malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, മേയ് 18, ശനിയാഴ്‌ച

ശവദാഹംകെട്ടിടം പടുക്കുന്നത്
പാതയോരത്തിനടുത്താണ്
നിര നിരയായി പല വലുപ്പത്തിലുള്ള
അനേകം കെട്ടിടങ്ങൾ
അങ്ങിനെ കാണ ക്കാണേ ഒരു-
ഗ്രാമം കൂടി
നഗര മാകുന്നു
പട്ടിണിയുടെ പെട്ടകം
പടുത്തുയർത്തുന്നു
അക്കരെ കുന്നുകൾക്ക് ഇക്കരെ
ഒരു തണ്ണീർത്തടം
നടന്നു തളർന്നാൽ ക്ഷീണമാറ്റാനൊരു
പാടവരമ്പു ,പച്ചപ്പ്‌,തണൽ തരുക്കൾ
കുളിർന്ന കുന്നിൻ താഴെ ഒരു കൊച്ചു സ്വർഗം
എന്തൊരു തന്ത്രമായിരുന്നു യന്ത്ര കൈ കൾക്ക്
കുനുകുനെ കുന്നിടിച്ചു  കാടെല്ലാം പിഴുതെടുത്ത്
കുന്നും പാടവുമേതെന്നു കണ്ടാലറിയാതായി
തണ്ണീർ തടത്തിൽ കുഴൽകിണർ
പാടത്ത് പല പല കെട്ടിടങ്ങൾ
ഒരു ഗ്രാമത്തിന്റെ  ശവദാഹം കൂടിക്കഴിഞ്ഞു  

ആഗ്രഹം


എന്നും കാലത്ത്   തെറ്റാതെ എത്തും
ഒരു താന്തോന്നിക്കുരുവി
 ഉമ്മറച്ചുമരിലെ ആൾക്കണ്ണാടിയിൽ
ആഞ്ഞാഞ്ഞു കൊത്തും പ്രതിയോഗിയെ
കൊത്തുംതോറും കലിയേറി യേറി വരും
പുലർകാല ഉറക്കത്തിന്റെ മൂർദ്ധന്യതയിൽ
മൂർച്ചയേറിയ കൊക്ക്  ആഴ്ന്നിറങ്ങുമ്പോൾ
കർണ്ണത്തിന്റെ കണ്ണാടി പൊട്ടുമെന്നാകുമ്പോൾ
'നാശ' മെന്നോതി ഉമ്മറപ്പടിയിൽ -
ഉണർ ന്നെത്തുംപോൾ
ഒളിക്കുവാനെന്നോണം ഊളിയിട്ടു പറക്കും
ചെമ്പരത്തിക്കൊമ്പിൽ .
കണ്ണൊന്നു തെറ്റിയാൽ മതി
കണ്ണാടിയിൽ കൊത്തി തിരിച്ചു പറക്കും
ക്ഷീണിച്ചു കഴിയുമ്പോൾ
അലക്കു കല്ലിലെ സോപ്പ് വെള്ളം -
കുടിച്ചു കഴിയുമ്പോൾ
ആർത്തിയും,ആവേശവും കൂടിക്കൂടി വരും
കണ്ടൻപൂച്ച വന്നതിൽ പിന്നെ
കണ്ടതില്ല കുരുവിയെ
കാത്തിരിക്കാറുണ്ടിന്നും ഞാൻ
അടങ്ങാത്ത ആഗ്രഹത്താൽ
അലാറം വിളിച്ചുണർ ത്തുന്നതിനേക്കാൾ
കണിശ്ശമായി
വിളിച്ച് ഉണർത്താറുള്ള
കുഞ്ഞി ക്കുരുവിയെ .

കഥ പറയും കണ്ണുകൾ
ജില്ലാ ആശുപത്രിയിൽ
 ഒപ്താൽ മോളജി ഡിപ്പാർട്ടുമെന്റിൽ
രോഗങ്ങളുടെ രാഗ വിസ്താരം
കാഴ്ച്ചയുടെ കതിരവൻ ആറിതണ്-
 ക്കരുതേയെന്നു
ആയിരം പ്രാർത്ഥനയുമായി
ഉഴറി നടക്കുന്നവർ
വികലമായ കാഴ്ച്ചയാൽ
നേർവഴികളെല്ല്ലാം
ഓരച്ചാരയെന്നു ബഹളം വെയ്ക്കുന്നവർ
ഏകാന്ത വേളകളിൽ ഭാവനയുടെ ഭവനത്തിലേക്ക്‌
തുറന്നിട്ട വാതിലിലൂടെ
ഞാനുമെന്റെ കുഞ്ഞു വീടും  കയറിപ്പോയതിനെ-
ക്കുറിച്ച്
ഉലച്ചാലുമുലയാമരത്തെ അദൃശ്യനായ കാറ്റ്
നിഷ് പ്രയാസമുലയ്ക്കുന്നത്കണ്ട്
ആത്മാവിലേക്ക് ആഴത്തിലിറങ്ങിയ വേരും
ഉയരത്തിലേക്ക് പ്രകാശത്തിലേക്ക്
വളരുന്ന വൃക്ഷവും
മനുഷ്യനെപ്പോലെയെന്നോർക്കുന്നവർ .
തെളിയണം ഒരിക്കൽക്കൂടി-
കാഴ്ച്ചയുടെ കതിരവൻ
കാണാ കാഴ്ച്ചകൾ കാണുവാനല്ല
കണ്ട കാഴ്ച്ചയുടെ തലനാരിഴ
കീറുവാനുമല്ല
കാലത്തിന്റെ മിടിപ്പിനൊപ്പം
കരുണയുടെ കരം ചേർക്കുവാൻ

മരിച്ചു വീഴുന്നത്
ലഹരിയുടെ തെരുവിൽ
മരണത്തിന്റെ മാസ്മരികതയും തേടി
അലഞ്ഞു നടക്കുന്നു ജോണ്‍ അബ്രഹാം
മത്ത്പിടിച്ചൊരു അയ്യപ്പൻ കവിത
പിറകേ നടക്കുന്നു
നെഞ്ചിൻ കൂടു കരളുന്ന രോഗാണു-
ക്കൾ ക്കിടയിലൂടെ
പ്രത്ഭാ രശ്മി വിടർത്തി പാടുന്നു
പിന്നെയും ആതിര വരുമെന്ന് കക്കാട്
ഉപാസിച് ഉപാസിച് പ്രത്യക്ഷ പ്പെടുത്തിയ
ദാരിദ്ര്യത്തിന്റെ ധാരാളിത്ത ദേവതയുമൊന്നിച്ച്
മിച്ച ജീവിതം മെച്ചമാക്കിയ കേശവദേവ്
പൂജിച്ച് പൂജിച്ച് മരണത്തിന്റെ
പൂജാ പുഷ്പ്പമായ പത്മ രാജാൻ
 ആത്മഹത്യയിലൂടെ ആനന്ദം കണ്ടെത്തി
അരുണ ശോഭ വിടർത്തുന്ന നക്ഷത്രമായി
മയക്കൊവുസ്ക്കി,സിൽവിയ പ്ലാത്ത്
ആത്മാവിന്റെ ആവൃത്തിക്കടിപ്പെട്ടു
ആനന്ദത്തിന്റെ ആത്മ രതിയിൽ
 സത്യത്തിന്റെ ബന്ധനത്തിൽ പെട്ട്
പിടയുന്ന എഴുത്ത് കാരാൻ
പിന്നെയെങ്ങിനെ യൊക്കെയാണ്
മരിച്ചു വീഴേണ്ടത്

2013, മേയ് 11, ശനിയാഴ്‌ച

വേനലവധി


തൊടിയിൽനിന്നു
തപ്പും,തുടിയും
തുടരെതുടരെ കേൾക്കുന്നു
വേനലവധിയായല്ലോ
ബാലകരെല്ലാം ഒത്തല്ലോ
മാങ്കനി മേലെ മാവിൻ-
കൊമ്പിൽ
മൂത്ത് പഴുത്തു കിടപ്പല്ലോ
അണ്ണാർകണ്ണാ  ഉണർന്നാട്ടെ
മാമ്പഴ മൊന്നു തന്നാട്ടെ

അവസാന വിളി


ചിതറിത്തെറിച്ച ചോരയുടെ
ഒരു കൊളാഷ് ചിത്രം
ചുവന്ന വാകപ്പൂക്കൾ പോലെ
മാംസ തുണ്ടുകൾ
തകർന്ന് തരിപ്പണമായ ബൈക്ക് -
ഒരു ബിനാലെ ചിത്രം പോലെ
എന്തെല്ലാം കാര്യങ്ങൾക്കായിരിക്കും
ബൈക്കിലെറിയത്‌
എന്തെല്ലാം മോഹങ്ങളുമായാണ്
ചിറകു വിരിച്ചത്
സ്വപ്നങ്ങളുടെ ഒഴുകി നീങ്ങലിൽ
ആ ഒരു നിമിഷം
ഒന്നും മനസ്സിലാവാതെയുള്ള
അവസാനത്തെ ആ നിമിഷം
തിരിച്ചറിവിന്റെ ഉണർച്ചയിലേക്ക്
വന്നിരുന്നെങ്കിൽ
എന്തൊക്കെ ഓർത്തിരിക്കും
ആദ്യമായി അമ്മേയെന്നുവിളിചുള്ള-
ആ കരച്ചിൽ തന്നെ യായിരിക്കില്ലേ
അവസാനമായി
അമ്മേ....യെന്നു വിളിച്ചുള്ള
ആ വിളിയും

2013, മേയ് 4, ശനിയാഴ്‌ച

അങ്കിൾ ബണ്‍

ഞായറാഴ്ച്ച ദിവസം 
ഭാര്യ കശുവണ്ടി പെറുക്കാൻ പോയനേരം
ചുട്ടു പൊള്ളുന്ന പകലിൽ 
നടുത്തളത്തിലെ ടൈൽ തറയിൽ
കമിഴ്ന്നു കിടന്ന്
മരിയ അമ്പാരോ എസ്ക്കാൻഡയുടെ
എസ്പെരാൻസയുടെ പുണ്ണ്യ്യാളന്മാർ  
വായിക്കുമ്പോൾ
ഉറക്കം നെറ്റി തടത്തെതറയോടു ചേർക്കുന്നു
വീണ്ടും തലയുയർത്തി 
ഗുസ്തിക്കാരൻ എൽ ഏഞ്ചൽ ജസ്റ്റിസിയാ
റോയെപ്പോലെ തയ്യാറെടുക്കുന്നു 
വയറുകൊണ്ട് തടുക്കൽ,കൂറ്റൻ ഇടികൾ,-
കൈപ്പൂട്ടുകൾ,കാൽ കൊളുത്തുകൾ ,
കയറിൽ തൂങ്ങി  മുകളിലേക്ക് പറക്കൽ 
കുത്തി മറിയൽ, ശരീരങ്ങൾതമ്മിലുള്ള 
ഭയാനകമായ കൂട്ടിയിടി ,ചരിഞ്ഞു മറിയൽ 
ഒട്ടകപ്പൂട്ട്‌, ശ്വാസം മുട്ടിക്കുന്ന കൂട്ടിപ്പിടി
റിങ്ങിൽ നിന്ന് പറന്നു താഴേക്കുള്ള -
വീഴ്ചയിൽ 
ഞെട്ടി യുണരുമ്പോൾ 
പുസ്തകമാരാണ് മടക്കി വെച്ചത്!
ഇപ്പോൾ സമയം ഉച്ച1.30
ഇനി ടി.വി ചാനലിലെ 
അങ്കിൾ ബണ്‍ സിനിമയിലേക്ക് 

പ്രണയത്തെ പാതി വഴിയിൽ ഉപേക്ഷിച്ചവളോടു


 ചുംബനത്തിനു
വിടർന്ന ചുണ്ടിനോടു
ചാപല്യ മരുതെന്നു
പറഞ്ഞതിന്
പ്രണയത്തെ പാതിവഴിയിൽ
ഉപേക്ഷിച്ചവളോടു:
വിശ്രമ വേളകളിലെ ഏകാന്ത
മുഹൂർത്തത്തിൽ
ഞാൻ ചെയ്തതാണ്  ശരിയെന്നു
നീ പറയും
കുറ്റ ബോധത്തിന്റെ കൂടപ്പിറപ്പാ-
കേണ്ടി വന്നതില്ലെന്നു
സമാധാനിക്കും
വികാരത്തിന്റെ പാരമ്യത വിവേകത്തെ
ഇരയാക്കുംപോൾ
പ്രായോഗിക ബുദ്ധിയെ പടിയട -
ച്ചകറ്റി യവളെ
പങ്കിലമായ പ്രണയത്തെ പകരം
തരാൻ ഞാനില്ല
ജീവിതത്തിന്റെ നൂൽ പാലത്തെ
പാതിയിൽ തകര്ക്കാൻ ഞാനില്ല
ഇടപ്പള്ളി,രാജലക്ഷ്മി,മയക്കൊവ്സ്ക്കി
നീറുന്ന നൊമ്പരത്തിന്റെ
അനലുന്ന തീയ്യിലേക്ക്
എണ്ണയൊഴിച് എരിതീയുയര്ത്തുവാൻ
ഞാനില്ല
പ്രണയത്തിന്റെ രക്ത സാക്ഷിത്വം നല്കുന്ന
ചുവന്ന മുഖം എനിക്കുവേണ്ട  

2013, മേയ് 3, വെള്ളിയാഴ്‌ച

കാഞ്ഞത്തി


കൊയ്ത്തു കഴിഞ്ഞ പാടത്ത്
ഒടുചെത്തി ഉതിർമണി പെറു ക്കു-
വാനെത്തും കാഞ്ഞത്തി
ഏളയാട്ടിയ ഇളയ ചെക്കൻ
വരമ്പത്തിരിക്കും
കാലിപ്പറിച്ച്,കാലിയെതെളിച്ച്
പരവേശം കൊള്ളുമ്പം
കണ്ടം കടന്നു കൊള്ളുകയറികണ്ടിക്കെത്തി -
വിളിക്കും അമ്മാരത്തെ,അമ്മാരത്തെ.....
കുത്തുപാളയിൽ കഞ്ഞി വെള്ളം
പള്ള നിറയെ കുടിച്ച് ഏമ്പക്കം വിടുമ്പോൾ
ആദിമ മനുഷ്യനെ ഓർമ്മ വരും
കീറിയ കോണകം ചുറ്റി മൂക്കിള ഒലിപ്പിച്ച്
തള്ള വിരൽ ഉറുഞ്ചുന്ന ബാലൻ
ഓർമ്മിപ്പിക്കും സൊമാലിയ
പ്ലാമൂട്ടിലടിഞ്ഞ പഴഞ്ചക്ക ഈമ്പി,ഈമ്പി-
തിന്നുമ്പം
കുപ്പക്കൂനയിൽ കടിപിടി കൂടും
ചാവാലി പട്ടികളെപ്പോൽ
ആർത്തലച്ചെത്തും മണിയനീച്ചകൾ
പഴയകാല മുത്തശ്ശിമാരെല്ലാം
പണ്ടേ മറഞ്ഞു
പാടവും പറമ്പും പടിഞ്ഞാട്ടു  പോയി
പകരം കിട്ടിയതോ
പടിഞ്ഞാട്ടെ ശീലങ്ങളും
കുട്ടിക്കളിയുള്ള കുട്ടികളില്ല കട്ടി-
ക്കാര്യത്തിൽ
തളച്ചിട പ്പെട്ടവർ മാത്രം
കാഞ്ഞത്തിയും ,കൊയ്ത്തും
കുറുമ്പ് കാട്ടും കുട്ടികളും
സ്വപ്നം കാണാൻ എത്ര പേർക്കറിയാം