malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

വിശപ്പ്




വിശപ്പിൻ്റെ വിഷം തീണ്ടി

അവൻ മരിച്ചു

മുഖം കടുത്ത്, ഉടൽ കറുത്ത് -

കിടന്നു

വ്യസനം നീലിച്ച് ചുണ്ട് തുടുത്തി -

രുന്നു


അവൻ ദീർഘ നിദ്രയിലാണ്

ഇനി അവന് വിശക്കില്ല

ഇനിയവന് ആരുടെ മുന്നിലും -

കൈ നീട്ടേണ്ട

കരുണയ്ക്ക് യാചിക്കേണ്ട


മുടന്തിയായ യാചകിയെപ്പോലെ

ഒരു മഴ കരഞ്ഞുകൊണ്ടുവന്നു

കരഞ്ഞുകലങ്ങിയ കണ്ണു തുടച്ച്

അവനെ തന്നെ നോക്കി നിന്നു


അവന് ചാവറ പണിയാൻ 

ബന്ധുക്കളാരുമില്ല

കണ്ണീരണിയാൻ കൂട്ടുകാരും

ആരെങ്കിലും വന്ന് എവിടെയെ-

ങ്കിലും കളയുമായിരിക്കും


പുഴുക്കളുടെ ഘോഷയാത്ര ഉണ്ടാ-

കുമായിരിക്കും

കാകനും, കഴുകനും കളിചിരിയായി -

രിക്കും

നായയും,കുറുനരിയും കൂവി കൂത്താ-

ടുമായിരിക്കും


ഇപ്പോൾ,

കറുത്ത ചേലചുറ്റിയ ഇരുട്ട്

അമ്മയെപ്പോലെ അവനെ പൊതിഞ്ഞു -

പിടിച്ചിരിക്കുന്നു


2022, സെപ്റ്റംബർ 28, ബുധനാഴ്‌ച

സത്യം

മൗനം പത്തിവിടർത്തുന്നു

എവിടെ മുദ്രമോതിരം

ഓർമകളിലേക്ക് ഊളിയിട്ടു

കളഞ്ഞു പോയ്മുദ്രമോതിരം


നാഴികമണി നിലച്ചിരിക്കുന്നു

നേരിയ വിറ ബാധിച്ചിരിക്കുന്നു

മരുഭൂമിയിലെ മരുക്കൊട്ടാരത്തിൽ

കുടുങ്ങിക്കിടക്കുന്നു


എവിടെ മുദ്രമോതിരം ?

നക്രം വക്രബുദ്ധിയിൽ തിരയുന്നു

നടുപ്പുഴയിൽ നിന്നും

ആൽമരത്തിലെ മറന്നു വെച്ച

ഹൃദയമെടുക്കാൻ മടങ്ങുന്നു.


വഴിയിൽ വ്യാഘ്രമുണ്ട്

മരണം മാടി വിളിക്കുന്നുണ്ട്

ഓർമയിൽ മുദ്രമോതിരം

തിരിച്ചു നടന്നു ജീവിതത്തിലേക്ക്


ജീവിതത്തെ വെല്ലുവിളിക്കരുത്

മരണം നിയമം തെറ്റിക്കാറില്ല


2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ലിപിയില്ലാത്ത വാക്കുകൾ

ഏതൊരാൾക്കും

തിരുത്തേണ്ടി വരുന്ന

ചില ജീവിത നിമിഷങ്ങളുണ്ട്


സത്യത്തിനുമുന്നിൽ

തർക്കിക്കാൻ കഴിയാതെ

കീഴടങ്ങേണ്ടി വരുന്ന നിമിഷങ്ങൾ


കണ്ണിലെ വെളിച്ചം

കെട്ടുപോകുന്ന നിമിഷങ്ങൾ


അങ്കലാപ്പിനെ

അകത്തളത്തിൽ അടച്ചുവെച്ച്

ഞെളിഞ്ഞു നിൽക്കേണ്ടി വരുന്ന -

നിമിഷങ്ങൾ


ആയുസ്സിൻ്റെ അറ്റം വരെ

ഓടിയെത്തിക്കാനുള്ള പെടാപ്പാട്

ഒന്നാലോചിച്ചു നോക്കൂ


ലിപിയില്ലാത്ത വാക്കുകൾ 

കൊണ്ടാണ്

 ജീവിതമെഴുതുന്നത്

2022, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മരം




മുറിച്ചു കൊണ്ടിരിക്കുമ്പോഴും

മറുത്തൊന്നും പറയാതെ

മടുപ്പേതും കാട്ടാതെ

പടർന്നു നിൽക്കുന്നു മരം

2022, സെപ്റ്റംബർ 25, ഞായറാഴ്‌ച

അത്യാഗ്രഹം

മയിൽപ്പീലി പെറുമെന്നത്

ഒരു വിശ്വാസമായിരുന്നു


മച്ചിയുടെ മയിൽപ്പീലി

പെറ്റു കൂട്ടുന്നു മനസ്സിൽ


കവിതയുടെ കയ്പ്പ് കുടിച്ച്

കവി മരിച്ചു


നാരകം നട്ട മുറ്റത്ത്

നരച്ചു പോയൊരു ജന്മം

കുത്തിയിരിക്കുന്നു


ഇല്ലിനി പ്രതീക്ഷ

വേണ്ടിനി നിരാശ


ആശയുടെ അരമുറം വെച്ച്

അത്യാഗ്രഹത്തിൻ്റെ

ഒരു മുറത്തിന് പോകരുത്

2022, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഓർമ




മുറിച്ചു മാറ്റാം

മുറിവേൽപ്പിക്കാം

നിനക്കെന്നെ


പക്ഷെ; കഴിയില്ല

ആഴ്ന്നിറങ്ങിയ

ഓർമകളുടെ വേരിനെ

അടർത്തി മാറ്റുവാൻ

2022, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

മരണമെന്നെ തൊടുന്നതിൻ മുൻപേ

മരണമെന്നെ തൊടുന്നതിൻ മുൻപേ

വാതിലെല്ലാം മലർക്കേ തുറക്കണം

ഒരിലതൻ എളിമ എന്തെന്നറിയണം

ഓർമകൾ പൂത്ത പാടത്ത് പോകണം


മരണമെന്നെ തൊടുന്നതിൻ മുൻപേ

മധുരമെന്തെന്നറിയണം

വെയിൽച്ചിരികണ്ടു നിൽക്കണം

കാറ്റിൻ്റെ തേങ്ങലറിയണം


മരണമെന്നെ തൊടുന്നതിൻ മുൻപേ

മൗനമെന്തെന്നറിയണം

മണ്ണിനെ തൊട്ടറിയണം

കല്ലിൻ്റെ ഹൃദയമറിയണം


മരണമെന്നെ തൊടുന്നതിൻ മുൻപേ

മനസ്സിനെയൊന്നറിയണം

മുളപൊട്ടി വിത്തിൽ നിന്നും നിവർന്നുവരും

ജീവിത കവിതയെന്തെന്നറിയണം


2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

മഴ

സങ്കടം നിറഞ്ഞ കണ്ണുകളുള്ള

കുട്ടിയാണ് മഴ


മഴക്കുഞ്ഞെത്തുംമുമ്പേ

കരിയിലക്കറുപ്പുകൾ

കിഴങ്ങുകൾ

പഴങ്ങൾ

അരിമണികൾ

തിന്നു തീർത്തു ഉറുമ്പുകൾ


ഉറുമ്പുകൾ വരച്ചവ

മഴമായ്ച്ചു കളഞ്ഞു

പാറകളെ

പായലുകളെ

വഴുക്കാക്കി വാ പൊത്തി -

കാത്തിരുന്നു


ഓടി പോകുന്നവർക്ക്

പിന്നാലെ ഓടി

മുന്നിൽ കയറി നിന്നു

പുഴയിലേക്ക് ചാടിയിറങ്ങി

കുളു കുളു ശബ്ദം കലർത്തി

ഇമ്പമുള്ള പാട്ടാക്കി


ഇടറുന്ന കാലുകളും

വിറയ്ക്കുന്ന ശരീരവുമായ്

പാറപ്പുറത്ത് പൊത്തിപ്പിടിച്ച് -

കയറുന്ന ഉറുമ്പിനെ 

താഴേക്ക് തള്ളി കൈകൊട്ടിചിരിച്ചു


കൈയിൽ കിട്ടിയ

മരച്ചില്ല ഒടിച്ചെടുത്ത്

തുള്ളിച്ചാടി ചോടുവെച്ചു

കളി തുടങ്ങി


എങ്കിലും;

മനസ്സറിഞ്ഞ് അവൾക്കൊന്ന് -

ചിരിതൂകാനാവില്ല

ഒരു സങ്കടധാര ജന്മം മുതലേ -

അവളിൽ ഉടലെടുത്തിരിക്കുന്നു


നോക്കു ,

അവളുടെ ചലനങ്ങളോരോന്നും

സങ്കടത്തെയല്ലാതെ

മറ്റെന്താണ് അടയാളപ്പെടുത്തുന്നത്







2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

ശേഷിപ്പ്

ഒറ്റച്ചിറകുള്ള

താഴ്ന്നു പറക്കുന്ന, രണ്ടു -

പക്ഷികളാണ് പ്രണയം


ഹൃദയങ്ങൾ കൊണ്ട്

കെട്ടി പിടിക്കുന്നു

കണ്ണുകൾ കൊണ്ട്

ചുംബിക്കുന്നു


ഒരിക്കലും കണ്ടിട്ടില്ലാത്ത

പുറങ്കടലിലെ

നിശ്ചല നീലിമ കാണാൻ

തിരമാലകളുടെ കപ്പൽച്ചാ-

ലിലൂടെ യാത്ര പോകുന്നു


ചുണ്ടുകളുടെ

വളവൻ വരികളിൽ

കവിത കുറിക്കുന്നു


വികാരത്തിൻ്റെ 

വിയർപ്പു മണികൾ

നെറ്റിത്തടത്തിൽ

അളകങ്ങളെ ചേർത്തു പിടിച്ച്

നൃത്തമാടുന്നു


പിന്നെ, എപ്പോഴാണ് നീ

എൻ്റെ കവിളിൽ പറ്റിപ്പിടിച്ച

ചുംബനവും കൊത്തിയെടുത്ത്

ഒരു തൂവൽ പോലും ശേഷിപ്പിക്കാതെ

എന്നിൽ നിന്നും പറന്നു പോയത്




2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കാരണം

കീറിപ്പറിച്ച്

കളയാൻ തോന്നുന്നു

ജീവിതത്തെ


കണ്ടു കിട്ടിയാൽ

കീറി മുറിക്കും

എന്നതുകൊണ്ടു

മാത്രമാണ്...

2022, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

വേട്ട

ഇതു വേട്ടകളുടെ കാലം

കൂട്ടങ്ങൾക്കിടയിലും

വേട്ടപ്പെടലുകളുടെ കാലം

രക്ഷകരായി നിന്നും കൊണ്ടേ

ശിക്ഷ വിധിക്കും കാലം


കൊമ്പും തേറ്റയുമില്ലാതെ

സ്വപ്നം കൊണ്ടും

വർണ്ണം കൊണ്ടും

വേരുകളാഴ്ത്തും


സുഖകരമായൊരു

സുന്ദര വാക്കാൽ

അറിയാതങ്ങനെ

അടിമണ്ണിളക്കും


സുഖദം സുന്ദരവാക്കിൻ -

കൊക്കാൽ

കൊത്തിവലിക്കും

കരളു പറിക്കും


2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

ചോദ്യം

പാതിവഴിയിൽ

പിരിഞ്ഞു പോയ

പ്രണയമേ....


എന്താണു പ്രണയം?

ഉടലോ

ഉയിരോ?!

2022, സെപ്റ്റംബർ 17, ശനിയാഴ്‌ച

ബുദ്ധി

ശ്വാസവും 

കൈയിൽ പിടിച്ച്

ശരവേഗത്തിലോടുന്നു 

ഒരു ശശം


ഭയത്തെ പേടിച്ചിട്ട് കാര്യമില്ല

അഭയം വ്യാഘ്രമാകുമ്പോൾ


ശക്തിയല്ല ബുദ്ധി

ബുദ്ധിയാണ് ശക്തി


ഉരസ്സിനെ ഉറപ്പിക്കുക

ഉയിരിനായി

ശിരസ്സിനെ ഉണർത്തുക


അവൻ്റെ വായ

എരിയും അടുപ്പ്

വെന്തുപാകാമാകാതെ

നോക്കുക


ക്രോധത്തിൻ്റെ കനൽ

ലജ്ജയാൽ 

കെട്ടടങ്ങട്ടെ


ഓർക്കുവാൻ

ഒരു നെടുവീർപ്പ്കൊടുത്തു 

പോകുക നീ


ശക്തിയല്ല ബുദ്ധി

ബുദ്ധിയാണ് ശക്തി





2022, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ഇനി

പൊള്ളിപ്പോയ ഒരു ജീവിതം

തെള്ളി വരുന്നതേയുള്ളു

തള്ളിപ്പറയരുത്


ഭ്രാന്തു പൂത്തവരമ്പും

ഭാരവും മതിയായി

അതിരു ചേർന്നു 

പോയ്ക്കോളാം

എതിരു നിൽക്കരുത്


നടവഴിതന്ന്

നടതള്ളിയതും

ഇടവഴിതന്ന്

ഇഴയറുത്തതും നിങ്ങൾ


പെരുവഴിതന്ന്

പോരിന് വിളിച്ചതും

പൊറാതെ

പാഥേയം മുടക്കിയതും

നിങ്ങൾ


ഇനി,

ഈ വലിയ ഭൂമിയിൽ

ജീവിതത്തിൻ്റെ

ഇത്തിരിപ്പോന്ന ഒരുവഴി

സ്വന്തമായി ഞാൻ

തിരഞ്ഞെടുക്കുന്നു

പഴി പറയരുത്



2022, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

കറുത്ത രാജ്യം

പട്ടുപോയ് പടുത്തവയൊക്കെയും

പെട്ടു പോയ് ജീവിത പെട്ടകത്തിൽ

പച്ച ഞരമ്പുപിടച്ച വിരലിലെ

പവിത്ര മോതിരം കളഞ്ഞു പോയ്


പൊലിഞ്ഞു പോയ് വെളിച്ചം

തമോഭരത്തിലമർന്നു പോയ്

സാക്ഷികളല്ല സൂര്യചന്ദ്രൻമാർ

ഒഴുകിപ്പോയ പുഴയും


നാരകം പൂത്തു പോയ്

മഞ്ഞയാർന്നു പത്രങ്ങളും

പിച്ചവെച്ച മോഹങ്ങൾ

തുരുമ്പെടുത്തു തരിമ്പുമില്ലാതെ


മഴക്കാറുകൾ ചുറ്റും

മിഴിമുനകൾ എങ്ങും

കാലം ശ്യാമം

കറുത്ത രാജ്യം ഇനി വേണ്ടെനിക്ക്


2022, സെപ്റ്റംബർ 14, ബുധനാഴ്‌ച

സ്ത്രീ

 


എരിയുന്ന

തീയ്യിലും

കിനിയുന്ന

സ്നേഹം

2022, സെപ്റ്റംബർ 13, ചൊവ്വാഴ്ച

മഞ്ഞുതുള്ളി

പ്രകൃതിയുടെ

മിഴിയിൽ നിന്നും

ശ്മശ്രുക്കളിലേക്ക്

അടർന്നുവീണ

അശ്രുബിന്ദു

2022, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

സിൽവിയാ പ്ലാത്ത്

വെയിലിൻ്റെ കൊത്തേറ്റുമരിച്ച -

പകലിനെ

രാവുവന്ന് 

മഞ്ഞിൻ്റെ വെള്ള പുതപ്പിച്ചു


ശിശിരത്തിൻ്റെ സുഷിരവാദ്യം

ശോകഗാനം വായിച്ചു


തുറന്ന പുസ്തകമായിരുന്നു -

പകൽ

കുടിച്ചു തീർത്ത കണ്ണീരിനും -

കയ്പ്പിനും കണക്കില്ല


എന്നിട്ടും,

അവർ

ഉളളു പൊള്ളിക്കുന്നു

സിൽവിയാ പ്ലാത്തെന്ന്


സ്വയം തീക്കൊളുത്തി മരിച്ച -

വളെന്ന് 

....................

കുറിപ്പ് :-

സിൽവിയ പ്ലാത്ത്: അമേരിക്കൻ കവയിത്രി,നോവലിസ്റ്റ്




2022, സെപ്റ്റംബർ 11, ഞായറാഴ്‌ച

ഒറ്റയ്ക്കിരിക്കുമ്പോൾ

ഒറ്റയ്ക്കിരിക്കുമ്പോൾ

ചിന്തയിലൊരു ചേരപ്പാമ്പ് പുളയും

ചങ്കിലൊരു ചിതയാളും

മറന്നവയൊക്കെ മുറുമുറുത്തുകൊണ്ടി-

റങ്ങിവരും


കൂനനുറുമ്പുകൾപോലെ

ഓർമ്മകളരിച്ചരിച്ചെത്തുമ്പോൾ

ഭയംമാത്രമഭയമെന്നറിയുമ്പോൾ

ഇഷ്ടമെന്നോർപ്പതും രുദ്രമാകും


ഒറ്റയ്ക്കിരിക്കുമ്പോൾ

കിനാവിനെകൊത്തും കപോതൻ

മൃതജാതകച്ചുരുൾ നിവർത്തുമിരുൾ

പക്ഷി

തുറന്നേനിൽക്കുമൊരു നിരാശാപെട്ടകം


കവിതവറ്റിയമനസ്സിൽ കുടിയേറും

ചിത്തഭ്രമം

ചത്തവാക്കുകൾ ചീർത്തുനിന്നിടും

ചുരമാന്തി നിൽക്കുംമോഹത്തിൽ

മുഷിഞ്ഞനിലാവിൻപ്രേതനിഴലാട്ടം


ഒറ്റയ്ക്കിരിക്കുമ്പോൾ

ഒരാകാശമാകും

ഒരു കടലാകും,

കാടും,മലയുമാകും



2022, സെപ്റ്റംബർ 10, ശനിയാഴ്‌ച

യുദ്ധം

യുദ്ധം 

പരാജയമാണ്

മകൻ നഷ്ടപ്പെട്ട 

അമ്മയുടെ

സഹോദരൻ നഷ്ടപ്പെട്ട

സഹോദരിയുടെ

ഭർത്താവ് നഷ്ടപ്പെട്ട 

ഭാര്യയുടെ

അച്ഛൻ നഷ്ടപ്പെട്ട

മക (ൻ്റെ ) ളുടെ


സമ്പത്ത് നഷ്ടപ്പെട്ട 

സമൂഹത്തിൻ്റെ

ഇരുളിലാണ്ടുപോയ

ജീവിതങ്ങളുടെ


വാളേന്തിയ രാജാവിൻ്റെ

പരിചയായ രാജ്യത്തിൻ്റെ


2022, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ശ്യാമം

ഈ ഏകാന്ത രാത്രിയിൽ

നൊന്തിട്ടു വയ്യ ഹൃദയം

വ്രണിതം നിൻ്റെ ഓർമ്മകൾ


ജ്വരത്തിൻ്റെ ലഹരിയിൽ

നീ ചുംബനം നനച്ചിട്ട നെറ്റിയിൽ

തൊട്ടു നോക്കുന്നുയിന്നും


തണൽ തന്ന മരം

വേരോടെ പിഴുതു പോയ്

വറ്റിപ്പോയ് കണ്ണിലെ

നീ ഉപ്പു നോക്കിയ സമുദ്രം


വാക്കു കൊണ്ട് കൂട്ടുനിന്ന

കവിതയായിരുന്നു നീ

ഇന്നെനിക്ക് കൂട്ട്

ഈ ഇരുണ്ട ശ്യാമം


ഞാൻ

ഒഴുക്കു നിലച്ച പുഴ

വറ്റിപ്പോയ വർണ്ണം



2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഓണനാള്


ശ്രാവണം കണ്ണുനീർ തോർത്തി നിൽക്കേ
ചിറ്റാട ചുറ്റി പൊൻ ഭാദ്രമെത്തി
ഹൃത്തിലോ ആനന്ദനൃത്തമാടി
അത്തമടുത്തു പോയ് തത്തി തത്തി

ബാലകർ ഭാവനയിൽ മുഴുകി
പൂമ്പാറ്റയെപ്പോൽ പറന്നു പാറി
കർഷകർതൻ കൃഷ്ണമണികൾ പോലെ
കതിർക്കുല മഞ്ഞിൽ കുളിച്ചു നിൽപ്പൂ.

കുഞ്ഞു മുക്കുറ്റിപ്പുവ് കൺ വിടർത്തി
ഓണപ്പൂ തുമ്പികളൊത്തുകൂടി
ഉത്സവപൊൻ കൊടിയെങ്ങും പാറി
വന്നു പോയ് വന്നു പോയ് ഓണനാള്

2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഓണത്തിന്നോർമ്മ




ഓമനത്തുമ്പിയായ് പാറിവന്നെത്തുന്നു

ഓണത്തിൻ നാളിലെന്നോർമ്മകളും

പുലരി പൂവട്ടിയുമായ്ത്തൊട്ടുണർത്തുന്നു

പൂക്കൾ ചമഞ്ഞിരിക്കുന്നു

ഞെട്ടറ്റസ്മൃതികളെ ശേഖരിക്കുന്നു ഞാൻ

മുത്തശ്ശിമാവിൻ്റെ ചോട്ടിൽ

ഊഞ്ഞാലിലാടി ഞാൻ ആഴത്തിൽ തൊട്ടൊരാ

കുഞ്ഞുകാലത്തിലേ,യോണം

വല്ലംനിറ, യില്ലംനിറ പൂവേ പൊലിപൊലി

പാടിക്കളിച്ചൊരാക്കാലം

പുത്തനുടുപ്പിട്ട് പൂപ്പന്തുമായന്ന്

പാടത്തിലുള്ള കളിയും

പുന്നെൽ കതിർക്കറ്റ പൂജയ്ക്കു വെച്ചുള്ള

പുലരിത്തുടുപ്പിൻ സുഗന്ധം

പപ്പടം, പായസം, പഴവുമായ്ച്ചേർന്നുള്ള

പുത്തരിച്ചോറിൻ രുചിയും

ബാലകരെല്ലാരും മേളമായ്ക്കാടുകൾ, -

മേടുകൾ ചുറ്റി നടപ്പും

എന്തൊരുമോദങ്ങൾ എന്തെന്തു സ്നേഹങ്ങൾ

എന്തെന്തു വർണ്ണപ്പുലരികൾ.

ഇന്നും; 

ഓമനത്തുമ്പിയായ് പാറിവന്നെത്തന്നു

ഓണത്തിൻ നാളിലീ ഓർമ്മകൾ


2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഓണം

ശ്രാവണം മാഞ്ഞു

ഭാദ്ര മണഞ്ഞു

പുന്നെൽ കതിർക്കുല -

മിഴി തുറന്നു

പച്ചപ്പനന്തത്തശ്രുതി മീട്ടി -

പ്പാടുന്നു

മലയാളമേനിനക്കെന്തു ഭംഗി

എൻ്റെ മലയാളമേനിനക്കെന്തു -

ഭംഗി

കുടമുല്ല കൊച്ചരി പല്ലുകൾ കാട്ടി

തുമ്പകൾ താളത്തിൽ തുമ്പിതുള്ളി

ചിത്തിരക്കാറ്റും ചിന്നും മഴയും

പൊന്നോണമേനിനക്കെന്തു ഭംഗി

എൻ്റെ തിരുവോണമേനിനക്കെന്തു ഭംഗി

സങ്കൽപ കാന്തിയിൽ വർണ്ണങ്ങൾ

ചാലിച്ച്

മഴവില്ലിൻ പൂക്കളം തീർത്തു

മേലെ, താരകളൂഞ്ഞാലിലാടി നിന്നു

താഴെയീമേടും പൂവനവും തോറും

തുമ്പികൾ തംബുരു മീട്ടി നിന്നു

മലയാളമേ നിനക്കെന്തു ഭംഗി

പൊന്നോണമേ നിനക്കെന്തു ഭംഗി

2022, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഉഭയജീവി



ചൂടിലും, തണുപ്പിലും

കരയിലും, കടലിലും

രാവും, പകലുമില്ലാതെ

'ലോകമേ തറവാട് ' - 

എന്ന് പാടിയതുപോലെ

എല്ലാവരേയും സ്നേഹിച്ച്

സഹായിച്ച് നടന്നു


എന്നിട്ടും;

ഓരോ കാര്യങ്ങൾ

പറഞ്ഞ്

കാരണങ്ങൾ

ഉണ്ടാക്കി

അവർ കീറി മുറിച്ചു 

കൊണ്ടിരുന്നു

ഈ മണ്ഡൂക ജീവിതം


2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഗന്ധം



മഴയ്ക്ക് മണമില്ല

കാറ്റിനും


വെളിച്ചത്തിന് മണമില്ല

ഇരുട്ടിനും


മണമില്ലാത്തതിന്

മരണമില്ലെന്നാണോ

അർത്ഥം

വേദന

മിന്നൽ പിണർ പോലെ പുളയുന്നു

ജീവബിന്ദുക്കളിൽ അഗ്നിജ്വാലകളുയരുന്നു

വെളിച്ചം പൊട്ടിച്ചിതറി ഇരുട്ട് ഘനീഭവിക്കുന്നു
കാലാഗ്നിയിൽ കത്തിയമരുന്നതുപോലെ

വേദനയുടെ വേരുകൾ വരിഞ്ഞുമുറുക്കുമ്പോൾ
ശ്വാസ കണികകൾ പോലും നൂറായ് മുറിയുന്നു
നിമിഷങ്ങൾ മഹാവനമായ് വളരുന്നു
വേദനയുടെ മഹാവനം നിന്നെരിയുന്നു

പ്രാണനിൽ അടങ്ങാത്ത പ്രളയം
നിശ്ശബ്ദ നിലവിളിയുടെ ഒടുങ്ങാത്ത പ്രണവം
ഉരിയാട്ടമില്ലാത്ത ഓർമകൾ വറ്റിയ
ചുറ്റുപാടില്ലാത്ത ശൂന്യ നിമിഷങ്ങൾ

മൗനം പിളർന്നെൻ്റെ അകം വെളിവാകുന്നു
കാറ്റിൻ്റെ പ്രാർത്ഥന മെല്ലെ തഴുകുന്നു
വെളിച്ചത്തിൻ തെളിച്ചമായ് തമസ്സകന്നീടുന്നു
ജീവൻ്റെ തുള്ളികൾ കൈഞരമ്പിലൂടൊഴുകുന്നു