malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, മാർച്ച് 26, ചൊവ്വാഴ്ച

മന്ത്രം


മഞ്ഞിൽപ്പൊടിച്ചുണർന്നൊരു
വെൺതാരംപോലെ നീ
വെളളി വെളിച്ചമായെന്നുള്ളിലി -
രിക്കുന്നു
പുഞ്ചിരിച്ചെത്തം സത്യദീപമായ്
പ്രകാശിപ്പൂ
ഓമനേ നിന്നോർമ്മയെൻ
നെറുകിൽ ചുംബിക്കുന്നു

മനസ്സാമുരക്കല്ലിൽ
ഞാനുരക്കുമ്പോഴൊക്കെയും
കാഞ്ചനകണമായ് നീ
തീർക്കുന്നു പ്രഭാപൂരം

പ്രണയ വിപഞ്ചിക മീട്ടുമെൻ
ഹൃത്തടത്തിൽ
പിഞ്ഛികയായ് പ്രിയേ നീ
പരിലസിച്ചീടുന്നു

പ്രിയങ്ങൾ പറഞ്ഞൊട്ടും
പരിഭവിച്ചിട്ടില്ല നാം
പ്രണയപാവനത്വത്തെ
നുള്ളി നോവിച്ചിട്ടില്ല

എത്രയഗാധം പ്രേമം
എത്ര നിഗൂഢം പ്രേമം
ആയിരം പ്രഭാതങ്ങൾ
പ്രണമിച്ചിടും മന്ത്രം

2024, മാർച്ച് 25, തിങ്കളാഴ്‌ച

കുട്ടിക്കവിത


നെയ്യപ്പം

കുട്ടൻ്റെ കൈയീന്ന് നെയ്യപ്പം
കാക്കച്ചി കൊത്തി നെയ്യപ്പം
തട്ടിയെടുത്തൊരു നെയ്യപ്പം
മാവിൻ്റെ കൊമ്പിലു വെച്ചപ്പം
വഴുതിപ്പോയി നെയ്യപ്പം
താഴെ പോയൊരു നെയ്യപ്പം
തൊടിയിലെ മുള്ളിൽ താഴ്ന്നപ്പം
പതിരില്ലാ പഴമൊഴിയറിയില്ലേ
'കട്ടത്ചുട്ടുപോം' ഓർത്തോളു

2024, മാർച്ച് 24, ഞായറാഴ്‌ച

ചതി


അരുതാത്തഫലം ഭുജിക്കുന്നു
അത്തിമരത്തിൻ്റെ പത്രമണിയുന്നു
ദുരൂഹമായ ഒരു കവിത പിറക്കുന്നു
കരളിലൊരു വിളക്കുതെളിയുന്നു.

മുള്ളാൽ തറയുന്നു ഉളളം
അറിയാത്തൊരു മൃഗീയത ഉണരുന്നു
പിച്ചവെയ്ക്കുന്നു സ്വപ്നം
ദംശമേറ്റൊരു പക്ഷി പിടയുന്നു

വ്യാഘ്രം ചിരിക്കുന്നു
നെഞ്ചിൽ നിന്നും തെച്ചിപ്പൂ
തെറിക്കുന്നു
ചത്ത മീനിൻ്റെ മാംസം ഭുജിച്ച്
പ്രണയമെന്നു പേരിട്ടു വിളിക്കുന്നു

അരുതാത്ത ഫലത്തിൻ്റെ
വിത്തിനാൽ
ദൈവമൊരുക്കിയ അമ്പാണ് പ്രണയം

2024, മാർച്ച് 23, ശനിയാഴ്‌ച

പതാക


പാതകത്തിൻ്റെ
മറു പേരല്ല
പതാക

2024, മാർച്ച് 22, വെള്ളിയാഴ്‌ച

അമ്മയെ ഓർക്കുമ്പോൾ


വെളളിച്ചിലമ്പു കിലുക്കുന്നു
തുള്ളിത്തുളുമ്പിച്ചിരിക്കുന്നു
വെള്ളാരം കുന്നിനു താഴെത്തെ
വേല കളിക്കുന്ന കാട്ടാറ്

പൊന്തകൾ പൂപ്പന്തൽതീർക്കുന്നു
പനയോല പാട്ടുകൾ പാടുന്നു
പാടത്തുപൊള്ളിപ്പിടയ്ക്കുവോളെ
കാറ്റിൻ്റെ ചില്ലകൾ വീശുന്നു

കുഞ്ഞു കരയും വരമ്പത്ത്
കന്നുകരയും പറമ്പത്ത്
കഞ്ഞിയിറങ്ങില്ലെന്നമ്മയ്ക്ക്
ചങ്കു കലങ്ങുമെന്നമ്മയ്ക്ക്

അന്തിക്കതിരവൻ ചായുമ്പോൾ
അന്തികത്തെത്തിടുമെന്നമ്മ
അന്തിവിളക്കായ് തെളിഞ്ഞു നിന്ന്
ഉൺമതന്നുമ്മ തരുമമ്മ

കാലങ്ങളെല്ലാം കളഞ്ഞു പോയി
കാട്ടാറും പാടവും കഥകളായി
മണ്ണിൽ മണമുള്ളൊരെൻ്റെയമ്മ
ഉള്ളിലുണ്ടെന്നമ്മ പൊന്നമ്മ

2024, മാർച്ച് 20, ബുധനാഴ്‌ച

കൂട്ട്


പോയ കാലത്തിൻ്റെ ഓർമ്മയിൽ
ഞാനിന്നീ
ഏകാന്ത സായന്തനത്തിൽ നിന്നീടവേ
പൂക്കുന്ന വാക്കാ,യെന്നമ്മ വന്നെത്തുന്നു
മടിയിലിരുത്തി പാൽക്കഞ്ഞി തന്നീടുന്നു

ഗദ്ഗദം വന്നെൻ്റെ കണ്ഠത്തെ മൂടുന്നു
എളളുനീർ പോലിറ്റു വീഴുന്നു കണ്ണുനീർ
നീരവം നീളെ പരക്കുന്നു ചുറ്റിലും
നീരദമേഘങ്ങൾ പാറിക്കളിക്കുന്നു

നിർന്നിമേഷനായ് ദൂരെ നോക്കിയിരിക്കവേ
തിക്കിത്തിരക്കുന്നു പിന്നെയും ഓർമ്മകൾ
സ്നേഹ നിശ്വാസവും, നരകാന്ധകാരവും
പിന്നെയീ ഏകാന്ത തമസ്സിലെ വാസവും

എങ്ങോ പൊലിഞ്ഞെൻ്റെ സൂര്യൻ
എങ്ങോ പൊലിഞ്ഞെൻ്റെ വാസന്തസന്ധ്യ
സുകൃതങ്ങളൊക്കെയും ചേറ്റിൽ മറഞ്ഞു -
പോയ്
നരകത്തിലെ ദുരിതപരുന്തിന്നു കൂട്ട്

2024, മാർച്ച് 18, തിങ്കളാഴ്‌ച

മൗനം


മൗനം കൊണ്ടു
തൊട്ടപ്പോഴാണ്
നീ
മധുരമൂറും
കവിതയെന്നറിഞ്ഞത്

2024, മാർച്ച് 17, ഞായറാഴ്‌ച

മകളെ ഓർക്കുമ്പോൾ


മഴ പുഴയിൽ വീണൊഴുകുന്നു
മിഴിവറ്റാതൊരുവൾ
മൊഴിമുട്ടി നിൽക്കുന്നു
ഇറഞ്ചാലിലെ പളുങ്കുമണികൾ
കൊച്ചുമകളുടെ ചിതറുന്ന
ചിരിമണികളെന്നു തോന്നുന്നു

അറിയാതൊരു തേങ്ങൽത്തിര -
തൊണ്ടയിൽ
കണ്ണിൽ നിന്നു രണ്ടു പളുങ്കുഗോട്ടി -
കൾ മടിയിൽ
മുറ്റത്തെ മുരളുന്ന മഴ
മാന്തോപ്പിലെ കുട്ടികളുടെ ആരവം

ചിലമ്പിച്ചിരിക്കുന്ന പാദസര കിലുക്ക -
ത്തിനായ്
കാതോർക്കുന്നമ്മ നാലുപാടും
ജനൽചില്ലുപാളി തുറന്നമ്മ
ചാഞ്ഞും ചരിഞ്ഞും നോക്കുന്നു
ഉമ്മറപ്പടിവാതിൽ തുറന്നമ്മ
ഇളവെയിൽച്ചിരിയുമായ് വരും മകളെ
നെഞ്ചോടു ചേർക്കാൻ വെമ്പൽകൂട്ടുന്നു

ഒരുമാത്ര പിന്നെയെന്തോ ഓർത്തമ്മ
പെരുമഴയായ് പെയ്തു നിൽക്കുന്നു
എരിതീയ്യിലെന്ന പോലെ
ഉള്ളം പിടഞ്ഞു നോവുന്നു

2024, മാർച്ച് 16, ശനിയാഴ്‌ച

ഇടയ്ക്കിടേ എത്തി നോക്കുന്നു


മഴമണികളെ കൊറിച്ചു കൊണ്ടൊരാൾ
കടവരാന്തയിൽ നിൽക്കുന്നു
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു

വാർക്ക കെട്ടിടത്തിലെ കൊടി
കാറ്റിലൂയലാടുന്നു
ചിറകൊതുക്കിയും വിടർത്തിയും
കുടഞ്ഞെറിയുന്നു മഴമണികളെ
മരങ്ങൾ
ചില്ലയിൽ ചാഞ്ഞിരിക്കുന്നൊരു കിളി
ചിറകൊതുക്കാൻ പാടുപെടുന്നു

കൊറ്റിനുള്ള വകയിന്ന് അന്തിയായി
ട്ടുമായില്ല
ചിന്തയുടെ വലിയ ഭാരം തലയിലേറ്റി
നിൽപ്പു ഒരാൾ
വേവലാതി വഴുതവേ അസ്വസ്ഥനാ
കുന്നു അയാൾ
ജടിലമാമെന്തോ പരതുന്നപോൽ മുഖം

മുകിലിൻ മൂടുപടമിട്ട നേരത്തെ തിരി-
ച്ചറിയുന്നില്ല
ജoരം വിങ്ങി നിൽക്കുന്നു
ക്രമപ്പെടുന്നില്ല ചിന്തകൾ
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു

2024, മാർച്ച് 14, വ്യാഴാഴ്‌ച

കുട്ടിക്കവിത


കൊമ്പൻ

വമ്പൻ കൊമ്പൻ കുമ്പ കുലുക്കി
കമ്പിച്ചൂലിൻ വാലു കുലുക്കി
തുമ്പി കുലുക്കി കൊമ്പുകുലുക്കി
ഓടട ഓടട ചെണ്ട മുഴങ്ങി

2024, മാർച്ച് 13, ബുധനാഴ്‌ച

കുംഭമാസം


കുന്നേറി തിടംവച്ച കുംഭമാസം
രാവിൽ കുളിരിൻ്റെ പുതപ്പണിയി
ക്കുംമാസം

പുലരിയിൽ നാം പുത്തനുണർവാ -
യെഴുന്നേൽക്കുമ്പോൾ
പുഞ്ചിരിപ്പൂ നീട്ടിനിൽക്കും കുംഭമാസം

മലമുകളിൽ തമരടിയുടെ താളമുയരു-
ന്നേരം
താഴെച്ചോല പാദസരം കിലുക്കി ഉണരു
ന്നേരം
തുടുതുടുത്തൊരു പെണ്ണുപോലെ
കിഴക്കൻ മാനം

തുളുനാടൻ പട്ടുടുത്ത
വെയിൽ നാളങ്ങൾ
തൊടിയിലടികൾവച്ചു മെല്ലെ ഉലാത്തു -
ന്നേരം
കണ്ണിമാങ്ങ കണ്ണിറുക്കി ചിരിച്ചു നിൽപ്പൂ

ഉച്ചവെയിലിൻ വെളിച്ചപ്പാടുറഞ്ഞുതുളളു
മ്പോൾ
ഉച്ചികത്തി തെച്ചിമലരായ് കുരുത്തുനിൽ
ക്കുമ്പോൾ
വീരാളിപ്പട്ടു ചുറ്റി, വെറ്റിലേംപാക്കും മുറുക്കി
തുപ്പി
തച്ചോളി പാട്ടുപാടും കുംഭമാസം

കോരപ്പുഴപ്പാലമേറി കോതിവച്ച മുടി -
ഉലർത്തി
തോറ്റംപാട്ടായുറയുന്നു കുംഭമാസം
തോറ്റിയുണർത്തീടുന്നു കുംഭമാസം
കടുന്തുടിയായ് തുടികൊട്ടും കുംഭമാസം
പൊന്നിയത്തങ്കത്തിനു വന്നുള്ള മാസം

2024, മാർച്ച് 12, ചൊവ്വാഴ്ച

ചേക്കയില്ലാത്ത പക്ഷി


ഉരിഞ്ഞെറിയുവാൻ കഴിയില്ല
എരിഞ്ഞു തീരും മനസ്സിനെ
എരിതീയിലെണ്ണപോൽ
ഉറവയിടും ഓർമ്മകളെ

ദിക്കുതെറ്റി അലയുന്നു
കണ്ണീരു പാനം ചെയ്യുന്നു
രുധിരമുറയും ഓർമ്മയിൽ
ദുരിത ജീവിതം തുടരുന്നു

കാമിനിയേകി കാരമുള്ള്
കിനിയുന്നു രക്തം ഓരോ
അണുവിലും
ഘനീഭവിക്കുന്നു കണ്ണീർ
പൊള്ളുന്നു പ്രിയങ്ങളെല്ലാം

പേരില്ലാ മരത്തിലെ
ചേക്കയില്ലാപക്ഷി ഞാൻ
ഇല്ല ഓർമ്മിക്കാനൊരു ഇണ
ഇടനെഞ്ചു പൊട്ടുമ്പോൾ
വിളിക്കുവാനൊരു നാമം

2024, മാർച്ച് 11, തിങ്കളാഴ്‌ച

പ്രണയപൂർവ്വം

 പാർവണം തൂകുമാരാവിൽ

പൂർണ്ണേന്ദു പോലെ നീയരികിൽ

കാർമേഘമാലകൾ പോലെ

നിൻ്റെ കാർകൂന്തൽ പാറിപ്പറക്കേ


പടിവാതിൽ ചാരി ഞാൻ നിൽക്കേ

എൻ്റെ ചാരത്തു നീ വന്നു നിൽക്കേ

ജാലക ചില്ലിന്നരികേ

ചന്ദ്രിക ചിരിതൂകി നിൽക്കേ


രാവിൻ്റെ ചില്ലയിൽ നിന്നും

രാപ്പക്ഷി ചിറകനക്കുമ്പോൾ

തൊട്ടും തൊടാതെയും നിൽക്കേ

നിന്നിൽ നാണം മൊട്ടിട്ടു നിൽക്കേ


പടിഞ്ഞാട്ടു കുന്നിൻ ചരുവിൽ

അമ്പിളി മറഞ്ഞങ്ങു നിൽക്കേ

ഒരു മഴത്തുള്ളിയായ് നമ്മൾ

പിന്നെ മാമഴത്തുള്ളികളായി

താരാട്ടുപാട്ട്


ആലോലമാടുണ്ണി ആലോലം
താലോലമാടുണ്ണി താലോലം
താരാട്ടുപാടിത്തരാമമ്മ
ആലോലമാടുണ്ണി ആലോലം (ആലോല)

അമ്പിളിമാമനെ കാട്ടിത്തരാമമ്മ
കാച്ചിക്കുറുക്കിയൊരിങ്കു തരാം
തങ്കക്കുടമൊന്നുറങ്ങുറങ്ങ്
താലോലമാടിയുറങ്ങുറങ്ങ്       (ആലോല)

കുന്നത്തെ കാവിലെ വിളക്കുകാട്ടാമമ്മ
മാനത്തെ കൊമ്പനെ കാട്ടിത്തരാം
അമ്മിഞ്ഞപ്പാലുണ്ടുറങ്ങുറങ്ങെന്നുണ്ണി
ആലോലം - താലോലമാടാട്    
ആലോലം - താലോലമാടാട്    (ആലോല)

2024, മാർച്ച് 9, ശനിയാഴ്‌ച

പ്രണയ മന്ത്രണം


പുഞ്ചിരിപ്പൂവിലൊളിപ്പിച്ചു നീ തന്ന വാക്കുകളെന്തൊക്കെയായിരിക്കാം ?
അന്നു നീയെൻമനോജാലക ചില്ലിൻമേൽ
മുട്ടി വിളിച്ചതുമെന്തിനാകാം ?

മുറ്റത്തെ മാവിലെ ചില്ലയിലണ്ണാനും
ചൊല്ലിയ പരിഭവമായിരിക്കാം
പലതും മനസ്സിലേക്കോടിയെത്തുന്നിപ്പോൾ
മൗനം കുടിച്ചു തരിച്ചിരിപ്പൂ

പലതും പറയുവാൻ മോഹമില്ലാഞ്ഞല്ല
ഒരുമാത്രയെന്നെ ഞാൻ ഓർത്തുപോയി
പ്രണയ മനോഹരമാകേണ്ട ജീവിതം
പാതിയുമന്നേ കൊഴിഞ്ഞു പോയി

എങ്കിലുമെങ്കിലും ഇന്നുമുണ്ടെന്നുള്ളിൽ പങ്കിലമാകാത്ത മാനസത്തിൽ
അന്നു നീയേകിയ സ്നേഹ സങ്കീർത്തനം ഉരുക്കഴിച്ചീടുന്നുയെന്നുമെന്നു

2024, മാർച്ച് 7, വ്യാഴാഴ്‌ച

വനിത


അറിയുമോ അവളാണു കണ്ണ്
വീടിനു വെളിച്ചം പകരുന്ന പെണ്ണ്
അഴലിൽ ഉഴലുന്ന നേരം
അരുമയായീടുന്ന നേര്

കുടിലതന്ത്രങ്ങളെ നേരിട്ടുയർന്നുള്ള
ചരിത്രമാണവളുടെ വേര്
അമ്മയെന്നും പിന്നെ ഭാര്യയെന്നും
പെങ്ങളെന്നും അവൾക്കു പേര്

കൂടുമ്പോളിമ്പമുണ്ടാക്കും
കുടുംബത്തിനവളാണു മുഖ്യം
വാവിട്ടുകരയുന്ന കുഞ്ഞിന്നമൃതേകി
ഉൺമയിലേക്കു നയിക്കുമമ്മ
............................
രാജു കാഞ്ഞിരങ്ങാട്

2024, മാർച്ച് 6, ബുധനാഴ്‌ച

സന്ധിയില്ലാത്ത സമസ്യ


ഉഷ്ണത്തിൻ്റെ ഉപ്പുരസമാണ്
നിൻ്റെ കവിതയ്ക്ക്
വിശപ്പിൻ്റെ വിത്തെടുത്ത്
കവിത വാറ്റിയവൻ നീ

വ്യഥയുടെ വേലിയേറ്റം
നിൻ്റെ ഗതി
വറ്റിപ്പോയ ഒരു നദിയാണു നീ
അറ്റു പോയ മണ്ണടര്

മുരിക്കു പൂത്തവഴി നിനക്കു
സ്വന്തം
സന്ധിയില്ലാത്ത സമസ്യ ജീവിതം
പീഡനപർവ്വത്തിലെ വേവ്

മനുഷ്യത്വമെന്തെന്ന്
മുഷിവ് എന്തെന്ന്
സത്യവചസ്സെന്തെന്ന്
അടയാളം നീ

ജീവിതത്തിൻ്റെ ഓരോ ഋതുവും
ഓരോ ജന്മമെന്ന്
കാട്ടി തന്നവൻ നീ

2024, മാർച്ച് 5, ചൊവ്വാഴ്ച

നാവ്


നാവ്
മണിനാവാകരുത്
ഭാരിച്ച നിശബ്ദതയെ
വിലകൊടുത്തു വാങ്ങരുത്

കനത്ത ഏകാന്തതയെ
കൂടെക്കൂട്ടരുത്
ചിതറിപ്പോയ നിശബ്ദയെ
വാരിക്കൂട്ടരുത്

നാവ്
കത്തും പന്തമാണ്
വാക്കിൻ്റെ പൊരിയൊന്നു
വീണാൽ മതി
സർവ്വവും കത്തിയമരാൻ

2024, മാർച്ച് 4, തിങ്കളാഴ്‌ച

കാത്തിരിപ്പ്


ഒരുപാടു കാലമായ് കാത്തിരിപ്പാണു ഞാൻ
ഈ മനതാരിന്നിടവഴിയിൽ
പലകുറിയാശിച്ചു പഴയൊരാ പാട്ടിൻ്റെ
ഈരടി മൂളി വന്നണയുമെന്ന്

സ്നേഹ വചസ്സാലെ ചാരത്തണയുന്ന
ചേണുറ്റപൂവാമെൻ കൂട്ടുകാരി
ഹൃത്തിൻ്റെ ഭിത്തിയിൽ ഇടമില്ലിനിയൊട്ടും
നിൻപേരു കോറിവരച്ചിടുവാൻ

എങ്ങാണു നീയെന്നറിയില്ലയെങ്കിലും
അറിയുന്നുവോയെൻ്റെ മാനസം നീ
പഥികനെന്നോർത്തു മനസ്സാൽമറന്നോ നീ
പിരിയാൻ കഴിയാത്ത കൂട്ടുകാരി

പരിഭവം കൊണ്ടു പറയുന്നതല്ലടോ
പരിചയം ഭാവിക്കാതിരുന്നിട്ടുമല്ലടോ
നിൻ സ്ഥിതിയെന്തെന്നറിയില്ലെനിക്കെടോ
പതിയേ പറയുന്ന കുശലമെന്നോർക്ക നീ

2024, മാർച്ച് 1, വെള്ളിയാഴ്‌ച

അവസാനം


വന്ധ്യമായ് ജീവിതം
അവസാനസന്ധ്യതൻ -
വിഷാദ മാത്രയായ്.......!
ഇല്ലിനി മോദവും മുക്തിയും
യൗവ്വന പ്രാചീന പ്രാന്ത
ങ്ങളിലൂടില്ലിനി യാത്ര
ഇല്ല, പ്രണയത്തിൻ ഭാവവി -
ലോലതകൾ

ഉണരുന്നു വ്യാകുലതകൾ,
വേദനകൾ
കരിഞ്ഞ കിനാവുകൾ
നിഷ്ഫല മോഹങ്ങൾ
ഇല്ലായ്മകൾ, വല്ലായ്മകൾ
നിസ്സഹായതകൾ

ഇല്ലിനി, തരള ഭാവനയുടെ -
കൂടിളക്കി
വിവശ പക്ഷമിളക്കും നിമിഷങ്ങൾ
ഇല്ലിനി പ്രഭാതം
മോഹന വിഭാതം
ചരമക്കുറിപ്പിലെ അക്ഷരമായ്
അടർന്നു വീഴുമൊരു പത്രമിത്.