malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, മാർച്ച് 29, ബുധനാഴ്‌ച

വേശ്യ


(  1  )

ആർഭാടത്തിൻ്റെ
അകത്തളത്തിലിരുന്ന്
കോഴിക്കാലിൽ നിന്ന്
നേരിയ നാരുകൾ
ചീന്തിയെടുക്കുമ്പോൾ
ചിറകടിക്കുന്നു
അവളുടെയുള്ളിൽ
ഒരു വേദനയുടെ പക്ഷി

           ( 2 )

രാത്രി സുരതത്താൽ
ചവറായ ശരീരത്തെ
ദു:ഖത്തിൻ്റെ ബലിക്കല്ലിൽ
കുരുതി കൊടുക്കുന്നു
പുലരിയിൽ

2023, മാർച്ച് 26, ഞായറാഴ്‌ച

സൂര്യകാന്തിപ്പൂവ്


മഞ്ഞകൊണ്ട്
നേരിനെ വരച്ചവൻ
മഞ്ഞ ,മൃത്യുവെന്ന്
പറഞ്ഞു തന്നവൻ

പ്രണയിനിക്ക്
ചെവിപ്പൂവ് സമ്മാനിച്ച്
പ്രാണനോളം സ്നേഹം
കാട്ടിക്കൊടുത്തവൻ

ഉന്മാദത്തിൻ്റെ ഉപ്പുരസം
രുചിച്ച്
സൂര്യതേജസ്സായി ജ്വലിച്ച്
വെയിൽ വാരി തിന്ന്
നിറങ്ങളുടെ നിറമായ്
മാറിയവൻ

വാൻഗോഗ്,
നട്ടുച്ചയായ് പിറന്നവനെ
നിലവിളിയെ പോറ്റി വളർത്തി -
യവനെ
ജ്ഞാനം വിശപ്പെന്ന്
വിളിച്ചു പറഞ്ഞവനെ

ഇന്ന് ,
എൻ്റെ മുറ്റത്ത് വിരിഞ്ഞി-
രിക്കുന്നു
ഒരു ചെവിക്കുടപ്പൂവ്

2023, മാർച്ച് 24, വെള്ളിയാഴ്‌ച

ഓർമ്മയുടെ പാലക്കാട്

 


പനമ്പട്ടവീശിവരുന്നതു കൊണ്ടാകുമോ
പാലക്കാടൻ ഉച്ചക്കാറ്റിന് ഇത്രയും ചൂട്
അതോ, ടിപ്പുവിൻ്റെ പടയോട്ട ചൂടോ!
കണ്ടു ഞാൻ
കോട്ടതൻ ഗാംഭീര്യം

ഗർഭിണിയെപ്പോലെ
നിറ വയറുമായി നിൽക്കുന്ന
മലമ്പുഴ ,
കാനായി കരവിരുതിൻ യക്ഷി ,
അഗ്രഹാര കാഴ്ചകൾ
കൽപ്പാത്തി ക്ഷേത്ര പെരുമ

നെല്ലറയാക്കാൻ പാടുപെട്ട്
എല്ലു വെള്ളമാക്കും കർഷകർ
ചെതലിമലയുടെ മിനാരം
മിത്തുകളെ മുത്തമിട്ടു പറക്കും
ചൂടൻ കാറ്റ്

ഓർമ്മകൾ പനമ്പട്ടയായി വീശുന്നു
ചിന്താസരണിയിൽ കഥകൾ കൈമാടി
വിളിക്കുന്നു
കരിമ്പനകൾ കാലത്തെ വിളക്കിചേർക്കുന്നു
വയൽവരമ്പിലൂടെ മൈമൂനയോ, രവിയോ
ആരാണ് നടന്നു പോകുന്നത്?!

2023, മാർച്ച് 23, വ്യാഴാഴ്‌ച

പൂവ്


പൂവുകൾ
ചലിക്കുകയോ
ചിരിക്കുകയോ അല്ല
ചെയ്യുന്നത്
ഏതു നിമിഷമാണ്
വാടിവീഴുക എന്നാലോ -
ചിക്കയാണ്

2023, മാർച്ച് 22, ബുധനാഴ്‌ച

അകവെളിച്ചം




കരഞ്ഞിരുന്നിട്ടെന്തുകാര്യം -

കുഞ്ഞേ ?

കുറുക്കുവഴിയില്ല ജീവിതത്തിന്

കുരുട്ടു ബുദ്ധിയിൽ തോന്നാം -

കരതലാമലക, മീ ജീവിതം !


കരുണാ ശൂന്യം കാലം

കഴുക കൊക്കിനാൽ മുറിഞ്ഞിടാം -

ശ്വാസം

കരിഞ്ഞിടാം കിനാവിലെ പൂക്കാലം

ചുറ്റിലും ശിലാ ഹൃദയം


തിരിഞ്ഞു നോക്കാതെ നടക്ക നീ

നേരിൻ വേരുതേടിടാം

തല കുനിക്കയല്ല കർമ്മം

വിതുമ്പി നിൽക്കയല്ല ധർമ്മം


സ്മൃതിയൊരുക്കും ശരശയ്യ വേണ്ടിനി

മൃതിയെ തെല്ലും ഭയക്കേണ്ടിനി

ദുഃസ്വപ്നം തളിർക്ക വേണ്ടിനി

പുറത്തു തട്ടി വിളിക്കുന്നിരുട്ടിനെ

അക വെളിച്ചത്തെ കാട്ടിക്കൊടുക്ക നീ

2023, മാർച്ച് 21, ചൊവ്വാഴ്ച

അപരിചിതം


ഇന്നോളമടച്ചിട്ടില്ല വാതിൽ
വാതിലേയില്ലാത്ത വാതിൽ
കുന്നോളം കാര്യങ്ങൾകണ്ട -
പച്ചയായ ജീവിതം പോലെ
മലർന്നു കിടക്കും വീട്.

ഉള്ളി പോലുള്ളത്തിൽ
കള്ളമില്ലാത്ത വീട്
കുര്യനും കണാരനും ഖാദറും
ഒന്നിച്ചുവാണനൽ വീട്

ഇന്ന് ,
വാങ്ങി ഒരു വാതിൽ
അടച്ചുറപ്പുള്ള വാതിൽ
ഇനി തുറക്കില്ലെന്നുറപ്പിച്ച്
അടച്ചുറപ്പിച്ചു ജനാല

കൻമതിൽ കെട്ടിയുയർത്തി -
മുന്നിൽ.
ജാഗരൂകമായ് വീട്
അപരിചിതങ്ങളിലേക്ക്
ഇനി തുറക്കില്ലെന്നു വാതിൽ

2023, മാർച്ച് 17, വെള്ളിയാഴ്‌ച

വർത്തമാനത്തിൽ....


അന്യവും, ബധിരവുമായ
വർത്തമാനകാലത്ത്
മുദ്രാവാക്യങ്ങളിൽ അഭയം തേടിയവരെ
എങ്ങനെയാണ് ഓർക്കാതിരിക്കുക

പഴുത്തിലകളെപ്പോലെ അവരരിഞ്ഞു തള്ളിയ
കബന്ധഭൂമിയിലൂടെ
ഒറ്റ ലക്ഷ്യത്തിലേക്ക് നടന്നു പോയവരെ
എങ്ങനെയാണ് മറക്കുക

മാഞ്ഞു പോയിട്ടില്ല വഴിത്താരയിലെ
കാലടിപ്പാടുകൾ
മറഞ്ഞു പോയിട്ടില്ല മൺമറഞ്ഞവരുടെ
ധീര സാഹസികത

ബോധത്തിൻ്റെ മരുഭൂമിയിലേക്ക്
ഓർമ്മയുടെ ചോരയോട്ടത്തെ ഒഴുക്കുക
തിരിഞ്ഞു നോക്കുക വഴിത്താരയിലെ
കാൽപ്പാടുകളെ

പലായനത്തിൻ്റെ സമുദ്ര സ്വരങ്ങളെ അറിയുക
അകലങ്ങളിലെ ക്രൂരതയുടെ അലറലുകളെ -
അറിയുക
നിറഞ്ഞ നിലവിളിയിലേക്ക്
നമുക്കു നൽകുവാൻ നമ്മുടെ കൈവശമുള്ള
രക്തസാക്ഷിത്വത്തെ മുറുകെ പിടിച്ച് മുന്നോട്ട്
പോവുക

2023, മാർച്ച് 15, ബുധനാഴ്‌ച

ജീവിത കാണ്ഡം


കടുത്ത ജീവിത വേനലിൽ
പൊള്ളി നിൽക്കുമ്പോഴാണ്
അല്പം തണലുതേടി
നിന്നിലേക്ക്
നീങ്ങി നിന്നത്

അപ്പോഴാണറിഞ്ഞത്
നീ ,നീറി നീറി കത്തുന്ന
ഉമിത്തീയെന്ന്

2023, മാർച്ച് 14, ചൊവ്വാഴ്ച

മുദ്ര


മുദ്രവെച്ചു പൂട്ടിയ
വീട്ടിൽ നിന്നുമിറങ്ങുന്നു

ഉപേക്ഷിക്കുന്നു ഞാൻ
പാതതോറും
പാദമുദ്രയും

2023, മാർച്ച് 13, തിങ്കളാഴ്‌ച

അത് അങ്ങനെയാണ്


നാലാം ക്ലാസിലെ
നാരായണി ടീച്ചറെ
ചന്തയിൽ വെച്ചു കണ്ടു

ഇന്നും മാറിയിട്ടില്ല
കണക്കു തെറ്റിയതിന്
കൈവെള്ളയിലെ
തല്ലിൻ്റെ പൊള്ളൽ

കണ്ണട തുടച്ചു കൊണ്ട്
കുറെ നേരമെന്നോട്
വർത്തമാനം പറഞ്ഞു നിന്നു

മക്കളെക്കുറിച്ച് ഞാൻ
ചോദിച്ചപ്പോൾ
കണ്ണ് നിറയുന്നതും കണ്ടു

ടീച്ചറേ,
കണക്കുകൂട്ടി ശരിയാവുന്നത്
മാത്രമല്ല
കണക്കു തെറ്റുന്നതുമാണ്
ജീവിതം
അല്ലെ ടീച്ചറെ

2023, മാർച്ച് 12, ഞായറാഴ്‌ച

ജീവൻ



വേദനയുടെ

വേരു പറിക്കുക -

യെന്നാൽ

ജീവൻ

വെടിയുകയെന്നാണ്

2023, മാർച്ച് 11, ശനിയാഴ്‌ച

സമ്പത്ത്


കാലം മാറിയത്
കണ്ടില്ലെന്നു നടിക്കരുത്
ചോദ്യങ്ങളെല്ലാം
ചിഹ്നങ്ങളായി
ചിതലെടുക്കട്ടെ

ഉത്തരങ്ങളില്ലാത്ത
പ്രജകളാണ്
ഉടുതുണിയില്ലാത്ത
രാജാവിൻ്റെ
സമ്പത്ത്

2023, മാർച്ച് 10, വെള്ളിയാഴ്‌ച

ഉണർന്നിരുപ്പ്




തെച്ചി പൂത്തതുപോലുളള

നട്ടുച്ച നോക്കൂ

ഒച്ച വെയ്ക്കാതിരിക്കുക

ഇച്ഛിച്ചത് ലഭിക്കണമെന്നില്ല


ഇഷ്ടങ്ങളെല്ലാം

നഷ്ടമായ്

സ്മൃതികൾ

വിസ്മൃതിയായ്

അസ്ത്രമേറ്റ വസ്ത്രമായി

ശരീരം


വിട്ടു പോയ വാക്കുകൾ

വട്ടമിട്ടു പറക്കുന്നു

മറവിയുടെ മാളത്തിലകപ്പെട്ടവന്

ജീവിതം ശൂന്യതയുടെ അന്ധകാരം 


കാലം ബാക്കി വെച്ച

ഭിക്ഷയാണ് ജീവിതമെങ്കിലും

എന്തോ പറയുവാനുണ്ടാകാം

നടന്നു തീർക്കുവാനുണ്ടാകാം


മറന്നു വെച്ചവയൊക്കെയും

മരിച്ചു പോയവയല്ലെന്ന്

തിരിച്ചുവന്നു പറഞ്ഞേക്കാം

തരിച്ചിരിക്കാതെ കാലം ഉണർ -

ന്നിരിപ്പത് അതുകൊണ്ടാകാം


2023, മാർച്ച് 9, വ്യാഴാഴ്‌ച

അക്ഷയഖനി


കവിത ഖനിയാണ്
അക്ഷയഖനി

കുഴിക്കുന്തോറും
കുന്നുകൂടുന്നത്
അടർത്തുന്തോറും
അടരുകളായ്
അടിഞ്ഞുകൂടുന്നത്

കാല്പനികതയുടെ
നനവാൽ
ഉടയാത്തത്
യാഥാർത്ഥ്യത്തിൻ്റെ
കഠിനതയാൽ
പൊടിയാത്തത്

കരുണയാൽ
ആദ്രമായത്
ഹാസ്യത്താൽ
പ്രകാശിതമായത്

പ്രണയത്താൽ
പവിത്രമായത്
നിലാവിൻ
നറുംപൂക്കൾ
വിടർത്തുന്നത്

ഭ്രാന്തെന്ന്
നിങ്ങൾ പറയും
പൊള്ളിപ്പോയ
ജീവിതമെന്ന്
ഞാനും

2023, മാർച്ച് 8, ബുധനാഴ്‌ച

സമാന്തര രേഖകൾ


ഓർമകൾ
ആട്ടിൻകുട്ടികളെ പോലെയാണ്
മേയാൻ വിട്ടാൽ
എന്തൊക്കെ കടിക്കുമെന്ന്
പറയാൻ കഴിയില്ല
ഏതും ഒരു കടികടിക്കും
എന്ന കാര്യത്തിൽ സംശയമില്ല

നിന്നോട് പറയാൻ മറന്ന ഇഷ്ടം
ഞാൻ മറന്നു വച്ച ജീവിതം
മണ്ണപ്പം ചുട്ടതും
മൗനം കൊണ്ട് കണ്ണീരു കുടിച്ചതും

മാങ്ങാച്ചുന പൊള്ളിയ നിൻ്റെ കവിളിൽ
തൊട്ടപ്പോൾ
പൊള്ളിപ്പോയില്ലെ എൻ്റെ ജീവിതം

നോക്കൂ;
ആ റെയിൽപ്പാത
രണ്ട് സമാന്തര രേഖകൾ
ഇങ്ങനെയല്ലാതെ
ഇനി എങ്ങിനെയാണ്
കാലം നമ്മേ വരച്ചു ചേർക്കേണ്ടത്

2023, മാർച്ച് 7, ചൊവ്വാഴ്ച

കവിത


ചിലപ്പോൾ
വടികുത്തി നടക്കുന്ന
മഞ്ഞവെയിലാണു കവിത

ചിലപ്പോൾ
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും
വെളിച്ചത്തിൽ നിന്ന് ഇരുളിലേക്കും
അമ്പെയ്യുന്ന ലക്ഷ്യം

അഭയവും
ഭയവും

ചരിത്രവും
ചരിത്ര സാക്ഷിയും

മറിയത്തിനെ എറിയാനുയർത്തിയ -
കല്ലും
യേശുവിൻ്റെ വാക്കും

ചിലപ്പോൾ
കവിതയ്ക്ക്
കുരുത്തോലയടെ
മഞ്ഞനിറം

ചോരയുടെ
ചുവപ്പു നിറം

എന്തു പറഞ്ഞാലും
എന്നും
പച്ചയായ
ജീവിതമാണ് കവിത

2023, മാർച്ച് 6, തിങ്കളാഴ്‌ച

പെരുക്കം


വരകളിൽ നിന്നായിരിക്കണം
വചനങ്ങൾ പിറന്നിട്ടുണ്ടാകുക
ആരവങ്ങളിൽ നിന്ന്
നീരവവും

ഉരസ്സിനും, ശിരസ്സിനുമിടയിലായി -
രിക്കുമോ
സ്വസ്തിയുടെ അസ്ഥി

ആനയ്ക്കറിയല്ല
ആനയുടെ ശക്തി
വാക്കിന്നൂക്കറിഞ്ഞവൻ
ഊമ

വാക്കിൻ്റെ പക്ഷികൾ
മലകൾക്ക് ചിറകുകൾ -
നൽകുന്നു

തലയോട്ടിയുടെ കുന്നിൽ
ആണിയടിക്കുന്ന ശബ്ദം
ആണൊരുത്തന്
അകം പൊരുളിൻ്റെ
പെരുക്കം

2023, മാർച്ച് 5, ഞായറാഴ്‌ച

മീനമെത്തുമ്പോൾ


ഉടലിനെ
ഉപ്പിലിട്ടിരിക്കുന്നു വെയിൽ
അപ്പാർട്ടുമെൻ്റിലെ
അടച്ചിട്ട വാതിലുകളിൽ
അടവച്ച ചൂടിനെ
ആട്ടിപ്പായ്ക്കുവാൻ കഴിയാതെ
കറങ്ങി വശംകെടുന്നു
എ.സിയും ,ഫാനും

മീനം വരുന്നതേയുള്ളു
ചൂടിൻ്റെ സൂക്ഷ്മത
പട്ടാളക്കാരെപ്പോലെയാണ് !
ഏത് മുക്കിലും മൂലയിലും
അരിച്ചെത്തും

വേനലിൻ്റെ മാസ്മരികസൗന്ദര്യം
എന്നൊക്കെ പറയാറുണ്ടോ?!

എങ്കിൽ,
കത്തിനിൽക്കുന്ന കുന്നും,
ചോർന്നുതീർന്ന ചോലയും
ആലസ്യത്തിൽ അനങ്ങാതെ
ഉറക്കം തൂങ്ങിനിൽക്കുന്നമരങ്ങളും

അതിരാവിലെ ജ്വലിച്ചു നിൽക്കുന്ന
ചുവപ്പൻ കിരണങ്ങളും
വേനൽപൂത്ത വാകതൻശിഖരങ്ങളും
ചുവന്ന ചരടുനീർത്തിയ മിഴികളും
വിശപ്പു കത്തും കനലും സൗന്ദര്യ -
മല്ലാതെ മറ്റെന്ത്.

2023, മാർച്ച് 4, ശനിയാഴ്‌ച

അമ്മ


മഴ തോർന്നാലും
മരമായ് പെയ്യും
അടച്ചുറപ്പില്ലാത്ത
അടുക്കളച്ചരിവിൽ
കനിവിൻ്റെ കനലായി
കാത്തിരിപ്പുണ്ടാകും

പിടയുന്ന വാക്കിനാൽ
പൊടിയുന്ന വിയർപ്പിനാൽ
മുറിവായിൽ പോലും
തളിർപ്പച്ച കിളിർപ്പിക്കും

അകക്കൊള്ളി കത്തിച്ച്
അപ്പങ്ങൾ ചുട്ടുതരും
നിലവിളികൾ ഒളിപ്പിച്ച്
നിറപുഞ്ചിരി വിളമ്പിത്തരും

നിലയില്ലാ കയത്തിൻ്റെ
വെളുമ്പത്താണെങ്കിലും
നിഴലെന്നു സമാധാനിപ്പിച്ച്
പടവേറ്റി ഉയർത്തിടും

2023, മാർച്ച് 3, വെള്ളിയാഴ്‌ച

കാക്കക്കവിത


പുലർകാലത്ത്
പുളിമരത്തിൽ വന്നിരുന്ന്
വിളിച്ചുണർത്തും
മുറ്റത്തെ ചീത്തകളെല്ലാം
വൃത്തിയാക്കും

വിരുന്നുകാരെ
വാഴകൈയിലിരുന്ന്
വിളിച്ചു പറയും

ഇതൊക്കെയാണെങ്കിലും
കാക്കകളെ
നമുക്കിഷ്ടമേയല്ല

കറുപ്പിനേഴഴകെന്ന്
മേനിപറഞ്ഞു നടക്കും
കാക്ക കുളിച്ചാൽ
കൊക്കാകുമോയെന്ന്
പരിഹസിക്കും

നോക്കൂ ,
കാക്കയുടെ ആ ഇരിപ്പും ,
നടപ്പും
ഓട്ടക്കണ്ണിട്ട നോട്ടവും.

ശരീരത്തിലും, കണ്ണിലും
ഇത്രയേറെ കവിത ഒളിപ്പിച്ച
ഒരു പക്ഷി വേറെയില്ല

2023, മാർച്ച് 2, വ്യാഴാഴ്‌ച

ഭാഷയുടെ പക്ഷി




പുസ്തകങ്ങളുടെ പൂന്തോട്ടത്തിൽ

സുഗന്ധങ്ങളെ രുചിച്ച്

അക്ഷരങ്ങളെ കൊറിച്ചിരിക്കണം


ഭാഷയുടെ വേഷങ്ങളെ

എനക്ക് എൻ്റെ മാത്രം ജിജ്ഞാസ

യോടെ

നോക്കിയിരിക്കണം


കവിത പൂത്തചില്ലയിൽ കൂടുകൂട്ടിയ

കിളികളുടെ കളകൂജനങ്ങൾ കേട്ട്

നക്ഷത്രങ്ങളെ തൊട്ടു നോക്കണം


ചിതറിയ ചില്ലക്ഷരങ്ങളെ വാരിക്കൂട്ടി

ആവശ്യത്തിന് വെള്ളമൊഴിച്ച്

പാകത്തിന് കുഴച്ച് വാക്കിൻ്റെ ഇഷ്ടിക

പണിയണം


മൗനത്തിൻ്റെ പെട്ടകത്തിൽ

വാക്കുകളെ പടുത്ത്

വാചാലതയുടെ വാതായനങ്ങളിലൂടെ

ഭാഷയുടെ പക്ഷികളെ പറത്തി വിടണം



2023, മാർച്ച് 1, ബുധനാഴ്‌ച

ഉപമ




ചുണ്ടെത്തും ദൂരത്ത്

ഇറുന്നു വീഴാൻപാകത്തിൽ

ചുവന്ന പഴം പോലെ

നിൻ്റെ ചുണ്ടുകൾ


ഇലത്തുമ്പിലൂടെ

ഇറ്റിറ്റു വീഴുന്ന

മഞ്ഞുതുള്ളികൾ പോലെ

ഞെട്ടിൽ നിർത്തി

കൊത്തി തിന്നണം

പ്രണയത്തെ


ഏതിനോട്

ഉപമിക്കണം

പ്രണയികളെ ....