malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

വര (മര )ണമാല്യം

വാക്കിനു വാളിന്റെ മൂര്‍ച്ച .
അസ്വസ്ഥതയുടെ അസിധാര -
ഇടനെഞ്ചിലേക്കിറങ്ങുന്നു
ഹൃദയത്തില്‍ ഒരു വാള്‍ മുറിവ്
സിംഹ ത്തിന്റെ സ്ഥാനത്ത്
ശൃഗാലനിരിക്കുന്നു
ഒലീവില വെടിഞ്ഞ
സമാധാനത്തിന്റെ പക്ഷി
വെടിയുണ്ടയുടെ ഒരു വര (മര )ണ-
മാല്യവുമായി പറന്നിറങ്ങുന്നു
ഹവിസ്സൊരുക്കി ഒരു കാക്ക
കാത്തിരിക്കുന്നു
അത്തിമരത്തിനരികില്‍
ഇത്തിരി നേരം
ഉഷ്ണ മുണക്കാന്‍ കാത്തിരിക്കുമ്പോള്‍
ഉന്നിദ്ര മായ ഒരു പുക
വെള്ളപുതപ്പിച്ചുഎന്നെ
തെക്കേവളപ്പിലേക്ക്എടുക്കുന്നു

അമ്മമരം

അവള്‍;ദുഃഖത്തിന്റെ ഒരു ഭാണ്ഡക്കെട്ട്
മുത്തച്ഛന്‍ മുന്പിരിക്കാറുള്ള
മരത്തിനരികിലെത്തി ഭാണ്ഡമവളഴിച്ചു
സ്നേഹ സ്പര്‍ശമായി ഒരുകുളിര്‍ കാറ്റ്
ദുരിതങ്ങള്‍ തുടയ്ക്കുവാനായി മുത്തച്ഛന്‍മരം
അവളിലേക്ക്‌ ചാഞ്ഞു
അവളുടെ കാലുകള്‍ വേരുകളായി
മണ്ണിലേക്ക് പടര്‍ന്നു
കൈകള്‍ ശാഖകളായി വിണ്ണിലേക്ക് വിടര്‍ന്നു
കണ്ണുകള്‍നക്ഷത്രപ്പൂക്കളായി വിരിഞ്ഞു
ശരീരം ശക്തിയുള്ള തായ്ത്തടിയായി -
അമ്മമരമായി വളര്‍ന്നു

നഷ്ട്ടപ്പെട്ടവളെഓര്‍ത്ത്

വിപത്തിന്റെ വിത്തുകളാണ്
എങ്ങും മുളയ്ക്കുന്നത്
മന്ത്രങ്ങളും,മാരണങ്ങളു മാണ്
ഉച്ചരിക്കപ്പെടുന്നത്
കിനാവിന്റെ കന്യാവനങ്ങളില്‍
ഒറ്റപ്പെട്ടു പോയവന്‍ ഞാന്‍
ഒരു കുന്നു വേദനയും തന്നാണ്
അവള്‍ കുന്നിറങ്ങി പോയത്
എന്റെ കിനാക്കളെ കൊത്തിക്കീറി
കടന്നു പോയതെന്തിനു ?
വെയില്‍ പാമ്പുകളെ മനസ്സിലേക്ക് -
എറിഞ്ഞു തന്നതെന്തിനു ?!
വെടി മരുന്ന് മണക്കുന്ന വീഥിയിലൂടെ
വയല്‍ വരമ്പ് തേടി ഞാന്‍ നടക്കുന്നു
വ്യദയുടെ വെടി മരുന്നാണ് എന്റെ -
തലച്ചോറില്‍
കൊലച്ചോറ് വിളമ്പുവാനായി -
ഒരു ചെറുതീപ്പൊരിക്ക് അത് -
കാത്തിരിക്കുന്നു

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

എന്നിട്ടും അവള്‍

പഴയരോര്‍മ്മഎന്നെ
പൂണ്ടടക്കം പിടിക്കുന്നു
പനയോല പന്തലിട്ട
ചരിവിലേക്ക്‌ വലിക്കുന്നു
ആയോധനം തോറ്റ
യോദ്ധാവ് ഞാന്‍
ആയോജന മില്ലാത്ത
ആയുസ്സെന്തിനു
എന്നിട്ടും അഴുകിയ
ഈ ജഡത്തിനരികെ
മിഴിനീരു മൊലിപ്പിച്ചു
നില്‍ക്കുന്നു അവള്‍

സംസ്ക്കാരം

ബാക്കിയായ ഒരു വാക്കാണ്‌ നീ
അറ്റു പോകുന്ന ഒരു വംശത്തിന്റെ -
ഏക കണ്ണി
കാഴ്ച്ചയും,കാഴ്ച്ചപ്പാടും മാറി
വഴിയും,മിഴി നോട്ടവും മാറി
വിത്തിനു വെച്ച സംസ്ക്കാരവും -
കുത്തി ച്ചോറുണ്ടു
പാഴ് മരത്തിന്റെ അവസാന-
ശാഖ പോലെ ഞാന്‍
വിടരുന്ന പൂവിനെല്ലാംവിളര്‍ച്ചയുടെ -
വെളുപ്പ്‌
ബാക്കിയായ ഒരു വാക്കാണ്‌ നീ
അതിനി എത്ര കാലം ?!

ചുവന്ന തീയ്യതി

പ്രീയ പ്പെട്ടവളുടെ പ്രണയം
പതിതന്റെ പാട്ട്
ശതൃവിന്റെ കണ്ണിലെ കരട്
വെള്ളരി പ്രാവിന്റെ ചിറക്
കൊടുത്ത കൈക്ക് കൊത്തിയവനെ -
കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവിലൊരു ചുംബനം
തലച്ചോറില്‍ നിന്നും ചോറെടുത്ത്
തിലോദകം ചെയ്ത്
കണ്ണെടുത്ത് മണ്ണിലേക്കെറിഞ്ഞ്
കൃഷ്ണ മണിയില്‍ നിന്നും ഒരു-
മണി വെളിച്ച മെടുത്ത്
ഞാന്‍ തിരിച്ചു പോകുന്നു
നിങ്ങളിലെന്നും നിറഞ്ഞു നില്‍ക്കാന്‍
ചുവന്ന തീയ്യതി യായി
വിരിഞ്ഞു നില്‍ക്കാന്‍

സിംഹി

ശ്മശ്രുക്കള്‍ വളര്‍ത്തിയ ഒരു ശൃഖാലന്‍
ധ്യാനത്തിലിരിക്കുന്നു
ഒരു കുഞ്ഞു പൂവ് ഞെട്ടറ്റു വീഴുന്നു
കാട്ടിലേക്ക് കടക്കുന്ന കുറുക്കന്റെ
കടവായില്‍നിന്നു രക്തമിററിററുവീഴുന്നു
കന്യകാത്വം നഷ്ട്ട പ്പെട്ടവള്‍
കാട്ടിലേക്ക് നടക്കുന്നു
സിംഹത്തിന്റെ പുറത്തേറി
നഗ്നയായ്‌ സഞ്ചരിക്കുന്നു
ഹൃദയത്തില്‍ നിന്നും ഒരമ്പ് മുളയ്ക്കുന്നു
കാവിയുടെ കപടതയിലേക്ക്
കൊമ്പുകള്‍ കോര്‍ക്കുന്നു
മാതൃത്വ ത്തിന്റെ മനോവ്യഥ
മഴുവായെറിയുന്നു
വേടന്റെകഴുത്തിലത്
ഫണമുയ൪ത്തിക്കൊത്തുന്നു

മരിച്ചു പോയ കുട്ടിക്ക്

സാക്ഷ യില്ലാത്ത എന്റെ വാതിലിനു
നിന്റെ പട്ടടയാണ് സാക്ഷി
നിന്റെ കുഞ്ഞു പാദങ്ങള്‍വിശ്രമിക്കുന്നത്
എന്റെ ഹൃദയത്തിലെല്ലോ
ശ്രമിക്കരുത് നീ അതെടുത്ത് മാറ്റുവാന്‍
കത്തുന്ന ഒരു പിടി ഓര്‍മ്മയാണെനിക്ക് നീ
കയറി വരണം നീ എന്നും
ഒരിളം തെന്നലായെങ്കി ലുമെന്നരികില്‍
അരക്ഷിതാവസ്ഥയില്‍ നിന്നു മടർത്തി
സുരക്ഷയുടെ ഒരു വിരല്‍ കോര്‍ക്കുവാന്‍
പണിഞ്ഞു വെച്ചിട്ടുണ്ട് ഞാനൊരുപാദരക്ഷ
നിന്‍ പാദ പതനമെന്‍ കാതില്‍ പതിക്കുവാന്‍
കൊടുത്തു വിടാം ഇന്ന് കാറ്റിന്‍ കൈകളില്‍
കത്തുന്ന മനസ്സുമായ് കാത്തിരിക്കും ഞാന്‍
കാറ്റിന്റെ കലമ്പലിലും ,സൂര്യന്റെ വികാസത്തിലും
കിളികളുടെ കള മൊഴികളിലുംനോക്കിയിരിക്കും ഞാന്‍

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ചിത്രങ്ങളിലെ അശ്വ വേഗം

(എം,എഫ് ഹുസൈന് )
നിന്‍റെ കണ്ണില്‍ ഒരു കടലിളക്കം
നിന്‍റെ വിരലിന് അശ്വ വേഗം
കാതങ്ങള്‍ക്കകലെ കഴിയുന്നനാളിലും
കാലം കഴിഞ്ഞില്ല പ്രണയ മെന്നോതിയോന്‍
നിന്‍റെ മൌനങ്ങളില്‍ കോര്‍ത്തു വെയ്ക്കുന്നത്
ജീവിതം തുന്നിയ ഭൂമി മാതാവിനെ
നിന്‍റെ കണ്ണിലെ കത്തുന്ന കനലിനെ
കെടുത്തുവാന്‍ കഴിയില്ല കപട വേഷങ്ങള്‍ക്ക്
ആ കൊടും വേനലില്‍ ഉഷ്ണിച്ചു പോയിടും
കാടത്തം പേറിയ കുടില മനസ്സുകള്‍
ചായവും,ചമയവും നീ യഴിച്ചെ ങ്കിലും
ഓര്‍മ്മ ചിത്രങ്ങളായ് നീ മാറിയെങ്കിലും
ഇല്ലില്ല മായില്ല ,യെന്‍ മനോ മുകുരത്തില്‍
അശ്വ വേഗങ്ങളായ് എന്നും കുതിച്ചിടും

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

മുഖം മൂടി

ആശിസ്സു നേടിയ ശി രസ്സുമായാണ്
അരങ്ങത്തേക്ക് ഇറങ്ങിയത്‌
ഫണമുയര്‍ത്തിയ ഫലിതമാണ്
കാതിനെ കൊത്തി യടച്ചത്
പാപം ചെയ്യാത്തവര്‍
കല്ലെറിയാതെ കേഴുകയാണ്
സത്യത്തിന്റെ മുഖം വികൃതമെന്ന്
അന്നാണ് ഞാന്‍ അറിഞ്ഞത്
മുഖം മുഖംമൂടിയണിഞ്ഞുവേണം
പുറത്തേക്കിറങ്ങാന്‍
കള്ളവും,കാപട്യവും മെനയണം
കുതന്ത്രങ്ങളുടെതന്ത്രങ്ങള്‍ പഠിക്കണം
കത്തുന്ന ഒരു ചിരിചുണ്ടിലുണ്ടാവണം
ചെന്നായച്ചെവി കൂര്‍പ്പിക്കണം
ഇറ്റു വീഴുന്നചോരനക്കികുടിക്കണം
പൊങ്ങച്ചത്തിന്റെ പുതപ്പു മൂടി
പുകഴ്ത്തി പറയണം
അമ്പിന്റെ കര്‍മ്മമായി
കൊമ്പു കുലുക്കി നില്‍ക്കണം

അച്ഛന്‍ വീട്ടിലുണ്ട്

കത്തുന്ന വെയിലിലേക്ക്
ഒരു കന്യക യിറങ്ങുന്നു
കണ്ണുകളില്‍ കര്‍ക്കിടകം പെയ്യാനായ്
വെമ്പുന്നു
കുത്തി ച്ചുടനപ്പോഴും
മരക്കൊമ്പില്‍ കുറുകുന്നു
അമ്മയുടെ വരവ് കാത്ത്
വേരിറങ്ങി നില്‍ക്കുമ്പോള്‍
മിഴികളിലെ മാന്‍ പേടകള്‍
വിഹ്വലതയുടെനട വരമ്പില്‍
കുടിലിന്റെ കവാടത്തില്‍
അച്ഛനൊരാൾഇരിപ്പുണ്ട്
കുടിലതയും,കാടകവും
കൂട്ടിന്നിരിപ്പുണ്ട്

മരണ വീട്ടില്‍

തീ പ്പിടിച്ച തലയില്‍ നിന്ന്
ത്രിശൂലമുയരുന്നു
വാ പിളര്‍ന്ന് നാവുയര്‍ന്ന്
നാഗത്താന്‍ ച്ചീറ്റുന്നു
കന്യയാം വെയില്‍ പെണ്ണിനെ
കഴുകക്കാറുകള്‍ കൊത്തിക്കീറുന്നു
കണ്ണീരു വീണ മണ്ണില്‍ നിന്ന്
രക്തപ്പുഴ യൊഴുകുന്നു
മുരിക്ക്‌ മരത്തിലിരുന്നു കാക്ക
ബലിച്ചോറിനു വാപിളര്‍ക്കുന്നു
മുള്ള് തറഞ്ഞ കണ്ണില്‍ നിന്ന്
എള്ളും,പൂവു മുതിരുന്നു
നോക്കുകുത്തിപോലെ ഞാന്‍-
നോക്കി നില്‍ക്കുമ്പോള്‍
കറുകമോതിരമാരോ
വിരലിലണിയിക്കുന്നു
തറ്റുടുത്ത്‌ തറയില്‍ ഞാന്‍
ഒറ്റ മുട്ട് കുത്തുമ്പോള്‍
ബലിയിട്ടു കൈ മുട്ടി മാടി വിളിക്കുന്നു
മണ്ണില്‍ നിന്നുമാരോ എന്നെ
മാറോടു ചേര്‍ക്കുന്നു
ബലി കാക്കയായി ഞാന്‍
ചോറുരുള കൊത്തുന്നു

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

എന്റെ വേദന

കെട്ടു പ്രായം കെട്ട പെങ്ങള്‍
കെട്ടിയോളും,കുട്ടികളുമായ അനുജന്‍
അന്തിയോളമാടിയിട്ടുംഅമ്മയുടെ -
കണ്ണീര്‍ തോരുന്നില്ല
പട്ടച്ചാരയത്തിനു പത്ത് കാശുതെണ്ടുന്ന -
അച്ഛന്‍
കോച്ചി വലിക്കുന്ന കൈകാലുകള്‍ -
മൂടാന്‍ ഒരു കമ്പിളി കാത്തു-
കാത്തിരുന്നു കാലം കഴിക്കുന്ന ഒരമ്മൂമ്മ
മഞ്ഞുറയുന്ന ഈ രാത്രിയില്‍
മരണമുണരുന്നയീ അതിര്‍ത്തിയില്‍
ഓര്‍മ്മയുടെ വേദനകളാണ്
എന്റെ സിരയില്‍ ചൂട് പകരുന്നത് .
ശത്രു വിന്റെ നെഞ്ചിലേക്ക്
തുളഞ്ഞു കയറുന്ന വെടിയുണ്ടയാണ് -
എന്റെ വേദനകള്‍
ശത്രു വിന്റെകണ്ണിലെ കൃഷ്ണമണിയെ
മുറിച്ചെടുക്കുന്നതാണെന്റെ വേദനകള്‍
ശത്രു പാളയത്തിലേക്ക് പടക്കോപ്പുമായി
പാഞ്ഞു കയറുന്നതാണ് എന്റെ വേദനകള്‍
ഒരു വെടിയുണ്ട എന്റെ നേരെ ഉന്നം പിടിക്കുമ്പോള്‍
ആയിരം വേദനകള്‍ അവന്റെ
നെറ്റിത്തടം പിളര്‍ക്കുന്നു

അസ്ഥി മാടം

ഇച്ഛയുടെവിരലുകള്‍ പിടിച്ച്
അച്ഛനാണ് നടത്തിച്ചത്
ജീവിതം വെട്ടും ,കുത്തും നിറഞ്ഞ -
ഒരു പുസ്തകം
അമ്മയാണെന്നെ ആദ്യാക്ഷരം -
പഠിപ്പിച്ചത്
അമ്മിഞ്ഞപ്പാലും,ആശിസ്സുമാണ്
പിച്ച വെപ്പിച്ചത്
മനുഷ്യര്‍ക്ക്‌ മതമാകാന്‍ മാത്രകള്‍ -
മാത്രം മതിയായിരുന്നു
പകയാണ് അമ്മയെ പുകയാക്കി മാറ്റിയത്
അമ്മയും,ഉമ്മയും അവര്‍ക്ക് ബേദ മുണ്ടായിരുന്നില്ല
ഉണ്ടാകുമോ ഇന്നും എന്റെ വീട് ,അച്ഛന്‍
ഉറങ്ങാതെ കാത്തിരിക്കുന്ന
അമ്മയുടെ അസ്ഥി മാടം

ഓണച്ചന്തം

ശൈശവം കൈതവം കാട്ടി നില്പൂ
കൈ നീട്ടി നിന്നെ പുണര്‍ന്നു നില്പൂ
മുക്കുറ്റി പൂവേ നിന്‍ മഞ്ഞയല്ലേ
മോഹങ്ങളായെന്നില്‍ പൂത്തു നില്പൂ
മഞ്ഞിന്‍ പുതപ്പു വലിച്ചു നീക്കി
കണ്‍ മിഴിച്ചീടുന്നകുഞ്ഞു മുല്ലേ
മഞ്ഞ ക്കിളിതന്‍ കുസൃതികണ്ട്
നിറ ചിരിയാലെ തുടുത്തതെന്തേ
കാക്കപ്പൂ കണ്ണെഴുതിച്ച വാനം
ഏഴുവര്‍ണ്ണങ്ങള്‍വരച്ചുവെയ്ക്കെ
ഇന്നു നിന്‍ വിസ്മയ ഭംഗിയെന്റെ -
യുള്ളിലോണത്തിന്‍ കളങ്ങള്‍ തീര്‍പ്പൂ
കനകാംബരം പൂത്തഭംഗിയോടെ
കസവിന്റെ കോടി ഞ്ഞൊഞ്ഞുടുത്ത്
കന്യമാര്‍ കൈ കൊട്ടി പാട്ട് പാടും
തിരുവോണമേ നിനയ്ക്കെന്തു ഭംഗി

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ജന്മിയും,കുടിയാനും

നാകത്തില്‍നരകം പണിഞ്ഞ ജന്മി
ശോകങ്ങള്‍ മാത്രം സമ്മാനിച്ച ജന്മി
സമത്വ മില്ലായ്മയാം സത്യമെന്നു
പന്തമുയർത്തി പറഞ്ഞ ജന്മി
കോലോത്ത് കാണും കളപ്പുരയില്‍
അടിയാത്തി ക്കയ്ത്തം കല്‍പ്പിക്കാത്ത -
ജന്മി
പാദങ്ങളെന്നും പരിചരിക്കാന്‍
പാവങ്ങള്‍ തൄണമെന്ന് കരുതും ജന്മി
കാറുകള്‍ കീറ ത്തുണികള്‍ ചുറ്റി
മാനത്തൂടങ്ങിങ്ങായ് ഓടിടുമ്പോള്‍
ചോരുന്ന ചാള പ്പടിയില്‍ നില്‍ക്കും
അടിയാ ന് ആനന്ദ മൊന്നുമാത്രം
കാടി കുടിക്കുവാനില്ലെങ്കിലും
കീറ ത്തുണികള്‍ മുറുക്കി ച്ചുറ്റി
പാടച്ചെളി ച്ചാർത്ത് മൂടി വെയ്ക്കും
പച്ച പുതുപ്പട്ട് എന്നപോലെ
പകലന്തിയോളം പണിയെടുത്ത്
പാരിനു പച്ച ക്കുട പിടിക്കും

അരങ്ങൊഴിയട്ടെ ഞാന്‍

അരങ്ങൊഴിയട്ടെ ഞാനിനി
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ
ആവില്ലെനിക്കിനിയുമീ ജീവിതം
അഭിനയിച്ച്,അഭിനയിച്ച് ഫലിപ്പിക്കുവാന്‍
ഒറ്റ നിമിഷത്തിലായിരം വേഷങ്ങള്‍
ഒതുക്ക മോടെ ഞാന്‍ നടന മാടവേ
സ്വജന വേഷം ചമഞ്ഞു വന്നെത്തി
സുമ മനോഹര സുസ്മിതം കാട്ടിയോര്‍
താള മൽപ്പം പിഴച്ചെന്നു കാണവേ
തലയറുക്കെന്നു തകില് കൊട്ടുന്നു
കഴു മരവുമായ് കാത്തു നില്‍ക്കുന്നു
കച്ച കെട്ടുവാന്‍ കഴിയില്ലെനിക്കിനി
കളരിയില്‍ നിന്നും മാറി നില്‍ക്കട്ടെ
അരങ്ങൊഴിയട്ടെ ഞാനിനി
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ