malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ഡിസംബർ 30, വെള്ളിയാഴ്‌ച

നല്ല കാലം

അമ്പലവഴിയിൽ പൂത്തുലഞ്ഞൊരു -

പുല്ലാഞ്ഞിക്കാട്

ഊഞ്ഞാൽ വള്ളികൾ പാമ്പുകളെപ്പോൽ -

സർപ്പക്കാവുകള്

കടുന്തുടികൊട്ടിതുള്ളി വരുന്നേ -

കർക്കടക പെയ്ത്ത്

ഓലക്കുടയായ് ഓടി നടക്കും -

ബാല്യത്തിൻ ചൂട്


നാട്ടുമാവിലെ മാങ്ങ പറിക്കും -

മേടത്തിൽ കാറ്റ്

എറിഞ്ഞകല്ലുകൾ പോലെ ബാലക_

ആർപ്പുവിളിക്കൂറ്റ്

കണ്ടം പൂട്ടി വിത്തുകൾ തൂവും -

പുതുമഴയാഘോഷം

തണുതണ്ണീർനീന്തുംകുളത്തിൽ മീനുകൾ -

ബാലകർതൻവേഷം


ഓണക്കാലം നാടൻ പന്തും തിരുവാതിര -

ക്കളിയും

തിറയും ഉത്സവ പെരുന്നാൾ എന്തൊരു -

വിസ്മയമനുഭൂതി

എങ്ങോപോയ് മറഞ്ഞുള്ളൊരു നാളുകൾ -

ഓർമകളായില്ലെ

വേദനയായത് കരളിന്നുള്ളിൽ വിങ്ങുകയായില്ലെ

2022, ഡിസംബർ 29, വ്യാഴാഴ്‌ച

എങ്ങനെ




"പ്രായം കുറേയായില്ലെ

ഇനി അടങ്ങിയൊതുങ്ങിയിരിക്ക് " -

മകൾ അമ്മയോട് ദേഷ്യപ്പെടുന്നു

'കൊട്ടൻ ചുക്കാതി' - കട്ടിളപ്പടിയിൽ

'ടപ്പേന്ന്' - വയ്ക്കുന്നു.


ഞാനടങ്ങിയിരുന്നോളാം

എൻ്റെയുള്ളിലെ തിര

എങ്ങനെ അടങ്ങും


മനസ്സുകൊണ്ട് ,

നക്ഷത്രങ്ങളെ

എങ്ങനെ നോക്കാതിരിക്കും


കവിത എഴുതാതിരിക്കും

കണ്ണിലേക്കിറങ്ങുന്ന

പുസ്തകത്തിലെ തീ

ജ്വലിക്കാതിരിക്കും


കവികളെ കാണാതിരിക്കും

കവിത വരയ്ക്കാതിരിക്കും

ചിത്രമെഴുതാതിരിക്കും


ദുരിത നടുവിലൂടെ

നെട്ടോട്ടമോടാതിരിക്കും


ചിറകൊടിഞ്ഞ കിളിയുടെ

കുഞ്ഞിലയുടെ ഞരക്കം

കേൾക്കാതിരിക്കും


ഞാനടങ്ങിയിരുന്നോളാം

എങ്ങനെ അടക്കും

കടലിലെ തിര

2022, ഡിസംബർ 28, ബുധനാഴ്‌ച

മൃത്യു ഗുപ്തൻ



ഏത് ഇരുളിലും വെളിച്ചത്തിലും

നീ എന്നിൽ തന്നെ

ഏത് ഉറക്കത്തിലും ഉണർച്ചയിലും

വേർപിരിയാതെ

ഇരപിടിയനെപ്പോലെ പതുങ്ങി


ഹൃദയതാളമൊന്നടരാൻ

ശരീര ചൂടൊന്നാറും നാളുനോക്കാൻ

എന്നിലെ താളു മറിക്കും 

മൃത്യു ഗുപതൻ നീ


നിസ്സംഗത നിൻ്റെ ഭാവം

എന്തുവന്നാലും മറിച്ചില്ലൊരുഭാവം

കുരിശു ചുമന്നാലും

കരുണയുടെ കുരുന്നില്ല ലവലേശം


എൻ്റെമൃത്യുവിൽ നിൻ്റെ ജീവൻ

തളിർക്കുന്നു

മർത്യനെപ്പോൽ വേണ്ട ചിന്ത.

ചിതയും, കല്ലറയും ഏതു തന്നെയായാലും

എൻ്റെ ശ്വാസം നിൻ്റെ ദാഹജലം


അരൂപിയാം നീ വ്യാപിച്ചുകിടക്കുന്നു

ജീവനെങ്ങുണ്ടോ അവിടെയെങ്ങും

ജീവൻ കൊണ്ടു മാത്രം പൈദാഹമാറ്റുന്ന

പിറന്ന,ന്നു മുതൽ പിരിയാമൃത്യുഗുപ്തൻ നീ



2022, ഡിസംബർ 27, ചൊവ്വാഴ്ച

പഴയകാലം

നിസ്തുല സ്നേഹം വിളമ്പി തരുന്നൊരാ

പഴയ കാലത്തെ ഞാൻ ഓർത്തു നിൽപ്പൂ
കുശുമ്പും, കുന്നായ്മയുമില്ലാത്ത കൂട്ടരായ്
കൂട്ടമായെന്നും നടന്ന കാലം

ഉൺമതൻ വെൺമയെ കാട്ടിത്തരുന്നൊരാ
സ്നേഹസ്വരം മാത്രം കേട്ട കാലം
മതിലുകളില്ലാത്ത മതിമറന്നീടാത്ത
മദമൊട്ടുമില്ലാത്ത പഴയ കാലം

അച്ഛനുമമ്മയും മക്കളുമൊത്തുചേർന്നാവോളം
സ്നേഹം പങ്കിട്ട കാലം
ഉപ്പും, മുളകും, അടുപ്പിലെ തീ പോലും
എന്നും പങ്കിട്ടു കഴിഞ്ഞ കാലം
ഇത്തിരിപ്പോരുന്ന കൂരയാണെങ്കിലും
ഒത്തിരി സന്തോഷിച്ചുള്ള കാലം

പഴയകാലത്തിൻ്റെ മൂല്യച്യുതിയോർക്കേ
മൗനത്തിൽ മുങ്ങിപ്പോകുന്നു ഞാനേ
എങ്കിലും, വറ്റിയിട്ടില്ല പ്രതീക്ഷകൾ
വന്നിടാമിനിയുമാ നല്ലകാലം

2022, ഡിസംബർ 25, ഞായറാഴ്‌ച

ഭയം

ഭയം പുതച്ച് ഒരാൾ എങ്ങനെ ഉറങ്ങും

പുറത്ത് നിലാവുണ്ടെങ്കിലും

അകം ഇരുട്ടു മൂടി കിടക്കുമ്പോൾ

ആധി ഊതിവീർപ്പിക്കപ്പെടുമ്പോൾ


നിലാവിലെ മരനിഴലുകൾ

മരണത്തിൻ്റെ പല വഴികൾ കാട്ടുമ്പോൾ

വെയിലും, വേവലാതിയും ഉദരത്തിൽ -

ചുമക്കുമ്പോൾ

കരളിലൊരു കാടിൻ കയം തിടംവച്ചു് -

വളരുമ്പോൾ


മനസ്സിലെ മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിക്കു-

മ്പോൾ

വകതിരിവില്ലാത്ത വല്ലായ്മകൾ പെരു-

വിരലിലൂടരിച്ചു കയറുമ്പോൾ

തീ തുള്ളികളെ ഗർഭം ധരിച്ച്

കനൽക്കട്ടകളെ പ്രസവിക്കുമ്പോൾ


ഭയം പുതച്ച് ഒരാൾ എങ്ങനേയും ഉറങ്ങും

ഇതിനേക്കാൾ വലുതൊന്നും വരാനില്ലെ -

ന്നറിയുമ്പോൾ

2022, ഡിസംബർ 23, വെള്ളിയാഴ്‌ച

ആമോദം, ആഹ്ലാദം !



യേശു പിറന്നൊരു പുൽക്കൂട്

ഉണ്ണിയൊരുക്കി പുൽക്കൂട്

വാനിലുദിച്ചൊരു നക്ഷത്രം പോൽ

വാനിലുയർത്തി നക്ഷത്രം

എന്തൊരു മോദം ആമോദം

എങ്ങും എങ്ങും ആഹ്ലാദം

പൂത്തൊരു വർണ്ണപുഷപം പോൽ

വിരിഞ്ഞു നിൽപ്പൂ ക്രിസ്മസ്


2022, ഡിസംബർ 21, ബുധനാഴ്‌ച

നിന്നിലേക്കു തന്നെ

 



നിറയെ കുളിരുപൂത്ത

ശിശിരമാണു നീ


എന്നിട്ടും,

എനിക്കു മാത്രമെന്തിനു നീ

ഗ്രീഷ്മം സമ്മാനിക്കുന്നു

പതുപതുത്ത മുയൽക്കുഞ്ഞുങ്ങളെ

എന്നിൽ നിന്നും മാറ്റി പാർപ്പിക്കുന്നു


കവിതക്കടലിലെ

ഒരു കുഞ്ഞു മൺതരി ഞാൻ

നീ മഹാസമുദ്രം


പർവ്വതങ്ങൾക്കും

നീലാകാശങ്ങൾക്കും മേലെ

നാം മഴവിൽ കൊട്ടാരം പണിഞ്ഞിരി -

ക്കുന്നു


എന്നിട്ടും ;

നീയെന്നെ പൊള്ളും മഴയത്തു മാത്രം

നിർത്തുന്നു

എൻ്റെ എല്ലാ തൃഷ്ണകളും നിന്നാൽ,

നിരാശയും


എന്നിട്ടും

പ്രണയമേ,

നിൻ്റെ തീമുഖം ചുംബിച്ച 

വടുക്കളുംപേറി

നിന്നിലേക്കു തന്നെ ഞാൻ നടക്കുന്നു




2022, ഡിസംബർ 20, ചൊവ്വാഴ്ച

ഭ്രാന്ത് പൂത്ത മരം




ശിരസ്സിൽ നിറഞ്ഞു നിൽക്കുന്നു

ഒരു ചിരി

മരിച്ച മകൻ്റെ ഓർമകൾ

കണ്ണുനീർ തുള്ളി


കാലനദി ഏറെഒഴുകി തീർന്നിട്ടും

സിരകളിൽ സ്മൃതിയുടെ

സരയൂ പ്രവാഹം


നെഞ്ചു കടഞ്ഞിട്ടു വയ്യ

പനിക്കും മനസ്സിൽ

പഞ്ചക്ഷതത്തിൻ വിങ്ങൽ

ഉള്ളിലൊരു തീ പിടിച്ചപുഴ

ഉടലൊരു ഭ്രാന്ത് പൂത്ത മരം


അരങ്ങൊഴിഞ്ഞു സൂര്യൻ

അരുളുന്നു തമസ്സ്

അരളിതൻ അരങ്ങു വാഴ്ച

അശ്രുബിന്ദു തന്നെ കാഴ്ച



സത്യാനന്തരം


വാക്കുകളിൽ നിന്ന്
അർത്ഥങ്ങൾ ഇറങ്ങിപ്പോയി
ചരിത്രത്തിൽ നിന്ന്
സത്യങ്ങളും

വിശ്വാസത്തെ
വിളമ്പി വെച്ച്
ആചാരത്തിൻ്റെ
ആചാര്യൻമാരെന്ന് മേനിനടി -
ക്കുന്നവർ
അനാചാരവും
അന്ധവിശ്വാസവും കൂട്ടിക്കുഴച്ച്
പ്രസന്നതയിൽ പൊതിഞ്ഞ
ക്രൂരതയുടെ പ്രസാദം വിതരണം
ചെയ്യുന്നു

വിഭജനത്തിൻ്റെ മുറിവിൽ
മുളകുപുരട്ടി
വിദ്വേഷത്തിൻ്റെ മുനകൂർപ്പിച്ച്
ആഴം കൂട്ടുന്നു

മഹാത്മാവിൻ്റെ
നെഞ്ചിലേക്ക്
ഉതിർത്തു കൊണ്ടേയിരിക്കുന്നു
വെടിയുണ്ട

2022, ഡിസംബർ 18, ഞായറാഴ്‌ച

അവൾ

 ഞെട്ടറുത്തിട്ട ഇല പോലെ അവൾ

ആരാലും ഗൗനിക്കപ്പെടാതെ

ചവിട്ടി അരയ്ക്കപ്പെട്ട്


ആത്മഹത്യയിലൂടെ

ഞാനെന്നെ ജയിക്കാൻ

ഉദ്ദേശിക്കുന്നില്ല


എൻ്റെ വഴിമുടക്കുവാൻ

എനിക്കിനി എന്നെക്കൊ -

ണ്ടാവില്ല

( നിങ്ങൾക്ക് എന്നേ കഴിവി-

ല്ലാതെയായി)


അഗ്നി സ്നാനം ചെയ്ത്

ആത്മാവിനെ നക്കിത്തുവർത്തി

അടിയറവു പറയാൻ


നിന്നനിൽപ്പിൽ

ഭൂമി പിളർന്ന് താഴേക്ക് പോകാൻ

ഞാനൊരു സീതയല്ല


2022, ഡിസംബർ 16, വെള്ളിയാഴ്‌ച

പുലരി




പ്രകൃതിയെ നോക്കൂ:

പുലരിയെ പ്രസവിച്ച

വേദനയുടെ വിയർപ്പാ-

യിരിക്കുമോ മഞ്ഞു 

തുള്ളികൾ


അതാ കിഴക്കൻ മാനത്ത്

പറ്റിപ്പിടിച്ചു കിടപ്പുണ്ട് -

ചോരക്കറ

2022, ഡിസംബർ 15, വ്യാഴാഴ്‌ച

സമുദ്രവെളിച്ചം

തിരിച്ചു പോകുന്നു ഞാൻ

തിരസ്കരിച്ചവരുടെ ഇടയിൽ നിന്ന്

മത്സരിക്കുവാനറിയാഞ്ഞിട്ടല്ല

മദാ (താ) ന്ധതയില്ലാത്തതിനാൽ


തരിശുകൾ തലയിൽ വിളയുന്ന

വരെ

നിങ്ങൾ പണിതുയർത്തുന്നത്

മൃതസ്ഥലികൾ

ഭരതവാക്യമെന്നു ചൊല്ലി

ഭാരമേൽപ്പിക്കുവോർ നിങ്ങൾ


ചിന്തയുടെ ശതശാഖികൾക്ക്

ചിതയൊരുക്കുവോർ നിങ്ങൾ

ആരണ്യമുള്ളിൽ നിറച്ച്

ഹരിയെ ഹരിക്കുന്നോർ നിങ്ങൾ


അരക്കില്ലം നിങ്ങൾ

അഗ്നി ഞാൻ

നിങ്ങളുടെ ജഡ ജാഗ്രതയ്ക്കു-

മേൽ

ഞാനെൻ്റെ സമുദ്രവെളിച്ചം -

തെളിയിക്കുന്നു


2022, ഡിസംബർ 10, ശനിയാഴ്‌ച

നീല

സ്നേഹത്തിൻ്റെ

രണ്ടിലപ്പച്ചകളായിരുന്നു നാം

കൊടുംവേനലിലും

സൂക്ഷിച്ചിരുന്നു പച്ചപ്പ്


കൊടും മഴയിലും

പകർന്നിരുന്നു ഇളം ചൂട്

നാം നമ്മുടെ ആകാശവും

ഭൂമിയുമായി

മഴവില്ലും നക്ഷത്രവുമായി


വസന്തങ്ങളുടെ

പറുദീസയായിരുന്നു

മഞ്ഞുതുള്ളിയേന്തും

പുൽക്കൊടി


നീലകളെ

നിനക്കെന്നും 

ഇഷ്ടമായിരുന്നു

ആകാശനീലിമ

സമുദ്രനീലം


അതുകൊണ്ടായിരിക്കുമോ

നീലയായി നീ

എനിക്കു കാണാൻ പാകത്തിൽ

നീലാകാശമായും

സമുദ്രനീലിമയായും

നിലകൊള്ളുന്നത്


2022, ഡിസംബർ 9, വെള്ളിയാഴ്‌ച

പാഠം

തൊട്ടു നോക്കാറുണ്ട്

അവളിടയ്ക്കിടെ

കാണാതായ കണ്ണുകളെ.

കൈവിരലുകൾ കണ്ണുകളെന്ന്

സാക്ഷ്യപ്പെടുത്താറുണ്ട്


എങ്കിലും,

ജോലികൾക്കൊന്നും

ഒരു കുറവും വന്നിട്ടില്ല

ഇതേവരെ


കാടിവെള്ളം

കടച്ചിക്കുട്ടിക്ക് കൊണ്ടുക്കൊ -

ടുക്കും

നനക്കല്ലിൽ നനഞ്ഞൊട്ടി -

വിയർക്കും

അടുപ്പിൽ അരിയായ് തിളക്കും


കൂട്ടുകാർ കളിയാക്കാറുണ്ടിന്നും

കണ്ണുകൊണ്ട് കടുകു വറുക്കുന്ന -

വളെന്ന്.

കണ്ണുകൊണ്ടല്ല കാണുന്നതെന്ന്

അവളാണെന്നെ പഠിപ്പിച്ചത്


2022, ഡിസംബർ 8, വ്യാഴാഴ്‌ച

സിന്ദൂരമണിഞ്ഞ മൗനം

എത്ര മോഹങ്ങൾ നാം കാത്തുവച്ചു

എത്ര സംവത്സരം കാത്തിരുന്നു

അകതാരിലാഴത്തിൽ കാത്തുവച്ചുള്ളൊരു

വർണ്ണമയ്യിൽപ്പീലിയായിരുന്നു


മനതാരിൽ പ്രണയാക്ഷരം കുറിച്ചു

പ്രിയങ്ങളെല്ലാം തരം തിരിച്ചു

കുപ്പിവളപ്പൊട്ട് യെന്നതുപോൽ

പുഞ്ചിരി പൂപ്പാത്രം ചേർത്തുവച്ചു


മോഹത്തിൻ ചിറകുകൾ ചിക്കിനിൽക്കേ

ചില്ലയൊടിഞ്ഞങ്ങു താഴെപ്പോയി

സ്വർണ്ണവർണ്ണക്കൂട്ടിലാണെങ്കിലും

സ്വപ്‌നച്ചിറകു കരിഞ്ഞുപോയി


മൗനമാണിന്നെൻ്റെ കൂട്ടുകാരി

സിന്ദൂരമേകിയ കൂട്ടുകാരി

നഷ്ടമായിപ്പോയി ഇഷ്ടമെല്ലാം

കാര്യമില്ലാ കാഞ്ചനമെന്തിനാവോ


2022, ഡിസംബർ 7, ബുധനാഴ്‌ച

ചിഹ്നം



വിശപ്പുവറ്റിയ വയറുമായ്

ഞാൻ നടക്കുന്നു

കനിവുവറ്റിയ കാണികൾ

നോക്കിനിൽക്കുന്നു

ഗന്ധകത്തിൻ്റെ ഗന്ധമെങ്ങും

നിറയുന്നു


അലർച്ചയെ, പൊട്ടിച്ചിരിയെ,

കൂട്ടക്കരച്ചിലിനെ,

പുലരിയിലെ പക്ഷികളുടെ -

പിടച്ചിലുകളെ 

സഹിക്കുവാൻകഴിയാതെ

ശിരസ്സിനെയെടുത്തെറിഞ്ഞു -

ഞാൻ നടക്കുന്നു


അധികാര ഭ്രാന്തിനോട്

ഏതു പ്രതിസന്ധിയിലും

സന്ധി ചെയ്യാത്ത

സ്നേഹത്തിൻ്റെ സഹനത്തിൻ്റെ

ചിഹ്നമായ

'ഗുവേര' - നിൻ്റെ ഓർമമാത്രംമതി

ശിരസറ്റയെനിക്ക് ശിരസ്സായി

...............

കുറിപ്പ്:

ഗുവേര - ചെഗുവേര ലോകപ്രശസ്ത

കമ്യൂണിസ്റ്റ് വിപ്ലവകാരി


2022, ഡിസംബർ 6, ചൊവ്വാഴ്ച

പരിണതി

അവൻ്റെ കാന്തക്കണ്ണേറിൽ

അവൾ തരളിതയായി


കാന്തനല്ലെന്ന ഓർമ

ഇരയായ് പിടഞ്ഞുണർന്നു


ബുദ്ധൻ 

ബുദ്ധിയിലുണർന്നു

ഉള്ളിലെ കടൽ

ഉൾക്കനൽ വാരി തിന്നു


ചപലതയുടെ

ചാവുകടൽവറ്റി

പൊങ്ങിയൊഴുകിയ

നക്ഷത്രങ്ങൾ പൊലിഞ്ഞു


എന്നിട്ടും;

ലിപിയില്ലാത്ത

ചില വാക്കുകൾ കോറിയിട്ടു 

അവർ ശ്വാസനിശ്വാസങ്ങളാൽ


മനുഷ്യരല്ലെ ,

പരിണതി

എത്ര സ്വാഭാവികം


ലഹരിയുടെ പക്ഷി


ലഹരിയുടെ പക്ഷി
ലഹള കൂട്ടുന്നു
വിഷമം മറക്കാൻ
വിഷം കുടിച്ച കൂട്ടുകാരൻ
പരമാനന്ദത്താൽ
പാറി നടക്കുന്നു

നാളെയവൻ കൂടുതൽ
കുടിക്കും
കാരണം;
കഞ്ഞിക്കുകരയുന്ന
അവൻ്റെ കുഞ്ഞുങ്ങളെ
അവനിന്നുകാണും

തുന്നിക്കൂട്ടിയ
പിഞ്ഞിയ കുപ്പായത്തിൽ -
വീണ കണ്ണീരു നോക്കി
അവൻ കാമത്തിൻ്റെ
കയ്പ്പു രുചിക്കും

സ്നേഹിച്ച പെണ്ണിൻ്റെ
പച്ചയിറച്ചി വിൽക്കും
നീലിച്ച കണ്ണിലെ
നീല രക്തം തിളക്കും
പറക്കമുറ്റാത്ത പ്രാവുകളെ
കടിച്ചുതുപ്പും

ലഹരിയുടെ നീല രക്തം
നുണയുന്നവൻ
വില്ലിൽ നിന്നും വിട്ടയക്കപ്പെട്ട
അമ്പാണ്

2022, ഡിസംബർ 5, തിങ്കളാഴ്‌ച

ശേഷിപ്പ്

കാലം 

കുത്തിയൊഴുകിപ്പോയതിൻ

ശേഷിപ്പു ഞാൻ

കയ്ക്കുന്നു കാഴ്ചകൾ


വാതിലിൽ മുട്ടുന്നു വ്യാഘ്രം

മരിച്ച പോലെകിടക്കുക ശീഘ്രം

അരുതാതവേഴ്ചയുടെ വാഴ്ചകൾ

കാലമേ കലക്കിത്തരികയെനിക്കു നീ

കാഞ്ഞിരം


കുന്നുകൾ കുന്നിറങ്ങിപ്പോയ കാലത്ത്

പുഴകൾക്ക് തീപ്പിടിച്ച കാലത്ത്

പൂക്കൾ വേരിൽ മാത്രം പൂക്കുന്ന -

കാലത്ത്

മാലാഖമരിച്ചുവീഴും കാലത്ത്


ചിറകറ്റ വെള്ളരി പ്രാവുകളും

അണിവിരൽ മുറിഞ്ഞ

പെൺ കൈകളും

ചിന്തയുടെ ചിതൽപ്പുറ്റുകളും

കുന്നുകൂടുന്ന കുരിശുകളും മാത്രം

ശേഷിപ്പ്


2022, ഡിസംബർ 3, ശനിയാഴ്‌ച

അച്ഛൻ



കണ്ണീരിന്നരിയിട്ട് അച്ഛൻ

അനുഗ്രഹിച്ചു:

മകനേ, നിനക്കു നന്മ


പകലാറും മുമ്പ് നീ അകത്തോട്ടു

കയറുക

ഞാൻ പുറത്തേക്കും

ഇണയോടൊത്തു വാഴുക

ഇല്ലം നിറയ്ക്കുക


അവൾ സുഗന്ധം നിറയ്ക്കും

വസന്തം

ഹൃദയത്തോടു ചേർക്കുക

ചോർന്നു പോകാതെ നോക്കുക


കണ്ണീരിൻ്റെ ഒരുപ്പുകണം

നിൻ്റെ നെറുകയിൽ നിക്ഷേപിക്കുന്നു

അവസാനം വരെ ചിന്തയുടെ

ശല്കമായത് അവശേഷിപ്പിക്കുക


ഓർക്കുക അച്ഛനെന്ന മുള്ളിനെ

നെഞ്ചു പൊള്ളും നേരത്ത്

മുള്ളൊന്നു മുകരുക

പിടഞ്ഞു പോകുന്നുവെങ്കിൽ

പടിക്കു പുറത്തേക്കൊന്നു നോക്കുക


നീ നിൻ്റെ മകനെ നെഞ്ചോട് ചേർത്ത്

മാപ്പു പറയുക

പടികടക്കേണ്ടിവരില്ല നിനക്ക്

ഇണയെ പിരിയേണ്ടിവരില്ല 

തുണയറ്റു പോകില്ല


കടിച്ചുകീറുന്ന ഓർമകൾ

മകനേ, നീ പടുത്തതെന്നറിയുക

പടിയിറങ്ങരുതിനിയൊരച്ഛനും

2022, ഡിസംബർ 2, വെള്ളിയാഴ്‌ച

പൊള്ളുന്ന കാഴ്ച


ഭ്രമിപ്പിക്കുന്നു

ഭ്രമരം

ഭയം

ഇന്നഭയം


ചോറുവറ്റിയ

വയറിൽ

ഭൈരവിരാഗം


നാണം മറക്കാൻ

നാണയം കൂട്ട്


കരുണ വറ്റിയ

കൈകളിൽ

ഖജാനയുടെ താക്കോല്


അക്ഷരമില്ലാത്ത

പുസ്തകം

അറിവിന് കൂട്ട്


തെറിച്ചുപോയ്

സൗഹൃദം

ചുറ്റും സൃഗാലവിളിയാട്ടം


എവിടെ

മാൻപേട

വ്യാഘ്രത്തിൻ്റെ

മാളത്തിൽ


2022, ഡിസംബർ 1, വ്യാഴാഴ്‌ച

കൂട്ട്




മിഴി വറ്റിയവൾക്ക്

വിളമ്പി വെച്ചിരിക്കുന്നു

മഴ വറ്റിയ കാലം


വറ്റിയ കിണറുകൾകൂട്ട്

ചത്ത പക്ഷിതൻപാട്ട്

വേർപാടിനേക്കാൾ 

ദുഃഖകരം ദാരിദ്ര്യം


മൊഴിമുട്ടിയവൾക്ക്

കൊടുങ്കാറ്റ് കൂട്ട്


ചിതലെടുക്കാത്ത

ചിന്തയാണെൻ്റെ ചിത

ചതികളുടെചിറകിന് 

എന്തൊരു ശക്തി


ഇഷ്ടങ്ങളുടെ വസന്തം

കരിഞ്ഞു പോയി

പൊള്ളിപ്പോയി ജീവിതം