malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

പത്ര വാർത്ത
പ്രാണൻ പറിയുന്ന പത്ര വാർത്തയുമായാണ്
പ്രഭാത മെത്തുന്നതു
പ്രസവാന്തരം യുവതി മരിച്ചിരിക്കുന്നു
കുഞ്ഞിനു കോട്ടമൊന്നുമില്ല
സുഖമായിരിക്കുന്നു
ഉള്ളിലൊരു വേദന അടക്കം തേങ്ങുന്നു
അമ്മകൈകൾ കോരിയെടുക്കുന്നു
കുരുന്നിനെ കരളോടു ചേർക്കുന്നു.
കണ്ണുകൾ ഉടക്കി നില്ക്കുന്നു
ആ വാർത്തയിൽ തന്നെ
പത്രത്തിലെ പടം പരിഭവം കാട്ടി
കിടക്കുംപോലെ
അങ്ങനെ നോക്കിയിരിക്കുമ്പോൾ
ചരിഞ്ഞുകിടന്ന ചരമ കോളത്തിൽ നിന്ന്
ചാടി എഴുന്നേൽക്കുന്നു യുവതി
കുഞ്ഞിനെ വാരിയെടുത്ത്
വിങ്ങി വിതുമ്പുന്ന മുലക്കണ്ണ്കൾ
ചോരിവായിലെക്കമർത്തുന്നു  
നിർവൃതിയുടെ ആലസ്യത്തിൽ
ഇമകളടഞ്ഞു പോകുന്നു
മുത്തങ്ങളുടെ മുത്തുമാല കൊരുക്കുന്നു-
സർവ്വാംഗം .
അനന്തരം
കുഞ്ഞിനെ കിടക്കയിൽ കിടത്തി
ചരമ കോളത്തിലേക്ക്
ചേക്കേറുന്നു യുവതി

അനുഭവം

കവിതയെഴുതുവാൻ
കടലാസെടുത്തപ്പോൾ
കറുത്ത മഷിപേനകാണാനില്ല
പരത്തി മടുത്തു താഴെയും-
തട്ടിൻപുറവും
കണ്ടതെല്ലാം കാലിൽ തട്ടി
തൊട്ടതെല്ലാം തട്ടി മറിഞ്ഞു
ചുക്ലി വലയും,ഇല്ലട്ടം കരിയും
ദേഹമാകെ പുരണ്ടു
പത്തായപ്പുരയിൽ നിന്നും
പരതൽ നിർത്തി പടിഞ്ഞാറെ -
കോലായിൽ കുത്തിയിരുന്നു
അപ്പോഴുണ്ട് ഓടികിതച്ചു വരുന്നു
കറുത്ത മഷിപേന
എങ്ങോട്ട് പോയിരുന്നു
ഞാൻ ദേഷ്യപ്പെട്ടു
കവിതയെഴുതാൻ
കണ്ണടയും,കടലാസും പോരല്ലോ
കണ്ണ് വേണ്ടേ ,കാഴ്ച വേണ്ടേ
അനുഭവങ്ങളുടെ ഒരുകെട്ട്‌
കാഴ്ച നിരത്തിവെച്ചു.
കൂടംകുളവും,മുല്ലപ്പെരിയാറും
നാലുവരിപ്പാതയും,
പട്ടാളവും,മലവെള്ള പാച്ചലും
സോളാർ ചരിതവും,സെക്രട്ടരിയേറ്റ് -
ഉപരോധവും

നായാട്ട്നായയുമായി നായാട്ടിനിറങ്ങാറുണ്ട്
അച്ഛനിടയ്ക്ക്
മയ്യിലിനു മുൻപേ മുയലനക്കവുമായി
മുന്നിലെത്തും നായ
മഞ്ഞു പെയ്തൊരു സന്ധ്യയിൽ
മണ്‍ ചെരാതിനരികിൽ
ഞാൻ കാത്തിരിക്കുമ്പോൾ
മുടന്തി വന്ന നായ
മുട്ട് കാലിലിരുന്ന്
മുറ്റത്ത് വെയ്ക്കുന്നു
അച്ഛന്റെ പച്ചയിറച്ചി

പ്രണയം ഇങ്ങനെ
പ്രണയത്തിന്റെ
വെണ്ണക്കൽ കൊട്ടാരത്തിൽ
അവർ പ്രണയികൾ
പ്രണയത്തിനു
ഇത്രയും വെണ്‍മയോ
അവൻ അത്ഭുതം കൂറി:
'മാംസ നിബന്ധമല്ലരാഗം'
അവൾ പ്രതി വചിച്ചു
അവൻ മറ്റൊരുവളേയും കൂട്ടി
പുറത്തേക്കിറങ്ങി

കോടതി
കോടതിയുടെ വരാന്തയിൽ
കാത്തിരിക്കുന്നു
കാത്തു കൂർപ്പിച്ച്‌.
രക്ഷിച്ചതിന്  ശിക്ഷയേറ്റുവാങ്ങാൻ
കാത്തിരിക്കുന്നു
മൌനത്തിന്റെ മണ്‍ചെരാത്
ഉടയുന്നുണ്ടിടയ്ക്കിടെ
കൂട്ടിൽ കയറി കൊറ്റികളെപ്പോലെ
കണ്ണി മയനക്കാതെ നില്പ്പുണ്ട്
കുറ്റപത്രം വായിച്ചപ്പോൾ
കൂറ്റുപൊങ്ങുന്നില്ല കൂട്ടമായ്‌-
പറഞ്ഞിട്ടും
തലയുടെയാട്ടലിൽ,വായനക്കത്തിൽ
കുറിച്ചിട്ട തീയ്യതി കൂട്ടത്തിലേക്കിട്ടപ്പോൾ
കുറിച്ചെടുക്കുന്നു ചുണ്ടുകൾ
ബോധ്യമുണ്ട്
കുടുംബ കോടതിക്ക്
കുറ്റം ചെയ്തിട്ടില്ലെന്ന്

ഉമിക്കരി
ഓർമ്മകളുടെ ഒരുപിടി തരി
അനുഭവങ്ങളുടെ പാറ്റി തുപ്പൽ
ഒരു സംസ്ക്കാരം
നന്മയുടെ ഒരു നുള്ള്
കണ്ടത്തിൽ നിന്ന് കറ്റയായി
കളത്തിലേക്ക്‌
കുത്തി പേറ്റി ചായിപ്പിലേക്ക്
നീറി നീറി കറുത്ത് ഒരു ജന്മം
വേദനയും,സ്നേഹവും.
ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾ
അഗതി മന്ദിരങ്ങളിൽ
അടയ്ക്കപ്പെട്ട അമ്മമാർ

സാമ്പത്തിക ശാസ്ത്രം
അമ്മയ്ക്ക് എണ്‍പതുവയസ്സു
മക്കളെല്ലാവരും കൂടിയാലോചിച്ചു
സാമ്പത്തിക ശാസ്ത്രം പരിശോധിച്ചു
അച്ഛൻ 'ലാഭാത്തിലോടിയ കമ്പനി'
സർവ്വീസിലിരിക്കെ മരിച്ചത് കാരണം
ലാഭം ഇരട്ടിയിലുമധികം
അമ്മ നഷ്ട്ടത്തിലോടുന്ന കമ്പനി
കാലഹരണപ്പെട്ട കലാവസ്തു
വേലക്കാരിക്ക്‌ വേറെ ഇനിയാരു!
ഈ വയ്യാവേലി ഏതു വേലിയിൽ-
കൊണ്ട് വെയ്ക്കും
സാമ്പത്തിക നഷ്ട്ടം,   മാനഹാനി,-
സാമ്പത്തിക ശാസ്ത്രം മടക്കിവെച്ച്‌
സമ്പന്നരവർ മടങ്ങി  

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ലൈബ്രറി
പുസ്തകത്തിന്റെ  പെരുങ്കാട്ടിൽ
അയാൾമൌനത്തിന്റെ  വാത്മീകത്തിൽ
റേക്കുകളും, ഷെൽഫുകളും
പുരാതന വന്മരങ്ങൾ
ലൈബ്രറി ഒരു മഹാവനം
മനുഷ്യനെത്താത കാടകം
പുസ്തക പുഴുക്കളുടെ നഗരമെന്നു
കേൾവി
പുസ്തകത്തിൽ പുഴുക്കൾ മാത്രം
വാഴ്വു
രജിസ്റ്ററിൽ എഴുതി ചേർക്കുന്നു
ആളില്ലാ പേരുകൾ ഏറെ
കണക്കുകളെ കള്ളികളിൽ
തളച്ചിട്ട്
മേലോപ്പു വാങ്ങിക്കുന്നു
അലവൻസ് കൃത്യമായ് കിട്ടണം
ഗ്രേഡുകൾ ഉയർത്തണം
പ്രതിമാസ പരിപാടികൾ
നോട്ടീസ്സിലൊതുക്കണം
പൊടിമൂടിയ മൂലയിൽ
നിന്നെന്താണ് ഒരുശബ്ദം
ആരുമേയില്ലല്ലോ അശരീരിയോ
അത്ഭുതം
ബഷീർ ,അഴീക്കോട്
നെരൂദ,പിക്കാസോ
കടമ്മനിട്ട,വിനയചന്ദ്രൻ
അവരും മടുത്തിരിക്കും
പൊടിപിടിച്ച ഷെൽഫിൽ
എത്രകാലമെന്നില്ലാതെ
ഇങ്ങനെ...

അമീർ ഖുസ്രു
അമീർ ഖുസ്രു...അമീർഖുസ്രു...
അമീർഖുസ്രു
അരളിച്ചെടിയിലിരുന്നു
അരിപ്പിറാവ് കുറുകി
ചരിത്ര ക്ലാസ്സിൽ ചിരിയുടെ
ചില്ലുപാത്രം ചിതറി
ചെങ്കിസ് ഖാനെപ്പോലെ
കലിതു ള്ളിയെത്തി ഹെഡ്മാഷ്
ഇൽതുമിഷിനെപ്പൊലെ
അഭയമരുളി ക്ലാസ് മാഷ്‌
ഉച്ചമണിയുടെ ഒച്ചയിൽ
പറന്നു പോയി അരിപ്പിറാവ്
അരളിച്ചെടി ആടിയാടി -
നിൽക്കുമ്പോൾ
അകത്തെ മൂലയിൽനിന്നു
പൂച്ചശബ്ദ മുയർന്നു
അമീർഖുസ്രു..അമീർഖുസ്രു...
അമീർഖുസ്രു

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ജീബി
പേരറിയാതപക്ഷി
കുറിചിട്ടുപോയ് നിൻ ചിത്രം
കരൾ കണ്ണാടിയിൽ
വരച്ചു ചേർത്തിരിക്കുമോനീയും
കവിതയായ് കരളിലെന്നെ
കാണില്ലിനിയെന്നു ചൊല്ലല്ലേ
കണ്ടില്ലെന്നു നടിക്കല്ലേ
കാറ്റിൻ കൈയ്യിലൂടിനി
അട്ടാചൊട്ട കളിക്കാം
എസ്‌.  എം.എസിലൂടെ
മനസ്സിലെ മോഹങ്ങൾ
കിളിത്തൂവലായ്‌ വരച്ചിടാം
ഓർക്കുട്ടിൽ ഒട്ടിയിരുന്നോർമ്മ-
പങ്കുവെയ്ക്കാം
ഫേസ്ബുക്കിന്റെ താളിൽ
ഫേയ്സോടു ഫേയ്സു നോക്കി
യിരുന്നിടാം
ചാറ്റ് ബോക്സിൽ ചേക്കേറിടാം.
മെയിലിലൂടവൾ മൊഴിയുന്നു
ഉപേക്ഷയെന്നു കരുതരുത്
അപേക്ഷ ഏറെ പെൻഡിങ്ങിലാണ്
എത്രജീബി യുണ്ടെന്നു
മടക്കുക മെയി ലൊന്നു

ലഹരി
ഇന്ന്
ഞായറാഴ്ച്ച
ഒഴിവു ദിനം
രാവിലെമുതൽ
 തുടങ്ങിയതാണ്‌
ലഹരിയേറിയേറി
യങ്ങനെ ...!
അയ്യപ്പനാണ് കൂട്ടിനു
പയ്യ പയ്യേ യാണ്
കയറ്റം
മൂത്രമൊഴിക്കാൻ
പോലും
എഴുന്നേറ്റിട്ടില്ല
ഇപ്പോൾ സമയം ഉച്ച
ഒച്ചവെയ്ക്കുന്നുണ്ട്ഉള്ളം
നുണഞ്ഞിട്ടുണ്ട് ലഹരി
പലതും
മൊത്തമായിട്ടും,ഇത്രയും-
മത്ത് ഉണ്ടായിട്ടില്ല
ഇത് ഇത്രയും ഉണ്ടാകുമെന്ന്
കരുതിയില്ല
ഏതുകവിയാണ് പറഞ്ഞത്
കവിത കള്ളുപോലെയാണെന്നു
അത് ഇന്നാണ് ഞാൻ
ശരിക്കും അനുഭവിച്ചതു

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

അവൾ


ഗർഭപാത്രത്തിൽ വെച്ചുതന്നെ
അവൾ ഗ്രഹിച്ചു കാര്യങ്ങൾ
പുരിചുട്ടൊരു പുത്രിയാവാൻ
ഭദ്ര സ്നേഹത്തിന്റെ ഭാര്യയാവാൻ
സ്നേഹപുരുഷന് സമർപ്പിക്കും
ഉന്മാദിനിയാവാൻ
കണ്ണീർ തടവറ കടന്നു പോകുവാൻ
കൃഷ്ണ രാധയാകുവാൻ
ജരായുവിൽ നിന്നുതന്നെ അവൾ
ജാഗ്രതയായി
ജനനത്തിന്റെ തീവ്ര നിമിഷങ്ങളിൽ
പൊട്ടിക്കരയെണ്ടവൾ
ഉന്മാദിനിയെപ്പൊലെപൊട്ടിച്ചിരിച്ചു

ആധികാരികം
ആകാശനീലിമ,ആകാശ ഗംഗ
അമ്പിളി,താരകൾ
ആകാശത്തെക്കുറിച്ചു
ആധികാരികമായിപറയുവാൻ
കുളത്തിനു മാത്രമേ കഴിയു
ആകാശത്തെ മാത്രം നോക്കി
കഴിയുന്ന  കുളത്തിനു
കുളത്തിനകത്തെ കറുത്ത ലോകം
പായൽ,പച്ചപ്പ്‌
കുളത്തിനെക്കുറിച്ച് ആധികാരികമായി
പറയുവാൻ
നെറ്റിക്കണ്ണൻ  മീനിനുമാത്രമെകഴിയു
കുളത്തെ മാത്രം നോക്കി കഴിയുന്ന
നെറ്റിക്കണ്ണൻ മീനിനു

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ശവമടക്ക്ചുടലയിലേക്ക്                                              
ത്ധടുതിയിൽ ഞാൻ നടന്നു
എത്രനേര്!
ചടച്ചുമെല്ലിച്ച ഞാൻ
ജഡമായ്ക്കിടക്കുന്നു
ഞാനെപ്പോഴാണ് മരിച്ചത്
എങ്ങിനെയാണ് മരിച്ചത്
ജഡമനസ്സില് കൂട്ടിയും കിഴിച്ചും
ഞാനവനരികിൽ
അവന്റെ ഇച്ഛയും ഒച്ചയുമായി
ഞാൻ വീട്ടിലേക്കു നടന്നു
എന്റെ തലയിൽ ഒരു കരിഞ്ചേര
പുളഞ്ഞു കളിക്കുന്നു                                            
കണ്ണിലേക്കു കൊത്തുന്നു
ഇതെന്റെ  കണ്ണെല്ല
ഇതെന്റ  മണ്ണെല്ല
ഇതെന്റെ പെണ്ണല്ല
ഇച്ഛയുടെ പച്ചമണ്ണിൽ
ഞാൻ ഉറച്ചുനിന്നു
കണ്ണിലെ കടുംകെട്ട് അറുത്തു മാറ്റി
നാട്ടുകാരൊപ്പം
എന്റെ ശവമടക്ക് കഴിഞ്ഞ്
ഞാൻ വീട്ടിലേക്കു മടങ്ങി

വേനൽപ്പുറം

ചില്ലയിലെ കൂടൊഴിഞ്ഞ്‌ കിളികൾ
പോകുന്നു
ഇലപൊഴിഞ്ഞമരച്ചില്ല  ചില്ലുജാലക-
മാകുന്നു
ജാലമിതെന്തെന്നറിയാതെ
കിളിക്കൂട് കാറ്റിനെ നോക്കി വീർപ്പിടുന്നു
പുലരി സൂര്യൻ സൂര്യകാന്തി,ഉച്ചസൂര്യൻ
വെട്ടിമാറ്റിയ കാത്,സായം സൂര്യൻ പട്ടട
വെള്ളം വറ്റിച്ച് വെള്ളാട്ട മാടുന്നു
പൊട്ടക്കണ്ണൻ
വേനൽ പ്പുറത്ത് എ.സി.  റൂമിൽ
മഞ്ഞ വെള്ളത്തിന്റെ മണിപ്രവാളം
വെള്ളം വറ്റിയ തടാകത്തിൽ
പുളയും മീനിനെപ്പോലെ പെണ്ണ്
പൊള്ളുന്ന നെഞ്ചിലേക്ക്
അമ്ലവേഗത്തിന്റെ തീച്ചാല്
ബാഷ്പീകരിച്ച രേതസിന്റെ
ചിത്ര ശാല
മഴയെ,പുഴയെ ഇന്റർനെറ്റിലെ
മാന്ത്രിക ചെപ്പിലാക്കി
തലപ്പാവും മാന്ത്രിക വടിയുമായി
കുന്നുകയറുന്നുവേനൽ

അടുക്കളക്കാരിഅടുപ്പിൽ അടയിരുന്നു പൂച്ച
അടങ്ങാത്ത അഭിനിവേശത്താൽ
ഒരു പാതിരാപ്പുള്ള് പാടി
ജാരനെപ്പോലെ ചാരിയിട്ട
വാതിൽ തുറന്നു ഒരു ശീതക്കാറ്റ്
പാർവ്വതി പർവ്വതമുകളിലേക്ക് -
നോക്കുന്നു
ശിവൻ ശ്മശാനത്തിൽ ശയനത്തിൽ
സഹശയനത്തിനു ശിവനെ ക്കൊതിച്ച
പാർവ്വതിക്കു പർവ്വത ഖണ്ഡം കൂട്ട്
പാറു കാത്തിരിക്കുന്നു പാറാവ്‌ കാരനെ
പ്രായം തെറ്റിയവൾക്ക്ഒരു പാതിരാ -
കൂട്ടിനു
ക്ഷയം പിടിച്ച നെഞ്ചിൻ കൂടുമായെ
ത്തുന്നവനെ കാത്ത്‌
ക്ഷമയുടെ നെല്ലിപ്പടികാണ്ന്നു
മത്താപ്പ് പോലെ കത്തിനിൽക്കുന്നു
മിന്നാമിന്നിപോലെ കണ്ണിൽ  മിന്നി
പ്പാറുന്നു
ഞാറപ്പഴംപോലെ നീറി നീറി നില്ക്കുന്നു
കാത്ത്‌ കാത്തിരുന്നു ചിതൽ പുറ്റിൽ
മൂടുന്നു
അവൾ ഉടഞ്ഞുപോയ മണ്‍ വീണ
ഒടിഞ്ഞു വീണ ഓട്ടുമണി
മഴയ്ക്ക്‌ കാക്കും വേഴാമ്പൽ
പാതിമയക്കത്തിന്റെ പാല്പാത്രം
തട്ടി മറിഞ്ഞു
പൂച്ച കൈ നക്കി കാൽമുഖം-
കഴുകി
പുറത്തേക്കിറങ്ങി
ഭൂപാളത്തിന്റെ  ഒരുപാളി
അവളിലേക്ക്‌ വീണു
ഇരുണ്ട മുടി വാരിച്ചുറ്റി അടുക്കളക്കാരി
നേരം നന്നേ വെളുത്തു
അടുപ്പിൽ കനലായവളെരിഞ്ഞു

ചിത്രം
നഗരം നഗ്നമാണെങ്കിൽ
അവളെന്തിനു
നാണം മറയ്ക്കണം
അവൾ ഒരാപ്പിൾ മരം
ഹൃദയത്തിന്റെ സ്ഥാനത്ത്
ചുവന്നു തുടുത്ത ആപ്പിൾ
അവളുടെ മുടികൾ മരച്ചില്ലകൾ  
ചില്ലയിൽ നിന്നും ഊർന്നിറങ്ങി
  കഴുത്തിനെ ചുറ്റി ഒരു പാമ്പ്‌
അവളുടെ വലത്തെ മുലഞെട്ടിൽ
തലവെച്ചിരിക്കുന്നു
ഇടത്തെ മുലക്കണ്ണിൽ വാലുകൊണ്ട്
മെല്ലെ തലോടുന്നു
അവളുടെ  ഉയർത്തിയകൈപ്പടം
ആകാശവും
താഴ്ത്തിയ കൈപ്പടം ഭുമിയുമാകുന്നു
അരക്കെട്ടിൽനിന്നും ആൽമരം മുളച്ച്  
വരുന്നു
വലങ്കണ്ണ് സൂര്യനും ഇടങ്കണ്ണ് ചന്ദ്രനും
ഫാലം ദിക്ക് ,ചുണ്ട്ചിത്രശലഭങ്ങളുടെ
വീട്
നാസികയിൽനിന്നു വായുവും,വാതനു-
മുയരുന്നു
പാതങ്ങൾ പാതാളത്തിൽ ചെന്ന്
ഗംഗയെ കരയിലെക്കൊഴുക്കുന്നു
പാമ്പ് പൊക്കിൾ ച്ചുഴിയും കടന്നു
ബോധിയുടെ തണലിൽ
മൌന വാത്മീകത്തിൽ
അവൾ പാപത്തിന്റെ കനി
തിന്നവൾ
ചിത്രകാരന് ബോധോദയം
ബ്രഷും,ചായവും താഴെവെച്ച്
അവളിലേക്ക്‌ അലിഞ്ഞു ചേർന്നു

പാകംഅച്ഛന്റെ ചെരുപ്പ് ഇന്നും
കട്ടിലിനരികിലുണ്ട്
ആണിപ്പാട് തെളിഞ്ഞു കാണുന്നുണ്ട്
രാവിലെയും വൈകുന്നേരവും എന്നും
അമ്മ നോക്കിനില്ക്കും
കണ്ണീരിന്റെ ഒരിറ്റ് ചെരുപ്പ് കഴുകും
കട്ടിലിനുമുണ്ട് അച്ഛന്റെ മൂളലും ഞരങ്ങലും
പുതപ്പിനുമുണ്ട് മദിപ്പിക്കുന്ന
ആ വിയർപ്പുമണം
ഇന്ന് മകൾ ഓടിവന്നു പറഞ്ഞു
അച്ഛന്റെ ചെരുപ്പിലും ഓരാണി-
പ്പാടുണ്ടെന്നു
ആ മുട്ടി മുട്ടിയ്യുള്ള ചുമ യെങ്ങിയേങ്ങി
വരുന്നുണ്ട്
അച്ഛന്റെ ചില്ല് പൊട്ടിയ കണ്ണട
എനിക്കിപ്പോൾ പാകം    

അക്വേറിയം


കടലിനെ കടുകുമണിയാക്കി
നിരത്തി വെച്ചിരിക്കുന്നു
കടത്തിണ്ണയിൽ
കടലിന്റെ പേര് കൊത്തി
വെച്ചിരിക്കുന്നു
ചൂണ്ടയിൽ മീനെന്നപോലെ
തൂങ്ങിയാടുന്നു വിലകൾ
പൂഴിയുടെ പായ വിരിച്ച്
വലയില്ലാ വലയിൽ
കുഞ്ഞു മീനുകളെ
കളിക്കാൻ കിടത്തിയിരിക്കുന്നു
ദൈവമേ ഇനി വന്നു പോകുമോ
ഒരു സുനാമിത്തിര
ഈ അക്വേറിയം പൊട്ടിച്ച്
കരയാകെ കടലെടുക്കുമോ?!

ശംഖുമുഖം കടപ്പുറംശംഖുമുഖം കടപ്പുറത്ത്
കാത്തിരിക്കുന്നു
കാനായിയുടെ കന്യക
വെളുത്തു തുടുത്ത്‌ കടൽക്കാറ്റിൻ-
 ശീതളിമയിൽ
സുഖാലസ്യത്തിൽ ലാവണ്യവതി
മുഴുപ്പും,തുടിപ്പുമുള്ളംഗങ്ങൾ കാട്ടി
കൊതിപ്പിക്കും സാഗരകന്യക
സാഗരവീചികൾ ,സായാഹ്നവേളയിൽ
'സുഖിനോഭവന്തു'വെന്നോതുന്നു പല്ലവി
അശ്വാരൂഡരായ് കളിക്കുന്നു കുട്ടികൾ
ആശ്വാസ നിശ്വാസമുതിർക്കുന്നു മണ്‍തരി
വിശാലമാംവാനിൽ വെള്ളക്കൊക്കുകൾ പറക്കുന്നു
താഴെ വെള്ളക്കൊലുസിട്ടു സാഗരം തുള്ളീടുന്നു
കൽ മണ്ഡപത്തിൽ പതഞ്ഞൊഴുകുംപ്രണയികൾ
കതിരോൻകവിളിൽ തൊടും കുങ്കുമവർണ്ണം
പാഞ്ഞുവന്നൊരു വൻ തിര
പുടവയൂരി എറിഞ്ഞു മണൽതിട്ടിൽ
മലർന്ന് കിടന്നു

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

മാവുമരംഎവിടെനിന്നോ
എങ്ങുനിന്നോഎന്നറിയില്ല
പറമ്പിലെ പാതാറിനരികെ
മുളച്ചുവന്നു ഒരു മാവ്
പരാതിയോ,പരിഭവമോ പറഞ്ഞില്ല
പറഞ്ഞു തീരുമ്പോഴേക്കും
വളർന്നുവന്നുപെണ്ണിന് പ്രായ-
മാകുന്നതുപോലെ
മാവ്,മരമായി പടര്ന്നു പന്തലിച്ചു
മധുരക്കനി തന്നു
ഒരപരാധവും ചെയ്തിട്ടില്ല ഇതേവരെ
തണലെകിയിട്ടുണ്ട് ,ഉറക്കിയിട്ടുണ്ട്
ഉണർത്തിയിട്ടുണ്ട് ഉണ്മയിലേക്ക്
എന്നിട്ടും;
മൂക്കും,മുലയും ചെത്തി
കരചരണങ്ങൾ ഛെദിചു
മാറ്റിയിട്ടിരിക്കുന്നുവാസവ ദത്തയെപ്പൊലെ

ഉപേക്ഷിക്കപ്പെട്ട പ്രണയം


അന്നുപെയ്ത മഴയിൽ
കവിഞ്ഞൊഴുകിയ പുഴയിലൂടെ
ഒലിച്ചു വരുന്നവയുടെ കൂട്ടത്തിൽ
ഉപേക്ഷിക്കപ്പെട്ട ഒരു പ്രണയം
ഉണ്ടായിരുന്നു
കൈതക്കാടിനു മറഞ്ഞ്
കമിഴ്ന്നുകിടന്ന്
കുട്ടികൾ നീന്തം പഠിക്കുന്നത്
പോലെയായിരുന്നു
കഴുക്കോലുകുത്തികാടിളക്കിയപ്പോൾ
ഈർഷ്യയെതുമില്ലാതെ മലർന്നു
കിടന്നു
മീനുകൾ വരച്ചിട്ട വർണ്ണ ചിത്രങ്ങളാൽ
ആളാകെ മാറിയിരുന്നു
ഇന്നുപെയ്ത മഴയിൽ
പുഴയെല്ലാം ഒലിച്ചുപോയി
തവളക്കണ്ണൻ കുഴിമാത്രം ബാക്കി
ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്റെ
അപേക്ഷ ഇനിയാരു സ്വീകരിക്കും

ഒഴിയാബാധ

എലിയെ ഇതുവരെ തൊട്ടിട്ടില്ല -
ഈപുലി
മൃഷ്ട്ടാന്ന ഭോജനം
അടുപ്പിൻ തണയിൽഇളം ചൂടേറ്റു
ചുരുണ്ടുകൂടി,യുറക്കം
മീൻ മണമേറ്റാൽ
മൂരിനിവർന്ന് വാലാട്ടി തലയാട്ടി
കാലിനിടയിലൂടെകറക്കം
എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല
എപ്പോഴാണീ ശീലം മാറിയത്
പാതിരാത്രിയിൽ പുതപ്പിനിടയിൽ
ശരീരത്തിനോടോട്ടി കിടന്നപ്പോൾ
കൂച്ചിപിടിച്ച് കല്ലി റുമ്പിനുപുറത്ത്
എറിഞ്ഞതാണ്
കാലുമടക്കികരണക്കുറ്റിക്കു കൊടുത്തതാണ്  
എന്നിട്ടൊന്നും ഒന്നും കാര്യമാക്കിയില്ല
അടുപ്പിൽ അപ്പിയിട്ട് മാന്തിപൊത്തി-
യപ്പോഴാണ്
പൂച്ച പുറത്ത് ചാടിയത്.
ചാക്കിൽകെട്ടി  കാതങ്ങൾക്കപ്പുറം
കാട്ടിൽ കളഞ്ഞതാണ്
എന്നിട്ടും പാതി വെളുപ്പിന്
പടിപ്പുരവാതിലിൽ മാന്തി വിളിക്കുന്നു
ആ ഒഴിയാബാധ 

പച്ചക്കറി സ്റ്റാൾ
നിരത്തി വെച്ചിരിക്കുന്നു സ്റ്റാളിൽ
പച്ചക്കറികൾ
തുടുത്ത കവിളുമായ്ചിരിച്ചു നില്ക്കുന്നു
തക്കാളി
നീലക്കുപ്പായമിട്ടവഴുതിനയും
പച്ചക്കുപ്പായമിട്ട വെള്ളരിയും
പതിഞ്ഞ വാക്കുകളിൽ പ്രണയം
കൈമാറുന്നു
 പടിക്കരികിൽ നില്ക്കുന്നു
പാണ്ടിലോറി കയറിവന്ന പടവലം
ചേനയുടെ ചൊറിയൻ വാക്കുകൾക്കു
മുട്ടുകൊടുക്കുന്നു മുരിങ്ങാക്കോല്
എരിവു കണ്ണുമായ് ഒളിഞ്ഞു നോക്കുന്നു
പച്ചമുളക്
ഉള്ളാലെ ചിരിച്ചു കണ്ണീർ വാർക്കുന്നു-
ഉള്ളി
കഷായം കുടിച്ചപോലെ കണ്ണിറുക്കുന്നു
പാവയ്ക്ക
മലർന്നു കിടന്ന് കഴുക്കോൽ എണ്ണുന്നു
മത്തങ്ങ
അരികെ ഒരു മൂലയ്ക്ക് ഇരിക്കുന്നു ഞാൻ
നരയൻ കുമ്പളമായി  

ഉള്ളി


ഉള്ളി ഉള്ളിയാണ്
ഉടയാടകളിലാത്ത
ഒരു പൂർണ്ണത
ഉള്ളിയുടെ ഉള്ളിലേക്ക്
ഉള്ളിക്ക് നോക്കുവാൻ കഴിയും
രഹസ്യങ്ങളിലാത്ത
നിഗൂഡതകളില്ല്ലാത്ത
മജ്ജയും,മാംസവും,ഞരമ്പുകളു-
മില്ലാത്ത
തൊലിമാത്രമുള്ളസത്യം
അതുകൊണ്ടായിരിക്കണം
ഉള്ളിക്കുമുന്നിൽ
ഏതു ശിലാ ഹൃദയവും
ഒരുതുള്ളികണ്ണീർചുരത്തുന്നത്