malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ഡിസംബർ 22, തിങ്കളാഴ്‌ച

അഗ്നി ചിഹ്നങ്ങൾ



മനസ്സിൽ മഴവില്ല്  പൂത്തു വിരിഞ്ഞവർ
തലയിൽ വെള്ളിടിവാൾ തെളിഞ്ഞു
 കത്തുന്നവർ
മാനസ്സീകാരോഗ്യ സെല്ലിലെ പെണ്ണുങ്ങൾ
അവർ വെറും പെണ്ണുങ്ങൾ അല്ല
ദേശങ്ങ ളാണവർ,കാലങ്ങളാണവർ
ജീവിതത്തിൻ പുറമ്പോക്കിൽനിന്നൊറ്റയ്ക്ക്
ജീവിതത്തെ നോക്കി നിൽക്കുന്നവർ
താതനായുള്ളവൻ ചോരനായ് തീർന്നതും
ആ ചോരയിൽ കുരുത്തുള്ള കുരുന്നു മായ്
തെണ്ടി തിരിഞ്ഞൊറ്റ പെട്ടുപോയുള്ളവൾ
പാതി മെയ്യായി പരിണയിചുള്ളവൻ
പണയ പണ്ടമാക്കി ചണ്ടിയായ് മാറിയോൾ
മനസ്സ് മറന്നു വെച്ചു ള്ളൊരു  നേരത്ത്
കുട്ടിയെ കൂപത്തിലിട്ടു നടന്നവൾ
കാമുക വാക്കിനെ കരളിൽ നിറച്ച്ചവൾ
കാമ പൂർത്തി ക്കിരയായി ഭവിച്ചവൾ
ശകുനം പിഴച്ചൊരു നേരത്ത് ശകടത്തിൽ
ഓർമ്മകളെല്ലാം മറന്നു വെച്ചുള്ളവൾ
ഹൃദയത്തിലായിരം കാക്കകാലനക്കത്താൽ
അഗ്നി ചിഹ്നങ്ങളെ കോരി വരപ്പവൾ

കടൽ തീരത്ത് നിൽക്കുമ്പോൾ



കടൽ ക്കരയിൽ നിൽക്കുമ്പോൾ
അടയിരുന്ന ആസക്തി
അതിർത്തി തകർക്കുന്നു
കടൽത്തിര കൈ നീട്ടി
കെട്ടി പ്പു ണരാനായുന്നു
ഊഷ്മളതയുടെ  ഉപ്പ് രസം
ചുണ്ടുകൾ തേടുന്നു
പൊട്ടിച്ചിതറിയ വികാരങ്ങൾ
മുത്തു മണികൾ ഉതിർക്കുന്നു
കെട്ടി മറിഞ്ഞ് പൊട്ടിച്ചിരിച്ച്
മേല് കുഴഞ്ഞ തിര തീരത്ത് വന്ന്
ലഹരി നൊട്ടി നുണഞ്ഞ്  ഒട്ടിക്കിടക്കുന്നു

വർണ്ണങ്ങൾ അടയാള മാകുമ്പോൾ



അവളുടെ കണ്ണിൽ ചൂണ്ടൽ കോർത്ത്
അവൻ നില്ക്കുന്നു
ആസക്തിയുടെ തീനാമ്പുകൾ
ശാഖ കളായും
ജ്വലിക്കുന്ന നക്ഷത്രങ്ങളുമാകുന്നു.
പുൽത്തുമ്പിൽ വിതുമ്പി നില്ക്കുന്ന
ഒരു മഞ്ഞുതുള്ളി
അവൾ അവനോട് പറഞ്ഞു:
ചിത്രകാരാ,മരണ ത്തിന്റെ മഞ്ഞ നിറം
എന്താണിത്ര മാത്രം വൃത്തപ്പെട്ട് നില്ക്കുന്നത്
ആകാശത്തിനു ചുവന്ന നിറം വികാരത്തിന്റെ
വേലിയേറ്റം കുറിക്കുന്നെന്നു നീ വചന പ്പെട്ടേക്കാം
മണ്ണാങ്കട്ട; വയലറ്റ്,  ആഴത്തിലാഴത്തിലേക്കിറങ്ങുന്ന -
വയലറ്റ് എന്തുകൊണ്ട് ചേരില്ല?!
ഗസലിന്റെ അലകൾ ആൽ തറയിൽ നിന്നുയർന്നു
അവന്റെ കണ്ണിൻ, ചൂണ്ടൽ നാരു മുറിഞ്ഞു
ഇപ്പോൾ ക്യാൻ വാസിൽ
കുത്തിയൊലിക്കുന്ന പ്രവാഹത്തിൽ
ഒരു മഞ്ഞപ്പൂവ് രൂപപ്പെട്ടു
മുങ്ങിയും പൊങ്ങിയും വലിയ ഒരു
താഴ്ച്ചയിലേക്ക്‌
ഒരു നിമിഷം ;
മഞ്ഞു തുള്ളി അവന്റെ മാറിലേക്ക്
അടർന്നു വീണു

വെളിപാട്




ചരിഞ്ഞു തൂങ്ങിയ
ഗാന്ധി ചിത്രത്തിനു താഴെ
കേസ് കേട്ട് കല്ലിച്ച്ച കാതും
കണ്ണുമായി
ജഡ്ജിയിരിക്കുന്നു
നിയമ പുസ്തകത്തിൽ
വാലാൻ പുഴുവായ് അരിച്ച്
നടക്കുന്നു
നിയമത്തിന്റെ തലനാരിഴ
കീറിക്കീറി
സത്യത്തെ തിരിയാതിരിക്കുന്നു
വാദ പ്രതിവാദത്തിൽ
നീതിയുടെ ത്രാസ് അങ്ങോട്ടുമിങ്ങോട്ടു-
മാടുന്നു
ഒന്നും കാണേണ്ടെന്നു
ധർമ്മ ദേവത കണ്ണ് കെട്ടി നില്ക്കുന്നു
ജഡ്ജിയ്ക്ക് വിധി പറഞ്ഞേ പറ്റു
വെളിവില്ലാത്ത തെളിവു മായി
ഒരു വെളിപാടിനായി അടയിരിക്കുന്നു

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

ചരിത്രം ആവർത്തിക്കുമ്പോൾ



വിതച്ചവൻ കൊയ്യുന്നു
കൊയ്തവൻ   മെതിക്കുന്നു
മെതിച്ചവൻ പത്തായം  
നിറയ്ക്കുന്നു
അരവയറിനു അരയിൽ മുണ്ട്  
മുറുക്കി
ഓച്ചാനിച്ച് നില്ക്കുന്നു  
ജന്മിയുടെ ജ്വലിക്കുന്നമൃഗ    
മിഴിക്ക് മുന്നിൽ
മുഖം  പൂഴ്ത്തി  നില്ക്കുന്നു  
പ്രവാച്ചകന്റെപ്രാവ്
ധാന്യ പ്പുരയ്ക്ക്മുകളിലിരുന്ന്  
അപ്പോഴും    പറഞ്ഞു കൊണ്ടിരുന്നു
വയലും,നെല്ലും  വാഴാനിടവും
നിങ്ങളു ടെതെന്നു .
ഒരിക്കൽ അവൻ തലച്ചോറിന്റെ  
അച്ചുതണ്ടിൽ നിന്ന്‌  
ന്യായാന്യായങ്ങളെക്കുറിച്ച്
കണക്കുപറയും
അവന്റെ പെണ്ണുങ്ങളുടെഅലസിചത്ത
ഭ്രൂണ ഭൂതങ്ങൾ
നാലുകെട്ടിന്റെ പടിപ്പുര ചവുട്ടി    
തുറക്കും
നാവരിയപ്പെട്ട  രഹസ്യങ്ങൾ
ഉറഞ്ഞാടും
അരമന പ്പാട്ടുകൾ അരങ്ങത്ത്
കൂത്തരങ്ങ്  നടത്തും
ഈയമുരുക്കിയ  കാതുകളിൽ    
സ്ഫോടനംനടക്കും
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകൾ
മുളച്ചു  വരും
അന്ന്,വെട്ടിപ്പിടിച്ചവരെ
നിങ്ങൾഇട്ടെറിഞ്ഞ് പോകേണ്ടി വരും
ഇത് ചരിത്രം
ആവർത്തനത്തിന്റെ  പുതിയ  മുഖം 

അപ്പോഴെല്ലാം



എന്നും  ഒരേപോലെ
ഒരു മാറ്റവുമില്ലാതെ
ജൈവ ഘടികാരംപോലെ
അവൾ നിത്യവും ചലിക്കുന്നു      
അതിന്റെ  ദിശാസൂചി കളിൽ
ആത്മഹത്യ  ചെയ്ത  
കാലത്തെ   ക്കുറിച്ച്
അവൾ ചിന്തിച്ചതേയില്ല
എല്ലാമാസവും അഞ്ചു ദിവസം    
വാടാത ചെമ്പരത്തി പ്പൂവ്  
അവളിൽ  പൂത്തു നിന്നു
അപ്പോൾമാത്രം വാടിയ  -
 മൊട്ടുപോലെ
കൂമ്പിയകണ്ണിൽ മഴവിൽ
 ശലഭ ജലമിളകുന്ന
കണ്ണീർ തടാകം രൂപ പ്പെട്ടു  
അപ്പോൾ മാത്രം നരച്ചു തുടങ്ങിയ  
വർണ്ണ വസ്ത്രങ്ങൾക്കുള്ളിൽ  
പരിഹസിക്കപ്പെടുന്ന യൌവനത്തെ
തൊട്ടറിഞ്ഞു  
അപ്പോഴൊക്കെപൊട്ടിവന്ന ശബ്ദം
തൊണ്ടക്കുഴിയിൽ മൌനമായ് ഒട്ടിനിന്നു  
വാടിയ   മുല്ലപ്പൂവിന്റെ മണമായിരുന്നു
അപ്പോൾ അവൾക്ക്   

2014, ഡിസംബർ 18, വ്യാഴാഴ്‌ച

വിശ്വാസം അതല്ലെ യെല്ലാം....!



അമ്പലത്തിന്റെ  നടപ്പാതയിൽ
വെളിച്ചം വില്ക്കാനിരിക്കുന്നു
വഴി വിളക്കുകൾ
ഇടയ്ക്കിടെ സമ്മാനിക്കുന്നുണ്ട്
വെളിച്ചങ്ങൾ    
ശരീരത്തെക്കാൾവലിയനിഴലുകളെ.
ഇരുട്ടിന്റെപുതപ്പ് പുതച്ചുറങ്ങുന്നുണ്ട്  
മൂലയിലൊരു ചൂരൽകസാല.  
വിശ്വാസത്തിന്റെ  ഊന്നുവടിയൂന്നി
പടിക്കലോള മെത്തി നില്ക്കുന്നു
അടഞ്ഞ വാതിലിനപ്പുറം ദൈവം  
ഉറങ്ങി കഴിഞ്ഞിരിക്കുന്നു  
'മുട്ടുവിൻ തുറക്കപ്പെടും' എന്നബോർഡിനു
താഴെ
മുട്ടിയിട്ടും തുറക്കാത്തവാതിലിൽ
മുട്ടി ക്കൊണ്ടേ യിരിക്കുന്നു
ഉണർന്നാലും  കണ്ണ് തുറക്കാത്ത
ദൈവത്തെ  
കണ്‍ നിറയെ  കാണാൻ  

സംസ്കാരത്തെ കുഴിച്ച് മൂടുമ്പോൾ




ചുര മിറങ്ങി വാർത്തകൾ
ചൂടും ചൂരു മില്ലാതായ്
പട്ടിണി മരണങ്ങൾ പതിവായ്
ഓർക്കാതായ്.
സംസ്ക്കാര,വികസനക്കുതിപ്പിൻ -
യന്ത്ര കൈയ്യാൽ
കോരി യെടുത്തിടുന്നു
കുഴിയിൽ  തള്ളീടുന്നു  
ആദിവാസികൾ ഏതുകാലത്തിൻ
അടരുകൾ
ഗോത്രങ്ങൾ  ഊരുകളും
ചാപിള്ള  വാക്കല്ലയോ?!
കേൾപ്പിക്കാനെളുതാമോ  
പരിഷ്കൃതസമൂഹത്തെ!!
ആഗോള ആരോഗ്യത്തിൽ  
ഒന്നാമതായ നാട്ടിൽ
പട്ടിക്കാട,ട്ടപ്പാടി ഇനിവേണ്ടെ
ന്നുതിട്ടൂരം  
എട്ടു കെട്ടുകൾ പെട്ടെന്നൊരുക്കാൻ
വെമ്പലോടെ വമ്പത്തരത്തിൻ
കൊമ്പ് വണ്ടികൾ  കുതിക്കുന്നു 

2014, ഡിസംബർ 17, ബുധനാഴ്‌ച

മഞ്ഞുകാലം


കണ്ണ് ചിമ്മിക്കഴിഞ്ഞു വിളക്കുകൾ
ദുർബലമായി ശകട ശബ്ദങ്ങൾ
 ശൂന്യമാം തെരുവ്  ശീതകാല രാവ്
എങ്ങും ഹിമത്തിന്റെ ഹോമ -
കുണ്‍ഡങ്ങൾ  
പള്ളി മേടയിൽ നിന്നും പ്രഭാതത്തെ
വിളിച്ചു പ്രാർത്ഥിക്കയാം മണിയൊച്ച
 പ്രണയാർദ്രമാം മഞ്ഞു മെല്ലെ തൊടുന്നേരം
കുളിര് കോരുന്നു കോരിത്തരിക്കുന്നു
രാവിൽമഞ്ഞിൻ വിരൽത്തുമ്പിൽ
ചെമ്പനീർ
പൂവിൻ കുഞ്ഞുങ്ങൾ ചോരിവാ വിടർത്തുന്നു
അങ്ങു കിഴക്കൻ കുന്നിൻ കുതിരതൻ 
തേരേറി സൂര്യൻ  കുതിക്കാനൊരുങ്ങുന്നു

2014, ഡിസംബർ 13, ശനിയാഴ്‌ച

ഒറ്റപ്പെട്ടു പോകുന്നവർ



ഏകാന്തത യെന്ന പെണ്‍കുട്ടിയും
വിരസത യെന്ന ആണ്‍കുട്ടിയും
മുഖ്ത്തോടു മുഖം നോക്കിയിരിക്കുന്നു
വിരഹത്തിനു വിരാമ മിട്ടുകൊണ്ട്
അവിരാമം പടരാമെന്നു
മൌനം കൊണ്ട് മൊഴിയുന്നു
ബിയർ ചുണ്ടുകൾ ചുണ്ടോടു
ചേർത്ത്
വേദനയുടെ വിയർപ്പ്‌ മുത്തുകൾ
ഒപ്പിയെടുക്കാമെന്നു വായിൽ
നോക്കിയിരിക്കുന്നു
ഉള്ളിന്റെ ഉള്ളിലെ കടലാഴത്തിലേക്ക്
ഊളിയിട്ട്
കൊയ്ത്തു കഴിഞ്ഞ പാടത്തെ
കിളികളെ പ്പോലെ
അലസമായി വിലസുന്നു
ശക്തിയായി കുതിച്ചു വന്ന ഒരു തിര
കുപ്പിയിൽ നിന്നും പതഞ്ഞൊഴുകിയ
ബീയർ പോലെ
ചങ്കു പൊട്ടി ച്ഛർദ്ദിലായി ചിതറി
ത്തെറിക്കുന്നു
ഏകാന്തതയുടെയും,വിരസതയുടെയും
ഉളുമ്പ് മണ മുയർന്നപ്പോൾ
പെണ്‍കുട്ടിയും,ആണ്‍ കുട്ടിയും
ഇന്നോളം കാണാത്തവരെ പ്പോലെ
ഇരു ദിശയിലെക്ക് തിരിച്ച് നടന്നു 

പണയം വെച്ച വീട്



പണയം വെച്ച വീട്ടിലാണ്
എന്റെ താമസം
പെണ്‍ കുട്ടികളുള്ള അച്ഛനമ്മ -
മാരുടെ
മനസ്സമാധാനം എന്നേ പണയം
വെച്ചിരിക്കുന്നു!
കെട്ടിച്ചു വിടാൻ പണ മില്ലാതെ
വന്നപ്പോൾ
കെട്ടി പ്പെറുക്കി ക്കൊടുത്തു ആധാരം
പറഞ്ഞറിഞ്ഞിട്ടുണ്ട്  വീട്
ഞാൻ മറ്റൊരാളുടെ അവകാശിയെന്നു.
കൈ  വിടല്ലെയെന്നു കേണപേക്ഷി-
ക്കുന്നുണ്ട്
ഇറങ്ങി പ്പോകുംപോഴും കയറി വരുമ്പോഴും
വരാൻ അത്പ്പം താമസിച്ചാൽ
പെരുവിരൽ കുത്തി നിവർന്നു
നോക്കുന്നതുപോലെ
കാത്തു നില്ക്കും വഴിക്കണ്ണുമായി.
എത്ര ഊട്ടിയതും,ഉറക്കിയതുമാണ്
വികാരങ്ങളുടെ വേലി യേറ്റങ്ങളെ
വഴക്കുകളെ ,എന്തെന്തു രഹസ്യങ്ങളെ
ഗോപ്യമാക്കി വെച്ചതാണെന്നു
മനസ്സിൽ പറയുന്നുണ്ടാകും ഓരോ
കൽച്ചുമരും
കുട്ടികളുടെ കൈ വിരൽപ്പാടുകളെ,
പെൻസിൽ ചിത്രങ്ങളെ,എണ്ണ-
മിഴുക്കിൻ കറുപ്പ് ചായങ്ങളെ
മായാതെ കാത്തു വെയ്ക്കുന്നുണ്ട്.
എന്നും അടുക്കി പ്പെറുക്കി
തൂത്ത് വൃത്തി യാക്കുന്നുണ്ട് ഞാനും
ഒരിക്കിലും തോന്നിയിട്ടില്ല
ഇത് പണയം വെച്ച വീടെന്നു 

നിഴൽ



നടന്നു തളർന്നതു പോലെ
നടപ്പാത യിലിരിക്കുന്നു-
നിഴല്
ചാരത്തു വരുന്നവരെ
ചേർത്തു നിർത്തുന്നു
ബസ് കാത്തു നിൽക്കുന്നവരോടോപ്പം
റോഡിലിറങ്ങി നോക്കുന്നുണ്ട്
കുട്ടിക്കാന്റെ ഖുമിട്ടിക്കടയും
കത്തുന്ന വെയ്ലിലും
കൂസാതെ ഒരു നില്പ്പുണ്ട്
മുരണ്ടു പോകുന്ന ബസ്സിനു
മുഖം കൊടുക്കാതൊരു നില്പ്പ്
അടുത്ത്ബസ്സിനു അക്ഷമയോടെ
ഞാനിപ്പം പോകുവേ എന്ന മട്ടില്
നിരങ്ങി നിരങ്ങി വന്ന നിഴല്
നീർത്തുമൊരു കുട -
ഖുമിട്ടി കടയ്ക്ക് നേരെ.
കുട്ടിക്കാന്റെ കട്ടി മോരിലെ എരുവും
ബീഡി പ്പുകയും കളി പറഞ്ഞും
വെറ്റയും കളിയടയ്ക്കയും
ചവച്ച് ചുമപ്പിച്ച് പാറ്റി തുപ്പിയും-
ഒരുകാലം.
ഇന്നിപ്പം നിഴലില്ല,ഖുമിട്ടി കടയില്ല
കുട്ടിക്ക താനേയില്ല
കടലുപോലെ കെട്ടിടം മാത്രം 

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ഒട്ടുമാവ്



മുട്ടറ്റമെത്താത്ത  കള്ളിപ്പാവാടയും
മുറ്റിത്തഴച്ച   മുഴച്ച മുലയുള്ള
പുള്ളി പ്പച്ച നിറജാക്കറ്റ ണി ഞ്ഞുള്ള
കെട്ടുപ്രായം തോന്നാ പെണ്ണിനെ -
പോലുള്ള
ഒട്ടു മാവോന്നെന്റെ മുറ്റത്ത് നിൽക്കുന്നു  
അനുസരണ യില്ലാതെ മദിച്ചു-
നില്ക്കുന്നോളെ
വാസനപാക്കിൻ സുഗന്ധവുമായ് -
ക്കാറ്റ്
ഒളിഞ്ഞും തെളിഞ്ഞു മിടയ്ക്കിടെ
നോക്കുന്നു
എങ്ങിനെ യുണ്ട് പെണ്ണെന്ന മട്ടിൽ.
കുപ്പി വള കിലുക്കും പോൽ ചിലമ്പിച്ച
ശ ബ്ദത്തിലെന്തേ പറയുന്നിതണ്ണാൻ  
രജസ്വല യെന്ന രഹസ്യ മൊളിപ്പിക്കാൻ
ഏറെ ശ്രമിച്ചു പിന്മാറുന്നു ചെന്തളിർ
ഏറെ വിവശയായ്  നമ്ര  ശീർഷയായ്‌
വെയിൽ നാളത്തിൽ മുഖ മൊളിപ്പിക്കാൻ
ശ്രമിക്കുന്നു  

ഫോസിൽ



പുരാതന പ്രദേശമാണ്
ഖനനം തുടങ്ങി
അടരടരായ് പാറകളടർന്നു
മുൾമുനയിൽ നിർത്തുന്ന
ഒരു മൂളക്കം
ആകാംക്ഷയെ അതിരുകൾ-
ക്കപ്പുറ മെത്തിച്ചു
കൈ ത്തോടിന്റെ ഒരു കഷ്ണം -
കാണായി
പച്ച്ചപിടിച്ച്ച പാടം,തേക്കുപാട്ടിന്റെ
ഈരടി
ചക്രം ചവുട്ടി തഴമ്പിച്ച കാല്പ്പാദം
വെള്ളം കോരി മുരടിച്ച കൈപ്പത്തി.
അവസാന അടരിൽനിന്നും കണ്ടുകിട്ടി-
ഭാരം കൊണ്ട് മുതുക് കൂനിപ്പോയ
ഒരു കവിയുടെ ഫോസിൽ  

ഭ്രാന്തൻ



ചിന്തയ്ക്ക് തീ പ്പിടിച്ച ഒരാൾ
ചന്തയിലൂടെ അലയുന്നു
വെളിച്ചത്തിന്റെ കാട്ടിൽ
ഇരുളിന്റെ കയം തേടുന്നു
അവൻ ;വെളിപാടുമായി
വെളിയിലേക്കിറങ്ങിയ ബുദ്ധൻ
സഹനത്തിന്റെ സരയുവിൽ
സ്നാനം ചെയ്യപ്പെട്ടവൻ
അജ്ഞതയുടെആൾക്കൂട്ടത്തിൽ  
ജ്വലിക്കുന്ന ജ്ഞാന സൂര്യൻ
ചുഴിയുടെമുൾക്കിരീട മണിഞ്ഞു
ചുരം കേറിയ ഏകച്ഛത്രപതി  

വേദന ച്ചില്ല



എന്നും രാവിലെ
കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു
സ്വപ്നങ്ങളിലെ അത്തി വൃക്ഷം
പൂവിടുന്നു
സങ്കൽപ്പത്തിലെ കുതിരകൾ
കുതിക്കുന്നു
നേരം വളരുന്തോറും
വേദനയുടെ മുള്ളുകൾ
കൂർത്തു കൂർത്തു വരുന്നു
പെയിൻ കില്ലറിൽ
പിടിച്ചു നില്ക്കുമ്പോഴും
കട്ടിൽപ്പടി ഞെരിഞ്ഞമരുന്നു
കാലം കാത്തു വെച്ച കുസൃതികൾ
കരളിനെ കാർന്ന് തിന്നുന്നു
ചില്ലകൾ വാടി കുഴയുന്നു
സന്ധ്യ മുഖത്തേക്ക് ഇരച്ചു കയറി
തുടുത്തു നില്ക്കുന്നു
മരുന്നിന്റെ മാജിക്കിൽ സുഷുപ്തിയുടെ
കടലിൽ ആണ്ടു പോകുന്നു
രാവിലെ കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു

2014, ഡിസംബർ 2, ചൊവ്വാഴ്ച

മുയൽപ്പേടി




വീടിനുചുറ്റുംമുയൽപാർപ്പുകളായിരുന്നു
ദുഖത്തിൽ നിന്ന് സുഖ ത്തിലേക്കും
മരണത്തിൽ നിന്ന് ജീവിതത്തിലേക്കും
മറിച്ചും-
ഒറ്റ കുതിപ്പിന്റെ ദൂരമെന്നു
മുയലാണെന്നെ പഠിപ്പിച്ചത്
മുന്നേറും തോറും മുയൽപ്പേടി
ബാക്കിയുണ്ടാവണ മെന്നും
എനിക്ക് പറഞ്ഞു തന്നു
അതെല്ലാം പഴയ കാലം
ഇന്ന് മുയലിനെ തേടിയാണ്
ഞാൻ തിരിച്ചു വന്നത്
എങ്ങുമില്ല ഒരു മുയലടയാളം
ബാക്കിയില്ല മറന്നു വെച്ച
പഴയ കാലം
സൌമ്യതയുടെ മുയലുകളെ
ഇനിയും പ്രതീക്ഷി ക്കേണ്ടതില്ല
നാടുകളിൽ
ഉള്ളതെല്ലാം മാംസത്തിന്റെയും
കൊല്ലലിന്റെയും മുയൽ ക്കാലം 

നടപ്പാത


സായാഹ്നങ്ങൾ  നടപ്പാതയുടെതാണ്
ഓരോ കാലടിപ്പാടുകളും അവ അടയാള
പ്പെടുത്തുന്നു
ഓരോ കാൽനഖ ചിത്രവും  അവയെ
രോമാഞ്ചം കൊള്ളിക്കുന്നു
കാമുകിയുടെ കാർകൂന്തലിൽ നിന്നും
കൊഴിഞ്ഞു വീണ പൂവുകൾ
സുഗന്ധവും വഹിച്ച് തന്റെ ശിരസ്സിൽ
പറ്റിച്ചേർന്നു മയങ്ങുന്നു
ഓരോ ചുവടുകൾക്കും ശുഭ യാത്ര നേർന്നു കൊണ്ട്
ജീവിതത്തിന്റെ നടപ്പാത കാട്ടി കൊടുക്കുന്നു
നടപ്പാത അനന്തമായ നിശ്ചലമായ കടൽ
അതിന്റെ ഒഴുക്കുകളാകുന്നു നമ്മൾ    
നമ്മെ അത് വന്ന്
മരണത്തിന്റെ അനന്ത മായ
കാഴ്ചയിലേക്ക് കൂട്ടി ക്കൊണ്ട് പോകുന്നു

മഞ്ഞു കാലം



ധനുമാസ പുലർ മഞ്ഞിൻ
തുള്ളി ചേർത്ത്
കിഴക്കൻ മല തൊട്ടു
ചാന്തു പൊട്ട്
കരനെല്ലിൻ തളിരോല
താള മിട്ട്
കുണുങ്ങി  കുണുങ്ങുന്നു
കുഞ്ഞു കാറ്റ്
പുത്തൻ തളിരാട ചുറ്റി
ഭൂമി
മലർ വാകപൂത്തു മലർ
ചൊരിഞ്ഞു
കൈ തോല ഈറൻ
മുടി നിവർക്കെ
നീർമണി മുത്തു  ചിതറിടുന്നു 

വെള്ളപ്പൊക്കം

കാറ്റ് മഴയോട് പറഞ്ഞു:
കലികയറിയ പുഴ
കരയേറി വന്ന്
എഴുതി വെച്ച് ഇറങ്ങിപ്പോയ
ക്ഷോഭ വാക്യമാണ്
കൽച്ചുമരിൽ  കാണുന്നത് 

പിടച്ചിൽ

കരകവിഞ്ഞ പുഴയിൽ
മുങ്ങിപൊങ്ങുന്ന
ചെടികൾ ക്കിപ്പോഴറിയാം
കരയിൽ പിടിച്ചിട്ട
മീനിന്റെ പിടയൽ

പുഴയോർമ്മ


വരണ്ട പുഴയുടെ
മണൽതിട്ടയിലിരിക്കുംപോൾ
കുഞ്ഞുകാല പുഴയോർമ്മയൊരു
രാപക്ഷി ചിറകനക്കമായ്
ഉള്ളിലുണരുന്നു
കയങ്ങളും,ചുഴികളുമായ്
തിടം വെയ്ക്കുന്നു
ഏതു പുഴയെക്കാളും
ഒഴുക്കുള്ളതാകുന്നു
ചെറു പാറകളിൽ
കൈ കൊട്ടി കടന്നു പോകുന്നു
നെരൂദ കണ്ട എട്ടുകാലി വള്ളങ്ങൾ
വലയുമായി നീങ്ങുന്നു
ദൈവം കൊടുത്തയച്ച
തീനായ് മീനുകൾ
ജല പരപ്പിലൂടെ
തെന്നി നീങ്ങുന്നു

2014, നവംബർ 29, ശനിയാഴ്‌ച

മോർച്ചറി




ഫോർമാലിനിൽ  കുളിച്ച്  തോർത്തി
 വരിവരിയായ് കിടക്കുന്നു ശവങ്ങൾ
മാംസ ശില്പപങ്ങളെ പ്പോലെ
മാർബിൾ മേശയിൽ .
മുഖം തിരി ച്ചിരിക്കുന്നു ചുമരിൽ  
മൊണാലിസ  
സൗന്ദര്യ ശാസ്ത്രത്തെ ചികഞ്ഞു-
കൊണ്ടെന്നപോലെ  
കത്തിയും,കത്രികയും ഏറെനേരമായി
കുശു കുശുപ്പ്  തുടങ്ങിയിട്ട്
കണ്ടില്ലേ കിടപ്പ് കുറച്ചു മുൻപ് വരെ
കത്തിയും,കത്ത്യാളും എടുത്തവർ
ജാതി മതത്തിന്റെ  പേരിൽ വെട്ടി മരിച്ചവർ
കണ്ടില്ലേ ചേർന്ന് കിടക്കുന്നത്
എന്തു  ചേർച്ച യാണിപ്പോൾ
ഒന്ന് തൊട്ടോ കണ്ണു തുറിച്ച് നോക്കിയോ പോലും
പീഡിപ്പിക്കുന്നില്ല
പരാതിയോ പരിഭവമോയില്ല
 മൂർച്ചയിൽ പോലും  ഒന്നു മുഷിയാതെ
കണ്ടില്ലേ മോർച്ചറിയിലെ സ്നേഹം  

വീട്ടമ്മ



ഫ്ലാറ്റിലെ  
നാല് ചുമരിനുള്ളിൽ  
കരയിൽ പിടിച്ചിട്ട
മത്സ്യത്തെ പ്പോലെ
ചിറകറ്റു പിടയുന്ന
പറവയെപ്പോലെ
പിടയുന്നു
അപ്പോൾ
മത്സ്യത്തിൽ ഒരു പുഴയും
ചിറകിൽ ഒരാകാശവും
അവളിൽ നിറയുന്നു

കടൽ

പെണ്ണിന്റെ
കണ്ണീരോളം വരില്ല
ഒരു കടലും

അച്ഛൻ



മെഹ്ദിഹസ്സൻ ,ഗുലാം അലി,യേശുദാസ്
കുഞ്ഞിന്റെകൈയ്യിലെ  കളിപ്പാട്ടം പോലെ
റിമോട്ടിന്റെ സഹായത്താൽ അവർ  
മാറി മാറി പാടിക്കൊണ്ടിരുന്നു
എന്റെ മനസ്സിൽ അച്ഛന്റെ പഴയ മർഫി -
 റേഡിയോ
പണി കഴിഞ്ഞു വന്ന അച്ഛന്റെ മണം  
കര കരാന്നുഒച്ചയുണ്ടാക്കുന്ന അച്ഛന്റെ കട്ടിൽ
കഴിയുന്നില്ല  കരച്ചിലടക്കുവാൻ
പാട്ടിന്റെ  വോളിയം കൂട്ടി പുറംകാഴ്ചയിൽ  -
കണ്ണു  നട്ട്
കരച്ചിലിനെ കരളിൽ തന്നെകെട്ടിയിട്ടു
പള പളാ മിന്നുന്നകാർ  അവിടേക്ക്  തന്നെ
പാഞ്ഞു പോയി സഡൻ ബ്രേക്കിട്ടു .
അടയാളം അവശേഷിപ്പിക്കാത്ത
പൊതു ശ്മശാനത്തിൽ
നിറഞ്ഞ കണ്ണിലെ സ്ഫടികഗോളവുമായി
അടിവെച്ചടിവെച്ച്
അടക്കിയ മനസ്സിന്റെ തുടിക്കുന്നസ്പന്ദന -
വുമായി
എനിക്കായ്  അശാന്തമായുറങ്ങുന്ന അച്ഛന്റെ
അരികിലേക്ക്
കരുതി വെച്ചതെല്ലാം തരാൻ  കാത്തിരിക്കയാവും-
ഇപ്പോഴും അച്ഛൻ
അച്ഛന്റെ ശേഷിപ്പായ എന്നെ  
നെഞ്ചോട് ചേർത്ത്‌പിടിക്കയാവും 

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

നരനായാട്ട്




ഇത് നായാട്ട് കാലം
കുന്നുമ്പുറങ്ങളും,കുറ്റി-
ക്കാടുകളുമില്ലാത്ത
നിരന്ന നിലത്തിലെ
നായാട്ടു കാലം
ഒരു മുയൽ കുഞ്ഞിന്റെ
പിടച്ചിൽ
ഓടി തളരുന്ന ഒരു
മാൻ പേട
ചോര യിറ്റിവീണ
ഒറ്റയടി പ്പാത
അമർത്ത പ്പെടുന്ന നിലവിളി
നൊട്ടി നുണഞ്ഞ് ഒരു നരി
ആലസ്യത്തിന്റെ അലസതയോടെ
ആടിയാടി നീങ്ങുന്നു

ഉടൽക്കാഴ്ച്ച



ചാനലിൽ ചാരി നിന്ന്
അവർ ചിരിച്ച് കുഴയുന്നു
ലഹരിയുടെ അമ്ള ലായനിയിൽ
പതഞ്ഞുയരുന്നു
അവരുടെ ഇച്ഛയുടെകളിപ്പാട്ടമവൾ
അവളുടെ തേങ്ങലിൻ നെടുവീർപ്പുകൾ
അവർക്ക് മൂർച്ഛ പ്പെടുന്ന വികാരം
ഉള്ളിയും,തക്കാളിയുടെയും
നുറുങ്ങുകൾ ക്കിടയിൽ
വറുത്ത മത്സ്യമായ്  കൊതിപ്പിക്കുന്നൊരു
കാഴ്ച യായിരുന്നു
അവൾ അവർക്ക്
അവളുടെ ചുണ്ടുകളെ
ചെകിള പൂവുകളായ് അവർ
അടർത്തി അടർത്തി തിന്നു-
 കൊണ്ടിരുന്നു
ചാനൽ തിരയിലെ വർണ്ണ
മത്സ്യത്തെ പ്പോലെ
അവൾ അവർക്ക് ഉടൽ മാത്രമായി
വാലും തലയുമറ്റ
ചെതുമ്പലിൻ ഉടയാടകളെ
ഉരിഞ്ഞു മാറ്റിയ
വർണ്ണ ഉടൽ

നാടോടികൾ



മണ്ണിലേക്ക് ചായുന്ന
വൃദ്ധന്റെ താടിപോലെ
മഞ്ഞു പതുക്കെ മണ്ണിൽ
പരന്നു പടരുന്നു
ഊരുചുറ്റീടുന്നവർ
പാരിനെ ഊരാക്കിയോർ
'തമ്പ'ടി ച്ചു കൂടുവോർ
ജീവിത തുമ്പു തേടി
പാവങ്ങളായുള്ളവർ.
പറക്കും പക്ഷിക്കൊപ്പം
മനസ്സ് പോയീടുന്നോർ
മഴ നാളോർത്തീടവേ
മനസ്സ് മൂടീടുവോർ
തമ്പിലെ ചതുരത്തിൽ
ഇരമ്പും മഴയ്ക്കുള്ളിൽ
മക്കളെ മാറിൽ ചേർത്ത്
ദിക്ക് വെളുപ്പിക്കുവോർ
ആദ്യത്തെ മഴത്തുള്ളി
മുഖത്ത് പതിച്ചപോൽ  
ഞെട്ടി തരിച്ചീടുന്നു
ആ ദിന മോർ ത്തീടുമ്പോൾ

ദൈന്യത



അടുപ്പിൽ വെച്ച കലത്തിലെ
തിളച്ചു കാഞ്ഞ വെള്ളത്തിലിടാൻ
അരിയുമായി അവളുടെ അമ്മ വരണം
പൊള്ളി പ്പിടയുന്ന വിശപ്പിലേക്ക്
അവളിടയ്കകിടെ തണുത്ത -
വെള്ളമൊഴിച്ചു
കുഴിഞ്ഞ കണ്ണിലെ കനൽ കത്തൽ
യൗവനത്തിന്റെ ആളൽ
ഉഷ്ണ ക്കാറ്റിൽ ഉണങ്ങിയ മരച്ചില്ലയിൽ
കെട്ടി തൂക്കിയപോലെ
തകര ഷീറ്റിട്ട ഒറ്റ മുറിയിൽ
അവൾ  ആടിയാടി നടന്നു
കള്ള് മോന്തി കിറുങ്ങിയ കണവനെ
കാത്തിരുന്ന് കണ്ണ് കഴയ്ക്കുമ്പോൾ
കറുത്ത ചെട്ടിച്ചിയു ടെ കുടിലിൽ
അവർ സല്ലാപത്തിൽ  

ദയയുടെ മരണം

ദയയുടെ ദാനവുമായ്
ഒരു കുഞ്ഞാട് പോകുന്നു
ആർത്തിയുടെ ആട്ടിൻ-
തോലിട്ട ചെന്നായ്
കാത്തിരിക്കുന്നു

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അടയാളം



പുറത്ത് ശത്രുക്കൾ എന്റെ രക്തത്തിന്
കാതോർത്ത്‌ നില്ക്കുന്നു
എനിക്കും അവർക്കുമിടയിലെ
ഈ വാതിലാണ് തടസ്സം
അവരുടെ കണ്ണിന്റെ കണ്ണാടിയിൽ
ഒരു ചിത ഒരുക്ക പ്പെട്ടിട്ടുണ്ട്
എന്റെ അവസാന മാംസത്തിന്റെ ഗന്ധം
അവർ ആസ്വദിക്കയാണ്
എന്നിലെ സ്നേഹത്തിന്റെ സർപ്പ-
ശൽക്കങ്ങളാണ് പോലും
അവരെ ഭയപ്പെടുത്തുന്നത്
അവരുടെ തലച്ചോറിൽ പിറന്ന
മിന്നൽ പിണർ
എന്റെ പ്രജ്ഞയെ അറുത്ത് മാറ്റുമ്പോൾ
അസ്ഥികൾ പൊട്ടി
പരശതം വേരുകൾ
മ ണ്ണിലെക്കാഴ്ന്നു
സർപ്പ സസ്യമായി അവരെ
ചുറ്റി വരിയുമെന്നും
അതിനടയാളമീ നെറ്റി തടത്തിലെ
രക്ത നക്ഷത്രമെന്നും
അവർക്കറിയില്ലല്ലോ

മണ്ണിൻ മക്കൾ


എത്ര സുന്ദരം
അന്നെന്റെ ഗ്രാമം
എത്ര അന്തരം
ഇന്നെന്റെ ഗ്രാമം
എവിടെ ചെമ്മെഴും
ചെറു കുന്നുകൾ
എവിടെ പച്ച -
പട്ടുടുത്ത പാടങ്ങൾ
കീറിയ കൂറകൾ
വാരിച്ചുറ്റി
കട്ടയുടയ്ക്കും കയ്യുകൾ
വിയർപ്പിന്നു,പ്പുകൾ
വിളയും മേനികൾ
വറ്റെഴാ വെള്ളം മോന്തുന്ന
ഒട്ടിയ വയറിന്നുടമക-
ളെങ്കിലും 
മണ്ണിൽ ജനിച്ചോർ
മണ്ണിൽ പണിവോർ
മണ്ണ് ആം നമ്മുടെ
അന്നം എന്ന്
അഭിമാനാത്താൽ
ഊറ്റം കൊൾവോർ
എവിടെയവർ
ആ,മണ്ണിൻ മക്കൾ

തിരിച്ചെടുക്കുവാൻ കഴിയാത്തത്

വാക്ക് തോക്കിനോട്
പറഞ്ഞു:
പുറപ്പെട്ടു പോയാൽ
ഞാനും നിന്നിലെ
ഉണ്ടയും ഒരുപോലെ

പുതു വർഷം


പുത്തനാം വർഷമേനീ
പൊൻപട്ട് വിരിക്കുക
പുസ്തക താളിൽ പുതു
പുഷ്പ്പത്തെ ഞാൻ വരയ്ക്കാം
സ്വർണ്ണ രാജി വിടർത്തും
സൂര്യനാക്കാം ഹൃത്തിനെ
മിഴിയിൽ സ്വപ്നത്തിന്റെ
സരോവരം തീർത്തീടാം
തുടിക്കും മനസ്സിന്റെ
നൃത്ത താളത്തിനൊത്ത്
ചിന്തയ്ക്ക് ചിന്തേരിട്ട്  
ക്ലാവ് തുടച്ച് വെയ്ക്കാം
പോയിടും വർഷത്തിന്റെ
പുസ്തക താളിനെ ഞാൻ
കണ്ണുനീർ പശകൊണ്ട്
ഒട്ടിച്ച് മറയ്ക്കുന്നു
മാഞ്ഞ സിന്ദൂര പ്പൊട്ടും
കറുത്ത കിനാക്കളും
അറുത്ത ശിരസ്സിന്റെ
തുറിച്ച നോട്ടങ്ങളും
പോയ വത്സരത്തിന്റെ
ചത്ത വേരു പറിച്ച് 
പുത്തനാം വർഷമേ നീ
പൊൻപട്ടു വിരിക്കുക

വേർപിരിയൽ

ചർച്ചകൾക്ക്
ചാർച്ച യില്ലാതെ
വന്നപ്പോൾ
ചേർക്കുവാൻ കഴിയാതെ
ചോർച്ച കൂടിയപ്പോൾ
അവർ പരസ്പ്പരം
വേർപിരിഞ്ഞു  

കളി



വെളുക്കുമ്പോൾ തുടങ്ങും
വെയിൽ കുഞ്ഞുങ്ങൾ
വെളിമ്പറമ്പിലേക്കിറങ്ങാൻ
കൂടെ പുളി മരത്തിലെ
കുന്നിക്കുരു കണ്ണുള്ള ചെമ്പോത്തും
കളിച്ച് തളരുമ്പോൾ
വെള്ളരിപ്പാടത്തെ
കൂവലിലിറങ്ങി വെള്ളം കുടിക്കും
വെള്ളരിക്കോന്നുകൾ കട്ടുതിന്നും
ക്ഷീണ മാറ്റാൻ   ക്ഷണനേരം
പുളിമര ക്കൊമ്പിലിരിക്കുംപോൾ
ഓല പീപ്പി യൂതിയെത്തും
ഒരു കുഞ്ഞു കാറ്റ്
തട്ടി പ്പറിക്കാൻ തട്ടിതടഞ്ഞ് 
കുന്നിൻ ചാരുവിലൂടെവെയിൽ-
കുഞ്ഞുങ്ങൾ ഓടുമ്പോൾ
കണ്ടത്തിലെ കട്ടയുടച്ച്
നാടകം കളിക്കൊരുക്കൂട്ടും
ഞങ്ങൾ കുട്ടികൾ

കവിതയാകുന്നത് ...!

മീൻ മുറിക്കുംപോഴാണ്
മനം മറിയുന്നത്
കബന്ധങ്ങളുടെ കാഴ്ച
കരളിൽ കൊള്ളുന്നത്
കത്തുന്ന ഓർമ്മകളാണ്
കണ്ണിൽ പെയ്യുന്നത്  
ഈ വേദനയാണ്
പെടുപെടെ പിടയ്ക്കുന്ന
മീൻ തുണ്ട അക്ഷരമായ്
കവിതയായ്
വാർന്നു വീഴുന്നത്  

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

പാവങ്ങളുടെ ക്രിസ്തു



തെരുവിൽഅപ്പം വിറ്റുനടന്ന
ഒരു കുട്ടി
പുല്ലുമേഞ്ഞ വീട്ടിൽ
വെറും തറയിൽ കിടന്ന്
വിശപ്പ് കലാപ കാരിയാക്കിയ
ഒരു സൈനീകൻ
ഒരു ബൊളിവേറിയൻ കൊടുങ്കാറ്റു
ചെകുത്താന്റെ വാസത്തെ
ഗന്ധക ഗന്ധത്തെ
ആട്ടിയകറ്റിയവൻ
ഷാവേസ് നീ പാവങ്ങളുടെ -
ക്രിസ്തു വെനിസ്വലേയുടെ
രക്ഷകൻ
നീതിമാൻ മാരുടെ പ്രവാചകൻ
മരണത്തിനും മായ്ക്കാൻ കഴിയാത്ത
രക്ത നക്ഷത്രം 

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

തിരിച്ചറിവ്

കടുത്ത വാക്കുകൾ കുത്തി നോവിച്ച്
കറുത്തു പോയതാമെൻ പുറ കാഴ്ച്ചകൾ
കഠിന ജീവിതം കടഞ്ഞെടുത്തതിൻ
ബാക്കി പത്രമാം ഇന്നെന്റെ ജീവിതം
കഠിന ദാരിദ്ര്യം കൊടിയ ദുഖവും
കൊടിക്കൂറ കാട്ടി വിളിച്ചിടുംപോഴും
കരളിനുള്ളിൽ വെളുത്തിരിപ്പാണ്
കരുണതൻ തുരുത്താണ് ചങ്ങാതി
കൊഴുത്ത മേലാളർ കൊത്തിക്കീറുന്ന
കുഞ്ഞു പക്ഷിയാം നമ്മളിപ്പോഴും
തിരിച്ചറിവിൻ നിലാവുദിക്കുക
മിഴി ഇനിയും തുറന്നു വെയ്ക്കുക
താമസ്സിലാണ്ടുള്ള ബോധ മണ്ഡലം
വെളുത്ത സത്യത്തെ തിരിച്ചറിയുക
രാവണക്കോട്ട തകർക്കുവാനിനി
തിളയ്ക്കും കടലിന്റെ മേലെ പറക്കുക
തിരികെ നമ്മള്ക്ക് കൊണ്ട് വന്നിടാം
മണ്ണിനെ പിന്നെ മണ്ണിന്റെ മക്കളെ

പ്രണയ പ്പെരുമഴ




അകന്നു കഴിയുമ്പോൾ
അടുക്കാനെന്തു ദാഹം
എന്തെന്തു മോഹങ്ങൾ നാം
ഫോണിലൂടോതീടുന്നു
മണിക്കൂറുകളെത്ര പോയെന്ന-
തറിയാതെ
പെയ്തിറങ്ങുന്നു വാക്കിൻ
പ്രണയ പ്പെരുമഴ
അരികിലെത്തീടുമ്പോൾ
അണഞ്ഞു പോകുന്നെന്തേ
ജ്വലിച്ചു തപിച്ചു പടർന്നേറും
പ്രണയാഗ്നി
പ്രവഹിക്കാതുറച്ച ഹിമക്കട്ടകളായി
കണ്ണിതിൽ കഥ ക്കടൽ
ഒളിപ്പിക്കുന്നതെന്തേ
വാക്കുകൾ പുഷ്പ്പിക്കുമാ
ചുണ്ടിലെ ചോപ്പ് കണ്ടാൽ
അറിയാം അകത്തുള്ള
അടങ്ങാ,സ്നേഹോദ്യാനം
ഇതിനെ പ്രണയ,പ്പെരുമഴ-
യെന്നല്ലാതെ
എന്ത് പേര് ചൊല്ലീടും
ഇന്ന് നാം അല്ലേ സഖി  

കുത്തുവാക്ക്



അടുത്തൂണ്‍ പറ്റിയ
അപ്പൂപ്പനെ പ്പോലെ
മാറ്റി യിടെണ്ടതല്ല
അടുപ്പ്
ഇവിടുത്തെ മറ്റ് എടുപ്പു-
കളെക്കാൾ
തലയെടുപ്പുള്ള
നമ്മുടെ എടുപ്പിന്റെ അടുപ്പിനും
വേണമൊരു എടുപ്പ്
അടുപ്പിന്റെ അനൽച്ചപോലെ
നെഞ്ചെരിയുന്ന അപ്പൂപ്പനെ-
കൂസാതെ
കൊച്ചുമകൾ കുത്തു വാക്കുകൾ
കൊറിച്ചു  കൊണ്ടേയിരുന്നു 

പീഡനം


മാംസത്തോടാണിന്നേവർക്കു-
  മിഷ്ട്ടം
കിട്ടാനുണ്ടിന്നേറെ കിളുന്തിറച്ചികൾ
പല്ലും നഖവും കുത്തിയിറക്കി
എരിവുള്ള ഉടലിൽനിന്നുതന്നെ
തുടങ്ങുക
എല്ലുകൾ മൂപ്പില്ലാത്തതുകാരണം
വിരലുകൾ കടിച്ചു കൂട്ടാം
ഉപ്പിന്റെ ഈർപ്പമില്ലാത്ത കാലുകളും
കരളിലേക്ക് കടന്നാൽ
കലാപമില്ലാത്ത ചോരയാണ്
ഈമ്പി യീമ്പി കുടിക്കുക
ഹൃദയത്തെ ചെമ്പരത്തി പൂപ്പോലെ
കടിച്ചുതിന്നാം
സ്വപ്നങ്ങള്ക്ക് നിറം പകരാൻ
സുഷുമ്ന സുദ്ധൗഷധമാണ്
തീ പിടിച്ച നിന്റെ ചിന്തകൾക്ക്
മഞ്ജയും തലച്ചോറും അത്യുത്തമം
അസ്ഥികളാണ് നിന്റെ  അസ്ഥിവാരം
വലിച്ചെറിയാതെ വാരി വലിച്ചു തിന്നുക
കുടൽ മാലയണിഞ്ഞ് കരാള നൃത്തം -
ചവുട്ടുക
ഔദ്ധത്യ മൊട്ടുമില്ലാത്ത
ആ അടയാളമില്ലേ
പെണ്ണടയാളം  
ചാമ്പക്ക നിറമുള്ള ആ അടയാള മല്ലെ
മാംസത്തോടു നിന്നെ അടുപ്പിക്കുന്നത്
ചെകുത്താന്റെ സന്തതിയായ നിനക്ക്
അതിൽനിന്ന് ഇനി എന്താണ്
കിട്ടുവാനുള്ളത്.  

മാറ്റം




മുറ്റിത്തഴച്ചു വളർന്നു മാറ്റം
മുത്തശ്ശിയമ്മതൻകുറ്റിയറ്റു
മങ്കലം,ചട്ടിക,ളോട്ടു പാത്രം
ഓർമ്മയിൽ പോലുമേ യില്ല -
നാട്ടിൽ
ഒട്ടകത്തിൻ നാട്ടിൽ പോയി വന്നോർ
ഒട്ടല്ല മാറ്റങ്ങൾ കൊണ്ടു വന്നു
പടിഞ്ഞാറു പോയി പഠിച്ചു വന്നോർ
പഞ്ഞ മില്ലാത്ത പരിഷ്ക്കാരികൾ
തറികൾ തെറിയായി കരുതിയവർ
തറയോടെഎല്ലാം പറിച്ചെറിഞ്ഞു
ചേറിൽ പണിയുന്ന കർഷകരോ
പടിക്കു പുറത്ത് നിൽക്കെണ്ടവരായ്
പാടങ്ങളാകെ പടിഞ്ഞാട്ടയച്ച്
പട്ടിണി തന്നുടെ കെട്ടഴിച്ചു
പരിഷ്ക്കാര പ്രളയ മുയർന്നുയർന്ന്
കെട്ടിയ താലി കടത്തിൽ മുങ്ങി

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ മരണം



പ്രണയം പലപ്പോഴും
തുണി ഉരിയുന്നത് പോലെയാണ്
പുത്തനുടുപ്പിട്ട് സ്പ്രേയടിച്ച്
സുഗന്ധം പരത്തി
കുറച്ചു കഴിഞ്ഞ് വിയർത്തു മുഷിഞ്ഞ്  
ഊരിയെറിയുന്നതു പോലെ
എസ്. എം .എസ്സും ,മിസ് കോളും
ചൂടൻ വർത്തമാനങ്ങളും ഇടയിൽ
പ്രണയത്തെ പെരുവഴിയിൽ -
ഉപേക്ഷിക്കുന്നു
അവളുടെ ഓമന പ്പേരുകൾ
മൊബൈലിൽനിന്നു ഡിലീറ്റ് -
ചെയ്യപ്പെടുന്നു
അവിടെ പുതിയൊരു കെട്ടുപേര്
സ്ഥാനം പിടിക്കുന്നു
പിന്നെ കാണുമ്പോൾ ഉത്സവ പറമ്പിലെ
പരിചയം പോലും കാണിക്കുന്നില്ല
കാണാൻ കഴിയാത്ത വിദൂര നക്ഷത്രം പോലെ
ഒരു നിമിഷം ഓർക്കാൻ കൂടി ശ്രമിക്കുന്നില്ല
ഏതോ പെരു മഴയത്ത് ഒലിച്ചുപോയ ഒരു പേര്
ചില ഭ്രാന്തൻ ചിന്തകളെന്നു തല കുനിക്കുന്നു
ഏതോ കരിയിലയെന്നു തട്ടി ക്കുടഞ്ഞു
വേഗം നടന്നു മറയുന്നു
വൈദ്യുതി നിലച്ച സന്ദേശം മായുന്നതുപോലെ
മനസ്സിലെ മോണിട്ടറിൽ നിന്ന് എന്നേ മാഞ്ഞ്.......  

അതേ ഭാഷ



കന്നട അറിയാത്ത ഞാൻ
ബാംഗളൂരിൽ ചെന്നപ്പോൾ
ഞാൻ പറയുന്നതൊന്നും
അവർക്ക് മനസിലാകുന്നില്ല
അവർ പറയുന്നത് എനിക്കും
മിഴിയിലതെ ഭാവം
മൊഴിയിൽ മാത്രം മാറ്റം.
കെട്ടിടത്തിൻ മുകളിലിരുന്നു-
ഒരു കാക്ക കരയുന്നു
മലയാളത്തിന്റെ അതേ ഭാഷയിൽ
ഒരു പൂച്ചയും അതേ ഭാഷയിൽ-
മുട്ടിയുരുമ്മി എന്നോടു സംസാരിക്കുന്നു
മരത്തിലെ അണ്ണാനും
മന്ദമെത്തുന്ന  മാരുതനും.
ഇപ്പോഴെനിക്കറിയാം
മൊഴി മാറിയാലും
മനസ്സറിഞ്ഞാൽ മതി

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

കണ്ണട



കാണുവാൻ കഴിയാതെ യാണ്
കണ്ണട വെച്ചതു
കണ്ണട വെച്ചിട്ടും കാണുന്നില്ല
കണ്ണ് ഡോക്ടറെ കാണുവാൻ -
ചെന്നു
കണ്ണട മാറ്റി കണ്ണ് തുറന്നു വെയ്ക്കുവാൻ
കടലാസിൽ കുറിച്ചുതന്നു
ഗാന്ധാരി ചമഞ്ഞ്
കുരുക്ഷേത്രം സൃഷ്ട്ടിക്കരുതെന്ന്
ഒരു ഉപദേശവും

കവിത

കെട്ട കാലത്തിന്റെ ഇരയായിരുന്നു
പെണ്‍കുട്ടിയായ കവിത
അക്ഷരങ്ങളാണ് അടയാളം കാട്ടിയത്
വാക്കുകൾ പ്രണയാതുരമായിരുന്നു
മനം മയങ്ങി കൂട്ട് കൂടിയപ്പോഴാണ്
കാമാതുര മെന്നറിഞ്ഞത്
വരികൾ വെട്ടി മാറ്റപ്പെട്ട
വാസവദത്തയാണിന്നു കവിത   

2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഓണനാള്




തണ്ണീർ കുടിയൻ
തളിർത്ത ഒരുമയക്കത്തിൽ
വട്ടപ്പിരിയൻ  പൂപറിക്കാൻ
ഞാൻ കൊട്ടകയുമായി
കുന്നിറങ്ങിയോടി
കല്ലിൽ തട്ടിയ
കാലിന്റെ തള്ള വിരലിൽ
പൂത്തുവന്നു
ഒരു ചെക്കിപൂ
മയക്കം വിട്ടുണരുമ്പോൾ
മോണിട്ടറിൽ നിന്നു
മാടി വിളിക്കുന്നു
ഒരു കുടന്ന തുമ്പ പൂ   

ഇനി....!





തീവണ്ടിയിൽ കയറിയാൽ
ജനലരികിൽ തന്നെ യിരിക്കണം
മനസ്സില് മറന്നു വെച്ചുപോയ
വയലുകളും,കുന്നുകളും,വയൽ-
നടുവെയുള്ള വരമ്പുകളും
കണ്ടെടുക്ക പ്പെടാൻ
ചോദ്യ ചിഹ്നം പോലെ -
വളഞ്ഞിരിക്കുന്ന
കൊറ്റിയെ മറന്നു പോകരുതേ.
വലുതും,ചെറുതുമായ വീടുകൾ
മൈതാനങ്ങൾ,കന്നുകാലികൾ
തീവണ്ടി കളിക്കുന്ന കുട്ടികൾ
എത്ര വേഗമാണ് അരികിലേക്ക് വരികയും
അകന്നു പോവുകയും  ചെയ്യുന്നത്
ചേരപാമ്പിനെ പോലുള്ള
വളഞ്ഞു പുളഞ്ഞ റോഡുകൾ
ജീവിത രേഖയോന്നോർമ്മിപ്പിക്കുന്നു അല്ലെ?
പച്ചപരന്ന പറമ്പിലെ മഞ്ഞക്കുറിപ്പാത
കുഞ്ഞു നാളിലേക്ക്‌ വഴുതുന്നു അല്ലെ?
കളിമ്പം പറഞ്ഞു ഇരമ്പി പായുന്ന
വണ്ടിയായ് ജീവിതം എത്രകാലം പിന്നിട്ടു-
എന്നൊക്കെ നിങ്ങൾക്ക്
കാല്പ്പനികതകൾ കളിക്കാം.
ജന്നലിനരികിൽ തന്നെ
ഇരിപ്പിടം കിട്ടിയാലല്ലേ
അടർന്നു തൂങ്ങിയ വാതിലിനരികിൽ
തൂങ്ങി പിടിച്ചിരിക്കയല്ലേ
ഇതുവരെ
ഇനി.....?! 

ഗാന്ധിജിയെ അറിയാത്തവർ



വലിച്ചു കെട്ടിയ ബാനറിൽ
ഗാന്ധിജി ചമ്രം പടിഞ്ഞിരിക്കുന്നു
വെയിൽ ചുട്ടമണ്‍ കട്ടകൾ
പിന്നിട്ട് ഒരു വിദ്യാർഥി
വിയർത്ത് കുളിച്ചു വരുന്നു
വഴിയരികിലെ മാവിലിരുന്നു
രണ്ടു കാക്കകൾ സംസാരിക്കുന്നു
ഒന്നാമത്തെ കാക്ക പറഞ്ഞു:
പാരതന്ത്ര്യത്തിൽ നിന്നു
നമുക്കാകെ സ്വാതത്ര്യത്തിന്റെ
മുക്തിമാർഗംനേടി തന്നയാളാണ്
കത്തുന്നവെയിലിൽ ചിരിച്ചുകൊണ്ട്
ചമ്രം പടിഞ്ഞിരിക്കുന്നത്
അദ്ദേഹത്തെ ഈ തണലിലേക്ക്‌ -
ക്ഷണിച്ചാലോ?
രണ്ടാമത്തെ   കാക്ക പറഞ്ഞു:
സുഹൃത്തെ,താഴെ നില്ക്കുന്ന
ക്രൂധ ചിത്തനായ വിദ്യാർഥിയെ-
കണ്ടില്ലേ
ഇന്നത്തെപരീക്ഷയിൽ
ഗാന്ധിജിയെ കുറിച്ച്
ചോദ്യ മുണ്ടായെക്കാം
ഗാന്ധിജി വരുത്തി വെയ്ക്കുന്ന -
പ്രതിസന്ധിയെ ക്കുറിച്ചാണ്  
അവൻ ചിന്തിക്കുന്നത്
ഈ സമയത്ത് ഗാന്ധിജി കൂടി വന്നാൽ...?!
ഗാന്ധിജിയെ അറിയാത്ത ഖദർധാരിയെ
കണ്‍കോണിലൂടോന്നു നോക്കി
കാക്കകൾ രണ്ടും രണ്ടു ദിക്കിലെക്കായി -
പറന്നു പോയി  

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വഴിയരികിൽ



ഓണ മെത്തിയിട്ടും
എത്തിനോക്കാത്ത  പൂവുകൾ
അവനിൽ ഓർമ്മ പ്പെട്ടു
വേലി തലപ്പിലെ ഒറ്റ പൂവിന്റെ
ഏകാന്തതയെ ക്കുറിച്ച് ഓർത്തു-
 നിന്നു
അപ്പോൾ കാട്ടുവഴിയുടെ
അരികിലേക്ക് ഇറങ്ങി ചെന്ന്
വിളറിയ ചിരിയോടെ ആ പൂവ്
ഇത്തിരി സൗരഭം തെറിപ്പിച്ചു .
അതാകട്ടെ പരസ്പര ബന്ധ മില്ലാതെ
ഒറ്റയ്ക്ക് സംസാരിക്കുകയും
സ്വപ്നം കാണുകയു മാണെന്ന് -
അവനു തോന്നി
ഗാസ തെരുവ് പോലെ
സാന്ധ്യാകാശം ചുവന്നു
ഇസ്രായേൽ മിസൈൽ പോലൊരു -
കാക്ക
പടിഞ്ഞാട്ടേക്ക് പറന്നു
ഗുജറാത്തിലെ വൃക്ഷ ശാഖയിൽ
കെട്ടി ഞാത്തിയ പോലൊരു പെണ്‍ പൂവ്
കാട്ടു വള്ളിയിലാടുന്നു.
ഇപ്പോൾ;
ഉപേക്ഷിക്ക പ്പെട്ട  നിലയിൽ
പിച്ചി ചീന്ത പ്പെട്ട ഒരു കുഞ്ഞു പൂവ്
വഴിയരികിൽ    

കത്തുകൾ വംശനാശം നേരിടുമ്പോൾ




ചരിത്ര ത്തിലേക്ക്
നടന്നു പോകുന്നു
ഒരു കാലൻ കുട
ഓർമ്മകളും സ്വപ്നങ്ങളും
നിറഞ്ഞു കവിഞ്ഞ
ഒരു ക്യാൻവാസ് ബാഗ്
ഹൃദയത്ത ലക്കോടിലാക്കി
കഞ്ഞി പശയൊട്ടിച്ച
ഒരു ചങ്ങമ്പുഴക്കാലമുണ്ടായിരുന്നു
ഇന്ന്,രമണനും,ചന്ദ്രികയും,
ശകുന്തളയും, ദുഷ്യന്തനുമൊന്നുമില്ല
കൂലം കുത്തിയൊഴുകാൻ
കത്തെന്ന കടലാസ് തോണിയേറ്റുന്ന
അനുരാഗ നദി യൊഴുകും
ക്യാമ്പസുകളില്ല
ഇടപ്പള്ളി കവികളുടെ
വിഷാദ കാമുകരില്ല
കത്തുകളെല്ലാം കുത്തും,
കോമയുമാകുമ്പോൾ
എസ്, എം,എസും ,ഇ മെയ്ലും-  
ചാറ്റിങ്ങുമായി ചുറ്റി തിരിയുന്നു 

കർക്കിടക വാവ്



കെട്ടണഞ്ഞ,ടുപ്പിനരികിൽ
കണ്ണീരണിഞവൻ നില്ക്കുന്നു
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾ ചോറു ണങ്ങി ക്കിടക്കുന്നു
ദുഖത്തിൻ കാക്ക ക്കാലുകൾ
തട്ടി മറിച്ചു എള്ളും പൂവും
ഇന്ന് കർക്കിടക വാവ്
അമ്മേ....മാപ്പ്.
ബലികാക്ക മുരിക്കിലിരുന്നു
പറയുന്നത് എന്താണാവോ?
വേണ്ട,ബലി വേണ്ട
അമ്മതൻ നിത്യ ബലിനീ,യാകുംപോൾ
എന്നാകുമോ?
വിറയ്ക്കുന്ന കൈകളിൽ,
തുടിക്കുന്ന നെഞ്ചിൽ,
കണ്ണുനീരുപ്പിൽ,-
അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്നു
അവനും നിനപ്പൂ
     

അമ്മ മനസ്സ്



കുത്തിതറക്കുന്ന ചോദ്യാവലി
അയാളുടെ കണ്ണിൽ ഉയിർ കൊള്ളുന്നു
മറവിയുടെ ഒരു കൈത്തലം അവൾ തന്റെ
തലയിൽ സമർപ്പിക്കുന്നു
അവൾ ഇടം വലം നോക്കാതെ
നിഷ് പ്രയാസം റോഡു  മുറിച്ചു കടക്കുന്നു
ഒരു ബൈക്ക് അവളുടെ സാരിത്തുമ്പിൽ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്നു പോയി
അമ്പല നടയിൽ അവളിലെ അമ്മ
നീരുറവയായ് ഉത്ഭവിച്ച്
പുഴയായ് ഒഴുകുന്നു
ബാക്കിയായ ദുഃഖം ഘനീ ഭൂതമാവുന്നു
ചുമർ ചിത്രത്തിലെ ഉണ്ണി
അവളെ നോക്കി പുഞ്ചിരിക്കുന്നു
കരിങ്കൽ മുലകൾ അവനുവേണ്ടി
പാൽ ചുരത്തുന്നു
അറിയാതൊരു നനവ്‌
അവളുടെബ്ലൌസിൽ ഒറ്റ ഉറുപ്പിക
വട്ടത്തിൽ  പടരുന്നു 

സന്ധ്യ




ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്ന
ആകാശത്ത്
വെയിലിന്റെ വടി ഒടിഞ്ഞു തൂങ്ങി
നില്ക്കുന്നു
മേഘ കുന്നുകൾ അവിടവിടെ
ഉയർന്നു നില്ക്കുന്നു
കുന്നിന്റെ പള്ളയിൽ ഒരാട്
പുറമുരച്ചു ചൊറിയുന്നു
പാൽക്കുട മേന്തിയ കാർമുകിൽ -
പെണ്ണ്
പടിഞ്ഞാട്ടേക്ക് നീങ്ങുന്നു
ഇപ്പോൾ,പതിറ്റടിച്ചെടിയുടെ
മൊട്ടുകൾ പോലെ
കണ്‍ തുറക്കുന്ന  നക്ഷത്രങ്ങൾ
മെല്ലെ മെല്ലെ ഓട്ടു വിളക്കിലെ
തീനാമ്പു പോലെ പ്രകാശിച്ചു
നിശ ചിത്രശാലയിൽ പെയ്ന്റിങ്ങുകൾ
തൂക്കിയിട്ടു തുടങ്ങി

ഹാവൂ........!



പാതിരയായ്കാണും നേരം
പിടഞെണീറ്റു വന്ന്
മുട്ടിവിളിക്കുന്നു ഒരു കവിത
ഇരുട്ടിനെ പുതച്ച് ചുരുണ്ടുകൂടി
കൂർക്കം വലിക്കുന്നു അവൾ
നരച്ച നിലാവ് മിഴിച്ചു നില്ക്കുന്നു -
പുറത്ത്
ഇറയരികിൽ ഇറങ്ങിയെത്തി
നഖം കടിച്ചും വിരൽ ഞൊട്ട
പൊട്ടിച്ചും നില്ക്കുന്ന
ഇരുട്ടിന്റെ കണ്ണ് നനഞ്ഞിരിക്കുന്നു
പറങ്കി മാവിൻ കാട്ടിലൂടെ
കുന്നു കയറിപോകുന്നു
ഒരു ഒറ്റയടിപ്പാത
ഭാരം പേറി തളർന്ന് ഹാവൂയെന്നു
ഇറക്കി വെച്ചപൊലെയായി
ഇപ്പോൾ മനസ്സ്  

ക്ഷമ



മരമായ്‌ വളരണം
മഴയും വെയ്ലുമേറ്റ്
പായൽ പച്ച പടരണം
ചിതൽ തിന്ന കാലിൽ
വിരൽ തുമ്പത്ത് നാമ്പിടണം
രോമങ്ങൾ വേരുകളായ്‌
പിണഞ്ഞങ്ങനെ വളരണം
കൈകൾതൻ ശിഖരത്തിൽ
വിരൽ ചില്ലകൾ കിളിർക്കണം
വസന്തത്തിൽ പൂക്കണം
കിളിക്കൂട്കൂട്ടണം
ഭൂമിയോളം ക്ഷമിക്കണം
ഭൂമിയിൽ ജീവിക്കാൻ 

2014, ജൂലൈ 12, ശനിയാഴ്‌ച

ഉപമയില്ലാതെ



ഒറ്റ ത്തടിയായ
പീറ്റതെങ്ങിനോടാണ്
നാണിയേച്ചിയെ ഉപമിക്കാറ്
ആണിന്റെ ശഊര്യമാണ്
ആണായി പിറക്കേണ്ടതാണെന്ന്
ആളുകൾ പറയും
നാണിയേച്ചി ഒരു നാട് തന്നെയാണ്
നാലാള് കൂടിയാൽ ഒന്ന്
നാണി യേച്ചി യായിരിക്കും
എഴുത്തും,വായനയും അറിയില്ലെങ്കിലും
വായന ശാലയിൽ,കലാസമിതിയിൽ
കളിക്കളങ്ങളിൽ,ഉത്സവ പറമ്പുകളിൽ
തെയ്യ കാവുകളിൽ,കുടുംബ വഴക്കുകൾ,-
അടി പിടി ഒത്തു തീർപ്പ്
മരണം,കല്ല്യാണം,തിരണ്ടുകുളി
പൊതു സമ്മേളനം,പന്തം കൊളുത്തി-
പ്രകടനം,സ്ക്വാഡ് വർക്ക്.
മറ്റാരെയും പോലെ തട്ടാനും -
മുട്ടാനും തക്കം പാർത്തു വരുന്നവന്റെ
തൊലി യുരിക്കും നാണ്യെച്ചി
ഇങ്ങനെ  യൊക്കെയായിട്ടും
ഒരുനാൾ   നാണി യേച്ചിയെ
കാണാനില്ല
നാളിതുവരെ തിരിച്ചു വന്നിട്ടില്ല
എവിടെ യായിരിക്കും മറന്നു-
വെച്ചിട്ടുണ്ടാവുക
നാണിയേച്ചി ,നാണിയേച്ചിയെ  

വിക്ക്



ഒറ്റ വീർപ്പിനു
അവൾ ഒരുകൂട്ടം കാര്യങ്ങൾ പറയും
നിർത്തി നിർത്തി ഓരോന്നായ്
പറയൂ എന്ന് ഞാൻ
പറയുമ്പോൾ
മുഖം വീർപ്പിച്ച് കൈ വിരൽ ഞൊട്ട
 പൊട്ടിച്ച് തിരിഞ്ഞു നില്ക്കും
അവള്ക്കറിയാം ഞാൻ കളിയാക്കുകയാണെന്നു
നീ ഇ. എം .എസിനെ അറിയില്ലേ എന്ന്
ഞാൻ മുൻപേ നടക്കും
അവൾ പിറകേയും  

ഇപ്പോഴും



ഇപ്പോഴും ഉണ്ടായിരിക്കുമോ
അവിടെ തന്നെ
അത്തിമരത്തിന്റെ, ആകാശത്തിൽ
ശാഖകൾ വിടര്ത്തിയുള്ള ആ വിലസ്സൽ
കൊഴിഞ്ഞ ഇലകളും പൂക്കളും
കാക്കകൾ കാഷ്ടിച്ച  പുള്ളി കുത്തുകൾ
ഊടു വഴികൾ,ഉടഞ്ഞു  ചിതറിയ
അമ്പല ക്കെട്ടുകൾ
എണ്ണച്ചായത്തിൽ  വരച്ചു വെച്ചതു പോലുള്ള
തടാകം
മഞ്ഞിൻ  കണവും  മിനുപ്പും തണുപ്പും
മാംസ പുളപ്പുള്ള മുലകൾ പോലുള്ള മലകൾ
മയ്യെഴുതി മാഞ്ഞ മിഴി പോലുള്ള മേഘം
തെരുവ് വേശ്യയെപ്പോലെ മുറുക്കി ചുവന്ന
ചുണ്ടുള്ള സന്ധ്യ
പീഡനമേറ്റ കുഞ്ഞുങ്ങൾ,അമ്മമാർ,വൃദ്ധകൾ
ഉത്തരം കിട്ടാത്ത ഉത്തർ പ്രദേശുകൾ
നില കൊള്ളുന്നുണ്ട് ഇപ്പോഴും
പീഡ നത്തിന്റെ ബാക്കി പത്രമായ്‌
ആകാശ ശാഖയിൽ കെട്ടി ഞാത്തിയ
പെണ്‍ ശ രീരങ്ങൾ 

2014, ജൂലൈ 11, വെള്ളിയാഴ്‌ച

തിരിച്ചറിവ്



ഇന്നലെ പെരു വഴിയിൽ വെച്ച്
കണ്ടപ്പോൾ
തിരിച്ചറിഞ്ഞിരി ക്കുമോ
തുടുത്ത കവിളും ,കറുത്ത കണ്ണുമുള്ള
കുഞ്ഞു പാവാടക്കാരിയെന്നു
മനസ്സിൽ പറഞ്ഞിരിക്കുമോ?.
വേനൽ തുമ്പിയെപിടിച്ചു
തന്നിട്ടില്ല
തണ്ണീർ കുടിയാൻ പറിച്ചു തന്നിട്ടില്ല
കാത്തു  നിൽക്കാറുണ്ട് എന്നും
തിക്ക് മുട്ടുന്ന മനസ്സുമായ് -
എന്തൊക്കെയോ കഥ പറയുന്ന കണ്ണുകൾ!
ആവിണ്‌ക്കിൻ കറ പുല്ലിൻ തണ്ടിലൂ ടെ -
വലിച്ച്
കുമിളകൾ പറത്തി നടക്കുമ്പോൾ  
കാലു തെറ്റി കുളത്തിൽ വീണപ്പോൾ
പിടിച്ചു കയറ്റിയത് ആ കണ്ണുകൾ
കഴുക കണ്ണുകളിൽ നിന്ന് കാത്തു
സൂക്ഷിച്ചതും
കൊണ്ട് നടന്നതും ആ കണ്ണുകൾ
ആശിച്ച,യാൾക്ക് കൈ പിടിച്ചു കൊടുക്കുമ്പോൾ
അനാഥാലയത്തിലെ ആമിന ടീച്ചർ
ആദ്യമായി കാതിൽ പറഞ്ഞു
അത് അച്ഛനാണെന്ന് !
അച്ഛാഎന്ന് ഇതുവരെ ഞാൻ വിളിച്ചിട്ടില്ല
ഇനിയെനിക്ക് അച്ഛാ എന്ന് വിളിക്കുവാൻ -
കഴിയുമോ?
മക്കളു മൊന്നിച്ച് ഞാനീ വഴിയെ പോകുമ്പോൾ
പെരു വഴിയിൽ വെച്ച് കണ്ടപ്പോൾ
തിരി ച്ചറിഞ്ഞിരിക്കുമൊ ?

എന്നിലേക്ക്‌ തന്നെ



നെടുംപാതകൾ വിട്ട്
ഇട വഴികളിലൂടെ വേണം
രാവിലെ   നടക്കുവാൻ
ഇരു വശ ങ്ങളിലു മുള്ള
കുഞ്ഞു കുഞ്ഞു വീടുകൾ കണ്ടില്ലേ
കുസൃതിയുടെ നാളുകളിലേക്ക്
കൂട്ടിക്കൊണ്ട് പോകും അവ നമ്മെ
കറുക നാമ്പിന്റെ കുഞ്ഞു വരമ്പിലൂടെ
ചെരുപ്പിടാതെ  നടക്കണം
ഇങ്ങനെ യൊക്കെയല്ലെ
ഭൂമിയു മായുള്ള ബന്ധം പുതുക്കുവാൻ
പറ്റൂ  
തളിരിലകൾ തലയാട്ടി തൊട്ടു തൊട്ടു
വിളിക്കും
തൊട്ടാവാടികൾ നാണിച്ച് തല
കുനിച്ചിരിക്കും
ശുദ്ധ വായു ശ്വസിക്കാൻ അല്പ്പം
ബുദ്ധി മുട്ട് കാണും  
മലിന വായുവല്ലേ നമുക്ക് പഥ്യം
ചൂടപ്പത്തിന്റെ പരിമളം പരക്കും
ചുറ്റും
നൊട്ടി  നുണഞ്ഞു പോകും കഴിഞ്ഞ
കാലത്തെ അപ്പോൾ
അലിഞ്ഞലിഞ്ഞു  പോകും  അപ്പോൾ
കൊളസ്ട്രോളും ,പുത്തൻ രോഗങ്ങളും
ഇങ്ങനെ നടന്ന് നടന്ന് കയറി യാണല്ലോ
നമ്മൾ
നാട്ടിൻ പുറങ്ങളെ ആട്ടിപായിച്ചതു
അന്ന് ഓർത്തി ട്ടുണ്ടാകുമോ  
ഒരിക്കൽ ഞാൻ എന്നിലേക്ക്‌ തന്നെ
തിരിച്ച് നടക്കുമെന്ന്  

അറിഞ്ഞിരിക്കുമോ



ഓർക്കുന്നില്ലേ
ഇന്നലെ യെന്ന പോലെ
നമ്മുടെ ഓരോ യാത്രകൾ
അവാർഡു വാങ്ങിക്കുവാൻ
ഏറ്റുമാനൂരിൽ പോയത്
തീവണ്ടി യെന്ന വലിയ ലോകത്തിലെ
പല,പലരാജ്യങ്ങളിലൂടെനടന്നത്
മുട്ടി മുട്ടിയിരിക്കുമ്പം
തൊട്ടു തൊട്ട് ഇരിക്കുന്നത് പോലുള്ള
വണ്ടിയുടെ ഓളപ്പെടലുകൾ
പട്ടണത്തിലെ പാതയോര കാഴ്ച്ചയെ
ക്കുറിച്ചുള്ള
നിന്റെ   വമ്പത്തരങ്ങൾ  
കടല് കാണാൻ പോയപ്പോൾ
കയറി വരുന്ന കടലിനെ കണ്ട്
അമ്പമ്പോ എന്ന് അത്ഭുതം കൂറിയത്
കുപ്പകൂനയിൽ കിളിർത്തുവരുന്നഒരു
കേര(ള)ത്തെ ക്കുറിച്ച് നീ പറഞ്ഞ
മരിച്ചാലും മറക്കാത്ത ആ തമാശ .
കൂട്ട  ബലാത്സംഗ ത്തിന്റെ വാർത്ത-
വായിക്കുമ്പോൾ
ബലാത്സംഗം ചെയ്യുന്ന
കണ്ണുകൾക്ക്‌ മുന്നിൽ നിന്ന്
എന്നെ വലിച്ചുകൊണ്ട് ഓടിപ്പോയത്
നഗരങ്ങളിലെ തിക്കിലും,തിരക്കിലും ,-
ചിരിയിലും,സൌഹൃദത്തിലുമെല്ലാം
ഒളിഞ്ഞിരിക്കുന്ന കെണിയെ
തൊട്ടു തൊട്ടറിഞ്ഞത്
എങ്കിലും,
ഞാൻ നിന്നെ അറിഞ്ഞ പോലെ
നീ എന്നെ അറിഞ്ഞ പോലെ
അറിഞ്ഞിരിക്കുമോ നമ്മളെ
ഏതെങ്കിലും ഒരു നാടോ ,-
നഗരമോ?

പിന്നെ എങ്ങിനെയൊക്കെയാണ്



പോകണം നമുക്ക്
കണിക്കൊന്നപോലെ
മേഘങ്ങൾ പൂത്തുനില്ക്കുന്ന
നിറഞ്ഞ നിലാവുള്ള ഒരു രാത്രിയിൽ
പൂർണ്ണ നഗ്നരായി
ഹൃദയത്തോടു ഹൃദയം ചേർത്ത് വെച്ച്
നിലാവിന്റെ ചെതുമ്പലുകളണിഞ്ഞ്
ചെകിള പ്പൂക്കൾ വിടർത്തി ചും ബിച്ചു കൊണ്ട്
ചത്തടിഞ്ഞൊരു നീല തിമിംഗലം -
പോലുള്ള
കരയിൽനിന്നു.
മീൻ തോണികൾ തലചായ്ച്ചുറങ്ങുന്ന
നിഴലുകളുടെ
തിരശീല വകഞ്ഞു മാറ്റി
വായുവിന്റെ കടലിൽ നിന്ന്
മീനിന്റെ ജന്മ ജലത്തിലൂടെ
മീൻ പാതയിലൂടെ
കടലിന്റെ ഗർഭ പാത്രത്തിൽ
കെട്ടിപ്പിടിച്ച് ,ഒട്ടിച്ചേർന്ന്
ഒരിക്കലും പിരിയാത്ത ഇണകളായി
പുതു പുലരിയിൽ പുനർ ജനിക്കാൻ.
ഇങ്ങനെയൊക്കെ യല്ലാതെ
പിന്നെ എങ്ങിനെയൊക്കെയാണ്
നീയില്ലാത്ത രാത്രിയിൽ
നിന്റെ ഓർമ്മകളെ
എന്നിലുണർ ത്തേ ണ്ടത്  

ബോംബ്‌ സ്ഫോടനം ഒരു ചിത്ര പ്രദർശനമാകുമ്പോൾ



തിരക്ക് കൂടുതലാണിന്നു
ചിത്ര പ്രദർശന ഹാളിൽ
ചാരി വെച്ചിട്ടുണ്ട് ചുമരിൽ
കുറേ ജീവിതങ്ങളെ,വലിയ-
പട്ടണങ്ങളെ,ഗ്രാമങ്ങളെ,-
മഴകളെ,പുഴകളെ,വഴികളെ
വാൻഗോഗിനെ,പിക്കാസോയെ,-
ഹുസൈനെ
ചിലമ്പിച്ച ശബ്ദങ്ങളെ,നിശ്ശബ്ദ-
യുടെ താഴ് വരകളെ
ബോംബ്‌ പൊട്ടിയ തെരുവിന്റെ -
ചിത്രം കണ്ട്
എല്ലാവരും സതംഭിച്ച് നില്ക്കുന്നു
വരഞ്ഞതാണെന്ന് തോന്നുകയേ യില്ല
പുറപ്പെടാനെന്ന പോലെയുള്ള യിരിപ്പിൽ
കരിഞ്ഞു പോയിരിക്കുന്നു ഓട്ടോയിൽ ഡ്രൈവർ
കളിപ്പാട്ടക്കടയിൽ കരിഞ്ഞ കളിപ്പാട്ടം പോൽ
ഒരാൾ കൌണ്ടറിൽ
ഇരുമ്പുരുകുന്ന മണമെങ്ങും,രക്തത്തിന്റെ
രൂക്ഷ ഗന്ധം തുളഞ്ഞു കയറുന്നു
കത്തിവീണു ഒരുപച്ചമരം അവരുടെ മുൻപിൽ
ഒരു മിന്നൽ,ഒരു മുഴക്കംകൂട്ട ക്കരച്ചിലുകൾ
പരക്കം പാച്ചിലുകൾ സൈറണ്‍,പോലീസ്,
ആംബുലൻസ്‌
ഇപ്പോൾ ടൌണ്‍ഹാളിന്റെഅവശിഷ്ട്ടങ്ങളിൽ
പരതുകയാണ് യന്ത്ര കൈകൾ
ചിത്ര പ്പെടുമായിരിക്കും ഉടൻ തന്നെ
ഒരുകുന്നു ശവങ്ങൾ
വരുമായിരിക്കും കരിഞ്ഞു പോയ
ഓട്ടോറിക്ഷയിലെ
ഡ്രൈവറെ തിരഞ്ഞ് ബന്ധുക്കളും

രക്ത സാക്ഷികളുടെ പറുദീസ

  
അതിരിട്ട വഴിയുടെ
എതിർ വഴി ചെല്ലുമ്പോൾ
നക്ഷത്ര പ്പെടും
കൊടിമര,മടയാളം
കാത്തിരിപ്പുണ്ടാകും
കൊല്ലപ്പെട്ടവന്റെ വർത്തമാനം
നാക്കിന്റെ നട വരമ്പത്തൂടെ
വാക്കിന്റെ വക്കത്തൂ ടെ 
നോക്കിന്റെ മുനയൊടിയാതെ
നടക്കുമ്പോൾ
ജാഗ്രത പ്പെടണം ചേതന
നടപ്പുണ്ടാകും ഭഗത്സിംഗ്,ചെഗുവേര
മോഹത്തിന്റെ കൊമ്പിലെ 
മാങ്കനി നോക്കരുത്
ചീറി യെത്തീടുന്ന
തീയുണ്ട കാണരുത്
ചീറ്റുന്ന ചോരയെ ചിരിയാൽ
മറികടന്ന്
നടന്നെത്തുവാൻ കഴിയുമോ 
നിങ്ങൾക്ക്
രക്ത സാക്ഷികളുടെ പറുദീസയിൽ

2014, ജൂലൈ 5, ശനിയാഴ്‌ച

മൃഗാധിപത്യം



കാടില്ലാതായപ്പോൾ
മൃഗങ്ങൾ  മാറ്റങ്ങൾ
സാധ്യ മാക്കി
ഇപ്പോൾ നാട്ടിലെങ്ങും
മൃഗാധി പത്യം
അമ്മ,പെങ്ങൾ,മകൾ-
 എന്നൊന്നുമില്ല.
ആർക്കും എപ്പോഴും എന്തു മാകാം
മൃഗ രാജാൻ നാടൊഴിഞ്ഞ തോടു-
കൂടി
കോടതിയു മില്ലാതായി
മാൻ,മുയൽ,എന്നിവയ്ക്ക് ശാരീരിക
ബലം കുറവായതിനാൽ
വിശപ്പില്ലാതവനും  ഒന്ന് രുചിച്ച്
നോക്കാമെന്നായി
എങ്കിലും അവരും സ്ഥാന -
മു റപ്പിക്കുന്നുണ്ട്
ഭരണത്തിൽ
സമർത്ഥമായ വില -
പേശലിലൂടെ

കോളേജിൽ നിന്ന് കോളേജു ക്യാംപസിലേക്ക്



കോളേജിൽ ഞാൻ കുറേയൊന്നും
പഠിച്ചിട്ടില്ല
ഏറിയാലൊരു ആറുമാസം
കാറ്റും,പിശറു മേല്ക്കാതിരിക്കാൻ
കയറി നിന്നുവെന്നു വേണമെങ്കിൽ
വിശേഷിപ്പിക്കാം
അന്നു മിന്നുമെനിക്കു 
കോളേജിലൊരു മേൽ വിലാസമുണ്ട് 
അന്നു ക്ലാസിൽ ഇന്ന് ഓഫീസിൽ
ക്ലാസിലെ കല പില കളിൽ നിന്ന്
ഏണിച്ചുവട്ടിലെ   പുറപ്പെട്ടുപോയ
ചുംബന സീല്ക്കാരത്തിലേറി 
ഞാൻ പഴയ ക്യാംപസിലേക്ക് പോയി
പൂത്ത പൂവരശിൻ കീഴിലെ
പൂക്കാത്ത കൊമ്പിനെ
ചുംബിച്ചു,ചുംബിച്ചു പുഷ്പ്പങ്ങളാക്കുന്ന
കൌമാരങ്ങൾ ക്കിടയിലൂടെ
കണ്ടില്ലെന്നു കണ്ണിനോടു പറഞ്ഞ്
വിജ്രംഭിത വികാരങ്ങളെ തടഞ്ഞ്
കനത്ത നാണത്താൽ കുനിഞ്ഞ
ശിരസുമായി
ആഗ്രഹങ്ങളെ അടക്കി പ്പിടിച്ചു 
അകവാതിലടച്ചു കുറ്റിയിടുന്നു
ഓളം വെട്ടിയ  ആഗ്രഹം
അഴിമുഖത്ത് ചെന്നടിച്ച്
പൊട്ടിച്ചിതറി-
പ്രഭാതത്തിലേക്ക് മിഴി നീട്ടുമ്പോൾ
ബെല്ലടിച്ചില്ലെന്നു മാഷ്‌ വന്ന്
എന്നെ കോളെജിലേക്ക് 
കൂട്ടി ക്കൊണ്ട് പോകുന്നു

2014, ജൂൺ 7, ശനിയാഴ്‌ച

എത്ര കാലമെന്ന്



ഒറ്റ ക്കല്ലിൽ കൊത്തിയെടുത്ത
ശരീരമേ
നിന്റെ ജീവിത ചത്വരങ്ങളിൽ
കേൾക്കുന്നത്
ബഹു സ്വരതയുടെ സംഗീത മാണെന്ന്
തിരിച്ചറിയാൻ
മോഹത്തിന്റെ മൂടുപടം പറി ച്ചെറിയണം
ഉച്ചിയിൽ ചവുട്ടി നിൽക്കുന്ന
വേനലിന്റെ തീനാമ്പുകളിൽ
നിന്നുവേവണം
കർക്കിടക കാറ്റിന്റെ വിശപ്പിനേയും
സുനാമി തിരയിലെ കടൽ കാക്കയുടെ
ഉപ്പു മണവും അറിയണം
കാറ്റിന്റെ കൈ പിടി ച്ചെത്തുന്ന
മഴനീർ ചുഴികളിലലിയണം
ഉളിച്ചാലുകൾ പോലുള്ള നിന്റെ
നെറ്റിതടത്തിലെസംശയരേഖയെ
സമ്പത്തിന്റെ ഗുണനത്തിൽ നിന്ന്
സാധാരണക്കാരനിലെ വ്യവകലന-
ത്തിലേക്കെത്തണം
ഒറ്റക്കല്ലിൽ കൊത്തി എടുത്ത ശരീരമേ
നിന്റെ ജീവിതം എത്ര കാലമെന്ന്
നീ തന്നെ നിന്നോടു ചോദിച്ചു കൊണ്ടേ -
യിരിക്കണം

മാവിനോട്



മാവിനോടു മകൾ പറഞ്ഞു:
മാവേ,മാവേ എന്റെ മോഹം പോലെ
വളർന്നവൾ നീ
ഞാൻ പിച്ച വെച്ചപ്പോൾ
നീ പച്ച വിരിച്ചു
ഞാൻ വളർന്നു വരുമ്പോൾ
നീ തണൽ വിരിച്ചു
കന്യകയാം ഞാൻ കാത്തിരിക്കുമ്പോൾ
നീ തളിരിട്ടു
നീ മലരിട്ടു
നീ കായിട്ടു
മുറ്റമെന്നുമടിച്ചുവാരുന്നവൾ ഞാൻ
നീ പൊഴിചിടുംപൂന്തുകിലാ മിലകൾ
വാരി വൃത്തിയക്കുന്നവൾ   ഞാൻ
എന്നിട്ടും നീ എന്ത് പണിയാണിന്നു-
കാണിച്ചത്
ഈ ഇടവമാസ പുലരിയിൽ
ഉരിഞ്ഞിട്ടും ഉരിഞ്ഞിട്ടും തീരാത്ത
നിന്റെ ഉടയാടകൾ
മുറ്റമാകെ വിതറിയിട്ട് എന്നെ
ശു ണ്ഠി പിടിപ്പിച്ച്
ദുശശാസനായെന്നു വിളിക്കയാണോ
കൃഷ്ണേ നിന്റെ കൃഷ്ണൻ ഏത്
കൊമ്പിലാണ് മറഞ്ഞിരിക്കുന്നത്

കവിത്വം




കവിത എഴുതിയിട്ട്
കാല മെത്രയായി
ഞാനൊരു കവിത എഴുതി
എഴുതി കഴിഞ്ഞപ്പോൾ
ഒരു കല്ല്‌ കടി
കഷായം കുടിച്ച പ്രതീതി
കരളിൽ കര കാണാതെ
കടലിലലയുന്ന ഒരു കപ്പൽ.
കുറിച്ചിട്ടവ
കീറിക്കളഞ്ഞു
വീണ്ടു മെഴുതി
വെട്ടിയും,തിരുത്തിയും
തിരുത്തിയും,വെട്ടിയും
എന്നിട്ടും ഒരു വെട്ടവും,-
വെളിവുമില്ലായ്മ.
ഒരിക്കലും ആവിഷ്ക്കരിക്കാൻ
കഴിയില്ല
കവിത്വ മില്ലാതവന്
കവിതയെന്നു
കരളിടുക്കിൽ
ഒരു കപ്പൽ പൊട്ടിച്ചിതറി 

അപ്പനും ഞാനും എന്റെ മക്കളും


അപ്പനും മൂരികളും
ഒപ്പത്തിനൊപ്പം നടന്ന്
കളം വരയ്ക്കാറുണ്ട് കണ്ടത്തിൽ
ഒന്നിന് മുകളിൽ ഒന്ന് അതിനു മുകളിൽ
മറ്റൊന്ന്
ഓരോ ദീർഘ വൃത്തത്തിനും
ഒന്ന്,രണ്ടു,മൂന്നു എണ്ണിക്കൊണ്ട്
കളിയുടെ കല്ല്‌ വെയ്ക്കും ഞാൻ
വരമ്പിൽ.
തോക്കുറ്റി നാട്ടി കമ്മ്യൂണിസ്റ്റ് പച്ചയും
മരുതിൻ ഇലകളും തറിച്ച് കൂട്ടും ഞാൻ-
സ്കൂളിൽ പോകാനുള്ള മോഹത്തെ.
ചാണക പ്പൊടിയും,വെണ്ണീരും ചേർത്ത്
വാരിത്തൂവും സ്കൂൾ പറമ്പിലെ കുട്ടി കളികളെ.
കണ്ടപ്പുല്ല് കടിക്കാനുള്ള മൂരിയു ടെ മോഹത്തെ
മൂടും ഒരു മൂക്കുകൊട്ട.
പഠിക്കുവാനുള്ള എന്റെ മോഹത്തെ
വിശപ്പിന്റെ കൊട്ടയും.
വെയിൽ തിളയ്ക്കുന്ന നേരങ്ങളിൽ
അപ്പന്റെ പപ്പട വട്ട കഷണ്ടി കണ്ടാൽ
ഉച്ച സൂര്യനെ ഓർമ്മവരും
അപ്പനും അപ്പന്റെ കാലവും ഇന്നില്ല
ബാക്കിയാക്കിയ വെയിൽ ച്ചൂടിൽ
ഇന്നും പോകാറുണ്ട് ഞാൻ
ഓർമ്മകളിലെ അപ്പന്റെ ഒപ്പരം
അപ്പന്റെ കഥ കേട്ടാൽ കുട്ടികൾ
കളിയാക്കലും കൂട്ടച്ചിരിയുമാണ്
എന്റെ ഒപ്പരം വരാൻ കുട്ടികൾക്ക്
ഒട്ടും സമയമില്ല 

2014, ജൂൺ 6, വെള്ളിയാഴ്‌ച

മിഴി പ്പെയ്ത്ത്


  അന്നും പ്രഭാതത്തിൽ എന്നുമെന്നതു പോലെ
മഴക്കൂട്ടുമായ് ച്ചേർന്നവൻ നടന്നു
വഴിക്കണ്ണിനോരത്ത് വയൽ വരമ്പത്തൂടെ
കുന്നുംപുറം കേറി മറഞ്ഞു പോയി
കള്ളി ക്കുപ്പായവും പുള്ളി ക്കുടയുമായ്‌
പള്ളിക്കൂടത്തിലവനണഞ്ഞു
നാലുമണി വീണുടഞ്ഞുള്ള നേരത്ത്
ചങ്ങാതിമാർ നാല് പേരവർ നാൽ വഴി
യാത്ര പറഞ്ഞു പിരിഞ്ഞു പോയി
കണ്ടവർ കേട്ടവർ കേമത്തരം ചൊല്കെ
കഥ യറിയാതമ്മമിഴിച്ചു നിന്നു.
പിന്നെ യിന്നോളമാ മിഴിവെട്ടം കണ്ടില്ല
കേട്ടതില്ലാ കുഞ്ഞു പാദ ചെത്തം
മൊഴി മുത്തു വീണു ചിലമ്പിച്ചതില്ല
മഴ(മിഴി)പിന്നെ യിന്നോളം തോർന്നതില്ല
അപ്പടി ക്കെട്ടിലിരിക്കും മരപ്പാവ, പോൽ-
മിഴി നീട്ടിയാ അമ്മയെന്നും
ചിന്തകൾ ചിക്കെന്നുണരുന്ന നേരത്ത്
ചീന്തും മുള പോലെയാ  മഴ പ്പെയ്ത്ത്
ഇന്നും പടിപ്പുര നിന്നൊരാ സ്ഥാനത്ത്
എത്തുമ്പോൾ ഞാൻ കേൾക്കും മഴപ്പെയ്ത്ത്
അറിയാതടരും മിഴിപ്പെയ്ത്ത്  

2014, ജൂൺ 4, ബുധനാഴ്‌ച

ആളെ അറിയാതെ അയവെട്ടുന്ന രാഷ്ട്രീയം



ആലിക്കയുടെആട് തടിച്ചു കൊഴുത്തു.
നാട്ടിൽ രാഷ്ട്രീയ കയ്യാങ്കളി
മുഷ്ട്ടി ചുരുട്ടി കട്ടായം വെല്ലുവിളി
പോസ്റ്ററു കീറിയതിന് ഇരു പാർട്ടി ക്കാരും
പരസ്പരം കടിച്ചു കീറി
പുതിയ പോസ്റ്റർ ഒട്ടിച്ച് കട്ടപ്പാരയുമായ്
കാത്തിരുന്നു ഒരു വിഭാഗം
പോസ്റ്ററു പറിക്കുന്നവന്റെ  ജീവൻ
പറിക്കുമെന്ന് പ്രതിജ്ഞ എടുത്തു
ആലിക്കയുടെ ആട്  അടങ്ങനെ -
പറിച്ചു അന്നും പോസ്റ്റർ
ആലിക്ക വെട്ടേററ് ആശു പത്രിയിൽ
ആട് അയവെട്ടി ആലയിൽ

വൃദ്ധത്വം



യൌവനത്തിലേക്കെത്തീടിൽ
യാത്രയായ് പിന്നെ മക്കൾ
ജോലിയൊന്നുണ്ടെന്നാകിൽ
ജാലമാം പിന്നെ ജീവിതം
ഇച്ഛയാലെ ചരിച്ചീടാൻ
അച്ഛനമ്മമാർ പിന്നെ വിഘ്നമായ്
വിവാഹ മൊന്നൊത്തെന്നാലൊ
വേറിട്ട്‌ പോകയായ്‌ തൽക്ഷണം
ശേഷി അൽപ്പ മുണ്ടെന്നാകിൽ
വീട്ടു കാവലാളായും,വേലക്കാരായും
തള്ളി നീക്കിടാം ശേഷിച്ച ജീവിതം
ശോഷിച്ചു  പോയെന്നാകിലോ
നട തള്ളിടും അമ്പല നടകളിൽ
കറവയുള്ള പശുവെങ്കിൽ
കൂറോടെ  വളർത്തിടും
കറവ വറ്റി പോകിലോ
അറവു ശാലയ്ക്ക് തള്ളിടും  

പ്രണയപൂർവ്വം



ചിറകറ്റു വീണയെന്നരികത്തുനീയിനി
ചിറകില്ലാ ചിറകായി ചേർന്നു നിന്നീടുക
ഇരുൾ വീണ കരളിന്റെ ഇതളിൽ മൃദുസ്മിത
പ്രണയ പ്രകാശമായ്  പാടേ നിറയുക
പഥികനാം ഞാനിനി പാരിതിലലയുംപോൾ
സത്യ പ്രതീക്ഷതൻ പാഥേയ മാവുക
കണ്ണിൽ കരുണതൻ ദീപം തെളിച്ചു നീ
സായന്തന പൂവായ് കാത്തു നിന്നീടുക
ഹൃദയത്തിലൊരു കൃഷ്ണ മുരളിയുമായിനീ
കായാമ്പു തൻ കൊമ്പിലേറിനിന്നീടുക
കരളിലെ നീറുന്ന മുറിവിന്റെ മുനകളെ
ഹൃദയ രാഗത്താൽ പറിച്ചെടുത്തീടുക
കണ്ണുനീരൊക്കെ കവർന്നെടുത്തിന്നു നീ  
കദന കടലിലൊഴുക്കി കളയുക
കാലമേ ഇനിയെന്റെ പ്രണയ പരാഗമാം
വെള്ളരി പ്രാവിനെ പാരിൽ പറത്തുക
എങ്ങും തളിർക്കട്ടെ മാനവ സ്നേഹം
എങ്ങും നിറയട്ടെ സ്നേഹ സല്ലാപം  

മുകുന്ദേട്ടന്റെ പുറപ്പെട്ട് പോക്ക്



ഉറുമ്പുകൾ പണിത പാതയിൽ
പാറ്റയുടെ ശവഘോഷ യാത്ര -
നോക്കിയിയിരിക്കുന്നു അയാൾ
ബുദ്ധി മൂക്കാത്ത മുകുന്ദേട്ടൻ.
മണലെഴുത്താണ് പണി
മണിയനീച്ചകളുമായി
ഒളിച്ചും പൊത്തും കളികൾ.
പുറപ്പെട്ടു പോകാൻ തുടങ്ങിയപ്പോഴാണ്
കാലുകളെ ചങ്ങല്യ്ക്കിട്ടത്‌
അകത്തളത്തിൽ ആനയായി
മുട്ടിലിഴയും മുകുന്ദേട്ടൻ
വയസ്സ് കൂടുന്തോറും
വെളിവ് കൂടി ക്കൂടിവന്നു മുകുന്ദേട്ടനു
പുറത്തേക്ക് ഇറങ്ങുമ്പോൾ
കൂട്ടിനു കൈയ്യിൽ ചങ്ങലയും
പുറപ്പെട്ടു പോകുവാൻ തോന്നുമ്പോൾ -
മുകുന്ദേട്ടനെ ചങ്ങലയ്ക്കിടും മുകുന്ദേട്ടൻ
മുകുന്ദേട്ടനെ കാണുമ്പോൾ ഇന്നും
പുറപ്പെട്ടു പോകാറുണ്ട് എന്റെ മനസ്സ്
കഴിഞ്ഞു പോയ കുഞ്ഞു നാളിലേക്ക് 

2014, ജൂൺ 3, ചൊവ്വാഴ്ച

അലങ്കാര വസ്തു



അലങ്കാര മത്സ്യങ്ങൾ
നിന്റെ അഹങ്കാരമാണ്
ജീവൻ പണയം വെച്ചാണ്
അവ ജീവിക്കുന്നത്
കടലിടുക്കുകളിൽ,പവിഴ പുറ്റുകളിൽ
സമാധാനത്തിന്റെ അകത്തളങ്ങളിൽ
പാർത്തിരുന്നവ.
നിന്റെ അകത്തളത്തിലെ
പീഡന പേടകത്തിൽ
കുത്തനെ നിന്ന് കുമിളകളായി
പ്രാർഥിക്കുന്നത്
അഹങ്കാരിയായ ഹേ, മനുഷ്യ
നിന്നെ നിന്റെ പിൻ മുറക്കാർ
അലങ്കാര വസ്തുവായ്‌ അടച്ചിടട്ടെ
എന്നുതന്നെ യായിരിക്കും

റിസൽട്ട്

പത്തു മാസ പഠനം
മധു വിധു വായിരുന്നു
പരീക്ഷയെ ഗർഭം ധരിച്ചു
ആകാംക്ഷ അധികരിച്ചപ്പോൾ
റിസൾട്ടിനു സ്കാനിംഗ്
ഗ്രേഡിങ്ങിൽ ലിംഗനിർണ്ണയം
ശിക്ഷാർഹമെന്നു യൂണിവേർസിറ്റി 

2014, ജൂൺ 2, തിങ്കളാഴ്‌ച

അയവിറക്കാൻ ഇനി ആകാശ വയലുകൾ



ഇറങ്ങി പോകുമ്പോഴുള്ള വയലുകൾ
തിരിച്ചു വരുമ്പോൾ കാണാനില്ല
കറുത്ത കച്ച പോലുള്ള നീണ്ട റോഡ്‌
കതിര് വിളഞ്ഞ കണ്ടത്തിൽ കെട്ടിടങ്ങൾ
ചളിയിട്ട് തേച്ചു മിനുക്കിയ നട വരമ്പ് -
സീബ്രാ വരകൾ
കൂവല് കുത്തിയ ഭാഗത്ത് ക്രിക്കറ്റ് കോർട്ട്
ഏളകളെ ആട്ടാൻ കെട്ടിയ മാടം
പോലീസ് എയിഡു പോസ്റ്റ്
അങ്കലാപ്പിന്റെ ടാറു രുക്കത്തിൽ
കാലുകൾ പുതയുമ്പോൾ
അറിയാതെ മുകളിലേക്കൊന്നു നോക്കി  
ഹാവൂ സമാധാനമായി
മേഘവയൽ ഇപ്പോഴും അവിടെതന്നെയുണ്ട്
മഴവിൽ വരമ്പ് മുറിയാതെ കിടപ്പുണ്ട്
ഏളകൾ ആളനക്കമില്ലാത്തതിനാൽ
കൂട്ടത്തോടെ വരുന്നുണ്ട്
വിളഞ്ഞു കിടപ്പുണ്ട് സൂര്യന്റെ കതിരുകൾ  

2014, മേയ് 31, ശനിയാഴ്‌ച

വീട്ടമ്മ



വാക്കിന്റെ വടിയെടുത്ത്
അവൻ കാത്തിരിക്കുന്നു
വേലയെടുത്ത് വെന്തവളെ
വെയില് കാഞ്ഞ മനസ്സുമായി
വീട്ടിലേക്ക് വന്നവളെ
വാക്കിന്റെ വടിയാൽ
കുത്തി നോവിക്കുന്നു
കൊറ്റിനുള്ള വകയുമായി 
കടന്നു കളയുന്നു
വേലിയിറങ്ങിയ വെയിൽ
പടിഞ്ഞാട്ട്  കുന്നിറങ്ങുമ്പോൾ
കള്ളിന്റെ മണവുമായൊരു കാറ്റ്
ആടിയാടി വരുന്നു
തലയിലെ വട്ടക്കെട്ട്
തെറിയുടെ പൂരപ്പാട്ടിൽ
വേതാളനൃത്തം ചവിട്ടുമ്പോൾ
കാത്തിരുന്ന് തളർന്നവളുടെ   
കണ്ണ്‍ പൊട്ടുന്നു
കര ചരണങ്ങൾ അറ്റ് വീഴുന്നു
കൊറ്റി യുദിക്കുമ്പോൾ
നുള്ളിപ്പെറുക്കി
കത്തലടക്കാൻ  കാലമാക്കി
നുണ്ങ്ങ്  ചിരിയുമായി
കൊറ്റിനുള്ള വക തേടി
അവളിറങ്ങുന്നു

ചൂല്



മുക്കിലോ മൂലയിലോ
കുത്തിച്ചാരി നില്ക്കും
കണ്ടാൽ കലിയാണവർക്ക് 
പ്രാക്കിന്റെ പട്ടട പണിയും
മണ്ടയ്ക്ക് കുത്തും പുറങ്കാലുകൊണ്ട് തട്ടും
ആട്ടും,തുപ്പും സഹിച്ച്
ഒറ്റ ചരടിലെങ്കിലും
ഒതുങ്ങി നില്ക്കും
പുലരും മുൻപേ തൂത്ത് വാരി
വെടിപ്പാക്കി
ചിത്രക്കളം വരയ്ക്കും
വൃത്തിയും,വെടിപ്പും ആർക്കുമില്ല
അവളെ പ്പോലെ
ചൂലിന്റെ ചിത്ര പ്പണികളിൽ
സന്തോഷിക്കുമ്പോഴും
നന്ദിയോടൊന്നു തിരിഞ്ഞു
നോക്കുക പോലുമില്ലആരും

ചെഗുവേര ഇറങ്ങിപോയ വഴിയിൽ



കലാലയത്തിലെ കളിയും
കലാപങ്ങളു മെവിടെ
വിദ്ധ്യാർത്ഥി ലക്ഷങ്ങളുടെ
വർഷകാലമേഘമെവിടെ  
ഇടിമുഴക്കമെവിടെ  
മിന്നൽ പിണരുകൾ എവിടെ
ചെഗുവേരയും,ചുവന്ന വാക്കുകളും
ചുമരിൽ നിന്നും എപ്പോഴാണ്
ഇറങ്ങി പോയത്
ചുമരായ ചുമരിലെല്ലാം
ബക്കാർഡീസും,ചാത്തന്സും,-
ഇട്ടുമ്മൽ ടീമും, സ്ട്രീറ്റ് ബോയ്സും
എന്നാണു സ്ഥാനം പിടിച്ചത്
സൌഹൃതങ്ങളെലാം വിരൽ-
 തുമ്പിലായപ്പോൾ
ലൈക്കിന്റെയും,ഷെയറിന്റെയും,
കമന്റിന്റെയും പെരുമഴക്കാലമായി
ഓട്ടോ ഗ്രാഫും,ഫോട്ടോഗ്രാഫിയും
കുടിയൊഴിഞ്ഞു
പോർണോ ഗ്രാഫിയാണ് പഥ്യം
പൈങ്കിളി കഥകളെല്ലാം പമ്പ -
കടന്നു
പകുക്കുവാൻ കിളികൾ തന്നെ -
യുള്ളപ്പോൾ
എന്തിനു കഥകൾ 

ഇന്നും



രാത്രിക്ക് തീപ്പിടിച്ച്
ഇരുട്ടിനെ നക്കി തുടയ്ക്കുന്നു
അട്ടഹാസങ്ങളുടെ ഇടിനാദം
ആർത്തലച്ചു പെയ്യുന്ന നിലവിളി
കൂരകൾ ക്കുള്ളിൽ നിന്ന്
തീപന്തങ്ങൾ പുറത്തേക്ക് ചാടുന്നു
പെണ്ണുങ്ങൾ കൂട്ടമായി
കുറ്റി ക്കാട്ടിലമരുന്നു
യോനിയിൽ നിന്ന് ലിംഗവും,-
വാളും വലിച്ചൂരിയവർ
മുലകൾ ഛെദിച്ച് കലി തുള്ളുന്നു
ഞെട്ടിയുണർന്ന കുട്ടികൾ
അമ്മിഞ്ഞ തിരയുന്നു
മരിച്ചുപോയ പെണ്ണുങ്ങൾ
കുട്ടികളെ പരതുന്നു
ആണുങ്ങളെല്ലാം അണയാത്ത
പന്തമായ്
അവിടവിടെ കത്തുന്നു
കൂരകൾ കാണാത കാക്ക
പുലരിയറിയിക്കാതെ
പറന്നു പോയി
പിന്നെയും വന്നു
രാവും പകലും വേനലും മഴയും
ബലാൽസംഗം ചെയ്യപ്പെട്ട
മനസ്സുമായ്
കുറ്റിക്കാടുകൾ തഴച്ചു വളർന്നു
ഇന്നും കൂരകൾ ഉയരുകയും
അമരുകയും ചെയ്തുകൊണ്ടേ -
യിരിക്കുന്നു
തീപ്പിടിച്ച നിലവിളികൾ ഉയർന്നു-
 കൊണ്ടേയിരിക്കുന്നു 

ഒട്ടകം



ബുദ്ധി ജീവിയുടെ മട്ടുണ്ട്
ഒട്ടകത്തെ കണ്ടാൽ
ചപ്രച്ചമുടിയും,നീണ്ട താടിയും,-
കുളിക്കാത്ത ചൂരും
തോളിൽ തൂക്കിയ സഞ്ചിയുമായി
തലയുയർത്തി നടക്കുന്നവനെ പോലെ.
ഫിലോസഫിയാണ്ഐച്ഛഇക
വിഷയമെന്ന് തോന്നും
ആ നിസ്സംഗത കണ്ടാൽ.
ഒട്ടകം പരോപകാരിയാണ്
ചുമടുകൾ ചുമക്കും,ആളുകളെ കയറ്റും
കോപ താപങ്ങളകറ്റി
അനുസരണ കാണിക്കും
ഒട്ടകത്തെ ഒരു കല്പ്പ-
 മൃഗമെന്നു വിളിക്കാം
ഇറച്ചി,പാൽ,രോമം,തുകൽ,-
അസ്ഥികൾ,ചാണകം എല്ലാം
മനുഷ്യർ ഉപയോഗിക്കുന്നു

2014, മേയ് 26, തിങ്കളാഴ്‌ച

ചാറ്റൽ മഴ



തിരക്കുള്ള ബസ്സിൽ
തൂങ്ങി പ്പിടിച്ചു കയറുമ്പോൾ
ഓടിവന്നൊരുചാറ്റൽ മഴ
കൂടെ പോരട്ടേന്നു  കണ്ണിറുക്കി
അടുത്ത സ്റ്റോപ്പിൽ നിന്ന്
ഒരു വലിയ മഴ തെക്കോട്ടും-
ഒന്ന് പടിഞ്ഞാട്ടും
ബസ്സിറങ്ങിപ്പോയി
കോളേജ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ
ചാടിയിറങ്ങിയ ചാറ്റൽ മഴ
അനുവാദം ചോദിക്കാതെ
കുടയ്ക്കുള്ളിലേക്ക്  കയറി
നാണിച്ചു പോയ ഞാൻ
കൂട്ടുകാർ കണ്ടില്ലെന്നു നടിച്ച്
കളിവാക്ക് കേട്ടില്ലെന്നു നടിച്ച്
ഒതുക്കി പ്പിടിച്ച പാവാടയുമായ്‌
പതുങ്ങി നടന്നു
കോളേജ് ഗേറ്റിൽ വെച്ച്
ഒന്നും മിണ്ടാതെ
കൂട്ടു കാരുടെ  ഇടയിലേക്ക്
ഇറങ്ങിപ്പോയ മഴയെ നോക്കി
ഞാനൊരു മണ്ടിയെ പ്പോലെ നിന്നു

2014, മേയ് 17, ശനിയാഴ്‌ച

എന്നും അരികിൽ

മരണ മെന്നുമെന്നരികിലുണ്ടെന്നു
മനമെ നീയെന്നെ ഓർമ്മപ്പെടുത്തണെ
അടക്കിയാലടങ്ങാതൊരുമോഹത്തെ
ഇടയ്ക്കിടെയൊന്നു തട്ടിയടയ്ക്കുവാൻ
തിളച്ചു തൂവുന്ന ക്രോധകഠാരയെ
കൈയാൽ  പിടിച്ചൊന്ന്
തിരികെ വാങ്ങിക്കുവാൻ
അതിരു ലംഘിക്കുമധികാര -
ദണ്‍ഡിനെ
അടങ്ങെ പിടിച്ചൊന്ന്
പിന്നോക്കം വലിക്കുവാൻ
ചെയ്തു കൂട്ടുന്ന ചെയ്തിക്ളൊക്കെയും
സ്വച്ഛ സ്മരണയി ലൊന്നെത്തി നോക്കുവാൻ
ഇല്ല നേരിൻ ശരീരമല്ലാതെയീ  
ബ്ഭൂവിൽ നിന്നുകൊണ്ട് -
പോകുവാനെന്നോര്മിപ്പിക്കുവാൻ  

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

പ്രണയ കാവ്യം



ഞായറാഴ്ച ദിവസം
എഴ്നെല്ക്കുവാൻ നന്നേ വൈകി
വാതിൽ തുറന്നപ്പോൾ കണ്ടു
ഊരും,പേരുമറിയാത്ത
സുന്ദരാകൃതി പൂണ്ടവൽ
ഹൃദയം കവര്ന്നു കളഞ്ഞു
കരളിൽ കൊടുംകാറ്റ് ഉളവാക്കി -
കഴിഞ്ഞു
മത്ത് പിടിച്ച തല ച്ചോർ
മുത്തുപോലെ തിളങ്ങി
ദാഹത്താൽ ഉരുകിയ ഞാൻ
മനസ്സിന്റെ മുനകളെല്ലാം ഓടിച്ചുകൊണ്ട്
കെട്ടിപ്പിടിച്ച് ഒരു ചുംബനം
ചുണ്ടിൽ,കവിളിൽ,കഴുത്തിൽ
ഒരായിരം ചുംബനം
ഊരും പേരു മറിയില്ലെങ്കിലും
രചയിതാവിന്റെ പേരു
കീറി പോയിരുന്നെങ്കിലും
ഓർമ്മയുണ്ടിന്നും ആ മധുര കാവ്യം
പഴയ വർത്തമാന പത്രത്തിലെ
ആരെയു മുണർത്തുന്ന
ആ പ്രണയ കാവ്യം 

അമ്മ മനസ്സ്



ദിക്കുകൾ നാലുമിരുൽ കമ്പളം നീരത്തവേ
സ്തംഭിച്ചപോൾ പാതവക്കിൽ മരം നില്ക്കൂ
പ്രേതം കണക്കേ മരത്തിൻ കരിനിഴൽ
ക്ഷണത്താൽ വളർന്നുമാനംമുട്ടിനില്ക്കുന്നു
പ്രായമായുള്ള ചില പത്രങ്ങൾ പേടിച്ചു
നിശ്ചേഷ്ട്ടരായ് താഴെ വീണു കിടക്കുന്നു
വിശറിയുമായ്  വന്നിളം തെന്നൽ വീശവേ
വിലാപ കാവ്യങ്ങൾ എങ്ങോ മുഴങ്ങുന്നു
പക്ഷികൽ പാടാത്ത സന്ധ്യ,യിക്ഷിതി-
 തന്നെ മരവിച്ച സന്ധ്യ
മിന്നു മുഡുക്കൾ മാനത്ത് കണ്ണികൾ
എല്ലാം വിറങ്ങലിച്ചുള്ള  സന്ധ്യ
അമ്മതൻ ചാരത്തണഞ്ഞുള്ള മൃത്യു
അവസാന ദാഹനീർ ചുണ്ടോടു ചേർക്കവേ
പാതവക്കത്തെ മരത്തിൻ മടിത്തട്ടിൽ
അന്ത്യ യാത്രയ്ക്ക് തല നിവര്ത്തീടവേ
പാവം ഹരിച്ചെന്റെ മക്കള്ക്ക് പൊൻ പാത
കാണിക്ക വേണമെന്നെണ്ണി പ്പറയുന്നു 

ഗാബോ ....നീ മൃത്യുഞ്ജയന്



കലാപത്തെ യാണ്
കടലെടുത്ത് പോയത്
ആശയെ ആശയമക്കി തന്നവനെ
കേട്ടിടാം ഇനി കടലിന്റെ ഗർജനമായ്
ഗാബോ.....
അടിമത്ത ത്തിനെതിരെ
ഇടനെഞ്ചിൽ തുല്യം ചാര്ത്തിയവനെ
നീ മൃത്യുഞ്ജയൻ
ബൊളീവിയയിൽ,ക്വൂബയിൽ,
ഗ്വാട്ടിമലയിൽ,ഉറുഗ്വെയിൽ
വെനസ്വേലയിൽ,മെക്സിക്കോയിൽ
നിന്റെ സിംഹ ഗർജനത്തിൽ
തകര്ന്നു വീഴാത്ത കൂച്ച് വിലങ്ങുകൾ
എവിടെയാണ് ഉള്ളത്
വിപ്ലവത്തിന്റെ വിത്തുകൾ
വാക്കിനാൽ മുളപ്പിച്ച്
പ്രണയത്തിന്റെ മാസ്മരീകത
മനസ്സുകളിൽ വിരിയിച്ച
ഹേ....  മാന്ത്രികാ മറക്കില്ലൊരുനാളും
ഗബ്രുയേൽ ഗാർഷ്യ മാര്ക്വേസ്
കേട്ടിടാം ഇനി കടലിന്റെ ഗർജനമായ്   

2014, ഏപ്രിൽ 12, ശനിയാഴ്‌ച

ഗാനം



ചപ്രമഞ്ച തൊട്ടിലാട്ടുന്ന
മൊഞ്ചത്തി പെണ്ണെ
തഞ്ചത്തിൽ നോക്കി
കൊതിപ്പിക്കുന്നതെന്തിനാ -
കണ്ണേ
മുല്ല മൊട്ടിൻ പല്ല് കാട്ടി
കുണുങ്ങി ചിരികുമ്പം
കണ്ണെ യെന്റെ കരളിനുള്ളിൽ
തുടിക്കും കടൽ ക്കോള് (ചപ്ര)
കണ്ണിനുള്ളിൽ കന്മദ പൂ
വിരിഞ്ഞു നിന്നോളേ  ...
കാക്കപ്പുള്ളി കവിളിൽനുണക്കുഴി
കുത്തി നിൽപ്പോളേ 
ഹൂറി നിന്റെ മോറുമാത്രം
എന്റെ മനതാരിൽ
എന്നും മാനത്ത് പൂത്തു നില്ക്കണ
പൂനിലാ പോലെ(ചപ്ര)
പഞ്ച വർണ്ണ തട്ടമിട്ട
പുഞ്ച വയൽ തത്തേ
കള്ളക്കണ്ണാൽ
നെഞ്ചിലേ കതിർ കൊത്തിടുന്നോളേ
കണ്ണിൻ കവണ തൊടുത്തു ഞാനതിൽ
കുടുക്കിടും നിന്നെ
പാലും,പഴവുംതന്നുപാതിമെയ്യാക്കിടും-
നിന്നെ                   (ചപ്ര) 

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കനവിലുണ്ടൊരു കടവ്



കനവിലുണ്ടൊരു കടവ്
കരളിൻ കടവിലുണ്ടൊരു
തോണി
കാത്തിരിപ്പു ഞാൻ
ഒർത്തിരിപ്പൂ  ഞാൻ
ചെമ്പകപ്പൂ വോളെ ... 
താമര മിഴി യാളേ....(കനവി)
ഓർമ്മകൾ തൻ ഓള പെരുക്കത്തിൽ
താളം കൊട്ടുന്നു നെഞ്ച്
നെഞ്ചിനിടയിലെ നടവരമ്പിൽ -
നിന്നെത്തി നോക്കുന്ന മൊഞ്ച്
ഹാലിളകുന്നു   കൊതിപെരുക്കുന്നു
കണ്ണെ വാനീ മുന്നിൽ   (കനവി )
കടത്ത് തോണിയെ കാത്തിരിക്കുന്ന
പഥികനാണ് ഞാനിന്നും
അക്കരെക്കടവെത്തിടാതെ
ഉഴറൂകയാണിന്നും
ജീവിതത്തിന്റെ ഏതു പാതയിൽ
പിരിഞ്ഞു പോയി നീയും
നിലയില്ലായീ കയത്തിൽ നിന്നും
നീറിടുന്നു ഞാനും     (കനവി)

പോസ്റ്റ് മാൻ



പോസ്റ്റ് മാന്റെ കാക്കി സഞ്ചിയിൽ
തൂങ്ങി ക്കിടക്കുന്നത് ഒരു ലോകമാണ്
വെയിലുണ്ട് ,മഴയുണ്ട്,ഋതുക്കളെല്ലാം
തെറ്റാതെയുണ്ട്
പ്രവാസിയുടെ പ്രയാസമുണ്ട്
പ്രണയിനിയുടെ പരിഭവവും
കാമുകന്റെ കുസൃതിയുമുണ്ട്
ഭാര്യയും,ഭർത്താവും,അച്ഛനും,അമ്മയും
പെങ്ങളും,ആങ്ങളയും
ആഹ്ലാദങ്ങളും,നെടു വീർപ്പുകളും
അടക്കിപ്പിടിച്ച  തേങ്ങലും
പൊട്ടി കരച്ചിലുകളും
വിപ്ലവങ്ങളും,വിശ്വാസങ്ങളും.

പോസ്റ്റ്‌ മാന്റെ കാക്കി സഞ്ചിയിൽ
പ്രേരണയാൽ പണ മടച്ച
കുറേ പേപ്പറുകളാ ണിപ്പോൾ
ഒരിക്കലും റേപ്പറ പൊട്ടിക്കാതെ
മൂലയിൽ മൂടപ്പെടുന്ന പേപ്പറുകൾ 

മുച്ചീട്ട് കളിക്കാരന്റെ മകൾ



കിത്താബ് വായിക്കുന്നെങ്കിൽ
മുഹമ്മദ്‌ ബഷീറിനെ വായിക്കണം
മുച്ചീട്ട് കളിക്കാരന്റെ മകളെ വായിക്കണം
സൈനബാനെ വായിക്കണം
കള്ള ജൂസാനെ... സാഹിത്യ കാരാ
കുത്തിക്കുറിക്കു പഹയാ
മൊട്ടത്തലപൊലെ മിന്നുന്ന
മഴ നിലാവിന്റെ വെളിച്ചത്തില്
പ്രാസം തെറ്റാത കവിതപോലെ
സുലൈമാനിയുടെ ചൂടും,ചൂരുമായി
ഓളത്തിലാടുന്ന കടവിലെ
കെട്ടുവള്ളം പോലത്തെ
പെണ്ണിനെക്കുറിച്ച്
എഴുത് ബലാലെ
രാത്രിയുടെ നീഹാര നീര് പെണ്ണിന്റെ
വിരഹമല്ലാതെ
മറ്റെന്താണ് പഹയാ
പുളുന്തൂസ് എഴുത്തുകാരാ
നിലാ വെളിച്ചത്തിലും
ഉച്ച സൂര്യനെപ്പോലെ
നീയെന്തിനു വിയർക്കുന്നു-
ഇബ് ലീസേ
കവിതയിപ്പം തെയ്യവും,തോറ്റം-
പാട്ടുമായി
വെളിച്ച പ്പെടുന്നല്ലോ റബ്ബേ
...............................................
മുച്ചീട്ട് കളിക്കാരന്റെ മകൾ - വൈക്കം
മുഹമ്മദ്‌ ബഷീറിന്റെ കഥ

ഹല്ലപിന്നെ....!



അടിച്ചു തളിക്കാരും
തേച്ചു തുടയ്ക്കുവോരും
ഏല്പ്പിച്ച പണി ചെയ്‌താൽ പോരെ
പിന്നാമ്പുറത്തേക്ക്
പിന്തിരിയുന്നതെന്തിനു
അന്ത പ്പുരത്തിലേക്ക്
എത്തി നോക്കുന്നതെന്തിന്
ഹല്ലപിന്നെ...!
പത്രക്കാർക്കും,പ്രതിപക്ഷക്കാർക്കും
പണിയൊന്നുമില്ലന്നെ
നാലാള് കേട്ടാൽ നാണിച്ചു പോകില്ല്യോ
ചൊറിയുന്ന വർത്തമാനം പറയല്ലേ
ഇതെന്നാ...
ചേനയെങ്ങാനാന്നോ 
ചാക്കിൽ കെട്ടി തള്ളാൻ
ഇവറ്റകളൊക്കെ അങ്ങന്യാന്നേ
ചത്താലും സൊയിര്യം തരാത്ത
വകകള് .
പോകാൻ പറ
ഹല്ലപിന്നെ
ങാ...പത്രക്കാരെ വിളി
പാർസലെന്താച്ചാ  പാകമാക്ക്
മാക്രികളുടെ മോങ്ങലിപ്പോൾ-
തീർക്കാം
അണ്ണാൻ കുഞ്ഞിനെയാ
മരംകേറ്റം പഠിപ്പിക്കുന്നെ

തിരു മുറിവുകൾ


ജീവിതത്തിന്റെ ഏതോ
മലഞ്ചെരുവിൽ
അവൻ മഴ നനഞ്ഞു നില്ക്കുന്നു
ആലയും,ആലയവും തിരിയാതെ
ഇരുളുന്ന ആകാശത്തിനു കീഴെ
ഇടറുന്ന കണ്ണുകളുമായി
ആടുകളെ തിരയുന്ന ഇടയനെപ്പോലെ
ഉഴറി നടക്കുന്നു.
ആട്ടിൻ കുട്ടിയെപ്പോലെ-
കടിച്ചു പറിക്കുന്ന തണുപ്പിൽ
സ്വന്തം ബലിയുടെ കുരിശും പേറി
പൊറുതി കേടിന്റെ ശിഖരത്തിൻമേൽ
തൂങ്ങി യാടുന്ന പൊരുത്തക്കേടിന്റെ
ജീവിത കയപ്പുനോക്കി മല കയറുന്നു
അഞ്ചു തിരു മുറിവുകളിലെയും
രക്തം വീണു ചുവന്ന ഹൃദയം
അപ്പോഴും ഒരു കവിത മൂളിക്കൊണ്ടിരിക്കുന്നു

മരണം





അന്നത്തെ പ്രഭാതത്തിനു
നിറമുണ്ടായിരുന്നില്ല
ദുഖത്തിന്റെ പുതപ്പു മൂടിയത് പോലെ
എങ്ങും മഞ്ഞ്
കുന്നിൻ മുകളിലെ സെമിത്തേരിയിൽ
ആത്മാവുകൾ നട്ട വിലാപ മരങ്ങൾ
പോലെ
ഉയർന്നു നിൽക്കുന്ന കുരിശുകൾ
ദുഃഖ ഭാരവും പേറി തല കുനിച്ചിരിക്കുന്ന
മീസാൻ കല്ലുകൾ
അകലെ അഗാധ ഗർത്ത ത്തിന്നരികിലെ
ഒറ്റയടിപ്പാത
ജീവിതത്തിലേക്കും മരണ ത്തിലേക്കുമുള്ള
നൂൽപ്പാലം
അനന്തരം
പ്രഭാത സൂര്യൻ
വിളറിയ ഒരു കുതിരയാകുന്നു
മരണം അതിന്റെ പുറത്തേറി
സെമിത്തേരിയുടെ  കവാടം തുറന്നു
താഴേക്കു കുതിക്കുന്നു

ഗാന്ധി

പട്ടിണി പ്പാവങ്ങളെ
കാണുവാനൊരു കണ്ണട
സ്നേഹത്തിന്റെ കണ്ണാടിയായ്
വെട്ടി ത്തിളങ്ങുന്ന മൊട്ടത്തല
ഉഴറുന്ന മനസ്സിനൊരു ഊന്നുവടി
പാപികൾക്ക് പകുക്കാനൊരു ശരീരം 

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

മനസ്സുകൊണ്ട് നടക്കുന്നൊരാൾ....!



ശരീരം മുഴുവൻ തളർന്നൊരാൾ
വെട്ടിയിട്ട ചേമ്പിൻ തണ്ടുപോൽ
വാടിക്കിടക്കുന്നു
254 നമ്പ്ര് കട്ടിൽ പിടിയിൽ
യൂറിൻ  ബാഗ്  തൂങ്ങിക്കിടക്കുന്നു
ആദ്രമാം കണ്ണിൽ നിന്ന്
രണ്ടിറ്റ് കണ്ണീർക്കണം
വെമ്പുന്നു തുളുമ്പുവാൻ
മരിച്ചില്ലെന്നതിനു സാക്ഷ്യം
ഉയർന്നുതാഴും നെഞ്ചിൻ കൂട്
പ്രതീക്ഷതൻ ചെരാതിൻ വെട്ടം-
മുനിഞ്ഞു കത്തുന്നിപ്പൊഴും മുഖത്ത്
നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ
അത് നിങ്ങൾ തന്നെയെന്നു
ഇപ്പോൾ മലർന്നു കിടന്ന്
വെള്ളപൂശിയമച്ചിലേക്ക് നോക്കുമ്പോൾ    
എന്തെന്തു വിചാരങ്ങളാണ്
വിരാചിക്കുന്നത്
കഴിഞ്ഞു പോയ കാര്യങ്ങൾ,പ്രതീക്ഷകൾ.
വലിച്ചു പറിക്കുന്നുണ്ടിടയ്ക്കിടെ
മനസ്സ് മുടിയിഴകളെ
തെറ്റ് കുറ്റങ്ങളെക്കുറിച്ച് ഓർത്ത്
ഇപ്പോൾ തളർന്ന് പോയയാൾ
എഴുന്നേറ്റ് നടക്കുന്നു ,ഓടുന്നു
ഉറക്കത്തിൽ നിന്ന് ഞെട്ടി യുണരുമ്പോൾ  
എഴുന്നേല്ക്കാൻ ഒരു ശ്രമം
ഇപ്പോൾ നിങ്ങള്ക്ക് തോന്നുന്നില്ലേ
ഒന്നനങ്ങു വാനെങ്കിലും
കഴിഞ്ഞിരുന്നെങ്കിൽ....

ഗൃഹാതുരത്വം



ബ്രിട്ടീഷ് പട്ടാളം
പടുത്തുള്ള ഗസ്റ്റ് ഹൌസിൽ
അടങ്ങെ പിടിച്ചാലടങ്ങാ
കൽ തൂണിനരികെ നിന്ന്  
എണ്ണി എണ്ണി ചോദിപ്പൂ അണ്ണാൻ
എന്തേ വന്നു?!
അറിയാതെഴുന്നേറ്റു ഞാൻ
ആരിത് വേഷം മാറി വന്നുള്ള
രഹസ്യ പട്ടാള ക്കാരനോ
പുറത്തെ വരമൂന്നുംയേത് -
റാങ്കിന്റെ താവോ!
പൂത്ത ചെമ്പക കൊമ്പിൽ നിന്നൊരു
തെന്നൽ വന്നു ചാരത്തിരിക്കുന്നു
സൗഹൃദം പങ്കിടുവാൻ
നാട്ടിലിപ്പോഴുമുണ്ടോ
മാവും,പിലാവുമെല്ലാം
കണ്ടില്ലേ ബാംഗ്ലൂരിൽ
തഴച്ചു നില്ക്കുന്നത്
മാവിനെ മറമാടി
പ്ലാവിനെ പിണ്ഡം വെച്ച നാളിൽ
ഞാനെല്ലാം വിട്ട് ഇങ്ങോട്ട് കുടിയേറി
മനസ്സുണ്ടായിട്ടല്ല
ഗതിയില്ലാഞ്ഞിട്ടാണ്
ഗദ്ഗദ കണ്ഠംനായി
അണ്ണാൻ മൊഴിഞ്ഞു മെല്ലെ

അതേ വഴി


ചുറ്റും കനത്തു കല്ലിച്ച
നിശബ്ദത മാത്രം
അമ്മ പോയതിനു ശേഷം
ആദ്യമായി
ഈ കുടിലിനു മുൻപിൽ ഞാൻ
അമ്മയുടെ അമർത്തിയ മൂളക്കവും
അമ്മ മണവും കൂടുവന്നു
ചെറിയ കാറ്റും,നാടാൻ പാട്ടും കൂടെ വന്നു
കാണാൻ കാത്തിരുന്ന പോലെ
കുടിലൊന്നു കുലുങ്ങി
ഒരു വശം ചരിഞ്ഞു പിന്നെ അമർന്നു
അന്നിറങ്ങിയ അതേ വഴിയിലൂടെ ഞാനും

ഓർമ്മയിൽ അമ്മ





കൂനി ക്കൂനി വന്നയിരുട്ട്
കുത്തിപ്പിടിച്ച് കുന്നിറങ്ങി.
ഉയർന്നുനിന്ന മണ്‍ കൂന 
അമ്മയുടെ അവസാനത്തെ അടയാളം
പച്ച മണ്ണിൽ അലിഞ്ഞു ചേരുന്ന
അമ്മയുടെ ഗന്ധം ചുറ്റും
നിസ്സഹായതയുടെ മൌനത്തിൽ തട്ടി
ഇരുട്ട് ഇടറി വീണു.
കുടിലിലേക്ക് കടന്നപ്പോൾ
കുട്ടിക്കാലം കൂട്ടുവന്നു
അമ്മയുടെ സ്പർശമായ്  
തണുപ്പ് പുതഞ്ഞു നിന്നു
അമ്മിഞ്ഞ മണം എങ്ങും പരന്നു
പച്ചിലകളിൽ തട്ടി നിലാവ്-
പറമ്പിലേക്ക് കുത്തിയൊലിക്കുന്നു
മഞ്ഞിന്റെ  മറപറ്റി അമ്മ അകത്തേക്ക് -
കടക്കുന്നു

യാചന

കണ്ടു ഞാൻ വണ്ടിതൻ
ജാലക ചാരെ നിന്ന്
അഭിശസ്തിതൻ പാത്രവുമായൊരു
യാചക നില്ക്കുന്നു
ചെറു പ്രായമേയുള്ളൂ കണ്ടാലാരോഗ്യവതി
ജീവിച്ചിടാം മാന്യമായൊരു തൊഴിൽ
കണ്ടെത്തുകിൽ
മെയ്യനങ്ങീടാതെ,വിയർപ്പൊഴുക്കീടാതെ
ലജ്ജ യെന്നൊന്നില്ലെങ്കിൽ യാചന  -
തൊഴിൽ തന്നെ!.
കണ്ടില്ലെന്നു നടിച്ചിരിക്കും യാത്രക്കാരെ
കണ്ഠം പൊട്ടു മാറുച്ചേ  വിളിച്ചു ശല്യം ചെയ്‌വൂ
നീട്ടിയ പാത്രത്തിൽ നാണയ മിട്ടില്ലാ എങ്കിൽ
ശാപ വാക്ക് കൊണ്ടുറഞ്ഞാടുന്നു അഭിശപ്ത
യാചകരെ എത്രയോ കണ്ടിരിക്കുന്നു ഞാനും
കണ്ടതില്ലിതു വരെ യിങ്ങനെ യൊരുത്തിയെ.
എന്തിനേറെ ചൊല്ലുന്നു കണ്ടിടാം
എല്ലാറ്റിലും
നല്ലതും,തീയതും എന്ന് സമാധാനിക്കാം

സ്മാരകം



മഞ്ഞിന്റെ നേരിയത്
ആരോ വലിച്ച് മാറ്റിയിരിക്കുന്നു
കുത്തനെ നില്ക്കുന്ന കുന്നിന്റെ -
മുലകൾ
ഇപ്പോൾ കാണാം
കുത്തി നോവിക്കുന്നുണ്ട് കഠാര മുനകൾ
മതങ്ങളുടെ മുഷ്ട്ടിയിൽ പെടാതെ
എന്നും പൂത്ത് നില്ക്കുന്ന
രണ്ട്‌ പൂക്കളെ യോർത്തു.
താജ്മഹലിൽ,  ഗാന്ധി ഘട്ടിൽ ,
ബുദ്ധ ജയന്തി പാർക്കിൽ
ചാന്ദിനി ചൌക്കിൽ,ചിനാർ മരങ്ങൾക്ക്-
കീഴെ
എവിടെയൊക്കെയാണാ പൂക്കൾ
പൂത്തിരുന്നത്
നോക്കൂ! ഇന്നിതാ ഈ കൂർമ്പൻ
കുന്നിനു താഴെ
ഒരിക്കലും വാടാത്ത രണ്ട്‌ പൂക്കളുടെ
ഒരു സ്മാരകം

സത്യസായി ഹോസ്പിറ്റലിൽ



ഓം ശാന്തി! ഓം ശാന്തി!! ഓം ശാന്തി!!!
ശാന്തി മന്ത്രം വന്നെന്നെ
തൊട്ടു വിളിക്കുന്നു
കൈവിരൽ പിടിച്ചെന്നെ
മുൻപേ നയിക്കുന്നു
'സായി'തൻ പേരിൽ പടുത്തുള്ളോരു
സൌദം കാണ്‍കെ
ദേവാലയം തന്നെ യെന്നെനാം നിനച്ചീടു
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
എന്നുള്ളത്
ജീവൻ രക്ഷിച്ചേകുന്ന
ദേവാലയ മെല്ലാതെന്തു
ഗെയ്റ്റ് കടക്കുമ്പോഴേ
കണ്ടിടാം വൃന്ദാവനം
ഗോപികാ പാദസര സ്വനം പോൽ
പല ഭാഷാനാദം
അങ്ങുയർന്നു നില്ക്കുന്നു
കണ്ണന്റെ മധുരാപുരി
മാലാഖ മാരെപ്പോലെ
നേഴ്സിനെ എങ്ങും കാണാം
മാർക്സിന്റെ തത്വ ശാസ്ത്രം 
സ്നേഹവും,സമത്വവും
കുടികൊള്ളുന്നിട മല്ലോ
അക്കാണും ആശുപത്രി

2014, മാർച്ച് 29, ശനിയാഴ്‌ച

ചിത്രം



അക്ഷരങ്ങൾ പെറുക്കി വെയ്ക്കുന്നതു
പോലെയാണച്ഛമ്മ
ഓരോ കാലും നിലത്തെക്കൂന്നുക
ഇടയ്ക്കിടെ നടന്നു പോകാറുണ്ട്
തന്റെ എഴുപത്തിയഞ്ച്  വർഷത്തിലൂ ടെ 
മരത്തിനു മുകളിലെ പക്ഷി
അച്ഛമ്മയെ പോലെ
പിറ് പിറ് ത്ത് എങ്ങോ പറന്നുപോയി
ഒരു കാറ്റും മണവും വന്നുനോക്കി
വേഗത്തിൽ തിരിച്ചു പോയി
ഉപ്പന്റെ കൂവൽ
അല്പ്പനേരം തങ്ങിനിന്ന്-
കുന്നിറങ്ങിപോയി
മരിച്ചവരുടെ ചിത്രം
വരച്ചു,വരച്ചു മടുത്തു
ജീവിക്കുന്നവരെ വരയ്ക്കാൻ
നിനച്ചാൽ
മരിച്ചു ക്യാൻവാസിൽ കയറി-
യിരിക്കുന്നു
വരയ്ക്കുവാൻ ഭയമാണിപ്പോൾ
ജീവിച്ചിരിക്കുന്നവർ
മരിക്കുന്നതിലല്ല
മരിച്ചവർ തിരിച്ചു വന്നാലോ 

അവകാശി



വയലാണ്
കരക്കണ്ടമാണ്
വീട് പണിയുവാൻ
വാനം വെട്ടുകയാണ്
ആഴത്തിനടരിൽ നിന്ന്
അടർന്ന് വീണൊരു മണ്‍തവള
'ചൊവ്വറെ,ചൊവ്വറെ'ന്നു
ചൊല്ലിവിളിക്കുന്നു
ചാത്തൻ പുലയനെന്നു
മുത്തച്ഛൻ ചിന്തിച്ച്
മുറ്റത്തെ തിണ്ടിന്മേൽ
കുന്തിചിരിക്കുന്നു
ചാത്തൻ പുലയന്റെ
ചോരയും നീരുമിത്
മണ്ണിന്റെ കണ്ണവൻ
നേരവകാശിയവൻ
'കൊല്ലല്ലേ,കൊല്ലല്ലേ'ന്നു
എട്ടടി അകലത്തിൽ
കണ്ണീരാൽ മണ്‍ തവള
കൈകൂപ്പി നില്ക്കുന്നു
മണ്ണിനെ കൊല്ലല്ലെന്നു
മുറവിളി കൂട്ടുവാൻ
നീയല്ലേ കൂട്ടിനുള്ളൂ
എനിക്കെന്റെ ചാത്തൻ പുലയാ
മുത്തച്ഛൻ മൌനത്താൽ
നെഞ്ചത്തടിക്കുമ്പോൾ
'കരയല്ലേ,കരയല്ലേ'ന്നു
കരയുന്നു മണ്‍ തവള

ബാംഗ്ലൂർ



കലാശി പാളയ മെത്തുമ്പോൾ
കാലം കാലത്ത് കാകനുണരുംനേരം
ശകടങ്ങളുടെ കടകട ശബ്ദം   
പല പല ഭാഷതൻ കലപില ചെത്തം
ചിതറിയ തീപ്പെട്ടി ക്കൂടുകൾ പോൽ
ചുറ്റും നീങ്ങും വണ്ടികൾ മാത്രം
ഞൊടി നേരം കൊണ്ടെങ്ങും ബ്ലോക്കുകൾ
ഉറുമ്പുകൾ ചാലിട്ടെത്തുംപോലെ-
വരിയായിഴയും വണ്ടികളെങ്ങും
തെല്ലിട ബ്ലോക്കുകൾ തീർന്നെന്നാകിൽ
പൊട്ടിയ മാല കല്ലകൾ പോലെ
പലപാടുകളായ് പായും വണ്ടികൾ
കാറ്റിൻ കുഞ്ഞലഎങ്ങും തീർത്ത്
മാദകമാമൊരു ഗന്ധം പേറി
കുളിരിൻ കൈയ്യാൽ വാരിപ്പുണരും
വശ്യ മനോഹരി സുന്ദരി ബാംഗ്ലൂർ
അമ്പോ!അമ്പരച്ചുംബിതയായി 
ആഘോഷത്തിൻ വേള യൊരുക്കും.
തെല്ലിട നേരം കൊണ്ടത താഴെ-
ഗലിയിൽ കണ്ണുകൾ മാടിവിളിപ്പൂ
ഒരു നേരത്തെ കഞ്ഞിക്കായി
തുണിയുരിയുന്നൊരു പെണ്‍ കോലങ്ങൾ
മറ്റൊരു വഴിയിൽ കാണാം കാമകൊക്കുകൾ-
രാകിയിരിക്കും കഴുകുകൾ
പിന്നെ പലവഴി തിരിയുംനേരം
സ്നേഹത്തിൻ ചെറു തീരം കാണാം 
പലവേഷങ്ങൾ,പലഭാവങ്ങൾ
പലരീതികളും മേളിച്ചു ള്ളോരു
ബാംഗ്ലൂർ സുന്ദരി നിന്നെ കാണ്‍കെ
മണ്ണ് ഭുജിച്ചൊരു ഉണ്ണിക്കണ്ണൻ
തുറന്ന വായപോൽ അത്ഭുതമെന്നിൽ   

കല്ലറ



കുന്നിനു മുകളിൽ
       ഒരു
 കുടിൽ
കിണർ
പെണ്‍കുട്ടി
    രാവിലെ
കുന്നിറങ്ങിപ്പോയ
   പെണ്‍കുട്ടി
തിരിച്ചു വന്നില്ല
     ഉച്ചക്ക്
കുടിവിട്ട് കുടിലുമിറങ്ങി
പ്പോയി
     വൈകുന്നേരം
കിണറിനെ തനിച്ചാക്കി
കുന്നും
     പിന്നെ
വന്നവർ വന്നവർ കണ്ടു
മരിച്ച കിണറിന്റെ
കല്ലറ 

ഷാപ്പിൽ




മറിയാമ്മ പെണ്ണിന്റെ മാറുപോലെ
ഞാനിപ്പം പൊട്ടുവേ  എന്നുപറയുന്ന
വലിയ ചക്കയുള്ള പ്ലാവിന്റെ കടയ്ക്കൽ
മുള്ളുമ്പോൾ
കയ്യാല കയറി ഒരു ഒച്ചവന്നു
മൂത്രത്തിന്റെ നനഞ്ഞ നാവു
വിരലിൽ തൊട്ട് ഇക്കിളിയാക്കി
കയ്യലക്ക് അപ്പുറം പൂത്തുനില്ക്കുന്ന
വാക്കുകളിലെക്കെത്തിനോക്കി
അന്തിക്കുള്ള പതിവ്  കുപ്പിക്ക്‌
ഷാപ്പിൽ കയറിയപ്പോൾ
മറിയാമ്മ പെണ്ണിന്റെ ചിരിയിൽ-
 തട്ടി വീണ്
മൂന്നു കുപ്പി അകത്താക്കി
ഇരുട്ട് കോട്ടുവായിട്ടപ്പോൾ
വിയര്പ്പ് ചുരത്തിയ ഉപ്പ്
മറിയാമ്മ പ്പെണ്ണിന്റെ ഞൊറി-
വയറിൽ തീർത്ത അരഞ്ഞാണം
ഊർന്നു വീണപ്പോൾ
കാറ്റു പിടിച്ച കരിയിലപോലെ
കുന്നിറങ്ങി പ്പോയി

2014, മാർച്ച് 28, വെള്ളിയാഴ്‌ച

കുന്ന്


വള്ളിട്രൌസറിട്ടു
വള്ളി ക്കാട്ടിലെക്കെന്നുമവൻ കയറി
കൊട്ടക്കായ പറിക്കാൻ
കാടിനോടും,കാറ്റിനോടും
കളികൾ  പറഞ്ഞു
കുത്തനെ നില്ക്കുന്ന കുന്നിനെ
കൊഞ്ഞനം കുത്തി
കുന്ന് കളിയാക്കി ചിരിക്കുന്നെന്നു
പരിഭവം പറഞ്ഞു
വള്ളി ട്രൌസർ മാറി 
പൊടിമീശയും പരുക്കാൻ മുണ്ടുമായി
മനസ്സിനെ മുല്ലപ്പൂപോലെ പറിച്ചെടുത്ത്
മുയൽ കുഞ്ഞായി മേയാൻ വിട്ടു
പ്രണയം പൈൻ മരംപോലെ
തൂതപ്പുഴയും ,കല്ലായിപ്പുഴയും കടന്നു
നിളയിലൂടെ നീണ്ടു വളഞ്ഞു പോയി
കുന്നിനെ ക്കുറിച്ച്  ഒരു  കുന്ന്
ചിന്തയുമായി അവനിന്ന് വന്നു
വാക്കിന്റെ കൂർത്ത കല്ലുകൾ 
കുന്നിലെക്കെറിഞ്ഞു
കുന്ന് കുഞ്ഞു നാളിലെന്നപോലെ
ചിരിച്ചു നിന്നു
കുന്ന് കലഹിക്കാതെ കുനിഞ്ഞു നിന്നു
അവന്റെ യന്ത്ര കൈകൾ പലപാട് പാഞ്ഞു
കുന്ന് നിന്നയിടം ഇന്നവന്റെ
സ്മാരക മന്ദിരം

നമ്മുടെ ശത്രു നാം തന്നെ



കന്നുകൾ മേയുന്ന കുന്നും
കാട്ടു ചോലയൊഴുകുന്ന ചേലും
തടവും തടിനി കുളവും
കുഞ്ഞു കൂവലും വെള്ളരിപ്പാടവും
കൊക്കുകൾ കൊക്കുന്ന കൂറ്റും
കൊഞ്ചി വന്നെത്തുന്ന കാറ്റും
അക്ഷികൾക്കുത്സവ  മല്ലോ എങ്ങും
അഞ്ചിത മാർന്നൊരീ കാഴ്ച 
എന്നാൽ ;
കേളികളാടിടുന്നെങ്ങും ഇന്ന്
കാളിമയാര്ന്നുള്ള  വാഴ്ച
കേവലാ,നന്ദത്തിനായി
എല്ലാം വിറ്റു തുലയ്ക്കുന്നു നമ്മൾ 
ആര്ത്തിയാൽ അർത്ഥത്തിനായി 
എല്ലാം വെട്ടി മുറിക്കുന്നു നമ്മൾ
കര ചരണങ്ങൾ അറുത്ത്
കൊല്ലുന്നു നമ്മളെ നമ്മൾ 

2014, ജനുവരി 25, ശനിയാഴ്‌ച

ജീവിതം വരഞ്ഞ ചിത്രകാരൻ



 
നമ്മൾ വിചാരിക്കുന്നത് പോലെയുന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നീണ്ടു മെലിഞ്ഞ് ,മുന്നോട്ടല്പ്പം വളഞ്ഞ്‌
വെളുത്തയാളല്ലേ
ചുണ്ടിലെപ്പോഴുംചെറു ചിരി പൂത്തൊരാൾ
ആരോടുമങ്ങനെ വർത്തമാനമൊന്നും
പറയില്ല
എന്തെങ്കിലും ചോദിച്ചാൽ
അതിനുമാത്രം. പിന്നെ ഊൗ ,,,ഹും
കമാന്ന് മിണ്ടില്ല
ഉരുളി വാങ്ങി വെച്ചതുപൊലെ
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
അടിവെച്ചടിവെച്ച്  അളന്നളന്നുള്ള നടത്തം
ആരെയാണ് ആകർഷിക്കാത്തതു
കുലീനത്വമുളള ആ ഭാവം ആരെയാണ്
ഒന്ന് പിടിച്ചു നിർത്താത്തതു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
ഈ നാട്ടുകാരനൊന്നുമല്ല ആർക്കും
പരിചയമൊന്നുമില്ല
എങ്ങുനിന്നോ വന്നു പുഴക്കരയിലെ
ആ കുഞ്ഞു വീടുവാങ്ങി
താമസമാക്കിയിട്ട്  ആഴ്ചകളേയായിട്ടുള്ളൂ
ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള
ആ പെണ്‍കുട്ടി അയാളുടെ മകളൊന്നു
 മായിരിക്കില്ല
പുറത്തൊന്നുമിറങ്ങാറില്ല
വസ്ത്രം കഴുകുന്ന നനക്കല്ലിനരികിൽ
ഒരിക്കൽ കണ്ടിരുന്നെന്ന് ചിലർ പറഞ്ഞു
കണ്ടാൽ കണ്ണെടുക്കില്ലെന്നു കേട്ടു
പൊതു വഴിയൊന്നുമല്ലല്ലൊ എപ്പോഴും
 പോയിനോക്കാൻ
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലർ അങ്ങിനെയാണ്
എവിടെനിന്നെങ്കിലും തട്ടി ക്കൊണ്ടു വന്നതാവും
അയാള് ഒരു ക്രൂരനോ തീവ്ര വാദിയോ ആയിരിക്കും
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചെയ്തിരിക്കും
കണ്ടില്ലേ'വെട്ടൊന്ന് തുണ്ടം രണ്ടു' എന്ന്
പറഞ്ഞത് പോലെ
തലയും ഉടലും വേറിട്ട്‌
തുറിച്ചു നോക്കുന്ന കണ്ണിൽ രക്ഷപ്പെടാനൊരു ശ്രമം
തെറിച്ചു നില്ക്കുന്ന പോലെ
അപ്പോഴും ചെറു ചിരിയുമായി അയാൾ നില്ക്കുന്നു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നോക്കൂ എന്ത് റിയാലിറ്റിയാണ്  ഈ  ചിത്രങ്ങൾക്ക്
ആരായിരിക്കും ഈ ജീവിതത്തെ ഇങ്ങനെ
വരഞ്ഞിട്ടുണ്ടാവുക
പേരുപോലു മറിയാത്ത ആ ചിത്രകാരൻ
ഏതു കാലത്തായിരിക്കും
ഈ കാലത്തെക്കുറിച്ച്  വരഞ്ഞിട്ടുണ്ടാവുക
കാണാതെ കാണുകയും
പറയാതെ പറയുകയും ചെയ്യുന്ന
ഈ പച്ചയായ ജീവിതം
നമ്മുടെ തന്നെയല്ലാതെ
പിന്നെയാരുടെതാണ്
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്

മാവുമരത്തിന്റെ നെടുവീർപ്പ്




മനസ്സിന്റെ സ്ക്രീനിലേക്ക്
കവിത, ചിത്രങ്ങൾ പോലെ
കൊഴിഞ്ഞു വീണപ്പോൾ
കൊതിയോടെ കവിത എഴുതുവാൻ
കടലാസും പേനയുമായി ഞാനിരുന്നു
നേരിയ വിറയലോടെമാവുമരം കരം നീട്ടി
വീടിന്റെ മുകൾ ഭാഗം സ്പർശിക്കുവാൻ
ശ്രമിച്ചുകൊണ്ടിരുന്നു
ചുഴിഞ്ഞു വന്നൊരുകാറ്റ്  മരത്തെ
ചുറ്റിപ്പിടിച്ച്
അവളുടെ സ്വന്തമായവയെല്ലാം
പിച്ചിചീന്തുവാൻ ശ്രമിച്ചപ്പോൾ
നിഴലിനെ വാരിയെടുത്തവൾ
മേലാകെ പുത്തച്ചുനിന്നു
ശരത്കാലത്തിൽ കൊഴിഞ്ഞു വീഴുന്ന
യിലകളെപ്പോലെ
മോഹങ്ങളുടെ കൊയ്തെടുത്ത കറ്റകൾ
വീണു തകരുമെന്നൊർത്തപ്പോൾ
അവസാന ശ്രമമെന്നനിലയിൽ
അവളൊന്നു പിടഞ്ഞു
പിടിവിട്ട കാറ്റ് പിന്തിരിഞ്ഞു നോക്കാതെ
പാഞ്ഞു പോയി
ഞാൻ പേനയെടുത്ത് വാക്കുകളെ
കുടഞ്ഞു കുടഞ്ഞു
ആകാശത്തെ കറുപ്പിച്ചു  
കത്തിച്ചു വെച്ച നില വിളക്കിൻ
തിരിയുടെ കറുത്ത പാടുകൾ പോലെ
കവിത കടലാസിൽ പടർന്നു നിന്നു
അപ്പോൾ പുറത്ത് മാവുമരം
നെടുവീർപ്പിട്ടതിന്റെ നേരിയ കുളിരല
എന്നെ വന്നു തൊട്ടു  

മുപ്പത്തിരണ്ട് പല്ലും മുളക്കാത്തവർ




അഞ്ചുവീടും ആദ്യത്തെ വളവും കഴിഞ്ഞാൽ
അയമുക്കയുടെ വീടായി
ഞായറാഴ്ച എന്നും പാത്തുവിന്റെ പുയ്യാപ്ല
പോത്തിറച്ചി കൊണ്ടുവരും
അയമുക്കാന്റെ ഒഴിഞ്ഞ പറമ്പിൽ
ആരോരുമറിയാതെ ഞാൻ കാത്തിരിക്കും
കാറ്റിന്റെ കൈയിൽ നിന്നും
പോത്തിറച്ചി തിളയുടെ മസാലമണംവാങ്ങി
ഉമിനീരിന്റെ ഉറവയിലിട്ട്
ആദ്യരസം ഞാൻ നൊട്ടിനുണയും
പാത്തുവിന്റെ പുയ്യാപ്ലക്ക്
പോത്തിന്റെ നിറം
പോത്തൻ കണ്ണുകൾ
പോത്തക്കൻ മീശ
കാണാനൊരു പോത്തൻ
പോത്തിറച്ചി തിന്നു പുയ്യാപ്ല
പോത്തുപോലുറങ്ങുന്ന നട്ടുച്ചയിൽ
പാത്തു തട്ടത്തിന്റെ മട്ടത്തിലു
പോത്തിറച്ചി കെട്ടി
പതുങ്ങി പതുങ്ങി പറമ്പിലേക്ക് വരും
വായിൽ കിടന്നു പോത്തിറച്ചി
ചളിയിൽ നിന്ന് കാലു വലിക്കുമ്പോലെ
ചൾകോം,പുൾകോം ഒച്ചവെയ്ക്കും
കടിക്കുമ്പോൾ തെറിക്കും റബ്ബറുപൊലെ
പാത്തു  പുയ്യാപ്ലക്ക് പോത്തിന്റെ ചൂരെന്നു
പായാരം പറയും
കെട്ടിപിടിക്കുമ്പോൾ വെട്ടുപോത്തിന്റെ
മട്ടെന്നു അടക്കം പറയും
മണ്ണപ്പം ചുടാനും,പീട്യക്കച്ചോടം കളിക്കാനും
കൊതിയെന്നു സങ്കടൽ തിരയടിക്കും
പാഠബുക്കിലെ മയിൽ‌പീലി പെറ്റോന്ന്
ആഹ്ലാദപ്പെടും
ഒരു കാര്യത്തിൽ പുയ്യാപ്ലയും ഞാനും
തുല്ല്യരെന്നു
പാത്തു സമാധാനപ്പെടും
രണ്ട്പേർക്കും മുളചിട്ടില്ല ഇതുവരെ
മുപ്പത്തി രണ്ടു പല്ലും

സ്നേഹത്തിനു ഉപ്പുരസം



പിറന്ന അന്നു മുതൽ പശുക്കുട്ടിയെ
അച്ഛൻ വിളിച്ചു തൊപ്പേ...
അമ്മ വിളിച്ചു തൊപ്പച്ചി...
അവൻ വിളിച്ചു ചൊപ്പച്ചീ...
അവന്റെ കാലിൽ ചാണക മിട്ടു
അമ്മയുടെ മടിയിൽ മൂത്രമൊഴിച്ചു
അച്ഛന്റെ കാലിൽ നുരയുന്ന പതയിറ്റിച്ചു
അമ്മ കറുകപ്പുല്ല് വായിൽ വെച്ചു കൊടുത്തു
അച്ഛൻ സ്കൂട്ടറിൽ കയറുന്നതുപോലെ
കഴുത്തിന്റെ ഇരുവശവും  കാലിട്ട് വായകത്തിപ്പിടിച്ചു
അവൻ കഞ്ഞിവെള്ളം കോരിക്കോരിക്കൊടുത്തു
വാലുപൊക്കി തലചെരിച്ചു കുണുങ്ങി കുണുങ്ങി
തുള്ളിക്കളിച്ചു പശുക്കുട്ടി
ഊർന്നുവീഴുന്ന  ട്രൌസർപൊക്കിപ്പിടിച്ച്
വാഴനാരുകൊണ്ട് ചുറ്റിക്കെട്ടി
ഇരുകാലിലും, നാലുകാലിലും തുള്ളിക്കളിച്ചു  അവനും
പശുക്കുട്ടി വളർന്നു വളർന്ന് ഒത്ത പശുവായി
അവൻ വളർന്ന് വളർന്ന് മന്ദ ബുദ്ധി കുട്ടിയായി
പശുവിനെ മേച്ചു ഒരു ദിവസം വീട്ടിലെത്തിയപ്പോൾ
അമ്മ അച്ഛനോട് പറഞ്ഞു:
പശുവിനു ഗർഭമുണ്ടെന്നു.  
ഗർഭക്കാരത്തി പശുവിനെ തല്ലരുതെന്നു
അമ്മ മകനെ ഉപദേശിച്ചു
ഗർഭമുള്ള എന്നെയും തല്ലരുതെന്നു
മകൻ അമ്മയേയും ഉപദേശിച്ചു
അയൽവീട്ടിലെ ചേച്ചി  ഗർഭിണിയായപ്പോൾ
എന്തൊക്കെ പുകിലായിരുന്നു
ചേച്ചിയുടെ അച്ഛൻ ഊരിയ കത്തിയുമായി
ഓടുന്നത് അവൻ മനസ്സിൽ കണ്ടു
ഇവിടെ എനിക്കും പശുവിനും ഗർഭമുണ്ടായിട്ടും
അച്ഛനു ഒരു കുലുക്കവുമില്ല
അച്ഛൻ നല്ലച്ഛൻ പൊന്നച്ഛൻ എന്ന്
അവൻ മനസ്സിൽ പറഞ്ഞു
പ്രസവ മടുത്തപ്പോൾ പശുവിനെ മേയാൻ
വിടാതിരുന്നിട്ടും
അവനെന്നും രാവിലെ പ്പോയി
വൈകുന്നേരം വന്നു
രാവിലെ വെറുതെഎന്തിനാണ് പോകുന്നതെന്ന്
അമ്മ ചോദിച്ചപ്പോൾ
ഗർഭമുണ്ടായിട്ടും  എന്റെ വയർ വീർത്തിട്ടില്ലെന്നും
ഞാൻ പ്രസിവിക്കാറായിട്ടില്ലെന്നും അവൻ പറഞ്ഞു
അമ്മ പശുവിനു പേറ്റ്നൊമ്പലം കിട്ടിയതുപോലെ
അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു
കണ്ണിൽ നിന്നും പശുക്കുട്ടിയോളം വലുപ്പത്തിൽ
കണ്ണീർ തുള്ളി തുള്ളി വീണു
സ്നേഹത്തിനു ഉപ്പ് രസമെന്നു അവനറിഞ്ഞു

2014, ജനുവരി 11, ശനിയാഴ്‌ച

സന്തോഷം കൊണ്ട് മരിച്ചു പോയ ഒരാൾ




മഷിയുടെ മണം മാറാത്ത
പത്രം മടക്കി വെച്ച്
ചാടിയെഴുന്നേറ്റു
അയാൾക്ക് ആഹ്ലാദം അടക്കുവാൻ-
കഴിഞ്ഞിരുന്നില്ല
മേലുദ്യോഗസ്ഥാൻ മരിച്ചിരിക്കുന്നു
സ്ഥാനക്കയറ്റം കൈവന്നിരിക്കുന്നു
കൂട്ടിലിട്ട വെരുകിനെ പ്പോലെ
അയാൾ മുറിയിലങ്ങോട്ടു മിങ്ങോട്ടും ചാടി നടന്നു
 ശമ്പള വർദ്ധനവ്‌,ഓഫീസ് അലവൻസ്
'ഫിയോഡാർവാസിലിയേ വിച്ച് '  നെപ്പോലെ
ഹരിച്ചും,ഗുണിച്ചും,കൂട്ടിയും,കുറച്ചുംചുറ്റിനടന്നു
തുടരെ തുടരെ വന്നു കൂട്ടുകാരുടെ കോളുകൾ
ആഹ്ലാദത്തിന്റെ അലയൊലികൾ
മരിച്ചയാളെ കാണുവാനുള്ള തിടുക്കങ്ങൾ
സായാഹ്ന സന്തോഷത്തിനു
ബീവറെജിൽ നിന്നും വാങ്ങിയതിന്റെ
ഷെയർ തുക മറക്കാതെ യെടുക്കുവാനുള്ള
ഓർമ്മ പ്പെടുത്തലുകൾ  
'ഇവാൻ ഇലിയിചിന്റെ 'മരണത്തോടെ
ജോലിയിൽ സ്ഥാനക്കയറ്റം കിട്ടുവാൻ പോകുന്ന
സുഹൃത്തുക്കളുടെ ചിന്ത പോലെ
എല്ലാവരുടെതുമെന്നു അയാളോർത്തു
എങ്കിലും തനിക്കുവന്ന മഹാഭാഗ്യം...!
സന്തോഷം കൊണ്ട് ഉള്ളം തള്ളി വരുന്നതുപോലെ
അയാൾ കസേരയിലെക്കിരുന്നു
സമൂഹത്തിലെ സ്ഥാനം,ശമ്പളം ,അലവൻസ്
അലവൻസ്,ശമ്പളം, സ്ഥാനം
മരിച്ചയാൾ,മദ്യം,സായാഹ്നം
കറുപ്പ്,വെളുപ്പ്‌
വെളുപ്പ്‌,കറുപ്പ്
ഒരു നിമിഷം,ഒരോളം വെട്ടൽ
ഒരുണർച്ച
പിന്നെ തല മുന്നിലേക്കൊടിഞ്ഞ്
കസേരയിൽ ഒരു ഭാഗം ചരിഞ്ഞ്‌.........
0           0           0              0                 0
 ഫിയോഡാർവാസിലിയേ വിച്ച് -----ഇവാൻ ഇലിയിചിന്റെ സുഹൃത്ത്
ഇവാൻ ഇലിയിച് ---------ലിയോ ടോൾസ്ടോയിയുടെ ഇവാൻ ഇലിയിച്
എന്ന നോവലിലെ മുഖ്യ കഥാ പാത്രം

2014, ജനുവരി 10, വെള്ളിയാഴ്‌ച

പ്രതിസന്ധി




രാവിലെ എന്ത് കുസൃതിയായിരുന്നു -
അവൾക്ക്‌
അവളെഴുന്നേൽക്കുംപോൾ
ഞാനു മെഴുന്നേല്ക്കണം
അവൾ വായിക്കുമ്പോൾ
അരികിൽ തന്നെയിരിക്കണം
നാഴികയ്ക്ക് നാല്പ്പത് വട്ടം
അച്ഛാ...അച്ഛാ എന്ന് വിളിക്കും
എന്തിനും,ഏതിനും ഒന്നിച്ചുതന്നെ വേണം
ഇന്നു രാവിലെ പത്രം വായിച്ചതുമുതൽ
മിണ്ടാട്ടമേയില്ല
അരികിലേക്ക് അടുക്കുന്നെയില്ല
അന്യനെപ്പോലെ ഒരകൽച്ച
വന്യത മുറ്റിയ കണ്‍കൾ
കാളിമയാർന്ന മുഖം
മുഴുപ്പും,തഴപ്പുമാർന്ന ഭാഗങ്ങൾ
മൂടുവാനൊരു ശ്രമം പോലെ
മുറിയുടെ മൂലയിൽ ഇരുളിലെക്കൊരു
 ഉൾ വലിയൽ
പരിഭവിക്കാൻ മാത്രംപത്രമെന്താണ്
അവളോടു പറഞ്ഞിട്ടുണ്ടാവുക ?!
പാതി തുറന്ന പത്രത്തിൽ
പതിവിലും വലുപ്പത്തിൽ കണ്ടു
മകളുടെ മാനം കവർന്ന ഒരച്ഛനെ (കശുമലനെ)
ഈ ഒരു പ്രതിസന്ധി എങ്ങിനെയാണ് ഒരച്ഛൻ  
മുറിച്ചു കടക്കുക
അച്ഛൻ മകളിലേക്കും മകൾ അച്ഛനിലേക്കും
എത്തിച്ചേരുക
എന്ത് പറഞ്ഞാണ് സംശയം ദൂരീകരിക്കുക
ഇനി എല്ലാം മറന്നാലും
മകൾക്ക് അച്ഛനുമായുള്ള അടുപ്പത്തിന്റെ
അകൽച്ച എത്ര മാത്ര മായിരിക്കും

സ്നേഹം



കരച്ചിലിന്റെ ഒരു ചീളുയർന്നു
അവന്റെ കാതിൽ ക്കൊണ്ടു
എങ്ങുനിന്നെന്നറിയാൻ
കാത് വട്ടം പിടിച്ചു
കണ്ണ് വെട്ടം തെളിച്ചു
തെല്ലകലെ വിരിഞ്ഞ
നക്ഷത്രക്കൂണിനപ്പുറം
ഇല്ലിക്കാടിന്റെ ചില്ലകളിലൂ ടെ
അവളുടെ കണ്ണിൽ
അവന്റെ കണ്ണ് തൊട്ടു
നാടൻ പെണ്ണിന്റെ  നാണത്താൽ
അവൾ മടിച്ചു മടിച്ചു നിന്നു
അവന്റെ ഹൃദയം മിടിച്ചു മിടിച്ചു നിന്നു
ലജ്ജയുടെ വിരൽ കൊണ്ട് അവൻ-
അവളുടെ കൈയിൽ ഒന്ന് തൊട്ടു
പിന്നെ കെട്ടിപ്പുണർന്നു
പാലുപോലെ വെളുവെളുത്ത
പട്ടുപോലെ മിനുമിനുത്ത കുഞ്ഞു പൂച്ച
കണ്ടൻ പൂച്ചയുടെ മാറിൽ
ചൂടിനെന്നോണം
ഒട്ടിച്ചേർന്നു നിന്നു  

നാറാണത്ത് ഭ്രാന്തൻ




ക്ലിപ്...ക്ലോപ്...ക്ലിപ് ...ക്ലോപ്...ക്ലിപ്...ക്ലോപ് എന്ന്
കടൽക്കരയിൽ സവാരിക്കുതിര നടക്കുമ്പോൾ
ക്ലി ക്ലിക്ലി ,ക്ലു ക്ലു ക്ലു അതാ മുറ്റത്തൊരു മൈന
എന്നാ പാഠഭാഗം ഒർമ്മവരും
ടപ്‌...ടപ്‌....ടപ്‌...ടപ്‌..ടപ്‌..ടപ്‌..ശബ്ദത്തിൽ -
ഹീലുള്ള ചെരുപ്പിട്ട്
കോളേജ് വരാന്തയിലെ മാർബിളിലൂടെ
നടക്കുന്നവരെ കാണുമ്പോൾ
ലാടം വെച്ച കുതിരയെ ഒർമ്മവരും
പുല്ലു മിഠയിയുമായി ഓട്ടുമണി മുട്ടിയെത്തുന്ന
ഉന്തുവണ്ടി എത്തുമ്പോൾ
പിളർന്ന ഉന്നക്കായ ഓർമിക്കും
വലക്കാരൻ മീനിനെ കോരിയിടുമ്പോലെ
ഒരുതിര കുറേ പിരിയൻ ശംഖിനെ കോരിയിട്ട്  
വലയാഴ്ത്തുവാൻ പോയി  
ബീച്ചിലെ കാഴ്ചകാണാൻ
ബാച്ചിലേഴ്സിന്റെ ബീച്ചല് കാണാൻ
മോഹത്തിന്റെ കല്ലുരുട്ടുന്ന
നാറാണത്ത്  ഭ്രാന്താൻ ഞാൻ
എല്ലാ തയ്യാറെടുപ്പും പൂർത്തി യാകുമ്പോൾ
കുന്നിന്റെ ഉച്ചിയിൽനിന്നും
കല്ലുരുട്ടിയിടുന്ന പോലെ
ദാ.... എന്ന് പോക്ക് മുടങ്ങുന്നു
അല്ലെങ്കിൽ നമ്മളെല്ലാം
ഒരു കണക്കിന്
നാറാണത്ത് ഭ്രാന്തൻമാർതന്നെ
ഉരുട്ടി,യുരുട്ടി കയറ്റിയ ജീവിതം
ഒരു നിമിഷം കൊണ്ട് ദാ.....!
   ...................................................
ബീച്ചല് ------------മദ്യം കഴിച്ചുള്ള ആടിയാടി നടത്തം

അവളോട്




തെങ്ങിന് തടമിടുമ്പോൾ
തുള്ളി വെള്ളം താണേന്ന്
അയാൾ അവളിലേക്ക്‌ -
നിവരുന്നു
വിയർപ്പിന്റെ ഉപ്പ് കൂട്ടി
കഞ്ഞിവെള്ളം കുടിക്കുന്നു
കൊഴിഞ്ഞു വീണ വെള്ളക്കയിൽ-
നുള്ളി
അവൾ ബാല്യത്തെ ഉണർത്തുന്നു
പൂക്കുല വീണപോൽ
ചിതറിയ ചിന്തയാൽ
ഒടിഞ്ഞ കൊലഞ്ഞലുപോലയാൾ
കുനിഞ്ഞിരിക്കുന്നു
മഞ്ഞ വെയിലിന്റെ വടിയൊടിച്ചവൾ
മേഞ്ഞ മേഘത്തിൻ പിറകെ -
ചെല്ലുമ്പോൾ
വാലുയർത്തി കുതിച്ചു വന്നൊരു
കാറ്റ് വേലിയിൽ കിതച്ചു നിൽക്കുമ്പോൾ
കഞ്ഞിക്കു തീ പ്പൂട്ടാൻ കുറച്ചു കൊള്ളി-
പൊട്ടിച്ചു പോരണേന്ന,മ്മ
അടുപ്പിലൂതുന്നു

ആദർശ വാദി




ആദർശത്തെ അലങ്കരിച്
മുന്നിൽ നിർത്തുന്നു
ദർശനങ്ങൾ ദർപ്പണത്തിലെ
നിഴലുകളാക്കുന്നു
പൊള്ളത്തരങ്ങളെല്ലാം
വെളിച്ചത്തു വരുമ്പോൾ
പ്രതീകം മുന്നോട്ടെറിഞ്ഞ്
പിന്നിലേക്ക് മറയുന്നു

പ്രണയം




എട്ടാം ക്ലാസിലെ സുബൈദ
തോട്ടുവക്കിൽ കാത്തു നില്ക്കും
എട്ടും പൊട്ടും തിരിയാത്ത ചെക്കനാ
നോക്കണേ,ന്നമ്മ വിളിച്ചു പറയും
കുളുത്ത് വെള്ളത്തിൽ ചീര മുളക് -
ചാലിച്ച്
മന്ദാളംപോലെ മോന്ത കാട്ടുന്ന -
ചെക്കന്റെ
മടിയെല്ലാം മാറിയെന്നു തൊട്ട് കൂട്ടും.
പെണ്ണിന്റെ നെഞ്ചിലെ പ്രണയ-
മൊട്ടൊന്നു നോക്കിയാൽ
നാണത്തിൻനുണക്കുഴി കവിളിൽ-
പൂക്കും
മഴവന്ന നാളിൽ തോട്ടുപാലം കടന്നു
പുയ്യാപ്ല വന്നെന്നു അമ്മ പറഞ്ഞു
അന്നുപെയ്ത മഴയിലാണ്
തൊണ്ട യിടറിവീണപ്രണയം
തോട്ടിലൂടെ ഒലിച്ചു പോയത്

ഫെയ്സ് ബുക്ക് ഫ്രണ്ട്സ്




ഏറെയുണ്ട് സുഹൃത്തുക്കൾ
ഫെയ്സ് ബുക്ക് ഫ്രണ്ട്സുകൾ
ലൈക്കിന്റെ ഇക്കിളി പ്പെടുത്തലുകൾ
കമന്റിന്റെ കൊഞ്ചലുകൾ
ഷെയറിന്റെ സാക്ഷ്യപ്പെടുത്തലുകൾ
ടാഗിന്റെ കെട്ടിപ്പിടുത്തങ്ങൾ
.........................................
ഇന്നുവരെ കാണാത്തവർ
കണ്ടാലും മിണ്ടാത്തവർ
കണ്ടില്ലെന്നു നടിക്കുന്നവർ
ഫെയ്ക്ക് മുഖമേറെയുള്ളവർ
ഫെയ്സ് ബുക്ക്‌ ഫ്രെണ്ടുകൾ

മറവി





പൂച്ച വാലൻ പുല്ലു
മാടി വിളിക്കുന്നു
കള്ളാ...നിന്നെയും കാത്തല്ലേ
ഇരിപ്പ്
എന്ന് പറയുന്നത് പോലെ.
കാലമെത്ര കഴിഞ്ഞു
നീയും കാണാത്ത പോലെ കഴിഞ്ഞു.
കുഞ്ഞുനാളിൽ കളി പറഞ്ഞും
കുഴമറിഞ്ഞു മെത്രനാൾ നാം കഴിഞ്ഞു.
പിന്നെ നീ മറന്നു.
ഇന്നു നീവന്നു
മറന്നു പോയവർക്കിടയിൽ നിന്നും
മറക്കാതെ വന്നു .

തിരഞ്ഞു വരവ്





രണ്ടു ദിവസം മുന്പാണ്
രക്ത ഗ്രൂപ്പ് നോക്കി
അവർ അവനെ തിരഞ്ഞു വന്നത്
പിടയുന്ന സിരയിലേക്ക്
പുതു ജീവനൊഴുക്കാൻ.
ഇന്ന് മത ഗ്രൂപ്പ് നോക്കി
അവരവനെ തിരഞ്ഞു വന്നു
സിരയിലെ രക്തത്തെ
മണ്ണിലേ ക്കൊഴുക്കുവാൻ

വാക്ക്



വാക്ക് വാണം പോലെയാണ്
കുതിച്ചു പായും
പിടിച്ചു നിർത്തുവാൻ കഴിയില്ല
വീണു പോയാൽ
തിരിച്ചെടുക്കുവാൻ കഴിയാത്തത് വാക്ക്
വാക്കുകൾക്ക് എവിടേയും ഒറ്റയ്ക്ക്
സഞ്ചരിക്കുവാൻ കഴിയും
വാക്കിന്റെ ഒരറ്റം രക്തത്തിൽ
കുതിർന്നിരിക്കുന്നു
വാക്ക് ഊക്കാണ്
തീക്കാറ്റാണ്

ച്ഛർദി





കള്ള് കനക്കുമ്പോഴാണ്
അവന്റെ ഉള്ളമുണരുക
പിള്ള മനസ്സ് പിടയുക
തള്ള വാക്കുകൾ തള്ളുക
കടിച്ചാൽ പൊട്ടാതവ
തൊട്ട് നക്കുക.
മണ്ണിൽ മുട്ടാത വേരുകൾ
ശൂന്യതയിൽ പടർത്തുന്ന-
 മരത്തെപ്പോലെ
ആടിയാടി നടക്കുമ്പോഴാണ്
ബ്യൂറോ ക്രസി,ബൂർഷ്വാസി-
സാമ്രാജ്യത്വം,അരാചകത്വം
എന്നൊക്കെ
ഊക്കിൽ ച്ഛർദിക്കുക

മഴ




കാറ്റിന്റെ വാലും പൊക്കി
മഴ കുന്നിറങ്ങി
മല തല തുവർത്തി
ഞെളിഞ്ഞു നിന്നു
ചേക്കേറു ന്നൊരു കാക്ക
ചോപ്പാർന്ന പഴമെന്നു കരുതി
സൂര്യന്റെ കണ്ണ് കൊത്തി പൊട്ടിച്ചു
ചീവീടുകളുടെ ചൂളം വിളിയിൽ
ലാസ്റ്റ് വണ്ടിയായ് ഞാൻ കുതിച്ചു
മഴയും ഞാനും വീട്ട് മുറ്റത്ത്
വീണു കിതച്ചു
ആടിവരുന്ന,യച്ഛന്റെ
തെറി കേട്ടായിരിക്കണം
മഴ വേഗമെഴുന്നേറ്റ് നടന്നുമറഞ്ഞു
ഉമ്മറക്കൊലായിൽ
ഒതുങ്ങിനിന്ന അമ്മ
അച്ഛന്റെ തെറിമഴയിൽ
നനഞ്ഞു വിറയ്ക്കുന്നു

വയനാട്ടിൽ




ഉണർന്നെഴുന്നേറ്റ
കാട്ടു മൂപ്പനെപ്പോലെ
തലയുയർത്തിനില്ക്കുന്നു
കുടവയറൻ കുന്ന്
ജപിച്ചൂതിയ ചരടുപോലെ
നീണ്ടു വളഞ്ഞ് റോഡ്‌
കോടിപുതച്ച കാട്ടു പെണ്ണിനെ -
പ്പോലെ
കോടപുതച്ച കാട്
കാട്ടുതേൻ ഗന്ധമായ്
മന്ദമായെത്തും കാറ്റ്.
മീവൽ പക്ഷിയായ് മനസ്സ് കുതിക്കുന്നു
മണ്ടി മടുത്തപോൽ വണ്ടി കിതയ്ക്കുന്നു
ചരിഞ്ഞ ചായതോപ്പിൽ
പൂത്തു നില്ക്കുന്നു വെയിൽ ചില്ലകൾ  
കുറുവതൻ കരളിലൊരു
കബനി പിടയുന്നു
കഴിഞ്ഞ കാലം സിരകളിൽ പടരുന്നു
ഉദയ പർവ്വതം പൂത്തു നില്ക്കുന്നു
വിപ്ലവത്തിൻ സൂര്യ പട മുയർത്തുന്നു
നടത്തുന്നു ഫോസെറ്റ്  ശിലായുഗത്തിലേക്ക്
അമ്പ്‌ കുത്തി മലയിൽഇടയ്ക്കൽ ഗുഹയിലേക്ക്
ചിന്തയുടെ ചുമരിൽ ശിലാ ലിഖിതമിഴയുന്നു
വട്ടെഴുത്തും കോലെഴുത്തുമായ്  
പെരുക്കങ്ങൾ പിടയുന്നു
ലാസ്റ്റ് പോയന്റിൻ ആഴങ്ങളിലേക്ക്
ആകാംക്ഷ കണ്ണിനെ ആഴ്ത്തിയിറക്കുന്നു
പിടയ്ക്കുന്നു പൂക്കോടൻ
പരൽ പോലെ ഓർമ്മകൾ
തുടിക്കുന്നു ഹൃദയത്തിൽ ഒരു നീലയാമ്പൽ .
എത്രയും പഠിച്ചിട്ടും
ഇത്രയും വേണ്ടിവന്നു
ചരിത്രത്തിന്റെ ഒരു മഞ്ഞുകണം
മനസ്സിലിരുന്നു കുളിരാൻ  
 ......................................................
കുറുവ--കുറുവ ദ്വീപ്‌
കബനി-----കബനി നദി
ഫോസെറ്റ്---1894  ൽ മലബാറിലെ ജില്ലാസൂപ്രണ്ട്
ലോക ജന ശ്രദ്ധയിലേക്ക് എടയ്ക്കൽ ഗുഹയെ കൊണ്ടുവന്നു
ലാസ്റ്റ് പോയന്റ് ---------ഗുഹയുടെ ലാസ്റ്റ് പോയന്റ്
പൂക്കോടൻ  പരൽ----------പൂക്കോടൻ തടാകത്തിൽ മാത്രം കാണുന്ന പരൽ