malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ജനുവരി 30, തിങ്കളാഴ്‌ച

ഹരിശ്രീ




ഇന്ന്

എഴുത്തിനിരുത്ത്

അരിയിൽ

അശ്രുബിന്ദുവിൻ

അകമ്പടിയാൽ

നടുവിരലാൽ ഹരിശ്രീ

നാവിൽ പൊന്നുകൊണ്ടും


അവന് ആത്മവേദന

കാണികൾക്ക്

പൊട്ടിച്ചിരി

ദു:ഖത്തിൽ നിന്ന്

ആദ്യ പാഠം


കണ്ണീർ ചാലിട്ട കവിളിൽ

അമ്മയുടെ മുത്തം

അമ്മയെ അമർത്തിപ്പിടിച്ച്

ആകാശത്തിലേക്കു നോക്കി


സൂര്യ നാളത്തിൻ മുട്ടകൾ

ആട്ടി കളിക്കുന്ന

കാറ്റിലെ ഇലകൾ

ആദ്യത്തെ

സ്വാതന്ത്ര്യ പ്രഖ്യാപനം


ഇനിയവൻ

പരന്ന സ്ലേറ്റിൽ

കല്ലുപെൻസിലിൻ

കാഠിന്യം കാട്ടും


അറിവിൻ്റെ

വളവും, തിരിവും അറിയും

ജീവിതം

പി ( പ) ച്ച വെയ്ക്കും


2023, ജനുവരി 28, ശനിയാഴ്‌ച

ഉത്തരാധുനികം


ഉയിർത്തെഴുന്നേറ്റവനെ
ഉറ്റുനോക്കുന്നു
ഒറ്റുകാരൻ

ചിലമ്പി നിന്ന
വെള്ളിക്കാശുകൾ
കലമ്പിക്കൊണ്ടിരിക്കുന്നു

ഉയിർത്തെഴുന്നേറ്റവന്
ഉടജം പണിയുന്നു
ഒറ്റുകാരൻ

വറ്റിപ്പോയ രക്തത്തിൻ
ലഹരിയിൽ
ഉയിരു ചായ്ക്കാൻ
കല്ലറ തേടുന്നു
ഉയിർത്തെഴുന്നേറ്റവൻ

ഒറ്റുകാരൻ നീണാൾ വാഴട്ടെ...
ഉയിർത്തെഴുന്നേറ്റവൻ മൂർദ്ധാബാദ്

2023, ജനുവരി 26, വ്യാഴാഴ്‌ച

ഏകവചനം




ഓടിവന്ന ഓർമ

കാലപ്പഴക്കത്തിൻ്റെ

കാഞ്ചി വലിക്കുന്നു


ചിന്തകൾ പൊട്ടിച്ചിതറി

പരശതം തുരുത്തുകൾ

പണിയുന്നു


ചുവന്നു നനയുന്നു ഉള്ളകം

കത്തിപ്പടരുന്നു ഗ്രീഷ്മം

ഉള്ളിലൊരു പൊള്ളും കൊടുങ്കാറ്റ്

മൂളുന്നു


അമ്പേറ്റിരിക്കുന്ന അംബുദം

അങ്കണം നിറയെ രക്തം

പക്ഷമറ്റ പക്ഷി

വൃക്ഷം നോക്കിയിരിക്കുന്നു


തിരിച്ചറിവില്ലാത്ത കാലം

കരകവിഞ്ഞൊഴുകുന്നു

ഇല്ല  ;

എനിക്കായൊരു ഇളങ്കാറ്റ്

ഏകവചനത്തിൻ്റെ

ഏകാധിപതി ഞാൻ

2023, ജനുവരി 24, ചൊവ്വാഴ്ച

ചില നിമിഷങ്ങൾ


ഉള്ളുലഞ്ഞു മുറിഞ്ഞു പോകുന്ന

ചില നിമിഷങ്ങളുണ്ട്

എല്ലാ വഴികളും പട്ടു പോകുന്ന

നിമിഷങ്ങൾ

ജീവിക്കാൻ ഒരു കാരണത്തിനായ്

കാത്തിരിക്കുന്ന നിമിഷങ്ങൾ


നിമിഷങ്ങൾക്ക് ചോരമണമെന്ന്

തോന്നുന്ന നിമിഷങ്ങൾ

നമ്മിൽ നിന്ന് നാം പടിയിറങ്ങി

പോകുന്ന നിമിഷങ്ങൾ'

വാക്കുകൾ വറ്റിപ്പോകുന്ന

ഉറവകൾ ഉടഞ്ഞുപോകുന്ന

നിമിഷങ്ങൾ


ഏതൊരാൾക്കും

ഉള്ളുണർന്ന് പൂത്തു നിൽക്കുന്ന

ചില നിമിഷങ്ങളുണ്ട്

2023, ജനുവരി 23, തിങ്കളാഴ്‌ച

ജീവിത പാളം


നേർവരയെന്നു തോന്നുന്ന
ജീവിത പാളത്തിലാണ് യാത്ര
തൊട്ടു പിറകിലുണ്ട് മരണ -
ത്തിൻ്റെ റെയിൽ

സൂക്ഷിച്ചു നടക്കുന്നുണ്ട്
എല്ലാവരും
ചിലർ നടക്കാൻ തുടങ്ങു-
മ്പോഴേ
മറിഞ്ഞു വീണ് കീഴടങ്ങുന്നു
ചിലർ പാതി വഴിയിൽ

ചിലർ ഓട്ടത്തിലാണ്
ചിലർ വളരെ ഉയരത്തിൽ
ഏത് ഉയരത്തിലും എത്തും
മരണത്തിൻ്റെ റെയിൽ

ഒരിക്കലും വണ്ടിയെത്തില്ലെന്നു
തോന്നുന്ന ചിലരുണ്ട്
ശുഷ്കിച്ച് ചുക്കിച്ചുളിഞ്ഞ്
കൂനിക്കൂടി
എത്ര മരണത്തിന് താത്കാലിക
സാക്ഷയിട്ടു
എത്ര മരണത്തിന് സാക്ഷിയായി

നടന്നു കൊണ്ടേയിരിക്കുന്നു
ജീവിതം
മരണത്തിൻ്റെ റെയിൽ
മുന്നിലേക്ക് കുതിച്ചു കയറുന്ന -
തുവരെ

2023, ജനുവരി 21, ശനിയാഴ്‌ച

മറ്റെന്തുണ്ട്

ഏകാന്തതയുടെ നേരങ്ങളിൽ

ഓർമ്മകളുടെ മുള്ളുകുത്തുമ്പോൾ

സ്വയം ഉടലൂരി വിടുന്നു ഞാനെന്നെ

ചോര പൊടിയുന്ന ചിന്തകൾ -

ചിറകിട്ടടിക്കുന്നു


അത്രയും സ്നേഹമുണ്ടായിട്ടും

'ശരിക്കും സ്നേഹമുണ്ടോ' -യെന്ന

നിൻ്റെയാ മുഖം കോട്ടലുണ്ടല്ലോ

ജീവിതത്തിൻ്റെ വെളുമ്പിൽ നിന്ന്

എന്നെ എനിക്ക് നുള്ളിയെറിയാൻ -

തോന്നുന്നു


വിതുമ്പുന്ന വിഷാദം

തോളിൽ കൈയിട്ടുവിളിക്കുമ്പോൾ

ഒന്നും മിണ്ടാതെ തലകുനിച്ചു ഞാൻ

കൂടെ നടക്കുന്നു


എങ്കിലും;

നിൻ്റെ ഓർമകളാണ്

എൻ്റെ ജീവിതത്തിന്

കൽക്കണ്ട മധുരം പകരുന്നത്


വിരൽത്തുമ്പു പിടിച്ചു നടത്തുന്നത്

മിഴിച്ചിരിയും, ചുണ്ടിലേ പാട്ടുമാകുന്നത്

ചോർന്നു പോകാതെ ചേർത്തു പിടി -

ക്കുന്നത്

ഒറ്റവരി കവിതയായ് ഓർമയെ ചുവപ്പി -

ക്കുന്ന ചുംബനമാകുന്നത്


നിൻ്റെ ഓർമ്മകളല്ലാതെ മറ്റെന്തുണ്ട്

എൻ്റെ ജീവിതത്തെ

നിറയ്ക്കാനും .നനയ്ക്കാനും


2023, ജനുവരി 20, വെള്ളിയാഴ്‌ച

ചെറിപ്പഴവും, മുന്തിരിവള്ളിയും




പ്രിയേ,

മോഹത്തിൻ്റെ ചെറി മരങ്ങളിൽ

പ്രണയത്തിൻ്റെ പഴങ്ങൾ തുടുക്കുന്നു

ജനുവരിയിലെ മഞ്ഞു തരികൾ പോലെ

ആവേശം മുളച്ചുപൊന്തുന്നു


മുന്തിരി വീഞ്ഞിൻ വീര്യം പകർന്നു തരുന്ന

നിൻ്റെ ചൊടികളിൽ

പകലിരവുകളില്ലാതെ എനിക്കൊരു

ചിത്രശലഭമാകണം

മുന്തിരിവള്ളിതൻ തണലായ്

മാറിൽ തലചായ്ച്ചു മയങ്ങണം


നീറുന്ന ഓർമകളെ മറക്കണം

നറും പുഞ്ചിരി നീയെന്നിൽ നിറക്കണം

ദുഃഖത്തിൻ്റെ ഏറുമാടത്തിൽ -

നിന്നുമുയർത്തി

സന്തോഷത്തിൻ്റെ തിരകൈകളായെന്നെ

മൂടണം


പ്രിയേ,

സ്നേഹത്തിൻ്റെ മൺചെരാതു കൊളുത്താം

വസന്തത്തിൻ്റെ പുതുമൊട്ടുകളാകാം

എണ്ണമറ്റ ചെറിപ്പഴങ്ങളാലൊരു കൂടൊരുക്കാം

തൂക്കണാം കുരുവികളായ് തേൻ മധുരം -

നുകരാം



2023, ജനുവരി 18, ബുധനാഴ്‌ച

തോൽവി

രാത്രിയുടെ രതിക്ക് 

ഇരുട്ടിൻ്റെ പുതപ്പ്

ചുംബനത്തിന് കാവൽ

സ്ട്രീറ്റ് ലൈറ്റിൻ മഞ്ഞ

വെളിച്ചം


സ്പർശമറിയാത്ത

മരവിച്ച ശരീരം

സീൽക്കാരം മറന്ന

ക്ഷീണിച്ച മനസ്സ്


ആഗ്രഹം കൊണ്ട്

ചുമന്നിരുന്നില്ല ഒരിക്കലും

നിൻ്റെ വിഴുപ്പ്


വിശപ്പിൻ്റെ വാശിയായിരുന്നു

എൻ്റെ ഓരോ തോൽവിയും


2023, ജനുവരി 17, ചൊവ്വാഴ്ച

കാണാതായത്


ഇന്നലെ
താളാം ചപ്പിലെ
ഉപ്പിലിട്ട മാങ്ങ പോലെ
തൊട്ടു നക്കിയ
സ്നേഹവും സമാധാനവും

വാക്കുകൾ
വേച്ചുവേച്ചു നടന്ന
ഇടവഴിയുമാണ്
ഇന്ന് കാണാതായത്

2023, ജനുവരി 16, തിങ്കളാഴ്‌ച

അഭിരുചി




ഭയമരുത്

അഭയം

അകലെയാകുമ്പോൾ


ചുരത്തിനപ്പുറത്തെ

ചരിവിൽ

ചിരിയുടെ കുഞ്ഞുവീട്


ജീവിതച്ചുരമേറവേ

ഇടറിവീണവരുടെ

തലയോട്ടിയും, എല്ലും

കൈത്താങ്ങ്


അഭയത്തിന്

ആക്രന്ദവും

പ്രാർത്ഥനയും കൂട്ട്


അഭയമെത്തിയാൽ

ആത്മവിശ്വാസത്തിൻ്റെ

അഹന്തയാൽ

അഭിരുചിയിൽ മാറ്റം




2023, ജനുവരി 15, ഞായറാഴ്‌ച

തിരസ്കൃതൻ




രാവിൻ്റെ പുള്ളിപ്പുലി കാടുകയറി

അശാന്തിയുടെ തീരത്ത്

തിരസ്കൃതനാമീ ഞാൻ


സ്നേഹം തിരസ്കരിച്ചവൾ

സൗഹൃദത്തിൻ്റെ ഉമ്മറപ്പടിവാതിലും

കൊട്ടിയടച്ചു


പടമുയർത്തിയ സർപ്പം

പിളർന്നാവ് ഉളളിലേക്കിട്ട്

മടങ്ങിപ്പോയി

കൊടിയുയർത്തിയ ജീവൻ

കരിന്തിരി പോലെ

പുകഞ്ഞു കത്തിത്തുടങ്ങി


പടിവിട്ടിറങ്ങുമ്പോൾ

പിറകേനിന്നു പിടിക്കാൻ

ഇല്ല കുഞ്ഞുകൈകൾ

അരുതെന്നു പറഞ്ഞ്

അണച്ചു പിടിക്കുവാൻ

പെണ്ണിൻ്റെ പൊള്ളും ഉമ്മകൾ


നിനക്കൊരു പൂക്കാലം

ആശംസിക്കുന്നു

എനിക്ക് ഗ്രീഷ്മവും

2023, ജനുവരി 12, വ്യാഴാഴ്‌ച

മരണാനന്തരം


മരണാനന്തര ജീവിതത്തിൽ
കണ്ടുമുട്ടിയ രണ്ടു മത്സ്യങ്ങളിൽ
ഒന്നാമൻ രണ്ടാമനോട്:

ചൂണ്ടക്കൊളുത്തിൽ കുരുങ്ങി കഴിയുമ്പോൾ
ജീവിതത്തിൻ്റെയും മരണത്തിൻ്റേയും
വിളുമ്പിൽ കിടന്നുള്ള ഒരു പിടച്ചിലുണ്ട്

ശാന്തമായ കടൽ ഇളകി മറിയുന്നതു പോലെ
കടലിനുള്ളിലെ പച്ചക്കാടുകൾക്ക്തീപിടിക്കുന്ന
തു പോലെ
പിന്നെ ,
വേലിയേറ്റംകൊള്ളുന്ന കടൽ പോലൊരിളക്കം

മനസ്സിലപ്പോൾ യാത്രയാണ്
ദൂരമിനി ബാക്കിയില്ലെന്നറിഞ്ഞിട്ടും
ജീവിതമിന്നോളമുള്ള യാത്ര
ദുരിതങ്ങളും, ദൂരങ്ങളും താണ്ടിയുള്ള യാത്ര

ദൂരങ്ങളിത്രയും താണ്ടിയിട്ടും
എവിടെവരെയെത്തിയെന്ന തിരിച്ചറിവ്
ശ്വാസം കിട്ടാതെയുള്ള ഓരോ പിടച്ചിലും
ഓരോ യാത്രയായിരുന്നു
ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ ഒടുക്കത്തെ യാത്ര

ഒടുക്കം;
ശാന്തമായ കടൽ പോലെ
ആകാശമിറങ്ങി വരുന്നു
ജീവിതത്തിൻ്റേയും മരണത്തിൻ്റേയും
കാന്ത സീമയിലേക്ക് ഉയർത്തപ്പെടുന്നു
ഇളംതണുപ്പാർന്ന ജലസുഖത്തിൽ ലയിക്കുന്നു

ഒരു പുത്തൻ വഴി വന്നു വിളിക്കുന്നു !
യാത്ര
വീണ്ടും യാത്ര.....

2023, ജനുവരി 11, ബുധനാഴ്‌ച

പാഴ്കിനാവ്


വന്യമാകും വാനിടത്തിൽ കന്യയെപ്പോലെ
പാതി വാതിൽ ചാരിനിൽക്കും ഒറ്റ നക്ഷത്രം
മണ്ണിലേക്കു നോക്കിയവൾ മന്ദഹസിക്കേ
ചന്തമാർന്ന മിഴി, വിടർന്ന പ്രണയ പുഷപം -
പോൽ

മേഘശകലം മോഹമുല്ലയായ് തൊട്ടു -
നിൽക്കുന്നു
മൗനരാഗം ഹൃത്തടത്തിൽ നൃത്തമാടുന്നു
ഗംഗ സ്നേഹഗാഥ പാടി ഉല്ലസിക്കുന്നു.
അവൾ,നാണമോടെ ഫുല്ല നയനം പൊത്തി -
നിൽക്കുന്നു

താഴെ വന്നൊരു കാറ്റു മെല്ലെ കൈപിടി -
ക്കുന്നു
സൗരഭം ചൊരിഞ്ഞു മെല്ലെ ചേർത്തു -
നിർത്തുന്നു
ള്ളിലുള്ള പ്രണയ പക്ഷി ചിറകടിക്കുന്നു
മധുരമാമൊരോർമ്മകളിൽ സഞ്ചരിക്കുന്നു

യാത്ര ചെയ്തു ഞങ്ങൾ നദി കടക്കുന്നു
സദിരു പൂത്ത പാതകൾ സാക്ഷി നിൽക്കുന്നു
പുണ്യതീർത്ഥ കരയിൽ ഞങ്ങൾ കാത്തിരി -
ക്കുന്നു
മിഴിതുറന്നാ കന്യമെല്ലെ പുഞ്ചിരിക്കുന്നു

സുഷുപ്തി മിഴിവാതിൽ തുറന്നു പുറത്തു -
പോകുന്നു
എവിടെയെന്നറിയാതെ ഞാനും വെയിലു -
കൊള്ളുന്നു
ഞരമ്പിലുമ്മവച്ചമോഹങ്ങൾ തെന്നി മാറുന്നു
പാഴ്കിനാവ് പാതി വാതിലിൻ പടി കടക്കുന്നു

2023, ജനുവരി 10, ചൊവ്വാഴ്ച

ജീവിതം

 


കാൽവരിയിലൂടെയാണ്

യാത്ര

കുരിശാണുകൂട്ട്

എന്നാണിനി ഉയർത്തെഴുന്നേ-

ൽപ്പ് !

2023, ജനുവരി 9, തിങ്കളാഴ്‌ച

കല്ലറയിൽ


ഒരിക്കലും വരില്ലെന്നു പറഞ്ഞിട്ടും
പെട്ടെന്നൊരു ദിവസം
നീയെന്നെ കാണാനെത്തി

കാലമേറെ കഴിഞ്ഞിട്ടും
മീസാൻ കല്ലിലെ കൊത്തിവെച്ച
വാക്കുകൾ പോലെ
നിൻ്റെ ഓർമകളെന്നിൽ
മായാതെ മണ്ണിലലിയാതെ
കിടക്കുകയായിരുന്നു

വരില്ലെന്നു പറഞ്ഞിട്ടും
എന്നരികിലേക്കു തന്നെ വരേണ്ടി -
വന്നതിലുള്ള ജാള്യം കൊണ്ടായിരി
ക്കണം
എൻ്റെ ചോദ്യങ്ങൾക്കൊന്നും പ്രതി -
കരിക്കാതെ
തിരിഞ്ഞു നോക്കാതെ ശിലപോലെ
നീ നിശ്ചലമായിപ്പോയത്

അപ്പോൾ ഓർമയിൽ നിന്നും
അടർത്തിയെടുക്കുകയായിരിക്കും -
നീയും
കഴിഞ്ഞകാലത്തിൻ്റെ അടരുകളെ

കാലമേറെ കഴിഞ്ഞതിനാലും
കാടുമൂടി കിടക്കുന്നതുകൊണ്ടും
കടുത്ത ശത്രുവായി കണ്ടിരുന്ന
അടുത്ത ബന്ധുക്കൾ ഇല്ലാതായതു
കൊണ്ടുമായിരിക്കണം
നിനക്കെന്നിലേക്കു തന്നെ
തിരിച്ചെത്തുവാൻ കഴിഞ്ഞത്

ഞാനെന്നെ തന്നെ നുള്ളിനോക്കുക -
യായിരുന്നു അപ്പോൾ
സത്യമോ സ്വപ്നമോയെന്നറിയാൻ
ഉള്ളിൽ നിന്നും തെള്ളി വരുന്നുണ്ടായി -
രുന്നു
അടക്കാനാവാത്ത ചിരി

മതി പ്രിയപ്പെട്ടവളെ മതി,
ജീവിതത്തിലൊന്നിക്കാൻ സാധിച്ചി -
ല്ലെങ്കിലും
മരണത്തിലെങ്കിലും ഒന്നിക്കാമെന്ന്
പറയാറുണ്ടല്ലോ
അത് യാഥാർത്ഥ്യമായിരിക്കുന്നു.

ഇപ്പോൾ നീ
ഒരു നിമിഷം പോലുമെന്നെ പിരിയുന്നി-
ല്ലല്ലോ !
അലിഞ്ഞലിഞ്ഞ് ഒന്നാവുകയാണല്ലോ.

ഓർമത്തെറ്റുകാരണമോ
പണിക്കാരൻ്റെ കുരുട്ടു ബുദ്ധിയോ
എന്തു തന്നെയായാലും
ഒറ്റ കല്ലറയിൽ തന്നെ നമ്മൾ ഒന്നിച്ചു -
വല്ലോ

എൻ്റെ അടയാളക്കല്ല്
എങ്ങോ പറിച്ചെറിയപ്പെട്ടിരിക്കുന്നു
വെള്ളക്കല്ലിൽ എഴുതി വെച്ചിരിക്കുന്നു
നിൻ്റെ പേര്

പ്രിയപെട്ടവളെ,
അല്ലെങ്കിലും, എനിക്കെന്തിന്
മേൽവിലാസം
ഞാൻ നീ തന്നെയാകുമ്പോൾ



2023, ജനുവരി 8, ഞായറാഴ്‌ച

നീയല്ലാതെ

പുലർകാല മഞ്ഞു പോലെ

നിന്നിലലിഞ്ഞില്ലാതാകണം


നിൻ്റെ മിഴിയിലെ

നക്ഷത്രമാകണം


നിൻ്റെ ചുണ്ടു പോലെ

വളഞ്ഞ വരിയായി പിറക്കണം


നിൻ്റെ മുടിയിലൊരു

ഇഴയായി മാറണം


നിൻ്റെ സിരയിൽ

എൻ്റെ ചോര ചേർത്ത്

പ്രണയമെഴുതണം


എനിക്ക്

നീയല്ലാതെ

മറ്റൊന്നുമാകണ്ട


2023, ജനുവരി 7, ശനിയാഴ്‌ച

നിലാവുപൂക്കുന്ന പ്രണയം



നിലാവുവന്നു തൊടുമ്പോൾ
നാണിച്ചുനിൽക്കുന്ന പൂവാണ് പ്രണയം
ഈറൻ ഇലഞ്ഞി ഗന്ധമുള്ള രണ്ടു പൂവുകൾ
പരസ്പരം ചുംബിച്ചു നിൽക്കുന്നു

ഇരുട്ടിൻ്റെ ഭയത്തിനെ അവർ മറക്കുന്നു
ഒരേതാളത്തിൽ ഒരേ നിർവൃതിയിൽ
അവർ പരസ്പരം മാറിലേക്കടർന്നു വീഴുന്നു
മഞ്ഞിൻ്റെ മധുരമുള്ള ചൂടിൽ കുളിരുന്നു

'പെണ്ണെ ആൺനിലാവു വന്നുതൊടുമ്പോൾ
നാണിച്ചു വിടരുന്ന ആമ്പലാണു നീ' -
ഒരു കുസൃതിക്കാറ്റുവന്നവളുടെ കവിളിൽനുള്ളുന്നു.
ഹരംപിടിക്കുന്ന നിമിഷങ്ങളിൽ മധുചഷകമായ -
വൾ മാറുന്നു

കവിത ഹൃദയംകൊണ്ടുമാത്രമല്ല
കണ്ണുകൊണ്ട്, അംഗചലനങ്ങൾകൊണ്ട്
ഉടലിൻ ഉല്ലാസംകൊണ്ടുമെഴുതുമെന്ന്
പ്രണയികൾ പറഞ്ഞുതരുന്നു

ലഹളകളേയും, സ്വേച്ഛാധിപത്യത്തേയും
ഭയന്ന മനസ്സിലേക്ക്
പരസ്പരം അധിനിവേശം നടത്തിയവർ
ഊഷരമായ മരുഭൂമിയിൽ
ഊർവ്വരത കണ്ടെത്തിയവർ

നിലാവുപൂക്കുന്ന പ്രണയത്തോളം കാല്പനിക -
മായ നിമിഷം മറ്റെന്താണുള്ളത്
അത്രമേൽ തീക്ഷണമത്രെ പ്രണയജീവിതം


2023, ജനുവരി 6, വെള്ളിയാഴ്‌ച

തറവാട്



എത്ര കാലം കഴിഞ്ഞു

ഓർമകൾ ചുരം കേറി

നിൽക്കക്കള്ളിയില്ലാതെ

പോയി ഞാനിന്നവിടെ


പഴയൊരാ വഴിയിലേക്കൊന്നി-

റങ്ങി നിൽക്കവേ

എന്നെ നീ മറന്നുവോ? -എന്ന

ഒറ്റച്ചോദ്യം

എങ്ങു നിന്നാണീ ചോദ്യം

ആരെയും കാണുന്നില്ല

തിരഞ്ഞീടവേ കണ്ടു കറുകപുൽ-

നാമ്പുകൾ


അടങ്ങാതാനന്ദത്താൽ

പാദത്തിൽ തൊട്ടു നിൽപ്പൂ

പെട്ടന്നങ്ങൊരു തേങ്ങൽ

എന്നിൽ നിന്നുയർന്നു പോയ്


തൊടിയിൽ നിന്നും കപ്പ, കാച്ചിലും -

വാഴകളും

അതിരിൽ നിന്നും കൊന്നമരവും, -

മേന്തോന്നിയും

അന്നുഞാൻ നട്ടതെങ്ങിൻതൈയിന്ന് -

കായ്ച്ചല്ലോ

അന്നത്തെ തടമിന്നും മായാതെ നിൽ-

പ്പുണ്ടല്ലോ


തൊട്ടാവാടികളിന്നും നാട്ടുപെണ്ണിനെ -

പോലെ

നാണിച്ചു നിൽക്കുന്നുണ്ടേ ഞാനൊന്നു

തൊട്ടപ്പോഴേ

മൂരിയേ പൂട്ടി വരും മുത്തച്ഛൻ്റെ മുതുകു-

പോൽ

കൂനിനിൽപ്പുണ്ടിന്നുമാ പഴയ തറവാട്


പഴയൊരാകിണറിലെ തെളിനീരുറവയും

മുറ്റത്തുമ്പിനപ്പുറം നിൽക്കുമാ നെല്ലിമരം

കാടുകയറിത്തിങ്ങിയെങ്ങും നിറഞ്ഞു -

നിൽപ്പൂ

കണ്ണീരിൽ കുതിർന്നു പോയ് കഴിഞ്ഞ കാല-

മോർക്കേ

..........


2023, ജനുവരി 5, വ്യാഴാഴ്‌ച

കാറ്റിനാൽ

അന്ന്,

പഞ്ഞകാലത്ത്

പറക്കമുറ്റാത്ത നാളിൽ

കണ്ണിൽ കണ്ടവരൊക്കെ

ആട്ടിയോടിച്ചപ്പോൾ


പയിപ്പ് തീരാൻ മാത്രം

പൈപ്പ് വെള്ളം ഇല്ലാതിരുന്നപ്പോൾ

വലിയ വീട്ടിലെ

നല്ല മണങ്ങളെ തിന്ന്

വിശപ്പാളികത്തുമ്പോൾ


ഒട്ടിയ വയറിനാൽ

ഞെട്ടറ്റു വീഴുമ്പോൾ

ഞെട്ടിപ്പിടഞ്ഞ്

വിയർപ്പിലേക്കുണരുമ്പോൾ


വേച്ചു വേച്ച് അക്കരെപറമ്പിലെ

മാന്തോട്ടത്തിലെത്തുമ്പോൾ

പാഞ്ഞു വന്നൊരു കാറ്റ്

കണ്ണി പൊട്ടിച്ചിട്ടു തരും

സ്നേഹത്തോടെ ഒരു മാമ്പഴം

2023, ജനുവരി 4, ബുധനാഴ്‌ച

വരദാനം



സ്മൃതിയുടെ വേരുകൾ

മൃതിയിലേക്കു വിളിക്കുന്നു

ഉരസ്സിൽ

ഉമിത്തീ ചിരിക്കുന്നു


നട്ടുച്ചയുടെ നട തുറന്ന്

പട്ടുടുത്ത പൊട്ടൻ തെയ്യം

തുള്ളുന്നു


ശിശിരത്തിൻ്റെ

ശിരസ്സറുക്കാൻ കഴിയാത്തവനോട്

കരുതിയിരിക്കുക

കുരുതിയെന്നു കാലം


സിരയിലെ നദിയിൽ

പല്ലു കൊഴിഞ്ഞ വ്യാഘ്രം

തകർന്നു പോയ് മൺചെരാത്

ഉടഞ്ഞുപോയ് നിലാവ്


പഞ്ഞമാസത്തിലെ

പീഞ്ഞപ്പെട്ടി പോലെ ജീവിതം


ജന്മംതന്ന വരദാനം

ജീവിച്ചു തീർക്കണം

പുഴുവായാലും

പുലിയായാലും


2023, ജനുവരി 2, തിങ്കളാഴ്‌ച

ചുംബനം

പ്രിയനേ.....,

ചുണ്ടിൽ

ചുംബനത്തിൻ്റെ

ചോണനുറുമ്പുമായ്

നീയണഞ്ഞാൽ


കാറ്റിൻ്റെയറ്റത്തൂടെ

കവിതയുടെ തുഞ്ചത്തൂടെ

ഞാനൊരപ്പൂപ്പൻ താടിയായി

പറക്കും


പ്രണയ തടാകത്തിൽ

പൊൻമയെപ്പോലെ നീ 

ഊളിയിട്ട്

എന്നെയും ചുണ്ടിലേറ്റി

കാടും

കടലും

മരുഭൂമിയും കടന്ന്

വേദനയുടെ മുള്ള് മറന്ന്

വികാരത്തിൻ്റെ

വേര് തേടുമ്പോൾ

നമ്മിൽ ഗ്രീഷ്മം കത്തിപ്പടരും


പ്രണയത്തിൻ്റെ

ആകാശചരുവിലേക്ക്

ശിശിരത്തിൻ്റെ മൺചെരാതുമായി

മീവൽ പക്ഷികളെപ്പോൽ

പിന്നെയും നാം പറക്കും


പ്രിയനേ....,

അധരത്തിൽ നിന്നും

അടർത്തിമാറ്റുവാൻ കഴിയാത്ത

ഒരു ചുംബനമാണു നീ

2023, ജനുവരി 1, ഞായറാഴ്‌ച

ഇര

ഇര അരികിൽ തന്നെയുണ്ട്

പൂതി വെന്തു മറിയുന്ന കണ്ണാലെ-

വേട്ടക്കാരൻ നൊട്ടിനുണയുന്നു.


മഴയുടെ ശബ്ദം മൺകുടിലുകൾ -

ക്കു മുകളിലൂടെ ഒഴുകി.

ആഴമുള്ള അടയാളം പോലെ

ഇരുട്ടിൻ്റെ ചുരുട്ട് പുകയാൻ തുടങ്ങി


ഇരയുടെ കന്യാമേനി വിറകൊണ്ടു

നിശ്ചലവും, നിഗൂഢവുമായ മൂകത

തളം കെട്ടി

മൃതുവിൻ്റെ നിശ്ശബ്ദതപോലെ


വേട്ടക്കാരനും

ഇരയും

ഒരു ചാൺ വയറിൻ്റെ

അകലത്തിൽ