malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഡിസംബർ 26, ഞായറാഴ്‌ച

ചോര


കാഞ്ചി കാത്തിരിക്കുന്നു കല്പന.
സൂക്ഷിക്കുക
ആകാശത്തിലും വരച്ചിട്ടുണ്ട്
ഒരു ലക്ഷ്മണരേഖ

ചത്ത പക്ഷികൾ മുന്നറിയിപ്പാണ്
വഴിയാത്രക്കാരനു വിളമ്പി വെച്ചി-
രിക്കുന്നു
മരണത്തിൻ്റെ പാഥേയം

വിശപ്പിൻ്റെ വേരിന് വിവേകമില്ല
ഒരു നിമിഷം
തോക്കിൽ നിന്നൊരു തീപ്പൊരി

തലച്ചോറ് വാരിത്തിന്
വേഗത്തിൽ നടന്നു പോകുന്നു
ഉടൽ

അധികാരം അമ്മയ്ക്കു നൽകുന്ന -
ഉപഹാരം
മകൻ്റെ ചോര

2021, ഡിസംബർ 23, വ്യാഴാഴ്‌ച

വിഭ്രാന്തി


മഴ പെയ്തു കൊണ്ടേയിരുന്നു
ഞാൻ ഉമ്മറക്കോലായിൽ കവിത -
വായിച്ചു കൊണ്ടും
പെട്ടെന്നു വന്ന ഒരു കാറ്റ് കുറേ ജല -
മണികൾ വാരി
എൻ്റെ മുഖത്തേക്കെറിഞ്ഞു
ഇന്നുവരെ കേൾക്കാത്ത തരത്തി -
ലൊരു ശബ്ദം
മേഘങ്ങൾക്കിടയിൽനിന്ന് താഴേ -
ക്കിറങ്ങിവന്ന്
കാതിൻ്റെ അങ്ങേയറ്റത്തെ ലോല-
തന്ത്രിയെ മർദ്ദിച്ച്
തരിപ്പൻ വേദനതന്ന് വന്ന വഴിയേ -
മടങ്ങിപ്പോയി
ഇരുണ്ട വെളിച്ചത്തിലേക്ക് മിന്നലൊരു
പൂത്തിരി കത്തിച്ചു
ആകൃതിയില്ലാത്ത ജലം പലരൂപത്തിൽ
വികൃതി കാട്ടി പാഞ്ഞു
എന്നിൽ നിന്ന് ഞാൻ എന്നിലേക്കും
പുറത്തേക്കും കയറിയിറങ്ങിക്കൊണ്ടിരുന്നു !
അവസാനത്തെ കറുത്ത മേഘക്കുടവും -
വീണുടഞ്ഞപ്പോൾ
മറക്കുടമാറ്റി ആകാശമൊന്നെത്തി നോക്കി
മടിയിൽ മടക്കി വെച്ച പുസ്തകം നിവർത്തി -
യപ്പോൾ
ഇല്ല ഒറ്റക്കവിതയും
എന്നിലെ എന്നെ ഞാൻ തിരഞ്ഞപ്പോൾ
ഇല്ല ഞാനും എന്നിൽ
എപ്പോഴായിരിക്കും ഇറങ്ങിപ്പോയിട്ടുണ്ടാകുക
എന്നിൽ നിന്ന്ഞാനും
കവിതയും.

2021, ഡിസംബർ 22, ബുധനാഴ്‌ച

ജലക്കണ്ണാടി



ആകാശത്തിൻ്റെ ചിത്രം വരച്ചു -

വെച്ചിരിക്കുന്നു കുളം

വസന്ത ഋതുവിനാൽ അരികു മിനുക്കി -

യിരിക്കുന്നു

നീർക്കോലിയും, തവളയും ഓട്ടമത്സര -

ത്തിലാണ്

ഒറ്റക്കുതിപ്പിനൊരുപൊൻമ നീലവരയി-

ടുന്നു ജലത്തിൽ


കുളത്തിനെ കണ്ണാടിയാക്കി വട്ടപ്പൊട്ടു -

തൊടുന്നു ഒരു പെൺകുട്ടി

പിന്നെയവൾ വർത്തമാനം പറയുന്നു

ചിരിക്കുന്നു

കൂട്ടുകാരി വന്ന് ഒരു ചെറുകല്ലെടുത്ത്

കുളത്തിലേക്കിടുന്നു

ജീവിത വളയം പോലെ പല ദൈർഘ്യ -

ത്തിലുള്ള വളയങ്ങൾ അകന്നകന്നു -

പോകുന്നു


ചെറുമഴക്കാറൊന്ന് മാനത്ത് ചേക്കേറുന്നു

ചിരിയുടെ ചെറുകാറ്റതിനെ ദൂരേക്ക് 

പായിക്കുന്നു

കാട്ടുപൊന്തയിൽ നിന്നൊരു കുളക്കോഴി

യും മക്കളും കുളത്തിൽ നീന്തുന്നു


ഇന്നാ പെൺകുട്ടി എവിടെയായിരിക്കും?

ആ കുളമിന്നുണ്ടാകുമോ?

ഓർമ്മയുടെ കുളക്കരയിലിരുന്ന് അവൾ 

ജലകണ്ണാടി നോക്കാറുണ്ടാക്കുമോ ?!


2021, ഡിസംബർ 21, ചൊവ്വാഴ്ച

വെളിച്ചം


പുല്ലാങ്കണ്ണിയിൽ നിന്നും
നുള്ളിയെടുക്കുന്നു ഞാൻ
തണുത്തുറഞ്ഞ ഒരു വാലൻ
മഞ്ഞു തുള്ളിയെ
കാഴ്ച കൂടുമെന്ന കാരണ -
വൻമാരുടെ
വാക്കിനെ കണ്ണിലെഴുതാൻ.

പാതിയെഴുതി നിനക്കുതരാം
എഴുതണം പാതി നീയും
ഇരുപാതികൾ ചേർന്ന്
മുഴുവെളിച്ചത്തിൻ്റെ തെളിച്ച -
മായ് നമുക്ക് മാറാം

രാവിലെ തോട്ടുവക്കിൽ നിന്നും
പറിച്ചെടുത്ത്
കൈത്തോട്ടിലെ അരയോളം
വെള്ളത്തിൽനിന്ന്
എന്നും കണ്ണിലെഴുതുന്നു നമ്മൾ
പ്രണയം പോലെ മഞ്ഞുതുള്ളി

കുളിച്ചീറനുടുത്ത്
വരമ്പത്തൂടെ വീട്ടിലേക്കോടുന്നു
ദേഹത്തു വീഴുന്ന മഴത്തുള്ളികളെ -
എണ്ണിക്കൊണ്ട്

ഇന്നുമുണ്ടോ പാടവും, കൈത്തോടും
തോട്ടിറമ്പിലെ പുല്ലാങ്കണ്ണികൾ
പാതിപ്പാതി കണ്ണിലെഴുതാൻ
തണുത്തുറഞ്ഞ വാലൻ മഞ്ഞുതുള്ളി

.

2021, ഡിസംബർ 19, ഞായറാഴ്‌ച

എഴുതാത്ത കവിത


ഒരു കവിതവന്നെൻ്റെ കാലിൽ
മുട്ടിയുരുമിനിൽക്കുന്നു
വാലാട്ടി നടക്കുന്നു
പച്ചക്കണ്ണുയർത്തിനോക്കി കര-
ഞ്ഞുവിളിക്കുന്നു

ഇരുട്ട് മുരട്ടുകാളയായി മുന്നിൽ -
നിൽക്കുന്നു
തണുപ്പിൻ്റെ തരികൾ തനുവിലേ -
ക്കമരുന്നു

അമരുന്ന നിശ്വാസച്ചൂട് പുതപ്പിലേ-
ക്കു പാറിയിരുന്ന് തിരിച്ചു പറക്കുന്നു
കവിതവന്ന് ഉടലോരം പറ്റിക്കിടന്ന്
കുറുകുറുകൂർക്കം വലിക്കുന്നു

ഉറക്കച്ചടവോടെ പേനയെടുത്തപ്പോൾ
എലിവാലിൽ തട്ടുന്ന പൂച്ചയെപ്പോലെ
പേന തട്ടുന്നു കവിത

ഒരുവരി മുടന്തി മുടന്തി നടന്നു മറഞ്ഞു
ഒന്ന് ശ്വാസംമുട്ടി വീണുകിടന്നു
മറ്റൊന്ന് കണ്ണീരിൽ കുളിച്ചു നിൽക്കുന്നു
ഒന്നുതളർന്നും തലയറ്റും

വെളുപ്പാൻ കാലത്ത് ഉണർന്നു നോക്കു-
മ്പോൾ
മലർന്നു കിടപ്പുണ്ട് പേന
മാറിക്കിടപ്പുണ്ട് പേപ്പർ

എങ്ങുപരതിയിട്ടും കാണുന്നില്ലകവിതയെ
അമ്മമണംഎന്നൊക്കെ പറയുന്നതു -
പോലെ
പരിചിതമായ ഒരുഗന്ധംമാത്രം ബാക്കിയാക്കി
എങ്ങോ മറഞ്ഞിരിക്കുന്നു കവിത


2021, ഡിസംബർ 18, ശനിയാഴ്‌ച

രാജ്യദ്രോഹക്കുറ്റം




സ്വപ്നം കാണുന്നു

എന്നതാണ് കുറ്റം


അത് ചരിത്ര സത്യമാണ്

എന്നതാണ്

മറ്റൊരു കുറ്റം


പുതുചരിത്രമെഴുതാൻ

എന്തൊക്കെ

വാഗ്ധാനങ്ങളായിരുന്നു


അവാർഡുകൾ

ബഹുമതികൾ

കാറ്

ബംഗ്ലാവ്

പരിചാരികമാർ

ലോകസഞ്ചാരം


എന്നിട്ടും, 

ആ വിഡ്ഢി !

നാലുംകൂടിയ മുക്കിൽ

പീടികക്കോലായിലിരുന്ന്

മാളോരോട്

ഓരോന്നും വിളിച്ചു പറയുന്നു -

യെന്നതാണ്

രാജ്യദ്രോഹക്കുറ്റം


അതുകൊണ്ടാണു പോലും

അയാളെ കൽത്തുറുങ്കിലടച്ച്

ഇനിയാരും

സ്വപ്നം കാണരുതെന്ന്

ഭരണാധികാരികൾ

ഉത്തരവിറക്കിയത്

2021, ഡിസംബർ 15, ബുധനാഴ്‌ച

പ്രണയ യാത്ര


തുറന്നിട്ട വാതിലുകളാണ്
പ്രണയം
ഉള്ളകം നിറയേ ഉദ്യാനമാണ്
ഉടലുപൂത്തുറവയിടുന്ന വസന്തം

ആകാശം
ഭൂമി
കടൽ
കാട്
കവിതവിരിഞ്ഞ കാമനകൾ

പ്രണയമൊരുയാത്രയാണ്
കാണാക്കയങ്ങളിലേക്കുള്ള
യാത്ര

ഉടൽ രഹസ്യമറിയുന്ന ഉടുപ്പു
കളെപ്പോലെ
ആത്മരഹസ്യങ്ങൾ തേടി
പ്രണയം യാത്ര ചെയ്യുന്നു

പ്രണയം ഒരുഒറ്റഉടുപ്പാണ്

2021, ഡിസംബർ 12, ഞായറാഴ്‌ച

അത്രമേൽ ....!


അത്രമേൽ പ്രിയപ്പെട്ടവളെ,
ഉമ്മയോളം ഉണ്മയായി
മറ്റെന്തുണ്ട് ഭൂമിയിൽ

പ്രണയത്തിനല്ലാതെ
ഇത്രമേൽ ഗാഢമായി
സ്നേഹിക്കുവാൻ
തലോടുവാൻ
സന്തോഷിക്കുവാൻ
ചിരിക്കുവാൻ
കളിമ്പങ്ങൾ കാട്ടുവാൻ
മറ്റെന്തിനു കഴിയും

രണ്ട് പേർക്കിടയിൽ
ഒരു തുണ്ടകലമില്ലാതെയിരി-
ക്കുന്നതിനെ
ഒരാകാശത്തെ വഹിക്കുന്നതിനെ
നക്ഷത്രത്തെ കൊരുക്കുന്നതിനെ
ചുവന്ന മേഘത്തെ തൊട്ടെടുക്കു-
ന്നതിനെ
പ്രണയമെന്നല്ലാതെ
മറ്റെന്തു പേരിടും

പ്രണയത്തിൻ്റെ പാത
സങ്കീർണ്ണമാണ്
ഏത് ദുർഗ്ഗമമായ പാതയും
അതു താണ്ടും

അതിരുകളില്ലാത്ത
ആകാശമാണ് പ്രണയം
ദേശ, വേഷ,ഭാഷ, ഭൂഷകളില്ലാതെ
അവൾ അവനിലേക്കും
അവൻ അവളിലേക്കും
നടന്നു കൊണ്ടേയിരിക്കും

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

മനുഷ്യമൃഗം




മിഴിമുനയിൽ

വിരൽ മുനയിൽ

വാക്കിൻവാൾമുനയിൽ

തളർന്നിരിക്കുന്നു ഞാൻ


നഭസ്സിലേക്കുയരുവാൻ

വപുസ്സു കുതിക്കുന്നു

കുഹരത്തിലേക്കടരുവാൻ

വേരു പിടയുന്നു


തൃഷ്ണ തളിർത്തൊരു

കൃഷ്ണമണികളിൽ

ക്രൂര കരിമ്പാറയായ്

നിറഞ്ഞു നിൽക്കുന്നു നീ


നിൻ മുരൾച്ചയിൽ

മരവിക്കുന്നെൻ മനം

മരുഭൂവിൻ വനാന്തരത്തിൽ

അകപ്പെട്ടു പോകുന്നു


ആരുഞാൻ നിൻകളിപ്പാവയോ

പൂച്ചപോൽ തട്ടിക്കളിക്കും ഇരയോ

ഭയത്തിൽ നിന്നും ഉയിരുണരുന്നു

ധൈര്യത്തിൻ്റെ തരിമ്പുയരുന്നു


ഇരയെരിയുമ്പോഴാണ്

നീയുണരുന്നത്

ഇരയുണരുമ്പോൾ

നീയെരിഞ്ഞീടും


മനുഷ്യനെന്ന് മനസ്സറിയുക

മനസ്സിലെ മൃഗത്തെ ആട്ടിയോടിക്കുക


കിനാവ്


അവളിലേക്ക്
ആണ്ടിറങ്ങിയനേരം
ഒറ്റമിന്നലിൽ
കൂമ്പിയപുഷ്പം പോലെ
അവനവളുടെ മിഴി കണ്ടു.

തണുത്ത കാറ്റിലും
അകം, ചൂടിൽ നിറഞ്ഞു
ചാറ്റൽ മഴയ്ക്ക് നീറ്റലിൻ്റെ ശബ്ദമോ?
ചിരി മുഴക്കമോ ?!

അവളിൽനിന്നും ഒരുചിലമ്പനക്കം.
നൃത്തച്ചുവടുകളുണരുമ്പോൾ
താളപ്പെരുക്കത്തിൽ അവൻ മതിമറക്കമ്പോൾ
പുറത്തൊരു പെരുമഴക്കാലം നിറഞ്ഞിടുന്നു

പുതുവെളിച്ചവുമായി
പുലരി വന്നപ്പോൾ
കീറിപ്പോയ ഓർമ്മയുടെ
ഓലക്കുട തിരഞ്ഞ് അവൻ നടന്നു

കിടക്ക വിരിയുടെ ചുളിവ് നീർത്തുമ്പോൾ
ഗ്രീഷ്മരാവിലെ കിനാവിന്
എന്തുമാത്രം കുളിരെന്ന്
സ്വഗതം മൊഴിഞ്ഞു

2021, ഡിസംബർ 8, ബുധനാഴ്‌ച

സങ്കല്പം



നിന്നെഞാൻകണ്ടതിൽ പിന്നെയെൻ -

കണ്ണിന്

എന്തു വെളിച്ചമെന്നറിയുന്നു ഞാൻ സഖി

നിന്നെഞാൻകേട്ടതിൽ പിന്നെയെൻകാതിന്

എന്തു തെളിച്ചമെന്നറിയുന്നു ഞാൻസഖി


നിന്നെ കണ്ടതിൽ പിന്നെയെൻ ജീവനിൽ

എന്തെന്തു മാറ്റങ്ങളെന്നോ സഖി

കണ്ടപ്പൊഴെനിന്നെ കൊണ്ടതാണല്ലൊ ഞാൻ

തൊടാതെ തൊട്ടിരിപ്പാണല്ലൊയെന്നും നാം


നീ കണ്ണടയ്ക്കുമ്പോൾ രാത്രി വന്നെത്തുന്നു

നീ കൺതുറക്കുമ്പോൾ പകലോനുണരുന്നു

ഏതു കനവിലും ഏതു നിനവിലും

നാം രാഗശയ്യയിൽ കവിത മൂളീടുന്നു


കെട്ടടങ്ങാത്തൊരു കനലാണ് പ്രേമം

കൊട്ടിയടയ്ക്കുവാൻ കഴിയാത്ത വാതിൽ

ഏതു കാലത്തിനുമപ്പുറത്താണു നീ

എന്നെന്നുമെന്നിലെ സങ്കല്പമാണുനീ


കവി


കൂട്ടില്ലാത്ത കുട്ടിയാണ്കവി

ക്ലാസിൽ ഒറ്റയ്ക്കൊരുബഞ്ചിൽ
അവനിരിക്കുന്നു
സൂത്രവാക്യത്തിൻ്റെ എളുപ്പവഴി
അവൻതേടാറില്ല
ഭാവനയുടെ നൂൽപ്പാലത്തിൽക്കയറി
ഏത് നരകത്തീയ്യിലൂടെയും അവൻ
നടക്കും!
കണക്കുമാഷ് നൽകിയ
ചൂരൽപ്പാടിൻ വടിയൊടിച്ച്
സന്ധ്യയിലേക്ക് ഇറങ്ങിനടക്കും

കളിമറന്നകുട്ടികൾ
മടുത്തും, മുഷിഞ്ഞും പുസ്തകപ്പുഴുക്ക -
ളായിഴയുമ്പോൾ
അവൻ,
മാനത്തേക്കുയർന്ന ഒരുപട്ടമായ്പറക്കും
പാടവും, പറമ്പും
മഴയും, പുഴയും
കാടും,കടലും
ആകാശവും, ഭൂമിയും
ചുരവും, താഴ് വരയും
അവധൂത ധാരയായി
ബോധമണ്ഡലത്തിൽ ചേക്കേറും

പൊരുന്നവെച്ചമുട്ടകൾ വിരിയുന്നതുപോലെ
അക്ഷരങ്ങളിൽവിരിഞ്ഞ വാക്കിൻപക്ഷികൾ
പുസ്തകത്താളിലേക്കു പറന്നിറങ്ങും