malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, മേയ് 27, വെള്ളിയാഴ്‌ച

ഇടവ മഴ

മഴ പെയ്യുന്നു മഴ പെയ്യുന്നു
മാനം പൊട്ടി ച്ചോരുന്നു
തുള്ളിക്കൊരുകുടമെന്നത് പോലെ
ഉറഞ്ഞു തുള്ളി പ്പെയ്യുന്നു
തോടും,തൊടിയും കര കവിയുന്നു
കരാള നര്‍ത്തന മാടുന്നു
മുറ്റം മുങ്ങിയിറംകല്ലോളം
എത്തി ഇടവ പെരുവെള്ളം
കുണ്ടിതമേറ്റ മനസ്സാലമ്മ
കൂനിയിരിപ്പൂ ഇറയത്ത്‌
വെള്ളിടിവെട്ടം ഇറവെള്ളത്തില്‍
കുമിളകളിലുജ്ജ്വല കിരണംതീര്‍ക്കേ
അമ്മ ക്കണ്ണില്‍ പുഴയിലൊഴുകി -
വരുന്നൊരു കുഞ്ഞിന്‍ കുണ്ഡല മായാത്
കണ്ഠത്തില്‍ ച്ചെറു തേങ്ങല്‍ മുട്ടി
കണ്ണീര്‍ പെയ്ത്താല്‍ കണ്ണുകള്‍ മങ്ങി
മിന്നല്‍ പിണരുകള്‍ വഴി കാട്ടികളായ്
അനുഗ്രഹവര്‍ഷംചൊരിയും പോലെ

2011, മേയ് 26, വ്യാഴാഴ്‌ച

ജീവജലം

വിശ്വ സേവകരായി വിണ്ണില്‍ നിന്നും വന്നവര്‍
മാനവ ജീവന്‍ നല്‍കാന്‍ മണ്ണിലേക്ക് വന്നവര്‍
മഴകള്‍ പാരിടത്തില്‍ ബന്ദികളാണിന്നിപ്പോള്‍
സ്വാര്‍ത്ഥ മോഹങ്ങളുടെ ഇരകളാണിന്നിപ്പോള്‍
മനുഷ്യന്‍ ധനാര്ത്തിയാല്‍ ജലത്തെ കരുക്കളാക്കി
പോര്ക്കളത്തിലിറക്കി കുപ്പി വെള്ളങ്ങളാക്കി
കൂപവും,തടാകവും വേലി കെട്ടിത്തിരിച്ചു
നീര്‍ച്ചോലകള്‍ വറ്റിച്ച് ധരയെ ദഹിപ്പിച്ചു
നിസ്വരായ് വളര്‍ന്നു നീലാകാശം വിട്ടുവന്നോര്‍
സ്വസ്വമാം മനുഷ്യ മത്സരത്തില്‍ വലഞ്ഞു വശംകെട്ടു
ഊഴി യിലെങ്ങും ജീവവിത്തുകള്‍ പാകിക്കൊണ്ട്
ആഴികളിലേക്കോടി ഹ്ലാദിച്ചിരുന്ന കാലം .
കുളത്തിലും ,കൂപത്തിലും രണ്ടിറ്റു കണ്ണീരായിന്നു
ഓര്‍മ്മകള്‍ കലങ്ങി മൃത പ്രായയായ് കൂനിരിപ്പു
ധനലാഭത്തിനായി ജലത്തെ മുടി്ച്ചെന്നാല്‍
മര്‍ത്യാനീ മരണത്തെ മാടി വിളിക്കയാണ്

സ്നേഹമഴ

വിശാലമാം വാനിന്‍ കാട്ടില്‍
നിരയായ് നീങ്ങീടുന്നു
ഗജ ഗണങ്ങളെപ്പോല്‍
വര്‍ഷവാരിദീ ജാലം
ചേമ്പില തുമ്പുകളില്‍
ചില്ലുകള്‍ വിതറിക്കൊന്ടൊരു-
കുഞ്ഞുകാറ്റങ്ങു പതുങ്ങിനീങ്ങീടുന്നു
തെരുവില്‍കാട്ടുംമായാജാലക്കാരന്റെമേളം,പോലെ -
വാനില്‍വെള്ളിടി ചെണ്ടപോല്‍ഇടിനാദം
വിണ്ണിലെ തുറുങ്കുകള്‍ തകര്‍ത്തു മണ്ണില്‍ വന്ന്
ചെമ്മണ്ണില്‍ ചെറുചാലില്‍ സിന്ധുവായ്‌ഒഴുകുന്നു
മണ്ണിനും, മനസ്സിനും മനുഷ്യന്‍ വേലികെട്ടി
ഭേദ ചിന്തയില്ലാതെ പെയ്യുന്നു മഴ മണ്ണില്‍
മനുഷ്യന്‍ മതമായി ജാതി ഉപജാതിയുമായ്
ദേശങ്ങള്‍ പരസ്പ്പരം ദ്വേഷത്താല്‍ മദിക്കവേ
ദാഹങ്ങള്‍ എല്ലാവര്‍ക്കും ഒന്ന്പോലനുഭവം
ദാഹനീര്‍ നല്‍കും മഴ സമതി പ്രചാരകരേപോല്‍
മത്സരം മറക്കുക മാനവ സ്നേഹം വാഴ്ക
എന്നസന്ദേശത്തിന്റെ അലകളുതിര്‍ക്കുന്നു
ഋതുക്കള്‍ മറക്കാതെ എന്നും വന്നെത്തീടുന്നു
വിണ്ണിലെ പൂന്തോപ്പിലെ മുല്ല മൊട്ടുകള്‍ താഴെ

2011, മേയ് 23, തിങ്കളാഴ്‌ച

അടയാളങ്ങള്‍

നട്ടുച്ച നേരത്ത് പുളിമരച്ചോട്ടില്‍
കാറ്റ് കൊള്ളുന്നോരച്ചമ്മ -
ഒരടയാളമാണ്‌
നട വഴിയും,ഇടവഴിയും കടന്ന്
നാലും കൂടിയമുക്ക് ഒരടയാളമാണ്‌
മുള വേലിയും,മുള്‍പ്പടര്‍പ്പും -
ഒതുക്കു കല്ലും,ഒറ്റപ്പാലയും
ഒരടയാളമാണ്‌
പുല്ലിന്‍ കയയും, നെല്ലിന്‍ മണവും-
തട്ട കെട്ടിയ കന്നും,ദാവണി ചുറ്റിയ പെണ്ണും
ഒരടയാളമാണ്‌
പറഞ്ഞു പറഞ്ഞിരിക്കുമ്പോള്‍
പലതും കാണാതായി
ആണും, പെണ്ണും അടയാള മറ്റവരായി
നാലുവരി പാതയും ,നാലാളുയരെ മതിലുമായി
നല്ലതൊന്നു മോര്‍ക്കാന്‍
തെല്ലു നേര മില്ലാതായി

2011, മേയ് 19, വ്യാഴാഴ്‌ച

ചരിത്രം മറക്കരുത്

കല്ലുമാല കഴുത്തിലിട്ടോര്‍
പൊന്നരിവാളുകള്‍ കൈയിലേന്തുവോര്‍
പുലഭ്യം കേള്‍ക്കുവാന്‍
പിറന്നു വീണോര്‍
പട്ടികളപ്പികളിട്ടു നടക്കും
വഴിയില്‍ യശമാന്‍ -
വരും വിളി കേട്ടാല്‍
പൊന്തക്കാട് മറഞ്ഞീടേണ്ടോര്‍
അടിയാന്‍ മാരായ് അവസാനം വരെ
നാല്ക്കാലികളായ് നടക്കേണ്ടുന്നോര്‍
പാടത്താകെ പറമ്പത്താകെ
പൊന്നു വിളയിച്ചീടും കര്‍ഷകര്‍
പന്ത മൊരുക്കി പടയിലിറങ്ങി
ഫലമോ ഉടമകളായവര്‍ മാറി
ഇന്നീ കഥകള്‍ കേള്‍ക്കും തലമുറ
തലമറന്ന് ചിരിച്ചീടുകയോ ?!

കുറേ ജീവിതങ്ങള്‍

കണ്ടു നിന്നുകുറേ കാഴ്ചകള്‍
കളറുകളില്‍ കണ്ണുടക്കി നിന്നു
കളി ചിരിയുമായ് കുഞ്ഞുങ്ങള്‍ -
പാറിനടന്നു
കള മൊഴിയും,കുണുങ്ങി ചിരിയും-
കേട്ട് ഞാന്‍ നിന്നു
ഐസ്ക്രീമിലും ,ലിപ്സ്ടിക്കിലും-
ഒഴുകി നടന്നു
അര്‍ദ്ധനഗ്ന പരസ്യത്തില്‍
പൊള്ളി കിതച്ചു നിന്നു
കണ്ടതില്ലാരുമീ പട്ടണത്തില്‍
കരളലിയിക്കും കുറേ ജീവിതങ്ങള്‍

2011, മേയ് 18, ബുധനാഴ്‌ച

കുരുതിമഴ

മഴ പെയ്യുകയാണ്
മഹാമാരി ചൊരിയുകയാണ്
ഒരുമഴപൂജപ്പൂര ജയിലിലേക്ക്
ഒരു മഴ തിഹാര്‍ ജയിലിലേക്ക്
തുള്ളി പെയ്യുന്നുണ്ടൊരു മഴ
'ബാറി '-നു വേണ്ടി വക്കാലത്ത് മഴ
മഴ പെയ്യുകയാണ്
പേമാരി പെയ്യുകയാണ്
എണ്ണിയാല്‍ ഒടുങ്ങാത്ത -
പൂജ്യങ്ങളായി
വര്‍ണ്ണ രാജി വിടര്‍ത്തിപെയ്യുകയാണ്
ഉറഞ്ഞാടുകയാണ് മഴ
എന്‍ഡോ സള്‍ഫാനായി
തിമര്‍ത്തു പെയ്യുകയാണ്
തിരിയും കസേരയിലിരുന്ന്
തിരിഞ്ഞ് തല തല്ലി ചിരിക്കയാണ്
ആടി തിമര്‍ക്കയാണ് അഴിമതി മഴ
എങ്ങു തിരിഞ്ഞാലും രുധിരമഴ
കലി തുള്ളിയെത്തുന്ന ചതി മഴ
ഉറഞ്ഞാടി എത്തുന്ന കുരുതി മഴ

ഉണര്ത്തുകാര്‍

ഇന്ത്യക്കാര്‍ നമ്മളെല്ലാവരു മൊന്നെന്നു
ഒരു ചെടിയില്‍ പൂത്ത പൂവുകളാണെന്നു
ഊണിലുറക്കിലുംചൊല്ലി നടക്കുവോര്‍
ഇന്ത്യതന്‍ മക്കള്‍ നാമിന്നു ചൊല്ലീടുന്നു
ജാതി മത വൈര്യങ്ങള്‍ എല്ലാംമറന്നു നാം
ഒന്നിച്ചു നില്‍ക്കേണമെന്ന സന്ദേശങ്ങള്‍
ഒന്നല്ലഎന്നുള്ള സന്ദേശമല്ലെ നാം
പിന്നെയും പിന്നെയും ചൊല്ലി പ്പറയുന്നു
സന്ദേഹം സന്ദേശമായ്‌വഴിമാറവേ
ഇന്ത്യ തന്‍ വ്യസനത്തില്‍ കരള്‍ പിടഞ്ഞീടുന്നു
പട്ടിണി ചൂടേററു കറുത്തൊരു മക്കള്‍ നാം
കുത്തു വാക്കിന്‍ മുനയില്‍ കുരുങ്ങി പ്പിടയുന്നു
വര്‍ഷ മേഘങ്ങളായ് കുരുത്തോരു ഞങ്ങളെ
വന്ധ്യ മേഘങ്ങളാക്കി നിങ്ങള്‍ മാറ്റീടുന്നു
ഇത് വഴി സ്നേഹ ദൂതുമായെത്രപേര്‍വന്നു
എങ്കിലും കഷ്ട്ടമായ് ജീവിതം നില്‍ക്കുന്നു
മണ്‍ മറഞ്ഞവര്‍ തന്‍ കരുണയില്‍ കുരുത്തൊരു
ദൂതുമായ്‌ ഇനിയുമീവഴിയെത്തു മുണര്ത്തുകാര്‍

2011, മേയ് 13, വെള്ളിയാഴ്‌ച

കശാപ്പു

കുശു കുശുപ്പ് കേട്ടപ്പോഴാണ്
കശാപ്പ് ശാലഎന്നറിഞ്ഞത്
കാള ,പോത്ത്,ആട്
വര്‍ഗ്ഗീയതയുടെ ത്രി മൂര്‍ത്തികള്‍
കണ്ടു മുട്ടിയാല്‍ കൊമ്പു കൊര്‍ക്കുമായിരുന്നു
ഇപ്പോള്‍ എത്ര സ്നേഹത്തോടു കൂടിയാണ് ,-
നിസ്സഹായത യോടെയാണ് നോക്കുന്നത്
കരചരണങ്ങള്‍ക്കിടയിലാണ് നില്പ്പെന്നു
ഇരുട്ട് നീങ്ങിയപ്പോഴാണ് അറിഞ്ഞത്
ഒത്തുചേര്ന്നിരുന്നെങ്കില്‍
ചെറുത്തു നില്‍ക്കാമായിരുന്നു
വളര്‍ത്തു വാനെന്നുകരുതി .
'ഞാന്‍ മുന്നേ... ഞാന്‍ മുന്നേ'-
ദീന വിലാപങ്ങളാല്‍ആറ് നയനങ്ങള്‍ -
കേണുകൊണ്ടിരിക്കുന്നു
വര്‍ഗ്ഗീയതയുടെ വേതാളമേ
ഞാന്‍ മുന്നേ...ഞാന്‍ മുന്നേ... !

വിശ്വാസം

ഒരാള്‍ ദൈവത്തോടു പറഞ്ഞു :
ദൈവമേ ഞാനൊരു തികഞ്ഞ -
വിശ്വാസിയാണ് .
ദൈവം മനസ്സില്‍ പറഞ്ഞു :
മനുഷ്യരെ മാത്ര മെനിക്കു -
വിശ്വാസമില്ല

കാതല്‍

കാര്‍ന്നു തിന്നാന്‍ കഴിയാത്ത കുറേ കാതലുണ്ട്
അവരാണ് കാലത്തിന്റെ മൂല്യങ്ങള്‍-
കാത്തു സൂക്ഷിക്കുന്നവര്‍
കരളിനുള്ളില്‍ ഒരു കൈത്തിരി
കത്തിച്ചു വെച്ചവര്‍
കുതി കൊള്ളുന്ന മനസ്സുകള്‍ക്ക്
കൂടു തുറന്നു കൊടുക്കുകയും
പാത പണിഞ്ഞു കൊടുക്കുകയും -
ചെയ്യുന്നവര്‍
ആ കാതലുകലാണ് കാലത്തെ കടഞ്ഞെടുക്കുന്നവര്‍
കലാ ശില്പ്പങ്ങള്‍ കൊത്തി വെക്കുന്നവര്‍
പ്രാണനില്‍ പ്രണയത്തിന്റെ
പനിനീര്‍ പൂവുകള്‍ വിരിയിക്കുന്നവര്‍

രക്ഷകന്‍

കൊടിയ ദാരിദ്ര്യത്തിലും
അമ്മൂമ്മ പറയുമായിരുന്നു
ദൈവം നമ്മളെ കാത്തോളും
ഇന്ന് ;
കുമിഞ്ഞു കൂടിയ പോന്നിനും-
പണത്തിനു മിടയിലിരുന്നു
ദൈവം പറയുന്നു
പോലീസെന്നെ കാത്തോളും

2011, മേയ് 12, വ്യാഴാഴ്‌ച

എന്റെ ഓണം

എത്രയോണം കഴിഞ്ഞെന്നാകിലും
എത്ര പൂക്കാലം കഴിഞ്ഞെങ്കിലും
കൊഴിയാതൊരോണമെന്‍ ഓര്മ്മയിലുണ്ടിന്നും
ആ ഓണമാണെന്നു മെന്റെയോണം
വട്ടപ്പിരിയന്റെ പൂവ് പറിച്ചവള്‍
തേക്കില വട്ടിയുമായ്കാത്തു നിന്നതും
ഹനുമാന്‍ കിരീടത്തിന്‍ പൂവ് പകരമായ്
മുടിയില്‍ ചൂടിക്കുവാന്‍ വഴിയില്‍ ഞാന്‍ കാത്തതും
തട്ടിയുടഞ്ഞൊരു കുപ്പി വള പ്പൊട്ട്
ഓര്‍മ്മയില്‍ ഓമനിക്കാന്‍ കൊണ്ട് പോയതും
അച്ചുടു ചുംബനചൂടെന്റെ ചുണ്ടത്ത്
അറിയാതെ യിന്നും ഞാന്‍ തൊട്ടു നോക്കുന്നതും
നഷ്ട്ട സ്വര്‍ഗ്ഗങ്ങളെ നെഞ്ചിലടക്കി ഞാന്‍
ആവഴി യിന്നും നടക്കയാണെങ്കിലും
എത്രയോണം കഴിഞ്ഞെന്നാകിലും
എത്ര പൂക്കാലം കഴിഞ്ഞെങ്കിലും
കൊഴിയാതൊരോണമെന്‍
ഓര്‍മ്മയിലുണ്ടിന്നും
ആ ഓണമാണെന്നു മെന്റെയോണം

2011, മേയ് 11, ബുധനാഴ്‌ച

ഭൂമിയിലെക്കെത്ര ദൂരം

ഇനിയെത്ര ദൂരം നടക്കണം നമ്മളാ
ഭൂമിയിലെക്കെത്തി ചേര്നീടുവാന്‍
മനുഷ്യന്‍ മനുഷ്യനായ് ജീവിച്ചിരുന്നൊരാ
മണ്ണില്‍ ചവുട്ടി നടക്കാന്‍ മനുഷ്യരായ്
ഭൂമി മാതാവിന്റെ മാറില്‍ മയങ്ങിയാ
സ്നേഹത്തിന്‍ പൂക്കളായ് സുഗന്ധം കിനിയുവാന്‍
ഞാനെന്ന, നീയെന്ന വിത്യാസ മില്ലാതെ
നമ്മളൊന്നെന്നതുടി മുഴങ്ങീടുവാന്
വേലികളില്ലാത്ത വെരറുത്തീടാത്ത
അരിയ സ്നേഹത്തിന്റെ അരുമയായ് മാറുവാന്‍
വെട്ടി മുറിക്കലും തട്ടിപ്പറിക്കലുംഇല്ലാതെ -
കാക്കുവാന്‍ കാവലാളാകുവാന്‍
ദൈവങ്ങള് തന്‍ പേരില്‍ ചേരിതിരിയാത്ത
ചോര ചീന്തീടാത്തചോരനായ് മാറാത്ത
കൈ മെയ്മറന്നുകൊന്ടെല്ലാരു മൊന്നായി
കൊയ്ത്തും മെതികളും ആട്ടവും പാട്ടുമായ്
എല്ലാ സിരകളിലൂടോഴുകീടുന്ന ചോരയ്ക്ക്-
നിറമത് ചുവപ്പെന്ന സത്യവും
തിരിച്ചറിഞ്ഞീടുന്നോരാനല്ലഭൂവില്‍.
ഇനിയെത്ര ദൂരം നടക്കണം നമ്മളാ
ഭൂമിയിലെക്കെത്തി ചേര്നീടുവാന്‍

2011, മേയ് 10, ചൊവ്വാഴ്ച

രോദനം

ഇല്ല മറക്കാന്‍ കഴിയില്ലെനിക്കുനീ
നേര്‍ പെങ്ങളായെന്‍സിരയില്‍ നിറഞ്ഞിടും
'സൗമ്യ ' -മാ മാമുഖം നേര്‍ ചിത്രമായെന്‍
മനോ മുകൂരത്തില്‍എന്നും തെളിഞ്ഞിടും
പുതു ജീവിതത്തിന്റെ പൂമ്പുലര്‍ വേളയായ്
ഭൂപാള രാഗങ്ങള്‍ മൂളാന്‍ തുടങ്ങവേ
ആനന്ദ ഭൈരവി രാഗമായ് വാക്കുകള്‍
കര്‍ണ്ണത്തിലേക്ക് അലയടിച്ചീടവേ
മോഹത്തിന്‍ പൊന്നിളം പോള പൊടിക്കുന്ന
നെഞ്ചവു മായന്ന് പോയവളാണ് നീ
ഏതോ നരാധമന്‍ നുള്ളിയെടുത്തൊരാ
ചെന്താമരത്താരുനുള്ളിയെറിഞ്ഞു പോല്‍
ഹോ!നിനക്കെങ്ങിനെ കഴിയുന്നു കാലമേ
കളിപ്പാട്ട മാക്കുവാന്‍ കുഞ്ഞു ജീവിതങ്ങളെ
കേള്‍ക്കുന്നതില്ലയോ ജീവനായ് കേഴുന്ന
പെണ്‍കൊടി മാരുടെ രോദനം ചുറ്റിലും
...............................................
ഭൂപാള രാഗം -പ്രഭാത രാഗം
ആനന്ദ ഭൈരവി -ആനന്ദ മുണ്ടാക്കുന്ന രാഗം

2011, മേയ് 9, തിങ്കളാഴ്‌ച

മാവ്

അച്ഛന്‍ വെച്ച മാവാണ്
ഇപ്പോള്‍ പടര്‍ന്നു പന്തലിച്ച് -
ചില്ലകള്‍ നിറയെ മാങ്ങ
മാമ്പഴം ഇരു കൈ കൊണ്ട് പിടിച്ച്
കുന്തിച്ചിരുന്ന് കടിച്ചു തിന്നുന്ന അണ്ണാന്‍
കാല്‍ വിരലിലിറുക്കി കൊത്തി വിഴുങ്ങുന്ന കാക്കകള്‍
മാമ്പഴം പെറുക്കാന്‍ താഴെ ഒച്ചവെച്ച്
കാറ്റിനു കാത്തിരിക്കുന്ന കുട്ടികള്‍ .
അച്ഛന്‍ വിറ്റ മാവാണ്
ഇപ്പോള്‍ ചില്ലകളെല്ലാം ഉണങ്ങി
അണ്ണാര ക്കണ്ണനും ,കിളികളുമില്ലാതായി
കണ്‍ മതിലുകള്‍ കെട്ടി കുട്ടികളെയാട്ടി യകറ്റി
കൊറ്റിക്കാല് പോലെനീണ്ട് ഇപ്പോള്‍
തലയിലിത്തിരി പൂട പോലുള്ളൊരു മാവ്

2011, മേയ് 6, വെള്ളിയാഴ്‌ച

നിയമ സംഹിത

പോക്കു വെയ്ലില്‍പറന്നുകളിക്കുന്ന
തുമ്പിക്ക് കൊമ്പു മുളയ്ക്കുന്നു
ഭീമാകാരനായ ഇരുമ്പു പക്ഷിയായി
വിഷം തളിക്കുന്നു
പുഞ്ചവരമ്പിലെ മകര മഞ്ഞിനു
ചോരയുടെ ഗന്ധം
വൃക്ഷ നിരകളില്‍ ചേക്കേറിയ നിലാവില്‍
റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടിയുടെ രോദനം
ടേപ്റിക്കാര്‍ഡിലെ മനോഹരമായിപാടുന്ന
കവിതയുടെ കഴുത്തില്‍ ഏതോപരുക്കന്‍ ശബ്ദം
വരിഞ്ഞു മുറുക്കുന്നു
കലണ്ടറില്‍ ഇന്ന് ഏതു ദിവസമാണ് തൂങ്ങി മരിച്ചത് ?
ജഡ ഭാഷയാണ്‌ മനുഷ്യ ശബ്ദത്തെക്കാള്‍ആശ്വാസം
അചേതനങ്ങള്ക്ക്അര്‍ത്ഥങ്ങളേറെ
ഓര്‍മ്മ പ്പെടുത്താന്‍ ഒരു ബിന്ദു
അതാണ്‌ കേന്ദ്ര ബിന്ദു
നിയമ സംഹിതയ്ക്കുള്ള കേന്ദ്ര ബിന്ദു

2011, മേയ് 5, വ്യാഴാഴ്‌ച

നൊമ്പര പ്പൂക്കള്‍

കാറ്റിലുലയുന്നയിലപോലെ ജീവിതം
ഉറക്ക മില്ലാത്ത രാത്രികളില്‍
ഉരുണ്ടും, പിരണ്ടും, കൂട്ടിയും, കിഴിച്ചും
എഴുതി വെച്ചിട്ടുണ്ട് ഒരു പട്ടിക
സുഹൃത്തുക്കളുടെ ,ബന്ധു ക്കളുടെ, -
സഹായിക്കും എന്ന് കരുതുന്നവരുടെ .
ഒരുങ്ങുകയാണ് ഒരിക്കല്‍ക്കൂടി
അറവു കാരന്റെ മുന്‍പില്‍ ആട്ടിന്‍ കുട്ടിയെ പ്പോലെ -
തല കുനിച്ചു നില്‍ക്കാന്‍
കച്ചവടമുറപ്പിക്കാന്‍ കാശില്ലാതെപോയ
ഒരച്ഛന്റെ മകള്‍
അകത്തളത്തില്‍ നിന്നു മുയരുന്ന
അത്തറിന്റെ മണത്തില്‍ ഒഴുകി എത്തുന്നത് -
ആത്മ നൊമ്പരം
മറിച്ച് മറിച്ച് താളുകള്‍ പറിഞ്ഞു തുടങ്ങിയ
പുസ്തകം പോലെ അവള്‍
അണ പൊട്ടിപോകുന്ന ദുഖത്തിന്റെ നദിയിലേക്ക്
ഒരു കൈ ചേര്‍ത്ത് പോവുകയാണ്
അറിയാതെ ആഗ്രഹിച്ചു പോവുകയാണ്
ചന്ദനത്തിന്റെ സുഗന്ധത്തില്‍
കുന്തരിക്കം പുകയരുതേ യെന്നു

2011, മേയ് 3, ചൊവ്വാഴ്ച

ഓര്‍ക്കസ്ട്ര

കര്‍ക്കട മഴ കൊണ്ടുവരും
ഓര്‍ക്കസ്ട്രയുടെ ഓര്‍മ്മകള്‍
കാറ്റിന്റെ വായ്‌ ത്താരിയോടൊപ്പം
വീടിന്റെ മേല്‍ ക്കൂരയില്‍ മഴ ശ്രുതി പിടിക്കും
വയല്‍ വരമ്പില്‍ പേക്കാച്ചികളുടെ ബേന്റടി
കുഞ്ഞു തവളകളുടെ തായമ്പകയും
മണ്ണട്ടകളുടെ ജല തരംഗവും
മരച്ചില്ലയുടെ ചേങ്ങലയോടൊപ്പം
അറിയപ്പെടാത്തവയുടെ ആര്‍പ്പു വിളികള്‍
ആഘോഷത്തില്‍ എത്തിപ്പെട്ടത്പോലെ
കുളിരുന്ന ഓര്‍മ്മകളുമായി പുതച്ചുമൂടിക്കിടക്കുമ്പോള്‍
പുലരിവന്നെന്നോതുവാന്‍ പൂവന്‍ കോഴി തന്നെ വേണം