malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, ജൂൺ 29, ബുധനാഴ്‌ച

പ്രകൃതിവിലാസം

എങ്ങുനിന്നോമനെ
കാതോര്‍ത്തുകേള്‍ക്ക നീ
മധുര സംഗീതത്തിന്‍ നിര്‍ഝരീകള്‍
മധുര പ്രതീക്ഷകള്‍ പൂവിട്ടുനില്‍ക്കുമീ
പനിമതിപുഞ്ചിരി തൂകുംരാവില്‍
അഴകിന്റെ കൊവിലായ്കോടപുതച്ചുള്ള
ലോകമീ രാത്രിയില്‍ കാണുന്നേരം
അഴലു കളെല്ലാമെ അടിവെച്ചകലുന്നു
അലയടി ചെത്തുന്നു പരമാനന്ദം
സന്തോഷാശൃക്കള്‍ പൊഴിക്കുംമിഴിപോലെ
ഊഴിയിലിറ്റുന്നു മഞ്ഞിന്‍കണം
കാറ്റിന്‍കുളിര്‍കൈകള്‍ കെട്ടിപ്പിടിച്ചപ്പോള്‍
പാഴ്മുളംതണ്ടിന്റെ ഇക്കിളിയോ
നമ്മളില്‍തുള്ളിക്കളിക്കുന്ന ഹര്ഷത്തിന്‍
തിരയടിചെത്തുന്നതിന്‍സ്വനമോ
പൊന്മുളംതണ്ടുപോല്‍ ഇന്ദ്രജാലംകാട്ടും
പ്രകൃതിവിലാസം വിചിത്രംതന്നെ

2011, ജൂൺ 24, വെള്ളിയാഴ്‌ച

ആഴം

ജീവിതത്തിന്റെ ആഴം
ആ നാളുകളിലാണിഞ്ഞത്
അവള്‍;
ഉദയത്തിനു മുന്‍പുള്ള പക്ഷി
ഉള്ളകത്തെ ക്യാന്‍വാസില്‍
ക്യാന്‍സര്‍ കളംവരയ്ക്കുമ്പോഴും
ഒരു വ്യാജപ്രതീക്ഷ
അവള്‍ക്കുള്ളില്‍ അള്ളിപ്പിടിച്ചു
വിട്ടുപോകാന്‍ കൂട്ടാക്കാതെ
കാമുകനെപ്പോലെ ക്യാന്‍സര്‍
മുലകളമര്‍ത്തി പിടിക്കുമ്പോള്‍
അമ്മിഞ്ഞ മണം അവിടമാകെ -
തൂവുക യായിരുന്നു
സഹനത്തിന്റെ സായംകാലത്തിനു
പടയാളിയുടെ പരിവേഷമെങ്കിലും
ജീവിതത്തിന്റെ ആഴം
അന്നാളുകളിലാണറിഞ്ഞത്

തൊടുമ്പോള്‍

രാവിലെ കൃത്യം അഞ്ചുമണിക്ക് തന്നെ
തളര്‍ന്നെണീക്കുന്നു .
നേരെ ബാത്ത്‌റൂമില്‍ .
കാല്മുഖംകഴുകി നിലവിളക്കിനരികില്‍ .
ഇരുട്ടിനെ തൂത്തുവാരി
മുറ്റത്തിന് പുറത്തേക്ക് .
ബക്കറ്റ്കിണറിലെ ജലത്തിനോടു -
പ്രഭാത വന്ദനം .
ചാരവും,ചെകരിയും
കരിക്കലത്തിലേക്ക് വിതറുന്നു -
കിന്നാരത്തിന്റെ ആദ്യകുളിര് .
ചായയ്ക്ക് കൊറിക്കാനുള്ള പ്രഭാത-
പത്രവുമായി
ഭര്‍ത്താവിന്നരികില്.
ഒരു കെട്ട് പുസ്തകം സമയം വൈകിയെന്നു
ഇടവഴിയിലേക്കിറങ്ങുന്നു .
ഓഫിസ്സിലെത്താന്‍ പാകത്തില്‍
ഒരു ബസ്സ് ഡബിള്‍ ബെല്ലടിക്കുന്നു .
എല്ലാം ഒരുക്കി കൈയെത്തി തൊടുമ്പോള്‍
തണുത്ത ചായ ഒരുവളിച്ച ചിരി
സമ്മാനിക്കുന്നു .

2011, ജൂൺ 18, ശനിയാഴ്‌ച

ഞാന്‍ വിചാരിക്കുന്നു

ഉദ്യാനത്തെ ഉഴുതുമറിച്ചഒരുകാറ്റ്
സൂചി മുനപോലെ കൂര്‍ത്ത്
കിളിവാതിലിലൂടെ ജീവനുള്ളത്പോലെ
ഓരിയിട്ടകത്തേക്ക് വരുന്നു
കല്ല്‌മഴകൊണ്ടുവന്ന് തട്ടിന്‍ പുറത്ത്
ആഞ്ഞെറിയുന്നു
ഉറക്കമില്ലാത്ത ഞാന്‍
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
അസ്വസ്ഥയായ്‌ എഴുന്നേല്‍ക്കുന്നു
ഉറക്കത്തെ കുറിച്ചാണെങ്കില്‍
ഒരടയാളവുമില്ല
ലജ്ജ കുടിച്ച് രാത്രിയും ഉറങ്ങാതെകിടക്കുന്നു
തിന്മയുടെ പൂച്ച അകത്തേയ്ക്ക് വരുന്നു
അത് തൊലിയും,മുലയും പറിക്കുകയും
ഉരിയുകയും ചെയ്യുന്നു
മാംസത്തെ കടിച്ചു കീറുന്നു
ബലാത്കാരമായി ഗര്‍ഭ-
പാത്രത്തിലേക്കിറങ്ങുന്നു
അള്ളിപ്പിടിച്ച അതിന്റെ നഖങ്ങളില്‍ നിന്ന്
കോര്‍മ്പല്ലില്നിന്നു
ഞാനെന്നെതന്നെ കുടഞ്ഞെറിയുന്നു

ചക്കപ്പഴം

മൂര്‍ത്ത മുള്ളും
ഒട്ടിപ്പിടിക്കും പശയും
കണ്ടാലൊരു മുരടത്തരം
ഉള്ളിലേക്കൊന്നു നോക്കണം
തേനൂറും മധുരവും വിളമ്പി
കാത്തിരിക്കുകയല്ലേ .
ഉള്ളിലൊന്നുമില്ലെങ്കില്‍
മേനി വെളുപ്പിച്ച്
വെളുക്കെചിരിച്ചിട്ട്കാര്യമെന്ത്

2011, ജൂൺ 17, വെള്ളിയാഴ്‌ച

കാലത്തിന്റെ വാക്ക്

കാലത്തിന്റെ വാക്കുമായി
കടന്നു പോയവരെ
കഴിയില്ലെനിക്ക് നിങ്ങളുടെ
മൌനങ്ങള്‍ക്ക് മുന്‍പില്‍
തല കുനിക്കുവാന്‍.
കഴിയില്ലെനിക്ക് നിങ്ങളെ-
സ്മാരകത്തറകളില്‍
പൂക്കളും വെച്ച് കടന്നു പോകുവാന്‍
കടമെടുക്കുന്നു ഞാന്‍ നിങ്ങളുടെ -
വാക്കുകള്‍
കടഞ്ഞെടുക്കുമതില്‍നിന്നും
ഞാനൊരു പെട്ടകം
കറുത്ത നീതിയെ കടപുഴക്കിയടുക്കുവാന്‍
കരുതി വെയ്ക്കണം എനിക്കുമൊരു മുറി
നിന്റെ ശ്മശാനത്തിന്റെ തൊട്ടടുത്ത്‌
കൊത്തി വെയ്ക്കണം
വാതില്‍ പ്പാളിയില്‍
ആ വാക്കുകള്‍

2011, ജൂൺ 15, ബുധനാഴ്‌ച

നീ വരരുത്

നീ വരുംഎന്ന പ്രതീക്ഷയാണ്
എന്നെ ജീവിപ്പിക്കുന്നത്‌
പക്ഷെ-
നീ വരരുത്
നീ വരും എന്നപ്രതീക്ഷയാണ്
എന്റെ രാത്രിയെ പകലാക്കിമാറ്റുന്നതും
നിന്റെ നിശ്വാസമെന്റെകവിളിലും
നിന്റെനനുത്ത ചിരിയെന്റെയുള്ളിലും
തണുപ്പുള്ള കൊച്ചു വെളുപ്പാന്‍കാലത്ത്
ഉറക്കിന്റെ ഉള്ളറയിലേക്ക്
കെട്ടിപ്പിടിച്ചടുപ്പിക്കുന്നത് .
പക്ഷെ-
നീ വരരുത്
നീ വന്നാല്‍ പിന്നെ സ്വപ്നമില്ല
പ്രതീക്ഷയില്ല
പിന്നെയെന്തു ജീവിതം
അതുകൊണ്ട്
നീ വരരുത്

2011, ജൂൺ 11, ശനിയാഴ്‌ച

വെറും വാക്കുകള്‍

അച്ഛനുമമ്മയുമില്ലാത്ത ഒരു
നിമിഷം
ഓര്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല
കുഞ്ഞു നാളില്‍
അവരുടെയിടയില്‍, മടിയില്‍
അവര്‍ തെളിച്ച വഴിയില്‍ .
വലുതായപ്പോള്‍
ഭാര്യ,കുഞ്ഞുങ്ങള്‍
പുത്തന്‍വീട് ,പുതുവഴി
അച്ഛനമ്മമാര്‍ വെറും വിരുന്നുകാര്‍ .
മരിച്ചപ്പോള്‍ ;
കഴിഞ്ഞ കാലത്തെകുറിച്ച് -
ഒരു നിമിഷം
ഒരു തേങ്ങല്‍ ,രണ്ടിറ്റു കണ്ണീര്‍ .
ഇന്ന്;
പറഞ്ഞു കൊടുക്കാറുണ്ട്
മക്കള്‍ക്ക്‌
മുത്തശ്ശനേയും, മുത്തശ്ശിയേയുംകുറിച്ച്
ഓര്‍മ്മകളില്ലാത്ത
വാക്കുകളായി

പ്രണയം ബസ്സിലെപാട്ടുപോലെ

ഒരിക്കലും തുറന്നുപറയാത്തതായിരുന്നു
എന്റെ പ്രണയം
തുറന്നു പറഞ്ഞവളോട് അതിനു -
ഞാനില്ലെന്നു പറഞ്ഞു
കുടുംബമായിരുന്നു എനിക്ക് വലുത്‌
പ്രണയിച്ചു പിന്നാലെനടന്നാല്‍
മുട്ടുന്നത് കഞ്ഞികുടി .
സുഹൃത്തുക്കളില്‍ ചിലര്‍എന്നോടുപറഞ്ഞു
ചിലതെല്ലാം കണ്ടു
പ്രണയം ബസ്സിലെപാട്ട്പോലെ
പാട്ട് പകുതി യാകുമ്പോള്‍
ചിലര്‍ ഇറങ്ങിപോകും
ചിലര്‍ അവിടെനിന്ന്തുടങ്ങും
പാട്ടില്‍ മയങ്ങിപോയവര്‍
ഇറങ്ങേണ്ടസ്ഥലം കഴിഞ്ഞുപോയല്ലോയെന്ന്
വേവലാതി പ്പെടും,പരിതപിക്കും
പാട്ട് മുഴുവന്‍ കേട്ടഏതാനുംചിലര്‍ മാത്രം
കൃത്യസ്ഥലത്ത്തന്നെ ഇറങ്ങിയിട്ടുണ്ട്പോലും

ചുണ്ടില്‍ചായംതേക്കുന്നവര്‍

എന്തിനാണ്ചുണ്ടില്‍ ചായം തേക്കുന്നത് ?
വണ്ടുകളെ യാകര്‍ഷിക്കാന്‍ വര്‍ണ്ണ -
പുഷ്പ്പങ്ങളാകാനോ?!
എന്തിനാണ് കവിളില്‍ ചായം തേക്കുന്നത് ?
കമ്പോളത്തിലെമുന്തിയ ചരക്കെന്നറിയിക്കാനോ ?!!
ചായങ്ങളും,ചമയങ്ങളും ചിലന്തിവലപോലെ
അറിയാതെ കുരുക്കും ഇരകളെ വലകളില്‍
എന്നിട്ടും;
പ്രീയപ്പെട്ടവളെ
ഞാന്‍ നിനക്ക് ഹൃദയം തന്നു
നീയെനിക്ക് ശരീരവും
നിനക്ക്നഷ്ട്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു
ഊരിയെറിയുന്ന ഉടയാടയല്ലാതെ
എനിക്ക് നഷ്ട്ടമായത്
എന്റെ ഹൃദയംതന്നെയാണ്
പറിച്ചെറിയാനൊരു മുലയുണ്ടായിരുന്നെങ്കില്‍
ദഹിപ്പിക്കുമായിരുന്നു ഞാനീ ലോകം തന്നെ

2011, ജൂൺ 9, വ്യാഴാഴ്‌ച

കഥരചിക്കുന്നവര്‍

'അരുമയാ,മെന്‍മക്കള്‍
ഇന്ത്യതന്‍പൊന്‍മക്കള്‍
ഏകരായ് ഹ്ലാദത്താല്‍
വാഴ്വില്ലേയൊന്നിച്ച് '?
ആകുലമായോരീചോദ്യം
യമുനതന്‍ ഓളത്തെ-
തെല്ലൊന്നുലച്ചു നിര്‍ത്തീടവേ
രാജഘട്ടത്തിലെശയ്യയിലൊറ്റക്കിരുന്നു -
മുത്തച്ഛന്‍
പുലമ്പുന്നതെന്തെന്നു
പാതിജീവന്‍മാത്രംശേഷിച്ചുനില്‍ക്കും
മെലിഞ്ഞുതളര്‍ന്നൊരാ
യമുനചിരിച്ചുപോയ്‌
ഉണ്ട്നിന്‍മക്കളില്‍ഏക-
മനസ്ക്കരായ്
ഒരുകൂട്ടര്‍കോടികള്‍കൊയ്ത്തുകൂട്ടുന്നുണ്ട്
ഉണ്ട്,ഉണ്ട് കോടിജനങ്ങളെ
കോടി പുതപ്പിക്കാന്‍ ഇക്കൂട്ടര്‍ -
മത്സരിക്കുന്നുണ്ട്
പട്ടിണിയാലെപിടയുന്നമക്കള്‍ക്ക്‌
പട്ടടകൂട്ടുവാന്‍പ്രമേയംപാസാക്കുന്നുണ്ട്
പടിഞ്ഞാട്ടുകാര്‍ക്ക് പ്രീയംവിളമ്പീടുവാന്‍
നട്ടുച്ച നേരത്തുംചൂട്ടുവീശുന്നുണ്ട്
വീരരാണെന്നുള്ള വീമ്പും പറഞ്ഞവര്‍
ജയിലില്‍ കിടന്നാത്മകഥരചിക്കുന്നുണ്ട്

ഒരു സായാഹ്നത്തില്‍

മൂടിക്കെട്ടിയവാനം
മൂകമാ,മന്തരീക്ഷം
മരിച്ചവീട്പോലെ
മ്ലാനതപരന്നെങ്ങും
കരഞ്ഞുതളര്‍ന്നൊരു
പെണ്ണിന്റെകവിളുപോല്‍
നനഞ്ഞറോഡില്‍നിന്നും
ഒരുചാല്‍നീളുന്നുണ്ട്
മിന്നല്‍വന്നിടയ്ക്കിടെ
പെണ്ണിന്റെകവിള്‍ത്തടം
തുടച്ചുപൊടുന്നനെ
മറയുന്നതിദ്രുതം
കീശയില്‍നിന്നുംകാശ്
കൊളുത്തി വലിക്കുന്നു
കുന്നത്തെ ഷാപ്പിലേക്ക്
കുറുക്കുവഴിതേടാം
വെള്ളക്കൊറ്റിപോലുള്ള
കള്ള്നിറച്ചകുപ്പി
പതഞ്ഞു തൂവീടുന്നു
തെറിപ്പാട്ടിന്റെശീല്

2011, ജൂൺ 7, ചൊവ്വാഴ്ച

അടുക്കളയുദ്ധം

അടുക്കള ഒരുയുദ്ധക്കളമാണ്
ചട്ടീം,കലങ്ങളും തട്ടലും മുട്ടലും
പാതിരയാവ്വോളം പ്രാക്കിന്റെ പെയ്ത്തുകള്‍
എരിയുന്ന കണ്ണുകള്‍ ,പൊരിയുന്ന മനസ്സുകള്‍
തിളയ്ക്കുന്ന തൃഷ്ണയായ് കനലിന്നനല്ച്ചകള്‍
കുടിച്ചുവന്നച്ചിയെ പള്ളയ്ക്കുതച്ചപോല്‍
ചളുങ്ങികിടക്കും പഴയചെമ്പുപാത്രങ്ങള്‍
വിയര്‍പ്പില്‍ കുളിക്കും വെറുപ്പും,മുഷിപ്പും
മുറിഞ്ഞവിരല്‍ത്തുമ്പിന്‍ ചോരതന്നുപ്പും
പൊട്ടിത്തെറിക്കുന്നു വാക്കായ്കടുകുകള്‍
പാതിരാവായെന്നു പടിവാതിലടയ്ക്കുന്നു

തോറ്റുപോയ മരണം

പകല്‍മുഴുവന്‍ പലവഴിനടന്നു
മനസ്സുമായി പറഞ്ഞുറപ്പിച്ചു
എന്നിട്ടും ;
പാളത്തിലേക്കിറങ്ങിയപ്പോള്‍
'മാറിപ്പോ,മാറിപ്പോ'എന്ന്
പാഞ്ഞുവന്നവണ്ടി ആട്ടിപ്പായിച്ചു
കടലിലേക്ക് ചെന്നപ്പോള്‍
,പാടില്ല,പാടില്ല'എന്ന്
കടല്‍വന്നുകരയില്‍ തലതല്ലിക്കരഞ്ഞു
ദുര്‍ന്നടപ്പുകാരിയുടെവീര്‍ത്ത അടിവയര്‍പോലുള്ള -
കുളക്കരയില്‍
കുടിയന്‍മാരുടെകലപിലയും
പിന്തിരിപ്പിച്ചു
ഈനഗരം
ചെറുതും വലുതുമായ കെട്ടിടങ്ങളുടെ
പ്രേതാലയം
തെരുവ് പെണ്ണുങ്ങളെപ്പോലെ
കവിളില്‍ചായമിട്ട്നില്‍ക്കുന്ന വഴിവിളക്കുകള്‍
തോരാനിട്ട മേഘങ്ങളേയുമെടുത്ത്
നിലാവ് നടന്നു
ചാണകംമെഴുകിയ മുറ്റംപോലെ ആകാശം
ഓടിവന്ന് ഒരുകാറ്റ് വൈകിയെന്നോതി
കൂടെ നടന്നു

2011, ജൂൺ 6, തിങ്കളാഴ്‌ച

ഒരു രക്തസാക്ഷിയുടെ ജനനം

കവിത ചൊല്ലുന്നയാള്‍ തന്നെയായിരുന്നു
കൈ ചൂണ്ടി കയര്‍ത്തതും മുഷ്ട്ടി-
ചുരുട്ടി മുദ്രാ വാക്യം വിളിച്ചതും .
തൊഴിലാളികളോട് തൊഴിലിനെ -
ക്കുറിച്ചും
കുട്ടികളോട് പുസ്തകത്തെ കുറിച്ചും
ഒരേ ഉത്സാഹത്തോടെ പറഞ്ഞതും .
തൊഴിലിനു കൂലിക്കായ് കൊടി കെട്ടിയ-
ഒരു രാത്രിയിലാണ് കുത്തേറ്റു മരിച്ചത്
ഉറ്റവരില്ലാത്തതിനാല്‍ ഉള്ളവര്‍ -
ചേര്‍ന്നൊരനുശോചനം .
ഓര്‍മ്മ പുതുക്കലിന് ഒരു കവിത ചൊല്ലല്‍ ,-
തെരുവ് നാടകം
വേവലാതിപ്പെടാന്‍ വേറൊന്നുമില്ലായിരുന്നു
ഒരാള്‍ജീവിച്ചു ;മരിച്ചു അത്രമാത്രം
ഓര്‍ക്കാനും ഓര്‍മ്മിക്കപ്പെടാനും
ഒന്നു മില്ലായിരുന്നിട്ടും
അയാള്‍ രക്തസാക്ഷി യെന്നവാക്ക്
ചുവന്ന,യക്ഷരത്തില്‍ ഞങ്ങളുടെ-
ഹൃദയത്തില്‍
കൊത്തി വെയ്ക്കുകയാണ്

2011, ജൂൺ 4, ശനിയാഴ്‌ച

ചിതയെരിയുംകാലം

തരിശിട്ട പാടങ്ങള്‍
വരണ്ടജലാശയങ്ങള്‍
മണ്ണെന്നു കേട്ടാലോ
മുഖംതിരിക്കുന്നു പെണ്ണാളുകള്‍
ഏണിയും,തലപ്പും ആണൊരുത്തനലര്‍ജിയായ്
പെണ്ണിന്റെകോന്തലക്കെട്ടഴിച്ചു-
ഷാപ്പിലേക്ക്
ചുട്ടെടുത്ത ചീത്ത വിളി
കുട്ടികള്‍ക്ക് പ്രാതല്‍
കട്ടെടുത്തു കരുണയും -
പട്ടണക്കൂട്ടങ്ങള്‍
ശൃംഗാര ഗാന വരികള്‍
ഗ്രാമങ്ങളില്‍ കേമം
രതി രാസ വ്യാപാരങ്ങള്‍ കെങ്കേമം
കുപ്പിതന്‍ കിരാത വാഴ്ച്ചകള്‍
ചത്തൊടുങ്ങാന്‍ ഒരു ചങ്ങാത്തങ്ങള്‍
ചിന്തകള്‍ കൊണ്ടുവരും
ചാനലില്‍ മുങ്ങി ഒഴുക്കുന്നു
രക്ത പ്പുഴകള്‍
മൂല്യങ്ങളെല്ലാമെമുത്തശ്ശി -
മൂലയ്ക്കിരുന്നു കൊറിക്കുന്ന കാലം
നാണവും,മാനവും പണയപ്പെടുത്തിനാം
മേനി നടിക്കുന്ന കാലം

2011, ജൂൺ 3, വെള്ളിയാഴ്‌ച

മോഹം

എന്ചിത്തഭൃംഗമിതെത്രനേരമായ്രാധേ
നിന്നരികത്തെത്താന്‍ പാറിടുന്നു
കണ്ണനെ കാത്തിരിപ്പുണ്ടെന്ന് കാറ്റ് -
വന്നെന്നോടു കാതില്‍ മൊഴിഞ്ഞിടുന്നു
ചെങ്കതിര്‍നീട്ടിയുതിക്കുന്നതങ്കക്കതിരവനായുള്ള -
നിന്‍ വദനം
പാണിതലങ്ങളാല്‍ കോരിയെടുത്തൊന്നു
പുഞ്ചിരിതഞ്ചിനിന്നീടുന്ന ചുണ്ടിണ
ചുംബിച്ചുചുംബിച്ചു നില്‍ക്കുവാനും
സുന്ദര ഫാലത്തില്‍ മിന്നി നിന്നീടുന്ന
വേര്‍പ്പിന്റെ മുത്തുകള്‍ ഒപ്പുവാനും
പനങ്കുല കാര്‍വേണിതുമ്പിനകത്തൊന്നു
മുഖം പൂഴ്ത്തി നിര്‍വൃതി കൊള്ളുവാനും
പ്രേമ വികസിത നാനാവികാരത്തിരതന്‍ -
നെടുവീര്‍പ്പ് വീശുവാനും
എന്‍ചിത്ത ഭൃംഗമിതെത്രനേരമായ്രാധേ -
നിന്നരികത്തെത്താന്‍ വെമ്പിടുന്നു

പഥികന്‍

പഥ മറിയാതുള്ളൊരു പായക്കപ്പല്‍ പോലവന്‍
മന്ദഗാമിയാമൊരു തൂവല്‍പ്പൊടിപോലവന്‍
ഉമ്മറക്കോലായില്‍ ചെന്നുഴറി നിന്നീടുന്നു
ഇറ്റുദാഹനീരിനായ്‌ നീട്ടി വിളിച്ചീടുന്നു
അതിന്‍മറുപടി ചെറുതെന്നല്‍ കൊണ്ടുവരുന്നു
അടുക്കളയില്‍നിന്നും രണ്ടുസ്ത്രീകള്‍തന്‍ സ്വരംമാത്രം
ഒട്ടു നേരത്തിന്നകം വാതില്‍പ്പടിയില്‍ നിന്നും
പുറത്തേക്ക് നീളുന്നു പാത്രം നിറയേ ജലം
ദാഹത്താല്‍വിണ്ടചുണ്ടില്‍ പിറന്നുസമതലം
നന്ദിയാല്‍കോടിപനീര്‍പൂവുകള്‍കണ്ണില്‍പൂത്തു
കണ്ണ്കണ്ണോടുചേര്‍ന്നു സ്നേഹമെന്തെന്നറിഞ്ഞു
കൊയ്തൊഴിഞ്ഞ പാടത്തെക്കെന്നപോല്‍ അവന്‍പോയി

2011, ജൂൺ 2, വ്യാഴാഴ്‌ച

ഇമ്മാനുവല്‍

ഓളങ്ങളില്‍ ഊളിയിടുന്ന മത്സ്യത്തെപ്പോലെ
നൌക ഉയര്‍ന്നു പൊങ്ങി മുന്നോട്ടു കുതിച്ചു
മുപ്പതുവെള്ളി ക്കാശിന്റെ പൊട്ടിച്ചിരിപോലെ -
ഏതോകല്‍പ്പടവില്‍ വെള്ളക്കെട്ടുകള്‍പൊട്ടിച്ചിതറി
ഓര്‍മ്മകള്‍യാത്ര ചെയ്യുന്ന തടവറയിലിരുന്ന-
ഇമ്മാനുവല്‍ പറഞ്ഞു :
എന്റെ പ്രീയ പ്പെട്ട' യോര്‍ദാ 'ഞാന്‍ വരും
പ്രണയത്തിന്റെ കുഞ്ഞു പിറാവായി
നിന്റെമാറിലൂടെ എന്റെവഞ്ചിതുഴയും
ഉപ്പളങ്ങള്‍തേടിയുള്ള,യാഹൂദിയ മലകളും കണ്ട് -
മരു ഭൂമിയും പിന്നിട്ടു നാംയാത്രപോകും
യിസ്രായേലിലെ ഉറവകളുടെയും,-
കാനായിലെ മുന്തിരിയുടെ ഗന്ധവും -
ഞാന്‍ശ്വസിക്കും
കല്‍ തുറുംകുകള്‍ തുറക്കപ്പെടും
കരിസര്‍പ്പമിഴയുന്നമിഴികള്‍
കുത്തിപ്പൊട്ടിക്കപ്പെടും
ദുഷ്ട്ടതയുടെ കരങ്ങള്‍ ഛേദിക്കപ്പെടുകതന്നെ ചെയ്യും
സത്യത്തിന്റെസിര സൂര്യന്‍ തന്നെയാണ്
കാര്‍മേഘങ്ങള്‍ക്ക് അല്‍പ്പനേരം മറയ്ക്കാന്‍കഴിയും
സൂര്യന്‍ തെളിഞ്ഞു വരിക തന്നെ ചെയ്യും
എന്റെ പ്രീയപ്പെട്ടമണ്ണിനെ
ഞാന്‍ മുത്തമിടുക തന്നെ ചെയ്യും

പഠിപ്പ്

പൊട്ടിയ സ്ലേറ്റില്‍ തുപ്പല് കൂട്ടി മായ്ച്ച്
അവന്‍ പിന്നെയും എഴുതി സ്വന്തം പേര്
എന്നിട്ടും തെറ്റി വള്ളിയും, പുള്ളിയും
ശരിയുടെകൊക്കവള്ളിക്ക് പകരം
അമ്മിണിടീച്ചര്‍ തന്നത്
തെറ്റിന്റെ ഗുണനചിഹ്നവുംചെവി -
പിടിച്ചൊരു തിരിയും
നാലിലെത്താന്‍ നാലിനോടു നാല് കൂട്ടിയാല്‍ -
കിട്ടുന്ന സംഖ്യ വേണമെന്നതിനാല്‍
നാലെത്തും മുന്‍പേ നാട്ടീന്നവന്‍ പോയി .
അവനാണിന്നാ സ്കൂളിന്റെ മാനേജര്
നാലാളറിയുന്നവരായി,നാട് തന്നെ-
ഭരിക്കുന്നവരായി
എത്രപെരിന്നാസ്കൂളില്‍ പഠിച്ചുപോയി