malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ജൂൺ 7, ശനിയാഴ്‌ച

എത്ര കാലമെന്ന്



ഒറ്റ ക്കല്ലിൽ കൊത്തിയെടുത്ത
ശരീരമേ
നിന്റെ ജീവിത ചത്വരങ്ങളിൽ
കേൾക്കുന്നത്
ബഹു സ്വരതയുടെ സംഗീത മാണെന്ന്
തിരിച്ചറിയാൻ
മോഹത്തിന്റെ മൂടുപടം പറി ച്ചെറിയണം
ഉച്ചിയിൽ ചവുട്ടി നിൽക്കുന്ന
വേനലിന്റെ തീനാമ്പുകളിൽ
നിന്നുവേവണം
കർക്കിടക കാറ്റിന്റെ വിശപ്പിനേയും
സുനാമി തിരയിലെ കടൽ കാക്കയുടെ
ഉപ്പു മണവും അറിയണം
കാറ്റിന്റെ കൈ പിടി ച്ചെത്തുന്ന
മഴനീർ ചുഴികളിലലിയണം
ഉളിച്ചാലുകൾ പോലുള്ള നിന്റെ
നെറ്റിതടത്തിലെസംശയരേഖയെ
സമ്പത്തിന്റെ ഗുണനത്തിൽ നിന്ന്
സാധാരണക്കാരനിലെ വ്യവകലന-
ത്തിലേക്കെത്തണം
ഒറ്റക്കല്ലിൽ കൊത്തി എടുത്ത ശരീരമേ
നിന്റെ ജീവിതം എത്ര കാലമെന്ന്
നീ തന്നെ നിന്നോടു ചോദിച്ചു കൊണ്ടേ -
യിരിക്കണം

മാവിനോട്



മാവിനോടു മകൾ പറഞ്ഞു:
മാവേ,മാവേ എന്റെ മോഹം പോലെ
വളർന്നവൾ നീ
ഞാൻ പിച്ച വെച്ചപ്പോൾ
നീ പച്ച വിരിച്ചു
ഞാൻ വളർന്നു വരുമ്പോൾ
നീ തണൽ വിരിച്ചു
കന്യകയാം ഞാൻ കാത്തിരിക്കുമ്പോൾ
നീ തളിരിട്ടു
നീ മലരിട്ടു
നീ കായിട്ടു
മുറ്റമെന്നുമടിച്ചുവാരുന്നവൾ ഞാൻ
നീ പൊഴിചിടുംപൂന്തുകിലാ മിലകൾ
വാരി വൃത്തിയക്കുന്നവൾ   ഞാൻ
എന്നിട്ടും നീ എന്ത് പണിയാണിന്നു-
കാണിച്ചത്
ഈ ഇടവമാസ പുലരിയിൽ
ഉരിഞ്ഞിട്ടും ഉരിഞ്ഞിട്ടും തീരാത്ത
നിന്റെ ഉടയാടകൾ
മുറ്റമാകെ വിതറിയിട്ട് എന്നെ
ശു ണ്ഠി പിടിപ്പിച്ച്
ദുശശാസനായെന്നു വിളിക്കയാണോ
കൃഷ്ണേ നിന്റെ കൃഷ്ണൻ ഏത്
കൊമ്പിലാണ് മറഞ്ഞിരിക്കുന്നത്

കവിത്വം




കവിത എഴുതിയിട്ട്
കാല മെത്രയായി
ഞാനൊരു കവിത എഴുതി
എഴുതി കഴിഞ്ഞപ്പോൾ
ഒരു കല്ല്‌ കടി
കഷായം കുടിച്ച പ്രതീതി
കരളിൽ കര കാണാതെ
കടലിലലയുന്ന ഒരു കപ്പൽ.
കുറിച്ചിട്ടവ
കീറിക്കളഞ്ഞു
വീണ്ടു മെഴുതി
വെട്ടിയും,തിരുത്തിയും
തിരുത്തിയും,വെട്ടിയും
എന്നിട്ടും ഒരു വെട്ടവും,-
വെളിവുമില്ലായ്മ.
ഒരിക്കലും ആവിഷ്ക്കരിക്കാൻ
കഴിയില്ല
കവിത്വ മില്ലാതവന്
കവിതയെന്നു
കരളിടുക്കിൽ
ഒരു കപ്പൽ പൊട്ടിച്ചിതറി 

അപ്പനും ഞാനും എന്റെ മക്കളും


അപ്പനും മൂരികളും
ഒപ്പത്തിനൊപ്പം നടന്ന്
കളം വരയ്ക്കാറുണ്ട് കണ്ടത്തിൽ
ഒന്നിന് മുകളിൽ ഒന്ന് അതിനു മുകളിൽ
മറ്റൊന്ന്
ഓരോ ദീർഘ വൃത്തത്തിനും
ഒന്ന്,രണ്ടു,മൂന്നു എണ്ണിക്കൊണ്ട്
കളിയുടെ കല്ല്‌ വെയ്ക്കും ഞാൻ
വരമ്പിൽ.
തോക്കുറ്റി നാട്ടി കമ്മ്യൂണിസ്റ്റ് പച്ചയും
മരുതിൻ ഇലകളും തറിച്ച് കൂട്ടും ഞാൻ-
സ്കൂളിൽ പോകാനുള്ള മോഹത്തെ.
ചാണക പ്പൊടിയും,വെണ്ണീരും ചേർത്ത്
വാരിത്തൂവും സ്കൂൾ പറമ്പിലെ കുട്ടി കളികളെ.
കണ്ടപ്പുല്ല് കടിക്കാനുള്ള മൂരിയു ടെ മോഹത്തെ
മൂടും ഒരു മൂക്കുകൊട്ട.
പഠിക്കുവാനുള്ള എന്റെ മോഹത്തെ
വിശപ്പിന്റെ കൊട്ടയും.
വെയിൽ തിളയ്ക്കുന്ന നേരങ്ങളിൽ
അപ്പന്റെ പപ്പട വട്ട കഷണ്ടി കണ്ടാൽ
ഉച്ച സൂര്യനെ ഓർമ്മവരും
അപ്പനും അപ്പന്റെ കാലവും ഇന്നില്ല
ബാക്കിയാക്കിയ വെയിൽ ച്ചൂടിൽ
ഇന്നും പോകാറുണ്ട് ഞാൻ
ഓർമ്മകളിലെ അപ്പന്റെ ഒപ്പരം
അപ്പന്റെ കഥ കേട്ടാൽ കുട്ടികൾ
കളിയാക്കലും കൂട്ടച്ചിരിയുമാണ്
എന്റെ ഒപ്പരം വരാൻ കുട്ടികൾക്ക്
ഒട്ടും സമയമില്ല 

2014, ജൂൺ 6, വെള്ളിയാഴ്‌ച

മിഴി പ്പെയ്ത്ത്


  അന്നും പ്രഭാതത്തിൽ എന്നുമെന്നതു പോലെ
മഴക്കൂട്ടുമായ് ച്ചേർന്നവൻ നടന്നു
വഴിക്കണ്ണിനോരത്ത് വയൽ വരമ്പത്തൂടെ
കുന്നുംപുറം കേറി മറഞ്ഞു പോയി
കള്ളി ക്കുപ്പായവും പുള്ളി ക്കുടയുമായ്‌
പള്ളിക്കൂടത്തിലവനണഞ്ഞു
നാലുമണി വീണുടഞ്ഞുള്ള നേരത്ത്
ചങ്ങാതിമാർ നാല് പേരവർ നാൽ വഴി
യാത്ര പറഞ്ഞു പിരിഞ്ഞു പോയി
കണ്ടവർ കേട്ടവർ കേമത്തരം ചൊല്കെ
കഥ യറിയാതമ്മമിഴിച്ചു നിന്നു.
പിന്നെ യിന്നോളമാ മിഴിവെട്ടം കണ്ടില്ല
കേട്ടതില്ലാ കുഞ്ഞു പാദ ചെത്തം
മൊഴി മുത്തു വീണു ചിലമ്പിച്ചതില്ല
മഴ(മിഴി)പിന്നെ യിന്നോളം തോർന്നതില്ല
അപ്പടി ക്കെട്ടിലിരിക്കും മരപ്പാവ, പോൽ-
മിഴി നീട്ടിയാ അമ്മയെന്നും
ചിന്തകൾ ചിക്കെന്നുണരുന്ന നേരത്ത്
ചീന്തും മുള പോലെയാ  മഴ പ്പെയ്ത്ത്
ഇന്നും പടിപ്പുര നിന്നൊരാ സ്ഥാനത്ത്
എത്തുമ്പോൾ ഞാൻ കേൾക്കും മഴപ്പെയ്ത്ത്
അറിയാതടരും മിഴിപ്പെയ്ത്ത്  

2014, ജൂൺ 4, ബുധനാഴ്‌ച

ആളെ അറിയാതെ അയവെട്ടുന്ന രാഷ്ട്രീയം



ആലിക്കയുടെആട് തടിച്ചു കൊഴുത്തു.
നാട്ടിൽ രാഷ്ട്രീയ കയ്യാങ്കളി
മുഷ്ട്ടി ചുരുട്ടി കട്ടായം വെല്ലുവിളി
പോസ്റ്ററു കീറിയതിന് ഇരു പാർട്ടി ക്കാരും
പരസ്പരം കടിച്ചു കീറി
പുതിയ പോസ്റ്റർ ഒട്ടിച്ച് കട്ടപ്പാരയുമായ്
കാത്തിരുന്നു ഒരു വിഭാഗം
പോസ്റ്ററു പറിക്കുന്നവന്റെ  ജീവൻ
പറിക്കുമെന്ന് പ്രതിജ്ഞ എടുത്തു
ആലിക്കയുടെ ആട്  അടങ്ങനെ -
പറിച്ചു അന്നും പോസ്റ്റർ
ആലിക്ക വെട്ടേററ് ആശു പത്രിയിൽ
ആട് അയവെട്ടി ആലയിൽ

വൃദ്ധത്വം



യൌവനത്തിലേക്കെത്തീടിൽ
യാത്രയായ് പിന്നെ മക്കൾ
ജോലിയൊന്നുണ്ടെന്നാകിൽ
ജാലമാം പിന്നെ ജീവിതം
ഇച്ഛയാലെ ചരിച്ചീടാൻ
അച്ഛനമ്മമാർ പിന്നെ വിഘ്നമായ്
വിവാഹ മൊന്നൊത്തെന്നാലൊ
വേറിട്ട്‌ പോകയായ്‌ തൽക്ഷണം
ശേഷി അൽപ്പ മുണ്ടെന്നാകിൽ
വീട്ടു കാവലാളായും,വേലക്കാരായും
തള്ളി നീക്കിടാം ശേഷിച്ച ജീവിതം
ശോഷിച്ചു  പോയെന്നാകിലോ
നട തള്ളിടും അമ്പല നടകളിൽ
കറവയുള്ള പശുവെങ്കിൽ
കൂറോടെ  വളർത്തിടും
കറവ വറ്റി പോകിലോ
അറവു ശാലയ്ക്ക് തള്ളിടും  

പ്രണയപൂർവ്വം



ചിറകറ്റു വീണയെന്നരികത്തുനീയിനി
ചിറകില്ലാ ചിറകായി ചേർന്നു നിന്നീടുക
ഇരുൾ വീണ കരളിന്റെ ഇതളിൽ മൃദുസ്മിത
പ്രണയ പ്രകാശമായ്  പാടേ നിറയുക
പഥികനാം ഞാനിനി പാരിതിലലയുംപോൾ
സത്യ പ്രതീക്ഷതൻ പാഥേയ മാവുക
കണ്ണിൽ കരുണതൻ ദീപം തെളിച്ചു നീ
സായന്തന പൂവായ് കാത്തു നിന്നീടുക
ഹൃദയത്തിലൊരു കൃഷ്ണ മുരളിയുമായിനീ
കായാമ്പു തൻ കൊമ്പിലേറിനിന്നീടുക
കരളിലെ നീറുന്ന മുറിവിന്റെ മുനകളെ
ഹൃദയ രാഗത്താൽ പറിച്ചെടുത്തീടുക
കണ്ണുനീരൊക്കെ കവർന്നെടുത്തിന്നു നീ  
കദന കടലിലൊഴുക്കി കളയുക
കാലമേ ഇനിയെന്റെ പ്രണയ പരാഗമാം
വെള്ളരി പ്രാവിനെ പാരിൽ പറത്തുക
എങ്ങും തളിർക്കട്ടെ മാനവ സ്നേഹം
എങ്ങും നിറയട്ടെ സ്നേഹ സല്ലാപം  

മുകുന്ദേട്ടന്റെ പുറപ്പെട്ട് പോക്ക്



ഉറുമ്പുകൾ പണിത പാതയിൽ
പാറ്റയുടെ ശവഘോഷ യാത്ര -
നോക്കിയിയിരിക്കുന്നു അയാൾ
ബുദ്ധി മൂക്കാത്ത മുകുന്ദേട്ടൻ.
മണലെഴുത്താണ് പണി
മണിയനീച്ചകളുമായി
ഒളിച്ചും പൊത്തും കളികൾ.
പുറപ്പെട്ടു പോകാൻ തുടങ്ങിയപ്പോഴാണ്
കാലുകളെ ചങ്ങല്യ്ക്കിട്ടത്‌
അകത്തളത്തിൽ ആനയായി
മുട്ടിലിഴയും മുകുന്ദേട്ടൻ
വയസ്സ് കൂടുന്തോറും
വെളിവ് കൂടി ക്കൂടിവന്നു മുകുന്ദേട്ടനു
പുറത്തേക്ക് ഇറങ്ങുമ്പോൾ
കൂട്ടിനു കൈയ്യിൽ ചങ്ങലയും
പുറപ്പെട്ടു പോകുവാൻ തോന്നുമ്പോൾ -
മുകുന്ദേട്ടനെ ചങ്ങലയ്ക്കിടും മുകുന്ദേട്ടൻ
മുകുന്ദേട്ടനെ കാണുമ്പോൾ ഇന്നും
പുറപ്പെട്ടു പോകാറുണ്ട് എന്റെ മനസ്സ്
കഴിഞ്ഞു പോയ കുഞ്ഞു നാളിലേക്ക് 

2014, ജൂൺ 3, ചൊവ്വാഴ്ച

അലങ്കാര വസ്തു



അലങ്കാര മത്സ്യങ്ങൾ
നിന്റെ അഹങ്കാരമാണ്
ജീവൻ പണയം വെച്ചാണ്
അവ ജീവിക്കുന്നത്
കടലിടുക്കുകളിൽ,പവിഴ പുറ്റുകളിൽ
സമാധാനത്തിന്റെ അകത്തളങ്ങളിൽ
പാർത്തിരുന്നവ.
നിന്റെ അകത്തളത്തിലെ
പീഡന പേടകത്തിൽ
കുത്തനെ നിന്ന് കുമിളകളായി
പ്രാർഥിക്കുന്നത്
അഹങ്കാരിയായ ഹേ, മനുഷ്യ
നിന്നെ നിന്റെ പിൻ മുറക്കാർ
അലങ്കാര വസ്തുവായ്‌ അടച്ചിടട്ടെ
എന്നുതന്നെ യായിരിക്കും

റിസൽട്ട്

പത്തു മാസ പഠനം
മധു വിധു വായിരുന്നു
പരീക്ഷയെ ഗർഭം ധരിച്ചു
ആകാംക്ഷ അധികരിച്ചപ്പോൾ
റിസൾട്ടിനു സ്കാനിംഗ്
ഗ്രേഡിങ്ങിൽ ലിംഗനിർണ്ണയം
ശിക്ഷാർഹമെന്നു യൂണിവേർസിറ്റി 

2014, ജൂൺ 2, തിങ്കളാഴ്‌ച

അയവിറക്കാൻ ഇനി ആകാശ വയലുകൾ



ഇറങ്ങി പോകുമ്പോഴുള്ള വയലുകൾ
തിരിച്ചു വരുമ്പോൾ കാണാനില്ല
കറുത്ത കച്ച പോലുള്ള നീണ്ട റോഡ്‌
കതിര് വിളഞ്ഞ കണ്ടത്തിൽ കെട്ടിടങ്ങൾ
ചളിയിട്ട് തേച്ചു മിനുക്കിയ നട വരമ്പ് -
സീബ്രാ വരകൾ
കൂവല് കുത്തിയ ഭാഗത്ത് ക്രിക്കറ്റ് കോർട്ട്
ഏളകളെ ആട്ടാൻ കെട്ടിയ മാടം
പോലീസ് എയിഡു പോസ്റ്റ്
അങ്കലാപ്പിന്റെ ടാറു രുക്കത്തിൽ
കാലുകൾ പുതയുമ്പോൾ
അറിയാതെ മുകളിലേക്കൊന്നു നോക്കി  
ഹാവൂ സമാധാനമായി
മേഘവയൽ ഇപ്പോഴും അവിടെതന്നെയുണ്ട്
മഴവിൽ വരമ്പ് മുറിയാതെ കിടപ്പുണ്ട്
ഏളകൾ ആളനക്കമില്ലാത്തതിനാൽ
കൂട്ടത്തോടെ വരുന്നുണ്ട്
വിളഞ്ഞു കിടപ്പുണ്ട് സൂര്യന്റെ കതിരുകൾ