malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, മാർച്ച് 29, ശനിയാഴ്‌ച

ചിത്രം



അക്ഷരങ്ങൾ പെറുക്കി വെയ്ക്കുന്നതു
പോലെയാണച്ഛമ്മ
ഓരോ കാലും നിലത്തെക്കൂന്നുക
ഇടയ്ക്കിടെ നടന്നു പോകാറുണ്ട്
തന്റെ എഴുപത്തിയഞ്ച്  വർഷത്തിലൂ ടെ 
മരത്തിനു മുകളിലെ പക്ഷി
അച്ഛമ്മയെ പോലെ
പിറ് പിറ് ത്ത് എങ്ങോ പറന്നുപോയി
ഒരു കാറ്റും മണവും വന്നുനോക്കി
വേഗത്തിൽ തിരിച്ചു പോയി
ഉപ്പന്റെ കൂവൽ
അല്പ്പനേരം തങ്ങിനിന്ന്-
കുന്നിറങ്ങിപോയി
മരിച്ചവരുടെ ചിത്രം
വരച്ചു,വരച്ചു മടുത്തു
ജീവിക്കുന്നവരെ വരയ്ക്കാൻ
നിനച്ചാൽ
മരിച്ചു ക്യാൻവാസിൽ കയറി-
യിരിക്കുന്നു
വരയ്ക്കുവാൻ ഭയമാണിപ്പോൾ
ജീവിച്ചിരിക്കുന്നവർ
മരിക്കുന്നതിലല്ല
മരിച്ചവർ തിരിച്ചു വന്നാലോ 

അവകാശി



വയലാണ്
കരക്കണ്ടമാണ്
വീട് പണിയുവാൻ
വാനം വെട്ടുകയാണ്
ആഴത്തിനടരിൽ നിന്ന്
അടർന്ന് വീണൊരു മണ്‍തവള
'ചൊവ്വറെ,ചൊവ്വറെ'ന്നു
ചൊല്ലിവിളിക്കുന്നു
ചാത്തൻ പുലയനെന്നു
മുത്തച്ഛൻ ചിന്തിച്ച്
മുറ്റത്തെ തിണ്ടിന്മേൽ
കുന്തിചിരിക്കുന്നു
ചാത്തൻ പുലയന്റെ
ചോരയും നീരുമിത്
മണ്ണിന്റെ കണ്ണവൻ
നേരവകാശിയവൻ
'കൊല്ലല്ലേ,കൊല്ലല്ലേ'ന്നു
എട്ടടി അകലത്തിൽ
കണ്ണീരാൽ മണ്‍ തവള
കൈകൂപ്പി നില്ക്കുന്നു
മണ്ണിനെ കൊല്ലല്ലെന്നു
മുറവിളി കൂട്ടുവാൻ
നീയല്ലേ കൂട്ടിനുള്ളൂ
എനിക്കെന്റെ ചാത്തൻ പുലയാ
മുത്തച്ഛൻ മൌനത്താൽ
നെഞ്ചത്തടിക്കുമ്പോൾ
'കരയല്ലേ,കരയല്ലേ'ന്നു
കരയുന്നു മണ്‍ തവള

ബാംഗ്ലൂർ



കലാശി പാളയ മെത്തുമ്പോൾ
കാലം കാലത്ത് കാകനുണരുംനേരം
ശകടങ്ങളുടെ കടകട ശബ്ദം   
പല പല ഭാഷതൻ കലപില ചെത്തം
ചിതറിയ തീപ്പെട്ടി ക്കൂടുകൾ പോൽ
ചുറ്റും നീങ്ങും വണ്ടികൾ മാത്രം
ഞൊടി നേരം കൊണ്ടെങ്ങും ബ്ലോക്കുകൾ
ഉറുമ്പുകൾ ചാലിട്ടെത്തുംപോലെ-
വരിയായിഴയും വണ്ടികളെങ്ങും
തെല്ലിട ബ്ലോക്കുകൾ തീർന്നെന്നാകിൽ
പൊട്ടിയ മാല കല്ലകൾ പോലെ
പലപാടുകളായ് പായും വണ്ടികൾ
കാറ്റിൻ കുഞ്ഞലഎങ്ങും തീർത്ത്
മാദകമാമൊരു ഗന്ധം പേറി
കുളിരിൻ കൈയ്യാൽ വാരിപ്പുണരും
വശ്യ മനോഹരി സുന്ദരി ബാംഗ്ലൂർ
അമ്പോ!അമ്പരച്ചുംബിതയായി 
ആഘോഷത്തിൻ വേള യൊരുക്കും.
തെല്ലിട നേരം കൊണ്ടത താഴെ-
ഗലിയിൽ കണ്ണുകൾ മാടിവിളിപ്പൂ
ഒരു നേരത്തെ കഞ്ഞിക്കായി
തുണിയുരിയുന്നൊരു പെണ്‍ കോലങ്ങൾ
മറ്റൊരു വഴിയിൽ കാണാം കാമകൊക്കുകൾ-
രാകിയിരിക്കും കഴുകുകൾ
പിന്നെ പലവഴി തിരിയുംനേരം
സ്നേഹത്തിൻ ചെറു തീരം കാണാം 
പലവേഷങ്ങൾ,പലഭാവങ്ങൾ
പലരീതികളും മേളിച്ചു ള്ളോരു
ബാംഗ്ലൂർ സുന്ദരി നിന്നെ കാണ്‍കെ
മണ്ണ് ഭുജിച്ചൊരു ഉണ്ണിക്കണ്ണൻ
തുറന്ന വായപോൽ അത്ഭുതമെന്നിൽ   

കല്ലറ



കുന്നിനു മുകളിൽ
       ഒരു
 കുടിൽ
കിണർ
പെണ്‍കുട്ടി
    രാവിലെ
കുന്നിറങ്ങിപ്പോയ
   പെണ്‍കുട്ടി
തിരിച്ചു വന്നില്ല
     ഉച്ചക്ക്
കുടിവിട്ട് കുടിലുമിറങ്ങി
പ്പോയി
     വൈകുന്നേരം
കിണറിനെ തനിച്ചാക്കി
കുന്നും
     പിന്നെ
വന്നവർ വന്നവർ കണ്ടു
മരിച്ച കിണറിന്റെ
കല്ലറ 

ഷാപ്പിൽ




മറിയാമ്മ പെണ്ണിന്റെ മാറുപോലെ
ഞാനിപ്പം പൊട്ടുവേ  എന്നുപറയുന്ന
വലിയ ചക്കയുള്ള പ്ലാവിന്റെ കടയ്ക്കൽ
മുള്ളുമ്പോൾ
കയ്യാല കയറി ഒരു ഒച്ചവന്നു
മൂത്രത്തിന്റെ നനഞ്ഞ നാവു
വിരലിൽ തൊട്ട് ഇക്കിളിയാക്കി
കയ്യലക്ക് അപ്പുറം പൂത്തുനില്ക്കുന്ന
വാക്കുകളിലെക്കെത്തിനോക്കി
അന്തിക്കുള്ള പതിവ്  കുപ്പിക്ക്‌
ഷാപ്പിൽ കയറിയപ്പോൾ
മറിയാമ്മ പെണ്ണിന്റെ ചിരിയിൽ-
 തട്ടി വീണ്
മൂന്നു കുപ്പി അകത്താക്കി
ഇരുട്ട് കോട്ടുവായിട്ടപ്പോൾ
വിയര്പ്പ് ചുരത്തിയ ഉപ്പ്
മറിയാമ്മ പ്പെണ്ണിന്റെ ഞൊറി-
വയറിൽ തീർത്ത അരഞ്ഞാണം
ഊർന്നു വീണപ്പോൾ
കാറ്റു പിടിച്ച കരിയിലപോലെ
കുന്നിറങ്ങി പ്പോയി

2014, മാർച്ച് 28, വെള്ളിയാഴ്‌ച

കുന്ന്


വള്ളിട്രൌസറിട്ടു
വള്ളി ക്കാട്ടിലെക്കെന്നുമവൻ കയറി
കൊട്ടക്കായ പറിക്കാൻ
കാടിനോടും,കാറ്റിനോടും
കളികൾ  പറഞ്ഞു
കുത്തനെ നില്ക്കുന്ന കുന്നിനെ
കൊഞ്ഞനം കുത്തി
കുന്ന് കളിയാക്കി ചിരിക്കുന്നെന്നു
പരിഭവം പറഞ്ഞു
വള്ളി ട്രൌസർ മാറി 
പൊടിമീശയും പരുക്കാൻ മുണ്ടുമായി
മനസ്സിനെ മുല്ലപ്പൂപോലെ പറിച്ചെടുത്ത്
മുയൽ കുഞ്ഞായി മേയാൻ വിട്ടു
പ്രണയം പൈൻ മരംപോലെ
തൂതപ്പുഴയും ,കല്ലായിപ്പുഴയും കടന്നു
നിളയിലൂടെ നീണ്ടു വളഞ്ഞു പോയി
കുന്നിനെ ക്കുറിച്ച്  ഒരു  കുന്ന്
ചിന്തയുമായി അവനിന്ന് വന്നു
വാക്കിന്റെ കൂർത്ത കല്ലുകൾ 
കുന്നിലെക്കെറിഞ്ഞു
കുന്ന് കുഞ്ഞു നാളിലെന്നപോലെ
ചിരിച്ചു നിന്നു
കുന്ന് കലഹിക്കാതെ കുനിഞ്ഞു നിന്നു
അവന്റെ യന്ത്ര കൈകൾ പലപാട് പാഞ്ഞു
കുന്ന് നിന്നയിടം ഇന്നവന്റെ
സ്മാരക മന്ദിരം

നമ്മുടെ ശത്രു നാം തന്നെ



കന്നുകൾ മേയുന്ന കുന്നും
കാട്ടു ചോലയൊഴുകുന്ന ചേലും
തടവും തടിനി കുളവും
കുഞ്ഞു കൂവലും വെള്ളരിപ്പാടവും
കൊക്കുകൾ കൊക്കുന്ന കൂറ്റും
കൊഞ്ചി വന്നെത്തുന്ന കാറ്റും
അക്ഷികൾക്കുത്സവ  മല്ലോ എങ്ങും
അഞ്ചിത മാർന്നൊരീ കാഴ്ച 
എന്നാൽ ;
കേളികളാടിടുന്നെങ്ങും ഇന്ന്
കാളിമയാര്ന്നുള്ള  വാഴ്ച
കേവലാ,നന്ദത്തിനായി
എല്ലാം വിറ്റു തുലയ്ക്കുന്നു നമ്മൾ 
ആര്ത്തിയാൽ അർത്ഥത്തിനായി 
എല്ലാം വെട്ടി മുറിക്കുന്നു നമ്മൾ
കര ചരണങ്ങൾ അറുത്ത്
കൊല്ലുന്നു നമ്മളെ നമ്മൾ