malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

പ്രണയപുഷ്പംഹൃദയത്തിന്റെ ഉള്ളകങ്ങളിൽ
നട്ടുവളർത്തുന്നുണ്ട്
ഞാനൊരു പ്രണയ വൃക്ഷം
അതിന്റെ വേരുകൾ നീണ്ടുനീണ്ടു
വന്ന് നിന്നെ തൊടുന്നു
നിന്റെ ഹൃദയം ഒരു ചുവന്ന റോസ
പോലെ
തുടുത്തു പോകുന്നു
എന്തായിരിക്കും നാം തമ്മിൽ
ആദ്യം മിണ്ടിയിട്ടുണ്ടാകുക ?!
നിന്റെ നീരസങ്ങളിലും, അകൽച്ചകളിലും,
അകന്നകന്നു പോകാതെ
ലജ്ജകളിലും, അടുപ്പങ്ങളിലും
ആണ്ടു പോവുകയായിരുന്നു
വേർപിരിയാനാകാതെ നമ്മുടെ
വേരുകൾ
ഇന്ന് ഇഴപിരിക്കാനാവാതെ ഒന്നു
ചേർന്ന ഹൃദയമേ
വാടാതിരിക്കണേ,യീ പ്രണയ പുഷ്പം

2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

വിരഹം
ചില്ലുജാലകത്തിനരികെ
ചാറ്റൽ മഴവന്നെത്തി നോക്കുന്നു.
വിരഹമവളെ വീർപ്പുമുട്ടിക്കുന്നു
വിതുമ്പുന്നുവോ ചുണ്ടുകൾ ?
തുളുമ്പുന്നുവോ മിഴികൾ?
വിരിഞ്ഞു വരുന്ന ഒരു പൂവു
പോലവളെന്നിൽ
സുഗന്ധം പരത്തുന്നു
അവളുടെ ഓർമ്മകളെന്നെ
തരളിതഗാത്രനാക്കുന്നു
ഓമനേ, നനയാതിരിക്കട്ടെ
നിൻ കവിൾത്തടങ്ങൾ
കലങ്ങാതിരിക്കട്ടെ കൺതടങ്ങൾ
നിന്നെ പൂണ്ടടക്കം ചേർത്തുനിർ
ത്തുന്നു
ഞാനെൻ ഹൃദയത്തിൽ
നിന്നോർമ്മകൾ കൊണ്ടു ഞാനൊരു
പവിഴമാല കോർക്കുന്നു
നിന്റെ മാറിലണിയിക്കുവാനുള്ള
മണിമാലയത്
അധരമാം പാനപാത്രം നീ നിറച്ചു
വെയ്ക്കുക
പ്രണയ പാരവശ്യത്തിൽ മൊത്തി
ക്കുടിക്കാൻ നമുക്കായ്
കനലെരിയും നിന്റെ കായത്തിൽ
കനകമായ് ഞാനുരുകി തിളച്ചിടാം
ഈ ചാറ്റൽ മഴ നിന്നിൽ അഗ്നിയായ്
പെയ്തിറങ്ങുന്നു
നിന്നിലെ, യാചൂടുമായ് വരുമാ, മഴ
എന്നിലെ ചൂടുമായ്ച്ചേർന്നു കുളിരാ
കുവാൻ

2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

മാന്യത
നഗരം ഇരുളിലാണ്ടു
കാവൽക്കാരെപ്പോലെ
അവിടവിടെ ഒറ്റക്കണ്ണൻ
വിളക്കുകൾ മാത്രം
ഉണർന്നു നിന്നു
മാന്യതയുടെ മൂടുപടമഴിച്ചു
വെച്ച്
പാതിരാ പ്രണയങ്ങൾ
ഉണർന്നെഴുന്നേറ്റു
ലഹരിയുടെ വീര്യവുമായി
ആടിയാടി നിന്നകാറ്റ്
കറുത്ത കൈകളിലെ ഉരുപ്പടി
കളെ
കണ്ടില്ലെന്ന് നടിച്ചു
ഇത്രയും സത്യസന്ധമായ കൊടുക്കൽ
വാങ്ങലുകൾ കണ്ടിട്ടില്ലെന്ന് -
തട്ടുകടകൾ അടക്കം പറഞ്ഞു
കിഴക്ക് കൊറ്റിയുണരുമ്പോഴേക്കും
ഉദ്ധരിച്ച രാത്രിയുടെ ചിതറിത്തെറിച്ച
രേതസ്സുപോലെ മഞ്ഞിൻ തുള്ളികൾ
ഇലകളിൽ പറ്റിപ്പിടിച്ചു കിടന്നു
ഊരിവെച്ച മാന്യതയുടെ മുഖം മൂടി എടുത്തണിഞ്ഞ്
അവർവീണ്ടും അധികാര ദണ്ഡുമേന്തി
നല്ലപിള്ള ചമഞ്ഞു

അനിവാര്യം
പകൽ ഒരു പായയായിരുന്നെങ്കിൽ
അതിന്റെ ഇരുതലകൾ പുലരിയും,
സന്ധ്യയുമാകുമായിരുന്നു
അടിവശമായിരിക്കും രാത്രി
ബ്ലേക്ക് ബോർഡിലെ വെളുത്ത അക്ഷ-
രങ്ങളെപ്പോലെ
പകലിനെ നമുക്ക്മായ്ക്കാൻ കഴിഞ്ഞി-
രുന്നെങ്കിൽ
കാണേണ്ടിവരില്ലായിരുന്നു പലതും
അത്രതെളിച്ചമുള്ളതല്ല ഇന്ന് പകലുകൾ
ചിലപ്പോൾ രാവിനേക്കാൾ ഇരുളുറഞ്ഞു
പോകുന്നു
ഒരിക്കൽ ഇരുളിൽ ഇഴചേർന്നവയെല്ലാം
പകലിലേക്ക് പടർന്ന് വേരാഴ്ത്തുന്നു
ഒരിക്കൽ ഭീമാകാരമായ രാവുകളെല്ലാം
ഇന്ന് പഴകിയ മഷിപ്പാടുപോലെ വെളുത്തു
തുടങ്ങിയിരിക്കുന്നു
പകലിന്റെ ചില്ലകൾപോലും അളന്നുതീർ
ക്കാൻ കഴിയുന്നില്ലിന്ന്
ഇരുളുറഞ്ഞതിനാൽ.
പകൽ ഒരു പായയായിരുന്നുവെങ്കിൽ
എടുത്തു മാറ്റാമായിരുന്നു
അങ്ങനെയെങ്കിലും എനിക്കെന്നെ
കാണാതെ കഴിക്കാമായിരുന്നു

കാലികം
പ്രണയത്തിലായ മഴയും പുഴയും
നാടുവിട്ടുപോയി
പ്രായാധിക്യം കാരണമായിരിക്കണം
കുന്നെല്ലാം കൂനിക്കൂനി ചെറുതായത്
ആകാശം നോക്കി പോയതുകൊണ്ടായി
രിക്കണം
മരങ്ങളൊന്നും ഭൂമിയിലില്ലാത്തത്
കാറ്റിനിപ്പോൾ പഴയപോലെ ഉണർവും,
ചൊടിയുമില്ല
വരണ്ട് വേച്ചു വേച്ച് അങ്ങനെ....
എന്നാലും ഇന്നും ഇടയ്ക്കിടയ്ക്ക്
വരാറുണ്ട്
അപസ്മാരത്തിന്റെ സംഹാര താണ്ഡവം
ജലത്തെ ഏതു പാതാളത്തിലേക്കാണ്
ചവുട്ടി താഴ്ത്തിയത്

ലൈവ്
ഒരു മജീഷ്യന്റെ കൈയ്യടക്കത്തോ
ടെയാണ് അയാൾ വന്നത്
എന്തെന്തു വാഗ്ദാനമായിരുന്നു
സ്വപ്നങ്ങളുടെ ഒരു കൂമ്പാരമായി
രുന്നു അയാൾ!
ഒരു രാമ രാജ്യമായിരുന്നു ഉള്ളിൽ.
ഇപ്പോഴൊരു ഗെയിമിലാണയാൾ
നമ്മളാണ് കരുക്കൾ
ഇമയനങ്ങുന്ന വേഗത്തിൽ
എന്തെല്ലാംജാലങ്ങൾ
" കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ " -
എന്നു കേട്ടിട്ടേഉള്ളു
ഇപ്പോൾ ഇതാ........!.

ഇതുപോലെ ഉണ്ടാകുമെന്നതിന്
ഒരു ഉറപ്പുമില്ല
അറപ്പുകളുടെ ലോകത്തേക്കാണ്
പോകുന്നത്
വാഗ്ദാനം സ്വർഗ്ഗമെങ്കിലും
നരകത്തിന്റെ ആഴമാണ് അള-
ക്കുന്നത്
അനന്തസാധ്യത എന്നുപറഞ്ഞത്
ഇതായിരിക്കുമോ?!

നിശ്ശബ്ദത
നിശ്ശബദതയെ
വികേന്ദ്രീകരിക്കുന്നവർ
വിതരണം തുടങ്ങി
സംഗീതത്തിന്റെ മുളങ്കൂട്ടങ്ങളെ
മുറിച്ചുമാറ്റി
ശലഭച്ചിറകുകൾ അരിഞ്ഞെടുത്ത്
ഒച്ചകളെ അറുത്തെടുത്ത്
നെറ്റിത്തടത്തിൽ വെടിയുണ്ടയുടെ
കുങ്കുമം തൊടുവിച്ച്
കാറ്റുകളെ കള്ളങ്ങൾ പാടി പഠിപ്പിച്ച്
വായില്ലാക്കുന്നിലപ്പൻമാരുടെ
ഒരു രാജ്യത്തിനായി
നേരുകളെ നുള്ളിയുണക്കി
വേരുകളെ വടിച്ചെടുത്ത മാമാങ്കം.
പുറപ്പെട്ടുപോയ ശബ്ദങ്ങളുടെ
മാറ്റൊലികളെ
ഒരിക്കലും നിശ്ശബ്ദമാക്കുവാൻ
കഴിയില്ലെന്ന്
ഇവർക്കറിയില്ലല്ലോ

2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

എന്നിലെ ഞാൻ
ഞാനെന്നെ വെച്ചു പൂട്ടുന്നു
അറിയാത്ത ഭാവത്തിൽ
അകന്നു നിൽക്കുന്നു .
അവരാരൊക്കെയോ പോകുന്നു
അടുത്ത വീട്ടിലൊരു ബഹളം,
അലമുറ
ഞാനെന്തിനിടപെടണം
അത,വരുടെ കാര്യം
ഇതിൽ എനിക്കെന്തു കാര്യം
ഞാനെന്റ മൗനത്തിൽ മാറാലയി
ലേക്ക് മുഖം പൂഴ്ത്തുന്നു.
അവരിന് എന്നരികിലേക്കു വരു
ന്നല്ലോ!
ഞാനാരെ തിരഞ്ഞു പോകും?
എനിക്കു വേണ്ടിയാര്?!
ഞാനെന്നിലെ ഏതു പൊത്തിൽ
പോയി ഒളിക്കും.

നിശ
മുറ്റത്തിനുമേലെ സന്ധ്യ ആറാനിട്ടി-
രിക്കുന്നു ആകാശത്തെ.
സൂര്യനെ ഊതിക്കെടുത്താൻ
ശ്രമിക്കുന്നുപടിഞ്ഞാറ്
ശ്വാസം മുട്ടി മരിച്ച പകലിന്റെ
നീലനിറമാണിപ്പോൾചക്രവാളത്തിന്
കുസൃതിയുടെ കുഞ്ഞുകുഞ്ഞു
പൊട്ടുകൾ
ആകാശത്ത് മിന്നി നിൽക്കുന്നു
പകൽപ്പൊറുതികൾ മതിയാക്കി
പറവകളെല്ലാം തിരിച്ചു പറന്നു
എഴുതാൻ ബാക്കി വെച്ച ഒരു താളു
പോലെ
കിഴക്കൊരു വെളുപ്പ് പൊങ്ങുന്നുണ്ട്
വാശി പിടിച്ചു കരഞ്ഞ ഒരു കുഞ്ഞിനെ
കഥയുടെ ചെറു ഭാഗംകൊണ്ട്
പുതപ്പിച്ചു റക്കുന്നു ഒരമ്മ
കിസ്സകൾ പറഞ്ഞു കൊണ്ടിരുന്ന
കിളികൾ ശബ്ദമടക്കി.
കൊക്കൊരുമി ,തൂവൽ മിനുക്കി
പ്രണയം പങ്കിടുന്ന സീൽക്കാരം മാത്രം
ശിഖരങ്ങളിൽ നിന്നുമുയർന്നു
നിശ കുളിരിന്റെ കവിതകൾ ഇലകളിൽ
കുനുകുനേ എഴുതി നിറക്കുകയായി
രുന്നു അപ്പോൾ

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

പുനർജ്ജനി
ജീവിതത്തിന്റെ എത്രാമത്തെ
ഹെയർപ്പിൻ വളവിൽ വെച്ചാണ്
നാം പ്രണയത്തിലേക്ക്
മുതലക്കൂപ്പ് കുത്തിയത്.
ജീവിതത്തിന്റെഅഗാധമായ
കയത്തിലേക്ക്
വിരൽ കോർത്തിറങ്ങിയത്.
ദുരിതങ്ങൾ പെയ്തിറങ്ങുന്ന കരിമേഘങ്ങൾക്കിടയിലൂടെ
കരുണയുടെ ഉറവകൾ വറ്റിയ
ഊഷര സ്ഥലികളിലൂടെ
ഊർവ്വരതയുടെ  ഉടയാത്ത
ഘടമായി
തളരാത്ത ഉണർവായത്.
പട്ടിണിയുടെ പാതാളങ്ങൾ കടന്ന്
പകലിന്റെ ഇരുളുകൾ പിന്നിട്ട്
രാവിന്റെ വെളിച്ചത്തിലേക്ക്
ചേക്കേറിയത്.
എതിർപ്പിന്റെ കടലിടുക്ക്താണ്ടി
സ്നേഹത്തിന്റെ പുഴയായ്
കരയണഞ്ഞിട്ടും
പ്രണയമേ,അകന്നു പോയല്ലോ നാം!
എന്നാണിനി
സ്നേഹത്തിന്റെ ഒറ്റയിലയായ്
നാം നമ്മിൽ പുനർജനിക്കുക


2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

സമസ്യ
ജീവിതം ഒരു സമസ്യയാണ്
പൂരിപ്പിക്കുവാൻ കഴിയാത്ത
പൂർത്തിയാക്കുവാൻ കഴിയാത്ത -
സമസ്യ.
പ്രത്യാശയുടേയും, സ്വപ്നത്തിന്റേയും
പുറന്തോടിനുളളിൽ
പതുങ്ങിയിരിക്കുന്ന വിത്ത്.
ആചാരങ്ങളുടെ, അനാചാരങ്ങളുടെ
ശവപ്പറമ്പിലെ
സ്മാരകശിലകളില്ലാത്ത രക്തസാക്ഷി.
ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകൾ
ഉരഞ്ഞുരഞ്ഞു പൊട്ടിയ വൃണം.
അടക്കം ചെയ്യപ്പെടും വരെ
അഭിലാഷങ്ങളെ അമർത്തിവെച്ച്
തള്ളിനീക്കുന്ന ദിനരാത്രങ്ങൾ.
ജീവിതം ; ചുട്ടുപൊള്ളുന്ന ഒരു മണൽ -
ക്കാടാണ്.

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

ഇറങ്ങിപ്പോക്ക്
നീ എന്റെ പ്രണയം പൂത്ത
ആകാശം
സർപ്പഗന്ധിയായ മുല്ല
ആലില പോലുള്ള മർമ്മര
ശബ്ദത്തിൽ
നീ പൂക്കളെ മാത്രം വിരിയിക്കുന്നു
നിന്നെ മുഴുവനായും പൂരിപ്പി
ച്ചെടുക്കുവാൻ കഴിയില്ലയെനിക്ക്.
നീയെന്റെ മനസ്സിലെ അനേകം
ജാലകങ്ങൾ
ഒന്നിച്ചു തുറന്നിടുന്നു
എന്നിലെ തട്ടിമറിഞ്ഞവയൊക്കെ
നേരെയാക്കി വെയ്ക്കുന്നു.
പുല്ലാനിപ്പൊന്തകൾക്കിടയിലൂടെ
കന്നിക്കാറ്റ്
എന്റെ കടിഞ്ഞൂൽ പ്രണയത്തെ
വേപ്പു മരത്തിനരികിലേക്ക് കൂട്ടി
വരുന്നു
കൊയ്ത്തൊഴിയാ പാടത്തൂടെ
സ്നേഹ ഞരമ്പിൻ വരമ്പിലൂടെ
പ്രണയത്തിൻ താജ്മഹലേറുന്നു.
ചില്ലകൾ കുലുക്കി വരുന്ന മഴ -
പോലെയാണ് പ്രണയം
പ്രണയത്തിന്റെ ദീപ്തതയറിയാൻ
വിരൽത്തുമ്പിലേക്ക് നോക്കൂ!
മഴ പുറത്ത് പെയ്തു കൊണ്ടേ
യിരിക്കുന്നു
പ്രണയമേ, നീയെപ്പോഴാണ്
എന്നിൽ നിന്നും ഇറങ്ങിപ്പോയത്!

കുറ്റവും ശിക്ഷയുംകുറ്റാന്വേഷണ കഥയോടായിരുന്നു
 പ്രീയമേറെ
കുറ്റമറ്റ അന്വേഷണത്താലായി
രിക്കാം
ഇത്രയേറെ പ്രീയം.
കുറച്ചു കഴിഞ്ഞപ്പോൾ ഒരിടിയൊച്ച
കേട്ടു
വെടിയൊച്ചയെന്ന് തിരിച്ചറിയാൻ
ഇത്തിരി നേരം വേണ്ടി വന്നു.
കുറ്റമറ്റതിനെയൊക്കെ കൊന്നു തള്ളി
കുറ്റവും ശിക്ഷയും അവർ നടപ്പിലാക്കി
മാർജ്ജാര പാദങ്ങളോടെ പുറത്തേ
ക്കിറങ്ങി
                       ......................
കുറിപ്പ് :- എന്ത് എഴുതണം എന്ന് തീരുമാനി
ക്കുന്ന നാട്ടിൽ

2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ആയുസ്സിന്റെ പകൽ ദൂരം
ഫൂട്ട്പാത്തിൽ മഞ്ഞ പൂക്കൾ
ഇടതടവില്ലാതെ പൊഴിഞ്ഞു
വീണുകൊണ്ടിരുന്നു
കാൽപ്പാദങ്ങൾക്കിടയിൽ അവ
ഒരു ഞരക്കംപോലും കേൾപ്പിക്കാതെ
ഞെരുങ്ങിക്കിടന്നു
സായാഹ്ന വെയിലിനു മൃതി -
യുടെ ഗന്ധമായിരുന്നു
ആയുസ്സിന്റെ ഒരു പകൽദൂരംകൂടി
പങ്കിട്ടിരിക്കുന്നു
ബീച്ചിൽ ആളുകൾ ആർത്തുല്ലസി
ക്കുന്നു
ചായം തേച്ച ചില ജീവിതങ്ങൾ
മുല്ലപ്പൂവും, ഭ്രമിപ്പിക്കുന്ന മുലയുമായി
പറ്റുകാരെ തിരയുന്നു
നാണംപൂണ്ട കവിളിൽ പ്രണയവർണ്ണ
ങ്ങൾ വിരിച്ച്
ചിലർ അരികുചേർന്നു നടക്കുന്നു
പടിഞ്ഞാറ് പ്രണയത്തിന്റെ ഒരു വർണ്ണ
ക്കുടം
കടൽകന്യകയെ ചുംബിക്കുന്നു.
ചിലമ്പുന്ന ശബ്ദത്തിൽ സംസാരിച്ചു
വരുന്ന
തിരമാലകളെക്കുറിച്ച് നമുക്കെന്തറിയാം
തുളുമ്പിപ്പോകുന്ന കണ്ണീരാണ്
കരയിലേക്കൊലിച്ചിറങ്ങുന്നതെന്നോർ
ക്കാതെ
നാം പൊട്ടിച്ചിരിക്കുന്നു
പെണ്ണിന്റെ കണ്ണീരുപ്പ് നാം നുണയുന്നു
ഇരമ്പി വരുന്നുണ്ട് ഉളളിൽ നിന്നൊരു
തിര

തോക്ക്
നാക്കും,വാക്കും, പേനയും
വണ്ടിയിൽ നിന്നിറങ്ങി
ഗേയ്റ്റിലേക്ക് നടന്നു.
കാത്തിരിപ്പുണ്ടായിരുന്നു
ഒരു തോക്ക്.
ഒറ്റക്കണ്ണിന്റെ ഉന്നവുമായി
നാക്കിനെ, വാക്കിനെ, പേനയെ
പിഴുതെടുത്ത് പടിയിറങ്ങി.
തോക്കേ;നിനക്കറിയില്ല
നാക്കിനെ
വാക്കിനെ
പേനയെ
അത് നിന്നിലേക്ക് നീ തന്നെ
ഉന്നം വെച്ച ഒരു തോക്കെന്ന്

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

സ്വപ്നം
വിജനമാംവഴിയരികിൽ
ഒറ്റനെന്മണി പോലൊരു പെണ്ണ്
പുലരി മഞ്ഞിലും പൊൻ നിറം
മിഴിയിലൊരു ചാന്ദ്ര വെളിച്ചം
മഞ്ഞിനെ മാറിൽ ഞൊറിയിട്ട്
പുതച്ച
ഒറ്റമുണ്ടിന്റെ ഓളങ്ങൾ തീർത്ത
വൾ
ഒളിവിതറിയങ്ങനെ നിൽക്കുന്നു
ചുണ്ടിലൊരു ചെണ്ടുമല്ലി പൂവുമായ
വൾ
മന്ദം മന്ദമെന്നെ കടന്നു പോകുന്നു.
കിഴക്കുനിന്നും ചുവന്ന പക്ഷികൾ
സ്വർണ്ണ നാരുമായ് പറന്നു വന്നപ്പോൾ
പിറന്ന പോലൊരു പെണ്ണവൾ
നഗ്നയായ് നടകൊള്ളുന്നു.
തീർച്ചയായും പോകണമെനിക്ക്
സ്വപ്നത്തിൻ, വിജന പാതയിൽ
ചെന്നവളെ കാണണം


എങ്കിലും....!എങ്കിലും, ഇടയ്ക്കിടേനടക്കാറു
ണ്ടിന്നും ഞാൻ
ആ തിണ്ടിലൂടെ തിണ്ട്ചേരും
മുത്തശ്ശി മാവിൻ ചാരെ
കാൽപ്പനികനാകാറുണ്ട്
കാലകയ്പ്പിലെങ്കിലും
നിറനിലാവും പൂത്തുള്ള
മാവും ഞാൻ കാണാറുണ്ട്
രാധതൻ കലഹവും, കരഞ്ഞു
വിളികളും
ഉണ്ണിമാങ്ങച്ചുനയായ്
ഉള്ളിലതിന്നുമുണ്ട്
പൊൻമകൾ പാറുമ്പോലെ
പാറിയ ബാല്യകാലം
പുളിമാങ്ങതൻ ഉപ്പും, പുളിയും,
എരിവുമായ്
മോഹങ്ങൾ ഉറവയായ്
ഉണർന്ന യുവത്വവും
കഞ്ഞിക്കു വകയില്ലാ ദിനത്തിൽ
മധുരവും വിളമ്പി കാത്തിരിക്കും
മുത്തശ്ശിയാമെൻ മാവ്
ഇന്ന് ആ വീടുമാറി നാട്ടകം
ആകെ മാറി
മുത്തശ്ശിമാവു പണ്ടേ തെക്കേ
തൊടിയിൽ സതിയായി
എങ്കിലും, എങ്ങനെ നിന്നും
പോകാതിരിക്കു ഞാൻ
താങ്ങും, തണലുമായ് ,
തണുപ്പിൻ തലോടലായ്
കത്തും വയറിലേക്കന്നം പകർ
ന്നുള്ള
മുത്തശ്ശിയിരുന്നുള്ള ആ മണ്ണി
ലേക്കൊന്ന്

പ്രണയ വേര്
നിന്റെ ഓർമ്മകളിലാണ്
ഞാൻ പൂത്തു നിൽക്കുന്നത്
നിന്നിലും തളിർക്കുന്നാണ്ടാ
വില്ലേ ഞാൻ.
പ്രണയമേ, പ്രണയിച്ചവരാരും
പിരിയാറില്ലല്ലോ!
പിരിഞ്ഞാലും പ്രാണനിൽ നിന്ന്‌
പറിഞ്ഞു പോകാറില്ലല്ലോ !!
ശരീരങ്ങൾ പിരിഞ്ഞു പോയെങ്കിലും
ഹൃദയങ്ങൾ പൊതിഞ്ഞുവച്ചിട്ടുണ്ട്
മുഴുവനായും.
ആദ്യ മൊഴി
ആദ്യസമാഗമം
ആദ്യ ചുംബനം
അനിർവ്വചനീയ നിമിഷങ്ങൾ.
നമുക്കറിയാം നാമിന്നും പ്രണയിച്ചു
കൊണ്ടേയിരിക്കുന്നു
കരളിലിരുന്നത് കുറുകുന്നു
വേർപാടിന്റെ ചുടുനിശ്വാസങ്ങളിൽ
പൊള്ളിപ്പിടയുന്നു
പ്രണയമേ, പിരിഞ്ഞു പോയെങ്കിലും
പഴി പറയുന്നില്ല ഞാൻ
പ്രണയിച്ചവരിൽ പഴിയില്ല, പിഴയില്ല
പിരിഞ്ഞു പോകാതെ ഇഴ കോർത്തു
നിൽക്കുന്ന ഇരുവേരാണു നാം .
2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

അവളെ.......!

മണ്ണിനെപ്പോലെയാണ് പെണ്ണും.
അവൾഎല്ലാ സുഖദുഃഖങ്ങളും
മണ്ണടരുകളിലേക്കെന്നോണം
ഉള്ളിന്റെ ഉള്ളിലേക്ക് വലിച്ചു താഴ്
ത്തുന്നു
പുറമേ സ്നേഹത്തിന്റെ ഊഷ്മള -
തമാത്രം നിലനിർത്തുന്നു
എല്ലാം സ്വന്തമെന്നതു പോലെ
ഗർഭപാത്രത്തിൽ വേരുകളാഴ്ത്തി
വളർന്ന മക്കളെപ്പോലെ
പ്രിയതരമായി കരുതുന്നു
കളനിറഞ്ഞ കാട്ടിലെ തുടുത്തു വിള
ഞ്ഞ ഫലമായി
വീടിനു വിളക്കാവുന്നു
ഹദാശമായ ഹൃദയത്തിൽ
ആശയെ മുളപ്പിച്ച്
വാർന്നു വീഴുന്ന കണ്ണീർച്ചോരയെ
ആത്മവിശ്വാസവും, ചേലാഞ്ചലവും
ചേർത്ത് തുടച്ചു മാറ്റുന്നു
നിരസിക്കപ്പെടാത്ത നിശ്ചലതയാണ്
പെണ്ണ്
പക്ഷേ, ആരറിയുന്നു അവളെ !
കുത്തിയൊലിച്ചു വരുന്ന ചെളി
വെള്ളത്തിൽ
ആഴ്ത്തി ഒഴുക്കിവിടാനാണവരുടെ
ശ്രമം

കവിതാക്ഷരങ്ങൾഞാനെഴുതാനിരിക്കുമ്പോൾ
എഴുത്തുമേശയിലേക്കെത്തി
നോക്കുന്നു
അടുപ്പൂതി ആയുസ്സറ്റുപോയ
ഒരു മുട്ടിമുട്ടിച്ചുമ
വെള്ളംകോരി നടുവൊടിഞ്ഞ
ഒരു പേക്കോലം
ക്ഷീണിച്ച ശ്വാസനിശ്വാസത്താൽ
തിളച്ചുതൂവുന്ന അരിക്കലം
ഇടയ്ക്കിടേ ജനലരികിലെത്തി
നോക്കി
തിരിച്ചു പോകുന്നൊരു കാറ്റ്
അപ്പോൾ ഏതോ ജന്മത്തിലേന്നോണം
ഞാൻ വിസ്മൃതിയിലാണ്ടു പോകുന്നു
പരൽ മീനെന്നോണമൊന്നുള്ളിൽ പിടയുന്നു.
അസുലഭ നിർവൃതിയിൽ നിന്നെ -
ന്നോണം
ഞെട്ടിയുണരുമ്പോൾ
കഥാപാത്രങ്ങളെല്ലാം ചേക്കേറിയിരി
ക്കുന്നു
കവിതാക്ഷരമായ് കടലാസിൽ


ഒരിക്കൽ .....!
പൂർണ്ണചന്ദ്രനേപ്പോൽ
ചേലു ലാവുന്നൊരുത്തി
പിഞ്ചു കുഞ്ഞുമായ് കരം -
നീട്ടിടുന്നെൻ മുന്നിൽ
ഇഷ്ട്ടം കൊണ്ടല്ലെന്നു -
ചൊല്ലുന്നു മിഴികൾ
അഷ്ട്ടിക്കു വകയില്ലാതെന്നു
വാടുന്നു മുഖകാന്തി
വയറൊട്ടി, നെഞ്ചുന്തിയ
പിഞ്ചോ മന .
ഉടയാടകൾ പിഞ്ഞിക്കീറി
നേർത്തു ക്ഷീണഗാത്രിയാം
പെണ്ണാൾ.
വലിയ വീട്ടിലേതെന്നു തോന്നും
വിധിയെന്നവൾ ഗദ്ഗദം കൊള്ളുന്നു
ഓർത്തു പോയി ഞാനപ്പോൾ
പേർത്തും, പേർത്തും.
നാമെന്നു മെറിഞ്ഞുകളയും ഭക്ഷണ-
ത്തിന്നൊരു പാതിയെങ്കിലുമിവൾക്ക് -
കിട്ടീടുകിൽ
ആർത്തി തീരാനില്ലെങ്കിലും
രണ്ടു നേര മന്നം കിട്ടുകിൽ
പൂർണ്ണചന്ദ്രനെപ്പോൽ വിളങ്ങീടു -
മീയമ്മ
അഴകേഴും ചിതറുമാപിഞ്ചുകുഞ്ഞ്.
പ്രതീക്ഷ സ്ഫുരിക്കുമാ മിഴികളിൽ
രണ്ടു ജലഗോള മുരുളാനിരിക്കുന്നു
കരയരുതെന്ന് പറയുവതെങ്ങനെ
കാശു ഞാനാ കരത്തിലേക്കു വയ്ക്കുന്നു

ഠോ.....!
തോൽക്കുന്നിടത്തു നിന്ന്
തോക്കുകൾ കഥ തുടങ്ങുന്നു
ഗാന്ധിജിയുടെ ഇടനെഞ്ചിൽ
നിന്നും
തോറ്റു മടങ്ങിയ വെടിയുണ്ട
തോൽവിയുടെ തോതുമായി
നെഞ്ചുതേടി നടക്കുന്നു.
നഞ്ചേൽക്കാത്ത കുറേ
നെഞ്ചുകളുണ്ടിവിടെ
അക്രമത്തെ അകറ്റി
ആശയത്തെ അണിഞ്ഞവർ
ആശകളെ അക്ഷരമാക്കിയ
സത്യത്തിന്റെ വിളക്കുകൾ.
സൂക്ഷിക്കണം, നിങ്ങൾക്കിട
യിലുണ്ട്
നുണയുടെ നുള്ളുകൾ വിള
മ്പുന്നവർ
ഏതുസമയത്തും നിങ്ങളുടെ
നെഞ്ചിലേക്ക് പതിച്ചേക്കാം
നുണയുടെ ഒരു ഠോ.

പക്ഷേ; തോക്കുകളേ
തിരിഞ്ഞു നോക്കണം നിങ്ങൾ
ചരിത്രത്തിന്റെ നാൾവഴികളിലേക്ക്
ജയിച്ചിട്ടില്ല വെടിയുണ്ടകൾ
 ഇന്നു വരെ
ഒരു ജനതയേയും
........................................................
കുറിപ്പ് :- ഗൗരി ലങ്കേഷിന് ആദരാഞ്ജലികൾ

2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

പ്രവാസ ജീവിതംപ്രവാസത്തിലേക്കുള്ള പ്രയാണം
കാടുകൾ വറ്റിപ്പോയ മരുക്കാട്ടിലാ
ണെന്നെ കൊണ്ടെത്തിച്ചത്
കാൽപ്പാടുകളെ പാടേ മായ്ച്ച്
മലർന്നു കിടക്കുന്ന മരുഭൂമി
ജല സ്പർശമില്ലാത്ത മരുപ്രദേശം
കരകാണാക്കടൽ പോലെ പരന്നു
കിടക്കുന്നു
താഴെ കനൽ പഴുക്കം, മേലെ അഗ്നി
വർഷം
ഇടയിൽ ഈന്തപ്പനകളെ ഞാൻ കിനാ
വു കാണുന്നു
തണലിന്റെ നിഴൽപ്പച്ചതേടുന്നു
കാതങ്ങൾക്കപ്പുറത്തു നിന്ന് കാതോ _
രമവൾ മൊഴിയുന്നു
കാണാക്കൊതിയുടെ കണ്ണീർത്തിരയിള
കുന്നു
ഇന്നും ഞാൻ മരുക്കടലിൽ
തൊടുവാൻ കഴിഞ്ഞിട്ടില്ല യിന്നു വരെ
കര
ജീവിതമേ...., ഈ ജീവിതകപ്പൽ ഏതു
തീരത്തടുപ്പിക്കും

ഓണമാകാൻ...ഓണത്തിനൊരു കൂട്ടം
ചന്തമുണ്ടായീടുവാൻ
ശുദ്ധമാം കായ്കറികൾ
ഇത്തിരിയോളം വേണം
വിയർപ്പിന്നുപ്പും ചേർത്ത്
ചേറിനോടൊത്തുചേർന്ന്
കൊയ്തു നാമെടുത്തോരു
ഇത്തിരി കുത്തരിച്ചോർ
നാട്ടിലെ കുറ്റിക്കാട്ടിൽ
പൊട്ടി വിടർന്നുള്ളാരു
പൊന്നോണപൂവും, തൂമ
യെഴുന്ന തുമ്പപ്പൂവും
തുമ്പികൾ ചുറ്റും വട്ടമിട്ടു
തുള്ളിയാർക്കുന്ന
പൂവുകളില്ലെന്നാകിൽ
ഓണം പിന്നെയെന്തോണം

അവനവനിലേക്ക് വിരൽ ചൂണ്ടുക
എവിടെയോ വെച്ച് ഞാനെന്നെ
മറന്നുപോയിരിക്കുന്നു!
എവിടെയായിരിക്കും?
ഒരു ഉറപ്പില്ലായ്മയുണ്ട്
ഉറപ്പിച്ചു പറയാൻ.
ഞാനെന്നിലേക്കൊരു വിരൽ
ചൂണ്ടുന്നു
വിശ്വാസത്തിന്റെ വേരുകൾ
നേർത്തു വരുന്നു.
എന്റെ ഓർമ്മകൾ മധുരം നിറഞ്ഞ
വ മാത്രമല്ല
വിധുരവുമാണ്.
ജീവിതം മഹാപ്രവാഹം.
എങ്ങോട്ടൊഴുകണമെന്ന് അതിനറിയാം
നദിയെപ്പോലെ
ചോദ്യങ്ങളെല്ലാം അറുത്തെറിയുക
സത്തയെന്തെന്ന് അപ്പോഴറിയാം
ഒഴിഞ്ഞിരിക്കണം മനസ്സ്
ഒഴുകിയെത്തിക്കൊള്ളും എല്ലാം.

2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

ജീവിതം
ജീവിതം മരണത്തെ
നോക്കി നിൽക്കുമ്പോഴും
അതിരുകളില്ലാത്ത ആർത്തി
നമ്മേ ഓടിച്ചു കൊണ്ടേയിരിക്കുന്നു.
വലയ്ക്കുള്ളിലായിട്ടും
മരണത്തിലേക്കെന്നറിയാത്ത
മത്സ്യമാണ് മനുഷ്യൻ.
ചിത്രകാരൻ ചിത്രത്തെയെന്ന
പോലെ
ആസ്വദിക്കേണ്ട ജീവിതം
ചിതറിക്കിടക്കുന്നു
റെയിൽപ്പാളത്തിലെ ശവശരീരം
പോലെ
അടുക്കും ചിട്ടയുമില്ലാതെ.
ഏതോ ഇടവഴിയിൽ
ഇടറിവീണേക്കാവുന്ന
മഴത്തുള്ളിയാണ് ജീവിതം