malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച

നേരവും, കാലവുമില്ലാതെ ........


ചവറ്റിലക്കിളികളെപ്പോലെ
വളപ്പിൽ മേഞ്ഞു നടക്കുന്ന കുട്ടികളുടെ
കാതിൽ
ഉണങ്ങിയ ഇലവീഴുന്നതുപോലുള്ള
അവളുടെ ശബ്ദം എത്തി നോക്കുന്നു

കുട്ടികളെ കളിക്കാൻവിട്ട്
ഉണങ്ങാനിട്ടനെല്ലിന് കാക്ക കാവലിരിക്കുന്നു!
ഉണ്ടക്കൊപ്പര കൊത്തിയിടുന്ന അപ്പൻ്റെയൊപ്പരം പുറത്തെ വിയർപ്പിന്നുപ്പ് നക്കിത്തുടച്ച്
കന്നുകുട്ടി രസിക്കുന്നു

ഞാഞ്ഞൂളിനെ കൊക്കിലുയർത്താൻ
കഴിയാത്ത കുഞ്ഞുകോഴിയെ
ഉത്സാഹത്തോടെ സഹായിക്കുന്നു തള്ളക്കോഴി

കാൽമുഖം കഴുകി
വാലൊന്നുകൂടി കാലിനടിയലേക്കു തിരുകി
കോട്ടുവായിട്ട് ഉച്ചമയക്കത്തിനൊരുങ്ങുന്നു -
പൂച്ച

അവൾ,
അടുക്കളയിൽ, അടുപ്പിൽ ,
അകത്തളത്തിൽ ,കൊട്ടത്തളത്തിൽ ,
അരക്കല്ലിൽ, നനക്കല്ലിൽ

ഒരുകെട്ട് മോഹത്തെ പൊട്ടിച്ചെടുത്ത് -
അടുക്കിവെച്ച്
ഒരു കൊട്ടസ്നേഹത്തെ ഒക്കത്തെടുത്ത്
വീടുചുമന്ന്, വിളിച്ചും, പറഞ്ഞും
നേരവും കാലവുമില്ലാതെ ........

2022, ഫെബ്രുവരി 26, ശനിയാഴ്‌ച

മരണകാരണം


നേരം പുലരുന്നതേയുള്ളുപോലും
പാതയോരത്തായിരുന്നു പോലും
പത്രക്കാരനാണുപോലും കണ്ടത്
ദൂരെനിന്ന്നോക്കുമ്പോൾ
പത്രക്കെട്ടെന്ന് തോന്നിപോലും

കുത്ത്
വെട്ട്
ചതവ്
പുറമേനിന്ന് നോക്കിയാൽ
പോറലുപോലും കാണാനില്ലെന്ന്

അല്പം ചരിഞ്ഞായിരുന്നുപോലും
ചെറുചിരി ചുണ്ടിൽപോലും
പാതിമയക്കത്തിലോ,
നമ്രമായകണ്ണുകൾ താഴേക്ക്നോ
ക്കുന്നതുപോലെയോ തോന്നിപോലും

പ്രായം അധികമൊന്നുമില്ലെന്ന്
വിവാഹിതയാണോയെന്നറിയില്ലെന്ന്
വേഷം വെള്ളനിറമുള്ള സാരിയെന്ന്
അരികിൽനിന്ന്നോക്കിയാൽ കോമള -
മായഒരില പൊഴിഞ്ഞുവീണപോലെയെന്ന്

ഇരുമ്പുകൊണ്ടുള്ള ആയുധമൊന്നും
ഉപയോഗിച്ചിരുന്നില്ലെന്ന്
ഇരയൊന്ന് പിടഞ്ഞ ലക്ഷണംപോലു-
മില്ലെന്ന്

പക്ഷെ;
മരണകാരണം
കാടത്തത്തിൻ്റെ
വിഷമുള്ള മാംസത്തിൻ്റെ
ആയുധം കൊണ്ടെന്ന്
പോസ്റ്റ്മോർട്ടം റിപ്പോർട്ട്


2022, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ജീവിതത്തോളം


ലോകം പൊടുന്നനെയങ്ങ്
വിടർന്നു വികസിച്ചു
പരസ്പരം തിരിച്ചറിയാതെ
തൊട്ടുതൊട്ടില്ലെന്ന മട്ടിൽ
കാലം കടന്നു പോയി

മൗനത്തോട് മതിമറന്ന്
സംസാരിച്ചുകൊണ്ട്
ദു:ഖത്തിൻ്റെ മാറാപ്പും പേറി
അയാൾ നടക്കുന്നു

പിരിമുറുക്കങ്ങൾ പിണഞ്ഞ
വള്ളിപോലെ
നെറ്റിത്തടത്തിൽ തെളിഞ്ഞു
നിൽക്കുന്നു

വായനക്കാരാ,
മുന്നിലേക്കു വെച്ചുനീട്ടുന്ന
കവിതകളെക്കുറിച്ച് എന്തു
തോന്നുന്നു?

കവിതകള്ളത്തരമെന്നൊ?!
അതോ,നൊസ്സുകൊണ്ടുമെന
ഞ്ഞെടുത്ത മഴവില്ലെന്നോ

മറവിയുടെ നിഴൽ വീണ
വഴുക്കൻപാതയിലൂടെ
അവനവനെ തിരഞ്ഞുകൊണ്ടിരി
ക്കയാണെന്നോ?

മസ്തിഷ്ക്കത്തിളപ്പിൽ
നുരഞ്ഞു പൊന്തിയ ഒരു പുഴു
ചിന്തയുടെ പ്യൂപ്പയിൽനിന്നുണർന്ന്
വർണ്ണശലഭമാകുന്നുവെന്നോ?

വായനക്കാരാ,
ഒരു നിമിഷം നിൽക്കണേ
എത്ര ദുരിതത്തിലാണെങ്കിലും
സ്വന്തം ജീവിതത്തോളം
നല്ലൊരു കവിത
വായിച്ചിട്ടുണ്ടാവില്ല
നമ്മളൊരിക്കലും

ആഴം


ഒറ്റയ്ക്കിരിക്കുമ്പോൾ
ഓരം കെട്ടിയ
ഓർമ്മയുടെ ഓരോകല്ലുകൾ
ഊർന്നു വീഴുന്നതു പോലെ

നിൻ്റെ കണ്ണിലെ തോണിയിൽ
തുഴഞ്ഞു തുഴഞ്ഞു പോകുന്ന
എന്നെ തന്നെ ഞാൻ നോക്കി
ഇമയുടെ ഇട്ടയ്ക്ക് നിൽക്കുന്ന
തുപോലെ

വാക്കിൻ്റെ വക്കിൽനിന്ന്
വേവലാതിയുടെ നരന്ത് വള്ളി
പിടിച്ച്
വഴുക്കുള്ള പടവിലൂടെ
പതുക്കെ ഇറങ്ങുന്നതുപോലെ

നോക്കെത്താതെ
വാക്കെത്താതെ
ഇരുളുറഞ്ഞ്
പുകപടർന്ന്
പെരുവിരലിൽനിന്നും
ഉച്ചിയോളം പടരുന്ന
പതർച്ചയും തളർച്ചയുമായി
ഓർക്കുമ്പോൾ തന്നെ
മറക്കാൻ ശ്രമിക്കുന്നത്

2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

അതിരിലെമരങ്ങൾ


ഞാൻ നട്ടതെല്ലാം നിന്നിലേക്ക് പൂക്കുന്നു
നീ നട്ടതെല്ലാം എന്നിലേക്കും
നിന്നിലെ പൂക്കുല ഞാൻനുള്ളുന്നു
എന്നിലേത് നീയും

എനിക്ക് നിൻ്റെ മണ്ണ്
നിനക്ക് എൻ്റെ ആകാശം
എൻ്റെ കാറ്റിൻ കൈകൾ നിൻ്റെ ഇലയിൽ
പ്രണയകവിത കുറിക്കുന്നു
നിൻ്റെ കാറ്റിൻ കൈകൾ എൻ്റെ ഇലയിലും

നാം നമ്മിലേക്ക് പടർന്നേറുന്നു
അവരുടെ കല്പനകളെ തെറ്റിക്കുന്നു
ഞെളിഞ്ഞു നിൽക്കുന്നവർ
വളഞ്ഞു പോയെന്ന് പുച്ഛിക്കുന്നു

അതിരിലെ മരങ്ങളെന്നു പറഞ്ഞ്
അന്നേ അകറ്റിനിർത്തിയവർ അവർ
അറംപറ്റുന്ന വാക്കുകളാൽ
അറുത്തുമാറ്റിയവർ

2022, ഫെബ്രുവരി 16, ബുധനാഴ്‌ച

ശാന്തത


മൗനത്തിലാണ് എന്നതിനർത്ഥം
ശാന്തമാണ് എന്നല്ല
ഏതു നിമിഷവും
മൗനത്തിൻ്റെ ചിറകറ്റു വീണേക്കാം
ശാന്തത റദ്ദാക്കപ്പെട്ടേക്കാം
ഭയം ഒരുമാറാവ്യാധിപോലെ
നമ്മിലെന്നുമുണ്ട്

ഭയത്തിന് ഇരട്ട മുഖമാണ്
ഒന്ന് ദുരന്തം വിതയ്ക്കുന്നു
മറ്റൊന്ന് ദുരന്തത്തിൽ നിന്നും -
രക്ഷിക്കുന്നു
ഇതിൽ ഏതുമുഖത്തിനാണ്
മേൽകൈയെന്നേ നോക്കേണ്ടതുളളു
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ -
എന്നപോലെ

മൗനം ചിലപ്പോൾ വാൾമുനകളെ
രാകിക്കൊണ്ടിരിക്കുന്നു
ശാന്തതയെ ആഴമുള്ളകുഴിയിലേക്ക്
തള്ളാൻ തയ്യാറെടുക്കുന്നു
ആത്മ സഞ്ചാരങ്ങൾക്ക് ജീവൻ -
നൽകിയ വാക്കുകളെ
മുളയിലേ നുളളിക്കൊണ്ടിരിക്കുന്നു

ചിലപ്പോൾ മൗനമൊരു മിസ്റ്റിക് കാവ്യമാണ്
ശാന്തതയുടെ ഭീകരചിലന്തിവലയിൽ
കുടുങ്ങിക്കിടക്കുകയാണെന്ന് നാം
അറിയുകയേയില്ല

2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

കൊറോണ പഠിപ്പിച്ച പാഠം


പാഠങ്ങളെത്ര പഠിച്ചു നമ്മൾ
പരിപാവനമെന്നു നിനച്ചുനമ്മൾ
പാടിപ്പഠിപ്പിച്ചു ,ചൊല്ലിപ്പഠിപ്പിച്ചു ,-
നാട്ടറിവായതുകേട്ടു പഠിച്ചു
പുസ്തകത്താളിൽ നാം എഴുതി -
പ്പഠിച്ചു.

അനുഭവംകൊണ്ടു പഠിച്ചതുണ്ടി -
ന്നുനാം
മരിച്ചാലും മറക്കാത്തൊരനുഭവ -
പാഠം
കൊറോണയെന്നുള്ള മഹാമാരി -
വന്നപ്പോൾ
മനുഷ്യനെങ്ങനെയാകണമെന്നുള്ള
പാഠം

ജീവിതം പണവും, പത്രാസുമല്ലെന്നതും
പ്രാണൻ പണത്തിൻ പിന്നാലെയല്ലെന്നതും
ഒന്നിനോടൊന്നുചേരുമ്പൊഴേ പൂർണ്ണത -
യെന്നതുകൈവരു എന്നുള്ള തത്വവും

അന്നാണു നമ്മൾ മനുഷ്യനെ കണ്ടതും
സ്നേഹമെന്തെന്നുള്ള സത്യമറിഞ്ഞതും
അന്നോളം ചിലരെ കണ്ടില്ലെന്നു നടിച്ചതും
ഇന്നവർ കൺകണ്ട ദൈവമായ് തീർന്നതും

പട്ടിണിക്കാർപോലും പട്ടിണിയെന്തെന്നറിയാ-
തെ മുന്നോട്ടു പ്രയാണം തുടർന്നതും
ഒരുനാട് ഒന്നാകെ ഒരുമനസ്സാകയും
ഒരുമെയ്യെന്നപോൽ കാത്തു സൂക്ഷിക്കയും

അനുഭവം ഗുരുവെന്ന സത്യമറിയുക
ആ സത്യമെന്നും നാം കാത്തുസൂക്ഷിക്കുക
ഇനിയും മഹാമാരി വന്നിടും കാലത്ത്
അനുഭവം കൊണ്ടെതിരിട്ടു ജയിക്ക നാം

2022, ഫെബ്രുവരി 13, ഞായറാഴ്‌ച

മാറിപ്പോയത്


മഴയുടെ മണിപ്രവാളം കേട്ടാണ്
ഉണർന്നെഴുന്നേറ്റത്
ഇറങ്കല്ലിലേക്കിറങ്ങി പറഞ്ഞു:
മഴയ്ക്ക് മാറിപ്പോയി മാസം
ചീറിവന്ന ഒരു ചാറ്റൽ മഴ പറഞ്ഞു:
മാറിപ്പോയത് മനുഷ്യ മനസ്സാണെടൊ

ഭാഷ

 

വർഷങ്ങൾക്ക്മുമ്പ് :
പ്രാക്തനമായ ഒരുവാക്ക് വന്ന്
എൻ്റെ നാവിൽ തൊട്ടു

അവയോർത്ത്
ഉറക്കത്തിൽ ഉറുഞ്ചിക്കുടിച്ചു
തെളിഞ്ഞ് ചിരിച്ചു
പതുക്കെ കരഞ്ഞു

അകനാവ്ചുരന്ന് തൊണ്ണ്
കാട്ടി ആർത്തു വിളിച്ചപ്പോൾ
അച്ഛനുമമ്മയുമതിനൊരു
ഭാഷ്യംചമച്ചു

ആദ്യഭാഷയിൽ അവർ ആനന്ദിച്ചു
അവ ആവർത്തിച്ച് സന്തോഷിച്ചു
എന്നാൽ,
എന്നിലവയ്ക്ക് രൂപാന്തരം വന്നുകൊ
ണ്ടേയിരുന്നു

പിന്നെയവ തലച്ചോറിൽവെന്ത്
പാകമായി
പ്രാക്തനവാക്കുകൾ പുതുവാക്കായി
പാതിവാക്കുകൾ മുഴുവാക്കായി

ഇന്ന്,
അച്ഛനുമമ്മയുമില്ല
പുതുവാക്കുകൾ എന്നെവിട്ടുപോകുന്നു!
പ്രാക്തനകാല വാക്കുകൾ എന്നെ വന്നു
തൊടുന്നു!!

ഇതേതു ഭാഷയെന്ന് മക്കൾ പരസ്പരം
പിറുപിറുക്കുന്നു
പുതു വാക്കിന് പുരപ്പുറവും തപ്പിനോക്കി
വിയർക്കുന്നു

അഗ്നിപുഷ്പം


പ്രിയേ,
നിറയെ പൂത്തുനിൽക്കുന്ന
ഒരു വൃക്ഷമാണു നീ
ഏതു ശിശിരത്തിലും
ഏതു ഗ്രീഷ്മത്തിലും
നീ എന്നിൽ പൂത്തു നിൽക്കുന്നു

മണ്ണിൽ അള്ളിപ്പിടിച്ചുനിൽക്കുന്ന
മരത്തിൻ്റെ വേരുകൾ പോലെ
നമ്മിൽ പ്രണയം അള്ളിപ്പിടിച്ചു
നിൽക്കുന്നു
നുള്ളി നോവിക്കുവാനുള്ളതല്ല
നുണഞ്ഞു സ്നേഹിക്കുവാനുള്ള
താണ് പ്രണയം

ഉടലഴകുകളിൽ
ഉന്മത്ത ശാഖകളിൽ
നമുക്ക് ചിത്രങ്ങൾ വരയ്ക്കണം
രാത്രിയുടെ ഏതോ യാമത്തിൽ
ഞെട്ടറ്റ ഇലയെപ്പോലെ
നിദ്രയിലേക്ക് അടർന്നു വീഴണം

പ്രിയേ,
വേരറ്റംമുതൽ ഇലയറ്റം വരെ
ജ്വലിച്ചു നിൽക്കുന്ന അഗ്നിയെ
പ്രണയമെന്നല്ലാതെ
എന്തു പേരിട്ടു വിളിക്കും
അതിൽ നമുക്ക് എരിഞ്ഞമരണം

2022, ഫെബ്രുവരി 12, ശനിയാഴ്‌ച

ഒടുക്കം


ഇരുട്ടത്രയും കെട്ടിക്കിടക്കുന്ന
വാ തുറന്ന വ്യാഘ്രം പോലെ -
പൊട്ടക്കിണർ
പാതിവെന്ത കരിന്തിരിപോലെ
അവളതിൻമുന്നിൽ

രക്തംതളം കെട്ടികിടക്കുന്നു
അവളുടെ കണ്ണിൽ
പുകഞ്ഞുകത്തുന്ന പച്ചവിറകി
ൽ നിന്നെന്നപോലെ
ഒരു കുഞ്ഞുനിലവിളി പിടിച്ചു   
നിർത്തുന്നു

എടുത്താൽ പൊങ്ങാത്ത ഭാരം
പോലെ,
വ്രണങ്ങളുടെ പാടുപോലെ
കാഴ്ചയുടെഅറ്റത്ത് ചെറ്റക്കുടിൽ
നിറഞ്ഞു നിൽക്കുന്നു

പ്രതീക്ഷയുടെ ചതഞ്ഞ മുകുളം
പോലെ ഒരു കുഞ്ഞ്
ജീവിതദാഹം വറ്റിപ്പോയ ഒരമ്മ
പിഞ്ഞിയകുപ്പായത്തിനുള്ളിൽനിന്നും
തെറിച്ചു നിൽക്കുന്നു അവളുടെ
യൗവ്വനം
പാറിപ്പറക്കുന്നു മുള്ളുപോലെ ഉലർന്ന
എണ്ണമയമില്ലാത്ത മുടി

ദാരിദ്ര്യത്തിൽ നിന്ന്
സ്വന്തത്തെ മോചിപ്പിക്കുവാൻ
വഴി കാണാതെ
കുഞ്ഞിൻ്റെ കണ്ണിലെ കുട്ടിത്തത്തെ
അവൾ വാരിപ്പുണർന്നു
തികഞ്ഞ രൂപംകാണുന്നതിനായി
വാ തുറന്ന വ്യാഘ്രത്തെപ്പോലെ
മലർന്നു കിടക്കുന്ന പൊട്ടക്കിണ
റിലേക്ക്നടന്നു

2022, ഫെബ്രുവരി 10, വ്യാഴാഴ്‌ച

അനുഭവങ്ങൾ


വഴികളിലെ ഇലകളിൽ
പറ്റിപ്പിടിച്ച മണ്ണുകളെപ്പോലെ
കഴിഞ്ഞകാല അനുഭവങ്ങൾ
മനസ്സിൽ പറ്റിപ്പിടിച്ചു നിൽക്കണം

അടയാളപ്പെട്ട അനുഭവങ്ങൾ
വഴിയും, വഴികാട്ടിയുമാണ്

അനുഭവങ്ങളെ,
അടുക്കിപ്പെറുക്കി വെയ്ക്കുവാൻ
മിനക്കെടരുത്

ഓരോ അനുഭവവും
അതതു കാലത്തിൻ്റെ തീക്ഷണത
അതുപോലെ പരാഗണം ചെയ്യപ്പെടേ-
ണ്ടതിനാൽ
ഉലയിലിട്ട് ഉരുവപ്പെടുത്തേണ്ട

ഏത് ഇരുട്ടിൽ നടക്കുമ്പോഴും
കുഞ്ഞിലതൊട്ട് വിളിക്കുമ്പോലെ
സീബ്രാവരയുടെ സുരക്ഷിതത്വത്തിലും
വണ്ടിയിടിച്ചു തെറുപ്പിക്കുമ്പോലെ
അത്രയും യാദൃച്ഛികമായി ഓർമ്മിക്ക -
പ്പെടണം അനുഭവം

കുടുങ്ങിക്കിടക്കുന്ന സിഗ്നൽ പോയൻ്റിൽ
കുതിച്ചു പായുന്ന ആംബുലൻസാകണം
അനുഭവം

അനുഭവങ്ങളെ,
ഓർമിക്കുകയേ അരുത് !

2022, ഫെബ്രുവരി 9, ബുധനാഴ്‌ച

കൊറ്റി


ചൂണ്ടി നിൽക്കുന്ന
കൊക്കും
ചോദ്യചിഹ്ന നിൽപ്പും
മീനോട് ചോദിക്കുന്നത്
കാണണോ നിന്നെ
പിടിക്കുന്നത് എന്നല്ലെ?!

അകലം


അളക്കുവാൻ
തുടങ്ങിയിട്ട്
കാലം കുറേയായി
അളന്നെടുക്കുവാൻ
കഴിഞ്ഞിട്ടില്ലയിന്നേവരെ
മരണത്തിൻ്റെ അകലത്തെ

2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

പ്രണയമേ....


ചില നേരങ്ങളിൽ
നിൻ്റെ കണ്ണിലെകാട്ടിൽഞാൻ
അകപ്പെട്ടു പോകാറുണ്ട് !

ഇലച്ചാർത്തുകളിൽ നിന്ന്
ചെറുകൂജനമുയരുമ്പോൾ
ചെറിത്തോട്ടത്തിലെന്നു -
തോന്നാറുണ്ട്

അന്നേരം,
ഇണപക്ഷികളെപ്പോലെ
നാം കൊക്കുകളുരുമ്മുകയും
തൂവലുകൾ ചികയുകയും
ചില്ലകളിലെ ചെറിപ്പഴത്തിലെ
കവിത നുണയാറുമുണ്ട്

ചില നേരങ്ങളിൽ
ഓർമകളുടെ നനുത്ത പഞ്ഞി -
ക്കൂട്ടത്തിൻ
മഞ്ഞുതുള്ളിയിൽ
നിലാത്തുമ്പിൽ
ഞാനെന്നിൽതന്നെ നിന്നെ
തിരയാറുണ്ട്

2022, ഫെബ്രുവരി 5, ശനിയാഴ്‌ച

പിൻമടക്കം

 

പിൻമടക്കം

പേരിൽ
ജാതിപ്പേരിൻ
വാലുമുളച്ചുതുടങ്ങിയ -
പ്പോഴാണറിഞ്ഞത്
മനുഷ്യർ
പൂർവ്വികരിലേക്കുള്ള
പിൻമടക്കമെന്ന്

അമ്മയുടെ ദുഃഖം


പാഴ്നിഴലാകുന്നു ജന്മം
പരിതപിച്ചിട്ടെന്തു കാര്യം
ദുഃഖഭൂപടമാകുന്നു അമ്മ
പുത്ര ദു:ഖത്തിൻ പര്യായം

പീലി വിരുത്തേണ്ട ജന്മം
ചാരെ കിടപ്പതു കാൺകേ
ചാരുവാം ചെറു ശില്പം
തട്ടിമറിഞ്ഞതുപോലെ

കാലമേ തൃക്കൺമിഴിക്കാൻ
കാരണമെന്തെന്നു ചൊല്ലൂ
ഏഴകളായവർക്കെന്നും
ഇഴയുവാനുള്ളതോ ജന്മം

ഉടഞ്ഞ ജന്മങ്ങളൊരഗ്നി -
സന്ദേശമോ
മർത്യാ നിൻനെറ്റിയിൽകാലം -
വരച്ചുള്ളവര നെറ്റിക്കണ്ണെന്ന-
റിയുക

മീനമദ്ധ്യാഹ്നംമാത്രം വരം -
നൽകിയ കാലമേ
പൊട്ടിപ്പോകും നിൻ്റെയാ -
ഒറ്റക്കണ്ണും
അമ്മതൻ നെഞ്ചുവേവും
ചൂടിനാൽ

2022, ഫെബ്രുവരി 2, ബുധനാഴ്‌ച

പിൻനടത്തം


കൊള്ളുകേറി
കുണുങ്ങിവന്ന
ഒരു കുഞ്ഞു കവിത
മുറ്റത്തുമ്പു തടഞ്ഞ്
കമിഴ്ന്നടിച്ചു വീണു

വാതിലിൻ്റെ
ഒറ്റപ്പാളിമാത്രംതുറന്ന്
ഒരു കുസൃതിക്കാറ്റ്
അകത്തേക്ക് എത്തി -
നോക്കി

കിഴക്കെ മതിൽക്കെട്ടിലെ
മാവിൽനിന്ന്
ഡപ്പ കളിച്ചു കൊണ്ടിരിക്കുന്ന
അണ്ണാൻ കുഞ്ഞിൻ്റെ
കൈയിൽ നിന്ന്
റബ്ബർ പന്തുപോലെ ഒരു
കിടുക്കാച്ചിമാങ്ങ തെറിച്ചുവന്ന്
തൊട്ടാവാടിക്കാട്ടിലൊളിച്ചു

കഴമ്പുമണവും പേറി
കുന്തിച്ചിരിക്കുന്നുണ്ട്
കോലായിലൊരു ചാരുകസേര

വാനിറയേ ചിരിച്ച്
ചുവന്ന ചാറ്പാറ്റിത്തുപ്പി
അമ്മിഞ്ഞയെ മടിയിൽ കിടത്തി
കാലും നീട്ടിയിരിപ്പുണ്ട്
അടുക്കളപ്പുറത്ത് ഒരമ്മിക്കല്ല്

ഓർമ്മകളിൽനിന്ന് ഒരെട്ടുവയസ്സു -
കാരൻ
ഞെട്ടിയുണർന്ന് എഴുന്നേറ്റ് നടക്കുന്നു
അമ്പത്തഞ്ചു വയസ്സുകാരനായി

2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

പ്രണയം


നിൻ്റെ കൂടെയിരിക്കുമ്പോൾ
നീ നിറയെപൂത്ത കൊന്നയും
തഴച്ചു തളിർത്ത
തണൽമരവുമാകുന്നു