malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ഈ പുഴയും........!

പുഴയൊരു കഥയായ് മാറി
പഴയൊരു കഥയായ് മാറി
പണ്ടൊരു പാണന്‍ പാടിയ-
പോലൊരു
കഥയെന്നാരോ ചൊല്ലി .
പുഴയുടെ കഥയില്‍ കുളിര്
കളകളമൊഴുകും ചേല്
കന്ദള മേറ്റിയ കുന്ദലതാദികള്‍
മഞ്ജിമ നല്‍കുംനേര് .
കേള്‍ക്കാനെന്തു രസം കഥ
പണ്ട് മദിച്ച് കളിച്ചു രസിച്ചൊരു
പുഴയുടെ പഴയ കഥ .
കണ്ടവരുണ്ടോ പുഴയാരേലും
പുഴയുടെ കഥ കേട്ടവരുണ്ടോ .
പുഴയുടെ മദ്ധ്യേയിരിപ്പൂ നമ്മള്‍
പഴയൊരു പുഴയുടെ മദ്ധ്യേ
ഒഴുകുന്നുണ്ടിടനെഞ്ചില്‍ ഒരു പുഴ
കാരുന്ണ്യത്തിന്‍ തെളി പുഴ
വറ്റരുതേയിനിയീപ്പുഴ
ഏതാനും ഇടനെഞ്ചിലെയീപ്പുഴ

ചരിത്രത്തെ ഓര്‍ക്കുമ്പോള്‍

മാഞ്ഞു പോയിട്ടുണ്ട്
മാറോടു ചേര്‍ക്കേണ്ട
കുറെ ചരിത്രം .
മാന്തി എടുക്കണം
മൺമറഞ്ഞു പോയവയെങ്കിലും .
പടയോട്ടങ്ങളുടെ കാലം കഴിഞ്ഞു
ഇത് പടപ്പുറപ്പാടിന്റെ കാലം .
വാളും,കുന്തവും കൊണ്ടല്ല
ആഗോള വത്കരണവും,
സ്വകാര്യ വത്കരണവും കൊണ്ട് .
സ്മരണകളുറങ്ങുന്ന സ്ഥലങ്ങളി-
ലെത്തിയാല്‍
പറിച്ചെടുക്കുവാന്‍ കഴിയുന്നില്ല
കാലുകള്‍ മണ്ണില്‍ നിന്ന് .
കാല്‍ച്ചുവട്ടി ലൂടെപടര്‍ന്ന വേരുകള്‍
വെള്ളത്തെയല്ല തേടിച്ചെന്നത്
അടിയേറ്റു പൊട്ടിയ തലയോടും
ഇടനെഞ്ചില്‍നിന്നിറ്റിയ
ചോരയുമായിരുന്നു
ആ ചോരയുടെപശിമയേറ്റാല്‍
പടരും നെറുകയില്‍
ചിന്തയുടെ ചില്ലകള്‍
ചുര മാന്തും ഹൃദയത്തില്‍
പിരിഞ്ഞു പോയകാലങ്ങള്‍

മുട്ട

മുട്ടിയാല്‍ പൊട്ടുന്നത് മുട്ട
തള്ള ക്കോഴിയുടെ ബീജം -
നിറഞ്ഞ ഗര്‍ഭ പാത്രം.
പൊരുന്നകിടക്കുന്ന
പേറ്റ് നോവുകള്‍ .
പുഴുങ്ങരുത് മുട്ടകളെ
ജീവഹത്യയേക്കാള്‍ പാപം
ഭ്രൂണ ഹത്യ .
എന്നിട്ടും;
പുഴുങ്ങിയ മുട്ടകളോടു മാത്രം -
പ്രീയം
ഗര്‍ഭത്തിലേതിരിച്ചറിയപ്പെട്ട
പെണ്‍ ഭ്രൂണങ്ങളോ
മുട്ടകള്‍.

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

വേനല്‍ക്കുറിപ്പ്‌

മലര്‍വാക മേലാകെ പൂത്ത വഴികളില്‍
വന്നെത്തിടും വേനല്‍ ശോണനിറവുമായ്
കൊന്നപൂക്കുന്നൊരു കുന്നിന്‍ ചരുവിലോ
മഞ്ഞ നിറമായി മേഞ്ഞു നടന്നിടും
ഉണ്ണികളാർത്തു കളിക്കും വയല്‍ക്കരെ
മാഞ്ചോട്ടില്‍ മാമ്പഴ മായി വിളങ്ങിടും
ഉച്ചനേരത്തിലോ പൊള്ളുന്നവാതനായ്
തെച്ചിമലര്‍പൂത്ത കാട്ടില്‍ കളിച്ചിടും
പൊള്ളലേറ്റുള്ളൊരു തൈകളോ-
പോയൊരു
കാലത്തിന്‍ ഓര്‍മ്മകള്‍പങ്കുവെച്ചീടുന്നു
വേനലിന്‍ വേറിട്ടു നില്‍ക്കും സ്മൃതിയുമായ്‌
പാടത്തിലങ്ങിങ്ങായ് കൊറ്റികള്‍ നില്‍ക്കുന്നു
താപങ്ങളേറ്റുതളര്ന്നുപോം കാറ്റിന്റെ
കഴലിടറിയാടിയാടിവന്നെത്തുന്നു
വെയിലാഴിയില്‍വെന്തുനീറിനീങ്ങുമ്പോഴും
കൂടുകൂട്ടീടാംകരളിലൊരുതണല്‍
അത്തണുവില്‍ നിന്നൊരുതരുതളിര്ത്തിടും
ഹരിത സ്വപ്‌നങ്ങള്‍ കരളില്‍ നിറഞ്ഞിടും

2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

അവള്‍ ഒരു തണല്‍

കവിതയുടെ കണ്ണീര്‍ വീണു
കലങ്ങിയ മനസ്സുമായി
കസാലയിലേക്ക് ചായുമ്പോള്‍
കവിളിലെ കരിയും
കൈയില്‍ കട്ടന്‍ ചായയുമായി
അടുപ്പ് കല്ലുപോല്‍ അവള്‍ മുന്നില്‍ .
കഥയുടെ രണ്ടാം തിരിവില്‍
കഠിന ജീവിതത്തില്‍
കലിടറുമ്പോള്‍
തണല്‍ തന്നു തുണയായതും
കൈതന്നു കരകയറ്റിയതുംഅവള്‍

പ്രണയത്തിനര്‍ത്ഥം

കനല്‍ച്ചൂടുള്ള നിശ്വാസങ്ങളില്‍ -
നിന്നാണ്
പ്രണയമെന്തെന്നവനറിഞ്ഞത്
അതുകൊണ്ട് തന്നെ അവനവളെ
മറക്കാനും കഴിഞ്ഞു .
കിനാവുകള്‍ ചൂഴ്ന്ന രാവുകളില്‍ -
നിന്നാണ്
പ്രണയ മെന്തെന്നവളറിഞ്ഞത്
അതുകണ്ട് തന്നെ
അവള്‍ക്കവനെ വെറുക്കാനും
കഴിയുന്നില്ല.

ബലിയാട്

വെളുത്ത സ്വപ്നങ്ങളുമായാണ്
കറുത്ത മണ്ണില്‍ കാലു കുത്തിയത്
കൊലമര ച്ചുവട്ടിലെ
കൊച്ചു വര്ത്തമാനങ്ങലായിരുന്നു -
യെല്ലാം
പാല് കൊടുത്തകൈയില്‍തന്നെ
പാമ്പ് കൊത്തുന്നു
കരളില്‍ കറുപ്പ് നിറച്ചു
വെളുത്ത മുഖം കാട്ടുന്നു
താലത്തില്‍ വെച്ചുതന്ന ഉടവാള്
തലയെടുക്കാനുള്ളതെന്ന് വ്യഗ്യം
വാക്കുകള്‍ നാക്കില്‍ സര്‍പ്പത്തിന്റെ -
ചീറ്റലുകളാകുന്നു
കുരുതിപ്പൂക്കള്‍ കുന്നേറിയ-
സമതലങ്ങളില്‍
പൊള്ളുന്ന വെയിലുകള്‍
പൊട്ടിച്ചിരിക്കുന്നു
കാലമെന്ന കാര്‍മ്മികന്റെ
ആലയിലേക്ക്‌
ശിരസ്സു കുനിച്ചുപോകുന്ന
ബലിയാടാണ് ഞാന്‍

2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ജീവ ചക്രം

കവരന്‍കപ്പകമ്പ് വെച്ചു
വട്ടുരുട്ടി കളിക്കുമ്പം
കരിയിലേ കാട്ടുമരത്തിന് ചുറ്റും
സൈക്കിളോട്ടാന്‍ പൂതി
കൂട്ടുകാര്‍ രണ്ടുണ്ട് കൂട്ടിനുണ്ട് കൂടെ
കൂതി കുത്തി വീഴാതെ
കാത്തിടാമെന്നേറ്റു .
വട്ടത്തില്‍ ചവുട്ടിയാല്‍
നീളത്തിലോടും
നീളെ നോക്കിയില്ലേല്‍
നടുവൊടിഞ്ഞു വീഴും
ചങ്ങലക്കണ്ണി ബന്ധത്തിന്‍
ബന്ധമറ്റു പോകും
നാടു,വടിച്ചു വളവു തീര്‍ത്തു
നേര്‍ വഴിയേ നടത്തിച്ചു
ഭൂമി പോലെവലംവെച്ചു
ഭാവിയിലേക്കൊടിച്ചു.
വഴിയാധാര മായില്ല
വീടാധാരം പോയില്ല
കടമ്പകള്‍ കടന്നതിനു
കടപ്പാടുണ്ടേറെ.
കൂടുകാരായുള്ളോര്‍
കൂടൊഴിഞ്ഞു വെങ്കിലും
ഉരുണ്ടിടുന്നു യിന്നും
കണ്ണി യറ്റിടാതെയാ
ജീവചക്രം.

ആമ്പ്രന്നോന്‍

ഉണ്ടാവും ചില പെണ്ണുങ്ങള്‍
കഞ്ഞി കുടിക്കാനില്ലാതെ
മുണ്ട് മുറുക്കിയുടുത്ത്
പാതിരാത്രിയിലും
കള്ള് കുടിച്ചു വരുന്ന
കേട്ട്യോനേയും കാത്ത്.
ചൂട്ടു മിന്നുന്ന വെട്ടം
പാട്ട് മൂളുന്ന ചെത്തം
കണ്ണും,കാതും കൂര്‍പ്പിച്ച്
വേരിറങ്ങിയ ഇരുത്തം.
പുതച്ചു മൂടി കിടക്കുമ്പോഴും
താനുറക്കമല്ലെന്ന്
വിളിച്ചു പറയുന്നുണ്ടാവും
മൂത്ത ചെക്കന്‍ മുക്കിയും,മൂളിയും.
ഉമിനിറച്ച തുപ്പ ച്ചിരട്ടയിലേക്ക്
ഒരു തുപ്പ്.
ഒരു തൊണ്ടയനക്കം
അവളും പറയുന്നുണ്ടാകും
ഞാനും ഉണര്‍ന്നിരിക്കുന്നെന്നു.
ചപ്പിന്റെ കിരുകിരുപ്പ്‌
ഇറന്കല്ലിന്റെ അനക്കം
പുറത്തേക്കിറങ്ങി അവള്‍
ഒച്ചയനക്കും.
"മൂന്തി കഴിഞ്ഞാലെങ്കിലും
ഓര്‍ക്കണ്ടേ ഇങ്ങനെ
ഒരുകൂട്ടരുണ്ടെന്ന്"
ചോരച്ചകണ്ണ്കൊണ്ടവന്‍
തുറിച്ചു നോക്കുമ്പോഴും
ചുണ്ടിലൊരു ചെറു ചിരി
അവളില്‍ തങ്ങിനില്‍ക്കും
ഇവനെന്റെ ആമ്പ്രന്നോനെന്നു
അഹങ്കരിക്കും .

മൊട്ടുകളേയും....!

രാവിലെ എഴുന്നേറ്റാല്‍
ചെടിയില്‍ പൂവ് വിരിഞ്ഞിരിക്കുന്നത് -
കാണാം
രാത്രി കിടക്കുന്നത് വരെ
ഉണ്ടായിരിക്കില്ല
എപ്പോഴാണ് പൂവ് വിരിയുന്നത്?
എവിടെ നിന്നാണ് പൂവ് വരുന്നത്?!
പൂവിരിക്കുന്ന തണ്ടില്‍ നിന്നോ ,
തണ്ടിരിക്കുന്ന വേരില്‍ നിന്നോ ,
മണ്ണില്‍നിന്നു വേരിലൂടെ പടര്‍ന്ന്‌ -
തണ്ടില്‍ വന്നു വിടരുകയാണോ?!!!.
മൊട്ടിനെയാരും മുട്ടിയുരുമാറില്ല
അതിന്റെ നാള്‍ വഴികളിലേക്ക്
നടന്നു കയറാറില്ല.
വിടര്‍ന്ന പൂവിനെ മാടി വിളിക്കും
മൃദു ദലങ്ങളെ അടര്‍ത്തിമാറ്റും .
ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍
ഒരു മൊട്ട് ചെടിക്ക് താഴെ
അടര്‍ന്നു വീണിരിക്കുന്നു !
മൊട്ടുകളേയുമിന്ന് വെറുതേ വിടുന്നില്ല
മൊട്ടുകളാണ്പോലും മോഹിപ്പിക്കുന്നത്
കശ്മല കൈയ്യുകളെ കോരിത്തരിപ്പിക്കുന്നത്

കവിതയായത്......!

കായല്‍ക്കരയിലെ
കുറ്റിക്കാട്ടിലായിരുന്നു
മഞ്ഞു വീണഒരു പ്രഭാതത്തില്‍
കണ്ണീരു വീണു കലങ്ങി പരന്നിരുന്നു.
കുടിച്ച മദ്യത്തിന്റെ കെട്ട് വിട്ടപ്പോള്‍
കോറിയിടാത്ത കുറേ വാക്കുമായി
ഞാന്‍ കുന്നു കയറുമ്പോഴാണ്
കരഞ്ഞു വിളിച്ചത്
കവിത്വ മില്ലാതവന്റെ
കൈയില്‍ പെട്ടുപോയെന്ന്
കുതറി പ്പിടഞ്ഞപ്പോള്‍
കുരുങ്ങി പോയതെന്ന് .
കൈയ്യുംപിടിച്ചു നടക്കുമ്പോള്‍
എനിക്കറിയില്ലായിരുന്നു
എന്ത് വേണമെന്ന് ,
ആള്‍ക്കാരോട് എന്ത് പറയുമെന്ന് .
കവിത തന്നെയാണ് പറഞ്ഞത് :
ഞാന്‍ കൈക്കോട്ടു കാരന്റെ മകളെന്നു
കഷ്ട്ട പ്പെടുന്നവന്റെ
കൂടപ്പിറപ്പെന്നു
ആ കണ്ണീരാണ് ഞാന്‍
കോറിയിട്ടത്‌
ആ വാക്കുകളാണ് കവിതയായതു