malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ഫെബ്രുവരി 29, ശനിയാഴ്‌ച

ഇരുണ്ട ജീവിതം



വെളിച്ചത്തിന്റെ ഒരു ജീവിതച്ചുമരുണ്ടാ
യിരുന്നു
അതിൽ ഞാൻ വരച്ചു ചേർത്ത മോഹങ്ങൾ
മീനുകൾ വെള്ളത്തിലെന്നോണം
കളിച്ചു കൊണ്ടിരുന്നു
പിന്നെയെന്നായിരിക്കും ഉള്ളിലൊരു ദുഃഖമഴ
പെയ്യാൻ തുടങ്ങിയത്
ഏതു പെരുമ്പാമ്പാണ് വെളിച്ചത്തെ വിഴുങ്ങിയത്
ഇന്ന്,
ഒഴുകുന്നില്ല പുഴ
വീശുന്നില്ലകാറ്റ്
അറ്റുപോയി ഒച്ചകൾ
വറ്റിപ്പോയ തടാകത്തിലേക്ക് ഒലിച്ചിറങ്ങുന്ന ഒരു സങ്കടധാര
കെട്ടുപോയ നക്ഷത്രം
ഒറ്റുകൊടുക്കപ്പെട്ട ജീവിതം
എവിടെയായിരിക്കും വെളിച്ചത്തിന്റെ
ആ ജീവിതച്ചുമര്
നിലാവിന്റെ നൂലിഴകളിൽ
കല്ലിന്റെ ഹൃദയത്തിൽ
ഇലകളുടെ ഹരിതത്തിൽ
പുരങ്ങളിൽ
പുഴകളിൽ
മണലാരണ്യങ്ങളിൽ
അലച്ചലിൽ ഉലഞ്ഞു നിൽക്കേ
ഉരുൾപൊട്ടി മലപിളരുമ്പോലെ ഒരിരുട്ടു
വന്നെന്നെമൂടി.

2020, ഫെബ്രുവരി 27, വ്യാഴാഴ്‌ച

വീടുകൾ



രാത്രിയിൽ ഇറങ്ങി നടക്കാറുണ്ട് വീടുകൾ
അനങ്ങാതെ നിന്ന ദേഹാസ്വാസ്ഥ്യങ്ങൾ -
മാറ്റാറുണ്ട്
അടുത്തടുത്ത വീടുകൾ തമ്മിൽ സൗഹൃദം - കൈമാറാറുണ്ട്
കൈകോർത്തു പിടിച്ച് രാക്കാഴ്ച്ചകൾകണ്ടു - രസിക്കാറുണ്ട്
ദു:ഖങ്ങളും സന്തോഷങ്ങളും പങ്കുവെയ്-
ക്കാറുണ്ട്
വീടുകൾക്കുമുണ്ട് കരളും, ചങ്കും

നൊമ്പരങ്ങളുടെ പമ്പരവും ചങ്കിലേറ്റിയാണ്-
വീടുകൾ കഴിയുന്നത്
അകത്തളങ്ങളിലെ കുറ്റവും ,കുറവും ഒരിക്കലും -
പുറത്തു പറയാറില്ല
നാവില്ലാക്കുന്നിലപ്പൻമാരായി അണിഞ്ഞൊ-
രുങ്ങി നിൽക്കേണ്ടി വരുന്നവർ
എന്നും സർവ്വ സൗഭാഗ്യങ്ങൾക്കായി മാത്രം -
മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്നവർ

വീടുകൾ വീടുകളെ മാറ്റിനിർത്താറേയില്ല
വലുപ്പച്ചെറുപ്പമെന്ന് നിനക്കാറില്ല
മതവും, ജാതിയും നോക്കാറില്ല
മൗനം കൊണ്ട് മറഞ്ഞു നിൽക്കാറില്ല
വീടുകൾ മനുഷ്യരെപ്പോലെ നന്ദികെട്ടവരല്ല
കുശുമ്പും, കുന്നായ്മയും കാട്ടാറേയില്ല.

രാത്രിയിൽ ഇറങ്ങി നടക്കാറുണ്ട് വീടുകൾ
അനങ്ങാതെ നിന്ന ദേഹാസ്വാസ്ഥ്യങ്ങൾ -
മാറ്റാറുണ്ട്
അടുത്തടുത്ത വീടുകൾ തമ്മിൽ സൗഹൃദം - കൈമാറാറുണ്ട്
കൈകോർത്തു പിടിച്ച് രാക്കാഴ്ച്ചകൾകണ്ടു - രസിക്കാറുണ്ട്
ദു:ഖങ്ങളും സന്തോഷങ്ങളും പങ്കുവെയ്-
ക്കാറുണ്ട്
വീടുകൾക്കുമുണ്ട് കരളും, ചങ്കും

നൊമ്പരങ്ങളുടെ പമ്പരവും ചങ്കിലേറ്റിയാണ്-
വീടുകൾ കഴിയുന്നത്
അകത്തളങ്ങളിലെ കുറ്റവും ,കുറവും ഒരിക്കലും -
പുറത്തു പറയാറില്ല
നാവില്ലാക്കുന്നിലപ്പൻമാരായി അണിഞ്ഞൊ-
രുങ്ങി നിൽക്കേണ്ടി വരുന്നവർ
എന്നും സർവ്വ സൗഭാഗ്യങ്ങൾക്കായി മാത്രം -
മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്നവർ

വീടുകൾ വീടുകളെ മാറ്റിനിർത്താറേയില്ല
വലുപ്പച്ചെറുപ്പമെന്ന് നിനക്കാറില്ല
മതവും, ജാതിയും നോക്കാറില്ല
മൗനം കൊണ്ട് മറഞ്ഞു നിൽക്കാറില്ല
വീടുകൾ മനുഷ്യരെപ്പോലെ നന്ദികെട്ടവരല്ല
കുശുമ്പും, കുന്നായ്മയും കാട്ടാറേയില്ല.

2020, ഫെബ്രുവരി 26, ബുധനാഴ്‌ച

ലോഡ്ജ്



ലോഡ്ജ് മുറിയാണ്
യഥാർത്ഥ ജീവിതം നമുക്ക്
കാട്ടിത്തരുന്നത്
ചിലപ്പോൾ മരണവും
ഇലകളില്ലാത്ത,
വേരുകൾ മണ്ണിലുറക്കാത്ത,
എപ്പോഴും മറിഞ്ഞുവീണേക്കാവുന്ന
മരമാണ് മനുഷ്യൻ
ചിലപ്പോൾ ലോഡ്ജ് മുറിയും
മുറി മുഴുവൻ നിങ്ങൾ സൂക്ഷിച്ചു
നോക്കൂ
കാണാം ചില അടയാളങ്ങളും,
ചിഹ്നങ്ങളും.
സ്നേഹത്തിന്റെ
ചുംബനത്തിന്റെ മുദ്രകൾ
ഇരുണ്ട ഇടനാഴികളിലെ
നിലവിളികൾ
ചേക്ക നഷ്ട്ടമായ തേങ്ങലുകൾ
ചോദ്യങ്ങളുടെ കയർ കുരുക്കുകൾ
ചോരകല്ലിച്ച ചുമർചിത്രങ്ങൾ
ഉന്മാദങ്ങളിൽ ഉടഞ്ഞ സിന്ദൂരം
ഇണചേരലിന്റെ ഇരുണ്ട ഭൂപടം
കരിഞ്ഞ സ്വപ്നത്തിന്റെ
കണ്ണീർപ്പാടുകൾ
മൗനം മണക്കുന്ന ഇരുണ്ട മൂലകൾ
നെഞ്ചിന്റെ പെൻഡുല ശബ്ദങ്ങൾ
ഓരോ ലോഡ്ജ് മുറിയും
ഭയങ്ങൾ നട്ടുവളർത്തുന്ന
ഓരോ അറയാണ്.


2020, ഫെബ്രുവരി 23, ഞായറാഴ്‌ച

പുലരിയിൽ



അങ്കണ സീമയിലെങ്ങുമെങ്ങും
സൂര്യാംശു വൈരം പതിച്ചിടുന്നു
ഏതു സങ്കല്പത്തിൻ ലോകത്തു നീ
ഏതു കിനാവിന്റെ കൊമ്പത്തു നീ
മന്ദസമീരൻ പതുങ്ങിവന്നാ,
മൗനത്തെമെല്ലേ പറത്തിവിട്ടൂ
പുതുനാമ്പു കൈകൂപ്പി നിന്നിടുന്നു
കലിക നാണത്താൽ വിരിഞ്ഞിടുന്നു
പുലരി പതുക്കേവളർന്നിടുന്നു
വാത്സല്യമെങ്ങും പകർന്നിടുന്നു
സൂര്യാംശുലതയായ്പ്പടർന്നിടുന്നു
സുഷമേ നീയെന്തേയുണർന്നതില്ല
വണ്ടുകൾ തമ്പുരു മീട്ടിവന്നു
തുമ്പികൾ തുമ്പക്കുടം തിരഞ്ഞു
താഴ് വര തീരത്തിലങ്ങുമിങ്ങും
കുരുവികൾ കൂട്ടമായെത്തിടുന്നു
പുലരിയിറയത്തു കയറിടുന്നു
ഉമ്മറപ്പടി നോക്കി നിന്നിടുന്നു
കാത്തു നിൽക്കാനൊട്ടു നേരമേ
യില്ലെന്ന്
സുഷമേ നീയെന്തേയുണർന്നതില്ല



മരിച്ചവർ




മരിച്ചവരല്ലാം പലകാല കവിതക
ളാണ്
അല്ലെങ്കിൽ, സെമിത്തേരിയിൽ
പോയി നോക്കു
കാണാം കാലങ്ങൾ കൊത്തിവെച്ച
കല്ലറകൾ

മരിച്ചവരല്ലാം മരിച്ചവരല്ലാതാകുന്ന
ഒരു ദിവസമുണ്ട്
സ്നേഹക്കണ്ണീരാൽ ദുഃഖം കഴുകിക്ക -
ളയുന്ന ഒരു ദിവസം

അല്ലെങ്കിലും,
മരിച്ചവരൊന്നും പൂർണ്ണമായും മരിക്കു
ന്നില്ലല്ലോ!
അവരുടേതായി പലതും അവശേഷി
ക്കുന്നിടത്തോളം
അവരുടെ ഓർമ്മകൾ ജീവിക്കുന്ന
കാലത്തോളം.
തെളിഞ്ഞ ജലത്തിലെ ശ്ലക്ഷ്ണശില
കൾ പോലെയാണ് മരിച്ചവർ

മരിച്ചവർ യുദ്ധം ചെയ്തു കൊണ്ടിരി
ക്കയാണ്
ജീവിച്ചിരുന്നപ്പോൾ ജീവിതത്തോട്
പടവെട്ടി മരിച്ചതു പോലെ
ഇപ്പോൾ മരിച്ചിട്ടും പടപൊരുതി
ജീവിച്ചു കൊണ്ടിരിക്കുന്നു

മരിച്ചവരുടെ യുദ്ധത്തെക്കുറിച്ച്
പറഞ്ഞാൽ
നമുക്ക് മനസ്സിലാകണമെന്നില്ല
കാരണം
പരിചയമില്ലത്ത ഒരു ലോകത്താണ്
അത് നടക്കുന്നത് എന്നതുകൊണ്ടാണ്
എന്നാൽ ;
പരിചിതമില്ലാത്ത ഒരു ലോകത്ത്
പൊടുന്നനെ എത്തിപ്പെടേണ്ടവരാണ്
നാമെന്നോർക്കുമ്പോൾ
എന്തോ ഒന്ന് തോന്നുന്നില്ലേ
ഒരു ഇത്........
.............
രാജു.കാഞ്ഞിരങ്ങാട്

2020, ഫെബ്രുവരി 20, വ്യാഴാഴ്‌ച

പുഴ



വറ്റിവരണ്ടൊരു പുഴതൻപുളിനം
ഓർമ്മ,യയവിറക്കിക്കിടക്കുന്നിതാ
കണ്ണാടിയാക്കി കളിച്ചു ഞാനെത്രയോ
കുഞ്ഞുമീനുമായ് കളിയിൽ രസിച്ചു
തെളിഞ്ഞ നീരെന്നെയിക്കിളിയാക്കി
പൊക്കിളിൻ പൊത്തിലുമ്മകൾ വെച്ചു
മന്ദമായ് നൃത്തചുവടുകൾ വെച്ചും
ഹൃത്തടത്തിൽ കുളിർ കോരിയിട്ടും
കളകളം മൂളി കവിതകൾ പാടി
കന്യയാൾ കാനനത്തിൽ മറഞ്ഞും
പാൽനുരചിന്നി പനിമതിപ്പെണ്ണിനെ
ചുംബിച്ചു ചുംബിച്ചൊരാഴം തുഴഞ്ഞും
കാലമങ്ങനെ പാഞ്ഞു പോകിലും
ശാന്ത മന്ദം അലസംഗമിച്ചു
തഴച്ചുവളരുമാ പച്ചത്തടങ്ങളെ
പാഞ്ഞുചെന്നമ്മയായ് കെട്ടിപ്പിടിച്ചും
വർഷ ഹർഷം പൊഴിക്കുന്ന വേളയിൽ
കുട്ടിക്കുറുമ്പായി കുത്തിമറിഞ്ഞും
ദാഹമാറ്റുവാൻ കൈവഴിയായ് ചെന്ന്
ദാനദേവതയായി വിളങ്ങിയും
മന്നിലേമഹാ മൗനങ്ങളെ മാറ്റി
ദേവസന്നിധിയായിച്ചമഞ്ഞും
എത്ര നിർമ്മലം വിശുദ്ധം വിശാലം
എങ്ങും നിറഞ്ഞുള്ള സ്നേഹ സരിത്ത്
പിന്നെയെന്നോ മർത്ത്യനാം കാളിയൻ
വിഷം കലർത്തിയാപുണ്യതീർത്ഥത്തിൽ
പിന്നെ കണ്ഠംമുറിച്ചുപണ്ടങ്ങൾ വാരി -
വിറ്റു രമിച്ചു മദിച്ചു
കൊന്നു കുപ്പിയിലാക്കിയടച്ചുകുടുകുടേ -
കുടിച്ചു രസിക്കുന്നു


2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഓർമ്മിപ്പിക്കുന്നത്



പുളകിതഗാത്രിയാം കനകമണി പെൺകൊടി
പോൽ
കാന്തിയേന്തി നിൽപൂ ധനുമാസ പൊൻപുലരി
പരിമളം ചാർത്തിയെങ്ങും പരിലസിക്കുമാ സൗ-
ന്ദര്യത്തെ
പുണരുവാൻ ധൃതിയാലെ മുതിരും കതിരവൻ

വൃക്ഷരാജൻ വൃഥാ അപ്പൊൻകരങ്ങളെ തന്നു -
ടെ മാറിൽ ചേർത്ത് തടയാൻ ശ്രമിക്കവേ
വിവശനാമർക്കൻ ഹർഷോന്മാദത്താൽ വൃക്ഷ
കരം
പതിയേമാറ്റി സുഖസുഷമയേ പുൽകീടുന്നു

അനർഘ പുഷ്പരാഗം എങ്ങും നിറയുന്നു
ഭുവനമാകെയുംപുതു അലങ്കാരം നിറയുന്നു
നരനായ് യഥാവിധിയൊരുക്കീടുന്നുബ്ഭൂവ്
നരനോ കൊണ്ടാലും തിരിച്ചറിയാതുള്ള ഭളള്

വിഷയാസക്തി, വിരക്തി, വിഷമശരാഹതി,
തോൽവി
വെട്ടിപ്പിടിക്കുവാനായി തച്ചുടച്ചീടുന്നു ബന്ധം
ഭവനമാമീബ്ഭുവിനെ കൊള്ളയടിച്ചീടുന്നു
എത്രകിട്ടിയാലും മതിവരാത്തോരല്ലോനമ്മൾ

ഒന്നുമേകൊണ്ടു പോവില്ലെന്നറിവുണ്ടായിട്ടും
ഉയരെ വിലസുവാൻ മാത്രമേ മോഹമുള്ളിൽ
പരിപൂർണ്ണസുഖം ഭുജിപ്പാൻ അലയും ഭൃംഗം
പോലെ
അലച്ചലേ ജീവിതം കാലു വെന്തനായപോൽ.

2020, ഫെബ്രുവരി 16, ഞായറാഴ്‌ച

കഴുമരങ്ങളേ സൂക്ഷിക്കുക



കവിതയെ കഴുമരത്തിലേറ്റാൻ
കൽപ്പിച്ചു ന്യായാസനം.
കൽത്തുറുങ്കിന്റെ കാതരമായ
നിലവിളികേൾക്കാൻ അവർക്ക്
കാതുണ്ടായിരുന്നില്ല
കൊലക്കയർ നെയ്യുന്ന കൈകളെല്ലാതെ.
തൂക്കിലേറ്റപ്പെട്ട കവിത മരിച്ചെന്ന് -
പരിശോധിച്ച് ഉറപ്പിച്ചവർ തൽക്ഷണം 
മറിഞ്ഞുവീണു.
കവിതയ്ക്ക് കൈകൾ മുളച്ചു കൊണ്ടേ
യിരുന്നു
അടക്കാനാവാത്ത ആനന്ദത്തോടെ
ചുരുട്ടിയ മുഷ്ടികൾ തെരുവിലേക്കിറങ്ങി
അധികാരത്തിന്റെ അകത്തളങ്ങൾ വിറച്ചു
ന്യായാസനങ്ങൾ ഇളകിയാടി
വെടിയുണ്ട വരച്ച ചിത്രങ്ങളിൽ നിന്ന്
കൈകൾ പിറന്നു കൊണ്ടേയിരുന്നു
കവിത കാറ്റായെങ്ങും പരന്നു
ന്യായാധിപർക്ക് പേനപിടിക്കാൻ കൈകളോ
കുത്തിപ്പൊട്ടിക്കാൻ പേനകളോയില്ലാതായി
അധികാരം വിട്ടൊഴിഞ്ഞവർ
കവിത കാലാതിവർത്തിയെന്നു പറഞ്ഞ്
കവിതയുടെ കൈകളെ പിൻതുടരാൻ തുടങ്ങി

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച

പ്രണയോർമ്മ


ദൂരെയാണെങ്കിലും ചാരെയിരുന്നു ഞാൻ
ചികയുന്നു ചാരുതയാർന്ന സ്മരണകൾ
നാട്ടുവഴിയിലൂടൊട്ടു നാണത്താലെ
നോട്ടമെറിഞ്ഞു നടന്നു നീ പോയതും
തുമ്പക്കുടങ്ങളിലിമ്പംകലർന്നുള്ള
പൂത്തുമ്പിയായി നീ പാറിപ്പറന്നതും
വർഷമേഘത്തിന്റെ ഹർഷമായ് ചാറുന്ന
ചിരിതൻ മഴയിൽനീ,യെന്നേ നനച്ചതും
ഹരിനീലവർണ്ണപ്പാവാടയും ചുറ്റി നീ
കാലത്തിളം തെന്നലോളങ്ങൾ തീർത്തതും
ഹരിണമിഴിനീട്ടി കതിർമുടിത്തുമ്പാട്ടി
ചേലിലെന്നുള്ളത്തിൽ കവിത വിരിച്ചതും
ഏറ്റുമീൻ കേറിയെന്നാർത്തുല്ലസിച്ചന്ന്
കൂട്ടുകാരൊത്തുഞാൻ വന്നുനിൽക്കേ
ചാരുത കരകവിഞ്ഞൊഴുകുന്ന ശില്പംപോൽ
തോട്ടുവക്കത്തു നീ നിന്നതില്ലേ
അകലത്തകലത്തു കാലം മറയിലും
അരികത്തരികത്തീയോർമ്മയിന്നും
ചെമ്മൺ വഴിയിലെ കാലടിപ്പാടുകൾ
ചിട്ടയായിന്നുമീ നെഞ്ചകത്തിൽ








2020, ഫെബ്രുവരി 9, ഞായറാഴ്‌ച

അൽഷിമേഴ്സ്



തല വിചാരിച്ചു :
എനക്ക് ഉടലില്ലെന്ന്
ഉടലില്ലെങ്കിലെന്ത്,കണ്ണുണ്ടല്ലോ
കാഴ്ചകൾ കാണാൻ
വായുണ്ടല്ലോ, ഭക്ഷണം കഴിക്കാൻ
(ഉടലിനെ അറിയാത്തതുകൊണ്ടാ
യിരിക്കണം ഭക്ഷണം കഴിച്ചത് ഓർമ്മ
യില്ലാതാകുന്നത് )
മൂക്കുണ്ടല്ലോ ഗന്ധത്തെ അറിയാൻ
കാതുണ്ടല്ലോ സംഗീതത്തെ കേൾക്കാൻ
ഉടൽ വിചാരിച്ചു :
എനക്ക് തലയില്ലെന്ന്
തലയില്ലെങ്കിലെന്ത്, കൈയുണ്ടല്ലോ
കവിതകളെഴുതാൻ
കാലുണ്ടല്ലോ കാലത്തിലേക്ക് നടക്കാൻ
നിർവൃതി നുകരാൻ മറ്റവയവങ്ങൾ
എങ്കിലും;
എന്നെങ്കിലുമൊരിക്കൽ
തങ്ങൾ ഒന്നുചേരുമെന്ന
പ്രതീക്ഷയോടെ കാത്തിരുന്നു
ഉടൽ തലയ്ക്ക് കീഴെയും
തല ഉടലിനു മുകളിലും.

2020, ഫെബ്രുവരി 8, ശനിയാഴ്‌ച

പൗരത്വ കവിത



മറുഭാഷ വശമില്ലാത്തതിനാൽ
വിവർത്തന കവിതയ്ക്കായ്
ലൈബ്രറിയിലേക്ക് പോയി
സെലിബ്രിറ്റിയായിരുന്നു
എനക്ക് വിവർത്തന കവിതകൾ
അലമാരകൾ അരിച്ചുപെറുക്കി
അടിവശത്തും പിറകുവശത്തും
എവിടെയുമില്ല അന്യഭാഷ (മറ്റു
രാജ്യ) കവിത
കഴിഞ്ഞ ദിവസംവരേയുണ്ടായ
ബുക്കുകളൊക്കെയെങ്ങുപോയി
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി
യോപുസതകങ്ങൾ
രജിസ്റ്റ്റിൽപരതിയപ്പോൾ
വെട്ടപ്പെട്ടിരിക്കുന്നു കുറേപേരുകൾ
പൗരത്വപട്ടികയിൽ (Accession Register)
പേരില്ലാതവയൊക്കെ
ഒറ്റരാത്രികൊണ്ട് നാടുകടത്തപ്പെ
ട്ടെന്ന്
വെട്ടപ്പെട്ട വരികൾക് താഴെയും
മുകളിലുമുള്ള വരികൾക്ക്
വല്ലാതെ അകലംവർദ്ധിച്ചു വരുന്നത്
എന്നെ ഭയപ്പെടുത്തുന്നു

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

പുലരി



വിശ്രാന്തി വിട്ടുണർന്നുള്ള നിശീഥിനി
മന്ദമന്ദംപടിഞ്ഞാട്ടുഗമിക്കവേ
ചെല്ലക്കിടാങ്ങളുണർന്നു പതുക്കനെ
ചൊല്ലിക്കൂട്ടുന്നിതാ അന്നത്തെ പാഠങ്ങൾ
വടക്കേ പുളിമരക്കൊമ്പിലായ് കാക്കകൾ
കരഞ്ഞുണർത്തുന്നിതാ പുലരിയേ സത്വരം
പ്രാത: പ്രഫുല്ലമാം പൂക്കളുണർന്നതാ
മഞ്ഞിൻമിഴി തിരുമ്മി ,യെഴുന്നേൽക്കുന്നു
കളിചിരിക്കൂട്ടരാം കുഞ്ഞിക്കിളികളോ
കാവ്യങ്ങൾ ചൊല്ലി സമാസക്തിയാലേ
മധുമണമേറ്റുള്ളൊരാ ചെറുവണ്ടുകൾ
മാധുരി തേടിപ്പറന്നണഞ്ഞിടുന്നു
സ്വച്ഛന്ദകേളിയാടീടും പവനനോ
പിച്ചവെയ്പ്പിക്കുന്നു പവൻനിറപകലോനെ
മഹാമൗനം വെടിഞ്ഞുണർന്നുള്ള പുലരി
എങ്ങും മഹോത്സവ തിടമ്പുനൃത്തത്തിലായ്




2020, ഫെബ്രുവരി 1, ശനിയാഴ്‌ച

പ്രണയം ജീവിതം



സ്ഫുരിതശോഭം പ്രണയം
സുവർണപതംഗമം
ചിത്തത്തിൽ തിളങ്ങും ഭാവം
ചിത്രത്തിൽ തെളിയും രാഗം.
അന്തിയിൽ കുളിർക്കാറ്റു നീ
അംബരത്തട്ടിൽനിന്നുമുതിരും
പൂന്തേൻമഴ
അലിഞ്ഞലിഞ്ഞാലിപ്പഴമ്പോൽ
കുളിർന്നും
ഇറുകേപുണരുന്നയിലഞ്ഞിപ്പൂവിൻ -
ഗന്ധം.
വാനിൻവനികയിൽ പറന്നേറീടാം
നമുക്കാമലർത്തോപ്പിൽ പുതു -
പുഷ്പ്പങ്ങൾ വിരിയിക്കാം
ചേലണിക്കാർകൂന്തൽപോലിടതൂ -
ർന്നൊരുമാല്യം
കൊരുത്തും കൊണ്ടേ നമുക്കെങ്ങും
പറന്നീടാം
പാവനപ്രണയപരിമളമേൽക്കുകിലേ
ജീവനിലമൃതത്തെ വർഷിപ്പാൻ സാധി-
ച്ചീടൂ
തൂവെള്ള തുകിലിലെ സൗവർണ്ണക്കസ
വായി
എന്നുമേവിളങ്ങേണം പ്രണയം ജീവിത-
ത്തിൽ






അവനവനിസം



വിരൽ ഞൊട്ടപൊട്ടിച്ച്
അകത്തുനിന്ന് പുറത്തേക്കും
പുറത്തു നിന്ന് അകത്തേക്കും
കയറി
അവിടവിടെതിരഞ്ഞ് അമർത്തി
ചവുട്ടി
എരിപൊരി കൊള്ളുന്നുണ്ട് ഒരക്ഷമ.
ഇല്ലാത്ത ചരിത്രത്തിന്റെ
എല്ലും തോലും തിരഞ്ഞ്
പ്രാക്തനയുടെ പ്രാർത്ഥനകളെന്ന്
പയ്യപയ്യേ പറഞ്ഞു തരുന്നുണ്ട്
പുതു വാണിഭക്കാർ
ഒഴിഞ്ഞു കൊണ്ടിരിക്കുന്ന പാത്ര -
മാണ് മസ്തിഷ്കം
കലമ്പൽകൂട്ടുന്ന കവിതകളെ
കുഴമ്പിലിട്ടിരിക്കുന്നു
ആരുടെയോ ഇച്ഛയ്ക്കനുസരിച്ച്
പമ്പരമായി കറങ്ങുന്നു പച്ച ജീവനുകൾ.
മൗനത്തിലിരുന്നവർ
മനക്കണക്കിന്റെ വാൾമുനയിൽ
ഉന്നം പിടിക്കുന്നു
ആരവങ്ങളെ എരിതീയാൽ
മുക്കിക്കൊല്ലുന്നു
ഓർമ്മകളെ ഊടുവഴികളിൽ
അടക്കം ചെയ്യുന്നു.
തുറസുകളെ
തുറുങ്കിലടയ്ക്കുന്നു
മിണ്ടലുകളെ
മിന്നൽ പിണറുകൾ മായിക്കുന്നു
മൂർച്ചകളറുക്കുന്നു ആയുസ്സുകളെ.
അമ്ലത്തിന്റെ അരുചികളിൽ
കത്തുന്നു അടിവയർ
അമ്മയെന്ന നാമത്തെ അഗ്നി
നക്കി തുടയ്ക്കുന്നു
ഗാന്ധിസം
സോഷ്യലിസം
കമ്മ്യൂണിസം.
ഇതിഹാസങ്ങളും
ഇസങ്ങളും
പാതാളത്തിലേക്കെന്ന് പറഞ്ഞ്
അവനവനിസത്തിന്റെ
അഭിനവ വാമനൻ ആഗതനാവുന്നു