malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ജനുവരി 31, ഞായറാഴ്‌ച

ഇനിയും


ശോഭനമെന്നോ ജീവിത മിനിയും
ശോണിമ യാർന്നൊരു നേരം
മിഴിയിൽ മായാവലയം മാത്രം
കാഴ്ച കയങ്ങൾ മാത്രം
സ്പന്ദിതമാമീ ഹൃദയം മന്ദം, മന്ദീഭ-
വിക്കുകയായി
കണ്ഠമുയർത്തുന്നില്ലാഗാനം
ഏതോ ഘർഗര ശബ്ദം
കനവിൽ രുധിരക്കാഴ്ചകൾ മാത്രം
അധരം മുദ്രിതമായി
ശോഭനമെന്നോ ജീവിത മിനിയും
ശോണിമയാർന്നൊരു നേരം

നേടിയതെന്താണിന്നീയുലകിൽ
ചോദിപ്പൂ മനമെന്നോട്
നേട്ടംയെന്നത് നോട്ടം തെറ്റിയ ചെയ്തി-
കളെന്നറിയുന്നു ഞാൻ
എത്രയഹങ്കാരങ്ങൾ അന്നെൻ നെറുക -
യിൽ പത്തി വിടർത്തി
ഇല്ലാരും,യിന്നീ യെല്ലും തൊലിയെ താങ്ങി -
യെടുക്കാൻ പോലും.

ഇല്ല നിരാശകളൊട്ടും ഉളളിൽ
ആശകൾ മാനുഷ പര്യായം
ശോഭനമെന്നോ ജീവിത മിനിയും
ശോണിമയാർന്നൊരു നേരം

ദുഃഖി


ദുഃഖിയുടെ വാക്കുകൾക്ക്
വേവുന്ന മാംസത്തിൻ്റെ ചൂടും,
ഗന്ധവുമാണ്

അവരിലുണ്ട് കിളന്നു നിൽക്കുന്ന
കത്തുന്നസ്മരണകൾ

ഹൃദയ ഭിത്തിയിൽ തൂക്കപ്പെട്ട
സ്നേഹ അടയാളങ്ങൾ

നഷ്ടപ്പെട്ട വെള്ളാരങ്കല്ലുകൾ

അവരുടെ പ്രഭാതത്തിനും, അപരാഹ്ന -
ത്തിനും
മൃതരാത്രിയുടെ നിറവും, തണുപ്പും

മൗനത്തിൻ്റെ മഹാരുചി നുണഞ്ഞ്
ഉള്ളിൽ ഉറവയിട്ട് ഉള്ളിലൊഴുകുന്ന -
ഒരു പുഴയാണവർ

അലിവിൻ്റെ മർമ്മരങ്ങൾ തേങ്ങലായ്
ഉണരുന്നു
ഉള്ളനക്കത്തിൻ്റെ നീലിമ കണ്ണീരായ് -
പൊഴിയുന്നു

കാലത്തിൻ്റെ കനപ്പായിരിക്കാം
മറവിയുടെ കുപ്പായം
ഓരോ അനുഭവവും ഉള്ളുണർവുകളാണ് .

ദുഃഖികൾ നമുക്ക് പറഞ്ഞു തരുന്ന ഒന്നുണ്ട്
സങ്കടത്തിരകൾ മാത്രമുള്ള
ഒന്നുമില്ലാത്ത ഒന്നാണ് ജീവിതമെന്ന്

2021, ജനുവരി 30, ശനിയാഴ്‌ച

ജീവിതവേവ്

 


നിങ്ങൾ തന്നുള്ളൊരു ജീവിതവേവിനോളം
വരില്ലിന്നീതെരുവിൻ തണുപ്പ്
തണ്ണീരു മോന്താതെ കണ്ണീരു മാത്രമായ്
കർഷകരാം ഞങ്ങൾപാതിരാവോളമീ മണ്ണിൽപണിതതിനാലല്ലോ കൂട്ടരേ
തണ്ണി മത്തൻ പോലെ നിങ്ങൾ തുടുത്തത്

മണ്ണിതിൽ വിത്തായി ഞങ്ങൾ നനയവേ
മണ്ണിൻ്റെ കാവലാളായിപ്പൊരിയവേ
വിണ്ണിൽ വിരുന്നുല്ലസിക്കുന്നു നിങ്ങൾ
ആകാശഗോപുരം പണിതുയർത്തീടുന്നു

കുമ്പിളിലിത്തിരി വെള്ളം തരാതെ
കമ്പിളി മൂടിപ്പുതയ്ക്കുന്ന കൂട്ടരെ,
ഇക്കൊടും മഞ്ഞിൻ തണുപ്പുള്ള വീഥിയിൽ
ഉണ്ണാ തുറങ്ങാതെ ഞങ്ങൾ നിന്നീടവേ
കല്ലുവെച്ചുള്ള നുണകൾ മുളപ്പിച്ച്
ചർച്ചകളെന്നു നിങ്ങൾ ചിരിച്ചീടുന്നു

ഉരഗങ്ങളെപ്പോലെ ഇഴയുന്നു ഞങ്ങൾ
കലപ്പകളായി, യുഴുതു മറിക്കുന്നു
ഉരുളക്കിഴങ്ങുമീ, യുള്ളിയും, മല്ലിയും
കുമ്പിട്ടു നൽകുന്നു കുത്തകകൾക്കായ് -
നിങ്ങൾ

അന്നം വിളമ്പുന്നു ഞങ്ങൾ
ദണ്ണം പകരുന്നു നിങ്ങൾ
കടുകുപോൽ പൊട്ടിതെറിക്കും
വാഗ്ദാനമേകുന്നു നിങ്ങൾ
കർഷകർ ഞങ്ങൾക്കു കേസും, കുരുക്കും
മറക്കാതെ കരുതുന്നു നിങ്ങൾ

2021, ജനുവരി 29, വെള്ളിയാഴ്‌ച

ആ നിമിഷം



കുതിരയുടെ കുഞ്ചിരോമം പോലെ
അവളുടെ മുടിയഴക്
കണ്ണുകളിൽ മാദകത്വം

ആർത്തി പെരുത്ത മിഴികളാൽ
അവളവൻ്റെ കഴുത്തിലും,
മനോഹരമായ ചുണ്ടിലും നോക്കി

അവളുടെ മുഴുത്ത കഴുത്തിൽ
ത്രസിച്ചുനിന്നു നീലഞരമ്പ്

തൊടിയിലെ ചെടിയിൽ നിന്നും -
ഒരു പൂവ്
മണ്ണിൻ്റെ മാറിലേക്കടർന്നു വീണു

ചെറിമരം പ്രണയിനിയാണ്


സൂര്യൻ്റെ ഊഷ്മള നിശ്വാസമേറ്റ്
വികാരവിവശയായ ചെറി മരം
പതഞ്ഞു പൊങ്ങുന്ന മാസ്മര -
മദഗന്ധം
പച്ചമണ്ണിൻ്റെ പൗരാണിക പുൽത്ത -
കിടിൽ
ശരത്കാലത്തെ പൊഴിഞ്ഞുവീണയില

നോക്കൂ ;
ചെറി മരം പ്രണയിനിയാണ് !
രാത്രിയിൽ കാമാർത്തയായ പുതു -
പ്പെണ്ണിനെപ്പോലെ ചാന്ദ്രരശ്മികളെ
കാത്തു നിൽക്കും

നഗ്നനവോഢകളുടെ മുലകൾ പോലെ
തുള്ളി പോകുന്ന മുയലുകളെ
ചില്ലകൈകളാൽ തലോടും

തവിട്ടുനിറമുള്ള ചെന്നായയെപ്പോലെ
വന്ന
രാത്രിയുടെയിരുട്ടിനെ വകഞ്ഞു മാറ്റി
ഈറൻ കാറ്റ് അവളെ ഉഴുതുമറിച്ച -
വയലാക്കും

തുളുമ്പിപ്പോയ മദജലമാണ് മഞ്ഞു -
തുള്ളികൾ


2021, ജനുവരി 27, ബുധനാഴ്‌ച

അമ്മയെന്ന നന്മ


ഞാനിന്നേവരെ പ്രഭാതത്തിൽ
അടുക്കളയിൽ കയറിയിട്ടില്ല
കനലെരിഞ്ഞു കൊണ്ടിരിക്കുന്ന
ഒരടുപ്പുണ്ടെൻ്റെ വീട്ടിൽ

ഞാനൊരിക്കലും പാചകം
ചെയ്യുകയോ
വിളമ്പി കഴിക്കുകയോ ചെയ്തിട്ടില്ല
പാചകം ചെയ്ത് വിളമ്പിത്തരുന്ന
ഒരക്ഷയപാത്രമുണ്ടെൻ്റെ വീട്ടിൽ

പൂക്കൾ പറിക്കുന്നതല്ലാതെ
വെള്ളം നനച്ചിട്ടില്ല ഞാനിന്നോളം
തൊടിയിലെ ചെടികൾക്ക്
എന്നും വെള്ളം നൽകുന്ന ഒരു കിണറു-
ണ്ടെൻ്റെ വീട്ടിൽ

രാവിലെയെത്ര മണിക്കുണരണമെന്ന്
ഇന്നോളം സമയം നോക്കിയിട്ടില്ല
എന്നും കൃത്യസമയത്ത് വിളിച്ചുണർത്തുന്ന
ഒരു നാഴികമണിയുണ്ടെൻ്റെ വീട്ടിൽ

വീടെങ്ങനെ കഴിയുന്നുവെന്നോ
വൃത്തിയാക്കുന്നുവെന്നോ ഇന്നോളം
ശ്രദ്ധിച്ചിട്ടില്ല
വീടിനെ മുതുകിലേറ്റിക്കൊണ്ടു നടക്കുന്ന
ഒരുവീടുണ്ടെൻ്റെ വീട്ടിൽ

പുസ്തകങ്ങളിത്രയേറെ വായിച്ചിട്ടും
ജീവിതമെന്തെന്നറിഞ്ഞിട്ടില്ല ഞാൻ
എല്ലാമെഴുതിവെച്ച ഒരു ജീവിത
പാഠപുസ്തകമുണ്ടെൻ്റെ വീട്ടിൽ

അമ്മയെന്ന മഹാസാഗരത്തിനല്ലാതെ
നന്മയുടെനൂറായിരം കൈകളാൽ, --
കൺകളാൽ
ചേർത്തുനിർത്താൻ കഴിയില്ലകുടും-
ബത്തെ

ആവിശുദ്ധ ഗ്രന്ഥം മടക്കിയാൽ
വീടൊരുവീടേയല്ലാതാകും
നന്മയുടെ നൽവിളക്ക് പൊലിഞ്ഞാൽ
ഞാനെന്ന സത്യം വെറും നിഴൽ


2021, ജനുവരി 26, ചൊവ്വാഴ്ച

ഇങ്ങനെയും ചില ജന്മങ്ങൾ




നിസ്സംഗതയാണ് പരിചയം

മൗനം ആയുധം

മനസ്സിൻ്റെ ഗുഹാന്തരത്തിൽ

ഓർമ്മകളുടെ ഇഴജന്തുക്കളും,

കടവാവലും മാത്രം


കാമകഴുകുകളാണ് കാഴ്ച

കരുത്തുള്ള കഴുകുകളാൽ വേഴ്ച

ചതുപ്പിൻ താഴ്ചയിലേക്കു വീഴ്ച

ഉള്ളിൽ കത്തുന്നു ഗ്രീഷ്മം


അവർ വെള്ളിക്കാശിന്  ഒറ്റുകൊടു-

ത്തു കൊണ്ടേയിരുന്നു

ഞാൻ ദേശദേശാന്തരം കുരിശേറ്റി -

ക്കൊണ്ടും

എൻ്റെ മടിക്കുത്തഴിച്ച് അവർ മടിശ്ശീല -

നിറച്ചു

ഞാൻ ശിശിരത്തിലെ ഇലകൊഴിഞ്ഞ -

മരം


നിലയ്ക്കാത്ത ഒരു കണ്ണീർചാൽ

കൺകോണിൽ നിന്നും പിറക്കുന്നു

പക്ഷികളൊഴിഞ്ഞ ഒരു ചില്ലയാണിന്നു -

ഞാൻ

വസന്തമിനിയില്ല വഹ്നിയിൽ ദഹിച്ച്

വിലയം കൊള്ളട്ടെ വീശുന്ന കാറ്റിൽ

2021, ജനുവരി 23, ശനിയാഴ്‌ച

പ്രണയം വരച്ചു ചേർത്തവൾക്ക്


രതിയുടെ രാഗ വിസ്താരത്തിൽ
നാം നമ്മേ തന്നെ മറന്നു വെയ്ക്കാറുണ്ട്
രാവിൻ്റെ ഇരുൾ മാളത്തിൽ

ചുംബനത്തിൻ്റെ ചരുവിൽ
ഒറ്റമരമായി കത്തിനിൽക്കാറുണ്ട്
രാവിൻ്റെ ഏദൻ തോട്ടത്തിൽ
നാം ആദവും ഹൗവ്വയും

നാം താണ്ടിയ പ്രണയത്തിൻ്റെ
കടലുകൾ, കരകൾ
കുന്നുകൾ, കുഴികൾ
നാം നമ്മിൽ വരച്ചു ചേർത്ത
ഭൂപടങ്ങൾ, ഭൂഖണ്ഡങ്ങൾ

ഒന്നായ നാം എന്നാണു പിന്നെ
രണ്ടു ഭൂഖണ്ഡങ്ങളിലായിപ്പോയത്
പ്രണയത്തിൻ്റെ ഒറ്റത്തുള്ളി വെളിച്ചവും
ഇറ്റി വീഴാതായത്

പ്രിയപ്പെട്ടവളേ,
നാം നമുക്ക് തന്നെ ബലിക്കല്ലും
തർപ്പണവുമായെന്നോ?!

എങ്കിലും;
ഒരിക്കലും മരിക്കാത്ത ഒരു ചിത്രമായ്
മനസ്സിൻ്റെ ഭിത്തിയിൽ
ഒട്ടിച്ചു വച്ചിട്ടുണ്ട് ഞാൻ നിന്നെ

2021, ജനുവരി 22, വെള്ളിയാഴ്‌ച

ഓർമ്മകൾ പടിയിറങ്ങിയാൽ


ഓർമ്മയ്ക്കും
മറവിക്കുമിടയിൽ
മൗനത്തിൻ്റെ
മഹാ മസ്തകവും
പേറിയൊരാൾ

കനൽ നിറഞ്ഞൊരു
മനസ്സിൻചൂളയിൽ
ഭാവി വഴികാണാതെ
വേവുന്നു

ഉള്ളിൽ നിന്നൊരു
തോന്നൽ
ഉളളില്ലാതെ പുറപ്പെടുന്നു

ഉളളിലെ മഴക്കാടുകളിൽ
വേവുമരം മുളച്ചു നിൽ-
ക്കുന്നു

ഓർമ്മകളുടെ നൂലിഴകൾ -
പൊട്ടി
ബന്ധങ്ങളെയഴിച്ചു വെച്ച്
സ്വന്തവും, ചോരയും മറന്ന്
വഴിയില്ലാ വഴിയിലൂടെ
മറന്നു നടക്കുന്നു

ഇപ്പോൾ,
ശത്രുക്കളില്ല
മിത്രങ്ങളില്ല
യുദ്ധമോ
രാജ്യമോ
രാജാവോയില്ല
ഒരുമാത്ര പോലും
ഓർമ്മയിലില്ല

2021, ജനുവരി 17, ഞായറാഴ്‌ച

അവസാനമെങ്കിലും ...!


നാമിപ്പോൾ ഓടിക്കൊണ്ടിരിക്കയാണ്
ജീവിത പാളത്തിലൂടെ
ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായ
പാളം പോലെ നമ്മുടെ ജീവിതം

ഓർമ്മയുടെ മുള്ളുകൾ
കുത്തിനോവിക്കുന്നുണ്ടിടയ്ക്കിടേ
പുറപ്പെട്ടുപോയ രണ്ടു മൗനങ്ങളാണു -
നമ്മൾ

തിരിഞ്ഞു നോക്കാറുണ്ടിടയ്ക്കൊന്നു
നമ്മൾ
തുളുമ്പിപ്പോകാറുണ്ട്കണ്ണിൻ കടലുകൾ
കൊളുത്തി വലിക്കുമപ്പോൾ അപായചങ്ങല
ഓർക്കുമപ്പോൾ ഓരം ചാരി നിൽക്കുവോരെ

പൊള്ളിപ്പിടഞ്ഞ് പിന്നെയുമോടും നമ്മൾ
മുതുകിലൊരുവീടുപേറി ഒച്ചായിഴയും നമ്മൾ
എത്രയോടിയിട്ടും മറവിയിലേക്കെത്തുന്നില്ലല്ലോ -
നമ്മൾ!

ഒരിക്കൽ നമുക്ക് പാളം തെറ്റണം
പ്രണയത്തിൻ്റെ കടും ചുവപ്പായ വാകപ്പൂവു-
കളാകണം
അന്ന് അറിഞ്ഞു കൊണ്ടൊന്നു തൊടണം
അവസാനവും അടുത്തൊന്നു ചേർന്നു നിൽക്കുവാൻ
കഴിയില്ലെന്നറിഞ്ഞു കൊണ്ടുതന്നെ!!!

വൈതൽമല


താഴ് വരത്താരയിൽ നിന്നു ഞാൻ നോക്കവേ
കുന്ന്,കളഭം ചരിഞ്ഞപോലെ
കുന്നിൻ നെറുകയിലേറി നോക്കുന്നേരം
ആനപ്പുറത്തേറി നിന്നപോലെ
ഒരു മാത്ര,യേതോ പുരാതനക്കൊട്ടാര - ക്കോട്ടതന്നകമേ,യകപ്പെട്ടപോലെ

ദൂരദൂരെ വെള്ളിനൂലിളകുന്നപോൽ
അറബിക്കടലിൻ തിരയിളക്കം!
ആലിംഗനത്തിലമർന്നു നിൽക്കുന്നതാ
കുടകുമലയും പൂർവ്വാംബരവും !!
താഴെത്തരുണിതൻ കെട്ടഴിഞ്ഞുള്ളൊരു
വേണിതൻമട്ടിൽ കിടപ്പു റോഡ്

വള്ളിപ്പടർപ്പുലച്ചെത്തുന്ന നൽക്കാറ്റ്
സലീലം തൊട്ടു പറന്നിടുന്നു
വൻമരമൊക്കെയും പച്ചത്തലപ്പാലെ
വാനത്തെ താങ്ങി നിർത്തുന്ന പോലെ.
മൂകത മുറ്റിത്തഴച്ചുള്ള കാടുകൾ
നിമ്നഗർത്തങ്ങളോ ഗഹ്വരങ്ങൾ.

കോടിയുടുത്തുള്ള കോടപ്പെണ്ണ്
കുണുങ്ങിക്കുണുങ്ങിക്കടന്നു പോകും
ഈ മലത്തട്ടിൻ മടിത്തട്ടിലെങ്ങും
പച്ച വില്ലീസു വിരിച്ചപോലെ
ഭൂവിനും ദ്യോവിനും മധ്യത്തിലായ്
പുത്തനാം ലോകം പണിതപോലെ


2021, ജനുവരി 14, വ്യാഴാഴ്‌ച

ധ്യാനം


ധ്യാനത്തിലിരുന്ന് ധന്യനായെന്നു -
പറഞ്ഞതുകൊണ്ട് കാര്യമെന്ത്!
ഒരെറുമ്പിനെപ്പോലും നീ വെറുതെ
വിടുന്നില്ലല്ലോ!
കാരുണ്യത്തിൻ്റെ കണ്ണുകൾ നീട്ടുന്നി-
ല്ലല്ലോ!

കൽത്തരിയെപ്പോലും കൽക്കണ്ട -
മാക്കുന്നു
യഥാർത്ഥ ധ്യാനം
സ്നേഹത്തിൻ്റെ കാശ്മീരമുതിരുന്നു -
കണ്ണിൽ നിന്നും
ദയയെന്നധനം ലോഭമില്ലാതെനൽകുന്നു

ജീവിതം കൊണ്ട് ജീവിതമെന്തെന്ന്
അവൻ പഠിപ്പിക്കുന്നു
നശ്വരമായ ലോകത്തിലെ അനശ്വരമായ
സ്നേഹം കാണിച്ചുതരുന്നു
സമ്പത്തെന്നത് പണ സമ്പാദനമല്ലെന്നും
ബന്ധങ്ങളാണെന്നും അനുഭവിപ്പിക്കുന്നു

ഓടിപ്പോകേണ്ടിവന്നാലും അവിടമൊക്കെ
ഉടയോരുണ്ടാകും
ഉടയാത്തൊരു വെളിച്ചം ഉള്ളിലുണ്ടാകും
നന്മയുടെ നറുമലരെന്ന് അവന് പേര്
ഗുഹയുടെ വായയിലേക്ക് ഗഹനചിത്ത-
നാകാതെ അവൻ നടന്നു കയറും

2021, ജനുവരി 11, തിങ്കളാഴ്‌ച

ഓർമ്മ


മുറ്റത്തെ മുത്തശ്ശിമാവു മുറിച്ചു
എൻ്റെ മുത്തശ്ശിയുമെങ്ങൊപോയി
മുത്തശ്ശി,കഥയെത്ര ചൊല്ലി
ഗുണപാഠകഥകളും ചൊല്ലി
ഉണ്ണിക്കവിതകളുരുളയാക്കിത്തന്ന് -
ഉൺമകളേകി മുത്തശ്ശി.
ഉറങ്ങാതൊരുണ്ണിക്ക് ഉമ്മ
മുത്തശ്ശിക്കഥയുടെ വെൺമ
അമ്മ മൂളുന്നൊരു താരാട്ടുപാട്ടല്ല
മുത്തശ്ശി പാടും താരാട്ട് .
ഉറുമ്പിൻ ഗുണപാഠകഥയില്ലയിന്ന്
അമ്മുമുയലിൻ്റെ കഥയുമില്ല
ആമയും, മുയലിൻ കഥയെങ്ങുമില്ല
സൂചി തിരയും കഥയുമല്ല.
മുത്തശ്ശിക്കഥകേട്ടു വളർന്നുള്ള കുട്ടികൾ
സ്വപ്നങ്ങൾ കാണാൻ പഠിച്ചിരുന്നു
കാര്യം ഗ്രഹിക്കാൻ കൊതിച്ചിരുന്നു
പടവെട്ടും മങ്കതൻ കഥയറിയില്ലിന്ന്
പടതോറ്റ നായർതൻ കഥയുമറിയില്ല
മുത്തശ്ശിക്കഥയുടെ മൂല്യങ്ങളെല്ലാമേ
മറന്നു പോകുന്നൊരു കാലമിത്

അച്ഛനെ ഓർക്കുമ്പോൾ


തുള്ളിത്തുളുമ്പുന്നു അച്ഛൻ
ഉള്ളിൽനിന്നുള്ളുണർത്തുന്നു
പൂണ്ടടക്കം പുണരുന്നു , തഴുകി -
തലോടിടുന്നു

ആ കരസ്പർശത്തിൻ ചോരച്ചൂടിന്നും
ഓളമായ് കുഞ്ഞല തീർത്തിടുന്നു
അലിയുന്നു രാവിൻ്റെ തിമിര വർണ്ണം
കനവിൻ്റെ യവനിക താഴ്ത്തുന്നു

പുലർകാല വൃശ്ചിക കുളിരില്ലയിന്നെന്നിൽ
തപിക്കുന്നു താതൻ്റെയോർമ്മ മാത്രം
ശകലം നനഞ്ഞൊരു ഒച്ചയെന്നുള്ളിൽ -
നിന്നെന്നെ തൊട്ടുണർത്തുന്നു

കൈമോശം വന്നൊരു നന്മയാണെനിക്കച്ഛൻ
പൊലിഞ്ഞു പോയുള്ളൊരു തിരിനാളം
എത്ര ഞാൻ കൂട്ടിക്കിഴിച്ചുവെന്നാകിലും
നഷ്ടങ്ങൾ മാത്രമാം ജീവിതം

2021, ജനുവരി 7, വ്യാഴാഴ്‌ച

മരിച്ച അമ്മ കുഞ്ഞിനെ ഓർക്കുമ്പോൾ ....!


വിരിച്ചു വെച്ചെരു ശവക്കുഴിയിൽ
മരിച്ച പെണ്ണവളുണരുന്നു !
സ്നിഗ്ദം ചൊടിയിൽ ചോരി വായിൽ
മുഗ്ധം ദുഗ്ധം നൽകി നിർവൃതിയടയാ-
നെളുതാതുഴറുന്നു

മുലകടഞ്ഞവൾ കരയുന്നു ചുരന്ന മുല -
യിൽ നിന്നിറ്റും പാൽ
മണ്ണിൽ വീണു പരക്കുന്നു
ചേതന,യറ്റവളാണെന്നാലും
അവളമ്മ, കണ്ണീരുപ്പു കുടിച്ചെൻ കുഞ്ഞിനെ
ജരായുവിൽ പോറ്റിയൊരമ്മ
ആരിതു കേൾക്കാൻ അമ്മ വിലാപം
ശവമാടത്തിന്നരികെ .

കുഞ്ഞിക്കാലുകൾ, കൈയുകൾ, കണ്ണുകൾ
പൂപ്പോലുള്ളൊരു മേനി
അമ്മച്ചൂടു പകർന്നെൻ കുഞ്ഞിനെ
ഊട്ടിയുറക്കുവതാര് ?
കുഞ്ഞേ നിന്നുടെയാശയുണർത്താൻ
കഴിയാപ്പോയൊരു പാപി

എങ്ങനെയമ്മയെയോർമ്മിക്കും നീ
എങ്ങനെ കൊഞ്ചൽ കേൾക്കും ഞാൻ
ഒരു മാത്രയായോർമ്മ ,തൻമാത്രയായമ്മ
മണ്ണിൽ പുതഞ്ഞലിയുന്നു

2021, ജനുവരി 6, ബുധനാഴ്‌ച

ചരിഞ്ഞുകൊണ്ടിരിക്കുന്ന ഗോപുരം ....!



ഒട്ടും പിടികിട്ടാത്ത കാട്ടുവള്ളിപോലെ -
മനസ്സ്
വ്യാകരണത്തിനു വഴങ്ങാത്തത് ജീവിതം

പടുത്തുയർത്തിയവയൊക്കെ
ഉടഞ്ഞു കിടക്കുന്ന മണ്ണടരുകളെന്ന്
നിശ്ശൂന്യമെന്ന് തിരിച്ചറിയുന്ന ഒരു കാലം -
വരികതന്നെ ചെയ്യും !

കണ്ണീരിൻ്റെ ലവണ ജലത്തിൽ കടലിൽ
അന്നുമുങ്ങുക തന്നെ ചെയ്യും
ഒരു കരിയിലയനക്കമായ് ഞരക്കമായ്
മൗനം പൊടിഞ്ഞമരും !

അഹല്യാശിലപോലെ നീതികേടിൻ്റെ -
ചിഹ്നമായി അടിഞ്ഞുകിടക്കും
കാലത്തിൻ്റെ നുകത്തിനു കീഴെ
നിരങ്ങി നീങ്ങും ജീവിതം

നോക്കൂ ;
ചിന്തയുടെ നൂലിനെ ശരാശരിയൊന്നു
വലിച്ചു പിടിച്ചാൽ
ചരിഞ്ഞുകൊണ്ടിരിക്കുന്ന ഗോപുരമാണ് -
ജീവിതമെന്നു കാണാം

ഒരർത്ഥത്തിൽ
ചുറ്റും ചിതയാണ് ഭൂമിയിൽ

രണ്ടു കവിതകൾ



വിഷവൃക്ഷം

വേറെയില്ല
സംശയത്തെപ്പോലെ
ഇത്രയും വേഗം
തഴച്ചുവളരുന്ന
വൃക്ഷം

പെണ്ണ്

പൊരിയുമ്പോൾ
പൊട്ടിത്തെറിക്കുന്ന -
താകണം

2021, ജനുവരി 2, ശനിയാഴ്‌ച

ജീവിതത്തിൻ്റെ പേര്


ഉടൽ രീതികൾ മാറി
ഉടയാട രീതികളും മാറ്റേണ്ടി വന്നു
നിലാവിൻ്റെ നിറം മറന്നു
മനസ്സിൽ മഴ കൂടുകൂട്ടി

വെള്ളിമീൻ പോലെ വയസ്സ് കുതിച്ചു
വാക്കു മുറിഞ്ഞതിനിടയിൽ മൗനം -
കയറിയിരിപ്പായി
മൺ നിറസാരി ചുറ്റുമ്പോഴും
മനസ്സിലൊരു പച്ചത്തുമ്പിയിരുന്നു

രാവിലെ പണിക്കിറങ്ങിയാൽ
മഞ്ഞു നിറമുള്ള പൂക്കളെ പ്രസവിക്കു-
മ്പോഴാണ് തിരിച്ചെത്തുക
അവയിലൊന്നു തൊട്ടാൽ മതി
അടർന്നുവീഴു ,മിതളുകളവളെപ്പോലെ

രാവിലെ ജോലിക്കിറങ്ങുന്നു
വിശ്രമമില്ലാതെ ജോലി ചെയ്യുന്നു
വാടിതളർന്ന് വീട്ടിലേക്ക്
ഇരുട്ടുന്നു നേരം വെളുക്കുന്നു

ആരൊക്കെ ഉണ്ടായിരുന്നു കൂട്ടിന് -
യെല്ലാം കുറച്ചു കാലംമാത്രം
ഒറ്റയ്ക്ക് നടന്നു കയറേണ്ടുന്ന ചില -
യിടങ്ങളുണ്ട് ജീവിതത്തിൽ
അവസാനം,രാവുംപകലുമെന്നില്ലാതെ
കുഴമറിഞ്ഞു തീരുന്നതിൻ്റെ പേരാണ് -
ജീവിതം