malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ജൂൺ 28, ചൊവ്വാഴ്ച

സദാചാര പോലീസ്


ചുംബിച്ചതിൻ ബാക്കി
ചുംബിക്കാം നമുക്കിനി
സദാചാര പോലീസ്
വരില്ലെന്നുറപ്പിക്കാം

ഹൃദയം കൊണ്ടല്ലൊ നാം
ചുംബിച്ചതന്നുംയെന്നും
ചതിയെ ചിതമാക്കി
നടന്നതില്ലല്ലോയെന്നും

ഇനി ചുംബിച്ചീടുവാൻ
തിടുക്കം വേണ്ടേ വേണ്ട
മതമുള്ളിൻകൂർപ്പിൽനാം
പിടഞ്ഞ് ഒടുങ്ങില്ല

അവർ ഏറ്റിവന്നുള്ള
വടിയും കല്ലും ചോര -
ക്കണങ്ങൾകൊണ്ടു ചിത്രം
മെനഞ്ഞു കഴിഞ്ഞല്ലോ

മരണമില്ലിനി നമ്മൾ
അനശ്വരരായല്ലോ
നഗ്നമായ് നാണിക്കാതെ
ചുംബിക്കാം നമുക്കിനി

2022, ജൂൺ 26, ഞായറാഴ്‌ച

ഇറങ്ങിപ്പോക്ക്


കഷ്ടത്തിൻ്റെ കാലത്തിലാണ്
ഇഷ്ടത്തിൻ്റെ ഇഴപിരിയാനൂലിൽ
കോർക്കപ്പെട്ടത്

പട്ടിണിയുടെ ചാവുമുനമ്പിലേക്ക്
ഞാൻ മുമ്പേ, ഞാൻ മുമ്പേയെന്ന്
നിരങ്ങിയേറിയിട്ടും
നരകത്തിൻ്റെ തീ വാതിൽ കടന്ന്
ജീവിതച്ചുരമൊന്നിച്ചിറങ്ങിയവർ നാം

അനാഥത്വത്തിൻ്റെ കണ്ണീരുപ്പിൽ
നനഞ്ഞിട്ടും
സ്നേഹത്തിൻ്റെ ഇലപ്പച്ച
വാടാതെ സൂക്ഷിച്ചവർ നാം

തീയിനാലല്ലാതെ തീക്ഷണമായ
പൊള്ളലേറ്റ നാളുകളിലും
ജീവിതത്തിൻ്റെ വഴുപ്പൻ വരമ്പിലൂടെ
പ്രണയത്തിൻ്റെ പടവുകൾ കടന്നു -
വന്നവർ നാം

എന്നിട്ടും ;
ഓർക്കാപ്പുറത്ത്
ഓർമ്മകളേയും തുറന്നുവെച്ച്
എന്നെ ഒറ്റയ്ക്കാക്കി നീ
എങ്ങോട്ടാണ്ട് ഇറങ്ങിപ്പോയത്

2022, ജൂൺ 24, വെള്ളിയാഴ്‌ച

ഷാപ്പിൽ


കൻമതിലിനു മുകളിലിരുന്ന്
കൈമാടി വിളിക്കുന്നുണ്ട്
കള്ള്, കപ്പ

മുറ്റക്കൊള്ള് കയറി
ഷാപ്പിലേക്ക് കയറുമ്പോൾ
ആടിയാടി വന്നൊരു കാറ്റ്
ഞങ്ങൾക്കുമുന്നേ കയറി

കപ്പയിൽ കൊഞ്ചുകറിയൊഴിച്ച്
കൊഞ്ചും കപ്പയും പെരക്കുമ്പോൾ
എന്തൊക്കെയോ കൊഞ്ചിക്കൊഞ്ചി
പറയുന്നുണ്ടൊരുവൻ തെക്കേമൂലയിൽ

ഞങ്ങളഞ്ചാളും
ബെഞ്ചിലിരിക്കുമ്മുന്നേ
മാറുപോലുള്ള മൺഭരണിയിൽനിന്ന്
കള്ളുംമുക്കിവന്ന് കറിക്ക് പറയുന്നുണ്ട്
റപ്പായി

ജാനുവിൻ്റെ ഇഞ്ചിയിട്ട കൊഞ്ച്കറിയുടെ
മണമടിച്ചാല്
കൊതികൊണ്ടൊരു കപ്പലോട്ടംനടക്കും
വായില്
ചാറ്നക്കി രസിച്ചിരിക്കുമ്പം
ചിരികൊണ്ട് പതഞ്ഞ്തൂവുന്നുണ്ട്
ചരിഞ്ഞു പെയ്യുന്ന മഴയും കള്ളും

ലഹരിയുടെ മലരി പൂത്തപ്പോൾ
തിക്കുമുട്ടിയചിരിയും കൊഞ്ചുകറിയുടെ
അവസാനത്തെ പറ്റും കവിത പോലെ
വടിച്ച് നക്കി
കാറ്റിൻ്റെ കൈയും പിടിച്ച്
ഞങ്ങള് പുറത്തേക്കിറങ്ങി

2022, ജൂൺ 22, ബുധനാഴ്‌ച

കവിതപോലൊരുകാമുകൻ


കവിതപോലുള്ളൊരു

കാമുകനെയാണു ഞാൻ തിരയുന്നത്


അനുഭവങ്ങൾ അടുക്കി വെച്ച

ഒരു പുസ്തകം പോലെയായിരിക്കണമവൻ

അരികിലിരിക്കുമ്പോൾ തന്നെ

എരിച്ചലനുഭവപ്പെടണം


ആ അനുഭവച്ചൂടിൽഎനിക്ക്

ഉരുകി തെളിയണം

കത്തുന്ന കവിതയായ് തീരണം


അവനൊരു സംഗീതമായ്

പുതുമഴയായ്

എന്നിലേക്ക് പെയ്തിറങ്ങണം

അതിൻ്റെ പുളകത്തിൽ

പുതുമണത്തിൽ

എനിക്കവനെ ശ്വസിക്കണം

ഉണരണം


മതിവരാത്ത മഴവില്ല് പോലെ

കൊതി കെറുവുപൂണ്ട

കുട്ടികളെപ്പോലെ

പ്രിയപ്പെട്ട കാമുകാ.....

മലർത്തിവച്ച കാവ്യപുസ്തകമായി

നമുക്ക് നമ്മെ വായിച്ചു കൊണ്ടേയിരിക്കണം


2022, ജൂൺ 21, ചൊവ്വാഴ്ച

എന്നിട്ടും.....!


അനാഥത്വത്തിൻ്റെ നെരിപ്പോട്
പുകഞ്ഞു കൊണ്ടേയിരിക്കുന്നു
ഊതിപെരുപ്പിക്കുവാനല്ലാതെ
ആറ്റി തണുപ്പിക്കുവാനില്ല ആരും

കത്തുന്ന കവിതയിലേക്ക്
പിരാന്തെന്ന് ശാപജലം ഒഴിക്കാ-
നായിരുന്നു തിരക്ക്
പിടിച്ചു നിന്ന കച്ചിത്തുരുമ്പും
പിച്ചിചീന്താനായിരുന്നു തിടുക്കം

ഏകാന്തയുടെ സായന്തനത്തിൽ
കൂട്ടുവന്ന പ്രണയത്തെ
കുരിപ്പു കിട്ടിയതുപോലെയാണ് കണ്ടത്
സദാചാരക്കണ്ണുകളാണ് വട്ടമിട്ടത്

ഒഴിഞ്ഞു മാറിയിട്ടും
ഓരം ചേർന്നു നടന്നിട്ടും
മുളചീന്തുമ്പോലവൾ പൊട്ടി ചീന്തിയിട്ടും
അവർ .........
എന്നിട്ടും;
ഒരു വാക്കും മിണ്ടാനാവാതെ
ഞാൻ.

യാത്ര


ഒരിക്കൽ ഒരു യാത്ര പോകണം
യാത്രയ്ക്കായി തന്നെ യാത്ര പോകണം!
വേറിട്ടൊരു സ്ഥലത്തേക്ക്
അത്രയൊന്നും പ്രധാന്യമില്ലെങ്കിലും !!
ഒട്ടേറെ പ്രാധാന്യമുള്ളിടത്തേക്ക്

ഭാവനയ്ക്കനുസരിച്ച് ഒന്നും തന്നെ
അവിടെ ഉണ്ടാകണമെന്നില്ല
മേൽവിലാസം തന്നെ ശരിയാകണമന്നില്ല
അങ്ങനെ ഒരു സ്ഥലം തന്നെ ഉണ്ടാകണമെന്നില്ല

എങ്കിലും അങ്ങനെ ഒരു സ്ഥലം
നമ്മിൽ കുറിച്ചു വെച്ചിട്ടുണ്ടാകും
പേനയിലെ മഷികൊണ്ടല്ലാതെ
അക്ഷരങ്ങൾ കൊണ്ടല്ലാതെ
വാക്കുകൾ കൊണ്ടല്ലാതെ

ജീവിത രക്തം കൊണ്ട്
തലച്ചോറിലെ വറ്റിൻ പശയാൽ
ഒരിക്കലും പറിഞ്ഞുപോകാത്ത രീതിയിൽ
ഒട്ടിച്ചു വച്ചിട്ടുണ്ടാകും
ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത
ആ സ്ഥലം

ഒരിക്കൽ യാത്ര പോകണം
യാത്രയ്ക്കായിതന്നെ യാത്ര പോകണം

2022, ജൂൺ 18, ശനിയാഴ്‌ച

അമ്മയുടെ ദുഃഖം


വറ്റിപ്പോയ

എൻ്റെ മുലകൾ നോക്കൂ

അതിൽ നിന്നാണവൻ

ജീവൻവലിച്ചു കുടിച്ചത്


ഒട്ടിപ്പോയ

എൻ്റെവയർ നോക്കൂ

അതിൽ നിന്നാണവന്

അവസാനത്തെ

വറ്റും ഊറ്റിക്കൊടുത്തത്


ഉടഞ്ഞുപോയ

എൻ്റെ ചുണ്ടുകൾ നോക്കൂ

അതുകൊണ്ടാണവനെ

ഉൺമയുടെ വെൺമ

ഉരുവിട്ട് പഠിപ്പിച്ചത്


വിറക്കുന്ന

എൻ്റെചില്ലപോലുള്ള 

വിരൽനോക്കൂ

അതു പിടിച്ചാണവൻ

ആദ്യമായി പിച്ചവച്ചത്


ചുക്കിച്ചുളിഞ്ഞ

എൻ്റെ ചുള്ളി കൊമ്പുപോലുള്ള

കാലുനോക്കൂ

അതിൽ ഉറച്ചു നിന്നാണ്

അവനെ ചെളിയിൽ താവാതെ

താങ്ങി നിർത്തിയത്


എന്നിട്ടും,

നാവില്ലാത്ത ഹൃദയമേ

നിൻ്റെ മൂകത

അനാഥാലയത്തിൻ്റെ

അകത്തളിൽ

എന്നെകൊണ്ടു തളയ്ക്കുന്നല്ലോ.


2022, ജൂൺ 16, വ്യാഴാഴ്‌ച

വിശപ്പ്

 

നാലാം ക്ലാസിലിരുന്നാൽ
ഒന്നാം ക്ലാസിലെ
ചുമരിലെ ഘടികാരം കാണില്ല

പന്ത്രണ്ട് മണിയാകുമ്പോഴെ
വയറ് കാളാൻ തുടങ്ങും
വയറിനറിനറിയല്ലല്ലോ
പട്ടിണിക്കാരൻ്റെ പങ്കപ്പാട്

പെരുവിരൽ കുത്തി ഏന്തി -
വലിഞ്ഞ് എത്തിനോക്കും
ഒന്നാം ക്ലാസിലെ ഘടികാരം
ദേഷ്യം വന്നമാഷ്
കയറ്റിനിർത്തും എന്നെ ബെഞ്ചിൽ

അങ്ങനെയാണ്
മണിയടിക്കും മുന്നേ
തയ്യാറെടുക്കാനും
മണിയടിച്ചാൽ ഒറ്റക്കുതിപ്പിന്
ഒന്നാമതെത്തി
ഉപ്പുമാവിന് വരിനിൽക്കാനും
കഴിഞ്ഞത്

ഇന്ന് എത്ര നല്ല ഭക്ഷണം കഴിച്ചാലും
കിട്ടുന്നില്ല
അന്നത്തെ ആ ഉപ്പുമാവിൻ്റെ
അത്ര സ്വാദ്

2022, ജൂൺ 15, ബുധനാഴ്‌ച

നിലാ നിശീഥിനി


കിനാക്കീറുപോലെ കിടക്കുന്നു വാനം
എങ്ങുനിന്നേതോ പക്ഷിതൻ കൂജനം
മലകൾക്കപ്പുറത്തെങ്ങാണ്ടു നിന്നും
കേൾക്കാം തുടിപ്പാട്ടിൻ താളാത്മശബ്ദം

പുകച്ചുരുൾപോലെ പുകഞ്ഞുള്ളമഞ്ഞ്
സുന്ദരിനിലാവിനെ കെട്ടിപ്പിടിക്കാ
നെന്നോണമാകാശത്തിലേക്കാഞ്ഞു നിൽപ്പൂ
കല്പടവിറങ്ങിവരുംകന്യപോലുള്ള
നിലാവുള്ള രാത്രിയെ
ശ്രദ്ധിച്ചുവോനിങ്ങൾ?!

ഏതോ വിജനമാം തീരത്തു നിന്നും
തടാകത്തിലേക്കുപതഞ്ഞുതൂവീടുന്ന
അരുവിയുടെ നിർഝര ശബ്ദംപോലെ
വളകളണിഞ്ഞ കൈ,യനക്കം പോലെ
അത്തറിൻ നേരിയ ഗന്ധം പോലെ
നമ്മെ ഹർഷോന്മത്തരാക്കിടുന്നു

മരങ്ങൾ പ്രാചീനമാം തൂണുപോലെ
ഇലയനക്കങ്ങൾ വീണാ ഗാനംപോലെ
ആഭരണങ്ങൾതൻ കിലുക്കംപോലെ
പാദസരത്തിൻ്റെ നാദംപോലെ
പ്രപഞ്ചം വലിയോരകത്തളം പോൽ

നിലാവൊരു കൈത്തിരിനാളമേന്തും
ലജ്ജാവതിയാം കന്യയെന്നപ്പോലെ
ആരോ മൃദുവായെന്നരികെ
ഉന്തി നടത്തിയപോലെ
അദൃശ്യ അവളെ അകക്കണ്ണാൽ കാണാം
കൊലുന്നനെ അറബിപ്പെൺകൊടിയെന്ന
പോലെ

അയഞ്ഞ കുപ്പായത്തിന്നുളളിൽ കാണാം
സുന്ദരമോഹന മൃദുലമേനി
ചെറിപ്പഴമധുരം വഴിയുന്ന ചുണ്ടും
നിറയെ മോഹങ്ങൾ വിടർന്നകണ്ണും
നീലച്ച ചേലവിരിച്ച വാനം
കുസൃതിക്കൺകാട്ടി വിളിച്ചിടുന്നു
പ്രണയ മനോഹരി നിലാനിശീഥിനി
മറക്കാനെളുതാത്ത മനോമോഹിനി


2022, ജൂൺ 13, തിങ്കളാഴ്‌ച

ചിത്രശലഭങ്ങൾ


പ്രണയികൾ ചിത്രശലഭങ്ങളാണ്
അവരുടെ വാക്കുകൾ മുന്തിരിച്ചാറും

അവരുടെ ഉള്ളകത്തു നിന്നാണ്
മുന്തിരിവള്ളികൾ തളിർക്കുന്നത്
ഹൃദയത്തിൽ നിന്നാണ് ചുംബനങ്ങൾ - പിറവിയെടുക്കുന്നത്

മൗനത്തിൻ്റെ കൂടുതുറന്ന്
അവർ മധുരം വിളമ്പുന്നു
അതിരില്ലാത്ത ചിറകുമായി
ആകാശമേറുന്നു

ചുംബനം കൊണ്ടവർ ഒരു കൂടുണ്ടാക്കും
ചിരിമണികൾ കോർത്തൊരു ചിത്രവിളക്കും,
വിശ്വം നിറഞ്ഞ വിശുദ്ധിയുടെ സംഗീതവും
നഷ്ടവസന്തങ്ങളെ തിരികേപിടിച്ച്
മുന്തിരിച്ചാറുപോലെ മൊത്തിക്കുടിക്കും

പ്രണയികൾ ചുംബനങ്ങളാൽ പൂത്ത
ചിത്രശലഭങ്ങളാണ്
അവർ ചുംബനപ്പൂവുകൾ വിരിയിച്ചു -
കൊണ്ടേയിരിക്കുന്നു

2022, ജൂൺ 12, ഞായറാഴ്‌ച

ഇലകൾ പച്ച പൂക്കൾ മഞ്ഞ




തൊടിയിൽ

തെയ്യം തുള്ളുന്നുണ്ട്

ഇപ്പോഴും തെമ്മാടി വെയില്


ഒളിച്ചുകളിച്ച 

ഇടങ്ങൾക്കൊന്നും

ഇപ്പോൾ

ഒളിപ്പിക്കുവാൻ കഴിയുന്നില്ല

എൻ്റെ ശരീരത്തെ


അന്ന് ഓടിക്കയറിയ

കോണികളും, കൊള്ളുകളും

കള്ളം പറഞ്ഞപോലെ

കാണാതായി


തണലുകളെ

താഴെ നിർത്തി

വെയിലുകൊണ്ട്നിൽക്കുന്നുണ്ട്

അന്നത്തെപ്പോലെ

ഇന്നും മരങ്ങൾ


വയലിലെ

വെള്ളരിക്കൂവലിലെ

പടവേറിവരുന്നുണ്ട്

ഒക്കത്തിരുന്ന്

ഓർമകളുടെ ചില മൺപാനികൾ


ഊഞ്ഞാലാടിയ

മരച്ചിലകളിൽ നിന്നും

എത്രയെത്ര

കുഞ്ഞുകുഞ്ഞു വാക്കുകൾ

തൂങ്ങിയാടുന്നുണ്ടാകുമിപ്പോഴും


മറന്നുപോയ ചില വാക്കുകൾ

തുറന്നുവരുന്നുണ്ടിപ്പോൾ

വള്ളി ട്രൗസറുമിട്ട്

ഓടി പോകുന്നുണ്ട്

"നാരങ്ങപാല് ചൂട്ടയ്ക്കരണ്ട്

ഇലകൾപച്ച പൂക്കൾ മഞ്ഞ 


2022, ജൂൺ 11, ശനിയാഴ്‌ച

അന്നും ഇന്നും




പുഴുങ്ങിയ ചക്ക

ചുവന്ന ഉണക്ക് പറങ്കിചുട്ട്

കഞ്ഞിവെള്ളത്തിൽ

ഉപ്പുകൂട്ടി താളിച്ച്

പച്ച വെളിച്ചെണ്ണ ഇററിച്ച്


ഹാ... ജീവിതമേ

കൊതിയൂറുന്നു നാവിൽ

അന്നത്തെ ജീവിതമോർ -

ക്കുമ്പോൾ


ചിക്കൻ കബാബും

പൊറോട്ടയും കഴിച്ച്

പെരുഞ്ചീരകം കൊറിച്ച്

മുനകൂർപ്പിച്ച കോല്കൊണ്ട്

പല്ലിടയിൽ കുത്തി


ഹാ..... ജീവിതമേ

കണ്ണു നിറയുന്നു

ഇന്നത്തെ ജീവിതമോർ -

ക്കുമ്പോൾ


എങ്കിലും,

"ആനന്ദലബ്ധിക്കിനിയെന്തു

വേണം"

2022, ജൂൺ 7, ചൊവ്വാഴ്ച

സ്ഥലനാമ കവിത


കേൾക്കൂ, കേൾക്കു കുട്ടികളെ
കൗതുകമേറും സ്ഥലനാമം
പയ്യന്നൂര് പ്രദേശത്ത്
മണിയറയെന്നൊരു സ്ഥലമുണ്ട്
വണ്ണാത്തിപുഴയൊഴുകുന്ന
സുന്ദരമാമൊരു സ്ഥലമുണ്ട്
പാലായിൽ നാം ചെന്നാലോ
കണ്ണുകുളിർക്കേ ഒരു ഗ്രാമം
മാറിടമെന്നാണതിൻ പേര്
മാറിപ്പോകില്ലാപ്പേര്
പന്തളത്തു നാം ചെന്നാലോ
മാന്തുകയെന്നൊരു സ്ഥലം കാണാം
മൂവാറ്റുപുഴവഴി പോയെന്നാൽ
കാണാം കോഴഎന്നസ്ഥലം
മലപ്പുറത്തോ പട്ടിക്കാട്.
ഉണ്ടീകേരളനാട്ടിൽ സ്വർഗം
ഇവിടെയുണ്ട് പാതളം
ദേവലോകം രണ്ടുണ്ട്
പിരാന്തൻകാവും, നരകപ്പടിയും ,
മച്ചിയുമങ്ങനെ എത്ര സ്ഥലം
ഇനിയും ഏറെ സ്ഥലമുണ്ട്
കൗതുകമേറും സ്ഥലമുണ്ട്
കേൾക്കൂ കേൾക്കൂ കുട്ടികളെ
കൗതുകമേറും സ്ഥലനാമം
ഓരോരാളായ് ചൊല്ലുകവേഗം
കൗതുകമേറും സ്ഥലനാമം

പത്തു മണിപ്പൂവ്


അവൾക്ക് എല്ലാറ്റിനോടും -
പ്രണയമായിരുന്നു
മണൽത്തരിത്തുണ്ടിനോട്
ഇലപ്പച്ചത്തുമ്പിനോട്
വേരിൻ പടർപ്പിനോട്
നേരിൻ തുടിപ്പിനോട്

ആകാശ അനന്തതയോട്
കടലിന്നഗാധതയോട്
മലയോട്
മൗനങ്ങളോട്
കവിതയോട്
പറവകളോട്

അതുകൊണ്ടായിരിക്കണം ;
താൻ നീണ്ടുനിവർന്നു കിടക്കുന്ന
പച്ച മണ്ണിൽ
ഒരു പത്തുമണിപ്പൂവായ്
എന്നും പൂത്തുനിൽക്കുന്നത്


2022, ജൂൺ 6, തിങ്കളാഴ്‌ച

മറച്ചു വെയ്ക്കപ്പെടുന്നത്


എല്ലാവർക്കും അറിയാവുന്ന
ആരാലും സംസാരിക്കപ്പെടാത്ത
മറച്ചു വെയ്ക്കപ്പെട്ട
ചില സംഗതികളുണ്ടാകും
ഓരോ കുടുംബത്തിലും

ചിലത് ,
ഉലയ്ക്കാതെ
ഊതിയടങ്ങിക്കഴിയുന്നുണ്ടാകും

ചിലത് ,
ചുഴിയായി
രൂപാന്തരപ്പെടുന്നുണ്ടാകും

ചിലത് ,
യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്
പുതിയ അവസ്ഥയിൽ
വേരുപിടിച്ച് മുന്നോട്ട് പോകുന്നുണ്ടാകും

ചിലത് ,
എല്ലാം മടിയിൽ വെച്ച്
സ്വയം നിശ്ശബ്ദമായി
ഇരിക്കുന്നുണ്ടാകും

ചിലത് ,
ഒരു കൂസലുമില്ലാതെ
ഇടവഴിയിറങ്ങി
ഒറ്റ നടത്തം വെച്ചു കൊടുക്കും

എന്ത് തന്നെയായാലും
എന്നെങ്കിലും
അതിൻ്റെ ആഴവും, ഏങ്കോണിപ്പും
നികന്ന്
പൂർവ്വസ്ഥിതിയിലാകുമോ

2022, ജൂൺ 3, വെള്ളിയാഴ്‌ച

വാക്കുകളാൽ .........!


ഒരു കുട്ടി,
തിരകളിൽതിരഞ്ഞുകൊണ്ടിരിക്കുന്നു വാക്കുകളെ !
നാക്കിലൂടെ വാക്കിൻ്റെ എരിവ്
വേരുകൾപോലെ അരിച്ചുകയറുന്നു

വേവുന്ന ഒരു കുന്നായവൻമാറുന്നു !!
മടിയുടെ അടിവേര് പിഴുതെടുക്കുന്നു
ആഴിയുടെ അഗാധതയിൽന്നും
പൂഴിയുടെ പുരാതനതയിൽനിന്നും -
വാക്കുകൾ നുരയുന്നു

വാക്കുകളെക്കുറിച്ച് നിങ്ങൾ ഓർത്തി -
ട്ടുണ്ടോ:
അനേകംമരങ്ങൾ കാറ്റിലിളകുന്ന ശബ്ദം -
പോലെ
ഏതോ കൊമ്പിൽമുളയ്ക്കുന്ന തളിരില -
പോലെ
നക്ഷത്രങ്ങൾ പൂത്തിറങ്ങുന്നപോലെ

വാക്കുകൾ ശിക്ഷയും, ശിക്ഷണവുമാണ്
ചിലവാക്കുകൾ മനസ്സിനെമാത്രമല്ല -
ശരീരത്തേയും ഊമയാക്കും
ചിലത് വേരുകളാൽ വരിഞ്ഞുമുറുക്കും
വാക്കിൻ്റെവനത്തിൽ ഒറ്റയ്ക്ക് ഉപേക്ഷിക്കും

നിശ്ശബ്ദമായ ചിലവാക്കുകൾ കുറ്റസമ്മതമാണ്
വേറെചിലത് കടലാസിൽ അലഞ്ഞുതിരിഞ്ഞ്
ആശയക്കുഴപ്പമുണ്ടാക്കുന്നവ
വാക്കുകൾ എത്ര പെട്ടെന്നാണ് വാദിയും,
പ്രതിയുമാകുന്നത്.

2022, ജൂൺ 1, ബുധനാഴ്‌ച

മൃഗശാലയിൽ


കാട്ടുമൂങ്ങകൾ കൂട്ടമായി
മൂളിടുന്നേരം
കാവിലന്തിപ്പാട്ടുവച്ചതുപോലെ
ഓർക്കുന്നു

കൊറ്റികളാ കുളക്കടവിൽ
കാവൽ നിൽക്കുന്നു
പണ്ടുതൻ്റെ പിതാമഹൻ്റെ
ഓർമ്മയ്ക്കെന്നോണം

മുതല പാതി മുങ്ങി നീന്തി
മറഞ്ഞിടുന്നേരം
പീരങ്കിയുമായെത്തിടും പടക്ക
പ്പലോർക്കുന്നു

അരയന്നങ്ങളനുരാഗികൾ
ഒഴുകി നീങ്ങുമ്പോൾ
വടക്കൻപാട്ടിലെ പ്രണയകഥ
മനസ്സിലെത്തുന്നു

മലയാണ്മ വിളിച്ചോതുന്നു
പുള്ളിമാനുകൾ
കാരിരുമ്പിൻ കരുത്താർന്ന
കണ്ടാമൃഗം
കുതിര ടിപ്പുവിൻ്റെ പടയോട്ട
ത്തിലാണ്

സിംഹ രാജൻ രാജ്യഭരണ
ചിന്തയിലാണ്
പുള്ളിപ്പുലി, കടുവ റോന്തു
ചുറ്റുകയാണ്
മയിലു നൃത്തമാടി മഴയെ
സ്നേഹിക്കയാണ്

ആദിപാപ ഓർമപുതു
ക്കാനെന്നതുപോലെ
പാമ്പ് മരക്കൊമ്പിലേറി
കാത്തുനിൽപ്പാണ്

മൃഗശാലയിൽനാം പോയിടുകിൽ
എന്തു രസമാണ്
ലോകകാട് മുഴുവൻചുറ്റിവന്ന
പോലാണ്

മൃഗങ്ങളെപ്പോൽമനുഷ്യർനമ്മൾ
ജാഗ്രതയിലെങ്കിൽ
ലോകമെന്നേ ഭാവനപോൽ
നന്നായിപോയേനെ