malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മാർച്ച് 30, വെള്ളിയാഴ്‌ച

പ്രണയം ചേക്കേറുന്നത്




തളിരിലനിറമുള്ള
ജമ്പറും, പാവാടയുമണിഞ്ഞ്
അവൾ വാഴത്തേൻ പറിക്കുന്നു
വേലിയിലൊരണ്ണാൻ ഝിൽ, ഝിൽ
മുഴക്കി ശ്രദ്ധ ക്ഷണിക്കുന്നു.
മുടിത്തുമ്പിലും,മുഖത്തും എണ്ണമിനുപ്പ്
തളിരിളകൾക്കിടയിൽ മിന്നി നിൽക്കുന്ന
അവളുടെ കവിത പേറും കണ്ണുകൾ
പറയാതെ പറയുന്നുണ്ട് മീൻപിടപ്പായി
കോറിയിടുന്നുണ്ട് കാൽവിരലുകൾ
കളിയായെന്തോ നാണച്ചിരിയേനോക്കി
മിണ്ടാതെ നോക്കിനിന്ന പശ്ചിമചക്രവാളം
പതഞ്ഞു തൂകിയ പ്രണയ രക്തം പോലെ
തുടുത്തു നിൽക്കുന്നു
അവനിലെ പ്രണയ പക്ഷി അവളിലേക്ക്
ചേക്കേറി.

2018, മാർച്ച് 29, വ്യാഴാഴ്‌ച

വെള്ളച്ചായ കണ്ടം ബീഡി




കൃഷ്ണൻ മാഷ,യാലയിലെ
ഒരാല പൈക്കളിൽ
ഒരു പൈയ്യായി കണാരേട്ടനുണ്ടാകും
കണ്ടം ബീഡി ചുണ്ടിൽ തന്നെ കാണും
കുസൃതി പിള്ളേരുടെ കൂക്കിവിളിക്ക്
അകമ്പടിയായി കൊഞ്ഞനം കുത്തും
വെള്ളച്ചായ കണ്ടം ബീഡിയെന്നു കേട്ടാൽ
മുരിയെപ്പോലെ തലവെട്ടിച്ച്
മുക്രയിട്ട് ചുരമാന്തുന്നതു പോലെ
കല്ലുപെറുക്കി തുരുതുരാ യെറിയും
പല്ലില്ലാമോണ അമർത്തിക്കടിച്ചും
അമ്മയ്ക്കു പറഞ്ഞും
ചീത്ത വാക്കുകൾ ചവച്ചു തുപ്പും
എന്റെ ഓർമ്മയിൽ
ഞങ്ങടെ നാട്ടിലെ ശ്മശാനത്തിൽ
ഏറ്റവും കൂടുതൽ ആളുകൂടിയത്
കണാരേട്ടൻ മരിച്ചപ്പോഴാണ്.

2018, മാർച്ച് 28, ബുധനാഴ്‌ച

ഒറ്റമരം

ഒറ്റമരം


പട്ടിണിയുടെ
പെട്ടകവും പേറി
ഞാൻ നടക്കുന്നു.
ചിരിക്കുന്നമുഖം
മാത്രം നാം തിരയുന്നു
ഉള്ളകം ആരറിയുന്നു
പ്രശ്നങ്ങളുടെ
പാതാളമുഖം ഞാൻ.
പ്രീയങ്ങളൊന്നുമില്ലിനി
പ്രീയപ്പെട്ടവരെല്ലാം
കൈയ്യൊഴിയുമ്പോൾ
കാലങ്ങൾ കൊണ്ടെത്തി
ക്കുന്നു നമ്മെ
ഓരോ തുറമുഖങ്ങളിൽ.
ജീവിതത്തിന്റെ
ചാവുകടലിൽ ഞാൻ
പൊങ്ങുതടിയായ്
കിടക്കുന്നു.
മോഹങ്ങളുടെ ഒരുകുന്നു
മായി
നാം പ്രയാണം തുടങ്ങുന്നു
കാലപ്രവാഹങ്ങളിൽ
എല്ലാം കുത്തിയൊലിച്ചു
പോകുന്നു
ഓർമ്മകളെ മാത്രം
തളിരിടുന്ന
ഒരൊറ്റമരമാണ് ഞാൻ.

2018, മാർച്ച് 27, ചൊവ്വാഴ്ച

ചോർന്നൊലിക്കുന്ന ജീവിതങ്ങൾ




ആരുമില്ലാത്തോരവർ
തലചായ്ക്കാനില്ലൊരിടം
ചിന്തിക്കുവാൻ വയ്യൊരുകൂര
നേരെന്നതല്ലാതെയില്ലൊരു
വേരും ഓർമ്മകളും
ജീവിതം വളർന്നതേ കാട്ടു
ചെടികൾക്കൊപ്പം
ജോലി ചെയ്യാനെന്തു മിടുക്ക്
നെഞ്ചുപറിച്ചുതരും വിശ്വാസ
മുള്ളോരവർ
ഒന്നുമറിയാത്ത സാധുക്കളാം
ദരിദ്രർ
അവരെ നീ നേരം കെട്ട നേരത്തും
ചൂഷണം ചെയ്യുന്നു
അവരുടെ പെണ്ണുങ്ങളെപാനപാത്ര
മാക്കുന്നു
എന്നിട്ടും;
അവർ നിങ്ങടെ കണ്ണിലെ കരട്
അഴുക്ക് തെറിച്ചതു പോലൊരു
തോന്നൽ
കരഞ്ഞു കലങ്ങിയ കണ്ണുമായവർ
തരുത്തണലിൽ കഴിച്ചുകൂട്ടുന്നു
പുകഞ്ഞു ദുർബലമായിക്കത്തുന്ന
അടുപ്പിൽ
ശ്വാസനിശ്വാസംപോലെ അരിമണി
കൾ
കണ്ണീരുപ്പിൽ തിളച്ചു തൂവുന്നു
ജീവിതമെന്നാൽ വിശപ്പെന്നു മാത്ര -
മറിഞ്ഞ ജന്മങ്ങൾ
ഏതു പ്രതിസന്ധിയിലും വിധിയെന്ന
മൗനം അവരിൽ അവശേഷിക്കുന്നു
അവരുടെ കറിച്ചട്ടിയിൽ മഴവെള്ളവും
മണ്ണും
അടുപ്പുകല്ലുകളിൽ കറുത്തു കട്ടയായ
ഇത്തിരിച്ചാരം
അവർ ജീവിതംചോർന്നൊലിച്ചുകൊ_
ണ്ടേയിരിക്കുന്ന ജന്മങ്ങൾ.

2018, മാർച്ച് 26, തിങ്കളാഴ്‌ച

പ്രണയ പുരസരം




മനമെങ്ങുസഞ്ചരിച്ചാലുമെൻമാനസ-  പ്രീയതൻ ചാരത്തു വന്നണയും
പരിമളംപെയ്യുമാ പുഞ്ചിരിപൂക്കളെ
പ്രണയപുരസരം ലാളിച്ചിടും
മാമകചിത്തം തുടിക്കുമാനേരത്ത്
മായികമായൊരു നിർവൃതിയാൽ
സുമസമമായോരധരങ്ങളാലവൾ
എരിവുള്ളചൂടു പകർന്നപോലെ
കരളിന്നുഷ: സന്ധ്യ കാതരമായെന്തോ
കൊഞ്ചിക്കുഴഞ്ഞു പറയുമ്പോലെ
പുളകങ്ങൾപൂത്തതാ പ്രണയമലരണി -
ക്കാടുകൾ തനുതോറും പൂത്തുനിൽപ്പൂ
താനേയിരുന്നുഞാൻ തരളഗാനം മൂളി
ഭ്രമരമായ് ചുറ്റിപ്പറന്നിടുന്നു
അങ്ങെത്ര ദൂരം നീയെങ്കിലുമോമനേ
എന്നുള്ളിൽ ചാരത്തു ചേർന്നിരിപ്പൂ
നീയെന്റെ കാതിൽ മൊഴിയുന്ന നേരത്ത്
ഇരു സുഗന്ധങ്ങളൊന്നാകുന്ന പോൽ
ചിലനിമേഷങ്ങളിൽ സ്വപ്നംതുടിക്കുമാ
മിഴികളിപ്പോഴും ഞാൻ കാണുന്നുണ്ട്
പറയാൻകൊതിച്ചരികത്തണഞ്ഞീടു
മ്പോൾ
പറയാൻ മറന്നു പോകുന്നു നമ്മൾ
പറയുവതെന്തിനു പ്രീയേനാമെന്നെന്നും
പതിവായി മനസ്സാൽ മൊഴിവതില്ലേ
പകർന്നിടാമെന്നെന്നും മധുരമാംപ്രണയ
ത്തിൻ
നിർവൃതിയെന്നെന്നും കാത്തുവെയ്ക്കാം.

2018, മാർച്ച് 24, ശനിയാഴ്‌ച

കാക്ക




വേപ്പുമരത്തിനപ്പുറം
വാർക്കക്കെട്ടിടത്തിനു മേലെ
കാക്ക കാത്തിരിക്കയാണാരേയോ !
വിരുന്നുകാരെക്കുറിച്ച് വിവരം
തരാനാവും.
വെളുപ്പിനെ ഉണർത്തുന്നതും
സന്ധ്യയെ ചേക്കേറ്റുന്നതും അവ
നാണല്ലോ .
നാട്ടുവഴിയിലൂടെ നടന്നുവരുന്ന
മീൻകാരൻ കാക്ക
കൊട്ടയ്ക്കു മുകളിൽ ഉപ്പിലച്ചപ്പ്
വീശുന്നുണ്ടെങ്കിലും
കാക്കക്കണ്ണിനെ തടുക്കാൻ കഴിഞ്ഞില്ല
ഒരു മീൻ വിരുന്നു പോയെന്ന്
വിളിച്ചു പറയുകയാണിപ്പോൾ കാക്ക.

2018, മാർച്ച് 23, വെള്ളിയാഴ്‌ച

വറ്റിപ്പോയ കടൽ




ഒരിക്കൽ
ഒരിറ്റു ജലമായ്
ഇറ്റി,യിറ്റി
മെല്ലെ മെല്ലെ
പിച്ചവെയ്ക്കും
നീർച്ചാലായി
കൈകൊട്ടി
കലപില കൂട്ടി
പാദസരക്കിലു
ക്കത്തിന്റെ
കൈത്തോടായി
കുണുങ്ങി
ക്കുണുങ്ങി
കുലുങ്ങിച്ചിരിച്ച്
വയലേലകളെ,
തെങ്ങിൻ തോപ്പു
കളെ
കോരിത്തരിപ്പിച്ച്
കാമുക പച്ചകൾക്ക്
കൗതുകമേകി
നാണത്താൽ നടന്നു
നീങ്ങുന്ന
കൗമാരത്തിൻ
കൈയ്യെത്താത്തോ
ടായി
ചിരിയുടെ ചിലങ്കകൾ
ചിതറി
തുള്ളിച്ചാടി പ്രേമ പര
വശയായ
യുവതിയായി
ജീവിതക്കടലിലേക്ക്
ഓടിമറഞ്ഞു
പിന്നെ, തിരകൈകൾ
നീട്ടി
പ്രാരാബ്ധങ്ങളിൽ നിന്ന് ,
പ്രതിസന്ധിയിൽ നിന്ന്
കരകയറാനെത്ര ശ്രമിച്ചു
ഇന്ന്;
വറ്റിപ്പോയ കടലാണു നീ.

2018, മാർച്ച് 22, വ്യാഴാഴ്‌ച

സന്ധ്യ ചേക്കേറിയ മരത്തിൽ




സന്ധ്യ ചേക്കേറിയിരിക്കുന്ന
മരത്തിൽ
കാക്കകൾ കൂടുമെടയുന്നു
വാനിലൊരു അമ്പിളിമുട്ടയുമിട്ട്
അവസാനത്തെപറവയും
പറന്നു പോയി.
മരത്തിൽ കാറ്റു വന്നൊരു കഥ
പറയുന്നു
പണ്ട് ,പണ്ട് അച്ഛനും, അമ്മയും,
കുട്ടിയും
മുത്തശ്ശനും, മുത്തശ്ശിയും ഒന്നിച്ചു
താമസിച്ച്
കളിച്ചു ചിരിച്ചു ജീവിച്ച കഥ.
മുത്തശ്ശനും, മുത്തശ്ശിയും എന്തെന്ന
റിയാത്തൊരു കുഞ്ഞു കാക്ക
അമ്മക്കാക്കയെ ഉറ്റുനോക്കുന്നു!
സങ്കടം മറക്കാനായമ്മ
കാക്കക്കുഞ്ഞിനെ സ്നേഹിച്ച
ഒരു കുഞ്ഞിന്റ കഥ പറയുന്നു
കുഞ്ഞിന്റെ കൈയ്യിൽ നിന്ന് അപ്പം
കൊത്തിപ്പറന്നതും
കൗശലക്കാരനായ ചെന്നായ
അപ്പം തട്ടിയെടുത്തതും .
ഇപ്പോൾ,കുഞ്ഞുകാക്ക തിരഞ്ഞു
കൊണ്ടേയിരിക്കുന്നു
ഓരോ വീട്ടിലും മുത്തശ്ശനേയും, മുത്ത-
ശ്ശിയേയും

2018, മാർച്ച് 21, ബുധനാഴ്‌ച

പ്രണയമുണരുമ്പോൾ....!



വരണ്ടജീവനിൽ വസന്തമെത്തുന്നു
മൃദുലമാംമധു കിനിഞ്ഞിറങ്ങുന്നു
ജീവനിൽ പുതുതാളമേളങ്ങൾ
പൂക്കളായ്തനു പൂത്തുനിൽക്കുന്നു
ചൊടിയിൽ കുങ്കുമം ചേർത്തുവെച്ചപോൽ
തുടുത്തു പോകുന്നു കവിൾത്തടങ്ങളും
ശലഭവേഗമായവനണയുന്നു
പുൽകി പുത്തനാം മധുകവരുന്നു
ഉടലുലയവേ ഉയിരിലെങ്ങുമേ
ഉത്സവത്തുടിത്താളമുയരുന്നു
വെള്ളിമേഘം പോൽ ഹർഷമെന്നുള്ളിൽ
വർഷമേഘത്തെ ആട്ടിപ്പായ്ക്കുന്നു
വിരുന്നു വന്നു നീ വരണ്ട ജീവനിൽ
വർണ്ണജാലത്തിൻ വിരുന്നൊരുക്കുന്നു
നീ മുറുക്കിയ വീണാതന്ത്രി ഞാൻ
മീട്ടി നിൽക്കുന്നു സുരതതാളങ്ങൾ
സ്ഖലിത വേഗങ്ങൾ, ജഡില മോഹങ്ങൾ
വരണ്ട ജീവനിൽ ഉണരുമുറവകൾ
പ്രണയമേ കനവായി നീ മറയല്ലേ
നിനവിലെന്നുമെൻ കൂടെ നിൽക്കണേ

2018, മാർച്ച് 20, ചൊവ്വാഴ്ച

ബോട്ടുയാത്ര

                             



കോട്ടപ്പുറത്തെ ബോട്ടുയാത്ര
യിൽ
സുഹൃത്തുക്കൾ ഞങ്ങളൊൻപതു
പേർ
കൊട്ടാരം പോലൊരു ബോട്ട്
അരയന്നം പോലതിൻമുഖം
അന്നനടപോലതിൻയാത്ര
കോട്ടപോലുള്ളതിൻ മുകളിൽനിന്ന്
മുകളിലേക്കു നോക്കവേ
കാണാംമേലെ നീലപ്പുഴ
താഴെ നീലാകാശം
പുഴയിലൊരു കവിതയായ്
കുണുങ്ങുന്നു ബോട്ട്
വായിക്കുന്നു ഞാനാക്കവിത
ഈ പുഴയുമെന്ന പേരിട്ട്.
തലയിലൊരു വട്ടക്കെട്ടുമായി
കാലിൽ തളപ്പുമായി നിൽക്കുന്നു
അച്ചാംതുരുത്തിയിൽ തെങ്ങുകൾ
ഏറ്റുകാരനെപ്പോലെ.
ആടുന്നുണ്ടിടയ്ക്കിടേ മത്തുപിടി
ച്ചപോൽ മൊത്തമായ്
കൂട്ടമായിരിപ്പുണ്ട് വലവിരിച്ച് കൊറ്റികൾ
അവിടവിടെ
ചിറ്റോളങ്ങൾതൻവല,യിടയ്ക്കിടേ വലിച്ച്
നോക്കുന്നുണ്ട്
കവിതചൊല്ലുന്നുണ്ടോളങ്ങൾ
തേജസ്വിനിപുഴയിൽനിന്നും
കയ്യൂരിൻസമരകഥ
സുബ്ബരായനെ തൻകൈയ്യിലേൽപ്പിച്ചു  തന്ന
നാട്ടുമക്കളുടെ കഥ
തീപ്പാട്ടിനാൽമോചിതയായ,യീപുഴയി
ലിരുന്നു
ഞങ്ങളൊൻപതുപേർ സംഗീത
മയമായിതാ ആടിത്തിമർക്കുന്നു
കയ്യൂരിൻ കവിതദേശം സ്വാഗതമോതുന്നു
................................ .........     .......................
കുറിപ്പ്
കോട്ടപ്പുറം:- കാസർഗോഡ് ജില്ലയിലെ
നീലേശ്വരം കോട്ടപ്പുറം
അച്ചാംതുരുത്തി: - പുഴയിലുള്ള വിസ്തൃത
മായ ആൾ താമസമുള്ളതുരുത്ത്
സുബ്ബരായൻ :- കയ്യൂർ സമരകാലത്ത്
പുഴയിൽ ചാടി മരിച്ച പോലീസുകാരൻ



2018, മാർച്ച് 19, തിങ്കളാഴ്‌ച

പ്രണയമേ....!




നിന്റെ മൗനം
എന്റെ പ്രണയമാകുന്നു
നിന്റെ ഓർമ്മകൾ
എന്നെ ഉണർത്തുന്നു
നിന്റെ കണ്ണുകളിൽ
ഞാനെന്നെക്കാണുന്നു
എന്റെ ചുണ്ടിലെയിളംനനവ്
നീയാകുന്നു
നാം ഇറുകേപുണരുന്നു
വേർപെടുത്താനാകാത്തവിധം
ഒന്നാകുന്നു
പ്രണയമേ നീ ഞാനാകുന്നു
നമ്മൾ നമ്മളാകുന്നു
നമുക്ക് നമ്മുടെ വികാരങ്ങളാൽ
മൂർച്ഛിച്ചു മരിക്കണം

2018, മാർച്ച് 18, ഞായറാഴ്‌ച

വസന്തം വരിക തന്നെ ചെയ്യും




അന്ന്; ഗ്രീഷ്മത്തിലായിരുന്നു
വാക പൂക്കുന്നത്
ഇന്ന്;ചോരയിലാണ്
വാക ചോക്കുന്നത്
വാക്കുകളെ വെട്ടി
നാക്കുകളെ മൂർന്ന്
മരണത്തെയാണ് മുന്നിൽ
കൊരുത്തു വെച്ചിരിക്കുന്നത്
ഇത് ,കരടുമാറ്റുവാൻ കണ്ണ്
കുത്തി പൊട്ടിക്കുന്നവരുടെ നാട്
വാക്കിന്റെ മൂർച്ചയിൽ
മൂർച്ഛിച്ചു വീണവർ
തോക്കിന്റെ വാക്കിനാൽ
ഉത്തരം നൽകുന്നു
കാലം കറുത്തു പോയിരിക്കുന്നു
കാള സർപ്പങ്ങൾ നൃത്തമാടുന്നു
ചോരച്ച വാക്കുകൾ
ഉടലാഴങ്ങൾ തേടുന്നു
നിലവിളിയുടെ നിലയില്ലാക്കയങ്ങൾ
അവർ പണിതുയർത്തു
ഉത്സവങ്ങളിൽ നിങ്ങളെയെന്നും
ആറാടിക്കുന്നു
ഒളിഞ്ഞും തെളിഞ്ഞും നിങ്ങൾക്കുളളി
ലവരേറുന്നു
ഗ്രീഷ്മങ്ങളുടെ കാവലാളവർ.

ഒരിക്കൽ വസന്തം വന്നെത്തുക തന്നെ
ചെയ്യും
ഓർമ്മകളിൽ ഓളങ്ങളും
പുലരിയുടെ മഞ്ഞുതുള്ളികളും
വിളഞ്ഞ പാടവും, പാട്ടും
പുത്തനരിവാൾ കൊയ്തുകൂട്ടുക
തന്നെ ചെയ്യും.

2018, മാർച്ച് 17, ശനിയാഴ്‌ച

ബാക്കിയാകുന്ന ചോദ്യം

ബാക്കിയാകുന്ന ചോദ്യം


കോട ചെറുതായി
കോടതി കാണായി
സൂര്യന്റെ പൊള്ളുന്ന
കണ്ണുതുറക്കാറായ്
എന്തിനീ കോടതിഗേറ്റി
ലിരിപ്പൂ ഞാൻ!
എന്തു കുറ്റത്തിനായ്
കൊറ്റിയെപ്പോലിന്ന്
പതിവുവിട്ടി,ന്നീതെരു-
വിലിരിപ്പൂ ഞാൻ
ചെറുമനായ് പോയതോ
ചേറിൽപണിവതോ
മോന്തിയെന്നില്ലാതെ
മോന്താതെ, മിണ്ടാതെ
ജീവിതത്തെ വലിച്ചിഴച്ചു
നീക്കുന്നതോ.
ദൈവമക്കളെന്നങ്ങിടയ്
ക്കിടേചൊല്ലുന്നു
സർവ്വംസഹയാകുവാനോ -
യീനാമം
നീതി നിഷേധിച്ച് നിങ്ങൾ
തരുന്നുണ്ട്
ഭീതിതൻമാറാപ്പ് മുതുകിലാ -
യെന്നെന്നും
മുതുകൊന്നു ഞങ്ങൾ ഉയർ
ത്തീടുമെങ്കിലൊ
അറിഞ്ഞിടാം നിങ്ങൾക്ക്
തൽക്ഷണംസാമ്രാജ്യമൊക്കെ -
മറിഞ്ഞിടും
എന്തൊക്കെചിന്തിച്ചു കൂട്ടുന്നു
ഞാനിന്ന്
ചിന്തയെ പാടേ വെടിയണമെ
ന്നല്ലെ!
ചിന്തയ്ക്കുകൂലി വെടിയുണ്ട
യാണെന്ന്
മൂഢരാം ഞങ്ങടെ അലിഖിത
നിയമല്ലേ
എന്തിനീ കോടതി ഗേറ്റിലി
രിപ്പൂഞ്ഞാൻ
എല്ലാം മറക്കുക
മണ്ണിലിരിക്കുക.



2018, മാർച്ച് 16, വെള്ളിയാഴ്‌ച

കാക്കാലത്തി




കദളിവാഴക്കൈയിൽ
കാക്ക വിരുന്നു വിളിച്ചു
വിരുന്നു വന്നത് കാക്കാലത്തി
ഭൂതവും, ഭാവിയും പറഞ്ഞു.
വർത്തമാനം വർത്തമാനത്തി
ലൊതുക്കി
(അതിൽ നിന്നാണ് ഭൂതവുമറി
ഞ്ഞത്)
കഴിഞ്ഞതെല്ലാം അച്ചട്ടം
എങ്കിൽ ഭാവിയും .....!
കൈനിറയെ ദക്ഷിണയും വാങ്ങി
കളിയടക്ക ചവച്ചു തുപ്പി
നീട്ടി വിളിച്ചു
ഭാവി പറയണമാ.... ഭാവി

2018, മാർച്ച് 15, വ്യാഴാഴ്‌ച

അടുപ്പ്




മൂന്ന് കല്ലിന്
മുഖത്തിന്റെ ഛായ
വിളറിയ മുഖം പോലെ
വെളുത്ത ചാരം
കരിഞ്ഞു കത്തിയ
കൊള്ളിയെപ്പോലെ
കുത്തിനോവിക്കുന്നുണ്ട്
ചിലർ
പതഞ്ഞു തൂവിയാലും
പതിഞ്ഞിരിക്കും
പരാതിയും, പരിഭവവു-
മില്ലാതെ

2018, മാർച്ച് 14, ബുധനാഴ്‌ച

ഉപ്പ



ഉന്നക്കിടക്കയിൽ
ഉണങ്ങിയ കമ്പു പോലെ
ഉപ്പ കിടന്നു
ചോരയുറഞ്ഞ നീലഞരമ്പ്
നെഞ്ചിൽ ചതഞ്ഞു കിടന്നു
തണുത്ത കൈവെള്ള
തടവി ചൂടുപകരുമ്പോൾ
തുറന്ന വായിലേക്ക്
വെള്ളമിറ്റിച്ചു കൊടുക്കുമ്പോൾ
നിഴലിളക്കത്തിൽ
ആരോ ഒളിഞ്ഞു നോക്കുമ്പോലെ.
നെഞ്ഞിൻ കൂടിലെ
മുള്ളിലുടക്കിയതുപോലുള്ള
ശ്വാസത്തിന്റെ കുറുകൽ.
അങ്ങു ദൂരെ പുലരി
മീസാൻ കല്ലുയർത്തിയപ്പോൾ
കുന്തരിക്കം മണക്കുന്ന മുറിയിൽ
നിന്ന്
ഉണർന്നെണീറ്റത്
മൂത്രച്ചൂരുള്ള ഉന്നക്കിടക്ക

2018, മാർച്ച് 13, ചൊവ്വാഴ്ച

ഇവനെ എന്തു പേരിട്ടു വിളിക്കും..........!




ഞാനവിടെ ചെല്ലുമ്പോൾ
അങ്ങേയറ്റം പരവശനായി
രുന്നു അവൻ
പാറക്കൂട്ടങ്ങൾക്കിടയിലെ
ഇത്തിരി സ്ഥലത്ത്.
അവരിപ്പോൾ പോയതേയുള്ളു
യെന്ന
ഒരു വന്യമായ തിളക്കം
അപ്പോഴും ആ കണ്ണിലുണ്ടാ
യിരുന്നു.
അരികിലായി സഞ്ചിയിലിത്തിരി
അരി,
ഉടഞ്ഞ ഒരു ഘടം.
ചുള്ളിക്കമ്പു പോലുള്ള
മെലിഞ്ഞ കൈകൊണ്ട്
അവനെന്നെ ചുറ്റിപ്പിടിച്ചു
മുഖമമർത്തി തേങ്ങി.
പെട്ടെന്ന്;
ഒരു കവിൾ രക്തം
പുറത്തേക്ക് ചുവന്നു
കാറ്റിൽപെട്ട ഒരു പുൽക്കൊടി
യെന്നോണം
പതുക്കെ ചാഞ്ഞു

2018, മാർച്ച് 12, തിങ്കളാഴ്‌ച

വേലിയിലെ പാമ്പിനെയെടുത്ത് കഴുത്തിലിട്ടാൽ....!




പഴയ മാളിക വീടാണ്
പാറാവുകാർയേറെ
പല ഭാഷ
വേഷം
പ്രായം
പ്രീയം.
എലികളായ് നിറഞ്ഞു
വീട്ടകം
പൂച്ചകളേറെ ഉണ്ടായിരുന്നു
മൂഷികനു നേരെ
മുഷിഞ്ഞൊന്ന്
നോക്കിയതല്ലാതെ
പിടിച്ചില്ലിന്നേവരെ
അങ്ങനെയാണ്,
എലിയുടെ മണം പിടിച്ച്
അപ്പപ്പോൾകണ്ടു പിടിക്കുമെന്ന്
ആണയിട്ടുറപ്പിച്ച
ഒരു പൂച്ചയെ കൊണ്ടുവന്നത്
ഇപ്പോൾ, അകത്തളം വിട്ട്എലികൾ
 ഉമ്മറത്തും
മുറ്റത്തും
പറമ്പിലും
കറങ്ങി നടപ്പാണ്
പൂച്ച ഉറക്കത്തിലും .

പിടിക്കുന്നുണ്ടിപ്പോൾ
മണം പിടിച്ച്
കണ്ണിന്റെ പച്ചത്തിളക്കവുമായി
ആ പ്രാചീനമാർജാര
പാദപതനത്തോടെ
ഒറ്റ കടിക്കു തന്നെ കൊല്ലുന്നുണ്ട്
പാറാവുകാരെ ഒന്നൊന്നായി.

2018, മാർച്ച് 11, ഞായറാഴ്‌ച

പെരുച്ചാഴികൾ




വെളുക്കെചിരിച്ച്
വെള്ളിത്താലവുമേന്തി
പോയവർ നാം തന്നെയാണ്
വെറുതേയാവില്ലെന്ന്
വേരോളം ആഴ്ന്ന് വിചാര
പ്പെട്ടുകൊണ്ടിരുന്നു
മനക്കോട്ടകൾ കെട്ടിയതിന്
കണക്കില്ല
ബേങ്ക് എക്കൗണ്ട് തുടങ്ങിയത്
ലക്ഷം വാങ്ങാനല്ല
കൈയ്യിലെ ചില്ലിക്കാശും കളഞ്ഞു
പോകാതിരിക്കാനെന്നറിഞ്ഞിട്ടും
വേറുതേയാവില്ലെന്ന് ......!
അതെ വെറുതേയായില്ല
വിലയും നിലയും.
കയറിക്കൊണ്ടിരിക്കുന്നുണ്ട്
വിലകൾ
നിലകളും ഉയരുന്നുണ്ട്
വലിയ മാളുകളുടെ
ഏതു കാലത്താണ് പശുവിന്
ഇത്രയും വിലയും നിലയുമുണ്ടാ
യത്
മാംസത്തിന്റെ പേരിൽ
മാംസം വെട്ടിനുറുക്കിയത്
മിണ്ടാതിരുന്നാലായിരുന്നു പ്രശ്നം
ഇപ്പോൾ മിണ്ടുകയേ വേണ്ട
പേനകൾ വിശ്രമിക്കട്ടെ
അടങ്ങിയിരുന്നാൽ മതി
ഇത്രയും നല്ല കാലം മുമ്പ് ഉണ്ടായി
ട്ടുണ്ടോ!
നിങ്ങൾ ഭംഗിയാർന്ന പ്രതലം മാത്രം
കാണുക
പെരുച്ചാഴികൾ തറ തുരന്നു കൊണ്ടേ
യിരിപ്പാണ്
ഓർക്കുന്നില്ല നിലംപൊത്തുമ്പോൾ
സിംഹാസനവും വീഴുമെന്ന്.


2018, മാർച്ച് 10, ശനിയാഴ്‌ച

അക്ഷരം തെറ്റിയ കവിത




കവിതപോലെയാണ്
അയാളെന്നും തെരുവിലെത്തുക.
കൈവണ്ടിയിൽ
കായ്കനികളുടെ കവിതകളും
നിരത്തിവെച്ച്
നാക്കു നീണ്ടൊരു മണിക്കവിതയാണ്
വിളിച്ചറിയിക്കുക
കവിതയിൽ നിന്ന് അക്ഷരങ്ങളെന്ന
പോലെ
പെറുക്കിയെടുത്ത്
അളവ് തൂക്കി പാത്രത്തിലേക്കിട്ടു തരും
കവിതത്തുണ്ടുകൾ
അടുക്കളയിൽ കേൾക്കാം കവിതയുടെ
കലപില
വറച്ചട്ടിയിൽ, കറിക്കലങ്ങളിൽ
പുതു പുതു കവിതകൾ പിറക്കും
തുടുത്തു നിൽക്കുന്ന തക്കാളിക്കവിത
യോട്
ചൊറിഞ്ഞു നിൽപ്പുണ്ടാകുംചേനക്കവിത
കരയിക്കുമെന്നും ഉള്ളിക്കവിത
മുളകിന്റെ എരിവോളം വരില്ല മറ്റൊരു
കവിതയും
കവിതകളെല്ലാം തീൻമേശയിലിരുന്നാൽ
തുടങ്ങുമവർ കുറ്റം പറയാൻ
ഉപ്പില്ല, പുളിയില്ല,എരിവില്ല
അക്ഷരം തെറ്റിപ്പോയ ഒരുകവിതയാണു ഞാൻ

2018, മാർച്ച് 9, വെള്ളിയാഴ്‌ച

മുളച്ചുവരും കാലം




ഞങ്ങൾക്കന്ന്
പ്രത്യേകം ,പ്രത്യേകംസ്ക്കൂളുണ്ടാ
യിരുന്നില്ല
വേർതിരിവൊട്ടു മുണ്ടായിരുന്നില്ല
ആണും പെണ്ണെന്നില്ലാതെ
ജാതി മത ഭേദമില്ലാതെ
ഒറ്റക്ലസിൽ ഒന്നിച്ചിരുന്നു പഠിച്ചു.
ഇന്ന്;
കേൾക്കാവാക്കിനെ ചൂണ്ടയിൽ
കൊരുത്തവർ ഇരപിടിക്കുന്നു
പ്രണയപ്പേരിൽ പത്തലിനടിച്ച്
മൃത്യു കൊയ്യുന്നു
കലാശാലകൾ കലാപശാലയായ്
കഴുത്തറക്കുന്നു
വെടിമരുന്നിന്റെ തരികൾ ചിന്തയിൽ
തിരുകിക്കയറ്റുന്നു
ചരിത്രത്തോട് മുഖം തിരിച്ചവർ,
ചരിത്രമെഴുതുന്നു
പഴയ ചിത്രം ചവറ്റുകൊട്ടയിൽ
പറിച്ചെറിയുന്നു
വാക്കുകൾക്ക് തോക്കു കൊണ്ട്
ഉത്തരം കുറിക്കുന്നു
ചോരച്ചാലുകൾ നീന്തിയോരുടെ
ചോര ചീന്തുന്നു
ചാരെ നിൽക്കും കാറ്റിൻ കണ്ണുകൾ
കാണുന്നില്ലവർ
ചോറ്റുപട്ടാളമായി ചീറ്റിനിൽക്കുമ്പോൾ
ചവറ്റുകുട്ടയിലാണ് നാളെ
അറിയുന്നില്ലവർ.
പറഞ്ഞു നിൽക്കാൻ നേരമില്ല
വരികയാണവർ
കണ്ണു ചൂഴ്ന്നു, നാവരിഞ്ഞ്,
വിരലറുത്താലും
മൂർന്നെടുത്തത് മുളച്ചു വരും
കാലമൊന്നുണ്ട്.





2018, മാർച്ച് 8, വ്യാഴാഴ്‌ച

അടയാളം





പണ്ടൊക്കെ മരിച്ചിരുന്നത്
പ്രായമായി
പട്ടിണിയായി
രോഗമായി
വിഷം തീണ്ടി
........, ഇങ്ങനെയൊക്കെ
യായിരുന്നു.
ഇന്ന്;
പശു
മാംസം
പേന
കവിത
വാക്ക്
നോക്ക്
നാക്ക്
ചിന്ത
സ്വപ്നം
ഏതു സമയത്തും
എങ്ങിനേയും സംഭവിക്കാം
അവർ ചുറ്റുമുണ്ട്
അവനായി
ഇവനായി
ഞാൻ തന്നെയായി.
നട്ടുച്ചയ്ക്കും ഇരുളിന്റെ
കൊട്ടാരം തീർക്കും
എങ്ങനെയൊക്കെയാകാമെ
ന്നതിന്
അടയാളമാണ് പോലും
ഗാന്ധിജി.


2018, മാർച്ച് 7, ബുധനാഴ്‌ച

വസന്തകാല പ്രണയം




വസന്തത്തിന്റെ സായം വേളകൾ
ഭാവനയുടെ ചിറക് വിരിക്കുന്നു
അറിയാത്ത മോഹങ്ങൾ
അകതാരിലുണരുന്നു
പ്രണയത്തിന്റെ കിന്നര കുമാരികളെ
സ്വപ്നം പുണരുന്നു
ചിരിയൂറി നിൽക്കും കറുത്ത നയനങ്ങൾ,
സിരകളിൽ ചൂടുപിടിച്ച് രക്താഭയാർന്ന് തുടുത്ത കവിളുകൾ ,
അഭിലാഷങ്ങൾ വീർപ്പുമുട്ടിക്കുന്ന
മുഗ്ധയായ പെൺകുട്ടിയാണ് വസന്തം.
അവളുടെ കണ്ണിലെ തിളക്കവും
ചുണ്ടിലെ മന്ദഹാസവും എന്നെയുണർ ത്തുന്നു
ഏതോ തന്ത്രികളിൽ നിന്നുയരും സംഗീത
സ്വരം
വിരൽ സ്പർശമായ് സോല്ലാസം എന്നിലിഴയുന്നു
കാലത്തിന്റെ മടക്കുകളിൽ മറന്നു കിടന്ന
പ്രണയം
യുവ ചൈതന്യമായ് ഹൃദയത്തിൽ നിന്നെ -
ത്തി നോക്കുന്നു
ഇളം തെന്നൽ പോലെ കുളിരുപകരുന്നു
പ്രണയമേ നീ ജീവിതത്തിന്റെ പ്രഭാതം

2018, മാർച്ച് 6, ചൊവ്വാഴ്ച

ആദിപാപം




കടലിന്റെ നാക്കാണ്
നദി
മലയെ വിഴുങ്ങാൻ
കടൽ നീട്ടിയ നാക്ക്.
ഭയന്ന മലയുടെ
കണ്ണീരാണു മഴ
മഴ നാവിൽവീണൊഴുകി
കടലിൽ തന്നെ ചേരുന്നു
അതുകൊണ്ടായിരിക്കണം
മലപ്പുറപ്പെട്ടു പോയത്
നദികൾ വറ്റി വരണ്ടു
വിണ്ടു കീറിയത്
കടൽ കലി കൊണ്ട്
എല്ലാം തകർക്കാൻ
ഇടയ്ക്കിടേകരയിലേക്ക്
കയറുന്നത്
കനിയുടെ രുചിയറിഞ്ഞ
കയപ്പാണ്
ആദിപാപം.

2018, മാർച്ച് 5, തിങ്കളാഴ്‌ച

കലണ്ടർ




കാലത്തിന്റെ
കലണ്ടറാണ്
മരങ്ങളുടെ
ഇല പൊഴിയൽ
ഇലപൊഴിഞ്ഞ
 മരങ്ങളുടെ
തളിരിടൽ
കൊക്കുകളുടെ
കലമ്പൽ
പറവകളുടെ
പ്രീയങ്ങൾ
തവളകളുടെ
താളങ്ങൾ
ചീവീടുകളുടെ
 കുരവകൾ
മണ്ണിന്റെ
മണങ്ങൾ
വിണ്ണിന്റെ
 നിറങ്ങൾ
ചേമന്തി
വാക
കടമ്പ്
താമര
മുല്ല
പാച്ചോറ്റി.
പൂക്കളും
കാലത്തിന്റെ
കലണ്ടറിലെ
അക്ഷരങ്ങൾ.
പിറന്ന
നിന്റെ മുന്നിൽ
തുറന്നു
കിടക്കുന്നു
ജീവിതം.

2018, മാർച്ച് 4, ഞായറാഴ്‌ച

ഭാഷ




ഭാഷ പലതരം
അടയാളത്തിന്റെ
ആംഗ്യത്തിന്റെ
നോട്ടത്തിന്റെ
ആനന്ദത്തിന്റെ
അങ്കലാപ്പിന്റെ
അങ്കക്കലിയുടെ
ഒറ്റപ്പെടലിന്റെ
കരച്ചിലിന്റെ.
വേഷത്തിലുമു-
ണ്ടൊരുഭാഷ
എന്തു തന്നെ
യായാലും
ശരീരത്തിന്റെ
ഭാഷയോളം വരില്ല
ഒരു ഭാഷയും


2018, മാർച്ച് 3, ശനിയാഴ്‌ച

മൂങ്ങ




തിണർത്ത ദേഹം തടവി
മരച്ചോട്ടിലവൻ നിന്നു
അവൻ;
നിഴലിന്റെ നിറമുള്ളവൻ
നിഴൽപോലെ കൂട്ടുള്ളവൻ.
മരത്തിനു മുകളിൽ
മൗനിയായ് ഒരു മൂങ്ങ
പറന്നെത്തുന്നു പലപാടു
നിന്നും
പല പറവകൾ
ആഞ്ഞാഞ്ഞു കൊത്തുന്നു
മുഞ്ഞിയിൽ, തലയിൽ
മൗനമായ് മൂങ്ങ വേദനയാൽ
പുളയുന്നു.
മുതുകിൽ തടവി അവൻ
മുകമായ്മൊഴിഞ്ഞു:
എന്നെപ്പോലൊരു ജന്മമോ
നിനക്കും.
വെയിൽ പൂത്ത പാടത്ത്
പട്ടം പോലെ പറക്കുന്നു
കൊറ്റികൾ


2018, മാർച്ച് 1, വ്യാഴാഴ്‌ച

മരം




മരം
മുറിക്കുകയെന്നാൽ
പറവകളുടെ ചിറകിന്
തീക്കൊളുത്തിവിടുക
യെന്നാണ്.
മരങ്ങൾ നശിച്ചാൽ
പറവകളെവിടെ
പറവകൾ നശിച്ചാൽ
വനങ്ങളെവിടെ
വനങ്ങൾ നശിച്ചാൽ
മഴയെവിടെ
മഴയില്ലെങ്കിൽ
ജലമെവിടെ
ജലമില്ലെങ്കിൽ
മനുഷ്യനെവിടെ.
മനുഷ്യൻ
എല്ലാമറിയുന്നവൻ
കോടാലിയുമെടുത്ത്
കാട്ടിലേക്ക് നടന്നു.




ഹരിജൻ




അവന് പേരില്ല
പൊരുളില്ല
മുഖമില്ല
മണ്ണില്ല
കൂടും, കുടിയുമില്ല
അവൻ ശരീരം
ശരിയും
അവനെ ഹരിയുടെ -
മകനെന്ന്
ഗാന്ധിജി വിളിച്ചു.

പിന്നെ താമസിച്ചില്ല
ആദരിച്ച്
കുമ്പിട്ട് വണങ്ങി
നെഞ്ചിലൊരു ചുവന്ന
പൂവ് വെച്ച്
വേഷഭൂഷാധികളോടെ
ഗാന്ധിജിയെ
ഹരിയിലേക്കെത്തിച്ചു.