malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, നവംബർ 27, വെള്ളിയാഴ്‌ച

മൃത്യു


ഞാൻതന്നെ നീയായിമാറുന്ന
ഒരുദിനം വരും
ഇപ്പോൾ, അദൃശ്യനായ് നീയെന്നും
എന്നിൽ തന്നെ .

വേർപിരിയാത്ത സയാമീസ് ഇരട്ടകൾ
പക്ഷേ, പരസ്പരം കണ്ടില്ലെന്നു -
നടിക്കുന്നു

ഒരുനാൾ തണുത്തപുതപ്പ് നീയെന്നെ
പുതപ്പിക്കും
അന്ന് ഞാൻ നീയാകും

ക്ലേശങ്ങളുടെ കലശവുംപേറി ഞാൻ
നടക്കുമ്പോൾ
ക്ലാവുപിടിച്ചൊരു പുച്ഛംനിന്നിൽ

വേരുകളറുത്തുകൊണ്ടിരിക്കുന്നു നീ
വെൺചിതലായുള്ളകം അരിച്ചു
തീർക്കുന്നു

അഗ്നിയാൽ നിൻ്റെപാനം
ചാരമാകുന്നു നിൻ്റെയന്നം
സ്നേഹ ശൂന്യത നിനക്കാഭരണം

പട്ടട നിൻ്റെ ശയ്യാഗൃഹം
ആളും അഗ്നി നിൻ്റെശീതീകരണി

എരിയുന്ന സ്നേഹത്തെ,പൊരിയുന്ന
നെഞ്ചത്തെ
എനിക്കായ് വിങ്ങുന്നവരെ നീ
ഗൗനിക്കുന്നേയില്ല

ജീവിതമല്ലാതെ.....!


ചിന്തയുടെ ഒരു വിത്തിനെ
ഭാഷയുടെ വളമിട്ട് ഞാൻ നടുന്നു
മുളയിട്ട് ചെടിയായി വാക്കിൻ്റെ -
വള്ളിയായി
അക്ഷരങ്ങൾ ചുറഞ്ഞു ചുറഞ്ഞു
കയറുന്നു

ഓരോ മനസ്സിലും ഓരോ ഭാഷയായി
വിവർത്തനം ചെയ്യപ്പെടുന്നു
കാണുമ്പോഴൊന്ന്,
വായിക്കുമ്പോൾ മറ്റൊന്ന്,
ചിന്തിക്കുമ്പോൾ വേറൊന്ന്

ചിലർക്ക് ജീവിതം പോലെ
ലിപിയില്ലാത്ത ഭാഷയായി
ഉറക്കെ ഉച്ചരിക്കപ്പെടുന്നത്
കവിത ജീവിതമല്ലാതെ മറ്റെന്ത്?

2020, നവംബർ 26, വ്യാഴാഴ്‌ച

കുരുതിക്കളം


കവിതയുടെ തെരുവിൽ
കറുകയും, കണ്ണീരും മാത്രം
ഉദകക്രീയകൾ തകൃതി

ഉയിരറ്റ ഉടലുകൾ
പച്ചവിറകിൽ
വെന്തമരുന്നു

തീ തിന്നഅമ്മപ്പാടങ്ങൾ
നെഞ്ചകം പിളർന്നുകിടക്കുന്നു
വിളവാകുമ്മുമ്പേ മുളകളെ
കഴുകുകൾ കൊത്തുന്നു

കാളക്കൂടത്തിൻ്റെ കരിങ്കടലിത് !
ചിതറിക്കിടക്കുന്നു കന്യാചർമ്മങ്ങൾ
പറിച്ചെറിയണം ഗർഭപാത്രങ്ങൾ
പിറക്കാതിരിക്കണമിനിയൊരു -
പെണ്ണെന്ന്
അമ്മമാർ നെഞ്ചത്തടിക്കുന്നു!

വെയിൽ കുടിച്ചുതളർന്നൊരമ്മതൻ
തണലിനെ കഴുകുകൾ കൊത്തി -
പ്പറന്നുപോയ്
കറുത്തശൂലങ്ങൾ കാലപാമ്പാകുന്നു
ഉടഞ്ഞൊരുടലിലവർ ഉത്സവമാടുന്നു

2020, നവംബർ 23, തിങ്കളാഴ്‌ച

കെട്ടകാലം


ശാരികപൈതലേ ! യെങ്ങുപോയെ-
ങ്ങുപോയ്
കദനങ്ങൾ മാത്രം നീ ബാക്കിയാക്കി
ഇടനെഞ്ചിന്നാഴത്തിൽ മുറിവുതന്ന്

കരകാണാക്കടലിൽ ഞാൻ
കണ്ണീർക്കടലിൽ ഞാൻ
കദനത്തിൻ കരിങ്കൽത്തുറങ്കലിൽ -
ഞാൻ

കുഞ്ഞിളം തൂവൽപറിച്ചൊരു കാട്ടാളർ
മണ്ണിതിൽ പെണ്ണിൻ്റെ ചോരയൊഴുക്കി -
യോർ
നീചജന്മങ്ങൾ ഘോരസർപ്പങ്ങൾ
ഏതമ്മയെക്കൊന്ന് യോനീ പിളർന്നു -
പുറത്തു വന്നോർ

ബജ്റ വിളയേണ്ട പാടത്തിലെല്ലാം
ഒഴിയാത്ത മൃതിതൻപെരുമഴപ്പെയ്ത്ത്
കരളിലേക്കാഴുന്നനോവിൻ്റെ വേര്
ചകിത സ്വപ്നത്തിൻ്റെ ശിഖരത്തഴപ്പ്

ശാരികപൈതലേ !ചതി ചിതമാക്കിയോർ
ചുറ്റും നിരന്തരം മുളയുന്ന ബ്ഭൂവിത്
ഗതിയറ്റു മുങ്ങുന്നു ഞങ്ങൾ
തുള വീണഹൃദയത്തിനുള്ളിൽ
നിന്നോർമ്മ മാത്രമേ കൂട്ട്

യാത്ര


വേദനയുടെ ആഴക്കടലും ചുമന്ന്
ഒരാൾ നടക്കുന്നു
മരണത്തെ വിരലിൽ പിടിച്ചു നടക്കുന്നു
സൂര്യൻ്റെ തീ അവനു ഛത്രം
കറുത്ത മഞ്ഞ് അവൻ്റെ ചിത്തം
കള്ളിമുള്ളിൻ കുപ്പായം
'ഗയ'യിലേക്ക് ഗമനം
ഗമയൊട്ടുമില്ല
ഗംഗയിലല്ല സ്നാനം
സ്നാനം ചെയ്യിക്കുന്നു സൂര്യൻ
ബോധത്തിൻ്റെ ബോധിയിലേക്കു യാത്ര
ബുദ്ധൻ അവൻ്റെ ശിരസ്സിലെന്ന്
എന്നാണറിയുക

2020, നവംബർ 19, വ്യാഴാഴ്‌ച

പുതുകാലം


ഇതിഹാസത്തിലെ ഇടങ്ങളെല്ലാം
ഇടിച്ചു നിരത്തി
പരിഹസിക്കുന്നു പുതിയ രാജാവ്

രാമരാജ്യ സ്വപ്നവും പേറി തെരുവു
തോറും
അലയുന്നുണ്ടൊരു അർദ്ധനഗ്നനാം
ഫക്കീർ

ചെരാതുകൾ തല്ലിത്തകർത്ത്
ചരിത്രത്തിൻ്റെ ചാരിത്ര്യം കവരുന്നു
കഴുകുകൾ

മൃതിയുടെ നൃപൻ പൊട്ടിച്ചിരിക്കുന്നു
കൃപ ചൊരിയുവതാര് ?
ദക്ഷിണായനത്തിന് പാതപണിത്
യാനവേഗം കൂട്ടി

നാരകം തളിർത്തുനിൽക്കുന്നുയിവിടം
നാകമിനി പാതാളത്തിൽ
ചക്രം തിരിക്കുന്നു ചക്രവർത്തി
തലയ്ക്കുമീതെ തൂങ്ങുന്ന ഖഡ്ഗം

മഞ്ഞു കുന്നുകൾ ഉണ്ടാകുന്നത്



ഒന്നിക്കുന്നതിനുമുമ്പ്
ഒന്നായിരുന്നു നാം
ഒന്നിച്ചപ്പോഴാണ്
രണ്ടായിപ്പോയത്!

ഗ്രീഷ്മത്തിൽ നീയെനിക്ക്
കുളിരായിരുന്നു
ശിശിരത്തിൽ കുളിരുന്ന
ചൂടും

വസന്തം വിരിഞ്ഞത്
നിൻ്റെ ചിരിയിൽ നിന്നായിരുന്നു
വർഷം നിൻ്റെ കണ്ണീരും

ഋതുക്കളോരോന്നും
നമ്മളെ നാമാക്കി
ഋജുചിന്തകൾ നമ്മെഭരിച്ചതേ-
യില്ല

പിന്നെ, യേതു ശൈത്യത്തിലാണ്
തൊട്ടാൽ പൊള്ളുന്ന ഹിമക്കട്ട -
കളായി
ജീവിത സമുദ്രത്തിൻ്റെ
അക്കരെ,യിക്കരെ നാം ഉറഞ്ഞു -
പോയത്

2020, നവംബർ 18, ബുധനാഴ്‌ച

വാക്കുകൾ


വാക്കുകൾ പക്ഷികളാണ്
ഉള്ളടരുകളിലെ ഉരുകുന്നഅനുഭവങ്ങളെ
ആകാശത്തിൻ്റെ മകുടത്തോളമെത്തിക്കുന്ന
പക്ഷികൾ

പൊറ്റപിടിച്ച അധികാരകസേരകളെ
അത് പിടിച്ചുകുലുക്കാറുണ്ട്
ഒടിഞ്ഞകാലുകളാൽനടക്കാതിരിക്കു-
മ്പോഴും
ചിറകുകൾ വിരിത്തിപ്പറക്കാറുണ്ട് വാക്കിൻ്റെ
പക്ഷി

ചരിത്രത്തിൻ്റെ ചാലുകളിലെ വെള്ളം കലക്കി
മീൻ പിടിക്കുന്നവർക്ക്
പേടിസ്വപ്നമാകാറുണ്ട്
ഗ്രാമപള്ളങ്ങളിൽ, നഗര കാന്താരങ്ങളിൽ
നാവായ് പിറക്കാറുണ്ട്

വാക്കുകൾ കാട്ടു കുതിരകളാണ്
കെട്ടിപ്പൊക്കിയ അധികാര ഗോപുരങ്ങളിൽ
തളച്ചിടുവാൻ കഴിയില്ല
സാലങ്ങളും, മുസലങ്ങളും വകവെയ്ക്കുക -
യേയില്ല

വാക്കുകൾ തിളയ്ക്കും സമുദ്രമാണ്
ഇരമ്പിപ്പാഞ്ഞുവന്ന് തിരിച്ചു പോകുന്നത്
നിൻ്റെ മിടുക്കു കൊണ്ടല്ല
ഒരടി മുന്നോട്ടുവയ്ക്കുമ്പോൾ രണ്ടടി പിറ-
കോട്ടുമാറുന്നത്
അതിൻ്റെ രാഷ്ട്രീയ തന്ത്രമാണ്
ഒരിക്കൽ കുതിച്ചൊരു വരവുണ്ട്
അന്ന് പിടിച്ചു നിൽക്കുവാൻ നിനക്കൊരു
കച്ചിത്തുരുമ്പുമുണ്ടാകില്ല

ഓർമ്മകൾ


ഓർമ്മകളൊത്തിരിയുണ്ടെന്നുള്ളിൽ
ബാല്യത്തിൻ മണിയോർമ്മകളും
പള്ളിക്കൂട വളപ്പിൽ പുത്തൻ
കളികൾ കരേറിയ നാളുകളും
അണമുറിയാപ്പുഴ വെള്ളം പോലെ
ബാലകർ തീർക്കും ആർപ്പുകളും
വായ്ക്കും കൊതിയോടവരവർനീട്ടിയ
വാത്സല്യത്തിൻ പുളിമധുരം
കണ്ണീരുപ്പിൻ കഞ്ഞികുടിച്ചൊരു
പള്ളിക്കൂട നാളുകളിൽ
ഉച്ചയ്ക്കുണ്ണാൻ കാളും വയറിനെ
കണ്ടില്ലെന്നു നടിക്കുമ്പോൾ
കണ്ടത്തിൽ പണിയില്ലാതമ്മ കുടിലിലി -
രിപ്പതു കാണുന്നു
റോഡിന്നരികിൽ മണികൾ മുട്ടി മാടിവിളി-
ക്കും മിഠായി
മിണ്ടാറില്ല ഞാൻ നോക്കാറില്ല ഞാൻ
നോവിൻ രുചിയെന്നുള്ളത്തിൽ
കൊറ്റിനു വകയില്ലാത്തവനാം ഞാൻ
കൊതിപാടില്ലെന്നോർമ്മിക്കും
കിണറിന്നാഴത്തിൽ കുറുകുന്നൊരു
മാടപ്രാവിൻ ചിറകടിയും
അങ്ങേക്കൊമ്പിൽ ചാടി നടക്കും
അണ്ണാൻ കുഞ്ഞിൻ സംഗീതം
മണി മുട്ടുംവരെ പശി മാറാൻ മതി
പിന്നെ ക്ലാസിൽ മിഴി നീട്ടാം
ചെല്ലച്ചിറകു വിരുത്തിയോർമ്മകൾ
ഉള്ളിൽപ്പാറി നടക്കുന്നു
മതിമതിയക്കഥ കണ്ണീരിൻകഥ
ഉണങ്ങാമുറിവിൻ ബാല്യ കഥ
പാടില്ലിനിയും പറയല്ലേ
കണ്ണീരിനിയും തൂവല്ലേ
ഏതോ ശീതളപാണികൾ വന്ന്
ഗാഢം പുൽകി പ്പുണരുന്നു

2020, നവംബർ 17, ചൊവ്വാഴ്ച

ജീവിത വൃത്തം


ഗുഹാമുഖം തുറന്നിരിക്കുന്നു
അകത്താര് ?
വ്യാഘ്രമോ, ശശമോ !

ബീഡിയുടെ ഒറ്റക്കണ്ണൻ വെളി-
ച്ചത്തിൽ
ഒന്നും കാണാൻ കഴിയുന്നില്ല.

ഓർമ്മകളുടെ ഓട്ടപ്പാത്തിയാണ്
മനസ്സ്
വെള്ളം കയറുന്തോറും മുക്കി മാറ്റി -
ക്കൊണ്ടിരിക്കുന്നു
ഏതു നിമിഷവും മുങ്ങാം ഈ വള്ളം

ഗുഹാമുഖം ശാന്തമാണ്
അകത്ത് എന്തൊക്കെ കോലാഹല -
മായിരിക്കും നടക്കുന്നത് !

തിരിച്ചു പോകൽ അസാധ്യം
കത്തുന്ന ജീവിതവുമായി കടക്കുക -
യാണ് ഞാൻ അകത്ത്
കണക്കു പറയുന്ന കാലത്തിനോട്
കടം പറയുന്നതെന്തിന്

ഹേ! വ്യാഘ്രമേ, അകത്ത് നീയെങ്കിൽ
ആശങ്കയില്ല,യൊട്ടും

എൻ്റെ ,യരിയെത്തിയില്ലെങ്കിൽ
നീയിരിക്കുന്ന സ്ഥാനത്ത് ഞാനൊരു
ശൂന്യത കാണും
ആ പഴുതിലൂടെ ഗുഹയ്ക്കപ്പുറത്ത് -
ഞാനെത്തിച്ചേരും ,അല്ലെങ്കിൽ .....

2020, നവംബർ 16, തിങ്കളാഴ്‌ച

പ്രളയം


ഛന്ദസ്സ് തെറ്റിച്ച ഒരു പുഴ
കോലായിൽ വന്ന്
എത്തിനോക്കുന്നു
കൂടെ വന്ന കരിമൂർഖൻ
ഇത്തിരി പാലിന് കരയുന്നു

കടപുഴകിയ ഒരു കാർമേഘം
കലി തുള്ളുന്ന കർക്കടകത്തിൽ
വീണു
കാമം മൂത്തൊരിടിവാൾ
കന്യാചർമ്മം ഛേദിച്ചു

സമതലങ്ങളുടെ സമാധിയിൽ
ചെന്നായകളുടെ സംഗമം
പാമ്പാട്ടിയെ കൊത്തിയ പാമ്പ്
തൽക്ഷണം മരിച്ചു

കുന്നുകൾ വലിഞ്ഞു കയറുന്നുണ്ട്
ഒരു നിർഝരി
കയററ്റ തൂക്കുപാലം ജീവിതം
പ്രളയം മാറ്റി വരച്ചിരിക്കുന്നു ഭൂപടം
ഞാനിപ്പോൾ കണ്ട എൻ്റെ നാട്
കറങ്ങുന്ന ഭൂമിയുടെ ഏതറ്റത്തായി -
രിക്കും .

2020, നവംബർ 14, ശനിയാഴ്‌ച

മൗനം കൊണ്ട് .....


കാലം കാല്പനികം
കാണാമറയത്തിരുന്ന്
പ്രണയമെഴുതുന്നു രണ്ടുപേർ

അവരിൽ ഒരിലവിരിയുന്നു
പച്ച ഞരമ്പ് തുടിക്കുന്നു
ഒരു പൂവ് ചിരിക്കുന്നു
ഉൺമയിൽ നിന്നും ഉന്മാദം
ഉറവയിടുന്നു

അവരുടെയുള്ളിൽ
ഒരോട്ടപ്പാച്ചിൽ നടക്കുന്നു
അലയടിച്ചുയരുന്നു മഹാസമുദ്രം
മൗനത്തിൻ്റെ കനലിൽ നിന്നും
അനലുന്നു പ്രണയം

2020, നവംബർ 12, വ്യാഴാഴ്‌ച

മരുഭൂമികൾ ഉണ്ടാകുന്നത് !


മൗനം മരുഭൂമിയേയും, മുൾച്ചെടിയേയും -
ഓർമ്മിപ്പിക്കുന്നു
അനാദിയായ നിശ്ശബ്ദതയാകുന്നു
ഇരുമ്പിൻ്റെ തുരുമ്പായി അടർന്നു നിൽക്കുന്നു
തരിമ്പുമില്ല സ്വാസ്ഥ്യം

ഒരൊറ്റ ചോദ്യം കൊണ്ട് മുറിച്ചു കടക്കുവാൻ -
കഴിയുമോ ഓർമ്മകളെ!
വേവുന്ന മനസ്സിൻ്റെ ബാക്കിയായ ചോദ്യമൊക്കെ
ബാലിശമെന്നാകുമോ?!

മരണത്തോളമെത്തുന്നു മൗനം
നീല നിറം മാത്രം ബാക്കിയാകുന്നു
തിടംവെച്ച പുണ്ണാണ് മൗനം
മരുഭൂമിയുടെ പറുദീസ

ചില്ലകൾ കൊരുത്ത ഉള്ളകത്തിലെ നിബിഡത കൾക്കിടയിലൂടെ
അരിച്ചിറങ്ങുന്നു മൗനത്തിൻ്റെ ചിതലുകൾ
മുളകരച്ചു തേച്ചപോലെയുള്ളം

പതിരിൻ്റെ നാട്ടിൽ പതം പറയാൻ ഞാനില്ല
എനിക്കു മൗനം കൊണ്ടൊരു കല്ലറ പണിയണം.
കാലമേ,
മൗനംകൊണ്ടെനിക്ക് മധുരമായി പ്രതികാരം -
ചെയ്യണം

2020, നവംബർ 11, ബുധനാഴ്‌ച

കവിതക്കറുപ്പ്


അകത്തൊരു പന്തംആളുന്നുണ്ടാകാം
അങ്ങനെയൊന്നുംഭാവിക്കുകയേ
ചെയ്യരുത് !

വാക്കുകൊണ്ട് കുത്തുകയും
വെറുപ്പുകൊണ്ട് തുപ്പിയാട്ടുകയും
ചെയ്തിട്ടുണ്ടാകാം
അങ്ങനെയൊന്നും ഭാവിക്കുകയേ
ചെയ്യരുത് !!

നോക്കുകൊണ്ട് നീകരിച്ചു കളഞ്ഞ
തല്ലേയെന്ന്
ഓർക്കുകയേവേണ്ട
നൊട്ടിനുണഞ്ഞതൊന്നും നേട്ടമല്ലെന്ന്
കവിത അവനെ പഠിപ്പിക്കും

കവിതയുടെ കടലുമുറിച്ചു കടക്കുവാൻ
കഴിഞ്ഞിട്ടില്ല ഇന്നുവരെ ആർക്കും
കല്പാന്തംവരെ കവിത പിൻതുടരുമെന്ന്
അവനറിയും
വേദനയുടെ വയലറ്റ് രക്തം അവൻ തുപ്പും

ആഗ്രഹങ്ങളുടെആകാശത്തെ
അടർത്തിമാറ്റിയെന്ന് ഊറ്റം കൊള്ളുന്നവൻ
കവിതയുടെ കയപ്പുനീര് കുടിക്കേണ്ടിവരും
കുതറി മാറാൻ ശ്രമിച്ചിട്ടും കരങ്ങളിൽ
പിടഞ്ഞൊടുങ്ങിയ
പെണ്ണിൻ്റെ മാനത്തിന് കവിത കണക്കു
ചോദിക്കും

നക്ഷത്രങ്ങളുടെ നാവരിഞ്ഞവന്
കവിത കൊണ്ട് കൊലച്ചോറ്
ദൈവത്തിൻ്റെ അനുയായി ചമഞ്ഞ്
ദൈവമക്കളെക്കുരുതി കൊടുത്തവന്
തുറന്നിട്ടുണ്ട് നരകവാതിൽ

കവിതയെക്കുറിച്ച് അവനെന്തറിയാം?
കവിതയുടെ കറുപ്പിൽ നിന്നാണ്
കാലം പിറന്നതെന്ന് അവനറിയും.

കെട്ട കാലത്തിൽ


ക്ഷുഭിത ചരിത്രത്തിൻ്റെ വെന്തെരിഞ്ഞ
ഉടലിനെ വാരിപ്പിടിക്കണം
ചതിയനായ കാലത്തിൻ്റെ നെഞ്ചകത്ത്
ചവിട്ടണം

വിലാപത്തിൻ്റെ ഭയാനക നിശ്ശബ്ദതയല്ല -
വേണ്ടത്
സ്നേഹത്തിൻ്റെ ഐക്യ കാഹളം

കാവൽക്കാരൻ്റെ കണ്ഠമറുക്കുന്ന
വർ നിങ്ങൾ
ഉൺമയേകിയ അമ്മയുടെ മുലയറുത്ത്
പാനം ചെയ്യുന്നവർ
വേവുന്ന ദുഃഖത്തിൻ്റെ അപ്പം തട്ടിയെടു-
ക്കുന്നവർ

എരിഞ്ഞു വീഴുന്നു കരിഞ്ഞ പക്ഷികൾ
വെന്തമാംസത്തിൻ ഗന്ധം എങ്ങും പര -
ക്കുന്നു
പച്ചത്തലപ്പുകളിൽ തീ പടരുന്നു
അമ്മേബ്ഭൂമി എനിക്കൊളിക്കുവാനെ-
വിടെ നിനക്ക് ഗർഭപാത്രം !

പാടില്ല ,
ഒളിമങ്ങാത്ത ഓർമ്മ നമുക്കുണ്ടാവണം
ക്ഷുഭിത ചരിത്രത്തിൻ്റെ വെന്തെരിഞ്ഞ
ഉടലിനെ വാരിപ്പിടിക്കണം
ചതിയനായ കാലത്തിൻ്റെ നെഞ്ചകത്ത്
ചവിട്ടണം

2020, നവംബർ 10, ചൊവ്വാഴ്ച

എവിടെ....!


നിഷാദന്
ഛന്ദോനിബദ്ധമാം ശാപം
വാല്മീകയോനി

വിഷാദം കുടിച്ച്
വീര്യമുൾക്കൊള്ളുന്നു ഞാൻ
കുത്തുവാനില്ല കൂരമ്പ്
ക്രൂരനുമല്ല

പാതയിലില്ല
പഥികരാരും
എവിടെയെൻ പാഥേയം?

കാത്തിരിക്കുവാനില്ല
ക്രൗഞ്ചം
കാടകംപോലുമന്യം
എവിടെയെൻ രാമൻ ?!

ദാരിദ്ര്യ ഹയത്തിൽ
വെറുതെയെൻ വ്യയം
വ്യാഘ്രത്തിനു മുന്നിലെ
ശശത്തിൻ്റെ വ്യഗ്രത
ഒളിക്കുവാൻ മാളമെവിടെ?

ഗ്രീഷ്മം നനയുന്നു ഞാൻ
വർഷമേറ്റു പൊള്ളിപ്പിടയുന്നു
ശിശിരശൽക്കത്താൽ പുതപ്പ്
പാമ്പിൻ പടത്താൽ ഉടുപ്പ്


2020, നവംബർ 9, തിങ്കളാഴ്‌ച

കവിത


ഉള്ളിൻ്റെയുള്ളിൽ അതിരിൻ്റെയരികിൽ
ഒരു കവിതക്കുരുനട്ടു
മുളയിട്ടു, തളിരിട്ടു, ഓരില,യീരില കാണ -
ക്കാണെ
വളർന്ന്പന്തലിച്ചു കവിതമരം.

കവിതമരം വെറും മരമല്ല, കയറി നോക്കു
കാണാം പല പാതകൾ
താഴ് വരയിലേക്ക്, ആകാശത്തിൻ്റെ അതി
രിലേക്ക്
വളവുകളും, തിരിവുകളും കടന്ന് തീർത്ഥാ -
ടകരെപ്പോലെ
കുന്നിറങ്ങിയും, കയറിയും എറുമ്പിന്ന-
ക്ഷരങ്ങൾ.

വിനോദസഞ്ചാരികളെപ്പോലെ വാക്കുകളുടെ അണ്ണാരക്കണ്ണൻമാർ,
പലതരം പക്ഷികൾ, പ്രാണികൾകൂവിത്തി
മർക്കുന്ന കൂറ്റ്

വരികളുടെ വിണ്ട പാളികളിൽ, പൊത്തിൽ
ഗുഹകളിലെന്നപോലെ, കൊടുംവനത്തി -
ലെന്നപോലെ
പുരാതനഗോത്ര കൂട്ടക്ഷരങ്ങൾ

കവിതമരം ക്ഷേത്രത്തിൽ ചുമർചിത്രങ്ങ-
ളെന്നപോലെ
ശിഖരങ്ങളിൽശില്പങ്ങളും
ഇലകളിൽ ചിത്രങ്ങളും നിറഞ്ഞതാണ്

കവിത ഒരു സംസ്കാരമാണ്, കാഴ്ച -
പ്പാടാണ്
ഉയരങ്ങളിലെത്തുന്തോറും ഉള്ളറിയും
നുള്ളിയെറിയും ഭള്ളിനെ
കണ്ണാൽ അളന്നെടുക്കാൻ കഴിയില്ല -
കവിതയെ

കവിതയുടെ വേരുകൾ പാദത്തിൽ -
നിന്നല്ല
മസ്തിഷ്കത്തിൽ നിന്ന് മാനവികത -
യിലേക്ക്
കിണറാഴത്തിൽ നിന്ന്
മണ്ണിൻ്റെ മാറിലേക്ക്

കാലദേശങ്ങളില്ലാതെ കവി
വരരുചിയായലയുന്നു
പറയിപ്പെറ്റ പന്തിരുകുലമാണ് കവിത









2020, നവംബർ 7, ശനിയാഴ്‌ച

ആശിർവാദം


ബോധിച്ചുവട്ടിൽ കപോതം കിടക്കുന്നു
ബോധമില്ലാതെ വിറങ്ങലിച്ച്
ഏതു ശിശിരത്തിൻ ശാപമേറ്റ്?
ഏതു കപോതകനാൽ ദംശമേറ്റ്?
നീല നിറമാർന്നൊരന്ത്യനിചോളമാദ്ദേഹ-
ത്തിലാരോ വിരിച്ചപോലെ

പാതവക്കത്തു പതം പറഞ്ഞ്
പാഴ്മരമൊന്നു കരഞ്ഞിടുന്നു
പുത്രന്മാരൊക്കെയുമെങ്ങു പോയി!
പത്രങ്ങളൊക്കെക്കൊഴിഞ്ഞു പോയി
പട്ടിണിയാലെല്ലും തോലുമായി

രാവുപകലെന്ന ഭേദമില്ലാ
പാവമാ പാഴ്മരം നീറി നീറി
ചീറിയെത്തുന്നൊരു കാറ്റിൽ മാത്രം
ജീവൻ്റെയൊറ്റ പ്പിടപ്പറിയാം

ശാഖോപശാഖാ പ്രതാപകാലം
എങ്ങും തണൽ വിരിച്ചുള്ള കാലം
മക്കളും, മനയെന്നും മാത്രമോർക്കാതെ
ഏവർക്കും താങ്ങായി നിന്നകാലം
ധീരമാം ഭാവിയാശംസകൾ നേരുവാൻ
വസന്തൈക ദൂതികളൊഴിയാത്ത കാലം

അക്കാലമിന്നോർമ്മ മാത്രമായി
മൃത്യുവിൻ മുഷ്ടിയുയർന്നുപൊങ്ങി
പക്ഷം വിരുത്തിപ്പറന്നു പറന്നു പോയ്
സ്വന്തവും, ബന്ധവും, സാന്ത്വനവും

പട്ടിളം കാലിൻ്റെയോർമ്മയിന്നും
തൊട്ടിലുള്ളത്തിൽകെട്ടിയാടിടുന്നു
നാളെയെൻ ശ്വാസം നിലച്ചുപോകാം
ശാസിക്കയില്ല ഞാൻ നിങ്ങളെയെന്നെന്നും
തുടിക്കണംഭാനു കിരണമായി

2020, നവംബർ 6, വെള്ളിയാഴ്‌ച

കവിത ബാക്കിവെച്ച് കടന്നു പോയവൻ



മരിച്ചു കിടക്കുമ്പോഴും
മടക്കിവെച്ചിരിക്കുന്നു
കൈമടക്കിൽ കവിത

നീ കവിതയുടെ കർത്താവ്
സഹനത്തിൻ്റെ സഹയാത്രികൻ
എരിഞ്ഞു തീരുന്ന ഏകാകി

ക്ഷാരം കവർന്ന ക്ഷരം
ലാവണമില്ലാതെ ലവണത്തിൽ
പാർത്തവൻ
തീത്തിന്ന പക്ഷി

ബോധപുഷ്പങ്ങളിൽ
ഓർമ്മക്കഴുകുകൾ
ഹൃത്തിനെ കൊത്തിപ്പറിച്ചുള്ള -
പ്രണയം

വർഷവും,ഗ്രീഷ്മവും
ശിശിരവും നനഞ്ഞവനെ
കവിതയുടെ കാമുകനും കാന്ത -
നും നീ

കവിത ബാക്കിവെച്ച് കടന്നു
പോയവനെ
ഒരു ജന്മത്തിൽ നിനക്കെത്ര -
ജന്മമയ്യപ്പാ



2020, നവംബർ 5, വ്യാഴാഴ്‌ച

ശ്യാമം


നാരകമതിരിട്ട വഴിയിലൂടെ നടപ്പ്
തമസ്സ് മാത്രം കൂട്ട്
ഉറുമ്പരിക്കുന്നു തലച്ചോറ്
മഞ്ഞകൊണ്ടു വരയ്ക്കുന്നു
മനച്ചുമരിൽ ചിത്രം

മരിച്ചവന് ശാന്തം സുന്ദരം
വായിക്കരിയിടേണ്ടത്
ജീവിച്ചിരിക്കുന്നവന്

കോടി പുതയ്ക്കേണ്ടത്
മരിച്ചവനല്ല
നാണം മറയ്ക്കേണ്ടത്
ജീവിക്കുന്നവന്

വെയിലു തിന്നുകിടക്കുന്നു
വേരറ്റൊരു മരം
നേരണിഞ്ഞൊരുനാളുപോയി
കാലം കുറിക്കുന്നു ശ്യാമം

മൂടുപടമണിഞ്ഞേയിരിക്കാവു
അദൃശ്യനാം ശത്രുവരികിൽ.

2020, നവംബർ 3, ചൊവ്വാഴ്ച

പാഠം


മൃഗം മൃഗത്തെ വേട്ടയാടുന്നു
വിശപ്പു മാറ്റാൻ
മനുഷ്യൻ വിശപ്പു മാറ്റി വേട്ടയാടുന്നു
മനുഷ്യനെ

മറച്ചു വെയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ
വസ്ത്രങ്ങൾ ധരിക്കാറില്ല മൃഗങ്ങൾ
ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു -
മനുഷ്യർ
അഴുകിനാറുന്ന പലതും മറയ്ക്കാൻ

മൃഗങ്ങളിലെ മനുഷ്യത്വവും
മനുഷ്യരിലെ മൃഗീയതയും
പ്രകൃതി പഠിപ്പിക്കുന്ന പാഠം

പശി


കണ്ണിൽച്ചോരയില്ലാകഴുകുകൾ
കൊത്തിവലിക്കുന്നു ഒരുപെൺ-
ശരീരം
പശിമാറ്റുവാൻ മാത്രമായി
പിണ്ഡപ്പണയമായവൾ
പട്ടക്കടയുടെ മുറ്റത്ത് പൊട്ടിച്ചിരി
ക്കുന്നു ചില്ലു ഗ്ലാസുകൾ
വിശപ്പുമോന്തിയ പെണ്ണവൾ
വശംവദയാകുന്നു ചില്ലറതുട്ടിന്
ഉള്ളിൽനിന്നൊരു വാതനെൻ -
കണ്ണുകനലാക്കുന്നു
സിരയിലൂടിരച്ചെത്തി സ്വേദ -
മണികൾ വിതറുന്നു
നിസ്സഹായനായി ഞാൻ നിർ-
ലജ്ജം തലകുനിക്കുന്നു
സർപ്പദംശനമേറ്റവൾ നീലിച്ചു -
കിടക്കുന്നു കുറ്റിക്കാട്ടിൽ
വിജനമാമേതോപാത,തന്നറ്റത്തൊ-
രുകൂരയിൽ
വിളറി വിവശരായ് വിങ്ങിപ്പൊട്ടുന്നു
വിശപ്പിൻവിളി
ആടിയാടിപ്പോകുന്നുണ്ട് കുന്നിറങ്ങി
അമ്ലഗന്ധംപാറ്റിയൊരു തെറിവാക്ക്
രോഷമുളകരച്ചുപുരട്ടിയ മനസ്സിൽ
ദ്വേഷം പുകയുമ്പോഴും
ദിഗംബരനായ് നിന്നുപോകുന്നു -
ഞാനീപാതയോരത്ത്


2020, നവംബർ 1, ഞായറാഴ്‌ച

കവിതയുടെ വഴി


ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന്
എന്തോഒന്ന്
മനസ്സിനെ അകംപുറം തിരിച്ചിടുന്നു
സുരക്ഷിതത്വത്തിൻ്റെ മാളങ്ങളെങ്ങു-
മില്ല
ആശ്വാസത്തിനും, ആശയ്ക്കും വക -
യില്ല
ഒരു കരത്തിനോ ഒരു കുരിശിനോ-
ആഗ്രഹിച്ചു പോകുന്നു !

എൻ്റെ ചുറ്റും കിടന്ന് ഞാൻ കറങ്ങി
എന്നിലെ എന്നിൽ നിന്ന്
എനിക്കെന്നെ നഷ്ടമായി !

ഉണരുമ്പോൾ ഉള്ളിലൊരോളം
അള്ളിപ്പിടിച്ചവയൊക്കെ തെള്ളിപ്പോയി -
രിക്കുന്നു
അരികിലൊരു കടലാസിൽ
കവിതയിരിക്കുന്നു

കവിത വന്നവഴി ഇന്നും ഞാൻ  തേടിക്കൊണ്ടിരിക്കുന്നു

വിശപ്പ്


ഇറന്തിണ്ണയിലെ
ചാണകപ്പൊളിയടർത്തുന്നു
വിശപ്പ്

മൺപാത്രത്തിലെ
തണുത്ത വെള്ളം
വയറ്റിലെ തീക്കെടുത്തുന്നു

ഇരുണ്ട മേഘങ്ങളിൽ നിന്ന്
ഇറ്റി വീഴാറായ
മഴത്തുണ്ടാണ് കണ്ണുകൾ

ഇരുണ്ട തണുപ്പം
കത്തുന്ന നട്ടുച്ചയും
കാത്തുവെയ്ക്കാനൊരു ജന്മം

വ്യാഘ്രത്തിൻ്റെ വായിലകപ്പെ-
ടുംവരെ
പുല്ലുമേഞ്ഞു നടക്കണം
ശശം.