malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ജനുവരി 31, ബുധനാഴ്‌ച

പൂക്കൾ




പൂക്കളൊരായിരമുണ്ടെന്റെ
ഗ്രാമത്തിൽ
സുഗന്ധം പരത്തി പരിലസിക്കുന്നവ
പല തരത്തിൽ പല രൂപത്തിൽ
പല പല നിറങ്ങളാൽ പാരിതിൽ
സ്നേഹമാക്കുന്നവ.
ഋതുക്കൾതോറും നിറം മാറിയെ
ത്തീടുന്ന
ശലഭച്ചിറകടിയോർത്തു നിൽ
ക്കുന്നവ.
ഇന്നീയിരുളുറഞ്ഞുള്ള നഗരത്തിൽ
കാണുന്നതുണ്ടു ഞാൻ പലനിറ
പൂക്കളെ
പൂതന പൂക്കളും, കടുംനിറപൂക്കളും
നിറവും,മണവുമില്ലാതുള്ള പൂക്കളും
അരച്ചാൺ വയറിനായ് ഇരുളിൻ
മറവിലായ്
ആട,യുരിഞ്ഞെറിഞ്ഞീടുന്ന പൂക്കളും.


2018, ജനുവരി 30, ചൊവ്വാഴ്ച

ഗാന്ധിജിയും, ഗോഡ്സേയും




സെൻട്രൽ ജയിലിനു
മുന്നിൽ
ഗാന്ധി പ്രതിമ
കയ്യിൽ ഊന്നുവടി.
പെട്ടെന്ന്;
പ്രതിമ മറിഞ്ഞുവീണു
ഗാന്ധിയുടെ കയ്യിൽ
വടിയുണ്ടായിരുന്നില്ല
ഗോഡ്സേ -യെന്ന കുപ്പായ
മിട്ട ഒരാൾ
വടിയുമായ് നടന്നു പോകുന്നു

2018, ജനുവരി 29, തിങ്കളാഴ്‌ച

ശൂന്യത




ഭൂതകാലത്തിൻകറുത്ത പക്ഷത്തിലെ
ഭീതികളൊട്ടുംകുറയുന്നതില്ലിന്നും
കൂരമ്പിനാൽ ക്രൗഞ്ചമിഥുനത്തെ
വീഴ്ത്തുവാൻ
വേടൻമാർ കാത്തുനിന്നീടുന്നു ചുറ്റിലും
കാളിന്ദി കലങ്ങി കറുക്കുന്നുവെങ്ങും
കാളിയൻമാർ ക്രൂരനൃത്തമാടീടുന്നു
കംസൻമാർ അട്ടഹസിച്ചു വന്നെത്തുന്നു
പിഞ്ചോമനകളെ പിച്ചിച്ചീന്തീടുന്നു
പൂതനമാർ കൊങ്ക കാട്ടി വിളിക്കുന്നു
ചോരിവാ നിറയേ കാകോളമൊഴുക്കുന്നു
മാരീചൻ മാരെയറിയുന്നില്ലാരുമേ
സീതമാര,പഹരിക്കപ്പെടുന്നിന്നെങ്ങും
പുഷ്പകവിമാനമിന്നുമെത്തിടുന്നു
ജഡായുവോ ചിറകറ്റു താഴെ പിടയുന്നു
ശിബിരാജനിന്നു പരുന്തിനു ഭക്ഷണം
പ്രാവിനെ രക്ഷിക്കുവാനേതുരാജൻ
വാമനൻമാർ വളർന്നാകാശം മുട്ടുന്നു
മാവേലിക്കു പാതാളം പോലുമില്ലാതായി
ഇല്ലിനി രാമായണത്തിന്റെ ചില്ലയും
ചേക്കേറുവാനെങ്ങും ശൂന്യത മാത്രം

2018, ജനുവരി 28, ഞായറാഴ്‌ച

വേനൽ




കിനാവു കോരിയാണ്
കുളിച്ചതും, കുടിച്ചതും
തുടിക്കും ജീവന്റെ
ഘടമുടഞ്ഞേപോയി.
കണ്ണീരിൽ ഒലിച്ചുപോയി
സ്വപ്നങ്ങളൊക്കെയും
കരിഞ്ഞ ചിറകുകൾ
കിളിർക്കുന്നേയില്ല.
വേനലിന്നാഴത്തിൽ
വേരറ്റേപോയി
ജാതി ചോദിക്കുന്നു
ദാഹനീർത്തുള്ളികൾ.
ദഹിക്കാതൊരു ജീവൻ
മണ്ണിൻ കുഴിയിൽ കിടപ്പൂ
ചിറകുവിരിച്ചൊരു മേഘം
കാണാതപോൽ
പറക്കുന്നു.
കടവിൽ കുടവുമായ്
നിൽക്കും സൂര്യനെ
പിന്നിൽ നിന്നും ഇരുൾ -
തട്ടിയെടുക്കുന്നു.

2018, ജനുവരി 27, ശനിയാഴ്‌ച

മൃതദേഹത്തോട് ....!



മൃതദേഹത്തോട്
ആരുംമിണ്ടാറില്ല.
വരവു ചെലവുകളെപറ്റി
ലാഭനഷ്ടങ്ങളെക്കുറിച്ച്
ഉത്കണ്ഠപ്പെടാറില്ല
നീണ്ടു നിവർന്ന് കൽപ്പി
ക്കാറില്ല
കൈ പിടിച്ചുകുലുക്കി ചിരി
ക്കുകയോ
പിന്നിൽ നിന്ന് കുത്തുകയോ
ചെയ്യാറില്ല.
മൃതദ്ദേഹത്തോട് പതം
പറഞ്ഞ്
കരയാറുണ്ട്
ആർത്തലച്ചു പെയ്യാറുണ്ട്
ചങ്കുപറിച്ച് ചുംബനം
നൽകാറുണ്ട്
തലകുനിച്ച് നിൽക്കാറുണ്ട്
മൃതദ്ദേഹത്തോട് മൗനമായി
എല്ലാവരും മിണ്ടാറുണ്ട്.

മൃതദേഹം ആരോടും
മിണ്ടാറില്ല.


2018, ജനുവരി 26, വെള്ളിയാഴ്‌ച

ഇത് ഇന്ത്യ



ഇത് ,പഴയൊരു മാളിക വീട്
കൂട്ടുകുടുംബസ്വത്ത്
കണ്ണും, കരളും കൂടിച്ചേർന്ന്
നീരും, ചോരയും മണ്ണിലൊഴുക്കി
അറിയാതായിര,മായിര,മാളുകൾ
പടുത്തൊരു മാളിക വീട്.
ചിതലുകൾ പണ്ടേ കയറിയെങ്കിലും
കാതലുകവരാൻ കഴിഞ്ഞില്ലിനിയം
വിറ്റുതുലയ്ക്കാനുണ്ടൊരു കൂട്ടർ
കച്ചമുറുക്കി നടന്നീടുന്നു
ക്ഷണിച്ചു വരുത്തുന്നുണ്ടവർ
ക്ഷയിച്ചൊരു മാളിക വീടെന്നോതി
വെള്ളിക്കാശിൽ ഉന്നം വെച്ചവർ.
മച്ചക വാതിലിനുള്ളിൽ നിന്നും
പിച്ചും, പേയും, ചിലനേരം കേൾക്കാം
ഇരുളിൽ പൊട്ടിച്ചിരിയും, പൊട്ടിത്തെറിയും
മാനം പോയൊരു പെണ്ണിൻ തേങ്ങലും
എങ്കിലുമിവിടെ ഉള്ള സുരക്ഷ
കിട്ടീടില്ല വാടക വീട്ടിൽ
വേണ്ടേ വേണ്ട വിൽക്കരുതിതു നാം
വേണ്ടൊരു വെള്ളക്കൊട്ടാരം

2018, ജനുവരി 25, വ്യാഴാഴ്‌ച

അറ്റാക്ക്




ഇത് അറ്റാക്കുകളുടെ കാലം
എനിക്കെന്തായാലും ഹാർട്ട് -
അറ്റാക്ക് വരില്ല
അത് എന്നേ നിനക്ക് തന്നു
കഴിഞ്ഞു.
ഒളിഞ്ഞിരുന്ന് ശത്രുവിന് നേരെ
യുള്ള പട്ടാളഅറ്റാക്ക്
അത് നിന്റെ ആങ്ങളമാരിൽ നിന്ന്
ഇടയ്ക്കിടേകിട്ടുന്നുണ്ട്.
അവർ ഏർപ്പാടാക്കിയ സദാചാര
വാദികളിൽ നിന്ന്
ലൗജിഹാദെന്ന ഓമനപ്പേരിലെ
അറ്റാക്കും.
വീട്ടിൽ കുടുംബക്കാരുടെ അറ്റാക്ക്
കൂടാതെ കരക്കാരുടെ അറ്റാക്കും
ഇനിയുമൊരറ്റാക്കിന് അവർക്ക്
കഴിയുമെന്ന് തോന്നുന്നില്ല
എന്നിൽ നിന്നും ഇനിയുമെന്താണ്
അവർക്കെടുക്കാനുള്ളത്
നിന്നെ മാത്രം ഉച്ചരിക്കുന്ന നാവ്,
നിന്നെ മാത്രം കേൾക്കുന്ന കാത്
നിന്നെ മാത്രം ചേർത്തുവച്ച കരള്
നിന്നെ മാത്രം കാണുന്ന കണ്ണുകൾ
എല്ലാം അവരുടെ കൈയ്യിൽ
ഇനി നീയും കൂടി അറ്റാക്ക് ചെയ്താ
ൽമതി
അവസാനത്തെ നാടിമിടിപ്പും നിന്ന്
പട്ടടയിലേക്കെടുക്കാൻ.

2018, ജനുവരി 24, ബുധനാഴ്‌ച

കവിതയെ വായിക്കുമ്പോൾ




എങ്ങനെ വായിക്കണം കവിതയെ
വാക്കുകളിലൂടെ, വരികളിലൂടെ,
വരികൾക്കിടയിലൂടെ
എന്നൊന്നുംതിട്ടപ്പെടുത്തുവാൻ
കഴിയില്ല
ആറുപേർ നൂറുതരത്തിൽ.
നാം എങ്ങോഉള്ള രണ്ടുപേർ
ഒരിക്കൽ കണ്ടുമുട്ടി,ഇഷ്ടപ്പെട്ടു
വിവാഹിതരായി
ഞാൻ നിന്നേയും
നീ എന്നേയും
നാം നമ്മളേയും
എങ്ങനെയൊക്കെയാണ്
വായിച്ചത്
അങ്ങനെയൊക്കെ വായിക്കണം
കവിതയെ.

2018, ജനുവരി 23, ചൊവ്വാഴ്ച

കുരിശേറ്റം




ദൈവപുത്രൻ
ഭൂമിയിൽ പിറന്നു
ആടിനെ മേച്ചു
അശരണർക്ക്
അപ്പവും, വീഞ്ഞും
കൊടുത്തു
ആധിയും, വ്യാധിയു
മകറ്റി.
മനുഷ്യരവനെ
മുൾക്കിരീടം
ചാർത്തി
മരക്കുരിശ്ശിൽ
തറച്ചു.
ഇന്ന്;
മനുഷ്യദൈവങ്ങൾ
കിളിർക്കുന്നു
ആടിനെ പട്ടി
യാക്കുന്നു
അപ്പുവും, വീഞ്ഞും
തട്ടിപ്പറിക്കുന്നു
ആധിയും, വ്യാധിയും
ദാനമായ് നൽകുന്നു
മനുഷ്യരെ ഭക്തിയുടെ
മുള്ളുവേലിയാൽ 
ബന്ധിച്ച്
പഞ്ചനക്ഷത്ര
മണിമാളികകളിൽ
കാമകേളിയാൽ
കുരിശിലേറ്റുന്നു

2018, ജനുവരി 21, ഞായറാഴ്‌ച

കവിത




രാത്രി സമയത്താണ്
ഉറങ്ങുവാൻ തുടങ്ങുമ്പോഴാണ്
മാർജാര പാദപതനത്തോടെയാണ്
അവൾ വന്ന് തൊട്ടു വിളിച്ചത് .
വേണ്ടെന്ന് വെച്ചതാണ്
വയ്യെന്ന് പറഞ്ഞതാണ്
എന്നിട്ടും ,അവൾ വന്നെന്നെ
ആലിംഗനം ചെയ്യുന്നു
ചുംബിച്ച് ചുംബിച്ച് ഹൃദയമിടിപ്പ്
കൂട്ടുന്നു.
ഉണർന്ന ഹൃദയത്തിൽ ഊക്കോ
ടെ അവൾ പതിച്ചപ്പോൾ
പിന്നെയൊന്നുമോർത്തില്ല
ഭാര്യ, മക്കൾ, പാതിരാത്രി
എന്റെ പരുക്കൻ വിരലുകൾ
അവളിലൂടിഴഞ്ഞു
പറഞ്ഞതെല്ലാം കേട്ടും കേൾക്കാ
തെയും
അവളിലേക്കാഴ്ന്നു
പിന്നെയെപ്പോഴാണവൾ പോയത്.
ഭാര്യ രാവിലെ വിളിച്ചുണർത്തിതന്ന
കട്ടൻ ചായയ്ക്ക് മുന്നിൽ കൊറിക്കാ
നെന്ന പോലിരിക്കുന്ന കവിതകണ്ട
പ്പോഴാണ് ഓർമ്മ വന്നത്.
കവിത അങ്ങനെയാണ്
എപ്പോഴാണ് വരുന്നതെന്നോ
എപ്പോഴാണ് പോകുന്നതെന്നോ
തിട്ടമുണ്ടാകില്ല.
'

2018, ജനുവരി 20, ശനിയാഴ്‌ച

കഴിയുമോ....!




പ്രണയത്തിന്റെ പവിത്രതയെ
ക്കുറിച്ച്
നമുക്ക് വാചാലമാകാം
എന്നാൽ കഴിയില്ല അതുപോലെ
പ്രണയിക്കാൻ
പ്രണയിച്ച് മതിവന്നവരായി,യിവിടെ
ആരാണുള്ളത്?!
പ്രണയം കവിത പോലെയാകണം
എന്റെ കവിതയാണ് നീയെന്നു
പറയണം
ഹൃദയത്തിൽ തുന്നിചേർക്കണം
പ്രാണനിൽ രക്തവും, മാംസവുമാകണം.
ഒരിക്കലും മധുരമിഠായി പോലെ
ഉറുമ്പരിച്ചു പോകരുത് പ്രണയം
പ്രാണനിലേക്കലിയാതെ
അഴകിലാനന്ദിച്ചു പോകരുത്
പ്രണയത്തിന്റെ പരവതാനിയിൽ
പകർന്നാടണം
പട്ടടയിലേക്കാവരുത്
കഴിയുമോ കവിതേ ഞാൻ നിന്റെ
കവിതയെന്ന്
നിനക്ക് മൊഴിയുവാൻ.

2018, ജനുവരി 19, വെള്ളിയാഴ്‌ച

എങ്ങോട്ടായിരിക്കും....!




തൊട്ടു തൊട്ടു നിന്നപ്പോൾ
അടക്കം പറഞ്ഞപ്പോൾ
ഇക്കിളിയാൽ ഇലയനക്കി
യപ്പോൾ
ചിറകൊതുക്കി മാനം വന്ന്
ചാരുതയാൽചരിഞ്ഞു
നോക്കിയും
പറവകൾ പതുക്കെ വന്ന്
പ്രണയമെന്ന് കളി പറഞ്ഞും
വെയിൽ വന്ന് വെള്ളിവളകൾ
കൈയ്യിലിട്ടു തന്നും
കാറ്റ് വന്ന് കമിഴ്ന്നും, മലർന്നും
കളിച്ചുല്ലസിച്ചും
ഒത്തൊരുമിച്ച് എന്തൊരാനന്ദ
മായിരുന്നു.
പിന്നെയെന്താണിപ്പോൾ
ഒരു മുറുമുറുപ്പ്, അകന്നു
മാറൽ ,പകച്ച നോട്ടം.
ജാതിമരം വന്നതിൽ പിന്നെയാണ്
ജാഗ്രതയേറിയത്
പണമായി, പത്രാസായി,
പുരോഗതിയുടെ അങ്ങേ അറ്റ
ത്തെത്താറായി
മനസ്സിലെ മതിലിന് ഉയരം കൂടി
ഞാനായി, നീയായി,
ജാതിയായി ,ചോദ്യമായി
ഈ മരങ്ങളെല്ലാം എങ്ങോട്ടാണ്
പുറപ്പെട്ട് പോയിട്ടുണ്ടാകുക.

ലൗ ജിഹാദ്



അകറ്റി നട്ടവയിലെ
അടുത്തുനിൽപ്പ്കാണാൻ
ആഴത്തിലിറങ്ങി നോക്കണം
ലൗ ജിഹാദിന്റെപേരിൽ
രക്തച്ചൊരിച്ചിലൊഴിവാക്കാ
നാണ്
നിങ്ങളുടെ മുന്നിൽതൊട്ടു
തൊട്ടു നിൽക്കാത്തത്.





















2018, ജനുവരി 18, വ്യാഴാഴ്‌ച

ഭൂപടത്തിലില്ലാത്തത്




ഭൂപടത്തിലില്ലാത്ത ഒറ്റരാജ്യമാണ്
ഞാൻ.
വേദന തിന്ന് വിശപ്പടക്കാൻ പിറന്ന
വൻ
അതിരുകളിലേക്ക് അടിച്ചമർത്ത
പ്പെട്ട
അരികു ചേർന്നു മാത്രംപോകേണ്ട
വൻ
എത്ര പേർക്കുണ്ട് ഈഒറ്റ രാജ്യത്തെ അറിയുവാൻ താൽപ്പര്യം.
നിറവും, മണവും, ഗുണവുമില്ലാത്ത
വർ എന്ന് നിങ്ങൾ
എന്നാൽ നിന്റെ ഉച്ചിഷ്ട്ടങ്ങളെല്ലാം വൃത്തിയാക്കി
ഉൺമയിലേക്ക് നയിക്കുന്നത്
ഞങ്ങൾ
മഴയായും, നദിയായും ,മഞ്ഞായും
വെയിലായും
ഋതുക്കളായ് നിറഞ്ഞു നിൽക്കുന്നത്
ഞങ്ങൾ
ഞാൻ ഞാനും നീ നീയുമാണ്
തൊടാതെ, കാവുതീണ്ടാതെ
അടിയാളനും, ഉടയോനുമായി
നടവരമ്പിലേറാത്ത കാട്ടിനുള്ളി
ലെ നീണ്ടുപോകുന്ന ഒറ്റയടിപ്പാത
യായി
മണ്ണിന്റെഗന്ധം കുടിച്ച് വൻമതി
ലുകെട്ടി
സുരക്ഷിതത്വത്തിന്റെ കോട്ട -
നിനക്കായ് പണിഞ്ഞുകൊണ്ടേ
യിരിക്കേണ്ടവൻ
ഗലികളിലെ ചാലുകളിലൂടെ കൊക്കി
കുരച്ച്
വീണടിയേണ്ടവൻ
ദളിതനിന്നും ഭൂപടത്തിലില്ലാത്ത
ഒറ്റ രാജ്യമാണ്

2018, ജനുവരി 17, ബുധനാഴ്‌ച

പുഴയോർമ്മ




തവളക്കണ്ണൻ കുഴിയിലിരുന്ന്
കലങ്ങിയ പുഴ ഓർമ്മിച്ചു:
നഷ്ട പ്രതാപത്തെക്കുറിച്ചും
കഴിഞ്ഞു പോയ കാമനകളെ
കുറിച്ചും
ഞാനിന്ന് പുഴയേയല്ല
യൗവനത്തിലേ ജരാനരബാധിച്ചു
മുരടിച്ചവൾ
ഞാൻ മദിച്ചുനടന്ന, തുടികൊട്ടി
പാടിയ
പഥങ്ങളെല്ലാം പഴമ്പുരാണ
ങ്ങളായിരിക്കുന്നു
സമ്പത്തെന്നു പറയാൻ
എനിക്കിനിയെന്താണുള്ളത്
നീരുവറ്റി മൊരിഞ്ഞു ചുളിഞ്ഞ
ഈ ശരീരമല്ലാതെ
ചെറുകല്ലുകൾ പോലും എനിക്കി
ന്ന് കൂറ്റൻ പാറകൾ
കയറിയിറങ്ങുവാൻ കഴിയാതെ
കരയിലകപ്പെട്ട മത്സ്യം പോലെ
കുണ്ടുകുഴികളിൽപ്പെട്ട് ശ്വാസം
മുട്ടി പിടയുന്നു
മരിക്കുന്നതിനു മുൻമ്പ് ഒരിക്കൽ
കൂടി ഒഴുകണമെനിക്ക്
എന്റെ സ്വപ്ന വഴികളിലൂടെ.
പാറകളേ, തീരങ്ങളേ നിങ്ങളൂറ്റം
കൊള്ളേണ്ട
എന്നെ തടഞ്ഞു നിർത്തി ആനന്ദം
കണ്ടെത്തുന്ന നിങ്ങളെ
തകർത്തൊഴുകുവാൻ കാലമൊ
ന്നു നിനച്ചാൽ മതി
പിന്നെ,യാർക്കെന്നെ തടുത്തുനിർ
ത്തുവാൻ കഴിയും.

2018, ജനുവരി 16, ചൊവ്വാഴ്ച

കുരുതി




ഇത് കുരുതിയുടെ കാലം
ദൈവത്തിന്റെ പേരിൽ
ദൈവത്തിന്റെ ആളായ്
ചമഞ്ഞവർ
മതവും, രാഷ്ട്രീയവും
മറക്കുടയാക്കിയവർ
രക്തരക്ഷസ്സുകൾ നാട്ടിലി
റങ്ങി
താണ്ഡവമാടിത്തുടങ്ങി
കൂരിരുട്ടിൽ ഭൂതഗണങ്ങൾ
ആർത്തി പെരുത്ത്
നിണം മണത്ത് നടന്നു
തുടങ്ങി
സ്വന്തം തല വെട്ടി തന്നത്താൻ
കുരുതി നടത്തി
നുണയുടെ കാറ്റായ്
കാറ്റിൽ കുരുത്ത കുരിപ്പായി
കൂട്ടക്കുരുതി നടത്തി
നാടെങ്ങും രക്തപ്പുഴകളൊ
ഴുക്കി തുടങ്ങി.

2018, ജനുവരി 15, തിങ്കളാഴ്‌ച

പേര്




പേരും, നാളും മറന്നേപോയി
പുലരി തൊട്ട് പാതിരയോളം
അടുപ്പിൽ അരിയായ് തിളച്ച്
അമ്മിയിൽ അരവായരഞ്ഞ്
നനക്കല്ലിൽ അഴുക്കായലിഞ്ഞ്
വറച്ചട്ടിയിൽ കടുകായ് തെറിച്ച്
ചളുങ്ങിയ പാത്രം പോലെ ഒരു
ജീവിതം
പുത്തനാശയുമായി പുറത്തേക്ക്
പോകുന്നവർക്ക്
പടിവാതിൽ തുറന്ന് കൊടുത്ത്
നെഞ്ചിലൊരടുപ്പുകൂട്ടികാത്തിരി
ക്കുന്നു
വരേണ്ടവർ സമയംതെറ്റി താമസി
ച്ചു പോയാൽ
തല പെരുകി തളർന്നിരുന്നു -
പോകുന്നുതറയിൽ
തൊട്ടതിനും, പിടിച്ചതിനും തെറി പറയു
മ്പോൾ
തെറ്റിയൊന്നും പറയാതെ
എല്ലാവിഴുപ്പും ചുമലിലേറ്റി നടക്കുന്നു
നിങ്ങൾക്കൊരു വയ്യായ്ക തോന്നിയാ
ൽമതി
ആ സങ്കടപ്പുഴ ഒഴുകാൻ
എന്നിട്ടും അറിയുന്നില്ലല്ലോ നീ
അവളെ എന്തു പേരിട്ടു വിളിക്കും.

2018, ജനുവരി 14, ഞായറാഴ്‌ച

പ്രകൃതി തന്നെ പ്രണയം




ആർദ്രത
ഇറ്റിയിറ്റിയാണ്
പ്രണയം
പുഴയായൊഴുകിയത്.
അതിൽ
രണ്ടു ഹംസങ്ങൾ
നമ്മൾ
മൽഹറായൊഴുകുന്നു.
പ്രണയം
ഏകാന്തതയെ
സ്നേഹാർദ്രമാക്കുന്നു
കാണാത
കരയിലേക്ക്
കയത്തിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു .
മിഴിയിൽ നിലാവും
മൊഴിയിൽ മിഴാവും
കുളിരാർന്നൊരോളവും
കരളിലൊരു കടൽ
ക്കോളും .
പ്രണയം
ഏതു കൊടുമുടിയേയും
കീഴടക്കുന്നു
ആകാശത്തിന്റെ
അറ്റങ്ങൾ തൊടുന്നു
പ്രകൃതി തന്നെ
പ്രണയം
ആർക്ക് തടുക്കാൻ
കഴിയും പ്രണയത്തെ
മരിച്ചു മണ്ണടിഞ്ഞാലും
കിളിർത്തു കൊണ്ടേ
യിരിക്കും
പ്രണയം

2018, ജനുവരി 13, ശനിയാഴ്‌ച

അനുരാഗം




അറിയാതൊന്ന്
തൊട്ടപ്പോൾ
അവളാകെ
പൂത്തു പോയി
അണയാത്തൊരു
ചെറു ചിരിയാൽ
അതിവേഗമവൾ
ഓടിപോയ്.
അറിഞ്ഞൊന്നു
തൊടണമിനി
അറിഞ്ഞില്ലെന്നു
നടിക്കണമിനി
അറിയാതുണർന്നൊ-
രനുരാഗം
അണയാതെന്നും
കാക്കണമിനി.



2018, ജനുവരി 12, വെള്ളിയാഴ്‌ച

ദൈവത്തിനോട്




ആൽത്തറയും, ചുറ്റുമതിലും
പൊളിഞ്ഞു വീണു
നാലമ്പലം കാടുകയറി കാണാ
മറയത്തായി
പട്ടികളുടേയും ,നരിച്ചീറുകളുടേയും
വിശ്രമകേന്ദ്രമായി
തലയറ്റ വിഗ്രഹം ഉടഞ്ഞു കിടന്നു.
നാട്ടിലെങ്ങും ദാരിദ്ര്യം, തറവാടുകൾ
തകർന്നു പോയി, പട്ടിണിയും, മാറാ
രോഗവും
തല താഴ്തി മാത്രം ആളുകൾ
നടന്നു പോയി.
കണ്ടും, കേട്ടും സഹികെട്ട അയാൾ
അമ്പലനടയിലേക്ക് നടന്നു
നാടിനും, നാട്ടുകാർക്കും ഐശ്വര്യ
മാകേണ്ട ദേവി
ക്രോധം കൊണ്ടയാൾ അലറി
ആദ്യം നാടിന്റേയും, നാട്ടുകാരു
ടേയും
ദുഃഖ നിവൃത്തി വരുത്തൂ
അപ്പോഴുണ്ടാകും അമ്പലവും,
ആൽത്തറയും, ഐശ്വര്യവും

2018, ജനുവരി 11, വ്യാഴാഴ്‌ച

ഭ്രാന്ത് പെയ്യുമ്പോൾ




നീയെന്നുള്ളിൽ മഴയായ്
മണൽക്കാറ്റായ്
കുളിരായ് ,പൊള്ളും ചൂടായ്
ചുറ്റിക്കൊണ്ടേയിരിക്കുന്നു.
നീയേകിയ ചുംബന വിത്തുകൾ
പുഞ്ചിരിപ്പാടമായ് പൂത്തുനിൽ
ക്കുന്നു
നീ വിതച്ചുപോയ പ്രണയത്തിന്
ഓരില,യീരില തളിർക്കുന്നു
എന്റെ ഹൃദയ കവചങ്ങൾ
പ്രാണനോളം അവയെപൊതി
ഞ്ഞുപിടിക്കുന്നു
നിന്റെ മിഴിയിൽ കടലും
ആകാശവും ഒന്നാകുന്നു
നിന്റെ പുരികക്കൊടിയുടെ
കടമ്പിൽ നാം കൃഷ്ണരാധ
പ്രീയേ...., നിന്റെ ചുണ്ടുകളാൽ
ഇനിയുമെന്നിൽ ചിത്രമെഴുതുക
എന്റെ വിരലുകൾ നിന്നുടലിൽ
പാട്ടു വരയ്ക്കട്ടെ
എന്റെ ഭ്രാന്തിന്റെ പൂക്കൾ
നിന്റെ മുടിയിലണിയാൻ.
മഴ പെയ്തൊഴിഞ്ഞാലും
മരം പെയ്യുന്നതു പോലെ
എന്റെ പ്രണയമേ ,
കവിതയായിനി
എന്നിൽ പെയ്തുകൊണ്ടേ
യിരിക്കുക.

2018, ജനുവരി 10, ബുധനാഴ്‌ച

ചിക്കൻ സ്റ്റാൾ




പതിവുള്ള നടത്തത്തിന്
ഇന്നും അയാളിറങ്ങി
വഴി തെറ്റിയതൊന്നുമറിഞ്ഞില്ല
കോഴികളുടെ കൂവലാണ്
അയാളെ ഉണർത്തിയത്
നോക്കുമ്പോൾവഴിയോരത്തെ
ചിക്കൻ സ്റ്റാൾ
ഇനിയൊരു പുലരി തങ്ങൾക്കി
ല്ലെന്നറിഞ്ഞാവണം
കോഴികളെല്ലാം കൂവി തിമർ
ക്കുന്നത്.

2018, ജനുവരി 9, ചൊവ്വാഴ്ച

നീല + മഞ്ഞ= പച്ച




കുട്ടി അച്ഛനോട് പറഞ്ഞു:
അച്ഛാ, പച്ച കളറുകൊണ്ട്
എനിക്കൊരു പച്ചമരം വരയ്
ക്കണം.
പച്ചകഴിഞ്ഞതിനാൽ
അച്ഛൻ പറഞ്ഞു:
മകനേ, നീലകൊണ്ട് നീയൊരു
ആകാശം വരയ്ക്കുക
മഞ്ഞ കൊണ്ടൊരു മന്ദാരവും.
വാശിക്കാരനായ കുട്ടി ശഠിച്ചു
കൊണ്ടേയിരുന്നു
പച്ചകൊണ്ടൊരു പച്ചമരം.
ഒടുവിൽ, നീലയും മഞ്ഞയും
ചേർത്ത് അച്ഛനൊരു പച്ചയുണ്ടാക്കി.
പച്ചയെന്ന് തെറ്റിധരിച്ച കുട്ടി
സമൃദ്ധമായൊരു പച്ചമരം വരച്ചു .
അങ്ങനെ;
കളങ്കത്തിന്റെആദ്യത്തെ വിത്ത്
അവനിൽമുളയിട്ടു


2018, ജനുവരി 8, തിങ്കളാഴ്‌ച

നുണ




നുണ ഒരു മധുരപലഹാരപ്പൊ
തിയാണ്
നുണയുന്തോറും സ്വാദേറി വരു
ന്നവിഷപ്പൊതി
നുണ ഒരു ലഹരിയാണ്
നുണയുന്തോറും സാങ്കൽപിക
 ലോകത്തേക്കതുയർത്തുന്നു
നുണയുടെ നരമേധങ്ങളാണ്
ചരിത്രത്തിലേറിയ പങ്കും
നുണ ഒരു പതാകയാണ്
മരണത്തിന്റെ പതാക
നുണ ഒരു തത്വശാസ്ത്രമാണ്
ആടിനെ പട്ടിയാക്കി
പട്ടിയെ പേപ്പട്ടിയാക്കി
തല്ലിക്കൊല്ലുന്ന തത്വശാസ്ത്രം.

2018, ജനുവരി 7, ഞായറാഴ്‌ച

കവിത ഇങ്ങനെ



എഴുതുവാനെടുത്തു വെച്ചാലേ
കവിതയുടെ കളിയറിയൂ
ചിലത് അരിപ്പിറാവിനെ പോലെ
യാണ്
കുറുകിക്കൊണ്ടിരിക്കും
കൊത്തിപ്പെറുക്കുമ്പോഴും
ശ്രദ്ധയിരുപുറവുമായിരിക്കും.
ചിലത് ആട്ടിൻകുട്ടിയെ പോലെ
കാണുന്ന പച്ചപ്പിലെല്ലാം ഒന്ന് കടിച്ച്
നോക്കും
പിന്നെ ഓടിയകലും.
ചിലത് പട്ടിക്കുട്ടിയെപോലെയും
പുറത്തേക്കിറങ്ങിയാൽ മുട്ടിയുരുമി
വിടാതെ പിറകേ നടക്കും
എത്ര ആട്ടിയോടിച്ചാലും ഒട്ടുനേരം
കഴിഞ്ഞ് പിന്നെയും
പടിക്കകത്തെങ്കിൽ പുറത്ത് നിന്ന്
വാലാട്ടുന്നതല്ലാതെ
അകത്തേക്ക് കടക്കില്ല.
മറ്റു ചിലതുണ്ട് കുറുഞ്ഞി പൂച്ചയെ
പ്പോലെ
മുട്ടിയുരുമി,നടക്കാൻ വിടാതെ,
മടിയിൽ ചാടിക്കയറി
പുതപ്പിനുള്ളിൽ നുഴഞ്ഞു കയറി
ചേർന്നു കിടന്ന് ചൂടു പറ്റി.
ഇങ്ങനെയൊക്കെയാണെങ്കിലും
കവിതയൊന്ന് കറങ്ങി നടക്കുന്നത്
മനസ്സിനൊരു സുഖം തന്നെയാണ്

2018, ജനുവരി 6, ശനിയാഴ്‌ച

മറച്ചു വെയ്ക്കുമ്പോൾ




ഇരുണ്ടുവെളുക്കുമ്പോൾ
റെയിൽ പാളത്തിൽ,
കുറ്റിക്കാട്ടിൽ,
വെള്ളക്കെട്ടിൽ,
സ്ത്രീ ശരീരം.
മുഖം വികൃതമായതിനാൽ
ആളെയറിയുന്നില്ല
പത്രങ്ങളിൽ, ചാനലുകളിൽ,
വാട്സാപ്പിൽ, കൂട്ടായ്മകളിൽ
ചിത്രങ്ങൾ ,വാർത്തകൾ
അന്വേഷിച്ച് ആരും എത്തു
ന്നില്ല
പോലീസ് സ്റ്റേഷനിലൊന്നും
കാണാതായപരാതിയില്ല.
ദിവസങ്ങൾ കഴിയുമ്പോൾ
ദുരഭിമാനത്തിന്റെ മുഖം മൂടി
മാറ്റുന്നു
പരാതികൾ സ്റ്റേഷനിലെത്തുന്നു
മോർച്ചറികൾ കയറിയിറങ്ങുന്നു
നാം തന്നെ തെളിവുകളെല്ലാം
നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
ക്രൂരത കൈ കഴുകി നടന്നു
 മറയുന്നു.


2018, ജനുവരി 5, വെള്ളിയാഴ്‌ച

അമ്മ അനുഭവം




സ്നേഹത്തിന്റെ
ഉപ്പു തടാകമാണ,മ്മ
അലിഞ്ഞലിഞ്ഞു
തീരുവാൻ കഴിയാതെ
വറ്റിവറ്റി തീരുന്ന തടാകം
തിളച്ചു കൊണ്ടിരിക്കുന്ന
അഗ്നിപർവ്വതമെങ്കിലും
തൂവാതെ ഉള്ളിൽ അടക്കം
ചെയ്യപ്പെട്ടുകൊണ്ടിരി
ക്കുന്നു
ജലത്തിൽ മത്സ്യമെന്ന
പോലെ
ഹൃദയത്തിൽ സ്നേഹത്തിന്റെ
ഭൂപടം വരച്ചുകൊണ്ടേയിരി-
ക്കുന്നു അമ്മ.
 മരണംഅജയ്യതയുടെ പതാക
പറത്തുമ്പോഴും
ജീവിതത്തിന്റെ കളിക്കളത്തി
ലേക്ക്
നമ്മേ കൂട്ടിക്കൊണ്ടു വരുന്ന നന്മ
ശിലയിൽ മറഞ്ഞിരിക്കുന്ന
ശിൽപം പോലെ
മനസ്സിനുള്ളിൽ അമ്മ.
അനുഭവമാണ് അമ്മ.

2018, ജനുവരി 4, വ്യാഴാഴ്‌ച

കൊടിയേറ്റം




ഇന്നാണാദിനം
മഴയുത്സവക്കൊടിയേറ്റം
കാറ്റ് പ്രചരണം തുടങ്ങി
മരങ്ങൾ ആർപ്പുവിളിയാൽ
ആടിത്തുടങ്ങി
ഞെക്കു വിളക്കും തെളിച്ച്
മിന്നാമിന്നുകളെത്തുന്നു
വാദ്യഘോഷം വാനിട
ത്തിൽ മുഴങ്ങി
ചീവീടുകളുടെ കൊമ്പുവിളി
തവളകളുടെ കുഴലുവിളി
ഫോട്ടോയെടുപ്പിന്റെ മിന്നൽ
വെളിച്ചം
എങ്ങും ആരവങ്ങൾ
നെറ്റിപ്പട്ടംകെട്ടിയ മേഘങ്ങൾ
എഴുന്നള്ളിയെത്തി
തുമ്പികൈവണ്ണത്തിൽ മഴതീർത്ഥ
മൊഴുക്കി
കൊടിയേറ്റം ഗംഭീരം
ഇനിനാട്ടിലെന്നും മഴയുത്സവം

2018, ജനുവരി 3, ബുധനാഴ്‌ച

അറിയേണ്ടത്




വേനലിൽ വേരറ്റു വീണടിയാത്തൊരു
വാകയായ് വാനോളംപൂത്തുനിന്നീടണം
കണിക്കൊന്നയായി കിലുകിലേചിരിക്കണം
പ്രണയവർണ്ണത്തിൻ വസന്തങ്ങൾ തീർ
ക്കണം
കുരുവിയായ് പാടി, ശലഭമായാടി,
താളമിട്ടാടും തളിർ തൊത്തായ് -
വിരിയണം
വേപഥു ചില്ലകൾ വെട്ടിമാറ്റീടണം
വേനൽ മഴയായ് കുളിർക്കേ പെയ്
തിറങ്ങണം
വാടിയ സ്വപ്നത്തിൽ മഞ്ഞു പെയ്യി
ക്കണം
വാടാർ മല്ലിയായ് പൂവിട്ടുനിൽക്കണം
വേടറ്റു വീഴുവാൻ മാത്രമീ ജീവിതം
എന്നു നിനയ്ക്കാതുണർന്നെഴുന്നേ-
ൽക്കണം
പുത്തൻ പുതുമുളകൾക്കുനേർസാക്ഷി
യായ്
അരുണിമയാർന്നഴകായ്വർത്തിക്കണം
വേരറ്റു വീഴാതെ പൂത്തമരമായി
പ്രതീക്ഷയും, സ്വപ്നവുമായി നിന്നീടണം.


2018, ജനുവരി 2, ചൊവ്വാഴ്ച

തിരുവാതിര





അംഗനമാർതന്നുടെ
ഇംഗിതമെന്നപോലെ
ധന്യമാമൊരു മാസം
വന്നെത്തി ധനുമാസം
മഞ്ഞിലൂടരിച്ചെത്തും
മഞ്ജുള നിലാദീപ്തി
പാതിരാപടവേറി
പാലപ്പൂപറിക്കുന്നു
കൈകൊട്ടിക്കളിയുടെ
കങ്കണമണിനാദം
കാട്ടാറിൻകൽപ്പടവിൽ
കല്ലോലമുതിർക്കുന്നു
കുമ്മിയടിക്കുംകന്യമാരുടെ
വേണിപോലെ
വിയത്തിൽ പാറീടുന്നു
മേചക വർണ്ണമേഘം
തിരുവാതിര നാരിമാർക്കൊരു
നവ്യമേള
കേരളക്കരയാകെ
കൈകൊട്ടും കലാമേള

2018, ജനുവരി 1, തിങ്കളാഴ്‌ച

ജനുവരി




തേൻ മഞ്ഞുതുള്ളി തലോടും
പുലരിയിൽ
ഇരു മുഖത്താലെ നോക്കുന്നു ജനുവരി
ഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പം
ഓർത്തുനോക്കുന്നു പുതു ദിനത്തിൽ
എന്തെന്തു കാഴ്ച്ചകൾ കണ്ടു നമ്മൾ
കാണുവാനിനിയുമെന്തൊക്കെയുണ്ട്
കരളു പറിക്കുന്ന കാഴ്ച്ച കണ്ടു
കണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടു
വറ്റിവരണ്ട പുഴകൾ കണ്ടു
വെട്ടിത്തെളിച്ചുള്ള കാടു കണ്ടു
പൊട്ടിക്കരയും ബന്ധങ്ങൾ കണ്ടു
പട്ടിണി പേറും വയറുകണ്ടു.
കാഴ്ച്ചകൾ പിന്നെയും കണ്ടു നമ്മൾ
കുളിരു കോരുന്നൊരു നേർക്കാഴ്ച്ചകൾ
മകരത്തണുപ്പിൽ തീ കായുന്നതും
തിരുവാതിരപ്പാട്ട് പാടുന്നതും
പൂവാംകുരുന്നില പുണരലുകൾ
മെയ് പുണർന്നാടും പ്രണയകാവ്യം
കാണുവാനിനിയുമെന്തൊക്കെയുണ്ട്
ജീവിതം മുന്നോട്ട് പോയിടട്ടെ
തളരാതെ തകരാതെ പോയിട്ടെ
മണ്ണിതിൽ ജീവൻ തളിർത്തിടട്ടെ
പൂവുകൾ എങ്ങും വിരിഞ്ഞിട്ടെ
ശാന്തി സമാധാനം കൈവരട്ടെ
മകരമഞ്ഞിന്റെ തണുപ്പുമേറ്റ്
മധുരം നുണയാൻ കഴിഞ്ഞിടട്ടേ
.....................................................................
കുറിപ്പ് :- രണ്ടു മുഖമുള്ള റോമൻ ദേവതയാ
യ ജാനസിൽ നിന്ന് ജനുവരി എന്ന പേര്
രണ്ട് മുഖങ്ങൾ _ ഭൂതവും, ഭാവിയും