malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ജൂലൈ 20, ശനിയാഴ്‌ച

ജാതകം

ജാലക പഴുതിലൂടെകാണും
ഈ ജാലമില്ലെ
അവയാണെന്റെ ജാതകം
കുറിച്ചത്
ചൊവ്വയുടെ ദോഷം പറഞ്ഞു
ദ്വേഷങ്ങൾ വിളമ്പി
അകത്തളത്തിലേക്ക് തള്ളിയത്
അന്ധരുടെ ഈ ലോകത്ത്
കണ്ണുള്ളവർ പിറക്കണം
പറിച്ചെടുക്കണം നക്ഷത്രങ്ങളെ
ആകാശത്ത് നിന്ന് 
അന്ധരുടെ കണ്‍കുഴിയിൽ
തിരുകി വെയ്ക്കണം
തല വിധി മാറ്റിയെഴുതണം
ഞാനെന്റെ ജാതകം ഈ ജാലക -
പഴുതിലൂടെ യെറിയുന്നു

അന്വേഷണം

ടോൾസ്റ്റോയ് കഥയുടെ
ടേസ്റ്റ്പിടിച്ചു വരുമ്പോഴാണ്
ബിഥോവാന്റെ  ഒരു സംഗീതം
അവൾ വായിച്ചത് .
ആപ്പിഫിസസ് നുണഞ്ഞു
മകനരികിലിരിക്കുന്നു.
ഭൂതകാലത്തെ മൂടിയ
കരിയടരുകൾ എന്നിൽനിന്നടർ-
ന്നുമാറുന്നു 
അന്വേഷണാത്മക വർത്തമാനം
ഒരു പുകയായ് പടരുന്നു
ബുദ്ധന്റെ ഒരു ജ്ഞാന രേഖ
എങ്ങും പടരുന്നു
വികാരങ്ങളുടെ ചടുലമായ തള്ളിച്ച
ഇടിമിന്നലായി
രാത്രി മഴയുടെ ഓർമ്മ പെയ്ത്തായി
ഭൂതകാലത്തിൽ ഞാൻ കാൽ നനയ്ക്കുന്നു
ഭാവിയുടെ മേഘങ്ങൾ  മേലാപ്പ് വിരിച്ച്
ആകാശത്തെ മറയ്ക്കുമ്പോൾ 
കൂർക്കം വലിയുടെ ചെറു മർമ്മരങ്ങൾ
അവളില്നിന്നുമുയരുന്നു   
കൂടുതൽകൂടുതൽ പറ്റിച്ചേർന്നു
മുലക്കണ്ണ് വായിലാക്കാൻ
കുഞ്ഞു തത്ര പ്പെടുമ്പോൾ 
ടോൾസ്റ്റോയ് കഥയിലേക്ക്
ഞാൻ കോട്ടുവായിടുന്നു

2013, ജൂലൈ 13, ശനിയാഴ്‌ച

ശൈത്യ രാത്രി



വെന്ത വേനൽ വിങ്ങലാൽ
അന്തിവാനിൽ ചാരം തുടുക്കുന്നു
അടങ്ങാ ദാഹത്താല,ർക്കൻ
കടലിലെക്കിറങ്ങുന്നു
കറുപ്പിൻ കടൽ കാക്ക
പറന്നു പറന്നെത്തി
ശൈത്യ താണ്ഡവമാടി
ശൂന്യതാ തീരം തീർപ്പൂ
പച്ചിലചില്ലക്കെട്ടിൽ
നൂണ്ടിറങ്ങുന്നു കിളി
തണുപ്പിൻ പച്ചപ്പാമ്പു
ഞരമ്പിൽ പുളയുമ്പോൾ
കണിശമായെത്തുന്നല്ലോ
കണക്കു കുറിച്ചപോൽ
കണികപോലും തെറ്റാതെ
എങ്ങുനിന്നെത്തി ശൈത്യം

രാത്രി



തട്ട കെട്ടിയ കന്നുകൾ നീങ്ങുന്നു
തട്ട മുട്ടി കരിമുകിൽ കേറുന്നു
കരിന്തിരി കത്തി കതിരവൻ-
പശ്ചിമ
സാഗരയെണ്ണയിൽ മുങ്ങിപ്പൊ-
ലിയുന്നു
കാട്ടുപുൽ മേഞ്ഞ കുടിലിൽ നിന്നെങ്ങുമേ
കരിവിളക്കുകൾ മുനിഞ്ഞു തെളിയുന്നു
വഴിയരികിലായുള്ള വൃക്ഷച്ചോട്ടിൽ  
വൃഷങ്ങൾ വിശ്രാന്തി കൈക്കൊണ്ടു -
നില്ക്കുന്നു
അവശതയാർന്ന അശ്വത്തെയെന്നപോൽ
ശിഥിലമായ് ചിന്നിച്ചിതറുന്നു കാട്ടാറ്
കുളിച്ചീറനുടുത്ത കുളിർക്കാറ്റു
നനച്ചതാലിലാറാനായ്  തൂക്കുന്നു
തളിർത്തവല്ലികൾ തിണർത്തു നിൽക്കുമാ 
തുടുത്ത കല്ലിനെ പൊതിഞ്ഞു നില്ക്കുന്നു
ഇരുട്ട് കൂട്ടിരിക്കുന്ന കൽത്തറയൊന്നിൽ  
കുടിയനൊരുവന്റെ   കൂത്താട്ടു മേളങ്ങൾ
ഞെക്ക് വിളക്കുമായ്‌ മിന്നാമിനുങ്ങുകൾ
തെക്ക് വടക്ക് മണ്ടി ക്കളിക്കുന്നു
പാർവത്യ സൌന്തര്യമാകെ മറച്ചിതാ
കൂറ്റനാം കെട്ടുമായ് വന്നെത്തി രാത്രി

വിനോദ സഞ്ചാരകേന്ത്രം

മഞ്ഞു പുലരിയിൽ  
മലകൾ കാണുവാനായി
വന്നതെന്നോമനെ ഓർമ്മയുണ്ടോ
തരു ണാഭ്രങ്ങൾ  തിളങ്ങും
മലതൻ ഉച്ചികാണ്‍കെ
ഉച്ചിയിൽ കൈവെച്ചുനീ
സ്തംബ്ധയായ് നിന്നതില്ലേ
വളഞ്ഞു പുളഞ്ഞതാം
വഴിയേറീടവേ
ഫാലത്തിൽനിന്നുംസ്വേദമൊഴുകി
പരന്നില്ലേ  
ചൈത്യത്തിൻ തണലിൽ നാം
ക്ഷീണമൊന്നാറ്റീടവേ 
അങ്ങ് ദൂരെ മേഘകത്തിൽ
മാറാല കൊണ്ട് മൂടും
സഹ്യനെകണ്ടന്നുനീ
ദേഹക്ലമംവെടിഞ്ഞു
സോല്ലാസം തുള്ളിയില്ലേ.
അക്കണ്ട മലയിത് 
പണം കായ്ച്ചീടും തോപ്പ്
വശ്യമായ് ചമഞ്ഞുള്ള
വേശ്യ എന്നതുപോലെ
റിസോർട്ടുകൾ  ചമച്ചിട്ടു
മാടി വിളിച്ചീടുന്നു

മഴ


മാനത്തുള്ളോരുമങ്കലമാരാ ണയ്യ
തട്ടിമറിച്ചു
തുള്ളിക്കൊരുകുട മെന്നത്പോലെ
വെള്ളം തുള്ളിത്തൂവുന്നു
കാച്ചിയ പാലാണെന്നു കരുതി
കണ്ടൻ തട്ടിമറിച്ചോ
വെണ്ണ എടുക്കാൻ ഉറിയിൽ തൂങ്ങിയ
കണ്ണൻ തട്ടി മറിച്ചോ
കാറ്റിൻകയ്യിലെ കരിക്കലമാരാണയ്യാ
തട്ടിയുടച്ചു

കവിതയായാൽ



കവിതയെ കണക്കറ്റു ലാളിക്കരുത്
കെറുവിക്കരുത്‌
സംസാരിക്കുമ്പോൾ സൂക്ഷിക്കണം
സാകൂതം ശ്രദ്ധിക്കുന്നുണ്ടാകാം.
കണ്ടില്ലെന്നും,കേട്ടില്ലെന്നും നടിക്കും
കമ്പ്യൂട്ടർ പോലെ പിടിച്ചെടുക്കും
ചോദ്യങ്ങളേറെ ചോദിക്കും
ചോദ്യം കേട്ട് ചൊടിക്കരുത്
പേടിപ്പിക്കരുത്
അറിയാനുള്ള ത്വരയുടെ
അകക്കാമ്പ് നുള്ളരുത്
കവിത കുട്ടികളെപ്പോലെയാണ്
അറിവിന്റെ ആദ്യപാഠം
അച്ഛനമ്മമാരില്നിന്നു
'ചൊട്ടയിലെ ശീലം ചുടല വരെ'.
കവിതയെ കെട്ടഴിച്ചു വിടണം
കവിത്വം ചൊട്ട തൊട്ടു പോകരുത്

ജീവിതം

കടയിൽ  പോകുമ്പോൾ
കളഞ്ഞു കിട്ടി ഒരു പേഴ്സ്
തുറന്നു നോക്കിയപ്പോൾ
തിളങ്ങുന്ന രണ്ടുരൂപ നോട്ടു
കാത്തു സൂക്ഷിച്ചു കുറേക്കാലം
കളഞ്ഞു പോകാതെ.
കഴിയില്ലല്ലോ എന്നും
കാത്തു സൂക്ഷിക്കുവാൻ ജീവിതത്തെ 

2013, ജൂലൈ 12, വെള്ളിയാഴ്‌ച

മുടന്ത്

അടയാളങ്ങൾ നല്കി
അടക്കിയിരുത്തുന്നു
ഉടയോൻ
പരിധിയുടെ ഒരു പാര
പണിഞ്ഞു വെച്ചിരിക്കുന്നു
എന്തിനും ഏതിനും
സൂക്ഷ്മതയെ കൂട്ടിനു കൂട്ടേണ്ടി വരുന്നു
മറ്റുള്ളവരിൽനിന്നും മാറ്റിനിർത്തി
എന്നെ ഞാനാക്കി നിർത്തുന്നു
അറിയാതെയൊന്നു തട്ടിയാൽ മുട്ടിയാൽ
എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നു
എങ്കിലും ഏതവഗണനയിലും
ഒരു പരിഗണന നല്കിപ്പോന്നു
കൊത്തുന്നവൻ പത്തി താഴ്ത്തുന്ന
പരിഗണിക്കപ്പെടാത്ത
ഒരു പരിഗണന 

മരണം

കവിത മരിച്ചു.
കൊല്ലപ്പെട്ടു എന്നുപറയുന്നതാകും ശരി
കടത്ത്  കടവിലെ
കായൽ ക്കൂട്ടത്തിനരികിലെ
കള്ളി മുള്ളിൽ കുരുങ്ങി
ഉടലാകെക്കീറി.
അക്ഷര വളകൾ ചിതറി
തെക്കൻ കാറ്റുംകൂടെ ഉണ്ടായിരുന്നെന്ന്
കണ്ടവർ പറഞ്ഞിരുന്നു
അതില്പ്പിന്നെ തെക്കൻ കാറ്റിനെ
കണ്ടതേയില്ല

നാലുമണി

വാതിൽപ്പാളിയും
ജനൽച്ചില്ലുമില്ലാത്ത
സർക്കാരു,സ്ക്കൂൾ
തെക്കുപടിഞ്ഞാറൻ മഴ
ചിലമ്പിട്ടു തുള്ളിക്കൊണ്ട്‌
ചില്ല് കഷ്ണങ്ങൾ അകത്തേക്ക്
വലിച്ചെറിയുന്നു
പാഠപുസ്തകത്തിലെ കൊക്ക്
പുറത്തേക്ക് പറന്നു
തടാക ക്കരയിലെ കൊക്കിനെപ്പോലെ
മേശയ്ക്കരികിൽ മാഷ്‌ 
മഴയുടെ മേളത്തിൽ
ഞെണ്ടിറുക്കിയ കൊക്കിന്റെ
ശബ്ദം പോലെ
മാഷിന്റെ ശബ്ദം നേർത്തുവന്നു
നാലുമണി നീട്ടി യടിച്ചപ്പോൾ
കൊക്കിനെ പ്പോലെ പറന്നു കുട്ടികളും 

വിറ്റവീടു


വിറ്റവീട് വീണ്ടുംവീണ്ടും
വിളിപ്പുറത്തെത്തുന്നു
പടിഞ്ഞാറ്റയകത്തുനിന്നു
പൊക്കിൾക്കൊടി ബന്ധം-
മാടി മാടി വിളിക്കുന്നു 
വിലങ്ങിപ്പോയ ഓർമ്മകൾ
പുറത്തേക്ക് തള്ളുന്നു
മരിച്ചുപോയ ഭർത്താവിന്റെ
ചാരഗന്ധം മത്ത് പിടിപ്പിക്കുന്നു
പുതിയ വീടിന്റെ പാലുകാച്ചുനേരം
കോണിച്ചുവട്ടിലെ ചുമർചാരി
മുച്ചൂടും പിടിച്ച് മുത്തമിട്ടത്
മഞ്ഞച്ചേലയിൽ വെള്ളക്കുംമായം
പറ്റിപ്പിടിച്ചത്
കുമ്മായച്ചുമരിലെ കുഞ്ഞുമോന്റെ
കരിക്കട്ട ചിത്രങ്ങൾ
കളി കഴിഞ്ഞെത്തുന്ന കുഞ്ഞു കാല്പ്പാടു
ബാക്കിയാക്കുന്ന -
റെഡ്ഓക്സൈഡ് തറ.
അന്ത്യ യാത്രയുടെ അച്ചുചിത്രം-
വരച്ചിട്ട വരാന്ത
വിറ്റ വീട് വീണ്ടും വീണ്ടും
വിളിപ്പുറത്തെത്തുന്നു

വീട്

കള്ളിമുൾ വള ർത്തുന്നൊരു വീട്
കാണാ ഉയരെ ഗെയ്റ്റ്
കല്ലുകൊണ്ട് കമാനങ്ങൾ തീർത്ത്
എണ്ണച്ചായം തേച്ച
കണ്ണീർ വീട്
കാണാം കാണക്കാണേ 
തടിച്ചു കൊഴുത്ത കള്ളിച്ചെടികൾ

2013, ജൂലൈ 5, വെള്ളിയാഴ്‌ച

പെണ്മക്കൾ



പെണ്മക്കൾ പുറത്തിറങ്ങിയാൽ
പള്ളയിൽ പെടപെടപ്പാണ്
പെറ്റുപോറ്റിയ വയറ്
നീറി നീറി കത്തലാണ്
കണ്ണിലെണ്ണയൊഴിച്ചു
കാത്തു കാത്തിരിപ്പാണ്
ജീവനെയൊന്നാകെ
കൈയിലെടുത്തിരിപ്പാണ് 
കുട്ടികൾക്കറിയില്ലല്ലോ 
കഴുകുകളുടെകാമാർത്തന.
കുറ്റമെന്താണവർ ചെയ്തത്
കാര്യമെന്താണെന്നറിയാത്ത -
പാവങ്ങൾ
പാതി വഴിയിൽ പിടഞ്ഞു വീഴുവാൻ
പാപമെന്താണവർ ചെയ്തത്
ഇനിയുമൊരു തലമുറയെ
പെറ്റുപോറ്റികുലംവളർത്തേണ്ടവളെ
പാതി വഴിയിൽ കലമുടച്ച് കുലം-
മുടിക്കുന്നതെന്തിനു 

പോസ്റ്റ്മാൻ

കാലത്തെകാലുവെന്തനായയെപോലെ
കത്തുമായ് അയാളോടും
കണിശമായും കൈകളിലെത്തിക്കും
കമിതാക്കളെന്നോ,കള്ളനെന്നോയില്ലാതെ.
ആരാണിത്രമാത്രം കത്തുകളെഴുതുന്നത്‌
മനുഷ്യനെക്കാൾ കമ്പ്യൂട്ടറും,മൊബൈൽ -
ഫോണുമുള്ള ഇക്കാലത്ത്
ഒര്എസ്.എം.എസ് ,ഒര് മെയിൽ
പണിയും,പണവും ലാഭം
വിവരങ്ങൾ വിരൽ തുമ്പിൽ .
പഹയാ!കവിതയെഴുതി നീ കശുണ്ടാക്ക്
കവിതയെഴുതി എന്റെ കഞ്ഞികുടി മുട്ടിക്ക്

ഫെയ്സ്ബുക്ക്

ഫെയ്സ്ബുക്കിലെ
ഫോട്ടോ കണ്ടാണ്‌
ചാറ്റ് ബോക്സ്
ഓപ്പണ്‍ ചെയ്തത്
കിളിനാദം കേട്ടാണ്
കളിവാക്കു പറഞ്ഞത്
കളി കാര്യമായപ്പോഴാണ്
കാണാൻ കൊതി യായപ്പോഴാണ്
ഫെയ്സ്ബുക്കിലെ ഫോട്ടോ
ഫെയ്ക്കെന്നറിഞ്ഞത്