malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഏപ്രിൽ 27, ചൊവ്വാഴ്ച

സൂക്ഷിക്കണം കവിതയെ


കൂട്ടിലടച്ച ഒരുവാക്കിനെ
കൈയ്യെത്തിപ്പിടിക്കുന്നു
ത്രാസിലിട്ട് തൂക്കി നോക്കുന്നു !

കണ്ഠമൊന്നു കരന്ന്
അടപ്പുള്ള പാത്രത്തിലേക്കൊറ്റ -
യേറാണ്
അനക്കം നിലച്ചാൽ
പരന്നതട്ടിൽവെച്ച് പൊളിച്ചെടുക്കും

അപ്പോഴുമുണ്ടാകും
കൂട്ടിനുള്ളിൽ വരിവരിയായിനിൽ -
ക്കുന്ന വാക്കുകൾ
കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച്
ഇറച്ചിക്ക് പാകമാകാൻ ഇടയ്ക്കിടേ
ഇരയും തിന്ന്
ഇടമുള്ളയിടങ്ങളിൽ ഉലാത്തിക്കൊണ്ട്

അപ്പോഴേക്കും
പപ്പും ,പൂടയും പറിച്ച് തോലുരിച്ച്
തട്ട് വൃത്തിയാക്കി
തുടകളറുത്ത്, നെഞ്ചിൻകൂട് തകർത്ത്
പണ്ടങ്ങൾ പറിച്ചെടുത്ത്
അകം പൊരുൾ അടർത്തിമാറ്റി വൃത്തി -
യാക്കും

പിന്നെ,
മൂർച്ചയേറിയ കത്തിയെടുത്ത്
ആവശ്യത്തിനുള്ള വലുപ്പത്തിൽ കൊത്തി -
യരിഞ്ഞ്
പ്ലാസ്റ്റിക്കിൽ കെട്ടിവെയ്ക്കും ഇറച്ചിവെട്ടു -
കാരൻ
കവിയുടെ പച്ചയിറച്ചി!
സൂക്ഷിക്കണം കവിതയെ!!


ആഗ്രഹം


നിൻ്റെ ചുണ്ടിൻ്റെ ചിറകിൽ നിന്നും
പറന്നിറങ്ങിയ ചുംബനം
ഹേമന്തത്തിൻ്റെ തൂവൽ പോലെയെങ്കിലും
ഗ്രീഷ്മത്തിൻ്റെ ചൂടുണ്ടായിരുന്നു
നിൻ്റെ കവിളുകൾ പൂത്തായിരിക്കണം
ചുവന്ന വാകപ്പൂക്കൾ ഉണ്ടാകുന്നത്
പ്രിയേ, എന്നിട്ടും നീയെന്തിനാണ് -
നൊമ്പരപ്പെടുന്നത്
ഗ്രീഷ്മം പെയ്തിറങ്ങുന്ന ഒരു വാകപ്പൂവായി
നിൻ്റെ കവിളിലലിഞ്ഞു ചേരാൻ കഴിഞ്ഞെ-
ങ്കിലെന്ന്
ഞാനാഗ്രഹിച്ചു പോകുന്നു

2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

ഓക്സിജൻ


മാസ്ക ധരിച്ചാണ് നടന്നത്
മോശമൊന്നും പറയിച്ചിട്ടില്ല
അകലം ആവശ്യത്തിന് പാലിച്ചു
ഓക്സിജൻ മാസ്കിന് ക്യൂവി -
ലാണിപ്പോൾ

പെരുവഴിയിലായ ഒരു പ്രാണൻ
ഓടകളിൽ, ഒഴിഞ്ഞയിടങ്ങളിൽ ,-
ആൾക്കൂട്ടത്തിൽ
കരയിൽ പിടച്ചിട്ട മത്സ്യത്തെപ്പോലെ
പിടയുന്ന പ്രാണനെ കണ്ടു പോലും

വായുവിൻ്റെ കരയിൽ വായുവിനായ് -
പിടയുന്ന
മത്സ്യമാണിന്ന് മനുഷ്യൻ
മരിച്ചു വീഴുന്ന മനുഷ്യനായി
മത്സരത്തിലാണ് മരുന്നു കമ്പനികൾ

ഒന്ന്
രണ്ട്
മൂന്ന്
വരിനിന്നവർ വീണടിയുന്നു മണ്ണിൽ
ഒഴിഞ്ഞ ഓക്സിജൻ മാസ്കുകൾ
അവസാനമായൊരു നെടുവീർപ്പിടുന്നു

2021, ഏപ്രിൽ 21, ബുധനാഴ്‌ച

ആഗ്രഹം


നിൻ്റെ ചുണ്ടിൻ്റെ ചിറകിൽ നിന്നും
പറന്നിറങ്ങിയ ചുംബനം
ഹേമന്തത്തിൻ്റെ തൂവൽ പോലെയെങ്കിലും
ഗ്രീഷ്മത്തിൻ്റെ ചൂടുണ്ടായിരുന്നു
നിൻ്റെ കവിളുകൾ പൂത്തായിരിക്കണം
ചുവന്ന വാകപ്പൂക്കൾ ഉണ്ടാകുന്നത്
പ്രിയേ, എന്നിട്ടും നീയെന്തിനാണ് -
നൊമ്പരപ്പെടുന്നത്
ഗ്രീഷ്മം പെയ്തിറങ്ങുന്ന ഒരു വാകപ്പൂവായി
നിൻ്റെ കവിളിലലിഞ്ഞു ചേരാൻ കഴിഞ്ഞെ-
ങ്കിലെന്ന്
ഞാനാഗ്രഹിച്ചു പോകുന്നു

നമുക്കായ്


എനിക്കു കാണാം നിൻ്റെ കണ്ണിലെ -
കിന്നരം
സമുദ്രനീലിമ
മിഴിയിലെ മീൻ പിടച്ചിൽ
നീയൊരു ഗ്രീഷ്മ സാഗരം

പ്രിയേ,
നിൻ്റെ ശലഭച്ചുണ്ടിലെ
വസന്താരാമത്തിൽ
അലിഞ്ഞലിഞ്ഞ് ഒരു മധുബിന്ദു -
വാകണമെനിക്ക്!

സന്ധ്യപോലെ ചുവന്നകവിളുകളിൽ
ചുണ്ടിൻ ചിറകുകളാൽ പറന്നു നടക്കണം
വന്യമായ നിൻ്റെ യൗവ്വനത്തിലേക്ക്
നിലാവലയായ് പടരണം

പ്രിയപ്പെട്ടവളേ ,
നമുക്കായി മഴവില്ലുതന്ന ആകാശം
ഒരു മേഘവും തരും
നമുക്കു മാത്രം കാണുവാനായി
നമ്മളെ നമുക്കൊളിപ്പിക്കുവാൻ

2021, ഏപ്രിൽ 18, ഞായറാഴ്‌ച

നിന്നിൽ ചാരുന്ന നേരത്ത്


നിന്നിൽ ചാരുന്ന നേരത്ത്
ഞാനൊന്നു നിവർന്നു നിൽക്കുന്നു
നീറി നിൽക്കുന്നൊരോർമ്മകൾ
നേർത്തുനേർത്തലിഞ്ഞു തീരുന്നു

അഴിഞ്ഞ മുടിയിഴയെൻ ചുണ്ടിൽ -
പരതവേ
നൂറുവേരെന്നിലുണരുന്നു
ഒരു കൂമ്പിലത്തണ്ടായിരുന്ന ഞാൻ
ഇലപ്പീലികൾ വിടർത്തുന്നു

നിന്നിൽ ചാരുന്ന നേരത്ത്
ചരിഞ്ഞു വീഴാതെ ചേർത്തു -
നിർത്തുന്നു
തളിരില തെന്നലായി
തഴുകിമെല്ലെ യുണർത്തുന്നു

ഉടലാഴങ്ങളിലോർമ്മതൻ ഉമ്മതന്നു നീ
ഓമനിച്ചെന്നെയുണർത്തവേ
നേർത്തൊരാലസ്യത്തോടെ
ഒരുമരമുടലായ് തളിർക്കുന്നു ശാഖികൾ

പിറക്കാതെ പോയത്



അന്ന് ;
നീ നിർദ്ദേശിച്ച സ്ഥലത്ത് ഞാൻ -
കാത്തുനിന്നു
മരണത്തോടു സന്ധി പറഞ്ഞ്
ഇടവഴിയിലൂടെ
ഇരുവഴിയിലൂടെ നാം നടന്നു മറഞ്ഞു

ഇന്ന് ;
യൗവ്വനത്തിൻ്റെ മിനുപ്പുകളെ
കാലം കഴുകിക്കളഞ്ഞ്
പുത്തൻ വരകളും , കുറികളുമിട്ട്
കളി തുടർന്നുകൊണ്ടിരിക്കുന്നു

കവിത പൂത്തഇടവഴികൾ
നാലുവരിപ്പാതയായിരിക്കുന്നു
നാടും, നാട്ടുകാരും എത്ര മാറിപ്പോയി !
എന്നിട്ടും;
അന്ന് നീ നിർദ്ദേശിച്ച സ്ഥലത്ത്
നമ്മളിന്നും നമ്മളെ കാത്തുനിൽക്കുന്നു!

യാത്രയിൽ


മോഹങ്ങൾ വിൽക്കുന്ന നാട്ടിൽ
നിന്നാണുയാത്ര
ജീവിതവണ്ടി ആരെയും കാത്തു -
നിൽക്കുന്നില്ല
എവിടെ വെച്ചായിരിക്കും എൻ്റെ -
മോഹങ്ങളാക്കെയും
ജീവിത റെയിൽപ്പാളത്തിൽ വീണ് -
ചതഞ്ഞരഞ്ഞുപോയിട്ടുണ്ടാകുക

വാക്കിലും, നോക്കിലുംഅമ്ലം -
തളിക്കുന്നവർ ചുറ്റും
നോവുന്ന കവിതതൻ നേരറിയാ-
ത്തവർ
നേരായ വഴികളെ കൊട്ടിയടക്കു-
വോർ
വേവാത്ത അപ്പക്കഷ്ണമാണ് -
ജീവിതം

2021, ഏപ്രിൽ 17, ശനിയാഴ്‌ച

ഓലപ്പുര


വേദനയുടെ വേരുകളാണ്
ആഴ്ന്നിറങ്ങുന്നത്

ഉള്ളിൽ
തിമർത്തുപെയ്യുന്നു മഴ

ചുട്ടുപൊള്ളുന്നു
ഗ്രീഷ്മം

തണുത്തു വിറക്കുന്നു
ശിശിരം

വിണ്ടുകീറി
പാടം പോലെ നെഞ്ചകം

ബാക്കിയാവുന്നത്
നിസ്സഹായതയുടെ
ഉൾഞെരക്കം മാത്രം

ചോർന്നൊലിക്കുന്ന
ഓലപ്പുരയാണ് ജീവിതം !

2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

സത്യം


ഞാൻ നിന്നിലേക്കും
നീ എന്നിലേക്കും
നടക്കാൻ തുടങ്ങിയിട്ട്
കാലമെത്രയായി !

നടന്ന്, നടന്ന് ഞാൻ എന്നിലും
നീ നിന്നിലും തന്നെ എത്തി -
ച്ചേരുന്നല്ലോ !!-

പ്രണയമേ,
കവിതയും,കാല്പനികതയും
മാറ്റി നിർത്തി
ഞാൻ നിന്നോടൊരു
അപ്രിയ സത്യം പറയാം

നമ്മളൊന്ന് നമ്മളൊന്നെന്ന്
ചുണ്ടുകൾ കൊരുത്തു കൊണ്ടി-
രിക്കുമ്പോഴും
ഞാൻ, ഞാനെന്ന് മാത്രം
ഉള്ളിലൊരു ചൂണ്ട കൊളുത്തി -
വലിക്കുന്നുണ്ട്

2021, ഏപ്രിൽ 15, വ്യാഴാഴ്‌ച

ചില രാത്രികൾ


രാക്കുളിരിൻ്റെ മുള്ളുകൾക്ക്
മൂർപ്പും, കൂർപ്പും കൂടിക്കൂടി വരുന്നു
മൗനിയായ കൊടുമുടിയെപ്പോലെ
ഉയർന്നു നിൽക്കുന്നു ഇരുട്ട്
തഥാഗത ധ്യാനം പോലെ രാത്രി

തീസ്സൂചി പോലെ തുളഞ്ഞു വരുന്നു
ഓർമ്മകൾ
മറക്കാൻ ശ്രമിക്കുന്നവയൊക്കെയും
കനിഞ്ഞും, കിനിഞ്ഞും വന്നു ചേരുന്നു
ജലധിയിൽ അമ്പു പോലെ ആഴത്തിലേക്ക്
ഊളിയിടുന്നു

വേറിട്ടൊരു പ്രപഞ്ചത്തിലേക്കു കൂട്ടിക്കൊ-
ണ്ടു പോകുന്നു
കൊമ്പും, തുമ്പിയുമിളക്കി ഉള്ളത്തെയിള -
ക്കുന്നു
ഉറക്കം തലകീഴായ് തൂങ്ങിയാടുന്നു
തിടം വെയ്ക്കുന്ന ഓർമ്മകൾക്കു മുന്നിൽ
സമയസൂചി കുഴിയാനയാകുന്നു

2021, ഏപ്രിൽ 14, ബുധനാഴ്‌ച

ബീഡി


പ്രതാപം നഷ്ടമായെങ്കിലും
പ്രപിതാവായിത്തന്നെ
ബീഡിയിന്നും ജ്വലിച്ചു നിൽക്കുന്നു

ബീഡി പ്രവർത്തിക്കാത്ത രാഷട്രീയമില്ല
അറിയാത്ത മഹാൻമാരില്ല
കാണാത്ത മഹാമാരിയില്ല

അധികാരത്തിൻ്റെ അകത്തളത്തിലും
ഊടുവഴികളിലും
സ്വാതന്ത്ര്യ സമരങ്ങളിലും
അക്രമങ്ങളിലും ഒരേ സ്ഥാനമായിരുന്നു

ഓരോ എരിഞ്ഞു തീരലുകളും
ജ്വലിച്ചു നിൽക്കലുകളും
മറ്റുള്ളവരുടെ സുഖത്തിനു വേണ്ടിയായിരുന്നു

ആത്മധൈര്യങ്ങൾക്കും
ചിന്തകൾക്കും
ഏകാന്തതയ്ക്കും എന്നും കൂട്ട്

എന്നിട്ടും;
പഴിയുടെ പത്തലുമായി നിങ്ങൾപിറകേ -
നടക്കുന്നു
എന്നെ എരിച്ചു തീർക്കുമ്പോഴും !
ചതിയുടെ ചിതയൊരുക്കുന്നുവെന്ന്
കുത്തിനോവിക്കുന്നു
കുടുംബത്തിൻ്റെ കൊലയാളിയെന്ന്
മുദ്രകുത്തുന്നു





വിഷു (ഷ) പച്ച


പിന്നെയും വന്നു കരേറി വിഷുദിനം
കൈനീട്ടമായെന്തു നൽകണമിന്നു ഞാൻ
വന്ദിച്ചിരുന്നൊരു മണ്ണിനെയിന്നാര്
വന്ധ്യയായ് തീർത്തതിന്നുത്തരം ചൊല്ലാമോ?!

അമ്മതൻ മണ്ണല്ലൊ നന്മയേകി നമ്മെ
ഉണ്മയിലേക്കു നടത്തിച്ചിരുന്നത്
പൂജകളെല്ലാമെ വ്യാജമായി,യിന്ന്
ആർത്തിയാലാകെയും മൂർന്നു കുടിക്കുന്നു

വിഷമേകി അമ്മയാം മണ്ണിനെ മെല്ലവേ
കൊല്ലുന്നതുണ്ട് മനുഷ്യരാം മക്കൾ
അമ്മതൻ സ്നേഹ വരദാനമായ് പണ്ട്
കായ്ഫലമെന്തെന്തു തന്നിരുന്നു

ചക്കയും, മാങ്ങയും, വെള്ളരി, മത്തനും, -
വെണ്ട, വഴുതിന,നൽപ്പയറും,
കദളിവാഴപ്പഴം, കാഞ്ചനകൊന്നപ്പൂ ,
നാൽക്കാലികൾക്കുമാ,മോദമെങ്ങും

മഴ പെയ്യാനാളുകളേറെയായെങ്കിലും
കുറവില്ല വെള്ളത്തിനന്നൊട്ടുമേ.
വൃദ്ധിയേറും നല്ല പൃഥ്വിയന്നൊക്കെയും
യൗവ്വന യുക്തയായ് വാണിരുന്നു

കൊല്ലാതെ കൊല്ലുന്നു മക്കളിന്നമ്മയെ
കൊന്നയോ പൂക്കാതെ നിന്നിടുന്നു
വിഷു പച്ചയെങ്ങുമേ,യില്ലാതെയായിന്ന്
വിഷ പച്ചയെങ്ങും തഴച്ചിടുന്നു

2021, ഏപ്രിൽ 10, ശനിയാഴ്‌ച

വാക്കുകൾ മരിക്കുന്നില്ല





മരിച്ചുപോയ ഒരാൾ ഒരു വാക്കാണ് !

ഭൂമിക്കടിയിൽ മലർന്നു കിടക്കുന്ന -

ഒരു വാക്ക്

ആ വാക്കാണു നമ്മേ നാമാക്കുന്നത്!

ആ വാക്കാണു നമ്മേ മുന്നോട്ടു നയിക്കുന്നത് !!

ആ വാക്കാണുനമ്മുടെ സംസ്കാരം!!!


ആ വാക്ക് മൗനത്തിൻ്റെ ഭാഷയിൽ -

നമ്മോടു സംസാരിക്കുന്നു

ആ വാക്ക് മരിച്ചിട്ടില്ലെന്ന് ചിലപ്പോൾ -

നാം തന്നെ നമ്മോട് വെളിപ്പെടുത്തുന്നു


അച്ഛനായി,മകനായി, ഭർത്താവായി,

കാമുകനായി, ഭരണാധികാരിയായി

ചില നേരങ്ങളിൽ നമ്മിൽ നിന്ന് നമ്മിലേ -

ക്കു വന്ന്

നമ്മേനിയന്ത്രിക്കുന്നു

അങ്ങനെ, നഷ്ടപ്പെട്ടു പോയിയെന്നു നാം -

കരുതിയ ഒന്നിനെ ഒരു നിമിഷം നമുക്കു -

തിരിച്ചു കിട്ടുന്നു


ശ്മശാനത്തിലുള്ള ഒരാൾ ഇപ്പോൾ ഇവിടെ -

ഉണ്ടായിരുന്നു എന്ന് തോന്നാറുണ്ട്

അപ്പോൾ ,ചിലനേരംനാം കണ്ണുകളടച്ചു നിൽ-

ക്കാറുണ്ട്

ശരീരത്തേക്കാൾ വാക്കുകൾ കേൾക്കാനെ-

ന്നോണം

അങ്ങനെ ഒരുവാക്കും മരിച്ചു പോകുന്നില്ലെന്ന

ഒരു രൂപകം നമ്മിൽ രൂപപ്പെടും

2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

വർത്തമാനത്തിൽ




നാട്ടിൻ പുറത്തെ

നാൽക്കവലയില്ല

നാലാൾ കൂട്ടമില്ല

നാട്ടുവർത്തമാനമില്ല

നാലും കൂടിയ മുക്കിലിരുന്ന്

നാലും കൂട്ടിമുറുക്കാറില്ല


നടവഴിയില്ല

നെടും വരമ്പില്ല

നെടിയ പിലാവിൻ

തണലും ഇല്ല

അയൽപക്കത്തെ വീട്ടിൽ നിന്നും

നീട്ടി വിളിയുടെ കൂറ്റും ഇല്ല


വാഴ്ത്തുകളെങ്ങും

വീഴ്ത്തുകൾ ചുറ്റും

വഴിയുടെ വായ്ത്തലയിൽ

നിൽപ്പൂ ഞാൻ

കരുണാ ശൂന്യ കഴുകക്കണ്ണുകൾ

കനവുകൾ കൊത്തിവലിച്ചീടുന്നു


2021, ഏപ്രിൽ 7, ബുധനാഴ്‌ച

സ്ത്രീ


രാവിലെയവൾ കട്ടൻചായതന്നു
കുടിക്കുമ്പോൾ രക്തത്തിൻ്റെ ചുവ
പ്രാതലിന് ചുടുവെള്ളം തന്നു
കണ്ണീരിൻ്റെ ചുവ.

മനസ്സ് പൊള്ളയെന്നറിഞ്ഞിട്ടും
പൊള്ളുന്ന രുചിതന്ന്
വിഴുപ്പലക്കി
നിന്നെ നീയാക്കുന്നത്
അവളുടെ രക്തവും, കണ്ണീരുമെന്ന്
ഇനിയെന്നാണ് നീയറിയുക ?!

വേരുകൾ


വേരുകളെപ്പോലെ സ്നേഹം
വേറൊന്നിനുമുണ്ടാകില്ല
മണ്ണിലലിഞ്ഞ പിതൃക്കളെ തൊട്ട്
വംശസ്മൃതികളിൽ ജീവിക്കുന്നു
അതുകൊണ്ടായിരിക്കണം
ആ പ്രാചീനമായ അടയാളങ്ങൾ
ഇന്നും മരത്തിലവശേഷിക്കുന്നത്

വെയിലും നിലാവും ഭക്ഷിച്ചു കഴിഞ്ഞിട്ടും
ബാക്കിയാവുന്ന മരത്തിൻ്റെ വിശപ്പിന്
ഭക്ഷണമേകുന്നുവേര്
മഴയും കാറ്റുമായുള്ള മൈഥുനത്തിൻ്റെ
ആഘോഷങ്ങളിൽ
മരങ്ങൾ വേരുകളെ ഓർക്കാറേയില്ല

ഭോഗത്തെ ത്യാഗംകൊണ്ട് നേരിടുന്നു -
വേരുകൾ
ആഴങ്ങളിലേക്ക് അരിച്ചിറങ്ങി
അടരുകളിലേക്ക് ആഴ്ന്നിറങ്ങി
ചോര വിയർപ്പാക്കി
വിയർപ്പിൻ്റെ ഉപ്പേകിയാണ്
വേരുകൾ മരത്തിനെ പച്ചപിടിപ്പിച്ചത്

പട്ടിണിയുടെ കഷ്ടപ്പാടെന്തെന്ന്
അറിയിച്ചിട്ടേയില്ല
പച്ചയിലേക്ക് നോക്കി പ്രാർത്ഥിക്കാറു-
ണ്ട് വേര്
ഒരിക്കൽ പഴുത്തടിയുമല്ലോയെന്ന്
വ്യാകുലപ്പെടാറുണ്ട്

വായനക്കാരാ; ഇത്രയും വായിച്ചിട്ടും
നിന്നിൽ എന്തുവികാരമാണ് നുരയിട്ടത്
വെളുത്ത വാക്കുകൾ നെയ്ത്
കടയ്ക്കൽ കത്തിവെച്ച്
മരത്തിൻ്റെ ചോരയും, മാംസവും അരച്ചു -
ചേർത്ത് നെയ്തെടുത്ത പുത്തൻ -
വസ്ത്രമല്ലെ  നിന്നെ സുന്ദരനാക്കുന്നത്
അല്ലാതെ എന്തു പാവനത്വമാണ്
നിനക്കവകാശപ്പെടാനുള്ളത്
....................................
രാജു.കാഞ്ഞിരങ്ങാട്





ഇറച്ചി


അച്ഛൻ അരുമയായി വളർത്തി
അമ്മയില്ലാത്ത ദുഃഖം അവളറി-
ഞ്ഞതേയില്ല
മകൾ വളർന്ന് ഒത്ത പെണ്ണായി

ഒരു രാത്രിയിൽ,
അച്ഛൻ വേട്ടക്കാരനായി
മകൾ ഇരയും

പിന്നെ താമസിച്ചില്ല
അവൾ, അവളെ അറുത്തുമുറിച്ച്
പാകത്തിന് ഉപ്പും, മുളകും ചേർത്ത്
കറി വെച്ചു!

പ്രാതലിന് മേശപ്പുറത്ത്
ആവി പറക്കുന്ന ഇറച്ചിക്കറി.
അച്ഛൻ ആവോളം കഴിച്ചു
മകളുടെ വെന്തമാംസം

2021, ഏപ്രിൽ 4, ഞായറാഴ്‌ച

ഈസ്റ്റർ




വെട്ടി മൂടിയവരറിഞ്ഞിരുന്നില്ല

വിത്തായിരുന്നെന്ന്

എല്ലാറ്റിനും

ഒരു മൂന്നാംപക്കമുണ്ടെന്ന്


വെള്ളരിപ്രാവുകൾ

പിറവിയെടുക്കുക തന്നെ ചെയ്യും

ഒലീവിലകൾ തളിർക്കുകയും 

2021, ഏപ്രിൽ 3, ശനിയാഴ്‌ച

ദൈവം എത്രകാരുണ്യവാനാണ്


ദൈവം എത്ര കാരുണ്യവാനാണ് !
പ്രളയകാലത്ത് വെന്തനെഞ്ചുമായി
ഒരു തുള്ളി വെയിലിന് ആർത്തലച്ചതിന്
ഇതാ വെയിലിൻ്റെ ഒരു വർഷപാതം തന്നെ
നമ്മിലേക്കു ചൊരിയുന്നു

ദൈവം എത്ര കാരുണ്യവാനാണ് !
അസുഖമുള്ള കുഞ്ഞിനെ ആശുപത്രിയിൽ -
കിടത്താൻ കാശില്ലാതെ വന്നപ്പോൾ
ചെടിയിൽ നിന്ന് പൂവിനെയെന്നപോലെ
അമ്മയിൽനിന്നും കുഞ്ഞിനെയടർത്തി
രോഗമില്ലാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടു -
പോയിരിക്കുന്നു

ദൈവം എത്ര കാരുണ്യവാനാണ് !
ഈ പട്ടിണിക്കാലത്തും
അന്നത്തിന് കന്നത്തരം കാണിക്കില്ലെന്ന്
എനിക്കുറപ്പുണ്ട് !!
അങ്ങനെ ഈ കാലത്തോട്
ഞങ്ങൾ പ്രതികാരം ചെയ്യുക തന്നെ ചെയ്യും !!!