malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ജൂൺ 28, ബുധനാഴ്‌ച

നിന്നെയും കാത്ത്


മൂകാനുരാഗമായ് നീ പടർന്നു
ഹർഷാരവങ്ങിൽ മുങ്ങിനിന്നു
പൂവിനെ ഭൃംഗങ്ങളെന്നപോലെ
ആരാധകർ നിന്നെ പൊതി -
ഞ്ഞു നിൽക്കേ
അങ്ങൊരു മൂലയിൽ കാത്തു -
നിന്നു
ഞാൻ നീ വരും നേരത്തിനായി -
നിന്നു

എന്തൊക്കെ മോഹങ്ങളായിരുന്നു
മനോമുകുരത്തിൽ തെളിഞ്ഞു നിന്നു
അന്നൊക്കെയെപ്പോഴും നിൻ മിഴിയൽ
പ്രണയത്തിൻ ധനുമാസ നീലരാവ്

കാലങ്ങളേറെ കഴിഞ്ഞു പോയി
ത്രങ്ങളെത്ര കൊഴിഞ്ഞു പോയി
നീയിന്നകലേ മറഞ്ഞു നിൽക്കേ
നീ വരുംനേരത്തിനായിയിന്നും
ഞാനതേ മൂലയിൽ കാത്തുനിൽപ്പൂ

2023, ജൂൺ 24, ശനിയാഴ്‌ച

ജ്യാമിതീയം


വിണ്ടു കീറിയ വേനൽപ്പാടം പോലെ -
അവളുടെ കൈത്തലം
മിസിസിപ്പി പോലെ പടിഞ്ഞാറുനിന്ന്
തെക്കോട്ടൊഴുകുന്നു അതിൽ ചിലത്.

വെളുപ്പിനെഴുന്നേറ്റ് അഴുകിയ വസ്ത്രം -
മാറ്റുന്ന പോലെ
മുഷിഞ്ഞ മുഖത്തെ ഊരിമാറ്റുന്നു

  ഒച്ചയേക്കാൾ മുഴങ്ങുന്ന മൗനമണിഞ്ഞ്
ചൂടോ, തണുപ്പോ എന്നറിയാത്ത ഒരു തരംഗം -
ഞരമ്പിലെന്ന പോലെ എങ്ങുമെത്തുന്നു

അവൾ,
പലയിടങ്ങളിൽ പലതായ് രൂപാന്തരപ്പെടും
അടുപ്പിൽ അരിയായ് തിളക്കും
മേശയിൽ ഭക്ഷണമാകും
ചിലപ്പോൾ സ്വീകരണമുറി ,വിശ്രമമുറി, ഗാലറി

കളിക്കൂട്ടുകാരി, ന്യായാധിപ, സ്നേഹിത
കൊത്തുപണിയുള്ള കട്ടിൽ, വിരിയിട്ടു വെച്ച -
കിടക്ക, തലയിണ
സ്നേഹത്തിൻ്റെ ഒറ്റമുറി വാതിൽ
സന്തോഷവും, സന്താപവും എല്ലാം മറച്ചുവെയ്
ക്കുന്ന വീട്
എല്ലാവരും ആശ്രയിക്കുന്ന അക്ഷയപാത്രം

അവൾ ജലം പോലെ
ഏതു ജ്യാമിതീയ രൂപത്തിലും വഴങ്ങുന്നു





2023, ജൂൺ 21, ബുധനാഴ്‌ച

ജീവിതമെന്നല്ലാതെ....


കാറ്റിലേക്ക് ഹൃദയത്തെ തുറന്നിടുക
പ്രണയമെന്തെന്ന് നീ അറിയും !

പ്രിയേ,
ചുണ്ടിൽ നിന്നും ചാടാൻ വെമ്പുന്ന
ഒരു വാചകമാണു നീ
ഞാനുച്ചരിക്കുന്ന ഏറ്റവും വലിയ -
വാചകം

മലഞ്ചെരുവിലെ മുന്തിരിവള്ളിപോലെ
നീയെന്നുള്ളിൽ പടരുന്നു
അടങ്ങാത്ത ആസക്തിയുടെ
ചാറ്റൽ മഴയാകുന്നു

നീ എൻ്റെ ജീവിതത്തിൻ്റെ ഒഴുക്ക് ,
ഉൾത്തലങ്ങളെ ചൂടുപിടിപ്പിക്കുന്ന
ആദ്യജ്വാല ,
ഹൃദയതംബുരുവിലെ ആദ്യ സ്വരം ,
എഴുതപ്പെടാത്ത കവിത .

നിൻ്റെ ചുംബനം മതിവരാത്ത ചഷകം
പാനം ചെയ്യുന്തോറും ഔന്നത്യത്തിലേക്ക്
കൈപിടിച്ചുയർത്തൽ
നീയെന്നെ വാനോളമുയർത്തി താഴേക്കു -
വലിക്കുന്നു
പ്രിയേ ,
അനേകം തുള്ളികളായെനിക്ക് നിന്നിലേ -
ക്കു ചിന്നി ചിതറണം

പ്രണയത്തിൻ്റെ മാധുര്യവും ,ചവർപ്പും -
നിറഞ്ഞ ചഷകമേ....
നിന്നെ ജീവിതമെന്നല്ലാതെ എന്തു വിളി -
ക്കും ഞാൻ





2023, ജൂൺ 19, തിങ്കളാഴ്‌ച

യാഥാർത്ഥ്യം


പ്രവർത്തിച്ചതൊന്ന്
ഫലിച്ചത് മറ്റൊന്ന്
സ്വപ്നത്തിൽ അരചൻ
ജീവിതത്തിൽ രജകൻ

ആശ്രയം നൽകേണ്ടവൻ
ആശ്രിതനായി
കുടിലിനുള്ളിൽ
കെട്ടിപ്പൊക്കുന്നു കൊട്ടാരം

ദു:ഖത്തിൻ്റെ മുറിവുകൾക്ക്
ലഭിച്ചില്ല സ്നേഹത്തിൻ്റെ ലേപനം
ആർക്കാണ് എൻ്റെ സ്വപ്നത്തിൽ -
താത്പര്യം
ഏതു പുഞ്ചിരിയുടെ കരസ്പർശമാണ്
എൻ്റെ ചിറകുകൾ മുളപ്പിക്കുന്നത്

ഞാൻ
ജനസമുദ്രത്തിലെ വെറുമൊരു -
തുള്ളി മാത്രം
ഓർക്കുന്നില്ല ആരും
പ്രാണൻ വഹിച്ചുകൊണ്ടു നടക്കുന്ന
മരണമാണ് മനുഷ്യനെന്ന്

2023, ജൂൺ 18, ഞായറാഴ്‌ച

കുട്ടിയുടെ ആഗ്രഹം

 

കുട്ടിക്കവിത


ഉമ്മറത്തമ്മതൻ ചാരേ ചാരി
ആകാശത്തേക്കു ഞാൻ നോക്കേ
പച്ചിലക്കാടിനു മീതെ വിണ്ണിൽ
പിച്ചകപൂക്കൾ നിറയേ
അച്ഛൻ്റെ തോളത്തിലേറി പൊങ്ങി
നീലാംബരപൂ പറിക്കാൻ
കൊതിയേറെയുണ്ടെൻ്റെ ഉള്ളിൽ
സ്വച്ഛന്ദമെങ്ങും ചരിക്കാൻ
പട്ടുതൂവാല പോലുള്ള ചെറു വെൺ
മേഘങ്ങൾ വാരി ചിരിക്കാൻ
പൈങ്കിളി കൊഞ്ചലായെങ്ങും ചെറു
പച്ചിലക്കാട്ടിൽ പറക്കാൻ
മഞ്ഞിൻ്റെ മഞ്ജു വെൺപട്ടിൻ ഉള്ളിൽ
മഞ്ഞക്കിളിയായി മാറാൻ
മുത്തശ്ശി പാട്ടിലെ മുത്ത് കോർക്കും
പുത്തൻ ചരടായി തീരാൻ

2023, ജൂൺ 17, ശനിയാഴ്‌ച

ഗണിതം


ഗർഭത്തിലേ ഗണിതം പഠിച്ചു !
ഗണിച്ച് ഫലം പറയാൻ പഠിച്ചു
ഡോക്ടറുടെ ഗണിതം തെറ്റി
പ്രസൂതിയുടെ സമയംതെറ്റി

പ്രാസം തെറ്റിയ കവിതയായ് -
പിറന്നു
പാoങ്ങളേറെ പഠിച്ചു
പഠിച്ചതൊന്നും ഫലിച്ചില്ല -
ജീവിതത്തിൽ
പഠിച്ചതിനൊന്നുമുണ്ടായില്ല -
തുടർച്ച

ജീവിക്കാൻ തുടങ്ങിയപ്പോഴാ -
ണറിഞ്ഞത്
പഠിച്ചിട്ടല്ല ജീവിക്കേണ്ടത്
ജീവിച്ചു കൊണ്ടാണ് പഠിക്കേ -
ണ്ടത്
ജനനി ചിരിച്ചു കൊണ്ടേയിരി-
ക്കുന്നു
മരിച്ചുപോയ മകൻ്റെ -
അതേചിരി


2023, ജൂൺ 14, ബുധനാഴ്‌ച

എത്ര വേഗമാണ്


വാളുകൊണ്ടല്ല
വാക്കു കൊണ്ട്
തോക്കു കൊണ്ടല്ല
നോക്കു കൊണ്ട്
ഒരു സംശയത്തിനും
ഇടയില്ലാത്ത വിധം
എത്ര വേഗമാണ് !

നിരായുധനെന്ന്
അറിയുകയേയില്ല
നിരാശയ്ക്കു വക
യേയില്ല
തെളിഞ്ഞു കത്തുന്ന
വിളക്കു പോലെ
പ്രകാശം പരത്തുമ്പോൾ

പകൽ
നക്ഷത്രത്തെ സ്വപ്നം
കാണുന്നതുപോലെ
രതിയിലെന്ന പോലെ
മൃതിയിലേക്ക്
എത്രവേഗമാണ് !

2023, ജൂൺ 12, തിങ്കളാഴ്‌ച

വള്ളി ട്രൗസർ


അന്തിപ്പത്രത്തിൻ്റെ
അടക്കം പറച്ചലിലെ മടുപ്പ്
പുറത്തേക്ക് നീട്ടി തുപ്പിയപ്പോൾ
ഓർമ്മയിൽ നിന്നും ഊർന്നു -
വീഴുന്നു
ഒരു വള്ളി പൊട്ടിയ ട്രൗസർ !

മകൻ വാട്ടർകളറിൽ വരച്ച്
മിനുക്കുപണികളാൽ
വൃത്തിയാക്കുന്നു
പിൻവശം കീറിയ വള്ളി ട്രൗസർ

ഇളങ്കാലുകൾ അമർത്തി ചവുട്ടി
വട്ടുരുട്ടി ചരൽക്കുന്നിറങ്ങുന്ന
ഒരുകിരുകിരുപ്പ്
ഉള്ളങ്കാലിലൂടെ നെറുകന്തലയി-
ലേക്കു പാഞ്ഞുകയറുന്നു
ഒരെട്ടു വയസ്സുകാരൻ്റെ മട്ടും, -
ഭാവവും എന്നിൽ പിറക്കുന്നു

അലക്കിയാൽ മാറിയിടാൻ
ട്രൗസറില്ലാത്ത കാലമെന്നെ
തുറിച്ചു നോക്കുന്നു!
കരച്ചിലിൻ്റെ ഒരു തിക്കുമുട്ടൽ
തൊണ്ടയിൽ കുരുങ്ങുന്നു

എങ്കിലും
മനസ്സിൻ്റെ ചരൽപ്പറമ്പിലൂടെ
വള്ളി പൊട്ടിയ ട്രൗസറിട്ട്
വട്ടുരുട്ടി പാഞ്ഞു പോകുന്നുണ്ട്
ഇപ്പോഴും




2023, ജൂൺ 9, വെള്ളിയാഴ്‌ച

വിളിച്ചു പറയുന്നത്


കവികൾ നിറഞ്ഞൊഴുകയാണ് കവിതകളായി
പുസ്തകതാളിലേക്ക്
മരിച്ചാലും മറയാതെ മുന്നിൽ വരും
മഴനാരിൻനൂലിൽ വെയിൽപൂക്കൾ തുന്നും

കവിതയുടെ കുത്തബ്മിനാറിൽ
കളിചിരികൾ തീർക്കും
കവിതയുടെ കുണ്ടനിടവഴികളെ
പുത്തൻ അർത്ഥതലങ്ങളുടെ നടവര -
മ്പുകളാക്കും

കവികൾ ചിലപ്പോൾ മരങ്ങളാകും
വാക്കിൻ്റെ വളഞ്ഞുപുളഞ്ഞ വേരുകളെ
കുളത്തിലേക്കും, കിണറിലേക്കും, പുഴയി -
ലേക്കും, മണ്ണിൻ്റെ അടരുകളെ അടർത്തി
ആഴങ്ങളിലേക്കാഴ്ത്തി സത്യജലത്തെ -
തൊട്ടുണർത്തും.

കവികൾ ചിലപ്പോൾ കവിതകളെ
കിളികളാക്കും
അവ പറന്നു വന്ന് നമ്മടെ മനസ്സിൻ്റെ
കൊമ്പത്ത് കൂടുകൂട്ടും
അവ പല ഭാഗത്തു നിന്നും ഇത് എന്നെ
കുറിച്ചാണ്, എന്നെക്കുറിച്ചാണ് എന്ന്
വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും

കവിതയാണ് നമ്മിലെ കറുപ്പിനെ മാറ്റി
സൂര്യവെട്ടമായ് എല്ലാം കാട്ടി തരുന്നത്
പുത്തനറിവിൻ്റെ പുഴപ്പൂക്കൾ നമ്മിൽ -
വിരിയിക്കുന്നത്
മനസ്സിൻ്റെ കൊമ്പത്തിരുന്ന് വെളിച്ചമായെന്ന്
വിളിച്ചു പറയുന്നത്

2023, ജൂൺ 8, വ്യാഴാഴ്‌ച

സുന്ദരി


സ്മിതകല ചൂടിയ നിന്നുടെ -
ചുണ്ടുകൾ
ഗൂഢവിമോഹന മാന്ത്രിക -
മിഴികൾ
സർവം നിശ്ചല ശില്പമതാക്കും
പ്രിയേ നിന്നുടെ മായിക രൂപം

ഹൃത്തിൽ നൃത്തച്ചുവടാകുന്നു
നീല നിലാവിൻ ലയമാകുന്നു
ഓരോ ചുവടും ഏതോ സ്വപ്നം
പോലെന്നുള്ളിൽ ചിറകുവിരിപ്പൂ

കാമനയുണരും കൺപോളകളും
കവനം വിരിയും കവിളിണയും
മുകിലിൻ മൗനംപോലാംകൂന്തൽ -
തുമ്പിൽ ഇറ്റും ജലമണിയും
എത്ര മനോഹര പ്രണയാതുരമീ -
സുന്ദരി നിന്നുടെ രൂപം

2023, ജൂൺ 7, ബുധനാഴ്‌ച

നഗരത്തിൽ


പത്തനമെനിക്കിന്നു
പട്ടടപോൽ പൊള്ളുന്നു
ചീവീടിൻ സംഗീതമെൻ
ചിരിച്ചില്ലയിൽ പൂക്കുന്നു

വേലിയിൽ നിരന്നിരിക്കുന്നു -
കാക്കകൾ
ഓരോ കൊക്കിൽ നിന്നും
വിരുന്നുകാരിറങ്ങി വരുന്നു

കിളികൂജനങ്ങളൊരു
പൂക്കാലം തീർക്കുന്നു
കുയിലിൻ കവിത പുഴയാ -
യൊഴുകുന്നു

കണ്ണാം ചിരട്ടയിൽ
മണ്ണപ്പം ചുട്ടീടുന്നു
കന്നുകുട്ടികൾ ചുറ്റും
തട്ട മുട്ടിപ്പായുന്നു

ഇപ്പാതിരാത്രിയിൽ
എങ്ങുന്നു വന്നുയെൻ്റെ
ആ കൊച്ചുഗ്രാമവും
ഓർമ്മതൻ കുളിർ തെന്നലും

പട്ടണമെനിക്കിന്നു
പട്ടടപോൽ പൊള്ളുന്നു
പ്രളയത്തിൽ പെട്ടൊരു
പെട്ടകം പോൽ തോന്നുന്നു

2023, ജൂൺ 6, ചൊവ്വാഴ്ച

ഗണിക


കണ്ണിലെ നക്ഷത്രം
കെട്ടുപോയി
മോഹങ്ങളുടെ മഷിപാത്രം
കദനക്കടലെടുത്തു പോയി

ചുട്ടുപൊള്ളുന്ന കുഞ്ഞിനെ
മാറോടടുക്കി അവൾവിതുമ്പി
മുടിപ്പൂവ്
വാടിയ ഗന്ധം പരത്തി

വാതിലിനു മുട്ടിയ മുട്ടുകളെല്ലാം
തിരിച്ചുപോയി
ചോറു വറ്റിയ വയറിനെ ഓർത്ത -
വൾ
തരിച്ചിരുന്നു പോയി

തെരുവിലാരോ
പൊട്ടിച്ചിരിക്കുന്നു
പാതിരാപക്ഷി ചിലച്ചു പോകുന്നു

2023, ജൂൺ 3, ശനിയാഴ്‌ച

ഭാര്യ


കാത്തിരിപ്പുണ്ടെന്നുമെന്നെ
കരളിലൊരു കവിതയും വിരി-
ച്ചൊരുവൾ
ക്ഷമയുടെ നെല്ലിപ്പടിയിലും
ചിരിമണി വിതറുവോൾ
ഇല്ലില്ല മറ്റൊരു പ്രണയവും
അവളോളം വരില്ലൊരിക്കലു-
മൊരു കാമുകി