malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ഏപ്രിൽ 8, ബുധനാഴ്‌ച

പ്രണയ ലിപികൾ



നമ്മളെത്ര വേഗമാണ്
അടുത്തു പോയത്
പ്രണയവേരുകൾ
ഹൃത്തടത്തിലേക്കാഴ്ന്നു
പോയത്
കത്തുംവെയിലിലും
കൊന്നപോലെ നീപൂത്തു
പോയത്
ശിശിര രാവിൻ്റെ ശിഖരമായെ -
ന്നെ തഴുകി നിന്നത്
അഗ്നിപോലെ ചിരിച്ചു
നിന്നെന്നിൽ
ഉഷ്ണമായത്
തൽക്ഷണം നാം ഉമ്മയാലെ
ഉണ്മയായത്
നിദ്രയുടെ ശൂന്യതയിനിയില്ല
നമ്മളിൽ
ഭദ്രമായി നാം നമ്മളേ നമ്മിൽ
ഉണർത്തി വെയ്ക്കുന്നു
പ്രണയഭംഗം വന്ന പ്രണയികള
ല്ലിനി നമ്മൾ
പ്രണയ ഭൃംഗം പോലെ പാരിൽ
പാറിടും നമ്മൾ
നമ്മൾ നമ്മിൽ പണിതുയർത്തി
പ്രണയ മദിരാലയം
നമ്മൾ നമ്മിൽ പതഞ്ഞു തൂവും
ലഹരിയാകുന്നു
നിൻ്റെ, യുമ്മകൾ വന്യമായെന്നെ
ഉണർത്തി നിർത്തുന്നു
പ്രണയ ലിപികൾ വരച്ചു വരച്ചെന്നിൽ
ഉല്ലസിക്കുന്നു

2020, ഏപ്രിൽ 4, ശനിയാഴ്‌ച

ആരും ഒറ്റയ്ക്കല്ല



നൂറ്റാണ്ടുകൾതോറുംനടമാടും
പുതു പുതു രോഗങ്ങൾ
പണ്ടൊരു നാളിൽ പെട്ടെന്നയ്യോ
പ്ലേഗ് പരന്നല്ലോ
പിന്നേ വന്നത് കോളറയല്ലോ
സ്പാനിഷ്ഫ്ലൂവതിൻ പിറകേവന്നു
ഇപ്പോഴെത്തി കോവിഡായി
കാലമിതെന്തയ്യോ
നാമറിയുന്നീനാമറിയാത്തോരിടങ്ങ
ളെപ്പോലും
കാഴ്ചകളായി, വാക്കുകളായി
ഇപ്പുതുകാലത്തിൽ
സമാനഹൃദയർ നമ്മൾ ഇന്നീ
ഇടവഴിയോരത്ത്
നോവുകൾ വേണ്ട നാവുകളാവുക
നാളെ നമുക്കേകാൻ
വിഷാദരാഗം പാടും ബന്ധിത പക്ഷി
കളല്ലാ നാം
വിശ്വാസത്തിൻ വീറാൽ പൊരുതും
പുത്തൻ മാനവർ നാം
അകന്നു നിന്നപ്പോഴാണെന്നിൽ
അടുത്തതനുരാഗം
അടുത്തു നിർത്തുക അകന്നുനിന്നീ
ജീവിതത്തേ നാം
അകന്നുപോകുമി,യാകുല സന്ധ്യകൾ
തെളിഞ്ഞിടും പുലരി
ഇരുളുണ്ടെങ്കിൽ വെളിച്ചവുമുണ്ട്
മറന്നിടൊല്ലാനാം
സ്നേഹം മുന്നിൽ നടക്കുന്നുണ്ട്
അകത്തിരിക്കുക നാം
ആരാരാരും ഒറ്റയ്ക്കല്ലത് ഓർമ്മിച്ചീടു
ക നാം
.....................
കുറിപ്പ്
1, പ്ലേഗ്-1720-ൽ ഫ്രാൻസിൽ
2, കോളറ - 18 20-ൽ ഇന്ത്യാനേഷ്യ, തായ്ലാൻഡ്,
ഫിലിപ്പെയിൻസ്
3 ,സ്പാനിഷ് ഫ്ലൂ - 1920-ൽ
4, കൊറോണ - 2020

2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഇങ്ങനേയും



ചില്ലു ഗ്ലാസിലെ മഞ്ഞ ദ്രാവകം
അന്നനാളം ആവിയാക്കുന്നു
കണ്ണുകളിൽ കല്പാന്തവും പേറി
ഗലികളുടെ കടലിലൂടെ നടക്കുന്നു
ഒട്ടിപ്പിടിച്ചു നിൽക്കുന്നു
സ്ഖലിത മോഹങ്ങൾ
കാലം കാത്തു വെച്ചത് ഘനശ്യാമം
നിദാഘം കുടിച്ച് ഇനി നിഷാദം പാടുക
ദമ,മില്ലാത്തവന് തമം തന്നെ ആശ്രയം
തുലഞ്ഞു പോയ് തണുവുള്ള കാലം
നെറുകയിൽ സൂര്യപ്പാമ്പ് കൊത്തുന്നു
പാന്ഥനു വിളമ്പിയ പാഥേയം ഞാൻ
കാഞ്ഞിരക്കുരുവെന്ന് പറഞ്ഞ്
കാർക്കിച്ചു തുപ്പുന്നു
ഇന്നിയില്ല രാധേ കാളിന്ദി തീരത്തേക്ക്
ഈ കാർവർണ്ണൻ
കാളിയൻ കലക്കിയ കാകോളം
ഇനിയെൻ്റെ ജീവാമൃതം