malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ജൂലൈ 29, വെള്ളിയാഴ്‌ച

അച്ഛമ്മ

ഇന്നും ഞെട്ടിയുണരാറുണ്ട് -

ഉറക്കത്തിൽ

കരളിൽ നിന്നൊരു കടച്ചിൽ -

കണങ്കാലിലേക്കിറങ്ങാറുണ്ട്

ഓർമയുടെ ഓളത്തിൽ ഉലഞ്ഞു -

പോകാറുണ്ട്


തെരുവൻതോർത്തുടുത്ത്

ഭസ്മക്കുറി തൊട്ട്

ഞാന്നു നിൽക്കുന്ന അമ്മിഞ്ഞകാട്ടി

കിഴക്കു പുറത്ത്

തെരികയിൽ കാലു നീട്ടിയിരിക്കും -

അച്ഛമ്മ


കരഞ്ഞു നിൽക്കുന്ന എന്നെ

കൈകാട്ടി വിളിച്ച്

മടിയിലിരുത്തി

പാടിത്തരും നാട്ടുപാട്ട്


'ആരാ അതിലെ പോന്ന്

പാലങ്ങാട്ടെ മൂര്യല്ലെ

മൂര്യാനങ്കില് കുത്തൂലെ

കുത്തുന്നത് കൊമ്പല്ലെ

കൊമ്പാന്നങ്കില് ആടൂലെ

ആടുന്നത് പുളിങ്ങ്യല്ലെ

പുളിങ്ങ്യാനങ്കില് പുളിക്കൂലെ

പുളിക്കുന്നത് മോരല്ലെ

മോരാനങ്കില് നാറൂലെ

നാറുന്നത് തീട്ടല്ലെ '


ഞാൻ കൈകൊട്ടി ചിരിക്കുമ്പോ

ഒലിച്ചിറങ്ങിയ എൻ്റെ കണ്ണീര് തുടച്ച്

കവിളിലൊരു മുത്തം തരും അച്ഛമ്മ

2022, ജൂലൈ 28, വ്യാഴാഴ്‌ച

മരുഭൂമി


കൂസലില്ലാത്ത കുലട
മയക്കിക്കൊണ്ടുപോയി
വഴിയിലുപേക്ഷിക്കുന്ന ഭ്രാന്തി

2022, ജൂലൈ 27, ബുധനാഴ്‌ച

എന്തു പറയാൻ




തളർന്നുവരുന്ന ഒരുവന്

തെളിനീരുനൽകാൻ

ഒരുവളില്ലാത്തതിനെക്കുറി_

ച്ചെന്തു പറയാൻ


ഉപ്പിട്ടകഞ്ഞി

എടുത്തുവെക്കുമ്പോഴേ

വിശപ്പു വറ്റിയ

വയറിനെക്കുറിച്ചെന്തു -

പറയാൻ


ഉണ്മയുടെ

ഊക്കിനെക്കുറിച്ചോർക്കവെ

എണ്ണ വറ്റിയ

വിളക്കിനെക്കുറിച്ചെന്തു

പറയാൻ


കുളിരുന്നരാവിൽ

ഇത്തിരി ചൂടിന്

കീറിയ ഉടയാടകളെക്കുറി -

ച്ചിനിയെന്തു പറയാൻ


അല്ലലും അലട്ടുമില്ലാതെ

അന്തിയുറങ്ങുവാൻ

സ്വന്തമൊരു

കൂരയില്ലാത്തതിനെക്കുറി -

ച്ചെന്തു പറയാൻ


ഇനി,

വിശ്വാസത്തിൻ്റെ

അപ്പോസ്തലൻമാർ

ചൊല്ലിത്തരുന്ന

മരണാനന്തര

ജീവിതത്തെക്കുറിച്ച് ,

അവിടുത്തെ

സുഖാനന്ദങ്ങളെക്കുറിച്ച്മാത്രം

ചിന്തിച്ചു കൊണ്ടിരിക്കാം



2022, ജൂലൈ 26, ചൊവ്വാഴ്ച

തിരച്ചിൽ




തിരഞ്ഞു നടക്കുമ്പോൾ

തിരക്കുന്നവരോട് ഞാനെ-

ന്താണ് ചൊല്ലുക?


കളഞ്ഞുപോയ

ബാല്യത്തെയാണെന്നോ?

കണ്ണാം ചിരട്ടയിലെ

മണ്ണപ്പമാണെന്നോ?


അക്ഷരങ്ങളുടെ

അകം പൊരുൾ കാട്ടിത്തന്ന

നീളൻ വരാന്തയുടെ

അങ്ങേ അറ്റത്തെ ചുമരിൽ

പേരെഴുതി വെച്ചവളെയാണെന്നോ?


അമ്മയെ പുറത്താക്കി

അമ്മാവൻമാർ വിറ്റുതുലച്ച

അകം പൊളളിക്കുന്ന

അച്ഛൻ്റെ കല്ലറയാണെന്നോ?



തിരഞ്ഞു നടക്കുമ്പോൾ

തിരക്കുന്നവരോട് ഞാനെ-

ന്താണ് ചൊല്ലുക?


തിരക്കിനിടയിൽ നഷ്ടപ്പെട്ടുപോയ

എന്നെതന്നെ ഞാൻ

തിരഞ്ഞുനടക്കുകയാണെന്ന്

2022, ജൂലൈ 25, തിങ്കളാഴ്‌ച

അറ്റുപോകാത്തത്



കിതച്ചുനിന്ന തീവണ്ടിയിലേക്ക്

ഇടിച്ചുകയറുന്നു ജനങ്ങൾ

രാവെന്നോ, പകലെന്നോയില്ലാതെ

എങ്ങോട്ടായിരിക്കും ഈ ജനങ്ങ -

ളൊക്കെ പോകുന്നത് ?!


പറിച്ചെടുത്ത ജീവിതത്തെ

മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുവാനാ-

യിരിക്കുമോ?


എത്ര ആഴത്തിൽ കിളച്ചെടുത്താലും

അറ്റം പൊട്ടിയ ഓർമകൾ

ബാക്കിയാകാതിരിക്കുമോ?!


ആദ്യ സ്പർശമേറ്റമണ്ണിനെ (അമ്മയെ)

എങ്ങനെ മറക്കും

ഹൃദ് രക്തം പുരണ്ടു ഘനീഭവിച്ചുണ്ടായ

സ്മാരകശിലയാണ് ഓർമകൾ


നെഞ്ചിലെവിങ്ങലത്രയും ചൂടുനീരായി

കണ്ണിലൂടെ പെയ്തിറങ്ങുന്ന ചില -

നിമിഷങ്ങളുണ്ട്


വെളിയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കു-

ന്നവീട്

തിരിച്ചു വരാൻ അല്പമൊന്ന് വൈകിയാൽ

ഒന്നും മിണ്ടാതെ പരസ്പരം നോക്കി മൗനം

പാലിക്കുന്ന തരു ശാഖികൾ

വേരോളമിനികായ്ക്കുന്നതെന്തിനെന്ന്

പ്ലാവ്

വേനലിനെ എന്തിന് പഴുപ്പിക്കണമെന്ന്

മാവ്


ആഴത്തിൽ കുഴിച്ചിട്ട്

ആവോളം സൂര്യവെളിച്ചം മോന്തി -

ക്കുടിച്ച്

മഴയിൽ നനഞ്ഞ് കുളിച്ച്

മഞ്ഞിൽ മേഞ്ഞു നടന്നിട്ടും

മഞ്ഞളിച്ചുപോയ


ചെറുകുഴിയിൽ ചരിഞ്ഞുകിടന്നിട്ടും

പാകത്തിന് വെളിച്ചമില്ലാതെ,

വെള്ളമില്ലാതെ മൃതപ്രായയായിട്ടും 

തളിർത്തു തിടംവെച്ച

എത്ര ജീവിതങ്ങളുണ്ട് ചുറ്റും


എത്ര നനഞ്ഞാലും

ചിതലരിച്ചാലും

ദ്രവിച്ചുപോകില്ല

ഓർമകളുടെ തായ് വേര്


പുതു പുഷ്പങ്ങൾ


അവർ,
ഞരമ്പുകളിൽ പൂത്ത തീ
കൈനീട്ടിയാൽ പറിച്ചെടുക്കാ-
വുന്ന കനി
തുളുമ്പുന്ന പാനപാത്രം
ചുംബനമുദ്രകൾ അടയാളപ്പെടു-
ത്തിയ തുരുത്ത്

അവർ,
മഴ
പുഴ
മണലാരണ്യം
മഹാവനം

പ്രണയികൾ
പുതു പുഷ്പങ്ങളാണ്
ഓരോ തേടലും
പുതുമയും
ആകാംക്ഷയും
അവശേഷിപ്പിക്കുന്നു



2022, ജൂലൈ 21, വ്യാഴാഴ്‌ച

മരങ്ങൾ

 

ഉച്ചവെയിൽ ഉച്ചിയിലേറ്റി
മണ്ണിൽ തണലെഴുതുന്നുണ്ട്
ഒരു പേരറിയാ മരം
ചിക്കറുക്കാത്തമുടിയുലർത്തിയുണക്കാ-
നിരിക്കുന്നുണ്ട് ഒരു പനപെണ്ണ്

പനന്തത്തകളെ ഊഞ്ഞാലാട്ടിയിരിപ്പുണ്ട്
പുല്ലാഞ്ഞിക്കാട്
പിച്ചവെച്ചൊരു പിച്ചകത്തിന്
പൂങ്കുല നീട്ടി നിൽപ്പുണ്ട് ചെമ്പകം
ചെവിയിൽ പൂ നുള്ളി വെച്ച്
നട്ടുച്ചയിലും പൊട്ടിച്ചിരിച്ചു നിൽക്കുന്ന
ചെമ്പരത്തിയെ
ചേർത്തുനിർത്തുന്നുണ്ട് നന്ത്യാർവട്ടം

അപ്പുറത്തെ തെങ്ങിനോട് കുശലം
പറഞ്ഞിരിക്കുന്നു
ഇപ്പുറത്തെ കവുങ്ങ്
ഇപ്പുറത്തെ പുളിമരത്തിനോട്
കൈകോർത്തിരിക്കുന്നു
അപ്പുറത്തെ ജാതിമരം

നോക്കൂ :
ചെടികളും മരങ്ങളുമെല്ലാം
എത്ര സ്നേഹത്തോടെയാണ്
സഹവർത്തിത്വം
ഒന്നും ഒന്നിനേയും
മാറ്റിനിർത്തുന്നേയില്ല

2022, ജൂലൈ 20, ബുധനാഴ്‌ച

പുതുകാലത്ത്


ഒച്ചകൾ ഒഴിഞ്ഞു പോയ
വീട്ടിലാണ് വാസം
ഒച്ചു പോലിഴയുന്ന
മൗനമാണ് കൂട്ട്

തെച്ചി പോലെ പൂത്തുനിൽപ്പൂ
ഉള്ളിലോർമകൾ
പച്ചയായ ജീവിതത്തിൻ
കനൽപ്പൂവുകൾ

അണുകുടുംബ അകത്തളങ്ങൾ
ഇരുണ്ട ഭൂഖണ്ഡം
മണലിൽ മുഖം പൂഴ്ത്തിവെയ്ക്കും
പക്ഷിയെപ്പോലെ
ഫോണിൽ മുഖം പൂഴ്ത്തിവെയ്പ്പൂ
കുടുംബമൊന്നാകെ

മിണ്ടല്ലില്ല പറയലില്ല മണ്ടി നടപ്പൂ
നേരമില്ല കാലമില്ല വന്നു പോയീടാൻ
കൂട്ടുകുടുംബനാളിനെ ഓർത്തു -
പോകുന്നു
അച്ഛനമ്മമക്കളെ തിരിച്ചറിയുന്നു

പറ്റമായി നടക്കുമെങ്കിലും
ഒറ്റയാണിന്ന്
തേറ്റയേതു നേരവും
തുളച്ചു കേറീടാം

2022, ജൂലൈ 17, ഞായറാഴ്‌ച

പ്രണയചിഹ്നം


സന്ധ്യ ഒരു കറുത്ത ചോരക്കട്ടയായി!
ദിക്കുകൾ ചോരക്കട്ട പിഴിഞ്ഞ്
ഇരുട്ടിനെ എങ്ങും ഇറ്റിച്ചു !!

ഇരുട്ടിൽ നിലാവെളിച്ചം
വെള്ളത്തിലെ മീനിനെപ്പോലെ
കളിച്ചു കൊണ്ടിരുന്നു

വെള്ളം ഒഴുകുന്നില്ല
കാറ്റ് വീശുന്നില്ല ,എങ്ങും ഒച്ചയില്ല
അറ്റുപോയ ഒച്ചകൾ
ഒറ്റി കൂക്കാനെന്നോണം
മറഞ്ഞു നിന്നു

നിലാവ് നെയ്തെടുത്ത ശീലകൾ
മഞ്ഞിൽ ഉണങ്ങാനിട്ടു
തണുത്ത പാറയിൽ വിരിച്ചിട്ട ശീലകൾ
പെട്ടെന്ന് ഉണങ്ങിക്കിട്ടി

നിലാ നൂലുകൾക്ക്‌
മഴനൂലിനേക്കാൾ ഉറപ്പുണ്ട്
നിലാ ശീലകൾക്ക്
വെള്ളം പോലെ കുളിരുണ്ട്

നീലാശീലയിൽ തുന്നിവെച്ച കസവാണ് -
നക്ഷത്രങ്ങൾ
നക്ഷത്രങ്ങൾ പ്രണയചിഹ്നങ്ങളാണ്

നോക്കൂ ;
മണലിൽ
മഴയിൽ
മിഴിയിൽ
മൊഴിയിൽ
അവളുടെ ഉള്ളംകൈയിൽ

വംശ ചിഹ്നങ്ങളായതിനാൽ
നക്ഷത്രങ്ങളെ
നാം ഹൃദയത്തോട് ചേർത്തു -
വയ്ക്കുന്നു

ഇപ്പോൾ


വിത്തിറക്കലും
വിളവെടുപ്പും
ഉത്സവമായിരുന്നു

അന്നൊക്കെ
ഒപ്പരം തന്നെ ഉണ്ടായിരുന്നു
വിഷുവും, ഓണവും

തേക്കിലവട്ടികളിൽ
വട്ടപ്പിരിയൻ, കണ്ണൂച്ചിങ്ങ
കാക്കപ്പൂ ,മുക്കുറ്റി

ഇന്ന്,
കാടെല്ലാം കാടേറിപോയി
അണ്ടിക്കാട്
റബ്ബർക്കാടായി

കുന്നുംപുഴയും
കയറ്റിപ്പോയവർ
കൂടെ ഓണവും, വിഷുവും
കയറ്റിപ്പോയത്
നമ്മളൊന്നുമറിഞ്ഞില്ല
മുമ്പേ കൊണ്ടുപോയിരുന്നു
മുല്ലയും, മുക്കുറ്റിയും

ആഘോഷങ്ങളെല്ലാം
കച്ചവടമായപ്പോൾ
ലോറികേറി വരുന്നുണ്ട്
മുല്ലയും, മുക്കുറ്റിയും

ഇപ്പോൾ,
കൊല്ലന്തോറും
പാണ്ടിലോറികേറിവരുന്നുണ്ട്
ഓണം
അത്തം മുതൽ പത്തുദിവസം
കൊണ്ടിരുത്തും
മുക്കിലും മൂലയിലും വരെ

2022, ജൂലൈ 3, ഞായറാഴ്‌ച

ക്ലോക്


മിനിറ്റുകളുടെ
കുഞ്ഞുകുഞ്ഞു ധാന്യമണികൾ
കൊത്തിക്കൊറിക്കുന്ന
കോഴിയാണ് ക്ലോക്

പന്ത്രണ്ടുമണി നേരത്ത്
ചിലപ്പോൾ തോന്നും,
രാപ്പകലുകളില്ലാതെ പച്ചക്കണ്ണുകൾനീട്ടി
തക്കംനോക്കി പതുങ്ങിനിന്ന് ചാടിവീഴുന്ന
ഇരപിടിയൻ പൂച്ചയാണെന്ന്

ചിലനേരം
ഉന്മത്തനായി
വെറിപിടിച്ചവനെപ്പോലെ
ഊരുചുറ്റുന്നവനെന്ന്

ചില കാഴ്ചയിൽ
കവിയെന്ന്
സർഗശക്തിയുടെ ആവേശത്തിൽ
എല്ലാം ഉപേക്ഷിച്ച്
എരിഞ്ഞുരുകുന്നവനെന്ന്

മറ്റു ചിലപ്പോൾ
സ്വപ്നങ്ങളുടെ നനഞ്ഞറൊട്ടിക്കഷ്ണം
നുണഞ്ഞു കൊണ്ടിരിക്കുമ്പോൾ
സന്തോഷാവേശത്തിൻ്റെ സംഗീതം
മുറിയിലെങ്ങും താളാത്മകമായി
തത്തിക്കളിക്കുന്നുവെന്ന്

മരങ്ങൾ


മനുഷ്യരെപ്പോലെ തന്നെയാണ്
മരങ്ങളും
അവയ്ക്കും വേണം
മഴ
വെയിൽ
മഞ്ഞ്
വെള്ളം
ഭക്ഷണം
പാർപ്പിടം

ഇന്നലെ ഒരു കൂട്ടം മരങ്ങളെ
അവർ ബുൾഡോസർകൊണ്ട് നിരത്തി
ചേരികൾ പോലെ ചേരാതിരിക്കുന്നു പോലും
പുത്തൻ മരങ്ങളവിടെ പൂത്തുലയും പോലും

പലമരങ്ങൾ ഇടകലർന്ന് വേണ്ടെന്ന്
പടുമുളകളെല്ലാം അടിയോടെ
പിഴുതെറിയുമെന്ന്