malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ഡിസംബർ 22, തിങ്കളാഴ്‌ച

അഗ്നി ചിഹ്നങ്ങൾ



മനസ്സിൽ മഴവില്ല്  പൂത്തു വിരിഞ്ഞവർ
തലയിൽ വെള്ളിടിവാൾ തെളിഞ്ഞു
 കത്തുന്നവർ
മാനസ്സീകാരോഗ്യ സെല്ലിലെ പെണ്ണുങ്ങൾ
അവർ വെറും പെണ്ണുങ്ങൾ അല്ല
ദേശങ്ങ ളാണവർ,കാലങ്ങളാണവർ
ജീവിതത്തിൻ പുറമ്പോക്കിൽനിന്നൊറ്റയ്ക്ക്
ജീവിതത്തെ നോക്കി നിൽക്കുന്നവർ
താതനായുള്ളവൻ ചോരനായ് തീർന്നതും
ആ ചോരയിൽ കുരുത്തുള്ള കുരുന്നു മായ്
തെണ്ടി തിരിഞ്ഞൊറ്റ പെട്ടുപോയുള്ളവൾ
പാതി മെയ്യായി പരിണയിചുള്ളവൻ
പണയ പണ്ടമാക്കി ചണ്ടിയായ് മാറിയോൾ
മനസ്സ് മറന്നു വെച്ചു ള്ളൊരു  നേരത്ത്
കുട്ടിയെ കൂപത്തിലിട്ടു നടന്നവൾ
കാമുക വാക്കിനെ കരളിൽ നിറച്ച്ചവൾ
കാമ പൂർത്തി ക്കിരയായി ഭവിച്ചവൾ
ശകുനം പിഴച്ചൊരു നേരത്ത് ശകടത്തിൽ
ഓർമ്മകളെല്ലാം മറന്നു വെച്ചുള്ളവൾ
ഹൃദയത്തിലായിരം കാക്കകാലനക്കത്താൽ
അഗ്നി ചിഹ്നങ്ങളെ കോരി വരപ്പവൾ

കടൽ തീരത്ത് നിൽക്കുമ്പോൾ



കടൽ ക്കരയിൽ നിൽക്കുമ്പോൾ
അടയിരുന്ന ആസക്തി
അതിർത്തി തകർക്കുന്നു
കടൽത്തിര കൈ നീട്ടി
കെട്ടി പ്പു ണരാനായുന്നു
ഊഷ്മളതയുടെ  ഉപ്പ് രസം
ചുണ്ടുകൾ തേടുന്നു
പൊട്ടിച്ചിതറിയ വികാരങ്ങൾ
മുത്തു മണികൾ ഉതിർക്കുന്നു
കെട്ടി മറിഞ്ഞ് പൊട്ടിച്ചിരിച്ച്
മേല് കുഴഞ്ഞ തിര തീരത്ത് വന്ന്
ലഹരി നൊട്ടി നുണഞ്ഞ്  ഒട്ടിക്കിടക്കുന്നു

വർണ്ണങ്ങൾ അടയാള മാകുമ്പോൾ



അവളുടെ കണ്ണിൽ ചൂണ്ടൽ കോർത്ത്
അവൻ നില്ക്കുന്നു
ആസക്തിയുടെ തീനാമ്പുകൾ
ശാഖ കളായും
ജ്വലിക്കുന്ന നക്ഷത്രങ്ങളുമാകുന്നു.
പുൽത്തുമ്പിൽ വിതുമ്പി നില്ക്കുന്ന
ഒരു മഞ്ഞുതുള്ളി
അവൾ അവനോട് പറഞ്ഞു:
ചിത്രകാരാ,മരണ ത്തിന്റെ മഞ്ഞ നിറം
എന്താണിത്ര മാത്രം വൃത്തപ്പെട്ട് നില്ക്കുന്നത്
ആകാശത്തിനു ചുവന്ന നിറം വികാരത്തിന്റെ
വേലിയേറ്റം കുറിക്കുന്നെന്നു നീ വചന പ്പെട്ടേക്കാം
മണ്ണാങ്കട്ട; വയലറ്റ്,  ആഴത്തിലാഴത്തിലേക്കിറങ്ങുന്ന -
വയലറ്റ് എന്തുകൊണ്ട് ചേരില്ല?!
ഗസലിന്റെ അലകൾ ആൽ തറയിൽ നിന്നുയർന്നു
അവന്റെ കണ്ണിൻ, ചൂണ്ടൽ നാരു മുറിഞ്ഞു
ഇപ്പോൾ ക്യാൻ വാസിൽ
കുത്തിയൊലിക്കുന്ന പ്രവാഹത്തിൽ
ഒരു മഞ്ഞപ്പൂവ് രൂപപ്പെട്ടു
മുങ്ങിയും പൊങ്ങിയും വലിയ ഒരു
താഴ്ച്ചയിലേക്ക്‌
ഒരു നിമിഷം ;
മഞ്ഞു തുള്ളി അവന്റെ മാറിലേക്ക്
അടർന്നു വീണു

വെളിപാട്




ചരിഞ്ഞു തൂങ്ങിയ
ഗാന്ധി ചിത്രത്തിനു താഴെ
കേസ് കേട്ട് കല്ലിച്ച്ച കാതും
കണ്ണുമായി
ജഡ്ജിയിരിക്കുന്നു
നിയമ പുസ്തകത്തിൽ
വാലാൻ പുഴുവായ് അരിച്ച്
നടക്കുന്നു
നിയമത്തിന്റെ തലനാരിഴ
കീറിക്കീറി
സത്യത്തെ തിരിയാതിരിക്കുന്നു
വാദ പ്രതിവാദത്തിൽ
നീതിയുടെ ത്രാസ് അങ്ങോട്ടുമിങ്ങോട്ടു-
മാടുന്നു
ഒന്നും കാണേണ്ടെന്നു
ധർമ്മ ദേവത കണ്ണ് കെട്ടി നില്ക്കുന്നു
ജഡ്ജിയ്ക്ക് വിധി പറഞ്ഞേ പറ്റു
വെളിവില്ലാത്ത തെളിവു മായി
ഒരു വെളിപാടിനായി അടയിരിക്കുന്നു

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

ചരിത്രം ആവർത്തിക്കുമ്പോൾ



വിതച്ചവൻ കൊയ്യുന്നു
കൊയ്തവൻ   മെതിക്കുന്നു
മെതിച്ചവൻ പത്തായം  
നിറയ്ക്കുന്നു
അരവയറിനു അരയിൽ മുണ്ട്  
മുറുക്കി
ഓച്ചാനിച്ച് നില്ക്കുന്നു  
ജന്മിയുടെ ജ്വലിക്കുന്നമൃഗ    
മിഴിക്ക് മുന്നിൽ
മുഖം  പൂഴ്ത്തി  നില്ക്കുന്നു  
പ്രവാച്ചകന്റെപ്രാവ്
ധാന്യ പ്പുരയ്ക്ക്മുകളിലിരുന്ന്  
അപ്പോഴും    പറഞ്ഞു കൊണ്ടിരുന്നു
വയലും,നെല്ലും  വാഴാനിടവും
നിങ്ങളു ടെതെന്നു .
ഒരിക്കൽ അവൻ തലച്ചോറിന്റെ  
അച്ചുതണ്ടിൽ നിന്ന്‌  
ന്യായാന്യായങ്ങളെക്കുറിച്ച്
കണക്കുപറയും
അവന്റെ പെണ്ണുങ്ങളുടെഅലസിചത്ത
ഭ്രൂണ ഭൂതങ്ങൾ
നാലുകെട്ടിന്റെ പടിപ്പുര ചവുട്ടി    
തുറക്കും
നാവരിയപ്പെട്ട  രഹസ്യങ്ങൾ
ഉറഞ്ഞാടും
അരമന പ്പാട്ടുകൾ അരങ്ങത്ത്
കൂത്തരങ്ങ്  നടത്തും
ഈയമുരുക്കിയ  കാതുകളിൽ    
സ്ഫോടനംനടക്കും
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകൾ
മുളച്ചു  വരും
അന്ന്,വെട്ടിപ്പിടിച്ചവരെ
നിങ്ങൾഇട്ടെറിഞ്ഞ് പോകേണ്ടി വരും
ഇത് ചരിത്രം
ആവർത്തനത്തിന്റെ  പുതിയ  മുഖം 

അപ്പോഴെല്ലാം



എന്നും  ഒരേപോലെ
ഒരു മാറ്റവുമില്ലാതെ
ജൈവ ഘടികാരംപോലെ
അവൾ നിത്യവും ചലിക്കുന്നു      
അതിന്റെ  ദിശാസൂചി കളിൽ
ആത്മഹത്യ  ചെയ്ത  
കാലത്തെ   ക്കുറിച്ച്
അവൾ ചിന്തിച്ചതേയില്ല
എല്ലാമാസവും അഞ്ചു ദിവസം    
വാടാത ചെമ്പരത്തി പ്പൂവ്  
അവളിൽ  പൂത്തു നിന്നു
അപ്പോൾമാത്രം വാടിയ  -
 മൊട്ടുപോലെ
കൂമ്പിയകണ്ണിൽ മഴവിൽ
 ശലഭ ജലമിളകുന്ന
കണ്ണീർ തടാകം രൂപ പ്പെട്ടു  
അപ്പോൾ മാത്രം നരച്ചു തുടങ്ങിയ  
വർണ്ണ വസ്ത്രങ്ങൾക്കുള്ളിൽ  
പരിഹസിക്കപ്പെടുന്ന യൌവനത്തെ
തൊട്ടറിഞ്ഞു  
അപ്പോഴൊക്കെപൊട്ടിവന്ന ശബ്ദം
തൊണ്ടക്കുഴിയിൽ മൌനമായ് ഒട്ടിനിന്നു  
വാടിയ   മുല്ലപ്പൂവിന്റെ മണമായിരുന്നു
അപ്പോൾ അവൾക്ക്   

2014, ഡിസംബർ 18, വ്യാഴാഴ്‌ച

വിശ്വാസം അതല്ലെ യെല്ലാം....!



അമ്പലത്തിന്റെ  നടപ്പാതയിൽ
വെളിച്ചം വില്ക്കാനിരിക്കുന്നു
വഴി വിളക്കുകൾ
ഇടയ്ക്കിടെ സമ്മാനിക്കുന്നുണ്ട്
വെളിച്ചങ്ങൾ    
ശരീരത്തെക്കാൾവലിയനിഴലുകളെ.
ഇരുട്ടിന്റെപുതപ്പ് പുതച്ചുറങ്ങുന്നുണ്ട്  
മൂലയിലൊരു ചൂരൽകസാല.  
വിശ്വാസത്തിന്റെ  ഊന്നുവടിയൂന്നി
പടിക്കലോള മെത്തി നില്ക്കുന്നു
അടഞ്ഞ വാതിലിനപ്പുറം ദൈവം  
ഉറങ്ങി കഴിഞ്ഞിരിക്കുന്നു  
'മുട്ടുവിൻ തുറക്കപ്പെടും' എന്നബോർഡിനു
താഴെ
മുട്ടിയിട്ടും തുറക്കാത്തവാതിലിൽ
മുട്ടി ക്കൊണ്ടേ യിരിക്കുന്നു
ഉണർന്നാലും  കണ്ണ് തുറക്കാത്ത
ദൈവത്തെ  
കണ്‍ നിറയെ  കാണാൻ  

സംസ്കാരത്തെ കുഴിച്ച് മൂടുമ്പോൾ




ചുര മിറങ്ങി വാർത്തകൾ
ചൂടും ചൂരു മില്ലാതായ്
പട്ടിണി മരണങ്ങൾ പതിവായ്
ഓർക്കാതായ്.
സംസ്ക്കാര,വികസനക്കുതിപ്പിൻ -
യന്ത്ര കൈയ്യാൽ
കോരി യെടുത്തിടുന്നു
കുഴിയിൽ  തള്ളീടുന്നു  
ആദിവാസികൾ ഏതുകാലത്തിൻ
അടരുകൾ
ഗോത്രങ്ങൾ  ഊരുകളും
ചാപിള്ള  വാക്കല്ലയോ?!
കേൾപ്പിക്കാനെളുതാമോ  
പരിഷ്കൃതസമൂഹത്തെ!!
ആഗോള ആരോഗ്യത്തിൽ  
ഒന്നാമതായ നാട്ടിൽ
പട്ടിക്കാട,ട്ടപ്പാടി ഇനിവേണ്ടെ
ന്നുതിട്ടൂരം  
എട്ടു കെട്ടുകൾ പെട്ടെന്നൊരുക്കാൻ
വെമ്പലോടെ വമ്പത്തരത്തിൻ
കൊമ്പ് വണ്ടികൾ  കുതിക്കുന്നു 

2014, ഡിസംബർ 17, ബുധനാഴ്‌ച

മഞ്ഞുകാലം


കണ്ണ് ചിമ്മിക്കഴിഞ്ഞു വിളക്കുകൾ
ദുർബലമായി ശകട ശബ്ദങ്ങൾ
 ശൂന്യമാം തെരുവ്  ശീതകാല രാവ്
എങ്ങും ഹിമത്തിന്റെ ഹോമ -
കുണ്‍ഡങ്ങൾ  
പള്ളി മേടയിൽ നിന്നും പ്രഭാതത്തെ
വിളിച്ചു പ്രാർത്ഥിക്കയാം മണിയൊച്ച
 പ്രണയാർദ്രമാം മഞ്ഞു മെല്ലെ തൊടുന്നേരം
കുളിര് കോരുന്നു കോരിത്തരിക്കുന്നു
രാവിൽമഞ്ഞിൻ വിരൽത്തുമ്പിൽ
ചെമ്പനീർ
പൂവിൻ കുഞ്ഞുങ്ങൾ ചോരിവാ വിടർത്തുന്നു
അങ്ങു കിഴക്കൻ കുന്നിൻ കുതിരതൻ 
തേരേറി സൂര്യൻ  കുതിക്കാനൊരുങ്ങുന്നു

2014, ഡിസംബർ 13, ശനിയാഴ്‌ച

ഒറ്റപ്പെട്ടു പോകുന്നവർ



ഏകാന്തത യെന്ന പെണ്‍കുട്ടിയും
വിരസത യെന്ന ആണ്‍കുട്ടിയും
മുഖ്ത്തോടു മുഖം നോക്കിയിരിക്കുന്നു
വിരഹത്തിനു വിരാമ മിട്ടുകൊണ്ട്
അവിരാമം പടരാമെന്നു
മൌനം കൊണ്ട് മൊഴിയുന്നു
ബിയർ ചുണ്ടുകൾ ചുണ്ടോടു
ചേർത്ത്
വേദനയുടെ വിയർപ്പ്‌ മുത്തുകൾ
ഒപ്പിയെടുക്കാമെന്നു വായിൽ
നോക്കിയിരിക്കുന്നു
ഉള്ളിന്റെ ഉള്ളിലെ കടലാഴത്തിലേക്ക്
ഊളിയിട്ട്
കൊയ്ത്തു കഴിഞ്ഞ പാടത്തെ
കിളികളെ പ്പോലെ
അലസമായി വിലസുന്നു
ശക്തിയായി കുതിച്ചു വന്ന ഒരു തിര
കുപ്പിയിൽ നിന്നും പതഞ്ഞൊഴുകിയ
ബീയർ പോലെ
ചങ്കു പൊട്ടി ച്ഛർദ്ദിലായി ചിതറി
ത്തെറിക്കുന്നു
ഏകാന്തതയുടെയും,വിരസതയുടെയും
ഉളുമ്പ് മണ മുയർന്നപ്പോൾ
പെണ്‍കുട്ടിയും,ആണ്‍ കുട്ടിയും
ഇന്നോളം കാണാത്തവരെ പ്പോലെ
ഇരു ദിശയിലെക്ക് തിരിച്ച് നടന്നു 

പണയം വെച്ച വീട്



പണയം വെച്ച വീട്ടിലാണ്
എന്റെ താമസം
പെണ്‍ കുട്ടികളുള്ള അച്ഛനമ്മ -
മാരുടെ
മനസ്സമാധാനം എന്നേ പണയം
വെച്ചിരിക്കുന്നു!
കെട്ടിച്ചു വിടാൻ പണ മില്ലാതെ
വന്നപ്പോൾ
കെട്ടി പ്പെറുക്കി ക്കൊടുത്തു ആധാരം
പറഞ്ഞറിഞ്ഞിട്ടുണ്ട്  വീട്
ഞാൻ മറ്റൊരാളുടെ അവകാശിയെന്നു.
കൈ  വിടല്ലെയെന്നു കേണപേക്ഷി-
ക്കുന്നുണ്ട്
ഇറങ്ങി പ്പോകുംപോഴും കയറി വരുമ്പോഴും
വരാൻ അത്പ്പം താമസിച്ചാൽ
പെരുവിരൽ കുത്തി നിവർന്നു
നോക്കുന്നതുപോലെ
കാത്തു നില്ക്കും വഴിക്കണ്ണുമായി.
എത്ര ഊട്ടിയതും,ഉറക്കിയതുമാണ്
വികാരങ്ങളുടെ വേലി യേറ്റങ്ങളെ
വഴക്കുകളെ ,എന്തെന്തു രഹസ്യങ്ങളെ
ഗോപ്യമാക്കി വെച്ചതാണെന്നു
മനസ്സിൽ പറയുന്നുണ്ടാകും ഓരോ
കൽച്ചുമരും
കുട്ടികളുടെ കൈ വിരൽപ്പാടുകളെ,
പെൻസിൽ ചിത്രങ്ങളെ,എണ്ണ-
മിഴുക്കിൻ കറുപ്പ് ചായങ്ങളെ
മായാതെ കാത്തു വെയ്ക്കുന്നുണ്ട്.
എന്നും അടുക്കി പ്പെറുക്കി
തൂത്ത് വൃത്തി യാക്കുന്നുണ്ട് ഞാനും
ഒരിക്കിലും തോന്നിയിട്ടില്ല
ഇത് പണയം വെച്ച വീടെന്നു 

നിഴൽ



നടന്നു തളർന്നതു പോലെ
നടപ്പാത യിലിരിക്കുന്നു-
നിഴല്
ചാരത്തു വരുന്നവരെ
ചേർത്തു നിർത്തുന്നു
ബസ് കാത്തു നിൽക്കുന്നവരോടോപ്പം
റോഡിലിറങ്ങി നോക്കുന്നുണ്ട്
കുട്ടിക്കാന്റെ ഖുമിട്ടിക്കടയും
കത്തുന്ന വെയ്ലിലും
കൂസാതെ ഒരു നില്പ്പുണ്ട്
മുരണ്ടു പോകുന്ന ബസ്സിനു
മുഖം കൊടുക്കാതൊരു നില്പ്പ്
അടുത്ത്ബസ്സിനു അക്ഷമയോടെ
ഞാനിപ്പം പോകുവേ എന്ന മട്ടില്
നിരങ്ങി നിരങ്ങി വന്ന നിഴല്
നീർത്തുമൊരു കുട -
ഖുമിട്ടി കടയ്ക്ക് നേരെ.
കുട്ടിക്കാന്റെ കട്ടി മോരിലെ എരുവും
ബീഡി പ്പുകയും കളി പറഞ്ഞും
വെറ്റയും കളിയടയ്ക്കയും
ചവച്ച് ചുമപ്പിച്ച് പാറ്റി തുപ്പിയും-
ഒരുകാലം.
ഇന്നിപ്പം നിഴലില്ല,ഖുമിട്ടി കടയില്ല
കുട്ടിക്ക താനേയില്ല
കടലുപോലെ കെട്ടിടം മാത്രം 

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ഒട്ടുമാവ്



മുട്ടറ്റമെത്താത്ത  കള്ളിപ്പാവാടയും
മുറ്റിത്തഴച്ച   മുഴച്ച മുലയുള്ള
പുള്ളി പ്പച്ച നിറജാക്കറ്റ ണി ഞ്ഞുള്ള
കെട്ടുപ്രായം തോന്നാ പെണ്ണിനെ -
പോലുള്ള
ഒട്ടു മാവോന്നെന്റെ മുറ്റത്ത് നിൽക്കുന്നു  
അനുസരണ യില്ലാതെ മദിച്ചു-
നില്ക്കുന്നോളെ
വാസനപാക്കിൻ സുഗന്ധവുമായ് -
ക്കാറ്റ്
ഒളിഞ്ഞും തെളിഞ്ഞു മിടയ്ക്കിടെ
നോക്കുന്നു
എങ്ങിനെ യുണ്ട് പെണ്ണെന്ന മട്ടിൽ.
കുപ്പി വള കിലുക്കും പോൽ ചിലമ്പിച്ച
ശ ബ്ദത്തിലെന്തേ പറയുന്നിതണ്ണാൻ  
രജസ്വല യെന്ന രഹസ്യ മൊളിപ്പിക്കാൻ
ഏറെ ശ്രമിച്ചു പിന്മാറുന്നു ചെന്തളിർ
ഏറെ വിവശയായ്  നമ്ര  ശീർഷയായ്‌
വെയിൽ നാളത്തിൽ മുഖ മൊളിപ്പിക്കാൻ
ശ്രമിക്കുന്നു  

ഫോസിൽ



പുരാതന പ്രദേശമാണ്
ഖനനം തുടങ്ങി
അടരടരായ് പാറകളടർന്നു
മുൾമുനയിൽ നിർത്തുന്ന
ഒരു മൂളക്കം
ആകാംക്ഷയെ അതിരുകൾ-
ക്കപ്പുറ മെത്തിച്ചു
കൈ ത്തോടിന്റെ ഒരു കഷ്ണം -
കാണായി
പച്ച്ചപിടിച്ച്ച പാടം,തേക്കുപാട്ടിന്റെ
ഈരടി
ചക്രം ചവുട്ടി തഴമ്പിച്ച കാല്പ്പാദം
വെള്ളം കോരി മുരടിച്ച കൈപ്പത്തി.
അവസാന അടരിൽനിന്നും കണ്ടുകിട്ടി-
ഭാരം കൊണ്ട് മുതുക് കൂനിപ്പോയ
ഒരു കവിയുടെ ഫോസിൽ  

ഭ്രാന്തൻ



ചിന്തയ്ക്ക് തീ പ്പിടിച്ച ഒരാൾ
ചന്തയിലൂടെ അലയുന്നു
വെളിച്ചത്തിന്റെ കാട്ടിൽ
ഇരുളിന്റെ കയം തേടുന്നു
അവൻ ;വെളിപാടുമായി
വെളിയിലേക്കിറങ്ങിയ ബുദ്ധൻ
സഹനത്തിന്റെ സരയുവിൽ
സ്നാനം ചെയ്യപ്പെട്ടവൻ
അജ്ഞതയുടെആൾക്കൂട്ടത്തിൽ  
ജ്വലിക്കുന്ന ജ്ഞാന സൂര്യൻ
ചുഴിയുടെമുൾക്കിരീട മണിഞ്ഞു
ചുരം കേറിയ ഏകച്ഛത്രപതി  

വേദന ച്ചില്ല



എന്നും രാവിലെ
കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു
സ്വപ്നങ്ങളിലെ അത്തി വൃക്ഷം
പൂവിടുന്നു
സങ്കൽപ്പത്തിലെ കുതിരകൾ
കുതിക്കുന്നു
നേരം വളരുന്തോറും
വേദനയുടെ മുള്ളുകൾ
കൂർത്തു കൂർത്തു വരുന്നു
പെയിൻ കില്ലറിൽ
പിടിച്ചു നില്ക്കുമ്പോഴും
കട്ടിൽപ്പടി ഞെരിഞ്ഞമരുന്നു
കാലം കാത്തു വെച്ച കുസൃതികൾ
കരളിനെ കാർന്ന് തിന്നുന്നു
ചില്ലകൾ വാടി കുഴയുന്നു
സന്ധ്യ മുഖത്തേക്ക് ഇരച്ചു കയറി
തുടുത്തു നില്ക്കുന്നു
മരുന്നിന്റെ മാജിക്കിൽ സുഷുപ്തിയുടെ
കടലിൽ ആണ്ടു പോകുന്നു
രാവിലെ കരളിന്റെ ചില്ലയിൽ
ഒരു കിളി വന്നിരിക്കുന്നു

2014, ഡിസംബർ 2, ചൊവ്വാഴ്ച

മുയൽപ്പേടി




വീടിനുചുറ്റുംമുയൽപാർപ്പുകളായിരുന്നു
ദുഖത്തിൽ നിന്ന് സുഖ ത്തിലേക്കും
മരണത്തിൽ നിന്ന് ജീവിതത്തിലേക്കും
മറിച്ചും-
ഒറ്റ കുതിപ്പിന്റെ ദൂരമെന്നു
മുയലാണെന്നെ പഠിപ്പിച്ചത്
മുന്നേറും തോറും മുയൽപ്പേടി
ബാക്കിയുണ്ടാവണ മെന്നും
എനിക്ക് പറഞ്ഞു തന്നു
അതെല്ലാം പഴയ കാലം
ഇന്ന് മുയലിനെ തേടിയാണ്
ഞാൻ തിരിച്ചു വന്നത്
എങ്ങുമില്ല ഒരു മുയലടയാളം
ബാക്കിയില്ല മറന്നു വെച്ച
പഴയ കാലം
സൌമ്യതയുടെ മുയലുകളെ
ഇനിയും പ്രതീക്ഷി ക്കേണ്ടതില്ല
നാടുകളിൽ
ഉള്ളതെല്ലാം മാംസത്തിന്റെയും
കൊല്ലലിന്റെയും മുയൽ ക്കാലം 

നടപ്പാത


സായാഹ്നങ്ങൾ  നടപ്പാതയുടെതാണ്
ഓരോ കാലടിപ്പാടുകളും അവ അടയാള
പ്പെടുത്തുന്നു
ഓരോ കാൽനഖ ചിത്രവും  അവയെ
രോമാഞ്ചം കൊള്ളിക്കുന്നു
കാമുകിയുടെ കാർകൂന്തലിൽ നിന്നും
കൊഴിഞ്ഞു വീണ പൂവുകൾ
സുഗന്ധവും വഹിച്ച് തന്റെ ശിരസ്സിൽ
പറ്റിച്ചേർന്നു മയങ്ങുന്നു
ഓരോ ചുവടുകൾക്കും ശുഭ യാത്ര നേർന്നു കൊണ്ട്
ജീവിതത്തിന്റെ നടപ്പാത കാട്ടി കൊടുക്കുന്നു
നടപ്പാത അനന്തമായ നിശ്ചലമായ കടൽ
അതിന്റെ ഒഴുക്കുകളാകുന്നു നമ്മൾ    
നമ്മെ അത് വന്ന്
മരണത്തിന്റെ അനന്ത മായ
കാഴ്ചയിലേക്ക് കൂട്ടി ക്കൊണ്ട് പോകുന്നു

മഞ്ഞു കാലം



ധനുമാസ പുലർ മഞ്ഞിൻ
തുള്ളി ചേർത്ത്
കിഴക്കൻ മല തൊട്ടു
ചാന്തു പൊട്ട്
കരനെല്ലിൻ തളിരോല
താള മിട്ട്
കുണുങ്ങി  കുണുങ്ങുന്നു
കുഞ്ഞു കാറ്റ്
പുത്തൻ തളിരാട ചുറ്റി
ഭൂമി
മലർ വാകപൂത്തു മലർ
ചൊരിഞ്ഞു
കൈ തോല ഈറൻ
മുടി നിവർക്കെ
നീർമണി മുത്തു  ചിതറിടുന്നു 

വെള്ളപ്പൊക്കം

കാറ്റ് മഴയോട് പറഞ്ഞു:
കലികയറിയ പുഴ
കരയേറി വന്ന്
എഴുതി വെച്ച് ഇറങ്ങിപ്പോയ
ക്ഷോഭ വാക്യമാണ്
കൽച്ചുമരിൽ  കാണുന്നത് 

പിടച്ചിൽ

കരകവിഞ്ഞ പുഴയിൽ
മുങ്ങിപൊങ്ങുന്ന
ചെടികൾ ക്കിപ്പോഴറിയാം
കരയിൽ പിടിച്ചിട്ട
മീനിന്റെ പിടയൽ

പുഴയോർമ്മ


വരണ്ട പുഴയുടെ
മണൽതിട്ടയിലിരിക്കുംപോൾ
കുഞ്ഞുകാല പുഴയോർമ്മയൊരു
രാപക്ഷി ചിറകനക്കമായ്
ഉള്ളിലുണരുന്നു
കയങ്ങളും,ചുഴികളുമായ്
തിടം വെയ്ക്കുന്നു
ഏതു പുഴയെക്കാളും
ഒഴുക്കുള്ളതാകുന്നു
ചെറു പാറകളിൽ
കൈ കൊട്ടി കടന്നു പോകുന്നു
നെരൂദ കണ്ട എട്ടുകാലി വള്ളങ്ങൾ
വലയുമായി നീങ്ങുന്നു
ദൈവം കൊടുത്തയച്ച
തീനായ് മീനുകൾ
ജല പരപ്പിലൂടെ
തെന്നി നീങ്ങുന്നു