malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

നിനക്കായ്

 വിത്തിൻ്റെ കരുത്ത്

വിളഭൂമിയുടെ ഫലഭൂയിഷ്ഠി

മുളയിടുന്നു ഒരു പ്രതീക്ഷ


ചോരയുടെ ഉപ്പിനെ ചേർത്തു -

പിടിക്കുന്നു

ചേരുംപടി ചേർക്കുന്നു

പച്ചമനസ്സിൽ പവിത്രമായ -

സ്നേഹം


കുളിരുന്ന കണ്ണിലെ കാരുണ്യ -

ത്തിൻ്റെ നനവ്

അരിയില്ലെങ്കിലും അടുപ്പിൽ -

തീ പൂട്ടണം

എരിയുന്ന വയറിനെ മറന്ന് -

സ്വപ്നങ്ങൾക്ക് വളമിടണം


തുറന്ന മനസ്സിനു മാത്രമെ സാന്ത്വ-

നമേകാൻ കഴിയൂ

വ്യാഘ്രത്തിൻ്റെ പ്രതികാരമാകരുത് -

കാമം

കുതിരയുടെ കുളമ്പൊച്ചയാകരുത് -

മരണഭയം


കുരുത്തം കെട്ട കൊടുങ്കാറ്റിനെ -

വേദനയുടെ മിന്നുകെട്ടിക്കരുത്

മിന്നലിൻ്റെ ശക്തിയിൽ സംഗീതമായ് -

നീ പെയ്യുക


ചേരുംപടി ചേർക്കാൻ

ചോരയുടെ ഉപ്പതാ നിന്നിൽ

മുളയുടെ മുകളമായ് ഉയർന്നു വരുന്നു


2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഭ്രാന്തൻ

ഒരു വാക്ക് വേച്ചു വേച്ചു നടക്കുന്നു

തെരുവിലൂടെ

അകം നീറിയ ആ സത്യത്തെ

കൂവി വിളിച്ച് കല്ലെറിയുന്നു

ചില തെമ്മാടി പിള്ളേർ


കാക്ക തൂറിയ 

ഗാന്ധിജിയുടെ തണൽപറ്റി നിന്ന

ചിലർ

കണ്ടു രസിക്കുന്നുണ്ട്

പ്രോത്സാഹിപ്പിക്കുന്നുണ്ട്


കല്ലേറു കൊള്ളുന്ന സത്യത്തിന്

അവർ നാമകരണം ചെയ്യുന്നു

ഭ്രാന്തൻ



2022, ഓഗസ്റ്റ് 27, ശനിയാഴ്‌ച

കല്ലിൻ്റെ കർമ്മം

മോങ്ങിക്കൊണ്ടോടുന്നു -

ഒരു കല്ല്

വാലാട്ടിക്കൊണ്ടു നിന്നവ-

ൻ്റെ നേർക്ക്

വാളെടുത്തവൻ

തൊടുത്തുവിട്ടത്


കർമ്മം ചെയ്യുക നമ്മുടെ -

ലക്ഷ്യം

കർമ്മഫലം അതുയെന്തെ -

ന്നാകിലും

സ്വത്വം


ദളിതനായ ഞാൻ
ദരിദ്രനായ ഞാൻ
സമൂഹത്തിൽ
ഉയർന്ന നിലയിലെത്തി

ബംഗ്ലാവായി
കാറായി
കാവൽക്കാരായി

പക്ഷെ,
അധികാരമുണ്ടായിട്ടും
ആധിയോടെ ഞാൻ
നടക്കുന്നു

അടിമത്തവും
അസമത്വവും
പീഡനവും
ഏറ്റുവാങ്ങിക്കൊണ്ടിരി-
ക്കുന്ന
സമൂഹത്തിലെ ഒരു വിഭാഗം
ജനതയെ
ഞാനെങ്ങനെ ഉയർത്തി
ക്കൊണ്ടുവരും

2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

മനുഷ്യരായത്


പണ്ട്, 

മതിലുണ്ടായിരുന്നില്ല

മാർബിൾ തറയുണ്ടായിരുന്നില്ല

അയൽക്കാർ അന്യരായിരുന്നില്ല


കട്ടൻ ചായക്ക് കൂട്ടാൻ

ഒരാണി വെല്ലം

പാത്തുമ്മ തന്നിരുന്നു


അടുപ്പിൽ തീപൂട്ടാൻ

ഒരു ചകരി തീ

മറിയാമ്മ തന്നിരുന്നു


നേരമിരുട്ടിയാൽ

ഇരുട്ടിനെ വെളുപ്പിക്കാൻ

ഒരോലച്ചൂട്ട്

വാസുവേട്ടൻ തന്നിരുന്നു


കഞ്ഞി , കൂട്ടാൻ ,കപ്പ ,

കാച്ചില്, ചേന, ചേമ്പിൻ -

തണ്ട് ,പഴകിയ കുപ്പായം

പരസ്പരം സഹായിച്ചിരുന്നു


അയൽപക്കത്തെ കുട്ടികൾ

മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ

രാത്രികാലങ്ങളിൽ മാറി മാറി താമസി-

ച്ചിരുന്നു


അങ്ങനെയായിരിക്കണം

അവരൊക്കെ 

സ്‌നേഹിക്കുകയും,സ്നേഹികപ്പെടുക                         യും ചെയ്യുന്ന

മനുഷ്യരായി മാറിയത്


2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

സംഗമം

ഒന്നും മിണ്ടാതെ

രണ്ടു കമിതക്കൾ


ഊമകളായതുകൊണ്ടല്ല

പരിഭവ പിണക്കവുമല്ല

പിരിയാനുള്ള പരിപാടിയുമല്ല


പൂവു പോലെ

പുലർമഞ്ഞു പോലെ

എത്ര നിർമ്മലമായ സംഗമം


ഹൃദയങ്ങൾ പരസ്പരം

ചുംബിക്കുന്നുണ്ടാകാം


ഉടലിൽ

ഉത്സവമേള മാകാം


ആത്മാവുകൾ

ആനന്ദത്തിൽ

ഗാനാലാപനത്തിലാകാം


ലിപിയില്ലാത്ത

കവിതയാണ് പ്രണയം


ഒന്നും മിണ്ടാതെ

രണ്ടു കമിതാക്കൾ

എത്ര നിർമ്മലമായ സംഗമം





2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഒരു മരം നട്ടാൽ

നിങ്ങളെ നിങ്ങളാക്കുവാൻ നിങ്ങൾ

ഓരോമരം നടുക

അവ നിങ്ങളുടെ കോപവും, ദു:ഖവും

ശമിപ്പിക്കും

ജീവജലം തരും

തണൽ തരും

വിഷാദത്തിലും മധുരം തരും

വെളിച്ചത്തിൻ്റെ വെള്ളിനാണയങ്ങൾ

വാരിത്തരും

ചുട്ടുപൊള്ളുമ്പോഴും

നിലാവിൻ്റെ തണുത്ത കാറ്റു തരും

എകാന്തതയിലലയുമ്പോൾ

ശാന്തിയുടെ വിശ്രമാലയമാകും

കരിയിലയ്ക്കുള്ളിൽ നിന്നും

സ്നേഹത്തിൻ്റെ കവിതകൾ

പാറിവരും

നേരിൻ്റെ വേരുകൾ പാകി

പൊട്ടിപ്പോയ ജീവിതയിഴകളെ

തുന്നിച്ചേർക്കും


2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കാപട്യം

 മഞ്ഞുകാലത്തിൻ്റെ തുടക്കം

നിറയെ ഇലകളുള്ള മരത്തിൽ

ഒരു പക്ഷി വന്നിരുന്നു


പക്ഷി മരത്തോടു പറഞ്ഞു:

എനിക്ക് നിന്നോട് പ്രണയമാണ്


മരം ഇലകളെല്ലാം കുടഞ്ഞെറിഞ്ഞ്

പക്ഷിയോടു പറഞ്ഞു:


പ്രണയം നഗ്നമാണ്

യഥാർത്ഥ പ്രണയമെങ്കിൽ

നീയെനിക്ക് പുതപ്പാകുക


ഒരു തൂവൽ പോലും

അവശേഷിപ്പിക്കാതെ

പക്ഷി പറന്നു പോയി


2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സാധാരണ ഒരു ദിവസം




രാവിലെ ഉണർന്നെണീറ്റുകഴിഞ്ഞാൽ

എല്ലാവരും എന്തൊക്കെയോ മറന്നു -

വെച്ചപോലെ തിരക്കിട്ട് തിരയുന്നു

തിടംവെച്ച മറവിയിലേക്ക് ഇറങ്ങിനട -

ക്കുന്നു


തളർന്നുറങ്ങുന്നഅടുക്കളയെ തട്ടി-

യുണർത്തി

തിണർത്ത ഓർമകളെ മുളപ്പിക്കുന്നു

മറന്നുവെച്ചതുപോലെ

സമയത്തിനുമുന്നേഓടി ഓരോന്നു -

ചെയ്തുകൊണ്ടിരിക്കുന്നു


അടുക്കളയിൽ എരിവായ് ,പുളിയായ്

കടുകായ്,കയ്ക്കലയായ് .......

നനക്കല്ലിൽ വിഴുപ്പായ്

തെരുവിൽ ചിറകില്ലാ പക്ഷിയായ്

ചിലർ വെളിച്ചത്തിൻ്റെ തൊലിപൊളിച്ച്

വെള്ളകീറുമ്പോൾ മൈലുകൾക്കപ്പുറം


ചിലർ കാൽകഴച്ചിട്ടും ശരീരംതളർന്നിട്ടും 

ഇരിക്കാൻ മറന്നതുപോലെ നിന്നുതന്നെ

മറ്റൊരുകൂട്ടർ അരയ്ക്കുതാഴെകാലുള്ള -

തുതന്നെ മറന്നപോലെ ഇരുന്ന്തന്നെ

മറ്റുചിലർ ഉന്തിയും ,തള്ളിയും,

കരഞ്ഞും കണ്ണീർ ചൊരിഞ്ഞും

വിയർത്തും വിശന്നും.....


സന്ധ്യയിരുട്ടുമ്പോൾ രാവിലെപ്പോയ

പക്ഷികളെപ്പോലെ .

എല്ലാവരും മറന്നുവെച്ചവീടിനെ തിരിച്ചു -

കിട്ടിയതുപോലെ

തിരക്കിട്ട് തിടംവെച്ചഓർമയിലേക്ക്

ഇറങ്ങി നടക്കുന്നു

2022, ഓഗസ്റ്റ് 17, ബുധനാഴ്‌ച

പേമാരി


പേപിടിച്ച ഒരുമഴ
പാഞ്ഞുപോയ
വഴികളിലുണ്ടായിരുന്ന
വരെല്ലാം
ആശുപത്രിയിലാണു -
പോലും

2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പടുതക്കുളത്തിലെ വരാൽ കൃഷി

വരാലിനെന്തോ പരാതിയുണ്ട്

തലമുട്ട് കാണുമ്പോഴേ

തലയുർത്തിയെത്തുന്നുണ്ട്


തീറ്റയ്ക്കെന്ന നിൻ്റെ ധാരണ

തെറ്റിക്കുന്നുണ്ട് !

ചിലമ്പിച്ച ശബ്ദത്തിലെന്തോ

പറയുന്നുണ്ട്

തൊള്ള തുറന്നത് തേങ്ങലായ്

പൊഴിയുന്നുണ്ട്


ഇരയിട്ട് ഇരപിടിക്കാനുള്ള നിൻ്റെ

തന്ത്രമറിയാഞ്ഞിട്ടല്ല

കൈച്ചിലെന്നു പറഞ്ഞ് കൈച്ചലാകുന്ന

നിൻ്റെയാ പുച്ഛമുണ്ടല്ലോ

ചൂണ്ടക്കൊളുത്തു പോൽ വളഞ്ഞുള്ളയാ

നിൽപ്പും

കണ്ണുകളെ വലക്കണ്ണികളാക്കിയുള്ള

നോട്ടവും മാത്രം മതി

ഇറച്ചിപ്പാകമാക്കി തറിച്ചിടാനുള്ളതെന്ന് ....


ഉപ്പുപാടത്ത് ഉണങ്ങിക്കിടക്കാനറിയാ-

ഞ്ഞിട്ടല്ല

"ഒന്നു ചീഞ്ഞൊന്നിനു വളം'' - എന്ന

പ്രകൃതി നിയമമുണ്ടല്ലോ

നിന്നപ്പോലെ അതു തെറ്റിക്കാനുള്ള

മനസ്സില്ലാത്തതുകൊണ്ടാണ്






2022, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

അയ്യപ്പൻ പറഞ്ഞത്


നാലുപാടും

നീലക്കുറുക്കൻമാരാണ്

കോമ്പല്ലുകൾ കോതിവച്ച്

വെളുക്കെ ചിരിക്കുന്നു


ഒത്തു കിട്ടുന്ന ഇടം നോക്കി

ഒതുക്കത്തിൽ

കടിച്ചു വലിക്കുവാൻ


കണ്ണൊരു കാരിരുമ്പാണ്

വായിൽ ഉമിനീരിൻ കടൽ


ഉപ്പുനോക്കുന്നു

അയ്യപ്പാ....

നീ പറഞ്ഞ പെണ്ണിൻ്റെ

പൊള്ളും രുചി

.................

കുറിപ്പ് :-

അയ്യപ്പൻ - കവി.എ.അയ്യപ്പൻ


2022, ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യ ദിനം

ഇന്ത്യതൻ തിരുമുറ്റത്തുയർന്നു -

മൂവർണ്ണക്കൊടി

പാരതന്ത്ര്യത്തെ പാരിൽ നിന്നും -

കെട്ടുകെട്ടിച്ച കൊടി

പൂർണ്ണ സൂര്യശോഭയായ് ജ്വലിച്ചു -

വിളങ്ങട്ടെ

പാരിതിൽ സ്നേഹം മാത്രം വാരി -

വിതറട്ടെ


സത്യവും, ധർമ്മം, നീതി എങ്ങും -

കളിയാടട്ടെ

ജാതി, മതഭേദങ്ങൾ ഇല്ലാതെ -

പുണരട്ടെ

മനുഷ്യൻ മനുഷ്യനെ മാനിച്ചു -

മുന്നേറുന്ന

മൂല്യത്തിലധിഷ്ഠിത സ്വാതന്ത്ര്യം -

പുലരട്ടെ

2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ജവാൻ


ഉറ്റവരുടെ ഉയിരുകാക്കാൻ
ഉടൽ കൊടുക്കുന്നവൻ
മുറിവുകളുടെ ഭൂപടത്തിൽ നിന്നും
ഉലയാതെ സംസാരിക്കുന്നവൻ

ഒളിയിടങ്ങളിൽ
പതുങ്ങിയെത്തിയും
പതിയിടങ്ങളിൽ
പറന്നെത്തിയും
ഇരുട്ടിടങ്ങളെ താണ്ടിത്താണ്ടി
മരണമുഖത്തെ കൂട്ടിയിടിച്ചാലും
കൂസലില്ലാത്തവൻ

അന്നത്തെ ആരാധിച്ച്
അൻപിനെ അണച്ചുപിടിച്ച്
സ്വച്ഛ നീല മിഴികളാൽ
ശാന്ത ഭാവം വരിക്കുന്നവൻ

അവൻ,
തോരാത്ത മഴ
കുതിർന്ന മണ്ണ്
വിയർപ്പിന്നുപ്പുവിതച്ച
ഉഴവുചാല്

2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

സദാചാരം

ഒരേ ചെടിയിലെ

രണ്ടു 

പൂക്കളായിരുന്നു നാം


ഒന്നു തൊട്ടതിന്

മുട്ടിയിരുന്നതിന്


സമത്വത്തിൻ്റെ

സുഗന്ധം

സമൂഹത്തിലെ-

ത്തിച്ചതിന്



ഞെട്ടറുത്തിട്ടില്ലെ

അവർ

2022, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്രണയം നിർവ്വചിക്കപ്പെടുമ്പോൾ

അറിയാതെ തീയ്യിനെ തൊട്ടതു -

പോലെയാണ്

നിന്നെ ആദ്യമായ് തൊട്ടത്

ആ തീയ്യിൽ നിന്നാണ്

നമ്മിൽ പ്രണയം കുരുത്തത് .

അപ്പോൾ,

ഉള്ളിലും, ഉടലിലും ഉത്സവം

നടക്കുകയായിരുന്നു


പ്രണയം ഒരു രാഷ്ട്രമാണ്

ഒരു രാഷ്ട്രത്തിലുമില്ല

പ്രണയിക്കാത്തവരായി ആരും


പ്രണയം ഒരടയാളമാണ്

ഹൃദയത്തിൻ്റെ അഗാധതയെ

തൊട്ടു വെയ്ക്കുന്ന അടയാളം


വായിക്കാത്ത പുസ്തകമാണ്

പ്രണയം

അതിന് പുതുപുസ്തകത്തിൻ്റെ

മദിപ്പിക്കുന്ന ഗന്ധം


അറിയപ്പെടാത്ത രാഷ്ട്രത്തിലൂടെ

വായിക്കാത്ത പുസ്തകത്തിലെ

കവിതകളെപ്പോലെ

കരകവിഞ്ഞൊഴുകുന്നു

പ്രണയം

പുതു കവിതകൾ വരച്ചു ചേർക്കുന്നു 

2022, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

കവിത വറ്റിയാൽ ...

കവിത വറ്റിയ മനസ്സ്

തൂവലുകൾ മാത്രം ബാക്കിയാക്കി

പക്ഷികൾ പറന്നുപോയ

കൂടുപോലെയാണ്


ഓരോ ആളിലും ഒരു കവിതയുണ്ട്

പ്രതീക്ഷയുടെ

പ്രണയത്തിൻ്റെ

ഒറ്റക്കുതിപ്പിൻ്റെ


ചിലരിൽ

ചുവന്ന പുള്ളിക്കുത്തായ്

അഗ്നിയുടെ ഒറ്റനാവായ്

ജ്വലിക്കും


ചിലരിൽ

തണുത്ത് വിണ്ടുകീറിയപോലെ

നനഞ്ഞൊട്ടിയതുപോലെ

ചോരതുളിച്ചതു പോലെ


പൊടിപ്പും, തൊങ്ങലുംവച്ച

കവിതയാണ് ജീവിതം

കവിതയുടെ കല്പനയൊഴിഞ്ഞാൽ

കലഹം പാർക്കുന്നത്



2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

അതിജീവനം

ജീവിതമാണ്,

വേഷങ്ങൾ പലതും

കെട്ടുകയും, 

അഴിച്ചു

വെക്കേണ്ടിയും വരും


കവിതകളെഴുതുമ്പോൾ

അതിജീവനത്തിൻ്റെ

കവിതകളെഴുതണമെന്ന്

അച്ഛൻ പറഞ്ഞു


പ്രതീക്ഷകളാണല്ലോ

മുന്നോട്ടു നയിക്കുന്നത്

ജീവിതം

മറിച്ചാണെങ്കിലും

2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഞാനാകുന്നത്


ഇന്നലെ
ഞാനൊരു
നഗരത്തിൽ പോയി

ഇന്ന്
ഞാനൊരു
മെട്രോ നഗരത്തിലും

കൊട്ടാരം പോലുള്ള
ലോഡ്ജിൽ താമസം
മുന്തിയ രുചികരമായ ഭക്ഷണം

സൗന്ദര്യവർദ്ധക വസ്തുക്കളാൽ
ഞാനെന്നെ
മിനുക്കിയെടുക്കുന്നു

ഉല്ലാസയാത്രകൾ ചെയ്യുന്നു
ഉയർന്ന നിലയിലുള്ളവരുമായി
ഇടപഴകുന്നു

എങ്കിലും;
എവിടെയാണെങ്കിലും
ഞാനെൻ്റെ
കുഞ്ഞു ഗ്രാമവും
കൂടെ കൊണ്ടു പോകുന്നു

2022, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഓട്ടോ ഗ്രാഫ്




പത്താം ക്ലാസിലെ

പഠിപ്പിസ്റ്റായിരുന്നു പുഷ്പ

പുച്ഛം കലർന്ന ഒരു നോട്ടമുണ്ട്

പൂച്ചപ്പോലെ പതുങ്ങിപ്പോകും

ഞങ്ങള്


ഓട്ടോ ഗ്രാഫ് വാങ്ങാൻ

ഒട്ടു വൈകിപ്പോയി

ഓർമ്മയിലുള്ളതെല്ലാം

എഴുതി കഴിഞ്ഞെന്ന് ചിലർ


ഒരിക്കലും നടക്കാത്ത

സ്വപ്നങ്ങളെഴുതി ചിലർ

ഓർമ്മയിൽ പോലും

തങ്ങാത്തതെഴുതി മറ്റു ചിലർ


നീട്ടിയ ഓട്ടോഗ്രാഫ്

തട്ടിമാറ്റി പുഷ്പ

പച്ച വെള്ളം ചവച്ചു കുടിക്കുന്ന

ദേഷ്യമുണ്ട് ആ മുഖത്ത്


കാലം കടന്നു പോയി കുറേ,

ചിതലെടുത്തു പോയി ഓട്ടോഗ്രാഫ്

പത്താം ക്ലാസുകാർ പല വഴിക്കായി

ചിലർ മരിച്ചതായി പത്രത്തിൽ കണ്ടു


ചിലരെ കണ്ടാലറിയാതായി

ചിലർ കണ്ടാലും മിണ്ടാതായി

പുഷ്പയെ കാണാറുണ്ടെന്നും

കല്പണയിൽ നിന്നും കല്ല് കടത്തുന്നു -

ണ്ടിന്നും


ചിരിക്കാറുണ്ട് പുഷ്പ

അപ്പോൾ ആ മിഴികളെന്തായിരിക്കും

മൊഴിയുന്നത്

തോറ്റു പോയി ജീവിതത്തിലെന്നോ

ഓർമ്മയുണ്ട് തട്ടിമാറ്റിയ ഓട്ടോഗ്രാ-

ഫെന്നോ


വഴി


അന്ന്,
പിണക്കമെന്ന് നടിച്ച്
വേലിയിൽ പിണഞ്ഞിരിക്കു -
കയാണെന്ന്
വരുത്തി തീർക്കുകയായിരുന്നു
നീ ദുഃഖിക്കേണ്ടെന്നു കരുതി

ഇന്ന്,
ഇല്ലാത്ത എന്നെ തിരഞ്ഞ് നീ -
ദുഃഖിക്കുമ്പോൾ
അങ്ങനെ ഒരു ഞാൻ ഉണ്ടായി -
ട്ടേയില്ലെന്ന്
വിചാരിക്കാനാണ് ഇഷ്ടം

2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അമ്മ മഴ

അsമഴയിലൂടെ ഓടിവരും ഞാൻ

നിറമിഴികളോടെ,നിറമഴയിലേക്ക് -

ചാടിയിറങ്ങി

പൊത്തി പിടിക്കുമെന്നെ അമ്മ

ഉടുമുണ്ടിൻ്റെ കോന്തല കൊണ്ട്

തലതുവർത്തി തരും


രാസനാദിപ്പൊടി നിറുകയിൽ -

തിരുമി

തണുത്തു വിറയ്ക്കുന്ന എന്നെ

അടുപ്പിനരികിൽ പലകയിട്ടിരുത്തും

ചൂടുള്ള ചുക്കുകാപ്പി ഊതി ഊതി -

കുടിപ്പിക്കും


ഇടയ്ക്കിടെ വന്ന് നെറ്റിയും, നെഞ്ചും

തൊട്ടു നോക്കും

ഇല്ലാതദൈവങ്ങൾക്ക് വല്ലാതെ നേർച്ച -

നേരും.

എനിക്കൊന്നുമില്ലെന്ന് ഉറപ്പാകുന്നതു -

വരെ

പുറത്ത് മഴ പെയ്തു തോർന്നാലും

അകത്ത് പെയ്തു കൊണ്ടേയിരിക്കും -

അമ്മ




2022, ഓഗസ്റ്റ് 3, ബുധനാഴ്‌ച

നോവിക്കാനാവുന്ന കാലം

ഒലിച്ചുപോയ ഓർമകളെയായിരിക്കണം

തിരഞ്ഞുകൊണ്ടിരിക്കുന്നത്

കണ്ണി വിട്ടുപോയതിനെ

കോർത്തെടുക്കാനും


ഊന്നുവടിയിൽ

ഉയർന്നു നിൽക്കുമ്പോൾ

അവശേഷിക്കുന്ന പ്രത്യാശയുടെ

ബലമായിരിക്കണം

ചങ്കിൽ പിടച്ചുനിൽക്കുന്നത്


സഞ്ചരിക്കുന്നുണ്ടാകാം

ചടുലവേഗത്തിൽ മനസ്സ്

കുതിച്ചുപായുന്നുണ്ടാകാം

കാഴ്ചകളിലൂടെ

അതായിരിക്കണം ,

ഇത്രയും കിതച്ചു പോകുന്നത്


എത്തിയിരിക്കണം,

കഴിഞ്ഞകാലത്തിൻ്റെ വെളിമ്പ-

റമ്പിൽ

കണ്ടതും, കേട്ടതും, ചെയ്തതും -

അനുഭവിച്ചതുമെല്ലാം

തിക്കിത്തിരക്കി വന്നിരിക്കണം

അതായിരിക്കണം

ഒരു തിക്കുമുട്ടൽ, തളർച്ച, ഒരു തേങ്ങൽ



2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

രൂപാന്തരം

അത്താഴം കഴിഞ്ഞ്

അവസാനത്തെ സീരിയലും കഴിഞ്ഞ്

അവൾ കിടന്നു


അസ്വസ്ഥതയുടെ

ഒരു ബീഡിപ്പുകയിലിരിക്കുമ്പോഴാണ്

കവിസുഹൃത്ത് വന്നത്


കുളിച്ചീറൻ മാറ്റി

അലച്ചലിൻ്റെ ഉലച്ചലുമാറ്റാൻ

രണ്ടെണ്ണം വീശി

ഒരു കവിതയും തൊട്ടുകൂട്ടി

അവസാനത്തെ വറ്റും, വാക്കും

നുള്ളിക്കൊറിച്ച്

അവനും കിടന്നു


കട്ടൻ തണുത്താറിയിട്ടും

നേരം നന്നേ വെളുത്തിട്ടും

എഴുന്നേറ്റു വരാത്തതുകൊണ്ടാണ്

അകത്തേക്ക് കയറി നോക്കിയത്


കട്ടിലിൽ

മുഷിഞ്ഞു തുടങ്ങിയ

അരപ്പായ കടലാസിൽ

ചുരുണ്ടുകൂടി ഉറങ്ങുന്നു

ഒരു കവിത


അപ്പോഴാണറിഞ്ഞത്

രൂപാന്തര പ്രാപ്തിവന്ന

ഒരു കവിതയായിരുന്നു

അവനെന്ന്








2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

കൂടെ .....!


കൂടെ കൂട്ടരുത്
കഴിഞ്ഞ കാലത്തെ,
കുട്ടികളോട്
പറയുകയേ അരുത്
അവർ പരിഹസിച്ച്
അച്ഛന് വട്ടെന്ന് ചിരിക്കും

മുതിർന്നവരോട്
പറയാനേ മുതിരരുത്
നിങ്ങൾ ഏതു പുരാണത്തിൽ
ജീവിക്കുന്നെന്ന്
തിരിഞ്ഞുകുത്തും

മരങ്ങളോട്
മറഞ്ഞുനിന്നു പോലും
പറഞ്ഞേക്കരുത്
തളിർചില്ലകൈകൾ കൊട്ടി
തലതല്ലിച്ചിരിക്കും

പക്ഷികളോട് മിണ്ടല്ലേ
പക്ഷം വീശി
പക്ഷംപിടിച്ച്
പതിരുപതിരേയെന്ന്
പലപാടുംപാറിപ്പറയും

ഇനി,
കനിവോടെ കേൾക്കുമെന്ന്,
കാലത്തിനോടു തന്നെ
പറഞ്ഞാലോ
കൈമലർത്തി കണ്ടില്ലെന്ന്,
കേട്ടില്ലെന്ന്
നടിച്ച് കടന്നു കളയും!