malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ജൂലൈ 31, ശനിയാഴ്‌ച

ഇന്നെവിടെ മക്കളെ.....!


കാതിൽ കടുക്കനിട്ട്
ഉച്ചിയിൽ കുടുമ കെട്ടി
ചാരുകസാലയിൽ
ചാരി വെച്ച
ഊന്നുവടിയുമായ്
ചുരുട്ടിൻ്റെ ചാരപ്പുകയിൽ
ചെങ്കോലിൻ്റെ ചോര -
ക്കഥകൾ തുപ്പുന്നൊര,പ്പൂ -
പ്പൻ

പച്ചവെറ്റിലയിൽ
വെള്ളച്ചുണ്ണാമ്പു തേച്ച്
കളിയടക്കയുടെതുണ്ട്-
ചേർത്ത്
ജാപ്പാണം പുകയിലതിരുമി
കാലുനീട്ടിയിരുന്ന്
മടിയിൽ മുട്ടുന്ന മുലകളാട്ടി
മുറുക്കിച്ചുവപ്പിച്ച്
ഗുണപാഠകഥകൾ നീട്ടി തുപ്പു -
ന്ന മുത്തശ്ശി

കഴിഞ്ഞകാലത്തിൻ
വെള്ളാരങ്കല്ലിനാൽ
ഓർമ്മകൾക്കു മൂർച്ച കൂട്ടുന്നു
മനസ്സ്

എൻ്റെ ബാല്യത്തെ ഉരുട്ടിക്കൊണ്ടു
നടന്നതവരാണ്
കൗമാരത്തെ കൈ പിടിച്ചു നടത്തിയ -
തവരാണ്
യൗവനത്തിൻ്റെ വനത്തിൽ നിന്ന്
വഴികാട്ടിയതവരാണ്

അവരെനിക്കുൺമയേകി
അവരെനിക്കു നൻമ നൽകി
സ്വപ്നമേകി, സ്വത്വമേകി
സത്യത്തിൻ്റെ ശബ്ദമേകി

ഇന്നെവിടെ മക്കളെ അപ്പൂപ്പൻ !
ഇന്നെവിടെ മക്കളെ മുത്തശ്ശി !
ഇന്നെവിടെ മക്കളെ സ്നേഹങ്ങൾ |
ഇന്നെവിടെ മക്കളെ സ്വപ്നങ്ങൾ !

കുരിശേറ്റം


ഒറ്റുകൊടുക്കുമെന്ന്
അറിയാഞ്ഞല്ല
ഇറ്റു സ്നേഹം
ലോകത്തോടുള്ളതുകൊണ്ട്
മനുഷ്യപുത്രനായാൽ
മരിക്കണമെന്നതുകൊണ്ട്

സാക്ഷി


സമുദ്രത്തിൻ്റെ സങ്കടങ്ങൾക്ക്
മുക്കുവൻ മൂകസാക്ഷി

മുക്കുവനിലുമുണ്ട് ഒരു സമുദ്രം
കടലിൻ്റെ വല പൊട്ടിച്ച്
മത്സ്യത്തെപ്പോലെ അവൻ
മുങ്ങിയും പൊങ്ങിയും നീന്തുന്നു

അയ്യപ്പൻ്റെ അമ്മചുട്ട നെയ്യപ്പം
കാക്കകൊത്തി കടലിലിട്ടതും
മുക്കുവപ്പിള്ളേര് മുങ്ങിയെടുത്തതും
അവൻ തിരുത്തിക്കുറിക്കുന്നു

എന്നും ഏഴകളായി കാണുവാൻ
എഴുതിവെയ്ക്കുകയും പാടിപ്പൊലിപ്പി
ക്കുകയും ചെയ്യുന്നുവെന്ന്
സമുദ്രത്തോട് സങ്കടം പറയുന്നു

പിടയുന്ന മനസ്സാലെ കടലുവന്ന്
തിരകൈകളാൽ തൊട്ടുതലോടി
കണ്ണീരിനാൽ കാലു നനയ്ക്കുന്നു

മുക്കുവൻ്റെ മൂക സങ്കടങ്ങൾക്ക്
സമുദ്രം സാക്ഷി

2021, ജൂലൈ 29, വ്യാഴാഴ്‌ച

അവസാനം


ഉടലിൻ്റെ ഉന്മാദം കെട്ടടങ്ങി
ഓർമ്മകളുടെ കെട്ടു പൊട്ടിക്കുന്നുണ്ട്-
മനസ്സ്

ചുരമാന്തിയ മോഹങ്ങൾ
ചുരംകേറി ചുരത്തിയതെന്തൊക്കെയാണ്
തുറക്കരുത് വാക്കിൻ്റെ വാതായനം
കഴിയില്ല 'കാന' -യിലെ വെള്ളം വീഞ്ഞാക്കു-
വാൻ

വാഗ്ദാനങ്ങൾ കെട്ടടങ്ങി
തരിശിലും പൂത്തു നിൽക്കുന്നു തൃഷ്ണ
അറ്റു വീണു മോഹത്തിൻ്റെ വാസവദത്ത
ഉപ്പറ്റ ഉടൽ ഉയിർത്തെഴുന്നേൽക്കാത്ത -
കുരിശ്

കൊട്ടിയടയ്ക്കുക ഓർമ്മകളുടെ കെട്ടു -
പാടുകളെ

അച്ഛൻ


അമ്മയുടെ ഉദരത്തിൽനിന്ന്
പിറന്നുവീഴുന്നത്
അച്ഛൻ്റെ അധരത്തിലേക്ക്
അതുകൊണ്ടാണ്
ഏതൊരച്ഛനും
മക്കൾക്ക് മധുരം വിളമ്പാൻ
ഏതു കർക്കടകത്തിലും
കൊടുംവേനലിലും
കറുത്ത കാലത്തെ
കൊത്തി മുറിച്ച്
ഇത്തിരി മധുരം കൊണ്ട്
ഒത്തിരി സ്നേഹത്തിൻ്റെ
ചിരിപ്പൂക്കൾ വിടർത്തുന്നത്

2021, ജൂലൈ 26, തിങ്കളാഴ്‌ച

വരിഷപ്പാടം


ഞാറിൻപച്ച വിരിഞ്ഞല്ലോ
ഞാറക്കൊക്കുകൾ വന്നല്ലോ
വരിഷം നീറിപ്പെയ്യുന്നു
നീറ്റിൽ മീനുകൾ തുള്ളുന്നു.

കൈതക്കാടുകൾ വെള്ളത്തിൽ
ചന്തം നോക്കിയിരിക്കുന്നു
കണ്ടോകാറുകൾ മാനത്ത്
ഒലുമ്പുന്നുണ്ടേ കാർക്കൂന്തൽ

പച്ചത്തത്തകൾ മാനത്ത്
വട്ടംപാറി വരുന്നുണ്ടേ
കൊയ്യാൻ കാലമതായോന്ന്
കള്ളക്കണ്ണിനാൽ നോക്കുന്നേ

കാലംമാറി കഥമാറി
കാഴ്ചകളെല്ലാമേമാറി
അക്കാലത്തെ ഓർമ്മകളോ
സങ്കടമെന്നിൽ തള്ളുന്നേ

കാലികം


സത്യത്തിൻ്റെ നാവറുത്ത്
കണ്ണിൽ കറുത്ത തുണികെട്ടി
കൈയിലൊരു തുലാസും കൊടുത്ത്
ചില്ലിട്ട് ചുമരിലിരുത്തി
നുണ രാജ്യഭരണം തുടങ്ങി

2021, ജൂലൈ 23, വെള്ളിയാഴ്‌ച

മരിച്ച പ്രണയത്തിന്


പ്രണയകാലത്ത് നീ പറഞ്ഞ വാക്കുകൾ
കൊടുംവേനലിലെ
കുളിർ മഴയായിരുന്നു
കർക്കിടകപ്പെയ്ത്തിലെ
സൂര്യ സ്പർശവും
തപിക്കുന്ന ഹൃത്തിലെ സ്നേഹരാഗവു-
മായിരുന്നു

ഇല്ലാത്തതൊക്കെയും ചേർത്തുവെച്ച്
കാണാത്ത സ്വപ്നങ്ങൾ വായിച്ചെടുത്ത്
പറഞ്ഞു ഫലിപ്പിച്ചതല്ലെ പ്രണയം?!
ഇന്ന് ;
ശിശിരം മാത്രമെനിക്ക് നീ സമ്മാനിക്കുന്നു
നിൻ്റെ ചിരിയിൽ ഗ്രീഷ്മം മാത്രം കത്തിനിൽ -
ക്കുന്നു
ആളും അരങ്ങുമൊഴിഞ്ഞ്
ജീവിതത്തിൻ്റെ വഴുക്കൻ വരമ്പിലൂടെ നടക്കു-
മ്പോൾ
തെന്നിപ്പോകവെ ഉറച്ചു നിൽക്കാൻ ശ്രമിച്ചിട്ടും
ഇത്തിരി സ്വാസ്ഥ്യം തരുന്ന ഈ രാവിൽ
കഴുത്തു ഞരമ്പിൽ തന്നെ നീല പടർത്തുവാൻ
നിനക്ക് കഴിഞ്ഞുവല്ലോ

2021, ജൂലൈ 22, വ്യാഴാഴ്‌ച

നഗ്നത



നഗ്നതയെ ഞാനേറെയിഷ്ടപ്പെടുന്നു

മഴയും മണ്ണും തമ്മിലുള്ള രതിനടന-

ത്തിൽ 

എന്നിൽ രതിമൂർച്ഛ !


ഉമ്മകളെ ഓമനിക്കുന്നു

പൂവും ശലഭവും ചുംബിക്കുമ്പോൾ

ചുവന്നു തുടുക്കുന്നു ചെന്തൊണ്ടിപ്പഴം -

പോലെ

എൻ്റെ ചുണ്ടുകൾ


നിതംബംമറയ്ക്കുന്ന പനമുടികളെ

ശംഖുപുഷ്പത്തിൻ മിഴിയഴകിനെ

കൊതിയോടെ ഓർക്കുമ്പോൾ

കുതിക്കുന്നുളളം പിന്നെ കിതച്ചുപോകുന്നു


കുളിരുന്നമഞ്ഞിൻ്റെ

പ്രണയത്തലോടലെനിക്കേറെയിഷ്ടം

പുതപ്പിൻപടരുന്ന ഊഷ്മളതയാകുമ്പോൾ

ഉണർന്നേ പോകുന്നു ഓർമ്മ


നഗ്നതയെ ഞാനേറെ വെറുക്കുന്നു

പരമദാരിദ്ര്യത്തിൻ നിമ്നോന്നതകൾ

തൊടുന്നേരം

ജീവിതം നഗ്നമാകുന്നു

കാലം


കർക്കടക്കരിങ്കാറ് കൊഞ്ഞനം കുത്തുന്നു
കൂച്ചുവിലങ്ങിട്ട് കുടിലിലിരുത്തുന്നു
കൊറ്റിനിന്നെന്തുവകയെന്ന തേങ്ങലിൻ
കൊള്ളിയാൻ വന്നു കുത്തിനോവിക്കുന്നു

കടപുഴങ്ങുന്നു തരിവള കൈയ്കളിൽ
ഇത്തിരിമധുരം പകരാനുള്ള മോഹവും
ചത്ത മൃഗത്തിൻ ജഡംപോലെ മാനസം
ദു:ഖപ്രവാഹത്തിൽച്ചുഴന്നൊലിച്ചീടുന്നു

ആധിതന്നാഴക്കടലിൻ നടുവിലും
വ്യാധിതൻ വെളിച്ചപ്പാടിൻ്റെ മുന്നിലും
പെറ്റവയറിനെമുണ്ടാൽ മുറുക്കിയും
തിരയുന്നു പ്രതീക്ഷതൻ കച്ചിത്തുരുമ്പ്

ഒരുവേള ആഴത്തിലാണ്ടുപോകാം
ഒരുവേള കരപറ്റിത്തിരിച്ചുപോരാം
എന്നു നിനച്ചൊരാ ജീവിതകാല,മയവിറ-
ക്കുന്നച്ഛനോർമ്മകളാൽ

പേമാരിയല്ലിന്ന് പ്രളയമാണ്
എന്തുപേരിട്ടു വിളിച്ചിടും നാം!
സ്ത്രീധനം, കുഴൽപ്പണം, ലഹരിവസ്തു
പെൺവാണിഭങ്ങൾ, പിടിച്ചുപറി

എങ്കിലും, തുഴയുകനമ്മളു ,മീ കാലത്തിൻ
കടലിലെ കൊച്ചുവള്ളം
മറുകരതേടിത്തുഴഞ്ഞിടുക
മറിയാതെ മെല്ലേ തുഴഞ്ഞിടുക

2021, ജൂലൈ 20, ചൊവ്വാഴ്ച

പുനർജ്ജനി


ശരംതന്ന വരമാണ് മരണം
വധം വിധിയെന്ന് കാട്ടാളനും
കൂട്ടുകാരും

അസ്തമയ സൂര്യൻ്റെ രക്ത
മൊലിക്കുന്ന സമുദ്രം
വൃദ്ധൻ്റെ ഭ്രാന്തെന്ന് പുലമ്പരുത്
തീരത്ത് തലതല്ലിപ്പിരിയുന്നു തിര

തെച്ചികൾ പൂത്തതിൽ നിന്നും
രക്തസാക്ഷി
ശീതത്തിലും ചുട്ടുപൊള്ളലിൻ
നേരവകാശി

കൂർത്ത മുനയിൽ കോർത്തു വെച്ച -
താണ് ജീവിതം
വ്യാഘ്രത്തിൻ്റെ വായിലെ ശശം

അതാ, മറുരക്തം കറുകപുല്ലിൻ
മോതിരമഴിച്ചു മാറ്റുന്നു
അന്യ രക്തത്തിൽ പുനർജ്ജനി

മടങ്ങിപ്പോയ മൃതിയുടെ ശരം
വേടനെ കാർക്കോടകനായി കൊ-
ത്തുന്നു

2021, ജൂലൈ 19, തിങ്കളാഴ്‌ച

കാമന


കാമന കവിതപോലെയാണ്
കയ്പ്പും, ഇനിപ്പുമുള്ള കനിയാണ്
ഞരമ്പുകൾ തോറും നിരന്നുവിടരും
വെള്ളാമ്പൽ പൂക്കളാണ്

കാണക്കാണെ പുഞ്ചിരിപോലെ
വർണ്ണവസന്തം
ശാഖികൾ തോറും തളിരിട്ടുണരും
തണുവിൻകൂട്ടം
പുഴപോലൊന്ന്
മഴപോലൊന്ന്
മൗനംകൊണ്ടൊരു കവിതയെഴുതിയ
ആകാശംപോലൊന്ന്

2021, ജൂലൈ 18, ഞായറാഴ്‌ച

ഓർമ

 

ഓർമ്മയുടെ
ഓരുവെള്ളം കലക്കിയപ്പോൾ
പിടി കിട്ടിയതെല്ലം
പിടക്കുന്ന പ്രണയ മത്സ്യം

മരിച്ചവരെക്കുറിച്ച് ആലോചിച്ചാൽ



രാത്രിയിൽ
തുറസ്സിൽ
മലർന്നു കിടന്ന്
നിങ്ങൾ മരിച്ചവരെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ ?!

എല്ലാ കെട്ടുപാടും പൊട്ടിച്ച്
മരണത്തിൻ്റെ വഴിയേ നടന്നു
മറഞ്ഞവർക്ക്
ആദർശങ്ങളുടെയും
പ്രതീക്ഷകളുടെയും ആവശ്യമില്ല

തെറ്റുകളില്ല
നുണകളില്ല
വഞ്ചനയില്ല
മനസാക്ഷിയുടെ ആവശ്യമേയില്ല

വർണ്ണവിവേചനവും
വർഗസമരവും
പ്രത്യയശാസ്ത്രവും
ന്യായാന്യായങ്ങളോയില്ല
നിലനിൽപ്പുകളെക്കുറിച്ച് ചിന്തിക്കുക -
യേ ചെയ്യേണ്ടതില്ല

നോക്കൂ ;
മരിച്ചവരെക്കുറിച്ച്
ആലോചിച്ചാലോചിച്ച്
ജീവിതത്തിലേക്കൊരു തിരിച്ചു വരവുണ്ട്

അപ്പോഴാണ് നാമറിയുക
എരിഞ്ഞു കൊണ്ടിരിക്കുന്ന
നക്ഷത്രമാണ് മനുഷ്യനെന്ന്!


2021, ജൂലൈ 17, ശനിയാഴ്‌ച

പേര്


നൊടിയിടയിൽ
പൂത്തുലഞ്ഞ
മരത്തിനെ
പ്രണയമെന്നല്ലാതെ
എന്തു പേരിട്ടു
വിളിക്കും

ഇനി നമുക്ക് കർഷകരെക്കുറിച്ച് സംസാരിക്കാം



നാം എന്തൊക്കെ കാര്യങ്ങളെക്കുറിച്ച്
സംസാരിക്കുന്നു നിത്യവും

ഇനി നമുക്ക് കർഷകരെക്കുറിച്ച്
സംസാരിക്കാം

കളിക്കുന്നവനെക്കുറിച്ചല്ല
കിളക്കുന്നവനെക്കുറിച്ച്
വിണ്ണിൽ പറക്കുന്നവനെക്കുറിച്ചല്ല
മണ്ണിൽ പണിയുന്നവനെക്കുറിച്ച്

അപ്പം വിൽക്കുന്നവനെക്കുറിച്ചല്ല
അന്നം വിളമ്പുന്നവനെക്കുറിച്ച്
ചോറ് തിന്നുന്നവനെക്കുറിച്ചല്ല
ചേറിൽ പുലരുന്നവനെക്കുറിച്ച്

കീറിയ ഒറ്റമുണ്ടിലെ ഒട്ടിയവയറിനെ
ഗാന്ധിയെ ആരുണ്ട് കാണാൻ?!
ഒറ്റുകൊടുത്ത് കുമ്പ കുലുക്കി തോക്കു
മിനുക്കുന്ന
ഗോഡ്സേയ്ക്കു സ്തുതി പാടുവാനെ
ങ്ങും തിരക്ക്

നാം എന്തൊക്കെ കാര്യങ്ങളെക്കുറിച്ച്
സംസാരിക്കുന്നു നിത്യവും
ഇന്നുവരെ സംസാരിച്ചിട്ടുണ്ടോ കർഷക
രെക്കുറിച്ച്

നോക്കൂ ;
ഇനി നമുക്ക് കർഷകരെക്കുറിച്ച്
സംസാരിക്കാം

2021, ജൂലൈ 15, വ്യാഴാഴ്‌ച

നമ്മിലേക്ക്നാം എത്തിനോക്കുന്നനിമിഷം




കുന്നിൻ മുകളിൽനിന്ന്

അകലേക്കു നോക്കിയാൽ

കാറ്റിൻ്റെചില്ലയിൽ ചിറകുവിടർത്തി

ഒരു പക്ഷിയിരിക്കുന്നതു കാണാം


കുന്നിൻ മുകളിൽനിന്ന്

താഴെ അഗാധതയിലേക്കു

നോക്കിയാൽ

ചിറകടിനിലച്ച് നിശ്ചലമായ

നമ്മെതന്നെ നാം കാണുന്നതു -

പോലെ


ആഴമേറിയ ആകാശത്തിനും

അഗാധതയ്ക്കുമിടയിൽ

കിളിത്തൂവൽ പോലെ ഭാരമറ്റ് -

നിൽക്കേണ്ടി വരുന്ന ഒരു ധ്യാന -

നിമിഷമുണ്ട്


അന്നേരമാണ് നാമെന്തെന്ന്

നമ്മിലേക്ക് നാം തന്നെ

എത്തി നോക്കുന്നത്

ബേപ്പൂർ തുറമുഖം


കണ്ടു ബേപ്പൂർ തുറമുഖം.
താഴെ ജലാകാശവും, മേലെ മേഘാകാശവും -
കണ്ട്
കൊമ്പൻ സ്രാവ് പോലുള്ള തുറന്ന ബോട്ടിൽ അക്കരെയിക്കരെ വാഹനവും ആളുകളും- കയറിയിറങ്ങുന്നു

നീണ്ടു കിടക്കുന്നു പുലിമുട്ട്
ഓടിക്കളിക്കുന്നു മുട്ടനാട്
തിരയുന്നുണ്ടാകും പറമ്പുതോറും
പാത്തുമ്മയിപ്പോൾ ആടിനെ
ബേപ്പൂർ സുൽത്താൻ സുലൈമാനി
ഊതിയൂതി കുടിക്കുന്നുണ്ടാകും

കടൽപ്പാതയിലെ വിളക്കു കാലുകൾ
തുരുമ്പിച്ച് ചീളുകളായടർന്നെങ്കിലും
തരിമ്പും മാറ്റമില്ല കുഞ്ഞു തിരകളുടെ
ചിലങ്കതൻ ചിലമ്പലുകൾക്ക്

ഓടങ്ങളുടെ താളങ്ങളിലുണ്ട്
കടലിൻ്റെ കവിതപ്പെരുക്കത്തിനുണ്ട്
ചരിത്രത്തിൻ്റെ കുളമ്പടിയൊച്ചകൾ
ആദ്യ തീവണ്ടിതൻ കൗതുകം

ഉരുക്കൾ ഉരുവം കൊണ്ടനാടേ ,
കളിചിരിയാൽനിന്നാലിംഗന-
ത്തിലമരും
ചാലിയാർ പുതുപ്പെണ്ണെ !
ടിപ്പുവിന്നോർമ്മകളയവിറക്കും
തിരമാലകളെ, സായന്തനക്കുളിർ കാറ്റേ
പിരിയുന്നു !പൂരം കാണാനിനിയും വരാ -
മെന്നുമാത്രം ചൊല്ലുന്നു

2021, ജൂലൈ 11, ഞായറാഴ്‌ച

പ്രിയപ്പെട്ടവൾക്ക്


ഞാൻ മരിച്ചാൽ
നീയെന്നരികിലേക്കു വരരുത്
നിൻ്റെ കലങ്ങിയ കണ്ണുകൾ
എന്നെ കരയിക്കും

ഞാനാദ്യമായിതന്ന ആ ചുംബനം
തിരിച്ചു തരരുത്
നിനക്കു തന്നതൊന്നും
മടക്കി വാങ്ങിക്കുവാനായിരുന്നില്ലല്ലോ

എൻ്റെ മുന്നിലിരുന്ന് വിലപിക്കരുത്
വിലയേറിയതൊന്നും ഇനിയും -
തരുവാൻ കഴിയില്ലല്ലോ

വാശിയിറങ്ങിപ്പോയ ശരീരത്തിൽ -
ശക്തിയില്ലിനിനിന്നെ ശകാരിക്കാൻ
കരഞ്ഞു തളരാതെ വേഗം മറക്കണം
പകുത്തുതരുവാനൊന്നുമില്ലിനിയെന്നിൽ

ഒറ്റയാവരുത് നീ കൂട്ടിനൊരാളെക്കൂട്ടുക
കൊടിയ വേദനയ്ക്കു മറുമരുന്നിതൊന്നു -
മാത്രം
ജീവിതമിതെന്തെന്നറിക നീ!
ഞാനെന്തായിരുന്നെന്നും! അങ്ങനെ ഒരി-
ക്കൽ മാത്രമൊന്നു നീയെന്നെയോർമ്മിക്കുക

2021, ജൂലൈ 9, വെള്ളിയാഴ്‌ച

ചുംബന ചിത്രങ്ങൾ



ഓരോ ചുംബനവും

ഓരോ ചിത്രങ്ങളാണ്

ചുണ്ടുകൾ കൊണ്ടു മാത്രമല്ല

വിരലുകൾ കൊണ്ട്

ശരീരങ്ങൾ കൊണ്ട്


പൊള്ളുംവാതനായ്

മന്ദപവനനായ്

ചാറും മഴയായ്

നീറും കനലായ്


ഹൃദയം തുളച്ചൊരു സുഖശരമായ്

സ്നേഹ ഗാനമായ്

മീൻ കൊത്തിയുയരുന്ന പൊൻമയായ്

മഞ്ഞിൽ വിരിഞ്ഞ പൂവായ്


താജ്മഹലായ്

ഗുൽമോഹറായ്

വരകടന്ന കൗതുകമായ്

ഓരോ ചുംബനവും

ഓരോ ചിത്രങ്ങളാണ്


അവസാനനാളിൽ



വന്നെത്തി വൃദ്ധസദനത്തിൽനിന്നുമാ
ശകടംതുടരേ ഹോണടിച്ചീടുന്നു
ചങ്ങാതിമാരവർ വേലിയിൽചാരീട്ട്‌
കണ്ണീര്കോന്തല തുമ്പാൽതുടച്ചും
കട്ടിലിൽ  ഒട്ടിക്കിടക്കുന്നകെട്ടിയോൾ
കാര്യമറിയാതെ മേലോട്ടുനോക്കിയും.
വന്നെത്തുമോയെന്റെ പൊന്നോമന -
മക്കൾ
വേണ്ടെന്ന് തിണ്ണമേയവർചൊല്ലീടുമോ
ഒത്തിരിയൊത്തിരി പൊക്കത്തിലാമവർ
നാടിന്നഭിമാനമായോരു മക്കൾ
വന്നെത്തിനോക്കുവാൻ നേരമേയില്ലല്ലോ
അവരെഞാനോർക്കും ഏതേതുനേരവും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പിൻതിണർപ്പായെന്നിൽ
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാർക്കുമായെടോ
ആണായൊരുതരി മാത്രമല്ലേയെന്നോർത്ത്
അവനായിനൽകിയീ വീടുമൊത്തം
പണ്ടേയവനൊരു  ബുദ്ധികുറഞ്ഞവൻ
കരുതുന്നഞാനല്ലൊ വിഡ്ഢിയാൻ
അച്ഛനു,മമ്മയ്ക്കും രണ്ടുസീറ്റല്ലോ
ഉറപ്പിച്ചുവൃദ്ധസദനത്തിലായ്
ബുദ്ധിമാൻമാത്രമോ സദ്ഗുണശീലൻ
അവനുപണിയാം ഫ്ലാറ്റിനിവേഗത്തിൽ
പട്ടണത്തിൽ മഹാസൗധത്തിൽ
വാഴുവോൻ  അവനൊട്ടുമേയില്ലനേരം
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനല്ലൊയെന്നെന്നും
ഇല്ലഞാൻചൊല്ലില്ല മക്കളേക്കുറിച്ച്
നെഞ്ചകം ചുട്ടുനീറീടിലുംഒന്നുമേ
എങ്കിലും  ആശിച്ചുപോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണീടവേ
ഈ മണ്ണിൽ  തന്നെയടിഞ്ഞുമണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന്തിണ്ണം പറയുമോഇന്നൊന്ന്







2021, ജൂലൈ 7, ബുധനാഴ്‌ച

മരണത്തിലേക്ക്


ഒരിക്കൽ എനിക്കുപോകണം
ഇഷ്ടമുണ്ടായിട്ടൊന്നുമല്ല
അവൻ വിളിച്ചാൽ എങ്ങനെ -
പോകാതിരിക്കും!
അവൻ്റെ കാരുണ്യം കൊണ്ടാണ്
ഇത്രയും കാലം ജീവിച്ചതു തന്നെ
പലപ്പോഴും വന്ന് അവൻ മോഹി-
പ്പിച്ചിരുന്നു
മഴയും വെയിലുമില്ലെന്ന്
മതമോ മതിലോയില്ലെന്ന്
ഉള്ളവനും ഇല്ലാത്തവനുമില്ലെന്ന്
എല്ലാവരും ഒന്നാണെന്ന്.
ഒരിക്കൽ എന്നിക്കു പോകണം
നേട്ടങ്ങളുടെ നോട്ടം വിട്ട്
നഷ്ടങ്ങളെ പാടിന് വിട്ട്
മുതുകിലെവീടിനെയിറക്കിവെച്ച്
വഴികളെ മറന്നുവെച്ച്
ഓർമ്മകളുടെ ഒസ്യത്തായ -
കവിതകളെ
ഒരിക്കലും ഒറ്റയ്ക്കു വിടില്ലെന്ന്
വലിപ്പു മേശയിൽ പൂട്ടിവെച്ച്.
കണ്ണുകളെ വലിച്ചെറിഞ്ഞ്
പുറപ്പെട്ടുപോയ വാക്കുകളുടെ -
പക്ഷികളെമാത്രം വേലിയിലിരുത്തി
ഒന്നിച്ചുവരാൻ വാശിപിടിക്കുന്ന
ഓർമ്മകളെ ഉറക്കിക്കിടത്തി
അവനരികിലേക്ക്.
കാത്തിരിക്കുന്നത് ഞാൻ കാണു-
ന്നുണ്ട്
എന്നാണ് പുറപ്പെടേണ്ടത്
എന്നേ തീരുമാനിക്കേണ്ടു

2021, ജൂലൈ 6, ചൊവ്വാഴ്ച

സ്ത്രീകളില്ലാത്ത വീട്


നിശ്ശബ്ദതയുടെ നിഴലുകൾ
അങ്ങോട്ടുമിങ്ങോട്ടും നടക്കും
തുരുമ്പിച്ച വിജാഗിരികൾ
ചുമച്ചു കൊണ്ടിരിക്കും
മുറ്റം തൊടിയിലേക്ക്
മൂക്കുകുത്തി വീഴും
അകത്തളം
ആസ്ത്മയാൽ വലയും
അടുപ്പ്
ചുരുണ്ടുകൂടി കിടക്കും
അടുക്കള
അരഭിത്തിയിൽ കയറി
കാക്ക
പൂച്ച
പട്ടി
അവിടെയെങ്ങാനുമുണ്ടോന്ന്
വിളിച്ചു ചോദിക്കും
അലക്കു കല്ല്
തലതല്ലിക്കരയും
ഇറങ്ങി നടന്ന
ഇറങ്കല്ലിനെ
ഉമ്മറപ്പടി
കാത്തിരിക്കും

2021, ജൂലൈ 4, ഞായറാഴ്‌ച

വീട്ടിൽ ഒറ്റയ്ക്കാകുന്ന രാത്രിയിൽ


വിളമ്പി വെയ്ക്കുന്നു
മൗനത്തിൻ്റെമുള്ളുകൾ
മുനിഞ്ഞു കത്തുന്നു
പേടിയുടെ മുട്ടവിളക്കുകൾ
ഒളിഞ്ഞിരിക്കുന്നു
ഓർമ്മയുടെ ഗദ്ഗദങ്ങൾ
കാത്തിരിക്കുന്നു
ഹെയർപ്പിൻ വളവുകൾ
കൊത്തുവാനായുന്നു
കറുത്ത രാത്രികൾ
കുതറി മാറുന്നു സാക്ഷകൾ
കയറിവരുന്നു
കള്ളൻമാർ
ജാരൻമാർ
ഒറ്റുകാർ
ഭോഗതൃഷ്ണകൾ
മറന്നു വെച്ച എഴുത്തുമുറിയെ
പ്രാപിക്കാൻ കഴിയാതെ
കയറിവന്ന് കലഹിച്ച്
കടന്നു പോകുന്നു കവിത

2021, ജൂലൈ 3, ശനിയാഴ്‌ച

ജീവിതം തേടുന്ന വഴികൾ


മഴ പെയ്യുന്നേയില്ല, മറന്നു പോയോ
മിഥുന വഴി
പൊള്ളിപ്പുണരാൻ വിയർത്തു നിൽപ്പൂ
വെയിൽ
പൂട്ടിയ കണ്ടങ്ങളെല്ലാം കാലപ്പൂട്ടിൽ
കുടുങ്ങിക്കിടക്കുന്നു
പൊള്ളണോ കണ്ണീർച്ചാലിൽ കുതിരും
മനസ്സുകൾ വേവണോ

വെയിലിലേക്കിറങ്ങുന്നു മാസ്ക്കിട്ടമന-
സ്സുകൾ
വേരുകൾ കരിയും മണമടിക്കുന്നു
വാടിത്തളർന്നുള്ള തൈക്കുഞ്ഞുങ്ങൾ
പ്രകൃതി വിരുദ്ധപീഡനമോർമ്മിപ്പി -
ക്കുന്നു

നനഞ്ഞേപോകുന്നു തീവെയിലിൽ
കാലുകൾ തളർന്നേപോകുന്നു
ഉതിർമണികൾകുരുക്കുന്നു സ്വേദച്ചാലൊ-
ഴുകുന്നു
സ്വാദ് വറ്റിയതൊണ്ടകൾ ദാഹനീരുതേടുന്നു

ചിട്ടതെറ്റിപ്പോകുന്നു, എരിതീയ്യിൽ നിന്ന് വറ -
ച്ചട്ടിയിലേക്കെടുത്തെറിയപ്പെടുന്നു
നെഞ്ചിൻകൂടിൽ നിന്നൊരുകിളി, ദീനദീനം
തേങ്ങുന്നു

കലങ്ങിയചിന്തകൾ കടന്നൽമൂളക്കമാകുന്നു
ക്ലാവുപിടിച്ച ഓർമ്മകൾ ഞരമ്പിനെച്ചേർത്ത -
മർത്തുന്നു
മൗനം തേടുന്നുപാതാളം പ്രളയം മൂടുന്നു -
മനസ്സിനെ
ഞാറുകരിഞ്ഞു വിണ്ടുകീറിയപാടമായ് മസ്തി -
ഷ്കം

ഇനിയുമെന്തിനീ വഴി പിന്നോട്ടില്ല കാലുകൾ
കുഴിഞ്ഞകണ്ണിൽ രണ്ടു മിന്നാമിന്നിത്തിളക്കം
കാലപ്പഴക്കം കയർക്കും കൈകൾ ബലപ്പെടുന്നു
കയർക്കുരുക്കിനാൽ കഴുത്തിനു സുരക്ഷ - യേകുന്നു

പുലരി


പൂർവ്വാംബരത്തിൽ പരക്കുന്നു നീളെ
സ്വച്ഛമാംശുഭ്രമേഘപ്പരമ്പര
പാടേയൊഴിഞ്ഞുപോയ് പാടലമെല്ലാം
പൊന്നുപോൽ ചുറ്റും കതിർചിന്നി നിൽപ്പൂ

പതുക്കെപൊന്തും കുന്നത്തുചെമ്പഴം
കൊത്തുവാൻ കിളിക്കൂട്ടങ്ങൾ പാറുന്നു
കൊച്ചു പെൺകുഞ്ഞുപോലെയാ മുറ്റത്ത്
കൊച്ചരിപ്പല്ലുകാട്ടുന്നരിമുല്ല

പിച്ചവെച്ചു വന്നെത്തുന്ന ചെങ്കതിർ
പിച്ചകത്തിൻ്റെ കൈപിടിച്ചീടുന്നു
കൊച്ചു മഞ്ഞക്കിളി, സൂചിമുഖികൾ
കുശലവും ചൊല്ലി കൂടെയെത്തുന്നു

എന്തുചന്തമീ പുലരിയെക്കാണാൻ
പാരിലെന്തുണ്ടിതിലേറെ ഭംഗിയായ്
എത്ര ചിത്രം! മനോഹരം പ്രകൃതി
എന്നും നമിച്ചിടാം നേരിൻ്റെ സക്തി