malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, സെപ്റ്റംബർ 30, ശനിയാഴ്‌ച

മണ്ണിലേക്കിറങ്ങുമ്പോൾ


ചായും വെയിലിൻ തിരി നനച്ച -
ചാറും മഴയിലേക്കിറങ്ങുന്നു
പച്ച മണ്ണിൻ മണം നുകർന്നാ
പഴയ കാലത്തിലേക്കു നടക്കുന്നു

പടർന്നു പന്തലിട്ടപോലില്ല മാവിന്ന്
ചക്കപ്പഴംചാർത്തി നിൽക്കുമാ
പ്ലാവുമിന്നില്ല
കൈത്തോടും, കുളവും, പരൽമീൻ
പുളപ്പുമില്ല
പശുക്കുട്ടിതൻ കൂട്ടിനെത്തും
വെള്ളാങ്കൊച്ചയില്ല.
പൂങ്കുലച്ചാർത്തിൻ തേൻനുകരും
സൂചിമുഖികളില്ല

കൂട്ടിനായെത്തും കിളികളും, മണ്ണട്ടയും,
തുള്ളിക്കളിക്കും ചെറുതവളയും
ഇല്ലില്ല ഏകനാകുന്നു ഞാൻ
ഞെട്ടറ്റു വീഴുന്നു ഓർമ്മകൾ
ചിലന്തിവലനെയ്ത കണ്ണിൽ
പൊടിയുന്നു ചോരതൻ ഉപ്പുകണം

2023, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

കരിഞ്ഞു പോയത്


മനസ്സിനേറ്റ മുറിവിനേക്കാൾ
മാരകമാകില്ല
ശരീരത്തിനേറ്റ മുറിവുകൾ

പ്രണയത്തിൻ്റെ ചൂണ്ട
കൊരുത്തതും
ഊരിയതും നീതന്നെ

ആ മുറിവുമായ്
രക്തത്തിൽ പടരുന്ന നരകാ-
ഗ്നിയുമായ് ഞാനലയുന്നു

വേണ്ടയിനി സ്നേഹത്തിൻ്റെ
മഞ്ഞുതുള്ളികൾ
മോഹത്തിൻ്റെ മഞ്ഞപ്പൂക്കൾ
ചെന്തീയേറ്റ മനസ്സുമായി ഞാൻ -
അലയും

പൊള്ളും പ്രണയത്താലന്ന്
നീതന്ന ചുംബനത്താൽ
വിടരാതെ കരിഞ്ഞു പോയ
മൊട്ടാണു ഞാൻ

2023, സെപ്റ്റംബർ 25, തിങ്കളാഴ്‌ച

സഹയാത്രികയോട്


സന്ധ്യാനേരമാണ്
ഒറ്റയ്ക്കാണ്
സൂക്ഷിച്ച്.

കെട്ടകാലമാണ്
കുണ്ടനിടവഴിയാണ്
ഇരുപുറവും കാടാണ്

മദം പൊട്ടിയ ദാഹങ്ങൾ
മറഞ്ഞിരിപ്പുണ്ടാകും
മരത്തിനപ്പുറം

പരിചയമില്ലപെങ്ങളേ
പറയാനും കഴിയില്ല !
മനസ്സിൽ പല പ്രാവശ്യം
പറഞ്ഞു കൊണ്ടിരിക്കുന്നു
ഞാൻ

2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഓർക്കുന്നേയില്ല


നിറങ്ങളടർന്നുവെങ്കിലും
പഴയൊരു സുന്ദരചിത്രം പോലെയവൾ.
ഇവൾ എനിക്കാരെന്ന് ചില വാക്കുകൾ
ചിലർ മനസ്സിൽ വരച്ചിട്ടേക്കാം!

ഏപ്രിൽ സൂര്യനെ പാനപാത്രത്തിലേക്ക്
പിഴിഞ്ഞൊഴിച്ചതെന്ന് കരുതിയേക്കാം
ഞരമ്പിൽ നിന്ന് പ്രണയത്തിൻ്റെ വീഞ്ഞ്
പതഞ്ഞു പൊന്തിയേക്കാം
ആദ്യചുംബനത്തിൻ്റെ വെപ്രാളത്തെക്കുറിച്ച്
ഓർത്തേക്കാം

എന്നാൽ,
അപ്പോഴൊന്നും
ജീവിതത്തിൻ്റെ പൊട്ടിപ്പോയ
വാക്കുകളെ നിങ്ങൾ ഓർക്കുന്നില്ല

മന്ദാരത്തിൻ്റെ ഇലകൾ തുന്നി വെച്ച
സ്ലേറ്റുപച്ചയുടെ തെഴുപ്പുമനസ്സുള്ള
ഒരുവളെ ഓർക്കുന്നില്ല

ഉള്ളിലെ സങ്കടത്തെക്കുറിച്ചോ
ഗൃഹാതുരതയെക്കുറിച്ചോ
അവളിലെ ഏകാന്ത ദ്വീപുകളെക്കുറിച്ചോ
ഓർക്കുന്നേയില്ല

2023, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

മണം


അച്ഛൻ മരിച്ചിട്ട്
കുറേയായി
മാറിയിട്ടില്ല ഇന്നും
എന്നിൽ നിന്ന്
അച്ഛൻ്റെ മണം

2023, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശ്യാമം

 

പ്രണയം ചാലിച്ചു ചായം
വരഞ്ഞു പ്രണയ ലേഖനം
ഹൃദയത്തിൻ്റെ ഒത്ത നടുവിൽ -
തന്നെ പതിപ്പിച്ചു.

സഹിച്ചില്ല ശ്യാമ ശക്തികൾ
ക്ഷമിച്ചില്ല ഒറ്റനിമിഷം
ഒന്നാവാനാവാത്ത വിധം
അടയാളങ്ങളില്ലാത്ത വിധം

ഒരു പക്ഷിക്കും വായിക്കാനാ
വാത്തവിധം
ഒരു ശിലയ്ക്കും കണ്ടെത്താ
നാവാത്ത വിധം
അഗ്നിക്കും ജലത്തിനു മറിയാ
ത്തവിധം

ഹൃദയമറിയാതെ
രക്തമറിയാതെ
നാഡി ഞരമ്പുകളറിയാതെ
ഒരു ഞരക്കയും ബാക്കി
വെയ്ക്കാതെ
അടർത്തിയില്ലെ
പ്രണയ ഹൃദയത്തെ


2023, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

പ്രതീക്ഷ


ഓർമ്മയുടെ ചെപ്പിൽ നിന്ന്
അടർന്നു വീഴുന്നുവേദനയുടെ -
മുത്തുകൾ

ദുരിത ശൈശവം പിച്ചവെയ്ക്കുന്നു
ഇറങ്ങി വന്നിട്ടില്ല കഷ്ടപ്പാടുകളിൽ
ഇന്നുവരെ
ഒരു ദൈവവും

മുൾവലയിൽ കുടുങ്ങിയ
മുയലിനെപ്പോലെ പിടയുന്നു ഹൃദയം

മർദിത ജനതയുടെ ആത്മ സ്പന്ദനം -
പോലെ
ചെന്തീ ജാലം പോലെ
കാറ്റിലുയർന്നുപറക്കുന്നു ഒരു കൊടി

2023, സെപ്റ്റംബർ 17, ഞായറാഴ്‌ച

നീ


എഴുതിയിട്ടേയില്ല നിന്നെ
എന്നാൽ,
എഴുന്നു നിൽക്കുന്നുണ്ട്
എന്നും ഉള്ളിൽ

2023, സെപ്റ്റംബർ 16, ശനിയാഴ്‌ച

ഓർക്കുക


ചില സങ്കടങ്ങൾ ജീവിതത്തെ
മുക്കിക്കളയാൻ ശ്രമിക്കാറുണ്ട്
അപ്പോൾ, കഴിഞ്ഞുപോയ -
പൂക്കാലത്തെ ഓർക്കുക
ഒന്നിച്ചാസ്വദിച്ച പ്രണയഗീതത്തെ
ഓർക്കുക

ഇറക്കത്തിന് ഏറ്റമെന്നതുപോലെ
ഒന്നു ചീഞ്ഞൊന്നിനു വളമെന്നതുപോലെ
മുറിവു മണക്കുന്ന രാമഞ്ഞുകൾ മാഞ്ഞ്
വീണ്ടുമൊരു പുലർകാലമുണ്ടെന്നോർക്കുക

വേദനയുടെ വേനൽപ്പാടം മുറിച്ചുകടന്ന്
സ്നേഹത്തിൻ്റെ സൂര്യകാന്തിച്ചോട്ടിൽ
കുളിരുമൊരു കിനാക്കാറ്റുകൊണ്ട്
തളിരിടുമിനിയുമെന്നോർക്കുക

സ്ഥായിയല്ലൊന്നുമെന്നോർക്കുക
സൂര്യതേജസ്സൊന്നുളളിൽ സൂക്ഷിക്കുക
മാറ്റമെല്ലാറ്റിനും ബാധകം
മാറിടും നമ്മളും മാരിക്കാറൊഴിഞ്ഞിടും

2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

വരയ്ക്കുവാൻ കഴിയാത്തത്


കഴിയില്ല ഒരു സ്ത്രീയെ മുഴുവനായും
വാക്കുകളാൽ വരയ്ക്കുവാൻ
ചിത്രങ്ങളായ് തുന്നുവാൻ

അവനിൽ ഒരു അവളുണ്ടെന്നതുപോലെ
അവളിൽ ഒരവനുമുണ്ട്
അടങ്ങാത്ത ആഴക്കടലുണ്ട്

നിങ്ങൾ സ്നേഹിക്കുന്ന അത്രതന്നെ
ഭയപ്പെടേണ്ടതുണ്ട് .
വരയ്ക്കാൻ പാകത്തിൽ അരികിലേക്ക്
ചേർന്നു നിൽക്കും
വരച്ചു തുടങ്ങുമ്പോഴാണറിയുക
എത്ര അകലെയെന്ന്

ഇത്രമാത്രമെന്താണ് അവളിലുള്ളതെന്ന്
നിങ്ങൾക്കുതോന്നാം!
ഒരു ശരീരം മാത്രമല്ല അവൾ ഒരു ഭൂമി -
തന്നെയെന്ന് നിങ്ങളറിയും!!
പാടവും പറമ്പും, കുന്നും, പുഴയും -
കാടും എല്ലാമുള്ള ഭൂമി

അവയവങ്ങളുടെ അളവെടുക്കുന്ന
കണ്ണുകൾക്കറിയില്ല
അവളെന്ന ഭൂമിയെ
അല്ലെങ്കിലും, അവളൊരു ഭൂമി മാത്ര-
മല്ലല്ലോ കടലും കൂടിയല്ലേ
ആഴങ്ങൾ കണ്ടെത്തുവാൻ കഴിയാത്ത -
കടൽ

2023, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

നീറ്റൽ

അവൾ പുറത്തേക്കിറങ്ങിയാൽ

കൂടെയിറങ്ങും അടുക്കളയും

ഓർമകളുടെ എച്ചിൽ പാത്രങ്ങൾ

അവിടവിടെ ചിതറിക്കിടക്കും


ഉപ്പ്, മുളക്............ വാങ്ങിക്കേണ്ട

സാധനങ്ങൾ

ഉരുവിട്ടു പഠിക്കും

അടുപ്പിലെ വിറകുപോലെ

ഉള്ളം പുകഞ്ഞു കൊണ്ടിരിക്കും


തിളച്ചു തൂവുന്നുണ്ട് ചിലത്

മുഷിഞ്ഞ് ചിലത് കൈക്കല പോലെ

ചില ഓർമ്മകൾ കടുകു പോലെയാണ്

അപ്പോൾചളുങ്ങിയ കലം പോലെ മനസ്സ്


അവിടവിടെ എടുത്തു വച്ചിട്ടുണ്ട് ചെവി

അച്ഛൻ്റെ ഞരങ്ങലിന്

അമ്മയുടെ പതം പറച്ചിലിന് 

ഭർത്താവിൻ്റെ ഇടയ്ക്കിടേയുള്ള കുറ്റം

പറച്ചിലിന്

കുട്ടികളുടെ കരച്ചിലിന്


കണ്ണിനിപ്പോൾ ഇടയ്ക്കിടേ നീറ്റലാണ്

ചിലപ്പോൾ കരട് 

അല്ലെങ്കിൽ പുക

അല്ലാതെ കരയുന്നതൊന്നുമല്ല

ചാരുകസേര


ഇനി വളരാനില്ലെന്ന്
വളഞ്ഞിരിപ്പാണെന്ന്
ചുക്കിച്ചുളിഞ്ഞെന്ന്
ഉമ്മറത്തും
മുറ്റത്തെ മൂലയിലുമെന്ന്

ഇടയ്ക്കിടയ്ക്ക് വന്നു
തൊട്ടു നോക്കും
തട്ടി നോക്കും
മുട്ടി നോക്കും
എടുത്തു മാറ്റും

ചത്തോ
ജീവിച്ചിരിപ്പുണ്ടോ
എന്നായിരിക്കും

2023, സെപ്റ്റംബർ 12, ചൊവ്വാഴ്ച

മണ്ണിനെ ഓർക്കുമ്പോൾ


ചേറ്റു കണ്ടത്തിൻ്റെ ചോറുരുളയൊന്ന്
തിന്നുവാനാശയെന്നച്ഛനോതി
നാട്ടു പശുവിൻ്റെ കാച്ചിക്കുറുക്കിയ
തൈർകൂടെ ഉണ്ടെങ്കിലെന്നുമോതി

എത്ര പറക്കണ്ടം ഒറ്റയ്ക്കു നോക്കി -
നടത്തിയതാണെന്ന് മെല്ലെയോതി
രണ്ടാല പശുവിനെ തുണ്ടി വളപ്പിൽ
മേയ്ച്ചു നടന്നതു മോർത്തു പോയി

തണ്ടും തടിയുമുണ്ടായിരുന്നക്കാലം
തെണ്ടി നടന്നില്ല ഒട്ടു നേരം
ഒട്ടുമാവിൻതൈകൾ നട്ടുനനച്ചതിൻ
ഫലം മാത്രം മതിയല്ലൊ ജീവിക്കുവാൻ

വാട്ടിയ കപ്പയും, ചക്കയും, മാങ്ങയും,
ഏത്തനും ,മത്തനും, കുമ്പളങ്ങ
തേങ്ങ വെന്തുള്ള വെളിച്ചെണ്ണ ചേർത്തു
കുഴച്ചെടുത്തുള്ള പയർത്തോരനും

തീപ്പെട്ടി കൂടുപോലുള്ളൊരീ ഫ്ലാറ്റിലിരുന്ന-
ച്ഛനെല്ലാമെ ഓതിടുന്നു
മണ്ണിൻ മണമുള്ള കാന്താരി എരുവായി
വാക്കെൻ മനസ്സിൽ നിറഞ്ഞിടുന്നു
തിരിച്ചുപിടിക്കണമാനാട്ടുരുചികളെ
എന്നെൻ മനസ്സും മൊഴിഞ്ഞിടുന്നു

2023, സെപ്റ്റംബർ 9, ശനിയാഴ്‌ച

ഗൃഹാതുരം


മഴ പെയ്തു തോർന്നാലും
മരം പെയ്തു നിൽക്കുന്ന
കുടചൂടിയെത്തുന്നു ഗൃഹാതുരത്വം.

കുന്നിമലക്കാവിൽ ചുവന്നു തുടുത്തുള്ള
കുന്നിക്കുരുവായ് ചിരിക്കുന്നു ഓർമ്മകൾ
മൺപാതയിൽ വീണ മഞ്ചാടിമണികളിൽ
ഇടവിടാപെയ്യുന്നു ഗൃഹാതുരത്വം

പ്രണയങ്ങളിഴചേർന്നൊരിടവഴിയും
വിരഹം വിയർത്ത നടവഴിയും
ആർദ്ര മോഹത്തിൻ്റെ,യോർമ്മകൾ -
പൂത്തുള്ള
അരുണാഭയാർന്ന സായന്തനവും

മഞ്ഞിൽ വിരിയും നിലാക്കിളിയും
തേങ്ങിത്തളരും ഇടനാഴിയും
മരുന്നു മണക്കും മുറിയുടെ ജാലക -
പ്പടിയിൽ വിറയാർന്ന വിരലുകളും

കഞ്ഞിക്കൊരു കുഞ്ഞു വാപിളർത്തി
കരഞ്ഞു നിൽക്കുന്നൊരാ ബാല്യകാലം
വായ്ക്കരിയിടാൻ അരിയില്ലാതെ
നിസ്സഹായായമ്മ വിയർത്തകാലം

ഓർമ്മകൾ കനംതൂങ്ങി നിന്നിടുന്നു
അമ്മിഞ്ഞപ്പാൽ മണം പരന്നിടുന്നു
പെയ്തൊഴിയില്ലയീ മണ്ണോടു ചേർന്നാലും
ഗൃഹാതുരമാർന്നൊരാ കഴിഞ്ഞ കാലം

2023, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

കെടാവിളക്ക്


ചിതറിപ്പോയ ചില്ലക്ഷരം പോലെ
ചരിഞ്ഞു കിടപ്പുണ്ട്
തെരുവിൻ്റെ മൂലയിൽ
തെരുപ്പിടിപ്പിച്ചു കൊണ്ട് ഓർമ്മകളെ

ഉന്മാദത്തിൻ്റെ ഉതിർപ്പൂക്കൾ
എത്തിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്
തോറ്റുപോയ കാലത്തെ

അഗ്നിവിഴുങ്ങിയ തൊണ്ടയിൽ
പൂത്തിരിപ്പുണ്ട്
കനൽപ്പൂക്കൾ

ലഹരിയുടെ ബിലഹരി അടങ്ങുമ്പോൾ
ചിന്തയുടെ ഞരമ്പിൻവരമ്പിൽ
അമ്പെയ്യാൻ കൊമ്പുയർത്തി -
നിൽക്കുന്നു ഭ്രാന്തിൻ കുഞ്ഞുറുമ്പുകൾ

സത്യങ്ങളുടെ സ്വരാക്ഷരങ്ങളെല്ലാം
തെരുവിലേക്കെറിയപ്പെട്ടു
കെട്ടുപോയ സൂര്യനിലെ
കെടാത്ത വിളക്കായ് തെരുവിൻ്റെ മൂലയിൽ
അവൻ മുനിഞ്ഞു കത്തുന്നു







2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ഭൂപടം


ആദ്യം നിങ്ങൾ ഭൂപടം നിവർത്തുക
വടക്കുകിഴക്ക് ഭാഗം നോക്കുക
വെറുതെ നോക്കിയാൽ പോര
ആഴത്തിൽ ഉറ്റുനോക്കണം!

പെട്ടെന്ന്, അരുതാത്ത
ഒരു വിചിത്ര വസ്തു കാണുന്നില്ലെ
ചുവന്ന നിറത്തിലെന്തോ ഒന്ന് ?!
പച്ചയ്ക്കു കത്തുന്ന ഒരു സ്ത്രീയാണത്.

നോക്കൂ, പാർക്കിലൊക്കെ പൊട്ടിയ
ഇരുമ്പു ബെഞ്ചിൻ്റെ കാലുകൾ പോലെ
രണ്ടെണ്ണം കാണുന്നില്ലെ?
വെട്ടിയരിഞ്ഞ ചെളിയിൽ പുതഞ്ഞ
ഒരു പുരുഷൻ്റെ കാലാണത് !!

കാട്ടിനുള്ളിൽ നിന്ന് ജലം ഇലകളെ
ഒഴുക്കിക്കൊണ്ടുവന്നതു പോലെ -
കാണുന്നില്ലെ
രക്തമാണത് ,കട്ടപിടിച്ചതുകൊണ്ട്
തവിട്ടു നിറം തോന്നുന്നതാണ്

സൂക്ഷിച്ചു നോക്കൂ ;എന്താണവിടെ എഴുതി
വെച്ചിരുക്കുന്നത്
'മണിപ്പൂരും, ഹരിയാനയും' എന്നാണോ?
ഇപ്പാൾ കൂടുതൽ വിഷാദം നിറഞ്ഞതും
ഇരുണ്ടതുമായ രണ്ടടയാളം
ഭൂപടത്തിൽ തെളിഞ്ഞു കാണുന്നു , അല്ലേ?

2023, സെപ്റ്റംബർ 5, ചൊവ്വാഴ്ച

പ്രണയികൾ


ലാസ്യ ലാവണ്യത്താലെ
കൂമ്പിയ മിഴിപ്പൂക്കൾ
സ്വേദ ബിന്ദുക്കൾ വൈരം
ചാർത്തിയ കവിൾത്തടം
അധരക്കനിയിൽ നിന്നമൃതം
കിനിയുന്ന
തരുണ മാനസങ്ങൾക്ക്
മധുര വേളയിത്

കണ്ണുകൾ കണ്ണിൽ പുനർജ്ജ-
നിച്ചു നിൽക്കും വേള
മന്ദമാരുതൻ മുല്ലമൊട്ടു ചുംബി-
ക്കുംവേള
മേഘമാലകൾ ചാർത്തും
പൂത്തിലഞ്ഞിക്കാടുകൾ
നീഹാരഹാരത്താൽ
തിളങ്ങുംപൂന്തളിർ തൊത്തുകൾ

കമ്ര കാനനത്തിൻ്റെ
രമ്യ ശാന്തിയേപ്പോലും
അമ്പരപ്പിച്ചീടുന്ന
മഞ്ജുഭാഷിണിയാളേ
മധുരകളേബരൻ മന്ദമണയവേ
കാമശരാതുര ചിത്തയാകു-
ന്നുവോ നീ

2023, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

പെയ്തു തോരാത്തത്


ഈ മഴക്കോളിലും ഓർത്തിരിപ്പൂ
ഉള്ളിലൊരു വേനൽ കത്തി നിൽപ്പൂ
കാവിലെ വേലയ്ക്കും പൂരത്തിനും
വേലയെന്തൊക്കെയൊപ്പിച്ചു നമ്മൾ !

ഏതോ മരച്ചാർത്തിൽ മാറി നിന്ന്
ഒയലിച്ച മിഠായി പങ്കിട്ടതും
ഒട്ടുമേപോരാതെ പിന്നെ നമ്മൾ
ചുണ്ടിലെ മധുരങ്ങൾ പങ്കിട്ടതും

ഈറൻ മഴക്കാറ്റുപാഞ്ഞു വന്ന്
കുളിർമണി വാരിയെറിഞ്ഞുപോകെ
ചിരിമണി വാരിയെറിഞ്ഞു നീയും
പൂമ്പാറ്റയെപ്പോൽ പറന്നതില്ലെ

അകലെയാണിന്നു നീ വാസമെന്നാൽ
കഴിഞ്ഞതെന്തെങ്കിലും ഓർമയുണ്ടോ?
മഴപ്പാറ്റ ചിറകറ്റു വീണപോലെ
ആയോനിനക്കെന്നെക്കുറിച്ചുള്ള ഓർമ

നീയെന്നരികിലില്ലെന്നതാകാം
ഈറൻ മഴക്കാറ്റു മാഞ്ഞു പോയി !
ഈ മഴ തോർന്നു തീർന്നെന്നാകിലും
പെയ്തുതോരില്ല നീയെൻ്റെയുള്ളിൽ