malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ജൂലൈ 31, തിങ്കളാഴ്‌ച

ജീവിതം ഒരു തീവണ്ടിയാകുമ്പോൾ



തേരട്ടയെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന
തീവണ്ടി
പാലത്തിൽ കയറിയപ്പോൾ
ഭയാനകമായശബ്ദം പുറപ്പെടുവിച്ചു തുടങ്ങി
ഒരു പെരുമഴപോലെ,യതുപെയ്തി
റങ്ങുന്നു
ഓർമ്മകളുടെ കീറക്കുടയുമായി ഞാനെന്റെ
പഴയ നാളുകളിലേക്കിറങ്ങുന്നു
മങ്ങിയ ദൂരങ്ങളിൽനിന്ന്
മറഞ്ഞു പോയവർ നടന്നുവരുന്നു
ചിലതൊക്കെ ഇരമ്പിവന്ന് ചൂഴ്ന്നു
നിൽക്കുന്നു
അരുണപ്രഭാതവും, ചുവന്നസന്ധ്യയും
തുടുത്തു നിൽക്കുന്നു
വെയിലിലൂടെ, മഴയിലൂടെ, മഞ്ഞിലൂടെ
എന്റെഒഴുകൽ
പരിഭവം കൊറിച്ചുകൊണ്ടുളള അമ്മനീട്ടിയ
കട്ടൻചായയിൽ
മധുരമില്ലെന്ന് മധുരമായ്നുണയുന്നു.
ആകാംക്ഷയുടെ ശിഖരങ്ങൾ മുളയ്ക്കുന്ന,
ചില്ലകൾപൂക്കുന്ന പ്രായം
പറയാൻവന്നത് പെട്ടെന്ന്മറന്നുപോയ
പ്രണയകാലം.
ആ കാലം പാഞ്ഞുപോകുന്ന
വണ്ടിയുടെയിടയിലേക്കിന്ന് നടന്നു
കയറിയിരിക്കുന്നു .

2017, ജൂലൈ 30, ഞായറാഴ്‌ച

പ്രണയ രക്തം



നദി ചുവന്നൊഴുകുന്നു
ശൂന്യത പെരുകുന്നു
വേദനയുടെ കുന്നിൻമുകളിൽ
മരിച്ചുകിടക്കുന്നു ചലനം
ജീവിതമരത്തിലെ പൂവിന്
കറുപ്പുനിറമോ ?!
വാക്കിനേക്കാൾ മൂർച്ചയുള്ള
ആയുധം
ആയുസ്സിൽഞാൻ കണ്ടിട്ടില്ല.
എന്നിൽവാക്കുകൾ വറ്റിപ്പോയി
രിക്കുന്നു
ചിറകറ്റപക്ഷി.
ഉറഞ്ഞു പോയ എന്റെചോരയിൽ
നിന്റെ വാക്കുകൾ തറഞ്ഞിരിക്കുന്നു!
വേദനയുടെവൃണം പൊട്ടിയൊഴുകുന്നു
എന്റെമനസ്സ് ഇന്നൊരു ശവമഞ്ചം !!
അന്ത്യനിദ്രയ്ക്ക് വിധിക്കപ്പെട്ടവന്റെ
കണ്ണീരുപോലെ
ഹൃദയത്തിന്റെ അഗാധതയിൽവെച്ച്
അവവറ്റിപ്പോകുന്നു
എന്റെ പ്രണയത്തിന്റെ രക്തത്തിൽ
നദി ചുവന്നൊഴുകുന്നു
പ്രഭാതത്തിൽ വിരിഞ്ഞ് ദിനാന്ത്യത്തിൽ
കൊഴിഞ്ഞുപോകുന്നതോ
പ്രണയജീവിതം

2017, ജൂലൈ 29, ശനിയാഴ്‌ച

ഇന്ന്




അങ്ങേവീട്ടിലെ
അനന്തേട്ടന്റെ മരണമറിഞ്ഞത്
ശവമടക്ക് കഴിഞ്ഞാണ്.
അയൽപക്കത്തെ അമ്മുവിന്റെ
വീട്ടിലേക്ക്
അരയേക്കർ വളഞ്ഞുപോകണം.
വീടുകളെല്ലാം വളഞ്ഞുവെച്ചിരിക്കുന്നു
കുശുമ്പും, കാശുംചേർത്ത് മതിൽ
പണിതിരിക്കുന്നു
കമ്പിവേലിയോട് ചിലർക്കു കമ്പം.
പറമ്പുകളിലൂടെ, വീടിന്റെ പിന്നാമ്പുറ
ങ്ങളിലൂടെ,
അടുക്കളമുറ്റത്തൂടെ, പാടവരമ്പിലൂടെ.
നിത്യമുള്ള കണ്ടുമുട്ടലുകൾ, കുശലങ്ങൾ
കലശലായ നാടൻ പ്രേമങ്ങൾ
ഒത്തുചേരലുകൾ, നാടുനീങ്ങിയ നാട്ടുവർത്തമാനങ്ങൾ
കുളക്കടവിലെ രഹസ്യങ്ങൾ, കുട്ടികളുടെ
കശപിശകൾ.
തിരിഞ്ഞുനടപ്പുകൾ സാദ്ധ്യമോ?!
കാലം തിരിഞ്ഞു നടക്കാറേയില്ല
ഇപ്പോഴുള്ളവർക്ക് ഇതൊന്നുമറിയില്ല


2017, ജൂലൈ 28, വെള്ളിയാഴ്‌ച

പ്രണയ പക്ഷി




നമുക്ക് രണ്ട് അരയന്നങ്ങളാകണം
പ്രണയ സരസ്സിൽ നീന്തിതുടിക്കണം
തൂവലുകളെ കൊക്കുകൾചേർത്ത്
ചീകിയൊതുക്കണം
ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കാണാത്ത
ഭാവതലങ്ങൾക്കപ്പുറത്ത്
രാഗസംഗീതത്തിന്റെ ഈണവും
ഈരടിയുമായി മാറണം
നീയെന്റെ പ്രഭാത പുഷ്പമാണ്
സഹസ്രകോടി പ്രഭവിടർത്തുന്ന
പ്രണയത്തിന്റെ സൂര്യപുഷ്പം
നിന്റെ ചിത്രത്തെ ഞാൻമുത്തം വെയ്ക്കുന്നു
നിന്നിൽ വിരിയും അക്ഷരങ്ങളെ
ലാളിക്കുന്നു
മനസ്സുകൾ ഇണചേർന്നാണോ
പ്രണയം പിറക്കുന്നത്!?
പ്രണയമെരു പക്ഷിയായിരിക്കണം.
ചക്രവാള സീമയ്ക്കുമപ്പുറം
മഴവില്ലുവിളയുന്ന രാജ്യത്തിനുമപ്പുറം
സൂര്യനെ ഉമ്മവെയ്ക്കുന്ന മേഘങ്ങൾ
ക്കുമപ്പുറം
അപ്പുറത്തിനുമപ്പുറം അതിനുമപ്പുറം
മധുരിക്കുന്ന മൃദുലമലകളിൽ ചേക്കേ
റാവുന്ന പ്രണയപക്ഷി

2017, ജൂലൈ 27, വ്യാഴാഴ്‌ച

ഓർമ്മപ്പുഴ



മുന്നേ പോയവരാണേറേയും.
അച്ഛൻ അമ്മ സഹോദരങ്ങൾ
ഒട്ടിനിന്നവരാണ്ഒറ്റയ്ക്കാക്കി
പോയത്
ജീവിതം ഇരുണ്ടതുരങ്കം
അടർന്നുവീണ സംവത്സരങ്ങളുടെ
കുന്നിൽ നിന്നുനോക്കുമ്പോൾ
നിറഞ്ഞു നിൽക്കുന്നു നിശ്ശൂന്യത
ഓർമ്മകളുടെ പ്രവാഹം
ഒഴുകിപ്പരക്കുന്നു
തടഞ്ഞു നിർത്താൻ കഴിയാത്ത
ഓർമ്മപ്പുഴ
ആത്മാവിൽ കോറിവരഞ്ഞതൊക്കെ
കണ്ണിന്റെ തണ്ണീർത്തടങ്ങളിൽ
ചാലിട്ടൊഴുകുവാൻ കഴിയാതെ
ഊഷരമായ ഏതോ ഉള്ളറയിൽ
ഉറഞ്ഞുകട്ടിയാകുന്നു
നെഞ്ചകം കനത്തുവീർക്കുന്നു
മനസ്സിന്റെ മരുപ്പറമ്പിൽ ഒരു
കള്ളിമുള്ളെങ്കിലും!
ജീവിതമെന്ന ഇരുണ്ടഗുഹയ്ക്കുള്ളിൽ
എന്നെങ്കിലും തുറക്കുമോ
ഇത്തിരി വെട്ടത്തിന്റെ ഒരുവാതിൽ

2017, ജൂലൈ 26, ബുധനാഴ്‌ച

ഓർമ്മത്തുള്ളി




പ്രണയത്തിന്റെ പാനപാത്രം
വച്ചുനീട്ടിയവൾ നീ
ചുണ്ടിനും കപ്പിനുമിടയിൽ
നീ ശൂന്യമാകുന്നു
ഇന്ന് വീഞ്ഞിന്റെ വീര്യമായി
നീയെന്നിൽ
നീ യോരോദിനവും ഓരോ കല്ല്
എന്നിൽ പടുക്കുന്നു
നീയെനിക്കായ് പ്രണയത്തിന്റെ
താജ്മഹൽ പണിയുകയാവാം!
നീയെന്റെ മുംതാസ്
ഞാൻ നിന്റെ ഷാജഹാൻ
ഇനിയുള്ളപടുക്കലെല്ലാം
ഷാജഹാനിലാവട്ടെ
പ്രണയത്തിന്റെ പറുദീസയുടെ
കാവൽക്കാരി
വിലക്കപ്പെട്ടകനി ഭക്ഷിച്ചതുമുതൽ
അടുത്തിട്ടും നാം അന്യരായല്ലോ
നീയെന്റെ ഏദൻതോട്ടം
നീ തന്നെ വിലക്കപ്പെട്ടകനിയും
നീയുയർത്തിയ കുടീരത്തിൽ
ഉറങ്ങാതെ ഞാൻ കിടക്കും
നിന്റെ ഓർമ്മകളുള്ളിടത്തോളം
എനിക്ക് മരണമില്ലല്ലോ
നിനക്ക് ഞാൻയെന്നേ മരിച്ച
വനെങ്കിലും
എന്റെ ശവക്കല്ലറയിൽ
ഒരിറ്റു കണ്ണിരിന്റെ ഒരുപുഷ്പം
വെയ്ക്കണം നീ
നിലാവിലും വെയിലിലും
തിളങ്ങുന്ന പ്രണയത്തിന്റെ ഒരു
വൈരക്കല്ലായ്
ഓർമ്മത്തുള്ളിയായ് അതെന്നും
തിളങ്ങി നിൽക്കട്ടെ


2017, ജൂലൈ 25, ചൊവ്വാഴ്ച

ആഘോഷം



ആഘോഷങ്ങൾ പലതര
ത്തിലുണ്ട്
സ്നേഹത്തിന്റെ, പുണ്യദിന
ത്തിന്റെ,
പൂരത്തിന്റെ, ഉത്സവത്തിന്റെ
അവഹേളനത്തിന്റെ, അക്രമ
ത്തിന്റെ
ആൾക്കൂട്ടത്തിന്റെ അതിരുവിട്ട
ആവേശം ആഘോഷമാകുമ്പോൾ
അപരൻ ശത്രുവാകുന്നു
വെറുപ്പിന്റെആഘോഷം നുരഞ്ഞു
പൊന്തുന്നു
മരണത്തിന്റെ ഘോഷയാത്രയാണ്
പിന്നെ
ജാതികൾ, മതങ്ങൾ,വർണ്ണം, വംശം,വർഗ്ഗീയത
വാളുകൾ ‌, വാക്കുകൾ,ശൂലങ്ങൾ,
സൂത്രങ്ങൾ, തോക്കുകൾ, തേർവാഴ്
ച്ചകൾ
അന്നുവരെമൃദുലമായ ജീവിതക്കുപ്പായം
മുള്ളുകുപ്പായമാകുന്നു ചിലർക്ക്
കലാപങ്ങളുടെ കതിനകൾ പൊട്ടുന്നു
ആഘോഷങ്ങൾ പലതരത്തിലുണ്ട്

2017, ജൂലൈ 23, ഞായറാഴ്‌ച

എന്നാണ്....!



ഓർമ്മ വെച്ച നാൾ മുതൽ
ഒന്നിച്ചായിരുന്നു ഞങ്ങൾ
കളിച്ചു വളർന്നത്
അന്നും മതങ്ങളുണ്ടായിരുന്നു
മനസ്സിലുണ്ടായിരുന്നില്ല
ജാതിയുണ്ടായിരുന്നു
ചോദിച്ചിരുന്നില്ല
എത്ര കളിച്ചിട്ടുണ്ട് ഞങ്ങൾ
അച്ഛനുമമ്മയും, ഇറച്ചിക്കച്ചവ
ടങ്ങൾ, തെയ്യക്കോലങ്ങൾ.
പാത്തൂമ്മാന്റെ കപ്പപ്പുഴുക്കും
കാന്താരിമുളക് വെളിച്ചെണ്ണയിൽ
ചാലിച്ചതുംഇന്നും നാവിലുണ്ട്
ലിസ്സമ്മയുടെ വീഞ്ഞിന്റെ വീര്യം
സൂക്ഷിക്കുന്നുണ്ടിന്നുമാ ചുകപ്പ്
ഉളളിൽ
നിന്റെ കാളയിറച്ചിയും, എന്റെ
പശുവിൻ പാലൊഴിച്ച ചായയും
എന്നൊന്നുമില്ലാതെ
 ഒന്നിച്ചിരുന്ന് ഒരേ പാത്രത്തിൽ
ഒന്നിച്ചു കഴിച്ച പച്ച മനുഷ്യരായി
രുന്നില്ലെ നാം
പിന്നെയെന്നാണ്
മനുഷ്യത്വത്തിൽ മൃഗത്വം കലർന്നത്
മതത്തിൽ മാംസം കലർന്നത്
ജാതിക്ക് കൊമ്പു മുളച്ചത്


2017, ജൂലൈ 22, ശനിയാഴ്‌ച

മുഖം മൂടി




അണിയേണ്ടി വരുന്നുണ്ട്
ഓരോരുത്തർക്കും ഓരോ
മുഖം മൂടി
ഊരിവെയ്ക്കാൻ പറ്റാത്ത -
വിധത്തിൽ
ഉറച്ചു പോയവ
പലതുമോർത്ത് എത്ര വട്ടം
ഉരുകിയൊലിച്ചിട്ടുണ്ടാകും
ഒരോരുത്തരും.
പലരിൽ നിന്നും പലതും
നമുക്കൊളിക്കാം
നമ്മിൽ നിന്ന് നമുക്ക്
എങ്ങനെ നമ്മെയൊളിക്കാൻ
കഴിയും.
വയസ്സൻക്ലോക്കിൽ
പന്ത്രണ്ടടിച്ചിരിക്കുന്നു
പച്ചപ്പിന്റെ തഴപ്പ് ഇനിയില്ല
ആത്മഗതംഅയവിറക്കിയിരിക്കാം
എന്നിട്ടും ഒരിക്കൽ പോലും
അഴിഞ്ഞു വീഴുന്നില്ലല്ലോ
ആമുഖം മൂടി
മണ്ണോടുമൺ ചേർന്നാലും

2017, ജൂലൈ 21, വെള്ളിയാഴ്‌ച

നിർണ്ണയം



രോഗത്തിന്റെ ഏതു പക്ഷിക്കും
ചേക്കേറാവുന്ന
ഉറക്കുത്തിയ ഉടൽമരമാണ്
ഞാൻ.
മരണത്തിനും, ജീവിതത്തിനു -
മിടയിൽ
മരുന്നുകൾ മൽപ്പിടുത്തത്തിലാണ്.
രോഗനിർണ്ണയം തുടർന്നു കൊണ്ടേ
യിരിക്കുന്നു!
പരീക്ഷണ വസ്തുവായ് ഞാൻ
തിരിഞ്ഞും, മറിഞ്ഞും, നീണ്ടും,
നിവർന്നും
പൂച്ചയുടെ കൈയിലെഎലി പോലെ.
എന്റെ കാമനകൾ, അഭിനിവേശങ്ങൾ
ഓർമ്മകൾ, ഓമനകൾ
ഇരുമ്പുകട്ടിലിൻ തുരുമ്പായുതിരുന്നു.
പുകവലിച്ചിട്ടില്ല ,മദ്യം തൊട്ടിട്ടേയില്ല,
വേണ്ടാദീനമൊന്നുമില്ല
മിതവ്യയം, മിതഭക്ഷണം.
എന്നിട്ടും,പൊട്ടിമുളച്ചപോൽ മൊട്ടിടുന്നു
നിമിഷംപ്രതി രോഗങ്ങൾ.
രോഗനിർണ്ണയം കഴിഞ്ഞു
റിസൽട്ട് വന്നു:
ഏറെ സ്വപ്നങ്ങൾ കാണുന്നു പോലും
ഏകാന്തതകൂട്ടുകൂടുന്നു പോലും
കാൽപനികതയുടെ ചിറകിലേറി
ലോലഹൃദയനായി പോലും
ദൃഢപ്രണയം മുഖ്യ കാരണമെന്ന്
ഡോക്ടർ

2017, ജൂലൈ 20, വ്യാഴാഴ്‌ച

ഇന്റർവെൽ



ജീവിതത്തിനും ഒരു ഇന്റർവെല്ലോ ?!
സംശയം തോന്നുന്നുണ്ട് അല്ലേ
നിങ്ങടെ മുത്തശ്ശൻമാരെ, മുത്തശ്ശിമാരെ
കണ്ടിട്ടില്ലെ?
ഒരിക്കൽ എല്ലാ തിരക്കുകളും ഒഴിഞ്ഞ് നീയും.
ഏഴരവെളുപ്പിനെഴുന്നേറ്റ് വെമ്പി വിയർത്ത്
അടുപ്പിൽ തീയായി, അരിയിൽ തിളയായി
കറിയിൽ കടുകായി, നനക്കല്ലിൽ വിഴുപ്പായി. കുട്ടികളിൽ കരുതലായി
സമയമൊരു ഭ്രാന്തൻ കാഴ്ച്ചയായി
ഓടി മറയുമ്പോൾ
ഒന്നിനും നേരമില്ലെന്ന് കൈകാട്ടിയിട്ടും
നിർത്താതെ വണ്ടി വിട്ടു പോകുമ്പോൾ
പറയുന്നത് ചെവിയോർമ്മയാൽ കേട്ടും
കാണേണ്ടവനെ കടക്കണ്ണാൽ കണ്ടും
ജലത്തിൽമീൻപ്പോലെ, കരയിൽ
വായുപോലെ, എണ്ണയിട്ട യന്ത്രം പോലെ
പായുന്നതിനിടയിൽ
ഒരു ദിവസം.
പൊട്ടിച്ചിരിക്കുന്നതെന്തു നീ
പട്ടാങ്ങു പറയുകയാണുഞാൻ.
ജീവിതത്തിൽ ഇനിയിടവേളയില്ലടോ
പാടത്തു വിത്തു മുളയ്ക്കുന്ന പോലെവേ
ഓർമ്മമനസ്സിൽ മുളയിട്ടു നിൽക്കവേ
അതു നനച്ചീടാൻ, വളർത്തി വലുതാക്കാൻ
കതിരുകൊത്താൻ വരും കിളികളെയാ
ട്ടുവാൻ
വൃദ്ധസദനത്തിൽ ചേക്കേറുവാൻ പോലും
നേരമില്ലാത്തൊരു കാലമെടോ മുന്നിൽ



2017, ജൂലൈ 19, ബുധനാഴ്‌ച

ഒറ്റുകാരി



എന്റെ ഹൃദയത്തിലാണു നീ
പ്രണയത്തിന്റെ ടാറ്റൂ വരഞ്ഞത്
അങ്ങനെയാണ് നിന്റെയാഴങ്ങ
ളിൽ
ഞാനലിഞ്ഞു ചേർന്നത്.
ശുദ്ധമായ കാൽപ്പനികതയിലാണ്
പ്രണയം വളരേണ്ടത്
പ്രണയത്തിന്റെ ഉയിർത്തെഴുന്നേ
ൽപ്പും, തിരിച്ചുവരവും
അറച്ചുനിൽപ്പിലും, ഭീരുത്വത്തിലും
തുടങ്ങുന്നു.
പ്രണയത്തിന്റെപടിവാതിൽ തുറന്നു
തന്ന നീ
നടുമുറിയിലിരിക്കാതെ പുറംചുമരുചാരി
ചുമ്മാ ചുമച്ചുകൊണ്ടു നിൽക്കുന്നു
ഈ രാത്രിയിൽ ഇരുട്ടുമായി,യിണചേർന്നു
നിൽക്കുന്ന നീനോക്കൂ
തണുത്തു മുഷിഞ്ഞ മൗനം വീർത്തു
നിൽക്കുന്നത് .
നീ ഭ്രാന്തൻ പാലായനം തുടർന്നു കൊണ്ടി
രിക്കുന്നു
എന്റെ ഹൃദയത്തിലാണു നീ
പ്രണയത്തിന്റെ ടാറ്റൂ വരഞ്ഞത്
എന്നിട്ടും; നീ പ്രണയത്തിന്റെ
ഒറ്റുകാരിയാകുന്നു.റ്റുകാരി

എന്റെ ഹൃദയത്തിലാണു നീ
പ്രണയത്തിന്റെ ടാറ്റൂ വരഞ്ഞത്
അങ്ങനെയാണ് നിന്റെയാഴങ്ങ
ളിൽ
ഞാനലിഞ്ഞു ചേർന്നത്.
ശുദ്ധമായ കാൽപ്പനികതയിലാണ്
പ്രണയം വളരേണ്ടത്
പ്രണയത്തിന്റെ ഉയിർത്തെഴുന്നേ
ൽപ്പും, തിരിച്ചുവരവും
അറച്ചുനിൽപ്പിലും, ഭീരുത്വത്തിലും
തുടങ്ങുന്നു.
പ്രണയത്തിന്റെപടിവാതിൽ തുറന്നു
തന്ന നീ
നടുമുറിയിലിരിക്കാതെ പുറംചുമരുചാരി
ചുമ്മാ ചുമച്ചുകൊണ്ടു നിൽക്കുന്നു
ഈ രാത്രിയിൽ ഇരുട്ടുമായി,യിണചേർന്നു
നിൽക്കുന്ന നീനോക്കൂ
തണുത്തു മുഷിഞ്ഞ മൗനം വീർത്തു
നിൽക്കുന്നത് .
നീ ഭ്രാന്തൻ പാലായനം തുടർന്നു കൊണ്ടി
രിക്കുന്നു
എന്റെ ഹൃദയത്തിലാണു നീ
പ്രണയത്തിന്റെ ടാറ്റൂ വരഞ്ഞത്
എന്നിട്ടും; നീ പ്രണയത്തിന്റെ
ഒറ്റുകാരിയാകുന്നു.

2017, ജൂലൈ 18, ചൊവ്വാഴ്ച

യുദ്ധാനന്തര ഭൂമിയിൽ




മിച്ചഭൂമികിട്ടിയ മൂന്ന്സെന്റിൽ
കുടിലൊന്ന്കെട്ടാൻ കുടുംബ
ക്കാരൊത്തു
വാനംവെട്ടുമ്പോൾകിട്ടി തൊട്ടിൽ,
ചാരുകസാല, കോളാമ്പി,
കരിഞ്ഞസ്വപ്നത്തിന്റെ
കറുത്ത കൽച്ചട്ടികഷ്ണം.
നിലവറയ്ക്കുള്ളിൽ നിലവിളിയും
തേങ്ങലും
കുതിരക്കുളമ്പടി, ഷെൽവർഷം ,
ആളുകളുടെ പരക്കംപാച്ചിൽ,
ആറാനിട്ട മീൻവലപോലെ
ഷെല്ലുകൾ സുഷിരമിട്ടചുമര്
നീലജ്വാലയുയർത്തി തീരത്തേക്ക്
തീതുപ്പുന്ന നീലക്കടൽ
അരിയുണ്ടപോലെ ഉരുട്ടിവെച്ച
ബോംബുകൾ -
വിശക്കുമ്പോൾ എടുത്തുകടിച്ച
കുഞ്ഞിന്റെ
അരിമണിപോൽചിതറിയ തല-
ച്ചോറ്
അസ്ഥികൾപൂത്ത പാടം,
വിളഞ്ഞമത്തങ്ങപോലെ
തെളിഞ്ഞു നിൽക്കുന്ന തലയോട്ടികൾ
അസ്ഥികൂടങ്ങളുടെ ഗിരിനിരകൾ
ചത്ത മീൻകണ്ണുപോലെ വിളറിയും
ചുണ്ണാമ്പുകല്ലുപോലെ ചതഞ്ഞും
നിൽക്കുമ്പോൾ
കുടിലുകെട്ടി പാർപ്പുറപ്പിക്കാൻ
ഈശ്മശാനഭൂമിയിൽ എവിടെയിടം

2017, ജൂലൈ 17, തിങ്കളാഴ്‌ച

പോയവളോടൊരു ആത്മഗതം....!



കണ്ണീരുവാറ്റിയതിൽ നിന്നാണ്
കവിതപിറന്നത്
നിലാവിന്റെ പളുങ്കുപാത്രത്തിലാ
ണ് നിറച്ചുവെച്ചത്
അതിർത്തി കടന്നുപോയ
 തീവണ്ടിനീ
വത്സരങ്ങളുടെയെത്ര പുഴകളും,
പാലങ്ങളും താണ്ടിനീ.
ഏകാന്തതയുടെ ചില സൗവർണ്ണ
നിമിഷങ്ങളിൽ
മേലേരികത്തുന്ന മനസ്സിൽ
പുതമഞ്ഞുപോലുള്ള കുളിരായിനീ
സൗമ്യമായ്,ദീപ്തമായ്
ചുടുനിശ്വാസവും, നെടുവീർപ്പുമായി.
കാത്തിരിപ്പിനൊടുവിലെ ഒത്തുചേരൽ
പോലെ
പങ്കയില്ലാതെ, പായയില്ലാതെ, കതകും,
മേൽക്കൂരയുമില്ലാതെ
മരിച്ചുപോയ ഭൂതകാലത്തെ തിരിഞ്ഞു നോക്കാതെ
പനിമതിനൽകിയ പാതിരാമഞ്ഞിൽ
നാം മലർന്നുകിടക്കുന്നു
ചുട്ടുപൊള്ളുന്ന സൂര്യനായ് ഒട്ടിനിൽ
ക്കുന്നു
കുത്തും, കോമയുമില്ലാത്ത ആചേരാത്ത
ചേർന്നു കിടക്കലിലാണ്
ഓർമ്മകൾ ഊറിവന്നതിൽ നിന്നാണ്
കവിതപിറന്നത്
പിന്നെയെങ്ങനെ ദുഃഖത്തിന്റെ പുഴകളും,
പാലങ്ങളും താണ്ടി
എനിക്ക് നിന്നിലേക്കെത്താതിരിക്കുവാ
ൻകഴിയും

2017, ജൂലൈ 15, ശനിയാഴ്‌ച

ബന്ധം



എല്ലാം വ്യർഥമെന്നറിയുന്നവേളയിൽ
പെട്ടുപോകുന്നു നിശ്ശൂന്യപെട്ടകത്തിൽ
ഞാൻ
ഞാനെന്റെ ചിതയായെരിഞ്ഞുതീരുന്നു
ഞാനാം ഹവിസ്സ് വിലയിതമാകുന്നു.
നീ വീണവായിച്ച് സങ്കൽപ്പലോകത്തിൽ
ചിരകാലസ്മരണ അയവിറക്കീടുക
ഞാനെന്ന സ്വപ്ന (സത്യം)ത്തെ പുച്ഛിച്ചു
കൊള്ളുക
ഞാനെന്ന സ്നേഹത്തെ 'ചേട്ട' - യെ,യെ
ന്നപോൽ
ആട്ടിപ്പുറത്താക്കി ശുദ്ധിനേർന്നീടുക
എങ്കിലുമൊരുചോദ്യം ശേഷിപ്പതുണ്ടിന്നും!
എന്നോടു തന്നെ ഞാൻ ചോദിപ്പതുണ്ടിന്നും!!
ചിത്രങ്ങളായ്നാംയിരുവരും കാണുന്നു
അക്ഷരങ്ങളായി പരസ്പരം മൊഴിയുന്നു
ഒരുചിത്രം മാത്രംഞാൻ ചോദിച്ചതിനാലെ
അറുത്തുമാറ്റാവുന്ന ബന്ധമോനാം തമ്മിൽ
എങ്കിലീ ബന്ധത്തിനെന്താണ് പേരെന്ന്
നീ തന്നെചൊല്ലുക, അറിയില്ലെനിക്കേതും

വെളിച്ചത്തെ വായിക്കുമ്പോൾ



ഇരുളുറഞ്ഞ അലമാരനിറയേ
പുസ്തകങ്ങൾ
എത്ര ആഹ്ലാദത്തോടു കൂടിയാണ്
ഓരോപുസ്തകവും
കൈകളിൽ തൂങ്ങിയും, സഞ്ചിയി
ലേറിയും, പ്ലാസ്റ്റിക്ക് കവറുകളിൽ
ശ്വാസംമുട്ടിയും
പടികൾകയറി വന്നത്
വന്നപാടെ ഒന്നു തൊട്ടും തലോടിയും,
തുറന്നുപോലും നോക്കാതെ
അലമാരയിലേക്ക്
ഒരു പരിഗണനയുമില്ലാതെ പൊടിപിടിച്ച്
ശ്വാസംമുട്ടി,യേങ്ങിവലിച്ച്
തുറന്നു നോക്കാൻ സമയമൊട്ടും കിട്ടുന്നി
ല്ലപോലും.
എന്നിട്ടും,ആരാണീ പുസ്തകമെല്ലാം
വാരിവലിച്ചിട്ടത്!
ക്രമംതെറ്റിയുള്ള അക്രമംകാട്ടിയത്
അയാളുടെ കൈ തട്ടിമാറ്റി പുസ്തക _
ങ്ങളെല്ലാം
വരിവരിയായി വെളിയിലേക്കിറങ്ങി
നോക്കിനിൽക്കെ ഓരോപുസ്തകവും
വിളക്കിനരികിൽചെന്ന് മലർക്കെതുറന്ന് വെളിച്ചത്തെവായിക്കുവാൻ തുടങ്ങി



ചവച്ചരച്ച് .....!




കുടിക്കണം കുടുകുടെ
കടുപ്പമേറെയെങ്കിലും
കഷായമെങ്കിലും .
ചവച്ചരച്ചു തിന്നണം
എരുവേറെയെങ്കിലും
പച്ചമുളകു പോൽ
ജീവിതത്തെ.
വേറെയൊന്നുമില്ല
കുറുവഴി
ജീവിതത്തെ തൊണ്ടതൊ-
ടാതെ വിഴുങ്ങാൻ .
ചിലർകണ്ണടച്ച് തൊണ്ടക്കുഴി
യിലേക്കിറക്കിവെച്ച്
ഇത്തിരി വെള്ളമൊഴിച്ച് ഒറ്റ
വിഴുങ്ങലാണ് ,
ചിലർപൊടിച്ച് പഞ്ചസാരകലർത്തി
ഒറ്റമോന്തൽ,
മറ്റുചിലർ ചോറുരുളയിൽപുഴുത്തി
വെച്ച്,
തേനിൽചാലിച്ച്, കഴിക്കാതെ കഴിച്ചെ
ന്നുനടിച്ച് .
ഇതൊന്നുമല്ലജീവിതം
ജീവിതത്തെ ജീവിതമായ്
ജീവിച്ചു തീർക്കണമെങ്കിൽ
ജീവിതത്തെ പച്ചയായി
ചവച്ചരച്ചു തിന്നണം

ശിലാ മുഖങ്ങൾ




ചുറ്റിലും കൊത്തിവെച്ചപോൽ
ശിലാമുഖങ്ങൾ
വിഷമവൃത്തത്തിലെന്നപോലൊന്ന്,
വിളർച്ച ബാധിച്ച, വീറുറ്റ, മുഷിഞ്ഞ,
ക്രൂരത കൂർത്ത.
കാണുന്നില്ലവരാരേയും, അവനവനെ
ത്തന്നെയും!
തിരിഞ്ഞു നോക്കുന്നില്ല
തിരക്കിന്റെ തിരകളായ് തീരത്തിലേക്കെ
ന്നപോൽ .
കാലഗതിയിൽ ക്ലാവുപിടിച്ചുള്ള ഓട്ടുപാത്രംപോലെ
തിളക്കമറ്റുള്ളവർ,
ഞാനെന്നചിന്തയാൽ ജ്ഞാനംവെടിഞ്ഞ വർ,
മരണമേസത്യമാം ലക്ഷ്യമെന്നറിയാതെ
ലക്ഷ്യത്തിലേക്കെന്ന് ഉന്നംപിടിച്ചവർ,
ചുറ്റിലുംകെട്ടിപ്പൊക്കി ചിതൽപ്പുറ്റിനുള്ളി
ലായ്
ചിന്തയെതപസ്സനുഷ്ഠിക്കുവാൻ വിട്ടവർ,
സഹജീവി സ്നേഹസമഭാവനയില്ല
'അർത്ഥ'ങ്ങളിൽ മാത്രം അർത്ഥങ്ങൾ
തേടുവോർ.
ആരേവിളിക്കുന്നുയെന്നേ;
തിരിഞ്ഞൊന്നുനോക്കി ഞാൻ
വെളുക്കേചിരിച്ചു കൊണ്ടൊരാൾ
കൈമാടി വിളിക്കുന്നു
ചിലരുണ്ടിന്നുമീ ചുറ്റിലുംകാണാം
ശിലാമുഖങ്ങൾക്കിടയിലും മനുഷ്യരായ്

2017, ജൂലൈ 14, വെള്ളിയാഴ്‌ച

ഒരു മാത്രയെങ്കിലും



പ്രണയത്തിന്റെ തരിശുഭൂമിയിൽ
ഏകാന്തധ്യാനത്തിലിന്നും ഞാൻ
നീ പെയ്തകന്നുപോയ കാലവർഷം
ഞാനെന്റെ സ്വപ്നസ്ഥലികളിലൂടെ
സമയമളന്നളന്ന് നടക്കുന്നു
നീ പെയ്തൊഴിഞ്ഞെങ്കിലും
എന്റെയുള്ളിൽ പെയ്തുകൊണ്ടേയിരി
ക്കുന്നു
വീർത്തുപൊട്ടിയവാക്കുകൾ മൗനമായ്
വീർത്തുനിൽക്കുന്നു
ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുഭൂതകാല
മാകുമോ നീ?!
എന്റെകവിളൊരു ക്യാൻവാസാകുന്നു
കണ്ണീർഭൂപടങ്ങൾ രൂപംകൊള്ളുന്നു
മുറിച്ചു മാറ്റുവാനാകാത്തവിധം
നിന്റെഓർമ്മകൾ എന്നിൽപറ്റിച്ചേർന്നി
രിക്കുന്നു
പവിത്രമായ പ്രണയമായിരുന്നില്ലെ നമ്മടേത്
എന്നിട്ടും;
ഇഷ്ട്ടത്തിന്റെ കാണാപ്പുറങ്ങളിൽ
നീ കോറിയിട്ടതൊക്കെ വെറുംവാക്കുകൾ
മാത്രം
ഒരുമാത്രയെങ്കിലും ഓർമ്മിക്കാറുണ്ടോനീ
നിനക്കിഷ്ട്ടമില്ലെങ്കിലും നിന്നെയിഷ്ട്ട
മുളളയിവനെ

2017, ജൂലൈ 12, ബുധനാഴ്‌ച

ഈ ലോകം ഇങ്ങനെ



പെട്ടെന്നെനിക്കിഷ്ടമൊട്ടുമില്ലാ-
താകുന്നു ,യീലോകമൊട്ടുനേരം
ചിക്കെന്നു ചിന്തകൾ മാറിടുന്നു
എല്ലാം സാധാരണമായിടുന്നു.
വിഷാദം വിളയാടി നിന്നിടുന്നു
വിനോദം കരകയറിപ്പോയിടുന്നു
കേളിയാടീടും കരിവണ്ടുകൾ
കഴുകുകളായി കറങ്ങീടുന്നു
കാടുകൾ നെഞ്ചകം മൂടിടുന്നു
കരിങ്കാറുകൾ മാനത്തെ മൂടിടുന്നു
മനുഷ്യൻ മൃഗങ്ങളായ് മാറിടുന്നു
തേറ്റകൾ തോറ്റങ്ങളാടിടുന്നു
നീയില്ല ഞാനില്ല പിന്നെയെല്ലാം
ചോര വരയ്ക്കുന്ന ഭൂപടങ്ങൾ
കാഷായ വേഷമണിഞ്ഞ സന്ധ്യ
ചെന്തീയിൽ നിന്നൊരു ചെമ്പകപ്പൂ
രണ്ടുവെള്ളക്കൊറ്റി കണ്ണിൽനിന്നും
വേറിട്ടുവേഗം പറന്നുപോകേ
കാണുമാറാക്കും നേരായതെല്ലാം
എന്നെയെനിക്കു തിരിച്ചുകിട്ടും
പെട്ടെന്നെനിക്കിഷ്ടമൊട്ടുമില്ലാ-
താകുന്നു ,യീലോകമൊട്ടു നേരം
ചിക്കെന്നു ചിന്തകൾ മാറിടുന്നു
എല്ലാം സാധാരണമായിടുന്നു

2017, ജൂലൈ 11, ചൊവ്വാഴ്ച

സ്വന്തമായല്ലാതെ




ചുംബനത്തിനു പകരം
വിശപ്പടക്കാൻ റൊട്ടി തരൂ
നരഭോജികളായ,യിരുകാലികൾക്ക്‌
ഇളംമാംസത്തോട് പഥ്യം.
ഭോഗതൃഷ്ണകൊണ്ടല്ല
വന്യമായ നിന്റെവികാരത്തിന്
ജീവിതം ബലിയർപ്പിക്കുന്നത് .
സ്നേഹം, മരണത്തേക്കാൾ
തണുപ്പോറിയതെന്ന്, യിന്നുഞാന-
റിയുന്നു!
വേരുകളില്ലാത്ത ഒരുബന്ധം.
മരണമാണിതിലും ഭേദമെന്നറിയാ-
ത്തതുകൊണ്ടല്ല
മിടിക്കുന്ന ചിലജീവനുകളുടെ
പ്രതീക്ഷ കാണുമ്പോഴാണ്
മടിക്കുത്തഴിക്കുന്നത്

2017, ജൂലൈ 10, തിങ്കളാഴ്‌ച

ജീവിതമറിയാൻ




നാമിരുമരമായ് ജനിച്ചിരുന്നെങ്കിലോ
വരില്ലായിരുന്നാരും നമ്മേപിരിക്കുവാൻ
മുഖത്തോടുമുഖംനോക്കി നാമിരുന്നാലും
മുഖത്തേക്കു നോക്കുകയില്ലായിരുന്നാരും
തൊട്ടെന്നും തൊട്ടുതലോടിയിരിപ്പെന്നും
കമ്പിയില്ലാക്കമ്പിയാകില്ലൊരിക്കലും
ജാതി, മതത്തിന്റെ വേലിത്തലപ്പിലായ്
സദാചാര, ചാരൻമാർ ചുറ്റിത്തിരിയില്ല.
സ്നേഹപ്പടർവള്ളിയായിപ്പടർന്ന്
മാറിടാംവർണ്ണ തുടർച്ചയായ്നമ്മൾക്ക്
മോഹമാം മേഘപ്പടർപ്പിനെ തൊട്ടിടാൻ
സ്വപ്നച്ചിറകേറിക്കുന്നിലേക്കേറിടാം
വിരലോട് വിരൽചേർത്ത് മഴയിൽനന
ഞ്ഞൊരാ
പ്രണയത്തെയാവോളം കോരിക്കുടിച്ചിടാം
വേരുകളായ്ചുറ്റി വാരിപ്പുണർന്നിടാം
ജീവിതമെന്തെന്ന് ജീവിച്ചറിഞ്ഞിടാം

2017, ജൂലൈ 9, ഞായറാഴ്‌ച

മഴനാളിൽ





മഴവന്നു കാതിൽ പറയുന്നതെന്തേ
നിന്നോടുമാത്രം സ്വകാര്യം
വാ പൊത്തി കണ്ണിൽകുളിരണിഞ്ഞെ
ന്തേനീ
മലർവാക പൂത്തപോൽപൂത്തു
മലരണിഞ്ഞുള്ളനിൻ മൃദുലവികാരങ്ങൾ
മധുരം തുളുമ്പുകയാണോ?!
മഴ കൊണ്ടുതന്നുള്ള പ്രണയകുസൃതികൾ
എന്നെക്കുറിച്ചുള്ളതാണോ?
നാണത്തിൽ നീകോറും പ്രണയാക്ഷര
ങ്ങളിൽ
വിടരുന്നതെൻ നാമമാണോ
പറയാൻ മടിക്കുന്നതെന്തെനീയെന്നോട് പ്രീയമെഴുന്നൊരാവാക്ക്.
നോക്കിലറിയില്ലെ നേരിൻതിരിനാളം
മൂകം നീചൊല്ലുകയാണോ
മിഴിയിലെ മയിൽപ്പീലി നൃത്തത്തിലെന്തെന്തു
മോഹങ്ങൾ വായിച്ചിടേണം
രാസവിലാസിനിയായ് നൃത്തമാടുന്ന
മഴയും, കുളിരുമെൻ പ്രണയം

2017, ജൂലൈ 8, ശനിയാഴ്‌ച

കണ്ണീർമഴ



തോരാമഴതന്നാണ് നീ പോയത്
എത്രകാത്തിരിന്നിട്ടുണ്ട് ഞാൻ
രാത്രിയുടെ നിശൂന്യതയിലേക്ക്
കണ്ണുംനട്ടിരുന്നിട്ടുണ്ട്.
ചെമ്പകത്തിന്റെ മഞ്ഞകലർന്ന
ശംഖുപുഷ്പത്തിന്റെ നീൾമിഴി
യെഴുതിയ
നിന്നെയിഷ്ടമെന്ന് യെത്രവട്ടം
ചൊല്ലിയിട്ടുണ്ട്
കണ്ണീർ വെളിച്ചത്തിൽ ഇന്നുമുണ്ടാ
രൂപം.
പ്രണയമുണ്ടെന്ന് നീ പറയാതെ
പറഞ്ഞിരുന്നില്ലെ
നീ ചിത്രമായ് നിന്നപ്പോൾ
ഞാൻ കവിതയായ് വിരിഞ്ഞില്ലെ.
കഥയെന്തെന്നറിയാതെ നീ
കൈവിട്ടു കടന്നില്ലെ
നിനക്കു ചേക്കേറാൻ കൂടു വേറെയെന്ന്
ഞാനറിഞ്ഞില്ല
ധാന്യമണി പോലെ ധ്യാനനിരതനായ്
ഞാനിന്നും
തോർന്നതില്ലിന്നുവരെയാ മഴ
ഞാനിന്നും നനഞ്ഞുകൊണ്ടേയിരിക്കുന്നു
ആ കണ്ണീർമഴയിൽ

2017, ജൂലൈ 7, വെള്ളിയാഴ്‌ച

പുഴയോളമറിയില്ല ആർക്കും കടലിനെ



അവൾ, പുഴ
പ്രാചീനമായൊരൊഴുക്ക്
പഴമയുടെ ഇനപ്പ്
പുതുമയുടെ തുടിപ്പ്.
നിന്റെ പളുങ്കു കൽപ്പടവിൽ
അലസനായ് ഞാനിരിക്കുന്നു
പരിഭവമേതും ചൊല്ലാതെ നീ -
മീൻചിരി തന്നുപോകുന്നു .
എത്രകലങ്ങിയാലും കളങ്കമില്ലാ-
തെ തെളിഞ്ഞുനിൽക്കുന്നു.
ദു:ഖമാംപങ്കം ഉള്ളത്തിലേറെ
യെങ്കിലും
ചിലമ്പിച്ചചിരിയുടെ ചെറുനുര
ചിതറുന്നു.
കാത്തിരിക്കാം ഞാൻ
ഒരിക്കൽനീ ജലഗോവണി
നീർത്തുന്നതു വരെ
 നിന്റെആഴങ്ങളിലേക്കിറങ്ങി
പ്രണയത്തിന്റെ ചുഴിയിൽ പടരാൻ.
നിന്നിലൂടെ വേണമെനിക്ക്
ആഴക്കടലിന്റെ അരികിലെത്താൻ.
ഒരിക്കൽ വലയിട്ടു പിടിക്കണം നമുക്ക് കടലിനെ !
എന്നും വിലയം പ്രാപിക്കുവാനുള്ളവൾ മാത്രമല്ല നീയെന്ന്
ഒരിക്കലെങ്കിലും കാട്ടിക്കൊടുക്കണം.
പുഴ, പെണ്ണ്
എല്ലാ പാപങ്ങളും കഴുകിത്തോർത്തു
ന്നവൾ
കലങ്ങിയകണ്ണും, കടഞ്ഞ മനസ്സും,
ഉടഞ്ഞ ഉടലുംകാട്ടാതെ
ഉണർച്ചയിലേക്ക് മാത്രം ഉരുകിത്തീരു
ന്നവൾ
പുഴയോളമറിയില്ല ആർക്കും കടലിനെ


2017, ജൂലൈ 6, വ്യാഴാഴ്‌ച

ഒറ്റ




തൊടിയിലെ തെങ്ങിൽനോക്കി
തിടംവെയ്ക്കുന്നു കണ്ണീർ
പിച്ചകം വിരൽതൊട്ട്
സാന്ത്വനിപ്പിച്ചീടുന്നു
കറുകകാൽക്കൽ കണ്ണീർ
വാർത്തുകിടന്നീടുന്നു
മുല്ല മൗനംകുമ്പിട്ട് അതിരിലിരിക്കുന്നു
കൊറ്റിന് വകതന്ന തൊടികൾ,
തണ്ണീർത്തടം, വിറ്റുതുലച്ചുഒക്കെ
ഒറ്റയ്ക്കായിപ്പോയില്ലെ ഞാൻ
കാറുണ്ട്, കറങ്ങും പങ്കയുണ്ട്
കാഴ്ച്ചകളേറെയുണ്ട്, വർണ്ണജാലങ്ങ-
ളതിജോറ്
കാഴ്ച്ചബംഗ്ലാവിൽ ചില്ലുകൂട്ടിലടച്ചു
ള്ളൊരു
കുട്ടിക്കുരങ്ങുപോലെ ഞാനീ-
ഫ്ലാറ്റിനുള്ളിൽ
ഏഴാംനിലയിലെ പെട്ടകത്തിൽ
നിന്നൊന്ന്
പട്ടമായ് പറക്കണം
ഊരിലെ തൊടിവരെ



2017, ജൂലൈ 5, ബുധനാഴ്‌ച

തനിച്ചാകുമ്പോൾ



ഒറ്റയൊറ്റയായിപ്പോയി
ഞങ്ങൾ, രണ്ടുപേരുണ്ടെന്നാലും
മിണ്ടുവാനെന്തുണ്ടിനി
ഓർമ്മതൻകൂട്ടല്ലാതെ
മക്കൾ മൂന്നുവഴിക്കായ്
മൗനമുറങ്ങും വീടായ്
മുറ്റത്തെമാവിൽ നോക്കി,
പിന്നെയാപ്ലാവിൽ നോക്കി,
 കിളിയോലപാറിടും തെങ്ങതിൽ
പാളിനോക്കി
പേരക്കുഞ്ഞിനെയോർത്ത് ആ
ക്കുഞ്ഞുമൊഴിയോർത്ത്
ഉള്ളിലൊന്നു ചിരിച്ചും, കാണുവാ
നുഴറിയും
തുളുമ്പാൻവെമ്പുംകണ്ണീർ കൈ
തലത്താൽ തുടച്ചും
ഈകൊച്ചുവരാന്തയിൽ നാലു -
കണ്ണുകൾ കലങ്ങുന്നു
വാരിധിപോലെ, വർണ്ണജാലംപോ
ലഴകാലെ
വരദാനമാംമക്കൾ വാഴണംവീട്ടകത്ത്
എന്തെന്തുവികൃതികൾ, വാശികൾ,
കുസൃതികൾ
പട്ടമ്പോലുയരത്തിൽ പറക്കുംസ്വപ്ന
ങ്ങളും
ഇലഞ്ഞിപ്പൂക്കൾപോലെ,യലിയും
സ്നേഹഗന്ധം
നുരയുംവാത്സല്യത്തിൻ നിറപുഞ്ചിരി
ക്കുടം.
ദുഃഖത്തിൻകയ്പ്പുനീരെൻ ഹൃത്തിൽ
പടരുമ്പോഴും
സ്മൃതികൾ മാമ്പൂപോലെ, കൺമിഴിച്ചു
നോക്കുന്നു
ഉണ്ണിമാങ്ങതൻചിരി ഉളളിൽനിറഞ്ഞീടുന്നു
പൂണ്ടടക്കംപിടിച്ച് മുത്തങ്ങൾനൽകീടുന്നു

2017, ജൂലൈ 4, ചൊവ്വാഴ്ച

മറവി



മറന്നുവെച്ചുപോയ് ഞാനിന്നു
രാവിലെയെന്നെ
കട്ടിലിൽ, കട്ടൻചായയിൽ,
പത്രത്താളിൽ, പ്രാതൽമേശയിൽ,
വഴിയരികിൽ, ഓഫീസ്ഫയലിൽ.
തിരഞ്ഞുനടന്നുഞാൻ
മൂക്കിലെ കണ്ണാടിയിൽ, ഉടുപ്പിൽ,
നടപ്പിൽ, ചായകുടിച്ചിറങ്ങിയ കടയിൽ,
കോണിപ്പടിയിൽ.

മറന്നുവെച്ചുപോയ് ഞാനിന്നുരാവിലെ യവളെ
പലവ്യഞ്ജനങ്ങൾവെച്ച ജാലക
പ്പടിയിൽ, അടുപ്പരികിൽ, അലക്കു
കല്ലിൽ,
ക്ഷീണമെത്രയെന്നാകിലും
നീരസമൊട്ടുമേശാതെ
യെന്നിലെയെന്നെയുണർത്തി -
ഞാനാക്കുന്ന കട്ടിലിൽ

2017, ജൂലൈ 2, ഞായറാഴ്‌ച

സന്ധ്യയിൽ

സന്ധ്യയിൽ



മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി

മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി

2017, ജൂലൈ 1, ശനിയാഴ്‌ച

ഒറ്റനോട്ടത്തിൽ




മഴയുടെ നനവോർമ്മകളിൽ
ഞാൻ പെട്ടുപോകുന്നു
വിട്ടുപോകാതെ ഒട്ടിനിൽക്കുന്നു
നിർവ്വികാരതയുടെ ചതുപ്പിൽ
മലർന്നുകിടക്കുന്നു
മഴ ഒരുബിംബമാണ് .
മരണത്തിന്റെ, മാദകത്വത്തിന്റെ,
പ്രണയത്തിന്റെ, പങ്കുവെയ്ക്കലിന്റെ,
പിച്ചവെയ്ക്കലിന്റെ, പച്ചതേടലിന്റെ,
പട്ടിണിയുടെ, പടപ്പുറപ്പാടിന്റെ.
പുഴവഴിയിലൂടെ മഴയുടെ കടൽ
വീട്ടിലൊന്ന്പോകണം
ജലത്തിന്റെ ചില്ലുവാതിൽതുറന്ന്
അകത്തൊന്ന് കടക്കണം
കാണാം മഴക്കുഞ്ഞുങ്ങളെല്ലാം
ഒത്തുചേർന്നുള്ള മഹാപ്രവാഹം
കടലിനുളളിലെകരയിലും അവകളിച്ചു
കൊണ്ടേയിരിക്കുന്നു
മഴക്കുഞ്ഞുങ്ങളുടെ ആഹ്ലാദമായിരി
ക്കണം
തിരമാലകളായി അടിച്ചുകൊണ്ടേയിരി
ക്കുന്നത്
മഴ ഒരുകവിതയാണ്
മണിപ്രവാളകവിത.
ഒറ്റനോട്ടത്തിൽ
മഴ എന്തെല്ലാമോആണ്
കവിതപോലെ