malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ജൂലൈ 31, തിങ്കളാഴ്‌ച

അത്താഴം


തൊട്ടാൽ പൊള്ളുന്ന
ശിശിരത്തിലേക്ക്
ഒരു നിലവിളി ഇറങ്ങിയോടി

കനത്തു കറുത്തു കട്ടപിടിച്ച
രാത്രിയിലേക്ക്
ആദിഭാഷ പോലൊരു ശബ്ദം
അലിഞ്ഞു പോയി

എവിടെ ആകാശം
എവിടെ ഭൂമി
ശിശിരം ചവച്ചു തുപ്പുന്നു
മഞ്ഞിൻ്റെ പൊള്ളും തീ !

നിലവിളിയുടെ നീറ്റൽ
തലയിൽ നിന്നും വട്ടം ചുറ്റുന്നു
എവിടെ ശശം !
എവിടെ നിലാവിൻ്റെ മിന്നാമിന്നി!

പതുങ്ങി നിൽക്കുന്ന രാത്രി
പലതിനും മറ
നിലവിളിയുടെ ശശം
വ്യാഘ്രത്തിൻ്റെ അത്താഴം

2023, ജൂലൈ 28, വെള്ളിയാഴ്‌ച

ഇരുട്ട്


ഇരുട്ട് എത്ര വിശുദ്ധം
പൂർണ്ണതയാണത്
ശൂന്യത
ചിന്താഹീനം
അനതിയില്ലാത്ത -
അന്ധത
അനന്തത
അനാദി
കണ്ണടച്ച് ഇരുട്ടാക്കുവാനേ-
കഴിയില്ല

2023, ജൂലൈ 26, ബുധനാഴ്‌ച

പൊള്ളും രുചി


കള്ളുഷാപ്പിനരികിലെ
കല്ലുങ്കിലിരുന്ന്
അന്തിപത്രത്തിലെ
അക്ഷരങ്ങളെ കൊറിക്കു -
ന്നുണ്ടൊരാൾ

വേച്ചു വേച്ചു പോകുന്ന
വാക്കുകളെ
ഛർദ്ദിക്കുന്നുണ്ട്

അവൻ കവിതയുടെ
കാവൽക്കാരൻ
മുഷിഞ്ഞ ജീവിതത്തെ
കവിതയിലേക്ക് കയറ്റി -
വിട്ടവൻ

കവിതയുടെകുഞ്ഞാടിനെ
തിരഞ്ഞു പോയ
യേശുവാണവൻ
അക്ഷരങ്ങളുടെ കാട്ടിൽ
വാക്കുകളെ ചേർത്ത് വച്ച്
കവിതക്കുഞ്ഞാടുമായി അവൻ
തിരിച്ചു വരും

പകൽ വെയിൽ തീയിൽ പൊള്ളിയും
രാവിൽ മഞ്ഞിൻ പൊള്ളലിൽ
വെന്തും
ജന്മം തീർക്കുകയാണവൻ
നിങ്ങൾക്ക്
നാളേക്ക്
കവിതയുടെ പൊള്ളും രുചി
നൽകാൻ

2023, ജൂലൈ 25, ചൊവ്വാഴ്ച

അവൾ


ഒരുവൾ സഹനത്താൽ ചായമടർന്ന-
തൊലിയുമായ്
മടുപ്പില്ലാത്ത അടുപ്പായെരിയുന്നു
ഒരുവൾ പാഞ്ഞടുക്കുന്ന വണ്ടിക്കു മുന്നേ
പാളം മുറിച്ചുകടന്ന്
അന്നത്തെ കൊറ്റിനു തിരക്കിട്ടു നടക്കുന്നു

ഒരുവൾ കൂരിരുട്ടിൽ മുനിഞ്ഞു കത്തുന്ന
സ്ട്രീറ്റ് ലൈറ്റിനു താഴെ
ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്നു
ഒരുവൾ ചിറകറ്റതിൻ ബാക്കിയുമായി
തെരുവിലേക്കു നടക്കുന്നു

ഒരുവൾ വീടും തലയിലേറ്റി ചന്തയിൽ
ഒരുവൾ കരയുന്ന കുഞ്ഞിന്
കഞ്ഞിയായ് തിള,യടുപ്പിൽ

ഒരുവൾ ആഴമുള്ള കിണറായ്നടുത്തളത്തിൽ
ഒരുവൾ ഇടവഴിയായ് പുറമ്പോക്കിൽ

ഒരുവൾ യന്ത്രത്തോക്കുമായ് നടുറോഡിൽ
ഒരുവൾ നിലാവിൻ ചിരിയുമായ്
പൂമുഖത്തിൽ

2023, ജൂലൈ 23, ഞായറാഴ്‌ച

ഉപ്പുരസം


ഉസ്കൂളില് പോകുമ്പം
നീ തന്ന പച്ചമാങ്ങ
ഉള്ളങ്കൈയിലെ
ഉപ്പുകൂട്ടി തിന്നതോർക്കുമ്പം
ഇപ്പോഴുമുണ്ട്
ഒരു കപ്പലോടിക്കാനുള്ള -
വെള്ളം വായില്

ഇന്നുമുണ്ടോ പെണ്ണേ....
അന്ന് നാം മുട്ടിമുട്ടി നടന്നപ്പം -
തോന്നിയ
എന്തോ ഒന്നിൻ്റെ ഉപ്പുരസം
ഇപ്പോഴും ഉള്ളിൽ

2023, ജൂലൈ 20, വ്യാഴാഴ്‌ച

എന്നത്തേയും പോലെ


തീവണ്ടിയുടെ ചൂളംവിളി കേട്ടാണ്
എന്നത്തേയുംപോലെ അന്നും ഉണർന്നത്
പുലരിവെളിച്ചം ഇറ്റി നിൽക്കുന്ന നേരത്തും
ചുട്ടുപൊള്ളുന്നു പ്രകൃതി

കനത്ത മഴയ്ക്ക് സാധ്യതയെന്ന
കറുത്ത അക്ഷരം പത്രത്തിൽ
പൊറുത്തു കൂടാത്ത വാക്ക് മാത്രം
പെരുത്തു നാളായി കേൾക്കുന്നു

പൊരുത്തപ്പെട്ടുപോയ് പത്രത്താളിലെ -
ചോരമണവും പാഴ് വാക്കും
ഉള്ളിലുരുണ്ടു കേറുംവാക്കിൻ ഇണ്ടലി-
നെ അകറ്റി !
കണ്ടതൊക്കെ കനവുകളെന്ന് മനസ്സി-
നോടു ചൊല്ലി !

നഗ്നയായുറങ്ങും ,പുലരി ധ്യാനബുദ്ധൻ
ചൂട് കട്ടൻ ചായ ഊതി കുടിച്ചു കൊണ്ടി
രിക്കെ
നഗ്നയാം പുലരിയെ ഒന്നു കാണാൻ
മോഹം !
കണ്ടു ഞാൻ, വാതിൽപ്പാളി തുറന്നു മെല്ലെ
നോക്കവേ
ഉരുണ്ടു പിരണ്ടെഴുന്നേറ്റു വന്നു നിൽക്കും -
കവിതയെ

2023, ജൂലൈ 18, ചൊവ്വാഴ്ച

ഞാനതു മാത്രം കേൾക്കുന്നു


ഞാനതു മാത്രം കേൾക്കുന്നു
ഓരോ നിമിഷത്തിലും
ചെറിയൊരനക്കത്തിലും
ഹൃദയമിടിപ്പിൽ പോലും

പ്രതീക്ഷയൊട്ടുമില്ലെങ്കിലും
എല്ലാ ദിവസത്തേയും പോലെ
എല്ലാ കാര്യങ്ങളും കണിശതയോടെ
ഒന്നും വിട്ടു പോകാതെചെയ്യുന്നു

ഇത്ര ധൃതിയെന്തിനെന്ന്
ഏറ്റവും അടുത്തതിനാണ്
ഏറ്റവും ദൈർഘ്യമെന്ന് മനസ്സുപറയു-
മ്പോഴും
എനിക്കും മരണത്തിനും ഇടയിൽ അല്പ-
ദൂരമാത്രമെന്ന തോന്നലുണ്ടാകുന്നു

ഊൺമേശയ്ക്കരികിലെത്തുമ്പോൾ
മരണത്തിൻ്റെ വിരുന്നു മേശയിലേ -
ക്കെന്ന്
രഹസ്യങ്ങളുടെ നിഗൂഢതയിലേക്കെന്ന്
ഞാനെന്നെ തന്നെ മറക്കുന്നു

ഒരു നിമിഷം;
മരണത്തിൻ്റെചാരനിറത്തിൽ
ഒച്ചയറ്റ കാതിൽ
അതു മാത്രം കേൾക്കുന്നു
മരണത്തിൻ്റെ ശബ്ദം മാത്രം

2023, ജൂലൈ 17, തിങ്കളാഴ്‌ച

പിറവി


കുടിലിൽ ഒരു കുട്ടി പിറക്കുന്നു
കുടിയനായ അച്ഛൻ്റെ ആദ്യ സന്തതി
കുട്ടിയുടെ കരച്ചിലിനും അമ്മയുടെ -
നെടുവീർപ്പിനുമിടയിലേക്ക് കുതിച്ചു -
വന്നൊരു കാറ്റ്
വാതിൽ തുറന്ന് കിതച്ചു നിൽക്കുന്നു

ക്ഷുഭിതയായ വയറ്റാട്ടി ഒച്ചയിട്ടു പറഞ്ഞു:
അടയ്ക്കൂ വാതിൽ കുഞ്ഞിനെ നീ -
തണുപ്പു കൊണ്ട് കൊല്ലും

പേറ്റുനോവിൻ്റെ ആലസ്യത്തിലും
പ്രണയം വർഷിച്ച ജീവൻ്റെ തുള്ളിയെ-
നോക്കി
അമ്മ നിർവൃതി കൊള്ളുന്നു

അച്ഛൻ  അസ്വാസ്ഥ്യമുള്ള മുഖങ്ങളെ -
ഓർക്കുന്നു
അജ്ഞാത ലോകത്തിൽ നിന്ന് വന്നവരെ -
പ്പോലെ
ആരെയും കണ്ടതായി നടിക്കാതെയുള്ള -
ജീവിത ഓട്ടങ്ങളെ ഓർക്കുന്നു

ജീവിതവും മരണവുമെന്തെന്ന വിത്യാസ-
മോർത്ത്
രഹസ്യമില്ലാതിടത്തു നിന്ന്
നിഗൂഢതകൾ മാത്രമുള്ളയിടത്തേക്കു വന്ന
കുഞ്ഞിനെയോർത്ത്
ഇന്നത്തെ സന്തോഷത്തിനുള്ള കവർപ്പുള്ള -
മധുരം കഴിക്കാൻ
പുറത്തേക്കിറങ്ങുന്നു

ഉണ്ടായിരുന്നു


കളകളമാരവമോടെ പതഞ്ഞു പുതഞ്ഞൊ-
ഴുകുന്നൊരു പുഴയുണ്ടാർന്നു
മദപ്പാടാലെ മദിച്ചു വരും കരിവീരൻപോലെ
കുന്നുണ്ടാർന്നു
കാറ്റു കനക്കും കാഴ്ചകൾ കാണാൻ
കൂട്ടം തിങ്ങിയ കാടുണ്ടാർന്നു

പച്ചപ്പട്ടു ഞൊറിഞ്ഞും കൊണ്ടേ
സുന്ദരിയാമൊരു വയലുണ്ടാർന്നു
മുത്തു പഴുത്തൊരു നെൻമണി കൊത്താൻ
കൂട്ടത്തോടെ കിളിയുണ്ടാർന്നു

കൂട്ടം തെറ്റിയ കോടക്കാറുകൾ
കുന്നിൻ മേലെ വരവുണ്ടാർന്നു
പകൽക്കിനാവിൻ പച്ചപ്പുകളാൽ
കൊച്ചൻമാരു വരവുണ്ടാർന്നു

പച്ചതെങ്ങുകൾ തളിർ വിരലാട്ടി
സ്വാഗതമോതുക പതിവുണ്ടാർന്നു
കൊറ്റികൾ,കറ്റകൾ കൊയ്യും വയലിൽ
കൂട്ടത്തോടെ നടപ്പുണ്ടാർന്നു

ചെത്തികൾ പൂത്തൊരു കുറ്റിക്കാട്ടിൽ
കുട്ടികളോടി നടപ്പുണ്ടാർന്നു
കുണ്ടുകുളത്തിൽ കൂട്ടത്തോടെ
മീനുകൾ പോലെ പുളപ്പുണ്ടാർന്നു

2023, ജൂലൈ 14, വെള്ളിയാഴ്‌ച

വെളിച്ചപ്പാടുകൾ


വെളിച്ചപ്പാടുകളെ
നിരോധിച്ചിരിക്കുന്നു
നിങ്ങൾക്കിനി
ഉറഞ്ഞു തുള്ളുവാൻ കഴിയില്ല !

ഉടവാളുകളെ
ഉറിയിലെടുത്തു വെയ്ക്കുക
നാക്കുകളെ
നോക്കുകുത്തികളാക്കുക
കവിതകളെ
കയത്തിലെറിയുക.

തോക്കുകളാണിനി
അഹിംസ പ്രസംഗിക്കുക !
ഇരുട്ടാണിനി നിയമങ്ങളെഴുതുക
ഉത്തരീയ,മരയിൽകെട്ടി
ഉത്തരവ് വാമൂടി അനുസരിക്കുക

ചോദ്യങ്ങൾ ചോദിച്ചാൽ
ചോരനായ് മാറിടും
ചാർത്തിടും ചാരനെന്നുള്ളൊരു
ബിരുദവും

വെളിപാടു വേണമിനി
വെളിപ്പെട്ടതെല്ലാം
വെളിച്ചത്തു കാണിക്കുവാനുള്ള -
തല്ലറിയണം

2023, ജൂലൈ 11, ചൊവ്വാഴ്ച

ഇന്നും...!


മനസ്സിൽ മാഞ്ഞുപോയ കുറേ ഓർമ്മ -
കളുണ്ട്
മേഞ്ഞു നടക്കുന്നവയും .

എല്ലാ ഓർമ്മകളുടേയും മേലേക്ക്
പാഞ്ഞുകയറി വരുന്ന ഒരോർമ്മയുണ്ട് !
ആ ഒറ്റഓർമ്മമതി എന്നെ എനക്ക് മറക്കാ-
തിരിക്കാൻ !!

കട്ടിലിൽ മലർന്നു മരിച്ചു കിടക്കുന്ന അച്ഛൻ
കട്ടിൽ പടിയിൽ തല ചായ്ച്ചു കരയുന്ന അമ്മ.
അമ്മയുടെ അരികിൽ വേഗം ഓടി ചെന്നപ്പോൾ
അമ്മ നോക്കിയ ഒരു നോട്ടമുണ്ട്
ആ നോട്ടത്തിൽ നിന്നായിരിക്കണം
എന്നെ ഞാൻ വായിക്കാൻ പഠിച്ചിട്ടുണ്ടാവുക !

ആ നോട്ടം അതിന്നും മനസ്സിലുണ്ട്
പിന്നെ ഒന്നും ചോദിക്കുവാൻ തോന്നിയില്ല
പകച്ചു നിന്ന പ്രായം പതുക്കെ പിച്ചവെച്ചു.

ഇന്നും;
അമ്മയെ ഓർക്കുമ്പോഴൊക്കെ
അന്ന് ചോദിക്കാതിരുന്ന എന്തോ ഒന്ന്
'വേണ്ട ,വേണ്ട' - എന്ന് ഉള്ളിൽ നിന്ന് -
തൊണ്ടക്കുഴിയിൽ വന്ന് മുട്ടി നിൽക്കുന്നു

2023, ജൂലൈ 10, തിങ്കളാഴ്‌ച

കവിതയുടെ ബുദ്ധൻ


മരവേരിലിരുന്ന്
മുറി ബീഡി വലിക്കുന്നു
ക്ഷാരം കുടിച്ച് ക്ഷീണം മാറ്റി
വെയിൽച്ചീളു കൊറിക്കുന്നു.

ആകാശ അപ്പച്ചട്ടിയിൽ
വേവുന്ന സൂര്യനെ നോക്കി
കൈ മടക്കിലെ കടലാസെടുത്ത് -
കവിത കുറിക്കുന്നു.

ചിന്തയിൽ നിന്നൊരു ചുമ -
ചിതറി വീണു
കുതിച്ചു വന്നൊരു കിതപ്പ് -
തെറിച്ചു നിന്നു.

ചിരിച്ചു നിൽക്കും ചുണ്ടൊരു -
ബീഡി തിരയുന്നു
ഒരു പെഗ്ഗ് ക്ഷാരത്തിനായ്
തൊണ്ട വരളുന്നു
കൈമടക്കിലെ കവിതതന്ന്
കടം വീട്ടുന്നു

ധ്യാനനിരതനായ്
കവിതയുടെ ബുദ്ധൻ
വേടിൻ്റെ മടിയിൽ, തല ചായ്ച്ചു -
കിടന്നു
കവിതയുടെ കുറുകൽ
കണ്oത്തിൽ നിന്നുമുയർന്നു


2023, ജൂലൈ 8, ശനിയാഴ്‌ച

ആയുസ്സ്


ജീവിതത്തെക്കുറിച്ചായിരുന്നു
അന്നത്തെ ക്ലാസ്
' എങ്ങനെ നല്ല ജീവിതം നയിക്കാം' -
ജീവസുറ്റ വാക്കുകളാൽ
പ്രഭാഷകൻവാചാലനായി

അടുത്തിരുന്നയാൾ ആരു കേൾ-
ക്കാതെ
എന്നോടു ചോദിച്ചു:
ക്ലാസുകേട്ടാണോ ജീവിതം പഠിക്കേ -
ണ്ടത്?
ജീവിച്ചു കൊണ്ടല്ലെ ജീവിതം
പഠിക്കേണ്ടത്?

ചർച്ചാവേളയിൽ ഞാൻ പ്രഭാഷ-
കനോട് ചോദിച്ചു:
ജീവിതത്തെക്കുറിച്ചു മതി
ഇനി ആയുസ്സിനെ കുറിച്ചു പറയൂ

വാക്കറ്റ പ്രഭാഷകൻ
മൗനത്തെ മടുമടാ കുടിച്ചു
ആകാംക്ഷയോടെ നോക്കുന്ന
ആൾക്കാരിലേക്ക്
ആയുസ്സറ്റ് വീണു

2023, ജൂലൈ 7, വെള്ളിയാഴ്‌ച

വഴി


പതിവായ് നടക്കുന്ന വഴി
പാതിവഴിൽ വെച്ച് മുറിഞ്ഞുപോയി
പരന്ന തണലേകിയ മരം
പത്രങ്ങളറ്റ് മറിഞ്ഞു വീണു

വലിയ ഒരു ട്രങ്ക് പെട്ടിയാണ് ലോകം !
മനുഷ്യ മനസ്സും .
വരിതെറ്റിയ വാക്കുകൾ
വേച്ചുവേച്ചു നടക്കുന്നു
ഒരു മുയൽപ്പേടിയുള്ളിൽ
സsകുടഞ്ഞെഴുന്നേൽക്കുന്നു

വഴിയറ്റ വഴിയും
വരിതെറ്റിയ വാക്കും
ഉയർതേടി അലയുന്നു
ഉള്ളത്തിൽ കലമ്പുന്നു

2023, ജൂലൈ 6, വ്യാഴാഴ്‌ച

എന്നിൽ നീ ....


എൻ്റെ പ്രണയമേ,
ഉള്ളിൽ നീ ഇത്രയും
നിറഞ്ഞതുകൊണ്ടായി -
രിക്കണം
പുറമേക്ക് ഞാനിത്രയും
നീയായിപ്പോയത്

          (2)
ഓർമ്മയുടെ കൊടുങ്കാട്ടിൽ
ഞാൻ ശ്വാസം മുട്ടുമ്പോഴല്ലാം
പുഞ്ചിരിയുടെ ഒരു കുടന്ന -
പൂവായ് നീ
ഉള്ളിൽ വിടരുന്നല്ലോ

         (3)

എന്നിലെ നീയാണ്
എന്നെയെന്നും
കിടത്തി ഉറക്കുന്നതും
വിളിച്ചുണർത്തുന്നു

2023, ജൂലൈ 5, ബുധനാഴ്‌ച

നാല് പക കവിതകൾ മഴകാത്ത്


മഴകാത്ത്
മണ്ണിൽ കിടക്കുന്ന
വിത്ത്

(2)

പുറത്തെ
സ്നേഹത്തിനും
അകത്തെ
വൈരത്തിനുമിടയിൽ
നിശ്ശബ്ദം ഒഴുകുന്ന
രക്തപ്പുഴ

(3)

പുകഞ്ഞുകൊണ്ടിരിക്കുന്ന
ഉമിത്തീയുടെ
അടുപ്പ്

(4)

എത്ര പഴകിയാലും
പതം വരാത്ത
ഓർമ

2023, ജൂലൈ 4, ചൊവ്വാഴ്ച

സത്യം

കാഴ്ചയുടെ തിരയടങ്ങി

കാറ്റുപിടിച്ച മനസ്സൊടുങ്ങി

ക്രോധംകൊണ്ടിനി അടക്കി -

ഭരിക്കാനോ

സ്നേഹം കൊണ്ടിനി മടക്കി -

വിളിക്കാനോ കഴിയില്ല


കഴിയില്ല നിദ്രയുടെ കടപുഴ-

ക്കാൻ

കവിതയുടെ കുളിരു കോരാൻ

കാത്തു നിന്ന് കാലുകഴക്കേണ്ടതില്ല

കണ്ണീരു തുടയ്ക്കേണ്ടതില്ല


പുകഞ്ഞു നീറേണ്ടതില്ല

പതഞ്ഞു തൂവേണ്ടതില്ല

പകച്ചു നിൽക്കേണ്ടതില്ല

പിടിച്ചു നിൽക്കേണ്ടതില്ല


സത്യം ഒന്നു മാത്രമേയുള്ളു

വിശ്വസിക്കാൻ പറ്റുന്നത്

രണ്ടു മനസ്സിൻ്റെ ആവശ്യമേയില്ല

മരണം നിത്യസത്യം









2023, ജൂലൈ 3, തിങ്കളാഴ്‌ച

അവളെ വായിക്കുന്നത്


അവൻ പുസ്തകങ്ങൾ വായിച്ചു -
കൂട്ടുകയാണ്
അവൾ അനുഭവിച്ചും.!
ഉപ്പ്, ഉള്ളി, മുളക്, കടുക്
അടുക്കള അണിയലമണിഞ്ഞ്
അരങ്ങത്തേക്കിറങ്ങുകയാണ്

അടുക്കള ഒരു രാജ്യമാണ്
ജാതിമതമില്ലാത്തത്
'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി'
എന്ന ആപ്തവാക്യം പിറക്കുമിടം.

നിറവയറുമേന്തി അവൾ നിലത്തിരുന്ന്
ഉള്ളി അരിയുന്നു
ഉള്ളി സ്നേഹമാണ്
ഉരിയുന്തോറും എരുവേറി വരുന്നത്

ഉപ്പ് ഒപ്പിയെടുക്കുന്നു ഓരോതരിയിലും
ആത്മസംതൃപ്തിയുടെ അകം പൊരുൾ
കടുക് വിപ്ലവ കവിതയാണ്
മുഷ്ടി ചുരുട്ടി പൊട്ടിതെറിക്കും നാലുപാടും

മുളക് നീറ്റലിലും സാന്ത്വനത്തിൻ്റെ
സ്നേഹ മസൃണമായ് നിറഞ്ഞു നിൽക്കുന്നു
അടുക്കള ഒരു പുസ്തകമാണ്
അവളെ വായിക്കുന്ന പുസ്തകം

2023, ജൂലൈ 1, ശനിയാഴ്‌ച

മ, മു

 

കുട്ടിക്കവിത

മ, മു

മഞ്ഞക്കാലൻ കോഴി
മുഞ്ഞിയുയർത്തി കൊക്കി
മഞ്ഞക്കുഞ്ഞിക്കോഴി
മുരിക്കിൻ ചില്ലയിലേറി
മഞ്ഞച്ചേരച്ചേട്ടൻ
മുല്ലക്കാട്ടിലൊളിച്ചു