malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

സംഗീതം


മുളന്തണ്ടിൽ നിന്ന്
വാക്കിനെ കൊത്തിയെടുത്ത്
ഒരു കാറ്റ് പറക്കുന്നു

2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

വിരൽത്തുമ്പിൽ


പുഴ പാഞ്ഞ പാടുകൾ
വിത്തോടിയ പാടങ്ങൾ
അച്ഛനേയും, അമ്മയേയും
അടക്കം ചെയ്ത മണ്ണ്

കുളത്തിലെ കൽപ്പടവുകൾ
കണ്ണെത്താ ദൂരത്തെ കുന്നുകൾ
പരന്നു കിടക്കുന്ന പുൽമേടുകൾ
കാടു പാടും കാകളികൾ

സമയമില്ലെന്ന ചൊല്ലേയില്ല
നീണ്ടുകിടക്കുന്നു ചരൽപ്പാതപോലെ
ജോലിയില്ലെന്ന മുറവിളിയേയില്ല
പരന്നു കിടക്കുന്നു പാടവും പറമ്പും

തിരഞ്ഞു മടുത്തു
എവിടെ,യാക്കാലം
കണ്ടുകിട്ടാതെ തളർന്നുവീണത്
ഉണർച്ചയിലേക്ക്

പുത്തൻ വിദ്യയാൽ പുതുക്കി -
പ്പണിത ഈ വലിയ ലോകമിതാ
കൊച്ചുമകൻ്റെ കുഞ്ഞുകൈയിൽ
ചുരുണ്ടുകൂടിക്കിടക്കുന്നു

വിരലൊന്നനക്കിയാൽ മതി
പറയൂ ;
ഇനിയെന്തു കാര്യമാണ്
നിങ്ങൾക്കറിയേണ്ടത്




പ്രധാന മുറി


ഒരുചോദ്യത്തിന് മാത്രമേ അയാൾക്ക്
ഇന്നുവരെ ഉത്തരം കിട്ടാതെയുള്ളു.
' എന്നാണച്ഛാ നമ്മൾ നല്ലൊരു വീട് പണി -
യുന്നത് ' യെന്ന മക്കളുടെ ഒറ്റ ചോദ്യത്തിന്

അപ്പോഴൊക്കെ ഉത്തരം തിരയുന്നത്പോലെ
ചെറ്റക്കുടിലിൻ്റെ ചുറ്റും അയാൾ പരതും

എന്തൊക്കെ ഭാവനകളാണ് കുട്ടികൾ -
മെനഞ്ഞു കൂട്ടുന്നത്
കാർപോർച്ച്,അക്വേറിയം, നടുത്തളം
ലൈബ്രറി, ബാൽക്കണി,ഓരോരുത്തർക്കും -
ഓരോ പ്രധാന മുറികൾ
തർക്കങ്ങൾ, അടിപിടി, കരച്ചിൽ പിഴിച്ചൽ,-
കളി ചിരി

എല്ലാം കണ്ടും കേട്ടും ദു:ഖത്തിൻ്റെ ഭാണ്ഡ -
ക്കെട്ടു പോലെ,
ചോദ്യചിഹ്നം പോലെ കുന്നുമ്പുറത്തെ
സെമിത്തേരിയെ നോക്കി അയാളിരിക്കും

അപ്പോഴൊക്കെ തോന്നും:
'കാലം കാത്തു വെച്ചിട്ടുണ്ട് ഓരോരാൾക്കും
ഓരോ പ്രധാനമുറി
വലുപ്പച്ചെറുപ്പമില്ലാതെ' -
യെന്ന് സെമിത്തേരി പറയുന്നതായി


2021, ഓഗസ്റ്റ് 28, ശനിയാഴ്‌ച

മൈതാനം


ഞാൻ കളിച്ച,
പശുക്കൾ മേഞ്ഞ,
പുര കെട്ടിമേയാൻ
പുല്ലുപറിച്ച,
മഹാൻമാർ വന്നുപോയ
മൈതാനമെവിടെ?!

ഇവിടെ ഒരു മൈതാന-
മുണ്ടായിരുന്നെന്ന്
എവിടേക്ക്ചൂണ്ടിക്കാണിക്കും?

മൈതാനത്തിനരികിലെ
മൈൽക്കുറ്റി പോലുമില്ല
ഒരടയാളത്തിന്

അടുക്കി വെച്ചതു പോലുള്ള
കെട്ടിടങ്ങളിലെ ഏതകത്തള
ത്തിലായിരിക്കും
എ.കെ.ജി , ഇ .എം .എസ് ,
കൃഷ്ണപ്പിള്ള
നെഹറു ,ഗാന്ധി, കൃഷ്ണമേനോൻ
വന്നു പോയിട്ടുണ്ടാകുക

ചുട്ടുപൊള്ളുന്നുണ്ടാകുമോ
അവിടം ഇപ്പോഴും
മുഴങ്ങുന്നുണ്ടാകുമോ മുദ്രാവാക്യങ്ങൾ
ഉയരുന്നുണ്ടാകുമോ കൈയടികൾ
ഞെട്ടിവിറച്ച ഭരണകൂടത്തിൻ്റെ
മുഖഭാവമായിരിക്കുമോ അകത്തള-
ങ്ങൾക്ക്

ഇവിടെയൊരു മൈതാനമുണ്ടായി
രുന്നെന്ന്
കൊച്ചു മക്കളോടും, സുഹൃത്തുക്കളോടും
പറഞ്ഞേപോകരുത്
വൃദ്ധൻ്റെ ജല്പനങ്ങളെന്ന് പരിഹസിച്ചേക്കാം

മറന്നു വെച്ചേക്കരുത് മൈതാനത്തെ
മനസ്സിൽ മറിച്ചു നോക്കിക്കൊണ്ടേ -
യിരിക്കണം
മറക്കാതെ സൂക്ഷിക്കണം കഴിഞ്ഞ കാലത്തെ

2021, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

അതേ പേര്

 

ഞാനങ്ങനെയാണ്
ചിലരെക്കാണുമ്പോൾ ചിലപേരുകൾ
മനസ്സിൽ മുളച്ചു വരും
എനിക്കു തന്നെ അത്ഭുതം തോന്നും
കണ്ടമാത്രയിൽ ഞാൻ വിചാരിച്ച
അതേ പേരു തന്നെയെന്ന്

2021, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

സൂര്യകാന്തിപ്പൂവ്


കാതുമുറിച്ച
ചോര

2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

സത്യം


സുതാര്യമായ
ഉടുപ്പാണ്
നഗ്നതയെ മാത്രം
കാട്ടിത്തരുന്നത്

2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

വായന


ചിലരുണ്ട്
പുസ്തകം കണ്ടമാത്രയിൽ
ഒന്നു മണത്തു നോക്കും
പിന്നെ ചട്ടയും, പേജും മറിച്ചു നോക്കി
അടച്ച് വെയ്ക്കും
പിന്നെയങ്ങോട്ട് തിരിഞ്ഞു നോക്കു-
കയേയില്ല

അവസാനം


ഇന്നു നീ കണക്കില്ലാതെ
അളന്നു കൂട്ടുന്നു
എന്നാൽ,
ഒന്നും നീ തിരിച്ചു കൊണ്ടുപോ-
കില്ലെന്നറിയുന്ന കാലം
കൃത്യമായി അളന്നു വെച്ചിട്ടുണ്ട്
ആറടി

2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഓർമ


ഇറങ്ങി നടക്കാറുണ്ട് ചിലപ്പോൾ
പുലർവെട്ടം വീഴുമ്മുമ്പേ മാഞ്ചോട്ടി -
ലേക്ക്
കൃഷ്ണമണി മിന്നിച്ച് രാക്കാറ്റ് പറിച്ചിട്ട
മാമ്പഴം തപ്പിയെടുക്കാറുണ്ട്

വള്ളിപൊട്ടിയ ട്രൗസറൊതുക്കി
വരമ്പിൻഞരമ്പിലൂടെ വട്ടുരുട്ടാറുണ്ട്

വഴുക്കും വാക്കിനു മുന്നിൽ
ഗദ്ഗദം പോലെന്തോ തൊണ്ടയിൽ തടഞ്ഞ്
വിശന്നവയറിനെ മുറുക്കി പിടിക്കാറുണ്ട്

കനലുപൂക്കും ഹൃദയവുമായി
കാതങ്ങൾക്കകലയെങ്ങോ
തുഴയില്ലാ ഓടംപോലെ ഒഴുകാറുണ്ട്

ഞാറ്റുകണ്ടത്തിലെ ചേറിൽക്കുളിച്ച്
കുഴഞ്ഞകാലുകൾ വേച്ചു വേച്ചു
പോകുമ്പം
വരമ്പിൻ്റെതുമ്പത്തിരുന്ന് താളിൻചപ്പിലെ
കഞ്ഞി വലിച്ചു കുടിക്കാറുണ്ട്

ഇന്നും ചിലനേരങ്ങളിൽ പതുങ്ങിവന്ന്
ഞണ്ടു പോലെയിറുക്കുന്നു








ഓണമേനന്ദി


ഭാദ്രമേനന്ദി
ഓണമേ നന്ദി
ഓർമ്മയിലാനന്ദനൃത്തച്ചിലമ്പൊലി -
ത്താളമുതിർക്കുന്നോരോണമേ നന്ദി
ഇതു വെറുംവാക്കല്ലിതു ഹൃദയപൂർവ്വം
ചൊല്ലുന്നു ഞാനിന്നുമോണമേ നന്ദി
പ്രകൃതി നീ,യോരോ ഋതുവിലും
ചമഞ്ഞെത്തുന്ന സാഹസസുന്ദരി
ഇന്നുനീയെൻ്റെയീ കുഗ്രാമവീഥിയിൽ
ചായമണിഞ്ഞെത്തി പുഞ്ചിരിക്കേ
ഇക്കാട്ടുചോലയിൽ കൂട്ടമായ് വന്നെത്തും
അരയന്നങ്ങൾ, നീന്തിത്തുടിച്ചുനിൽക്കേ
പ്രഥമാനുരാഗത്തിൻ മധുരാനുഭൂതിയെൻ
അന്തരംഗത്തിൽ നിറഞ്ഞുനിൽപ്പൂ
നക്ഷത്ര ദീപങ്ങൾ തോരണംതൂക്കിയ
രാവിതിൽമഞ്ഞിൻ്റെ മൂടുപടംനീക്കി
വന്നെത്തിനോക്കുന്ന ഭാദ്രമേനന്ദി
ഓണമേനന്ദി
ഓർമ്മയിലാനന്ദനൃത്തച്ചിലമ്പൊലി
താളമുതിർക്കുന്നൊരോണമേ നന്ദി

2021, ഓഗസ്റ്റ് 14, ശനിയാഴ്‌ച

മനുഷ്യൻ


മനുഷ്യൻ മൺകുടം -
പോലെയാണ്.
വീണുടഞ്ഞ്
രൂപരഹിതമായി
മണ്ണിലേക്കുതന്നെ
ലയിക്കുന്നു

പ്രണയം


എത്ര
വരച്ചു ചേർത്തിട്ടും
പൂർത്തിയാകാത്ത
ചിത്രം

2021, ഓഗസ്റ്റ് 11, ബുധനാഴ്‌ച

അഥീന


അവൾ
സ്നേഹത്തിൻ്റെ അഥീന

അവൾ എങ്ങും സഞ്ചരിച്ചു .
പാതയോരങ്ങളിൽ, നാട്ടിൻ -
പുറങ്ങളിൽ, റെയിൽപ്പാളങ്ങളിൽ
സ്നേഹത്തിൻ്റെ വിത്തുകൾ പാകി

ആ സ്നേഹമാർഗത്തിൽ
ഇളംചെടിയായ് വിരിഞ്ഞവൻ
വൻ പൂമരമായ് പരിലസിച്ചു

കവിത


വാക്കിൻ്റെ വനത്തിൽ നിന്ന്
ഒരിലയുമായ് വരുന്നു
മനനത്തിൻ്റെ മൗനവേളയിൽ
വൻ പൂമരമായ് പരിലസിക്കുന്നു

കവിത, ഗൗതമ ബുദ്ധനാണ് !
വാക്കുകൾ ശിംശപാ വൃക്ഷത്തിലെ
ഇലകൾ പോലെയെങ്കിലും
ഒരിലകൊണ്ട് ഒരുകാടുതന്നെ -
തീർക്കുന്നു

2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

കുടിപ്പാർപ്പ്




പൂച്ചകളെപ്പോലെയാണ് ഓർമ്മകൾ

സദാ സമയവും എല്ലായിടവും

ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും.


ഊൺമേശയിൽ

യാത്രയിൽ

ഓഫീസിൽ

പലചരക്കുകടയിൽ

കിണറ്റിൻകരയിൽ

കട്ടിലിൽ


കയിൽക്കണകൊണ്ട് ചണ്ണയ്ക്കടിച്ചിട്ടും

മുളകുവെള്ളം കണ്ണിൽ തളിച്ചിട്ടും

എത്ര ചെവിക്കു പിടിച്ചു പുറത്താക്കിയിട്ടും

കാൽവണ്ണയിൽ മുട്ടിയുരുമി

വാലാട്ടി

എത്ര ശ്രമിച്ചിടും അകറ്റി നിർത്താൻ കഴിയുന്നില്ല

ഓർമ്മപ്പൂച്ചയെ .


ചാക്കിൽകെട്ടി നാലാളു കൈമാറി

നാലുകണ്ടം മറികടന്ന്

തിരിച്ചെത്താത്ത വിധം

കാട്ടിൽ കൊണ്ടുചെന്നാക്കിയിട്ടും

ആളെത്തുന്നതിനു മുന്നേയെത്തുന്നു -

ഓർമ്മപ്പൂച്ച.

രാത്രിയുടെയിരുട്ടിൽ തിളങ്ങിനിൽക്കുന്നു

രണ്ടു പച്ചക്കണ്ണുകൾ .


പെറ്റു കിടക്കുന്ന പൂച്ചയാണ് ഓർമ്മകൾ

കുടിപ്പാർപ്പിൻ്റെ കൂർത്ത നഖത്തിന്നുറപ്പോടെ

ഓരോ മുക്കിലും മൂലയിലും

ഞേറ്റിയെടുത്ത് മാറ്റിവെയ്ക്കുന്നു

ഓർമ്മക്കുഞ്ഞുങ്ങളെ.


2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

എന്നിൽ നീ


ചൈതന്യത്തിൻ്റെ
ചിത്രവിളക്കു പോലെ
നീയെന്നിൽ

എന്നിട്ടും ;

എന്നിലെ നിന്നിലേക്കെത്ര
ദൂരം !
അദൃശ്യമായ ഒരു മതിൽ
പണിതുയർത്തിയിട്ടുണ്ട്
നമുക്കിടയിൽ

മതിലിനെ മറികടക്കാൻ
ശ്രമിക്കുമ്പോഴൊക്കെ
ഉയർന്നു കേൾക്കുന്നു
ഒരശരീരി:
'പ്രണയമേ,
നിന്നിൽ തന്നെയല്ലയോ ഞാൻ'

2021, ഓഗസ്റ്റ് 8, ഞായറാഴ്‌ച

അവൾ


വെയിലിൻ്റെ കൊത്തേറ്റ്
വർഷത്തിലേക്കു വീണു
അവൾ ഒഴുകിക്കൊണ്ടേയിരുന്നു
ഒരു പ്രള (ണ)യവും പ്രതീക്ഷിച്ച്

ഒഴുക്കിൻ്റെ അവസാനം ശിശിരം
അവൾ ഇലകൊഴിഞ്ഞ ഒറ്റമരം
അവൾക്ക് മൂന്ന് ഋതുക്കൾ മാത്രം

അടുക്കളയിലെ രാജ്ഞി
അറപ്പുര നിഷിദ്ധം

അവൾ വിളഞ്ഞു നിൽക്കുന്ന ഉപ്പു പാടം
അവളുടെ സ്വേദം നിനക്ക് രുചിക്കൂട്ട്
ചോരയും, കണ്ണീരും ചേർന്ന്
നിൻ്റെ ഇഷ്ടഭോജ്യമായ് തിളച്ചു നിൽക്കുന്നു
നീ സ്വാദോടെ നൊട്ടിനുണയുന്നു

അവൾ,
കത്തിത്തീരുന്ന മൂന്ന് ഋതുക്കളുടെ
അടുപ്പുകല്ല്

2021, ഓഗസ്റ്റ് 7, ശനിയാഴ്‌ച

വിപരീതം


മഴയിൽ നിന്നൊരു നക്ഷത്രം
കവിതയായ് മുളക്കുന്നു
കാട്ടിൽ നിന്നൊരു കവിത
മഴയായ് ചിറകനക്കുന്നു

ശംഖിൽ നിന്നും ഒരുകടൽ,
തിരപ്പാട്ടു പാടുന്നു
കടലിൽ നിന്നൊരു ശംഖ്
ഓംകാരം മൂളുന്നു

ജീവിതം ഉരുട്ടിനാം
കുന്നിലേക്കു കയറ്റുന്നു
കൈവിട്ടു പിന്നെയും
താഴേയ്ക്കുരുളുന്നു

നന്മയെ ദൈവം
പാതാളത്തിലാഴ്ത്തുന്നു
തിന്മയെ നട്ടുനനച്ചു വളർ-
ത്തുന്നു

2021, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

പ്രിയേ...


പ്രിയേ,
നീയൊരു മധുശാല
മൗനം കൊണ്ടും
വചനം കൊണ്ടും
മധുരം വിളമ്പുന്നവൾ

പ്രിയേ,
നീയൊരു ദേവി
ഉള്ളിലൊരു ദേവാലയ -
മൊരുക്കി
വിശ്വാസിക്കും,
അവിശ്വസിക്കും
സ്നേഹത്തിൻ്റെ
ദർശനമേകുന്നവൾ

പ്രിയേ,
നീയാം പ്രകൃതി
മടക്കയാത്രയ്ക്കുമുമ്പേ
മക്കളെ മറന്നുവെച്ചു -
പോകേണ്ടവൾ
ജനനി

2021, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

പിറവി


കാമനകളുണരുമ്പോഴാണ്
കവിതകളുടെ പിറവി
ഏകാന്തതയുടെ ചരുവിൽ
ഹരിത മോഹങ്ങളുടെ
തളിരിടൽ

2021, ഓഗസ്റ്റ് 4, ബുധനാഴ്‌ച

കർക്കടകം


വാനമാം ഘോരകാന്താരത്തിലൂടെ
കൊമ്പനാംകർക്കടം വീറോടെപായുന്നു
ചിന്നംവിളിനാലുദിക്കും മുഴങ്ങുന്നു
വാരുറ്റമസ്തകം കുത്തിവീണീടുന്നു

തിരിയാനിടയില്ല വന്യകുഞ്ജരമേ
മരണക്കുണ്ടിലേക്കു നീയെന്നെ,യാഴ്ത്തുന്നു
മനുഷ്യരോദനത്തിൽ നീയാർത്തുചിരിക്കുന്നു
നിരങ്കുശം ശരമാരി നിൻശരവ്യം

പുല്ലുമേഞ്ഞതെങ്കിലുമെൻ്റെ വാസഗൃഹം
പുല്ലുപോൽ വലിച്ചെറിഞ്ഞു നീ മദിക്കുന്നു
വപ്രി,യിതല്ലാതെന്തു വേണമെനിക്കിനി
ശിരസ്സിന്നുമേലെ തരസാ ആടുന്നൊരു അസി-
യീജീവിതം

പിടഞ്ഞുവീണിതാ മണ്ണിൽ കുഴിയാനപോൽ
മനുഷ്യജന്മങ്ങൾ
തുമ്പി നീട്ടിച്ചാടിപ്പിടിച്ചു മിന്നൽവേഗത്തിലെ-
ടുത്തെറിയുന്നു നീ
കോൾമയിർകൊള്ളുന്നു നീമൃഗമേ, രാക്ഷ -
സാകാരംപൂണ്ടു
കലിതുള്ളി,യീമണ്ണിനെ കോരിക്കുടിച്ചൂറ്റം -
കൊള്ളുന്നു.

2021, ഓഗസ്റ്റ് 1, ഞായറാഴ്‌ച

ഓണക്കാലം

 

ചിങ്ങം വന്നു വിളിക്കുകയായി
ചങ്ങാതിമാരോഹ്ലാദിക്കയായി
ചുറ്റും ചിത്രം വരയ്ക്കും പ്രകൃതി
ചെറ്റെന്നെന്തയ്യോ! കാണുവാൻ -
ഭംഗി

മുറ്റും വർണ്ണ വസന്തത്താലെങ്ങും
തെറ്റെ,ന്നമ്പോ!യിതെന്തൊരുജാലം
മുറ്റംതോറുമീ പൈതങ്ങൾ ചേർന്ന്
മൂവന്തിക്കതിർ പോലെത്തിളങ്ങി

ചേണാർന്നുള്ളൊരു ചേലപോലയ്യാ!
മേലേ വാനവും പൂവിട്ടു നിൽപ്പൂ
നീളേ നിരനിരെ നാണിച്ചു നിൽപ്പൂ
നല്ലോണത്തിൻ്റെ പൊന്നോണപ്പൂ -
ക്കൾ

തെല്ലും ഇല്ലില്ല അല്ലലുള്ളത്തിൽ
ചാറി വന്ന ചെറുമഴ ചൊല്ലി
ചേറിപ്പാറ്റുന്ന ചേമ്പിലതോറും
ചിന്നും ചിത്രമായ് നീർമണിത്തുള്ളി

ഛത്രംചൂടി വന്നുള്ളൊരു ചിങ്ങം
ചിത്രവേലയിതെന്തൊരു ചന്തം
തുമ്പിതുള്ളൽ ,പുലിക്കളി പിന്നെ
ഊഞ്ഞാലാട്ടവുമെന്തെന്തുകേമം!

ചിങ്ങം

 

ചിങ്ങം പിറന്നു ചിരിച്ചു നിന്നു
ദിക്കുകളൊക്കെ തെളിഞ്ഞുനിന്നു
ചിന്നിച്ചിതറും പുലരൊളിയിൽ
ചിത്രപദംഗങ്ങൾ വട്ടമിട്ടു

മുത്തശ്ശി മുല്ല ചിരിച്ചുനിന്നു
മഞ്ചാടിത്തുമ്പി പതുങ്ങിവന്നു
പഞ്ഞമാസത്തിൻ പതം മറന്ന്
മത്തപ്പു മഞ്ഞിൽ കുളിച്ചുനിന്നു

പിച്ചിയെ പിച്ചിയ പച്ചക്കിളി
പച്ചമേലാപ്പിലൊളിച്ചിരുന്നു
കിരുകിരേ കിങ്ങിണി പാട്ടു മൂളി
കരുമാടിവണ്ടു പറന്നു വന്നു

എന്തൊക്കെ വേണമീ,യോണനാ-
ളിൽ
പുത്തൻ പ്രതീക്ഷതൻ പ്രിയനാ-
ളിൽ
പുത്തനുടുപ്പും പുലിക്കളിയും
പുത്തരിപ്പായസക്കൂട്ടങ്ങളും

ഉണ്ണിതൻ കണ്ണിലെ മിന്നാമിന്നി
മങ്ങിപ്പൊലിയാതെ കാത്തിടേണം
മോലോത്തെ പാടത്ത് പണിയുമില്ല
കോന്തലക്കെട്ടിൽ പണവുമില്ല

എങ്ങനെ കാര്യം നിവർത്തിക്കേണ്ടു
കാതിൽ കാരീയ മൊഴിച്ചപോലെ
അരയിൽ ഞാൻ മുണ്ടു മുറുക്കിക്കെട്ടാം
കുഞ്ഞിൻ്റെ കാര്യമിതെന്തു ചെയ്യും