malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ജൂൺ 30, ഞായറാഴ്‌ച

ഒറ്റയ്ക്കടരണം



ഒരു തുള്ളിയിൽ നിന്നും
കുരുത്തുള്ള ജീവിതം
നീരാവിയായി തീരുന്നൊ-
രോ ദിനം.
വറ്റുന്ന ജീവിതം കൊണ്ടു -
വരയ്ക്കുന്നു
സന്തോഷവും, ദു:ഖവും ,-
സ്നേഹവും, പ്രേമവും.
മോഹങ്ങൾ കൊണ്ടൊരു
മലയുയർത്തീടുന്നു
ആർത്തിയാല,തിരു പുതുക്കി-
പണിയുന്നു
ഓർക്കുവാനൊട്ടില്ലനേരം
നോട്ടിലാണെല്ലാരുംനോട്ടം.
മുണ്ടു മുറുക്കി വിശപ്പറുത്തീടണം
വേദനകൊണ്ടന്തിക്കഞ്ഞി കുടിക്കണം
കരച്ചിൽ തുടച്ചു ചിരിയണിഞ്ഞീടണം
രോഗക്കിടക്കയിൽ മൂർച്ചിച്ചു വീഴണം.
ഒറ്റയ്ക്കടരണം ഓർമ്മകൾ വറ്റിയ -
നാവൊരു നദിയായ് വരണ്ടു കിടക്കണം



2019, ജൂൺ 29, ശനിയാഴ്‌ച

മുള



നിങ്ങൾ കവിതയെ കണ്ടിട്ടുണ്ടോ?
അത് പാടത്ത്, പറമ്പിൽ
തളർച്ചയിലും ഉത്സാഹം വിടാതെ
പണിയെടുക്കുന്നു
നേരവും കാലവും നോക്കാതെ.
അതിനു രസിപ്പിക്കുന്ന വാക്കോ
കൊതിപ്പിക്കുന്ന നോക്കോ
സോപ്പിട്ട് നടപ്പോ
ചാക്കിട്ട് പിടുത്തമോ അറിയില്ല
പച്ചയായ ജീവിതമല്ലാതെ.
അതിന് എടുപ്പോ തുടുപ്പോയില്ല
ഒളിഞ്ഞുനോട്ടമില്ല
ഞെളിഞ്ഞിരിപ്പില്ല
വാചക കസറത്തില്ല
നിശ്ശബ്‌ദം വന്ന്
മേലുടുപ്പില്ലാതെ
മദപ്പാടില്ലാതെ
പണിയെടുക്കും
അടുക്കളയിലും
കിടപ്പറയിലും
വിരുന്ന് മുറിയിലും
കുടിലിലും
കൊട്ടാരത്തിലും
എന്നും ഒരേ സ്ഥാനമാണ്
നോക്കൂ
അകംകൊള്ളെവളഞ്ഞ
ഒരു കവിത
വാക്കുകളെ നിരത്തിവെച്ച്
വരികളിൽ ചേർത്തുവെച്ച്
ചോരയും, നീരും വളമാക്കി
ഒരു ജീവിതത്തെ
മുളപ്പിച്ചെടുക്കുന്നത്.

2019, ജൂൺ 28, വെള്ളിയാഴ്‌ച

കാലം കാത്തു വെച്ചത്



അണിവിരൽ ആണിയാക്കുന്നു ഞാൻ
മരണത്തിൽനിന്ന് വഴിമാറ്റുന്നു
ജീവന്റെ രഥചക്രം.
മരവുരി നൽകിയത് അപമാനിക്കാനല്ല
അനായാസം കാനനയാത്രയ്ക്ക്
കാനനത്തിലും രമിക്കണംരാമന്
സീതയുടെ ദുഃഖം ആരറിയാൻ.
നിഷാദനും, കിരാതനും ഒന്നിക്കുന്നു
മനുഷ്യനും, മനുഷ്യനും എന്തുവിത്യാസം
സമതനഷ്ടപ്പെട്ടാൽ നശിക്കുംസംസ്കാരം.
നാട്ടുധാന്യത്താൽ മരണമടഞ്ഞവന്
കാട്ടുധാന്യത്താൻ പിണ്ഡംവെയ്ക്കുക
വാക്കിന്റെഅമ്പേറ്റ് കണ്ണ്പൊട്ടുന്നു
ഓരോഅണുവിലും അമ്ലവീര്യംനിറയ്ക്കുക
ജലമെന്നും ഗർവിഷ്ഠ,യറിയുക.
ഓർമ്മകൾക്ക് ഓളത്തള്ളലുകൾ
ദിവസങ്ങൾ പറന്നുകൊഴിയുന്ന പക്ഷികൾ
കാലം കൽപനയാൽ തുല്യംചാർത്തിയ-
മരണം
ചാരുകേശി രാഗമാലപിക്കും ജീവൻ.

2019, ജൂൺ 27, വ്യാഴാഴ്‌ച

കവിത



കാല്പനികതയെ
കുത്തിനോവിക്കരുത്
കവിതയിൽ
കന്മഷം നിറയ്ക്കരുത്.
കണ്ണിൽ കല്പാന്തവും
കാറ്റുപിടിച്ചമനസ്സുമായി
ഉഴറി നടക്കുന്നു ഒരു കവിത
പ്രണയത്തിന്റെ തീതിന്നുപോയ
ഹൃദയം
അമ്ലവീര്യത്തിൽ നേർത്തുപോയ
രക്തം
ചോറില്ലാത്തവന്ന് തലച്ചോറു -
കൊണ്ടൊരു ജീവിതം
പട്ടുപോയി നാട്ടുമാവ്
പട്ടടയുടെപെട്ടകം ഇനിയെനി-
ക്കന്യം
സത്യവചസ്സുകളെല്ലാം ജലരേഖ
അരചനായ് പിറന്ന് രജകനായ് -
വാഴ്ച
കപോതകൻ കൊത്തിയ കാലുമായി
നടക്കുന്നു
നീലിച്ചുപോയി ജന്മം
കവിത പട്ടവും ,പതാകയുമാണ്.




2019, ജൂൺ 26, ബുധനാഴ്‌ച

വിശപ്പ്



വിശപ്പുവിളമ്പി കാത്തിരിക്കുന്നു
വിരുന്നുവന്നു ഘനശ്യാമം
കണ്ണിൽ കൽപാന്തം
കുടലിൽ കാട്ടുതീയുടെകടൽ
അവലുമായിപോയ കണവൻ
അറിവിന്റെ മുറിവുമായ് വഴിയിൽ
കുടിലു വന്നുമാന്തുന്നു
കുടില തന്ത്രജ്ഞൻ കണ്ണൻ.
കണ്ണിലെ കടലുവറ്റി
കൊടും ശൈത്യം കൂടുകൂട്ടുന്നു
ഇല്ല ഓർമ്മിച്ചെടുക്കുവാൻ
ഒരു മത്സ്യവും, മോതിരവും
മൗനത്തിന്റെ ശിലയിൽ
മുയൽക്കുഞ്ഞുറങ്ങുന്നു
രസനയിലെ കയിപ്പുനീരിൽ
തൊട്ടറിയുന്നുപൊള്ളും പനി
വിശപ്പുവിളമ്പി കാത്തിരിക്കുന്നു
പാതിരാവിന്റെ പടിമരത്തിൽ
കവിതകെട്ട കൺതടങ്ങളിൽ
കനൽതെളിയിച്ച് കാക്കുന്നു -
കണവനെ




2019, ജൂൺ 25, ചൊവ്വാഴ്ച

ജീവിതം



ആകാശത്തിൽ
പക്ഷികൾ പറക്കുന്നു
നദിയിൽ
മീനുകളും
ഭൂമിയിൽ
ഞാനിഴയുന്നു

2019, ജൂൺ 24, തിങ്കളാഴ്‌ച

വാക്കില്ലാതെ



വാക്കില്ലാതെ
വാതോരാതെ
സംസാരിക്കുന്നത്
പ്രണയം

2019, ജൂൺ 23, ഞായറാഴ്‌ച

എന്റെ നാട്



കൂറില്ലാത്തവന് -
കറവപ്പശു
ചെറുമനോട്
ചോറ് നൽകാൻ കൽപ്പന
ചേറണിഞ്ഞവന്
ചേലുള്ളവന്റെ ഭർത്സനം
ചെങ്കോലേന്തിയ ചെകുത്താൻ
ചതിയിലൂടെ നേടിയ വരദാനം.
ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ നിന്നും
ചിതലുകൾ കെട്ടിയത്
സ്വർണ്ണക്കൊട്ടാരമെന്ന് ധരിച്ചവർ
സ്വന്തംശവക്കല്ലറ പണിഞ്ഞു വെച്ചവർ.
കൃഷിയിടങ്ങളിൽ പശിമാറാതെ
പാതിരാവിൽ മയങ്ങിയവർ
പീടിക തിണ്ണയിലെ
പട്ടിണിക്കോലങ്ങൾ കാണുന്നില്ല      കാവൽക്കാരന്റെ കള്ള മുഖം.
ഭയന്ന മുയലുകൾ
അഭയംപ്രാപിച്ച ഗുഹ
സിംഹത്തിന്റെ വായ.
പുഞ്ചിരി കണ്ടിരുന്നു
പൊട്ടിച്ചിരിയും
അട്ടഹാസമാകുന്നതെവിടെ നിന്ന്?!
നെഞ്ചിൽ നിറയൊഴിച്ചതോക്കിൽ നിന്നോ
ചരിത്രത്തിന്റെ ചിതലരിക്കാത്ത ഏടിലെ
മരണവ്യാപാരികളിൽ നിന്നോ?

2019, ജൂൺ 20, വ്യാഴാഴ്‌ച

ചുവന്ന അക്കം



ഇനി ചുവന്ന അക്കത്തിൽ
ഞാൻ ജീവിക്കും
ചുവപ്പ് ഒരു അടയാളമാണ്
ഓർമ്മയുടെ രൂപകം
ദുഃഖത്തിന്റെ ആഘോഷം
ഒഴിവു ദിനത്തിന്റെ ആശ്വാസം .
ഒരു കണ്ണീർത്തുള്ളിയുടെ
കിണറാഴം
ചുവന്നഅക്കം ഉടഞ്ഞുപോയ
കണ്ണാടിച്ചില്ലുപോലെ
പലർക്കും പലതാണ്.
ഒരാൾക്ക് ഒഴുകിയെത്തുന്ന
ഓർമ്മപ്പുഴയെങ്കിൽ
ഒരാൾക്ക് വറ്റിത്തുടങ്ങിയ
തടാകം
മറ്റൊരാൾക്ക് ചില്ലയുടെ
ചിത്രമെങ്കിൽ
വേറൊരാൾക്ക് പടർന്നു നിൽക്കും
മരം
കാണാതെ പോയവന്റെ തിരിച്ചുവരവ്
ഇപ്പോ അരികിലുണ്ടായിരുന്നെന്ന
തോന്നൽ
സുരക്ഷിതത്വത്തിന്റെ കൈച്ചൂട്
സാന്ത്വനത്തിന്റെ നെഞ്ചിൻ ചൂട്
ഉണ്ട് ചിലർ
ചുവന്ന അക്കം കണ്ടാൽ
ചുവപ്പുകണ്ട കാളയാകുന്നവർ
എന്നും കരടായ് നടക്കുന്നവർ
കടം വാങ്ങിയത് തിരിച്ചു കൊടുക്കാത്തവർ
കണ്ടാൽ കയ്യാല കയറി മറയുന്നവർ
ഇനി ചുവന്നഅക്കത്തിൽ
ഞാൻ ജീവിക്കും.


2019, ജൂൺ 19, ബുധനാഴ്‌ച

യഥാർത്ഥ കവിത



ചില നേരങ്ങളിൽ
കവിതയെഴുതുവാൻ
എഴുന്നേറ്റു ചെന്ന്
എഴുത്തുമുറിയിലിരുന്നാൽ
ശൂന്യതയെ മുഖാമുഖം നോക്കി
യിരിക്കാമെന്നല്ലാതെ
കവിത വരില്ല.
എന്നാൽ ,ചില നേരങ്ങളിൽ
തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോൾ
ബാത്ത് റൂമിൽ കയറുമ്പോൾ
കുളിച്ചു കൊണ്ടിരിക്കുമ്പോൾ
പൊട്ടിവീണതുപോലെ
മുന്നിൽ വന്ന് തുറിച്ചു നോക്കും
അപ്പോൾ വരയ്ക്കണം ജീവിതത്തെ
അല്ലേൽ, നിമിഷം കൊണ്ട് തിരിച്ചു -
പോകും കവിത .
മറ്റു ചിലപ്പോൾ
മരണവീട്ടിൽ വെച്ച്
ബസ്സിൽ വെച്ച്
മേലധികാരിയുടെ മുന്നിൽ വെച്ച്
പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പേടിപ്പിക്കും.
പിന്നേയുമുണ്ട്
ചായക്കടയിൽ വെച്ച്
പഞ്ചസാരയും പാലും ചേർത്ത്
കടുപ്പത്തിലൊന്ന് നുണഞ്ഞിരിക്കു-
ന്നപോലെ
മനസ്സിൽ പാകപ്പെടുത്താവുന്നവ
സായാഹ്നസവാരിയിൽ
സമയോചിതമായി
ചേർത്തു നിർത്താവുന്നവ.
ചിലപ്പോഴുണ്ട്
പ്രതീക്ഷിക്കാതെ
ഇടിമിന്നൽപോലെ പൊട്ടിച്ചിരിച്ചു -
കൊണ്ട്
ഒറ്റനിമിഷംകൊണ്ട് മറഞ്ഞു പോകുന്നവ
എത്രയാലോചിച്ചാലും ഓർത്തെടുക്കാൻ -
കഴിയാത്തത്
അവയാണ് യഥാർത്ഥകവിത.

2019, ജൂൺ 18, ചൊവ്വാഴ്ച

വാക്ക്



കവി ഒരു കിണറാണ്
വറ്റാത്ത വാക്കുകളുടെ കിണർ
കോരിയെടുക്കണം
സൂക്ഷിച്ച് വെക്കണം.
വാക്കുകളുടെ വെള്ളം അമൂല്യമാണ്
പാഴാകാതെ നോക്കിയില്ലേൽ
പാഴാകുന്നത് ജീവനാണ്
ജീവജലമാണ് വാക്കിന്റെ വെള്ളം.
അന്നവും, അഭയവും
കുരിശും, തരിശും
അമ്പും, അരിവാളും.
പാളത്തൊട്ടിയിൽ പവിത്രതയോടെ
കോരിയെടുക്കണം.
വാക്കുകളുണ്ടെന്ന് കരുതി
വെറുതേ ഉപയോഗിക്കരുത്
കുപ്പിയിലെടുത്തുവെച്ച ഗംഗാജലം -
പോലെ
അവസാനത്തെ ശ്വാസംവരെ
അമൃത് പോലെ ഉപയോഗിക്കണം.


2019, ജൂൺ 17, തിങ്കളാഴ്‌ച

മൂന്ന് കവിതകൾ



വർത്തമാനം

മരങ്ങളുടെ
വർത്തമാനങ്ങളാണ്
മർമ്മരങ്ങൾ

വേലി

പൂത്തിരിക്കുന്നു
മുള്ളുവേലി
അകറ്റി നിർത്തപ്പെട്ടവരുടെ
പ്രണയ രക്തം കൊണ്ട്

പ്രണയം

പ്രണയം കൊണ്ട്
പൂത്തതിനെ
പ്രാണനെടുത്ത്
തടുക്കാമെന്ന് കരുതുന്നു
ചില വിഡ്ഢികൾ.

2019, ജൂൺ 15, ശനിയാഴ്‌ച

നിഴൽ



ചില നേരങ്ങളിൽ
വലിയവനായും
ചെറിയവനായും
ഒന്നുമില്ലാതെയുമാക്കുന്ന
സ്വന്തം നിഴലിന്റെ കളിയുണ്ടല്ലോ
അത് വെറും കളിയല്ല
ഓർമ്മപ്പെടുത്തലാണ്

കവിതയായത്



മനസ്സ് മുരളുന്നു
ആരിവൾ?
ഈനേരത്ത്!
പാടത്ത് മേഞ്ഞുനടന്ന
ഇളങ്കാറ്റ് കേറിവരുന്ന
ഈ മയ്യലിൽ.
അങ്ങനെയിരുന്ന്
മനോരാജ്യം കാണുമ്പോൾ.
മന്ദ്രധ്വനി പോലെ
സംഗീതം പോലെ
മിണ്ടാൻ മിന്നുന്ന
ചുണ്ടുമായി
എല്ലാംഹൃദിസ്ഥമെന്നപോലെ
മനസ്സിന്റെ ചാരുപടിയിൽ
ചാഞ്ഞിരിക്കുന്നവൾ.
എഴുത്തുപലകയിലെ
കടലാസിലേക്ക് എത്തിനോ-
ക്കുന്നവൾ.
പിന്നെ, എപ്പോഴാണവൾ
വാക്കായ് ഇറങ്ങിവന്ന്
കടലാസിൽ
കവിതാക്ഷരങ്ങൾ നിരത്തിയത്

2019, ജൂൺ 14, വെള്ളിയാഴ്‌ച

രണ്ടു കവിതകൾ





പിരിഞ്ഞാൽ

ചേർത്തുവെച്ച
ഇരു ഹൃദയങ്ങൾ
ഒട്ടിച്ചേരുന്നതാണ് പ്രണയം
പിരിയുവാൻ മാത്രം പറയരുത്
പറിച്ചെടുത്താലും
മരിച്ചു തീർന്നാലും
ഉണങ്ങില്ല വ്രണം

മോഹം

മരിക്കുമെന്ന്
നമുക്കറിയാം
മരണമെന്നെന്ന് മാത്രം
നമുക്കറിയില്ല
അതുകൊണ്ടായിരിക്കണം
മോഹമിത്രയും
അതിരു കടക്കുന്നത്

2019, ജൂൺ 12, ബുധനാഴ്‌ച

ചില രാത്രികളിൽ ......!



മരങ്ങളെ മുടിയിൽ ചൂടി നിൽക്കുന്നു
ഒരു കുന്ന്
ചെമ്മണ്ണുതിരുന്ന കപ്പകളെ
ചുമലിലേറ്റിയിരിക്കുന്നു
ചൊറിയുന്നതു പോലെ ആടിക്കൊണ്ടി
രിക്കുന്നു
ചേനത്തണ്ട്
പപ്പായയുടെ മണവും പേറി
പൊറുതി തുടങ്ങി, യിളങ്കാറ്റ്,
ഒറ്റവരിക്കവിത പോലെ
കൈവരിയില്ലാത്ത ഒരു പാലം
മാനത്തുകണ്ണികളേയും തുഴഞ്ഞുകൊണ്ടു -
പോകുന്നു തോട്
കഴുകിയിട്ടും കഴുകിയിട്ടും വെടിപ്പായില്ലെന്ന്
മുഖം നോക്കിയിരിക്കുന്നു കാട്ടുചോല
ചേലുപോരെന്ന് ചേലചുറ്റുന്നു ചോലമരം
ചില രാത്രികൾ ഉറങ്ങാനുള്ളതല്ല
ഓർമ്മിക്കാൻ.
ആഗ്രഹിക്കാതെ തന്നെ മനസ്സിലെത്തും ചിലത്
നിറഞ്ഞു നിൽക്കും പഴമയുടെ ഗന്ധം
കവിതയുടെ കാവുവട്ടം കുളിരായ്, ബാല്യമായ്
ഊതി നിറച്ച ബലൂണായി ഉയർന്നുപറക്കും
സ്മൃതികൾ

2019, ജൂൺ 11, ചൊവ്വാഴ്ച

കാലാവസ്ഥ



അന്ന്;
മഴ വന്ന്
ഞാറുനടുമായിരുന്നു
കണ്ടത്തിൽ
ഇന്ന്;
വെയിൽ വന്ന്
കീറി മുറിക്കുന്നു
കണ്ടത്തെ

2019, ജൂൺ 10, തിങ്കളാഴ്‌ച

സർവ്വവ്യാപി



ആർദ്ര മൊഴികൾ
നനവാർന്ന മിഴികൾ
നാവിലുള്ള വാക്കുകളെ
നഷ്ടപ്പെടുത്തും
നെഞ്ചകം നുറുങ്ങി,യടരും
അങ്കലാപ്പിന്റെ വൃത്തമങ്ങനെ
വലുതാകും
എത്ര കണ്ണീർച്ചാലുകൾ വീണ്
വറ്റിയതാണാ നെഞ്ചിൻ തടം
അമ്മ ഒരു നാമമല്ല
വെറുമൊരു പേരല്ല
ഒരു സ്ഥലത്തു മാത്രമല്ല
കാലത്തിലൂടെ
ചരിത്രത്തിലൂടെ
ഏതു കാലത്തും
എല്ലായിടത്തും അമ്മ

2019, ജൂൺ 9, ഞായറാഴ്‌ച

കണ്ണീർക്കവിത



കവിതയിൽ ഞാനൊരു
കാഞ്ഞിരവും, നാരകവും
വളർത്തുന്നു.
കയ്ക്കുന്ന ജീവിതത്തെ
പിന്നെ, യെങ്ങനെ അടയാള-
പ്പെടുത്തും .
ഒറ്റപ്പെട്ടു പോയ ഒരക്ഷരമാണു -
ഞാൻ
അടുക്കിവെച്ച് വാക്കുകളാക്കി
അഴകും, ആഴവും, അർത്ഥവു-
മേകാൻ കഴിയാതെ
അഴുകിപ്പോയ ജീവിതം.
പെറാതെ പോയ പാoപുസ്തക
ത്തിലെ മയിൽപ്പീലി
കണ്ണീരിന്റെ കടലിടുക്കിൽ കുടുങ്ങി -
പ്പോയ ഓടം.
വെളിച്ചത്തിന്റെ പൊട്ട് തേടുമ്പോൾ
ഇരുട്ട് കൂട്ടു വരുന്നു
കല്ലും, മുള്ളും നിറഞ്ഞ പാത മാത്രം
പ്രത്യക്ഷമാകുന്നു
കണ്ണീരുകൊണ്ടെഴുതിയ
ഒരു കവിതയാണു ഞാൻ.


2019, ജൂൺ 7, വെള്ളിയാഴ്‌ച

കന്യാവനം



ഉരസ്സിൽ
ഉടജം പണിതു
ശിരസ്സിൽ
ശൃഖാലൻ
കുടിയിരുന്നു
മരിച്ച ജലത്തിൽ
അവൻ മഹാധ്യാനത്തിൽ
എരിയും അടുപ്പ്
അവന്റെ കണ്ണുകൾ
കാമത്തിന്റെ ഹവിസ്സ്
കന്യകമാരുടെ കണ്ണീര്
മുരൾച്ചയുടെ മൃദുസ്വരത്തിൽ
മൃഗ നഖമാഴ്ത്തുന്നു -
മൃദുമേനിയിൽ.
പ്രണയം പൂക്കേണ്ട മനസ്സിൽ
മരണം തളിർക്കുന്നു
കന്യാവനങ്ങളിൽ
കായ്ച്ചു നിൽക്കുന്നു
കന്യകളുടെ
മൃത നഗ്നമേനികൾ.

കണ്ണീർ തുള്ളികൾ



ശ്മശാനത്തിലെ
അരളി മരച്ചോട്ടിൽ അവൾ നിന്നു.
അനാഥയായവൾ
അലഞ്ഞു നടന്നവൾ
അന്നൊരു നാൾ,
ഇടമുറിയാ മഴപ്പെയ്ത്തിൽ
വഴിയറിയാതുഴറുമ്പോൾ
മഴനനഞ്ഞു കുതിരുമ്പോൾ
ചേർത്തു നിർത്തി അയാൾ നടന്നു
അച്ഛന്റെ വാത്സല്യവും,
അമ്മയുടെ ഉൺമയുമേകി
പേരും പെരുമയുമേകി
കുടുംബവും, കുലമഹിമയുമേകി.
ശ്വാസം വലിക്കാൻ ബുദ്ധിമുട്ടിയ നിമിഷം
നിരാശനായി തലയാട്ടിയ നേരം
കരങ്ങളിലെ പിടുത്തം ഒന്നു മുറുകി
അയഞ്ഞു നിശ്ചലമായനേരം
എന്റെയച്ഛാ....
അരളിപ്പൂക്കൾ പോലെ
കണ്ണീർത്തുള്ളികൾ
ശവക്കല്ലറയിലേക്ക്അവളിൽ നിന്ന്
പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.


2019, ജൂൺ 6, വ്യാഴാഴ്‌ച

ജീവിത വഴി



ഇടവഴിയിലെ
ഇളം വെയിലിലൂടെ
അടിവെച്ചടിവെച്ചു -
നടക്കുന്നു
ഒരു കവിത .
പടരാൻ വെമ്പുന്ന
കാഞ്ഞിരമെന്നറിഞ്ഞിട്ടും
തടമിട്ടു
വളമിട്ടു
വെള്ളമിട്ടു.
അധരത്തിലപ്പോഴും
പടരുന്നപുഞ്ചിരി
അരുമയോടെന്നോണം
പൂത്തുനിന്നു.
കയ്പ്പുനീരെത്ര കുടിച്ചു ,-
യീജീവനം
കഷ്ടത ചേറിത്തളർന്നു.
പേറുന്നു, യിന്നും
പൊറാതെ ജീവിതം
ഇത്തിരി ഇനിപ്പ് ബാക്കി -
യാക്കാൻ.

2019, ജൂൺ 4, ചൊവ്വാഴ്ച

മനുഷ്യൻതന്നെ......!



മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയെന്ന്
പൊതുമതം
മരിച്ചയാൾ സ്വർഗത്തിൽ, നരകത്തിൽ
യെന്ന് ഒരു കൂട്ടർ
ദൈവത്തിലേക്കെന്ന്‌ മറ്റു ചിലർ
പിന്നെയെന്നാണ് കാലൻ കയറി വന്നത്?!
മണ്ണിലെ മനോഹരമായ സൃഷ്ടി മനുഷ്യൻ
പ്രതീക്ഷയുടെ തുരുത്ത്
സ്നേഹത്തിന്റെ കരുത്ത്
മോഹത്തിന്റെ മരുത്ത്
ഏദനിൽനിന്ന് ഏഴുകടലും കടന്നു വന്നവൻ
മൗനത്തിന്റെ തുഹിനവൃഷ്ടി നടത്തുന്നവൻ
പുഞ്ചിരിയുടെ വെയിൽച്ചീളെറിയുന്നവൻ
ദുഃഖത്തിന്റെ മാരിവിതറുന്നവൻ
അവൻ കല്ലിനെ അപ്പമാക്കുന്നു
ജലത്തിനെ വീഞ്ഞാക്കുന്നു
മനുഷ്യനോളം മൃഗം വേറെയില്ല
അവനോളം വലിയ ശത്രു
അവനോളം വലിയ മിത്രം
മനുഷ്യൻ തന്നെ ദൈവം.

2019, ജൂൺ 3, തിങ്കളാഴ്‌ച

ഹൃദയമേ....!



പൂത്ത കാനനം പോലെ
കന്യയാമൊരുപെണ്ണ്
സുന്ദര സുസ്മേരയായ്
ആനനംകുനിക്കവേ
തനുവിൽ വസന്തത്തിൻ
കുളിരു പരക്കുന്നു
ഹൃത്തിൽനിന്നൊരു കിളി
ആലോലമാടീടുന്നു.
നീൾമിഴിനാണത്താലെ
എൻമെയ്യിൽ ചായിക്കുന്നു
പാദവിരൽത്തുമ്പിൽ
കൗതുകം പൂവിടുന്നു.
മന്ദമാരുതൻ വന്നാ
മഞ്ഞപ്പാവാടത്തുമ്പിൽ
പിടിച്ചുവലിച്ചതാ മുന്നോട്ടു
നടത്തുന്നു.
ഓമലേ,യിന്നീരാവിൽ
നിന്നോർമ്മയാണെൻ
നെഞ്ചിൽ.
അടങ്ങാതാനന്ദത്താൽ
തുള്ളായ്കെൻ ഹൃദന്തമേ
പ്രണയം പാതിയിൽ
പിരിഞ്ഞു പോയെങ്കിലോ!

2019, ജൂൺ 2, ഞായറാഴ്‌ച

കവിതയാൽ



കവിത കൊണ്ടൊരു
കളിവീടു കെട്ടി
കളവു പറഞ്ഞപോൽ
കടന്നു പോയി ബാല്യം
കരിക്കട്ടകൊണ്ടു
വരഞ്ഞൊരു ജീവിതം
കറുത്തു പോയെന്റെ -
യൗവ്വനം
പൊടിഞ്ഞ വിയർപ്പുകൾ
പൊഴിഞ്ഞു വീഴുന്നു
പൊള്ളിപ്പിടയുന്നു ഉള്ളം
കവിതകൊണ്ട് കെട്ടിയ
ഹൃദയം
മെലിഞ്ഞു വെളുത്തു
ശുഷ്ക്കിച്ചു പോയ്
കവിത കൊണ്ടല്ലകഞ്ഞി.
വേണം
കവിതകൊണ്ടന്ത്യകർമ്മം.

2019, ജൂൺ 1, ശനിയാഴ്‌ച

ചരിത്ര വിരുദ്ധർ



ചുമരില്ലാതെ
ചുര മാന്തുന്ന
ക്രൂരതയാൽ
പുതുചരിത്രമെഴുതു
ന്നുണ്ട്
ചില മന്തൻമാർ
ചരിത്ര വിരുദ്ധൻമാർ