malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മ്യാവു

മ്യാവുയെന്നവിളിയാണ്
മനോരഥത്തില്നിന്നും ഉണര്‍ത്തിയത്
കൈക്കുഞ്ഞു കരയുന്നത്പോലൊരുവിളി
കാല്‍വെള്ളയില്‍ മുഖമുരസ്സിയപ്പോള്‍
കുഞ്ഞുകൈകള്‍കിക്കിളി കൂട്ടുന്നപോലെ
കട്ടിലിനുചുറ്റും കറങ്ങിനടന്നുകരഞ്ഞുവിളിക്കും
നടക്കുമ്പോള്‍കൂടെനടന്നു,കണംകാലില് തട്ടിക്കൊണ്ടിരിക്കും
അത്താഴവുംകഴിച്ച് രാത്രിപുറത്തേക്ക്ഇറങ്ങിയതാണ്
തിരിച്ചു വന്നതേയില്ല .
എന്നില്‍ കുടിയേറിയ ഒരു മ്യാവു വീണ്ടുമുയരുന്നു
കൈകാല്‍ വിരലുകള്‍ കൂര്‍ത്ത നഖങ്ങളാകുന്നു
കൃഷ്ണ മണികളിലെ വെളിച്ചംതീപച്ചയാകുന്നു
നട്ടെല്ലിന്റെ അറ്റം കിളിര്‍ത്തു വാല്‍നീണ്ട് വരുന്നു
കട്ടിലില്‍നിന്നും ചാടിയിറങ്ങി കാട്ടിലേക്ക് നടക്കുന്നു
കാട്ടിലെങ്ങും ഒരു കണ്ടന്‍ പൂച്ചയുടെ
മ്യാവു തേങ്ങുന്നു

സമകാലീക വാര്‍ത്ത

സകകാലീക വാര്‍ത്തകളില്‍
സമാശ്വസിക്കാന്‍വകയൊന്നുമില്ല
സത്യത്തിന്റെഅര്‍ഥം ചതിയെന്നാണ്
ശാലീന സൌന്ദര്യം
മാംസളതയുടെ മനംമയക്കലാണ്
മനോവ്യാപാരംപോലും മാംസ വാണിഭമാണ്
നീലപല്ലുകളില്‍ നീറിപ്പിടയുകയാണ് യുവത്വം
പടുത്തുയര്‍ത്തുന്നു അതില്‍നിന്നുംചിലര്‍-
സ്വപ്ന സാമ്രാജ്യം
പിഴച്ചപോക്കിന്നിലമൊരുക്കുന്നവരെ എന്തുപേരിട്ടാണ്‌ -
വിളിക്കുക ?
പണത്തിനുവേണ്ടിമാത്രം ആടിത്തിര്‍ക്കാന്‍ -
ചില ജീവിതങ്ങള്‍
അറിയുന്നില്ലിവര്‍ തേച്ചാലും, മാച്ചാലും-
പോകാത്തതഈപിഴച്ച തഴംപെന്നു
അറിയുന്നില്ലിവര്‍ ഇനിയൊരു തിരിച്ചു പോക്ക്
മരീചികയെന്നു.
-------------------------------------------------------
നീലപല്ല് =ബ്ലൂടൂത്ത്
----------------

പ്രണയ പക്ഷികള്‍

മുറ്റത്തെ മാക്കൊമ്പിലെ
ഇണക്കുരുവികളെ
ഞാന്‍ പ്രണയപക്ഷിയെന്നുവിളിച്ചു
മന്ദാരത്തിന്റെ മധുവുണ്ട്
മുന്തിരി വള്ളിയിലെന്നപോലെ-
ഊഞ്ഞാലാടി
സച്ചിദാനന്ദന്റെ കവിതയിലേക്ക്
സാകൂതം നോക്കി ,പിന്നെ മൂളി
മകളവയെ മണിക്കുട്ടി, മണിക്കുട്ടി എന്ന് വിളിച്ചു
മധുരമുള്ളമാമ്പഴം മകള്‍ക്കായവനുള്ളിയിട്ടു
ഇറയത്തെ കസേരയിലിരുന്ന്-
എന്നും ഞാന്‍ വായിക്കുന്ന പുസ്തകത്തിലേക്ക് -
അവ പറന്നിറങ്ങി
വേദനയുടെമുള്ളുകള്‍ കൊത്തിയെടുക്കാന്‍എന്നോണം .
മകളും, ഭാര്യയും മറുനാട്ടിലേക്ക് പറന്നു
ഞാനുമെന്നോര്മകളും ഇറയത്തുതന്നെയിരുന്നു
എന്റെ പ്രണയപക്ഷികളെ നിങ്ങള്‍എവിടെയാണ്
തണുപ്പുള്ള ഈപ്പുലരിയില്
മന്ദാരത്തിന്റെ മണവും നുകര്‍ന്ന്
ഇന്നുമീ മാവുമരവും ഞാനും.
വരുമൊ ഒരിക്കലെങ്കിലും
ഈമിഴിനീരിനെകൊത്തിയെടുക്കാന്‍

വന്യ സൌന്ദര്യം

മഞ്ഞിന്‍ വെളുപ്പും ,മിനുപ്പും, തണുപ്പും
കമനീയ കോട പുതച്ചുള്ള നില്‍പ്പും
മലരും, തളിരും രസമണിപോലെ
ഹിമകണംചാര്‍ത്തിയ ചാരുപ്രഭാതം.
ചിത്രശലഭങ്ങള്‍ അങ്ങിങ്ങ്പാറുന്നു
കുറുകുംപിറാവുകള്‍ ,കൂകുംകുയിലുകള്‍
മൈനകള്‍പാടി ലതനൃത്തമാടി
കാട്ടുറോസ്സിന്റെ പടര്‍പ്പില്‍കരിവണ്ട് -
പ്രണയപ്പരാഗങ്ങള്‍ ഏകുന്നകാഴ്ചകള്‍
പവിഴപ്പുറ്റെന്നത് തോന്നുന്ന പോലൊററ-
പൂത്തുള്ളചമ്പകമെത്ര മനോഹരം
കൂവളചില്ലയിലാടും കുരുവികള്‍
കാടതന്‍കാട്ടു പടര്‍പ്പിലെമേളങ്ങള്‍
നിശ്ചലച്ഛായ പതിഞ്ഞതടാകവും
നിശ്ച്ചയം അത്ഭുതം ഈവനാരാമവും
ആര് വരച്ചതീ സ്വര്ഗ്ഗീയ ചിത്രം
അല്ലയോ വിശ്വമെ എന്തിതിന്‍ രഹസ്യം

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

സ്വപ്നജീവി

എന്റെ ഗ്രാമം എന്റെ ഞരമ്പുകളിലുണ്ട്
ഒരു തെളിനീര്‍ ചാല് ഹൃദയത്തിലും
ഭാന്തിപെണ്ണിന്റെ മുടിപോലെ
പാറിപ്പറക്കുന്ന തെങ്ങോലകളും
കവിതമൂളുന്ന കാറ്റും
പുതു മണ്ണിന്റെ ഗന്ധം ,ആദ്യത്തെ മഴ ത്തുള്ളികള്‍
നിലാവിന്റെ കീറും ,നനുനനുത്ത തണുപ്പും
നെല്ല് മൂര്‍ന്ന വയല്‍ മണം
തലപ്പന്ത് കളിയുടെ യാരവം
താളിപ്പത പുരണ്ടന്നനക്കല്ലും
നീന്തി തുടിക്കലിന്റെ മേള പ്പതയും
കെട്ടുപിണഞ്ഞ നാഗങ്ങളെ പ്പോലെ
ഞാന്നു കിടക്കുന്ന തടിയന്‍ വള്ളികള്‍
കൂട്ട്കാരും, കഴിഞ്ഞകാലവും
സിരകളിലൂടോഴുകുന്ന
ഒരു സ്വപ്ന ജീവിയാണ് ഞാന്‍

പ്രണയത്തിന്റെ ചിഹ്നം

പ്രണയത്തെ ക്കുറിച്ച്
പലരും പറഞ്ഞു കേട്ടിട്ടുണ്ട്
അന്നൊന്നുംപ്രണയഭാഷ എന്തെന്ന് അറിഞ്ഞിരുന്നില്ല
എന്തു തന്നെ ആയാലും
പ്രണയത്തിന്റെ ഭാഷ സംസാരമോ , സംസര്ഗ്ഗമോഅല്ല
പുഞ്ചിരിയും ,പൊട്ടിച്ചിരിയുമല്ല
ആലിങ്കനവും,അധരചുംബനവും അല്ല
പ്രണയിച്ചിരുന്നവരെല്ലാരും
വിവാഹിതരായില്ല
വിവാഹിതരായവരെല്ലാം
പ്രണയിചിരുന്നില്ല
പിന്നെ എന്താണ് പ്രണയത്തിന്റെ ചിഹ്നം ?!
മഞ്ഞു പെയ്തിറങ്ങുന്ന ഒരു പുലരിയിലാണ്
പ്രണയത്തെ ക്കുറിച്ച് അവന്‍
പറഞ്ഞു തുടങ്ങിയത്
അവന്റെമനസ്സ് വായിച്ചത്പോലെയാണ്
ജാലകപ്പടിയിലെ നനുത്ത തത്തയെ പ്പോലെ
അവളുടെ കിളി മൊഴി
മൊബൈലില്‍ നിന്ന് റിംഗ് ടോണായി ഉയര്‍ന്നത്

മറക്കില്ലൊരിക്കലും

വാള് പോലെ ഉയരത്തില്‍
ചായ, യാറ്റുന്ന രാമേട്ടന്‍
കാലന്‍കുടയും കുത്തിപ്പിടിച്ചു
പത്ര പാരായണത്തിനെത്തുന്ന -
ആശാന്‍ അച്ചുതന്‍
രാവിലെപോയാല്‍ വൈകുന്നേരംവരുന്ന
ഏക ബസ്സ്
സിനിമാപോസ്റ്ററൊട്ടിച്ചു ,നോട്ടിസ്സുവാരി വിതറി-
വികാരത്തിന്റെ വേലിയേറ്റ മുണ്ടാക്കുന്ന നായരേട്ടന്‍
പുസ്ത്തകങ്ങള്‍ മാറോടു ചേര്‍ത്ത്
നക്ഷത്രങ്ങള്‍ മിന്നി മായുന്നത് പോലെ
പ്രകാശങ്ങള്‍ ഉതിര്‍ത്തു
പാവാട ഉലഞ്ഞ ശബ്ദമുണ്ടാക്കി
സ്കൂളിലേക്ക് നടന്നുപോകുന്ന പെണ്കുട്ടികള്‍
ആലിക്കയുടെ കാളവണ്ടി
'ചെന'-കൂട്ടാന്‍ പൂവന്‍കോഴികളെ തേടിനടക്കുന്ന
ഇസ്ഹാഖ് -ക്ക
വിസ്മ്ര് തിയിലേക്ക്മറഞ്ഞുപോയ
കുറെ കാഴ്ചകള്‍
ഇന്നുംമനസ്സില്‍ സ്വര്കൂട്ടി
തിരയാറുണ്ട് ഞാന്‍
ചെപ്പിനകത്ത് സൂക്ഷിച്ച മഞ്ചാടി മണിപോലെ -
നിലത്തേക്കു ചെരിഞ്ഞു
പരത്തി വെച്ച് എണ്ണി കൂട്ടാറുണ്ട്
എന്റെ യാഗ്രാമ്യസൌന്ദര്യത്തെ -
അക ക്കണണ് കൊണ്ട് കാണാറുണ്ട്‌

ഒരിക്കലെങ്കിലും

പുളിയന്‍പറമ്പിലെ
മാങ്ങാപ്പുളിയിന്നും മനസ്സിലുണ്ട്
പുള്ളിപൂമ്പാറ്റകള്‍ പാറികളിക്കുന്ന
വെള്ളപാവാടയുടുത്തഅവളും
കണ്മുനകൊണ്ട് കുത്തിയും ,കൊഞ്ഞനം -
കാട്ടി കരയിച്ചും
പീചാം കുഴല്‍ പൊട്ടിച്ചപ്പോള്‍
ഊതി പറത്തിയ തൊട്ടാവാടി കുമിള പോലെ
കണ്ണിരിററിയതുംഇന്നും ഓര്‍മ്മയുണ്ട്
കുഞ്ഞുനാളിലെ കരയിച്ചകൂട്ടുകാരന്‍
കൂട്ടിനായിന്നും കൂടെഞാനുണ്ട്
പുളിച്ചു പോയെന്റെ ജിവിതം !
ഇന്നും കരഞ്ഞു പോകുന്നു ആ കിളി മനസ്സും !!
ഒരിക്കലെങ്കിലും കരയാതെ നോക്കുവാന്‍
കഴിയുമോ എനിക്കൊരിക്കലെങ്കിലും ....?

വേതാള പര്‍വ്വം

കറി കത്തി കൊണ്ട് കത്തിരിക്ക -
മുറിച്ചത് പോലെയാണ്
കൈപ്പത്തി മുറിച്ചത്
കുടഞ്ഞെറിയാന്‍ കഴിയാത്തത്കൊണ്ടാണ്
കുടല്‍മാല ബാക്കിയായത്‌
ഇരുളിന്റെ മറവില്‍ എന്നതൊക്കെ ആലങ്കാരികം മാത്രം
വെളിവ് കെട്ടവര്‍ക്ക് വെളിച്ചപ്പാട് തുള്ളാന്‍
വെളിച്ചം തന്നെ,യുത്തമം
അഹന്തയുടെ അധികാരത്തിനു -
മൃഗമനസ്സുകളുടെ വേതാള പര്‍വ്വം
ചോരകൊണ്ട് ഭൂപടം പണിത്‌
തലയില്ലാത്ത 'ഇസങ്ങള്‍ക്ക്'-
താലി കെട്ടാനുള്ള മൂഢ സ്വര്‍ഗ്ഗത്തിലെ -
കാവല്‍പ്പടയുടെ പടപ്പുറപ്പാടു.

അവസാനത്തെ അത്താഴം

അര്‍ത്ഥമുള്ളവന്റെ മകനായി പ്പിറന്നു
അനര്ത്ഥങ്ങള് മാത്രം കൂട്ട് വന്നു പിറവി
തന്നെ അക്ഷര തെറ്റെന്നു -
മനസ്സിലായി
അര്‍ത്ഥങ്ങള് ചോദിക്കരുതെന്ന് വിലക്കി
കൂട്ട്കാരെന്നുകരുതി കൂടെചെന്നു,കൂട്ടില്‍ -
എത്തിയപ്പോഴാണ് അറിഞ്ഞത്
ആട്ടിന്‍ തോലിട്ട ചെന്നായെന്നു
അവസാനത്തെ അത്താഴം എനിക്കുള്ളതല്ല -
അവരുടെ സംതൃപ്തിക്ക്.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ജയില്‍

കിളിയാണ് കാര്‍ഡു എടുത്തത്
കാക്കാലത്തിയാണ് കണക്കുകൂട്ടി പറഞ്ഞത്
രാജ യോഗമെന്ന് യോഗിനിയും
കൈയില്‍ വരയില്ലാത്തതിനാല്‍
മരണവുമില്ലെന്നു-
കൈ നോക്കിയവരെല്ലാം കട്ടായമായിപ്പറഞ്ഞു .
വിശന്ന വയറാണ് കൈയ്യെ കണ്ണാടി ചില്ലിലേക്ക് -
ആനയിച്ചത്
കാലവും കാത്തു ഇന്ന് കല്‍ത്തറൂങ്കില്
തല വര മാത്രം ആരും കണ്ടില്ല .

ഒരു പിടി ഓര്‍മ്മകള്‍

ഞാറ്റു കണ്ട കൂവലില്‍
ചെറുമി വെള്ളം തേവലില്‍
നാട്ടി പാട്ടിന്‍ ഈണം
പടുക്കയില്‍നിന്നു, മാണിചാലിലൂടൊഴുകിടുന്ന
വെള്ളത്തിനു തുടി താളം
മകര മാസപ്പറ ആടി യണഞ്ഞെത്തുന്നവെളിച്ചപ്പാടിന് ദ്രുത താളം
പുള്ളുവ വീണതന് സ്വരം പോലെ
ഓട്ടു മൊന്തയില്‍ പാല്‍ കറക്കുന്നതിന്‍ ശ്രുതി
ആലയിലാടും കുട മണി നാദവും
കലപില ശബ്ദവും പുലര്‍കാല മേളം
ചാണകം മെഴുകി കറുപ്പിച്ച മുറ്റത്ത്
കവുങ്ങിന്‍ പൂക്കളും, മാവിന്‍ ഇലകളും
കുട്ടികള്‍ ഓടി കളിക്കും പുകില്‍ മേളവും
അക്കൂട്ടുകുടുംബവും ,കണ്ണെത്താ പാടവും
മറക്കാത്ത ഒരു പിടിയോര്‍മ്മ -
പെറുക്കട്ടെ ഞാന്‍

തീവ്ര വാദിയുടെ അവസാനം

നീ ജനിച്ച നാള്‍ മുതല്‍ ഞാനുമുണ്ട് കൂടെ
ഓരോ നീക്കങ്ങളും ശ്രദ്ധിച്ചു കൊണ്ട്
നിന്റെ ബുദ്ധിയില്‍ വിതച്ചതെല്ലാം
പാഴ് വിത്തുകളാണ്
നീ കൊയ്ത്തു കൂട്ടുന്നത്‌ പതിരുകളും
നിന്നെ തടയാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍
നിന്റെ കര്‍മ്മങ്ങള്‍ നിന്റെ മരണത്തിനു ആക്കം കൂട്ടുന്നു
നിന്റെ ഉഷ്ണ കാലവും, ശീതകാലവും -
ഞാന്‍ നല്‍കിയ സമ്മാനം
നിന്റെ സൂര്യോദയത്തില്‍ നിന്ന് -
അസ്ഥമനത്തിലെക്കുള്ള ദൂരം അധി വിദൂരമല്ല
സൗ ഹൃദങ്ങള്‍ ഛേദിച്ച്
ഹൃദയത്തെ തകര്‍ക്കുന്നവനെ
നിന്നെ തകര്‍ക്കാന്‍ ഒരഗ്നി ഗോളമായി
ഞാന്‍ കൂടെത്തന്നെയുണ്ട്

മദമിളക്കം

മദങ്ങള്ക്ക് മദമിളകിയതാണ്
ചേരിനിവാസികള്‍ ചേരിതിരിയാന്‍ കാരണം
ഒറ്റ നിമിഷം കൊണ്ടാണ്
ഒന്നിച്ചു നിന്നവര്‍ ഒറ്റ തിരിഞ്ഞു പോയത്
മനുഷ്യമനസ്സിലേക്കാണ്‌ മൃഗത്തിന്റെ കുടിയേറ്റം
സ്വന്തം മാംസത്തെ യാണ്
മാംസത്തോടെ പറിചെറിഞ്ഞത്
സ്വന്തം ചോരയെയാണ് ചാലിട്ടു ഒഴുക്കിയത്
മരിച്ചു വീണവരെ മനുഷ്യരാരും (മതങ്ങളും )-
തിരിഞ്ഞു നോക്കിയില്ല

സേവ്

എന്നെ ക്ഷണിച്ചപ്പോള്‍
അന്ന്, നീ പറഞ്ഞു
മൊത്തമായും നിന്നെ ഹൃദയത്തിന്റെ ഉള്ളറയില്‍ -
സേവ് ചെയ്തെന്ന്
അങ്ങിനെയാണ് യൌ വനത്തിന്റെ പല ഉള്ളറകളിലും
നമ്മള്‍ ഇറങ്ങി ചെന്നത്
നീ മാത്ര മറിഞ്ഞ എന്നെ ഇന്ന് സുഹൃത്തിന്റെ-
മൊബൈല്‍ ഫോണില്‍ കണ്ടപ്പോഴാണ് അറിഞ്ഞത്
ബ്ലൂടൂത്തിലെ ഉള്ളറയിലാണ് എന്നെ സേവ് ചെയ്തതെന്ന്

കവിതയുടെ ജനനം

വിട്ടില്‍ ഉള്ളപ്പോള്‍ വെറുതെയിരിക്കുന്നത്
എനിക്ക് വെറുപ്പാണ്
വായനയുടെ വാതിലും തുറന്നാണ് ഇരിക്കുക
കുട്ടികളും, കൂട്ട് കാരിയും പുറത്തേക്ക് ഇറങ്ങിയാല്‍
വീടിന്റെ നാല് ചുമരുകളാണ് കൂട്ടിരിക്കുക
കുഞ്ഞു നാളിലെ ഓര്‍മ്മകളാണ്
കവിത ആദ്യം പറഞ്ഞുതന്നത്
നാട്ടു വഴികളെ വെട്ടി മുറിക്കുകയും
പുത്തന്‍ പണക്കാരുടെ പുതിയഇരുനിലക്കെട്ടിടം
മതില് കെട്ടി മാളമാക്കിയതും
പറമ്പിന്റെ പുറം പോക്കിലേക്ക് വന്നു കവിതയായി
പച്ച പായലുപിടിച്ച കദനത്തിന്റെ വീട്ടിലിരുന്നു
അപ്പക്സിന്റെ കടും പച്ച ചായത്തിലേക്ക്-
കുട്ടികള്‍ ചിരിക്കുമ്പോള്‍
കരഞ്ഞു പോകുന്ന മനസ്സില്‍
വിഫലമായിപ്പോയ ഒരു മനുഷ്യ ജന്മത്തിന്റെ
കവിത പിറക്കുന്നു

ഒരു പ്രഭാത കാഴ്ച

തട്ട്കടയിലെ ആവിപറക്കുന്ന ചായ കുടിച്ച്
വറുത്തു വെച്ച പത്രത്തിലെ വാര്‍ത്തയും കൊറിച്ച്
ചിന്തയ്ക്ക് ഭാരം കൂട്ടി ക്കൊണ്ട്
വിണ്ടി പിന്നെയും നീങ്ങി
സൂര്യന്‍ ആകാശത്തിന്റെ ജാലകം
തുറക്കാനുള്ള തിടുക്കത്തിലാണ്
കുരിശേറ്റപ്പെട്ടമരണം ,കൂച്ച് വിലങ്ങില്‍ പ്പെട്ട മരണം ,-
കാമത്തില്‍ കത്തിയമര്‍ന്ന മരണം ,-
പത്ര താളുകളില്‍ മരണങ്ങളുടെ പ്രളയം
പൊട്ടിയ കണ്ണടയും ,നരവീണ താടി രോമവും
കൈയില്‍ മുറുക്കി പിടിച്ച മഞ്ഞിന്റെ നിറമുള്ള -
ഒരു പെണ്‍കുട്ടിയുടെ ജഡം
ചിന്തയിലേക്ക് ഒരു മഞ്ഞു വിഴ്ച ,മരവിപ്പ്
ഓര്‍മ്മയുടെ അഭ്ര പാളികള്‍ ശൂന്യം .

കാക്ക

വേപ്പ് മരത്തിനപ്പുറം
വാര്‍ക്ക കെട്ടിടത്തിനു മേലെ
കാക്ക, കാത്തിരിക്കയാണാരെയോ !
വിരുന്നു കാരനെക്കുറിച്ച്
വിവരം തരാനാവും
വെളുപ്പിനെ ഉണര്‍ത്തുന്നതും
സന്ധ്യയെ ചേക്കേറ്റുന്നതും
അവനാണെല്ലോ.
നാട്ടു വഴിയിലൂടെ നടന്നു വരുന്ന
മീന്‍ കാരന്‍ കാക്ക കൊട്ടയ്ക്ക് മുകളില്‍
ഉപ്പില ചപ്പുവീശുന്നുന്ടെങ്കിലും
കാക്ക കണ്ണിനെ തടുക്കാന്‍ കഴിഞ്ഞില്ല .
ഒരു മീന്‍ വിരുന്നു പോയെന്ന്
വിളിച്ചു പറയുകയാണ്‌ ഇപ്പോള്‍ കാക്ക

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

അച്ഛന്റെശബ്ദം

ചോരുന്ന ഒറ്റ മുറിയില്‍
ചോരാത്ത സ്നേഹവുമായി
ഒരമ്മയും മകളും
മഴ കനക്കുന്ന രാത്രിയില്‍
ഒരു കുടന്ന യോര്‍മ്മകള്‍
മല കടന്നു വന്ന്
മനസ്സില്‍ ത്തിള തിളയ്ക്കും
ചോരയുടെ ഗന്ധം ചേര്‍ത്ത് പിടിച്ച -
കൈകളില്‍ എന്ന് തോന്നും !
ഇറങ്കല്ലിന്റെ യനക്കം അച്ഛന്റെ കാലൊച്ച എന്നും
അച്ഛന്റെ മണമാണിപ്പോള്‍ ആ മുറിയിലെങ്ങും
ആ ഹ്ലാദ ത്തിന്റെ ഒരല അമ്മയിലും മകളിലും
ഉറഞ്ഞു തുള്ളി അകന്നു പോകുന്ന മഴയ്ക്ക്‌ ,
മലഞ്ചെരുവിലൂടെ-
മരണം വലിച്ചു കൊണ്ട് പോയ
അച്ഛന്റെ ശബ്ദം