malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

മരക്കവിത




അറ്റ വേനൽക്കാലം
ചുട്ടുപൊള്ളും ചൂടിൽ
പരിസ്ഥിതിയെക്കുറിച്ചു
ഒരു മരക്കവിത ഞാൻ വായിക്കുന്നു
പാറിവന്നൊരുകാക്ക
കവിതയിൽ നിന്നൊരു വരികൊത്തി
മരക്കൊമ്പിലേക്ക് പറന്നു
കാലിൽചുറ്റിപ്പിടിച്ച്  കൊക്കുകൊണ്ട്‌
കൊത്തിപ്പറിച്ചു
ടെറസ്സിൽ വെച്ചു കൊത്തിവലിച്ചു കുടഞ്ഞു
വാട്ടർടാങ്കിലിരുന്നു വെപ്രാളപ്പെട്ട്
പറന്നുപോയി
ഇപ്പോൾ മുറ്റത്തെ കല്ലിറമ്പിൽ
ഒരുചെടി മുളച്ചിരിക്കുന്നു
അത് വളർന്നു മരമായി 
കവിത പൂത്തിരിക്കുന്നു
അതിന്റെ തണലിലിരുന്നു
ഞാനൊരു പരിസ്ഥിതി കവിത
കൊറി(കുറി )ക്കുന്നു

വാർത്ത

ചരിത്ര താളുകളിൽ നിന്ന്
പുറന്തള്ള പ്പെട്ടവർ
തിരിച്ചു വരാറുണ്ടോ ചിലപ്പോൾ
അവരിൽ ചിലരാണോ
സൈബീരിയൻ കൊക്കുകൾ?!
പത്രത്താളിൽ  പതുങ്ങിയിരിക്കും
ചില വാർത്ത
സ്വദേശാഭിമാനിയോ ?
ചാനൽ തിരയിലിന്ന്
വാളെടുത്തവളാര്
ത്ധാൻസി റാണിയോ?
എന്നിട്ടും;
ഇന്നത്തെ പ്രഭാതവും
കൊണ്ട് വന്നത് ആ വാർത്തയാണല്ലോ
പാണ്‍ഡുമാത്ര മെന്തെ പിറക്കുന്നില്ല
പെണ്ണുടൽ തൊടുന്ന മാത്രയിൽ
മൃതിയടയുന്ന പാണ്‍ഡു

കാലാവസ്ഥ



കാലാവസ്ഥ പ്രവചനം തെറ്റി
വരൾച്ചയെന്നു പ്രവചിച്ചപ്പോൾ
പ്രളയം തന്നെ വന്നു
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ
മാധ്യമ പ്രവർത്തകർ ഒത്തുകൂടി
കാര്യമെന്തെന്ന് പറയാതിരിക്കാൻ
നിർവ്വാഹ മില്ലാതായി
കാലാവസ്ഥ നിരീക്ഷകൻ
കടലാസ്സിൽ കണ്ണ് പൂഴ്ത്തി
കസേരയിലിരിപ്പായി
പെട്ടെന്ന് മാധ്യമക്കാരുടെ
മൈക്ക് വെച്ച
മേശയിലേക്ക് ചാടിക്കയറി 
വിളിച്ചു പറഞ്ഞു തുടങ്ങി
പേക്രോം..പേക്രോം...പേക്രോം
പുറത്ത് മഴ തിമർത്ത്
പെയ്യുകയായിരുന്നു

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

ഒന്നാം സമ്മാനം


അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ
തഞ്ചത്തിലവൻ
മഷി ഗുളിക വാങ്ങിച്ചു
വക്കുപൊട്ടിയ അലൂമിനിയം -
പിഞ്ഞാണത്തിൽ
ചാലിച്ചു വെച്ചു
പച്ച,ചുകപ്പു,കറുപ്പ്,നീല
അറക്കപ്പൊടിയിട്ടു  നിറങ്ങൾ
പിടിപ്പിച്ചു
എന്നിട്ടും,
അക്കൊല്ലത്തെ ഓണപ്പൂക്കളത്തിനു
ഒന്നാം സമ്മാനം ലഭിച്ചു
നാല്പ്പത്തി എട്ടാമത്തെ വയസ്സിൽ
കാലണയ്ക്ക് വകയില്ലാതെ
കിണറിലെ പാളത്തൊട്ടിയുടെ
കയറെടുത്ത്‌
പറങ്കി മാവിൻ കൊമ്പിൽ കെട്ടി
കഴുത്തിൽ കുരുക്കിട്ടു കവരൻ കൊമ്പിൽ
നിന്ന് 
ഞാൻ താഴേക്കു ചാടി മരിച്ചു
എന്നിട്ടും
അക്കൊല്ലത്തെ കലാലയ
കലാ മത്സരത്തിനു
ഫോട്ടോ ഗ്രാഫിക്ക്
ആ ഫോട്ടോയ്ക്ക് അവനു
ഒന്നാം സമ്മാനം കിട്ടി
മൂന്നാമതും ഇനി എങ്ങിനെ
സമ്മാനം കിട്ടുമെന്ന്
കാക്കയായി ഞാൻ കവരൻ
കൊമ്പിലിരുന്നു
സാകൂതം നോക്കുകയാണ്

?


പുകയുന്ന ഒരു ചോദ്യമാണവൾ
പ്രതികാരത്തിന്റെ ഒരു ഭാണഡക്കെട്ട്
മുറിവേറ്റ ഹിംസ്ര മൃഗം
പശിമാറ്റാൻ പണി തരാൻ വിളിച്ചവർ
പലരുടെയും പശി മാറ്റി
കാശുകീശയിലാക്കി 
പിന്നെ വിളിച്ചിറക്കി
ചത്ത മീനിൻ കണ്ണുള്ളവളെന്നും
ചീത്തയെന്നും പറഞ്ഞു
വെളിയിൽ തള്ളി
വീർത്ത വയറും,ഭ്രാന്തിൻ നിഴലുമായി
അവളിന്ന് മുന്നിൽ നില്ക്കുന്നു
പുകയുന്ന ഒരു ചോദ്യമാണവൾ 

അടയാളം



കുഞ്ഞുനാളിലേ കുടിയേറി -
പ്പാർത്തവഴി
കാടും,പടലും  പടർന്നിരിക്കുന്നു
കറുകപ്പുല്ല് തേഞ്ഞചവിട്ടടിപ്പാത
കാണ്മാനെയില്ല
എങ്കിലുമൊന്നു കയറിനോക്കി -
യാപറമ്പിലേക്ക്
മാഞ്ഞു തുടങ്ങിയ മങ്കൂന
ഇടയ്ക്കിടെ കാണുന്നു
ഒന്നിലൊരു റോസ,ഒന്നിൽ വാഴ
മറ്റൊന്നിൽ ചൊറിയണം ,കള്ളി മുള്ള്
പീരയ്ക്കാവള്ളി,മഞ്ചാടിച്ചെടി
വിരുന്നു വന്നവരിൽ ചിലർ
മുമ്പേ ഭൂമിയിലേക്ക്‌
മടങ്ങിയതിന്റെ അടയാള -
മായിരിക്കുമോയിതു

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

സ്നേഹം



നിന്നെ കാണാതിരിക്കാൻ
ഞാനെന്നും
വഴി തെറ്റി നടക്കും
അപ്പോഴെല്ലാം
നീവന്നു
എന്നെ നേർവഴി
നടത്തിക്കുന്നു

പ്രണയികൾ



ആരാണ്
നമ്മുടെയിടയിൽ
മൌനത്തിന്റെ
മങ്കലം
കൊണ്ട് വെച്ചതു
അതെന്നാണ്‌ നാം
തട്ടിപ്പൊട്ടിക്കുക

        (2)
പ്രണയത്തിന്റെ
സാഗരത്തിൽ
മൌനത്തിന്റെ
ഒരു തുരുത്ത് നാം
പണിഞ്ഞിരിക്കുന്നു
അതിലെ പണിതീരാത്ത
കുഞ്ഞു വീട്ടിൽ
കണ്ണും,കണ്ണും നോക്കി
നാമിരിക്കുന്നു

പ്രണയം







പാഴ്മരമെന്നു പറഞ്ഞു
വെട്ടിമാറ്റിയ
മുളന്തണ്ടാണ്
പ്രണയ മെന്തെന്ന്
എന്നെ പഠിപ്പിച്ചത്

            (2)
കാറ്റിന്റെ കൈയ്യിൽ
എനിക്കൊന്നും
കൊടുത്തയക്കാനില്ല
എന്നിട്ടും
തന്നയക്കുന്നുണ്ടല്ലോ
എന്നും നീ

           (3)
എന്നിൽനിന്ന്
ശക്തിയായി
കുതിക്കുന്നു
നിന്നിലെത്തുംപോൾ
ശകലങ്ങളായി
ചിന്നി ചിതറുന്നു

            (4)
കടൽക്കരയിൽ നാം
മണലുകളെണ്ണുന്നു
വെള്ളത്തിൽ
തുള്ളികളെണ്ണുന്നു
കടൽത്തിര വന്നു
എന്തേ മിണ്ടിപ്പറ-
യാതതെന്നു
ചോദിച്ചുകൊണ്ടേ -
യിരിക്കുന്നു

അടയാളം



എന്റേതും
നിന്റേതും
ഒരേ കാലടിപ്പാടുകൾ
പക്ഷെ,
പതിയാതെ
നടക്കുവാൻ
പഠിക്കണം.
തൊട്ടു കാട്ടാൻ
പ്രണയത്തിനു
അടയാള മെവിടെ

സംഗീതം


മുളന്തണ്ടിൽനിന്ന്
വാക്കിനെ
കൊത്തിയെടുത്ത്
ഒരു കാറ്റ്
പറക്കുന്നു

സ്നേഹം


നാം കണ്ടുമുട്ടും
സന്ധ്യാ വീഥിയിൽ
അമ്പിളി മാമനും
കൂടെ വരുന്നു
നമ്മുടെ സ്നേഹത്തിനു
ആക്കം കൂട്ടാനെന്നോണം

കാമുകി


ഇന്നലവരെ
പൂക്കാതിരുന്ന
കൈതക്കാട്
ഇന്ന് പൂത്തുലഞ്ഞ്
എന്നെ കൈമാടിവിളിച്ച്
കാതിൽ പറഞ്ഞു
ഇന്ന് നീ വന്നിരുന്നുവെന്ന്

പ്രണയിനി





അമ്പല വഴിയിലെ
തുളസിച്ചെടി
എന്നോട്പറഞ്ഞിരുന്നു
കതിരുകൾ
നിന്നോടൊപ്പം
തൊഴാൻ പോയെന്ന്

വസന്തം


വസന്തം വരാൻ
വൈകിയാലെന്ത്
സുഗന്ധവും
സൌന്ദര്യവും
അരികിലുള്ളപ്പോൾ

ഇഷ്ട്ടം


എത്രയും
ഇഷ്ട്ടമായിരുന്നു
എനിക്ക് നിന്നെ
അത്രയും
നിനക്ക് ഇഷ്ട്ടമല്ലെ-
ന്നറിഞ്ഞിട്ടും

കണ്ടുമുട്ടൽ



ഓർത്തോർത്ത്
ചിരിച്ചിട്ടുണ്ട് ഞാൻ
പേർത്തും പേർത്തും
ഓരോ വരികളിലും.
കത്തുകളിലൂടെയുള്ള
കണ്ടുമുട്ടൽ
എത്ര രസമായിരുന്നു
ഇന്ന്,
നേരിൽ
കണ്ടപ്പോഴില്ലല്ലോ
അത്രയും മധുരം

വരുമാനം



വരുമാന വർദ്ധനവിന്
ആട്,കോഴി,കാട,മുയൽ കൃഷി
എന്ന് പറയുന്നത് പോലെയേയുള്ളൂ
ഐതിഹ്യവും,പൈതൃകവും
പഹയാ,വായടക്ക്
തേക്ക്,മാഞ്ചിയം നാട്ടതുപോലെ
നാട്ടുതുടങ്ങി നാട്ടുകാർഅമ്പലം
വീട്ടിലൊരു വരുമാനം
നാട്ടിലൊരു ഗമ

കാലം




പെണ്‍കുട്ടികൾ കളിച്ചു-
നടക്കുകയാണ്
പൂമ്പാറ്റകളെ പ്പോലെ
പാറി പ്പറക്കുകയാണ്
എന്ത് ഭംഗിയാണവരെ
കാണാൻ
കുഞ്ഞുടുപ്പിട്ട്,നുണക്കുഴി -
ക്കവിളും
നരുനിലാചിരിയും,
പാദസരകിലുക്കവും,
പിഞ്ചു കൈകൊട്ടി
കൊഞ്ചി കൊഞ്ചിയുള്ള
വാക്കും.
കാലരഥം കുതിക്കുകയാണ്
എവിടെയോ കാത്തിരിപ്പുണ്ട്
അവരെയും ഇപ്പഴേ
ചുമരും ചുമതലയുമായി കാലം

ലക്ഷ്മണ രേഖ




കവിതയെ കഴുമരത്തിലേറ്റാൻ
കോടതി കല്പ്പിച്ചു
കോറിയിട്ടവ കൊഞ്ഞനം -
കുത്തുന്നെന്നു
അക്ഷരങ്ങൾ അള്ളിപ്പിടിച്ച്
വാക്കുകളാകുന്നെന്നു  
വാക്കുകൾക്കു വാളിനേക്കാൾ
മൂർച്ചയെന്നു
ബഞ്ചമിൻ മോളോയിസായി,
സഫ്ദർ ഹാശമിയായി ,
തസ്ലീമനസ്രീനായി ,മലാല -
യൂസഫായി
ലക്ഷ്മണ രേഖ മാറ്റി-
വരയ്ക്കുന്നെന്നു .
ഇന്ന് വെളുപ്പിന്
കവിതയെ തൂക്കിലേറ്റി
മരിച്ചെന്നു ഉറപ്പുവരുത്തി
ജഡം ഇറക്കി കിടത്തി
ഇപ്പോൾ കാണുന്നതും
കേൾക്കുന്നതുമെല്ലാം
കവിതയാണ് പോലും
കവിതയെ തടഞ്ഞു -
കോടതിക്ക്
മുന്നോട്ടു പോകുവാൻ
കഴിയുന്നില്ലെന്ന്
കോടതി അടച്ചുപൂട്ടേണ്ടി
വരുമെന്ന്

കവിതയ്ക്ക് കൂട്ട്




എല്ലാവരുമുറങ്ങുംപോൾ
ഞാനുണരുന്നു
കുടുസ് മുറിയിലെ പീഞ്ഞ-
പെട്ടിയിലിരുന്നു
തരിയുടഞ്ഞ മേശയിൽ
വിലക്ക് തെളിക്കുന്നു
പാതി പറിഞ്ഞ ജന്നൽ -
പ്പാളി
പതുക്കെ തുറക്കുന്നു
മുന്നിൽ ഉയർന്നുനിൽക്കും
ശവപ്പറമ്പ്
എന്റെ എഴുത്തിനു സാക്ഷി.
കവിതയുടെ കാട്ടിലേക്ക്
ശവങ്ങൾ കയറിവരുന്നു
കല്ലറയ്ക്ക് മുകളിലിരുന്നു
ഞങ്ങൾ കവിത കുറിക്കുന്നു
കാണാം നിങ്ങൾക്കുപകൽ -
നേരങ്ങളിൽ പോയി -
നോക്കിയാൽ
മീസാൻ കല്ലിൽ കോറിയിട്ട
കവിതകൾ
എന്റെ കവിതയ്ക്ക് കൂട്ട്
കല്ലറയിൽ കിടക്കും ശവങ്ങൾ

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

മഴപ്പാറ്റ



മനുഷ്യൻ മഴപ്പാറ്റ പോലെയാണ്
ഓരോ തിരിച്ചടിയിലും പാഠം
പഠിക്കാതെ
ആർത്തിയുടെ മണ്ണടരിൽ നിന്നും
ആർത്തു പറക്കുന്നു
അഗ്നി ജ്വാലയിൽ ആയിരങ്ങൾ
അകപ്പെടുംപോഴും
ആയിരത്തിയൊന്നാമൻ
അഗ്നിയെ അണയ്ക്കുമെന്നു
ആഗ്രഹിക്കുന്നു
കാക്ക ക്കാലുകൾ കോറിയതെന്ന
ഊറ്റത്താൽ
ദൈവ പ്രതിമകളെല്ലാം
തല്ലി തകർക്കുന്നു
ആൾ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നു
ദൈവം സത്യമായിരുന്നു
ആൾ ദൈവം കോടികളുടെ സ്വത്തും
മനുഷ്യരിലും ഉണ്ടായിരിക്കും
മാർക്സും,ക്രിസ്തുവും,ബുദ്ധനും,നബിയും
അതുകൊണ്ടായിരിക്കണം
ജീവിതം ഡോണ്‍ നദിപോലെ
ശാന്തമായി ഒഴുകുന്നത്‌

പരശുറാംഎക്സ്പ്രസ്സ്



മഴുവെറിഞ്ഞ വാറിൽ
വീര്യത്തോടെ പായുന്നു
പരശുറാംഎക്സ്പ്രസ്സ് 
പുഴയെ,മഴയെ,പാലത്തെ-
പാതയെ
പിന്നിലേക്ക്‌ തള്ളിമാറ്റുന്നു.
മത്സരത്തിലെ മുയലിനെപ്പോലെ
കുതിച്ചു പാഞ്ഞിട്ടും
ജയിച്ചു കയറുന്നു ആമയെപ്പോലെ
മഴ
കണ്ണൂര് നിന്നൊരു കുതിപ്പുണ്ട്
ടിപ്പുവിന്റെ പടയോട്ടം പോലെ .
വളപട്ടണം പാലത്തിൽ ഒരു കിതപ്പുണ്ട്
മൂപ്പൻ മൂസാക്കുട്ടിയെപ്പോലെ  
കയ്യൂരിന്റെ കുന്നിനു താഴെ
കരിവെള്ളൂരിന്റെ ചുവന്ന മണ്ണിലൂടെ
ഇങ്ക്വിലാബ് വിളിച്ചു കടന്നു പോകും.
കാര്യങ്കോട് എത്തുമ്പോൾ
ഭയന്ന സുബ്ബരായാൻ
തേജസ്വനിയിലെ ക്കെടുത്തുചാടും.
തുളുനാടിനുമുണ്ട്  തുടലൂരി യെറിഞ്ഞ
കഥകളേറെ
അറബിക്കടലിനെ നോക്കി
മഴുവെറിഞ്ഞ വാറിൽ പരശു
വീര്യത്തോടെ  വടക്കോട്ട്‌ പായുന്നു

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

കാക്കവിളി


കാക്കകൾ കൊത്തിവലിക്കുന്നു
രാത്രിയുടെ,യിരുട്ടിനെ
കൊറ്റികൾ കൊണ്ടുവരുന്നു
പുലരിയുടെ വെളുപ്പിനെ
മുറ്റമടിച്ചു വാരി കുളികഴിഞ്ഞ കാക്ക
കൊമ്പിലിരുന്നു അമ്മയെ വിളിച്ചുണർത്തുന്നു.
അമ്മ പോയതിൽ പിന്നെ
കാക്കകളെ കണ്ടിട്ടേയില്ല
കാലത്തെ വിളിച്ചറിയിക്കുന്ന കാക്കകൾ
എങ്ങോട്ടാണ് പോയത് ?
കുളിച്ച കാക്കകളെല്ലാം
കൊക്കായിമാറിയിരിക്കുമോ?!
അമ്മ മണമുള്ള പുതപ്പിനുള്ളിൽ
കണ്ണടച്ചാൽ കേൾക്കുന്നു
കാക്കച്ചിറകടിയൊച്ച
ഇന്ന് കാലത്ത്
കണ്ണ് തുറന്നപ്പോൾ കേട്ടു
തൊടിയിലെ വാഴകൈയ്യിലിരുന്നു
ഒരു വിരുന്നുവിളി
ചാടി എഴുന്നേൽക്കുമ്പോൾ കണ്ടു
കൈലൊരു കയറുമായി
തെക്കുനിന്നൊരു വിരുന്നുകാരാൻ