malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

മണ്ണിന്റെ കാരുണ്യം
പൂവുകൾ പല്ലവി മൂളിടുമ്പോൾ
പുല്ലാങ്കുഴലൂതും പൂത്തുമ്പികൾ
പുല്ലുകൾ പുളകങ്ങൾ പങ്കിടുമ്പോൾ
നൃത്തമാടുന്നു പുൽച്ചാടികളും
പൂമദമണിഞ്ഞ പൂവാടി തോറും
പൂമ്പാറ്റകൾ പാറിപ്പറന്നിടുന്നു
ഇത്തിരിപ്പൂവിന്റെ ചുണ്ടിലൂറും മധു
ഒച്ചവെയ്ക്കാതെ നുകർന്നിടുന്നു
പാണന്റെ പാട്ടുകൾ പാടിടുന്നു
പൂങ്കുയിലുകൾ പാടവരമ്പുതോറും
പുന്നെല്ലു കൊയ്യുവാൻ കൊയ്ത്ത-
രിവാളുമായ്
പച്ചക്കിളികൾ വരിയിടുന്നു
തോടുകൾ നീന്തിത്തുടിച്ചിടുന്നു
നീരാളം നീർത്തുന്നു നീലവാനം
മലകൾ മുലകൾ ചുരന്നു നിൽക്കേ
പതഞ്ഞൊഴുകുന്നു പാലരുവിയെങ്ങും
പെണ്ണേ നിൻ ചുണ്ടിലെ പൂവിറുക്കാൻ
കൊതിയേറെയുണ്ടെന്റെയുള്ളിലിന്ന്
മണ്ണിന്റെ കാരുണ്യമാണു പെണ്ണേ
ഞാനുമീനീയും, ഈ കാഴ്ച്ചകളും

2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

സത്യം
സത്യത്തെ അന്വേഷിച്ച്
ഞാൻ നടന്നു
ഇനി അന്വേഷിക്കാനൊ
രിടമില്ല
എവിടെയാണ് സത്യം ?!
തളർന്ന വശനായി
 തിരിച്ചെത്തി
അകത്തേക്ക് കയറുമ്പോൾ
ഭാര്യ പറഞ്ഞു:
ചെരിപ്പ് പുറത്തഴിച്ചു വെയ്ക്കുക.
ഞാനെന്നെതന്നെ അഴിച്ചു വെച്ചു
സത്യമെന്തെന്ന് അന്നാണെനിക്ക്
മനസ്സിലായത്

ആഴം
ഓർമ്മകൾക്ക് കിണറാഴം
ഏതു വെയിലിലും
കവിഞ്ഞൊഴുകുന്നു
ഏതു പെയ്ത്തിലും
പൊള്ളി തിളയ്ക്കുന്നു
ഏതോ തുരങ്കത്തിൽ
നിന്നും
തരംഗമായലയടിക്കുന്നു
ഉപ്പുരസമേറ്റ്
ചുംബനപൂ ചുവക്കുന്നു
മൗനത്തിന്റെ മുയൽ
ക്കുഞ്ഞു പിടയുന്നു
സ്പർശത്തിന്റെ
സർപ്പമിഴയുന്നു
പ്രണയത്തിന്റെ ഓർമ്മകൾക്ക്
കിണറാഴം

മൗനം
മൗനത്തിന്റെ
പട്ടു കുപ്പായവു
മിട്ട്
നീയിരിക്കുന്നു
പിഞ്ഞിപ്പോയ
താണ്
എന്റെ മൗനം
അതാണ് ഇടയ്
ക്കിടെ
വാക്കായ് നിന്റെ
മുന്നിലേക്കടർന്നു
വീഴുന്നത്
എന്നിട്ടും;
തട്ടി മാറ്റാനല്ലാതെ
തൊട്ടു നോക്കുന്നില്ല
ല്ലോ നീ

നഷ്ടപ്രണയംപ്രണയത്തിന്റെ
ജഡവും പേറി
ഞാൻ നടക്കുന്നു.
ജീവിതത്തിന്റെ
വഴികളോരോന്നും
താണ്ടി
ഇവിടെയെത്തി
നിൽക്കുന്നു.
എവിടെ സംസ്ക്ക
രിക്കും?!
ഇടമില്ലാത്ത ഇടങ്ങൾ
മാത്രമെങ്ങും.
അവസാനം;
ഞാനെന്നിൽ തന്നെ
സംസ്ക്കരിച്ചു

മുരിക്ക്
മുള്ളു മരത്തിന്റെ
ഉള്ളിൽ പെരുംസ്നേഹ
സാഗര പോളകളെന്നറി
ഞ്ഞീടുക.
ഉച്ചിയിൽ ചോപ്പിന്റെപൂവ
ണിയിച്ചതും
ഉച്ചപ്പിരാന്തെന്ന് ചുറ്റിച്ചതുംനീ
പൊത്തിപ്പിടിച്ചൊന്ന്
ചുറ്റിപ്പുണരുവാൻ
മോഹങ്ങളേറെയീ ഉള്ളിലു
ണ്ടെങ്കിലും
കുത്തിനോവിക്കാൻ കഠോര
മായുള്ളൊരു
മുള്ളേകിയെന്നെയകറ്റിയതും നീ

അല്ലെങ്കിലെന്തിനീ സുന്ദരമാകണം
പെണ്ണേ ,മുരിക്ക് മരമായി മാറുക

2017, ഒക്‌ടോബർ 7, ശനിയാഴ്‌ച

നീയും, ഞാനും
നിന്നിലുണ്ട് ഞാൻ കൊത്തിവെച്ച
നാലുവരിക്കവിത
പ്രണയത്താൽ ചുവന്നു തുടുത്ത
ഒരു ചുംബനം
നെഞ്ചോട് ചേർത്തു പിടിച്ചതിൻ
ചൂട്
കറുകനാമ്പിൽ നിന്നെന്നോണം
ഇറ്റി വീണ കണ്ണീർ ഒപ്പിയെടുത്ത
പെരുവിരലിന്നടയാളം
പ്രണയത്താൽ ഞെരിഞ്ഞമരുന്ന
പെണ്ണേ
നീയെന്നിൽ ഒരു കവിതാമരമായ്
പൂത്തുലയുന്നു