നടക്കുമ്പോൾ
ക്ലി ക്ലിക്ലി ,ക്ലു ക്ലു ക്ലു അതാ മുറ്റത്തൊരു മൈന
എന്നാ പാഠഭാഗം ഒർമ്മവരും
ടപ്‌...ടപ്‌....ടപ്‌...ടപ്‌..ടപ്‌..ടപ്‌..ശബ്ദത്തിൽ -
ഹീലുള്ള ചെരുപ്പിട്ട്
കോളേജ് വരാന്തയിലെ മാർബിളിലൂടെ
നടക്കുന്നവരെ കാണുമ്പോൾ
ലാടം വെച്ച കുതിരയെ ഒർമ്മവരും
പുല്ലു മിഠയിയുമായി ഓട്ടുമണി മുട്ടിയെത്തുന്ന
ഉന്തുവണ്ടി എത്തുമ്പോൾ
പിളർന്ന ഉന്നക്കായ ഓർമിക്കും
വലക്കാരൻ മീനിനെ കോരിയിടുമ്പോലെ
ഒരുതിര കുറേ പിരിയൻ ശംഖിനെ കോരിയിട്ട്  
വലയാഴ്ത്തുവാൻ പോയി  
ബീച്ചിലെ കാഴ്ചകാണാൻ
ബാച്ചിലേഴ്സിന്റെ ബീച്ചല് കാണാൻ
മോഹത്തിന്റെ കല്ലുരുട്ടുന്ന
നാറാണത്ത്  ഭ്രാന്താൻ ഞാൻ
എല്ലാ തയ്യാറെടുപ്പും പൂർത്തി യാകുമ്പോൾ
കുന്നിന്റെ ഉച്ചിയിൽനിന്നും
കല്ലുരുട്ടിയിടുന്ന പോലെ
ദാ.... എന്ന് പോക്ക് മുടങ്ങുന്നു
അല്ലെങ്കിൽ നമ്മളെല്ലാം
ഒരു കണക്കിന്
നാറാണത്ത് ഭ്രാന്തൻമാർതന്നെ
ഉരുട്ടി,യുരുട്ടി കയറ്റിയ ജീവിതം
ഒരു നിമിഷം കൊണ്ട് ദാ.....!
   ...................................................
ബീച്ചല് ------------മദ്യം കഴിച്ചുള്ള ആടിയാടി നടത്തം

അവളോട്




തെങ്ങിന് തടമിടുമ്പോൾ
തുള്ളി വെള്ളം താണേന്ന്
അയാൾ അവളിലേക്ക്‌ -
നിവരുന്നു
വിയർപ്പിന്റെ ഉപ്പ് കൂട്ടി
കഞ്ഞിവെള്ളം കുടിക്കുന്നു
കൊഴിഞ്ഞു വീണ വെള്ളക്കയിൽ-
നുള്ളി
അവൾ ബാല്യത്തെ ഉണർത്തുന്നു
പൂക്കുല വീണപോൽ
ചിതറിയ ചിന്തയാൽ
ഒടിഞ്ഞ കൊലഞ്ഞലുപോലയാൾ
കുനിഞ്ഞിരിക്കുന്നു
മഞ്ഞ വെയിലിന്റെ വടിയൊടിച്ചവൾ
മേഞ്ഞ മേഘത്തിൻ പിറകെ -
ചെല്ലുമ്പോൾ
വാലുയർത്തി കുതിച്ചു വന്നൊരു
കാറ്റ് വേലിയിൽ കിതച്ചു നിൽക്കുമ്പോൾ
കഞ്ഞിക്കു തീ പ്പൂട്ടാൻ കുറച്ചു കൊള്ളി-
പൊട്ടിച്ചു പോരണേന്ന,മ്മ
അടുപ്പിലൂതുന്നു

ആദർശ വാദി




ആദർശത്തെ അലങ്കരിച്
മുന്നിൽ നിർത്തുന്നു
ദർശനങ്ങൾ ദർപ്പണത്തിലെ
നിഴലുകളാക്കുന്നു
പൊള്ളത്തരങ്ങളെല്ലാം
വെളിച്ചത്തു വരുമ്പോൾ
പ്രതീകം മുന്നോട്ടെറിഞ്ഞ്
പിന്നിലേക്ക് മറയുന്നു

പ്രണയം




എട്ടാം ക്ലാസിലെ സുബൈദ
തോട്ടുവക്കിൽ കാത്തു നില്ക്കും
എട്ടും പൊട്ടും തിരിയാത്ത ചെക്കനാ
നോക്കണേ,ന്നമ്മ വിളിച്ചു പറയും
കുളുത്ത് വെള്ളത്തിൽ ചീര മുളക് -
ചാലിച്ച്
മന്ദാളംപോലെ മോന്ത കാട്ടുന്ന -
ചെക്കന്റെ
മടിയെല്ലാം മാറിയെന്നു തൊട്ട് കൂട്ടും.
പെണ്ണിന്റെ നെഞ്ചിലെ പ്രണയ-
മൊട്ടൊന്നു നോക്കിയാൽ
നാണത്തിൻനുണക്കുഴി കവിളിൽ-
പൂക്കും
മഴവന്ന നാളിൽ തോട്ടുപാലം കടന്നു
പുയ്യാപ്ല വന്നെന്നു അമ്മ പറഞ്ഞു
അന്നുപെയ്ത മഴയിലാണ്
തൊണ്ട യിടറിവീണപ്രണയം
തോട്ടിലൂടെ ഒലിച്ചു പോയത്

ഫെയ്സ് ബുക്ക് ഫ്രണ്ട്സ്




ഏറെയുണ്ട് സുഹൃത്തുക്കൾ
ഫെയ്സ് ബുക്ക് ഫ്രണ്ട്സുകൾ
ലൈക്കിന്റെ ഇക്കിളി പ്പെടുത്തലുകൾ
കമന്റിന്റെ കൊഞ്ചലുകൾ
ഷെയറിന്റെ സാക്ഷ്യപ്പെടുത്തലുകൾ
ടാഗിന്റെ കെട്ടിപ്പിടുത്തങ്ങൾ
.........................................
ഇന്നുവരെ കാണാത്തവർ
കണ്ടാലും മിണ്ടാത്തവർ
കണ്ടില്ലെന്നു നടിക്കുന്നവർ
ഫെയ്ക്ക് മുഖമേറെയുള്ളവർ
ഫെയ്സ് ബുക്ക്‌ ഫ്രെണ്ടുകൾ

മറവി





പൂച്ച വാലൻ പുല്ലു
മാടി വിളിക്കുന്നു
കള്ളാ...നിന്നെയും കാത്തല്ലേ
ഇരിപ്പ്
എന്ന് പറയുന്നത് പോലെ.
കാലമെത്ര കഴിഞ്ഞു
നീയും കാണാത്ത പോലെ കഴിഞ്ഞു.
കുഞ്ഞുനാളിൽ കളി പറഞ്ഞും
കുഴമറിഞ്ഞു മെത്രനാൾ നാം കഴിഞ്ഞു.
പിന്നെ നീ മറന്നു.
ഇന്നു നീവന്നു
മറന്നു പോയവർക്കിടയിൽ നിന്നും
മറക്കാതെ വന്നു .

തിരഞ്ഞു വരവ്





രണ്ടു ദിവസം മുന്പാണ്
രക്ത ഗ്രൂപ്പ് നോക്കി
അവർ അവനെ തിരഞ്ഞു വന്നത്
പിടയുന്ന സിരയിലേക്ക്
പുതു ജീവനൊഴുക്കാൻ.
ഇന്ന് മത ഗ്രൂപ്പ് നോക്കി
അവരവനെ തിരഞ്ഞു വന്നു
സിരയിലെ രക്തത്തെ
മണ്ണിലേ ക്കൊഴുക്കുവാൻ

വാക്ക്



വാക്ക് വാണം പോലെയാണ്
കുതിച്ചു പായും
പിടിച്ചു നിർത്തുവാൻ കഴിയില്ല
വീണു പോയാൽ
തിരിച്ചെടുക്കുവാൻ കഴിയാത്തത് വാക്ക്
വാക്കുകൾക്ക് എവിടേയും ഒറ്റയ്ക്ക്
സഞ്ചരിക്കുവാൻ കഴിയും
വാക്കിന്റെ ഒരറ്റം രക്തത്തിൽ
കുതിർന്നിരിക്കുന്നു
വാക്ക് ഊക്കാണ്
തീക്കാറ്റാണ്

ച്ഛർദി





കള്ള് കനക്കുമ്പോഴാണ്
അവന്റെ ഉള്ളമുണരുക
പിള്ള മനസ്സ് പിടയുക
തള്ള വാക്കുകൾ തള്ളുക
കടിച്ചാൽ പൊട്ടാതവ
തൊട്ട് നക്കുക.
മണ്ണിൽ മുട്ടാത വേരുകൾ
ശൂന്യതയിൽ പടർത്തുന്ന-
 മരത്തെപ്പോലെ
ആടിയാടി നടക്കുമ്പോഴാണ്
ബ്യൂറോ ക്രസി,ബൂർഷ്വാസി-
സാമ്രാജ്യത്വം,അരാചകത്വം
എന്നൊക്കെ
ഊക്കിൽ ച്ഛർദിക്കുക

മഴ




കാറ്റിന്റെ വാലും പൊക്കി
മഴ കുന്നിറങ്ങി
മല തല തുവർത്തി
ഞെളിഞ്ഞു നിന്നു
ചേക്കേറു ന്നൊരു കാക്ക
ചോപ്പാർന്ന പഴമെന്നു കരുതി
സൂര്യന്റെ കണ്ണ് കൊത്തി പൊട്ടിച്ചു
ചീവീടുകളുടെ ചൂളം വിളിയിൽ
ലാസ്റ്റ് വണ്ടിയായ് ഞാൻ കുതിച്ചു
മഴയും ഞാനും വീട്ട് മുറ്റത്ത്
വീണു കിതച്ചു
ആടിവരുന്ന,യച്ഛന്റെ
തെറി കേട്ടായിരിക്കണം
മഴ വേഗമെഴുന്നേറ്റ് നടന്നുമറഞ്ഞു
ഉമ്മറക്കൊലായിൽ
ഒതുങ്ങിനിന്ന അമ്മ
അച്ഛന്റെ തെറിമഴയിൽ
നനഞ്ഞു വിറയ്ക്കുന്നു

വയനാട്ടിൽ




ഉണർന്നെഴുന്നേറ്റ
കാട്ടു മൂപ്പനെപ്പോലെ
തലയുയർത്തിനില്ക്കുന്നു
കുടവയറൻ കുന്ന്
ജപിച്ചൂതിയ ചരടുപോലെ
നീണ്ടു വളഞ്ഞ് റോഡ്‌
കോടിപുതച്ച കാട്ടു പെണ്ണിനെ -
പ്പോലെ
കോടപുതച്ച കാട്
കാട്ടുതേൻ ഗന്ധമായ്
മന്ദമായെത്തും കാറ്റ്.
മീവൽ പക്ഷിയായ് മനസ്സ് കുതിക്കുന്നു
മണ്ടി മടുത്തപോൽ വണ്ടി കിതയ്ക്കുന്നു
ചരിഞ്ഞ ചായതോപ്പിൽ
പൂത്തു നില്ക്കുന്നു വെയിൽ ചില്ലകൾ  
കുറുവതൻ കരളിലൊരു
കബനി പിടയുന്നു
കഴിഞ്ഞ കാലം സിരകളിൽ പടരുന്നു
ഉദയ പർവ്വതം പൂത്തു നില്ക്കുന്നു
വിപ്ലവത്തിൻ സൂര്യ പട മുയർത്തുന്നു
നടത്തുന്നു ഫോസെറ്റ്  ശിലായുഗത്തിലേക്ക്
അമ്പ്‌ കുത്തി മലയിൽഇടയ്ക്കൽ ഗുഹയിലേക്ക്
ചിന്തയുടെ ചുമരിൽ ശിലാ ലിഖിതമിഴയുന്നു
വട്ടെഴുത്തും കോലെഴുത്തുമായ്  
പെരുക്കങ്ങൾ പിടയുന്നു
ലാസ്റ്റ് പോയന്റിൻ ആഴങ്ങളിലേക്ക്
ആകാംക്ഷ കണ്ണിനെ ആഴ്ത്തിയിറക്കുന്നു
പിടയ്ക്കുന്നു പൂക്കോടൻ
പരൽ പോലെ ഓർമ്മകൾ
തുടിക്കുന്നു ഹൃദയത്തിൽ ഒരു നീലയാമ്പൽ .
എത്രയും പഠിച്ചിട്ടും
ഇത്രയും വേണ്ടിവന്നു
ചരിത്രത്തിന്റെ ഒരു മഞ്ഞുകണം
മനസ്സിലിരുന്നു കുളിരാൻ  
 ......................................................
കുറുവ--കുറുവ ദ്വീപ്‌
കബനി-----കബനി നദി
ഫോസെറ്റ്---1894  ൽ മലബാറിലെ ജില്ലാസൂപ്രണ്ട്
ലോക ജന ശ്രദ്ധയിലേക്ക് എടയ്ക്കൽ ഗുഹയെ കൊണ്ടുവന്നു
ലാസ്റ്റ് പോയന്റ് ---------ഗുഹയുടെ ലാസ്റ്റ് പോയന്റ്
പൂക്കോടൻ  പരൽ----------പൂക്കോടൻ തടാകത്തിൽ മാത്രം കാണുന്ന പരൽ