malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ജൂൺ 28, തിങ്കളാഴ്‌ച

കോട്ടയം ടു കുമരകം


അക്ഷര നഗരിയിൽ
സാക്ഷരചിഹ്നം കണ്ടു
കാനായിക്കവിതതൻ
അക്ഷരശില്പം കണ്ടു

കുമരകം കായൽ പെണ്ണെ
കരിമീൻ മിഴിയാളെ
കുളിർകോരും കുറുമ്പി
കവിതക്കൂട്ടുകാരി
സാഗര രാജ്യത്തിലെ
രാജകുമാരിയാളേ  !

ലോക പ്രശസ്തയാം
നെതർലാൻഡുകാരി -
പെണ്ണെ !
കാമിനി നിന്നെക്കാണാൻ
കാമുകർ നിത്യം വന്ന്
ദേശാടന പക്ഷിപോൽ
മദിച്ചു നടക്കുന്നു !

മുഹമ്മക്കായൽ കണ്ടു
മഹനീയ കാഴ്ചകണ്ടു
തണ്ണീർമുക്കം ചെല്ലവേ
കണ്ണീരുപ്പു നുണഞ്ഞു!

വിളഞ്ഞ പാടങ്ങളെല്ലാം
വെള്ളക്കെട്ടുകളായി
പൊലിഞ്ഞ സ്വപ്നത്തിൻ്റെ
ശവമാടങ്ങളായി

കവിതയായ് വിരിയേണ്ട
കതിരുകളെല്ലാം തന്നെ
കർഷക നെഞ്ചിൽ കരവാള -
മായ് കുത്തീടുന്നു

വേമ്പനാടൻതീരമേ വിതുമ്പി -
പോയീടിലും,
കായൽക്കുഞ്ഞോളങ്ങളെ
ബോട്ടിൻ്റെ താളങ്ങളെ
തെക്കൻ തുടുതെന്നലായ്
സ്നേഹ കരസ്പർശമായ്
നിങ്ങളെൻ നെഞ്ചിൽ തൊട്ട്
സാന്ത്വനമേകീടുന്നു


2021, ജൂൺ 25, വെള്ളിയാഴ്‌ച

പഞ്ഞകാലത്തിലെ കവിത



കട്ടൻകപ്പയും കട്ടൻചായയും കുടിച്ച്
ചൊരുക്കുപിടിച്ചു കിടന്നിട്ടുണ്ട് ചിലരാത്രികൾ
കരഞ്ഞിട്ടില്ലഅന്നൊന്നും കഞ്ഞിക്കായി
കഷ്ടപ്പാടിൻ്റെകാഠിന്യം നല്ലപോലെഅറിഞ്ഞി-
രുന്നു.

കണാരേട്ടൻ്റെകടയിലെ വെളിച്ചെണ്ണതട്ടായിരുന്നു
അമ്മയുടെ പാറിപ്പറന്നമുടി ഇടയ്കൊന്ന് മാടിയൊ -
തുക്കുന്നത്
കണ്ടത്തിൽതോലുതറിക്കാനും, അരികുംമൂലയും
കിളക്കാനും
കറ്റകെട്ടാനും എന്നെയുംകൂട്ടും

ചക്കപോലും കിട്ടാത്തനാളിൽ
മുളകരച്ചുതേച്ചപോലെ കുടലുപുകയുമ്പോൾ
ആരുംകാണാതെ അയൽവീട്ടിലെപശുവിനിട്ട-
ചക്കമടലെടുത്ത്
കരൂള്ചെത്തി ചെമിണിചെറുതായരിഞ്ഞ്
ചാണകവറളി കത്തിച്ച്
വക്ക്പൊട്ടിയചട്ടിയിൽ വേവിച്ചുതരും അമ്മ

വസിനിറയെ പച്ചവെള്ളമെടുത്ത്
ഒരുസ്പൂൺ ഉപ്പിലിട്ടമാങ്ങയിട്ട്
ഉപ്പിട്ടുവലിച്ചുകുടിക്കും വയറുനിറയെ

കോട്ടിയതാളാംചപ്പിലെ കുളുത്തുംവെള്ളത്തി-
ൻ്റേയും
ഉപ്പിലിട്ടമാങ്ങയുടേയും സ്വാദൊന്നുമില്ല
ഇന്നത്തെ ചിക്കൻബിരിയാണിക്കും, ഷവർമ്മയ്ക്കും

ഇപ്പോൾ ആവശ്യത്തിലധികംആഹാരം
കുട്ടികളുടെപിറകേനടന്നു കൊടുക്കുമ്പോൾ
തട്ടിമറിക്കുകയും, വലിച്ചെറിയുകയുംചെയ്യുമ്പോൾ
തികട്ടിവരുന്നു ചൊരുക്കുപിടിച്ചുകിടന്ന
കട്ടൻകപ്പയും, കട്ടൻചായയും

2021, ജൂൺ 24, വ്യാഴാഴ്‌ച

പ്രണയനിമിഷം


ഓർമ്മതന്നുമ്മതന്നു
മധുരം ചിരിക്കുന്നു
മാമ്പൂവിൻ നിശ്വാസമായ്
ജീവനിൽ തുടിക്കുന്നു
മാങ്കനി മധുരമാം
പൂങ്കിളിയാണിന്നു നീ
വശ്യമായ് വീശീടുന്ന
കുളിരുംനിലാവു നീ
ആശതന്നൂഞ്ഞാലിൽനാം
ആടുന്നു കല്ലോലമായ്
ആലപിക്കുകനീയാ
പ്രേമഗാനങ്ങൾ വീണ്ടും
തൃഷ്ണമുറ്റീടും നിൻ്റെ
കൃഷ്ണമണിയിൽ പൂത്ത
നക്ഷത്രമായീടുവാൻ
തുടിച്ചീടുന്നെൻ മനം
മിന്നലാലെഴുതി നീ
മന്നിതിൽ പ്രണയത്തെ
സ്വർണ്ണ പങ്കജമാക്കി
സ്നേഹത്തിൻ സരിത്താക്കി
കൃശമെൻ കൈകൾ നിന്നിൽ
കുശലം വരയ്ക്കുമ്പോൾ
ആഭേരിയായ് പെയ്യുന്നു
നനഞ്ഞു കുതിരുന്നു

2021, ജൂൺ 22, ചൊവ്വാഴ്ച

ദുഃഖം


ഇല്ല ചിദാകാശം
ഇല്ല ചിദാനന്ദം
ചകിത യൗവ്വനം
ചികയുന്നു കഴുക കണ്ണുകൾ

അസ്ഥിയിൽ തറഞ്ഞൊരസ്ത്രം
നാഭിയിൽ പിളർന്ന വസ്ത്രം
ആരോയെറിഞ്ഞുടച്ചൊരു
പളുങ്കുപാത്രത്തിൻ ചില്ല്

ശ്യാമമെൻ്റെ ശിരസ്സിൽ
അനുഗ്രഹാശിസ്സു നേർന്നു
ഭഗ്ന മോഹത്തിൻ്റെ
മഹാശാന്തത തന്നു

ഞരമ്പുകളിലായിരം
അമ്പു കൊണ്ടെഴുതുന്നു
അശ്രുസാഗര നടുവിൽ നിർത്തി
അണിയിച്ചൊരുക്കുന്നു

2021, ജൂൺ 20, ഞായറാഴ്‌ച

ചിത്രം



ഹൃദയം ഛേദിച്ച്

നീ പ്രണയം ഭേദിച്ചു

പകലിനെ ഭോഗിച്ച

രാത്രി കടന്നു പോയി


പങ്കിടാമെന്നു പറഞ്ഞത്

പകുത്തെടുക്കാനെന്നറി

ഞ്ഞിരുന്നില്ല

പങ്കിലമനസ്സെന്ന് ഓർത്ത -

തേയില്ല


ജഡത്തിൽ നിന്ന്

പുനർജ്ജനിയോ?

പട്ടു പോയ മരം പടർന്നു

പന്തലിക്കയോ?!

പാഷാണം തന്ന ഉഷ്ണമേ

പൂതനയുടെ പകനിൻ്റെ -

യുള്ളിൽ


ശ്ലഥചിന്തയുടെ ശലഭമാണു -

ള്ളിൽ

തീയിലേക്കണയാൻ ആയുന്ന

ഈയാംപാറ്റ

പ്രതീക്ഷയുടെ പ്രളയം കെട്ടടങ്ങി

ശീതത്തിൻ്റെ ശരമുനകൊണ്ട് നീ

ശശത്തിൽ ചോരപ്പുഴയുടെ ഒരു

ചിത്രം വരയുന്നു

2021, ജൂൺ 19, ശനിയാഴ്‌ച

ക്രൂരത


 ഇന്നു പുലരിയും തന്നവൃത്താന്തം
വെന്തനെഞ്ചിലൊരുതുള്ളി അമ്ല -
മിറ്റിച്ചു
കരളുകത്തിക്കരിഞ്ഞരാത്രിപോൽ
കറുത്ത തുണ്ടമായൊരരികിലിരി -
ക്കുന്നു

ഉള്ളിലെക്കിളി നനഞ്ഞു പോയ്
തൂവലൊന്നൊന്നായ് പൊഴിഞ്ഞു -
പോയ്
മൗനമുനവന്നു കുത്തുന്നു
നെഞ്ചിലെച്ചോരക്കുടുക്കയുടയുന്നു

അമ്ലനാവുകൾ മ്ലേച്ഛാക്ഷരങ്ങളെ
പെറ്റു കൂട്ടുന്നു
മൃതി വിളമ്പുന്ന മദ്യശാലയിൽ.
ഇതളടർന്നൊരു പെൺപൂ തൊടുന്നു
അന്ത്യ ഗീതത്തിൽ തണുത്ത പല്ലവി

കുരുതിത്തറയിൽ കുതറി വീണ രക്ത-
തുള്ളികൾ
കുടിച്ചുന്മാദമാടുന്നു കൂനനുറുമ്പുകൾ
വായും, വചനവും വറ്റിയ പെണ്ണിൻ്റെ
ഭൂപടം തിരയുന്നു ക്രൂരത

2021, ജൂൺ 16, ബുധനാഴ്‌ച

മടുപ്പ്




കേട്ടിട്ടുണ്ടോ നിങ്ങൾ

വീട് വിളിച്ചു പറയുന്നത്?!

ഇല്ല, നിങ്ങൾ കേൾക്കില്ല

വീട് നിങ്ങളുടെ വീട്ടുതടങ്കലിലാണ്!!


കാറ്റിലൂടെ

പക്ഷികളിലൂടെ

പലവഴികളിലൂടെ

ഒരു വിത്ത് മണ്ണിൽവീണുമുളയിടുന്നു


തഴച്ചുവളർന്ന് പടർന്നു പന്തലിക്കുന്നു

എത്ര നിഷ്കരുണമാണുനീ

കൈയും

കാലും

തലയും

തടിയും ഛേദിച്ച് ചിത്രപ്പണികൾ ചെയ്തത്


നിൻ്റെ കൊള്ളരുതായ്മകൾ

കാണാതെ കഴിയണമെന്നു കരുതിയിട്ടും

കടന്നു കയറി കഷ്ണം കഷ്ണമാക്കിയെന്ന്

കല്ല്കിടന്നു പിടയ്ക്കുന്നു


മറഞ്ഞ കാലത്തെയോർത്ത്

മണ്ണ് കേഴുന്നു

വേദന കാണാതെ വേദാന്തം കേൾക്കുന്ന -

വൻ നീ


ചില നേരങ്ങളിൽ

വീട് വീടുവിട്ടിറങ്ങി നടക്കാറുണ്ട്

മടുത്തെന്ന് പിറുപിറുക്കാറുണ്ട്


2021, ജൂൺ 13, ഞായറാഴ്‌ച

ദ്വീപ്





വള്ളമിറക്കി, മത്സ്യത്തെപ്പോലെ

മനസ്സും വലയിൽ കുരുങ്ങിപ്പിടയുന്നു

തിരികെ വന്നിടുമ്പോൾ തിരകളല്ലാതെ

തീരമാകുന്നൊരി ദ്വീപിനിക്കാണുമോ !


നാൾക്കുനാൾ നാളികേരം കുറയുന്നു

കഞ്ഞികുടിമുട്ടി പട്ടിണിയാകുമോയെന്ന-

തല്ലന്നെയലട്ടും വിചാരങ്ങൾ

ഈ തെങ്ങിൻമണ്ടയിൽ നിന്നിറങ്ങി -

ടുമ്പോൾ

എൻപാദം സ്പർശിക്കാൻ ദ്വീപിനിക്കാ -

ണുമോ !!


തെറ്റുന്നുഹൃത്താളം ചെറ്റെന്ന് ഓർമ്മകൾ

ചെറ്റക്കുടിലിലേക്കൂളിയിട്ടെത്തുന്നു

വിൽപ്പനയ്ക്കായ് വെച്ചു ഇന്നെൻ്റെ -

സംസ്കൃതി

ചോരയൂറ്റാനായ് കാത്തിരിക്കുന്നു ചെന്നായ


സ്വപ്നങ്ങൾ പാകി മുളപ്പിച്ചു ഞങ്ങളീ

സ്നേഹങ്ങൾ കൊയ്തെടുത്തീടുന്നു നിത്യവും

അമ്മക്കടലെത്രക്ഷോഭിച്ചുയെങ്കിലും

മക്കളാം ഞങ്ങളെ കൈവിട്ടില്ലയിന്നോളം


ആയുധം രാകീമിനുക്കുന്നു നിങ്ങൾ

ഇന്ന് സായുധരായിനടക്കുന്നു ചുറ്റും

കൊറ്റിനായ് പോകുന്ന ഞങ്ങളെ

കാളക്കൂറ്റനായ് വന്ന് കൊമ്പിൽ കോർക്കു -

ന്നു നിങ്ങൾ


2021, ജൂൺ 11, വെള്ളിയാഴ്‌ച

അടയാളം


പാമ്പിൻ്റെ
പ്രണയത്തിൻ്റെ അടയാളമായിരുന്നു
അവളുടെ നീലിച്ച ചുണ്ടുകൾ

അടഞ്ഞ കണ്ണ്
കടലിന്നടയാളം
കവിൾ
കായാമ്പൂവിൻ്റെയും

കവിതകുറുകിയ ,കാഞ്ചനമോമനിച്ച
കണ്ഠമിന്ന്
കാളകൂടത്തിന്നടയാളം

പ്രണയപ്പിരാന്തിൻ
പ്രളയത്തിൽ
ജീവനെടുക്കാനെത്രയെളുപ്പം !

2021, ജൂൺ 9, ബുധനാഴ്‌ച

എങ്ങനെ....!




കൊതിച്ചതല്ലൊന്നും

വിധിച്ചതെന്നാകുമ്പോൾ

ചോരച്ച ഞരമ്പുകൾ

നീലിച്ചു പോകുമ്പോൾ

തിരിച്ചുപിടിക്കേണ്ടതെങ്ങനെ -

ജീവിതം


ആശുപത്രികൾ

ആംബുലൻസുകൾ

അകത്തളത്തിലെ പൊട്ടിത്ത-

കരലുകൾ

പാതിരാവിലെ നെടുവീർപ്പുകൾ


ജപ്തികൾ

ജഡിമബന്ധങ്ങൾ

തക്കം പാർത്തിരിക്കുന്ന

തക്ഷകവർഗ്ഗങ്ങൾ


ജടപിടിച്ച രാവുകൾ

ജ്വരം മൂത്ത മാനസം

ചുരം കേറുമോർമ്മകൾ

കരകാണാക്കടലുകൾ


കാലംകെട്ടിയ കാണാച്ചരടിലെ

കളിപ്പാവകൾ നമ്മൾ

കണ്ണീരുപ്പിൽ ദ്രവിച്ചു തീരുന്ന-

ദ്രുമങ്ങൾ

പെയ്തുപൊള്ളിപ്പിടയുമ്പോൾ

തിരിച്ചുപിടിക്കേണ്ടതെങ്ങനെ -

ജീവിതം


2021, ജൂൺ 7, തിങ്കളാഴ്‌ച

ചിഹ്നം


ശരീരങ്ങൾ ചിഹ്നമേഖലകളാണ്
കാഴ്ചയുടേയും, കാഴ്ച്ചപ്പാടിൻ്റേയും-
ഭൂപടമാണ്
ആദിമ ചോദനയുണർത്തുന്ന
ചരിത്ര പുസ്തകമാണ്

വരയ്ക്കപ്പെട്ട കവിതയാണ് ശരീരം
എഴുതപ്പെട്ട ചിത്രങ്ങളുടെ സങ്കേതം
സുരക്ഷയുടെ സാനു
സഹനത്തിൻ്റെ സരയു

ശരീരം യുദ്ധഭൂമികയാണ്
കാമത്തിൻ്റെ
അധികാരത്തിൻ്റെ
പോരാട്ടത്തിൻ്റെ

ശരീരത്തിനു വേണ്ടി ചോര പൊടി -
യാത്ത
ഒരു പോരാട്ടവുമില്ല ചരിത്രത്തിൽ

2021, ജൂൺ 5, ശനിയാഴ്‌ച

ആ നിമിഷം....!


ശശം ശാന്തമായിരുന്നു !
സമയം ആമയെപ്പോലിഴഞ്ഞു
എവിടെ വേട്ടക്കാരൻ?
ഒരു ശവദൈർഘ്യമകലെ

കപ്പിനും ചുണ്ടിനുമിടയിലെന്നപോലെ
കൊടുങ്കാറ്റിന് മുമ്പ് എന്നപോലെ
മരണത്തിനുമുമ്പ് ശാന്തത

ഏതു നിമിഷവും
വെടിയുണ്ട അകത്തേക്ക്
പ്രാണനും രക്തവും പുറത്തേക്ക്

മൃതിയും ,പ്രതികാരവും മണക്കുന്ന
സമയം
അകംവെന്ത് നിഷ്ക്രിയമാകുന്ന
പ്രക്രിയയിൽ
ഭീരുത്വത്തിൽ ഉടലെടുക്കുന്നു ധൈര്യം

ഒരു നിമിഷം ,
വേട്ടക്കാരൻ്റെ ശ്വാസമൊന്നുമുറിഞ്ഞാൽ
മതി
ഇര ജീവിതത്തിലേക്കു വീണുപോകാൻ


കുട്ടിക്കവിത

 


ചിങ്ങമഴ


ചിങ്ങം മഴയൊരു ചങ്ങാതി
ചിരിമണി ചിതറിവരുന്നുണ്ട്
ചെറുമണിച്ചരലുകൾ ചറുപ
റെചറുപറെ
വാരിയെറിഞ്ഞു വരുന്നുണ്ട്

പുത്തൻ വെയിലിൻകുപ്പായം
പളപളെ മിന്നിത്തെളിയുന്നു
കുന്നിൻചരിവിൻവട്ടിയിൽ നി
റയേ
ചിങ്ങപ്പൂവുകൾ നുള്ളുന്നു

കുന്നുംകുഴിയും കയറിയിറങ്ങി
കന്നിൻപറ്റം മേച്ചുനടന്ന്
കളികൾ ചൊല്ലി കവിതകൾ
ചൊല്ലി
തക്കിട തരികിട തുള്ളുന്നു

2021, ജൂൺ 3, വ്യാഴാഴ്‌ച

നീ....


ഉയരങ്ങളിലേക്കാണ് നോട്ടം
താഴ്ച്ചയെ നീവെറുക്കുന്നു
കിട്ടാത്ത മുന്തിരി പുളിക്കും

ചരിത്രത്തെ ചിത്രവധം ചെയ്യുന്നു
രക്തസാക്ഷികളെ ഒറ്റുകൊടുക്കുന്നു
നീ വിശപ്പ് വശമില്ലാത്തവൻ

സീസോ കളിക്കുന്നതാണ് നിനക്കിഷ്ടം
താഴ്ചയിൽനിന്ന് ഉയർച്ചയെന്നോർക്കാ-
റില്ല
ഉയർച്ചയ്ക്ക് ഒരിക്കൽ താഴുക തന്നെ -
വേണം

ചേറണിഞ്ഞ ദേഹവും
ചോറു വറ്റിയ വയറും നിനക്കന്യം
അന്യൻ്റെ മുതലിൽ നിൻ്റെ കണ്ണ്

എൻ്റെ കൊടിയാണ് നിൻ്റെ പ്രതിയോഗി
സത്യത്തിനുനേരെ നീ കണ്ണടയ്ക്കുന്നു
വേട്ടവൻ തന്നെ വേട്ടക്കാരനെന്ന് നീ -
യറിയും

2021, ജൂൺ 1, ചൊവ്വാഴ്ച

ഭ്രാന്ത് പൂക്കുമ്പോൾ


ഉണർന്ന വീടിൻ്റെ
ഉമ്മറക്കോലായിൽ കയറിയിരുന്നു വെയിൽ
വെയിലിനോടും, കാറ്റിനോടും
കുശലം പറയാൻ നേരമില്ല അയാൾക്ക്

അടുക്കളയിൽ
അകത്തളത്തിൽ
കടുകുപാത്രത്തിൽ
ഇടയ്ക്കൊന്നു വരാന്തയിൽ
തിരഞ്ഞ് തിരിച്ചു പോകുന്നു

പിന്നെയും പിന്നെയും
തട്ടിൽ പുറത്ത്
തിണ്ണയിൽ
കിണറ്റിൻകരയിൽ
അടുപ്പിൻ തിണ്ണയിൽ
തിരഞ്ഞു കൊണ്ടേയിരിക്കുന്നു

സഹികെട്ട കാറ്റ് വെയിലിനോട്
എന്തോ പറയുന്നതു കേട്ട്
അയാൾ, കോലായിലേക്കിറങ്ങി -
പറഞ്ഞു:
"എന്നെ ഞാൻ ഇന്നലെ രാത്രി
എവിടെയോ കൊണ്ടു വെച്ച്
മറന്നു പോയി !
ഒന്നു വന്ന് തിരയാൻ സഹായിക്ക് "

വെയിൽ വെളിയിലിറങ്ങി
കാറ്റിൻ്റെ കൈയും പിടിച്ച് വേഗം നടന്നു