malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ഡിസംബർ 23, തിങ്കളാഴ്‌ച

പരാദങ്ങൾ
രാവിലെ എഴുന്നേറ്റ് കോട്ടുവായിട്ട്
കണ്ണ് തിരുമ്മി
അടുക്കളയിൽ കടന്നാൽ കാണാം
മടി പിടിച്ചിരിക്കുന്ന കമിഴ്ത്തിയ-
കലങ്ങളും പാത്രങ്ങളും
മടുത്തു;അടുക്കളയിലെ ആടൽ
കരിക്കലക്കോലം കെട്ടൽ
ചിരവ്യ്ക്കെന്താ തേങ്ങ ചിരവിയാല്?
കത്തിയ്ക്കെന്താ പച്ചക്കറികൾ നുറുക്കിയിട്ടാല്?
മിക്സിക്കെന്താ സ്വയമൊന്നു അരയ്ക്കുകയും-
പൊടിക്കുകയും ചെയ്‌താൽ നൊന്തു പോകുമോ?
അരിക്ക് അടുപ്പിൽ ക്കിടന്നു തിളച്ചാലെന്താ
അരമണി ഊർന്നു പോകുമോ
അഴുക്ക് തുണി അലക്കി അഴയിലിട്ടാൽ
ഒരുകൈ സഹായമായി പോകുമെന്ന് കരുതിയോ
വാഷിംഗ് മെഷിൻ
പൊടിയെല്ലാം ഒന്ന് ക്ലീനാക്കിയാൽ
കാൽതള  ഊരിപോകുമായിരിക്കും
വാക്വം ക്ലീനറിന്റെ
അല്പ്പമൊന്നു സഹായിച്ചാലെന്താ
'ഈ മനുഷ്യന്'
അവനവനെപ്പോലെ മറ്റുള്ളവർക്കും
പോകാനുള്ളതാണെന്ന
ഒരു ചിന്തവേണ്ടേ
   


 

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മൂന്നാം ക്ലാസിൽ
മഞ്ഞക്കാലൻ മൂസയായിരുന്നു
മൂന്നാം ക്ലാസിലെ മൂപ്പൻ
സ്റ്റീഫൻമാഷെ  സ്കെയിലായിരുന്നു
അച്ചടക്കത്തിന്റെ അതിര്
മാഷില്ലാത്ത നേരം മേശയിൽ
മാഷായിരിക്കും സ്കെയിൽ
സ്കെയിലു കണ്ടാൽ അറിയാതെ
മലർന്നു കിടക്കും  മടിയിൽ -
പാഠപുസ്തകം .
അച്ചടക്കത്തിന്റെ അതിര്
മായ്ച്ചു കൊണ്ടിരിക്കും മൂസ
മൂസയുടെ കൈ വെള്ളയിലും,-
തുടയിലുംകാണാം
സ്കെയിലിലെ തേഞ്ഞുപോയ
അക്കങ്ങളും,അളവുകളും
സ്കെയിലില്ലാത്ത കുട്ടികളുടെ
അളവ് കോലായിരുന്നുമൂസ  

നടത്തം
പാൽക്കാരൻ
പത്രക്കാരാൻ
മീൻ പെടക്കണപോലെ
പെടച്ചു കൊണ്ട്
സൈക്കിളിൽ കൂട്ടയുമായ് -
പോകുന്ന
മീൻകാരൻ
കടയുടെ കോലായിൽ
തണുപ്പിന്റെ തുണി
വാരിപ്പു തച്ചുള്ള
ഇരുട്ടിന്റെ ഉറക്കം
ഭക്തിഗാനം,ബാങ്ക് വിളി
പള്ളിമണി
രാവിലെയുള്ള നടത്തയാണ്
പാതയിലെ പതിവ് കാഴ്ച

ഓർത്തുപോകുമപ്പോഴൊക്കെ
ഒരു കൂട്
ഒരു കൂട്ട്

അമ്മ
നീല ചില്ലുപോലെ
നിശ്ചല മായിരിക്കുന്നു
കുളത്തിൽ തെളിഞ്ഞ ജലം
കറുക വരമ്പിലേക്ക്‌
കുഞ്ഞു കാൽ നീട്ടുന്നു ഓർമ്മകൾ
പിന്നിട്ട കാലങ്ങൾ
പിന്നോട്ട് വലിക്കുന്നു
കർക്കിടകം കുടിയേറിയ
അടുക്കളയിൽ
കുണ്ടൻ കലത്തിനരികെ
 മുണ്ട് മുറുക്കി അമ്മയിരിക്കുന്നു
ചുണ്ടിലപ്പോഴും
മായാത്ത ചെറുചിരി
ചീറി വന്ന കാറ്റ് തട്ടി മറിച്ച-
പോലൊരൊച്ച
'നെഞ്ചിൻ കൂട് പൊട്ടിയെന്നു'
സന്തോഷിച്ചു അവർ മടങ്ങി
മൌനം മലയിടിഞ്ഞ
അമ്മയുടെ ചിതയ്ക്കരികിൽ
ഞാൻ മാത്രം
നെഞ്ചു പൊട്ടിവന്ന കരച്ചിൽ
മഴയായി ചീറിയടിച്ചു
അലമുറയായ് മണ്ണിൽ.

എന്റെ ഗ്രാമം
മീനുകൾ
തവളകൾ
ആമകൾ
പാമ്പുകൾ
പച്ച ക്കുതിരകൾ
പാടങ്ങൾ
കുളങ്ങൾ
പൊന്മകൾ
കൊറ്റികൾ-
കണ്ണിലെ കടലിൽ
കുരുങ്ങിക്കിടക്കുന്നു.
ചേക്കേറാനുള്ളയിടം
അകലെയാണ്
ആളുകൾ
ബഹളങ്ങൾ
വാഹനങ്ങൾ
തിരക്കുകൾ
ഫ്ലാറ്റുകൾ
ജയിൽഅറയിലെ-
ന്നപോലെ
ജീവിതങ്ങൾ.
കുപ്പി വെള്ളത്തിൽ
ഞാനിന്നു
എന്റെ ഗ്രാമത്തെ
കാണുന്നു

പീഡനം
കുന്നുകേറിയവൻ
കുതൂഹലത്തോടെ
പുൽ മേട്ടിലൂടെ
പാറക്കെട്ടിലൂടെ
തെച്ചി പൊന്തയിലേക്കിറങ്ങി .
പൊന്തയ്ക്കുള്ളിൽ
പൊഴിഞ്ഞു വീണിരിക്കുന്നു
ചോര പുരണ്ട പൂവ്
പൂവേ....നിന്നെയും നോവിച്ചോ
അങ്ങേ വീട്ടിലെ
അമ്മാളുക്കുട്ടിയെ നോവിച്ച
ആ ഒറ്റക്കണ്ണൻ

മഞ്ഞുതുള്ളി
ധനുമാസ കുളിർ മഞ്ഞു
തോരണം ചാർത്തിയ
പുലരിയിൽ പൂങ്കുല
കൈകൂപ്പി നില്ക്കവേ
കണ്ണാന്തളി നിന്റെ കുഞ്ഞു-
കുസൃതികൾ
കണ്ടുഞ്ഞാൻ നിർനിമേഷയായ്
നിന്നുപോയ്
പുഞ്ചിരി പുന്നാരം ചൊല്ലുന്നു-
പൂവുകൾ
പഞ്ചാര വാക്കുകളോതുന്നു-
കാറ്റുകൾ
മഞ്ചാടി തുമ്പികൾ വെഞ്ചാമരം വീശി
നീൾ മിഴി പെണ്ണാളാം
ശംഖു പുഷ്പ്പത്തിൻ ചാരെ
സൂര്യാംശു  മുത്തു വിരിച്ചൊരു -
വീഥിയിൽ
വീണലിയാൻ മഞ്ഞു തുള്ളി-
യായെങ്കിൽ ഞാൻ

ഇനിയെത്രനാൾ
ചെമ്മണ്ണിന്റെ ചെതുമ്പലിലൂടെ
കൂസലില്ലാതെ കൌതുകം കുന്നിറങ്ങുന്നു
വൃത്തം തെറ്റാതെ വിളിച്ചു പറയുന്നു
'വിരുന്നു' ണ്ടെന്നു വേലിയിൽ നിന്നൊരു കാക്ക
കവിത പൂത്ത കാട്ടിൽ കാത്തിരിപ്പുണ്ട്
ഒറ്റയടിപ്പാത
ക്വൂബയിൽ നിന്ന് ബൊളീവിയൻ-
കാട്ടിലെക്കെന്നപോലെ
ഒരു കുന്നിറക്കം
പിക്കാസോ ചിത്രം പോലെ വർണ്ണം-
പകർന്ന വയലുകൾ
സായാഹ്നത്തിന്റെ ചുവട്ടിൽ
കുട ചൂടിയ പോലൊരു ഗ്രാമം
ഇത് ദ്വാരക
എന്റെ യദുകുല രാജധാനി
കടലെടുക്കുമെന്നറിഞ്ഞിട്ടും
കടമ്പുകൾ പൂത്ത കാട്
കാറ്റേ....തെളിനീർ ചോലകളെ
ഇനി എത്രനാൾ
കേട്ടില്ലേ യന്ത്രങ്ങളുടെ മുരൾച്ചകൾ
കണ്ടില്ലേ മനുഷ്യ ക്കണ്ണിന്റെ  മൂർച്ചകൾ

തടുക്കുവാൻ കഴിയാതെഅരാഷ്ട്രീയവും
അരാചകത്വവും
പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ്‌
രാഷ്ട്രീയ മർമ്മമറിയുന്നവർ
അയാളുടെ മർമ്മം നോക്കിപ്പിടിച്ചു
കൽതുറുങ്കിലടച്ചു
 അകത്തളത്തിൽ തന്നെ
അകപ്പെടുത്തുവാനും
കൽതുറുങ്കിൽ നിന്ന്
കൽതുറുങ്കിലേക്ക് യാത്ര പോകാനും
ഉന്നതതലയോഗം ചേർന്ന്
വകുപ്പുകൾ ചാർത്തിക്കൊടുത്തു
ചരിത്ര താളുകളിൽ സ്ഥാനമേകാതെ
ശൂന്യ സ്ഥലിയുടെ ഏടിനായി
ചാർജ് ഷീറ്റ് പുതുക്കി പണിതു
 എന്നിട്ടും നാട്ടിലെങ്ങും
തളിരായും,പൂവായും,കായയും
പൊട്ടി മുളച്ചു
കവിത അങ്ങിനെയാണ്
ഏതു ഗുഹയിലടച്ചാലും
കാതോടു കാതായി
കാറ്റായി വന്നെത്തും

കളിപ്പാട്ടം
മാനവികതയുടെ അരങ്ങുകളെല്ലാം
കമ്പോളങ്ങളുടെകളിസ്ഥലങ്ങളായി
ഉദാരവല്ക്കാലം ധരിച്ചവർ
അദരവ്യായാമ  വ്യവസായികൾ
ഊഹക്കച്ചവടക്കാർ ഊക്കോടെ -
വളർന്നു
ഊഹ വിലയിൽ ഊറ്റിയെടുത്തു
സ്വത്തും സത്വവും
വിളവും വളർച്ചയും
മണ്ണ് പേരിനു മാത്രം മണ്ണായി
വിഷം ചുമക്കുന്ന പാത്രമായി
കീടനാശിനികളുടെ പെരുമഴക്കാലത്ത്
മനുഷ്യ ജീവിതങ്ങൾ കളിപ്പാട്ടങ്ങളായി
പിരിയൻ കാലുകളും,മത്തങ്ങ തലകളുമായി
പേക്കോലം കെട്ടി പേച്ചിരിയാടി

2013, ഡിസംബർ 12, വ്യാഴാഴ്‌ച

സ്വാതന്ത്ര്യംമൂർച്ചയുള്ള കത്തിയായിരുന്നു
സമരം
അത്,കാലത്തെയുംചരിത്രത്തെയും
മനുഷ്യരെയും,മതങ്ങളെയും
നാടിനെയും,നദികളെയും
പർവ്വതങ്ങളെയും, പരമാണുക്കളെയും
നടുവെ വെട്ടി മുറിച്ചു
വാക്കുകളുടെ മൂർച്ചയിൽ നിന്നും
മൂല്യങ്ങളുടെ ചോർച്ചയിൽ നിന്നും
ഇന്നും രക്തം ഇറ്റിറ്റു വീണു കൊണ്ടിരിക്കുന്നു  

ശ്രേഷ്ഠഭാഷ
ഇന്ന് പൂന്തോപ്പിലെ
റോസാ  ചെടിയിൽ
ഭാഷ പുഷ്പ്പിച്ചു നില്ക്കുന്നു
കാലാ കാലങ്ങളായുള്ള
റോസയാണ്
പൂന്തോപ്പിലെങ്ങും പടർന്നങ്ങനെ
എന്നിട്ടും എന്റെ ശ്രദ്ധയിൽ
പെടാഞ്ഞതെന്തു?!.
അല്ലെങ്കിലും ഓർക്കിഡും,ആന്തൂറിയവും
മറുനാടനോടു മലയാളിക്കേറെ പ്രീയം
ഇനി ' ശ്രേഷ്ഠ'മാക്കിയത് കൊണ്ടാണോ
ശ്രദ്ദയിൽ പതിഞ്ഞത്
ആയിരിക്കില്ല
എന്നും ശ്രേഷ്ഠമായിരുന്നു ഭാഷ
'മുറ്റത്തെ മുല്ലയ്ക്ക്
മണമില്ലെന്നേയുള്ളൂ '

തെറ്റ്'ആൻഡേഴ്സൻ' കഥയിൽ
ആണ്ടിറങ്ങിയ നേരം
'പറുദീസാ തോപ്പിൽ'
നൂണിറങ്ങിയ നേരം
ജ്ഞാന മരവും പാമ്പും
ആദാമും ഹവ്വയും
ആൽപ്സ് പർവ്വത നിരകൾ
ഇരുണ്ട ഫിർവനങ്ങൾ
ഈജിപ്തിലെ പിരമിഡുകൾ
ഇടിഞ്ഞു വീണ സ്തംഭങ്ങൾ.
അറിവിന്റെ ആപ്പിൾ പറിക്കരുതെന്ന്
പറഞ്ഞിട്ടും
അതുതന്നെ ചെയ്തു
ഇപ്പോൾ മനുഷ്യരെല്ലാം
തെറ്റ് ചെയ്തുകൊണ്ടേ യിരിക്കുന്നു 

പുൽച്ചാടിപ്രതീക്ഷയുടെ പുൽനാമ്പുകളാണ്
പുല്ച്ചാടികളെ വളർത്തുന്നത്
ഇരപിടിയൻ കൊക്കുകളുടെ
എരികണ്ണിൽ നിന്ന് രക്ഷിക്കുന്നത്
ആകാംക്ഷയുടെ അപ്രതീക്ഷിത
ഞെട്ടലുകലാണ്
ഓരോ ചാട്ടവും
കുളക്കോഴികളുടെ കൊക്കരിപ്പും
നീർക്കോലികളുടെ പുള പുളപ്പും
ആകസ്മിക അക്രമങ്ങളിൽ നിന്നുള്ള
രക്ഷിക്കലുകളാണ്
അകപ്പെടാറുണ്ട് പലപ്പോഴും
പൊത്തിപ്പിടിച്ച കൈകൾക്കുള്ളിൽ
അമർത്തിപ്പിടിച്ച വിരലുകൾക്കുള്ളിൽ
ചൂണ്ട കൊക്കിൽ 'റ' പോലെ വളഞ്ഞ്
ജലത്തിനടിയിൽ മീൻ വായ തുറന്ന്
ശവ പ്പെട്ടിക്കുള്ളിൽ അടയ്ക്ക പ്പെടാറുണ്ട്
ഓർക്കാറുണ്ട് അപ്പോഴും അതിശയപ്പെടാറുണ്ട്
കഴിഞ്ഞു പോയ കുഞ്ഞു നാളിൽ
കാണാതെ പോയ കഴുകകണ്ണുകളെ.
ഇന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
കുഞ്ഞുങ്ങൾക്ക്‌ അമ്മ മാരെപ്പോലും  

പട്ടം

പക്ഷികളിൽ നിന്ന്കടം കൊണ്ട-
ചിറകുകളാണ് പട്ടങ്ങൾ
ഫ്ലാറ്റിനു മുകളിൽ
ആകാശത്തിന്റെ അക്വേറിയത്തിൽ
അലങ്കാര മത്സ്യങ്ങളെപ്പോലെ
പാറിനടക്കും
ചൊട്ടക്കുറിയൻ  മീനുകളെപ്പോലെ
മുട്ടിനില്ക്കും
കറുപ്പിച്ച വാക്കുകളുടെ കള്ളികളിലാക്കി
രാവിലെ അമ്മ പോയാൽ
ഫ്ലാറ്റിലെ കുട്ടിയുടെ മനസ്സ്
പൊട്ടിയ പട്ടമാകും
സ്വന്തം ജീവിതത്തെ തന്നെ
വലിയൊരു ചോദ്യ ചിഹ്നത്തെപ്പോലെ
എടുത്ത്
ജനലരികത്ത് കൊണ്ട് നിർത്തും
കാണാം താഴെ പട്ടങ്ങൾ പോലെ -
പറക്കുന്ന
കുറെ ജീവിതങ്ങളെ

ഹൃദയ പൂർവ്വം

ആശയുടെ
പാശത്താൽ
ബന്ധിക്കപ്പെട്ടിരിക്കുന്നു
ഇരു ഹൃദയങ്ങളും
ഓമനേ,
എന്നാണിനി
ശരീരങ്ങൾ
ഒന്നാവുക

2013, ഡിസംബർ 11, ബുധനാഴ്‌ച

കടൽ സന്ധ്യ

                                                                                                                                                                      കടലിനെ കാഷായത്തിൻ പുടവ
   സന്ധ്യ യുടുപ്പിപ്പൂ                                                                                                                                         കാറ്റൊരു സാന്ത്വന മാന്ത്രവുമോതി-                                                                                                         യലഞ്ഞു നടക്കുന്നു                                                                                                                                   കരയിൽ കാൽത്തള മണിക്വാണംപോൽ -                                                                                            തിരകൾ ചിലമ്പുന്നു                                                                                                                                    ചിരിമണി ചിതറി തിരിഞ്ഞു മറിഞ്ഞും വഴിതിത്തളരുന്നു                                                                         പുകപോൽ മഞ്ഞിൻ പാടകൾ ദൂരെ പടർന്ന് പിടിക്കുന്നു                                                                         കതിർ മണി ചീന്തിയതെങ്ങിൽ കാക്ക-                                                                                                                                                                                                                                                                കള്ളക്കണ്ണുകൾ നീട്ടുന്നു                                                                                                                             കുടിലിൻ മുന്നിൽ കണ്ണുകളനവധി കാത്തിരിക്കുന്നു                                                                                  കടലിന്നക്കരെ,യക്കരെനോക്കി ഉഴറി നടക്കുന്നു                                                                          അങ്ങൊരു പൊട്ടും പൊടിയും കാണ്‍കെ
കണ്ണിൽ കതിരുകൾ ചിന്നുന്നു                                                                                                                കുത്തി വരുന്നൊരു തിരപോൽ ഹ്ലാദം
കരളിൽ വന്നു നിറയുന്നു                                                                                                                       കറുത്ത ചിറകു വിടർത്തി കാക്ക
വട്ടം ചുറ്റിപ്പാറൂന്നു                                                                                                                                  മണ്ണിൽ വർണ്ണം നൽകാൻ മേലെ
വിണ്ണിൻ പൂക്കൾ വിരിയുന്നു

2013, നവംബർ 16, ശനിയാഴ്‌ച

കടലിൽകടലിലേക്കിറങ്ങുംപോൾ
കൈയും,കാലും ഊരിവെക്കണം
തിരകൾക്കുമേലെ ഊയലാടാൻ
കടലാഴത്തിലേക്ക് ഊളിയിടാൻ
കടൽ കാടാണ്,മഹാ വനമാണ്
അവിടെ കാണാം
കടലാന,കടലാമ,കടൽക്കുതിര,-
കടൽപ്പന്നി
പവിഴപ്പുറ്റുകൾ,പാറക്കൂട്ടങ്ങൾ
നമുക്ക് രാത്രി യാകുംപോൾ
കടലിൽ പകലായിരിക്കും
കാരണം;സൂര്യെൻ കടലിലെക്കാണല്ലോ
താഴ്ന്നു പോകുന്നത്
കടലിലേക്കിറങ്ങുംപോൾ ശിരസ്സിലൊരു -
കവചം വേണം
ശിരസ്സിടിച്ച് ചിന്തകൾ ചിതറാതിരിക്കാൻ
ചിന്തകൾ ചിതറി പ്പോയവരാണ്
ജലകന്യകളായി  മാറിയവർ
ചിന്തകൾ ഇല്ലാത്തതിനാൽ  അവർക്ക്
തിരിച്ചു വരേണ്ട ആവശ്യവുമില്ല
മത ജാതികളെക്കുറിച്ചു പഠിക്കേണ്ടവരാണ് 
കടലിലേക്ക് പോകേണ്ടത്
അവിടെ കാണാം
'ജാതി ബേദം മത ദ്വേഷ 'മില്ലാതെ 
ബോധത്തിന്റെ വേരുകൾ ഒന്നോടോന്നായ്  -
ച്ചേർന്നു
കൂടിച്ചേർന്ന് വളരുന്നത്‌

2013, നവംബർ 15, വെള്ളിയാഴ്‌ച

മീൻ പാർപ്പ്‌മീനുകളെല്ലാം
എവിടെയാണ് പാർക്കുന്നത്‌
ഏതു കൊട്ടാരത്തിൽ
പോകണമെനിക്കുമിന്നു
മീൻ കൊട്ടാരത്തിൽ.
പ്രഭാതം മീൻ വല വിരിച്ചിരിക്കുന്നു
കടലിൽ
തിരകളിൽ ചെതുമ്പലുകളുടെ
വെയിൽ തിളക്കം
ബോട്ടിന്റെ കൊടിക്കൂറ
കടൽ  ക്കാക്കയെപ്പോലെ
കാറ്റിൽ പറക്കുന്നു
അക്ഷാംശ രേഖയും,രേഖാംശരേഖയും
ദിശയും,ദൂരവും ഹൃദയത്തിന്റെ ജി.പി.സി യിൽ
റൂട്ട്കോഡു സെറ്റ് ചെയ്ത്
വെയിലിന്റെ വല മുറിച്ച്
ആകാംക്ഷ യുടെ തിരകളിലേറി
ഞാൻ കുതിച്ചു
ഇപ്പോൾ മീനുകളെന്നെ
വലയിട്ട് പിടിച്ചിരിക്കുന്നു
കടലെടുക്കാതിരിക്കാൻ
ഓർമ്മയുടെ വലിയൊരു നങ്കൂരം
ഞാനെന്നിലേക്ക്  താഴ്ത്തുന്നു
..................................................
ജി.പി.സി:-ഗ്ലോബൽ പോസിഷനിംഗ് സിസ്റ്റം

ബാക്കിയെന്തുണ്ടിനി?പാരിതിൽ നേരിന്റെ
വേരറൂ ത്തേ പോയി
കാടിന്റെ പച്ചപ്പ്‌
കടലെടുത്തേപോയി
തൊടിയും തണ്ണീർ തടങ്ങളും
പോയി
തുടി കൊട്ടും കന്നിയും
കൊയ്ത്തു പാട്ടും പോയി
കുളിരും കിനാക്കളും
കൂടൊഴിഞ്ഞേ പോയി
തളിർക്കും തരുക്കൾതൻ
കൂമ്പൊടിഞ്ഞേ പോയി
കുടിലെടുത്തെ പോയി
കുട മുടഞ്ഞേ പോയി
വയൽ പോയി
പുഴ പോയി
മഴ പോയി
ചിരിപോയി.

വേനലുണ്ടിനി
വേവലാതിയുണ്ടിനി
ഖേദമുണ്ടിനി
വറൂതിയുണ്ടിനി
പൊറുതിയില്ലിനി

പ്രേമത്തിന്റെ വാക്ക്പ്രേമത്തിന്റെ വാക്ക്
മൂകമാണ്
വിറയ്ക്കുന്ന കണ്ണും.കൈകളും
ഉമിനീര് വറ്റിയ നാവും
വരണ്ട ചുണ്ടും
എന്തൊക്കെയാണ് കൈമാറി-
യിട്ടുണ്ടാകുക
ഒറ്റയ്ക്കിരുന്നു നുണയുംപോഴാണ്
മാധുര്യ മേറിയേറി  വരുന്നത്
                (2)
അടുത്തിരിക്കുമ്പോൾ
മനസ്സിൽ പ്പറയുന്നു
അകന്നിരിക്കുമ്പോൾ
വാക്കാൽപ്പറയുന്നു

നട്ടുച്ച സൂര്യൻഅവൻ നട്ടുച്ച സൂര്യൻ
നെട്ടൂളാന്റെ മൂളലിലും
നെടുവീർപ്പയക്കാതെ
ഇടനെഞ്ചും വിരിച്ച്
കവിതയുടെ കഴുമരത്തിലേറിയവൻ 
ഛത്രമില്ലാത്ത,ചിത്രത്തൂണല്ലാത്ത-
ഛത്രാധിപതി
അമ്മക്കഥയും അമ്മൂമ്മക്കഥയുമില്ലാത്ത
ബാല്യത്തിന്റെ ഒഴിഞ്ഞ പാത്രത്തിൽ
അച്ഛൻ ചുരത്തിയ വീര കഥകളത്രയും
മോന്തിക്കുടിച്ചവൻ
അപ്പമില്ലാത്ത നാളുകളിൽ
കവിതയുടെ അപ്പം ചുട്ടു നടന്നവൻ
അവൻ കൽക്കരി നിറമുള്ളവൻ
വെയിൽതിന്നുന്ന പക്ഷി
ലഹരിയുടെ ഓളപ്പരപ്പിൽ
കുപ്പായ കൈ മടക്കിൽ നിന്നും -
തെറിച്ചു വീണ
കവിത എഴുതിയ കടലാസ് തുണ്ട്
കവർപ്പിന്റെ കാർമേഘ മുഖം
കാട്ടി നിന്നവർ
ഇന്ന് കുടിച്ച് രസിക്കുന്നു
അവന്റെ കവിതയുടെ മാമ്പഴച്ചാര്

കല്ലിന്റെരാഷ്ട്രീയംകല്ലിനുമുണ്ടോരാഷ്ട്രീയം?
കേൾക്കുന്നവർക്ക്
അങ്ങിനെ തോന്നാം
കാലം പറയുന്നു:
കല്ലിനു കഥ മാത്രമല്ല
രാഷ്ട്രീയവുമുണ്ട്
ഇടതനും,വലതനും
ഇടംകൈ കൊണ്ടെറിഞ്ഞാൽ
ഇടതൻ
വലംകൈ കൊണ്ടെറിഞ്ഞാൽ
വലതൻ
എന്നല്ല വിവക്ഷ.
വ്യക്തമായി കക്ഷി രാഷ്ട്രീയമുള്ള
അച്ചടക്കരാഹിത്യ മൊട്ടുമില്ലാത്ത
തികച്ചും നല്ല പ്രവർത്തകരാണ് പോലും
കല്ലുകൾ
കൂർത്ത് മൂർത്തുതങ്ങളുടെ ദൌത്യങ്ങൾക്കായി
അവർ കാത്തിരിപ്പുണ്ടാവും
കണ്ടെത്തുവാൻ കഴിയണം കല്ലുകളെ
അല്ലെങ്കിൽ
ഭസ്മാസുരനു വരം കൊടുത്തത് പോലെയാകും.
നുഴഞ്ഞു കയറിയ കല്ലുകളെ
കണ്ടെത്തുവാൻ കഴിഞ്ഞില്ല പോലും
ഏറിലായിരുന്നില്ല പോലും കുഴപ്പം
കല്ലിന്റെ രാഷ്ട്രീയമാണ് പോലും-
തിരിച്ചു വന്ന് എറിഞ്ഞവന് തന്നെ കൊണ്ടത്‌
ഇനിപാപം ചെയ്യാത്തവർ കല്ലെറിയട്ടെ 

2013, നവംബർ 5, ചൊവ്വാഴ്ച

മുത്തശ്ശി


വീട്ടിൻ വിളക്കാണ് മുത്തശ്ശി
നാട്ടറിവാണെന്റെ മുത്തശ്ശി
കടലാഴമുള്ളമനസ്സുണ്ട്
കടലോളം കഥകളകത്തുണ്ട്
അറിവിന്നുറവ ഉരുളയാക്കി
ഉണ്മ യെന്നുള്ളിൽ നിറച്ചു തന്ന്
വഴിയെ നടത്തിക്കും മുത്തശ്ശി 
വഴി വിളക്കാമെന്റെ മുത്തശ്ശി
വീടായാൽ കുട്ടികൾ വേണം
കൂടെ മുത്തശ്ശിയും കൂട്ട് വേണം
എങ്കിലെ ഇമ്പങ്ങളുണ്ടായിടൂ
എങ്കിലെ കുടുംബമതായിത്തീരൂ

കാ...കാ...!കാടും,കായലുകളും
നിരീക്ഷിക്കുവാൻ
കാക്കകളെ ഏർപ്പെടുത്തി
പെരുമാറ്റ ച്ചട്ടങ്ങൾ
പുറപ്പെടുവിച്ചു
പെരുവഴിയും,നടവഴിയും
അടച്ചു കെട്ടി
ആംബുലൻസും,യുദ്ധ സന്നാഹങ്ങളും
വിളിപ്പുറത്ത്
നിയമങ്ങൾ പുരപ്പുറത്ത്
കായൽ നികത്തി റിസോർട്ട്‌ പണി
തകൃതി
കുന്നിറങ്ങി കളിക്കുന്നു   കാടുകളുടെ -
വികൃതി
കാക്കകൾ "കാ...കാ..."എന്നുമാത്രം
കരഞ്ഞു

മതം (ദം )അരമതിലിനപ്പുറമിപ്പുറം
 വളർന്നു മാവും പ്ലാവും
മതിലിൻ മുകളിൽ എത്തിയവർ
മുട്ടി ച്ചേർന്നു നിന്നു
ഒരു ഞെട്ടിൽ എന്നതു പോലവർ
ഒട്ടി ച്ചേർന്നു വളർന്നു
കൗതുകമേറും കിളികൾ പലതും
കൂടുകൾ വെച്ചു വസിച്ചു
മതാന്ധനായ മനുഷ്യൻ
ഒരു നാൾ കണ്ടു പിടിച്ചു
പിന്നീടോട്ടു,മമാന്തിച്ചില്ല
കോടാലി പതിച്ചു കഴുത്തിൽ

മഞ്ഞണിപ്പൂവിന്റെ കൂട്ടുകാരന്...മഞ്ഞണിപ്പൂനിലാവിൽ
പാടുമെൻ നീലക്കുയിലേ
വലയെറിഞ്ഞന്നു നീയെൻ 
ഹൃദയം കുരിക്കീലെ
കൈ വള കിലുക്കീനീ കട-
ക്കണ്ണേറിഞ്ഞില്ലേ
അന്നുനീവരച്ചിട്ടനാടൻശീലുകളാലെ
നാടിനെയറിയുന്നു ഇന്നുമെൻ തലമുറ
മലയാളത്തിൻ വാഴ്വ്
മറുനാട്ടിലും ചെന്ന്
പാടിപ്പറഞ്ഞുള്ളോരു
മാണിക്യ കുയിലാണ് നീ
എങ്ങിനെ മറക്കും ഞാൻ
പാട്ടിന്റെ കൂട്ടുകാരാ
മണ്ണിന്റെ മണമുള്ള
നാട്ടുപാട്ടിന്റെ തോഴാ
മഞ്ഞണിപ്പൂനിലാവേ
മറക്കില്ലൊരിക്കലും
ഓർമ്മയിലെന്നു മെന്നും 
നിന്മണി ക്വാണം മാത്രം

അരിപ്പിറാവിനോട്നോവൂറും കണ്ണാലെ
നോക്കുവതെന്തു നീ
നടവഴിയിൽനിന്നുമരിപ്പിറാവേ
വയ്യെനിക്കിന്നു
വയസ്സെന്ന മായാ വലയത്തിൽ കാലം-
കുടുക്കിയില്ലേ
നിന്നെനിരൂപിക്കാതില്ലൊരുദിവസവും
നോക്കിപ്പറയുന്നതറിയുന്നു ഞാൻ
ഒരു മുഖം മാത്ര മുള്ളവൾ നീ പാവം
മാനവർ ഞങ്ങളിരുമുഖക്കാർ
നെടിയ പിലാവിലെ കൂട്നശിപ്പിച്ച്
കുഞ്ഞിനെ കാലിയാ പിള്ളേർപിടിച്ചപ്പോൾ 
വെയ്ലത്ത്  പണിയണയെന്നരികത്തല്ലോ 
അന്ന് നീ വന്നു കരഞ്ഞു നിന്നു
പിള്ളേരെയോടിച്ച് അന്നുഞ്ഞാൻ കുഞ്ഞിനെ
നിന്നരികത്തായികൊണ്ട്തന്നു
പിന്നെയും കൂടൊന്നു കൂട്ടിയാ കൊമ്പിൽനീ
ഏറെ കുഞ്ഞുങ്ങൾക്ക്‌ ജന്മമേകി
എത്രതലമുറയെന്നതറിയാതെ
പ്രായമേറെയേറി നിനക്കുമിന്നു
എല്ലാരു മുണ്ടെന്നാൽ ആരു മില്ലാതോരായ്‌
കാലം നമുക്ക് കഴിച്ചു കൂട്ടാം
ഉള്ളം വെളുവെളെ ഉള്ളവരായി നാം
കള്ളമെന്തെന്നറിയാതൊരായി
എള്ളോളമാവില്ലകള്ളം പറഞ്ഞീടാൻ  
മണ്ണിതിൽ വീണു മരിക്കുവോളം 

അമ്പലത്തിൽ

അമ്പല മുറ്റത്തോരാലുണ്ട്
ആലിനൊരായിരം കൊമ്പുണ്ട്
കൊമ്പു കുഴലുണ്ട് കൊമ്പനുണ്ട്
കൊമ്പന് നെറ്റിപ്പട്ടമുണ്ട്
പട്ടങ്ങളായിരം പാറണ്ണ്ട്
കുട്ടികളാർത്തു ചിരിക്കണ്ണ്ട്
ആളുണ്ട് അമ്പാരിയുണ്ട്
തേരുണ്ട്  തേവരുമുണ്ട്
ആമ്പൽ ക്കുളമുണ്ട് ആറാട്ട്‌കടവുണ്ട്
കടവിനോരായിരം പടവുണ്ട്
പഞ്ചാരി മേളങ്ങളുണ്ട്
പായസ ദാനവുമുണ്ട്
വെടി തട പൂരങ്ങൾ സംഗീത കച്ചേരി
നാലമ്പലം ചുറ്റും ആർപ്പുവിളി
കന്യകളായിരമുണ്ട് 
കാഴ്ച്ചകളേറെയുമുണ്ട്
വന്നവർ വന്നവർ കാഴ്ച്ചകളും കണ്ട്
ആമോദമുണ്ട് നടപ്പുണ്ട്
ദേവനോരാഗ്രഹമുണ്ട്
മാനവനെപ്പോൽനടക്കാൻ
വന്നവർ വന്നവരാരുമ ശിലയെ
കണ്ടതായ് പ്പോലും നടിച്ചില്ല
അമ്പലത്തിൽ ചെല്ലും മാളോര്
കാഴ്ച്ചകൾ കാണുവാൻ വന്നോര്
ദേവനെ പ്രാർത്ഥിക്കുവാനാണേൽ
നടവരമ്പിൽ നിന്നു മാകാലോ

2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

മരക്കവിത
അറ്റ വേനൽക്കാലം
ചുട്ടുപൊള്ളും ചൂടിൽ
പരിസ്ഥിതിയെക്കുറിച്ചു
ഒരു മരക്കവിത ഞാൻ വായിക്കുന്നു
പാറിവന്നൊരുകാക്ക
കവിതയിൽ നിന്നൊരു വരികൊത്തി
മരക്കൊമ്പിലേക്ക് പറന്നു
കാലിൽചുറ്റിപ്പിടിച്ച്  കൊക്കുകൊണ്ട്‌
കൊത്തിപ്പറിച്ചു
ടെറസ്സിൽ വെച്ചു കൊത്തിവലിച്ചു കുടഞ്ഞു
വാട്ടർടാങ്കിലിരുന്നു വെപ്രാളപ്പെട്ട്
പറന്നുപോയി
ഇപ്പോൾ മുറ്റത്തെ കല്ലിറമ്പിൽ
ഒരുചെടി മുളച്ചിരിക്കുന്നു
അത് വളർന്നു മരമായി 
കവിത പൂത്തിരിക്കുന്നു
അതിന്റെ തണലിലിരുന്നു
ഞാനൊരു പരിസ്ഥിതി കവിത
കൊറി(കുറി )ക്കുന്നു

വാർത്ത

ചരിത്ര താളുകളിൽ നിന്ന്
പുറന്തള്ള പ്പെട്ടവർ
തിരിച്ചു വരാറുണ്ടോ ചിലപ്പോൾ
അവരിൽ ചിലരാണോ
സൈബീരിയൻ കൊക്കുകൾ?!
പത്രത്താളിൽ  പതുങ്ങിയിരിക്കും
ചില വാർത്ത
സ്വദേശാഭിമാനിയോ ?
ചാനൽ തിരയിലിന്ന്
വാളെടുത്തവളാര്
ത്ധാൻസി റാണിയോ?
എന്നിട്ടും;
ഇന്നത്തെ പ്രഭാതവും
കൊണ്ട് വന്നത് ആ വാർത്തയാണല്ലോ
പാണ്‍ഡുമാത്ര മെന്തെ പിറക്കുന്നില്ല
പെണ്ണുടൽ തൊടുന്ന മാത്രയിൽ
മൃതിയടയുന്ന പാണ്‍ഡു

കാലാവസ്ഥകാലാവസ്ഥ പ്രവചനം തെറ്റി
വരൾച്ചയെന്നു പ്രവചിച്ചപ്പോൾ
പ്രളയം തന്നെ വന്നു
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ
മാധ്യമ പ്രവർത്തകർ ഒത്തുകൂടി
കാര്യമെന്തെന്ന് പറയാതിരിക്കാൻ
നിർവ്വാഹ മില്ലാതായി
കാലാവസ്ഥ നിരീക്ഷകൻ
കടലാസ്സിൽ കണ്ണ് പൂഴ്ത്തി
കസേരയിലിരിപ്പായി
പെട്ടെന്ന് മാധ്യമക്കാരുടെ
മൈക്ക് വെച്ച
മേശയിലേക്ക് ചാടിക്കയറി 
വിളിച്ചു പറഞ്ഞു തുടങ്ങി
പേക്രോം..പേക്രോം...പേക്രോം
പുറത്ത് മഴ തിമർത്ത്
പെയ്യുകയായിരുന്നു

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

ഒന്നാം സമ്മാനം


അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ
തഞ്ചത്തിലവൻ
മഷി ഗുളിക വാങ്ങിച്ചു
വക്കുപൊട്ടിയ അലൂമിനിയം -
പിഞ്ഞാണത്തിൽ
ചാലിച്ചു വെച്ചു
പച്ച,ചുകപ്പു,കറുപ്പ്,നീല
അറക്കപ്പൊടിയിട്ടു  നിറങ്ങൾ
പിടിപ്പിച്ചു
എന്നിട്ടും,
അക്കൊല്ലത്തെ ഓണപ്പൂക്കളത്തിനു
ഒന്നാം സമ്മാനം ലഭിച്ചു
നാല്പ്പത്തി എട്ടാമത്തെ വയസ്സിൽ
കാലണയ്ക്ക് വകയില്ലാതെ
കിണറിലെ പാളത്തൊട്ടിയുടെ
കയറെടുത്ത്‌
പറങ്കി മാവിൻ കൊമ്പിൽ കെട്ടി
കഴുത്തിൽ കുരുക്കിട്ടു കവരൻ കൊമ്പിൽ
നിന്ന് 
ഞാൻ താഴേക്കു ചാടി മരിച്ചു
എന്നിട്ടും
അക്കൊല്ലത്തെ കലാലയ
കലാ മത്സരത്തിനു
ഫോട്ടോ ഗ്രാഫിക്ക്
ആ ഫോട്ടോയ്ക്ക് അവനു
ഒന്നാം സമ്മാനം കിട്ടി
മൂന്നാമതും ഇനി എങ്ങിനെ
സമ്മാനം കിട്ടുമെന്ന്
കാക്കയായി ഞാൻ കവരൻ
കൊമ്പിലിരുന്നു
സാകൂതം നോക്കുകയാണ്

?


പുകയുന്ന ഒരു ചോദ്യമാണവൾ
പ്രതികാരത്തിന്റെ ഒരു ഭാണഡക്കെട്ട്
മുറിവേറ്റ ഹിംസ്ര മൃഗം
പശിമാറ്റാൻ പണി തരാൻ വിളിച്ചവർ
പലരുടെയും പശി മാറ്റി
കാശുകീശയിലാക്കി 
പിന്നെ വിളിച്ചിറക്കി
ചത്ത മീനിൻ കണ്ണുള്ളവളെന്നും
ചീത്തയെന്നും പറഞ്ഞു
വെളിയിൽ തള്ളി
വീർത്ത വയറും,ഭ്രാന്തിൻ നിഴലുമായി
അവളിന്ന് മുന്നിൽ നില്ക്കുന്നു
പുകയുന്ന ഒരു ചോദ്യമാണവൾ 

അടയാളംകുഞ്ഞുനാളിലേ കുടിയേറി -
പ്പാർത്തവഴി
കാടും,പടലും  പടർന്നിരിക്കുന്നു
കറുകപ്പുല്ല് തേഞ്ഞചവിട്ടടിപ്പാത
കാണ്മാനെയില്ല
എങ്കിലുമൊന്നു കയറിനോക്കി -
യാപറമ്പിലേക്ക്
മാഞ്ഞു തുടങ്ങിയ മങ്കൂന
ഇടയ്ക്കിടെ കാണുന്നു
ഒന്നിലൊരു റോസ,ഒന്നിൽ വാഴ
മറ്റൊന്നിൽ ചൊറിയണം ,കള്ളി മുള്ള്
പീരയ്ക്കാവള്ളി,മഞ്ചാടിച്ചെടി
വിരുന്നു വന്നവരിൽ ചിലർ
മുമ്പേ ഭൂമിയിലേക്ക്‌
മടങ്ങിയതിന്റെ അടയാള -
മായിരിക്കുമോയിതു

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

സ്നേഹംനിന്നെ കാണാതിരിക്കാൻ
ഞാനെന്നും
വഴി തെറ്റി നടക്കും
അപ്പോഴെല്ലാം
നീവന്നു
എന്നെ നേർവഴി
നടത്തിക്കുന്നു

പ്രണയികൾആരാണ്
നമ്മുടെയിടയിൽ
മൌനത്തിന്റെ
മങ്കലം
കൊണ്ട് വെച്ചതു
അതെന്നാണ്‌ നാം
തട്ടിപ്പൊട്ടിക്കുക

        (2)
പ്രണയത്തിന്റെ
സാഗരത്തിൽ
മൌനത്തിന്റെ
ഒരു തുരുത്ത് നാം
പണിഞ്ഞിരിക്കുന്നു
അതിലെ പണിതീരാത്ത
കുഞ്ഞു വീട്ടിൽ
കണ്ണും,കണ്ണും നോക്കി
നാമിരിക്കുന്നു

പ്രണയംപാഴ്മരമെന്നു പറഞ്ഞു
വെട്ടിമാറ്റിയ
മുളന്തണ്ടാണ്
പ്രണയ മെന്തെന്ന്
എന്നെ പഠിപ്പിച്ചത്

            (2)
കാറ്റിന്റെ കൈയ്യിൽ
എനിക്കൊന്നും
കൊടുത്തയക്കാനില്ല
എന്നിട്ടും
തന്നയക്കുന്നുണ്ടല്ലോ
എന്നും നീ

           (3)
എന്നിൽനിന്ന്
ശക്തിയായി
കുതിക്കുന്നു
നിന്നിലെത്തുംപോൾ
ശകലങ്ങളായി
ചിന്നി ചിതറുന്നു

            (4)
കടൽക്കരയിൽ നാം
മണലുകളെണ്ണുന്നു
വെള്ളത്തിൽ
തുള്ളികളെണ്ണുന്നു
കടൽത്തിര വന്നു
എന്തേ മിണ്ടിപ്പറ-
യാതതെന്നു
ചോദിച്ചുകൊണ്ടേ -
യിരിക്കുന്നു

അടയാളംഎന്റേതും
നിന്റേതും
ഒരേ കാലടിപ്പാടുകൾ
പക്ഷെ,
പതിയാതെ
നടക്കുവാൻ
പഠിക്കണം.
തൊട്ടു കാട്ടാൻ
പ്രണയത്തിനു
അടയാള മെവിടെ

സംഗീതം


മുളന്തണ്ടിൽനിന്ന്
വാക്കിനെ
കൊത്തിയെടുത്ത്
ഒരു കാറ്റ്
പറക്കുന്നു

സ്നേഹം


നാം കണ്ടുമുട്ടും
സന്ധ്യാ വീഥിയിൽ
അമ്പിളി മാമനും
കൂടെ വരുന്നു
നമ്മുടെ സ്നേഹത്തിനു
ആക്കം കൂട്ടാനെന്നോണം

കാമുകി


ഇന്നലവരെ
പൂക്കാതിരുന്ന
കൈതക്കാട്
ഇന്ന് പൂത്തുലഞ്ഞ്
എന്നെ കൈമാടിവിളിച്ച്
കാതിൽ പറഞ്ഞു
ഇന്ന് നീ വന്നിരുന്നുവെന്ന്

പ്രണയിനി

അമ്പല വഴിയിലെ
തുളസിച്ചെടി
എന്നോട്പറഞ്ഞിരുന്നു
കതിരുകൾ
നിന്നോടൊപ്പം
തൊഴാൻ പോയെന്ന്

വസന്തം


വസന്തം വരാൻ
വൈകിയാലെന്ത്
സുഗന്ധവും
സൌന്ദര്യവും
അരികിലുള്ളപ്പോൾ

ഇഷ്ട്ടം


എത്രയും
ഇഷ്ട്ടമായിരുന്നു
എനിക്ക് നിന്നെ
അത്രയും
നിനക്ക് ഇഷ്ട്ടമല്ലെ-
ന്നറിഞ്ഞിട്ടും

കണ്ടുമുട്ടൽഓർത്തോർത്ത്
ചിരിച്ചിട്ടുണ്ട് ഞാൻ
പേർത്തും പേർത്തും
ഓരോ വരികളിലും.
കത്തുകളിലൂടെയുള്ള
കണ്ടുമുട്ടൽ
എത്ര രസമായിരുന്നു
ഇന്ന്,
നേരിൽ
കണ്ടപ്പോഴില്ലല്ലോ
അത്രയും മധുരം

വരുമാനംവരുമാന വർദ്ധനവിന്
ആട്,കോഴി,കാട,മുയൽ കൃഷി
എന്ന് പറയുന്നത് പോലെയേയുള്ളൂ
ഐതിഹ്യവും,പൈതൃകവും
പഹയാ,വായടക്ക്
തേക്ക്,മാഞ്ചിയം നാട്ടതുപോലെ
നാട്ടുതുടങ്ങി നാട്ടുകാർഅമ്പലം
വീട്ടിലൊരു വരുമാനം
നാട്ടിലൊരു ഗമ

കാലം
പെണ്‍കുട്ടികൾ കളിച്ചു-
നടക്കുകയാണ്
പൂമ്പാറ്റകളെ പ്പോലെ
പാറി പ്പറക്കുകയാണ്
എന്ത് ഭംഗിയാണവരെ
കാണാൻ
കുഞ്ഞുടുപ്പിട്ട്,നുണക്കുഴി -
ക്കവിളും
നരുനിലാചിരിയും,
പാദസരകിലുക്കവും,
പിഞ്ചു കൈകൊട്ടി
കൊഞ്ചി കൊഞ്ചിയുള്ള
വാക്കും.
കാലരഥം കുതിക്കുകയാണ്
എവിടെയോ കാത്തിരിപ്പുണ്ട്
അവരെയും ഇപ്പഴേ
ചുമരും ചുമതലയുമായി കാലം

ലക്ഷ്മണ രേഖ
കവിതയെ കഴുമരത്തിലേറ്റാൻ
കോടതി കല്പ്പിച്ചു
കോറിയിട്ടവ കൊഞ്ഞനം -
കുത്തുന്നെന്നു
അക്ഷരങ്ങൾ അള്ളിപ്പിടിച്ച്
വാക്കുകളാകുന്നെന്നു  
വാക്കുകൾക്കു വാളിനേക്കാൾ
മൂർച്ചയെന്നു
ബഞ്ചമിൻ മോളോയിസായി,
സഫ്ദർ ഹാശമിയായി ,
തസ്ലീമനസ്രീനായി ,മലാല -
യൂസഫായി
ലക്ഷ്മണ രേഖ മാറ്റി-
വരയ്ക്കുന്നെന്നു .
ഇന്ന് വെളുപ്പിന്
കവിതയെ തൂക്കിലേറ്റി
മരിച്ചെന്നു ഉറപ്പുവരുത്തി
ജഡം ഇറക്കി കിടത്തി
ഇപ്പോൾ കാണുന്നതും
കേൾക്കുന്നതുമെല്ലാം
കവിതയാണ് പോലും
കവിതയെ തടഞ്ഞു -
കോടതിക്ക്
മുന്നോട്ടു പോകുവാൻ
കഴിയുന്നില്ലെന്ന്
കോടതി അടച്ചുപൂട്ടേണ്ടി
വരുമെന്ന്

കവിതയ്ക്ക് കൂട്ട്
എല്ലാവരുമുറങ്ങുംപോൾ
ഞാനുണരുന്നു
കുടുസ് മുറിയിലെ പീഞ്ഞ-
പെട്ടിയിലിരുന്നു
തരിയുടഞ്ഞ മേശയിൽ
വിലക്ക് തെളിക്കുന്നു
പാതി പറിഞ്ഞ ജന്നൽ -
പ്പാളി
പതുക്കെ തുറക്കുന്നു
മുന്നിൽ ഉയർന്നുനിൽക്കും
ശവപ്പറമ്പ്
എന്റെ എഴുത്തിനു സാക്ഷി.
കവിതയുടെ കാട്ടിലേക്ക്
ശവങ്ങൾ കയറിവരുന്നു
കല്ലറയ്ക്ക് മുകളിലിരുന്നു
ഞങ്ങൾ കവിത കുറിക്കുന്നു
കാണാം നിങ്ങൾക്കുപകൽ -
നേരങ്ങളിൽ പോയി -
നോക്കിയാൽ
മീസാൻ കല്ലിൽ കോറിയിട്ട
കവിതകൾ
എന്റെ കവിതയ്ക്ക് കൂട്ട്
കല്ലറയിൽ കിടക്കും ശവങ്ങൾ

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

മഴപ്പാറ്റമനുഷ്യൻ മഴപ്പാറ്റ പോലെയാണ്
ഓരോ തിരിച്ചടിയിലും പാഠം
പഠിക്കാതെ
ആർത്തിയുടെ മണ്ണടരിൽ നിന്നും
ആർത്തു പറക്കുന്നു
അഗ്നി ജ്വാലയിൽ ആയിരങ്ങൾ
അകപ്പെടുംപോഴും
ആയിരത്തിയൊന്നാമൻ
അഗ്നിയെ അണയ്ക്കുമെന്നു
ആഗ്രഹിക്കുന്നു
കാക്ക ക്കാലുകൾ കോറിയതെന്ന
ഊറ്റത്താൽ
ദൈവ പ്രതിമകളെല്ലാം
തല്ലി തകർക്കുന്നു
ആൾ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നു
ദൈവം സത്യമായിരുന്നു
ആൾ ദൈവം കോടികളുടെ സ്വത്തും
മനുഷ്യരിലും ഉണ്ടായിരിക്കും
മാർക്സും,ക്രിസ്തുവും,ബുദ്ധനും,നബിയും
അതുകൊണ്ടായിരിക്കണം
ജീവിതം ഡോണ്‍ നദിപോലെ
ശാന്തമായി ഒഴുകുന്നത്‌

പരശുറാംഎക്സ്പ്രസ്സ്മഴുവെറിഞ്ഞ വാറിൽ
വീര്യത്തോടെ പായുന്നു
പരശുറാംഎക്സ്പ്രസ്സ് 
പുഴയെ,മഴയെ,പാലത്തെ-
പാതയെ
പിന്നിലേക്ക്‌ തള്ളിമാറ്റുന്നു.
മത്സരത്തിലെ മുയലിനെപ്പോലെ
കുതിച്ചു പാഞ്ഞിട്ടും
ജയിച്ചു കയറുന്നു ആമയെപ്പോലെ
മഴ
കണ്ണൂര് നിന്നൊരു കുതിപ്പുണ്ട്
ടിപ്പുവിന്റെ പടയോട്ടം പോലെ .
വളപട്ടണം പാലത്തിൽ ഒരു കിതപ്പുണ്ട്
മൂപ്പൻ മൂസാക്കുട്ടിയെപ്പോലെ  
കയ്യൂരിന്റെ കുന്നിനു താഴെ
കരിവെള്ളൂരിന്റെ ചുവന്ന മണ്ണിലൂടെ
ഇങ്ക്വിലാബ് വിളിച്ചു കടന്നു പോകും.
കാര്യങ്കോട് എത്തുമ്പോൾ
ഭയന്ന സുബ്ബരായാൻ
തേജസ്വനിയിലെ ക്കെടുത്തുചാടും.
തുളുനാടിനുമുണ്ട്  തുടലൂരി യെറിഞ്ഞ
കഥകളേറെ
അറബിക്കടലിനെ നോക്കി
മഴുവെറിഞ്ഞ വാറിൽ പരശു
വീര്യത്തോടെ  വടക്കോട്ട്‌ പായുന്നു

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

കാക്കവിളി


കാക്കകൾ കൊത്തിവലിക്കുന്നു
രാത്രിയുടെ,യിരുട്ടിനെ
കൊറ്റികൾ കൊണ്ടുവരുന്നു
പുലരിയുടെ വെളുപ്പിനെ
മുറ്റമടിച്ചു വാരി കുളികഴിഞ്ഞ കാക്ക
കൊമ്പിലിരുന്നു അമ്മയെ വിളിച്ചുണർത്തുന്നു.
അമ്മ പോയതിൽ പിന്നെ
കാക്കകളെ കണ്ടിട്ടേയില്ല
കാലത്തെ വിളിച്ചറിയിക്കുന്ന കാക്കകൾ
എങ്ങോട്ടാണ് പോയത് ?
കുളിച്ച കാക്കകളെല്ലാം
കൊക്കായിമാറിയിരിക്കുമോ?!
അമ്മ മണമുള്ള പുതപ്പിനുള്ളിൽ
കണ്ണടച്ചാൽ കേൾക്കുന്നു
കാക്കച്ചിറകടിയൊച്ച
ഇന്ന് കാലത്ത്
കണ്ണ് തുറന്നപ്പോൾ കേട്ടു
തൊടിയിലെ വാഴകൈയ്യിലിരുന്നു
ഒരു വിരുന്നുവിളി
ചാടി എഴുന്നേൽക്കുമ്പോൾ കണ്ടു
കൈലൊരു കയറുമായി
തെക്കുനിന്നൊരു വിരുന്നുകാരാൻ 

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

പത്ര വാർത്ത
പ്രാണൻ പറിയുന്ന പത്ര വാർത്തയുമായാണ്
പ്രഭാത മെത്തുന്നതു
പ്രസവാന്തരം യുവതി മരിച്ചിരിക്കുന്നു
കുഞ്ഞിനു കോട്ടമൊന്നുമില്ല
സുഖമായിരിക്കുന്നു
ഉള്ളിലൊരു വേദന അടക്കം തേങ്ങുന്നു
അമ്മകൈകൾ കോരിയെടുക്കുന്നു
കുരുന്നിനെ കരളോടു ചേർക്കുന്നു.
കണ്ണുകൾ ഉടക്കി നില്ക്കുന്നു
ആ വാർത്തയിൽ തന്നെ
പത്രത്തിലെ പടം പരിഭവം കാട്ടി
കിടക്കുംപോലെ
അങ്ങനെ നോക്കിയിരിക്കുമ്പോൾ
ചരിഞ്ഞുകിടന്ന ചരമ കോളത്തിൽ നിന്ന്
ചാടി എഴുന്നേൽക്കുന്നു യുവതി
കുഞ്ഞിനെ വാരിയെടുത്ത്
വിങ്ങി വിതുമ്പുന്ന മുലക്കണ്ണ്കൾ
ചോരിവായിലെക്കമർത്തുന്നു  
നിർവൃതിയുടെ ആലസ്യത്തിൽ
ഇമകളടഞ്ഞു പോകുന്നു
മുത്തങ്ങളുടെ മുത്തുമാല കൊരുക്കുന്നു-
സർവ്വാംഗം .
അനന്തരം
കുഞ്ഞിനെ കിടക്കയിൽ കിടത്തി
ചരമ കോളത്തിലേക്ക്
ചേക്കേറുന്നു യുവതി

അനുഭവം

കവിതയെഴുതുവാൻ
കടലാസെടുത്തപ്പോൾ
കറുത്ത മഷിപേനകാണാനില്ല
പരത്തി മടുത്തു താഴെയും-
തട്ടിൻപുറവും
കണ്ടതെല്ലാം കാലിൽ തട്ടി
തൊട്ടതെല്ലാം തട്ടി മറിഞ്ഞു
ചുക്ലി വലയും,ഇല്ലട്ടം കരിയും
ദേഹമാകെ പുരണ്ടു
പത്തായപ്പുരയിൽ നിന്നും
പരതൽ നിർത്തി പടിഞ്ഞാറെ -
കോലായിൽ കുത്തിയിരുന്നു
അപ്പോഴുണ്ട് ഓടികിതച്ചു വരുന്നു
കറുത്ത മഷിപേന
എങ്ങോട്ട് പോയിരുന്നു
ഞാൻ ദേഷ്യപ്പെട്ടു
കവിതയെഴുതാൻ
കണ്ണടയും,കടലാസും പോരല്ലോ
കണ്ണ് വേണ്ടേ ,കാഴ്ച വേണ്ടേ
അനുഭവങ്ങളുടെ ഒരുകെട്ട്‌
കാഴ്ച നിരത്തിവെച്ചു.
കൂടംകുളവും,മുല്ലപ്പെരിയാറും
നാലുവരിപ്പാതയും,
പട്ടാളവും,മലവെള്ള പാച്ചലും
സോളാർ ചരിതവും,സെക്രട്ടരിയേറ്റ് -
ഉപരോധവും

നായാട്ട്നായയുമായി നായാട്ടിനിറങ്ങാറുണ്ട്
അച്ഛനിടയ്ക്ക്
മയ്യിലിനു മുൻപേ മുയലനക്കവുമായി
മുന്നിലെത്തും നായ
മഞ്ഞു പെയ്തൊരു സന്ധ്യയിൽ
മണ്‍ ചെരാതിനരികിൽ
ഞാൻ കാത്തിരിക്കുമ്പോൾ
മുടന്തി വന്ന നായ
മുട്ട് കാലിലിരുന്ന്
മുറ്റത്ത് വെയ്ക്കുന്നു
അച്ഛന്റെ പച്ചയിറച്ചി

പ്രണയം ഇങ്ങനെ
പ്രണയത്തിന്റെ
വെണ്ണക്കൽ കൊട്ടാരത്തിൽ
അവർ പ്രണയികൾ
പ്രണയത്തിനു
ഇത്രയും വെണ്‍മയോ
അവൻ അത്ഭുതം കൂറി:
'മാംസ നിബന്ധമല്ലരാഗം'
അവൾ പ്രതി വചിച്ചു
അവൻ മറ്റൊരുവളേയും കൂട്ടി
പുറത്തേക്കിറങ്ങി

കോടതി
കോടതിയുടെ വരാന്തയിൽ
കാത്തിരിക്കുന്നു
കാത്തു കൂർപ്പിച്ച്‌.
രക്ഷിച്ചതിന്  ശിക്ഷയേറ്റുവാങ്ങാൻ
കാത്തിരിക്കുന്നു
മൌനത്തിന്റെ മണ്‍ചെരാത്
ഉടയുന്നുണ്ടിടയ്ക്കിടെ
കൂട്ടിൽ കയറി കൊറ്റികളെപ്പോലെ
കണ്ണി മയനക്കാതെ നില്പ്പുണ്ട്
കുറ്റപത്രം വായിച്ചപ്പോൾ
കൂറ്റുപൊങ്ങുന്നില്ല കൂട്ടമായ്‌-
പറഞ്ഞിട്ടും
തലയുടെയാട്ടലിൽ,വായനക്കത്തിൽ
കുറിച്ചിട്ട തീയ്യതി കൂട്ടത്തിലേക്കിട്ടപ്പോൾ
കുറിച്ചെടുക്കുന്നു ചുണ്ടുകൾ
ബോധ്യമുണ്ട്
കുടുംബ കോടതിക്ക്
കുറ്റം ചെയ്തിട്ടില്ലെന്ന്

ഉമിക്കരി
ഓർമ്മകളുടെ ഒരുപിടി തരി
അനുഭവങ്ങളുടെ പാറ്റി തുപ്പൽ
ഒരു സംസ്ക്കാരം
നന്മയുടെ ഒരു നുള്ള്
കണ്ടത്തിൽ നിന്ന് കറ്റയായി
കളത്തിലേക്ക്‌
കുത്തി പേറ്റി ചായിപ്പിലേക്ക്
നീറി നീറി കറുത്ത് ഒരു ജന്മം
വേദനയും,സ്നേഹവും.
ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾ
അഗതി മന്ദിരങ്ങളിൽ
അടയ്ക്കപ്പെട്ട അമ്മമാർ

സാമ്പത്തിക ശാസ്ത്രം
അമ്മയ്ക്ക് എണ്‍പതുവയസ്സു
മക്കളെല്ലാവരും കൂടിയാലോചിച്ചു
സാമ്പത്തിക ശാസ്ത്രം പരിശോധിച്ചു
അച്ഛൻ 'ലാഭാത്തിലോടിയ കമ്പനി'
സർവ്വീസിലിരിക്കെ മരിച്ചത് കാരണം
ലാഭം ഇരട്ടിയിലുമധികം
അമ്മ നഷ്ട്ടത്തിലോടുന്ന കമ്പനി
കാലഹരണപ്പെട്ട കലാവസ്തു
വേലക്കാരിക്ക്‌ വേറെ ഇനിയാരു!
ഈ വയ്യാവേലി ഏതു വേലിയിൽ-
കൊണ്ട് വെയ്ക്കും
സാമ്പത്തിക നഷ്ട്ടം,   മാനഹാനി,-
സാമ്പത്തിക ശാസ്ത്രം മടക്കിവെച്ച്‌
സമ്പന്നരവർ മടങ്ങി  

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ലൈബ്രറി
പുസ്തകത്തിന്റെ  പെരുങ്കാട്ടിൽ
അയാൾമൌനത്തിന്റെ  വാത്മീകത്തിൽ
റേക്കുകളും, ഷെൽഫുകളും
പുരാതന വന്മരങ്ങൾ
ലൈബ്രറി ഒരു മഹാവനം
മനുഷ്യനെത്താത കാടകം
പുസ്തക പുഴുക്കളുടെ നഗരമെന്നു
കേൾവി
പുസ്തകത്തിൽ പുഴുക്കൾ മാത്രം
വാഴ്വു
രജിസ്റ്ററിൽ എഴുതി ചേർക്കുന്നു
ആളില്ലാ പേരുകൾ ഏറെ
കണക്കുകളെ കള്ളികളിൽ
തളച്ചിട്ട്
മേലോപ്പു വാങ്ങിക്കുന്നു
അലവൻസ് കൃത്യമായ് കിട്ടണം
ഗ്രേഡുകൾ ഉയർത്തണം
പ്രതിമാസ പരിപാടികൾ
നോട്ടീസ്സിലൊതുക്കണം
പൊടിമൂടിയ മൂലയിൽ
നിന്നെന്താണ് ഒരുശബ്ദം
ആരുമേയില്ലല്ലോ അശരീരിയോ
അത്ഭുതം
ബഷീർ ,അഴീക്കോട്
നെരൂദ,പിക്കാസോ
കടമ്മനിട്ട,വിനയചന്ദ്രൻ
അവരും മടുത്തിരിക്കും
പൊടിപിടിച്ച ഷെൽഫിൽ
എത്രകാലമെന്നില്ലാതെ
ഇങ്ങനെ...

അമീർ ഖുസ്രു
അമീർ ഖുസ്രു...അമീർഖുസ്രു...
അമീർഖുസ്രു
അരളിച്ചെടിയിലിരുന്നു
അരിപ്പിറാവ് കുറുകി
ചരിത്ര ക്ലാസ്സിൽ ചിരിയുടെ
ചില്ലുപാത്രം ചിതറി
ചെങ്കിസ് ഖാനെപ്പോലെ
കലിതു ള്ളിയെത്തി ഹെഡ്മാഷ്
ഇൽതുമിഷിനെപ്പൊലെ
അഭയമരുളി ക്ലാസ് മാഷ്‌
ഉച്ചമണിയുടെ ഒച്ചയിൽ
പറന്നു പോയി അരിപ്പിറാവ്
അരളിച്ചെടി ആടിയാടി -
നിൽക്കുമ്പോൾ
അകത്തെ മൂലയിൽനിന്നു
പൂച്ചശബ്ദ മുയർന്നു
അമീർഖുസ്രു..അമീർഖുസ്രു...
അമീർഖുസ്രു

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ജീബി
പേരറിയാതപക്ഷി
കുറിചിട്ടുപോയ് നിൻ ചിത്രം
കരൾ കണ്ണാടിയിൽ
വരച്ചു ചേർത്തിരിക്കുമോനീയും
കവിതയായ് കരളിലെന്നെ
കാണില്ലിനിയെന്നു ചൊല്ലല്ലേ
കണ്ടില്ലെന്നു നടിക്കല്ലേ
കാറ്റിൻ കൈയ്യിലൂടിനി
അട്ടാചൊട്ട കളിക്കാം
എസ്‌.  എം.എസിലൂടെ
മനസ്സിലെ മോഹങ്ങൾ
കിളിത്തൂവലായ്‌ വരച്ചിടാം
ഓർക്കുട്ടിൽ ഒട്ടിയിരുന്നോർമ്മ-
പങ്കുവെയ്ക്കാം
ഫേസ്ബുക്കിന്റെ താളിൽ
ഫേയ്സോടു ഫേയ്സു നോക്കി
യിരുന്നിടാം
ചാറ്റ് ബോക്സിൽ ചേക്കേറിടാം.
മെയിലിലൂടവൾ മൊഴിയുന്നു
ഉപേക്ഷയെന്നു കരുതരുത്
അപേക്ഷ ഏറെ പെൻഡിങ്ങിലാണ്
എത്രജീബി യുണ്ടെന്നു
മടക്കുക മെയി ലൊന്നു

ലഹരി
ഇന്ന്
ഞായറാഴ്ച്ച
ഒഴിവു ദിനം
രാവിലെമുതൽ
 തുടങ്ങിയതാണ്‌
ലഹരിയേറിയേറി
യങ്ങനെ ...!
അയ്യപ്പനാണ് കൂട്ടിനു
പയ്യ പയ്യേ യാണ്
കയറ്റം
മൂത്രമൊഴിക്കാൻ
പോലും
എഴുന്നേറ്റിട്ടില്ല
ഇപ്പോൾ സമയം ഉച്ച
ഒച്ചവെയ്ക്കുന്നുണ്ട്ഉള്ളം
നുണഞ്ഞിട്ടുണ്ട് ലഹരി
പലതും
മൊത്തമായിട്ടും,ഇത്രയും-
മത്ത് ഉണ്ടായിട്ടില്ല
ഇത് ഇത്രയും ഉണ്ടാകുമെന്ന്
കരുതിയില്ല
ഏതുകവിയാണ് പറഞ്ഞത്
കവിത കള്ളുപോലെയാണെന്നു
അത് ഇന്നാണ് ഞാൻ
ശരിക്കും അനുഭവിച്ചതു

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

അവൾ


ഗർഭപാത്രത്തിൽ വെച്ചുതന്നെ
അവൾ ഗ്രഹിച്ചു കാര്യങ്ങൾ
പുരിചുട്ടൊരു പുത്രിയാവാൻ
ഭദ്ര സ്നേഹത്തിന്റെ ഭാര്യയാവാൻ
സ്നേഹപുരുഷന് സമർപ്പിക്കും
ഉന്മാദിനിയാവാൻ
കണ്ണീർ തടവറ കടന്നു പോകുവാൻ
കൃഷ്ണ രാധയാകുവാൻ
ജരായുവിൽ നിന്നുതന്നെ അവൾ
ജാഗ്രതയായി
ജനനത്തിന്റെ തീവ്ര നിമിഷങ്ങളിൽ
പൊട്ടിക്കരയെണ്ടവൾ
ഉന്മാദിനിയെപ്പൊലെപൊട്ടിച്ചിരിച്ചു

ആധികാരികം
ആകാശനീലിമ,ആകാശ ഗംഗ
അമ്പിളി,താരകൾ
ആകാശത്തെക്കുറിച്ചു
ആധികാരികമായിപറയുവാൻ
കുളത്തിനു മാത്രമേ കഴിയു
ആകാശത്തെ മാത്രം നോക്കി
കഴിയുന്ന  കുളത്തിനു
കുളത്തിനകത്തെ കറുത്ത ലോകം
പായൽ,പച്ചപ്പ്‌
കുളത്തിനെക്കുറിച്ച് ആധികാരികമായി
പറയുവാൻ
നെറ്റിക്കണ്ണൻ  മീനിനുമാത്രമെകഴിയു
കുളത്തെ മാത്രം നോക്കി കഴിയുന്ന
നെറ്റിക്കണ്ണൻ മീനിനു

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ശവമടക്ക്ചുടലയിലേക്ക്                                              
ത്ധടുതിയിൽ ഞാൻ നടന്നു
എത്രനേര്!
ചടച്ചുമെല്ലിച്ച ഞാൻ
ജഡമായ്ക്കിടക്കുന്നു
ഞാനെപ്പോഴാണ് മരിച്ചത്
എങ്ങിനെയാണ് മരിച്ചത്
ജഡമനസ്സില് കൂട്ടിയും കിഴിച്ചും
ഞാനവനരികിൽ
അവന്റെ ഇച്ഛയും ഒച്ചയുമായി
ഞാൻ വീട്ടിലേക്കു നടന്നു
എന്റെ തലയിൽ ഒരു കരിഞ്ചേര
പുളഞ്ഞു കളിക്കുന്നു                                            
കണ്ണിലേക്കു കൊത്തുന്നു
ഇതെന്റെ  കണ്ണെല്ല
ഇതെന്റ  മണ്ണെല്ല
ഇതെന്റെ പെണ്ണല്ല
ഇച്ഛയുടെ പച്ചമണ്ണിൽ
ഞാൻ ഉറച്ചുനിന്നു
കണ്ണിലെ കടുംകെട്ട് അറുത്തു മാറ്റി
നാട്ടുകാരൊപ്പം
എന്റെ ശവമടക്ക് കഴിഞ്ഞ്
ഞാൻ വീട്ടിലേക്കു മടങ്ങി

വേനൽപ്പുറം

ചില്ലയിലെ കൂടൊഴിഞ്ഞ്‌ കിളികൾ
പോകുന്നു
ഇലപൊഴിഞ്ഞമരച്ചില്ല  ചില്ലുജാലക-
മാകുന്നു
ജാലമിതെന്തെന്നറിയാതെ
കിളിക്കൂട് കാറ്റിനെ നോക്കി വീർപ്പിടുന്നു
പുലരി സൂര്യൻ സൂര്യകാന്തി,ഉച്ചസൂര്യൻ
വെട്ടിമാറ്റിയ കാത്,സായം സൂര്യൻ പട്ടട
വെള്ളം വറ്റിച്ച് വെള്ളാട്ട മാടുന്നു
പൊട്ടക്കണ്ണൻ
വേനൽ പ്പുറത്ത് എ.സി.  റൂമിൽ
മഞ്ഞ വെള്ളത്തിന്റെ മണിപ്രവാളം
വെള്ളം വറ്റിയ തടാകത്തിൽ
പുളയും മീനിനെപ്പോലെ പെണ്ണ്
പൊള്ളുന്ന നെഞ്ചിലേക്ക്
അമ്ലവേഗത്തിന്റെ തീച്ചാല്
ബാഷ്പീകരിച്ച രേതസിന്റെ
ചിത്ര ശാല
മഴയെ,പുഴയെ ഇന്റർനെറ്റിലെ
മാന്ത്രിക ചെപ്പിലാക്കി
തലപ്പാവും മാന്ത്രിക വടിയുമായി
കുന്നുകയറുന്നുവേനൽ

അടുക്കളക്കാരിഅടുപ്പിൽ അടയിരുന്നു പൂച്ച
അടങ്ങാത്ത അഭിനിവേശത്താൽ
ഒരു പാതിരാപ്പുള്ള് പാടി
ജാരനെപ്പോലെ ചാരിയിട്ട
വാതിൽ തുറന്നു ഒരു ശീതക്കാറ്റ്
പാർവ്വതി പർവ്വതമുകളിലേക്ക് -
നോക്കുന്നു
ശിവൻ ശ്മശാനത്തിൽ ശയനത്തിൽ
സഹശയനത്തിനു ശിവനെ ക്കൊതിച്ച
പാർവ്വതിക്കു പർവ്വത ഖണ്ഡം കൂട്ട്
പാറു കാത്തിരിക്കുന്നു പാറാവ്‌ കാരനെ
പ്രായം തെറ്റിയവൾക്ക്ഒരു പാതിരാ -
കൂട്ടിനു
ക്ഷയം പിടിച്ച നെഞ്ചിൻ കൂടുമായെ
ത്തുന്നവനെ കാത്ത്‌
ക്ഷമയുടെ നെല്ലിപ്പടികാണ്ന്നു
മത്താപ്പ് പോലെ കത്തിനിൽക്കുന്നു
മിന്നാമിന്നിപോലെ കണ്ണിൽ  മിന്നി
പ്പാറുന്നു
ഞാറപ്പഴംപോലെ നീറി നീറി നില്ക്കുന്നു
കാത്ത്‌ കാത്തിരുന്നു ചിതൽ പുറ്റിൽ
മൂടുന്നു
അവൾ ഉടഞ്ഞുപോയ മണ്‍ വീണ
ഒടിഞ്ഞു വീണ ഓട്ടുമണി
മഴയ്ക്ക്‌ കാക്കും വേഴാമ്പൽ
പാതിമയക്കത്തിന്റെ പാല്പാത്രം
തട്ടി മറിഞ്ഞു
പൂച്ച കൈ നക്കി കാൽമുഖം-
കഴുകി
പുറത്തേക്കിറങ്ങി
ഭൂപാളത്തിന്റെ  ഒരുപാളി
അവളിലേക്ക്‌ വീണു
ഇരുണ്ട മുടി വാരിച്ചുറ്റി അടുക്കളക്കാരി
നേരം നന്നേ വെളുത്തു
അടുപ്പിൽ കനലായവളെരിഞ്ഞു

ചിത്രം
നഗരം നഗ്നമാണെങ്കിൽ
അവളെന്തിനു
നാണം മറയ്ക്കണം
അവൾ ഒരാപ്പിൾ മരം
ഹൃദയത്തിന്റെ സ്ഥാനത്ത്
ചുവന്നു തുടുത്ത ആപ്പിൾ
അവളുടെ മുടികൾ മരച്ചില്ലകൾ  
ചില്ലയിൽ നിന്നും ഊർന്നിറങ്ങി
  കഴുത്തിനെ ചുറ്റി ഒരു പാമ്പ്‌
അവളുടെ വലത്തെ മുലഞെട്ടിൽ
തലവെച്ചിരിക്കുന്നു
ഇടത്തെ മുലക്കണ്ണിൽ വാലുകൊണ്ട്
മെല്ലെ തലോടുന്നു
അവളുടെ  ഉയർത്തിയകൈപ്പടം
ആകാശവും
താഴ്ത്തിയ കൈപ്പടം ഭുമിയുമാകുന്നു
അരക്കെട്ടിൽനിന്നും ആൽമരം മുളച്ച്  
വരുന്നു
വലങ്കണ്ണ് സൂര്യനും ഇടങ്കണ്ണ് ചന്ദ്രനും
ഫാലം ദിക്ക് ,ചുണ്ട്ചിത്രശലഭങ്ങളുടെ
വീട്
നാസികയിൽനിന്നു വായുവും,വാതനു-
മുയരുന്നു
പാതങ്ങൾ പാതാളത്തിൽ ചെന്ന്
ഗംഗയെ കരയിലെക്കൊഴുക്കുന്നു
പാമ്പ് പൊക്കിൾ ച്ചുഴിയും കടന്നു
ബോധിയുടെ തണലിൽ
മൌന വാത്മീകത്തിൽ
അവൾ പാപത്തിന്റെ കനി
തിന്നവൾ
ചിത്രകാരന് ബോധോദയം
ബ്രഷും,ചായവും താഴെവെച്ച്
അവളിലേക്ക്‌ അലിഞ്ഞു ചേർന്നു

പാകംഅച്ഛന്റെ ചെരുപ്പ് ഇന്നും
കട്ടിലിനരികിലുണ്ട്
ആണിപ്പാട് തെളിഞ്ഞു കാണുന്നുണ്ട്
രാവിലെയും വൈകുന്നേരവും എന്നും
അമ്മ നോക്കിനില്ക്കും
കണ്ണീരിന്റെ ഒരിറ്റ് ചെരുപ്പ് കഴുകും
കട്ടിലിനുമുണ്ട് അച്ഛന്റെ മൂളലും ഞരങ്ങലും
പുതപ്പിനുമുണ്ട് മദിപ്പിക്കുന്ന
ആ വിയർപ്പുമണം
ഇന്ന് മകൾ ഓടിവന്നു പറഞ്ഞു
അച്ഛന്റെ ചെരുപ്പിലും ഓരാണി-
പ്പാടുണ്ടെന്നു
ആ മുട്ടി മുട്ടിയ്യുള്ള ചുമ യെങ്ങിയേങ്ങി
വരുന്നുണ്ട്
അച്ഛന്റെ ചില്ല് പൊട്ടിയ കണ്ണട
എനിക്കിപ്പോൾ പാകം    

അക്വേറിയം


കടലിനെ കടുകുമണിയാക്കി
നിരത്തി വെച്ചിരിക്കുന്നു
കടത്തിണ്ണയിൽ
കടലിന്റെ പേര് കൊത്തി
വെച്ചിരിക്കുന്നു
ചൂണ്ടയിൽ മീനെന്നപോലെ
തൂങ്ങിയാടുന്നു വിലകൾ
പൂഴിയുടെ പായ വിരിച്ച്
വലയില്ലാ വലയിൽ
കുഞ്ഞു മീനുകളെ
കളിക്കാൻ കിടത്തിയിരിക്കുന്നു
ദൈവമേ ഇനി വന്നു പോകുമോ
ഒരു സുനാമിത്തിര
ഈ അക്വേറിയം പൊട്ടിച്ച്
കരയാകെ കടലെടുക്കുമോ?!

ശംഖുമുഖം കടപ്പുറംശംഖുമുഖം കടപ്പുറത്ത്
കാത്തിരിക്കുന്നു
കാനായിയുടെ കന്യക
വെളുത്തു തുടുത്ത്‌ കടൽക്കാറ്റിൻ-
 ശീതളിമയിൽ
സുഖാലസ്യത്തിൽ ലാവണ്യവതി
മുഴുപ്പും,തുടിപ്പുമുള്ളംഗങ്ങൾ കാട്ടി
കൊതിപ്പിക്കും സാഗരകന്യക
സാഗരവീചികൾ ,സായാഹ്നവേളയിൽ
'സുഖിനോഭവന്തു'വെന്നോതുന്നു പല്ലവി
അശ്വാരൂഡരായ് കളിക്കുന്നു കുട്ടികൾ
ആശ്വാസ നിശ്വാസമുതിർക്കുന്നു മണ്‍തരി
വിശാലമാംവാനിൽ വെള്ളക്കൊക്കുകൾ പറക്കുന്നു
താഴെ വെള്ളക്കൊലുസിട്ടു സാഗരം തുള്ളീടുന്നു
കൽ മണ്ഡപത്തിൽ പതഞ്ഞൊഴുകുംപ്രണയികൾ
കതിരോൻകവിളിൽ തൊടും കുങ്കുമവർണ്ണം
പാഞ്ഞുവന്നൊരു വൻ തിര
പുടവയൂരി എറിഞ്ഞു മണൽതിട്ടിൽ
മലർന്ന് കിടന്നു

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മാവുമരംഎവിടെനിന്നോ
എങ്ങുനിന്നോഎന്നറിയില്ല
പറമ്പിലെ പാതാറിനരികെ
മുളച്ചുവന്നു ഒരു മാവ്
പരാതിയോ,പരിഭവമോ പറഞ്ഞില്ല
പറഞ്ഞു തീരുമ്പോഴേക്കും
വളർന്നുവന്നുപെണ്ണിന് പ്രായ-
മാകുന്നതുപോലെ
മാവ്,മരമായി പടര്ന്നു പന്തലിച്ചു
മധുരക്കനി തന്നു
ഒരപരാധവും ചെയ്തിട്ടില്ല ഇതേവരെ
തണലെകിയിട്ടുണ്ട് ,ഉറക്കിയിട്ടുണ്ട്
ഉണർത്തിയിട്ടുണ്ട് ഉണ്മയിലേക്ക്
എന്നിട്ടും;
മൂക്കും,മുലയും ചെത്തി
കരചരണങ്ങൾ ഛെദിചു
മാറ്റിയിട്ടിരിക്കുന്നുവാസവ ദത്തയെപ്പൊലെ

ഉപേക്ഷിക്കപ്പെട്ട പ്രണയം


അന്നുപെയ്ത മഴയിൽ
കവിഞ്ഞൊഴുകിയ പുഴയിലൂടെ
ഒലിച്ചു വരുന്നവയുടെ കൂട്ടത്തിൽ
ഉപേക്ഷിക്കപ്പെട്ട ഒരു പ്രണയം
ഉണ്ടായിരുന്നു
കൈതക്കാടിനു മറഞ്ഞ്
കമിഴ്ന്നുകിടന്ന്
കുട്ടികൾ നീന്തം പഠിക്കുന്നത്
പോലെയായിരുന്നു
കഴുക്കോലുകുത്തികാടിളക്കിയപ്പോൾ
ഈർഷ്യയെതുമില്ലാതെ മലർന്നു
കിടന്നു
മീനുകൾ വരച്ചിട്ട വർണ്ണ ചിത്രങ്ങളാൽ
ആളാകെ മാറിയിരുന്നു
ഇന്നുപെയ്ത മഴയിൽ
പുഴയെല്ലാം ഒലിച്ചുപോയി
തവളക്കണ്ണൻ കുഴിമാത്രം ബാക്കി
ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്റെ
അപേക്ഷ ഇനിയാരു സ്വീകരിക്കും

ഒഴിയാബാധ

എലിയെ ഇതുവരെ തൊട്ടിട്ടില്ല -
ഈപുലി
മൃഷ്ട്ടാന്ന ഭോജനം
അടുപ്പിൻ തണയിൽഇളം ചൂടേറ്റു
ചുരുണ്ടുകൂടി,യുറക്കം
മീൻ മണമേറ്റാൽ
മൂരിനിവർന്ന് വാലാട്ടി തലയാട്ടി
കാലിനിടയിലൂടെകറക്കം
എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല
എപ്പോഴാണീ ശീലം മാറിയത്
പാതിരാത്രിയിൽ പുതപ്പിനിടയിൽ
ശരീരത്തിനോടോട്ടി കിടന്നപ്പോൾ
കൂച്ചിപിടിച്ച് കല്ലി റുമ്പിനുപുറത്ത്
എറിഞ്ഞതാണ്
കാലുമടക്കികരണക്കുറ്റിക്കു കൊടുത്തതാണ്  
എന്നിട്ടൊന്നും ഒന്നും കാര്യമാക്കിയില്ല
അടുപ്പിൽ അപ്പിയിട്ട് മാന്തിപൊത്തി-
യപ്പോഴാണ്
പൂച്ച പുറത്ത് ചാടിയത്.
ചാക്കിൽകെട്ടി  കാതങ്ങൾക്കപ്പുറം
കാട്ടിൽ കളഞ്ഞതാണ്
എന്നിട്ടും പാതി വെളുപ്പിന്
പടിപ്പുരവാതിലിൽ മാന്തി വിളിക്കുന്നു
ആ ഒഴിയാബാധ 

പച്ചക്കറി സ്റ്റാൾ
നിരത്തി വെച്ചിരിക്കുന്നു സ്റ്റാളിൽ
പച്ചക്കറികൾ
തുടുത്ത കവിളുമായ്ചിരിച്ചു നില്ക്കുന്നു
തക്കാളി
നീലക്കുപ്പായമിട്ടവഴുതിനയും
പച്ചക്കുപ്പായമിട്ട വെള്ളരിയും
പതിഞ്ഞ വാക്കുകളിൽ പ്രണയം
കൈമാറുന്നു
 പടിക്കരികിൽ നില്ക്കുന്നു
പാണ്ടിലോറി കയറിവന്ന പടവലം
ചേനയുടെ ചൊറിയൻ വാക്കുകൾക്കു
മുട്ടുകൊടുക്കുന്നു മുരിങ്ങാക്കോല്
എരിവു കണ്ണുമായ് ഒളിഞ്ഞു നോക്കുന്നു
പച്ചമുളക്
ഉള്ളാലെ ചിരിച്ചു കണ്ണീർ വാർക്കുന്നു-
ഉള്ളി
കഷായം കുടിച്ചപോലെ കണ്ണിറുക്കുന്നു
പാവയ്ക്ക
മലർന്നു കിടന്ന് കഴുക്കോൽ എണ്ണുന്നു
മത്തങ്ങ
അരികെ ഒരു മൂലയ്ക്ക് ഇരിക്കുന്നു ഞാൻ
നരയൻ കുമ്പളമായി  

ഉള്ളി


ഉള്ളി ഉള്ളിയാണ്
ഉടയാടകളിലാത്ത
ഒരു പൂർണ്ണത
ഉള്ളിയുടെ ഉള്ളിലേക്ക്
ഉള്ളിക്ക് നോക്കുവാൻ കഴിയും
രഹസ്യങ്ങളിലാത്ത
നിഗൂഡതകളില്ല്ലാത്ത
മജ്ജയും,മാംസവും,ഞരമ്പുകളു-
മില്ലാത്ത
തൊലിമാത്രമുള്ളസത്യം
അതുകൊണ്ടായിരിക്കണം
ഉള്ളിക്കുമുന്നിൽ
ഏതു ശിലാ ഹൃദയവും
ഒരുതുള്ളികണ്ണീർചുരത്തുന്നത്

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഹെൽ മെറ്റ്വലവിരിച്ചു കാത്തിരിക്കും
മുക്കിലും മൂലയിലും
വമ്പൻ സ്രാവുകൾക്ക്
വഴുതി മാറുവാൻ എളുപ്പമാണ്
കുഞ്ഞു കുഞ്ഞു മീനുകളെയാണ് ഉന്നം
വലയിൽ പ്പെടാതിരിക്കുവാൻ
വളരെ യധികം ശ്രമിക്കാറുണ്ട്
ഇടവഴിയും,മറുവഴിയും നോക്കാറുണ്ട്
മീനുകളല്ലേ കുടുങ്ങാതിരിക്കുവാൻ
കഴിയില്ലല്ലോ
കാത്തിരിപ്പുണ്ടാകും ഹൈവേയുടെ
ഓരങ്ങളിൽ ഹെൽമെറ്റു.  
കുടുങ്ങല്ലേ,കുടുങ്ങല്ലേ എന്നും പറഞ്ഞ്
രക്ഷകനെ തക്ഷകനെന്നോണം
നോക്കിയങ്ങനെ .
ഞാനില്ലെങ്കിൽ കാണാം നിന്റെ ഗമയെന്നു
മനസ്സിൽ പറയുന്നുണ്ടാവും  
ഏതു വമ്പന്റെയുംകൊമ്പത്ത് -
കയറിയിരിക്കും 

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ഭൂമി

ഭൂമി വിശാലമാണ്
പരന്നിട്ടാണ്
നടന്നെത്താൻ
എത്താത്തതാണ്
അള ന്നെത്താൻ
എളുപ്പമല്ല
ക്ലാസിൽ ടീച്ചർ പറഞ്ഞു:
ഭൂമി ഉരുണ്ടിട്ടാണ്
ഞങ്ങൾ ചിരിച്ചു:
പരന്നിട്ടാണ്
മേശമേൽ അച്ചുതണ്ടിൽ -
തിരിയുന്ന
ഒരു ഗ്ലോബ്
ഭൂമി ചെറുതാണ്
നടന്നെത്താൻ
ഞൊടിനേരം
അളന്നെത്താം എളുപ്പം
ഭൂമി ഉരുണ്ടിട്ടാണ്
നന്നേ ചെറുതാണ്
ഉള്ളം കൈയ്യിലെ
നെല്ലിക്കയാണ്

ഓർമ്മ

ഉറങ്ങുവാൻ കിടക്കുമ്പോൾ
ഓടിയെത്തും നിന്റെ ഓർമ്മകൾ
കണ്‍കളിൽ
പിന്നെ ഇമകൾ പൂട്ടുവാൻ പോലും
മറന്നുപോകും
ഉറക്കം ഉറക്കറയിലേക്ക് ഇറങ്ങിപ്പോകും
ഓർത്തോർത്ത്‌ പിന്നിലെ നിമിഷത്തെ
മുന്നിലെ നിമിഷത്തെ ഒർക്കാതെ
നേരമെത്രവേഗം വെളുത്തുപോയെ-
ന്നോർക്കും  
ഇന്ന്;
ഉറക്കമില്ലാത്ത രാത്രിയിൽ
അറിയാതെ നിന്നെ യോർത്താൽ
ഇറങ്ങിവരും ഉറക്കറ വിട്ട്ഉറക്കം
കണ്ണുകളിലേക്കു ചേക്കേറും
തുറന്നുവെച്ച കണ്ണുകളെഇറുക്കിയടക്കും
കൂർക്കം വലിയുടെ ഒരുകല്ല് മുകളിലേക്കും
മുകളിൽ നിന്ന് താഴേക്കും ഉരുട്ടിയിടും

കളിയച്ഛനെ ഓർക്കുമ്പോൾകാല്പ്പനീകനായ ഒരു കവിത
കളിയച്ഛനെ ഓർത്തപ്പോൾ
കാഞ്ഞങ്ങാട്ടെക്ക്  വണ്ടി കയറി
വെള്ളിക്കോത്തെവെളിമ്പ്രദേശത്തിലൂടെ
പാട വരമ്പിലൂടെ "പി"യിലേക്ക്
"ജി"യിലേക്കും മുൻപ് പോയിരുന്നുപോലും
പടപ്പുറപ്പാട് "കടമ്മനിട്ടയിൽ "നിന്നായിരുന്നു
'വൈലോപ്പിള്ളി" യുടെ മാമ്പഴ മുറ്റം
കണ്ട നേരിയ ഓർമ്മ യുണ്ടെന്നു
"ഇടപ്പള്ളി"ഇടയ്ക്കുവെച്ചു വിട പറഞ്ഞപ്പോൾ
"ചങ്ങമ്പുഴ"വഴി വന്നിരുന്നെന്ന്
'ഇടശ്ശേരിയിലെ 'ഇടവഴിയിലൂടെ
'ചുള്ളിക്കാട്'ചുറ്റി
അന്നെവിടെയൊക്കെ കറങ്ങി
'ആറ്റൂരും,മലയാറ്റൂരും'
'സച്ചിതാനന്ദംപാടി ,'വിനയ' കവിതകൾപാടി
അതൊക്കെ ഒരു കാലം
ഇന്നും മനസ്സിന്റെ ആൽമരത്തിൽ
വാലാൽ ചില്ല തുമ്പിൽ ചുറ്റി
കളിയച്ഛനിരിക്കുന്നു 

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ആശ


ആന്റിന  അതിരിട്ട ആകാശത്ത്
അവൾ നോക്കിനിന്നു
വർത്തമാന പത്രങ്ങളിൽ
പീഡനങ്ങളുടെകഥമാത്രം
പീഡന മില്ലെങ്കിൽ പിന്നെന്താഘോഷം
എന്നുത്ഘോഷിക്കുംപോലെ
ആണ്‍ ഹോസ്റ്റലിലെ അകത്തളത്തിൽ
ചിതറി ത്തെറിക്കുന്നു
റോക്കിന്റെ ചില്ലുമഴകൾ
മുറിഞ്ഞ മുലയെക്കുറിച്ചു
ചർച്ചനടക്കുന്നു
കുചം കാമന്റെ കൈയ്യിലെ
കളിപ്പാട്ടമെന്ന് കരുതിയവർക്ക്
മുല പറിച്ചെറിഞ്ഞവളേയും,
മധുരാപുരിചുട്ടവളെയും  -
അറിയില്ലല്ലോ
ഇരുണ്ട മേഘങ്ങൾസങ്കടങ്ങളുടെ
മഹാമൗനവുമായി പതിയിരിക്കുന്നു
ആന്റിനയുടെ   അരികിലിരുന്ന്
ഒരു കാക്ക കണ്ടറിഞ്ഞ പീഡന കഥ
പറഞ്ഞുകൊണ്ടിരിക്കുന്നു
ഗുരുത്വാകർഷണ ത്തിൽ നിന്ന്
സമുദ്രങ്ങളും,ഭൂഖണ്ഡങ്ങളും
അകന്നകന്നു പോകുന്നു
അടര്ന്നു മാറിയ അനന്തമായ
അഗാധതയിലേക്ക്‌ അമർന്നു-
പോകുവാൻ
ഒരു സീതയായി ജനിചിരുന്നെങ്കിലെന്നു
അവൾ ആശിച്ചുപോകുന്നു   

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

എരിഞ്ഞു തീരുന്നവൾനേരംകെട്ട നേരത്ത്
വഴിയോരത്തൊരു പെണ്‍കുട്ടി
നില്ക്കുന്നു
വിശപ്പിന്റെ മുള്ളൻപന്നി-
സൂചിയേറ്റ്
കുടിലിലുള്ളവർകൂട്ട നിലവിളി -
നടത്തുമ്പോൾ
കഴുത്തിലൊരു കയർ കെട്ടി
ചോരച്ചാലിൽ നില്ക്കുന്നു
കലങ്ങിയ കണ്ണിൽഒരു നക്ഷത്ര-
മണിയുന്നു
വാടിയ ചുണ്ടിൽചിരിയുടെ
ചുവന്ന പൂവ് ചൂടുന്നു
ഉടയാട ഉരിയുവാൻ ഉടുത്തൊരുങ്ങി -
നില്ക്കുന്നു
പീഡകർക്കുവേണ്ടി  പാഠ പുസ്തകമാകുന്നു
മാർക്സും,കൃസ്തുവും,കൃഷ്ണനും
കണ്ണ് പൊത്തി നിൽക്കുമ്പോൾ
നെറ്റിയിൽഞെരിഞ്ഞിൽ കിരീടവു-
മണിഞ്ഞവൾ
ഇരവിന്റെ ഇരയായ് എരിഞ്ഞു നില്ക്കുന്നു

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

പ്രണയ പർവ്വം

ചൂടുപിടിച്ച ചായകപ്പിനുമേൽ
പ്രണയ ചർച്ചയുടെ ആവി പറക്കുന്നു
ഒന്നാമൻ:
ഇരുളിനെ തുറക്കുന്ന സൂര്യ കിരണമാണ്‌
പ്രണയം
പ്രണയം ഒരു നേർ രേഖയാണ്
ആദ്യ സ്പർശം മുതൽ അവസാനം വരെ
ഒരുവളിലെ രക്ത ത്തിലേക്ക് പ്രവഹിക്കുന്ന
നേർരേഖ
രണ്ടാമൻ:
രേഖ നേരെയാവണമെന്നില്ല
വളവോ,തിരിവോ,വക്രമോ,യേതുമാകാം
ഐസ്ക്രീം,പാർക്ക്‌,സിനിമ
ലോക്കൽക്കോൾ സല്ലാപങ്ങൾ
എസ്.എം.എസ് ചുംബനങ്ങൾ
പിന്നെ.....................
മൂന്നാമൻ:
വേണ്ട,വേണ്ട;ബാക്കിയെല്ലാം
ഭാവിയിലേക്കുവിടാം
കൂട്ടിയിടിച്ചു തകരാതിരിക്കാൻ
സമാന്തരങ്ങൽക്കിടയിൽ
കുടുംബ ബന്ധങ്ങളെ വെയ്ക്കാം
ടി.വി സീരിയൽ കണ്ട്
പരസ്പ്പരം മിണ്ടാതെ
മാതൃകാ ദമ്പതി മാരാകാം

മരിച്ചവർ പറയുന്നത്ചിന്തയുടെ ചൂരും പേറി
മിടിക്കുന്ന നെഞ്ചുമായി
പടപ്പുറപ്പാടും പിടിച്ചെടുക്കലും
നടത്തുന്നവരെ
ജ്ഞാനത്തിന്റെ പേരിൽ
ദ്വേഷത്തിന്റെ  കൂരമ്പുകൾ
കുത്തിതറയ്ക്കുന്നവരെ
 ജ്ഞാനത്തിന്റെ വേരുകൾ
ഞങ്ങളിൽ തുടങ്ങുന്നു
പൂവുകളും,പുല്ലുകളും,
പൂവാംകുരുന്നിലകളും
ഞങ്ങളില്നിന്നു പിറക്കുന്നു
വിത്തുകൾ മുളയിടാൻ
മണ്ണിൽ കുതിർക്കുന്നതും
നിങ്ങളുടെ ജലവും ഞങ്ങളാകുന്നു
സ്വന്തമെന്ന സ്വകാര്യതയില്ലാതെ
അസൂയയും,ആക്രാന്തവുമില്ലാതെ
ശ്വസിക്കാതെ,തലചൂടാവാതെ
ഞങ്ങളിലെക്കെത്തും വരെ
അത്യാഗ്രഹത്തിന്റെ പടുകുഴിയിൽ
ആസക്തിയുടെ തടവറയിൽ
നിങ്ങളെ ഞങ്ങൾ നിർത്തുന്നു 

വേഷം

ഇരുണ്ട രാത്രികളിലെ
അരണ്ട വെളിച്ചത്തിൽ
ഉടുത്തൊരുങ്ങി അവൾ കാത്തുനിന്നു
കറുത്തചുണ്ടിലെ  ചുവന്നചായം
അരോചക മെങ്കിലും
വാടിയ മുല്ലപ്പൂഗന്ധം ദുസ്സഹമെങ്കിലും
കുളിരിൽ കുളിച്ചു നില്ക്കുന്ന
പാതിരാ കോണിൽ അവൾകാത്തു നിന്നു.
കൈ കുഞ്ഞുമായ് കവലകളിൽ
ആക്രികളുമായ് തെരുവുകളിൽ
രാത്രിയുടെ നൃത്ത ശാലയിൽ
ഉടയാട ഉരിഞ്ഞ്‌
ഒരുനേരത്തെ കൊറ്റിനായി
കറുത്ത പെണ്ണെ
നീഎന്തെല്ലാം വേഷമാടണം 

2013, ജൂലൈ 20, ശനിയാഴ്‌ച

ജാതകം

ജാലക പഴുതിലൂടെകാണും
ഈ ജാലമില്ലെ
അവയാണെന്റെ ജാതകം
കുറിച്ചത്
ചൊവ്വയുടെ ദോഷം പറഞ്ഞു
ദ്വേഷങ്ങൾ വിളമ്പി
അകത്തളത്തിലേക്ക് തള്ളിയത്
അന്ധരുടെ ഈ ലോകത്ത്
കണ്ണുള്ളവർ പിറക്കണം
പറിച്ചെടുക്കണം നക്ഷത്രങ്ങളെ
ആകാശത്ത് നിന്ന് 
അന്ധരുടെ കണ്‍കുഴിയിൽ
തിരുകി വെയ്ക്കണം
തല വിധി മാറ്റിയെഴുതണം
ഞാനെന്റെ ജാതകം ഈ ജാലക -
പഴുതിലൂടെ യെറിയുന്നു

അന്വേഷണം

ടോൾസ്റ്റോയ് കഥയുടെ
ടേസ്റ്റ്പിടിച്ചു വരുമ്പോഴാണ്
ബിഥോവാന്റെ  ഒരു സംഗീതം
അവൾ വായിച്ചത് .
ആപ്പിഫിസസ് നുണഞ്ഞു
മകനരികിലിരിക്കുന്നു.
ഭൂതകാലത്തെ മൂടിയ
കരിയടരുകൾ എന്നിൽനിന്നടർ-
ന്നുമാറുന്നു 
അന്വേഷണാത്മക വർത്തമാനം
ഒരു പുകയായ് പടരുന്നു
ബുദ്ധന്റെ ഒരു ജ്ഞാന രേഖ
എങ്ങും പടരുന്നു
വികാരങ്ങളുടെ ചടുലമായ തള്ളിച്ച
ഇടിമിന്നലായി
രാത്രി മഴയുടെ ഓർമ്മ പെയ്ത്തായി
ഭൂതകാലത്തിൽ ഞാൻ കാൽ നനയ്ക്കുന്നു
ഭാവിയുടെ മേഘങ്ങൾ  മേലാപ്പ് വിരിച്ച്
ആകാശത്തെ മറയ്ക്കുമ്പോൾ 
കൂർക്കം വലിയുടെ ചെറു മർമ്മരങ്ങൾ
അവളില്നിന്നുമുയരുന്നു   
കൂടുതൽകൂടുതൽ പറ്റിച്ചേർന്നു
മുലക്കണ്ണ് വായിലാക്കാൻ
കുഞ്ഞു തത്ര പ്പെടുമ്പോൾ 
ടോൾസ്റ്റോയ് കഥയിലേക്ക്
ഞാൻ കോട്ടുവായിടുന്നു

2013, ജൂലൈ 13, ശനിയാഴ്‌ച

ശൈത്യ രാത്രിവെന്ത വേനൽ വിങ്ങലാൽ
അന്തിവാനിൽ ചാരം തുടുക്കുന്നു
അടങ്ങാ ദാഹത്താല,ർക്കൻ
കടലിലെക്കിറങ്ങുന്നു
കറുപ്പിൻ കടൽ കാക്ക
പറന്നു പറന്നെത്തി
ശൈത്യ താണ്ഡവമാടി
ശൂന്യതാ തീരം തീർപ്പൂ
പച്ചിലചില്ലക്കെട്ടിൽ
നൂണ്ടിറങ്ങുന്നു കിളി
തണുപ്പിൻ പച്ചപ്പാമ്പു
ഞരമ്പിൽ പുളയുമ്പോൾ
കണിശമായെത്തുന്നല്ലോ
കണക്കു കുറിച്ചപോൽ
കണികപോലും തെറ്റാതെ
എങ്ങുനിന്നെത്തി ശൈത്യം

രാത്രിതട്ട കെട്ടിയ കന്നുകൾ നീങ്ങുന്നു
തട്ട മുട്ടി കരിമുകിൽ കേറുന്നു
കരിന്തിരി കത്തി കതിരവൻ-
പശ്ചിമ
സാഗരയെണ്ണയിൽ മുങ്ങിപ്പൊ-
ലിയുന്നു
കാട്ടുപുൽ മേഞ്ഞ കുടിലിൽ നിന്നെങ്ങുമേ
കരിവിളക്കുകൾ മുനിഞ്ഞു തെളിയുന്നു
വഴിയരികിലായുള്ള വൃക്ഷച്ചോട്ടിൽ  
വൃഷങ്ങൾ വിശ്രാന്തി കൈക്കൊണ്ടു -
നില്ക്കുന്നു
അവശതയാർന്ന അശ്വത്തെയെന്നപോൽ
ശിഥിലമായ് ചിന്നിച്ചിതറുന്നു കാട്ടാറ്
കുളിച്ചീറനുടുത്ത കുളിർക്കാറ്റു
നനച്ചതാലിലാറാനായ്  തൂക്കുന്നു
തളിർത്തവല്ലികൾ തിണർത്തു നിൽക്കുമാ 
തുടുത്ത കല്ലിനെ പൊതിഞ്ഞു നില്ക്കുന്നു
ഇരുട്ട് കൂട്ടിരിക്കുന്ന കൽത്തറയൊന്നിൽ  
കുടിയനൊരുവന്റെ   കൂത്താട്ടു മേളങ്ങൾ
ഞെക്ക് വിളക്കുമായ്‌ മിന്നാമിനുങ്ങുകൾ
തെക്ക് വടക്ക് മണ്ടി ക്കളിക്കുന്നു
പാർവത്യ സൌന്തര്യമാകെ മറച്ചിതാ
കൂറ്റനാം കെട്ടുമായ് വന്നെത്തി രാത്രി

വിനോദ സഞ്ചാരകേന്ത്രം

മഞ്ഞു പുലരിയിൽ  
മലകൾ കാണുവാനായി
വന്നതെന്നോമനെ ഓർമ്മയുണ്ടോ
തരു ണാഭ്രങ്ങൾ  തിളങ്ങും
മലതൻ ഉച്ചികാണ്‍കെ
ഉച്ചിയിൽ കൈവെച്ചുനീ
സ്തംബ്ധയായ് നിന്നതില്ലേ
വളഞ്ഞു പുളഞ്ഞതാം
വഴിയേറീടവേ
ഫാലത്തിൽനിന്നുംസ്വേദമൊഴുകി
പരന്നില്ലേ  
ചൈത്യത്തിൻ തണലിൽ നാം
ക്ഷീണമൊന്നാറ്റീടവേ 
അങ്ങ് ദൂരെ മേഘകത്തിൽ
മാറാല കൊണ്ട് മൂടും
സഹ്യനെകണ്ടന്നുനീ
ദേഹക്ലമംവെടിഞ്ഞു
സോല്ലാസം തുള്ളിയില്ലേ.
അക്കണ്ട മലയിത് 
പണം കായ്ച്ചീടും തോപ്പ്
വശ്യമായ് ചമഞ്ഞുള്ള
വേശ്യ എന്നതുപോലെ
റിസോർട്ടുകൾ  ചമച്ചിട്ടു
മാടി വിളിച്ചീടുന്നു

മഴ


മാനത്തുള്ളോരുമങ്കലമാരാ ണയ്യ
തട്ടിമറിച്ചു
തുള്ളിക്കൊരുകുട മെന്നത്പോലെ
വെള്ളം തുള്ളിത്തൂവുന്നു
കാച്ചിയ പാലാണെന്നു കരുതി
കണ്ടൻ തട്ടിമറിച്ചോ
വെണ്ണ എടുക്കാൻ ഉറിയിൽ തൂങ്ങിയ
കണ്ണൻ തട്ടി മറിച്ചോ
കാറ്റിൻകയ്യിലെ കരിക്കലമാരാണയ്യാ
തട്ടിയുടച്ചു

കവിതയായാൽകവിതയെ കണക്കറ്റു ലാളിക്കരുത്
കെറുവിക്കരുത്‌
സംസാരിക്കുമ്പോൾ സൂക്ഷിക്കണം
സാകൂതം ശ്രദ്ധിക്കുന്നുണ്ടാകാം.
കണ്ടില്ലെന്നും,കേട്ടില്ലെന്നും നടിക്കും
കമ്പ്യൂട്ടർ പോലെ പിടിച്ചെടുക്കും
ചോദ്യങ്ങളേറെ ചോദിക്കും
ചോദ്യം കേട്ട് ചൊടിക്കരുത്
പേടിപ്പിക്കരുത്
അറിയാനുള്ള ത്വരയുടെ
അകക്കാമ്പ് നുള്ളരുത്
കവിത കുട്ടികളെപ്പോലെയാണ്
അറിവിന്റെ ആദ്യപാഠം
അച്ഛനമ്മമാരില്നിന്നു
'ചൊട്ടയിലെ ശീലം ചുടല വരെ'.
കവിതയെ കെട്ടഴിച്ചു വിടണം
കവിത്വം ചൊട്ട തൊട്ടു പോകരുത്

ജീവിതം

കടയിൽ  പോകുമ്പോൾ
കളഞ്ഞു കിട്ടി ഒരു പേഴ്സ്
തുറന്നു നോക്കിയപ്പോൾ
തിളങ്ങുന്ന രണ്ടുരൂപ നോട്ടു
കാത്തു സൂക്ഷിച്ചു കുറേക്കാലം
കളഞ്ഞു പോകാതെ.
കഴിയില്ലല്ലോ എന്നും
കാത്തു സൂക്ഷിക്കുവാൻ ജീവിതത്തെ 

2013, ജൂലൈ 12, വെള്ളിയാഴ്‌ച

മുടന്ത്

അടയാളങ്ങൾ നല്കി
അടക്കിയിരുത്തുന്നു
ഉടയോൻ
പരിധിയുടെ ഒരു പാര
പണിഞ്ഞു വെച്ചിരിക്കുന്നു
എന്തിനും ഏതിനും
സൂക്ഷ്മതയെ കൂട്ടിനു കൂട്ടേണ്ടി വരുന്നു
മറ്റുള്ളവരിൽനിന്നും മാറ്റിനിർത്തി
എന്നെ ഞാനാക്കി നിർത്തുന്നു
അറിയാതെയൊന്നു തട്ടിയാൽ മുട്ടിയാൽ
എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നു
എങ്കിലും ഏതവഗണനയിലും
ഒരു പരിഗണന നല്കിപ്പോന്നു
കൊത്തുന്നവൻ പത്തി താഴ്ത്തുന്ന
പരിഗണിക്കപ്പെടാത്ത
ഒരു പരിഗണന 

മരണം

കവിത മരിച്ചു.
കൊല്ലപ്പെട്ടു എന്നുപറയുന്നതാകും ശരി
കടത്ത്  കടവിലെ
കായൽ ക്കൂട്ടത്തിനരികിലെ
കള്ളി മുള്ളിൽ കുരുങ്ങി
ഉടലാകെക്കീറി.
അക്ഷര വളകൾ ചിതറി
തെക്കൻ കാറ്റുംകൂടെ ഉണ്ടായിരുന്നെന്ന്
കണ്ടവർ പറഞ്ഞിരുന്നു
അതില്പ്പിന്നെ തെക്കൻ കാറ്റിനെ
കണ്ടതേയില്ല

നാലുമണി

വാതിൽപ്പാളിയും
ജനൽച്ചില്ലുമില്ലാത്ത
സർക്കാരു,സ്ക്കൂൾ
തെക്കുപടിഞ്ഞാറൻ മഴ
ചിലമ്പിട്ടു തുള്ളിക്കൊണ്ട്‌
ചില്ല് കഷ്ണങ്ങൾ അകത്തേക്ക്
വലിച്ചെറിയുന്നു
പാഠപുസ്തകത്തിലെ കൊക്ക്
പുറത്തേക്ക് പറന്നു
തടാക ക്കരയിലെ കൊക്കിനെപ്പോലെ
മേശയ്ക്കരികിൽ മാഷ്‌ 
മഴയുടെ മേളത്തിൽ
ഞെണ്ടിറുക്കിയ കൊക്കിന്റെ
ശബ്ദം പോലെ
മാഷിന്റെ ശബ്ദം നേർത്തുവന്നു
നാലുമണി നീട്ടി യടിച്ചപ്പോൾ
കൊക്കിനെ പ്പോലെ പറന്നു കുട്ടികളും 

വിറ്റവീടു


വിറ്റവീട് വീണ്ടുംവീണ്ടും
വിളിപ്പുറത്തെത്തുന്നു
പടിഞ്ഞാറ്റയകത്തുനിന്നു
പൊക്കിൾക്കൊടി ബന്ധം-
മാടി മാടി വിളിക്കുന്നു 
വിലങ്ങിപ്പോയ ഓർമ്മകൾ
പുറത്തേക്ക് തള്ളുന്നു
മരിച്ചുപോയ ഭർത്താവിന്റെ
ചാരഗന്ധം മത്ത് പിടിപ്പിക്കുന്നു
പുതിയ വീടിന്റെ പാലുകാച്ചുനേരം
കോണിച്ചുവട്ടിലെ ചുമർചാരി
മുച്ചൂടും പിടിച്ച് മുത്തമിട്ടത്
മഞ്ഞച്ചേലയിൽ വെള്ളക്കുംമായം
പറ്റിപ്പിടിച്ചത്
കുമ്മായച്ചുമരിലെ കുഞ്ഞുമോന്റെ
കരിക്കട്ട ചിത്രങ്ങൾ
കളി കഴിഞ്ഞെത്തുന്ന കുഞ്ഞു കാല്പ്പാടു
ബാക്കിയാക്കുന്ന -
റെഡ്ഓക്സൈഡ് തറ.
അന്ത്യ യാത്രയുടെ അച്ചുചിത്രം-
വരച്ചിട്ട വരാന്ത
വിറ്റ വീട് വീണ്ടും വീണ്ടും
വിളിപ്പുറത്തെത്തുന്നു

വീട്

കള്ളിമുൾ വള ർത്തുന്നൊരു വീട്
കാണാ ഉയരെ ഗെയ്റ്റ്
കല്ലുകൊണ്ട് കമാനങ്ങൾ തീർത്ത്
എണ്ണച്ചായം തേച്ച
കണ്ണീർ വീട്
കാണാം കാണക്കാണേ 
തടിച്ചു കൊഴുത്ത കള്ളിച്ചെടികൾ

2013, ജൂലൈ 5, വെള്ളിയാഴ്‌ച

പെണ്മക്കൾപെണ്മക്കൾ പുറത്തിറങ്ങിയാൽ
പള്ളയിൽ പെടപെടപ്പാണ്
പെറ്റുപോറ്റിയ വയറ്
നീറി നീറി കത്തലാണ്
കണ്ണിലെണ്ണയൊഴിച്ചു
കാത്തു കാത്തിരിപ്പാണ്
ജീവനെയൊന്നാകെ
കൈയിലെടുത്തിരിപ്പാണ് 
കുട്ടികൾക്കറിയില്ലല്ലോ 
കഴുകുകളുടെകാമാർത്തന.
കുറ്റമെന്താണവർ ചെയ്തത്
കാര്യമെന്താണെന്നറിയാത്ത -
പാവങ്ങൾ
പാതി വഴിയിൽ പിടഞ്ഞു വീഴുവാൻ
പാപമെന്താണവർ ചെയ്തത്
ഇനിയുമൊരു തലമുറയെ
പെറ്റുപോറ്റികുലംവളർത്തേണ്ടവളെ
പാതി വഴിയിൽ കലമുടച്ച് കുലം-
മുടിക്കുന്നതെന്തിനു 

പോസ്റ്റ്മാൻ

കാലത്തെകാലുവെന്തനായയെപോലെ
കത്തുമായ് അയാളോടും
കണിശമായും കൈകളിലെത്തിക്കും
കമിതാക്കളെന്നോ,കള്ളനെന്നോയില്ലാതെ.
ആരാണിത്രമാത്രം കത്തുകളെഴുതുന്നത്‌
മനുഷ്യനെക്കാൾ കമ്പ്യൂട്ടറും,മൊബൈൽ -
ഫോണുമുള്ള ഇക്കാലത്ത്
ഒര്എസ്.എം.എസ് ,ഒര് മെയിൽ
പണിയും,പണവും ലാഭം
വിവരങ്ങൾ വിരൽ തുമ്പിൽ .
പഹയാ!കവിതയെഴുതി നീ കശുണ്ടാക്ക്
കവിതയെഴുതി എന്റെ കഞ്ഞികുടി മുട്ടിക്ക്

ഫെയ്സ്ബുക്ക്

ഫെയ്സ്ബുക്കിലെ
ഫോട്ടോ കണ്ടാണ്‌
ചാറ്റ് ബോക്സ്
ഓപ്പണ്‍ ചെയ്തത്
കിളിനാദം കേട്ടാണ്
കളിവാക്കു പറഞ്ഞത്
കളി കാര്യമായപ്പോഴാണ്
കാണാൻ കൊതി യായപ്പോഴാണ്
ഫെയ്സ്ബുക്കിലെ ഫോട്ടോ
ഫെയ്ക്കെന്നറിഞ്ഞത്

2013, ജൂൺ 7, വെള്ളിയാഴ്‌ച

കാത്തിരിപ്പ്
കാത്തിരിക്കയാണമ്മയിന്നും
കല്ലിറമ്പിൽ.
കണ്ണെഴുതി കുസൃതി കാട്ടി
കടന്നുപോയ പൊന്മകളെ.
നാലുമണി പൂവുപോൽ ചിരിച്ച്
സ്കൂളിൽ നിന്നു മിറങ്ങി പോൽ
കൂട്ട് കാരൊത്തു കല്ല്‌ പെൻസിൽ -
കളിച്ചു പോൽ
പുഞ്ചിരി മുക്കിൽ നിന്നും
പൂമ്പാറ്റപോൽ പാറിപോൽ
ഇടവഴി മുട്ടും വീട്ടിലെത്താതെ
അവളെങ്ങോട്ട് പാറി.
ഇടയ്ക്ക് കേൾക്കാം അമ്മേ...യെന്ന-
വിളിയെന്ന് ചൊല്ലി
കാത്തിരിക്കയാണമ്മ-
ഇന്നുമാ കല്ലിറമ്പിൽ  
കാലപ്പകർച്ച യേതു മറിയാതെ

മരണമെന്ന വാഗ്ദത്ത ഭൂമി


മരണമെന്ന വാഗ്ദത്ത ഭൂമി
അവിടെ ചെല്ലാൻ കടലാസും -
കല്പ്പനയും വേണം.
ജീവിതത്തിന്റെ സന്ധ്യ ബ്യൂഗിൾ -
വിളിച്ച്
കൊടികളിറക്കിയാൽ
കാലത്തിന്റെ ആവി വണ്ടിയിൽ
ച്ചുരക്കാറ്റിനെപ്പോലെ ചിരിച്ച്
പോർവിളിയും,പാലായനവുമില്ലാത്ത
നാഗരികതയും,ഗോത്രങ്ങളു മില്ലാത്ത
ആർത്തിയും,ആസക്തിയുമില്ലാത
പടയോട്ടങ്ങളും ,നിറം പിടിച്ച അഹന്ത-
കളുമില്ലാത്ത
പ്രവാചകന്റെ യാത്ര പോലെ
ഈ യാത്രയെങ്ങോട്ട് യെന്ന ചോദ്യ -
മില്ലാത്ത
പൊലിഞ്ഞു വീഴുന്ന എയ്ത്തു
നക്ഷ്ത്രങ്ങൾക്കിടയിലൂടെ
പ്രവചനങ്ങളും,പ്രാക്കുകളുമില്ലാതെ
മഹാജ്യോതിസ്സായി.
അങ്ങ്....അങ്ങ്....ദൂരെ അനന്തതയിൽ
മരണത്തിന്റെ വാഗ്ദത്ത ഭൂമിയിൽ

നഗരം അങ്ങിനെയാണ്നഗരം അങ്ങിനെയാണ്
അട്ടിയട്ടിയായി അടുക്കി വെച്ച
ശവപേടകം പോലെ .
ആഴവും,പരപ്പുമേറിയ
പാരാ വാരം പോലെ .
അകപ്പെട്ടാൽ അടഞ്ഞു പോകുന്ന
ഗുഹ.
അലഞ്ഞലഞ്ഞു അറ്റം കാണാത്ത കാട്.
തെരുവുകളും,തെമ്മാടികളും-
അടിമയും,ഉടമയും
രാജാക്കളും,പ്രജകളും വാഴുന്നയിടം
ഗലികളിൽ നിന്നും ഗലികളിലേക്ക്
കുണ്ടനിട വഴികളിൽ രേതസ്സിന്റെ -
വഴു വഴുപ്പുകൾ
ആസക്തിയുടെ ഈറനണിഞ്ഞ -  
കൃശഗാത്രികൾ
ആർത്തിയുടെ  അമ്ലഭരണിയുമായി
മഹാസ്തനികൾ
മാനിന്റെ ചടുലതയും  മഹാസിരകളിൽ
അഗ്നിയുമായി അകത്തളത്തിലെ സീൽക്കാരങ്ങൾ
ഗതകാല പ്രഭുക്കളുടെ ഹവേലികൾ
വാൻ വാണി ഭത്തിന്റെ നിലവറകൾ ,നാലുകെട്ടുകൾ
കൊള്ളക്കാർ,കള്ള ക്കടത്തുകാർ,  ആണ്‍ വേശ്യകൾ
കൂട്ടം തെറ്റിയവന്റെ വിപത്ത് നിറഞ്ഞ വഴി.
നഗരം അങ്ങിനെ യാണ്.
ചിലപ്പോൾ ചിരിയായി
ചിരി വിലാപമായി
കലാപമായി,കാലാൾ പടയായി
ചോരനായി,ചാവേറായി
കുരുക്ഷേത്രത്തിൽ കൃഷ്ണനില്ലാത്ത
യുദ്ധ കുതൂഹലമായി

2013, മേയ് 18, ശനിയാഴ്‌ച

ശവദാഹംകെട്ടിടം പടുക്കുന്നത്
പാതയോരത്തിനടുത്താണ്
നിര നിരയായി പല വലുപ്പത്തിലുള്ള
അനേകം കെട്ടിടങ്ങൾ
അങ്ങിനെ കാണ ക്കാണേ ഒരു-
ഗ്രാമം കൂടി
നഗര മാകുന്നു
പട്ടിണിയുടെ പെട്ടകം
പടുത്തുയർത്തുന്നു
അക്കരെ കുന്നുകൾക്ക് ഇക്കരെ
ഒരു തണ്ണീർത്തടം
നടന്നു തളർന്നാൽ ക്ഷീണമാറ്റാനൊരു
പാടവരമ്പു ,പച്ചപ്പ്‌,തണൽ തരുക്കൾ
കുളിർന്ന കുന്നിൻ താഴെ ഒരു കൊച്ചു സ്വർഗം
എന്തൊരു തന്ത്രമായിരുന്നു യന്ത്ര കൈ കൾക്ക്
കുനുകുനെ കുന്നിടിച്ചു  കാടെല്ലാം പിഴുതെടുത്ത്
കുന്നും പാടവുമേതെന്നു കണ്ടാലറിയാതായി
തണ്ണീർ തടത്തിൽ കുഴൽകിണർ
പാടത്ത് പല പല കെട്ടിടങ്ങൾ
ഒരു ഗ്രാമത്തിന്റെ  ശവദാഹം കൂടിക്കഴിഞ്ഞു  

ആഗ്രഹം


എന്നും കാലത്ത്   തെറ്റാതെ എത്തും
ഒരു താന്തോന്നിക്കുരുവി
 ഉമ്മറച്ചുമരിലെ ആൾക്കണ്ണാടിയിൽ
ആഞ്ഞാഞ്ഞു കൊത്തും പ്രതിയോഗിയെ
കൊത്തുംതോറും കലിയേറി യേറി വരും
പുലർകാല ഉറക്കത്തിന്റെ മൂർദ്ധന്യതയിൽ
മൂർച്ചയേറിയ കൊക്ക്  ആഴ്ന്നിറങ്ങുമ്പോൾ
കർണ്ണത്തിന്റെ കണ്ണാടി പൊട്ടുമെന്നാകുമ്പോൾ
'നാശ' മെന്നോതി ഉമ്മറപ്പടിയിൽ -
ഉണർ ന്നെത്തുംപോൾ
ഒളിക്കുവാനെന്നോണം ഊളിയിട്ടു പറക്കും
ചെമ്പരത്തിക്കൊമ്പിൽ .
കണ്ണൊന്നു തെറ്റിയാൽ മതി
കണ്ണാടിയിൽ കൊത്തി തിരിച്ചു പറക്കും
ക്ഷീണിച്ചു കഴിയുമ്പോൾ
അലക്കു കല്ലിലെ സോപ്പ് വെള്ളം -
കുടിച്ചു കഴിയുമ്പോൾ
ആർത്തിയും,ആവേശവും കൂടിക്കൂടി വരും
കണ്ടൻപൂച്ച വന്നതിൽ പിന്നെ
കണ്ടതില്ല കുരുവിയെ
കാത്തിരിക്കാറുണ്ടിന്നും ഞാൻ
അടങ്ങാത്ത ആഗ്രഹത്താൽ
അലാറം വിളിച്ചുണർ ത്തുന്നതിനേക്കാൾ
കണിശ്ശമായി
വിളിച്ച് ഉണർത്താറുള്ള
കുഞ്ഞി ക്കുരുവിയെ .

കഥ പറയും കണ്ണുകൾ
ജില്ലാ ആശുപത്രിയിൽ
 ഒപ്താൽ മോളജി ഡിപ്പാർട്ടുമെന്റിൽ
രോഗങ്ങളുടെ രാഗ വിസ്താരം
കാഴ്ച്ചയുടെ കതിരവൻ ആറിതണ്-
 ക്കരുതേയെന്നു
ആയിരം പ്രാർത്ഥനയുമായി
ഉഴറി നടക്കുന്നവർ
വികലമായ കാഴ്ച്ചയാൽ
നേർവഴികളെല്ല്ലാം
ഓരച്ചാരയെന്നു ബഹളം വെയ്ക്കുന്നവർ
ഏകാന്ത വേളകളിൽ ഭാവനയുടെ ഭവനത്തിലേക്ക്‌
തുറന്നിട്ട വാതിലിലൂടെ
ഞാനുമെന്റെ കുഞ്ഞു വീടും  കയറിപ്പോയതിനെ-
ക്കുറിച്ച്
ഉലച്ചാലുമുലയാമരത്തെ അദൃശ്യനായ കാറ്റ്
നിഷ് പ്രയാസമുലയ്ക്കുന്നത്കണ്ട്
ആത്മാവിലേക്ക് ആഴത്തിലിറങ്ങിയ വേരും
ഉയരത്തിലേക്ക് പ്രകാശത്തിലേക്ക്
വളരുന്ന വൃക്ഷവും
മനുഷ്യനെപ്പോലെയെന്നോർക്കുന്നവർ .
തെളിയണം ഒരിക്കൽക്കൂടി-
കാഴ്ച്ചയുടെ കതിരവൻ
കാണാ കാഴ്ച്ചകൾ കാണുവാനല്ല
കണ്ട കാഴ്ച്ചയുടെ തലനാരിഴ
കീറുവാനുമല്ല
കാലത്തിന്റെ മിടിപ്പിനൊപ്പം
കരുണയുടെ കരം ചേർക്കുവാൻ

മരിച്ചു വീഴുന്നത്
ലഹരിയുടെ തെരുവിൽ
മരണത്തിന്റെ മാസ്മരികതയും തേടി
അലഞ്ഞു നടക്കുന്നു ജോണ്‍ അബ്രഹാം
മത്ത്പിടിച്ചൊരു അയ്യപ്പൻ കവിത
പിറകേ നടക്കുന്നു
നെഞ്ചിൻ കൂടു കരളുന്ന രോഗാണു-
ക്കൾ ക്കിടയിലൂടെ
പ്രത്ഭാ രശ്മി വിടർത്തി പാടുന്നു
പിന്നെയും ആതിര വരുമെന്ന് കക്കാട്
ഉപാസിച് ഉപാസിച് പ്രത്യക്ഷ പ്പെടുത്തിയ
ദാരിദ്ര്യത്തിന്റെ ധാരാളിത്ത ദേവതയുമൊന്നിച്ച്
മിച്ച ജീവിതം മെച്ചമാക്കിയ കേശവദേവ്
പൂജിച്ച് പൂജിച്ച് മരണത്തിന്റെ
പൂജാ പുഷ്പ്പമായ പത്മ രാജാൻ
 ആത്മഹത്യയിലൂടെ ആനന്ദം കണ്ടെത്തി
അരുണ ശോഭ വിടർത്തുന്ന നക്ഷത്രമായി
മയക്കൊവുസ്ക്കി,സിൽവിയ പ്ലാത്ത്
ആത്മാവിന്റെ ആവൃത്തിക്കടിപ്പെട്ടു
ആനന്ദത്തിന്റെ ആത്മ രതിയിൽ
 സത്യത്തിന്റെ ബന്ധനത്തിൽ പെട്ട്
പിടയുന്ന എഴുത്ത് കാരാൻ
പിന്നെയെങ്ങിനെ യൊക്കെയാണ്
മരിച്ചു വീഴേണ്ടത്

2013, മേയ് 11, ശനിയാഴ്‌ച

വേനലവധി


തൊടിയിൽനിന്നു
തപ്പും,തുടിയും
തുടരെതുടരെ കേൾക്കുന്നു
വേനലവധിയായല്ലോ
ബാലകരെല്ലാം ഒത്തല്ലോ
മാങ്കനി മേലെ മാവിൻ-
കൊമ്പിൽ
മൂത്ത് പഴുത്തു കിടപ്പല്ലോ
അണ്ണാർകണ്ണാ  ഉണർന്നാട്ടെ
മാമ്പഴ മൊന്നു തന്നാട്ടെ

അവസാന വിളി


ചിതറിത്തെറിച്ച ചോരയുടെ
ഒരു കൊളാഷ് ചിത്രം
ചുവന്ന വാകപ്പൂക്കൾ പോലെ
മാംസ തുണ്ടുകൾ
തകർന്ന് തരിപ്പണമായ ബൈക്ക് -
ഒരു ബിനാലെ ചിത്രം പോലെ
എന്തെല്ലാം കാര്യങ്ങൾക്കായിരിക്കും
ബൈക്കിലെറിയത്‌
എന്തെല്ലാം മോഹങ്ങളുമായാണ്
ചിറകു വിരിച്ചത്
സ്വപ്നങ്ങളുടെ ഒഴുകി നീങ്ങലിൽ
ആ ഒരു നിമിഷം
ഒന്നും മനസ്സിലാവാതെയുള്ള
അവസാനത്തെ ആ നിമിഷം
തിരിച്ചറിവിന്റെ ഉണർച്ചയിലേക്ക്
വന്നിരുന്നെങ്കിൽ
എന്തൊക്കെ ഓർത്തിരിക്കും
ആദ്യമായി അമ്മേയെന്നുവിളിചുള്ള-
ആ കരച്ചിൽ തന്നെ യായിരിക്കില്ലേ
അവസാനമായി
അമ്മേ....യെന്നു വിളിച്ചുള്ള
ആ വിളിയും

2013, മേയ് 4, ശനിയാഴ്‌ച

അങ്കിൾ ബണ്‍

ഞായറാഴ്ച്ച ദിവസം 
ഭാര്യ കശുവണ്ടി പെറുക്കാൻ പോയനേരം
ചുട്ടു പൊള്ളുന്ന പകലിൽ 
നടുത്തളത്തിലെ ടൈൽ തറയിൽ
കമിഴ്ന്നു കിടന്ന്
മരിയ അമ്പാരോ എസ്ക്കാൻഡയുടെ
എസ്പെരാൻസയുടെ പുണ്ണ്യ്യാളന്മാർ  
വായിക്കുമ്പോൾ
ഉറക്കം നെറ്റി തടത്തെതറയോടു ചേർക്കുന്നു
വീണ്ടും തലയുയർത്തി 
ഗുസ്തിക്കാരൻ എൽ ഏഞ്ചൽ ജസ്റ്റിസിയാ
റോയെപ്പോലെ തയ്യാറെടുക്കുന്നു 
വയറുകൊണ്ട് തടുക്കൽ,കൂറ്റൻ ഇടികൾ,-
കൈപ്പൂട്ടുകൾ,കാൽ കൊളുത്തുകൾ ,
കയറിൽ തൂങ്ങി  മുകളിലേക്ക് പറക്കൽ 
കുത്തി മറിയൽ, ശരീരങ്ങൾതമ്മിലുള്ള 
ഭയാനകമായ കൂട്ടിയിടി ,ചരിഞ്ഞു മറിയൽ 
ഒട്ടകപ്പൂട്ട്‌, ശ്വാസം മുട്ടിക്കുന്ന കൂട്ടിപ്പിടി
റിങ്ങിൽ നിന്ന് പറന്നു താഴേക്കുള്ള -
വീഴ്ചയിൽ 
ഞെട്ടി യുണരുമ്പോൾ 
പുസ്തകമാരാണ് മടക്കി വെച്ചത്!
ഇപ്പോൾ സമയം ഉച്ച1.30
ഇനി ടി.വി ചാനലിലെ 
അങ്കിൾ ബണ്‍ സിനിമയിലേക്ക് 

പ്രണയത്തെ പാതി വഴിയിൽ ഉപേക്ഷിച്ചവളോടു


 ചുംബനത്തിനു
വിടർന്ന ചുണ്ടിനോടു
ചാപല്യ മരുതെന്നു
പറഞ്ഞതിന്
പ്രണയത്തെ പാതിവഴിയിൽ
ഉപേക്ഷിച്ചവളോടു:
വിശ്രമ വേളകളിലെ ഏകാന്ത
മുഹൂർത്തത്തിൽ
ഞാൻ ചെയ്തതാണ്  ശരിയെന്നു
നീ പറയും
കുറ്റ ബോധത്തിന്റെ കൂടപ്പിറപ്പാ-
കേണ്ടി വന്നതില്ലെന്നു
സമാധാനിക്കും
വികാരത്തിന്റെ പാരമ്യത വിവേകത്തെ
ഇരയാക്കുംപോൾ
പ്രായോഗിക ബുദ്ധിയെ പടിയട -
ച്ചകറ്റി യവളെ
പങ്കിലമായ പ്രണയത്തെ പകരം
തരാൻ ഞാനില്ല
ജീവിതത്തിന്റെ നൂൽ പാലത്തെ
പാതിയിൽ തകര്ക്കാൻ ഞാനില്ല
ഇടപ്പള്ളി,രാജലക്ഷ്മി,മയക്കൊവ്സ്ക്കി
നീറുന്ന നൊമ്പരത്തിന്റെ
അനലുന്ന തീയ്യിലേക്ക്
എണ്ണയൊഴിച് എരിതീയുയര്ത്തുവാൻ
ഞാനില്ല
പ്രണയത്തിന്റെ രക്ത സാക്ഷിത്വം നല്കുന്ന
ചുവന്ന മുഖം എനിക്കുവേണ്ട  

2013, മേയ് 3, വെള്ളിയാഴ്‌ച

കാഞ്ഞത്തി


കൊയ്ത്തു കഴിഞ്ഞ പാടത്ത്
ഒടുചെത്തി ഉതിർമണി പെറു ക്കു-
വാനെത്തും കാഞ്ഞത്തി
ഏളയാട്ടിയ ഇളയ ചെക്കൻ
വരമ്പത്തിരിക്കും
കാലിപ്പറിച്ച്,കാലിയെതെളിച്ച്
പരവേശം കൊള്ളുമ്പം
കണ്ടം കടന്നു കൊള്ളുകയറികണ്ടിക്കെത്തി -
വിളിക്കും അമ്മാരത്തെ,അമ്മാരത്തെ.....
കുത്തുപാളയിൽ കഞ്ഞി വെള്ളം
പള്ള നിറയെ കുടിച്ച് ഏമ്പക്കം വിടുമ്പോൾ
ആദിമ മനുഷ്യനെ ഓർമ്മ വരും
കീറിയ കോണകം ചുറ്റി മൂക്കിള ഒലിപ്പിച്ച്
തള്ള വിരൽ ഉറുഞ്ചുന്ന ബാലൻ
ഓർമ്മിപ്പിക്കും സൊമാലിയ
പ്ലാമൂട്ടിലടിഞ്ഞ പഴഞ്ചക്ക ഈമ്പി,ഈമ്പി-
തിന്നുമ്പം
കുപ്പക്കൂനയിൽ കടിപിടി കൂടും
ചാവാലി പട്ടികളെപ്പോൽ
ആർത്തലച്ചെത്തും മണിയനീച്ചകൾ
പഴയകാല മുത്തശ്ശിമാരെല്ലാം
പണ്ടേ മറഞ്ഞു
പാടവും പറമ്പും പടിഞ്ഞാട്ടു  പോയി
പകരം കിട്ടിയതോ
പടിഞ്ഞാട്ടെ ശീലങ്ങളും
കുട്ടിക്കളിയുള്ള കുട്ടികളില്ല കട്ടി-
ക്കാര്യത്തിൽ
തളച്ചിട പ്പെട്ടവർ മാത്രം
കാഞ്ഞത്തിയും ,കൊയ്ത്തും
കുറുമ്പ് കാട്ടും കുട്ടികളും
സ്വപ്നം കാണാൻ എത്ര പേർക്കറിയാം

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

നേരം കെട്ട നേരം


ഇരുണ്ട രാത്രിയാണ്
പതിനൊന്നരയ്ക്കുള്ള വണ്ടിയാണ്
ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും ഒരുങ്ങാ-
ത്തത് കൊണ്ടോ
ഉറങ്ങിപ്പോയത് കൊണ്ടോ അല്ല
ഭാര്യ യോട് കിന്നരിച്ചോ
ഭാരിച്ച കാര്യം ചിന്തിച്ചോ അല്ല
ഊടു വഴിയിലെ ഓടിയാൽ
എളുപ്പത്തിൽ എത്താം
പക്ഷെ;ഒറ്റല് വെച്ച് പിടിക്കുമ്പോലെ
പിടിക്കാനവർ കാത്തിരിപ്പുണ്ടാകും
തൈകിളവി മുതൽ മൂക്കിള ഒലിപ്പിക്കുന്ന
പെണ്ണ് വരെ
മുടിയിൽ വാസന പൂവും ചൂടി.
പുഞ്ചിരിക്കുന്ന ചുണ്ട് കൊണ്ട് തന്നെ
'പൂകൂട്ടി'-പുളിച്ചതും പറയും
കീശയിലെ കാശു കവർന്ന് കാലിയാക്കി
ചണ്ടി പോലെ ചുണ്ടിയിടും
 കുറുക്കനെപ്പോലെ കുറുക്കു വഴി വേണ്ട
നേരം കെട്ട നേരത്ത് നെട്ടോട്ടമോടിയാലും
നേർവഴിയെ ഓടാം
എനിക്കെപ്പോഴും അങ്ങിനെ യാണ്
എവിടെയെങ്കിലും പോകാൻ മനസ്സ് വെച്ചാൽ
ആകെ ഒരു എരിപൊരി സഞ്ചാരം
നേരത്തെ കാലത്തെ ഇറങ്ങി -
പുറപ്പെടണം
നേരം വൈകീട്ടൊന്നുമില്ല
സമയം ഇനിയും ബാക്കിയാണ്
വണ്ടി ലേയ്റ്റല്ലസമാധാനമായി
ഇനി വെയ്റ്റ് ചെയ്യാം

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

മരണവും തേടി


നോവ്‌ തിന്നുന്ന പക്ഷിയാണ് ഞാൻ
അറുതിയില്ലാത്ത അലച്ചലുകൽക്കും
അന്വേഷണങ്ങൾക്കു മൊടുവിൽ
ഉവ്വ്,ഞാൻ നിന്നിലേക്ക്‌ തന്നെ തിരിച്ചു വരും
ഓർമ്മകൾ തീവ്ര മാകുമ്പോൾ
യാത്ര പറഞ്ഞിറങ്ങിയതിനേക്കാൾ
തീവൃതയോടെ തിരിച്ചെത്തും
എന്റെ ഹൃദയത്തിലെ ആണിപ്പാടു കണ്ടത്
നീ മാത്രം
എത്ര കൊട്ടിയടച്ചാലും നിന്റെ ഹൃദയ കവാടം
ഞാൻ തുറക്ക തന്നെ ചെയ്യും
കണ്ടതും,അനുഭവിച്ചതുമല്ല
യഥാര്ത്ഥ സ്നേഹമെന്ന്
എനിക്കും നിനക്കുമറിയാം
മരണമേ നിന്റെ കുടീരത്തിനു മുന്നിൽ
ഞാൻ മുട്ട് മടക്കുന്നു
നോവുതിന്നു ചുവന്ന പൂവാണ് ഞാൻ
പേരറിയാത്ത  ഈ വഴിയരികിൽ
നിന്നോടു ഞാൻ ചേർന്ന് നില്ക്കുന്

മരണം മനുഷ്യരെപ്പോലെ


നിരപരാധിയായ അച്ഛന്റെ
ആത്മ ബലികണ്ട്
താളം തെറ്റിപ്പോയ ഒരുവളെ
ആരും പാര്ക്കാത്ത വനത്തിൽ
ഒറ്റയ്ക്ക് കഴിയുന്നവളെ
എടുക്കാത്ത ഓട്ടമുക്കാലെന്നു
സ്വയം വിലയിരുത്തിയവളെ
തലയിൽതീപ്പാമ്പില്ലാത്ത
സമതലങ്ങളിലെക്കിറങ്ങുന്ന
വേളയിൽ
മഴയ്ക്ക്‌ നടന്നു മിന്നല വിഴുങ്ങി -
മരിക്കാൻ
വാതുറന്നുകൊണ്ട് നടക്കുന്ന -
പെണ്‍കുട്ടിയെ
എനിക്കറിയാം.
ഓടി ഒളിക്കുന്ന മരണത്തെ
ഓടി ഓടി തോല്പ്പിച്ഛവൽ
വിടര്ത്തിയ പത്തി താഴ്ത്തിയ -
മൂര്ഖൻ
തല വെച്ച പാളത്തിലൂടെ
വരാതെ പോയ വണ്ടി
ബലമേറെ ഉണ്ടായിട്ടും
അടർന്നുവീണ മരക്കൊമ്പു
മരണവും മനുഷ്യരെപ്പോലെ തന്നെ
ദയ കാണിക്കുന്നത് അപൂർവ്വം

2013, ഏപ്രിൽ 6, ശനിയാഴ്‌ച

പാടില്ല,പാടില്ല......!


ചന്തവും,ചമൽക്കാരവുമില്ലാത്ത
ഒരു കവിത
ഇടവഴിയിൽ നിന്നെന്നെ
തുറിച്ചു നോക്കുന്നു
ജീവിതം സ്നേഹമയിയായ
അമ്മയല്ലെന്നും
അഗ്നി പരീക്ഷയാണെന്നും
വിളിച്ചു പറയുന്നു
അല്ലലിന്റെ ഇല്ലി ക്കെട്ടുമായി
അവൾ നടന്നു നീങ്ങുന്നു
കവിതേ ഞാനും വരട്ടെയോ
നിന്റെ കൂടെ
പാടില്ല പാടില്ല നമ്മേ നമ്മൾ
പാടേമറന്നൊന്നും ചെയ്തു
കൂടെന്നു
ഒരു കാറ്റ് വന്നു വഴി തിരിച്ചു വിടുന്നു

ക ഖ ഗ ഘ


പുറമ്പോക്കിലെ
പാതാറിനരികിൽ
പൂത്ത പുല്ലാനി
ക്കാട്ടിനുള്ളിൽ
ചിതറിക്കിടക്കുന്നു
ക ഖ ഗ ഘ .
കാണാനില്ലെന്ന്
കണ്ടിരുന്നു
പത്രത്തിലും
ഒരു കുഞ്ഞു
ക ഖ ഗ ഘ

പഴയ വീട്
ആളൊഴിഞ്ഞ വീട്ടിൽ
അരിയിട്ടു വാണിരിക്കുന്നു ചിതൽ
ആസനത്തിൽ അമ്ലഭരണിയുമായ്
പുറന്തളത്തിൽ ഉലാത്തുന്നു എറുമ്പുകൾ
ചുമരിൽ നിന്ന് ചുമരിലേക്ക്
ചൂണ്ടയിട്ട് ചടഞ്ഞിരിക്കുന്നു
ചിലന്തികൾ
തൊടികളിൽ തൊണ്ട വീർപ്പിച്ച്
പ്രാകുന്നു
കുറേ പേക്കാച്ചികൾ  
എലികളുടെ എഴുത്ത് ശാലയിൽ
അട്ടാചൊട്ടയും,കണ്ണാരം പൊത്തിയും
പല്ലികളുടെ ഇല്ലത്ത്
ഇല്ലത്തമ്മയെപ്പൊലെ
ചുരുണ്ട് കിടക്കുന്നു ഒരു പോങ്ങാൻ -
പൂച്ച
പാതിവെന്ത ചിരിയുമായി
ചാരം മൂടിക്കിടക്കുന്നു
ഒരു മുക്കണ്ണനടുപ്പ്
അടുപ്പ് മൂലയിൽ കാത്തിരിക്കുന്നു
ആളിക്കത്തുന്ന പ്രതീക്ഷയുമായ്
ഒരു ചിമ്മിനി വിളക്ക്
പഴയൊരു വീടെങ്കിലും
പൊളിഞ്ഞു വീഴാറായെങ്കിലും
വീടെല്ലാം വീടാണ്
അവസാനത്തെ അഭയമാണ്

പാത്തുമ്മാന്റെ വീട്


ഉരുട്ട് കട്ടയാണ്
പടുക്കുവാൻ പാടാണ്
പെങ്കുട്ട്യോളുള്ള കുടിയാണ്‌
പാത്തുമ്മാന്റെ വീടാണ്
പാവങ്ങളാണ്.
ആർക്കാണീ ചിന്തയുള്ളത്
പാവങ്ങളെ ക്കുറിച്ച്?
മാധവേട്ടാൻ പടുത്തത്
പണമുണ്ടായിട്ടല്ല
മനസ്സുണ്ടായിട്ട് .
പറമ്പായ പറമ്പെല്ലാം
തറച്ചു മുറിച്ച് കഷ്ണങ്ങളാക്കി
കഷണങ്ങളായ കഷ്ണങ്ങളെല്ലാം
കന്മതില് കെട്ടിയുയർത്തി
പാവങ്ങള്ക്ക് വെളിക്കിറങ്ങാൻ
പാങ്ങില്ലാതായി
ചുള്ളിയും,മുള്ളിയും കൊണ്ട്
കാക്ക കൂടു കൂട്ടുംപോലെ
ഒരെണ്ണം തട്ടിക്കൂട്ടി
ഒരു മറപ്പുരയും
പാങ്ങും,പട്ടാങ്ങും നോക്കിയല്ല
മാധവേട്ടൻ പടുത്തത്
മനുഷ്യനെ നോക്കിയാണ്

ഉദ്യോഗസ്ഥൻ


ഉദ്യോഗങ്ങൾ പലവിധ മുണ്ട്
ഉദ്യോഗസ്ഥരും
'കൃത്യം'-ചെയ്യുന്നതുപോലെ
കൃത്യതയുള്ളവർ
മൃത പ്രായരായി മുനിഞ്ഞു കത്തുന്നവർ
കൃതഘ്നതകൊണ്ട്
വാലാട്ടി നടക്കുന്നവർ
മണിയടിച്ച് മണിപ്രവാളം പാടുന്നവർ
മുഖത്ത് കുത്തി മുനയൊടിക്കുന്നവർ
ഉദ്യോഗസ്ഥർ ഏറെതരമുണ്ട്
കമ്പ്യൂട്ടറിന് മുൻപിൽ കുനിഞ്ഞി -
രിക്കുന്നത് കണ്ടാൽ
കൃത്യ നിഷ്ഠയുടെ കാവലാളെന്നു-
തോന്നും
കാർഡുകളിച്ച് കണ്ണ് കുഴിഞ്ഞ്‌
കലി കയറിയവനെന്നു മിണ്ടിയാലെ -
അറിയൂ
ഫേയ്സ് ബുക്കിൽ ചാറ്റിങ്ങു
മൊബൈൽ ഫോണിൽ
സിനിമ കാണൽ
ഉദ്യോഗസ്ഥൻ മാരെല്ലാം
ഉദ്യോഗസ്ഥൻ മാരാണെങ്കിലും
എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെയല്ല

2013, മാർച്ച് 29, വെള്ളിയാഴ്‌ച

കിനാവ്


  ഉച്ചവെയിൽ കത്തി നില്ക്കും
കാവിനുള്ളിൽ ഇരുളിരുള്
മച്ചകത്തിൻ മേലിരുന്ന്
ഒച്ചവെയ്ക്കുംനിഴലുകള്
കാവിനുള്ളിൽ കരിയിലയിൽ
കുണുങ്ങി നില്ക്കും കുരുവികൾ നാം
കുളിരുണരും കൈ വളകൾ
കാറ്റ് വന്നു തൊട്ടു നില്ക്കെ
പൂത്തു നില്ക്കും കുഞ്ഞു ചുണ്ടിൽ
ചെണ്ട് മല്ലി പ്പൂവുകൾ
കുരവയിടും കാട്ടു ചോല
കുന്നി മണി കുന്നിന്മേൽ
കാവിനുള്ളിൽ പാമ്പായി
ഇണ ചേരും ഇണ ക്കിളികൾ
വെയിലെല്ലാം മഞ്ഞായി
ഇനി യുണരു ഇനി യുണരു
കിനാവെല്ലാം പോയ്‌ മറഞ്ഞു
ഇനി യുണരു ഇനി യുണരു  

ഈ വഴിയിൽ


ഒരു കൊച്ചു തേന്മാവിൻ
കൊമ്പിലന്നു
ഊഞ്ഞാല കെട്ടി നാം
പാർത്തതില്ലെ
ഒരു ചെമ്പകതൈകുടന്നയിൽ നാം
കുരുവികളായി  കുണ്‌ങ്ങിയില്ലേ
ചെമ്പരത്തി പ്പൂവിൻ കാട്ടിനുള്ളിൽ
ചുംബനപ്പൂവായ് വിടർന്നതില്ലേ
ആ കൊച്ചു തേന്മാവ്
മാമ്പഴ പ്രായമായ്
ഓമനേ നിന്നെയും കാത്തിരിപ്പൂ
അചെമ്പക ക്കൊമ്പിൻ കൂട്ടിലൊന്നിൽ
കാത്തിരിപ്പുണ്ട്  കുരുവിയൊന്ന്
ചെമ്പരത്തിപ്പൂ ചുക ചുകന്നു
ഉലഞ്ഞിടൂവാനായ്  തരിച്ചു നില്പ്പൂ
എന്ന് വരുമെന്റെ ഓമനേ നീ
ഗദ്ഗദം കാത്തുകാത്തീ വഴിയിൽ

പടു മരം


വേരിറങ്ങി പടർന്ന്
വളർന്നു വരുന്നുണ്ട് ഒരു പടുമരം
പറിച്ചു മാറ്റാൻ പറ്റാത്ത വിധം
പിണഞ്ഞിരിക്കുന്നു നേരും,നെറികേടുകളും
മട്ടുകണ്ടാൽ മുട്ടുന്യായങ്ങളെന്നു തോന്നും
വേരിറങ്ങി പടരാൻ കൂട്ടാക്കാതെ
ഉണങ്ങി കരിയാനാണെന്ന ഭാവം
കിളക്കുന്തോറും കാണാം
പച്ചപിടിച്ച്  തെഴുത്ത്,തെഴുത്ത് വളരുന്നു
അപരിചിത മായ മറ്റൊരു ജീവിത
മേഖലയിലേക്ക്  പടരുന്നു
സ്വന്തം നിഴലുകൾ വീഴ്ത്തി
കാനൽപ്പാടുകൾവിടര്ത്തി
നട്ടു നനച്ചവയുടെ വെള്ളവും,വളവും
വലിച്ചെടുത്ത്
ഞരമ്പുകളിൽ അള്ളിപ്പിടിച്ച്
ചോരയും,നീരും ഈമ്പി ക്കുടിച്ച്
തളിരിടാൻ വിടാതെ,തഴച്ചു വളരാൻ -
വിടാതെ .....

ഉണർവ്വ്

കണ്ടു മുട്ടുമ്പോൾകൊണ്ട് പോകാൻ 
എനിക്കെന്തു തരും.
നിന്റെ ഓർമ്മകളെ-
എന്നേ ഞാൻ കൊണ്ട് പോയല്ലോ
നിന്റെ രൂപം ചിത്ര പടത്തിലെ-
ന്നത് പോലെ
എന്റെ മനസ്സിലുണ്ടല്ലോ
നിന്റെ ചിരിമണികൾ
കുപ്പിവള കിലുക്കമായ്
കാതിലുണ്ടല്ലോ
ഉറക്കിനും,ഉണർവ്വിനും ഇടയിലുള്ള
മദ്ധ്യാഹ്നത്തിലാണ് അന്ന് നാം
കണ്ടു മുട്ടിയത്‌
ഇനി നമ്മൾ കണ്ടു മുട്ടുമ്പോൾ
നമ്മുടെ കൈകളൊന്നുകൂടി മുട്ടണം
മതി അതുമാത്രം മതിഎനിക്ക്
സായന്തനത്തിൽ നിന്ന്
പുലരിയിലേക്കുണരുവാൻ

പരസ്യം


കളഞ്ഞു പോയ കവിതയെ ക്കുറിച്ച്
പത്രത്തിലൊരു പരസ്യം
കണ്ടു കിട്ടുന്നവർ
തിരിച്ചേൽപ്പിക്കാൻ
ഒരു മേൽവിലാസം
തിരഞ്ഞു പോയവരെ നോക്കി
ചിരിച്ചു നില്ക്കുന്നു
തരുക്കളിൽ നിന്നും കവിതപ്പൂക്കൾ
പൊഴിഞ്ഞു വീഴുന്നു
കവിതയുടെ കായ്കനികൾ
മൂളുന്നു കാറ്റുംകവിതാശകലം

കവിത

കവിത കടലാസിൽ നിന്നും
ഇറങ്ങിപ്പോയത്
ഞാനറിഞ്ഞിരുന്നില്ല
ചിലർ ചോദിക്കുന്നു:
എങ്ങിനെ യറിഞ്ഞു
എള്ളോളവും പറയാത്ത
എന്റെ ഉള്ള്
എന്റെ നൊമ്പരം,സങ്കടം ,-
ഒറ്റപ്പെടൽ
സ്നേഹങ്ങൾ,സൌഹൃദങ്ങൾ
അവഗണനകൾ
ചിലർ അത്ഭുതം കൂറുന്നു:
എന്റെ കാര്യങ്ങൾ എങ്ങനെ
കൃത്യമായി കുറിച്ചു നീ
അവരിൽ നിന്നും കവിത
കുഞ്ഞിനെ പ്പോലെ
കൊഞ്ഞനം കുത്തി
എന്നെ നോക്കി ചിരിക്കുന്നു

പുഴ

വലിയ കുഴിയെടുത്തു
ബാക്കിയുള്ളവയും
അതിലെക്കൊഴുക്കി
മണ്ണിട്ട്‌ മൂടി കല്ലും വച്ചു.
കാറ്റേ....കുളിരുമായി
നീ യിതുവഴി  വരല്ലേ
മഴേ....നീ ഒരു തുള്ളിപോലും
പെയ്തെക്കല്ലേ
മുളച്ചു വന്നുപുഴയായി
ഒഴുകിയാലോ

ബാല വേല

ചൂള തീയ്യുടെ ചൂടേറ്റു
കുമളിച്ചശരീരത്തിൽ നോക്കി
അവൾ കെഞ്ചി :
മുതലാളി പറഞ്ഞു
പാക്ക് തൂക്കി ചിലർ വരും
പറയുന്നതൊക്കെ പാക്കിലാക്കും
കശാപ്പുകാർക്ക്‌ വിൽക്കും
മസാല ചേർത്ത് പാകപ്പെടുത്തി
തട്ട് കടകളിലൂടെ വിൽക്കും
ചോദ്യങ്ങളൾ ദോശപോലെ
തിരിച്ചും മറിച്ചും ചോദിക്കും
ഇങ്ങനെ യിരുന്നോണം
മിണ്ടി പ്പോകരുത്  

2013, മാർച്ച് 23, ശനിയാഴ്‌ച

തിരകളോട് കളിക്കല്ലേ


തിരകൾ തീരത്ത് വരുമ്പോൾ
തൊടാൻ കഴിയില്ലെന്ന്
ഞെളിഞ്ഞു നില്ക്കല്ലേ
പോയ തിരകളെല്ലാം
ഒന്നിച്ചു വന്നാൽ
തീർന്നു
നീയും
നിന്റെ
പടുത്തുയർത്തിയ
ലോകവും
 

കൊമ്പനാനയും,കുഴിയാനയും


കൊമ്പനാനകൾ
കരുതി യിരിക്കണം
കഴിയില്ല
കുഴിയാനകളെ
എന്നും
തോല്പ്പിക്കുവാൻ

മോഷണം
സംവിധായകനോട്
ഞാനൊരു കഥ
പറഞ്ഞു.
കൊള്ളില്ലെന്ന്
അയാളും
.....................
......................
മാറിവന്ന സിനിമകാണാൻ
ഞാൻ കൊട്ടകയിൽ.
ഞാൻ ബീജം നൽകി
ഞാൻ ഗർഭം ധരിച്ച്
ഞാൻ പ്രസവിച്ച
കുഞ്ഞിനെ
മോഷ്ട്ടിചെടുത്ത്
വസ്ത്ര മണിയിച്ചു
അയാൾ കൊട്ടകയിൽ
ഇരുത്തി യിരിക്കുന്നു

ബലാത്സംഗം!


ഇല പൊഴിക്കും മരത്തിനരികിൽ
എന്റെ കിളിവാതിൽ
മഞ്ഞു മണികൾ ഉതിർത്തു
എന്നും വിളിച്ചുണർത്തും
ഇന്നുണർന്നെണീറ്റ ഞാൻ
ഞെട്ടി വിറച്ചുപോയി
ഇല പൊഴിയും മരം നഗ്ന -
യായിരിക്കുന്നു
അവളെയാരാണ് വിവസ്ത്ര -
യാക്കിയത്?!
പീഡനമേറ്റഅരയിലേക്ക്
നോക്കുവാൻ കഴിയാതെ
നിലവിളിക്കുമ്പോൾ
അടർന്ന് വീഴുന്നുണ്ടായിരുന്നു
വാക്കുകൾ
ബലാത്സംഗം.....ബലാത്സംഗം!

ബലി മൃഗം (എ.അയ്യപ്പന്)പ്രണയ പൂവെന്നു കരുതി
കരളിനോടു ചേർത്ത് വെച്ചത്
കഠാര മുള്ള് എന്നറിഞ്ഞിട്ടും
ചിരി മരമായി പൂത്തു നിന്നവനെ
പറിച്ചെറിയുവാൻ കഴിയാത്ത
പ്രണയ കല്ലിൽ
ബലി മൃഗമായി തല വെച്ച് -
കിടന്നവനെ അയ്യപ്പാ!
നേരവും,കാലവും,ദേശവും-
ദോഷവും നോക്കാതെ
കവിത കായ്ച്ച മരമേ
ചെംകൽചൂളയിലെ നിന്റെ
രാജാത്തിയെയും
നെഞ്ചിൻ ചൂളയിലെ നിന്റെ
പാപ്പാത്തിയെയും
ഞാനറിയുന്നു
കവിത തന്നെ നിനക്കമ്മയും
കവിത തന്നെ നിനക്കന്നവും
കിന്നരി കിനാക്കളും
ഞാനറിയുന്നു അയ്യപ്പാ!
നീ തന്നെ ഉണ്മയും
നീ തന്നെ നന്മയും
നീ തന്നെ മണ്ണിലെ -
നക്ഷത്രവും

ആൾ ദൈവം


ആൾ ദൈവങ്ങളൊന്നും
അക്രമം തടുക്കുന്നതു
ഞാൻ കണ്ടിട്ടില്ല
ആകാശ ഗോപുരങ്ങൾ
കെട്ടിയിട്ടുണ്ട്
ആളുകളെ കാവലിനെ-
ർപ്പെടുത്തിയിട്ടു ണ്ട്
അകത്തളത്തിലിരുന്നു
ഇവരെന്താണ് ചെയ്യുന്നത്
അക്രമത്തെ
അയവിറയ്ക്കുകയോ
അതോ,അടയിരിക്കുകയോ ?

ഐശ്വര്യം


മുറ്റ മടിച്ചു
ചാണകം തെളിച്ച്
കുളിച്ച്,കുറി തൊട്ട്
തെരുവൻ തോർത്ത്-
ഉടുത്ത്
വിളക്ക് വെച്ച്  മുല്ലപ്പൂ
വെച്ച് തൊഴുത്
ഞാന്നു കിടക്കുന്ന അമ്മിഞ്ഞ
മേലെ
ഒരു തോർത്തിട്ടു
വെറ്റ ചെല്ലവുമായി
പലകമേൽ പൂമുഖത്ത്
കാൽ നീട്ടി യിരുന്നു
നാമം ജപിക്കുന്നു ഒര്-
ഐശ്വര്യം
അതാണ്‌ പേര കുട്ടികൾക്ക്
ഇന്ന് പറഞ്ഞു കൊടുത്താലും
തീരെ മനസ്സി ലാവാത്തതും

സ്വഭാവം


അന്ന് ഞാൻ കരുതി
കൂട്ട് കാരനല്ലേ
കൂടെ യുണ്ടാകുമെന്നു
അങ്ങിനെ യാണ്
അവനു വേണ്ടി
കള്ളം പറഞ്ഞത്
ഉള്ളം കൈയിൽ
തല്ലു മേടിച്ചത്
കട്ടെടുത്തു
കല്ല്‌ പെൻസിലുകൾ
കൈ മാറിയത്
കയ്യാല പ്പുറത്തേ
തേങ്ങ എടുക്കുമ്പോഴാണ്
അവൻ, കൈയ്യിൽ കയറി
പിടിച്ചത്
അന്നാണ് ഞാൻ അറിഞ്ഞത്
അവനും..........

പ്രാർതഥിക്കുന്നതു


വെട്ടിപ്പിടിച്ച സാമ്രാജ്യം
സംരക്ഷിക്കാൻ
ചെയ്തു കൂട്ടിയ പാവങ്ങൾ
മറയ്ക്കാൻ
ദേവാലയങ്ങൾ പണം കൊണ്ട്
നിറയുമ്പോൾ
എന്റെയും ഏന്റെ ദൈവ ത്തിന്റെയും
വിശപ്പു മാറ്റണേഎന്ന്
മനം നൊന്തു പ്രാർത്ഥി ക്കുന്ന
തെരുവ് ബാലികയ്ക്ക്‌
ചെറു നാണയ ത്തുട്ടു നല്കാൻ
ഈ പണക്കാർക്കു മനസ്സലിവു
ഉണ്ടാവണേ എന്ന്
ആത്മാർത്ഥമായും  ദൈവം
ദൈവത്തിന്റെ ദൈവത്തോട്
പ്രാർതഥിക്കുക യായിരിക്കും

2013, മാർച്ച് 22, വെള്ളിയാഴ്‌ച

കൂടെ നടക്കുമ്പോൽ.....!

കൂട്ടുകാരാ....
ഒന്നും മിണ്ടല്ലെ
തൊട്ടേ പോകല്ലേ
കലമ്പും കിറുക്കൻ-
കായൽകാറ്റു 
കൂട്ടരോടു ചൊല്ലിടും
നാട്ടുകാര റിഞ്ഞിടും
ഉണര്ന്നിടാം നമ്മിലെ
സദാചാര പോലീസും
കൂട്ടുകാരാ...
ഒരു ചുവടിൽതൊടാത്ത 
അകലം വെച്ച് നടക്കാം
നിന്നിലെ പഴയ മൃഗ-
മുണർന്നാൽ
ഒന്നെനിക്ക് പിടയുവാനുള്ള
സൌ കര്യ ത്തിനെങ്കിലും

നോട്ടംനായാടുന്നു വേട്ടക്കാരന്റെ നോട്ടം
പച്ച മാംസത്തെ കടിച്ചു പറിക്കുന്നു
കാമം കുരുക്കുന്ന കാടെന്നപോലെ
ചുഴിഞ്ഞു നോക്കുന്നു പെണ്‍ മേനിയെ  
പാനോത്സവങ്ങൽ നടത്തുന്നു
രതി നദിയിൽനീന്തുന്നു.
കൈലേസിലേക്കു  നോക്കി  -
വെറോനിക്ക വിതിമ്പി കരയുന്നു
കീചകാ,ലിംഗന വേഷമായ്
മാറിയെന്കിലെന്നാത്മാർതഥമായ്  
ആശിച്ചു പോകുന്നു
...........................................
സൂചന:-
വെറോനിക്ക-കാൽവരി കുന്നിൽ യേശുവിന്റെ
മുഖം തുടച്ച പുണ്യവതി .യേശുവിന്റെ മുഖം കൈലേസിൽ
പതിഞ്ഞു
കീചകൻ- പാഞ്ചാലിയെ പ്രാപിക്കുവാൻ വന്ന കീചകനെ
ഭീമൻ ആലിംഗനം ചെയ്തു കൊന്നു  

വിസ്മയം

പിന്നെയും പീതാംബരം
ചുറ്റി വന്നെത്തി
മോടിയാര്ന്നുള്ളൊരു
മേടമാസം
മന്നിടം മഞ്ഞ വിതാനിച്ചു കൊന്നകൾ
മഞ്ഞിൻ കണിക പുതച്ചു നിന്നു
മഞ്ഞ ക്കിളികളും,വെള്ളരി പ്പൂക്കളും
ചിറകിൽ വേലാർന്ന ശലഭങ്ങളും
പൊന് പണ ചേലൊത്ത
പൂവിന്നിതളുകൾ
പൂവന് പഴത്തിൻസുഗന്ധങ്ങളും
അണ്ണാരക്കണ്ണനും ,അടയ്ക്കാകുരുവിയും
മാമ്പഴച്ചാറിൻമധുരിമയും
വിഷു കൈ നീട്ടമായ് വന്നെത്തും
വസന്തമേ
വിസ്മയം പ്രകൃതി നിന് കുസൃതി

മാഞ്ഞുപോയ ചിരികൾ


കറുത്ത പ്രഭാതമാണ്‌
കുരുത്തു വന്നത്
ഉദ്യാനങ്ങൾ ഉണരുന്നേയില്ല
കിളി മൊഴികൾ കേൾക്കുന്നില്ല
കുളിരിടും കാറ്റിനെ കാണാനേയില്ല
കവിത യാകേണ്ട വാക്കുകൾ
കല്ലിച്ചു നില്ക്കുന്നു
മഷി മഞ്ഞുകട്ട പോലെ ഉറഞ്ഞിരിക്കുന്നു
വിരിയുന്ന മൊട്ടിനെ
കെട്ടി വരിയുന്നു
മൂർത്ത കൊക്കുകൾ ആർത്തു ചിരിക്കുന്നു
ഓടുന്ന ബസ്സിൽനിന്നും ഒരാർത്ത നാദം.
പള്ളിക്കൂട പടി വാതിലിൽ
ഒരു പിടച്ചിൽ,ഒരു ഞരക്കം
ഇടവഴിയിലെ കാട്ടു പൊന്തയിൽ
കട്ട പിടിച്ച ചോരയ്ക്ക് ചുറ്റും
കൂനൻ ഉറുമ്പുകൾ
പെണ്‍ കുട്ടികളും ,അമ്മമാരും ഇപ്പോൾ
ചിരിക്കാറെയില്ല

2013, മാർച്ച് 16, ശനിയാഴ്‌ച

വിരഹം
മിഴിയിൽ മീൻ പിടയുന്നു
വിരഹാബ്ധിയിൽ നീന്തുന്നു
മൌനത്തിന്റെ ചെതുംപലുതിർത്തു
  റിങ്ങ്ടോണ്‍  വിളിച്ചുനര്ത്തുന്നു
വാക്കിന്റെ ഉതിർ മണികൾ
കാതിൽ തൊടുമ്പോൾ
കൈത്തലം കടിച്ചു വിതുമ്പലടക്കുന്നു
'പോരുവതെന്നെന്നു 'തേങ്ങി
ചിതറുമ്പോൾ
'കൊതിയേറെയുണ്ടെന്നു'
റെയ്ഞ്ചില്ലാതലയുന്നു
വരണ്ടൊരു ചുംബനം
കവിളിൽ തൊടുന്നേരം
കർതവ്യമെന്നുള്ളിൽ
കരുത്തു നേരുന്നു

സുഹൃത്ത്
സ്നേഹത്തിന്റെ
വെളിച്ച ക്കീറുകൾ
ഇടയ്ക്കിടെ ആകാശമെന്നിലേക്ക്ക്കൂ
പായിക്കുന്നു
തെറ്റിപോകുന്ന എന്റെ വഴികളെ
നേരെയാക്കി
ഇരുട്ടിനെ മുറിച്ചു കടക്കാൻ
സഹായിക്കുന്നു
ഓരോ മേഘക്കീറും
ഓരോ സുഹൃത്താകുന്നു
ഓർക്കാതെ പോകുന്ന സമയങ്ങളിൽ
ഒരമ്മയുടെ താക്കോൽ ദ്വാരങ്ങളിൽ
വെള്ളി വെളിച്ചമായ്
മിന്നി മറയുന്നു

അസ്വസ്ഥത
രാവിലെ ഇറങ്ങി പോകുമ്പോൾ
തിരിച്ചു വരുമെന്ന് ഞാൻ പറയാറില്ല
അല്ലെങ്കിൽ
എങ്ങിനെ യാണ് പറയുവാൻ കഴിയുക
മരണം എന്നിൽ തന്നെ യാകുംപോൾ
അസ്വതതയുടെ  ഒരുപന്താണിന്നു ഞാൻ
അതിരുവിട്ട കളികൾ അരികില തന്നെയല്ലോ.
ഏമ്പക്കത്തിൽ പോലുമൊരു മാറ്റം
'ഹേറാം'-
തുറിച്ചു നോക്കുന്നു നിവർത്തി വെച്ച പുസ്തകത്തിൽ -
നിന്നും ഒരു കണ്ണട .
മാവിൻ ചുവട്ടിലെ ചാരു കസാലയിൽ നിന്ന്
ചുരുട്ടിന്റെ വളയങ്ങൾ മേലോട്ടുയരുന്നു .
വൈക്കോലിന്റെ കഴിഞ്ഞു പോയ
പച്ചപ്പിനെയാണ് ഞാൻ തേടുന്നത്
എന്റെ ചിന്തയ്ക്ക് തീ പിടിക്കുന്നു
ഒരു തീ പാമ്പ് നട്ടെല്ലിലൂടെ  മുകളിലേക്ക്
കയറുന്നു
ഒരു തട്ടുപൊളിപ്പൻ പടിഞ്ഞാറൻ -
സംഗീതം
പതഞ്ഞൊഴുകുന്നു
പച്ചപ്പിന്റെ വന്യതയിൽ നിന്നല്ല
വൃദ്ധ വദനത്തിലെ കണ്ണുകളിൽ
നിറഞ്ഞു നിന്ന ഏകാന്തതയിൽ -
നിന്നാണ്
ശാന്തത  ഉറവയെടുതതെന്നറിയുന്നു
എന്നാൽ;
ഇന്ന് വൈക്കോലിനും വനിത
മാന്യത വെടിഞ്ഞു പടർന്ന് കത്തുമ്പോൾ
അടർന്നു വീഴുന്നത്
അനേകം പച്ചപ്പുകൾ
 

2013, മാർച്ച് 15, വെള്ളിയാഴ്‌ച

ഡി,വിനയചന്ദ്രന്
വിനയത്തിന്റെ വിദ്വാൻ
കാവ്യ വഴികളിലൂടെ
കാലത്തോട് കലഹിച്ചും
നാടിൻ സംസ്കൃതിയും
നാട്ടു വിശേ ഷവും
ഉച്ചത്തിൽ പാടിയും,-
പറഞ്ഞും
ഏകാന്ത പഥികനായി
പുഴയുടെ പുളിനത്തിലേക്ക്-
പോയി
കവിതയുടെ കടവിൽ
വരികളെ ഒറ്റയ്ക്കാക്കി
കവി എങ്ങോട്ടാണ്  പോയതു ?

പരദേശികൾ
ചേര,ആമ,കാടപക്ഷി
തോളത്തൊരു പൊക്കണവും
കൈയ്യിലൊരു വടിയുമായി
പിടിക്കാൻ വരും
ചില പരദേശികൾ
കൊള്ളിക്കിഴങ്ങ് കട്ട് തിന്നും
കാട പക്ഷിയെ ചുട്ടു തിന്നും
പായുന്ന പാമ്പിന്റെ പിന്നാലെ-
പാഞ്ഞ്
പിടിച്ചു കുടഞ്ഞുചുരുട്ടി -
  പൊക്കണത്തിലിടും
ആമ ക്കഴുത്തിൽ ചരട് കെട്ടി
മാവിൻ കൊമ്പിൽ  ഞാത്തി -
കെട്ടി ത്തൂക്കി
ചളിയെല്ലാം തൂറിക്കും
ഇന്നുമുണ്ട് ഒരാമ പിടച്ചിൽ മനസ്സിൽ
കടുകോളംമാറിയിട്ടില്ല
കാട പക്ഷിയുടെ കരച്ചിൽ
കാലിനു താഴെ ചേര വഴുപ്പ് -
ചെരുപ്പിൽ
ചേര,ആമ,കാടപക്ഷി
പരദേശി കളുടെ പട്ടിക
കൂടി ക്കൂടി വരുന്നു  

ഭൂപടം

നമ്മളെല്ലാം ഒരോ ഭൂപടം-
വാങ്ങിച്ചു വെയ്ക്കുക
നികത്ത പ്പെട്ട പാടങ്ങളെ
നമുക്കതിൽ കാണാം
ഗോതമ്പു വിളയുന്ന മണ്ണുകൾ
മറ്റൊരു രാജ്യ മാകുന്നത് വരെ
നദീ ജലങ്ങളെല്ലാംമറ്റൊരു രാജ്യമായി-
രൂപാന്തര പ്പെടുന്നതുവരെ
പാലായനത്തിന്റെ പാതകൾ
നോക്കി പഠിക്കാം .
ചിത്രശലഭപുഴുവിനെ
ചവുട്ടിയരച്ചതു ഞാനല്ലെന്നു
പറയുമ്പോഴേക്കും
ആയിരം കള്ളങ്ങൾ തുന്നി-
യെടുക്കുന്നവരെ,
 വെടിയുണ്ടകളുടെ  വഴികളെ ,
വേട്ട നായ്ക്കളുടെ കുരകളെ ,
തൊണ്ട മുഴകളിൽ ശവകുടീ -
രങ്ങളും പേറി
നമുക്ക് അടയാള പ്പെടുത്താം.
അങ്ങനെ മാതൃ രാജ്യത്തിന്റെ
ഓർമ്മകളെ
ചുമരിൽ ആണിയടിച്ചു
ഭൂപടമായ്തൂക്കിയിടാം

പാർക്ക്


പാർക്കുകളിലുണ്ട്
ചില പോക്കറ്റുകൾ
പ്രണയി കളുടെ ,യുവ -
മിഥുനങ്ങളുടെ ,യുവാക്കളുടെ .
കവികൾക്കും,കിളികൾക്കുമൊരിടം  
ആരവങ്ങളിൽ നിന്നൊഴിഞ്ഞ്
ആകാശ ത്തിന്റേതായവശേഷിക്കുന്ന
കാറ്റിന്റെ ശ ബ്ദത്തിൽ
കാടു പിടിച്ച  പോക്കറ്റിൽ
കരളിലൊരു കടലാഴവു മായി
യേറ്റ്സ്,ഒർലോവ്സ്ക്കി,
അലൻഗിൻസ്ബർഗ്
മഹാ മനീഷിയായ റൂമി
ചിരന്തനമായ സാമർത്ഥത്താൽ
ചിലന്തി നെയ്യും വലകൾ
പരീത് കുട്ടിയെപ്പോലെ
പരതി നടക്കുന്നു
കടൽ ക്കരയിലേപതുപതുത്ത
പൂഴി മണ്ണിൽനഷ്ട്ട കാമുകൻ
വെള്ളത്തിനു മുകളിലെ ഉയർന്ന-
പാറകളിൽ
മൌനത്തിന്റെ വാത്മീ കത്തിൽ
ഒരു കടൽ കാക്ക
രവിവർമ്മ ചിത്രം പോലെ
തടാകം,താമര അരയന്നം
അടുക്കി വെച്ച ഉരുളൻ കല്ലുകളുടെ
ബിനാലെ ചിത്രം
പിന്നെയുമുണ്ട് ചില പോക്കറ്റുകൾ
അന്നന്നത്തെ കൊറ്റിനു വേണ്ടി
ഉടയാടയുരിയുന്ന
ചതഞ്ഞ പുല്ലുകളുള്ള
പാറ ക്കൂട്ടങ്ങൾ ക്കപ്പുറം  .....

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

നോവ്‌


കിണറിന്റെ ആഴത്തില്‍
വൃത്തവും,ഒരു നിഴലും
കുറുക്കനെ തോല്‍പ്പിച്ച
അമ്പിളി മാമനെപ്പോലെ
എന്റെ നിഴലും എന്നെ ചതിക്കുമോ ?!
കുട്ടിയെ താരാട്ടിയുറക്കാന്‍
ഒരുങ്ങിയിരിക്കുന്നുഗര്‍ഭ പാത്രം
കുഞ്ഞിനെ ഒന്ന് തലോടാന്‍
വിങ്ങിപ്പൊട്ടുന്നു ഉള്ളം
കുഴിഞ്ഞ കണ്ണിലെ കണ്ണീര്‍
കഴിവ് കെട്ടവനെന്നു കുത്തി-
നോവിക്കുന്നുണ്ടാകാം
കാത്തിരുന്നിട്ടും കാണാത്തതു കൊണ്ടാകാം
ഇറങ്ങിപ്പോയതു
പിറക്കാതെ പോയകുഞ്ഞു
മുരിക്കു മരത്തില്‍  ഒരു കാക്ക
എന്നെ നോക്കിയിരിക്കുന്നു
കിണറാഴത്തില്‍ നിന്നൊരു കുഞ്ഞു
എന്നെ മാടി വിളിക്കുന്നു

മടുപ്പ്


ആകാശപ്പാലപൂത്ത
രാത്രിയിലായിരുന്നു
എന്റെ ആശാമരം പൂവിട്ടത്
എന്റെ യൂസര്‍ നെയ്മിന്
അവളുടെ പാസ് വേര്‍ ഡു നല്‍കി
കോടപുതച്ച രാത്രികളില്‍
ചിരിയുടെ കുപ്പിവളകള്‍
പലപാടും പൊട്ടിച്ചിതറി
ഹൃദയത്തിന്റെ വെബ്ബു ക്യാമറയില്‍
ആ മുഖം മാത്രം
കൊതിയൂറുന്ന കിനാക്കളുടെ എസ്. എം.എസ്
രാവിനെ പകലാക്കി പാറി ക്കൊണ്ടിരുന്നു
ഉറക്കച്ചടവുള്ള കണ്ണുകളില്‍
ഉന്മാദത്തിന്റെ മുല്ല മൊട്ടുകള്‍ -
ഒറ്റ വീര്‍പ്പിനു പൂത്തു
മോഹങ്ങളുടെ ഫ്ലാറ്റില്‍
ദാഹങ്ങളുടെ ബ്ലൂ ടൂത്തുണര്‍ന്നു
സ്നേഹത്തിന്റെ സരിത്ത്
മോഹിപ്പിക്കുന്ന മുത്തു
പ്രണയത്തിന്റെ പനിനീര്‍പ്പൂവ് .
കോളുകളെല്ലാം മിസ്‌ കോളുകളാ-
യിരുന്നെന്നു
ഇപ്പോള്‍ തിരിച്ചറിയുന്നു
ഇന്ന് ഞങ്ങളുടെ ശരീരം 
ഒറ്റ കട്ടിലിലെങ്കിലും 
മനസ്സ് രണ്ടു ഭൂഖണ്ഡത്തില്‍

പെണ്ണായാല്‍ ....!


വേട്ടക്കാരന്റെ വീട്ടില്‍
ഇരയിരിക്കുന്നു.
അരിഞ്ഞു തള്ളുമെന്ന
അറിവോടെ
എരിഞ്ഞിരിക്കുന്നു.
പൂച്ച പെറ്റത് പൂച്ച
തിന്നുമെന്നപോല്‌
അച്ഛന്‍,ആങ്ങള വേട്ടക്കാരന്‍-
ആരുമാകാം.
പിടഞ്ഞലയുന്ന കണ്ണുകള്‍
വിങ്ങി വിതുമ്പുന്ന ചെകിള-
പ്പൂക്കള്‍
കരളിന്‍ കടലിടുക്കില്‍
അരുതേയെന്നാര്‍ക്കുന്നു
രോദനം .
ഉറക്കമില്ലാത്ത രാത്രികള്‍
ഉണര്‍ച്ചയില്ലാത്ത പകലുകള്‍
ഉരിഞ്ഞെറിയുന്നു നോട്ടത്താല്‍
ഉടയാടകള്‍
കൊത്തി വലിക്കുന്നു മാംസപിണ്ഡങ്ങള്‍ .
പട്ടുപോകേണ്ടവള്‍ പെണ്ണോ
കെടുവിലപോലും ഇല്ലാതവളോ
പെട്ടെന്നുണരും ചില കവിതപോല്‍
മിന്നി മറയും വെള്ളി വെളിച്ചമോ-
പെണ്ണ് .


മലയാള ഭാഷ


മലയാളം മൌനവും,മുദ്രയുമായി
മയ്യെഴുതി കണ്ണുതുറന്നു
മോഹിനിയാട്ടമായി
ചിലങ്കകെട്ടി ചരിഞ്ഞാടി
കലാമണ്ടലത്തില്‍ പച്ചയും,-
കത്തിയും,കരിയും വേഷമായി
തുഞ്ചന്റെ കിളിയായി
കുഞ്ചന്റെ ചിരിയായി
മണ്കൂന കുന്നു കടന്നു
മടപ്പുര മുത്തപ്പനായി
ചെക്കിപ്പൂ കണ്ണുകളാലേ
ചാമുണ്ഡി തെയ്യാട്ടമായി 
വള്ളം കളിയും തോണിപ്പാട്ടുമായി
കുട്ടനാടന്‍ വഞ്ചിപ്പാട്ടും
വടക്കന്‍വീരഗാഥയുമായി 
എള്ളിന്‍ പൂവായി
നെല്ലിന്‍ മണമായി
അറിയാത്ത പിള്ള ചൊറിയെ-
അറിയും പോല്‍
ഇന്നാര്‍ക്കുംമലയാളമറിയാതെയായ്