malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഏപ്രിൽ 28, ഞായറാഴ്‌ച

ഓർമ്മിപ്പിക്കുന്നത്


പട്ടം പോലെ മുകളിലേക്ക്
പൊങ്ങി പൊങ്ങി പോകുമ്പോൾ
ഓർക്കണേ

മണ്ണിനടിയിലെ
ആരുടേയോ കൈയ്യിലെ
ചരടിൽ നിന്ന് അയച്ചു വിടുന്ന
പട്ടമാണ് നമ്മൾ

2024, ഏപ്രിൽ 24, ബുധനാഴ്‌ച

ശവക്കുഴി


കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

2024, ഏപ്രിൽ 22, തിങ്കളാഴ്‌ച

വർത്തമാനകാലത്ത്


മുറ്റത്തെ മുരിക്കുമരത്തിലിരുന്ന്
ഒരു കാക്ക കരയുന്നു
കാലം കറുപ്പെന്ന് വിളിച്ചു പറയുന്നു
ഓട്ട കണ്ണിട്ടു നോക്കുന്ന ഒരു കാക്ക
എൻ്റെ ഉള്ളിൽ പിടഞ്ഞുണരുന്നു

കാക്കതന്നെയാണോ സംസാരിക്കു -
ന്നത്
അതോ; കാലത്ത് കൊറ്റിനുള്ള -
വകതേടിപ്പോയ അച്ഛനോ
അങ്ങാടിയിൽ പോയ അമ്മയോ
പഠിക്കാനിറങ്ങിയ പെങ്ങളോ

പുറത്തേക്കിറങ്ങുന്ന നീ
തിരിച്ചു വരുമ്പോൾ
ഞാനുണ്ടാകില്ലെന്നാണോ പറയുന്നത്
ഈ കാക്ക എൻ്റെ ജഡമെന്നും,
സംസാരിക്കുന്നത് ആത്മാവുമെന്നാണോ
പറയുന്നത്

കാലം കൊരുത്തെടുത്തതിൻ ബാക്കി
അന്തിയുടെ ജഡമായെൻ്റെ മുന്നിൽ
കിടക്കുന്നു
ഇടവഴികളിലൂടെ കരച്ചിലുകൾ ഓടി വരുന്നു
ഒരുരുളച്ചോറായ് ഞാൻ രൂപാന്തരപ്പെടുന്നു
മുരിക്കുമരത്തിലെ കാക്ക ആർത്തിയോടെ
കൊത്തി വിഴുങ്ങുന്നു

2024, ഏപ്രിൽ 21, ഞായറാഴ്‌ച

ഇരയും വേട്ടക്കാരനും


വില്ല് വിറച്ചു തുള്ളുന്നു
കൊല്ലും ഞാൻ നിന്നെ.

എൻ്റെ മുനയിൽ മരണ -
മെന്ന് അമ്പ്
ഉന്നമെൻ്റേതെന്ന് കണ്ണ്
ഇച്ഛഎൻ്റേതെന്ന് മനസ്സ്
കരുത്തെൻ്റേതെന്ന് കൈ
ഇര എൻ്റേതെന്ന് വേട്ടക്കാരൻ

ഇര
എന്നും
എരിതീയിൽ നിന്ന്
വറച്ചട്ടിയിലേക്ക്

2024, ഏപ്രിൽ 20, ശനിയാഴ്‌ച

മാനിഷാദ


ആദിമ കവിയുടെ ഉത്കട ദു:ഖത്തിൽ -
നിന്നാദ്യത്തെ കവിതയായ് 'മാനിഷാദ' -
പിറന്നു
കേട്ടതില്ലൊരു കാതും
മിണ്ടിയതില്ലനാവും
ഒഴുകുന്നു കണ്ണീരിന്നും
തമസാ നദിയായി

പച്ചമരങ്ങളെല്ലാം പച്ചയ്ക്കു തന്നെ -
കത്തി
പിച്ചച്ചട്ടികൾ പോലും മൺകൂനകളായി
തോക്കുകൾ മാത്രം വർത്തമാനങ്ങൾ
ചൊല്ലീടുന്നു
മറമാടാൻ മണ്ണില്ലാതെ
പരേതർ ഉഴലുന്നു !

ഒലീവിലക്കൊമ്പുമായ്
പറക്കും പിറാക്കളെ
കുരിശുമലയുടെ കുറുകേ പറക്കുക
ശാന്തി സമാധാനങ്ങൾ
സ്നേഹ സാന്നിധ്യമായി
നാൾക്കുനാൾ പെയ്തീടട്ടെ
ഭൂവിലിനിയെങ്കിലും



2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച

കുളി


കനിമര മുകളിലേറി
കുളത്തിലേക്ക് മുതല-
ക്കൂപ്പുകുത്തിയ ബാല്യം

അട്ടാച്ചൊട്ട
മലർന്നു നീന്തൽ
മുങ്ങിക്കല്ലെടുക്കൽ

കല്ലിലടിച്ച് നനച്ച്
മുങ്ങിക്കുളിച്ച്
ഈറനുടുത്ത പ്രഭാതം

ഇപ്പോൾ
കുളമില്ല
കുളിയിൽ കുളിരില്ല

ബക്കറ്റിലെ
പൈപ്പുവെള്ളം
തലയിലെ ചൂട്

ഓർമ്മകൾ
മുതലക്കൂപ്പുകുത്താറുണ്ട്
ഇപ്പോഴും

2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

അമ്മയും കുഞ്ഞും


ലിപികളില്ലാത്ത
ഭാഷയിലൊക്കെയും
ഞാൻ മൊഴിഞ്ഞത്
നിനക്കറിഞ്ഞിടാം

എൻ്റെ ഭാഷയിൽ
നനഞ്ഞു കുതിർന്ന
നിൻ
മിഴിയിലാകെയും
ആനന്ദബാഷ്പം

എന്നെയാകെയും
ചേർത്തുവായിച്ച നീ
അകതാരിൽ മന്ത്രിപ്പൂ :
'അറിവില്ലാപൈതങ്ങൾ
മണ്ണിലെ ദൈവങ്ങൾ'

അതിഗൂഢമായൊരു
നിർവൃതിയാലെ നീ
വാരിയെടുത്തെന്നെ
മുത്തങ്ങളാൽ മൂടി

പിന്നെ നിൻ ഭാഷയിൽ
മുങ്ങി നിവർന്നു ഞാൻ
നിൻ മിഴിക്കോണിലോ
തങ്ങുന്നു നീർത്തുള്ളി

പിന്നെ,
ലിപികളില്ലാത്ത
ഭാഷയിലൊക്കെയും
നീ മൊഴിഞ്ഞത്
എനിക്കറിഞ്ഞിടാം

2024, ഏപ്രിൽ 17, ബുധനാഴ്‌ച

തീവണ്ടി


ഉരുക്കിന്റെ ഉരഗം ഒരുങ്ങി നിൽക്കുന്നു
ഓട്ട പന്തയത്തിനെന്നപോൽ
ആഞ്ഞു നിൽക്കുന്നു

പെരുവയറൻ പാഞ്ഞു പോകുന്നു
എത്ര കിട്ടിയാലും
പള്ള നിറയാത്ത പഹയൻ

കുതിച്ചുവന്ന് കിതച്ചു നിൽക്കുന്നു
കൂകുമൊരുകാട്ടാളനെപ്പോലെ
ഒറ്റക്കണ്ണിൽ അടങ്ങാത്ത എരിതീ

രാവെന്നോ പകലെന്നോയില്ല
കാടന്നോ പുഴയെന്നോയില്ല
തരംതിരി വൊട്ടുമില്ല
ജീവനും കയ്യിലെടുത്ത് ഒറ്റക്കുതിപ്പാണ്

ആമയുടെയും മുയലിൻ്റെയും പന്തയം.
തോറ്റുപോകാറുണ്ട് ആമയോട്
കിടന്നുറങ്ങി പോകാറുണ്ട്
മണിക്കൂറുകളോളം

2024, ഏപ്രിൽ 15, തിങ്കളാഴ്‌ച

മരണമില്ലാത്തത്


നോക്കൂ ,
ഞാനന്നൊരു കുഞ്ഞായിരുന്നു
ഒരിക്കൽ;വീട്ടുവക്കിൽ വന്ന
പഴച്ചെടി വിൽപ്പനക്കാരനിൽ നിന്നും
ഒരു ചെറിമരച്ചെടി വാങ്ങിച്ചു.

ഇന്ന് വളർന്നു വലുതായി
ചെറിമരം പൂവിട്ടു കായിട്ടു
പ്രണയികളുടെ ഗന്ധമാണ്
ചെറിപ്പൂവുകൾക്ക് !
ചുംബിച്ചു ചുംബിച്ചു ചുവന്ന
ചുണ്ടുകളാണ് ചെറിപ്പഴങ്ങൾ !!

പ്രിയേ,
നീ എന്നിലെന്നപോലെ
ചെറിമര വേരുകൾ
മണ്ണിലേക്ക് ആഴ്ന്നിരിക്കുന്നു
പ്രണയമെന്നതു പോലെ
അത് മണ്ണിൻ്റെ ഹൃദയത്തിൽ
പറ്റിച്ചേർന്നു കിടക്കുന്നു

എത്ര എടുത്തു മാറ്റിയാലും
ബാക്കിയാകുന്ന മണ്ണാണ് പ്രണയം
അതിൽ അള്ളിപ്പിടിച്ചു പറ്റിച്ചേർന്നു
നിൽക്കുന്ന ചെറിമരമാണു നാം
മണ്ണ് പ്രണയമെന്നതു പോലെ
മരണമില്ലാത്തത് പ്രണയം

2024, ഏപ്രിൽ 14, ഞായറാഴ്‌ച

ബാല്യകാലം


ബാല്യകാലത്തിൻ്റെ വേലത്തരങ്ങളുണ്ടിന്നുമീ മാനസപ്പെട്ടകത്തിൽ 

ഒന്നും കളയാതെ സൂക്ഷിപ്പതുണ്ടുഞാൻ 

നിധിപോലെയിന്നുമീ ഹൃത്തടത്തിൽ

ഗോലികളും പിന്നെ പൊട്ടിയ പെൻസിലും വളപ്പൊട്ടും മാമ്പഴ മാധുര്യവും 


പച്ചോല പന്തും പഴുത്ത പുളിങ്ങയും

മൊട്ടാമ്പുളിയും മഷിപ്പച്ചയും 

കുസൃതിയും കുഞ്ഞു പിണക്കങ്ങളും പിന്നെ കള്ളനും പോലീസും അടിപിടിയും 


അന്തിക്കരി തിളപ്പിക്കുവാനായി 

ചുള്ളിയും മുള്ളിയും വിറകൊരുക്കി

നെല്ലു വറുത്തു തരക്കിയരിയാക്കി 

കഞ്ഞിവെച്ചുള്ളൊരാ ബാല്യകാലം


ആർത്തി പെരുത്തുള്ള വിശന്നു പൊരിയുന്ന വയറുമമർത്തി മാന്തോപ്പിലേക്കോടിയും

കണ്ണിമാങ്ങാച്ചുന കവിളുപൊള്ളിച്ചുള്ള കാലമുണ്ടിന്നും കറയറ്റൊരുള്ളിൽ


പുര ചോർന്നൊലിക്കുന്ന പെരുമഴക്കാലത്തും 

പുഴപോലെ ചിരിച്ചൊരാകാലം


2024, ഏപ്രിൽ 11, വ്യാഴാഴ്‌ച

ആശ


വിട പറഞ്ഞു നീ പടിയിറങ്ങീടവേ
കരളു പൊട്ടിക്കരയുകയാണു ഞാൻ
നിൻ്റെ സാമിപ്യം കളിതമാശകൾ
ഓർത്തുനോക്കവേ ആർത്തനാകുന്നു ഞാൻ

സാർത്ഥമാകുമെന്നോർത്ത വാക്കുകൾ
വ്യർഥമാകുന്നതറിയുന്നുയിന്നു ഞാൻ
വ്യഥയിതാരറിയുന്നു ഞാനല്ലാതെ
ആഴക്കടലതിലാണ്ടു പോകുന്നു ഞാൻ

നിനക്കു പകരമാകില്ല നീയല്ലാതെ
നറുനിലാവല്ല നിറവിളക്കോർക്കുക
പഴമുറം കൊണ്ടു മൂടുവാൻ കഴിയുമോ
സൂര്യനെയെന്നപോൽ തന്നെയീ സത്യം

സ്മൃതിപഥത്തിൽ നീ ചിരിയായി നോവായി
പതിൻമടങ്ങായി പരിലസിച്ചിടും
വെറുതെയാശിച്ചു പോകുന്നു ഞാനിപ്പോൾ
ഒരു തണുവായ് നീ അരികിലുണ്ടെങ്കിൽ

2024, ഏപ്രിൽ 9, ചൊവ്വാഴ്ച

മാരകം


അത്രയും
മധുരമായ്തീരേണ്ട
മനസ്സിനെ
ഇത്രയും
മാരകമാക്കുന്നതെന്തു നീ

2024, ഏപ്രിൽ 8, തിങ്കളാഴ്‌ച

വേനൽ


എരിയുന്ന വെയിലിൽ പൊരിയുന്നു
ഏറിയ വറുതിയിലുരുകുന്നു
വിതയ്ക്കുന്നതെല്ലാം കരിയുന്നു
ഇല്ലില്ല നനവിന്റെ ചെറു തുള്ളി

കിഴക്കു കനൽച്ചൂള പൊന്തുമ്പോൾ
ചെങ്കുങ്കുമപ്പൊടി പാറുമ്പോൾ
ഇല്ലില്ല കുളിരിൻ ചെറുതുള്ളി
കവിതകൾ മൂളും ചെറുതെന്നൽ

ഹരിതകം ചോർന്നോരും പത്രങ്ങൾ
മഞ്ഞച്ചു മഞ്ഞച്ചു നിൽക്കുന്നു
വിശപ്പു വറ്റിയ കുഞ്ഞുങ്ങൾ
മുടന്തി പുറകിൽ കിതയ്ക്കുന്നു

മുറ്റിത്തഴച്ചൊരാ കാലങ്ങൾ
മടങ്ങിവരുമെന്ന് ആർക്കറിയാം
ഒട്ടുമേ വെടിയൊല്ല ആശകൾ നാം
വരുംവരുമെന്നു കാത്തിരിക്കാം

2024, ഏപ്രിൽ 6, ശനിയാഴ്‌ച

സമസ്യ


കാലം കടുംതുടി കൊട്ടിടുന്നു
കാണുക മക്കളേ കരാളനീതി
ചേണുറ്റ വീഥിയെന്നോർത്തു നിങ്ങൾ
ചോരയൂറ്റും വഴിയിലകപ്പെടല്ലേ

ആശതൻ പാശമെന്നോർത്തു നിങ്ങൾ
പേശുന്നതെല്ലാമെ വിശ്വസിക്കിൽ
പാശം പലമട്ടിൽ ശിക്ഷയാകും
ആശ്വാസമാകില്ല ഓർത്തുകൊൾക

ചിത്രപതംഗമായ് പാറിടുമ്പോൾ
ചിത്തത്തിൽ നേർവഴി തെളിഞ്ഞിടേണം
മിന്നും വെളിച്ചം തീ എന്നറിക
ഈയാം പാറ്റയാകാതെ കാത്തുകൊൾക

ഇല്ലാരുമേയെന്ന് ഓതുവോർക്ക്
വന്നിടും പലരും മനസ്സുലയ്ക്കാൻ
മനസ്സേകമെന്നോതി കൂട്ടുകൂടാൻ
ദുഃഖ സമസ്യയായ് മാറ്റിടൂവാൻ

2024, ഏപ്രിൽ 3, ബുധനാഴ്‌ച

കത്ത്


കത്തെഴുത്ത് നിർത്തിയതിൽ പിന്നെ
കുത്തും കോമയും മറന്നു
വാക്കിൻ്റെ കുത്തൊഴുക്ക് നിന്നു
കാത്തിരിപ്പ് മറന്നു

വളപട്ടണം പുഴയ്ക്കപ്പുറമിപ്പുറ-
മെന്ന ദൂരം കുറഞ്ഞു
കത്തിലെ 'എത്രയും പ്രിയപ്പെട്ട' -
കാവ്യഗുണം കുറഞ്ഞു

ജീവൻ തുടിക്കാതെയായി
നുരഞ്ഞുയരാതെയായി
ചുംബിച്ചുണർത്താതെയായി
ഓർത്തോർത്തു ചിരിക്കാതെയായി

ഉറക്കം കളഞ്ഞ്
കിനാവു മുറിഞ്ഞ്
കണ്ണുകഴച്ച്
മനസ്സു മടുത്ത്
ഒന്നിനോടും ഒരു
പ്രതിപത്തിയുമില്ലാതെ

ഉണ്ട് ഇന്നും
അന്നത്തെ കത്തുകൾ
ചിതൽ പിടിക്കാതെ
ഉളളകത്തെ പെട്ടിയിൽ

തുടിച്ചുണർന്ന്
നുരഞ്ഞുയർന്ന്
പൊട്ടിച്ചിരിച്ച്
ഞെട്ടിക്കരഞ്ഞ്
ജീവനിൽ തൊടുന്നവ

2024, ഏപ്രിൽ 2, ചൊവ്വാഴ്ച

ശേഷിപ്പ്


ഈയിടെയായി എന്നിലേക്ക്
ഓർമ്മകളെല്ലാം തിക്കിത്തിരക്കി വരുന്നു മറന്നുപോയവ പറന്നു പറന്നു വരുന്നു കളഞ്ഞുപോയവ തിരിച്ചു കിട്ടുന്നു

വലിയ പാറയിൽനിന്നടർന്ന
ചെറുകല്ലായിരുന്നു ഞാൻ
അത് ഒഴുകിയൊഴുകി പരുപരുപ്പിൽ
തേഞ്ഞു തേഞ്ഞ് മിനുസപ്പെട്ട്
ഈ നിലയിലായതാണ്

ഞാനാപഴയ പാറയിൽ തന്നെ
എത്തിയിരിക്കുന്നു.
ഇപ്പോഴെനിക്ക് രാജ്യമുണ്ട്
നാടുണ്ട് ,നഗരമുണ്ട്
നാട്ടുകാരും, കൂട്ടുകാരുമുണ്ട്
അച്ഛനും അമ്മയും പെങ്ങന്മാരുമുണ്ട്

സ്വന്തമെന്നുപറയാൻ ഒരു കുഞ്ഞു വീടുണ്ട്
ഓല മേഞ്ഞതെങ്കിലും ഒരുമയുള്ള ഒന്ന് ചോർന്നൊലിക്കുന്നതെങ്കിലും
ചേർന്നു നിൽക്കുന്ന ഒന്ന്

ഇപ്പോൾ ഞങ്ങൾ ഉപ്പ് മല്ലി മുളക്
അടുപ്പിലെ കനൽക്കട്ട
പരസ്പരം കൈമാറുന്നു
ഒരേ അടുക്കളയിലിരുന്ന് ഒന്നിച്ച്
കഞ്ഞികോരി കുടിക്കുന്നു
തമാശകൾ പറയുന്നു പൊട്ടിച്ചിരിക്കുന്നു കളിയാക്കുന്നു .

ഞാനിപ്പോൾ ഒച്ചിനെപ്പോലെ
ഓർമ്മകളുടെ വീടും മുതുകിലേറ്റി നടക്കുന്നു കണ്ടാൽ മിണ്ടുന്ന, ഒന്നുചിരിക്കുന്ന
പരസ്പരം മനസ്സിലാക്കുന്ന ഒരാളെയെങ്കിലും
തിരഞ്ഞ്........ തിരഞ്ഞ്

2024, ഏപ്രിൽ 1, തിങ്കളാഴ്‌ച

കുട്ടിക്കവിത


തത്തയും നത്തും

പച്ച തത്തകൾ പാറി വരുന്നു
പുത്തൻ നെന്മണി കൊത്തി
യെടുക്കാൻ
വിത്താണെന്നു വിളിച്ചു പറഞ്ഞു
പൊത്തിലെ നത്തുകൾ നാലെണ്ണം !