malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

അന്നത്തെ അത്രയും


പുല്ലുമേഞ്ഞ വീട്ടിൽ
മഴചോർന്ന് നനഞ്ഞ്
കിടക്കാൻ കഴിയാതെ
ഉറക്കം തൂങ്ങിയിരിക്കുമ്പോൾ
ചോരാത്ത ഒരു വീട്
എത്ര ആഗ്രഹിച്ചിട്ടുണ്ട്

വയറ് മുറുക്കിക്കെട്ടി
ആഴ്ച കൂലിക്ക് കാത്തുനിൽ
ക്കുമ്പോൾ
ആഴ്ചക്ക് ആറുദിവസമായിരു
ന്നെങ്കിലെന്ന്
എത്ര ആഗ്രഹിച്ചിട്ടുണ്ട്

മഞ്ഞു വീഴും കാലത്ത്
കീറിയതെങ്കിലും
ഒരു പുതപ്പിന്
എത്ര തണുത്തു വിറച്ചിട്ടുണ്ട്

ഇന്ന്,
ഓരോ മഴയും
ഓരോ ഉരുളച്ചോറും
ഓരോ തണുപ്പും
ഒരു മാത്ര ഓർമിക്കാതെ
അനുഭവിക്കാൻ കഴിയുന്നി
ല്ലെനിക്ക്

ഇന്നീ സുഖസൗകര്യങ്ങളിലും
അന്നത്തെ അത്രയും
സുഖം തോന്നുന്നേയില്ല

2022, ഏപ്രിൽ 27, ബുധനാഴ്‌ച

ആത്മഹത്യ


ആത്മഹത്യയ്ക്കെതിരെ
ആത്മരോഷം കൊള്ളുന്ന
ആളായിരുന്നു

ഇത്രയും
ഇരണംകെട്ട പണി
വേറെയില്ലെന്ന്  പറയും

അയാളുടെ
വാക്കിൻ്റെ മൂർച്ചയിൽ
ചൂളിനിൽക്കാറുണ്ട്
ആൾക്കാർ

എന്നിട്ടും,
അടുക്കളപ്പറത്തു തന്നെ
തൂങ്ങി !

ഇത്രയും മൂർച്ചയുള്ള
ഏത് വാക്കായിരിക്കും
അയാളെ കൊലക്ക്
കൊടുത്തത്


2022, ഏപ്രിൽ 26, ചൊവ്വാഴ്ച

പ്രണയ വേര്


അറ്റമില്ലാത്ത
ആഴമാണ് പ്രണയം
ഒറ്റയായാലും
അറുത്തു മാറ്റിയാലും
ഏതുറപ്പിനുമപ്പുറമെത്തും
പ്രണയത്തിൻ്റെ അടിവേര്

അല്ലെങ്കിലും ,
തേടലും
നേടലും
തോൽവിയുമല്ലേ
പ്രണയം

2022, ഏപ്രിൽ 25, തിങ്കളാഴ്‌ച

ശേഷം


വെളുപ്പാൻ കാലത്താണ്
കൊണ്ടുവന്നത്
എങ്ങനെയായിരിക്കും സംഭവിച്ചി -
ട്ടുണ്ടാവുക?!

ഉറക്കത്തിലായിരിക്കുമോ?
വല്ല മാറാരോഗവും?
അതോ,
പട്ടിണി പിടിമുറുക്കിയതോ?

പൊറുതിമുട്ടിയപ്പോൾ കാമുക -
നോടൊത്ത് പൊറുക്കുവാൻ
അമ്മ കണ്ടെത്തിയ വഴിയോ?!

ഭാര്യയേയും, മകളേയും തിരിച്ചറിയാത്ത -
ഒരച്ഛൻ്റെ ക്രൂരതയോ!
വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ
ഏതോ ഒരു വിടൻ

പ്രായം അഞ്ചോ ,ആറോ വയസ്സാ-
യിരിക്കണം
ഓമനത്വമുള്ള മുഖം
ഒരു കുഞ്ഞു സങ്കടം മുഖത്ത്
നിഴലിക്കുന്നുണ്ടോ?

കിട്ടാതെപോയ ഒരു മിഠായിയുടെ
ഐസ് ക്രീമിൻ്റെ
അമ്മയുടെ മധുരിക്കുന്ന ഉമ്മയുടെ

2022, ഏപ്രിൽ 24, ഞായറാഴ്‌ച

മോഹം


മരിക്കുമെന്ന്
നമുക്കറിയാം
മരണമെന്നെന്ന് മാത്രം
അറിയില്ല
അതുകൊണ്ടായിരിക്കണം
മോഹമിത്രയും
അതിരു കടക്കുന്നത്
...................
രാജു കാഞ്ഞിരങ്ങാട്

2022, ഏപ്രിൽ 23, ശനിയാഴ്‌ച

ഉത്തരാധുനികം


റിയലിസത്തിൽനിന്ന്
ഉത്തരാധുനികതയിലേക്ക്
വണ്ടി കയറി ഒരു കവിത

അപ്പോൾ
ശൂന്യതയിൽനിന്ന്
ശാന്തതയിലേക്കെന്ന
മുഖഭാവമായിരുന്നു

അപ്പോൾ
തൻ്റെ ഇടം വെട്ടിപ്പിടിക്കാനും
തൻ്റെ അതിരുകളേതെന്ന്
താൻ തന്നെ നിർണ്ണയ്ക്കും
എന്ന സമരഭാവമായിരുന്നു

കാലത്തിൻ്റെ അടരുകളിലൂടെ
വണ്ടി ഓടിക്കൊണ്ടേയിരുന്നു
ഗലികളിലൂടെ ,
ഇനിപ്പും, കവർപ്പും, പുളിയുമുള്ള
തെരുവുകളിലൂടെ

പ്രാണൻ്റെ പിടച്ചിൽ കൊത്തിവെച്ച
കടലിനരികിലൂടെ
പ്രത്യാശകൾ പച്ചക്കുത്തിയ
പുലരികളിലൂടെ

ജീവിതം കവിതയാകുമ്പോൾ
ചരിത്രവും ഓർമകളും
മുറിച്ചെറിയുന്നവരെ
തുറന്നുകാട്ടാൻ

വൃത്തങ്ങളുടെ വലയം ഭേദിച്ച്
ഉത്തരീയം ഉരിഞ്ഞെറിഞ്ഞ്
ഉത്തരാധുനികതയിലേക്കല്ലാതെ
എങ്ങോട്ടു പോകും കവിത

2022, ഏപ്രിൽ 22, വെള്ളിയാഴ്‌ച

സമസ്യ




അപരിചിതരാണു നാമേവരും

നമുക്കു ചുറ്റുമുള്ളവർ

ബന്ധുവെന്നോർക്കുവോർ

സന്ധി ചെയ്തീടുവോർ


അച്ഛൻ

അമ്മ

മക്കൾ

പാതവക്കത്തെ പരിചിതർമാത്രം


ചുമക്കുന്നവരിൽ ചുരുങ്ങാതൊതുങ്ങീടുന്ന

പ്രശ്നങ്ങളെത്രയുണ്ടോരോ മനസ്സിലും

നമ്മളോരോരുത്തരും ഓരോ സമസ്യകൾ

കാറ്റുഴുതുമറിച്ചിട്ട കാണാക്കാടുകൾ


നടന്നു നോക്കുന്നു ഓരോ വഴിയും

മുടന്തി ഉഴലുന്നു ഓരോ മിഴിയും

വഴിമുട്ടിയവഴിയിലീ യാത്രയെന്നറിയുമ്പോൾ

ജഡത പേറി നടക്കുന്നു മാനസം

2022, ഏപ്രിൽ 21, വ്യാഴാഴ്‌ച

പാടം




പാടത്തിന് പറയാനുണ്ട്

പ്രയത്നത്തിൻ്റെ ചരിത്രം

നോക്കൂ ;

പാടത്തിലെ ഓരോകല്ലിലും

മൺതരിയിലുമുണ്ട്

പഴയപാട്ടിൻ്റെ കൊയ്ത്തു

പാട്ടിൻ്റെ താളം


കുതിരയോട്ടങ്ങൾ ,

മൈതാന പ്രസംഗങ്ങൾ ,

വെടി,ഇടി ,പക ,പ്രേമം

അടുത്ത ഗ്രാമത്തിലെ ഉത്സവക്കാറ്റ്


ഇന്ന്,

ഏകാന്തതയുടെ വിജനരംഗമാണ്

പാടമെന്ന് നിങ്ങൾക്കു തോന്നാം

ഒരിക്കൽ,

കതിരിട്ട സ്വപ്നങ്ങളും

താണിറങ്ങിയ കിളിക്കൂട്ടവുമായിരുന്നു

എല്ലാ മനുഷ്യരേയും ഒരു മന്ത്രച്ചരടാൽ

കോർത്തിട്ടതുപോലെയായിരുന്നു


ആകാശത്തിൻ്റെ അറ്റംവരെ

നീണ്ടുകിടക്കുന്ന പാടം

ഇന്നും,

ഓർമയുടെ കൂർമ്പൻ ഗോപുരത്തിൽനിന്ന്

മൂടൽമഞ്ഞിൽ നിന്ന്

ജനാലയഴികൾക്കിടയിൽനിന്ന്

മൺമതിലുകൾക്കു മുകളിൽനിന്ന്

മനസ്സിൻ്റെ മരുപ്പരപ്പിൽനിന്ന് കാണാറുണ്ട് 


പുലരിമഞ്ഞിൽ കുളിച്ചുകിടക്കുന്നപാടം

പുതുപ്പെണ്ണിനെപ്പോലെ തോന്നും

ഇളവെയിൽ വരച്ചുചേർക്കും ഛായാചിത്ര

ങ്ങൾ

രത്നകമ്പളങ്ങൾ 

രാമാനം തീർക്കുന്ന ദീപപംക്തികൾ


തകർന്നുപോയ വാഗ്ദാനങ്ങളുടെ

കൂമ്പാരമാണ് പാടമെന്ന് നിങ്ങൾക്ക്

തോന്നിയേക്കാം

അവിടം പ്രകാശത്തിൻ്റെ നഗരിയാണ്

ജ്ഞാനത്തിൻ്റെ അത്ഭുത വൃക്ഷമാണ്


വിത്തിൻ്റെ വിശപ്പാണ് മുള

മുളയുടേത് വിളയും

വിത്താണ് പാടം

അതിൻ്റെ മുളയിൽനിന്നും വിളഞ്ഞതാണ്

പൂർവ്വികരും അവരിൽ നിന്ന് നമ്മളും


പറയാതെ പറയുന്നത്


മുന്തിരി പന്തലിനു കീഴെ
ഞങ്ങളിരുന്നു
മീനമാസച്ചൂട്
ഉടലിനെ ഉപ്പിലിടുമ്പോഴും
കുളിരിൻ്റെ ഒരല
ഞങ്ങളിൽ വട്ടമിട്ടു

പരസ്പരം
ഞങ്ങളൊന്നും
മിണ്ടുന്നില്ലെങ്കിലും
ഹൃദയങ്ങൾ
പക്ഷികളെപ്പോലെ
ചിറകിട്ടടിച്ചു കൊണ്ടിരുന്നു

പർവ്വതത്തോളം ഭാരം
വാക്കിനെന്നറിഞ്ഞു
പഞ്ഞിക്കെട്ടോളം
ലാഘവത്വം
സമയത്തിനെന്നും

കുന്നുകയറുന്ന
ഒരു കിതപ്പ്
ഞങ്ങളിൽ നിന്നുമുയരുന്നു
കുന്നിറങ്ങുന്ന ഒരുകുതിപ്പും

മുന്തിരി പന്തൽ
പ്രണയത്തിൻ്റെ
ആകാശമെന്നറിയുന്നു
ഞങ്ങൾ
രണ്ടു നക്ഷത്രങ്ങളെന്നും

പ്രണയത്തിന്
വാക്കുകളെന്തിന്
പക്ഷികളെപ്പോലെ
ചിറകുകളല്ലാതെ
നക്ഷത്ര മിഴികളല്ലാതെ
പറയാതെ പറയും
മൊഴികളല്ലാതെ


2022, ഏപ്രിൽ 20, ബുധനാഴ്‌ച

ഏകലവ്യൻ


ഗുരുവിൻ്റെ
പ്രതിരൂപമുണ്ടാക്കി
ഏകലവ്യൻ
ആയോധനമുറ
അഭ്യസിച്ചു.

പെരുവിരൽ മുറിച്ച്
ദക്ഷിണവെച്ച്
ഗുരു കാട്ടിലേക്ക്
തിരിച്ചു

2022, ഏപ്രിൽ 18, തിങ്കളാഴ്‌ച

ജീവിതം


നിനക്ക്
ഏതൊരു കാര്യവും
നിസ്സാരമായിരുന്നല്ലോ

അതു കൊണ്ടായിരിക്കണം

എന്നിലെ സാരവും
കാണാതെ പോയത്

എന്നോടൊപ്പമായാലും
മറ്റൊരുവന്നോടൊപ്പമായാലും
ജീവിതം ഒന്നന്നെയെന്ന്
നിനച്ചു പോയതും

സാരമില്ല

ഒറ്റയ്ക്കാണെങ്കിലും
നിൻ്റെ ഓർമകൾ
കൂട്ടിനുണ്ട്
എനിക്കെന്നും

നീയില്ലെങ്കിൽ


കുന്നിൻ മുകളിലെ കാറ്റുപോലെ
നീ കുളിരു കോരി നിൽക്കുന്നു
വിടർന്ന പൂവുപോലെ
സൗരഭ്യം പൊഴിക്കുന്നു.

ഒരിക്കൽ നീ ഞങ്ങളുടെ
മധ്യേയായിരുന്നെങ്കിൽ
ഇന്ന് ഞങ്ങളുടെ
ഉള്ളിൽ തന്നെ വസിക്കുന്നു

നീ ഞങ്ങളുടെ അടങ്ങാത്ത
വിശപ്പാകുന്നു
ഒടുങ്ങാത്ത ദാഹവും
നീ തന്നെ ദയ
നീ തന്നെ ഭയവും

നീ തരിശുനിലത്തെ
പൂന്തോട്ടമാക്കുന്നു
ചിലപ്പോൾ കുരിശും

വേൾക്കുകയും
വേട്ടയാടപ്പെടുകയും
ചെയ്തേക്കാം

യുദ്ധവും
സമാധാനവും
ഉണ്ടായേക്കാം

എങ്കിലും ;
പ്രണയമേ
നിന്നോളം
മനോഹാരിതയും,
സ്നേഹവും,
കരുണയും, സത്യവും,
സമ്പത്തും
മറ്റെന്തിനുണ്ട്

നീയില്ലെങ്കിൽ
എവിടെ ജീവിതം

2022, ഏപ്രിൽ 15, വെള്ളിയാഴ്‌ച

നേതാജി


കാത്തിരിക്കുന്നു സഹചർ ഞങ്ങൾ
കാലങ്ങളെത്ര കഴിഞ്ഞെന്നാലും
കാതോർത്തിരിക്കുന്നു ഞങ്ങളെന്നും
നിൻ പാദപതനങ്ങൾ കേൾപ്പതിന്നായ്

വ്യർത്ഥമാമൊരു മോഹമാണെങ്കിലും
ആയുസ്സിന്നർത്ഥമതുനീയല്ലോ
വിശ്വമിതെങ്ങും വിളങ്ങിനിൽക്കും
ഇന്ത്യതന്നോമന പുത്രനല്ലോ

വിശാലമാം ഈവിശ്വക്കോണിലെങ്ങോ
മറഞ്ഞിരിപ്പുണ്ടു നീ എന്ന തോന്നൽ
ഒരു നാളിൽ നീ വന്നു നയിക്കുംനമ്മെ
വെന്നിക്കൊടി നാട്ടി രക്ഷയേകും

നിന്നോർമ വന്നു തിടം വെയ്ക്കുന്നു
ആ ദീപ്ത ശോഭപരന്നിടുന്നു
ഉദ്ദീപ്തമാകുന്നു രാഷ്ട്ര ബോധം
സദീപമാകുന്നു രാജ്യസ്നേഹം

രാവില്ല പകലില്ല ഋതുക്കളില്ല
ഋണഭാരമൊന്നുമേ ഓർപ്പതില്ല
നിന്നിലേക്കെല്ലാമർപ്പിച്ചു ഞങ്ങൾ
നിന്നാഗമനത്തിനായ് കാത്തുനിൽപ്പൂ

മാറ്റത്തിൽ കാറ്റാകനേതാജി നീ
നേരിൻവിളക്കാക നേതാജീ നീ
ഭാഷയും വേഷവും ഏതാകിലും
നാടു രക്ഷിപതിനായ് അണയ്ക

കണി


ചൈത്രം ചിരിതൂകി നിന്നിടുന്നു
ചിത്രപദംഗങ്ങൾ പാറിടുന്നു
വൈശാഖം വന്നു വിളങ്ങിടുവാൻ
കാടുകളെല്ലാമൊരുങ്ങിടുന്നു

മഞ്ഞക്കിളിപ്പെണ്ണു കൂടുവച്ചു
കൂട്ടിലിളങ്കിളി പാട്ടു മൂളി
കുന്നത്തെ കൊന്നമരങ്ങൾ പൂത്തു
കുന്നോളം മോഹങ്ങൾ പൂവണിഞ്ഞു

കോടക്കാറെല്ലാമൊഴിഞ്ഞുപോയി
കോടിയുടുത്തിതാ മേടമെത്തി
മോടിയായ് മേഘമണിനിരന്നു
മാടത്ത പാട്ടുകൾ പാടിടുന്നു

മാങ്കനി മഞ്ഞയുടുപ്പണിഞ്ഞു
മധുരം വിളമ്പുവാൻ കാത്തിരിപ്പൂ
തങ്കനിറമാർന്ന തേൻ ചുളയാൽ
ചക്കകൾ ചാഞ്ഞുകിടന്നിടുന്നു

ചിത്രമണികൾ കിലുക്കി നിന്ന്
കർണ്ണികാരപ്പൂമൊഴിഞ്ഞിടുന്നു
കാലമായ് ... കാലമായ്... കാലമായി
കണികണ്ടുണരുവാൻ നേരമായി

കാഞ്ഞിരക്കൊല്ലി


ഓടക്കാടുകൾ ചുറ്റി വരുന്നൊരു
കാറ്റേ നീയൊന്നു ചൊല്ലാമോ ?

കൊടകു മലകൾക്കു താഴെ
ഹരിത തീരത്തിന്നരികെ
കാൽച്ചിലങ്ക കിലുക്കി കിലുക്കി
പാഞ്ഞു പോകുന്ന ഉടുമ്പിപ്പുഴപ്പെണ്ണ്
കിന്നാരം ചൊല്ലണതെന്താണ്
ങാ...പുന്നാരം ചൊല്ലണതെന്താണ്?

കൊടകുമലകളിറങ്ങി വരുന്നൊരു
കോടക്കാറെ ചൊല്ലാമോ ?

വള്ളിക്കാട്ടിലൊന്നൂഞ്ഞാലാടാൻ
ആറ്റുവഞ്ചിപ്പൂക്കൾ നുള്ളിയെടുക്കാൻ
ഓളം തുള്ളുന്ന ഓർമകൾ ചൊല്ലി
ഓമനകഥകൾതൻ ഓരത്തുകൂടെ
ഉടുമ്പിച്ചോലയിൽ പോകാമോ
ചേലേഴും ചെറുതുള്ളികൾ ചേർന്ന്
ചോലയൊഴുക്കൊന്നു കാട്ടാമോ
ങാ.... ചോലയൊഴുക്കൊന്നു കാട്ടാമോ?

വിണ്ണിനെ ചുംബിച്ച് ചുംബിച്ചു നിൽക്കണ
കൊടകുമലകളെ ചൊല്ലാമോ ?
മണ്ണിനെ മണ്ണിനെ മാറോടു ചേർത്തൊരു
ഉടുമ്പിപ്പുഴപെണ്ണെ ചൊല്ലാമോ ?

കാടറിഞ്ഞ് കാറ്ററിഞ്ഞ്
ഒത്തിരി സ്നേഹത്തിൻ കൂട്ടറിഞ്ഞ്
മഞ്ഞറിഞ്ഞ് മലയറിഞ്ഞ്
മണ്ണറിഞ്ഞ് മനംനിറഞ്ഞ്
ഇത്തിരി നേരംകൊണ്ടൊത്തിരിസ്നേഹത്തിൻ
ഓർമകൾപാകും രഹസ്യമെന്ത്
ങാ.... ഇത്തിരി നേരം കൊണ്ടൊത്തിരി
സ്നേഹത്തിൻ
ഓർമകൾ പാകും രഹസ്യമെന്ത്?!

വിഷു


മഞ്ഞിൻ്റെ,യത്തറുതൂവിചന്ദ്രൻ വന്നു നിൽക്കുന്നു
പുഴയിൽ മുടിയഴിച്ച് നിൽക്കുന്നു പൂകൈതയും
വൃക്ഷങ്ങളിൽ വെള്ളപുഷ്പങ്ങൾനക്ഷത്രം പോൽ
വരച്ച ചിത്രം പോലെ ഭൂമി മനോഹാരിണി
ശലഭം ശരറാന്തൽ വിളക്ക് ചുറ്റുമ്പോലെ
രാ,ശലഭങ്ങളെങ്ങും ചുറ്റി പറന്നീടുന്നു.
മൂടൽമഞ്ഞിൽ നിൽക്കുന്ന മുരിക്കിൻ പൂക്കുല - പോൽ
വെളുത്തു ചുവന്ന മുഖത്താലവൾ നിൽക്കുന്നു
കരിമ്പടത്തിൽ കരിക്കട്ട വിതറിയതുപോലുള്ള
കുറ്റിക്കാടവൾക്കു കാവലെന്ന പോൽ നിൽപ്പൂ
കൊന്നപ്പൂ കൊണ്ടുള്ള പവൻ മാലകളണിഞ്ഞുള്ള
കുന്നുകൾ ചുറ്റുപാടും ഉയർന്നു നിന്നീടുന്നു
മേടമാസ നിലാവ് മന്ദഹാസം തൂവുന്നു
മാമരക്കൊമ്പിൽ നിന്ന് വിഷു പക്ഷി പാടുന്നു
വിഷാദമേ പോക നീ, വിത്തും കൈക്കോട്ടുമായി
വിശ്വസംസ്ക്കാരത്തിൻ്റെ കൃഷകർ വരവായി

2022, ഏപ്രിൽ 13, ബുധനാഴ്‌ച

വീണ്ടും വിഷു


നോക്കൂ സുഹൃത്തേ, വന്നെത്തി വിഷു വീണ്ടും
വെള്ളരിപ്പാടം പോൽ തോഷിപ്പു ,യെൻമനം
പെയ്തു പെയ്തെത്ര കാലം വെളുത്തു ,യെന്നാൽ
പോയ്പ്പോയ കാലത്തിൻ താഴ്‌വരയിൽ ചെന്നെ-
ത്തിച്ചിടുന്നോർമ്മയിന്നും നമ്മെ

ഉണ്ണികളാംനമ്മളാർത്തു തിമർത്തൊരാ
ബാല്യത്തിൻ തീരമതെന്തു ഭംഗി
താരകളെപ്പോൽ വെളിച്ചം വിതറിനാം
താഴ് വരത്താരുവായ് പൂത്തതില്ലെ

പുത്തൻപുലരിയിൽ ചെപ്പുക്കുടവുമായ്
കൂവലിൽ വെള്ളം നാം കോരിയില്ലെ
മത്തൻ, പടവലം, കൈപ്പയും കുമ്പളം
കുളിർകോരി നമ്മൾ നനച്ചതില്ലെ

മുറ്റിക്കൂടിയുള്ളെരാഹ്ളാദ വായ്പ്പാൽ
മുങ്ങാംക്കുഴിയെത്രയിട്ടതാടോ
കറ്റമെതിക്കയും, കാലിയേ മേയ്ക്കയും
കന്നത്തമെന്തെല്ലാമൊപ്പിച്ചു നാം

പൊട്ടാസ്, പൂക്കുറ്റി, ഓലപ്പടക്കങ്ങൾ
എന്തെന്തു മേളങ്ങളായിരുന്നു
കൊന്നപ്പൂ ,കോവക്ക, കണ്ണിമാങ്ങ നമ്മൾ  കുഞ്ഞുങ്ങൾ കൂട്ടമായ് കൊണ്ടുവന്നു

അമ്മകളംവരച്ചീടുന്നപോലവെ
കളംവരയ്ക്കുന്നെടോ ഓർമ്മയുള്ളിൽ
ജീവിത സായാഹ്ന വേളയിൽ പോലുമേ
കുഞ്ഞായ് ചമയുന്നുയെൻ മാനസം

2022, ഏപ്രിൽ 11, തിങ്കളാഴ്‌ച

ആദ്യചുവട്


മഞ്ഞവെയിൽ മലർന്നു കിടക്കുന്ന
കുന്നിൻചരിവിലൂടെ
അപരിചിതമായ ലോകത്തിലെന്നപോലെ
സ്ഥലകാലങ്ങളുടെ വിസ്മയകരമായ
അപാരതയിൽ ഒരിലപോലെ
ചിരിയുടെയും കരച്ചിലിൻ്റെയും നേർത്ത -
വരമ്പിലൂടെ
നിഴലുകൾ നനച്ചിട്ട ഇടവഴിയിലേക്കവൾ
നടന്നു

മഹാകാലത്തിൻ്റെ ഒരു ബിന്ദുവിൽ
മന്വന്തരങ്ങൾക്കു ശേഷവും
ഉറഞ്ഞു നിൽക്കുന്ന ജന്മമാണ്
ജീവിതമെന്ന്
ചുഴിക്കുള്ളിൽ ആലില പോലെ
അവളുടെ മനസ്സ്
കറങ്ങി താണുകൊണ്ടിരുന്നു

ഭൂതവും ഭാവിയുമില്ലാത്ത
വർത്തമാനത്തിൻ്റെ വേരറ്റ
പാഴ്മരമെന്നവളോർത്തു
കാലത്തിൻ്റെ കൈകളിലെ കളിപ്പാവ -
യെങ്കിലും
കണ്ണീരും കൈയുമായി കാലം കഴിക്കുവാൻ
ഇനിയും കഴിയില്ലെന്നോർത്തു

ജനിമൃതികളുടെ
പാതാള പടവുകൾ ചവിട്ടിക്കയറി
ജീവിതത്തിൻ്റെ നെടുമ്പാതയിലേക്ക്
അവൾ ആദ്യത്തെ ചുവടുവച്ചു




2022, ഏപ്രിൽ 9, ശനിയാഴ്‌ച

മരണം മുദ്രവെച്ച ചുണ്ടുകൾ


ഒരു നിശ്ചിത പാതയിലൂടെ
എന്നത്തേയുംപോലെ അന്നും
പുലരിവെട്ടം നടക്കാനിറങ്ങി !

രാത്രി കാറ്റുതല്ലി വീഴ്ത്തിയ
മഞ്ഞ ഇലകളിലൂടെ
ദിനപത്രങ്ങൾ തരംതിരിക്കുന്ന
കാഴ്ചയിലൂടെ
പാൽക്കാരൻ്റെ പതിവ്
മണിയടിയിലൂടെ.

ലോക പുസ്തകത്തിൻ്റെ
ഒരു താളുകൂടി മറിഞ്ഞിരി
ക്കുന്നു
ബോധത്തിൻ്റെ ഒരു പടവുകൂടി
കയറിയിരിക്കുന്നു
ജീവിതം ഒരു ദിവസം കുടി
പഴകിയിരിക്കുന്നു.

ഓർമകളിൽ
ചിലതിന് മധുരം
ചിലതിന്
ചെന്നിനായക കയ്പ്പ്

ഓർക്കുന്നുണ്ടോ നിങ്ങൾ ?
ഓർമകളിൽ
മരണം മുദ്രവെച്ച ചുണ്ടുകൾ
അവസാനമായിപ്പറഞ്ഞ
വാക്കുകൾ ഏതായിരിക്കുമെന്ന്

2022, ഏപ്രിൽ 6, ബുധനാഴ്‌ച

എൻ്റെ മലയാളം


അമ്മതന്നമ്മിഞ്ഞപ്പാലിൻ്റെ മാധുര്യ-
മൂറുന്നൊരോർമ്മയെൻ മലയാളം
പൊന്നിൻ കതിർക്കുല താളത്തിലാടുന്ന
പുഞ്ചനെൽപ്പാടമെൻ മലയാളം

സുന്ദര സ്വപ്നങ്ങൾ തളിരിട്ടു നിൽക്കുന്ന
സഹ്യൻ്റെ സ്നേഹമാം മലയാളം
പഴയൊരാ പാട്ടുമായ് പുഴയൊഴുകീടുന്ന
പുന്നെല്ലിൻ മണമുളള മലയാളം

തെച്ചിയും, പിച്ചിയും, ചെങ്കുറുഞ്ഞിപ്പൂവും
ചേർന്നു നിന്നുള്ളൊരു മലയാളം
തുഞ്ചൻ്റെ പഞ്ചവർണ്ണക്കിളി പെണ്ണവൾ
പാടിത്തിമർക്കും മലയാളം

ഉമ്മകൾ കൊണ്ടെന്നിൽ ഉൺമയേകീടുന്ന
മുത്തശ്ശിയാണെൻ്റെ മലയാളം
നാമജപം കൊണ്ടു നന്മയേകീടുന്ന
നാട്ടിൻപുറമാണ് മലയാളം

കണ്ണാന്തളി കണ്ണിറുക്കിച്ചിരിക്കുന്ന
കുന്നിൻ പുറമെൻ മലയാളം
കന്നുകൾ തട്ടമുട്ടിക്കളിച്ചീടുന്ന
തണൽമരച്ചോടുമെൻ മലയാളം

കഥകളിയും, പിന്നെ പുലിക്കളിയും
വള്ളംകളിയും, തിറയാട്ടവും
തറികൾ നെയ്തീടുന്ന ക ഖ ഘ ങ
തിരകൾ പാടീടുന്നു ശ്രീരാഗം

അമ്മയാണെന്നുമെൻ മലയാളം
അരുമയാണെന്നുമെൻ മലയാളം
ശ്രീയെഴുന്നുള്ളൊരു മലയാളം
ശക്തിയാണെന്നുമെൻ മലയാളം

2022, ഏപ്രിൽ 5, ചൊവ്വാഴ്ച

വിശപ്പ്


ചോര വാർന്നതുപോലെ
വിളറിയിരിക്കുന്നു
ചേമ്പിലക്കുടചൂടി
നനഞ്ഞു വരുന്നു

നിനയ്ക്കാത്ത നേരത്തെൻ
അരികിലെത്തുന്നു
നനഞ്ഞ ചിരിയാലെ
കൈ നീട്ടുന്നു

കത്തുന്നു എന്നിൽ ഗ്രീഷ്മം
കരിമേഘ കാർക്കോടകൻ
കൊത്തുന്നു

മെല്ലിച്ചവിരലെന്നെ തൊടുന്നു
കണ്ണീരില്ലാത്ത കരിങ്കൽ വിഗ്രഹ-
ത്തിൽ ചിലർ മാലചാർത്തുന്നു

ഒട്ടിയ വയർതൊട്ട് അവൾ തേങ്ങുന്നു
തൊട്ടാലൊട്ടുമെന്ന് പേടിച്ച് ചിലർ -
മാറിപ്പോകുന്നു

പ്രാർത്ഥിച്ച് വിശപ്പടങ്ങിയിട്ടില്ല കുഞ്ഞേ -
യിന്നോളം
മെല്ലിച്ച കൈകളിലെക്ക് അഞ്ച് രൂപ
നാണയത്തുട്ട് വച്ചു കൊടുക്കുമ്പോൾ
അവളുടെ മുന്നിലൊരു ദൈവമെന്ന്
മിഴികൾ മൊഴിയുന്നു

2022, ഏപ്രിൽ 3, ഞായറാഴ്‌ച

ഞാനും നീയും


ഞാനും നീയും
രണ്ടിടത്തിരുന്ന് പ്രേമമെഴുതുന്നു
ആത്മ നിശ്വാസങ്ങൾ
പരസ്പരം പങ്കുവെയ്ക്കുന്നു
വേനൽക്കാറ്റിൻ പ്രേമ സാരംഗിയിൽ
കണ്ണും കരളും കവിത നെയ്യുന്നു

പുതുമഴയുടെ പുളകമായി
പൂക്കാലത്തിൻ്റെ സുഗന്ധമായി
നാമൊരു പ്രണയ യാത്ര പോകുന്നു
കാറ്റാടിചില്ലകളാടുന്നനെഞ്ചിൻ
പിടപ്പുമായി
ബീച്ചിൽ, ബസ്റ്റാൻഡിൽ, ലൈബ്രറിയിൽ
നൂറുക്കൂട്ടം കാര്യങ്ങളുടെ തിരക്കുകൾ -
ക്കിടയിൽ

ഓർമകളുടെ ഓളം വെട്ടലുകളാണ്
പുലരിയിൽ ഇത്രയും ഉന്മേഷം
നൽകുന്നത്
പ്രണയമാണ് ജീവിതത്തെ ഇത്രയും
ഉന്മത്തമാക്കുന്നത്
ഏത് ദുഃഖത്തിലും തൃപ്തിയുടെ ഒരു -
തിരിതെളിയുന്നത്

ഇപ്പോൾ ഞാനും നീയുമില്ല
പരസ്പരം സ്വാതന്ത്ര്യം പ്രഖ്യാപിച്ച
രണ്ടു ഭൂഖണ്ഡങ്ങൾ
ആഴങ്ങളും, പരപ്പുകളും താണ്ടി
അനേകം കൈവഴികളായൊഴുകി
ഒന്നിച്ചു ലയിച്ചു ചേരുന്ന ഏകത്വം


2022, ഏപ്രിൽ 2, ശനിയാഴ്‌ച

യാത്രയിൽ


ഇരുട്ടിനെ നടുവേചീന്തിക്കൊണ്ട്
നീളമുള്ളൊരു ഒറ്റക്കണ്ണൻ
കിതച്ചുകൊണ്ട് കുതിച്ചു പായുന്നു

ഈർപ്പത്താൽ വിയർപ്പു തുള്ളികൾ
പോലെ
ചില്ലിലൂടെ മഞ്ഞ്ചാല്ലുകൾ രൂപം
കൊള്ളുന്നു
കൂർപ്പിച്ച് നോക്കിയാൽ കുറേ ദൂരെ
ചില മിന്നാമിന്നി വെട്ടങ്ങൾ

വഴിതെറ്റിവന്നൊരു ശീതക്കാറ്റ്
കറങ്ങി നടക്കുന്നുണ്ട്
കമ്പാർട്ടുമെൻ്റ് തോറും
തൊട്ടു വിളിച്ചിട്ടും തെല്ലൊന്നുണരുന്നില്ല
ഉറക്കം
തോരുന്നില്ല ചില കൂർക്കംവലികൾ

കണ്ണുപൊത്തികളിക്കുന്ന കുട്ടിയെപ്പോലെ
വെളിച്ചമെന്ന അച്ചു തൊട്ട്
വിജയിയാകുവാൻ ശ്രമിക്കുകയാണെന്ന്
തോന്നും തീവണ്ടി

തിരിഞ്ഞു നോക്കാതെ
തിടംവെച്ച ഇരുട്ടിലൂടെ അവനോടുന്നു
ഉറക്കത്തിലായവരുടെ ദൂരങ്ങൾ
എത്ര ദൂരത്തായിരിക്കും !

ഒഴിഞ്ഞുപോയ ഉറക്കം ജനാലപ്പുറത്തു് -
ഉണ്ടോയെന്ന്
അറിയാതെ ഇടയ്ക്കിടേ നോക്കിപ്പോകുന്നു
മുനിഞ്ഞു കത്തുന്ന വഴിവിളക്കു പോലെ
ചില ഓർമ്മകൾ നനഞ്ഞു നിൽക്കുന്നു

നഷ്ടമെന്തെന്ന്
നേട്ടമെന്തെന്ന്
യാത്രയെന്നോട് ചോദ്യമുതിർക്കുന്നു