malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

കുറുക്കന്മാര്‍

കുറുക്കന്മാര്‍ കൂടുന്ന കാടാണ്
നാലാളെ പ്പോലെ നമുക്ക് മാകണ്ടേ
നാട്ടുകാര്‍ ചേര്‍ന്നൊരു -
യോഗം വിളിച്ചു
റോഡുവെട്ടാന്‍ കൂടിയാലോചിച്ചു
മതിലൊന്നു തട്ടിയാല്‍
മതിയാകും റോഡിനു
മനസ്സിലെ മതില്‍ തട്ടില്ലെന്നു
മൊയ്തീന്‍ കുട്ടിയുടെ ആത്മഗതം
കാടെല്ലാം വെട്ടി വഴി തെളിച്ചിടാം
കരളിലെ കാടു വെട്ടില്ലെന്നു
കുടവയറന്‍ പത്രോസ്സു
നടവരമ്പില്‍ ചരടുകെട്ടി
വേര്‍തിരിച്ചീടാം
ലക്ഷ്മണ രേഖ കടക്കരുതെന്ന്
കുഞ്ഞി ക്കണ്ണേട്ടന്‍
നാട്ടുകാര്‍ ചേര്‍ന്ന് റോഡു വെട്ടി
കാണാമാതിലും,കാടും,ചരടും
പണിതുയര്‍ത്തി
പകലിലും,പാതിരാവിലും
മനുഷ്യരെ എല്ലാം വെട്ടി -
നിരത്തി
കുറുക്കന്മാര്‍ കൊഴുത്തു തടിച്ചു
കാളിയുടെ നാക്ക് പോലെ
റോഡെല്ലാം ചുവന്നു തുടുത്തു

കാലിക്കടവിലെഎന്‍.എസ്.എസ്. ക്യാമ്പില്‍

എന്‍.എസ്.എസ് ക്യാമ്പിന്റെ
സമാപന സമ്മേളനം
റബ്ബര്‍ മരക്കാടിനിടയില്‍
നാക്കില റോഡിനരികില്‍
നാല് കാലില്‍ നില്‍ക്കുന്ന
നാടന്‍ ചായക്കട
വിവിധ ഭാരതിയിലെ
വിശേഷപ്പെട്ട പാട്ടുകള്‍
തുടുതുടുത്ത സില്‍ക്കിന്റെ (സ്മിത)
മിനുമിനുത്ത പോസ്റ്ററില്‍
മുട്ടനാട് നടത്തുന്നു നാക്കിനാല്‍ -
രതി ക്രീഡ
കുടിയും,വലിയും കാലുരണ്ടും കവര്‍ന്നുള്ള
കടക്കാരന്‍ കാരണവര്‍ സ്ട്രെക്ച്ചറിലിരിപ്പുണ്ട്
ഞാനുമെന്‍ മാഷും കടയിലേക്ക് -
കയറുമ്പോള്‍
മീന്‍,വണ്ടിയേറിവന്ന്‌ കാത്തുകിടക്കണുണ്ട്
കടുപ്പത്തിലിരുചായ
അരികത്തിരുന്നുട്ടു
ആവിയാല്‍ കവിളത്ത്
തട്ടി വിളിക്കണുണ്ട്
ഇരുകാലു മില്ലേലും
തെളിഞ്ഞുള്ള കരളുണ്ട്
ഇരു ബന്നു നീട്ടിതന്നു
ഇരിക്കട്ടെന്നു ചൊല്ലണുണ്ട്‌

തത്വജ്ഞാനം

വെളുത്തു വിളറിയബള്‍ബിനോട്
സ്വിച്ചു ബോർഡിനരികില്‍
പതുങ്ങി നില്‍ക്കുന്ന പല്ലി പറഞ്ഞു:
തെളിഞ്ഞൊന്ന്കത്തിയാട്ടെ
ഒഴിഞ്ഞ വയറൊന്നു നിറക്കട്ടെ
പാറ്റയെ പിടിക്കുന്നത് പാപമല്ലേ?
'ഒന്ന് ച്ചീഞ്ഞ് ഒന്നിന് വളമാകുന്നു
പാറ്റയുടെമരണ വഴി
എന്റെ പ്രാണ വഴി
കാലം കാട്ടുന്നു ജീവവഴി '
പല്ലിയുടെ തത്വജ്ഞാനം .
തെളിഞ്ഞു കത്തലില്‍
ഷോക്കേറ്റ പല്ലി
നിലത്ത് വീണ്‌ പിടഞ്ഞു-
പിടഞ്ഞു മരിച്ചു
കാലം കൊടുത്ത മരണ -
വഴികണ്ട്
ബള്‍ബുകണ്ണടച്ചു .

2011, ഡിസംബർ 29, വ്യാഴാഴ്‌ച

പെണ്ണ് കാണാന്‍ പോയാല്‍

പുര നിറഞ്ഞു നില്‍ക്കുന്ന
പെണ്ണാണ് നാട്ടിലെങ്ങും
പെണ്ണ് കാണാന്‍ പോയാലെ
പെടാപ്പാടറിയാവൂ
ജാതിയും,ജാതകവും
പുച്ഛിച്ചു തള്ളുന്നോര്‍
ജീവിത മല്ലേന്നുസ്വകാര്യമായ്
ച്ചൊന്നീടും!
കൊമ്പത്താണെന്ന നാട്ട്യം
കൊമ്പു കുത്തി നില്‍ക്കും
പൂജ്യത്തിലാണേലും
പി.ജി.യുണ്ടെന്നഭാവം
മേനി വെളുപ്പില്ലേലും
മേനി പറയല്‍ കുറവില്ലൊട്ടും
സര്‍ക്കാര് ജോലിയെ സ്വീകാര്യ -
മായിടൂ
അദ്ധ്യാപകനാണെങ്കില്‍
അടുത്തൊന്നു ചെന്നീടാം
യു.ജി.സി.സ്കെയ്ല്‍ എങ്കിലേ
അര സമ്മതം മൂളു
അളവിലാണല്ലോ കാര്യം
എളിമയിലിന്നെന്തു കാര്യം ?!
സോഫ്റ്റായി ചിരിച്ചീടാന്‍
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍
പട്ടാളമെങ്കിലോ
പടിക്കു പുറത്താണിന്നു
നാടിനെ കാക്കുന്നത് ഐ.ടി.-
കമ്പനി യാണല്ലോ!.
പെണ്ണ് കാണാന്‍ വന്നോരുടെ
ലിസ്റ്റെടുത്തു നിരത്തീടും
അഭിമാന മാണെന്ന്
അഹങ്കരിച്ചിരുന്നീടും
ഇവരിലും വലിയവനോ?
ചോദിക്കാതെ ചോദിച്ചീടും
ചെത്ത് ചെക്കനെല്ലെന്നു
പൂതനമുഖംകാട്ടും
പഠിപ്പൊന്നു തീരട്ടെന്നു
പടിയടച്ചു പിന്തിരിയും
( 2 )
പേരിനൊരു പണിയുണ്ട്
പെണ്ണ് കാണാന്‍ ചെന്നവന്
പോരിനു വന്നതുപോല്‍
നോട്ടവും,നില്‍പ്പുമെല്ലാം
കരിവീട്ടി പോലോരുവന്
കോങ്ക ണ്ണനായവന്
പത്ത് ജയിച്ചു കേറാന്‍
പതിനെട്ടും പയററിയോനു
പി.ജി.യെങ്കിലും വേണം
പത്താളറിയെണ്ടേ
തക്കാളിപ്പഴം പോലൊരു
സുന്ദരി തന്നെ വേണം
പണത്തിന്റെ കണക്കുകള്‍
മണിമണി യായ്‌ പറയേണം
ബാങ്കിലെ പാസ്സ് ബുക്ക്
വെച്ചു വേണം ഡെയ്റ്റ് കാണാന്‍
പണ്ടത്തില്‍ പൊതിഞ്ഞു വേണം
പന്തലില്‍ ഇറങ്ങീടാന്‍
ലോക്കറിന്‍ താക്കോല്
നേരത്തെ നല്‍കണം
കാറിന്റെ കാര്യങ്ങള്‍
പറയേണ്ടതില്ലല്ലോ ?
സ്റ്റാറ്റസ്സിനനുസരിച്ചു
കീപ്പ്ചെയ്യു മെന്നറിയാം
പറ്റില്ല എന്ന് ചൊന്നാല്‍
പരദൂഷണം പറയും
പേര് പറയിച്ചോളെന്നു
പറഞ്ഞു നടന്നീടും

2011, ഡിസംബർ 28, ബുധനാഴ്‌ച

ആഗോള വത്ക്കരണം

ഗോളാകൃതിയില്‍ ചുരുണ്ട്കൂടിയ
അപ്പൂപ്പനോടു
കൊച്ചു മകന്‍ ചോദിച്ചു:
ആഗോള വത്ക്കരണ ആപത്ത്
എന്നുതുടങ്ങി അപ്പൂപ്പാ ?
ആദിയില്‍ തുടങ്ങി ആഗോള വത്ക്കരണം
മധ്യ ആഫ്രീക്കയില്‍ നിന്ന്
സാപ്യന്‍ ആള്‍ക്കുരങ്ങില്‍നിന്ന്
മാനവരാശിയുടെ ആദ്യത്തെ
ആഗോള വത്ക്കരണം .
ഭൂമി ഉരുണ്ടതെന്നറിഞ്ഞപ്പോള്‍
പടിഞ്ഞാട്ടും,കിഴക്കും തുടങ്ങി-
പടയോട്ടം
രണ്ടാമത്തെ ആഗോള വത്ക്കരണം.
കുറേകുത്തകകള്‍ ഉതിച്ചുയര്‍ന്നു
ഗോളത്തെ തിരിച്ചു.
അവരിട്ട പേര് ആഗോള വത്ക്കരണം .
കരതലാമലകമായി ലോകം
ഒരു പിടി കുത്തകക ളുടെ കൈയ്യില്‍
ആപത്താണ് ആഗോള വത്ക്കരണം .

ഗ്രീഷ്മവും,ശിശിരവും

പൊള്ളുന്ന ഗ്രീഷ്മത്തില്‍ നിന്ന്
ശിശിരത്തിന്റെ ശിഖരത്തിലേക്ക്
കണ്ണീരുപ്പുകുറുക്കിഅവള്‍
കാലം കഴിക്കുന്നു.
പെണ്ണിന്റെ പൊള്ളുന്ന രുചി
ഉപ്പുനോക്കിയവാന്‍
കയപ്പെന്നു പറഞ്ഞ് കടന്നുകളഞ്ഞു .
ഉടയതെന്നു കരുതി
ഉടയാടയഴിച്ചതില്‍
ഉന്മാദം പിടിപെട്ടവള്‍
ഇരുട്ടിന്റെ പുടവയില്‍
നഗ്നത മറയ്ക്കുന്നു .
പാമ്പിന്റെ പ്രതികാരവുമായി
പതുങ്ങി നടക്കുമ്പോഴും
പൊള്ളുന്ന പ്രായത്തിലേക്ക്
പൊട്ടി വിരിയുന്നു .

2011, ഡിസംബർ 27, ചൊവ്വാഴ്ച

ശില്പി

കാലമെന്ന ശില്പി
കൊത്തി വെച്ചതാണെല്ലാം
കടലും,കരയും
കടും,മേടും
സ്വര്‍ഗ്ഗവും,സ്വപ്ന ലോകവും
ആദിയില്‍ അനങ്ങതിരുന്നപ്പോള്‍
കൊത്തി വെച്ചു കാലം ചലനാത്മകത
വായു,വെളിച്ചം,ജീവന്റെ തുടിപ്പുകള്‍.
മൃഗങ്ങള്‍ മണ്ണിന്റെ മക്കളായ്‌ വളര്‍ന്നു
വാനരന്‍ നരനായി
ആദവും,ഹവ്വയുമായി
അനന്തരം
കാലമെന്ന ശില്പിയുടെ കണ്ണ്-
രണ്ടും തുരന്നവര്‍
മണ്ണിലൊരു നരകം
പണിതുയര്‍ത്തി

2011, ഡിസംബർ 26, തിങ്കളാഴ്‌ച

മനസ്സുണ്ടെങ്കില്‍ .........!

സ്ഥലങ്ങള്‍ക്കെല്ലാം
വിലയേറിയപ്പോള്‍
വീടൊരു സ്വപ്നമായി
ഏറെ നാളിലെ
അലച്ചിലിനൊടുവില്‍
ഏങ്കോണിച്ചൊരു
സ്ഥലം കിട്ടി.
ഏങ്കോണിച്ചൊരു
സ്ഥലമെങ്കിലും
മനസ്സ് നേരെയെങ്കില്‍
വീട് വെക്കാമെന്ന് അച്ഛന്‍
മിഴിയാഴവും,മൊഴിയാഴാവും-
കൊണ്ട്
കുറ്റിയടിച്ച് പണി തുടങ്ങി
കിണറൊന്നു കുഴിക്കാന്‍
കുറ്റി യടിച്ചപ്പോള്‍
കിണറാഴമുള്ള ഒരു
മനസ്സ് വേണമെന്നമ്മ
അന്നാണ് ഞാന്‍ അറിഞ്ഞത്
കിളിക്കൂട് പോലൊരു
കുടിലെങ്കിലും
കടലാഴമുള്ള ഒരു
കരള്‍ വേണം

2011, ഡിസംബർ 25, ഞായറാഴ്‌ച

മനുഷ്യന്‍

മനുഷ്യന്‍ മഹാരഹസ്യം .
കാടുകളും,കൊടുമുടികളും
സ്നേഹവും,സമാധാനവും
ഗര്‍ത്തങ്ങളും,ഗുഹകളും
സത്യവും,സന്തോഷവും
വിള്ളലും,വിജനതയും
പിതാവും,പിശാചുമുള്ള
ഒരു ഭൂഖണ്ഡം .
മനുഷ്യന്‍
ഉയിർത്തെഴുന്നേറ്റാലും
പ്രത്യക്ഷപ്പെടാനാവാത്ത
പരാജയപ്പെട്ട ക്രിസ്തു .
മനുഷ്യന്റെ ജീവിതത്തിലും,-
മരണത്തിലും
ദൈവത്തിന് അധികാരമുണ്ടെന്ന്
ആരാണ് പറഞ്ഞത്?
എങ്കില്‍ ഞാന്‍ ചോദ്യം ചെയ്യും -
എന്റെ ആത്മഹത്യയിലൂടെ
ആ അധികാരത്തെ

ആട്ടുകല്ല്

നോവുകളേറെ അനുഭവിച്ചാണ്
ഞാന്‍ ജനിച്ചത്‌
അതുകൊണ്ടായിരിക്കുമോ ഞാന്‍
നോവിച്ചുകൊണ്ടേ യിരിക്കുന്നത് ?!
അരിമണികൾക്കറിയില്ലല്ലോ
അരഞ്ഞു തീരാനാണ്
അരക്കല്ലിലെത്തുന്നതെന്നു .
അരഞ്ഞു തീരാനൊരു ജന്മം
അറിഞ്ഞുകൊണ്ട് തന്നതെന്തിനു ?
കുത്തി നോവിക്കുന്നുണ്ടവർ യിടയ്ക്കിടെ
മൂര്‍ച്ച പോരെന്നു ചൊല്ലി
മുറിപ്പെടുത്തുന്നുണ്ട്.
മുക്കിയും,മൂളിയുമുള്ള അരപ്പില്‍
മുഷിവു തോന്നിയ വീട്ടമ്മ
മണ്ണ് മൂടിയ മൂലയില്‍
മാറ്റി യിട്ടിരിക്കയാണിപ്പോള്‍

അമ്മൂമ്മ

അമ്മൂമ്മയ്ക്കെപ്പോഴും
ആവലാതിയാണ്‌
തിരഞ്ഞ്,തിരഞ്ഞ് നടന്ന്
തിരക്കിലാണെപ്പോഴും
മുറുക്കി തുപ്പുന്നത്
മുറു മുറുപ്പോടെയാണ്
മറവി തീരെയില്ലെന്ന്
വെറുതേയാണ്
കണ്ണില്‍ കണ്ടതിനെയെല്ലാം
കുറ്റപ്പെടുത്തലാണ്
അട്ടഹസിക്കുന്നതു കേള്‍ക്കാം
അടുപ്പിനോടും,തീയ്യോടും
തവിയൊന്നു കാണാഞ്ഞാല്‍
തലതല്ലി പ്രാകും
വെള്ളം തിളക്കാഞ്ഞാല്‍
എളുപ്പത്തില്‍ തിളചൂടേന്നു
കയ്ക്കുന്ന വര്‍ത്തമാനം പറയും
പഞ്ചസാര പാത്രത്തോട്
ചിരവയോടു പറയുന്നു കേട്ടാല്‍
ചൊറിഞ്ഞ് വരും
കരഞ്ഞുവരുന്നകുഞ്ഞിനരികില്‍
ചിരിച്ചു പാഞ്ഞെത്തും അമ്മൂമ്മ

നദിപോലെ

കുതിച്ചൊഴുകുന്ന നദി
പരന്നൊഴുകുന്ന പുഴ
വരണ്ടുണങ്ങിയ നിള
ജീവിതം.
കഞ്ഞി കുടിക്കാന്‍ കൊള്ളാത്ത
കവിതകൊണ്ട്‌
കാര്യ മെന്തെന്ന് കുത്തി നോവിക്കുന്നവര്‍
പട്ടിണി ക്കാലത്ത്
പിടിച്ചുനിന്നത്
കാലം നല്‍കിയ കൈപ്പുനീരിലെ
കവിത കൊണ്ടെന്നറിയുന്നില്ല

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

സന്ധ്യ

പടിഞ്ഞാറു നോക്കൂ
എന്താണത്?
സന്ധ്യ സിന്ദൂരം തൊട്ടതോ
അതോ പകലിന്റെശവദാഹമോ ?
കടലിലേക്കാരാണ് ചായങ്ങള്‍ -
തട്ടി മറിച്ചത്?
ഓ,
അത്
സൂര്യ രശ്മികള്‍
തോരണം കെട്ടിയതോ?
വര്‍ണ്ണ വിരിപ്പുകളെല്ലാം
വകഞ്ഞു മാറ്റി കറുത്ത കമ്പളവും
തിരഞ്ഞ്‌,തിരഞ്ഞ്‌ രാത്രി

ടോര്‍ച്ച്

രാത്രിയുടെ ഇരുട്ടില്‍
വെളിച്ചത്തിന്റെ ഒരു തേങ്ങാമുറി
വിശ്വസ്ഥനായവഴി കാട്ടിയായ്
എന്നും മുന്നില്‍
ഞെക്കലിന്റെ ഉത്തുംഗതയില്‍
അനുസരണയുടെ വെളിച്ച വമനം
നിലാവിന്റെ നൂലിഴ പോലെ
വെള്ളി വെളിച്ചത്തിന്റെ -
സ്നേഹ സ്പര്‍ശം
ബാറ്ററിക്കട്ടകളെ
നെഞ്ചോടു ചേര്‍ത്ത്
കെട്ടിപ്പിടിക്കുന്ന അമ്മ മനസ്സ്
നന്മയുടെ നല്ലിളം മനസ്സായി
എന്നുമൊരു കൈക്കൂട്ട്

യൗവ്വനതിലേക്കു പോകുമ്പോള്‍

യൗവ്വനതിലേക്കു പോകുമ്പോള്‍
സൂക്ഷിച്ചു പോകണം
മൂര്‍ഖന്റെ മുഖവുമായ്
ജാഗ്രത്തായ് പോകണം
പൂവുകള്‍ക്കുള്ളിലായ്
പുലി യൊളിച്ചിരുന്നിടാം
കരിമ്പാറ ക്കൂട്ടത്തില്‍
കരി വീരരുണ്ടാകാം
പെരുമര വേടുകള്‍
പെരുമ്പാമ്പുകള്‍ ആയീടാം
പച്ചപ്പുല്‍ വിരിപ്പുള്ളില്‍
പാതാള മായീടാം
തെളിനീരു വിളിച്ചെന്നാല്‍
നീരാട്ടിനിറങ്ങീടില്‍
നീരാളി കൈചുറ്റി
കഥതന്നെകഴിച്ചീടാം
യൗവ്വനം വനമെന്ന
നേരറിഞ്ഞീടുക
നേരിലേക്കെന്നത്
നേരത്തെയറിയുക

ഭക്ഷണം

ബുഭുക്ഷയാല്‍ വലഞ്ഞ്
ഭജിക്കുന്നവന്‍ ഭുജിക്കുന്നവന്റെ-
യരികില്‍
ഉദരം നിറക്കുന്നവന്റെ
അധരത്തില്‍ നിന്നടര്‍ന്നത്‌
തെറിയുടെ തേര്‍വാഴ്ച്ച
ഉദക ക്രീയ ചെയ്യുന്നവന്‍
അന്നം കൊണ്ട് ആഘോഷം
കാക്കയ്ക്കും.ഉറുമ്പിനും,പട്ടിക്കും
മൃഷ്ട്ടാന്ന ഭേജനം .
അന്നമില്ലാതെ അവസാന ശ്വാസവും
അടര്‍ന്നു വീണ ഒരു ഭിക്ഷുവാണ്അവയ്ക്ക്
ഇന്നത്തെ ഭക്ഷണം
.

അരക്കില്ലം

ആരുമില്ലാത്തവന്
അറിവും അന്നവും
അമ്മ വഴി ദാനം
വായനയുടെ വരദാനം
പിതാവില്‍ നിന്നുംപദസമ്പത്ത്
കവിതയോടായിരുന്നു കാമം
കല്പന ചിറകു വിരിച്ചപ്പോള്‍
കോറിയിട്ടതെല്ലാം കലര്‍പ്പില്ലാത്ത -
ജീവിതം
എന്നിട്ടും
അന്നത്തിലേക്ക്
മണ്ണ് വാരിയിട്ട്‌
അവര്‍ പറഞ്ഞു
അനുഭവ മില്ലാതവന്റെ അറിവിന്‌
അരക്കില്ലത്തിന്റെ അനുഭവം.
അന്നം കുത്തി ആളറിയാതവന്
അറിയില്ലല്ലോ
അരച്ചാൺ വയറിന്റെ നിലവിളി

2011, ഡിസംബർ 17, ശനിയാഴ്‌ച

വിചാരം

എല്ലാവരിലുമുണ്ട്
കുറെ വിചാരങ്ങള്‍
മറക്കുവാന്‍ കഴിയാത്തവ
മറന്നു കൂടാത്തവ
ഓര്‍മ്മിച്ചെടുത്തവ
ഓര്‍ക്കുവാന്‍ പാടില്ലാത്തവ .
പക്ഷെ,വിചാരത്തിനു
രൂപമോ ,നിറമോ,ഗന്ധമോയില്ല
ഒരിക്കലും ഉരിഞ്ഞെറിയാന്‍
കഴിയാത്ത വിചാരങ്ങളെ
രൂപവും,നിറങ്ങളും,ഗന്ധവുമുള്ള
പശ്ചാതലത്തില്‍ ചാരിവെച്ച്
നാം ഓര്‍മ്മകളാക്കുന്നു
നനവുള്ള പച്ച മണ്ണില്‍
നമ്മോടൊപ്പം അവസാന തരിയും
ലയിക്കുന്നത് വരെ

പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍മുന്നേറും

കൂട്ട്കൂടി പാട്ട്പാടി കൂട്ടരേപഠിക്ക നാം
കുരുത്ത കുഞ്ഞു മോഹമെല്ലാം
കരുതലോടെ കാക്ക നാം
പഠിച്ചു നല്ലവരായി നാം
ജയിച്ചു മുന്നേറീടുക
പൂര്‍വ്വികര്‍ തെളിച്ച പാത
പതറിടാതെ പൂകുക
പുതു വസന്ത മായി പൂത്തു -
ലഞ്ഞിടേണ്ട പൂക്കള്‍ നാം
മണ്ണിതില്‍ മനുഷ്യ സ്നേഹ
ചിത്രവാതില്‍ തുറക്കനാം
ജാതിയല്ല,മതങ്ങളല്ല
നമ്മളെ ഭരിക്കുക
ഇനി മനുഷ്യ സ്നേഹം കൊണ്ട്
മനുഷ്യരെ ഭരിക്കനാം
വേണ്ട മനുഷ്യര്‍ തമ്മിലീ
വേര്‍തിരിവിതെന്തിനു
വേര്‍തിരിഞ്ഞു പോരടിച്ചു
വേലി തീര്‍പ്പതെന്തിനു
സ്നേഹമാണ് ബ്ഭൂവിതില്‍
ശാശ്വതമെന്നോര്‍ക്കുക
പഠിച്ചു നല്ലവരായി നാം
ജയിച്ചു മുന്നേറീടുക

റോസാപൂവ്

കടവത്തൂര്‍ കനവുകള്‍
വായിച്ചിരിക്കുംപോഴാണ്
ഉറക്കത്തിന്റെ പടവുകള്‍
കയറിയത്
ജിബ്രാനും,ദാര്‍വിഷും
എന്റെ ഹൃദയത്തിന്റെ
ഇരു ദലങ്ങളിലുംഅള്ളി-
പ്പിടിച്ചുനിന്നു
ജിബ്രാന്റെ പ്രണയ ത്തുടിപ്പുകള്‍
എന്റെ വലതു ദളത്തില്‍
ദാര്‍വിഷിന്റെ വിപ്ലവ ഗീതികള്‍
എന്റെ ഇടതു ദളത്തില്‍
വിപ്ലവവും,പ്രണയവും
ഒരു സന്ധിയിലെത്തിയപ്പോള്‍
ഹൃദയം ചുവന്നു തുടുത്ത
ഒരു റോസാപൂവ്

ഉറക്കം തൂങ്ങി

നിലത്തൊരു നിഴല്‍
തുന്നി ചേര്‍ത്ത് കൊണ്ട്
അയലില്‍ തുണികള്‍തൂങ്ങുന്നു
അടുക്കള പ്പുറത്ത് നിന്നൊരമ്മ
പാത്രങ്ങള്‍ കഴുകുന്നു
കളി ചിരിയാലൊരു കന്നുകുട്ടി
തൊടിയിലേക്കിറങ്ങുന്നു
കാക്ക തൂത്ത മുറ്റത്ത്
കൂനനുറുമ്പുകള്‍ മേയുന്നു
കൈനക്കി ഒരു പൂച്ച
കാല്‍ മുഖം കഴുകുന്നു
എരണം കെട്ടവന്റെ
ഇരിപ്പ് കണ്ടില്ലേ
ഇറങ്കല്ലില്‍ ഉറക്കവും തൂങ്ങി

റോഡുകള്‍

റോഡുകളി ലെങ്ങും ചതിക്കുഴികള്‍
ചോരയുടെ ചുവന്ന തടാകങ്ങള്‍
അധികാരത്തിന്റെ അര്‍ബ്ബുദങ്ങള്‍
അഴിമതിയുടെ ബാക്കിപത്രങ്ങള്‍
കുതിക്കുകയാണ് നമ്മള്‍
കുഴിയാന മനസ്സുമായി
വികസനത്തിന്റെ ആകാശ-
വാതിലുംതുറന്നു
അനന്തതയിലേക്ക്
കൊതിച്ചുപോകുന്നു
കുഞ്ഞുനാളില്‍ക്കണ്ട
കറുത്ത റോഡുകളെ കാണാന്‍
തോടുകളുണ്ടാക്കാന്‍ എത്ര എളുപ്പം!
എന്നാണിനി ഉണ്ടാവുക നമുക്കും ഒരു റോഡു ?!

മ (ര )ണം

മരണത്തിനു മണങ്ങളേറെയാണ്
ചന്ദനത്തിരിയുടെ
കുന്തരിക്കത്തിന്റെ
വെന്തതേങ്ങയുടെ
നെയ്ത്തിരിയുടെ
പഴുത്ത വ്രണങ്ങളുടെ
പുഴുങ്ങിയ ചക്കയുടെ
പഴത്തോട്ടങ്ങളുടെ
പൂത്ത അരളിയുടെ
മരണത്തിനു മണങ്ങളേറെയാണ്
മരണത്തിനു മണ്ണിന്റെ മണമാണ്

2011, ഡിസംബർ 13, ചൊവ്വാഴ്ച

പൂക്കള്‍

പൂവുകള്‍ പാരിന്‍റെ ഓമനകള്‍
പുലര്‍കാലമേകുന്ന സ്വാഗതങ്ങള്‍
സുഗന്ധംപരത്തിസുഖിപ്പിച്ചിടും
സന്തോഷമേകി രസിപ്പിച്ചിടും
തേനല്പ്പമുള്ളില്‍ കരുതിവെയ്ക്കും
സ്നേഹമരന്ദം പകര്‍ന്നു നല്‍കും .
പൂമ്പാറ്റ വന്ന് പുണര്‍ന്നിടുമ്പോള്‍
പുഞ്ചിരിയാല്‍ തേന്‍പകര്‍ന്നു നല്‍കും
പഞ്ചാരപുഞ്ചിരി ചുണ്ടുകളില്‍
അമ്മ മുത്തങ്ങളേകുന്ന പോലെ
പിന്ചോമനച്ചൊരിവായിലേക്ക്
പഞ്ചാമൃത മൂറ്റി നല്‍കും പോലെ .
പിന്ചോമാനകളും ,പൂവുകളും
ഇല്ലയെന്നാകില്‍ നാംഓര്‍ത്തുനോക്കൂ
പാരിതില്‍ മാനവ ജീവിതങ്ങള്‍
എത്രമേല്‍,എത്രമേല്‍ അര്‍ത്ഥ ശൂന്യം

മഴ ത്തുള്ളികള്‍

കരിമുകിലാമൊരു
കള്ളിപ്പെണ്ണ്
കുടവും പേറി
നടക്കുമ്പോള്‍
കാറ്റൊന്നോടി
കാതില്‍ വന്ന്
കുസൃതിയതെന്തോ
ചൊന്നല്ലോ
പൊട്ടിച്ചിരിയാല്‍
ഒക്കത്തുള്ളൊരു
കുടമൊന്നാടി
യുലഞ്ഞപ്പോള്‍
തുളുമ്പിപോയൊരു
യിത്തിരി വെള്ളം
മഴ ത്തുള്ളികളായ്
താഴേക്ക്‌.

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

പുതു വത്സരം

കുതിച്ചു പായുകയാണ് കാലവണ്ടി
കുലുങ്ങിയും,കുണുങ്ങിയും
കഴിഞ്ഞു പോയതിൻ
കളങ്കങ്ങളെയോര്‍ക്കാതെ
കൊഴിഞ്ഞു പോയതിന്‍
കുറവുകളെ നോക്കാതെ
ദിനങ്ങളും,ആഴ്ച്ചകളും -
ഋതുക്കളും,ഇരുളുംവെളിച്ചവും
നോക്കാതെ
കുതിച്ചു പായുകയാണ്
കൂവിപ്പായ്യുന്ന ഒരു തീവണ്ടിയായി .
കാലക്കരയില്‍ കാറ്റേറ്റിരിക്കുന്നു നമ്മള്‍
കാലമറിയാതെ കാലംപോക്കുന്നുനമ്മള്‍
കുതിക്കുന്നു അപ്പോഴും കാലം
കുളിരിനിടയിലൂടെ കൂപ്പുകയ്യുമായി
ആഗ്രഹായണത്തിന്റെ
അനുഗ്രഹാശിസ്സുമേറ്റ്
പൌഷ മാസത്തിന്റെ
പുഷപ്പ സരിത്തിലേക്ക്

പ്രണയം ഇങ്ങനെ

ആ ഉറ്റു നോട്ടത്തില്‍
പിടിച്ചു നിർത്തുന്നൊരു കാന്തീകത
വിലക്കപ്പെട്ടൊരു സവിശേഷത-
ഇരുവര്‍ക്കു,മനുഭവപ്പെടുന്നു
ചിലന്തി ഈച്ചയ്ക്ക് ചുറ്റും
വല കെട്ടുന്നത് പോലെ
ചിന്തയുടെ ഒരു ചിലന്തി
മനസ്സിനെ വലയം ചെയ്യുന്നു
അവളാണോചിലന്തിവല കെട്ടിയത് ?!
അതോ അവനോ ?!!
ഇരുവരും ഒന്നിച്ചു ചേര്‍ന്നോ ?!!!.
വലയുടെ നൂലുകള്‍ വളയുകയും
പിരിയുകയും ,ഒട്ടിച്ചേരുകയുംചെയ്യുന്നു
പറക്കുന്ന ചുംബനങ്ങൾ
ചുണ്ടുകളില്‍ കുരുങ്ങുന്നു
മുന്നോട്ടു നടക്കുമ്പോള്‍
മുന്നിലെ ചക്രവാളം പിന്നിലോട്ടും
പിന്നിലെ ചക്രവാളം
മുന്നിലോട്ടും നടക്കുന്നു
ചിലന്തി ഇരയെപിടിക്കുക-
തന്നെ ചെയ്യുന്നു
മനസ്സും,ശരീരവും ചുറ്റിപ്പിടിക്കുന്നു
ഒരു കൊടുംകാറ്റിനും തൂത്തെറിയാന്‍
കഴിയാത്ത വിധം
അവര്‍ ഒന്നിക്കുന്നു

2011, ഡിസംബർ 8, വ്യാഴാഴ്‌ച

കൊതിയൂറും കാഴ്ച്ച

അമ്മയുടെ ഇഷ്ട്ടപ്പെട്ട സീരിയല്‍
'പ്രണയകഥ '-കാണുവാന്‍
ടി വി തുറന്നത് മുതല്‍
കുട്ടി കരയുവാന്‍ തുടങ്ങി
വീണ വയലിന്‍ സംഗീതം -
കേട്ടപ്പോള്‍
കരച്ചില്‍ ഉച്ചസ്ഥായിലെത്തി
ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് ...
ഒരു ചാനലില്‍ വലിയ പട്ടണം
ബോംബു സ്ഫോടനത്തില്‍
ചിതറിത്തെറിക്കുന്ന ജനങ്ങള്‍
കൂട്ടക്കരച്ചില്‍,ചോരച്ചാലുകള്‍
കുട്ടി ചിരിക്കുവാന്‍ തുടങ്ങി
പൊട്ടിപ്പൊട്ടിച്ചിരിച്ച്
അവന്‍ ടി വിക്കരികിലേക്ക്-
ഓടിയടുത്തു

നവംബറിന്റെ ചിത്രം

ഞാന്‍നീഎന്നില്ലാതെ
ഒറ്റയ്ക്കും കൂട്ടം കൂട്ടമായും
എത്തിക്കൊണ്ടിരുന്നു
നവംബറിലെആ പ്രഭാതത്തില്‍
നവം നവങ്ങളായ പൂക്കളുള്ള
ഒരു പൂന്തോട്ടം പോലെ
ഒഴുക്കായിരുന്നു
പുഴ പോലൊരൊഴുക്ക്
മഞ്ഞല പോലെ
മങ്ങലേല്‍പ്പിക്കുന്നുണ്ടെന്കിലും
ഓര്‍മ്മയിലുണ്ടിന്നും ആ ചിത്രം
ഉണരാത്ത ഉടലുമായി
ഉണ്ട് വ്യാളിയുടെ ആ ഇരുണ്ട ചിത്രം .
സൂര്യ കാന്തി പൂവുകളിലെ
ഊറിപ്പടര്‍ന്ന ചോരച്ചി ത്രം .
ശൈത്യം വന്നു വിഴുങ്ങാത
കുറെ പേരുകള്‍
പച്ച ഞരമ്പില്‍ പൊള്ളുന്നുണ്ടിന്നും

വിരഹിണി

നിറഞ്ഞ സന്ധ്യയ്ക്കും
നിറവാഴത്തോപ്പിലെ
നാരു വഴിയിലേക്ക് നോക്കി
അവളിരുന്നു പോകും
പ്രവാസത്തിനുപോയവന്റെ
കുറിമാനത്തിന് .
കണ്ണൊന്നടച്ചാല്‍
മുന്നിലെത്തും
കണ്‍ തുറന്നാലോ
കരളിലെത്തും
അന്തിയുറക്കത്തില്‍
അരികിലെത്തും
ആതിര നിലാവായ്
ചേര്‍ന്നിരിക്കും
കാതങ്ങല്‍ക്കകലെയായ്
കാത്തിരിപ്പെങ്കിലും
കാതില്‍ കുറുമ്പുകള്‍
ചൊല്ലിത്തരും

2011, ഡിസംബർ 7, ബുധനാഴ്‌ച

കൈക്കല

പ്രാതലിന് പാത്രവുമായി
അയാളിരുന്നു
കത്തുന്ന നോട്ടവും
പൊള്ളുന്ന വാക്കുമായി
അയാളക്ഷമനായി
നേരം വൈകി നേരം വൈകി .
തിളച്ചു മറയുന്ന കണ്ണീരും
വെന്തു തൂവിയ ഹൃദയവുമായി
അവള്‍ ഭക്ഷണം വിളമ്പി കാത്തിരുന്നു
കുടഞ്ഞെറിയാന്‍ പാകത്തില്‍
കൈക്കലയായി

ഓന്ത്

ഒട്ടിപ്പിടിക്കുന്ന നോട്ടവും
ഒടുങ്ങാത്ത ദാഹവുമായി
കവലയിലും,കുറു വഴിയിലും
കാത്തിരിപ്പുണ്ടാകും
കുറേ ഓന്തുകള്‍
ആളും തരവും നോക്കി
മാറും നിറങ്ങളേറെ
തഞ്ചത്തില്‍ നിന്നില്ലേല്‍
ഏറ്റുമത് മഞ്ചത്തില്‍
ഉറക്കത്തിലുമത് ഉറയൂരി
ഊറ്റിടും ചുടുരക്തം
..........................................
മഞ്ചം=ശവമഞ്ചം
----------

2011, ഡിസംബർ 3, ശനിയാഴ്‌ച

കണ്ടതിങ്ങനെ

പണ്ട് കൂടെ പഠിച്ചതാണ്
പൊട്ടി പ്പെണ്ണായിരുന്നു
പട്ടിണി കൂട്ടായിരുന്നു
പാവം
മഞ്ഞു പെയ്യുന്ന മാസത്തില്‍
പിന്നി ത്തുന്നിയ ഉടുപ്പുമായ്
മുല്ല പൊഴിയും ചിരിയുമായ്
മന്ദമവൾ നടന്നു വരും .
മണിയനീച്ച ,യാര്‍ക്കുന്നു
മനം മടുക്കുംശവഗന്ധം
പെരെന്തിനു പെങ്ങളെ
ഉണ്ട് മനസ്സിലിന്നും നീ
പണ്ട് കണ്ടത്തില്‍ പിന്നെ
കണ്ടതിങ്ങനെ യായല്ലോ

ജലം

ജലമെന്നാലത് ജീവജലം
പാര് നമുക്കേകുന്ന മൃതം
പാഴാക്കരുതേ ഒരു തുള്ളി
പ്രാണന്‍ നല്‍കും നീര്‍ ത്തുള്ളി
* * * *
വെള്ളമെന്നാലത്ത്
വെറുതെയുണ്ടാവില്ല
മണ്ണിനെകാക്കണംനമ്മള്‍
സമ്പത്ത്എന്നത്പോലെ-
കാത്തീടിലെ
നാളെയുംമന്നിലുണ്ടാകൂ

അടിമകളെല്ലിനി

അടരാടുക നാം
അടിമകളെളല്ലിനി
ജന്മം മധുരോജ്ജ്വലമാക്കാന്‍
പൂര്‍വ്വ പിതാക്കള്‍ രണാങ്കണങ്ങളില്‍
ജീവിത രക്തം അര്‍ച്ചിച്ചോര്‍
കച്ചവടക്കാര്‍ കാട്ടിയ ക്രൂരത -
കണ്ടു തരിച്ചവര്‍ കൊണ്ടു മടുത്തവര്‍
മരണം മാതൃക യെന്നെന്നോതി
അഭിമാനം ധന മെന്നെന്നോതി
അടര്‍ക്കളത്തില്‍ അടരാടീടിനോര്‍
അവരുടെ നെഞ്ചിന്‍ തീച്ചൂളകളും
കത്തും കൃഷ്ണ മണിപന്തങ്ങളും
ധീരോദാര സ്വരമാധുരിയും
ചോരച്ചാലാല്‍ പുഷ്പ്പാര്‍ച്ചനയും
നമ്മളെനാമായ്‌ മാറ്റിയതോര്‍ക്ക
അടരാടുക നാം അടിമകളെളല്ലിനി
ജന്മം മധുരോജ്ജ്വലമാക്കാന്‍

പ്രണയത്തിന്റെ മുഖം

പ്രണയത്തിനെന്നാണ്
പാതി വൃത്യം നഷ്ട്ടമായാത്
വാന്‍ഗോഗ് കാതു കൊണ്ടൊരു
കവിത രചിച്ചപ്പോഴോ !
മരണത്തിന്റെ ശിഖരത്തില്‍
ഇടപ്പള്ളി തൂങ്ങിയാടിയപ്പോഴോ !!
ഷാജഹാന്‍ താജ്മഹല്‍ പണിതപ്പോഴോ!!!.
പ്രണയത്തി ന്റെ മുഖംഎന്നാണു വികൃ്തമായാത് -
മാംസവും,മാദകവുമായത്
മഞ്ഞപ്പുസ്തകത്തിലെ താളുകള്‍ പോലെ
അറപ്പും,വെറുപ്പുമുണര്‍ത്താന്‍ തുടങ്ങിയത് .
പ്രണയ മെന്നാണ് പ്രാണനില്‍ നിന്ന് -
പറിഞ്ഞു പോയത്
രക്ത ചിന്തയില്‍ നിന്നും
ചീന്തി യെറിയപ്പെട്ടത്‌ .