malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

മതിവരാത്തത്


ഇലത്തുമ്പിലെ മഞ്ഞുതുള്ളിപോലെ
അവളുടെ ഉള്ളം വിറയ്ക്കുന്നു
പുലർകാലമഞ്ഞുപോലെ കുളിരുന്നു
ഉച്ചവെയിൽപോലെ അനലുന്നു

ഉടലിലൊരുത്സവമേളം നടക്കുന്നു
ഉള്ളിനോടൊരുള്ളം കെട്ടിപ്പുണരുന്നു
ലിപിയില്ലാത്ത ഭാഷയിൽ
തുടിക്കുംഹൃദയത്തിൽ ഗാനാലാപനം
നടക്കുന്നു

ഇപ്പോൾ, സുഖദ ഋതുവിലെന്നപോലെ
പറയുവാനാവാത്തതെന്തോഒന്ന് തളിരിടുന്നു
പയ്യെ പെയ്തു തുടങ്ങുന്നെന്തൊ
മരമായ് പൂത്തുലയുന്നു

പ്രണയമേ, എത്ര മനോഹരമായ കവിത -
യാണു നീ
വായിച്ചാലും വായിച്ചാലും മതിവരാത്തത്

2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

മറ്റെന്താണ്


വരിതെറ്റിയ വാക്ക്
നിരതെറ്റിയ അക്ഷരം
പ്രായത്തേക്കാൾ പക്വം

ഭയം
ലജ്ജ
വീടിനെകുറിച്ചുള്ള ആധി
അടക്കിനിർത്തുന്ന കരച്ചിൽ

കൂട്ടുകാരെക്കുറിച്ച്
സഹോദരങ്ങളെക്കുറിച്ച്
പൊള്ളുന്ന ഓർമകൾ
അതാതുദിവസത്തെ ദുഃഖം -
കഴുകിക്കളയാൻ
കാത്തിരിക്കുന്ന രാത്രി

അടങ്ങാത്തഗ്രീഷ്മം
ഒടുങ്ങാത്ത വേദന

വലിയവീട്ടിലെത്തുന്ന
വേലക്കാരിപെൺകുട്ടി
ഇതൊക്കെയല്ലാതെ മറ്റെന്താണ് ?!


2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഇറങ്ങിപ്പോകുവാൻ


നിന്നെ
ഒരുപാടുപേർ
പ്രണയിക്കുന്നുണ്ടാകാം

ഒന്നുംമിണ്ടാതെ
ആ വാതിലൊക്കെ
നീ അടച്ചു വെയ്ക്കുക

ഒറ്റവാതിൽ മാത്രം
തുറന്നു വെയ്ക്കണം

അതുമാത്രം മതിയാകും
നമുക്കും നമ്മുടെ പ്രണയ
കവിതകൾക്കും
വിഹരിക്കുവാൻ

നിനക്ക് ഇഷ്ടമല്ലെന്ന്
തോന്നുന്ന കാലത്ത്
എന്നിൽ നിന്ന്
ഇറങ്ങിപ്പോകുവാനും

2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

എവിടെ


വിറയ്ക്കുമിടനെഞ്ചിനാൽ മകനേ, നിൽക്കുന്നു
യീയച്ഛൻ
ദുഃഖംകടയും മനംതുളുമ്പുന്നു

പത്തനത്തിൽപ്പോയ് പഠിക്കാൻനിനക്കവസരം
ലഭിച്ചതിൽ
ഒത്തിരി അഭിമാനിച്ചിരുന്നച്ഛൻ
കണ്ടതില്ലാരുമീ കുടുംബത്തിൽ തലമുറയിന്നോളം
പത്തനമെന്നുള്ള ജാലം

അന്നു നീ പോകവെ ആദ്യമായച്ഛൻ്റെസ്നേഹത്തിൻ
വേദനഞാനറിഞ്ഞു
ഇന്നുമുണ്ടെൻ കാതിൽ നിൻ്റെ പതിഞ്ഞ വാക്കിൻ
ചെത്തം
നിറഞ്ഞ മിഴികളിൽ നിന്നിറ്റുവീണുള്ളപൊള്ളൽ
മകനേ, ദുഃഖംകടയും മനംതുളുമ്പുന്നു

പത്തനത്തിൽച്ചെന്നു പഠിക്കവേയേവർക്കും പ്രിയ
ങ്കരനായി നീ
ഗുരുക്കൻമാർക്കരുമശിഷ്യനായ്
കുട്ടുകാർക്കെന്നും മുതൽക്കൂട്ടായ്
ഭവനത്തിലും കളി ചിരിയായ് പ്രതീക്ഷയായ്

ഇന്നു ഞാനേകൻ, നിസ്സഹായനെൻമകനേ,
പത്തനം നിന്നെ പത്തി വിരിച്ചു കൊത്തുമെന്നറി
ഞ്ഞില്ല
കൊടുക്കില്ലായിരുന്നു ഞാൻ ഒരുതരിയെങ്കിലു-
മറിഞ്ഞിരുന്നെങ്കിൽ പത്തനപ്പാമ്പിനെൻ പൊന്നോ മനമകനെ

എന്തിനായ്...., എന്തിനായ് കാലമേ, കാട്ടുന്നുക്രൂരത
തെറ്റു ചെയ്യാത്തൊരു യേശുവേമാത്രം ക്രൂശിലേറ്റു ന്നുനീയെന്നും
പാപം ചെയ്യുന്നവർ മാത്രം കല്ലെറിഞ്ഞു ജയിക്കുന്നി
വിടം!
കലാപത്തിന് കോപ്പുകൂട്ടുവോർക്കോകൂട്ട് നീ ദൈവമേ

മകനേ, ഇന്നീ പച്ച മൺകൂനയ്ക്കു മുന്നിൽ
വിറയ്ക്കുമിടനെഞ്ചിനാൽ നിൽക്കുന്നു അച്ഛൻ
ദുഃഖം കടയും മനസ്സിൽ നിൻ്റെ പൊള്ളും കണ്ണീരു
വീണു പിടയുന്നു
എവിടെയെൻ്റെയാ കച്ചിത്തുരുമ്പ്
എവിടെയെൻ്റെയാ പ്രതീക്ഷാ മുനമ്പ്
എവിടെയെൻ്റെയാ.... എവിടെ.... എവിടെ....?!

2021, ഒക്‌ടോബർ 24, ഞായറാഴ്‌ച

കവിത




രാവിലെ

അടുക്കളയിൽ

നനക്കല്ലിൽ


പുറമ്പണിയിൽ

ഓഫീസിൽ

സ്റ്റപ്പിൽ തൂങ്ങിനിൽ -

ക്കേണ്ടിവരുന്ന ബസ്സിൽ


വൈകുന്നേര

വേവലാതികളിൽ

പാതിരാകട്ടിലിൽ


അല്ലെങ്കിൽ,

കണക്കിൽപെടാത്ത

നേരത്തു വേണം

കവിത എഴുതാൻ


എന്നിട്ട്

ഒന്നും ചെയ്തില്ലെന്ന 

മട്ടിൽ

നിത്യ ജോലിയിൽ

ഏർപ്പെടുക


കവിത എഴുതുകയേ

ചെയ്യരുത്

എഴുന്നുനിൽക്കണം

കവിത


ഓർമകൾ

 

ഓർമകൾ

ഓർമ്മകൾ പലവിധമുണ്ട് :
കൊത്തിക്കീറുന്നു കറുത്തപക്ഷികളെ -
പ്പോലുള്ളവ
വഴക്കാളിയായ അയൽക്കാരനെപ്പോലെ
കണ്ടിട്ടുംകണ്ടില്ലെന്നു നടിക്കേണ്ടിവരുന്നവ

തിരിഞ്ഞുനിന്ന് തിരിച്ചറിയുവാൻശ്രമിച്ച്
അഭിവാദനംചെയ്തു പോകുന്നവ
ആപത്ഘട്ടത്തിൽ ആശ്വസിപ്പിക്കാൻകഴി-
യാതെവരുമ്പോൾ
വെടിപ്പായി കള്ളംപറഞ്ഞ് ആശ്വസിപ്പിച്ച്
അരങ്ങൊഴിയുന്നതുപോലുള്ളവ

പൊടിപിടിച്ച അവശ്യവസ്തുപോലെ
തട്ടിക്കുടഞ്ഞു വെയ്ക്കുന്നവ
കാലൊടിഞ്ഞ കസേരപോലെ ആടിക്കളി -
ക്കുന്നവ
ധാന്യമണിയിലെ കല്ലും, മണ്ണും പോലെ
പാറ്റിപ്പെറുക്കുന്നവ

റോസാപ്പൂവുപോലെ സുഗന്ധം പരത്തുന്നവ
പലവിധ വർണ്ണ പ്രാവുകൾപോലെ തത്തി -
ക്കളിക്കുന്നവ
മണ്ണിൻ്റെ മണംപോലെ മറക്കാൻ കഴിയാത്തവ
ഓർമ്മകൾ പലവിധമുണ്ട്

2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

സ്വപ്നം


അവൾ എന്നും അതുമാത്രം
സ്വപ്നം കണ്ടു

അടുക്കളിൽ
അടുപ്പിൽ
അരിത്തിളയിൽ
അരക്കല്ലിൽ

തിരക്കിനിടയിലൂടെ തിരക്കിട്ടു
നടക്കുമ്പോൾ,
തെല്ലും നേരമില്ലാ വേളകളിൽ
ചിതറിയമുടി കോതിയൊതുക്കു-
മ്പോൾ

രാത്രി മുഴുവൻ ഉറങ്ങാതെ
ആധിയുടെ ചെമ്പൻ കണ്ണിലേക്ക്
ആളിപ്പടരും
പകലോ ഗതികിട്ടാ മയക്കം പോലെ
ഓർമ്മകളിലെരിഞ്ഞു കിടക്കും

അവൾ  വായിച്ചുകൊണ്ടിരിക്കു
മ്പോൾ
പുസ്തകമൂർന്ന് താഴെവീണു
സ്വപ്നത്തിൽ നിന്ന് ഞാൻ
ഞെട്ടിയുണർന്നു

അവൾ എന്നും കണ്ട സ്വപ്നമെ
ന്തായിരിക്കും?
സ്വപ്നം കണ്ടിരിക്കുമോ !
അവൾ ആരായിരിക്കും?
അവൾ ഉണ്ടായിരിക്കുമോ!

നിമിഷങ്ങൾക്കുള്ളിൽ
എന്നും കണ്ട് വിരസമായ
കാഴ്ചകളിലേക്ക്
കണ്ണിറങ്ങി നടന്നു



2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

വാൻഗോഗിന്


അവൻ നിറങ്ങളെ സ്നേഹിച്ചു
പ്രണയം അവൻ്റെ കാതുചോദിച്ചു
കേൾവി കൊണ്ടവൻ സൂര്യകാന്തി
പൂവരച്ചു

ഉരുളക്കിഴങ്ങിനായ് കുഴങ്ങിനിൽക്കെ!
ചോരതെറിച്ച ക്യാൻവാസിൽ
അവൻ നിന്നെ തൊട്ടറിഞ്ഞു
കേൾക്കാതൊരു സിംഫണി കാറ്റ് കടം
വാങ്ങിപ്പോയി

വേദനയുടെ വേലിയേറ്റങ്ങളിൽ
നീ തിരമാലയായി തുള്ളി
ഉന്മാദത്തിൻ്റെ ഉച്ചിയിൽ കത്തുന്ന സൂര്യ-
നവൻ
കൂട്ടിയിട്ടും കുറച്ചിട്ടും തെറ്റിക്കൊണ്ടി-
രിക്കുന്ന കണക്ക്

മഞ്ഞയുടെ മഞ്ഞളിപ്പിൽ അവൾ കുടുങ്ങിയോ
പ്രണയത്തിൻ്റെ ചെവിപ്പൂവ് അവൾ ചൂടിയോ
ദർപ്പമില്ലാത്ത ഒരു ജീവിതത്താൽ ദമം ചെയത -
വനെ

വാൻഗോഗ്,
മഴനനഞ്ഞ്  നിൻ്റെ ഉന്മാദത്തിൻ്റെ
ചെവിപ്പൂവ് തിരഞ്ഞുകൊണ്ട്
മുറ്റത്തു നിൽക്കുന്ന ഒരു കുട്ടിയാണ് ഞാൻ

2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

മരണ ഗന്ധം


എന്നത്തേയും പോലെ
അന്നുമവൻ രാവിലെ എഴുന്നേറ്റു
ടൂത്തു പേസ്റ്റിന് എന്നുമില്ലാത്തൊരരുചി
ചൂടാറാത്ത പ്രാതലിന്
ചുട്ട മാംസത്തിൻ്റെചൂര് !
കട്ടൻ ചായയ്ക്ക് ചോരയുടെ ഗന്ധം !!
ചുണ്ടിൽ നാവു തൊട്ടപ്പോൾ
പച്ചമാംസത്തിൻ്റെ സ്വാദ് !!!
പതിവിനു വിപരീതമായി ഒരു പരിഭ്രാന്തി -
അവനിലുണർന്നു
അടുക്കളയിൽ നിന്ന്
നടുത്തളത്തിലേക്കുള്ള ദൂരത്തിൽ
അവൻ്റെ ശ്വാസത്തിൽ
വിയർപ്പിൽ
അവനെത്തന്നെ അവന്
ദുർഗന്ധത്താൽ
ശ്വസിക്കാൻ കഴിയാതെ വരുന്നു !
റിമോട്ടിൽ നിന്ന് ടി.വിയിലേക്ക്
ഒരു തീപ്പൊരി മിന്നുന്നു
ഇപ്പോൾ, അവനിലെ ഗന്ധങ്ങളും, -
രുചികളും കെട്ടടങ്ങിയിരിക്കുന്നു
കോവിഡ് മരണങ്ങളാൽ കൂട്ടിയിട്ട -
ശവങ്ങളുടെ
പട്ടടയുടെ പൊട്ടലും, ചീറ്റലും മാത്രം
ഉയർന്നു കേൾക്കുന്നു.

അവസ്ഥ


ജ്ഞാനത്തിൻ്റെ
ഭാരവും പേറി അവൻ നടന്നു
കഴിയുന്നില്ല എവിടെയും ഇറക്കി -
വെയ്ക്കാൻ
വിളികേട്ടവർ വിളിപ്പാടകലെ മാത്രം
നിൽക്കുന്നു

ജ്ഞാന രഹിതൻ
ഭാരരഹിതൻ
താഴെ ഭൂമി
മേലെ ആകാശം

കിടപ്പാടമില്ലാത്തവന്
ഉറക്കത്തിൽ ഞെട്ടിയുണരേണ്ട
അന്നത്തിന് വകയില്ലെന്ന് ആണയിടുന്നു
ഒഴിഞ്ഞ നഗരം

പിപാസയുടെ ദേവാ
ഒരു വിഷപ്പാമ്പിനെ തരിക
കുനിയുന്നു ഞാൻ
കനിയണം, നെറുകൻ തലയിൽ തന്നെ -
കൊത്തണം

ബുഭുക്ഷ മാറിയഭിക്ഷു
ധ്യാനത്തിലാണ്
കൂട്ടിരിപ്പുണ്ട് ഖഡ്ഗം
കൈയെത്തും ദൂരത്തിൽ

ദിവ്യമായത്


സ്നേഹത്തിൻ്റെ ഒരുപൂവ്
വിരിഞ്ഞിട്ടുണ്ട്
പ്രണയത്തിൻ്റെ സുഗന്ധം
പരത്തുന്നത്

പ്രിയപ്പെട്ടവളേ ,
ആ ചെമ്പനീർപൂവിൻ സുഗന്ധം
നീയെന്നിലേക്കുമാത്രം
തുറന്നുവിടുക

പ്രണയം
ആദിമപദം
അത്രമേൽ നമ്മെ ഒന്നാക്കുന്നത്
വീഞ്ഞുവീട്ടിലെ
സ്നേഹപതാക

പ്രിയേ ,നോക്കൂ ;
സത്യമായപ്രണയം വിടരുമ്പോൾ
ദിവ്യമായ അനുഭൂതി
നമ്മിൽ പരക്കുന്നത്

2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച

അഴലു തോരാത്ത മേഘം


ഇഷ്ടമെന്നു നീ പറയാതറിഞ്ഞെങ്കിലും
നഷ്ട രാജ്യത്തിൻ രാജാവു ഞാൻ
തിരയടിക്കുമാകണ്ണിൽനിന്നും കരകവിഞ്ഞു
കണ്ണീരെങ്കിലും
ഉപ്പുവീണനിലമെന്നപോലെഞാൻ ഉരുകി
തീരുവാനേവിധി

മിഴികളാൽ നീ മൊഴിഞ്ഞതൊക്കെയും
വിങ്ങും വേദനയായെന്നിൽ
വീര്യമാർന്നൊരു രക്തമെങ്കിലും ഉഷ്ണ
ജലമായൊഴുകിപ്പോയ്
വേദനതൻ വെയിലുകൊണ്ടു ഞാൻ
വേരിറങ്ങി നിൽക്കയേ നിവൃത്തി

പ്രേമമെന്നതേയെത്രയഗാധമെന്നതന്നു
ഞാനറിഞ്ഞെങ്കിലും
മിഴിഞരമ്പിൻവരമ്പുപൊട്ടി ഉപ്പു ജലം
കവിഞ്ഞെങ്കിലും
വന്നു നിന്നെയെൻചാരെ നിർത്തുവാൻ
ത്രാണിയുണ്ടായിരുന്നെങ്കിലീ
അഴലുതോരാത്ത മേഘമെന്നപോൽ
അലഞ്ഞിടേണ്ടിവരില്ലായിരുന്നു

2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒടുക്കം


ആദ്യം
അമ്മയുടെ
ഗർഭപാത്രത്തിൽ
അവസാനം
മണ്ണിൻ്റെ
മൺ(ഗർഭ )പാത്രത്തിൽ

എന്നിൽനിന്ന് ഞാനിറങ്ങിപ്പോയപ്പോൾ


ഭയം അഭയംതേടുന്നു
അർത്ഥങ്ങളുടെ അർത്ഥതലങ്ങൾ -
മാറി
ഊന്നുവടിയായവൻ ഊന്നുവടി തിരയുന്നു
ശ്മശാനംവീടാകുന്ന സ്വപ്നക്കുരുക്കുകളാൽ
ബന്ധിതനാകുന്നു

ഓർമ്മകൾ ഒരുമുഴംഅകലെ
അടുത്തുചെല്ലുന്തോറും അകന്നകന്ന്
കാഴ്ചകളെ വലയിട്ടുമൂടുന്നു
നിഴൽച്ചിത്രങ്ങൾ നിറഞ്ഞാടുന്നു

ഉടൽവഴിയേയില്ല മനസ്സ്
മനസ്സിൻവഴി ഉടലും
പിടിവിട്ടുപോയ പക്ഷിയായ് കാലം
ഏതോ ഇരുൾക്കാട്ടിൽ മറഞ്ഞുപോയി

ഇനിയുമെനിക്ക് മനസ്സിലായിട്ടില്ല
എന്നിൽനിന്നും എന്നാണ് ഞാനിറങ്ങി -
പ്പോയതെന്ന്

2021, ഒക്‌ടോബർ 13, ബുധനാഴ്‌ച

വാക്ക്



ഓർക്കാപ്പുറത്ത്

ഉൽക്കപ്പോലെ

വന്നു വീണിട്ടുണ്ടൊരു -

വാക്ക്

എൻ്റെ ചിന്തയിലേക്ക്


പുറത്തേക്ക് വിട്ടാൽ

ചിലപ്പോഴത്

വാളാകും

വെടിയുണ്ടയാകും

ബ്രഹ്മാസ്ത്രമാകും


അതുകൊണ്ട്

ഞാനതിനെ

ഈ വരികൾക്കിടയിൽ

അടിവരയിട്ട് തിരുകുന്നു


വരികൾ ചികയുന്നവർ

പ്രത്യേകം ശ്രദ്ധിക്കണം

മൈൻ പോലെയോ

ഐസ്ക്രീം ബോംബുപോലെയോ

തട്ടിപ്പൊട്ടിയേക്കാം


എന്തായാലും

ഒരുകാര്യമുറപ്പാണ്

ഒരിക്കലതൊരു 

ഫീനിക്സ് പക്ഷിയായ്

പറന്നുയരും


2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഭാഷയില്ലാത്ത വാക്ക്




തെണ്ടുന്ന കുഞ്ഞിൻ

തൊണ്ട വരളുന്നു

സുഖത്തിൻ്റെ സെമിത്തേരിയിൽ -

നിന്ന് ഒരുകാറ്റുവരുന്നു

ചുവന്നസിഗ്നലിൽ കുടുങ്ങിപ്പോകു-

ന്നു ജീവിതം


ജീവിതവും മരണവും ഓട്ടപ്പന്ത -

യത്തിലാണ്

മരണം ആമയും

ജീവിതം മുയലും

പന്തയത്തിൽ ആമ വിജയി


ഇന്നും;

ചുറ്റിത്തിരിയുന്നുണ്ട്

ഭാഷയിലാത്ത ഒരുവാക്ക്

വിവർത്തനം ചെയ്യപ്പെടാത്ത

ഒരനാഥത്വം


മഴയിൽ

മിഴിയിൽ

മൊഴിയിൽ


കടലിൽ

കാട്ടിൽ

കവിതയിൽ


2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

സൂര്യമാനസം


ഏകാകിയായി ഒരുകടൽപക്ഷി
പുലരിയിലേക്കു പറക്കുന്നു
അടങ്ങാത്ത അഭിലാഷത്താൽ
ചിറകുകൾ കുതികൊള്ളുന്നു

ജിബ്രാൻ്റെവാക്കുകളെ നീ അമ്മാന -
മാടുക
നീ നിൻ്റെചിന്തകളാലെ പുലരിയിലേ-
ക്കുപറക്കുക.
മനസ്സിൻ്റെ മണിച്ചെപ്പിലടച്ചുവെയ്ക്കുക
എന്നും തുറന്നുനോക്കാൻ പാകത്തി -
ലോർമ്മകളെ

ഒരു സൂര്യമാനസം നിന്നിൽതുടിക്കു-
മ്പോൾ
ആഗ്രഹങ്ങൾ നേടുകതന്നെചെയ്യും.
നീ നിന്നോടു തന്നെ രമ്യപ്പെടുമ്പോൾ -
വസന്തം അകലെയല്ല
മഴയെത്തുമ്പോൾ ചില്ലയിൽചേക്കേറാതെ -
പരുന്തിനെപ്പോലെ മേഘങ്ങളിലൂടെ -
നീ പറക്കുക


ഫലം


ഛന്ദസ്സ്തെറ്റിയ ഒരുകവിതയാണുഞാൻ
വിത്തുകുത്തിയാണ് ഇന്നലെകഞ്ഞി -
കുടിച്ചത്
വായ്ക്കരി ഇനിയെവിടെ

വേരുകളറ്റുപോയ് നേരുകളും
കുലംമുടിഞ്ഞുപോയ് കാലപ്പാമ്പ് -
കളംകൈയടക്കി
നിറഞ്ഞതടാകത്തിൽ ആകാശം -
മുങ്ങിമരിച്ചു

നീ നിർഝരം
നിൽക്കക്കള്ളിയില്ല
തെരുവ് വിജനം തണലിനായ്
ഇല്ല ഒരുതരുപോലും
ഉത്സവമൊഴിഞ്ഞഉടൽ
ഉടുത്തൊരുങ്ങിയിട്ടുംനഗ്നം

രാമൻ്റേയും സീതയുടേയും
ചീട്ടുനോക്കി ഫലംപറഞ്ഞവ
പാമ്പിൻ ചീട്ടാലൊടുങ്ങി

2021, ഒക്‌ടോബർ 9, ശനിയാഴ്‌ച

കാലം




കാലത്തെ സാക്ഷിയാക്കി

നാം ഇണകളായി

മാറാത്തനൊമ്പരം ബാക്കിയായി

നദിയും, മരുഭൂമിയും നമ്മളായി

കത്തുന്ന പച്ചമരക്കാടുകളായി

പൊള്ളുന്നകണ്ണീരിൻ ഉപ്പുനോക്കി

ചിരിയാലെകാലം ഒഴുകിനീങ്ങി


2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

കവി


ആൽത്തറയിലാണ് കിടപ്പ്
ആളാരും അന്വേഷിച്ച് വന്നില്ല
വിശപ്പുമുറ്റിയ വിളിയോ
ചോറുവറ്റിയ വയറോകണ്ടില്ല

ഭ്രാന്തനെന്നുപറഞ്ഞ്
ഒഴിഞ്ഞുമാറി
കൊള്ളരുതാത്തവനെന്ന്
കല്ലെറിഞ്ഞു

വിശക്കുന്നവന് അന്നം നൽകാൻ
അനാഥരെ സംരക്ഷിക്കാൻ
ആഹ്വാനം ചെയ്ത് പ്രസംഗം പൊടി -
പൊടിച്ചു

ആകാശം അന്നമായി
മണ്ണ് ജലവും

വായുവിൻ്റെ അവസാനത്തെ കണി -
കയും
വായുവിലലിഞ്ഞപ്പോൾ
അനുശോച യോഗമായി
ആഢംഭരവാഹനത്തിലേറി
ആചാരവെടികളോടെ അടക്കം


മനസ്സ്


മനസ്സിനെ
മനസ്സിലാകുന്നേയില്ല
എത്രമാത്രം
നിഗൂഢവും
അപരിചിതവുമാണ്

ഏതു നിമിഷവും
ദംഷ്ട്രകൾ മുളച്ചേക്കാം
ദൃഷ്ടികൾ കൂർത്തേക്കാം

എരിയുന്ന കനലിൽ
ഇരപിടഞ്ഞേക്കാം
പൊരിയുന്ന മൗനം
വീണുടഞ്ഞേക്കാം

വെളുപ്പ് കറുപ്പിന്
വഴിമാറിയേക്കാം
ആദിമ കാടത്തം
അരങ്ങേറിയേക്കാം

മനസ്സ്
ഒരു മഹാഗുഹയാണ്
ധ്യാന ബുദ്ധൻ
തപസ്സിലാണ്

2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

കാലം




ഋതുക്കൾ തന്നതെല്ലാം

ഋണഭാരം

രജസ്വലയ്ക്ക്കൂട്ട് ശ്യാമം

ആട്ടിൻതോലിട്ട ചെന്നായകൾചുറ്റും

ചെന്നിനായകം പുരട്ടിയമുലകൾ

കയപ്പു ചുരത്തുന്നു


ചിതലെടുത്ത പുസ്തകത്തിലെ -

ഏടാണുഞാൻ

വായിച്ചെടുക്കാൻ കഴിയാത്തവിധം

ദ്രവിച്ചുപോയ അക്ഷരമാണുജീവിതം


ചുവന്നുപോയ അക്കങ്ങൾകൊണ്ടൊരു -

കലണ്ടർ

കാണാത്തൊരണുവന്നു കാർന്നുതിന്നതി -

ൻ സാക്ഷ്യം

നരച്ചസന്ധ്യകൾക്കൂട്ട്

നുരിവെച്ചുവരുന്നുണ്ട് ഇരുട്ട്


ശ്യാമദൈവത്തിനു മുന്നിൽ

തലകുനിച്ചുനിൽക്കുന്നു ദിക്കുകൾ


2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

നോക്കിലെ വാക്ക്




നോക്കിലൊരു വാക്കുണ്ട്

വാക്കിൽ ചില വളവുണ്ട്

മുളപൂത്തതുപോലെയതിൽ

മൂപ്പിളമ പലതുണ്ട്

വെള്ളിടിയും തണു കാറ്റും

പുഞ്ചിരിയും, പരിഹാസവും

പലതുള്ളി പെരുവെള്ളം

പോലെയതിൽ വകഭേദം

ചടുലതയിൽ നൊടിനേരം

വിരിയുന്ന നോക്കിൻ്റെ

നിറമെന്ത് നറുപച്ചയോ

നെറികേടിൻ തെറിയേറ്റത്തിറ -

യാട്ട പുറപ്പാടോ

മിഴികളിലെ മൊഴിയറിയാൻ

ഇനിവേണ്ട മണിയൊട്ടും

ത്രസിക്കുന്ന നക്ഷത്ര കിരണത്തിൽ

വെളിവാകും

ആ വാക്കിൻ തരംതിരിവിൽ

ഹൃദയത്തിൻ തുടികേൾക്കാം

പെരുവിരലിൽ നിന്നുമൊരു

പെരുമീനുദിച്ചുപൊന്തും

ചെന്നിവഴി ചെറുചാലുകൾ

ചെറ്റെന്ന് ഉറവയിടും

കണ്ഠത്തിൽ ഒരു ശബ്ദം

ടപ്പേന്ന് വന്നടയും

തലയിലൊരു മണൽക്കൂന

നിലക്കടല വറുത്തീടും

ഉടലാകെ ഒടുക്കത്തെ

തുടലിന്നാൽ തളച്ചീടും

ആ നോക്കിൽ കയപ്പുണ്ട്

ആ നോക്കിൽ ഇനപ്പുണ്ട്

ആ നോക്കിൻ പുളിയാണ്

നോക്കിൻ്റെ പെരു വാക്ക്

ശ്യാമം


ശ്യാമം അടയാളം
അർബുദം പോലെ അമർത്തി -
പ്പിടിക്കുന്നു
അധമചുംബനത്താൽ
അധരംപൊള്ളിക്കുന്നു

രാത്രി പ്രസവിച്ച പുലരിക്കുഞ്ഞിൻ്റെ
കഴുത്ത് ഞെരിച്ചു കൊന്ന്
പടർന്ന ചോരയിൽ ചവുട്ടി നടന്ന്
രാത്രി മറഞ്ഞിരിക്കുന്നു
ഓരോ കാൽപ്പാടിൽ നിന്നും
കുട്ടികളുടെ നിലവിളികളുയരുന്നു

നഗ്നതയിൽ നിശാഗന്ധി പൂക്കുന്നു
ബലിഷ്ഠഭോഗത്തിൽ
ശ്യാമവസ്ത്രമുലയുന്നു
തലചതഞ്ഞ പാമ്പ് പിടഞ്ഞു മരിക്കുന്നു
ചത്ത പാമ്പുപോലെ ജീവിതം

ഋതുക്കളെ കോർത്തു വലിക്കുന്നു
കാലചക്രം
ശ്യാമമെന്നെ പരിണയിക്കുന്നു
ഒരു കമ്പും, ഫോസ്ഫറസും
എനിക്കു തരിക
ഇരുട്ടിൻ്റെ ആയുധപ്പുരയിൽ നിന്ന്
സൂര്യജ്വാലയായെനിക്ക്
വെളിച്ചപ്പെടണം

2021, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

വരും.... !


നേരറ്റുപോകരുത്
നെറികെട്ടു നടക്കരുത്
നിരാലംബയെന്നുനീ
മനംനൊന്തു കേണു
തളരരുത്

നിശയെഭയക്കരുത്
നിരാശയിൽവേവരുത്
സ്നേഹതീർത്ഥത്തിലാ-
റാടിക്കുമവൻ തീർച്ച

നഷ്ട ഋതുക്കളെയോർ -
ത്തുനീ കേഴാതെ
വരുമിനിയും വസന്തവും, -
ഹേമന്ത,ശിശിരസുഖദി -
നങ്ങൾ

നീലക്കടമ്പായവൻപൂത്തു -
നിൽക്കും
കാളിന്ദിയായ്നീ കരകവി -
ഞ്ഞൊഴുകും
ഇളമുളംതണ്ടൂതിയവൻ -
പ്രണയംവിതക്കും
പൂർണ്ണേന്ദുപോലെ നീ-
നൃത്തമാടും

2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

കാമുകി


ഇന്നലെവരെ പൂക്കാതിരുന്ന-
കൈതക്കാട്
ഇന്നുപൂത്തുലഞ്ഞ് എന്നെ -
കൈമാടിവിളിച്ച്
കാതിൽപറഞ്ഞു
ഇന്നുനീ വന്നിരുന്നുവെന്ന്

ഇഷ്ടം


ഇഷ്ടത്തിൻ്റെ താക്കോൽ
കൊണ്ടാണ്
ഹൃദയത്തിൻ്റെ ഉള്ളറ തുറന്നത്

അന്ന് നിന്നെ കയറ്റിയിരുത്തി
അടച്ചു പൂട്ടിയതാണ് ആ അറ

തുറന്നാൽ പുറത്തിറങ്ങിപ്പോകു-
മെന്നതിനാൽ
കണ്ണടച്ച് കാണാതിടത്ത് വലിച്ചെറി-
ഞ്ഞു താക്കോൽ

ഇപ്പോൾ ഒറ്റ പ്രാർത്ഥനയേയുള്ളു :
'കണ്ടുകിട്ടരുതേ എവിടെയെങ്കിലും -
വെച്ച്
കളഞ്ഞ ആ താക്കോൽ'