malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, നവംബർ 29, ചൊവ്വാഴ്ച

ലഹരി




കടമകൾക്കുകനം വെച്ചു

കൂട്ടരെനാമറിയുക

കെട്ടകാല കുടില ബുദ്ധികൾ

സടകുടഞ്ഞതു കാണുക


കഴിഞ്ഞകാല കനിവുകളെ

ഓർക്കുക നാം കൂട്ടരെ

കനവുകണ്ട് കടിഞ്ഞാണില്ല

കുതിരയാകാതിരിക്കുക


ജന്മമെന്നത് ഒന്നു മാത്രമെ

ഉള്ളുവെന്നുള്ള സത്യം

ചില്ലു ഗ്ലാസിലെ ലഹരിജാലത്തിൽ

നുരഞ്ഞുപൊങ്ങരുതോർക്കുക


പുഞ്ചിരിയിൽ പൊതിഞ്ഞ വർണ്ണ

പൊതികളിൽ മയങ്ങാതെ

വീടിനുള്ളിലെ സങ്കടപ്പുഴ ഓർക്കുക

നാമപ്പോൾ


അവരുനീട്ടും നഞ്ചുപാത്രം തഞ്ചത്തിൽ

യെന്നോർക്ക നാം

തഞ്ചിടാതെ അപ്പോൾ നിങ്ങൾ അമ്മയെ

യൊന്നോർക്ക


നേരറ്റു നമ്മൾ നടന്നു പോയാൽ

ഉയിരറ്റുപോകുമെന്നോർക്ക

കാലിടറി പോയാൽ പിന്നെ മധുരമാമീ

യൗവ്വനം

കാലപ്പാമ്പായ് ലഹരി കൊത്തി കീറിടൂമീ

ജീവിതം







2022, നവംബർ 28, തിങ്കളാഴ്‌ച

അജ്ഞാതമായ ഓർമ്മവിളികൾ




ഓർമ്മകൾ പച്ച മാംസത്തിലെന്നോണം

കത്തിപ്പടരുന്നു

ജ്വരരാവുകളുടെ പൊരുളുതേടി

ഞാനുഴറുന്നു

പകൽ ചുട്ടെടുത്ത അപ്പംപോലെ

എന്നിൽനിന്നും ആവി പൊങ്ങുന്നു


ചില നേരങ്ങളിൽ

ചോരപുരണ്ട നാക്കുനീട്ടുന്ന വ്യാഘ്രമാണ്

ഓർമ്മകൾ

അപ്പോൾ രക്തഛവിയോടെ

ഒരു സന്ധ്യ കണ്ണിലേക്കു കയറി വരുന്നു


ഓർമ്മകളെ കൊന്നുകൊക്കയിൽ തള്ളാൻ

തോന്നാറുണ്ട്

അപ്പോഴേക്കും, ഉള്ളിൽനിന്നും

അള്ളിപ്പിടിച്ച് കയറി വന്ന് ഒരനാഥത്വം -

എന്നെ നിശ്ശബ്ദനാക്കുന്നു


പിന്നെയേതോ നിമിഷത്തിൽ 

അജ്ഞാതമായൊരുൾവിളിയിൽ

ഓർമ്മകൾ ഉള്ളകം ഭേദിച്ച് പുറത്തു വരികയും

കെട്ടടങ്ങുകയും ചെയ്യുന്നു



2022, നവംബർ 27, ഞായറാഴ്‌ച

അക്ഷരത്തെറ്റ്

കലണ്ടറിലെ

കറുത്ത അക്കങ്ങൾ

ചുവക്കുന്നു


അച്ചടിക്കുന്നു

അക്ഷരത്തെറ്റുള്ള

ചരിത്ര പുസ്തകം


നക്ഷത്രമാകേണ്ട

അക്ഷരങ്ങൾ

നക്രങ്ങളാകുന്നു

രുധിരം പാനം ചെയ്യുന്നു


പൈദാഹമുള്ളവന്

കണ്ണീർക്കാഴ്ച

അടിവയർ

കഴുകന്ന് കാഴ്ച


2022, നവംബർ 26, ശനിയാഴ്‌ച

എളുപ്പമല്ല

നിനക്കെന്നെയെഴുതുവാൻ

എളുപ്പമല്ല

എനിക്കു നിന്നേയും

തോറ്റുന്തോറും തെളിഞ്ഞു വരും

പലതും


ഉള്ളാഴങ്ങളിൽ ഇളക്കമുള്ളൊരു

കടലുണ്ട്

ഭ്രാന്തു പിടിച്ച തിരമാലകളുണ്ട്

സൂചിപ്പൊട്ടു പോലെ സിരയിൽ നിന്നത്

ഏതു സമയവും ബോധത്തിൻ്റെ സഹ്യപർ -

വ്വതം ഭേദിച്ചേക്കാം


വലക്കണ്ണികളും

ചൂണ്ടക്കൊളുത്തുകളുമുള്ള

ബന്ധത്തിൻ്റെ പുലിമുട്ടുകളെ

തട്ടിത്തെറിപ്പിച്ചേക്കാം


നിനക്കെന്നെയെഴുതുവാൻ

എളുപ്പമല്ല

എനിക്കു നിന്നേയും

പൊളിച്ചുപണിഞ്ഞു കൊണ്ടേയിരി-

ക്കുന്നുണ്ട്

നാം നമ്മെ തന്നെയും

2022, നവംബർ 25, വെള്ളിയാഴ്‌ച

പറയാതെ പോവുന്ന വാക്കുകൾ

പറയാതെ പോവുന്ന വാക്കുകളുടെ

നോവുകളെക്കുറിച്ചോർത്തിട്ടുണ്ടോ

തലച്ചോറിലെ ശവകുടീരത്തിലെ
ഉപ്പു ജലത്തിൽ
അഴുകാതെ കിടക്കുന്ന ഓർമ്മകൾ
ഉണർന്നെഴുന്നേൽക്കാറുണ്ടോ

ശിശിരങ്ങൾക്കപ്പുറത്ത് ഒരു പൂക്കാല-
മുണ്ടെന്ന് ഓർക്കാറുണ്ടോ

കരിഞ്ഞു മണക്കുന്ന സ്വപ്നങ്ങൾക്കി -
ടയിലൂടെ
തൊടുത്തുവിട്ട അമ്പു പോലെ
വക്കുപൊട്ടിയ ജീവിതവും പേറിയുള്ള
ഓട്ടമല്ലെ

ജീവിതമെന്ന ഒറ്റവാക്ക്
അശാന്ത രാത്രിയുടെ ഇരുൾ ഗന്ധങ്ങൾ

കുത്തിയൊലിക്കുന്നകാലത്തിൻ്റെ
പെരുമഴയത്ത്
പറയാതെ പോവുന്ന വാക്കുകളുടെ
നിലവിളികൾ

നോക്കൂ ;
ചൂണ്ടലും വലിച്ചോടുന്ന
ഇര വിഴുങ്ങിയവരാൽ മീനാണ് ജീവിതം

2022, നവംബർ 23, ബുധനാഴ്‌ച

എന്നല്ല




രണ്ടു പേർക്കും

രാവിലെ ജോലിക്ക് പോകേണ്ടതാണ്


ഒന്നു സാഹായിക്കാമോയെന്ന

അവളുടെ ചോദ്യത്തിന്:


ഞാൻ ചായ ഉണ്ടാക്കാം

നീ പലഹാരമുണ്ടാക്ക് എന്നല്ല


ഞാൻ വെള്ളം വെയ്ക്കാം

നീ അരി കഴുകിയിട് എന്നല്ല


ഞാൻ കുളിക്കട്ടെ

നീ പല്ല് തേക്ക് എന്നല്ല


നീ ഭക്ഷണം കഴിക്ക്

ഞാൻ കുഞ്ഞിനെ നോക്കാം

എന്നല്ല


നീ വേഗം ഒരുങ്ങ്

അങ്ങോട്ടുള്ള ലാസ്റ്റ് ബസ്സും -

പോകാറായി എന്നല്ല


പിന്നെ എന്തിനാടി ഞാൻ -

നിന്നെ കെട്ടിക്കൊണ്ടുവന്നത്

.......................

കുറിപ്പ്:

അമേരിക്കൻ കവിയായ

ജൂഡിത്ത് വിയോർസ്റ്റിൻ്റെ കവിത

വായിച്ചപ്പോൾ തോന്നിയത്


2022, നവംബർ 21, തിങ്കളാഴ്‌ച

ഇഷ്ടം

കുഞ്ഞിളം കാറ്റിലച്ചാർത്തിലെന്നപോൽ

നിന്നെ തഴുകാനെനിക്കിഷ്ടം

തിരമാല തീരത്തെ പുണരുന്നതുപോലെ

പുൽകുവാനേറെയെനിക്കിഷ്ടം


മുഴുനഗ്നചന്ദ്രനെ മേഘങ്ങളെന്നപോൽ

നിന്നിൽ പടരുവാനിഷ്ടം

മൂകമായ് മിഴിമുന കോർത്തുകൊണ്ടൊരു -

ചെറു

കവിത മൂളീടുവാനിഷ്ടം


ഇല്ലിമുളങ്കാടിനൊത്തൊരാകൂന്തലിൻ

ഭംഗി നുകരുവാനിഷ്ടം

കാച്ചെണ്ണ തേച്ചു കുളിർന്ന മുടിത്തുമ്പ്

വാസനിച്ചീടുവാനിഷ്ടം


നിന്നെ ഞാനെന്നപോൽ മറ്റാരുമിന്നോളം

സ്നേഹിച്ചതില്ലൊരു പെണ്ണിനെ

എന്നറിയാതെനീ,യേതുശ്യാമത്തിൽ

മിഴിനട്ടിരിക്കുന്നുയിന്നും


2022, നവംബർ 20, ഞായറാഴ്‌ച

തെറ്റാതിരുന്നാൽ




ഏതു രാത്രിയിലും

നിൻ്റെ കണ്ണിൽ പകലാണല്ലോ


ചുണ്ടിൻ്റെ ചരിവിൽ

പൂത്തു നിൽക്കുന്നത്

ചുംബനമലരാണല്ലോ


ഓരോ ചുംബനത്തിലും

ഓരോ വസന്തമായ്

പൂക്കുന്നല്ലോ


വട്ടത്തിലുള്ള

ചുവന്ന പൊട്ടിൽ

ഒരു സൂര്യനുദിക്കുന്നല്ലോ


കവിത പൂക്കുന്ന

കണ്ണാൽ

പ്രണയക്കടുകു 

വറുക്കുന്നല്ലോ


പ്രണയമെന്ന ഒറ്റവരി

തെറ്റാതെയിരുന്നാൽ

തളിർത്തു നിൽക്കും

കാറ്റേറ്റപൂമരം പോലെ


2022, നവംബർ 19, ശനിയാഴ്‌ച

വരച്ചു ചേർക്കുന്നത്



പ്രണയത്തിൻ്റെ പക്ഷികൾ

ഹൃദയത്തിൻ്റെ ചില്ലയിൽ

കൂടുകൂട്ടുന്നു


ചില്ലയിലെ ചുവന്ന പൂവിൽ

കൊക്കുരുമി

മോഹാകാശത്തിൽ

മേഘമായ് പറക്കുന്നു


പ്രണയത്തിൻ്റെ പക്ഷികൾ

സ്നേഹത്തിൻ്റെ ഉയർന്ന ചില്ലയിൽ

പാട്ടു പാടുന്നു

മുടിയിൽ നിന്നും മഞ്ഞുനദി

ഉറവയിടുന്നു

മടിയിൽ മുല്ലവളളി പടർത്തുന്നു


തണുത്ത രാവുകളിൽ അവർ

വേനലായ് മേഞ്ഞു നടക്കുന്നു

പ്രണയ പദത്താൽ

ചുവന്ന ചിത്രം വരച്ചു ചേർക്കുന്നു


പ്രണയവസന്തം പൂവിൻ കൂട്

തുറന്നിളക്കുന്നു

ഞരമ്പുതോറും വർണ്ണ വസന്തം

ത്രസിച്ചു നിൽക്കുന്നു

പ്രണയികൾ വിളഞ്ഞ കതിർക്കുല -

പോലെ

തെളിഞ്ഞു നിൽക്കുന്നു


2022, നവംബർ 18, വെള്ളിയാഴ്‌ച

പെൺകുട്ടികൾ

പെൺകുട്ടികൾ ഒരു പുഴയാണ്

എത്തുന്നേടമെല്ലാം

നനച്ച്, നനുത്ത്

തളിർത്ത്, കുളിർത്ത്

സമൃദ്ധിയുടെ ഒരു പൂപ്പാടം

വിളയിക്കുന്നു


എന്നിട്ടും ;

എന്തിനാണ്

എന്നും അവൾ

എത്ര തോർന്നാലും തോരാത്ത

ആഴിയോളമാഴമുള്ള

കണ്ണീർത്തുള്ളിയാകുന്നത്


തന്നാൽ തളിർത്തവരാൽ -

പോലും

നുള്ളിയെറിയാൻ പാകത്തിലൊരു

മുറ്റച്ചെടിയിലെ

പൂവായിപ്പോയത്


2022, നവംബർ 17, വ്യാഴാഴ്‌ച

കാത്തിരിപ്പ്




കണ്ണീരിൻ്റെ കടപ്പുറത്ത്

കുഞ്ഞു കക്കപോലെയവൾ .

മുനിഞ്ഞു കത്തുന്നു

സങ്കടത്തിൻ്റെ ചെരാത്


പകലിലെ 

പരന്ന ചിരിക്കാർ

ഇരുളിലെ ഇരപിടിക്കാർ

കാത്തു വെയ്ക്കണമെനി-

ക്കെന്നെ

കാകനും കുറുനരിക്കും കൊടു-

ക്കാതെ


ഒന്നാണ് നാമെന്ന തോന്നലിൽ

തെല്ലും തളരാതെ

വറ്റാത്ത നിൻ്റെ വാക്കിനായി

തെറ്റാതെ എൻ്റെ കാത്തിരിപ്പ്


ഏതു ജന്മത്തിൽ

ഏതു കടപ്പുറത്തു വച്ചായിരിക്കും

നാം കണ്ടുമുട്ടുക



2022, നവംബർ 15, ചൊവ്വാഴ്ച

ഉത്തരംകിട്ടാത്ത ചോദ്യം




ഒന്നായ ഹൃദയത്തെ

ഛേദിച്ചവൻ നീ

നീയെനിക്കു തന്നത്

ഉഷ്ണകാലം


വിത്ത് വിതച്ചതെല്ലാം

പാഴ്നിലത്തായിരുന്നു

ഉത്തരം കിട്ടാത്ത 

ചോദ്യമാണു നീ


പങ്കിട്ട വാഗ്ധാനങ്ങൾ

നഷ്ടമായ വസന്തങ്ങൾ

ഭ്രാന്തമായ ആവേശങ്ങൾ

എങ്ങുമെത്താത്ത

ആവേഗങ്ങൾ


വ്യാഘ്രത്തിൻ്റെ മാളത്തിലെ

ശശം ഞാൻ

കോമ്പല്ലിൽ കോർക്കപ്പെട്ട

തെച്ചിപ്പൂവ്


ഇല്ലെനിക്കൊരു

ചാന്ദ്ര പ്രകാശം

കറുത്തവാവിൻ്റെ

സന്തതി ഞാൻ

2022, നവംബർ 14, തിങ്കളാഴ്‌ച

രണ്ടില




അകലെയെങ്കിലും

നീ അരികിൽ തന്നെയാകുമ്പോൾ

ഇനിയുമൊരു പ്രണയകാവ്യമെഴു-

തേണ്ട


നിൻ്റെ പച്ച ഞരമ്പിലെ

രക്തപ്രവാഹത്തിൽ

ഞാനതു കാണുന്നു


സത്ത പ്രണയും

സ്വത്ത് നമ്മളുമാകുന്നു

നമ്മളെ ദാനം ചെയ്തവർ നാം

പ്രണയത്തിൻ്റെ ജoരാഗ്നിക്ക്


ഹൃദയത്തിൽ നിത്യവസന്തം -

വഹിക്കുമ്പോൾ

ഏതു ഋതുവിലും

സുഗന്ധ പ്രവാഹം


സ്നേഹത്തിൻ്റെ

രണ്ടിലകളാണു നമ്മൾ

കാലപ്പഴക്കത്താൽ

വീണടിഞ്ഞാലും

പ്രണയം തളിർക്കുന്നത്


2022, നവംബർ 13, ഞായറാഴ്‌ച

ജലയാത്രയിൽ

എങ്ങോട്ടു നോക്കിയാലും നമുക്കിപ്പോൾ -

ജലധിയെ മാത്രം കാണാം

ദൂരെയ്ക്ക് ദൂരെയ്ക്ക് നോക്കുകയെങ്കിലോ -

കുന്നിൻ തലപ്പുകാണാം

കല്ലോലമാലകൾ കാറ്റിലാടുമ്പോൾ -

കാളിന്ദിയോർമവരും

കാളിയമർദ്ദനമാടുന്നകണ്ണനെ അകതാരി -

ലോർത്തു നിൽക്കും


കിളിയോല കൈവീശി സ്വാഗതമോതുന്ന

തെങ്ങിൻ തലപ്പു നോക്കൂ

കുഞ്ഞിളങ്കാറ്റുകൾ കാതിൽ വന്നോതുന്ന

കളികളതൊന്നു കേൾപ്പൂ

പച്ചത്തുരുത്തുപോൽ പിച്ചവെച്ചെത്തുന്നു

ഹ്ലാദമെന്നുള്ളിൽ നിന്നും

പച്ചപ്പതക്കമായ് മിന്നിനിന്നീടുന്നു മോഹങ്ങ

ളുളളിൽ നിന്നും


തരുണിയാം പെണ്ണുപോൽ തരിവള കൈനീട്ടി

വിരൽ നൂറാൽ ജലമണിവാരിടുമ്പോൾ

തുഴത്തണ്ടിൻതാളമായ് തുടികൊട്ടുംപാട്ടുമായ്

ചിരി മണി ചിതറുന്നു തോണിപ്പെണ്ണ്

എങ്ങുന്ന് എങ്ങനെ കിട്ടിയീവഞ്ചിക്ക്

ഇമ്മാതിരി ഒരു ചന്തം


ചാടിക്കളിക്കും കരിമീനിനെ പോലെ നീ

താളത്തിലാടിക്കളിക്കെ

ആകാശമേഘങ്ങൾ നോക്കുന്ന കണ്ണാടി

നീ മെല്ലെ ആട്ടിയുലയ്ക്കെ

നാണിച്ചു നാണിച്ചു നിൽക്കുന്ന പെണ്ണുപോൽ

കരിമിഴി കണ്ണുള്ള തോണി

എങ്ങുന്ന് എങ്ങനെ കിട്ടിയീ വഞ്ചിക്ക്

ഇമ്മാതിരി ഒരു ചന്തം







2022, നവംബർ 12, ശനിയാഴ്‌ച

സമാധാനം



ഒറ്റവാക്കിൽ

അവളിലെ കന്യകാത്വം

ച്ഛേദിക്കപ്പെട്ടു


ത്രസിച്ചു നിന്ന

മുലഞരമ്പുകൾ

ചെന്നി നായകം

ചുരത്തി


തുടുത്തുനിന്ന

ചുണ്ടുകൾ

കരുവാളിച്ച് കറുത്തു


ഗർഭപാത്രത്തിൻ്റെ

വാതിൽ തുറന്ന്

ഒരു കരാളസർപ്പം

വെളിയിലേക്കിങ്ങി


ചതി

ചിതമാക്കിയവൻ്റെ

തലയറുക്കപ്പെട്ടവൻ്റെ

മണ്ണിൽ നിന്നും


സമാധാനത്തിൻ്റെ

പതാക

മുളച്ചുപൊന്തി




2022, നവംബർ 11, വെള്ളിയാഴ്‌ച

കസേര




ഇന്നലെവരെ

സ്വീകരിച്ചിരുത്തിയതാണ്


തൊട്ടും

തലോടിയും

പൊട്ടിച്ചിരിച്ചും


വിശ്വസ്ഥനെന്നും

അധികാരത്തിൻ്റെ

അടയാളമെന്നും 


ഒട്ടിപ്പിടിച്ചിരുന്നും

രഹസ്യം പറഞ്ഞും


ഇന്ന്

മുഷിഞ്ഞു പോയെന്ന്

മുതുകെല്ല് ഒടിഞ്ഞെന്ന്


കൈയ്യിനും, കാലിനും

ശക്തി പോരെന്ന് 

വിശ്വസിക്കാൻ കൊ-

ള്ളില്ലെന്ന്


വടക്കേ ഇറയത്തെ

മൂലയിലാണിപ്പോ വാസം


ഒരിക്കൽ

പഴയ സാധങ്ങൾ

പെറുക്കാൻ വരുന്നവർക്ക്

കൊടുക്കുമായിരിക്കും




2022, നവംബർ 10, വ്യാഴാഴ്‌ച

രക്തസാക്ഷികൾ




രക്തസാക്ഷികൾ

ചിത്രകാരൻമാരാണ്

രക്തംകൊണ്ട് പൂക്കൾ -

വരച്ച

സ്നേഹത്തിൻ്റെ സഹ്യ-

പർവ്വതങ്ങൾ


രക്തസാക്ഷികൾ

കവികളാണ്

ധരയിലെ ധീരതയുടെ -

പടപ്പാട്ടുകൾ

സഹനത്തിൻ്റെ സൂര്യമു-

ഖങ്ങൾ


രക്തസാക്ഷികൾ

നക്ഷത്രങ്ങളാണ്

അണയാതെ തെളിഞ്ഞു -

നിൽക്കും

വർണ്ണ ജ്യോതിസ്സുകൾ





2022, നവംബർ 9, ബുധനാഴ്‌ച

മനസ്സ്

കഴിയില്ല കടലിനെ

പഠിക്കുവാൻ


എത്ര ശാന്തമാണ്

എന്ന് 

ഓർക്കുമ്പോഴേക്കും

രൗദ്രമായേക്കാം


തിരയ്ക്ക് മുകളിൽ

ഞാനെന്ന്

ഒരു മത്സ്യവും

അഹങ്കരിക്കാറില്ല


തീരത്ത് പതിഞ്ഞ

കാൽപ്പാടുകൾ

മായില്ലെന്ന പ്രതീക്ഷ

അരുത്


കഴിയില്ല മനുഷ്യനെ

പഠിക്കുവാൻ


മനസ്സിലെ തിര

കടൽത്തിരയേക്കാൾ

ശക്തം


2022, നവംബർ 8, ചൊവ്വാഴ്ച

കാണാതിരുന്നാൽ




ഇരുന്നാൽ

ഇരിപ്പുറയ്ക്കുന്നില്ല

കിടന്നാൽ

കണ്ണടയുന്നില്ല


നിൽക്കക്കള്ളിയില്ലാതായ-

പ്പോഴാണ്

അവൻ അവളെ തിരഞ്ഞി-

റങ്ങിയത്


ആദ്യം പോയത്

അവർ എന്നും കണ്ടുമുട്ടുന്ന

ബസ് സ്റ്റോപ്പിലായിരുന്നു


ചില പച്ചത്തലപ്പുകൾ

അർത്ഥംവച്ചു തലയാട്ടിയ -

തല്ലാതെ 

അവളെ അവിടെയെങ്ങും 

കണ്ടില്ല


പിന്നെ പോയത് പുസ്തക -

കടയിൽ

ചില അക്ഷരക്കണ്ണുകൾ

അർത്ഥം തിരഞ്ഞ് ചിരിച്ചതല്ലാതെ

അവളില്ല


ഇനിയും എവിടെ തിരയും

ഒറ്റക്കണ്ണിട്ട് ഒളിഞ്ഞു നോക്കുന്നു

അസ്വസ്ഥത


അപ്പോഴാണ് അവൻ അവൻ്റെ

മനസ്സിലേക്കൊന്നെത്തി നോക്കിയത്


ദേ, ഇരുന്ന് ചിരിക്കുന്നു

പറ്റിച്ചേയെന്ന്


2022, നവംബർ 7, തിങ്കളാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്


ഉള്ളിൽ നിന്നും

ഉപ്പുലാവ ഉരുകി വരുന്നു

പൊള്ളും ഗ്രീഷ്മം

പൊറ്റ കെട്ടിക്കിടക്കുന്നു

മഹാ സ്നേഹം പറഞ്ഞുതന്ന

മഹാൻമാരെവിടെ?!


മരപ്പാവപോലെ 

മെനക്കേടില്ലാതെ

പാറയോട് മല്ലടിക്കേണ്ടി വരുന്നു


മജ്ജയുരുകുന്നു

ചോര വറ്റുന്നു

പ്രതികാരങ്ങളുടെ വേനൽ

ചാട്ടവാറുചുഴറ്റുന്നു


അടിവേരുകൾ ഇളകി തുടങ്ങി

കടപുഴകിയേക്കാം ഏതു നിമിഷവും

ആത്മശലഭത്തിനു ചിറകറ്റു

ഏതു നിമിഷവും നിൽക്കാം

ശ്വാസത്തിൻ്റെ ജീവാണു


തൊഴിലെടുക്കുന്നവൻ്റെ കരള്

കനകത്തിൻ്റെ കലവറ

കറന്നെടുക്കുവാനല്ല

കാർന്നെടുക്കുവാൻ ശ്രമിക്കുന്നുണ്ട്

മേലാളർ


ഓർമകളുടെ കാട്ടുപൂവിന്നില്ല

കാരിരുമ്പിൻ്റെ കൂർത്ത അഗ്രങ്ങൾ മാത്രം

ചെളിയിൽ പുതഞ്ഞു പോയ് ജീവിതം

ചതിയിൽ ചതഞ്ഞു പോയ് ജീവൻ


പാഞ്ഞു വന്നൊരു കാറ്റ് 

ഉടലിൽ ഉപ്പുപരലിൻ ചിത്രം വരയ്ക്കുന്നു

ഉയിർത്തെഴുന്നേൽക്കണമിനി

ഉരുക്കിൻ്റെ ഘടമുടയ്ക്കണം


2022, നവംബർ 6, ഞായറാഴ്‌ച

അവൾക്കായ്...




നീയെനിക്കേകുന്നോരോരോ നിമിഷവും

ധന്യ നിമിഷങ്ങളല്ലോ

നിൻ ജീവിതം തന്നെ നീയെനിക്കായി

അർച്ചിച്ച പുതു പുഷ്പമല്ലോ

എൻ വിളി കേൾക്കുവാനായി നീ എന്നെന്നും

കാതോർത്തിരിക്കുകയല്ലോ


ഇത്രയും കാലം നാം ഒത്തൊരുമിച്ചുയീ -

ഇടവഴിയിലൂടെ നടന്നു

അല്ലും, അലട്ടും സഹിച്ചു നാമിപ്പാത

യിപ്പൊഴും പിന്നിടുന്നുണ്ട്

അല്ലലുണ്ടെങ്കിലും, അലച്ചിലാണെങ്കിലും

നീയുമായ് ചേർന്നൊട്ടു നാൾ നടന്നീടുവാൻ

കൊതിയേറെയുണ്ടെൻ്റെയുള്ളിൽ


ആശകൾക്കന്തമില്ലെങ്കിലും നിന്നെ പിരിയു-

വാനൊട്ടില്ല മോഹം

ആശതൻ പാശമായ് അക്ഷയപാത്രമായ്

നീ എന്നും കരുതലായെന്നിൽ

നീയില്ലയെങ്കിലീ യെന്നെ ഞാനാക്കുവാൻ

ആരുമില്ലാതടിഞ്ഞേനെ


ഒന്നും തരുവാനെനിക്കില്ല ഓമനേ

സ്നേഹമെഴും ചെറുവാക്കല്ലാതെ

എങ്കിലും മായാതിരിക്കുവാനായി

കുറിക്കുന്നൊരു വരി സ്നേഹം

2022, നവംബർ 5, ശനിയാഴ്‌ച

മൗന ബുദ്ധൻ



ശിരസ്സിൽ നിറഞ്ഞു നിൽക്കുന്നു -

ഒരു ചിരി

മരിച്ച മകൻ്റെ ഓർമകൾ

കണ്ണീർ തുള്ളി


കത്തുന്നു ഗ്രീഷ്മം

പൊട്ടുന്നു ഇടനെഞ്ച്

ചതിയുടെ ചിതകൾ

ആളിക്കത്തുന്നു

എവിടെ ശിശിരം


ഒലീവിലയ്ക്കു കീഴെയെങ്കിലും

ഏതു നേരത്തും

ശശത്തിൻ്റെ ശിരസ്സ്

ഒരു ശരമുന തുളച്ചേക്കാം


ശിലപോലും

കണ്ണീർ വാർക്കുമ്പോഴും

നീ മാത്രം ചിരിക്കുന്നതെന്തേ

മൗന ബുദ്ധാ...!

2022, നവംബർ 4, വെള്ളിയാഴ്‌ച

കാലം

 


മഴകൊണ്ട് പൊള്ളി

വിയർത്തതിനും

വെയിൽ നനഞ്ഞ്

പെയ്തൊഴിഞ്ഞതിനും

കണക്കില്ല


കൊടുങ്കാറ്റിൽ നിന്ന്

രക്ഷയും

ഋതുക്കളും കാട്ടിതന്നത്

കൊടുങ്കാട്


അഹിംസ പാടി നടക്കുന്നു

ഹിംസ്ര ജന്തുക്കൾ


നഷ്ടങ്ങളുടെ കണക്കുകളാണ്

ജീവിതം


കുത്തിക്കൊല്ലുന്ന കാലം

കഴിഞ്ഞു

നക്കിക്കൊല്ലുന്നു ലോകം


ആയുധമില്ലാത്ത വേടൻ

അനായാസം കീഴടക്കുന്നു

ആട്ടിൻകുട്ടിക്ക്

സിംഹക്കൂട്ടിൽ സുഖവാസം


ആഗ്രഹങ്ങൾ, നരച്ച തലനാ-

രിഴകളെ

കറുപ്പിച്ചു കൊണ്ടേയിരിക്കുന്നു

2022, നവംബർ 3, വ്യാഴാഴ്‌ച

കിനാവ്



വെളുപ്പാൻ കാലത്തായിരിക്കണം

എന്നെ വിളിച്ചുണർത്താതെ

എന്നിൽ നിന്ന്

ഓർമകൾ ഇറങ്ങിപ്പോയത്


കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ

കടത്തിണ്ണയിൽ നിന്നാണു പോലും

ഉണർന്നത്


രാവിലെ കട്ടൻ കുടിക്കുന്ന ഞാൻ

പട്ടയാണു പോലും കുടിച്ചത്


കാറ്റിനെ കൂടെക്കൂട്ടി

വെയിലിൻ്റെ തോളിൽ കൈയിട്ട്

ആടിയാടി നടന്നെന്ന്


ചുരത്തിൻ്റെ ചരിവിലെ

ചൂരൽക്കാടിൻ നിഴൽപറ്റി

അവളുടെ മനസ്സിലേക്ക്

നുഴഞ്ഞു കയറിയെന്ന്


പിന്നെ

ഏതു 

പുലർകാലത്തായിരിക്കും

ഓർമകൾ തിരിച്ചു വന്നു

കട്ടിലിൽ 

മൂടിപ്പുതച്ച് 

കിടന്നിട്ടുണ്ടാകുക


അവളുടെ കട്ടൻ ചായയെ

പട്ടപോലെ 

കുടിച്ചിറക്കിയിട്ടുണ്ടാവുക

.....................

കുറിപ്പ്

പട്ട = ചാരായം


2022, നവംബർ 2, ബുധനാഴ്‌ച

നിലാവ്


കുട്ടി ഒരു മുയൽക്കുഞ്ഞിനെ
വളർത്തി
പഞ്ഞിക്കെട്ടു പോലൊരു മുയൽ

കൂട്ടിലിട്ട്
പാൽ കൊടുത്തു
കറുകപുല്ലു കൊടുത്തു

രാത്രിയിൽ ,
അച്ഛൻ വരുമ്പോൾ
കുഞ്ഞേൽപ്പിച്ച
നെയ്ച്ചോറും, ഇറച്ചിയും വന്നു
ഇന്ന്, മൃഷ്ടാന്നഭോജനം

കുഞ്ഞ് പാലു കൊടുക്കാൻ
മുയലിനരികിലേക്കു പോയി
എവിടെ മുയൽ !

അച്ഛൻ ആകാശത്തിലേക്ക്
വിരൽ ചൂണ്ടി
മേലെ നിന്ന് താഴേക്കു നോക്കി -
യിരിക്കുന്നു
പഞ്ഞിക്കെട്ടുപോലുള്ള
കുഞ്ഞു മുയൽ

2022, നവംബർ 1, ചൊവ്വാഴ്ച

കാറ്റുപിടിച്ച ജീവിതം

കാഴ്ചകൾ വറ്റി

കാതിലെ അലയൊലിയടങ്ങി

വാക്കുകൾ വാർന്നു പോയി

നിദ്ര നിർന്നിമേഷം നോക്കി നിൽക്കുന്നു


ചങ്കിലെ ചെങ്കൽച്ചൂളയിൽ നിന്നു

പുകവമിക്കുന്നു

കവിതയുടെ കറുത്ത അക്ഷരങ്ങളുടെ

കരിക്കട്ട

കുമ്മായ വെള്ള തേടുന്നു


ഉള്ളിൽ നിന്ന് തെള്ളിവരുന്നത്

കണ്ണീരായ് പൊട്ടിച്ചിതറുന്നു

ചിതലരിച്ച തായ്ത്തടിക്ക്

കാറ്റു പിടിച്ച പോലെ ഉടലുലയുന്നു


കെട്ട കൃഷ്ണമണി പകച്ചു പോകുന്നു

വിറയാർന്ന ചുണ്ടിലൂടെ

ഇപ്പോൾ വറ്റി തീർന്നേക്കാം എന്ന പോലെ

ഇറ്റി വീഴുന്നു ശ്വാസം