malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഡിസംബർ 31, ഞായറാഴ്‌ച

കൊഴിഞ്ഞു വീഴുന്ന ഇല




ഡിസംബറിലെ അവസാന നാളുകളെ -
ന്നറിയിക്കാനെന്നോണം
കുന്നിറങ്ങി വരുന്നു ഒരു കാറ്റ്
തിരക്കിനിടയിൽ ഇതൊക്കെ കാണു
വാൻ നമുക്കെവിടെ സമയം .
ജീവിതമെന്തിനെന്നു കൂടി തിരിച്ചറിയാൻ
കഴിയാതെ
നാം നെട്ടോട്ടത്തിൽ
ഇരുട്ട് നുഴഞ്ഞു കയറിത്തുടങ്ങി
പ്രദോഷത്തിലേക്ക് അടുത്തു കൊണ്ടി
രിക്കുന്ന നാം
ഇനി നിഴൽ ചിത്രമായി മാറേണ്ടവർ
മനസ്സു തുറന്ന് മലർന്നു കിടക്കാൻ
കഴിയാത്തവർ
കുന്നിറങ്ങി വരുന്ന ഡിസംബർ കാറ്റിനെ
സ്വീകരിക്കാൻ കഴിയാത്തവർ
സുഖദമല്ലാത്ത സ്വപ്നങ്ങൾ മാത്രം
കാണുന്നവർ
നാടകത്തിലെന്ന പോലെ മാറി മാറി
വേഷം കെട്ടുന്നവർ
വെളിച്ചപ്പാളിയിലെ നിഴലുകളായുള്ളവർ
കാലവൃക്ഷത്തിന്റെ ഒരില കൂടി കൊഴി
ഞ്ഞു വീഴുന്നു .

2017, ഡിസംബർ 30, ശനിയാഴ്‌ച

നക്ഷത്രങ്ങളാകുമ്പോൾ




പ്രണയമേ, നാം ചിറകില്ലാതെ
പറക്കുന്നു.
നീല വാനിലൂടെ, സമുദ്രത്തി
നടിയിലൂടെ
നാം ഊളിയിടുന്നു
സ്വർഗ്ഗസരോവരത്തിൽ
നീന്തി തുടിക്കുന്നു
എന്റെ വലങ്കൈയ്യും, നിന്റെ -
യിടങ്കൈയ്യും
നമ്മുടെയിരുചിറകുകളാകുന്നു
ഇനി നീയും ഞാനുമില്ല
നാം മാത്രം
ഇതാ നമ്മുടെ പ്രണയ ബീജ
ങ്ങളിൽ നിന്നൊരു
നക്ഷത്രം പിറക്കുന്നു
ഇനി നാം മരിച്ചാലും മരിക്കാത്ത
പ്രണയമാണ്
ഇനിയെനിക്ക് നിന്റെ പ്രണയ
മല്ലാതെ
മറ്റൊരു സ്വർഗം വേണ്ട

2017, ഡിസംബർ 29, വെള്ളിയാഴ്‌ച

ഒന്നുമറിയാത്തവർ




ഇവരൊന്നുമറിയുന്നില്ലീയുവ
നാളങ്ങൾ.
യമദൂതരാൽ ചുറ്റപ്പെട്ടതാണവർ
ഫാഷന്റെ പേരിൽനിർവസ്‌ത്രരാ
 ണവർ
കളങ്കിത ജന്മങ്ങളാൽപങ്കിലമാക്ക പ്പെടുന്നാ ജന്മങ്ങൾ
രക്ഷസ്സുകൾ നെഞ്ചത്തെരക്തമൂ
റ്റുന്നതറിയാത്തവർ
ഇവരൊന്നുമറിയുന്നില്ലീയുവനാള
ങ്ങൾ.
ഇവിടെയെങ്ങും മൂകം
ഇവിടെയെല്ലാം മൃതം
ചിന്തയില്ലാത്തവരുടെമൃതഘോ
ഷയാത്ര
ചരിത്രമിവിടെമരിക്കാതിരിപ്പുണ്ട്
അതിൻമേലെയിന്ന്ചിതലരിച്ചു
നടപ്പുണ്ട്
ക്ഷതമേറ്റ രാവു വിവസ്ത്രയായ്
കിടപ്പുണ്ട്
ജീർണ രാഗികൾയെങ്ങുംകിതച്ചു
നടപ്പുണ്ട്
ഇവിടെ വ്യാജം സ്നേഹം,നീതി
നിയമങ്ങൾ,സ്വന്ത ബന്ധങ്ങൾ.
സത്യം ദുഃഖ ശൈത്യത്തിൽ -
ഘനീഭൂതം
അടങ്ങാത്ത ആഗ്രഹം ഒടുക്ക
ത്തെ യാത്രയായ്
അനുഭവങ്ങളെല്ലാമെ കണ്ണുനീർ
സാക്ഷിയായ്
കുമിളപോൽ ജീവിതം, നിറംപൂശി
യനിഴലുകൾ
ഇവരൊന്നുമറിയുന്നില്ലീ യുവനാള
ങ്ങൾ.


2017, ഡിസംബർ 28, വ്യാഴാഴ്‌ച

എഴുത്ത്



പ്രീയസുഹൃത്തേ,
നിന്റെ മേൽ വിലാസത്തിന്
എത്ര കാലമായി ഞാൻ തിരയുന്നു.
പഴയ സുഹൃത്തുക്കൾക്കൊന്നും
നിന്നെപറ്റിയറിയില്ല
ഏറ്റവും ഒടുവിൽ
ഗൗരി ലങ്കേഷ് രക്തസാക്ഷിയായ
ദിവസം
എനിക്കറിയാത്ത,അപ്പോൾ മാത്രം
പരിചയപ്പെട്ട
 അയാളാണെനിക്ക് നിന്റെ മേൽ
വിലാസം തന്നത്,
നിന്നെക്കുറിച്ച് പറഞ്ഞത്:
 നാടകീയമാം വിധം
നാട്ടിലേക്കിറങ്ങുന്നതും,
വിചിത്ര മുഖങ്ങളാൽ എയർക്കണ്ടീ
ഷൻഡ് മുറികളിലും, ഹോട്ടലുകളിലും
മാറി മാറി പാർക്കുന്നതും.
( ഇതെല്ലാം അയാളും പത്രമാദ്ധ്യമങ്ങളി
ലൂടെ അറഞ്ഞതാണ്)
ഇത്രയേറെ നമ്മേപ്പോലെ
 നേരിന്റെ ജീവിതം നേരിൽ കണ്ടവർ
വേറെ അധികമുണ്ടാവില്ല
എന്നിട്ടും നെറികേടിന്റെ മാർഗ്ഗം എന്തി
നു നീ തിരഞ്ഞെടുത്തു!
ജീവിതം എത്രയും വേദനാജനകമായിട്ടും
അത്രയും ഇച്ഛാശക്തിയോടെ ജീവിച്ചവര
ല്ലെനാം.
അങ്ങനെയിരിക്കുമ്പോഴല്ലെ നിനക്ക്
ജോലി കിട്ടിയതും
യാത്ര ചോദിക്കാൻ വന്നതും.
തീവണ്ടിയാപ്പീസിൽ കയറിയപ്പോഴേ
നമ്മുടെ കണ്ണുകൾ കലങ്ങിയിരുന്നില്ലേ .
ചിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ
വേദന നിഴലിച്ച ജീവിതം
അവസാന നിമിഷം ആ നാലു കണ്ണകൾ
അന്യോന്യം കൈമാറിയത്
ആ ജീവിതം തന്നെയായിരുന്നില്ലെ
പിന്നെ എന്നാണ് നിന്റെ ഹൃദയം
വെള്ളക്കടലാസു പോലെ ശൂന്യമായി
പ്പോയത്.
ഈ കത്ത് നിന്നിലേക്കെത്തുമോയെ
ന്നെനിക്കറിയില്ല
പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു
എങ്ങനെയെങ്കിലും നിന്നരികിലെത്ത
ണം
ഒരു രാത്രി മുഴുവൻ ഒന്നിച്ചിരിക്കണം
ആശതരുന്നവരെ അരിഞ്ഞു വീഴ്ത്തു
ന്നതിലുള്ള
ആശങ്ക പങ്കുവെയ്ക്കണം
അങ്ങനെ ഞാനാവണം, നീയാവണം
ഞാനും നീയും നമ്മളാവണം

2017, ഡിസംബർ 27, ബുധനാഴ്‌ച

കവി



അയാൾ ഒരു കവിയായിരുന്നു
അനീതിക്കും, അക്രമത്തിനു _
മെതിരെ
കുറിക്കു കൊള്ളുന്ന കവിത
വിരിയിച്ചു.
അവർ അയാളെ പിൻതുടർന്നു -
കൊണ്ടേയിരുന്നു.
അവസാനം;ചീറിപ്പാഞ്ഞു വന്ന
ഒരു വെടിയുണ്ട നെഞ്ചിലേറ്റു
വാങ്ങി
രക്തസാക്ഷിത്വത്തിന്റെ
അമര കാവ്യം തന്നെ രചിച്ചു


2017, ഡിസംബർ 26, ചൊവ്വാഴ്ച

ജീവിതവ്യഥ




നാളെയെന്തെന്നറിയുകില്ലെങ്കിലും
സങ്കൽപ കാന്തിയിൽ ലയിച്ചിരി
ക്കുന്നു നാം
നിമിഷങ്ങൾ തോറും പുതുക്കുന്ന
ജീവൻ
വിടപറയാനൊരു നിമിഷമുണ്ടോ
ർക്കുമോ?
എല്ലാമുപേക്ഷിച്ചു പോകേണ്ടവ
രെങ്കിലും
വെട്ടിപിടിക്കുവാനത്രേയുള്ളിൽ
മോഹം
നാളെ, നാളെയെന്നുള്ളതല്ലാതെ
ഇന്നിനെക്കുറിച്ചോർക്കുന്നതില്ല നാം
സുഖമെന്തെന്നറിയുന്നതേയില്ല
സുഖത്തിനായുള്ള പരക്കംപാച്ചലിൽ
സുഖിക്കാമിനിയെന്നു കരുതും
നേരത്തോ
അസുഖമെന്നൊരഴലിൽ പതിക്കുന്നു
കാലപ്പകർച്ചകൾ പാർത്തു വെച്ചു
ള്ളൊരു
വിഷത്തിന്റെ ബീജങ്ങൾ അങ്കുരി
ച്ചീടുന്നു
നമ്മുടേതെന്നു നാം കരുതിയതൊ
ക്കെയും
അരുതാതിടങ്ങളിൽ നിപതിച്ചു പോ
കുന്നു
വിലപ്പെട്ടതെന്നു സൂക്ഷിച്ചവയൊ
ക്കെയും
വിലയില്ലാതായി വഴിയാധാരമാകുന്നു.
ജീവിതം എന്നത് ഭദ്രമല്ലെന്നതും
ബന്ധമെന്നുള്ളത് സ്വന്തമല്ലെന്നതും
അറിയുന്ന നേരമണയുന്നനേരത്ത്
എല്ലാം മനോവ്യഥ മാത്രമായ് മാറുന്നു

2017, ഡിസംബർ 24, ഞായറാഴ്‌ച

ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെ ചുംബിക്കണം




ചുംബനത്തെക്കുറിച്ച്
ആരോർക്കുന്നു.
ചോദിച്ചാൽ തന്നെ ചിരിച്ചു
കാണിച്ച് നടന്നു മറയുന്നത
ല്ലാതെ.
എങ്ങനെ ചുംബിക്കണം ?!
നിങ്ങളുടെ സങ്കൽപ്പത്തിലെ
ചുംബനത്തെക്കുറിച്ച് നിങ്ങൾ
ക്കിപ്പോൾ കൃത്യമായ ഉത്തരമു
ണ്ടാകാം.
പക്ഷേ, അന്ന് ;
ചേർന്നു നടക്കുമ്പോൾ
ഞൊടിയിടയിൽ
ചുണ്ടോട് ചുണ്ട് ചേരാതെ,
ആളൊഴിഞ്ഞ കോണിൽ
വിറയാർന്ന ചുണ്ടിൽ
ഭയപ്പാടോടെ,
മുറിയുടെ മൂലയിൽ
ചേർത്തമർത്തി
ചുട്ടുപൊള്ളുന്നൊരു ചുംബനം.
എന്നാൽ;
ഒരിക്കലും മറക്കാത, പറയാത്ത
ചുംബനമുണ്ടുള്ളിൽ
ആദ്യരാത്രിയിലെ ഊഷ്മള
പ്രണയത്തിന്റെ,
അന്ത്യയാത്രയിലെ പ്രാണൻ
പറിഞ്ഞു പോകുന്നതിന്റെ
ഇങ്ങനെയൊക്കെയല്ലാതെ
എങ്ങനെ ചുംബിക്കണം


2017, ഡിസംബർ 23, ശനിയാഴ്‌ച

ഭൂമി





അനന്തകോടി ജീവനെ പോറ്റി
വളർത്തുന്നമ്മയാം ഭൂമി
വിളമ്പി വെച്ചിരിക്കുന്നാഹാരം
എല്ലാർക്കും തുല്യമായ്
തമസ്സിനെയകറ്റി തേജോമണ്ഡ
ലമേകി പ്രകൃതി
മക്കളെയെല്ലാം ഒരേസ്നേഹാ -
ക്ഷരത്തിൽ കോർത്തു നിർത്തി
 പ്രാണാഗ്നിയിൽ ചേർത്തുസൂര്യാ
ഗ്നിയും
കെട്ടുപോകാതെ കാത്തുസൂ
ക്ഷിച്ചു.
എത്രകോർത്തു വെച്ചാലും
ചേർന്നുനിൽക്കുന്നില്ല മാനവൻ!
ഓരോ ജീവനിലും പലപല രസാർ
ണവം
വെളിച്ചത്തിൻ ഗർഭത്തെ അലസി
പ്പിക്കുന്നു ചിലർ
തമസുമായ് കൂട്ടുചേർന്ന് നിഗ്രഹി
ക്കുമാകാട്ടാളർ
അമ്മതൻ കരചരണങ്ങളെ തളയ്
ക്കുന്നു
കിരാത വാഴ്ച്ച നടത്തുന്നു
എല്ലാം വെട്ടി പിടിക്കുന്നു ,കൂടപ്പിറപ്പു
കളെ ഏഴകളാക്കീടുന്നു
തളിർക്കും താരിനെ വെട്ടി, ചുരത്തും
ക്ഷീരമെല്ലാം ചുണ്ടിലൊതുക്കി
മഹാമധുവാകുമീ ലോകം അവർ
 സ്വന്തമാക്കി
കാമക്രോധങ്ങൾകൊണ്ട് പ്രാണനെ
കെടുത്തുന്നു
സ്നേഹമാംബ്ഭൂമി മാതാവിനെ ചാട്ടയ്ക്കടിക്കുന്നു.
അമ്മതന്നഗ്നിയുണ്ടിടനെഞ്ചിൽ
പിടയുന്നു.
ഉള്ളകം ചുട്ടുനീറുന്നുണ്ടറിയാതെ
 പോകല്ലേ
അറിയാതെ തൂവിയാൽ മുടിഞ്ഞു
പോം നിൻകുലം.



2017, ഡിസംബർ 22, വെള്ളിയാഴ്‌ച

ചില പ്രണയങ്ങൾ




ചില പ്രണയങ്ങൾ
പറഞ്ഞു പറഞ്ഞാണ് പിറക്കുന്നത് .
ഒരു ദിവസം
പറഞ്ഞു കൊണ്ടിരിക്കേ
എല്ലാം പറഞ്ഞു കഴിഞ്ഞതുപോലെ
ഒന്നും പറയാനില്ലാതാകുന്നു.
പിന്നെ;
അടുപ്പത്തിനൊരകലം
കടുപ്പത്തിലൊരുവാക്ക്
എല്ലാ തിരക്കുകളും മാറ്റി വെച്ചവർക്ക്
എന്തെന്നില്ലാതൊരു തിരക്ക്.
പൊടുന്നനെ,
ഊഷ്മളതയില്ലാത്ത കുറേ വാക്കുകൾ
( പ്രണയമുണ്ടെന്ന് തോന്നിക്കുന്നത് )
മണിക്കൂറുകളോളം പറഞ്ഞു കൊണ്ടി
രുന്നവർ
മിണ്ടുന്നത് മിനിട്ടുകൾ മാത്രം.
അല്ലെങ്കിൽ,
കണ്ടില്ലെന്ന് നടിക്കുന്നു
പതഞ്ഞു തൂവിയത് പുകഞ്ഞു തുടങ്ങുന്നു
അങ്ങനെ .........
പത്രാധിപരുടെ മേശയിലെ കവിത പോലെ
വായിക്കപ്പെടാതെ
ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലേക്ക് പ്രണയം.

2017, ഡിസംബർ 21, വ്യാഴാഴ്‌ച

ഓർമ്മ




ഉറയിലിടാൻ നേരമില്ല
ഓർമ്മയുടെ ഉടവാളിനെ .
ചെറുക്കുവാൻ കഴിയാത്ത
ചാവുകാലങ്ങളിലും കൂട്ടു
വരുന്നത് ഓർമ്മകൾ
തുകിലു കൊണ്ടു തുന്നി
വെച്ച
പുസ്തകമാണ് ഓർമ്മ
പുറകോട്ട് മാത്രം ഒഴുകു
ന്നനദി
മരണശേഷം മക്കൾക്ക്
നൽകുന്ന സ്വത്ത്.

2017, ഡിസംബർ 20, ബുധനാഴ്‌ച

മരിച്ചാലും....!




ഒരു പാത്രത്തിൽ വെച്ചുണ്ടു
ഒരു പായയിൽ തന്നെയുറങ്ങി
ഒരു നിലാവിൻ നീരാളം ഒന്നിച്ചു
പുതച്ചുനാം
ഒരേ മനസ്സായുണർന്നു
ഒന്നെന്നു മാത്രം നിനച്ചു .
പിന്നെയെന്നാണു നാം രണ്ടായ്
പിരിഞ്ഞത്
ഞാനും നീയുമായത്
മിണ്ടാട്ടമൊഴിഞ്ഞത്
കണ്ടാലറിയാതായത്
ഒറ്റമുറിയിലൊരു ലോകംതീർത്തനാം
ഓരോരോ വീട്ടിലായത്
എത്രയും അടുത്തെങ്കിലും
അത്രയും ദൂരെയായത്
മതിലുകെട്ടിപ്പൊക്കി മനസ്സിനെ മറച്ചത്.
പിന്നെയറിഞ്ഞില്ല നാം നമ്മേ
വിലയിട്ടു പകുത്തു പോയവർ.
ജാതിയും, മതവും കൂടുകൂട്ടിയ
മനസ്സിൽ
കുരുതിതൻ കണക്കുകൾ കൂട്ടി വായിപ്പൂ
ഭ്രമജീവിതം
പേയിളകിയ ശുനകജീവിതം എന്തിനായ്
പകുത്തിടുന്നു
പുററിനുള്ളിലെ ചിതലുപോലെ
എന്തിനായിപാഞ്ഞിടുന്നു.
ഇനിയും തിരിച്ചു വരില്ലെന്നോ കഴിഞ്ഞു പോയൊരാ കാലം
കാത്തു കാത്തു വെച്ചുള്ള പവിത്രമാം
മൈത്രികൾ
മരിച്ചാലും മറക്കുവാൻ കഴിവതെങ്ങനെ
സൗഹൃദം
നീ വിളിക്കുകിൽ മരിച്ചാലും ഞാനുണരു
വതുനിശ്ചയം

2017, ഡിസംബർ 19, ചൊവ്വാഴ്ച

സമസ്യ




കാലത്തിന്റെ വിരിമാറിലൂടെ
അവൻ നടന്നു
ആ നീണ്ട യാത്രയിൽ കാലപ്പ
കർച്ചകൾ പലതും കണ്ടു
കരിയിലക്കാറ്റായ് കറങ്ങി,
കരിവേനലിൽ കരുവാളിച്ചു നിന്നു,
കാനൽജലമായി.
കണ്ടില്ല തളിർത്തൊത്തുകൾ,
തടാകങ്ങൾ, തടിനികൾ ,വസന്ത
ങ്ങൾ
ജീവിതം പ്രഹേളിക.
കേട്ടില്ലആരും നിസ്സഹായ മനസ്സിൻ
രോദനങ്ങൾ
ഒറ്റപ്പെട്ട രാത്രികളിൽ ആയിരം സുഷിര
ങ്ങളാഴ്ത്തിയ ആത്മനൊമ്പാരങ്ങൾ.
അമ്മേ, ഓർമ്മയുടെ താമ്രശിലയിൽ
കൊത്തിവെച്ച ലിപിയാണമ്മ.
കാലം തലയിൽ കാരമുള്ള് തറച്ച്
വാഴപ്പോളത്തോണിയിലേറ്റി എന്നെ
ഒഴുക്കിയിരിക്കുന്നു
നദിയുടെ രൗദ്ര ഭീകരതയിൽ ഏതോ
പാതാള ഗർത്തത്തിലേക്ക് ഞാനൊഴു
കുന്നു
ജീവിതം യാത്രയാകുന്നു സന്തോഷത്തി
ന്റെ, സങ്കടത്തിന്റെ സമസ്യയാകുന്നു.







2017, ഡിസംബർ 18, തിങ്കളാഴ്‌ച

വിവാഹം



അവരെന്നും കണ്ടുമുട്ടും
ചിരിയുടെ ചെണ്ടുമല്ലിക
കൈമാറും
ഒരുനാൾ അവൻ അവ
ളോട് പ്രണയം പറഞ്ഞു
കൂർത്ത മതമുളളിൽ
കോർത്തതുപോലെ
ഒരു നിമിഷം ഓർത്തു
നിന്നവൾപറഞ്ഞു:
പ്രണയം പൈങ്കിളിയാവരുത്
ഞാനായി ഞാനും, നീയായി
നീയും നിൽക്കണം
എന്നെ ഞാനായി നിനക്ക്
കാണുവാൻ കഴിയുമോ?
നീയായി നിനക്ക് എന്റെ
ജീവിതത്തിലേക്ക് വരാൻ
കഴിയുമോ ?!
അവൻ ഒരു സൂര്യകാന്തി -
പൂവായി പൂത്തു നിന്നു.


2017, ഡിസംബർ 17, ഞായറാഴ്‌ച

ചരക്ക്




ഡിസംബറിലെ മഞ്ഞ്
വെള്ളക്കടലാസു പൂക്കളെ
വിരിയിച്ചിരിക്കുന്നു
വരണ്ട ചിന്തകൾ വെളുപ്പിനേ
 വന്ന്
പൂണ്ടടക്കം കെട്ടിപിടിക്കുന്നു
പടപട ശബ്ദം വാരിവിതറി
യൊരുവണ്ടി
 പാലം കടന്നു പോകുന്നു
ഗലികൾ തോറും കാത്തിരിക്കുന്നു
ഗണികകൾ.
നരച്ച പകലുകൾ, നുരച്ചുപൊന്തുന്ന
യുവത്വം
ആഴമേറിയ ചിന്തകൾ, ആർത്തി
പൂണ്ടകണ്ണുകൾ
ഭീതി പാടകെട്ടിയ ഇടവഴികൾ
ഇടയ്ക്കിടേ കുട്ടികളുടെ കരച്ചിൽ
ചീഞ്ഞുനാറുന്ന ഓടകൾ
നീറി പിടയുന്ന വൃദ്ധത്വം
മരണ മഞ്ഞയായ് പൂത്തുനിൽ
ക്കുന്നു
മേലെ സൂര്യകൊടിപ്പടം
വിട്ടുമാറുന്നില്ല കദനം
പുലരിയിൽ പോകും പെൺകൊടി
കൾ
തിരിച്ചെത്തുന്നില്ല സന്ധ്യയിൽ
കാണാതാവുന്നവർക്കൊരേ മുഖം
വന്നു കേറുന്നിരവുപോൽ
വിൽപ്പന ചരക്കാവുന്നു ജീവിതം
വിലയില്ലാ ചരക്കാകുന്നു.

2017, ഡിസംബർ 16, ശനിയാഴ്‌ച

വിനോദ സഞ്ചാര കേന്ദ്രം




ഡിസംബറിലെ തണുപ്പ് വന്നെത്തി
യിരുന്നില്ല
അതോ ക്രിസ്മസിന് ഒന്നിച്ച്
വരാമെന്ന് കരുതിയോ.
കുന്നിനെ വലം വെച്ച് പോകുന്നൊരു
ജലരേഖ
പഴയ കടത്തുള്ളൊരു പുഴയായിരുന്നു
ഇന്ന് കാലടി നനച്ച് കടന്നു പോകുന്നു.
ചിക്കുപായയിൽ നെല്ല് ചിക്കിയതുപോലെ
മാത്രം മണൽത്തരികൾ.
കഴിഞ്ഞ കാലമോർമ്മിക്കാൻ കരുതിയ
പോലെ
കാക്കക്കാലു കോറിയ വരഞ്ചാൽ.
കൊള്ളിന് വെച്ച കോണിപോലെ
കുന്നിലേക്കുള്ള നടപ്പാതയെന്ന് അച്ഛൻ
പറഞ്ഞു കേട്ടിട്ടുണ്ട്
ഇന്ന് നാലുവരിപാത പോലെ തലങ്ങും
വിലങ്ങും വാഹനങ്ങൾ.
അന്ന് കണ്ണെത്താമുകളിൽ കുന്ന്
കുന്നിൻ നെറുകയിൽ മൈതാനം,
കാടുകൾ, അരുവികൾ, കുരുവികൾ.
ഉദയാസ്തമയങ്ങൾ കാണാൻ
അകലെ നിന്നും ആളുകൾ എത്തുമായി
രുന്നു പോലും.
കാലങ്ങൾ കഴിഞ്ഞപ്പോൾ ഉദയാസ്തമയ
കുന്ന് ആത്മഹത്യാമുനമ്പായി.
ചത്തവരെ കൂട്ടി വെച്ചാൽ കുന്നോളം വരു_
മ്പോലും.
പിന്നെ കൈവരിയായി, കാവൽക്കാരായി,
കരാറുകാരായി
കുന്നുപോലെ കുപ്പിവെള്ള കടകളായി
കുന്ന് കുനിഞ്ഞ് കുനിഞ്ഞ് കുന്നിക്കുരു
പരുവമായി
ഇന്ന് മലകേറുവാൻ തിക്കും തിരക്കുമാണ്
കാടില്ലാത കാലത്ത് എങ്ങുനിന്ന് - നോക്കിയാലും ഉദയാസ്തമയം കാണാമെ
ന്നിരിക്കെ
ഉദയാസ്തമയം കാണാനോ, ആത്മഹത്യ ചെയ്യാനോ അല്ല.
വിനോദസഞ്ചാരമെന്ന പേരിൽ
നേരമ്പോക്കാനൊരു കുന്നെന്ന്
സെൽഫിയെടുത്ത് മടങ്ങുന്നു

2017, ഡിസംബർ 15, വെള്ളിയാഴ്‌ച

പ്രണയം ഇങ്ങനെ ...!





പ്രണയത്തെ എങ്ങനെ
വ്യാഖ്യാനിക്കും.
അത് വിശ്വാസം,നിഗൂഢം.
വികാരവായ്പോടെ, ആദ്രത
യോടെ
അനുഭവിക്കേണ്ടത്,
സ്നേഹത്തോടെ ജീവിച്ചു
തീർക്കേണ്ടത്.
പ്രണയത്തിന്റെ വളവുതിരി
വുകളിലൂടെ,
പളുങ്ക് പാതയിലൂടെ നാം
സഞ്ചരിക്കുന്നു.
ചരൽ പാതകളും,മുൾക്കാടു
കളുംഅന്യമല്ല.
പ്രണയം ആരെയും അനുസരി
ക്കുന്നില്ല
അതിനെ വായിച്ചെടുക്കാൻ
കഴിയില്ല.
പ്രണയത്തെ വ്യാഖ്യാനിക്കരുത്
മാഞ്ഞുപോകും പ്രണയത്തിന്റെ
മായാജാലം.

2017, ഡിസംബർ 14, വ്യാഴാഴ്‌ച

സ്വന്തം




ലോകമേ തറവാട് എന്നു നിനച്ചോർ
നമ്മൾ
പിച്ചവെച്ചേറീടവേ പതുക്കെ സത്യം
കാൺമൂ
ഒരു തുണ്ടില്ലാഭൂമി, തലചായ്ക്കുവാനിട
മില്ല
സ്വപ്നങ്ങൾ പോലും സ്വന്തം ഇല്ലാതെ
പോയോർ നമ്മൾ
ഇരുളോ വെളിച്ചമോ എന്തു തന്നെയാ - കിലും
ഇല്ലായ്മകൾപോലും ഇല്ലാതലയേണ്ടോർ
ഉറ്റതായൊന്നുമില്ല ഒറ്റയൊറ്റയായ്പോയ്
തെറ്റുചെയ്തിട്ടില്ലൊന്നും ,പിറന്നു പോയ
തേ തെറ്റോ?!
നുകർന്നിട്ടില്ലിന്നോളം മൊഴി മധുരമൊട്ടുമേ
പകർന്നു തന്നിട്ടില്ലാരും കൊതിച്ചു പോയീടുന്നു
വിശപ്പിന്നിതിഹാസം ഞങ്ങൾക്കു മാത്രം
സ്വന്തം
നോവിന്നു പനിഷത്തിൽ പാണ്ഡിത്യം
ഞങ്ങൾക്കു മാത്രം
ഭാരങ്ങൾ ചുമക്കുന്നു ഭീരുത്വം മാത്രം
ബാക്കി
ഏകാന്തത വായിച്ച് തൃപ്തരാകും
ഞങ്ങൾക്ക്
സൂര്യചന്ദ്രൻ മാരേകും വെളിച്ചം മാത്രം
കൂട്ട്.

2017, ഡിസംബർ 13, ബുധനാഴ്‌ച

കണ്ണുനീർത്തുള്ളി




വറ്റിയില്ലിന്നോളം അമ്മതൻ
കണ്ണീര്.
വറ്റുകളെല്ലാം വടിച്ചു തരുമ്പോഴും
മുണ്ടു മുറുക്കി വെള്ളം കുടിക്കുമ്പോഴും
വെള്ളില പോലെ വിളർത്തുള്ളൊരമ്മതൻ
കണ്ണീരു വീണ് തിളങ്ങും കവിൾത്തടം.
കൊറ്റിയുദിക്കുന്നനേരമച്ഛൻ
കൊറ്റിനായ് കൊള്ളിറങ്ങുന്ന തൊട്ടേ
കാത്തിരിക്കുന്നു കണ്ണീരുമായി.
പാതിരാ പുള്ള് കരഞ്ഞീടവേ
കൈമെയ് തളർന്നച്ഛനെത്തീടവേ
തൊണ്ടയടഞ്ഞു തെറിച്ച തേങ്ങൽ
തേനൂറും ചിരിയാക്കി നിൽക്കുമമ്മ.
പട്ടിണി വിട്ടുമാറാത്ത കാലം
കർക്കിടക്കോള് തിമർക്കും കാലം
പിടിയരിക്കലം പോലുമൊഴിഞ്ഞ കാലം
കണ്ണീരും കൈയ്യുമായ് കഴിയും കാലം
ഉപ്പിട്ട കണ്ണീരു മാത്രം കുടിച്ചമ്മ
കെട്ടിപ്പിടിച്ചു കിടന്നിരുന്നു
കുട്ടനെ നന്നായി കാത്തിരുന്നു.
കന്നത്തം കാട്ടി കളിച്ച കാലം
കള്ളത്തരം കാട്ടി നടന്ന കാലം
കണ്ണീരിനാൽ കുഞ്ഞു മുഖം തലോടി
ഉൺമകൾ നുള്ളിതരുന്നു അമ്മ.
അമ്മയേക്കാളിന്ന് മക്കളെന്നാൽ
അമ്മയ്ക്ക് വേവലാതി മാത്രമിന്നും
എത്ര നാം സാന്ത്വനിപ്പിച്ചെന്നാലും
വറ്റുന്നതില്ലിന്നുമാ കണ്ണുനീര്.


2017, ഡിസംബർ 12, ചൊവ്വാഴ്ച

ഇന്നും.......!




ഇരിക്കാനല്പം പോലും ഇടനൽകി
യില്ലല്ലോ
നടപ്പാണല്ലോയിന്നും ജനിച്ചന്നുനാൾ
തൊട്ടേ
വഴിയോരത്തെ തണൽ,വീട്ടിനുമ്മറ -
ക്കോണും,
ഉച്ചയ്ക്കു തെക്കൻകാറ്റു വിരിച്ചതഴപ്പായ
ഒന്നുമേ നമുക്കല്ല ചപ്പടിച്ചീടുക നാം
തീക്കായാനൊരു കൂട്ടർ ഒരുങ്ങിയിരിപ്പുണ്ട്.
മുട്ടുവേദനയെന്നോ,മുടന്തി മുടന്തി നാം
പഴമ തൈലംകൊണ്ട് പതുക്കേ തടവുക
ശീതളതളിർ നുള്ളാൻ നമുക്കവകാശമില്ല
അത്യുഷ്ണ രസായനം പണ്ടേ കൂടിപ്പോർ
നാം .
പ്രണയപൂങ്കാവനം കണ്ടതില്ലിന്നു വരെ
പ്രാണനിൽ എന്തെന്നത് അറിഞ്ഞതില്ലി
ന്നുവരെ
കാല സാഗരങ്ങളതെത്ര കടന്നു നമ്മൾ
കോടി ജന്മങ്ങളെത്ര മനസ്സാൽ തൊട്ടു
നമ്മൾ.
കണക്കു പുസ്തകതാളിൽ കാലം കുറിച്ചു -
ണ്ടാകാം
അന്യമായ് തീർന്നുള്ളൊരു ബാല്യകൗമാര
ക്കാലം
തുമ്പിയെ, പൂമ്പാറ്റയെ, പാട്ടിന്റെ യാകാശ
ത്തെ ,
പുല്ലിനെ, പൂവുകളെ, മാറുന്ന ഋതുക്കളെ
കതിരായ് തുടുക്കാത, പാട്ടായ് പൊഴിയാത,
പുഴയായൊഴുകാത, തുഴയായ് തുഴയാത,
തുണയായ് തഴുകാത
വിശപ്പിൻ കനൽ മാത്രം ഊതിയൂതി പെരു
പ്പിച്ച
ഞാറ്റുവേലയും, ഞാറ്റു പാട്ടുകളുമില്ലാത.
വെറിയാട്ടത്തിൻ വെറും പഞ്ചാരിപ്പെരുക്ക
ങ്ങൾ
കണ്ടുമടുത്തുള്ളൊരു കാലത്തിന്നരികിലേ
പ്രാണനെ ചുമന്നന്നു നടന്നു പോയൊരു കാലം.
ഇരിക്കാനിന്നും അല്പം ഇടം കിട്ടിയില്ലല്ലോ
നടപ്പാണല്ലോയിന്നുംഎങ്ങോട്ടെന്നറി
യാതെ.

2017, ഡിസംബർ 11, തിങ്കളാഴ്‌ച

ചൂട്

ചൂട്



മഴയൊട്ടു മാറി പുറന്തിരിഞ്ഞേ
യുള്ളു
മിഴിചുട്ടു നീറുന്ന ചൂട്
മൊഴിമുട്ടി നിൽക്കുന്ന ചൂട്
പഴി പറഞ്ഞീടുന്നുചൂട്
പിഴയെന്തിനായി,യീച്ചൂട്.
കിണറിലെ വെള്ളം കുടിക്കാൻ
കൊതിയൂറി നിൽക്കുന്നു ,വുള്ളം
കുളിരുള്ളിലൽപ്പം കലർന്നാൽ
ക്ഷീണം ക്ഷണികമായ് മാറും
കാണുവാൻ കിണറില്ലിന്നെങ്ങും
ഈ മനസ്സാം പഴങ്കിണറിന്നാശമാത്രം.
കുഴൽക്കിണർ മാത്രമാണെങ്ങും
കുപ്പയിലും കുത്തിടുന്നു.
കുപ്പിവെള്ളം മാത്രമെങ്ങും
കൈയ്യിൽ ഗമയിലിരിപ്പൂ.
കുണുങ്ങി കുണുങ്ങി കറുമ്പി -
കുന്നിറങ്ങുന്ന വെളുമ്പി
കുറുമ്പു കാട്ടിത്തുള്ളിച്ചാടും
നീർച്ചോലയെങ്ങുമേയില്ല
കൊഞ്ഞനം കുത്തി കൈത്തോ
ട്ടിൽ
കൊഞ്ചിക്കുഴയലുമില്ല
കുളമില്ല, പുഴയില്ല, കിണറില്ല, കണ്ണില്ല,
മൂടില്ല, മുലയില്ലു,ടലുമില്ല
തലയില്ല, മലയില്ല, തണലില്ല, തടമില്ല
തിടം വച്ചു നിൽക്കുന്ന ചൂടു മാത്രം
മിഴിചുട്ടു നീറുന്നചൂട്
ഉടൽവെന്തു നീറുന്ന ചൂട്.





2017, ഡിസംബർ 10, ഞായറാഴ്‌ച

ബാക്കി



അനിവാര്യമാകുന്ന
അനേകം യാത്രകളുണ്ട്
കനമില്ലാത കൈകളാൽ
മാടി വിളിക്കുന്ന
അരൂപിയായ അനവധി
ദുരന്തങ്ങളും.
തീക്ഷണ ജീവിതത്തിന്റെ
ബാക്കി പത്രങ്ങൾ.
മാറി മറയുന്ന മണൽക്കുന്നു
കളും, കുഴികളും ജീവിതം.
പൊള്ളുന്ന കണ്ണീരിൻ നനവ്
മാത്രം ബാക്കി.

2017, ഡിസംബർ 9, ശനിയാഴ്‌ച

വായനശാല




വായനശാലയിൽ
വിദ്യാർത്ഥികളേറെ
ഒച്ചപ്പാടുകൾ, ബഹളങ്ങൾ.
വായനശാലയിൽ
വായനകളേയില്ല.
മൊബൈൽ ഫോൺ -
ഗെയിമുകൾമാത്രം.
ചുമരിൽ ഇ.എം.എസിന്റെ
ചായാചിത്രം.
ചരിത്രത്തിന് മുമ്പേ നടന്ന
മഹാൻ.
സ്കൂളിൽ ഞങ്ങൾ ഒറ്റ
ബെഞ്ചിൽ
കൃഷണന്നും, ഖാദറും, വർഗ്ഗീസും
തൊട്ടു തൊട്ടിരിക്കുന്നു.
കോപ്പി പുസ്തകത്തിൽ
പശു പലതരം പാൽ ഒരു നിറം
വരി തെറ്റാതെ വടിവിലെഴുതുന്നു.
ചരിത്രം മനസ്സിൽ ചുരമാന്തുന്നു
ഒരായിരം ചുവന്ന പുഷ്പങ്ങൾ
വിടരുന്നു


2017, ഡിസംബർ 8, വെള്ളിയാഴ്‌ച

പാലം




പാലം പണിയുവാൻ
പല ദേശക്കാരെത്തി.
പല ഭാഷകൾ,പലവേ
ഷങ്ങൾ, പലപേച്ചുകൾ ,
ലോറികൾ, ക്രയിനുകൾ,
പാറ പൊട്ടിക്കലുകൾ,
കൂക്കിവിളികൾ, ഭർത്സ -
നങ്ങൾ, ബഹളം എങ്ങും
ബഹളം
പണി,രാപ്പകലില്ലാതെ
പണി.
പാലം പണിയിൽ പലരും
മരിച്ചു
പാറയിൽ വീണ് തലതല്ലി ,
പാറ തലയിൽ വീണ്‌,
വഞ്ചിമറിഞ്ഞ്, ചെളിയിൽ
പുതഞ്ഞ് .
കണ്ണീരും, ചോരയും,വിയർ
പ്പുംചേർത്ത്
പടുത്തുയർത്തി പാലം.
മരിച്ചവരെല്ലാം ഉയിർത്തെ
ഴുന്നേറ്റ്
ജാഗ്രതയോടെ കാക്കുന്നു
പാലം
ചിലർ തൂണായി താങ്ങി
നിർത്തി,
പാറയായ് പരപ്പേറി, ചെളി
യിൽപുതഞ്ഞ് ഉറപ്പായി
കാലമാം പാലത്തിലൂടെ
എത്രയെത്ര
ജന്മങ്ങൾ കടന്നു പോയി.
ഇന്നും പാലം പാലമായ്
നിൽക്കുന്നു
പലവുരു കേട്ടിട്ടുണ്ട് പോലും
പലരുംപല രാത്രികളിൽ
മരിച്ചു പോയവരുടെപല ഭാഷ
കളിലുള്ള
വർത്തമാനങ്ങൾ
അവരായിരിക്കുമോ ഇപ്പോഴും
 പാലംതാങ്ങി നിർത്തുന്നത്.



2017, ഡിസംബർ 7, വ്യാഴാഴ്‌ച

പ്രണയിനിക്ക്




കൗമാരത്തിന്റെ കാവുകളിൽ,
സ്നേഹത്തിന്റെ സൈകതത്തിൽ
പനയോലത്താളിൽ കുറിച്ചിട്ട
ഇഷ്ട്ടപ്പെരുമഴയുടെ
ആലവാലത്തിൽ നനഞ്ഞ്
വികാരങ്ങളുടെ വിശറിയായ്
വിലോല താളത്തിൽ തുടിച്ചിരുന്നു.
പ്രണയം, വസന്തകാല പൂക്കളായിരുന്നു ,
ശലഭങ്ങളായിരുന്നു.
ദലമർമ്മരങ്ങളും, കാട്ടരുവിയും, പ്രാർത്ഥ
നയുമായിരുന്നു.
പർവതത്തിന്റെ പ്രശാന്തിയും, താഴ്വര
യുടെ താരുണ്യവുമായിരുന്നു.
അനുരാഗികൾ, മഴ പെയ്യുന്ന മരച്ചില്ല
കളും, വെയിൽ പൂക്കുന്ന ഇളം ചെടി
കളും.
നിലാവുള്ള രാത്രികൾ സ്വപ്നങ്ങൾ
പൂക്കുന്ന
പവിഴപ്പാടങ്ങളായി .
ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടം
ജലകണികകളുടെ നറുമണികളായ്
വിവർത്തനം ചെയ്യപ്പെട്ടു.
ആലസ്യങ്ങളുടെ അരുണിമയിൽ നിന്നും
പ്രഭാതങ്ങൾ പിറവിയെടുത്തു.
ഇന്നുമുണ്ടാപ്രണയമുളളിൽ .
പ്രീയേ, പാതിതുറന്ന നിന്റെ ചുണ്ടിൽ
പ്രണയത്തിന്റെ ഒരു ചെണ്ടുമല്ലിക
ഞാൻ വിരിയിക്കുന്നു

2017, ഡിസംബർ 6, ബുധനാഴ്‌ച

എരിഞ്ഞു തീരുന്ന ജന്മങ്ങൾ




നിരാലംബരെ കാണുമ്പോൾ
നിന്നുപോം നിർന്നിമേഷനായ്
എന്തിനീ ജന്മങ്ങളായിരം
നീറിപ്പിടയുന്നു മാനസം
ജീവരാഗമായ് പെയ്തുനിൽ
ക്കേണ്ട ജീവിതം
ക്രൂര കൈകളിൽ പെട്ടുപോയല്ലോ.
കറുകനാമ്പായ് തളിർക്കേണ്ടവ
കടയോടെ കരിഞ്ഞു പോന്നല്ലോ
പ്രണയാർദ്രമാകേണ്ട ഹൃദയങ്ങൾ
വിരഹാഗ്നിയിൽ പിടഞ്ഞു പോന്നല്ലോ
ശുകമായ് പാടേണ്ട ഗളങ്ങളിൽ
ഗദ്ഗദം മാത്രമല്ലയോ
അഗ്നിക്കോലങ്ങൾ കെട്ടി
കരിക്കട്ടയാകുന്നു ജന്മം
വിശപ്പിൽ വീണ ജന്മങ്ങൾക്ക്
വേദമോതുന്നു ദൈവം
വേദനതൻ പൊതിച്ചോറ്
വിളമ്പി വെയ്ക്കുന്നു ദൈവം
രമ്യഹർമ്യങ്ങളിൽ ചെന്ന്
രമിച്ചു മദിക്കുന്നു ദൈവം
പണക്കാരന്റെ പിൻമ്പേ നടക്കുന്ന
പിമ്പാകുന്നു ദൈവം
എവിടേയ്ക്കെവിടേയ്ക്ക് നോക്കി
യാലും
ധൂമം നിറഞ്ഞൊരു ലോകം
ഈയാംപാറ്റകളാകുന്നു
അരികുപറ്റിയ ജീവിതങ്ങൾ
എരിഞ്ഞു തീരുവാൻ മാത്രമായ്
എന്തിനു നൽകിയൊരു ജന്മം.



2017, ഡിസംബർ 4, തിങ്കളാഴ്‌ച

കെടാവിളക്ക്




കെടാവിളക്കാണെന്നമ്മ.
ദിനവും നെയ്വിളക്കായ്
ജ്വലിച്ചു നിൽക്കുന്നുവെൻ
ഹൃത്തിൽ.
അമ്മയാണെന്നിലാദ്യനാളം
തെളിച്ചത്
ആനാളമിന്നുമെന്നിരുട്ടിനെ
യകറ്റി
വഴിയിൽ വെട്ടം തെളിക്കുന്നു.
അറിവിന്റെ അഗ്നിയാമക്ഷരം
തന്നുള്ള
പക്ഷിയാണെനിക്കെന്റെയമ്മ.
പിച്ചവെപ്പിച്ചെന്നെ പച്ചയും,
മഞ്ഞയും
പാടിപഠിപ്പിച്ചതമ്മ.
വീട്ടിലുള്ളോരോ മൺ തരിയിലു-
മറിയാം
അമ്മതൻ ആശ്ലേഷ ചൂട്.
പ്രാണനിൽ സ്നേഹതീ ഊതിയൂതി
പെരുപ്പിച്ച്
സൂക്ഷിച്ചു വെച്ചു തന്നതെന്നമ്മ.
മിന്നിമിന്നി നിൽക്കും മിന്നൽ
സ്വർണ്ണമല്ലെന്ന്
പഠിപ്പിച്ചു തന്നതുമമ്മ.
അണഞ്ഞാലുമണയാത്ത
അക്ഷയ അഗ്നിയാണെന്നെന്നു
മെനിക്കെന്റെയമ്മ

അഗ്നി




പെരുമീൻ ഉണരുംമുമ്പേ
എരിപൊരിയാണുള്ളിൽ
കരുവാന്റെ ഉലപോലെ
പൊരിയുയരും തീയുള്ളിൽ
അടുപ്പിൽ തീയുണർന്നിട്ടി-
ല്ലിന്നോളം
രാവിലെ,യീ കൂരയിൽ
അഗ്രസ്ഥാനമടുക്കള എന്നൊ
ന്നില്ലീ കൂരയിൽ
പചിക്കുവാനൊരിക്കലും പാക-
മില്ലരാവിലെ
കൊറ്റിന്നന്നവും തേടിയിറങ്ങുന്നു
ഇരുൾ വെളുപ്പിനേ
കത്തും കൊള്ളിയായലയുന്നു
ഉടുമുണ്ടു മുറുക്കുന്നു
തീപ്പൊരിച്ചിന്തയും തിന്ന്
അഗ്നി തീർത്ഥം കുടിക്കുന്നു
അഗ്നിയാണ് ജീവിതം
പൊള്ളൽ പാട് പെരുകുന്നു
താഴെ പട്ടിണി ചൂട്
മേലെ സൂര്യന്റെ ചൂട്
ഇരുതല കത്തുന്ന ചരടായി
ജീവിതം
അഗ്നിതൻ വ്യാഘ്രം മുന്നിൽ
വാപിളർന്നു നിൽക്കുന്നു
എങ്കിലും, തുഷ്ടിയുണരുന്നു
ശിഷ്ടജീവിതം സ്വപ്നം കാണുന്നു
അന്തിക്ക് അന്നവുമായി
തിരിച്ചെത്തുവാൻ തിടുക്കം കാട്ടുന്നു.
അയലത്തു നിന്നൽപ്പം
ചിരട്ടയിൽ കനലളക്കുന്നു
വീട്ടുമുറ്റത്ത്ചൂടേറ്റ്
അഗ്നി ലീലയിൽ രസിക്കുന്നു.

2017, ഡിസംബർ 3, ഞായറാഴ്‌ച

കാലം




നെഞ്ചേറ്റിയോരോർമ്മകൾ
ഉള്ളിൽ കളിക്കുമ്പോൾ
അഞ്ചു വയസ്സുള്ള കുട്ടിയാകുന്നു
ഞാൻ.
തഞ്ചത്തിൽ മാവിന്റെ തുഞ്ചത്തി
ലേറിയും
ചില്ലയൊടിഞ്ഞതും പൊത്തോന്ന്
വീണതും
കുഞ്ഞു സുഹറ പേടിച്ചു കരഞ്ഞതും
സുകൃതം കൊണ്ടൊന്നുമേ പറ്റാതിരു
ന്നതും
പാത്തുമ്മ മന്ത്രച്ചരടുമായ് വന്നതും
മന്ത്രിച്ച വെള്ളം കുടിക്കുവാൻ തന്നതും
പനിക്കോളുകൊണ്ടു ഞാൻ തുള്ളി
വിറച്ചതും
രാ,ചുരമേറി പനിയെങ്ങോ മറഞ്ഞതും
സുഹറ തട്ടത്തിൽ പൊതിഞ്ഞു കൊണ്ടു
ത്തരും
ഉപ്പും, മുളകുമായ് മാങ്ങ പങ്കിട്ടതും
പള്ളിക്കൂടത്തിനരികിലെ പുളിമര-
ച്ചോട്ടിൽ മധുര പുളിതിരഞ്ഞീടവേ
ചേരപ്പാമ്പൊന്നു പുളഞ്ഞങ്ങു പാഞ്ഞതും
അലറി വിളിച്ചു കൊണ്ടോടിയ സുഹറ
കെട്ടിപ്പിടിച്ചെന്നെ പൊട്ടിക്കരഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാനിന്നും
കെട്ട കാലത്തിലെ കാഴ്ചയ്ക്കുമുന്നിലും.
മത, ജാതി, ഉപജാതി വർഗ്ഗീയതകളാൽ
ഇന്നെന്തെന്തു കോലാഹലങ്ങളാണെ
ങ്ങെങ്ങും.



2017, ഡിസംബർ 2, ശനിയാഴ്‌ച

ഒരു സന്ധ്യയിൽ





സന്ധ്യ സിന്ദൂരം തൊട്ടു
നിൽക്കുന്നു പുഴക്കരെ
സുഹൃത്ത് സൗഹൃദം ചൊല്ലി
പിരിഞ്ഞു പോയീടുന്നു
അടുത്തല്ലോ ചായക്കട
പോയിടാമവിടേക്ക്
ചൂടു സുലൈമാനി ,ഊതിയൂതി
കുടിക്കാം
ഇനിയും വൈകും ബസ്സ്,വേണ്ട
തിരക്കൊട്ടുമേ.
ചൂടു സുലൈമാനി വന്നു, പൊള്ളും
കലത്തപ്പം
കഴിക്കാനെടുക്കവേ കണ്ണൊന്നു
പാളിപ്പോയി.
പീടിക കോലായിലെ തൂണുചാരി നിൽ
ക്കുന്നു
മെലിഞ്ഞു വയറൊട്ടി, എല്ലുന്തിയു
ള്ളൊരു ബാലൻ
നോട്ടമെൻ പാത്രത്തിലും പിന്നെയെൻ
മുഖത്തുമായ്
നോട്ടം കൂട്ടിമുട്ടുമ്പോൾ മിഴി നീട്ടുന്നവൻ
മണ്ണിൽ
അക്കടയിലില്ലിനി പലഹാരമൊന്നും തന്നെ
അന്നത്തെ അവസാന സുലൈമാനിയും തീർന്നു
സംശയിച്ചില്ലൊട്ടും ഞാൻ ബാലനാ അപ്പം
നൽകി
സംശയംമാറതവൻ പതുക്കെ കഴിക്കുന്നു
വയറു നിറഞ്ഞുപോയ് ,ഏമ്പക്കം അറിയിച്ചു
നിറഞ്ഞിട്ടില്ലിന്നോള,മെൻ വയറിത്രമാത്രം.
ഹോണടി കേൾക്കുന്നല്ലോ വരവറിയിച്ചു
ബസ്സ്
കാശും കൊടുത്തുഞാൻ ബസ്സിലേക്കേറീ
ടവേ
അവസാന തുണ്ടപ്പം ചുണ്ടിൽ ചേർത്തു
വെച്ചും കൊണ്ടേ
രണ്ടു കൊച്ചു മിഴികൾ നീളുന്നു എന്നിലേക്ക്




2017, ഡിസംബർ 1, വെള്ളിയാഴ്‌ച

കൂട്ടുകാരിക്ക് ...!





കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
മാമ്പൂവിരിയുന്ന കാലമാകേ
മാങ്ങാചുനച്ചുണ്ട് തൊട്ടു നോക്കും
ആമ്പൽ വിരിയും കുളക്കടവിൽ
ഓമലേ ഞാൻ നിൻ കവിൾ തിരയും.
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
നിൻനെഞ്ചിൽ മൊട്ടിട്ട മൊട്ടാമ്പുളി
കൗതുകം പൂണ്ടു ഞാൻ തൊട്ടു നോക്കേ
മഷിത്തണ്ടുതട്ടിത്തറിപ്പിച്ചു നീ
ഓടി മറഞ്ഞതുമോർമ്മയില്ലേ.
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായി
ഒക്കത്തടുക്കിയ ബുക്കുമായി
കക്കുകളിച്ചു നടന്നീടവേ
പെട്ടെന്ന് പെയ്ത മഴയിൽ നമ്മൾ
ചേമ്പില കുടചൂടി നടന്നതില്ലേ
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
ഒരു ദിനം സ്കൂളിൽ നീ വന്നതില്ല
പിന്നെ ഞാനിന്നോളം കണ്ടതില്ല
എങ്ങു വസിക്കിലും ആരാകിലും
ഓർക്കുന്നുവോയെന്നെ കൂട്ടുകാരീ.
ഓർക്കുവാൻ ഇന്നാർക്കും നേരമില്ല
കാലത്തിൻ മാറ്റമതായിരിക്കാം
എങ്കിലും ചൊല്ലട്ടെ കൂട്ടുകാരീ
പച്ചമനുഷ്യനായുള്ള ഞാനേ
നിന്നെ മറക്കില്ല കൂട്ടുകാരീ.

2017, നവംബർ 30, വ്യാഴാഴ്‌ച

മഴ




മഴയെന്തെന്ന് ചൊല്ലുവതെങ്ങനെ
 ഞാൻ
ജലമെന്ന് ലാഘവം മൊഴിയാൻ
കഴിയില്ല
മഴ തന്നെ ജീവനും, ജീവിതവും
കളിയും,കവിതയും, കാത്തുവെയ്പ്പും
കിളിത്തൂവൽ പോലെ മൃദുലം മഴ
ചാലിട്ടു പായും ചേലേഴും മഴ
ഓർമ്മ കൊത്തിപ്പാറും ചാറ്റൽ മഴ
നീർമണി തുവുമീപക്ഷി, മഴ
ഋതുക്കളിൽ പൂവായ് വിരിയും മഴ
തണുവിൻ പുതപ്പായ് പുതയും മഴ
നറുനിലാവായി നിരന്ന മഴ
നനഞ്ഞു നനഞ്ഞലിയിക്കും മഴ
തേൻ നൂലുകൾ നൂറ്റെടുക്കും മഴ
വേരുകളായി പിണയും മഴ
പോരടിച്ചാടി തിമർക്കും മഴ
സംഹാരരുദ്രയായാടും മഴ
മിഴിനീരു പോലേയുതിരും മഴ
പല ഭാഷ ചൊല്ലിപ്പറയും മഴ
ജീവിത തന്ത്രികൾ മീട്ടുംമഴ
പ്രേമാർദ്ര സംഗീതമാകും മഴ
രാജീവലോചനനാകും മഴ
രാസലീലകളാടി രസിക്കും മഴ
ജീവിതം തന്നെയീ ജീവമഴ
ജലമായി വിത്തായ് മുളച്ച മഴ
ചെടിയായി മരമായി പൂത്ത മഴ
മണ്ണും മനസ്സുമായുള്ള മഴ
എല്ലാം മഴ തന്നെയായിടുകിൽ
മഴയെന്തെന്ന് ചൊല്ലുവ തെങ്ങനെ
ഞാൻ

2017, നവംബർ 29, ബുധനാഴ്‌ച

മണ്ണ് അഥവാ അമ്മ




പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
മണ്ണല്ലൊതുമ്പിച്ചിറകു നൽകി
തുമ്പമകറ്റി തുണയുമേകി
വിളിച്ചുരിയാടിപറഞ്ഞു തന്നു
ഉൺമയേകി നിനക്കുയിരുമേകി
അളവില്ലാ സ്നേഹമളന്നു തന്നു
അറിവില്ലാ ചെയ്തിക്കു മാപ്പുതന്നു.
പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
അവിടമല്ലോ നീ പിറന്ന വീട്
അവിടമല്ലോ നിൻ താരാട്ടുപാട്ട്
ആ വിരൽതുമ്പിൽ നീ പിച്ചവെച്ചു
പച്ച വിരിപ്പതിൽ ചായുറങ്ങി
അമ്മയെന്നാദ്യം നീ ചൊല്ലിയതും
ആവോള, മമ്മിഞ്ഞപ്പാലുണ്ടതും.
പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
അമ്മയെ,യിന്നു മറന്നുവോ നീ
പുരമുറ്റ തുളസി മറന്നുവോ നീ
പടികളിന്നെത്രനീ മേലെയേറി
സ്ഥാനമാനങ്ങൾ നീ വാരിക്കൂട്ടി.
ആനപ്പുറമേറിരുന്നിടുകിൽ
പേടിക്കവേണ്ട ശുനകനേയും
എന്നു നിരീച്ചുനീ, യിരുന്നുപോയോ.
ഒരിക്കലെല്ലാർക്കുമിറങ്ങിടേണം
മണ്ണതിലേക്കു മടങ്ങിടേണം
അമ്മ മടിത്തട്ടതാണു മണ്ണ്
പരിഭവം ചൊല്ലാത അമ്മമണ്ണ്
പോകാം നമുക്ക,മ്മയ്ക്കരി
കിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്.

2017, നവംബർ 28, ചൊവ്വാഴ്ച

ശരി വഴി




വഴികളേറെയുണ്ട്
നീണ്ട വഴികൾ, കുറുവഴികൾ,
വളഞ്ഞ വഴികൾ, ചുറ്റു വഴികൾ,
തെറ്റു വഴികൾ, മുട്ടുവഴികൾ
തിരഞ്ഞെടുപ്പാണ് പ്രശ്നം
ഏത് ,ശരി വഴി ?!
നടപ്പിന്റെ താളത്തിലറിയാം
പോക്കിന്റെ ഗതി
പോകുന്നുവെന്ന് തോന്നുകയേ
ചെയ്യരുത്
തോന്നുന്നതെല്ലാം ശരിയാവണ
മെന്നില്ല
ഓരോരാൾക്കും ഓരോശരി
തെറ്റ് ശരിയാകാം ശരി തെറ്റാകാം
നോക്കൂ ;പുഴ ഒഴുകുന്നേയില്ല
ജലം മാത്രം ഒഴുകുന്നു
പരന്ന ഭൂമി ശരിയല്ല ,
സൂര്യൻ ഉദിച്ച് വരികയോ, അസ്ത
മിച്ച് മറയുകയോ ചെയ്യുന്നില്ല
വഴികളേറെയുണ്ട്
പാഞ്ഞു പോവുകയാണ് നമ്മളെല്ലാം
മുന്നിലെത്തി ജയിച്ചു കേറാൻ.

പോകുന്നതൊക്കെ കൊള്ളാം
പക്ഷേ;നമ്മുടെ പോക്കത്ര ശരിയല്ല.

2017, നവംബർ 27, തിങ്കളാഴ്‌ച

താജ്മഹൽ



ഹിറ്റ്ലറുടെ കണ്ണുകളാണ്
ചുഴിഞ്ഞു നോക്കുന്നത്
ഹിറ്റ്ലറുടെ നാവുകളാണ്
മൊഴിഞ്ഞു കൊണ്ടിരിക്കുന്നത്
പ്രണയത്തിനും ഒരു സ്മാരകമോ!
സ്മരണയിൽ പോലും ഉണ്ടാകരുത്.
താജ്മഹലെന്ന് മിണ്ടരുത്.
ഇഷ്ടങ്ങളുടെ ഇടവും, ഇടനാഴിയും
എവിടെയെന്ന് ഞങ്ങൾ അടയാള
പ്പെടുത്തും
ഞങ്ങൾക്ക് ജയഗീതി മുഴക്കുക
കലയും,സംസ്കാരവും, സൗന്ദര്യവു-
മെന്തെന്ന്
വിളംബരം ചെയ്യപ്പെടും.

തമസിന്റെ സന്തതികളേ
വംശീതയ്ക്ക് വശംവദരാകാത്തവർ
വിശ്വ പ്രണയികളായ
സമത്വസുന്ദരലോകപിറവിക്കായ്
കാത്തിരിക്കും
ഇന്ത്യൻ ജനതയെന്നറിയുക
ഇല്ല ,ഹിറ്റ്ലർക്ക് ഇനിയുമൊരങ്കത്തിനു
ബാല്യം

അവൾ




അരിവാളുപോലൊരു വളവിൽ
ആളില്ലാ നട്ടുച്ചനേരം
ആളും വെയിലിനെ ആളിയാക്കി
മാറിലടുക്കിയ ബുക്കുമായ് നടക്കു- ന്നൊരുവൾ
പശിയാൽ ക്ഷീണമാർന്നപോൽ
പതുക്കെയാ നടപ്പ്
വിയർത്തചന്ദനപ്പൊട്ടൊരു ചാലു
നീട്ടുന്നു.
കഴുത്തോളമുയരേ കാട്ടുപുല്ലുകൾ
കുറ്റിക്കാടുകൾ.
കൂർത്ത മുള്ളോ, കൺമുനയോ
മറഞ്ഞു നിൽക്കുന്നു?!
കണ്ടതില്ലവൾ ഒന്നും കിളുന്ത് പെണ്ണ്.
കാറ്റേ കാട്ടരുതേ നീ അവളെ, ഒട്ടും ഇളകിയാടരുതേ
അവളെൻ അരുമ, നാളെ നമ്മേ
ഊട്ടി വളർത്തും അമ്മ

2017, നവംബർ 26, ഞായറാഴ്‌ച

ഉൺമ



ഞാനൊരു പെൺകുട്ടിയാണ് .
എനിക്കറിയാം
പുറത്തിറങ്ങിയാൽ പുരുഷന്മാർ
കോരിക്കുടിക്കും.
 ശരീരവടിവുകളിൽ കാക്കകൾ
കൊത്തിപ്പറിക്കും ,
മുഴുപ്പുകളിൽ തേരോട്ടം നടത്തും.
അലകടലാണെനിക്ക് നീന്തി കടക്കുവാ
നുള്ളത്
തീക്കുണ്ഡമാണ് നടന്നു കയറുവാനുള്ളത്
എരണം കെട്ടവളെന്നും, അഴിഞ്ഞാട്ടക്കാരി
യെന്നും ആക്ഷേപിക്കും
വാതിലും വഴിയും തടഞ്ഞു നിൽക്കും
വേശ്യയെന്ന് വശ്യമായി ചിരിക്കും
അപ്പോഴെല്ലാം നിന്റെ കണ്ണുകൾക്ക്
ഞാനാഘോഷമാകും
ഒളിച്ചുകളിക്കാൻ ഇനിയും ഞാൻ തയ്യാ
റല്ല
അടുക്കളയും, മറക്കുടയുമല്ല ഞാൻ
നിന്നെപ്പോലെ മജ്ജയും, മാംസവും,
രക്തവും, സ്വപ്നവുമുള്ളവൾ
എന്നെ നോക്കുന്ന കണ്ണിനാൽ നീ
നിന്നെ തന്നെ കാണുക
ഈ മാംസളതയിലും, ലോലതയിലും ,
ഊഷ്മളതയിലും പിറവിയെടുത്തവൻ നീ
നന്മയിലേക്കും,ഉൺമയിലേക്കും പിടിച്ചു
യുർത്തിയ വിരലുകളിത്.
ഓർക്കുമോ നീ അമ്മയേ.

2017, നവംബർ 25, ശനിയാഴ്‌ച

ജീവിതം




നീറ്റലിന്റെ ആറ്റം
ഇന്നുമുണ്ടുള്ളിൽ
കാണാത്ത ജീവിത
മാണ് കാണുന്നത്
വേദനയും, ചോരമണ
വുമാണ് ജീവചരിത്രം.
സന്തോഷം മരുഭൂമി
യിലെ മഴയും.
തോന്നിപ്പോകാറുണ്ട്
ജനിക്കാതിരുന്നെങ്കിൽ
കൊള്ളുന്നുണ്ട് മനസ്സുകൊണ്ട്
ചാട്ടവാറടി, പട്ടിണി, പീഡനം
എരിഞ്ഞു തീരുന്നു അരികു -
പറ്റിയ ജീവിതങ്ങൾ
ഉപേക്ഷിക്കപ്പെട്ട അക്വേറിയം
പോലെ ലോകം
കണ്ടതെല്ലാം കാണാതായിരി
ക്കുന്നു
ബാക്കി വന്ന അടയാളങ്ങളിൽ
ജീവിച്ചതിൻ തെളിവെവിടേ?!
ഉയർന്നു വരുന്നവയെല്ലാം
ജലകുമിളകൾ പോലെ അന്തരീ
ക്ഷത്തിൽ ലയിക്കുന്നു
അദൃശ്യമായ ഏതു ശൂന്യതയിലാ
ണ്
എല്ലാം നിശ്ചലമാകുന്നത്

2017, നവംബർ 24, വെള്ളിയാഴ്‌ച

ഇഷ്ടം




നിന്റെ മൗനം വരച്ചുവെച്ച വരയിൽ
നിന്നല്ലോ
ഇഷ്ടമെന്ന് നൂറുവട്ടം, ഞാൻ വായി
ച്ചറിഞ്ഞു
എന്റെ, പനിപിടിച്ച ഓർമ്മകളിൽ
അരഞ്ഞചന്ദനം നീ
തളിരണിഞ്ഞ കരൾക്കുടന്നയിൽ
മഞ്ഞണിഞ്ഞ പൂവു നീ
നിലവിളക്കുപോൽ ഉള്ളിൽനീ
നിറന്നു കത്തുന്നു
അരിമണിക്കിലുക്കംപോലാ
ചിരിമണി ഉതിരുന്നു
ഉള്ളിലിളം പ്രണയമർമ്മരം കുരുത്തു
നിൽക്കുന്നു
അരുണശോഭപോലാ,ശയുളളിൽ
പ്രഭവിടർത്തുന്നു
കണ്ണിനാലെ കവിത എഴുതി കുഴക്കിടു
ന്നോളേ
മണ്ണിൽ നാണം നെയ്യുംചിത്രം
വിരലിനാലേ നീ
എന്തിനെന്നെ കുഴക്കിടുന്നു
കൺമണിയാളെ
ഇഷ്ടമെന്നുനീ,യെന്നേയെന്നിൽ
വരച്ചു വെച്ചില്ലെ
എത്ര തീവ്രദീപ്തമാമീ,യനുരാഗം


2017, നവംബർ 23, വ്യാഴാഴ്‌ച

ഇതൊന്നുമല്ലാത്തത്




വടിവൊത്ത അക്ഷരത്തിൽ
വരിതെറ്റാതെ എഴുതിയിട്ടുണ്ട്
കോപ്പിപുസ്തകത്തിൽ.
മധുരമനോജ്ഞ വാക്കുകളാൽ
മോഹിപ്പിച്ചിട്ടുണ്ട്.
പ്രണയത്തിന്റെ പട്ടുറുമാൽ നെയ്
തിട്ടുണ്ട്.
കുളിരാർന്നൊരോർമ്മകൾ
പങ്കുവെച്ചിട്ടുണ്ട്
തളിരാർന്ന തങ്കമലരായ്
തഴുകി നിന്നിട്ടുണ്ട്
എന്നാൽ;ജീവിതമേ
ഇതൊന്നുമല്ലല്ലോ നീ.

2017, നവംബർ 22, ബുധനാഴ്‌ച

കാഴ്ച




പുകയുന്ന കാഴ്ച്ചകൾ
പുകിലെന്തിന്ത്!
നാക്കില്ലാകുന്നിലപ്പൻമാർ
നായാടികൾക്കരികെ !!
മൗന ബുദ്ധൻമാർ ചുറ്റും
ബോധി തേടിയലയുന്നു.
ബോധമില്ലാ കാലം
ബാധയിളകിയ കൂളികൾ
നട്ടുച്ചപോൽ ജ്വലിക്കുന്ന
നട്ടപ്പിരാന്ത് കിട്ടിയോർ
കാമ കാകോളംതേവി
ശവമഞ്ചമൊരുക്കുവോർ.
മുൾച്ചെടിയെ പെറണമിനി
ചുടലനൃത്തമാടണം
ചിറകറ്റ കിളികൾക്കിനി
തീച്ചിറകുനൽകണം
ചോരയൂറ്റുംചെള്ളുകൾക്ക്
ചിതയൊരുക്കി നിൽക്കുക
വെടിമരുന്ന്തേച്ച് വെടിപ്പായി
പോവുക
തൊട്ടു തൊട്ടു നിൽക്കേയിനി
പൊട്ടിച്ചിതറുക

2017, നവംബർ 21, ചൊവ്വാഴ്ച

പിറവി




പതറി നോക്കുന്നു,യിടയ്ക്കിടേ
കൺമുനയാൽ കളം വരയ്ക്കുന്നു
മീവൽ പക്ഷിയായ് തെന്നിമാറുന്നു
പിന്നെയുംപിന്നെയും കൂട്ടിമുട്ടുന്നു
പതറി പിൻമാറുന്നു
ചിറകടിയേക്കാൾ ചടുലതാളത്തിൽ
ശലഭ ഭംഗിയായ് ഓർമ്മകൾ
ജാലകപ്പാളിപോൽ മനച്ചില്ല് മെല്ലെ
തുറക്കുന്നു
പ്രണയം പിറവി കൊള്ളുന്നു

2017, നവംബർ 20, തിങ്കളാഴ്‌ച

ഇങ്ങനെയൊക്കെയാണ്....!




രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ
നാം തിരിച്ചെത്തുന്നത് എങ്ങനെ
യൊക്കെയാണ്
സന്തോഷത്തോടെ, സങ്കടത്തോടെ,
ജീവച്ഛവമായി, ജീവനില്ലാതെ.
ഒരു ചില്ലയിലെ രണ്ടിലകളായവർ,
വേരുകളായ് വേർപിരിയാതിരുന്നവർ,
അവസാനശ്വാസവും ഒന്നിച്ചെന്ന് കരു -
തിയവർ
തുള്ളിത്തുള്ളികളായ് ലയിച്ച് ചാലുകളായ്
ചേർന്നവർ.
കാലത്തിന് കണ്ണും, കാതുമില്ല.
വകതിരിവൊട്ടുമില്ല.
എത്ര വേഗമാണ് നമ്മെ അനാഥരാക്കുന്നത്
എവിടെയോ വെച്ച് എന്നോകണ്ടുമുട്ടിയവർ,
ഒരിക്കലും കാണാതിരുന്നവർ,
ഒരിക്കൽ കണ്ടു മറന്നവർ, കാണാതെ
എന്നും കണ്ടു കൊണ്ടിരിക്കുന്നവർ.
പൊള്ളുന്ന വിചാരങ്ങൾ മനസ്സിൽ
കോറിയിടുന്നു
ദുഃഖത്തിന്റെ ഒരു തിരയായ് മനസ്സിലേ
ക്കൊഴുകിയെത്തന്നു
മരത്തലപ്പായ്, മലയുടെ ഉച്ചിയായ്‌,
തീർത്തും മാറാത്ത പച്ചപ്പായ്,
പുഴയുടെ നേർവരയായ് മായാതെ
ഇടയ്ക്കിടേ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു

2017, നവംബർ 19, ഞായറാഴ്‌ച

പ്രീയയ്ക്ക്....!




പ്രീയേ, നീ വന്നതിൽ പിന്നെയല്ലേ
അറിഞ്ഞു നാം, പ്രണയത്തിനില്ല
പ്രായം
പ്രീയമേഴും സ്നേഹവായ്പ്പിനാലേ
പ്രായമിതെത്ര കുറഞ്ഞു പോയി!
നന്മ മരമായ് തളിർത്തു നമ്മൾ
ഉമ്മതൻ പൂക്കളായ് പൂത്തു നമ്മൾ
ജീവിതപ്പാതയിൽ പ്രാരബ്ധത്തിൽ
ഏതു വളവിൽ നാം കണ്ടുമുട്ടി
കാലങ്ങൾ കാത്തു വെച്ചുള്ളതാകാം
വർണ്ണങ്ങൾ ചാലിച്ചു തന്നതാകാം
ഗ്രീഷ്മങ്ങളെല്ലെ,ന്നുമെന്ന,തോർക്ക
ഊഷ്മള പ്രണയവുമുണ്ട,തോർക്ക
സ്വപ്നങ്ങളെത്ര കൊഴിഞ്ഞു വീണു
ഒറ്റയായെത്ര ഒഴിഞ്ഞു നിന്നു
സ്വപ്നത്തിലുമ്മകൾ എത്ര പൂത്തു
ആഴക്കടലിൽ കൊഴിഞ്ഞു വീണു
പ്രജ്ഞയിൽ മുൾച്ചെടിയെത്ര പൂത്തു
ഹൃത്തിൽ കൊരുത്തു പിടഞ്ഞു
വീണു
വർണ്ണ ചിറകെത്ര തുന്നിരാവ്
മധുരച്ചൊടികൾ നുണഞ്ഞു രാവ്
മിഥ്യകൾ തീർത്ത മണിയറകൾ
ആശയടക്കിയ കല്ലറകൾ
വീണ്ടും പ്രഭാതങ്ങളുണ്ട, തോർക്ക
വീണ്ടും പ്രണയങ്ങളുണ്ട, തോർക്ക
പ്രീയേ, നീ വന്നതിൽ പിന്നെയല്ലേ
അറിഞ്ഞു നാം ,പ്രണയത്തിനില്ല
പ്രായം.



2017, നവംബർ 18, ശനിയാഴ്‌ച

പ്രണയപ്പൂവ്




അവളുടെ കറുത്തു നീണ്ട
മിഴികളിൽ
ഞാനെന്നെ കാണുന്നു.
കൃഷ്ണമണിയുടെ,യാഴങ്ങളിൽ
അലകളിൽ, ചുഴികളിൽ
പ്രണയത്തിന്റെ പൂവിതൾ
വിരിഞ്ഞു കിടപ്പുണ്ട്
വികാരത്തിന്റെ മൗനഭാഷയിൽ
പ്രണയാഭ്യർത്ഥനയുണ്ട്
കവിയുടെ മനോഹരമായ മൗന
ങ്ങളിലൂടെന്നോണം
അവളുടെ പ്രണയം എന്നുള്ളിൽ
വരച്ചിടുന്നു
മഴനൂലുകളാൽ ആകാശവും ഭൂമിയു
മെന്നപോലെ
പരസ്പരം മനസ്സാൽ ഞങ്ങൾ തൊട്ടി
ടുന്നു
എനിക്കു ചുറ്റുമുള്ള ലോകത്തെ
അവളുടെ നീലക്കണ്ണുകൾ മറച്ചിടുന്നു
ഇപ്പോൾ ഞങ്ങൾ ഇരുവർ മാത്രം
നാണത്തിന്റെ നിറം അവളുടെ കവിളിലും
നാസികയിലും
പതിവില്ലാതൊരു മൂളിപ്പാട്ടുവന്ന് ഞങ്ങളിലെ
അകലത്തെ അകറ്റുന്നു
ചുണ്ടുകൾക്ക് തീപിടിച്ച്
ഉടലുകളിലേക്ക് വ്യാപിക്കുന്നു
ആകാശം വർണ്ണ വിരിപ്പുകൾ
വിരച്ചിരിക്കുന്നു
സൂര്യൻ കുന്നിൻ ചരുവിൽ
ഒളിച്ചു നോക്കുന്നു.
ഇപ്പോൾ പൂക്കളും ശലഭങ്ങളും
ഇടകലർന്നത് ചൊടിയിലോ അതോ
ചെടിയിലോ!


2017, നവംബർ 17, വെള്ളിയാഴ്‌ച

കവിയുടെ മരണം




കവിത പാടിയുണർത്തി,യമ്മ
കവിത പാടിവളർത്തി
പിച്ചവെച്ചു കവിതയിൽ
കവിതാമരമായ് പൂത്തു, കായ്ച്ചു
കവിതന്നെ സുഖവും,
കവിതന്നെ ദു:ഖവും,
കവിത തന്നെ ജീവിതം
കാലികവും, കാല്പനീകവും.
ഖബറിലേക്കിറക്കിടുമ്പോൾ
വേച്ചു പോകും കൈകളെ കെട്ടിടല്ലെ
കാൽകളെ
ഇരളുറഞ്ഞകങ്ങളിൽ വെളിച്ചമായ്
കവിതയുണ്ട്
കോടി വേണ്ട സമ്മാനമായ്
കത്തും കവിതയുള്ളപ്പോൾ
കടലാസുകെട്ട് വെച്ചേക്കണേ
പേനയും മഷി കുപ്പിയും
ചോദിക്കയില്ല ഞാൻ വേറെയൊന്നും
ചടഞ്ഞിരുന്നെഴുതുമ്പോൾ
കട്ടൻ ചായയ്ക്കുമൊന്നുമേ
വിയുടെ മരണം


കവിത പാടിയുണർത്തി,യമ്മ
കവിത പാടിവളർത്തി
പിച്ചവെച്ചു കവിതയിൽ
കവിതാമരമായ് പൂത്തു, കായ്ച്ചു
കവിതന്നെ സുഖവും,
കവിതന്നെ ദു:ഖവും,
കവിത തന്നെ ജീവിതം
കാലികവും, കാല്പനീകവും.
ഖബറിലേക്കിറക്കിടുമ്പോൾ
വേച്ചു പോകും കൈകളെ കെട്ടിടല്ലെ
കാൽകളെ
ഇരളുറഞ്ഞകങ്ങളിൽ വെളിച്ചമായ്
കവിതയുണ്ട്
കോടി വേണ്ട സമ്മാനമായ്
കത്തും കവിതയുള്ളപ്പോൾ
കടലാസുകെട്ട് വെച്ചേക്കണേ
പേനയും മഷി കുപ്പിയും
ചോദിക്കയില്ല ഞാൻ വേറെയൊന്നും
ചടഞ്ഞിരുന്നെഴുതുമ്പോൾ
കട്ടൻ ചായയ്ക്കുമൊന്നുമേ

2017, നവംബർ 16, വ്യാഴാഴ്‌ച

കണ്ണീർ തുള്ളി




പച്ചമണ്ണിൽ അവൻ മലർന്നു കിടന്നു
കരച്ചിലായ് വന്ന കാറ്റ്
ഞെരക്കമായ് ഒടുങ്ങി
അനലുന്ന കനലുകൾ ചാരമായ്
മാറി
കയ്പനുഭവിക്കാൻ മാത്രമായൊരു
ജീവിതം
രണ്ടായ് മുറിഞ്ഞ് ഉള്ളിൽ തന്നെ
ഒടുങ്ങി പോയിരിക്കുന്നു ഒരു നിലവിളി
ചുണ്ടിൽ ഞെരിഞ്ഞമർന്നു ഒരു വാക്ക്
ഓർമ്മകൾ ആകാശത്തിനും ഭൂമിക്കു
മിടയിൽ
ഞെട്ടറ്റ പൂവുകളായ് തങ്ങി നിൽക്കുന്നു
പ്രണയം ;പരന്നൊഴുകുന്ന കണ്ണീർ
തുള്ളിയാണിന്ന്.

2017, നവംബർ 14, ചൊവ്വാഴ്ച

കാർണിവൽ




കാർണിവലിന്റെ കാഴ്ച്ചപറമ്പി
ലാണു നാം
കണ്ണാടിയിൽകാണും ഉത്സവ
മെന്നറിയുന്നില്ല
മാജിക്കിന്റെ കൊട്ടകയിലെ തട
വുകാർ
കെട്ടാതെ കെട്ടിയ തുടലുണ്ട് കാൽ
കളിൽ.
മജീഷ്യന്റെ മായയിൽ വാ പൊളിച്ച് ....!
നിമിഷങ്ങൾ മതി സ്വാതന്ത്ര്യം, സ്വപ്നം,
കറൻസി, കറകളഞ്ഞ ജീവിതം
അപ്രത്യക്ഷമാകുവാൻ
കാർണിവലിൽ കളഞ്ഞു പോയവർ,
ചന്ദ്രനിൽ മുയൽ കുഞ്ഞെന്ന് തെറ്റി -
ധരിച്ചവർ,
വാഗ്ദാനങ്ങളിൽ തടഞ്ഞു വീണവർ
ഇവരാണ് ദാഡിയും, മോടിയുമുള്ള
മായാജാലക്കാരനെ
കൈ പിടിച്ചുയർത്തിയവർ
കാർണിവലിന്റെ കാഴ്ച്ചപറമ്പിലാണു നാം

2017, നവംബർ 13, തിങ്കളാഴ്‌ച

കടൽ തീരത്ത്




പാദമുദ്രണം ചെയ്ത ക്യാൻവാസു
പോലെ
കടൽതീരം.
കാറ്റാടി മരക്കീഴിൽ നൗകയുടെ
നടനംപോലെ
പ്രണയികളിൽ ഉലയാൻ ഉണർ
ന്നുനിൽക്കുന്നു മാറിടങ്ങൾ.
നക്കി തുടയ്ക്കുന്ന കൺനോട്ടങ്ങളെ
കണ്ടില്ലെന്ന് നടിച്ച്
ഒട്ടകപക്ഷികളെപ്പോലെ മൊബൈൽ
പോൺസൈറ്റിൽ തലപൂഴ്ത്തിയ
കൗമാരങ്ങൾ.
ഒഴിഞ്ഞ കുപ്പികൾ ഓർത്തോർത്തു
തലതല്ലുന്നു
തിരകൈകളിൽപിടഞ്ഞ് പാറക്കെട്ടിൽ.
ഞൊടിയിടയിൽ ഒളിക്കുന്നു ഞെണ്ടുകൾ
ഞൊണ്ടി ഞൊണ്ടി പോകുന്നു കടല
വിൽപ്പനക്കാരൻ.
സെൽഫിക്കായി സെയ്ഫായസ്ഥലം
തിരയുന്ന യുവമിഥുനങ്ങൾ
കടലിന്റെ മുറുമുറുപ്പിൽ അറച്ചറച്ചു
വളർന്ന തെങ്ങിൽ
തലനരച്ചകാക്ക കണക്കെടുക്കുന്നു
മീനിന്റെ.
വലയിലകപ്പെടാതിരിക്കാൻ പരക്കം
പായുന്ന ചെറു കടൽജീവികൾ
വലയിലകപ്പെട്ടവർ ഇരുൾതേടുന്ന
കരയോരം
ആകാശവും കടലും ഒന്നു ചേരുന്നിട
ത്തുനിന്ന്
അനന്തതയും ശൂന്യതയും ആദ്യ സ്പർ -
ശത്തിലെന്നപോലെ
ഞെട്ടിയുണർന്ന് യാത്രതുടരുന്നു.

2017, നവംബർ 12, ഞായറാഴ്‌ച

പർദ്ദ




അള്ളാഹുവിന്റെ കല്പനയെന്ന്
അവർ കല്പിച്ചു
കെട്ടിയവന് മാത്രം കാണുവാനുള്ളത്
നിന്റെ മുഖം
മുഖമില്ലാത്തവരുടെ മുന്നിൽ
അവൾ മുഖം മൂടിയിൽ.
അവൾ എല്ലാവരേയും കണ്ടു
പക്ഷേ; അവളുടെ മനസ്സ് മാത്രം
ആരും കണ്ടില്ല

2017, നവംബർ 11, ശനിയാഴ്‌ച

കുമ്പസാരക്കൂട്




വാക്കിന് നാക്കില്ല
ചൂണ്ടുവിരൽ മുറിക്കപ്പെട്ടു
ഇപ്പോൾ നാലും ചൂണ്ടുന്നത്
എനിക്ക്നേരെ
തെരുവുകൾക്ക് തേറ്റവെച്ചി
രിക്കുന്നു
തോറ്റുപോയവർ കൂനനുറുമ്പു
കളുടെ പാനപാത്രം
കുരുടരുടെ രാജ്യത്ത്
കരുണയ്ക്കെന്തു കാര്യം!
നീതിദേവത ഗാന്ധാരിചമയുന്നു
നിയമത്തിന്റെ തുലാസ് നിശ്ചലം
തടവറയിൽ ചങ്ങലകൾ
പെറ്റുപെരുകുന്നു
കോടതി കുമ്പസാരക്കൂട്
പണിയുന്ന തിരക്കിൽ.

2017, നവംബർ 10, വെള്ളിയാഴ്‌ച

ജഡജീവിതം




പെണ്ണിന്റെ പൊള്ളും രുചിയറിയാൻ
വെള്ളമൂറി നിൽക്കുന്നു കഴുകുകൾ.
കന്യകാത്വമില്ലാത്ത കനിയെന്ന്
പുച്ഛിക്കുന്നു
ബലി കൊടുത്തു കഴിഞ്ഞു ജീവൻ,
ബാക്കിയുള്ളത് ജഡം മാത്രം
കാത്തിരിക്കുന്നവനെ കാണേണ്ട -
യെനിക്കിനി
പ്രേമത്തിന് പാറാവുകാരനിനി വേണ്ട.
ഇരുളാണ് ഇനിയെനിക്കിണ
വെളിച്ചത്തിന്റെ വെള്ളി പാത്രം കട്ടുപോ
യിരിക്കുന്നു.
മുന്തിരി വീഞ്ഞ് നുണഞ്ഞ് അവർ മയ
ങ്ങുന്നു
വിഷത്തിന്റെ വീഞ്ഞ് എനിക്കുള്ളത്
ആറിത്തണുത്ത അന്നമാണിന്നു ഞാൻ
വാരിതേവി അവർ കടന്നു പോയി
ഞാനെന്റെ നാരകം നടുന്നു
നാരകക്കീഴിൽ ഇനിയെന്റെ വാസം

2017, നവംബർ 9, വ്യാഴാഴ്‌ച

ശില




ഗ്രീഷ്മം കത്തിനിൽക്കുന്ന
ശിരസ്സിൽ
ശിലകൊത്തിവെയ്ക്കുന്നു
ചിന്തയുടെ ചീളുകൾ ചേർത്ത്
തീപ്പിടിപ്പിക്കുന്നു
ദൈവത്തിന്റെ പേരിൽ
നിണം ചൊരിയുന്നു
നന്മയുടെ ദൈവം തിൻമയുടെ
തടവറയിൽ
അരുതെന്ന് ;പറഞ്ഞിട്ടില്ല
ശില പൊട്ടിച്ച് വന്ന് ഒരു ദൈവവും

മരിക്കാനായ് ജനിച്ചവൻ




ചിത്രകാരൻ തന്റെ അവസാന തുള്ളി
രക്തം കൊണ്ട്
ഒരു ചിത്രമെഴുതുന്നു
ഒരു കവി മൗനം ചാലിച്ച് കവിത
വരയ്ക്കുന്നു.
മടക്കയാത്ര നിർണ്ണയിച്ച്
മണ്ണിലേക്ക് വിരുന്നു വന്നവർ
ജനിച്ച നാൾതൊട്ട് മരിച്ചു തുടങ്ങി
യവർ
ഇരുകാലുകളിൽ നീ എല്ലാമാണ്
നിനക്കുള്ളതെല്ലാം നിന്നിൽ തന്നെ
നിന്റെ സന്തോഷങ്ങൾ നിനക്ക്
സുഖമൊരുക്കുന്നു
കണ്ണീരുപ്പുകൾ മുറിവുണക്കുന്നു
നീയെന്തെന്ന് നിന്റെ വിജയും,
പരാജയവും വരച്ചുവെയ്ക്കുന്നു
നീ മരിക്കാനായ് ജനിച്ചവൻ

2017, നവംബർ 7, ചൊവ്വാഴ്ച

പ്രണയം




ജീവിതത്തിലെ
പ്രണയപുസ്തകത്തിന്റെ
നടുപ്പേജായിരുന്നിലെ നാം
എന്നിട്ടും; അതിൽ നിന്നും
ഒരിതൾ നീ കീറിയെടുത്തില്ലെ
കണ്ണീരുപ്പിനെ പുളിപ്പെന്നു
പറഞ്ഞ് തുപ്പിക്കളഞ്ഞില്ലെ
അലഞ്ഞു തിരിയുന്നുണ്ട്
ഇന്നും നിന്റെ കുന്നിൻ പുറങ്ങളിൽ.
അടർത്തിമാറ്റിയിട്ടും നിന്നിൽ നിന്നും
കീറിപ്പോയിട്ടില്ല പൂർണ്ണമായും
പ്രണയം
ഹൃദയത്തിൽ ഒന്ന് കൈവച്ചു നോക്കൂ:
മിടിക്കുന്നുണ്ട് ഞാൻ മടുപ്പേതും
കാട്ടാതെ

2017, നവംബർ 6, തിങ്കളാഴ്‌ച

കാരണഭൂതൻ




ഫണമുയർത്തി കാത്തിരിക്കുന്നത്
പാമ്പല്ല
ഒറ്റയടിപ്പാതയിൽ ഒളിച്ചിരിക്കുന്നതും.
ഇതിഹാസങ്ങൾ രചിക്കുന്നതും
പീഠമിട്ടിരിക്കുന്നതും
വേരറ്റു വീഴുന്നതും നീ
എരിച്ചു കളയുന്നതും
അരിഞ്ഞു വീഴ്ത്തുന്നതും നീ.
അനുഗ്രഹിച്ചേകിയ മണ്ണും, ജലവും
നീ നിഗ്രഹിക്കുന്നു
പ്രളയാഗ്നിയും, കരിങ്കാടും നീ
ഹൃദയത്തിൽ സൂക്ഷിക്കുന്നു
കാത്തിരുന്നു കൊത്തിയിട്ടില്ല
ഇന്നുവരെ ഒരു പാമ്പും
നിന്നിൽ നിന്നും കാകോളമൊഴുകി
ക്കൊണ്ടേയിരിക്കുന്നു
അറിവിന്റെ കനി തന്നവനെ
ഒറ്റിക്കൊടുത്തവൻ നീ
നീ തന്നെ ചെകുത്താന്റെ രക്ഷിതാവും,
പുത്രനും
ഫണമുയർത്തി കാത്തിരിക്കാറില്ല
ഒരു പാമ്പും
നിന്റെ ഫണം താഴുന്നേയില്ല.

2017, നവംബർ 2, വ്യാഴാഴ്‌ച

കുളം




കുളം എന്നെ എളുപ്പത്തിൽ
കുട്ടിയാക്കി മാറ്റുന്നു
സമയ ബോധമില്ലാത്ത എന്നെപ്പോലെ
കുളവും കളി ചിരിയാൽ കൂട്ടുകൂടുന്നു
പതഞ്ഞൊഴുക്കുവാൻ കഴിയില്ല കുള
ത്തിന്
അതുകൊണ്ട് താഴേക്ക് താഴേക്ക്
തടം തല്ലി ഒഴുകുന്നുണ്ടാകാം!
മുകളിലുള്ളത് കുളത്തിന്റെ ജല
സംഭരണി മാത്രമാകാം !!
ഓർമ്മകളെ ഉള്ളം തിരഞ്ഞു കൊണ്ടേ
യിരിക്കുന്നു
വാക്കുകളുടെ പൂക്കൾ കുരുത്തുവരുന്നു
മരം കുടഞ്ഞെറിയുന്ന സുഗന്ധപൂക്ക
ളേപ്പോൽ ഓർമ്മകൾ
പൊടി മണ്ണിൽ പുതഞ്ഞ ചിത്രശലഭ
ച്ചിറകുകൾ പോലെ പറന്നു വരുന്നു
കുളം എന്നാണ് കൂകി പാഞ്ഞിട്ടുണ്ടാകുക
അണച്ചു കൊണ്ട് വന്നു നിൽക്കാറുണ്ട്
ഇടയ്ക്കിടേവണ്ടികൾ
കുളത്തിലെ തീവണ്ടി സ്റ്റേഷനിൽ.
തടം തല്ലി താഴേക്ക് താഴേക്ക്
ഒഴുകുന്നുണ്ടാകുമോ
കുളം ഇന്നും





ഇരുട്ട്




സൂര്യപ്രകാശം ചിത്രമെഴുതിയ
എണ്ണച്ചായ ചിത്രം പോലെ സാന്ധ്യാ
കാശം
പക്ഷികൾ, കാടുകൾ, പൂവുകൾ, കുന്നുകൾ
ഒരു കൊളാഷ് ചിത്രം പോലെ പുഴ
യോരം
ഞങ്ങളെ പിടിക്കൂയെന്ന് കരയോളം
വന്നു പറയുന്നു ചെറു മത്സ്യങ്ങൾ
ഏകാന്തത വേദാന്തിയാക്കിയതുപോലെ
ദൂരെയൊരാൽമരം
പ്രണയിച്ചും, കലഹിച്ചും തൊട്ടു തൊട്ടിരി
ക്കുന്നു ചില പക്ഷികൾ
പച്ചയിൽ കറുത്ത ചിത്രം പോലെ
മുളങ്കൂട്ടത്തിൽ തൂങ്ങിക്കിടക്കുന്നു
വവ്വാലുകൾ
എത്ര സുന്ദര കാഴ്ച്ചകൾ
ഇരുട്ട് കാഴ്ച്ചകളെ മറച്ചു തുടങ്ങി
ഞാൻ ഭയപ്പെടുന്നു
നാളെ കാണുവാൻ കഴിയുമോ എനിക്കീ
കാഴ്ച്ചകൾ

2017, നവംബർ 1, ബുധനാഴ്‌ച

അമ്പ്




കൊമ്പുകോർക്കുവാൻ കെൽ
പ്പില്ലെനിക്ക്
കോരിക്കുടിക്കുവാൻ കൊതിയുമില്ല
ആർത്തിയുടെ ഓരത്തു നിന്ന്
ഒറ്റിക്കൊടുത്തവനരികത്തു നിന്ന്
ഓടുന്നു ഞാൻ
ഒരു പിടി അരി മതി
ഒരു ദിന മന്നത്തിന്
എന്റെ അരിയെത്തിക്കുവാൻ
അമ്പു തൊടുക്കുന്നു

ചിത്രം



വരച്ചു വെച്ചതു പോലെ
മലകൾ
ഉദയസൂര്യൻ
കുഞ്ഞു വീട്
വേലികെട്ടിത്തിരിച്ച പുരയിടം
പുഴ
ചെറുതോണിയിൽ തുഴയെറിയും
തോണിക്കാരൻ
അരയന്നങ്ങൾ
അഴകൊഴുകും ആമ്പൽ പൂ
വലയെറിഞ്ഞ പോൽ വെയിൽ
നാളത്തിൽ
പറന്നു പൊങ്ങും വലാകങ്ങൾ.
പച്ചപ്പിന്റെ പറുദീസ യെ
ചിത്രകാരൻ ക്യാൻവാസിലേക്ക്
പറിച്ച് നട്ട്
ചുരുട്ടിയെടുത്ത് നടന്നു നീങ്ങി
ചൂടപ്പം പോലെ വിറ്റുപോകുന്നു
ഇന്ന് അവയൊക്കെചിത്രങ്ങളായി

ജീവിതം പാടുവാൻ


അഗസ്ത്യ തീർത്ഥങ്ങളിൽ
മുങ്ങിക്കുളിക്കണം
ആരണ്യകങ്ങളെ തൊട്ടറിഞ്ഞീടണം
ഉള്ളുണർവ്വിന്റെ വഴികളീലൂടെന്റെ
ഉള്ളിലെ കാടിനെ ആട്ടിയോടിക്കണം
പ്രണയത്തിന്നമൃതകുംഭങ്ങളും പേറിയാ
സ്നേഹ സരിത്തിൽ മുങ്ങി നിവരണം
അതിരുകളെല്ലാമെ അറ്റുവീഴുന്നൊരു
അരുണാഭയെന്നും തെളിഞ്ഞു നിന്നീ-
ടണം
നാമാര് യെന്ന് അറിയുകയെന്നാൽ -
ആരുമല്ലെന്നുള്ളറിയലാണ്
ഹൃദയം തുറന്നൊന്നുകാട്ടുകീലേ
ഉള്ളം നിറയൂ ,വറിഞ്ഞിടേണം
തുച്ഛമാം ജീവിതം എന്നറിഞ്ഞീടുകിൽ
തച്ചുടക്കില്ല നാം ഈ രാഗ ഭൂവിനെ
വാടി വീഴുന്നൊരീ പൂവായജീവിതം
പാടുവാനുളളിൽ തെളിയണം നന്മകൾ
അഗസ്ത്യ തീർത്ഥങ്ങളിൽ
മുങ്ങിക്കുളിക്കണം
ആരണ്യകങ്ങളെ തൊട്ടറിഞ്ഞീടണം?

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

ഓർമ്മകളെന്നും ......!





ഇനിയെനിക്ക് താണ്ടാൻ
ദേശങ്ങളില്ല
നിയതി കാണിച്ച ദേശാന്തര
ങ്ങൾ താണ്ടി
ഇവിടെ എത്തിയവരായിരിക്കാം
ഞങ്ങൾ!
പോകൂ സുഹൃത്തേ, പോകൂ
ഇനിയെന്റെ പ്രീയപ്പെട്ടവളുടെ
ഓർമ്മകളിൽ കൂടുകൂട്ടി
ഞാനിവിടെ നിൽക്കാം.
എനിക്ക് തേങ്ങാനുള്ള
ഒരു തണലാണവൾ
എന്റെ ചുണ്ടിൽ നിന്നും അവൾ
നൽകിയ ചുംബനത്തിന്റെ അടയാ
ളങ്ങൾ
ഇന്നും തുടച്ചു നീക്കപ്പെട്ടിട്ടില്ല
അവളുടെ മൺകൂനയിൽ നിന്നും
ഒരു തെക്കൻ കാറ്റ് ഇന്നും എന്നിൽ
കുളിരിന്റെ മണൽ കോരിയിടുന്നുണ്ട്
തൊടിയിലും, തളത്തിലും മൃദുസ്വന
മുയരുന്നുണ്ട്
കുളിരുള്ള പുലരികളിൽ പുതപ്പായ
വൾ പുതയുന്നുണ്ട്
ഒര് ഒറ്റവരിക്കവിതയായ് അവളിന്നും
എന്നിലേക്ക് ചാഞ്ഞു നിൽക്കുന്നു
ഒരു മഴവിത്തിനെ മരമാക്കുന്നതു
പോലെ ഓർമ്മയിൽ
ഇല്ല എന്റെ ഓർമ്മയുടെ അറ്റത്ത്
ഒരു പുളളിക്കുത്ത് പോലും വീണിട്ടില്ല

2017, ഒക്‌ടോബർ 21, ശനിയാഴ്‌ച

ചുംബന രഹസ്യം




രണ്ടു പേർ ഉമ്മവെയ്ക്കുമ്പോൾ
അവർ ഒര് ഒറ്റമരമായ് പ്രഭാതത്തി -
ലേക്കുണരുകയാണ്
കാറ്റ് ജലത്തെ ഉമ്മവെയ്ക്കുമ്പോലെ
അവർ ഉമ്മവെയ്ക്കുമ്പോൾ
അവരുടെ ലോകം മാറുന്നുണ്ട്
ഉമ്മ ഒര് ഓർമ്മിപ്പിക്കലാണ്
പുതിയ ലോകത്തിലേക്കുള്ള
പ്രവേശിക്കലാണ്
ആവേശത്തിന്റെ തിരത്തള്ളലെന്നു
പറഞ്ഞ്
തള്ളിക്കളയരുത്
ചുംബനങ്ങളുടെ ആഴങ്ങളെ
ചുണ്ടുകളിൽ കാണാൻ കഴിയില്ല
എന്നാൽ, പാഞ്ഞു പോകുന്ന ഒരു
വിറയൽ
അത് ഉള്ളറയിലേക്കാണ്
അപ്പോഴാണവർ മൽസ്യത്തിന്
ജലമെന്ന പോലെ
പ്രണയത്തിന്റെ ചരിത്രം കോറി -
വരയ്ക്കുന്നത് .
എല്ലാ ചുംബനങ്ങളും വെറും ചുംബന
ങ്ങളല്ല
അവ പങ്കുവെയ്ക്കലിലൂടെ രണ്ട് _
ജന്മങ്ങളെ ഒന്നാക്കുകയാണ്

ഒറ്റത്തുള്ളി




കാണാൻ കഴിയാത്ത ഒരു മഴയുണ്ട്
മനസ്സു മാത്രം കാണുന്ന
ഒരണു തണുക്കാൻ മാത്രമുള്ള
ഒറ്റത്തുള്ളി മഴ.
ഒരു തുള്ളി മതി മനസ്സിലൊരു
പച്ചിലനാമ്പിടാൻ
പ്രണയത്തിന്റെ നിഗൂഢ കവിത
വിരിയാൻ.
കാണുന്നവർക്കാർക്കുമറിയില്ല
ഉള്ളിൽ പച്ച ഞരമ്പായി തിടം വെച്ചു
നിൽക്കുന്ന പ്രണയത്തെ
കഴിയില്ല ഒരടയാള ശാസ്ത്രത്തിനും
പ്രണയത്തെ അടയാളപ്പെടുത്തുവാൻ
നാഡിയിലോ, നാട്യത്തിലോ അറിയില്ല.
പ്രണയത്തെ അളക്കുവാൻ കഴിയുന്നത്
പ്രണയികളിലെ പ്രണയമാപിനിക്ക്
മാത്രം.

വേനൽ




വേനൽ അഗ്നിയായ് പെയ്യുന്നു
നാവും, ചുണ്ടും,തൊണ്ടയും
വരണ്ടു പൊട്ടുന്നു
തുടൽ പൊട്ടിച്ച് ഉടൽ ഒരു നീർ
പക്ഷിയെപോലെ
ജലം മണത്തു പാറി പിടയുന്നു.
ആകാശത്തിലേക്കു നോക്കൂ
ഭൂമിയിപ്പോൾ അവിടെ കാണാം
മേഘങ്ങളുടെ ഒരാനക്കൂട്ടം നടന്നു
പോകുന്നു ,
ഒരു ജിറാഫ് തലയുയർത്തി നോക്കുന്നു ,
പഞ്ഞിക്കെട്ടുകളുടെ ചെമ്മരിയാടുകൾ
തുള്ളി കളിക്കുന്നു ,
മേഘങ്ങളുടെ ഒരു കാളക്കൂട്ടം വെള്ളം
കുടിക്കാനായ് തലനീട്ടുന്നു ,
ചില മേഘങ്ങൾ ചൂണ്ട് യിട്ട് മീൻ പിടിക്കു
ന്നു
കുളക്കരയിൽ തപസ്സിരിക്കുന്നു ഒരു
മേഘക്കൊറ്റി.
വെള്ളം കിട്ടാതെ ശരീരം തളരുന്നു
വേച്ചുപോയ ഭൂമി ആകാശത്തു നിന്ന്
താഴേക്ക് വീണ് പൊട്ടി ചിതറുന്നു
വേനൽ അഗ്നിയായ് പെയ്യുന്നു
ഉടയുന്നുമൺകലം പോലെ മനുഷ്യ
ജന്മങ്ങൾ

അമ്മ വീട്




പൊട്ടിയ ചില്ലുകൾക്കുള്ളിൽ ദൈവം
ത്രിശങ്കുവിലാടുന്നു
തലമുറകളെത്രയിവിടെ വിരിഞ്ഞു,
ചിറകു വിടർത്തി, പറന്നു മറഞ്ഞു ,
മണ്ണോടു മണ്ണ്ചേർന്നു
സ്നേഹം, പക, അസൂയ, ചതി, രഹസ്യം,
എല്ലാറ്റിനും സാക്ഷി
കൊലക്കൊമ്പനെപോലെ നിന്ന
ഇന്ന് കൊമ്പുകുത്തിയ ഈ പൊളിഞ്ഞ
വീട്.
പൊളിച്ചു വിൽക്കാൻ പാറാവിലാണ്
മക്കൾ
കേൾക്കുന്നില്ലെ ചുമരു ചേർന്നു വരുന്ന
ഒരു പാദപതനം
മോനേയെന്ന വിളി
അമ്മയുടേയും, അച്ഛന്റേയും മണമാണ്
വീടിന്
വീട് വെറും വീടല്ല
നമ്മെ നാമാക്കി മാറ്റുന്ന
അമ്മയാണ് വീട്

കൈ ഒപ്പ്




ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി
 ഒപ്പ്


ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി

2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

മണ്ണിന്റെ കാരുണ്യം




പൂവുകൾ പല്ലവി മൂളിടുമ്പോൾ
പുല്ലാങ്കുഴലൂതും പൂത്തുമ്പികൾ
പുല്ലുകൾ പുളകങ്ങൾ പങ്കിടുമ്പോൾ
നൃത്തമാടുന്നു പുൽച്ചാടികളും
പൂമദമണിഞ്ഞ പൂവാടി തോറും
പൂമ്പാറ്റകൾ പാറിപ്പറന്നിടുന്നു
ഇത്തിരിപ്പൂവിന്റെ ചുണ്ടിലൂറും മധു
ഒച്ചവെയ്ക്കാതെ നുകർന്നിടുന്നു
പാണന്റെ പാട്ടുകൾ പാടിടുന്നു
പൂങ്കുയിലുകൾ പാടവരമ്പുതോറും
പുന്നെല്ലു കൊയ്യുവാൻ കൊയ്ത്ത-
രിവാളുമായ്
പച്ചക്കിളികൾ വരിയിടുന്നു
തോടുകൾ നീന്തിത്തുടിച്ചിടുന്നു
നീരാളം നീർത്തുന്നു നീലവാനം
മലകൾ മുലകൾ ചുരന്നു നിൽക്കേ
പതഞ്ഞൊഴുകുന്നു പാലരുവിയെങ്ങും
പെണ്ണേ നിൻ ചുണ്ടിലെ പൂവിറുക്കാൻ
കൊതിയേറെയുണ്ടെന്റെയുള്ളിലിന്ന്
മണ്ണിന്റെ കാരുണ്യമാണു പെണ്ണേ
ഞാനുമീനീയും, ഈ കാഴ്ച്ചകളും

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

സത്യം




സത്യത്തെ അന്വേഷിച്ച്
ഞാൻ നടന്നു
ഇനി അന്വേഷിക്കാനൊ
രിടമില്ല
എവിടെയാണ് സത്യം ?!
തളർന്ന വശനായി
 തിരിച്ചെത്തി
അകത്തേക്ക് കയറുമ്പോൾ
ഭാര്യ പറഞ്ഞു:
ചെരിപ്പ് പുറത്തഴിച്ചു വെയ്ക്കുക.
ഞാനെന്നെതന്നെ അഴിച്ചു വെച്ചു
സത്യമെന്തെന്ന് അന്നാണെനിക്ക്
മനസ്സിലായത്

ആഴം




ഓർമ്മകൾക്ക് കിണറാഴം
ഏതു വെയിലിലും
കവിഞ്ഞൊഴുകുന്നു
ഏതു പെയ്ത്തിലും
പൊള്ളി തിളയ്ക്കുന്നു
ഏതോ തുരങ്കത്തിൽ
നിന്നും
തരംഗമായലയടിക്കുന്നു
ഉപ്പുരസമേറ്റ്
ചുംബനപൂ ചുവക്കുന്നു
മൗനത്തിന്റെ മുയൽ
ക്കുഞ്ഞു പിടയുന്നു
സ്പർശത്തിന്റെ
സർപ്പമിഴയുന്നു
പ്രണയത്തിന്റെ ഓർമ്മകൾക്ക്
കിണറാഴം

മൗനം




മൗനത്തിന്റെ
പട്ടു കുപ്പായവു
മിട്ട്
നീയിരിക്കുന്നു
പിഞ്ഞിപ്പോയ
താണ്
എന്റെ മൗനം
അതാണ് ഇടയ്
ക്കിടെ
വാക്കായ് നിന്റെ
മുന്നിലേക്കടർന്നു
വീഴുന്നത്
എന്നിട്ടും;
തട്ടി മാറ്റാനല്ലാതെ
തൊട്ടു നോക്കുന്നില്ല
ല്ലോ നീ

നഷ്ടപ്രണയം



പ്രണയത്തിന്റെ
ജഡവും പേറി
ഞാൻ നടക്കുന്നു.
ജീവിതത്തിന്റെ
വഴികളോരോന്നും
താണ്ടി
ഇവിടെയെത്തി
നിൽക്കുന്നു.
എവിടെ സംസ്ക്ക
രിക്കും?!
ഇടമില്ലാത്ത ഇടങ്ങൾ
മാത്രമെങ്ങും.
അവസാനം;
ഞാനെന്നിൽ തന്നെ
സംസ്ക്കരിച്ചു

മുരിക്ക്




മുള്ളു മരത്തിന്റെ
ഉള്ളിൽ പെരുംസ്നേഹ
സാഗര പോളകളെന്നറി
ഞ്ഞീടുക.
ഉച്ചിയിൽ ചോപ്പിന്റെപൂവ
ണിയിച്ചതും
ഉച്ചപ്പിരാന്തെന്ന് ചുറ്റിച്ചതുംനീ
പൊത്തിപ്പിടിച്ചൊന്ന്
ചുറ്റിപ്പുണരുവാൻ
മോഹങ്ങളേറെയീ ഉള്ളിലു
ണ്ടെങ്കിലും
കുത്തിനോവിക്കാൻ കഠോര
മായുള്ളൊരു
മുള്ളേകിയെന്നെയകറ്റിയതും നീ

അല്ലെങ്കിലെന്തിനീ സുന്ദരമാകണം
പെണ്ണേ ,മുരിക്ക് മരമായി മാറുക

2017, ഒക്‌ടോബർ 7, ശനിയാഴ്‌ച

നീയും, ഞാനും




നിന്നിലുണ്ട് ഞാൻ കൊത്തിവെച്ച
നാലുവരിക്കവിത
പ്രണയത്താൽ ചുവന്നു തുടുത്ത
ഒരു ചുംബനം
നെഞ്ചോട് ചേർത്തു പിടിച്ചതിൻ
ചൂട്
കറുകനാമ്പിൽ നിന്നെന്നോണം
ഇറ്റി വീണ കണ്ണീർ ഒപ്പിയെടുത്ത
പെരുവിരലിന്നടയാളം
പ്രണയത്താൽ ഞെരിഞ്ഞമരുന്ന
പെണ്ണേ
നീയെന്നിൽ ഒരു കവിതാമരമായ്
പൂത്തുലയുന്നു

മരിക്കാത്ത മണ്ണിൽ ....!




നിങ്ങൾക്കു തോന്നാം
അമ്ലത്തിൽ അരണ്ട,രണ്ടു പോയ
ഒരു മനുഷ്യൻ
മരിച്ചു പോയതിലെന്തിരിക്കുന്നുവെന്ന്!
എന്നാൽ, ഏഴര വെളപ്പിനെഴുന്നേറ്റ്
കൈക്കോട്ടുമായി കണ്ടംകിളച്ചതവനാണ്
മേൽക്കുപ്പായമില്ലാതെ വിയർത്തു കുളിച്ച്
വിത്തിന്റെ കവിത വിതച്ചതവനാണ്
കാവലു കിടന്നതും, കൊയ്തതും
മെതിച്ചു പൊലിച്ചതും പത്തായം
നിറച്ചുതന്നതും അവനാണ്
ആട്ടും ,തുപ്പുമേറ്റിട്ടും, അകറ്റി നിർത്തിയിട്ടും
എത്ര അടുത്തായിരുന്നു അവൻ
നിങ്ങൾക്കവനാര്?!
കൈനനയാതെ മീൻ പിടിക്കുന്നവർ
നിങ്ങൾ
മാടി വിളിക്കുന്ന മാളും, പുത്തൻ പണവും
നിങ്ങൾക്ക് സ്വന്തം
മണ്ണ് ചോർന്നതറിയാൻ മണ്ണിലിറങ്ങാത്ത
വർ നിങ്ങൾ.
വേണമായിരുന്നു അവൻ
അന്തിക്കള്ള് കുടിച്ച് ആടിയാടി വന്ന്
കഴിഞ്ഞതെല്ലാം ഓർമ്മിപ്പിക്കുവാൻ
എന്നിലെ എന്നെ എനിക്ക് തിരിച്ചു തരാൻ
തോർത്തുമുണ്ടിൽ തെരുപ്പിടിപ്പിച്ച്
കാലത്തിന്റെ കണ്ണാടിയായി
കവിതയായിരിക്കുവാൻ

മനുഷ്യരാൽ ആട്ടിയിറക്കപ്പെടുമ്പോൾ...!




മുൻമ്പൊക്കെ നാം സ്നേഹത്തിന്റെ
ഭാഷയിൽ
വരച്ചു വെയ്ക്കാറുണ്ടായിരുന്നു
മലകളെ, മരങ്ങളെ, പുഴകളെ, _
പാറക്കെട്ടുകളെ.
തുന്നിക്കെട്ടാറുണ്ട് പട്ടിണിയിലും, ദുഃഖത്തിലും കീറിപ്പോയ _
ജീവിതങ്ങളെ.
കെടാത്ത ഒരു കൈത്തിരിയായ്
കനലായ് അനലാറുണ്ട്
അടുക്കളയിൽനിന്നടുക്കളയിലേക്ക് .
മരിച്ചവരാരും മരിച്ചിരുന്നില്ല അന്ന്
മനസ്സിലെ കുടിലിൽ കുടിയിരിക്കുക
യായിരുന്നു
മൗനവും, കരുപ്പട്ടി കടിച്ചുകൂട്ടിയ
മധുരവും ചേർത്ത്
ഒരു നാടൻപാട്ട് കോർത്തെടുക്കുക
യായിരുന്നു.
പാടേ പറത്തി വിടാറുണ്ട്
കോർത്തു നിൽക്കും കൂർത്ത
മുള്ളുകളെ, കുറുക്കുവഴികളെ.
ഇന്ന് ആട്ടിയിറക്കപ്പെട്ട ഒരു ജനതയെ
പ്പോലെ
പാലായനം ചെയ്യപ്പെട്ടിരിക്കുന്നു
മലയും, മരങ്ങളും, പുഴയും -
പെരുമകളും
പൊരുളറിയാത്ത മനുഷ്യനോട്
കഥയരുളിയിട്ടെന്തു കാര്യം

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

അവസ്ഥ




പലപ്പോഴും ഞാൻ പലതും
വെച്ച് മറന്നു പോകാറുണ്ട്
പുറത്തു പോകുമ്പോൾ
പേന, പേഴ്സ്, കണ്ണട, കാലുറ
മറവിയുടെ മാറിലിടിച്ച്
പഴിക്കാറുണ്ടെങ്കിലും
കണിശമല്ലാത്തതു കൊണ്ട്
കാര്യങ്ങൾ നടക്കാതിരുന്നിട്ടില്ല
ഇന്നിപ്പോൾ കാര്യങ്ങളെല്ലാം
മാറിയിരിക്കുന്നു
വളരെയധികം സൂക്ഷിക്കണം
എന്തുകാണണം, കേൾക്കണം,
പറയണം, പ്രവർത്തിക്കണം
എന്നൊക്കെ അവർ തിട്ടൂര
മിറക്കിയിട്ടുണ്ട്
മറക്കാതിരിക്കണമെന്ന് ഇടയ്
ക്കിടേ ഓർമ്മിപ്പിക്കുന്നുണ്ട് .
ഇനിയെനിക്ക് എന്നെ തന്നെ
മറന്നു വെയ്ക്കണം
പുറത്തു പോകുമ്പോൾ
ഇറങ്ങിപ്പോയാൽ തിരിച്ചുവരുമെ
ന്നതിന്
ഉറപ്പൊന്നുമില്ലല്ലോ

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

ഗാന്ധിയെ തേടി




കൂർത്ത മുനകൾക്കിടയിലൂടെ
ഈച്ചയാർക്കും കബന്ധങ്ങൾ -
ക്കിടയിലൂടെ
ഊന്നുവടിയുമായൊരു ഫക്കീർ
നടക്കുന്നു
അക്രമ, മവസാനിപ്പിക്കാതെ
ആഹാരം തൊടില്ലെന്ന് പ്രതിജ്ഞ
ചെയ്യുന്നു
ആത്മാവിന്റെ അഗാധതയിൽ
മൗനത്തിന്റെ സഹായത്താൽ
വെളിച്ചത്തെ തിരയുന്നു
സഹനത്തിനു മുന്നിൽ ശക്തി
ക്കെന്തു സ്ഥാനം ?!
കത്തികളും, കഠാരികളും, -
കൈത്തോക്കും, കൈ ബോംബു -
കളും
അർദ്ധനഗ്നനോട് മാപ്പിരക്കുന്നു
വർഗ്ഗീയത വകവെച്ചു കൊടുക്കി
ല്ലെന്ന്
ഒരു നഗരം പ്രഖ്യാപിക്കുന്നു .

നവഖാലികൾ ഉണ്ടായിക്കൊണ്ടേ
യിരിക്കുന്നു
ഗാന്ധി എവിടെ?!

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

പ്രണയപുഷ്പം



ഹൃദയത്തിന്റെ ഉള്ളകങ്ങളിൽ
നട്ടുവളർത്തുന്നുണ്ട്
ഞാനൊരു പ്രണയ വൃക്ഷം
അതിന്റെ വേരുകൾ നീണ്ടുനീണ്ടു
വന്ന് നിന്നെ തൊടുന്നു
നിന്റെ ഹൃദയം ഒരു ചുവന്ന റോസ
പോലെ
തുടുത്തു പോകുന്നു
എന്തായിരിക്കും നാം തമ്മിൽ
ആദ്യം മിണ്ടിയിട്ടുണ്ടാകുക ?!
നിന്റെ നീരസങ്ങളിലും, അകൽച്ചകളിലും,
അകന്നകന്നു പോകാതെ
ലജ്ജകളിലും, അടുപ്പങ്ങളിലും
ആണ്ടു പോവുകയായിരുന്നു
വേർപിരിയാനാകാതെ നമ്മുടെ
വേരുകൾ
ഇന്ന് ഇഴപിരിക്കാനാവാതെ ഒന്നു
ചേർന്ന ഹൃദയമേ
വാടാതിരിക്കണേ,യീ പ്രണയ പുഷ്പം

2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

വിരഹം




ചില്ലുജാലകത്തിനരികെ
ചാറ്റൽ മഴവന്നെത്തി നോക്കുന്നു.
വിരഹമവളെ വീർപ്പുമുട്ടിക്കുന്നു
വിതുമ്പുന്നുവോ ചുണ്ടുകൾ ?
തുളുമ്പുന്നുവോ മിഴികൾ?
വിരിഞ്ഞു വരുന്ന ഒരു പൂവു
പോലവളെന്നിൽ
സുഗന്ധം പരത്തുന്നു
അവളുടെ ഓർമ്മകളെന്നെ
തരളിതഗാത്രനാക്കുന്നു
ഓമനേ, നനയാതിരിക്കട്ടെ
നിൻ കവിൾത്തടങ്ങൾ
കലങ്ങാതിരിക്കട്ടെ കൺതടങ്ങൾ
നിന്നെ പൂണ്ടടക്കം ചേർത്തുനിർ
ത്തുന്നു
ഞാനെൻ ഹൃദയത്തിൽ
നിന്നോർമ്മകൾ കൊണ്ടു ഞാനൊരു
പവിഴമാല കോർക്കുന്നു
നിന്റെ മാറിലണിയിക്കുവാനുള്ള
മണിമാലയത്
അധരമാം പാനപാത്രം നീ നിറച്ചു
വെയ്ക്കുക
പ്രണയ പാരവശ്യത്തിൽ മൊത്തി
ക്കുടിക്കാൻ നമുക്കായ്
കനലെരിയും നിന്റെ കായത്തിൽ
കനകമായ് ഞാനുരുകി തിളച്ചിടാം
ഈ ചാറ്റൽ മഴ നിന്നിൽ അഗ്നിയായ്
പെയ്തിറങ്ങുന്നു
നിന്നിലെ, യാചൂടുമായ് വരുമാ, മഴ
എന്നിലെ ചൂടുമായ്ച്ചേർന്നു കുളിരാ
കുവാൻ

2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

മാന്യത




നഗരം ഇരുളിലാണ്ടു
കാവൽക്കാരെപ്പോലെ
അവിടവിടെ ഒറ്റക്കണ്ണൻ
വിളക്കുകൾ മാത്രം
ഉണർന്നു നിന്നു
മാന്യതയുടെ മൂടുപടമഴിച്ചു
വെച്ച്
പാതിരാ പ്രണയങ്ങൾ
ഉണർന്നെഴുന്നേറ്റു
ലഹരിയുടെ വീര്യവുമായി
ആടിയാടി നിന്നകാറ്റ്
കറുത്ത കൈകളിലെ ഉരുപ്പടി
കളെ
കണ്ടില്ലെന്ന് നടിച്ചു
ഇത്രയും സത്യസന്ധമായ കൊടുക്കൽ
വാങ്ങലുകൾ കണ്ടിട്ടില്ലെന്ന് -
തട്ടുകടകൾ അടക്കം പറഞ്ഞു
കിഴക്ക് കൊറ്റിയുണരുമ്പോഴേക്കും
ഉദ്ധരിച്ച രാത്രിയുടെ ചിതറിത്തെറിച്ച
രേതസ്സുപോലെ മഞ്ഞിൻ തുള്ളികൾ
ഇലകളിൽ പറ്റിപ്പിടിച്ചു കിടന്നു
ഊരിവെച്ച മാന്യതയുടെ മുഖം മൂടി എടുത്തണിഞ്ഞ്
അവർവീണ്ടും അധികാര ദണ്ഡുമേന്തി
നല്ലപിള്ള ചമഞ്ഞു

അനിവാര്യം




പകൽ ഒരു പായയായിരുന്നെങ്കിൽ
അതിന്റെ ഇരുതലകൾ പുലരിയും,
സന്ധ്യയുമാകുമായിരുന്നു
അടിവശമായിരിക്കും രാത്രി
ബ്ലേക്ക് ബോർഡിലെ വെളുത്ത അക്ഷ-
രങ്ങളെപ്പോലെ
പകലിനെ നമുക്ക്മായ്ക്കാൻ കഴിഞ്ഞി-
രുന്നെങ്കിൽ
കാണേണ്ടിവരില്ലായിരുന്നു പലതും
അത്രതെളിച്ചമുള്ളതല്ല ഇന്ന് പകലുകൾ
ചിലപ്പോൾ രാവിനേക്കാൾ ഇരുളുറഞ്ഞു
പോകുന്നു
ഒരിക്കൽ ഇരുളിൽ ഇഴചേർന്നവയെല്ലാം
പകലിലേക്ക് പടർന്ന് വേരാഴ്ത്തുന്നു
ഒരിക്കൽ ഭീമാകാരമായ രാവുകളെല്ലാം
ഇന്ന് പഴകിയ മഷിപ്പാടുപോലെ വെളുത്തു
തുടങ്ങിയിരിക്കുന്നു
പകലിന്റെ ചില്ലകൾപോലും അളന്നുതീർ
ക്കാൻ കഴിയുന്നില്ലിന്ന്
ഇരുളുറഞ്ഞതിനാൽ.
പകൽ ഒരു പായയായിരുന്നുവെങ്കിൽ
എടുത്തു മാറ്റാമായിരുന്നു
അങ്ങനെയെങ്കിലും എനിക്കെന്നെ
കാണാതെ കഴിക്കാമായിരുന്നു

കാലികം




പ്രണയത്തിലായ മഴയും പുഴയും
നാടുവിട്ടുപോയി
പ്രായാധിക്യം കാരണമായിരിക്കണം
കുന്നെല്ലാം കൂനിക്കൂനി ചെറുതായത്
ആകാശം നോക്കി പോയതുകൊണ്ടായി
രിക്കണം
മരങ്ങളൊന്നും ഭൂമിയിലില്ലാത്തത്
കാറ്റിനിപ്പോൾ പഴയപോലെ ഉണർവും,
ചൊടിയുമില്ല
വരണ്ട് വേച്ചു വേച്ച് അങ്ങനെ....
എന്നാലും ഇന്നും ഇടയ്ക്കിടയ്ക്ക്
വരാറുണ്ട്
അപസ്മാരത്തിന്റെ സംഹാര താണ്ഡവം
ജലത്തെ ഏതു പാതാളത്തിലേക്കാണ്
ചവുട്ടി താഴ്ത്തിയത്

ലൈവ്




ഒരു മജീഷ്യന്റെ കൈയ്യടക്കത്തോ
ടെയാണ് അയാൾ വന്നത്
എന്തെന്തു വാഗ്ദാനമായിരുന്നു
സ്വപ്നങ്ങളുടെ ഒരു കൂമ്പാരമായി
രുന്നു അയാൾ!
ഒരു രാമ രാജ്യമായിരുന്നു ഉള്ളിൽ.
ഇപ്പോഴൊരു ഗെയിമിലാണയാൾ
നമ്മളാണ് കരുക്കൾ
ഇമയനങ്ങുന്ന വേഗത്തിൽ
എന്തെല്ലാംജാലങ്ങൾ
" കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ " -
എന്നു കേട്ടിട്ടേഉള്ളു
ഇപ്പോൾ ഇതാ........!.

ഇതുപോലെ ഉണ്ടാകുമെന്നതിന്
ഒരു ഉറപ്പുമില്ല
അറപ്പുകളുടെ ലോകത്തേക്കാണ്
പോകുന്നത്
വാഗ്ദാനം സ്വർഗ്ഗമെങ്കിലും
നരകത്തിന്റെ ആഴമാണ് അള-
ക്കുന്നത്
അനന്തസാധ്യത എന്നുപറഞ്ഞത്
ഇതായിരിക്കുമോ?!

നിശ്ശബ്ദത




നിശ്ശബദതയെ
വികേന്ദ്രീകരിക്കുന്നവർ
വിതരണം തുടങ്ങി
സംഗീതത്തിന്റെ മുളങ്കൂട്ടങ്ങളെ
മുറിച്ചുമാറ്റി
ശലഭച്ചിറകുകൾ അരിഞ്ഞെടുത്ത്
ഒച്ചകളെ അറുത്തെടുത്ത്
നെറ്റിത്തടത്തിൽ വെടിയുണ്ടയുടെ
കുങ്കുമം തൊടുവിച്ച്
കാറ്റുകളെ കള്ളങ്ങൾ പാടി പഠിപ്പിച്ച്
വായില്ലാക്കുന്നിലപ്പൻമാരുടെ
ഒരു രാജ്യത്തിനായി
നേരുകളെ നുള്ളിയുണക്കി
വേരുകളെ വടിച്ചെടുത്ത മാമാങ്കം.
പുറപ്പെട്ടുപോയ ശബ്ദങ്ങളുടെ
മാറ്റൊലികളെ
ഒരിക്കലും നിശ്ശബ്ദമാക്കുവാൻ
കഴിയില്ലെന്ന്
ഇവർക്കറിയില്ലല്ലോ

2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

എന്നിലെ ഞാൻ




ഞാനെന്നെ വെച്ചു പൂട്ടുന്നു
അറിയാത്ത ഭാവത്തിൽ
അകന്നു നിൽക്കുന്നു .
അവരാരൊക്കെയോ പോകുന്നു
അടുത്ത വീട്ടിലൊരു ബഹളം,
അലമുറ
ഞാനെന്തിനിടപെടണം
അത,വരുടെ കാര്യം
ഇതിൽ എനിക്കെന്തു കാര്യം
ഞാനെന്റ മൗനത്തിൽ മാറാലയി
ലേക്ക് മുഖം പൂഴ്ത്തുന്നു.
അവരിന് എന്നരികിലേക്കു വരു
ന്നല്ലോ!
ഞാനാരെ തിരഞ്ഞു പോകും?
എനിക്കു വേണ്ടിയാര്?!
ഞാനെന്നിലെ ഏതു പൊത്തിൽ
പോയി ഒളിക്കും.

നിശ




മുറ്റത്തിനുമേലെ സന്ധ്യ ആറാനിട്ടി-
രിക്കുന്നു ആകാശത്തെ.
സൂര്യനെ ഊതിക്കെടുത്താൻ
ശ്രമിക്കുന്നുപടിഞ്ഞാറ്
ശ്വാസം മുട്ടി മരിച്ച പകലിന്റെ
നീലനിറമാണിപ്പോൾചക്രവാളത്തിന്
കുസൃതിയുടെ കുഞ്ഞുകുഞ്ഞു
പൊട്ടുകൾ
ആകാശത്ത് മിന്നി നിൽക്കുന്നു
പകൽപ്പൊറുതികൾ മതിയാക്കി
പറവകളെല്ലാം തിരിച്ചു പറന്നു
എഴുതാൻ ബാക്കി വെച്ച ഒരു താളു
പോലെ
കിഴക്കൊരു വെളുപ്പ് പൊങ്ങുന്നുണ്ട്
വാശി പിടിച്ചു കരഞ്ഞ ഒരു കുഞ്ഞിനെ
കഥയുടെ ചെറു ഭാഗംകൊണ്ട്
പുതപ്പിച്ചു റക്കുന്നു ഒരമ്മ
കിസ്സകൾ പറഞ്ഞു കൊണ്ടിരുന്ന
കിളികൾ ശബ്ദമടക്കി.
കൊക്കൊരുമി ,തൂവൽ മിനുക്കി
പ്രണയം പങ്കിടുന്ന സീൽക്കാരം മാത്രം
ശിഖരങ്ങളിൽ നിന്നുമുയർന്നു
നിശ കുളിരിന്റെ കവിതകൾ ഇലകളിൽ
കുനുകുനേ എഴുതി നിറക്കുകയായി
രുന്നു അപ്പോൾ

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

പുനർജ്ജനി




ജീവിതത്തിന്റെ എത്രാമത്തെ
ഹെയർപ്പിൻ വളവിൽ വെച്ചാണ്
നാം പ്രണയത്തിലേക്ക്
മുതലക്കൂപ്പ് കുത്തിയത്.
ജീവിതത്തിന്റെഅഗാധമായ
കയത്തിലേക്ക്
വിരൽ കോർത്തിറങ്ങിയത്.
ദുരിതങ്ങൾ പെയ്തിറങ്ങുന്ന കരിമേഘങ്ങൾക്കിടയിലൂടെ
കരുണയുടെ ഉറവകൾ വറ്റിയ
ഊഷര സ്ഥലികളിലൂടെ
ഊർവ്വരതയുടെ  ഉടയാത്ത
ഘടമായി
തളരാത്ത ഉണർവായത്.
പട്ടിണിയുടെ പാതാളങ്ങൾ കടന്ന്
പകലിന്റെ ഇരുളുകൾ പിന്നിട്ട്
രാവിന്റെ വെളിച്ചത്തിലേക്ക്
ചേക്കേറിയത്.
എതിർപ്പിന്റെ കടലിടുക്ക്താണ്ടി
സ്നേഹത്തിന്റെ പുഴയായ്
കരയണഞ്ഞിട്ടും
പ്രണയമേ,അകന്നു പോയല്ലോ നാം!
എന്നാണിനി
സ്നേഹത്തിന്റെ ഒറ്റയിലയായ്
നാം നമ്മിൽ പുനർജനിക്കുക


2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

സമസ്യ




ജീവിതം ഒരു സമസ്യയാണ്
പൂരിപ്പിക്കുവാൻ കഴിയാത്ത
പൂർത്തിയാക്കുവാൻ കഴിയാത്ത -
സമസ്യ.
പ്രത്യാശയുടേയും, സ്വപ്നത്തിന്റേയും
പുറന്തോടിനുളളിൽ
പതുങ്ങിയിരിക്കുന്ന വിത്ത്.
ആചാരങ്ങളുടെ, അനാചാരങ്ങളുടെ
ശവപ്പറമ്പിലെ
സ്മാരകശിലകളില്ലാത്ത രക്തസാക്ഷി.
ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകൾ
ഉരഞ്ഞുരഞ്ഞു പൊട്ടിയ വൃണം.
അടക്കം ചെയ്യപ്പെടും വരെ
അഭിലാഷങ്ങളെ അമർത്തിവെച്ച്
തള്ളിനീക്കുന്ന ദിനരാത്രങ്ങൾ.
ജീവിതം ; ചുട്ടുപൊള്ളുന്ന ഒരു മണൽ -
ക്കാടാണ്.

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

ഇറങ്ങിപ്പോക്ക്




നീ എന്റെ പ്രണയം പൂത്ത
ആകാശം
സർപ്പഗന്ധിയായ മുല്ല
ആലില പോലുള്ള മർമ്മര
ശബ്ദത്തിൽ
നീ പൂക്കളെ മാത്രം വിരിയിക്കുന്നു
നിന്നെ മുഴുവനായും പൂരിപ്പി
ച്ചെടുക്കുവാൻ കഴിയില്ലയെനിക്ക്.
നീയെന്റെ മനസ്സിലെ അനേകം
ജാലകങ്ങൾ
ഒന്നിച്ചു തുറന്നിടുന്നു
എന്നിലെ തട്ടിമറിഞ്ഞവയൊക്കെ
നേരെയാക്കി വെയ്ക്കുന്നു.
പുല്ലാനിപ്പൊന്തകൾക്കിടയിലൂടെ
കന്നിക്കാറ്റ്
എന്റെ കടിഞ്ഞൂൽ പ്രണയത്തെ
വേപ്പു മരത്തിനരികിലേക്ക് കൂട്ടി
വരുന്നു
കൊയ്ത്തൊഴിയാ പാടത്തൂടെ
സ്നേഹ ഞരമ്പിൻ വരമ്പിലൂടെ
പ്രണയത്തിൻ താജ്മഹലേറുന്നു.
ചില്ലകൾ കുലുക്കി വരുന്ന മഴ -
പോലെയാണ് പ്രണയം
പ്രണയത്തിന്റെ ദീപ്തതയറിയാൻ
വിരൽത്തുമ്പിലേക്ക് നോക്കൂ!
മഴ പുറത്ത് പെയ്തു കൊണ്ടേ
യിരിക്കുന്നു
പ്രണയമേ, നീയെപ്പോഴാണ്
എന്നിൽ നിന്നും ഇറങ്ങിപ്പോയത്!

കുറ്റവും ശിക്ഷയും



കുറ്റാന്വേഷണ കഥയോടായിരുന്നു
 പ്രീയമേറെ
കുറ്റമറ്റ അന്വേഷണത്താലായി
രിക്കാം
ഇത്രയേറെ പ്രീയം.
കുറച്ചു കഴിഞ്ഞപ്പോൾ ഒരിടിയൊച്ച
കേട്ടു
വെടിയൊച്ചയെന്ന് തിരിച്ചറിയാൻ
ഇത്തിരി നേരം വേണ്ടി വന്നു.
കുറ്റമറ്റതിനെയൊക്കെ കൊന്നു തള്ളി
കുറ്റവും ശിക്ഷയും അവർ നടപ്പിലാക്കി
മാർജ്ജാര പാദങ്ങളോടെ പുറത്തേ
ക്കിറങ്ങി
                       ......................
കുറിപ്പ് :- എന്ത് എഴുതണം എന്ന് തീരുമാനി
ക്കുന്ന നാട്ടിൽ

2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ആയുസ്സിന്റെ പകൽ ദൂരം




ഫൂട്ട്പാത്തിൽ മഞ്ഞ പൂക്കൾ
ഇടതടവില്ലാതെ പൊഴിഞ്ഞു
വീണുകൊണ്ടിരുന്നു
കാൽപ്പാദങ്ങൾക്കിടയിൽ അവ
ഒരു ഞരക്കംപോലും കേൾപ്പിക്കാതെ
ഞെരുങ്ങിക്കിടന്നു
സായാഹ്ന വെയിലിനു മൃതി -
യുടെ ഗന്ധമായിരുന്നു
ആയുസ്സിന്റെ ഒരു പകൽദൂരംകൂടി
പങ്കിട്ടിരിക്കുന്നു
ബീച്ചിൽ ആളുകൾ ആർത്തുല്ലസി
ക്കുന്നു
ചായം തേച്ച ചില ജീവിതങ്ങൾ
മുല്ലപ്പൂവും, ഭ്രമിപ്പിക്കുന്ന മുലയുമായി
പറ്റുകാരെ തിരയുന്നു
നാണംപൂണ്ട കവിളിൽ പ്രണയവർണ്ണ
ങ്ങൾ വിരിച്ച്
ചിലർ അരികുചേർന്നു നടക്കുന്നു
പടിഞ്ഞാറ് പ്രണയത്തിന്റെ ഒരു വർണ്ണ
ക്കുടം
കടൽകന്യകയെ ചുംബിക്കുന്നു.
ചിലമ്പുന്ന ശബ്ദത്തിൽ സംസാരിച്ചു
വരുന്ന
തിരമാലകളെക്കുറിച്ച് നമുക്കെന്തറിയാം
തുളുമ്പിപ്പോകുന്ന കണ്ണീരാണ്
കരയിലേക്കൊലിച്ചിറങ്ങുന്നതെന്നോർ
ക്കാതെ
നാം പൊട്ടിച്ചിരിക്കുന്നു
പെണ്ണിന്റെ കണ്ണീരുപ്പ് നാം നുണയുന്നു
ഇരമ്പി വരുന്നുണ്ട് ഉളളിൽ നിന്നൊരു
തിര

തോക്ക്




നാക്കും,വാക്കും, പേനയും
വണ്ടിയിൽ നിന്നിറങ്ങി
ഗേയ്റ്റിലേക്ക് നടന്നു.
കാത്തിരിപ്പുണ്ടായിരുന്നു
ഒരു തോക്ക്.
ഒറ്റക്കണ്ണിന്റെ ഉന്നവുമായി
നാക്കിനെ, വാക്കിനെ, പേനയെ
പിഴുതെടുത്ത് പടിയിറങ്ങി.
തോക്കേ;നിനക്കറിയില്ല
നാക്കിനെ
വാക്കിനെ
പേനയെ
അത് നിന്നിലേക്ക് നീ തന്നെ
ഉന്നം വെച്ച ഒരു തോക്കെന്ന്

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

സ്വപ്നം




വിജനമാംവഴിയരികിൽ
ഒറ്റനെന്മണി പോലൊരു പെണ്ണ്
പുലരി മഞ്ഞിലും പൊൻ നിറം
മിഴിയിലൊരു ചാന്ദ്ര വെളിച്ചം
മഞ്ഞിനെ മാറിൽ ഞൊറിയിട്ട്
പുതച്ച
ഒറ്റമുണ്ടിന്റെ ഓളങ്ങൾ തീർത്ത
വൾ
ഒളിവിതറിയങ്ങനെ നിൽക്കുന്നു
ചുണ്ടിലൊരു ചെണ്ടുമല്ലി പൂവുമായ
വൾ
മന്ദം മന്ദമെന്നെ കടന്നു പോകുന്നു.
കിഴക്കുനിന്നും ചുവന്ന പക്ഷികൾ
സ്വർണ്ണ നാരുമായ് പറന്നു വന്നപ്പോൾ
പിറന്ന പോലൊരു പെണ്ണവൾ
നഗ്നയായ് നടകൊള്ളുന്നു.
തീർച്ചയായും പോകണമെനിക്ക്
സ്വപ്നത്തിൻ, വിജന പാതയിൽ
ചെന്നവളെ കാണണം


എങ്കിലും....!



എങ്കിലും, ഇടയ്ക്കിടേനടക്കാറു
ണ്ടിന്നും ഞാൻ
ആ തിണ്ടിലൂടെ തിണ്ട്ചേരും
മുത്തശ്ശി മാവിൻ ചാരെ
കാൽപ്പനികനാകാറുണ്ട്
കാലകയ്പ്പിലെങ്കിലും
നിറനിലാവും പൂത്തുള്ള
മാവും ഞാൻ കാണാറുണ്ട്
രാധതൻ കലഹവും, കരഞ്ഞു
വിളികളും
ഉണ്ണിമാങ്ങച്ചുനയായ്
ഉള്ളിലതിന്നുമുണ്ട്
പൊൻമകൾ പാറുമ്പോലെ
പാറിയ ബാല്യകാലം
പുളിമാങ്ങതൻ ഉപ്പും, പുളിയും,
എരിവുമായ്
മോഹങ്ങൾ ഉറവയായ്
ഉണർന്ന യുവത്വവും
കഞ്ഞിക്കു വകയില്ലാ ദിനത്തിൽ
മധുരവും വിളമ്പി കാത്തിരിക്കും
മുത്തശ്ശിയാമെൻ മാവ്
ഇന്ന് ആ വീടുമാറി നാട്ടകം
ആകെ മാറി
മുത്തശ്ശിമാവു പണ്ടേ തെക്കേ
തൊടിയിൽ സതിയായി
എങ്കിലും, എങ്ങനെ നിന്നും
പോകാതിരിക്കു ഞാൻ
താങ്ങും, തണലുമായ് ,
തണുപ്പിൻ തലോടലായ്
കത്തും വയറിലേക്കന്നം പകർ
ന്നുള്ള
മുത്തശ്ശിയിരുന്നുള്ള ആ മണ്ണി
ലേക്കൊന്ന്

പ്രണയ വേര്




നിന്റെ ഓർമ്മകളിലാണ്
ഞാൻ പൂത്തു നിൽക്കുന്നത്
നിന്നിലും തളിർക്കുന്നാണ്ടാ
വില്ലേ ഞാൻ.
പ്രണയമേ, പ്രണയിച്ചവരാരും
പിരിയാറില്ലല്ലോ!
പിരിഞ്ഞാലും പ്രാണനിൽ നിന്ന്‌
പറിഞ്ഞു പോകാറില്ലല്ലോ !!
ശരീരങ്ങൾ പിരിഞ്ഞു പോയെങ്കിലും
ഹൃദയങ്ങൾ പൊതിഞ്ഞുവച്ചിട്ടുണ്ട്
മുഴുവനായും.
ആദ്യ മൊഴി
ആദ്യസമാഗമം
ആദ്യ ചുംബനം
അനിർവ്വചനീയ നിമിഷങ്ങൾ.
നമുക്കറിയാം നാമിന്നും പ്രണയിച്ചു
കൊണ്ടേയിരിക്കുന്നു
കരളിലിരുന്നത് കുറുകുന്നു
വേർപാടിന്റെ ചുടുനിശ്വാസങ്ങളിൽ
പൊള്ളിപ്പിടയുന്നു
പ്രണയമേ, പിരിഞ്ഞു പോയെങ്കിലും
പഴി പറയുന്നില്ല ഞാൻ
പ്രണയിച്ചവരിൽ പഴിയില്ല, പിഴയില്ല
പിരിഞ്ഞു പോകാതെ ഇഴ കോർത്തു
നിൽക്കുന്ന ഇരുവേരാണു നാം .




2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

അവളെ.......!





മണ്ണിനെപ്പോലെയാണ് പെണ്ണും.
അവൾഎല്ലാ സുഖദുഃഖങ്ങളും
മണ്ണടരുകളിലേക്കെന്നോണം
ഉള്ളിന്റെ ഉള്ളിലേക്ക് വലിച്ചു താഴ്
ത്തുന്നു
പുറമേ സ്നേഹത്തിന്റെ ഊഷ്മള -
തമാത്രം നിലനിർത്തുന്നു
എല്ലാം സ്വന്തമെന്നതു പോലെ
ഗർഭപാത്രത്തിൽ വേരുകളാഴ്ത്തി
വളർന്ന മക്കളെപ്പോലെ
പ്രിയതരമായി കരുതുന്നു
കളനിറഞ്ഞ കാട്ടിലെ തുടുത്തു വിള
ഞ്ഞ ഫലമായി
വീടിനു വിളക്കാവുന്നു
ഹദാശമായ ഹൃദയത്തിൽ
ആശയെ മുളപ്പിച്ച്
വാർന്നു വീഴുന്ന കണ്ണീർച്ചോരയെ
ആത്മവിശ്വാസവും, ചേലാഞ്ചലവും
ചേർത്ത് തുടച്ചു മാറ്റുന്നു
നിരസിക്കപ്പെടാത്ത നിശ്ചലതയാണ്
പെണ്ണ്
പക്ഷേ, ആരറിയുന്നു അവളെ !
കുത്തിയൊലിച്ചു വരുന്ന ചെളി
വെള്ളത്തിൽ
ആഴ്ത്തി ഒഴുക്കിവിടാനാണവരുടെ
ശ്രമം

കവിതാക്ഷരങ്ങൾ



ഞാനെഴുതാനിരിക്കുമ്പോൾ
എഴുത്തുമേശയിലേക്കെത്തി
നോക്കുന്നു
അടുപ്പൂതി ആയുസ്സറ്റുപോയ
ഒരു മുട്ടിമുട്ടിച്ചുമ
വെള്ളംകോരി നടുവൊടിഞ്ഞ
ഒരു പേക്കോലം
ക്ഷീണിച്ച ശ്വാസനിശ്വാസത്താൽ
തിളച്ചുതൂവുന്ന അരിക്കലം
ഇടയ്ക്കിടേ ജനലരികിലെത്തി
നോക്കി
തിരിച്ചു പോകുന്നൊരു കാറ്റ്
അപ്പോൾ ഏതോ ജന്മത്തിലേന്നോണം
ഞാൻ വിസ്മൃതിയിലാണ്ടു പോകുന്നു
പരൽ മീനെന്നോണമൊന്നുള്ളിൽ പിടയുന്നു.
അസുലഭ നിർവൃതിയിൽ നിന്നെ -
ന്നോണം
ഞെട്ടിയുണരുമ്പോൾ
കഥാപാത്രങ്ങളെല്ലാം ചേക്കേറിയിരി
ക്കുന്നു
കവിതാക്ഷരമായ് കടലാസിൽ


ഒരിക്കൽ .....!




പൂർണ്ണചന്ദ്രനേപ്പോൽ
ചേലു ലാവുന്നൊരുത്തി
പിഞ്ചു കുഞ്ഞുമായ് കരം -
നീട്ടിടുന്നെൻ മുന്നിൽ
ഇഷ്ട്ടം കൊണ്ടല്ലെന്നു -
ചൊല്ലുന്നു മിഴികൾ
അഷ്ട്ടിക്കു വകയില്ലാതെന്നു
വാടുന്നു മുഖകാന്തി
വയറൊട്ടി, നെഞ്ചുന്തിയ
പിഞ്ചോ മന .
ഉടയാടകൾ പിഞ്ഞിക്കീറി
നേർത്തു ക്ഷീണഗാത്രിയാം
പെണ്ണാൾ.
വലിയ വീട്ടിലേതെന്നു തോന്നും
വിധിയെന്നവൾ ഗദ്ഗദം കൊള്ളുന്നു
ഓർത്തു പോയി ഞാനപ്പോൾ
പേർത്തും, പേർത്തും.
നാമെന്നു മെറിഞ്ഞുകളയും ഭക്ഷണ-
ത്തിന്നൊരു പാതിയെങ്കിലുമിവൾക്ക് -
കിട്ടീടുകിൽ
ആർത്തി തീരാനില്ലെങ്കിലും
രണ്ടു നേര മന്നം കിട്ടുകിൽ
പൂർണ്ണചന്ദ്രനെപ്പോൽ വിളങ്ങീടു -
മീയമ്മ
അഴകേഴും ചിതറുമാപിഞ്ചുകുഞ്ഞ്.
പ്രതീക്ഷ സ്ഫുരിക്കുമാ മിഴികളിൽ
രണ്ടു ജലഗോള മുരുളാനിരിക്കുന്നു
കരയരുതെന്ന് പറയുവതെങ്ങനെ
കാശു ഞാനാ കരത്തിലേക്കു വയ്ക്കുന്നു

ഠോ.....!




തോൽക്കുന്നിടത്തു നിന്ന്
തോക്കുകൾ കഥ തുടങ്ങുന്നു
ഗാന്ധിജിയുടെ ഇടനെഞ്ചിൽ
നിന്നും
തോറ്റു മടങ്ങിയ വെടിയുണ്ട
തോൽവിയുടെ തോതുമായി
നെഞ്ചുതേടി നടക്കുന്നു.
നഞ്ചേൽക്കാത്ത കുറേ
നെഞ്ചുകളുണ്ടിവിടെ
അക്രമത്തെ അകറ്റി
ആശയത്തെ അണിഞ്ഞവർ
ആശകളെ അക്ഷരമാക്കിയ
സത്യത്തിന്റെ വിളക്കുകൾ.
സൂക്ഷിക്കണം, നിങ്ങൾക്കിട
യിലുണ്ട്
നുണയുടെ നുള്ളുകൾ വിള
മ്പുന്നവർ
ഏതുസമയത്തും നിങ്ങളുടെ
നെഞ്ചിലേക്ക് പതിച്ചേക്കാം
നുണയുടെ ഒരു ഠോ.

പക്ഷേ; തോക്കുകളേ
തിരിഞ്ഞു നോക്കണം നിങ്ങൾ
ചരിത്രത്തിന്റെ നാൾവഴികളിലേക്ക്
ജയിച്ചിട്ടില്ല വെടിയുണ്ടകൾ
 ഇന്നു വരെ
ഒരു ജനതയേയും
........................................................
കുറിപ്പ് :- ഗൗരി ലങ്കേഷിന് ആദരാഞ്ജലികൾ

2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

പ്രവാസ ജീവിതം



പ്രവാസത്തിലേക്കുള്ള പ്രയാണം
കാടുകൾ വറ്റിപ്പോയ മരുക്കാട്ടിലാ
ണെന്നെ കൊണ്ടെത്തിച്ചത്
കാൽപ്പാടുകളെ പാടേ മായ്ച്ച്
മലർന്നു കിടക്കുന്ന മരുഭൂമി
ജല സ്പർശമില്ലാത്ത മരുപ്രദേശം
കരകാണാക്കടൽ പോലെ പരന്നു
കിടക്കുന്നു
താഴെ കനൽ പഴുക്കം, മേലെ അഗ്നി
വർഷം
ഇടയിൽ ഈന്തപ്പനകളെ ഞാൻ കിനാ
വു കാണുന്നു
തണലിന്റെ നിഴൽപ്പച്ചതേടുന്നു
കാതങ്ങൾക്കപ്പുറത്തു നിന്ന് കാതോ _
രമവൾ മൊഴിയുന്നു
കാണാക്കൊതിയുടെ കണ്ണീർത്തിരയിള
കുന്നു
ഇന്നും ഞാൻ മരുക്കടലിൽ
തൊടുവാൻ കഴിഞ്ഞിട്ടില്ല യിന്നു വരെ
കര
ജീവിതമേ...., ഈ ജീവിതകപ്പൽ ഏതു
തീരത്തടുപ്പിക്കും

ഓണമാകാൻ...



ഓണത്തിനൊരു കൂട്ടം
ചന്തമുണ്ടായീടുവാൻ
ശുദ്ധമാം കായ്കറികൾ
ഇത്തിരിയോളം വേണം
വിയർപ്പിന്നുപ്പും ചേർത്ത്
ചേറിനോടൊത്തുചേർന്ന്
കൊയ്തു നാമെടുത്തോരു
ഇത്തിരി കുത്തരിച്ചോർ
നാട്ടിലെ കുറ്റിക്കാട്ടിൽ
പൊട്ടി വിടർന്നുള്ളാരു
പൊന്നോണപൂവും, തൂമ
യെഴുന്ന തുമ്പപ്പൂവും
തുമ്പികൾ ചുറ്റും വട്ടമിട്ടു
തുള്ളിയാർക്കുന്ന
പൂവുകളില്ലെന്നാകിൽ
ഓണം പിന്നെയെന്തോണം

അവനവനിലേക്ക് വിരൽ ചൂണ്ടുക




എവിടെയോ വെച്ച് ഞാനെന്നെ
മറന്നുപോയിരിക്കുന്നു!
എവിടെയായിരിക്കും?
ഒരു ഉറപ്പില്ലായ്മയുണ്ട്
ഉറപ്പിച്ചു പറയാൻ.
ഞാനെന്നിലേക്കൊരു വിരൽ
ചൂണ്ടുന്നു
വിശ്വാസത്തിന്റെ വേരുകൾ
നേർത്തു വരുന്നു.
എന്റെ ഓർമ്മകൾ മധുരം നിറഞ്ഞ
വ മാത്രമല്ല
വിധുരവുമാണ്.
ജീവിതം മഹാപ്രവാഹം.
എങ്ങോട്ടൊഴുകണമെന്ന് അതിനറിയാം
നദിയെപ്പോലെ
ചോദ്യങ്ങളെല്ലാം അറുത്തെറിയുക
സത്തയെന്തെന്ന് അപ്പോഴറിയാം
ഒഴിഞ്ഞിരിക്കണം മനസ്സ്
ഒഴുകിയെത്തിക്കൊള്ളും എല്ലാം.

2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

ജീവിതം




ജീവിതം മരണത്തെ
നോക്കി നിൽക്കുമ്പോഴും
അതിരുകളില്ലാത്ത ആർത്തി
നമ്മേ ഓടിച്ചു കൊണ്ടേയിരിക്കുന്നു.
വലയ്ക്കുള്ളിലായിട്ടും
മരണത്തിലേക്കെന്നറിയാത്ത
മത്സ്യമാണ് മനുഷ്യൻ.
ചിത്രകാരൻ ചിത്രത്തെയെന്ന
പോലെ
ആസ്വദിക്കേണ്ട ജീവിതം
ചിതറിക്കിടക്കുന്നു
റെയിൽപ്പാളത്തിലെ ശവശരീരം
പോലെ
അടുക്കും ചിട്ടയുമില്ലാതെ.
ഏതോ ഇടവഴിയിൽ
ഇടറിവീണേക്കാവുന്ന
മഴത്തുള്ളിയാണ് ജീവിതം

2017, ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഓണം




ഓണം വന്നോണം വന്നോണം
വന്നോമനേ
ഓണക്കിളി,പാട്ടു പാടിടുന്നു
ഓണവിരുന്നു മൊരുക്കി പൂ
വാടികൾ
കൈനീട്ടി മാടി വിളിച്ചിടുന്നു
പച്ചിലപ്പായയിൽ
തുമ്പിതുള്ളാനുള്ളോരുക്കങ്ങൾ
തുമ്പികൾ ചെയ്തിടുന്നു
ആവോളം നറുമണം
ഭക്ഷിച്ചിളം തെന്നൽ
ഏമ്പക്കംവിട്ട്, ഉലാത്തിടുന്നു
തൂമധുവുണ്ടിളം വണ്ടുകൾ
മത്തരായ്
പൂവിൻ ദളത്തിൽ ശയിച്ചിടുന്നു
തോട്ടുവരമ്പത്ത്
നീടുറ്റ ചിരിയാലെ
ആമ്പലോ പൂക്കളം തീർത്തിടുന്നു
പാണന്റെ വീണ പാടുന്നു
മനോജ്ഞമായ്
ഓണം വന്നോണം വന്നോണം വന്നേ

നിറഭേദങ്ങൾ



എത്ര സുന്ദര സങ്കൽപ്പ
മായിനീ
എന്നന്തരംഗത്തിൽ
നിറഞ്ഞു നിന്നു
ആപ്രേമ ദീപ്തി തൻ
നീഹാരഹാരങ്ങൾ
എൻമാറിലെന്നു മണി
ഞ്ഞിരുന്നു
ഈ,യോണം നല്ലോണ
മെന്നുമൊഴിഞ്ഞു നീ
കിനാവിന്റെ പൂക്കളം
തീർത്തു തന്നു
എല്ലാം മറന്നുനീ യെന്നെ
മറന്നു നീ
നീയിന്നെനിക്കന്യയായി.
നാം തമ്മിൽ ചാർത്തിയ
ചുംബന മുദ്രകൾ എല്ലാം
മറന്നു നീ പോയി
മാരിവില്ലായി നിറം ചാർത്തി
നിന്നു നീ
മായയായെങ്ങോ മറഞ്ഞു
പോയി
പ്രണയമെന്നുള്ളത്
പഞ്ഞമില്ലാതൊരു
വർണ്ണ മേലങ്കി നിനക്ക്




2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

അങ്ങനെയാണ് ഞാൻ കവിത യെഴുത്ത് നിർത്തിയത്




അങ്ങനെയാണ് ഞാൻ കവിത -
യെഴുത്ത് നിർത്തിയത്.
അതിന്റെ ആഴവും പരപ്പും
നഷ്ട്ടപ്പെട്ടു
ആകുലതയും, വ്യാകുലതയും
വിട്ടകന്നു
ഒന്നുതന്നെ ആവർത്തിച്ചുകൊണ്ടി-
രിക്കുമ്പോൾ
പിന്നെ വിരസത ,നിർവ്വികാരത.
ആർത്തനാദത്തിന്റെ ചിലമ്പിച്ച സ്വരം
ചുറ്റും പ്രകമ്പനം, പൊട്ടിത്തെറി
ഒരു പിടച്ചൽ, ചിറപൊട്ടിയതുപോലെ
ചീറ്റിയൊഴുക്കുന്ന ചോര.
ഓരോ മരണവും എന്റെ തന്നെ
മരണമാകുമ്പോൾ
ഞാനെന്തിന് ഉൽക്കണ്oപ്പെടണം.
നാം കരുതിയിരുന്നു
കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതു
മെല്ലാം
വായിക്കാൻ മാത്രമുള്ളതെന്ന്
അവരുടെ മാത്രം കാര്യമെന്ന്.
ഓരോ മനുഷ്യനും ഓരോ കവിത
യാണ്
മനുഷ്യനെക്കുറിച്ചല്ലാതെ ഞാനെ-
ന്തിനെക്കുറിച്ചെഴുതും?!
മനുഷ്യന് മനുഷ്യനെ വായിക്കുവാൻ
കഴിയുന്നില്ലെങ്കിൽ
മനുഷ്യൻ വായിക്കാത കവിത -
ഞാനെന്തിനെഴുതണം.

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

അവൾക്കു മുന്നിൽ.......!




അവസാനം ഞാൻ അവിടെയെത്തി.
ചെമ്മൺപാതകയറി കുന്നിൻ മുകളിലെ
ഇന്നുവരെ കണ്ടിട്ടില്ലാത്ത,അറിയാത്ത
ആ ശവപ്പറമ്പിൽ
താഴെ ചതുപ്പിന്റെ ഉപ്പുഗന്ധവും പേറി
ഒരു കാറ്റു വന്നു
പഴകി പരന്ന കല്ലുകളും, ചിതലരിച്ച സ്മാര
കങ്ങളും,
മാർബിളിൽ തീർത്ത ചിലതും,
ചില കല്ലറകൾ വൃത്തിയാക്കി പ്ലാസ്റ്റിക്ക്
പുവുകൾ വച്ചിരുന്നു.
ഇരുണ്ടുകൂടി താഴ്ന്ന മേഘങ്ങൾ
മഴകളെ തുള്ളികളായി വിതറിത്തുടങ്ങി  ആ കല്ലറ ഞാൻ കണ്ടെത്തുക തന്നെ ചെയ്തു
പായൽപച്ചനിറം തേച്ച തേഞ്ഞു തുടങ്ങിയ
ജനന മരണക്കണക്കിനാൽ
നാമകരണം ചെയ്യപ്പെട്ട കല്ലറ
തോരത്ത കണ്ണീർ അന്നാദ്യമായി എന്നിൽ വരണ്ടുണങ്ങി
കാറ്റിലുലയുന്ന മരംപോലെ
ഞാനെന്നെതന്നെ നിനക്ക് നൽകിയി
രുന്നിലെ?
ഒറ്റയ്ക്കും, പൂർണ്ണമായും എനിക്ക് നിന്നെ
വേണമായിരുന്നു
ഞാനൊരമ്പായ് കുതിക്കാൻ നീയൊരു
വില്ലായ് വേണമായിരുന്നു
പ്രണയത്തിന്റെ പല്ലവിയിൽ തന്നെ
പൊഴിഞ്ഞു പോയവൾ നീ
എന്റെ മോഹങ്ങൾ അത്തിപ്പഴങ്ങൾ
പോലെ
കരിഞ്ഞുണങ്ങി കാൽക്കീഴിലേക്ക്
വീണു പോയി
എല്ലാം അയഥാർത്ഥങ്ങളുടെ മൂടൽ
മഞ്ഞിൽവരച്ചതു പോലെ


2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

വീട് അലങ്കാരമാകുമ്പോൾ



പഴയ തറവാട്ടുവീട്
പാതി പൊളിഞ്ഞു വീണെങ്കിലും
ഇന്നുമുണ്ട്
മുതുകുവളഞ്ഞ് ഇരിപ്പിലായ
മുത്തിയമ്മയെപ്പോലെ.
കഴിഞ്ഞു പോയ കാലങ്ങൾ
ചുരുണ്ടുകൂടി കിടപ്പുണ്ടാകും
ഇരുട്ടറകളിൽ.
കൊഴിഞ്ഞു പോയ ജന്മങ്ങളുടെ
കിതപ്പുണ്ടാകും.
ഇഴഞ്ഞുപോയ ഇനിപ്പുള്ള കാലങ്ങ
ളെക്കുറിച്ച്
ദുഃഖത്തിന്റെ കരിങ്കാറുകളെക്കുറിച്ച്
ഇടറിയ കൂറ്റാലെ അകലങ്ങളിൽ നട്ട
മിഴികളാലെ പറഞ്ഞിട്ടുണ്ട,മ്മ.
ശനിയും, സംക്രാന്തിയും, ഓണവും,
വിഷുവുമില്ലാതെ
ആളും അർത്ഥവുമില്ലാതെ എല്ലാം ഓർമ്മകളായിപ്പോയില്ലെ .
കെട്ടുന്നുണ്ട് മകനിന്നൊരു വീട്
പഴയൊരു മാതൃകയിലൊന്ന്
കൂട്ടുകുടുംബം ഇല്ലെന്നല്ല
കൂടാനാരും ഇല്ല
ഉള്ളവരെല്ലാം കടലുകടന്ന്
കല്പകവാടിയിലല്ലോ
ഓണം, വിഷുവും വന്നാൽ വാതിൽ
തുറന്നീടാതൊരു വീട്
ആരും താമസമില്ലാതുള്ള
അലങ്കാരത്തിൻവീട്



2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

മകളേ... നീയും




നരച്ച തെരുവിൽ നിന്ന്
പുതുമഴയുടെ ഗന്ധമുയരുന്നു
തെരുവു കഴുകി വൃത്തിയാക്കാൻ
പോരുന്ന
മഴയായിരുന്നില്ല
തുമ്പികൈവണ്ണത്തിൽ മഴ പതിക്കു
മ്പോൾ
പൊടി ആവിയായി പൊങ്ങുന്നു
തെരുവിനിരുപുറവും ഗുഹ പോലുള്ള
വീടുകൾ
വില കുറഞ്ഞ വർണ്ണവസ്ത്രങ്ങള
ണിഞ്ഞ്
ചുണ്ടുകൾ ചുവപ്പിച്ച്
തേടി വരുന്നവരെ കാത്തിരിക്കുന്നു
സ്ത്രീകൾ
ദുഃഖമിരമ്പുന്ന മുഖങ്ങളിൽ
പൗഡറിട്ടു മിനുക്കിയവർ
അരവയർ നിറയ്ക്കുവാൻ
ആടകളുരിയുന്നവർ.
എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയുമായ്
കാത്തുനിൽപ്പുണ്ടൊരു പെൺകുട്ടി
ഹൃദയം പോലെ പുഷ്പ്പിച്ചു നിൽക്കുന്ന
വൾ
പുരുഷനെന്തെന്നറിയാൻ പാകമാകാ
ത്തവൾ
പട്ടിണി പാഠം മാത്രം ഉരുവിട്ടു പഠിച്ചവൾ
പശി മാറ്റുവാൻ ഒരു പിഞ്ചുശരീരം
മകളേ.... നീയും

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

വരിക പൊന്നോണമേ



വരിക പൊന്നോണമേ
ചിങ്ങത്തേരൊരുക്കമായ്
നന്മതൻ മേന്മചൊല്ലാൻ
വരിക പൊന്നോണമേ.
കള്ളവും, ചതികളും
ചിതമെന്നു കരുതും
ചിന്തകളെ ചീന്തുവാൻ
വരിക പൊന്നോണമേ.
വേലിക്കെട്ടില്ലാതൊരു
വൻമതിലില്ലാതൊരു
സ്നേഹ സന്ദേശം നൽകാൻ
വരിക പൊന്നോണമേ
ഒരുമ, സ്നേഹം, നന്മ,
സത്യവും, ധർമ്മം, നീതി
മണ്ണിലും മനസ്സിലും
പുത്തനാം പുതുപൂക്കൾ
വാരി വിടർത്തി വേഗം
വരിക പൊന്നോണമേ
വരിക, വരിക നീ
വരിക പൊന്നോണമേ

വല്ലാതെ.... !




ഇപ്പോൾ ഞാൻ നിന്നെ വല്ലാതെ
പ്രേമിക്കുന്നു
ഇടയ്ക്കിടെ ഫോണിലേക്ക് നോക്കുന്നു
കട്ടാവുന്ന നെറ്റിനെ ശപിക്കുന്നു
നീ ലൈനിലുണ്ടോന്ന് മെസഞ്ചർ
തുറക്കുന്നു.
എന്നു മുതലാണ് നീ എന്റെ മെസഞ്ചറി
ലേക്ക് വന്ന് തുടങ്ങിയത്?
നാം ആദ്യം മിണ്ടിയത് എന്തായിരിക്കും!
പിന്നെ മെസ്സേജിന്റെ പ്രവാഹമായിരുന്നില്ലെ
ഹോ.... ഇതൊക്കെ കണ്ടുപിടിച്ചവരെ
സമ്മതിക്കണം
പണ്ടൊക്കെ ഒരു കത്തെഴുതി എത്രകാലം
കാത്തിരിക്കണം
കാത്തിരിപ്പിന്റെ വേദന ഹോ ....!
ഇപ്പോൾനിമിഷങ്ങൾ വേണ്ട എന്നിട്ടും...
അന്ന,പ്പോൾ എത്ര വേദനത്തീ തിന്നിട്ടുണ്ടാകും
ഇതിപ്പോൾ ഫോണിൽ പറയുകയും വേണ്ട
ആളു കേൾക്കുമെന്ന് പേടിക്കയേവേണ്ട
തലയും താഴ്ത്തി ഒറ്റയിരുപ്പ്
പെരുവിരലാൽ പ്രണയത്തിന്റെ പെരുപ്പ
റിയാം.
പലപ്പോഴും നമ്മുടെ മെസ്സേജുകൾ ശൂന്യതയിൽ കൂട്ടിമുട്ടാറുണ്ടാവണം
അതുകൊണ്ടായിരിക്കണം ഒരു നിമിഷം
ഫോൺ ജാമായിപ്പോകുന്നത്.
എത്ര പിണങ്ങിയിട്ടുണ്ട് നാം
അതിനേക്കാൾ വേഗത്തിൽ
ഇണങ്ങിയിട്ടുണ്ട്
മെസ്സേജ് വന്നു കൊണ്ടോയിരിക്കുമ്പോൾ
പ്രണയം ഇത്രയുമുണ്ടെന്ന് അറിഞ്ഞിരുന്നില്ല
ഇന്ന്, ഒരു ദിവസം നിന്റെ മെസ്സേജ് കാണാതിരുന്നപ്പോഴാണ്
പ്രണയം ഇത്രയും തീവ്രമെന്ന് ഞാനറിഞ്ഞത്
ഇപ്പോൾ ഞാൻ നിന്നെ വല്ലാതെ
പ്രേമിക്കുന്നു

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

നിന്നെയും കാത്ത് ....!




പാറക്കെട്ടുകൾ മേഘങ്ങളെ
പുതച്ചു കിടക്കുന്നു
മഞ്ഞിന്റെ പുടവയണിഞ്ഞ കാട്
ജലപാതം പോലെ ഞൊറിയിട്ടൊ
ഴുകുന്നു
പാഞ്ഞു വന്നൊരു കാറ്റ് ഇലകളെ
തൊട്ടു നോക്കുന്നു
മൃദുല നഖരങ്ങളാൽ ഇക്കിളിയാക്കുന്നു
ചില്ലയിൽ ചേർന്നിരുന്ന് തോളോടു
തോളുരുമ്മി
ചുണ്ടോടുചുണ്ട് ചേർത്ത് രോമാഞ്ച
പ്പെടുത്തുന്നു
പന്തുകളെപ്പോലെ ചിലപക്ഷികൾ
കാടിന്റെ വാതിൽ തുറന്ന്
പൊങ്ങിയും, താഴ്ന്നും പറന്നു കളിക്കുന്നു
മൃഗനേത്ര നിർന്നിമേഷതയാൽ പോക്കു
വെയിൽ
കാടിനുള്ളിലേക്ക് എത്തിനോക്കുന്നു
മഞ്ഞു തുളളികൾ കടംകൊണ്ട
മഴവില്ലും നോക്കി
പഴുത്തു വീണയിലകളിൽ പാവക്കുട്ടി
യെപ്പോലെ
ഒരു മുയൽക്കുഞ്ഞിരിക്കുന്നു
അടരുന്ന ഒരിലപോലെ അകന്ന്
ഞാനൊരു കൂട്ടിലെ കിളിയായ്
കഴിയുന്നു
മൃദുസ്പർശിയായ അവസാനത്തെ
പ്രശാന്തചുംബനത്തിനായ് നിന്നെയും
കാത്ത്

2017, ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

നാലുംകൂടിയ മുക്ക്




നാലുംകൂടിയ മുക്ക്
മൂകമായിട്ട് കാലമേറെയായി
യൗവ്വനത്തിൽതന്നെ ജരാനര
യേറ്റു വാങ്ങേണ്ടിവന്ന
പുരാണനായകനെപ്പോലെ.
ആളും, ബഹളവും രാവ് ,പകലെ
ന്നില്ലാതെ
നിറഞ്ഞുനിന്ന ഒരു കാലമുണ്ടായി
രുന്നു
സൂര്യനസ്തമിക്കാത സാമ്രാജ്യം പോലെ.
നാലു കാലുള്ള ചായക്കട ,സമാവറിലെ
അണക്കിലുക്കം,
കടലസ്റ്റൂ ,പുഴുങ്ങിയ ബത്താസ്, കരിപ്പട്ടി കാപ്പി,
പായ, ഓലച്ചൂട്ട് ,കല്ലുമരി ,സോപ്പ്, ചീർപ്പ്,
കണ്ണാടി ചന്തമുള്ള ചന്തയുടെ ബാല്യ
കാലം
കാളവണ്ടി, കലപ്പ ,കാള എല്ലാം എത്ര വേഗ
മാണ് മാറിപ്പോയത്
പുതിയൊരുപട്ടണം തന്നെ പടുത്തുയർത്തിയപ്പോൾ
തിരിഞ്ഞു നോക്കുവാനാളില്ലാതെ
അനാഥമായിപ്പോയി, ഇനി വയ്യ!
എന്നോചിതലെടുത്തു പോയ മുത്തശ്ശി
ആൽമരത്തിന്റെ
അവസാത്തെ കുറ്റിയും അറ്റുപോയി രിക്കുന്നു.
ഒരു വൈകുന്നേരം വിഷാദത്തിന്റെ
ധൂളിയും പുതച്ച് കൂനിയിരിക്കുന്നത്
കണ്ടവരുണ്ട് പോലും
പിന്നെ,വിഷദം പെയ്തൊഴിഞ്ഞ്
നേരം പുലർന്നപ്പോൾ കാണാനു
ണ്ടായിരുന്നില്ല നാലും കൂടിയ മുക്ക്
പിന്നെയിന്നുവരെ ആരും കണ്ടിട്ടില്ല.

ജീവിത സന്ധികൾ




വിസ്മയിപ്പിക്കാറുണ്ട് ചില
ജീവിത സന്ധികൾ.
കടം കയറി മൂടിയവൻ
കോടിശ്വരനാകുന്നു
നാട്ടിൽ തേരാ പാരാ നടന്നവൻ
ബെൻസ് കാറിൽ കറങ്ങി നടക്കുന്നു
കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട്
കണക്കറിയാത്തവൻ
ബിസ്നസ്സിന്റെ ബഹുനിലകെട്ടിടത്തിലിരുന്ന്
കണക്കുകൾ കൊണ്ട് അമ്മാനമാടുന്നു
പണം കൊണ്ട് പായ നെയ്തവൻ
കൂട്ടം തെറ്റിയ കിളിയെപ്പോലെ
കാലണയ്ക്ക് വകയില്ലാതെ
തെരുവിലലയുന്നു
ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും ഓരോരാളും ഒറ്റയൊറ്റയായിപ്പോകുന്ന
നേരത്ത്
ഒരു നിമിഷമെങ്കിലും ഓർത്താൽ കാണാം
മോഹങ്ങളുടേയും, മോഹഭംഗങ്ങളുടേയും
ജീവിതം പലപ്പോഴും
ചില ഉചിതസന്ദർഭങ്ങളിൽ, ചില കുഞ്ഞു ബുദ്ധിയിൽ
വിസ്മയിപ്പിക്കുന്ന ഒരു ജീവിത
 സന്ധിയിൽ
ആകെ മാറി മറിഞ്ഞത്

2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

പൊൻ ചെമ്പകം



ഒഴിഞ്ഞുകിടക്കുന്ന പാതയിൽ
നിന്റെ കാലടിപ്പാടുകൾ ഞാൻ
തിരയുന്നു
സ്വപ്നത്തിന്റെ വാജിയിലേറ്റി
രോമാഞ്ചത്തിന്റെ മെത്തയിൽ
കിടത്തിയവൾ നീ
ഈ പൊൻചെമ്പകക്കീഴിൽ ഞാൻ
കാത്തു നിൽക്കുന്നു
കോതിയൊതുക്കാത്ത അളകങ്ങളും
കൊതിയൂറുന്ന കണ്ണുകളും
എന്നെ മാടി വിളിക്കുന്നു
സ്നേഹത്തിന്റെ ഇലച്ചാർത്തിനുള്ളിലെ
പ്രണയത്തിന്റെ ഒറ്റ ചെമ്പക പൂവാണ് നീ
മരവിച്ചു പോയ എന്റെ ചുണ്ടിൽ
മധുരമായ് നിൽക്കുന്നത് നിന്റെ പേരാണ്
എന്റെ നെഞ്ചിലേക്ക് അടർന്നു വീഴുവാൻ
ഈ ചെമ്പകത്തിൽ ഇനി പൂവുകളില്ല.
പുകമഞ്ഞിൻ പരപ്പിലേക്കെന്നോണം
എങ്ങാണ് നീ മറഞ്ഞു പോയത് ?!
കാത്തിരിക്കുന്നു ഞാൻ നീ വരുംനാളിനായ്
ഞെട്ടറ്റ പൂവായ് ഈ വിജന പാതയിൽ
പ്രണയത്തിന്റെ പൊൻ ചെമ്പകപൂവേ
വന്നെത്തിടേണം നീ സുഗന്ധം പരത്തി

2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

കാണുവതെങ്ങനെ




കാടിതാ കൈകൾ നീട്ടിക്കേണിടുന്നു
ശൈലങ്ങൾ മുറിവേറ്റു പിടഞ്ഞു വീഴുന്നു
ശീലങ്ങളെല്ലാമേ മറന്നു പോയുള്ളൊരു
കാട്ടു ജന്മങ്ങൾ നിലവിളിച്ചീടുന്നു
തമ്പുരു മീട്ടുന്ന തുമ്പി പിടയുന്നു
തുമ്പകൾ ബ്ഭൂമി പിളർന്നു താഴുന്നു
ചിറകറ്റ ശലഭങ്ങൾ ചിരിയറ്റ പുലരികൾ
ചോരയാൽ ചമഞ്ഞു കിടക്കും ചെമ്പരത്തികൾ
വറ്റുന്നു തൊണ്ടകൾ കൺതടങ്ങൾ
കാട്ടുപച്ചകൾ പച്ചക്കിളികൾ
തീപ്പിടിച്ചു കത്തി തിളയ്ക്കുംജലങ്ങൾ
ചത്തുമലയ്ക്കുന്നു പുഴകൾ
കരിഞ്ഞുയരുന്നു കരിമ്പുകകളായ്
കരിമ്പന
കുന്നിൻ കണ്ണ് തുരന്നതിൻ കുഴിമാത്രമെങ്ങും
അമ്മേ, ബ്ഭൂമിമാതാവേ കാണുവ
തെങ്ങനെ കൺനിറയേ നിറച്ചാർത്ത്,
നിറമാല, നീലാഭ ശൈലത്തെ, പച്ച പട്ടുടയാട ചാർത്തി വിളങ്ങി നിൽക്കുമീ
താഴ്വരച്ചാർത്തിനെ

കൊച്ചു പെൺകുട്ടി




ഒരുനാളുച്ചനേരം മുറ്റത്തേക്കിറങ്ങവേ
കണ്ടുഞാൻ ഗെയ്റ്റിൻ മുന്നിൽ
ഒരു കൊച്ചു പെൺകുട്ടി
പിഞ്ഞിയ പാവാടയും, കീറിയ കുപ്പായവും
കുഴിയിലാണ്ടുള്ള കണ്ണും, പൊങ്ങിയ നെഞ്ചിൻ കൂടും
ഒറ്റനോട്ടത്തിൽ തന്നെ അറിയാംപിച്ചക്കാരി
പിച്ചവെച്ചീടുംപോലെ പതുക്കേ നടക്കുന്നോൾ
കുട്ടികളെല്ലാവരും കൂട്ടം കൂടി നിൽക്കുന്നു
ചോദിക്കുന്നെന്തൊക്കയോ
മിണ്ടാതെ നിൽക്കുന്നവൾ
വിരണ്ട മിഴികളും, വരണ്ട ചുണ്ടുകളും
വിറച്ചീടുന്നു ഗാത്രം വിശന്നീടുന്നുണ്ടാവാം.
എന്നെകണ്ട കുട്ടികൾ അകന്നുമാറീടുന്നു
മുഖം താഴ്ത്തിയാക്കുട്ടി അനങ്ങാതെ
നിൽക്കുന്നു
എന്തുവേണമെന്നുഞാൻ പതിയേ ചോദിക്കവേ
വിശക്കുന്നുണ്ടെന്നാവാം തൊട്ടുകാട്ടുന്നു വയർ
ചോറുനൽകി ഞാൻ പിന്നെ ഗേയ്റ്റിനു
പുറത്താക്കി
സ്കൂളാണിതു വേഗം പോകുവാൻ ചൊല്ലി
വിട്ടു
നാലുമണിതൻ നീണ്ട ബെല്ലു മുഴങ്ങീടവേ
കണ്ടു ഞാനക്കുഞ്ഞിനെ പിന്നെയും ഗെയ്റ്റരികിൽ
പിന്നെയെന്നും രാവിലെ, വൈകുന്നേരങ്ങളി
ലും
ഗെയ്റ്റിലാ കുഞ്ഞുണ്ടാകും കുട്ടികളേറ്റീടുന്ന പുസ്തകസഞ്ചി നോക്കി
എൻനിഴൽ കണ്ടെന്നാകിൽ
തലയും താഴ്ത്തിയവൾ തന്നാൽ കഴിയും
വേഗം
നടന്നു മറഞ്ഞീടും

ഓണം, ഇന്ന്




ഏണമിഴിയാൾ ചൊല്ലി
ഓണമാണുണ്ണീ
ഏഴ,ഴകാർന്നൊരീ മാരിവില്ലു
പോലൊരോണപ്പൂക്കളം തീർക്കണം
ഓൺലൈനിൽ ബുക്കുചെയ്തിടാം
പൂക്കളെ ,ഓണത്തപ്പനെ
വിലയേറിയോരഴകുകൾ വീട്ടുമുറ്റ
ത്തെത്തിടും
ഡിസൈനൊന്ന് സർച്ച് ചെയ്തിടാം
പൂക്കളം അവർ തീർത്തിടും.
തൂശനിലയും, സദ്യവട്ടങ്ങളും
ഊൺമേശയിൽ വിളമ്പാൻ
മെനുകാർഡുമായ് കാത്തുനിൽക്കുന്ന
വർതൻ
ക്യൂ ഇതാ നോക്കു.
അങ്ങ് വടക്കേ ചായ്പ്പിൽ നിന്നും
അമ്മൂമ്മമൊഴിയുയരുന്നു
തുമ്പയും, ചീങ്ങയും, വട്ടപ്പിരിയനും,
വെള്ളിലയും
തെച്ചിയും, പിച്ചിയും, മുല്ലയും, മുക്കിറ്റിയും
പറിക്കുവാൻ കൂട്ടരൊത്ത് ഉണ്ണി നീ പോകുന്നില്ലെ
തൊടിയിലൊന്നു ചെല്ലുണ്ണീതേക്കില
കൊണ്ടുവരൂ
വട്ടിയുണ്ടാക്കിത്തരാം
വട്ടത്തിൽ പൂവിടണ്ടേ.
പൂവിടും പറമ്പുകൾ, കുന്നുകൾ,
താഴ്വരകൾ
പുറപ്പെട്ടു പോയെല്ലാമേപുഴയിലും
കുളത്തിലും കുട്ടിയേറിപ്പാർപ്പായി
ബാക്കിയുള്ള തൊക്കെയും സിമൻറ്
തറയായി
അമ്മൂമ്മ കണ്ണീരാലെ പൂത്തറ കഴുകുന്നു
മാനസപൂക്കളാലെ പൂക്കളം തീർത്തീടുന്നു





നിങ്ങളാൽ അവൾ.....




വംശവൃക്ഷമായ് വളരേണ്ടവൾ പെണ്ണ്
വരും തലമുറയേ വാർത്തെടുക്കേണ്ടവൾ
അവളുടെ കണ്ണീരെണ്ണയിലല്ലോ നിങ്ങൾ
തിരി തെളിയിക്കുന്നു
അവളുടെ,യിളം മേനിയിലല്ലോ നിങ്ങളു
റഞ്ഞാടിടുന്നു
പൂമ്പാറ്റയായുല്ലസിക്കേണ്ട ശൈശവം
ആടിയും, പാടിയും തിമർക്കേണ്ട ബാല്യങ്ങൾ
സ്വപ്നങ്ങൾ മൊട്ടായ് കിളിർക്കേണ്ട കൗമാരം
പൂവായ് സുഗന്ധം പരത്തേണ്ട യൗവ്വനം
ഇല്ലില്ലവർക്കിന് .
കിടപ്പറയിൽ, വേട്ടയാടപ്പെടും മുയൽ  ക്കുഞ്ഞുങ്ങളായ് പിടയുന്നു
പൂമേനിയിൽ പൊൻപണം കായ്ക്കുന്ന
വഴിവാണിഭ വസ്തുവാകുന്നു
രജകനായുള്ളൻ അവളുടെ കൊഴുപ്പും
തഴപ്പും പൊലിപ്പിച്ച്
അരചനായ് വാണരുളുന്നു
പാനോത്സവത്തിന് മദിരയവൾ
മദം കൊണ്ടിടുന്നോർക്ക് മാംസമവൾ.
അവളുടെയുള്ളിൽ മുളയിട്ടവർ നിങ്ങൾ
ആ മുലപ്പാലുണ്ട് വളർന്നവർ നിങ്ങൾ.
ആ ഗർഭപാത്രം തകർക്കുന്നു നിങ്ങൾ
ആ അരക്കെട്ടുപിളർക്കുന്നു നിങ്ങൾ
ആ ചുടുമാംസം ചുട്ടുതിന്നു രസിക്കുന്ന
കാട്ടാളർ നിങ്ങൾ

മരുക്കാട്ടിൽ....



നേരമൊത്തിരിയായി
രാവുറക്കമായി
നിശ്ചലം എങ്ങും ഭയാനകം
എങ്കിലും തിരക്കിലാണെന്നിട്ടും
ഞാനിപ്പൊഴും.
ഉടൽ പിണങ്ങുന്നെന്നാലും
പണി ചുമടായ്ക്കിടപ്പൂ
കിടപ്പറയിൽ നിന്നു കേൾക്കാം
കൂർക്കംവലി ക്രമാൽ
ചേടിയായുള്ളവൾ ഞാൻ
ചൊടിച്ചിട്ടെന്തു കാര്യം
ഇച്ചേതിവക്കിലെങ്ങാൻ
നടുനിവർത്താൻ കഴിഞ്ഞാൽ
അതു താൻ ഭാഗ്യമെന്ന് കരുതേ
ണ്ടുന്നോളല്ലോ
പൂർവ്വാംബരം ചുവക്കാൻ ഇല്ലിനി
നേരമേറെ
തീർക്കണം അപ്പോഴേക്കും ബാക്കി
യുള്ള ജോലിയും
പാതിരാവോളം പാനോത്സവമാ,യാണും
പെണ്ണും
പണക്കൊഴുപ്പിൻമേളങ്ങൾ ആർപ്പുകൾ
അട്ടഹാസങ്ങൾ
വെട്ടിയിട്ട വാഴപോൽ പിന്നെ സ്വസ്ഥമാ, മുറക്കങ്ങൾ
ഈ മരുക്കാട്ടിൽ വേലക്കാരിയാംപെണ്ണി
വൾ
ഈ കനൽവഴിയിൽ പൊള്ളിപ്പിടഞ്ഞീടുന്നു

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

പ്രണയമേ....!




മഴയാജനാലയിൽ ശോകാർത്തമായി
തലയടിക്കുന്ന,വളെപ്പോൽ
തോരാതെ പെയ്യുന്നുമഴ മിഴിനീർപോലെ
ഹൃദയത്തെ പൊള്ളിച്ചിടുന്നു
എത്രനിന്നെ പ്രണയിക്കുന്നുഞാനെന്ന്
പതംപറയുന്നു തേങ്ങുന്നു
എന്റെഏകാന്തമാം രാത്രിതൻ അന്ത്യം ക്കുറിക്കും പ്രഭാതം നീ യെന്നുനിനച്ചു ഞാൻ
എന്റെ പ്രഭാതത്തെ ഞെരിച്ചടർത്തീടുന്ന
കൂരിരുളായിഭവിച്ചല്ലൊനീ
എന്തിനായെന്നോട് ചൊല്ലീ പ്രണയം നീ
എന്തിനാ യെന്നിലേയെന്നെയുണർത്തി നീ
വഞ്ചനതൻ കഞ്ചുകം പുതച്ചുംകൊണ്ടേ
കുഞ്ചിരാമൻ കളിച്ചുപറ്റിച്ചു നീ
സത്യമായല്ലോഞാൻ നിന്നേപ്രണയിച്ചു
സ്വന്തമെന്നല്ലോഞാൻ നിന്നേകരുതി
എന്തിനായെന്തിനായ് ഈയന്ധകാരത്തിൽ
എന്നെയെറിഞ്ഞു കളഞ്ഞു നീ പ്രണയമേ

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

മീൻ മാർക്കറ്റിൽ



പരുന്തുകളുടെ പറക്കലും
ഈച്ചകളുടെ ആർപ്പും
ഉളുമ്പ് മണത്തിന്റെ
തുളുമ്പലും കൊണ്ടറിയാം
മീൻമാർക്കറ്റ് എവിടെയെന്ന് .
ശ്വാസംമുട്ടലിന്റെ ആ ഒറ്റനിമിഷ
ത്തിന്റെ ഭയംകൊണ്ട്
ഇമകൾ പൂട്ടാൻ മറന്നതു
കൊണ്ടായിരിക്കണം
ചില്ലുപാത്രംപോലെ മീനുകളുടെ
കണ്ണുകൾ തിളങ്ങി നിൽക്കുന്നത്.
കലങ്ങിയ ഒരു കടലായിരിക്കണം
മുറിഞ്ഞ മീനിൽനിന്ന് ചോരയായ്
ഒഴുകുന്നത്.
മരണത്തിന്റെ ഒരു കടലാണ്
മാർക്കറ്റ്.
തലച്ചോറ്ചിതറി, ഹൃദയംനുറുങ്ങി
എല്ലും തൊലിയുമായ് തറഞ്ഞുകൊണ്ടി
രിക്കുമ്പോഴും
കൊന്നിട്ടും കൊതിതീരാതെയെന്ന
ഭയാശങ്കയല്ല
ഇത്രയേയുള്ളൂ,യെന്ന ഒരുപുച്ഛച്ചിരി കാണാം
ചില മീന്തലകളിൽ.
ഇരകളെയെന്നപോലെ പിൻതുടരുന്നുണ്ട്
ചിലകണ്ണുകൾ
മീൻമാർക്കറ്റിലെത്തുന്ന സ്ത്രീകളെ
പച്ചയോടെ മസാലചേർത്ത് പൊരിച്ച്
തിന്നുന്നുണ്ട് !
അപ്പോഴാണറിയുക
മരണം മേഞ്ഞുനടപ്പുണ്ട് നമ്മിലുമെന്ന്.


2017, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

വീട്ടിലേക്കുള്ള വഴി




ഇടനേരങ്ങളിൽ ഇടയ്ക്ക്
ഇന്നും ഇറങ്ങിനടക്കാറുണ്ട്ഞാൻ
അന്നത്തെകുന്നിറമ്പായ ഇന്നത്തെ
നാഷണൽ ഹൈവേയിലൂടെ.
നാലാൾകൂടുന്ന നാലുംകൂടിയ മുക്കിൽ
കാത്തുനിൽക്കാറുണ്ട്
കുഞ്ഞിക്കണ്ണേട്ടനെ, സെയ്തലവിയെ, -
ജോസഫിനെ
ഇന്നത്തെ സൂപ്പർമാർക്കറ്റിന്റെ
ആളൊഴിഞ്ഞ കോണിൽ.
മുറുക്കിചുവന്ന ചാറൊലിപ്പിച്ച് കുഞ്ഞി -
ക്കണ്ണേട്ടൻ,
തലയിലൊരു വട്ടക്കെട്ടുമായ് സെയ്ദലവി
പിരിച്ച മീശയും, ചുണ്ടിൽ ബീഡിയുമായി
ജോസഫ്
നാട്ടുവർത്തമാനം ചൊല്ലിചിരിച്ച് നടക്കു
മ്പോൾ
ഭ്രാന്തനെന്ന്,ഭ്രാന്ത്ചൊല്ലാറുണ്ട് ചിലർ
പഴയ പുഴയരികിലൂടെ നടക്കുമ്പോൾ
പുഴവെള്ളംപോലെ കുതിച്ചുവരുന്നു
ക്രിക്കറ്റ്ബോള്
കുളക്കോഴികൾ, കണ്ണാംതുമ്പികൾ
പുഴയിറമ്പിലുണ്ടോയെന്ന് നോക്കുമ്പോൾ
പുഴ ക്രിക്കറ്റ്കോർട്ടെന്ന് കുട്ടികൾകൂവി
വിളിക്കുന്നു
നാണുവേട്ടന്റെ നാലുകാൽ ചായക്കടയിൽ
കയറി
ചായപ്പറ്റ് കണക്കിൽഎഴുതിക്കോ,ന്ന് പറയുമ്പോൾ
കുണ്ടൻമേസ്തരിമകൻ കനകരാജന്റെ
രണ്ട്നില ഹോട്ടൽവരാന്തയിലെന്ന്
കലമ്പലിന്റെ കല്ലുകൾ കർണ്ണപുടം
പൊട്ടിക്കുന്നു
സന്ധ്യവറ്റിയനേരത്ത് വീട്ടിലേക്ക് പോകുമ്പോൾ
ആദ്യവളവിലെ ഓലപ്പുരയെവിടെ?
ഉമ്മറപ്പടിയിൽ ഏക്കം പിടിച്ച്
എങ്ങിയിരിക്കുന്ന താങ്ങുവടിയെവിടെ?
എന്നോമൺമറഞ്ഞുപോയ കുഞ്ഞി-
ക്കണ്ണേട്ടനും, സെയ്തലവിയും, ജോസഫു
മെവിടെ?!
കൊളളും, കോണിയും, പറമ്പുകയറിപ്പോ
കുന്ന വഴികളും,
കണ്ടാ മിണ്ടുന്നവരും, കന്നുകാലികളും
എവിടെ
വീട്ടിലേക്കുള്ള വഴിയും, വീടും, അന്നത്തെ
ഞാനുമെവിടെ ?!!


2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

ഒച്ച് ജീവിതം




പൂർത്തീകരിക്കാത്ത
ഒരു സിംഫണി പോലെയവൾ!
ഏതു പാട്ടിലായിരിക്കും മാഞ്ഞു
പോയിട്ടുണ്ടാവുക?!
എന്റെ മനസ്സിൽ കപ്പൽച്ചേതങ്ങളും,
ശൂന്യ ദ്വീപുകളും മാത്രം.
നിറങ്ങൾ നിശ്ശബ്ദം മരിച്ചൊടുങ്ങിയ ഇടവഴിയിലാണു ഞാൻ.
മൂവന്തി നേരമെങ്കിലും
ഉരുകിയ ഈയ്യത്തിൽ ഒഴുകുന്ന ജലം
പോലെ
ഇഴഞ്ഞിഴഞ്ഞ് ഒരുപാടു പോകുവാനു
ണ്ടാവണം ഇനിയും ജീവിതം
അതുകൊണ്ടായിരിക്കണം
കാറ്റിൽപറക്കുന്ന കരിയിലപോലെ
നടപ്പാതയില്ലാത്ത വാക്കുകളുടെ വന
ത്തിൽ
ഞാൻ ഒറ്റപ്പെട്ടു നിൽക്കുന്നത്
തളിർക്കാതെ പോയ മോഹങ്ങൾ
മുരടിച്ചായിരിക്കണം
പൂക്കാതെ, കായ്ക്കാതെ പോയിട്ടും
ഓർമ്മകളുടെ വേദനതിന്നാനായ്
ഒര് ഒച്ച്ജീവിതം കാലം നീട്ടിനീട്ടി
തരുന്നത്

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

കണ്ണാടി




കണ്ണാടിയിൽ ഞാനെന്നുമെന്നെ കാണാറുണ്ട്
സുന്ദരമായമുഖവും ഭംഗിയാർന്ന
ശരീരവുംകണ്ട്
എന്നെതന്നെ മറന്നുനിൽക്കാറുണ്ട്
ഇന്നു ഞാനെന്നെ കണ്ട് ഞെട്ടിത്തരിച്ച്
നിൽക്കുന്നു!
സ്വയം വെറുക്കുന്നു ,പേടിക്കുന്നു!!
കണ്ണാടി ഇന്നെന്നോട് ഒത്തിരിക്കാര്യം
പറഞ്ഞുതരുന്നു
എന്റെ വിഡ്ഡിത്തത്തെ, വാക്കുകളെ, കോമാളിക്കളികളെ.
വൃത്തികെട്ടമുഖംമൂടി ഞാനഴിച്ചുവെയ് ക്കുന്നു
ഞാനിങ്ങനെയാവുമെന്നൊന്നും
വിചാരിച്ചിരുന്നില്ലല്ലോ!
ഞാൻ ആരിൽനിന്നൊക്കെയാണോ
മുഖംതിരിഞ്ഞുനിന്നത്, തുറിച്ചുനോക്കി
യത്
അവരൊക്കെ കണ്ണാടിയിൽ നിന്നെന്നെ
യിന്ന് തുറിച്ചുനോക്കുന്നു
ആർക്കുവേണ്ടിയാണോ ഞാനെല്ലാം
വെട്ടിപ്പിടിച്ചത്
അവരെല്ലാം വെറും കാഴ്ച്ചക്കാരായിരി
ക്കുന്നു
അസംതൃപ്തിയുടെവേരുകൾ അവരിൽ
മുളച്ചുതുടങ്ങിയിരിക്കുന്നു
എല്ലാചായങ്ങളും കൂട്ടിക്കലർത്തി ഒഴിച്ച
തുപോലെഞാൻ
തോടിനുള്ളിലൊളിച്ചു നിൽക്കുന്ന
ഒച്ചുപോലെഞാനെന്ന് ഇന്നറിയുന്നു
വിച്ഛേദിക്കപ്പെട്ട ചിലന്തിയുടെ കാലുകൾ
പോലെന്നിൽ
ജീവൻ പിടഞ്ഞുകൊണ്ടിരിക്കുന്നു