malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ജനുവരി 31, തിങ്കളാഴ്‌ച

പ്രണയക്കൂട്


തൂക്കണാം കുരുവിയുടെ
കൂടുപോലെ
തൂക്കിയിട്ടൊരു
കൂടുണ്ട് നമ്മുടെയുള്ളിൽ
മനസ്സിൻ്റെ മച്ചിൽ തൂക്കിയിട്ട
പ്രണയക്കൂട്

ചുണ്ടിൻ്റെ ചരിവിലും,
ചുരത്തിലുംവച്ച്
ചുംബനത്തിൻ്റെ പൊള്ളുന്ന
കുളിരിൽ
എത്ര വിയർത്തു വിറച്ചിട്ടുണ്ട് നാം

നിൻ്റെ തൃഷ്ണയുടെ
കൃഷ്ണമണികളിൽ
ആഴമുള്ള ആകാശവും
അലതല്ലുന്ന സമുദ്രവും.

നിൻ്റെ ഗൂഢമായ ചിരിയിലെ
ഗാഢമായ പ്രണയം ഞാനറിയുന്നു
മൗനം കൊണ്ട് നീ തീർത്ത
വാക്കുകളാണ് കവിതകൾ

നാം നമ്മുടെ ഓർമകളെ
ആലിംഗനം ചെയ്തു കൊണ്ടേയി-
രിക്കുന്നു
പ്രണയത്തെ
ചുംബിച്ചു കൊണ്ടും

തൂക്കിയിട്ട തൂക്കണാം കുരുവിയുടെ
കൂടുപോലെയാണ് പ്രണയം
അത് എന്നിൽ നിന്ന് നിന്നിലേക്കും
നിന്നിൽനിന്ന് എന്നിലേക്കും
ആടിക്കൊണ്ടേയിരിക്കുന്നു

2022, ജനുവരി 29, ശനിയാഴ്‌ച

വാക്ക് വറ്റിയ വീടുകൾ


വാക്ക് വറ്റിപ്പോയ ഒരുവീട് ഞാനിന്നലെ -
കണ്ടു
വേർപിരിഞ്ഞവനെ കാത്ത് സങ്കടപ്പെട്ടി -
രിക്കുന്ന ഒരുവളെപ്പോലെ
നിശ്ശബ്ദതയുടെ ആഴക്കുഴിപോലെ
നടുത്തളം
നിട്ടാനീളത്തിൽ വീണുകിടക്കുന്നതുപേലെ
ചായിപ്പ്

വീട്ടകങ്ങളെല്ലാം
ഓരോ ഉപഭൂഖണ്ഡങ്ങളാണ്
ശൂന്യതയും, നിരാശയും
തളം കെട്ടി നിൽക്കുന്നയിടം

സങ്കടത്തിൻ്റെ ഒരുകൈക്കലതുണിയുണ്ട് -
അടുക്കളയിൽ
ദീർഘനിശ്വാസംപോലെ ഇടക്കുയരുന്നുണ്ട്
പാത്രങ്ങളുടെ ചെറുസ്വനം
ചിലഗന്ധങ്ങൾ ചിലനേരങ്ങളിൽ
വാതിൽപ്പഴുതിലൂടെ വെളിയിലേക്കിറങ്ങാറുണ്ട്
ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി

വാക്കുകൾ വേർപിരിയാത്ത
എത്ര വീടുകളുണ്ടിനു നാട്ടിൽ ?!
എന്നായിരിക്കുമിനി
ഏകാന്തതയുടെ പുറന്തോട്പൊട്ടിച്ച്
വറ്റിപ്പോയ വാക്കുകൾ
ഉറവയിടുന്നത്


2022, ജനുവരി 26, ബുധനാഴ്‌ച

മിഠായി


ചമഞ്ഞൊരുങ്ങി
ഞെളിഞ്ഞിരുന്നപ്പോൾ
അറിഞ്ഞിരുന്നില്ല
അലിഞ്ഞലിഞ്ഞ് തീരാനെന്ന്

കോഴി


വരിവരിയായിനിർത്തിയ -
വണ്ടിയിൽ
വരിതെറ്റാതെ കയറിയിരുന്ന്
പുറം കാഴ്ചയിൽ മയങ്ങിയ -
പ്പോൾ
അറിഞ്ഞിരിക്കില്ല
ഇരയാവാനെന്ന്

2022, ജനുവരി 25, ചൊവ്വാഴ്ച

അവൾ


സ്ത്രീയെന്ന നിലയ്ക്ക്
അവൾ നെടുവീർപ്പിടുന്നു
ഭാര്യയെന്ന നിലയിൽ
അനുസരിക്കുന്നു

അവൾക്ക് വൈക്കോലിൻ്റെ
ഗന്ധമെന്ന്
അവൻ അപമാനിക്കുന്നു
അവളുടെ ശാന്തത ദുഃഖം മറയ്ക്കുന്നു
ആരും കാണാതെ കരയുന്നു

അവളുടെ ജീവിതക്കുരിശിൽ
തറയ്ക്കപ്പെട്ട ആണികളാണ്
ഇല്ലായ്മകളും വല്ലായ്മകളും

അവളുടെ രാവുകൾ, പകലുകൾ
പ്രവർത്തനങ്ങൾ, ചിന്തകൾ
കയറില്ലാതെ കെട്ടിയിട്ടപോലെ
അവനാൽ നിയന്ത്രിക്കപ്പെടുന്നു

അവൾ ഭക്ഷണം വിളമ്പുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ?!
ആത്മബന്ധത്തിൻ്റെ ചേരുവകൾ
ചേർത്താണ്
ഇത്രയും സ്വാദെന്ന് തിരിച്ചറിഞ്ഞി-
ട്ടുണ്ടോ?

മനസിലെ കാൽപ്പനികതയിലേക്ക്
അലസഗമനംപോലും നടത്താതെ
സമയവും, ജീവിതവും അവനായി
ഹോമിക്കുന്നു അവൾ

2022, ജനുവരി 20, വ്യാഴാഴ്‌ച

പുരാതന ലിപി


മറവിയുടെ പുതിയൊരു
ജന്മത്തിലേക്കുണരുന്നു
വേവലാതിയുടെ
ദിനരാത്രങ്ങൾ അടരുന്നു
ഏതോ പുരാതന ലിപി
പോലെയവൻ.

ഇടയ്ക്കിടേ ഒരു പഴുതാര
മസ്തിഷ്കത്തിലിഴയുന്നെന്ന്.

തീപ്പെട്ടു പോയ ഒരു മനുഷ്യൻ്റെ
ചലിക്കുന്ന രൂപം
വായിച്ചെടുക്കാൻ പ്രയാസമേറിയ
ഏതോ ഭാഷയിലെഴുതിയ
ഒരു പുസ്തകം
വ്യാകരണം തെറ്റിപ്പോയ
ഒരുവാക്ക്

കാലത്തിൻ്റെ ഏതോതിരിവിൽ
നഷ്ടമായതെന്തോ അവൻ
തിരഞ്ഞുകൊണ്ടിരിക്കുന്നു

ഏതു പെരുവഴിയിൽ വീണായിരിക്കും
ഓർമയുടെ കണ്ണട
ഉടഞ്ഞുപോയിട്ടുണ്ടാവുക

2022, ജനുവരി 19, ബുധനാഴ്‌ച

ചിതറിപ്പോയ ചായം


വാക്കുകൾ അവനിൽനിന്നും
അറ്റുപോയി
ഒരുകരിങ്കൽ ശില്പംപോലെ
ചലനമറ്റു നിന്നു
തൂവിപ്പോയ ചായമാണ്ജീവിതം

എങ്കിലും ,
എത്രവരച്ചാലും ശരിയാകില്ലെന്ന -
റിഞ്ഞിട്ടും
നാം വരച്ചുകൊണ്ടേയിരിക്കുന്നു

തോറ്റമനുഷ്യനെന്ന് വിലപിക്കുന്നു .
ചിലർ ചീന്തിയെറിയുന്നു ജീവിതം
ചിലർ ചുരുട്ടിയെറിയപ്പെടുന്നു
പിന്നെയും ചിലരുണ്ട്
തുറന്നുവെച്ച പുസ്തകംപോലെ

ഒരുകൂട്ടർ അന്യരക്തത്താൽ
സുരക്ഷിതരായി
മറ്റൊരുകൂട്ടർ ആകെ വലഞ്ഞ്
അരക്ഷിതരായി
ചിലരോ വായിച്ച പുസ്തകം
പതുക്കെ മടക്കിവെയ്ക്കുന്നതു -
പോലെ

ജീവിതജാലം മുൻകൂട്ടിയറിയുന്ന -
വരാരുമില്ല
ഒരോന്നു കാണുമ്പോൾ
പരൽമീൻ കണക്കു പിടയുന്നു -
ഉള്ളം

ചോർച്ച


ചേർച്ചയുണ്ടെന്ന്
കരുതിയാണ്
ചേർന്നു നിന്നത്
എന്നാണ് നിന്നിൽ
നിന്നു ഞാൻ
ചോർന്നു പോയത്

കത്തി


എരിഞ്ഞെരിഞ്ഞ്
പാകമായതിനാലായിരിക്കണം
അരിഞ്ഞരിഞ്ഞു വീഴ്ത്താൻ
ഒരു മടിയുമില്ലാത്തത്

2022, ജനുവരി 17, തിങ്കളാഴ്‌ച

ഓക്സിജൻ


മാസ്ക ധരിച്ചാണ് നടന്നത്
മോശമൊന്നും പറയിച്ചിട്ടില്ല
അകലം ആവശ്യത്തിന് പാലിച്ചു
ഓക്സിജൻ മാസ്കിന് ക്യൂവി -
ലാണിപ്പോൾ

പെരുവഴിയിലായ ഒരു പ്രാണൻ:
ഓടകളിൽ, ഒഴിഞ്ഞയിടങ്ങളിൽ ,-
ആൾക്കൂട്ടത്തിൽ
കരയിൽ പിടച്ചിട്ട മത്സ്യത്തെപ്പോലെ
പിടയുന്ന പ്രാണനെ കണ്ടു പോലും

വായുവിൻ്റെ കരയിൽ വായുവിനായ് -
പിടയുന്ന
മത്സ്യമാണിന്ന് മനുഷ്യൻ
മരിച്ചു വീഴുന്ന മനുഷ്യനായി
മത്സരത്തിലാണ് മരുന്നു കമ്പനികൾ

ഒന്ന്
രണ്ട്
മൂന്ന്
വരിനിന്നവർ വീണടിയുന്നു മണ്ണിൽ
ഒഴിഞ്ഞ ഓക്സിജൻ മാസ്കുകൾ
അവസാനമായൊരു നെടുവീർപ്പിടുന്നു

2022, ജനുവരി 16, ഞായറാഴ്‌ച

വിധിപറയുന്ന മൃഗശാല


കുരിശുകൾ
കൂണുപോലെ മുളയ്ക്കുന്നു
ശവഗന്ധം
എങ്ങും നിറയുന്നു

പ്രധാനതെരുവ് തുടങ്ങുന്നത്
ഇപ്പോൾ സെമിത്തേരിക്കടുത്തു -
നിന്നാണ്
അവിടെകിട്ടാത്തതായി ഒന്നുമില്ല
എന്നും തിരക്കാണവിടം

അലമുറകൾക്ക് അവിടെ
അൽപ്പം ആയുസ്സേ ഉള്ളു
മൗനമായിമണ്ണിലേക്കു മടങ്ങിയ -
തിനുള്ള അടയാളമായി
ഒരു മൺകൂനയും ഇത്തിരി -
പൂവും മാത്രം

തെരുവ് ആരവങ്ങളുടെ
പറുദീസ
വെള്ളിക്കാശുകൾ
എണ്ണിത്തിട്ടപ്പെടുത്തുമിടം
യേശുവിനെ കുരിശിലേറ്റാൻ
വിധിക്കും മൃഗശാല

2022, ജനുവരി 15, ശനിയാഴ്‌ച

മറന്നു പോയത്


പെട്ടെന്ന് ;
ഓർമ്മയുടെ ഒരു മഴയിൽ
ഞാൻ നിന്നു നനയുന്നു
മാഞ്ഞുപോയ കുറേവർഷങ്ങൾ
കിളിർത്തു വരുന്നു

നിലച്ചുപോയ ഒരുറവ
നിറഞ്ഞു കവിയുന്നു
ഉണങ്ങിയ ഒരു മരത്തിൽനിറയെ
പച്ചകൾ വിരിയുന്നു

കഴിഞ്ഞകാലത്തിൻ്റെ
കുറച്ചു കുമ്മായമടർന്ന്
മനസ്സിലേക്ക് വീഴുന്നു
തിരിച്ചറിയാൻ കഴിയാതിരുന്ന
പലതും
തിരഞ്ഞുവരുന്നു

കടലാസിൽ അക്ഷരങ്ങളെന്ന -
പോലെ
മനസ്സിലേക്ക് ഓർമ്മകൾ പിറന്നു
വീഴുന്നു
തെറ്റും,തിരുത്തുമില്ലാത്ത ഒരു വഴി
യിലെന്നപോലെ
അവനിശ്ശബ്ദം യാത്രചെയ്യുന്നു

എന്തുകൊണ്ടായിരിക്കും
ഓർമ്മകൾ ,കുഞ്ഞുകുഞ്ഞു
മഞ്ഞുതരികൾ ചേർന്ന്
വലിയ മഞ്ഞുതുള്ളിയായി
മണ്ണിലേക്ക് പതിക്കുന്നതുപോലെ
തലച്ചോറിൽനിന്ന് മനസ്സിലേക്കു
പതിക്കാൻഇത്രയും താമസിച്ചിട്ടു -
ണ്ടാവുക

2022, ജനുവരി 13, വ്യാഴാഴ്‌ച

സ്ത്രീ


സ്ത്രീയേ,
നീയല്ലാതെ മറ്റാരാണ്
മനസ്സിലാക്കിയിട്ടുള്ളത്
മനുഷ്യൻ്റെ
പകുതി സുഖവും
നിസ്സാരവിഷയങ്ങളിലാണെന്ന
സത്യം

2022, ജനുവരി 12, ബുധനാഴ്‌ച

ശേഷിപ്പ്


ചുമയുടെ
ഒരുവരണ്ടവേര്
തൊണ്ടയിൽനിന്നും
പൊട്ടിയടരുന്നു

'റ'കാരംവരയ്ക്കുന്ന
ശരീരത്തിൽ
ലിപിയില്ലാത്ത ഒരുഭാഷ
ശ്വാസത്തിനായിപിടയുന്നു

ഓരോ നേരവും
തീയുടെഒരുതുടം
കുടിച്ചിറക്കുന്നു

ഒരു കയറ്റത്തിന്
ഒരിറക്കംപോലെ
ജീവിതം

ഇത്തിരി വസന്തംപോലും
ബാക്കിയില്ലിനി
വിരൽത്തുമ്പിൽ

ശോഷിച്ച
ചുള്ളിക്കമ്പുപോലെ
ഒരു ജന്മത്തിൻ്റെ
ശേഷിപ്പ്

2022, ജനുവരി 11, ചൊവ്വാഴ്ച

മായാത്തത്


കവിതയുടെ കണ്ണിലേക്ക്
ഉറുമ്പുകൾ അധിനിവേശം നടത്തുന്നു
കാഴ്ചകളെ തുരന്നെടുത്ത്
ചെന്നിയിലൂടെ മാർച്ചുചെയ്യുന്നു

കാതിൽ കാരിരുമ്പ് മുന്നേ സ്ഥാനം -
പിടിച്ചുകഴിഞ്ഞു
കേട്ടവയുടെ അവസാനത്തരിയും
അമർത്തപ്പെട്ടെന്ന് ഉറപ്പ് വരുത്താ
നായാരിക്കണം !

നെഞ്ചിൽ, പണ്ട് പിതാവിനുനേരെ
ഉന്നംവച്ചുപഠിച്ചതോക്ക് അല്പം വിശ്രമ -
ത്തിലാണ്
ചുവപ്പിലേക്ക് തവിട്ടുനിറം പകരുന്നത്
കൊതിതീരെ കാണാനായിരിക്കണം

വായ തുറന്നുതന്നെ കിടപ്പാണ്
വാക്കുകൾ യഥേഷ്ടം ഇറ്റി വീണതിൻ്റെ
ഓർമ്മയിലായിരിക്കണം

തിരഞ്ഞു പോയവരൊക്കെ
തിരിച്ചെത്തിയിരിക്കുന്നു
കണ്ടുകിട്ടിയിട്ടില്ലപോലും കവിയെ
ഇതുവരെയും

മായാതെ കിടപ്പുണ്ട് ഇന്നും
മനസ്സിൻ്റെ പീടികച്ചുമരിൽ
''അടിയന്തരാവസ്ഥ അറബിക്കടലിൽ''

2022, ജനുവരി 10, തിങ്കളാഴ്‌ച

മനുഷ്യൻ

 

ഒടുക്കത്തെവാക്ക് എഴുതി -
ത്തീരുന്നതിനുമുന്നേ
തീർന്നു പോകുന്നമഷി

2022, ജനുവരി 8, ശനിയാഴ്‌ച

അച്ഛൻ്റെ മരണം


എൻ്റെ വിരലോടുചേർന്നാണ്
അച്ഛൻ്റെ വിരലുമുറുക്കിയിരുന്നത്
ഇലകൊഴിയുന്ന ലാഘവത്തോടെ
ഏതോനിമിഷത്തിലതയഞ്ഞു

ക്ഷണിക്കപ്പെടാത്ത അതിഥിയാണ് -
മരണം
ചിലപ്പോൾ, പക്ഷിക്കുഞ്ഞിൻ്റെ ശാന്ത -
തയോടെവരും
മറ്റുപലപ്പോഴും മീൻകൊത്തിയുടെ -
പാടവത്തോടേയും

അപ്പോൾ,
പ്രകാശത്തിൽനിന്ന് പൊടുന്നനെ -
ഇരുട്ടിലകപ്പെട്ടപോലെ
ആകാംക്ഷനിറഞ്ഞ ഒരുകഥയുടെ -
അവസാനവാക്യം പറയാൻ മറന്നു -
പോയപോലെ

ഉറക്കത്തിൻ്റേയും ഉണർവ്വിൻ്റേയും
അതിർരേഖയിലെന്നപോലെ
ഏതോഒരു കുരുക്കിൽപ്പെട്ട നാക്കി -
നെപ്പോലെ
സ്നേഹത്തിൻ്റെ ഒരുകടൽ നീങ്ങി -
പ്പോയതുപോലെ

ഒറ്റക്കൊമ്പിലുടക്കിയ ഒരപ്പൂപ്പൻതാടി -
യാണു ഞാൻ
ചേർത്തുനിർത്തുവാൻ ഇല്ലശാഖകൾ
കാറ്റുപാറുംവഴിയെ ഇനിയെൻ്റെയാനം

2022, ജനുവരി 1, ശനിയാഴ്‌ച

ഭ്രാന്ത്


ബാംസുരി വായിച്ചു കൊണ്ടി-
രിക്കുമ്പോഴാണ്
ഭാവനയിലേക്കുയർത്തപ്പെട്ടത്
കാൽപനികത കൈയിൽതന്നത്
കഠാരമെന്നറിഞ്ഞിരുന്നില്ല

ക്രൗഞ്ചപക്ഷിയെക്കൊന്ന -
കാട്ടാളനായി
കടുവകളോടേറ്റുമുട്ടുന്ന മുട്ടാളനായി
ചിറകുള്ള കുതിരയുടെതേരിലേറി
നക്ഷത്രക്കുന്നിൽ പറന്നിറങ്ങി

മേലേരിയിൽച്ചാടും തെയ്യമായി
പ്രളയത്തിലാലിലക്കണ്ണനായി
തിറയാട്ടം കഴിഞ്ഞു തിടമ്പെടുത്തപ്പോൾ
കഠാരയിൽ കൊരുത്തൊരു കുഞ്ഞു ജീവൻ
കട്ടിലിൽ അറുത്തിട്ട കോഴിയേപ്പോലൊരമ്മ -
ജീവൻ

മൂർച്ഛിച്ചു നിൽക്കവേ
മൂർച്ചയില്ലാത്ത മുനയാൽ
സ്വന്തം കൊരവള്ളിയെ എങ്ങനെ -
കോർത്തെടുക്കുമെന്ന് വെളിപാട്