malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, നവംബർ 30, വ്യാഴാഴ്‌ച

ഒരിക്കൽ സ്നേഹിച്ചവർ


മറന്നതായി നടിക്കും
അടർന്നതായി കരുതും.
കഴിയില്ല ഒരിക്കലും
സ്നേഹത്തിൻ്റെ ചെതുമ്പ-
ലുകളെ
അടർത്തിക്കളയാൻ

ഒരിക്കൽ സ്നേഹിച്ചവർ
ഒരു പുഴയാണ്
ഒരു മഴയാണ്
ഒരു കാടാണ്

വറ്റിയാലും നനവുള്ളത്
തോർന്നാലും പെയ്യുന്നത്
ഉണങ്ങിയാലും കിളിർക്കുന്നത്
എത്ര വെറുത്താലും
വെറുക്കാത്തത്
ഇല മുഴുവൻ കൊഴിഞ്ഞാലും
പൂത്തു നിൽക്കുന്നത്

ഒരിക്കൽ സ്നേഹിച്ചവർ
എത്ര അകന്നാലും
ഒരടുപ്പം സൂക്ഷിക്കുന്നുണ്ട്

2023, നവംബർ 29, ബുധനാഴ്‌ച

ദൃഢനിശ്ചയം


പാതകൾ ദുസ്തരം
പതാകകൾ നിശ്ചലം
വിപത്തുകൾ സുനിശ്ചിതം
എങ്കിലും,
ചവിട്ടിക്കയറിയേപറ്റു
തട്ടിയെറിഞ്ഞ ജീവിതത്തെ
കണ്ടെടുത്തേ പറ്റു

മെതിക്കപ്പെട്ട മോഹങ്ങൾ
വരണ്ടുണങ്ങിയ കണ്ണുകൾ
വറ്റിപ്പോയ ദാഹങ്ങൾ
ഉണങ്ങിക്കരിഞ്ഞ പ്രതീക്ഷകൾ

ഇല്ല ,
ചവിട്ടിക്കയറിയേപ്പറ്റു
വിപത്തിൻ്റെ കുന്നിൻ മുകളിലെ
സ്നേഹത്തിൻ്റെ പാതയിൽ
വിജയത്തിൻ്റെ പതാക
പറത്തിയേപറ്റു

2023, നവംബർ 28, ചൊവ്വാഴ്ച

അവസാന വരി


അവസാന വരിയെഴുതുന്നതിനു -
മുമ്പായി
വാതിലിൽ ഒരു മുട്ടുകേട്ടു

എഴുത്തിനിടയിൽ അറിയാതെ
വന്നുകയറുന്ന വാക്കുപോലെ
പരിചിതമല്ലാത്ത ഒരു മുഖമായി -
രുന്നു അത്

മറന്നുപോയ വാക്കുപോലെ
മനസ്സുകൊണ്ടുതപ്പിനോക്കികുറേ.
ഇറങ്ങിപ്പോയ കവിതപോലെ
ഓർമ്മയിലേക്ക് കയറിവന്നതേയില്ല -
ആ മുഖം

ഒഴിഞ്ഞ സ്ഥലത്തെ ഈ ഒറ്റ മുറി
യിലേക്ക്
അറിയാത്തൊരാളെന്തിന്
അന്വേഷിച്ചെത്തണം

വഴിയരികിലെ വേലിയിൽ ചാരിനിന്ന
പൂവിലേക്കൊന്ന് നോക്കിയശേഷം
അവൻ സ്ഫടികസമാന മിഴിയുയ-
ർത്തി എന്നെനോക്കി
ഒന്നും മിണ്ടാതെ തിരിച്ചുപോയി

കടലാസിൽ നോക്കിയപ്പോൾ
കവിത ഇറങ്ങിപ്പോയിരിക്കുന്നു
അവസാന വരിയായിരിക്കണമവൻ
പൂർത്തീകരിച്ചപ്പോൾ
പുറത്തേക്കിറങ്ങി പോയതായിരിക്കണം








2023, നവംബർ 26, ഞായറാഴ്‌ച

വെടിയുണ്ട


ഒരു വെടിയുണ്ട
എൻ്റെയരികിൽ വന്നു വീണു
വെടിയുണ്ടയ്ക്കറിയില്ല
ശത്രുവോ മിത്രമോയെന്ന്
ആണോ പെണ്ണോയെന്ന്
കുട്ടിയോവൃദ്ധനോയെന്ന്

എനിക്കൊട്ടും സംശയമുണ്ടാ-
യിരുന്നില്ല
വെടിയുണ്ടയ്ക്ക്
കരുണയൊട്ടുമില്ല ശത്രുതയും
ഇടംവലം നോക്കില്ല
തൊടുത്തുവിട്ട കൈയും

ഉന്നം തെറ്റുകയേയില്ല
എത്ര ഉന്നതനായാലും
സംശയമൊട്ടുമില്ല
കൊല്ലാനതുമതിയെന്നതിൽ

2023, നവംബർ 24, വെള്ളിയാഴ്‌ച

വിശപ്പ്


ഉത്തരം കിട്ടാതെ അച്ഛൻ
ഉത്തരം നോക്കിയിരിക്കുന്നു
ചാരനിറമാർന്ന മിഴികളറിയാതെ
കരച്ചിലിൻ്റെ ഒരു മഴവരുന്നു

വിശപ്പിൻ്റെ വിശ്വരൂപം വാളെടുത്തു
തുള്ളുന്നു
തളർന്ന മകൾ തറയിൽ കിടക്കുന്നു
ഒരു നേരത്തെ അന്നവുമായിഏതു
മാലാഖ വരും!
അവസാനത്തെ പ്രതീക്ഷയും
മനസ്സിൻ്റെ തുമ്പത്തിരുന്നുവിറയ്ക്കുന്നു

വിശപ്പിനെ വിശപ്പു കൊണ്ടു മാറ്റാമെന്ന്
മകൾ മൊഴിയുന്നു
ഉടലുകൊണ്ട് ഉണ്ണാമെന്ന്
ഇടനെഞ്ചു പൊട്ടുന്നു

അവസാനത്തെ കടുങ്കൈയിക്ക്
അച്ഛനിറങ്ങുന്നു
പിടയ്ക്കുന്ന ഒരു പച്ചനോട്ട് പറഞ്ഞു
വാങ്ങി
പിന്തുടർന്നു വന്നൊരാളെ അകത്തേക്കു
വിടുന്നു

2023, നവംബർ 22, ബുധനാഴ്‌ച

സാന്നിധ്യം


ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ -
സാന്നിധ്യം
തത്സമയം അരികിലുണ്ടായിരി-
ക്കുകയെന്നല്ല
എത്ര അകലെയായിരുന്നാലും
അത്രയും നമ്മിലുണ്ടാകുക -
എന്നാണ്

സന്തോഷത്തിൻ്റെ
സ്നേഹത്തിൻ്റെ
സമാശ്വാസത്തിൻ്റെ
ഏതു സംഘർഷത്തേയും
സമചിത്തതയോടെ നേരിടുന്ന -
സാന്നിധ്യം
ഏതു വേദനയേയും
ആശ്വസിപ്പിക്കുന്ന സാന്നിധ്യം

ഒരു പൂവിന് മഞ്ഞുതുള്ളി നൽകുന്ന
സ്നേഹ സാന്നിധ്യമാണ്
എനിക്കു നീ....

2023, നവംബർ 20, തിങ്കളാഴ്‌ച

നഷ്ടപ്പെടുമ്പോൾ


നഷ്ടപ്പെടുമ്പോഴാണ്
ഇഷ്ടങ്ങളെ അറിയുന്നത്
കഷ്ടപ്പാടുകൾ
കരളിൽ കൊള്ളുന്നത്

പരസ്പരം
കുത്തിനോവിക്കുവാൻ
എന്തൊക്കെ കുറ്റവും,
കുറവുകളുമായിരുന്നു
അപ്പോഴും
ഒരു സുഖമുണ്ടായിരുന്നു
ഒന്നാണെന്ന സുഖം

നഷ്ടപ്പെടലുകളുടെ ഓർമ
ചോര പൊടിയലുകളാണ്
ഓരോ രോമകൂപവും
മുറിപ്പാടുകളാണ്
അഭാവങ്ങളുടെ അനലുന്ന
കനൽപ്പാടുകളാണ്

പളുങ്കുപാത്രം പോലെ
വീണുടഞ്ഞാലും
കൊത്തിവെച്ച പ്രണയ
ശ്വാസത്തെ
കഴിയില്ല അടർത്തിമാറ്റുവാൻ

2023, നവംബർ 19, ഞായറാഴ്‌ച

കെട്ടകാലം


ശിശിരത്തിൻ്റെ തീച്ചൂട്
എനിക്കു നൽകുക
ഇത് ചതി ചിതയൊരുക്കും
കാലം

പിറവിയെന്തെന്നറിയുന്നതിൻ
മുന്നേ
കുഞ്ഞുങ്ങൾ മൃതിയടയും കാലം
മറമാടാൻ മണ്ണില്ലാതെ
മനസ്സുരുകും കാലം
തീയുണ്ടകൾ നഗരത്തെ
നക്കിത്തുവർത്തും കാലം

മരിച്ച മകൻ്റെ (മകളുടെ) ചിരി
സ്വപ്നം കാണേണ്ടി വരുന്നവർ
ഞെരിഞ്ഞമരും വേദനയിൽ
നരകം പൂകേണ്ടി വരുന്നവർ

ഇത് ഉയർന്ന ചിന്തയെന്നു
നടിക്കുന്ന
പ്രാകൃതരുടെ കാലം
ശ്മശാനങ്ങൾക്കായി ശപഥം
ചെയ്തവരുടെ കാലം

ജീവിതമേ
ഭയം തന്നെ അഭയം

2023, നവംബർ 16, വ്യാഴാഴ്‌ച

മനുഷ്യക്കടൽ


മനുഷ്യമനസ്സ് ഒരു കടലാണ്
അലതല്ലുന്ന കടൽ
അവിടെ
ക്ഷമയുടെ ഒരു മുക്കുവനാകാൻ
നമുക്കു കഴിയണം

നമ്മടെ ജീവിത വഞ്ചിയും വലയും
അതു വലിച്ചിഴച്ചു കൊണ്ടു
പോയേക്കാം
ആഴക്കടലിൽ മുക്കുവാൻ
ശ്രമിച്ചേക്കാം

എൻ്റെ സങ്കടക്കടലേ !
നിൻ്റെ എല്ലാ പരിശ്രമങ്ങളും
വിഫലമാക്കി
കണ്ണീരുപ്പുകളെ തുടച്ചു മാറ്റി
കവിതയുടെ കാൽപ്പാടുകൾ തേടി
പൂവിൻ്റെ പുഞ്ചിരിയായ് ഞാൻ
നടന്നു കയറും

2023, നവംബർ 15, ബുധനാഴ്‌ച

കടുക് കവിതകൾ


ജീവിതം

സുഷിരം വീണ
ജലകുംഭം
ചായം മറിഞ്ഞുവീണ
ചിത്രം

(2)ക്രൂശിതം

പ്രിയേ,
പ്രണയത്തിൻ്റെ
കുരിശുമേന്തി
കാൽവരിയിലൂടെ
ഞാൻ നടക്കാം

നിന്നിൽ പ്രണയം
ഉയിർത്തെഴുന്നേൽക്കും -
വരെ

(3)
വാക്ക്

നോക്കിലൂടെ
അറിഞ്ഞത്

(4)
തൊടൽ

ഞാനെന്നെ
തൊട്ടപ്പോഴാണ്
നിന്നെ
തൊട്ടതായറിഞ്ഞത്

(5)

ഇഷ്ടം

നീ
മിഴികൊണ്ടു മൊഴിയുന്ന
കവിതകളാണ്
എനിക്കേറെയിഷ്ടം

(6)

സ്നേഹം

മരിക്കുന്നതുവരെ
കിട്ടിയിട്ടില്ല
ഇത്രയും......



2023, നവംബർ 14, ചൊവ്വാഴ്ച

അയ്യപ്പൻ


കവിതയുടെ കടവിൽ വച്ച്
ഒരുവനെ കണ്ടുമുട്ടി
അഭയമില്ലാതിരുന്നിട്ടും
ഭയമില്ലാത്ത ഒരുവനെ

മുറി ബീഡിക്കൊപ്പം
കവിത ചുരുട്ടിയ കടലാസ്
കാണിച്ച് പറഞ്ഞു:
കള്ള് തന്നാൽ കവിത തരാം!

കിതച്ചു പോകുന്ന വാക്കിൽ
കുതിച്ചു നിൽക്കുന്നു കവിത
മുഷിഞ്ഞ മുണ്ടിനാൽ
മ്ലാനമുഖം തുടക്കുന്നു

കരളിലൊരു കടച്ചിലനുഭവ -
പ്പെടുന്നു
പുലിപ്പാലു തേടുന്നവനെ
അന്വേഷിച്ച്
പുലി വന്നിരിക്കുന്നു !
നീയോ ഞാനോ അയ്യപ്പൻ ?!!

2023, നവംബർ 13, തിങ്കളാഴ്‌ച

രണ്ടു കവിതകൾ


നോട്ടം

ഒറ്റനോട്ടത്തിൽ
തന്നെ നൽകിയല്ലോ
നീ എനിക്കൊരു
വസന്തകാലം

മൗനം

ഏറ്റവും
വാചാലമായ
നിമിഷങ്ങൾ

2023, നവംബർ 10, വെള്ളിയാഴ്‌ച

അഭയാർഥി


സ്കൂളിൽ പോയിരുന്നതിൻ്റെ
ഓർമ്മയിലായിരിക്കണം
ചായപ്പെൻസിലും നോട്ടു -
ബുക്കുംതന്ന്
മകളൊരുപൂവു വരയ്ക്കാൻ
പറഞ്ഞു
വരഞ്ഞു വന്നപ്പോൾ അതൊരു
മുള്ളായിരുന്നു

പിന്നെയവളൊരു പ്രാവിനെ
വരയ്ക്കാൻ പറഞ്ഞു
വരഞ്ഞു വന്നപ്പോൾ
അതൊരു തോക്കായിരുന്നു

പിന്നെയൊരു വീടു വരയ്ക്കാൻ
പറഞ്ഞു
വരഞ്ഞു വന്നപ്പോൾ
പടർന്നു നിന്നത്
രണ്ടിറ്റു കണ്ണീരായിരുന്നു

പിന്നെയവൾ സ്വന്തം നാടുവരയ് -
ക്കാൻ പറഞ്ഞു
സ്വന്തം നാടില്ലാത്തവൻ്റെ വേദന
യിൽ
ഞാൻ വിറങ്ങലിച്ചു നിന്നു

2023, നവംബർ 8, ബുധനാഴ്‌ച

കനൽ


മസ്തിഷ്കത്തിലെ
കത്തിക്കരിഞ്ഞ
നൂറുനൂറു ചിന്തകളുടെ
ചാരക്കൂമ്പാരത്തിലൂടെ
പരതുമ്പോഴാണ്
വിരലിൽപൊള്ളലേറ്റത്

അപ്പോഴാണറിഞ്ഞത്
കവിതയുടെ ഒരു കനൽ
ഒളിഞ്ഞിരിപ്പുണ്ടെന്ന്

2023, നവംബർ 6, തിങ്കളാഴ്‌ച

ഓർമകൾ പൂക്കുമ്പോൾ


വീടിനരികിലെ
വില്ല്വമരം നോക്കി
അയാളിരുന്നു

ഓർമകളുടെ വാതിലുകൾ
ഒടുങ്ങുന്നില്ല
ഓരോന്നും തുറന്നു തുറന്നു
വരുന്നു

രക്തത്തിൻ്റെ ആഴങ്ങളിൽ നിന്ന്
മണ്ണിൽക്കിടന്ന് മൂപ്പെത്തിയ -
വിത്തു പോലെ
പുത്തൻ ഓർമ്മകൾ മുളയിടുന്നു

കെട്ടുപിണഞ്ഞ വേരുകൾ പോലെ
ചില ഓർമകൾ
മറക്കേണ്ടത് പാഴ്ച്ചെടിപോലെ
തഴച്ചുവളരുന്നു
ഓർക്കേണ്ടവ വേരുപൊട്ടി ഒടിഞ്ഞിരി
ക്കുന്നു

ഓർമയുടെ പാടലവർണ്ണ പൂക്കൾ
ചിന്തയിൽ മാത്രമല്ല
സിരകളിലും, സരണിയിലും
പൂത്തു നിൽക്കുന്നു

വയലാർ രാമവർമ്മ


മരണമില്ലാതെന്നും മനസ്സിൽ തുളുമ്പുന്ന
ഉയിരിൻ്റെ പേരാണു വയലാർ
ആത്മാവിലൊരുചിത സൂക്ഷിച്ച മകനവൻ
മണ്ണിൽ പണിഞ്ഞൊരു പാദമുദ്ര
അന്ധവിശ്വാസത്തെ അമ്പേ അകറ്റുവാൻ
ആർജ്ജവം നൽകിയ വ്യക്തിമുദ്ര

ശാസന കൊണ്ടല്ല ആശയം കൊണ്ടാണ്
അകപ്പൊരുളറിയുന്നതെന്നു ചൊല്ലി
ഇനിയൊരു ജന്മമുണ്ടെങ്കിലീ തീരത്ത്
ഇനിയും ജനിക്കണമെന്നുമോതി

ഒരു കുഞ്ഞു കാറ്റായി, സുഖമുള്ള പാട്ടായി
മലയായി, പുഴയായി, പക്ഷിയായി
കാലം കളിച്ചകളി തീക്കളിക്കൊക്കെയും
സാക്ഷിയായ് കർമ്മത്തിൽ ധീരനായി

അറ്റുപോകില്ലെൻ്റെ മുറ്റത്തു നിന്നുമാ
കല്പതരുവിൻ്റെ പാട്ട്
ഒരു വടവൃക്ഷമായ് പന്തലിച്ചീടുന്നു
ഇന്നുമീ മാനവ ഹൃത്തിൽ

2023, നവംബർ 5, ഞായറാഴ്‌ച

തെറ്റ്


എൻ്റെ നിലക്കണ്ണാടിയുടെ
മുകളിൽ
ഏദൻ തോട്ടത്തിൻ്റെ ഒരു
ചിത്രമുണ്ട്
എന്നും
ഞാൻ ആ ചിത്രം കാണുന്നു

അത് ചിലതൊക്കെ എന്നെ
ഓർമ്മിപ്പിക്കുന്നു !
അതുകൊണ്ടായിരിക്കണം
തെറ്റ് എന്തെന്ന്
ഞാൻ അറിയുന്നത്

2023, നവംബർ 4, ശനിയാഴ്‌ച

ഉറക്കം


ഉറക്കത്തിന് ഒരു ഒരുക്കം
അവൾക്ക് ആവശ്യമേയില്ല
ഒരു പക്ഷിത്തൂവൽ പോലെ
അതവളിൽ പറ്റിച്ചേർന്നു
കിടക്കുന്നു

നോക്കി നോക്കിയിരിക്കു
മ്പോൾ
പ്രാവുകളുടെ കുറുകൽ
അവളിൽ നിന്നുമുയരുന്നു
ഒരു പാട്ടിൽ നൃത്തത്തിലെന്ന
പോലെ
അവളുടെ ശിരസ്സനങ്ങുന്നു

ഒരേ താളത്തിൽ മാറിടം
ഉയർന്നു താഴുന്നു
ഒരു ശില്പചാരുത അവളെ
ഉമ്മ വെയ്ക്കുന്നു
ശിലയുടെ ഗാഢത്വം ഉറക്കിൽ
ഉറഞ്ഞു നിൽക്കുന്നു

ഉറക്കിൻ്റെ ഉന്മാദത്തിന്
രാത്രിയെന്നോ പകലെന്നോയില്ല
സ്ഥലകാല വിത്യാസമില്ല
എത്ര വരച്ചിട്ടും പൂർത്തിയാകു-
ന്നില്ല
അവളിലെ ഉറക്കം
എത്ര നിഷ്കളങ്കമാണ് അവളിലെ
ഉറക്കം

2023, നവംബർ 3, വെള്ളിയാഴ്‌ച

മണ്ണാങ്കട്ടയും കരിയിലയും


ഇപ്പോൾ
മണ്ണാങ്കട്ടയും കരിയിലയും
കണ്ടാൽ മിണ്ടാറേയില്ല
ഒരുമിച്ച് കാശിക്കു പോകാറു-
മില്ല

കാലാവസ്ഥ മാറിപ്പോയതിനാൽ
മണ്ണാങ്കട്ടയ്ക്ക്
മഴയിലലിയുമെന്ന്
പേടിക്കേണ്ടതില്ല
കാറ്റിൽ പറന്നു പോകുമെന്ന്
കരിയിലയ്ക്കും

കാലാവസ്ഥ വ്യതിയാനത്തിനു
ശേഷമാണു പോലും
അണുകുടുംബത്തിലെ
മനുഷ്യരെപ്പോലെ
കരിയിലയ്ക്കും മണ്ണാങ്കട്ടയ്ക്കും
പരസ്പര ബന്ധം
ഇല്ലാതെ പോയത്

2023, നവംബർ 2, വ്യാഴാഴ്‌ച

അവനെ ഓർക്കുമ്പോൾ


അവസാനക്കോപ്പ വീഞ്ഞുമായി
അവളിരുന്നു
അവൻ വരുന്നതും കാത്ത്
അവൻ്റെ വീഞ്ഞാണവൾ !
നുകർന്നിട്ടില്ല അവൾ
അവനെയല്ലാതെ
മറ്റൊരു വീഞ്ഞും !!

രാവേറെയെങ്കിലും
രാ പക്ഷിപാടി നിർത്തിയെങ്കിലും
അവൾ കാത്തിരിക്കുന്നു
വീഞ്ഞിനേക്കാൾ വീര്യത്തോടെ
വിടരും പൂവിൻ സൗമ്യതയോടെ
നുരഞ്ഞുപൊന്തും മനസ്സോടെ

അവസാനക്കോപ്പ വീഞ്ഞവൾ
നുണഞ്ഞു കൊണ്ടിരിക്കുന്നു
അവൻ്റെ ഓർമ്മകളെ കൊറിച്ചു -
കൊണ്ടിരിക്കുന്നു
സ്മരണകളിലൊറ്റ മാത്രയിൽ
തുളുമ്പി തൂവുന്നു അവൾ